കല പൊറുപ്പിക്കില്ല കണ്ണീരിനെ, വിട്ടുവീഴ്ചകളെ,
അതാണെന്റെ കാവ്യാദർശം, ഒതുക്കിപ്പറഞ്ഞാൽ.
മനുഷ്യനോടടക്കവയ്യാത്ത വെറുപ്പാണു കവിത,
പൊട്ടപ്രണയത്തോടും മൂഢവൈരസ്യത്തോടുമുള്ള യുദ്ധവും.
എനിക്കറിയാം, കഠിനമാണാ മലകയറ്റമെന്ന്,
താഴെ നിന്നു നോക്കുമ്പോൾ പരുക്കനാണാ പാതയെന്ന്,
എനിക്കറിയാം. എനിക്കറിയാം ബലം കെട്ട കാലുകളും
കഫം കുറുകുന്ന നെഞ്ചുമാണു മിക്ക കവികൾക്കുമുള്ളതെന്നും.
മഹത്വമെന്നാൽ പക്ഷേ, തൃഷ്ണയെ മതിക്കായ്ക,
ജീവിതവുമായി പൊരിഞ്ഞ യുദ്ധം ചെയ്തു ജയിക്കുക;
വികാരത്തിന്റെ നുകക്കീഴിൽ നിന്നു വിമുക്തി നേടുക.
സ്വപ്നദർശികളോ, അലസമായ സസ്യജീവിതം ജീവിക്കും,
ദുരിതത്തിന്റെ കുപ്പക്കൂനകളായി ദേശങ്ങളുയർന്നടിയും,
മഹത്വമെന്നാൽ കൃഷ്ണശിലയെപ്പോലെ സ്വാശ്രയമാവുക.
(1866)
No comments:
Post a Comment