Saturday, September 22, 2012

ജാപ്പനീസ് കവിത–പ്രാചീനകാലം - 6

421px-Kaji_of_Gion_holding_a_fan

വെളിയടയുടെ വിടവിലൂ-
ടുള്ളിൽ വരൂ;
ആരെന്നമ്മ ചോദിച്ചാൽ
കാറ്റെന്നു ഞാൻ പറയാം.

-കോക്കാഷു



ഈറൽക്കാടുകളിൽ
കൊറ്റികൾ കരയുമ്പോൾ
ഏകാകികിനിയായി
ഞാൻ കിടക്കുന്നു,
പാതിബോധവുമായി.

-താജിഹി



ഇരുണ്ട രാത്രിയിൽ
പുറംകടലിലൊറ്റയ്ക്കാണു നാമെ-
ന്നോർത്തതുമതാ,
അലകളിൽ തുഴ വീഴുന്ന ശബ്ദം,
അവിടെയുമിവിടെയും.

-ഷിരാഗി


മീൻതോണികളുടെ വിളക്കുകൾ,
കടല്പരപ്പിലങ്ങുമിങ്ങും;
അവയൊന്നുകൂടിത്തെളിയ്ക്കൂ-
യമാട്ടോക്കുന്നുകൾ
ഞാനൊന്നു കാണട്ടെ.

-ഷിരാഗി



അന്നു കണ്ട ചന്ദ്രനല്ല,
ഇന്നിക്കാണുന്നതെന്നോ?
അന്നു വന്ന വസന്തമല്ല,
ഇന്നീ വന്നതെന്നോ?
എന്റെയുടലൊന്നു മാത്രമാ-
ണിന്നും മാറാത്തതെന്നോ?

-നരിഹിര



മരവിച്ചിരുണ്ട ഹൃദയത്തിൽ
എനിക്കെന്റെ വഴി തെറ്റി;
സ്വപ്നമോ യാഥാർത്ഥ്യമോ?-
അതന്യർ നിശ്ചയിക്കട്ടെ.

-നരിഹിര



ആഴമില്ലാത്തതാണു
നമ്മുടെ ബന്ധം;
മടമ്പു പോലും നനയാതെ
നാമിറങ്ങിയ ചോല പോലെ.

-നരിഹിര



കാറ്റു ചിതറിച്ച ചെറിപ്പൂവിൽ
പാറിവീണതൊന്നു പോൽ
തിരയടങ്ങിയ തടാകത്തിൽ
ഒരേയൊരു കുഞ്ഞല.

ത് സുരായുകി

link to image

No comments: