Tuesday, September 18, 2012

ജാപ്പനീസ് കവിത–പ്രാചീനകാലം - 4

Japanese_Wite-Eye_in_the_Cherry_Blossom

പാടിപ്പാടി
കുയിലു മെലിഞ്ഞു,
കാത്തുകാത്തു
ഞാൻ മെലിഞ്ഞു.

-മുരോമാച്ചി



കണ്ണു പറ്റുന്നിടത്തോളം
ഒരു ചെറിപ്പൂവുമില്ല,
ഒരു പഴുക്കിലയുമില്ല:
കടൽക്കരെ ഒരു പുൽക്കുടിൽ,
ഈ ശരൽക്കാലസന്ധ്യയും.

-ഫ്യൂജിവാര തെയ്ക


ഇതു പോലെയായിരുന്നെങ്കിൽ,
നമ്മുടെ ലോകം-
വല നിറയെ കോരുമായി
കരയടുക്കുന്ന മീൻതോണികൾ-
കാണാനെത്ര സുന്ദരം!

-മീനമോട്ടൊ സനേടോമോ


കൊഴിഞ്ഞ പൂവു
പറന്നുപൊങ്ങുന്നതു
ഞാൻ കണ്ടു-
ഹൊ, അതൊരു
പൂമ്പാറ്റയായിരുന്നു!

-മോരിടേക്കേ


കൈ കൂപ്പി,
മന്ത്രം ചൊല്ലി,
ഒരു പോത്തൻ തവള.

*

മഴ പെയ്താലോ,
കുടയുമെടുക്കൂ,
പാതിരാച്ചന്ദ്രാ.

-യമാസാക്കി സോക്കാൻ



യോഷിനോ മലയിൽ
ചെറിപ്പൂക്കൾ കാണുമ്പോൾ
ഹോ!ഹോ! എന്നല്ലാതെ
ഞാനെന്തു പറയാൻ.

-യാസുഹാര തെയ്ഷിട്സു


Pic: Japanese Wite Eye in the Cherry Blossom


No comments: