Saturday, September 8, 2012

റോബർട്ട് വാൾസർ - യുളീസസ്

Louis_Frederic_Schutzenberger_-_Retour_d'Ulysse

യുളീസസ് ബുദ്ധിമാനായിരുന്നു എന്നാണു കേൾവി; ആളൊരു സൂത്രശാലിയായിരുന്നു എന്നു കരുതുന്നവരുമുണ്ട്. അതെന്തായാലും അയാൾ മിടുക്കനായിരുന്നു. യുദ്ധത്തിൽ ഒരു മരക്കുതിരയെ പണിതുയർത്തി ഇദ്ദേഹം പേരെടുത്തുവല്ലോ; ഈ മരക്കുതിരയെ ആണ്‌ ശത്രുക്കൾ തമാശയായി കണ്ടതും, കഷ്ടമേ, അതുവഴി തങ്ങളുടെ ദൌർഭാഗ്യത്തെ പരിഹാസ്യമാക്കിയതും. ഈ ഒരു സൂത്രത്തിലൂടെ യുളീസസ് വലിയൊരു സേവനമാണു ചെയ്തതെന്നതിൽ സംശയിക്കാനില്ല. ഹെക്ടർ മരിച്ച് ട്രോയി കത്തിയെരിഞ്ഞപ്പോൾ ആ മാന്യന്മാർക്ക് നാട്ടിലേക്കു മടങ്ങാമെന്നായി; മുഖത്തു വിടർന്ന ചിരിയും വച്ചുകെട്ടിയിട്ടാവണം, അവർ മടങ്ങുകയും ചെയ്തു; അതിൽ മോശമൊന്നും കാണാനുമില്ല; എന്തെന്നാൽ വിജയത്തിനകമ്പടിയായി തികച്ചും ആഹ്ളാദപ്രദമായതെന്തെങ്കിലും കാണുമെന്നതിൽ ആർക്കു സംശയം? മടക്കം പക്ഷേ, അവർ മനസ്സിൽ കണ്ടപോലെ അത്ര സുകരമായിരുന്നില്ല. അഗമെമ്നോണിന്റെ സ്വീകരണം അവർ പ്രതീക്ഷിച്ചപോലെ ആഹ്ളാദത്തിന്റെ വെടിമുഴക്കങ്ങളും കരഘോഷങ്ങളുമൊക്കെയുള്ള ഒരേർപ്പാടായില്ല. കാറ്റുകൾ യുളീസസിനെതിരായി വീശി. പോസിഡോണിനുമുണ്ടായിരുന്നു പഴയൊരു കണക്കു തീർക്കാനെന്നതിനാൽ ഒരു നേരത്തേക്കു പോലും സ്വൈരമായൊരു യാത്ര അവർക്കു കിട്ടിയതുമില്ല. തന്റെ ആ അലച്ചിലുകൾക്കിടയിൽ രസകരമായ സാഹസപ്രവൃത്തികളിൽ ഏർപ്പെടാനും മറ്റൊരാളും അനുഭവിക്കാത്ത സുഖദുഃഖങ്ങളറിയാനും അയാൾക്കു കഴിഞ്ഞുവെന്നതു ശരിതന്നെ; സ്ത്രീകളുമായി കുഴഞ്ഞാടാൻ കിട്ടിയ അവസരങ്ങൾ അയാൾ പാഴാക്കിയിട്ടുമില്ല; അതയാൾക്കു പ്രയോജനം ചെയ്തുവെങ്കിൽ അത്രതന്നെ പ്രതിബന്ധവുമായി. സൈറനുകളുടെ പിടിയിൽ നിന്ന് അയാൾ കഷ്ടിച്ചൂരിപ്പോന്നുവെന്നേയുള്ളു. സത്സ്വഭാവികളും ഉറച്ച ജീവിതശൈലികളുള്ളവരുമെന്നു പറയാവുന്ന പുരുഷന്മാരെ പുറത്തു പറയാൻ കൊള്ളാത്ത മട്ടിൽ മാറ്റിത്തീർക്കുന്ന ഒരു സ്ത്രീയുടെ സാമീപ്യത്തിൽ ഈയാൾ കുറേ വർഷങ്ങൾ കഴിഞ്ഞിരുന്നു. ഒടുവിൽ നാട്ടിലെത്തുമ്പോൾ അയാൾ കേൾക്കുന്നത് ഒരു പറ്റം വിവാഹാർത്ഥികൾ തന്റെ വീട്ടിലെ സുഖസൌകര്യങ്ങളും അനുഭവിച്ചുകൊണ്ട് തന്റെ ഭാര്യയുടെ പിന്നാലെ കൂടിയിരിക്കുന്നു എന്നാണ്‌. കൈയിൽ കിട്ടിയ ഒരു പത്രക്കടലാസ്സിൽ എങ്ങോ വഴി തെറ്റി അലയുന്ന ഒരാളായി തന്നെ ചിത്രീകരിക്കുന്ന ഒരു റിപ്പോർട്ട് അയാൾ വായിക്കുന്നുമുണ്ട്. ആരുടെയും ശ്രദ്ധയിൽ വരാതെ പ്രച്ഛന്നവേഷത്തിൽ കഴിയുകയാണയാൾ; എന്നിട്ട് സമയമെത്തുമ്പോൾ താൻ ആരാണെന്ന് അയാള്‍ വെളിപ്പെടുത്തുകയുമാണ്‌; അയാൾ പ്രത്യക്ഷനാവുന്നതോടെ വരണാർത്ഥികൾ നാനാദിക്കിലേക്കും ചിതറിയോടുകയും അയാൾക്കു തന്റെ ഭാര്യയെ സമീപിക്കാമെന്നാവുകയുമാണ്‌.
1920 ജൂലൈ

No comments: