Saturday, September 8, 2012

വെർലേൻ - സാവിത്രി

KG04-Savitri

പ്രിയതമന്റെ പ്രാണനായി വ്രതമിരുന്നുവത്രെ സാവിത്രി,
മൂന്നു രാവും മൂന്നു പകലും ഒരു തൂണു പോലെ നിശ്ചലയായി,
ഒരു പേശി പോലും പിടയ്ക്കാതെ, ഒന്നു കണ്ണിമയ്ക്കാതെ,
വ്യാസൻ പറയുന്നു, ഒരു മരക്കുറ്റി പോലെ നിശ്ചേഷ്ടയായി.

സൂര്യന്റെ നിശിതരശ്മികൾക്കായില്ല, മലമുടികൾക്കു മേൽ
പരന്നൊഴുകിയ നിലാവിന്റെ നിശീഥാലസ്യത്തിനായില്ല,
ആ വിശ്വസ്തയുടെ, മഹിതാശയയായ ആ സ്ത്രീയുടെ
ശരീരം തളർത്താൻ, മനസ്സൊന്നു ചഞ്ചലിപ്പിക്കാൻ.

വിഷണ്ണനായ കറുത്ത ഘാതകൻ, വിസ്മൃതി നമ്മെ വളയട്ടെ,
മുഖം മുഷിഞ്ഞ ആസക്തി നമ്മെ അതിനുന്നമാക്കട്ടെ,
നിർമ്മമരാവുക നാം, സാവിത്രിയെപ്പോലെ,
ആത്മാവിലൌന്നത്യമുള്ളവരാവുക നാം, അവളെപ്പോലെ.


No comments: