Wednesday, September 19, 2012

ബോദ്‌ലേർ - ശപിക്കപ്പെട്ട ഗ്രന്ഥം

460b35240227937597861585351444941506f41


മനസ്സിൽ കുടിലതകളില്ലാത്ത പ്രിയപ്പെട്ട വായനക്കാരാ,
ഇടയഗാനങ്ങൾ ഹിതമായവനേ, സരളചിത്തനേ,
ശനി പിടിച്ച ഈ പുസ്തകം വലിച്ചെറിയൂ,
പേക്കൂത്തുകളും മനസ്സുരുക്കങ്ങളുമാണിതു നിറയെ.

ചെകുത്താന്റെ നരകത്തിലെ പാഠശാലയിലല്ല
നീ നിന്റെ ഭാഷയും വ്യാകരണവും പഠിച്ചതെങ്കിൽ,
ഇതിലൊരു വസ്തുവും നിനക്കു മനസ്സിലാവില്ല,
ഒരു ഭ്രാന്തന്റെ ജല്പനങ്ങളെന്നേ നിനക്കു തോന്നൂ.

ഇനിയല്ല, കയങ്ങൾ കണ്ടു പതറില്ല നീയെങ്കിൽ,
കടലുകളും കുന്നുകളും പരിചയമാണു നിനക്കെങ്കിൽ,
വായിക്കൂ, ഈ പുസ്തകത്തെ സ്നേഹിക്കാൻ പഠിക്കൂ;

സന്ദേഹിയായലയുന്ന പൊറുതി കെട്ട ആത്മാവേ,
നിന്റെ പറുദീസ തേടി നിത്യയാത്ര ചെയ്യുന്നവനേ,
എന്നോടു ദയ കാണിക്കൂ...ഇല്ലെങ്കിൽ പോയിത്തുലയൂ!



1857ൽ പ്രസിദ്ധീകരിച്ച ‘പാപത്തിന്റെ പൂക്കൾ’ ഒന്നാം പതിപ്പ് കോടതി കയറിയിരുന്നു, സദാചരത്തിനു നിരക്കുന്നതല്ല അതിലെ ചില കവിതകളെന്നതിന്റെ പേരിൽ. 1868ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്‌ ഒരു തലക്കുറിയായിട്ടാണ്‌ ഈ കവിത ചേർത്തത്.



No comments: