Wednesday, July 29, 2009

ഇന്നത്തെ ഈസോപ്പ്

i059_th

142.ആട്ടിടയനും ചെന്നായയും

ഒരാട്ടിടയന്‌ ഒരു ചെന്നായക്കുട്ടിയെ കിട്ടി. അയാൾ അതിനെ വീട്ടിൽക്കൊണ്ടുപോയി വളർത്തി; എന്നു മാത്രമല്ല, മറ്റുള്ളവരുടെ ആട്ടിൻപറ്റങ്ങളിൽ നിന്ന്‌ ആടുകളെ മോഷ്ടിക്കാനും അയാൾ അതിനെ പഠിപ്പിച്ചു. പഠിപ്പിൽ മികവു കാണിച്ച ചെന്നായ ഒരു ദിവസം ആട്ടിടയനോടു പറഞ്ഞു: 'എന്നെ കക്കാൻ പഠിപ്പിച്ച സ്ഥിതിക്ക്‌ സ്വന്തം ആടുകളുടെ മേലും ഒരു കണ്ണു വേണേ!'

നാം പഠിപ്പിച്ചുവിടുന്ന ദുഷ്ടതകൾ നമുക്കു നേരെ തിരിയാം.

143.കിഴവനും യുവാക്കളും

മരത്തൈ നടുന്ന കിഴവനെ അതുവഴി വന്ന മൂന്നു ചെറുപ്പക്കാർ കളിയാക്കി: 'ഈ പ്രായത്തിൽത്തന്നെ വേണോ കാരണവരേ മരം നടാൻ! ഇതു കായ്ക്കാറാവുമ്പോഴേക്കും നിങ്ങൾ മണ്ണിനടിയിലാവുമല്ലോ. അന്യർക്കുപകാരപ്പെടാൻ വേണ്ടി കഷ്ടപ്പെടുന്നതു ബുദ്ധിയാണോ?' കിഴവൻ അവരോടു പറഞ്ഞു: 'മക്കളേ, അന്യർ ചെയ്ത പ്രവൃത്തിയുടെ ഫലമാണ്‌ ഞാനിന്നനുഭവിക്കുന്നത്‌. എനിക്കു ശേഷം വരുന്നവർക്കു വേണ്ടി ഞാനും എന്തെങ്കിലുമൊന്നു ചെയ്തു വയ്ക്കണ്ടേ? പിന്നെ; ആയുസ്സിന്റെ കാര്യത്തിൽ ആർക്കാണു തീർച്ച? ഒരുപക്ഷേ എന്നെക്കാൾ മുമ്പേ നിങ്ങൾ പോയെന്നുവരാം.' കിഴവൻ പറഞ്ഞതാണു സംഭവിച്ചതും. ഒരു ചെറുപ്പക്കാരൻ കപ്പൽയാത്രയ്ക്കിടെ മുങ്ങിച്ചത്തു; മറ്റൊരാൾ യുദ്ധത്തിനുപോയി മരിച്ചു; മൂന്നാമൻ മരത്തിൽ നിന്നുവീണ്‌ കഴുത്തൊടിഞ്ഞുമരിക്കുകയും ചെയ്തു.

 

146. ആടും കഴുതയും

കൂടുതൽ തീറ്റ കിട്ടുന്നതിന്റെ പേരിൽ ആടിനു കഴുതയോടു വിരോധമായി. അവൻ ഒരു ദിവസം കഴുതയെ അടുത്തു വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: 'നിന്നോട്‌ എന്തു മോശമായിട്ടാണ്‌ അവർ പെരുമാറുന്നത്‌? പകലു മൊത്തം ചുമടു ചുമന്നിട്ട്‌ രാത്രിയിൽ നിന്നെക്കൊണ്ട്‌ അവർ ചക്രം തിരിപ്പിക്കുകകൂടി ചെയ്യുന്നില്ലേ?' ചുഴലി വന്ന പോലെ അഭിനയിച്ച്‌ വല്ല കുഴിയിലും ചെന്നുവീണാൽ പിന്നെ പണിയെടുക്കേണ്ടിവരില്ലെന്ന്‌ അവൻ കഴുതയെ പറഞ്ഞുവിശ്വസിപ്പിച്ചു. കഴുതയാകട്ടെ പറഞ്ഞതുപോലെയൊക്കെ ചെയ്തു; കാര്യമായി മുറിവുപറ്റി അവൻ കിടപ്പിലാവുകയും ചെയ്തു. വീട്ടുകാരൻ വൈദ്യരെ വരുത്തി. കഴുതയുടെ മുറിവുകളിൽ ആട്ടിൻചോര കൊണ്ട്‌ ധാര കോരാനാണ്‌ വൈദ്യർ നിർദ്ദേശിച്ചത്‌. അങ്ങനെ ആടിന്റെ കഥ കഴിഞ്ഞു; കഴുത സുഖപ്പെടുകയും ചെയ്തു.

147. പരുന്തുകളും അരയന്നങ്ങളും

പണ്ടുകാലത്ത്‌ അരയന്നങ്ങളെപ്പോലെ മനോഹരമായി പാടാൻ കഴിവുള്ളവരായിരുന്നു പരുന്തുകളും. പക്ഷേ ഒരിക്കൽ കുതിരയുടെ ചിനക്കൽ കേട്ടു ഭ്രമിച്ചുപോയ അവർ അതനുകരിക്കാൻ ശ്രമിച്ചു; അതോടെ അവർ പാട്ടു മറക്കുകയും ചെയ്തു.

 

151. തള്ളക്കുരങ്ങ്‌

പണ്ടൊരിക്കൽ കാട്ടുമൃഗങ്ങൾക്കിടയിൽ ഒരു സൗന്ദര്യമത്സരമുണ്ടായി. ഏറ്റവും സൗന്ദര്യമുള്ള കുഞ്ഞിന്റെ അമ്മയ്ക്കായിരുന്നു സമ്മാനം. കൂട്ടത്തിൽ ഒരു തള്ളക്കുരങ്ങും തന്റെ കുഞ്ഞിനെയുമെടുത്തെത്തി. മൂക്കു ചപ്പിയ, മുടി കിളിർക്കാത്ത, കണ്ണു ചിമ്മിയ ഒരു കുട്ടിക്കുരങ്ങ്‌; ഭംഗിയെന്നത്‌ അതിന്റെ ഏഴയലത്തു കൂടി പോയിട്ടില്ല. തള്ളക്കുരങ്ങ്‌ തന്റെ കുട്ടിയെ എടുത്തു കാണിച്ചപ്പോൾ കൂട്ടച്ചിരി ഉയർന്നു. അവൾ പക്ഷേ മനസ്സുറപ്പോടെ പറഞ്ഞതിതാണ്‌: 'എന്റെ മകനു സമ്മാനം കിട്ടുമോയെന്ന്‌ എനിക്കറിഞ്ഞുകൂടാ. പക്ഷേ ഒന്നെനിക്കറിയാം: ഇവിടെക്കൂടിയ ആരെക്കാളും സുന്ദരനും പ്രിയങ്കരനും എനിക്ക്‌ എന്റെ മകനാണ്‌.'

152. ബുദ്ധിയുള്ള കഴുത

രണ്ടു ദേശങ്ങൾ തമ്മിൽ പോരു നടക്കുന്ന കാലം. കഴുതയെ പാടത്തു മേയാൻ വിട്ടിട്ടു വരുമ്പോൾ ശത്രുക്കൾ വരുന്നുവെന്ന്‌ ഒരാൾക്കു വിവരം കിട്ടി. അയാൾ ചെന്ന്‌ കഴുതയോട്‌ ഓടി രക്ഷപ്പെട്ടുകൊള്ളാൻ പറഞ്ഞു. കഴുതയ്ക്കു പക്ഷേ വലിയ കുലുക്കമുണ്ടായില്ല. 'ശത്രുക്കൾ വന്നുവെന്നോ?' കഴുത ചോദിച്ചു. 'ശത്രുക്കൾ വന്നാൽ എന്തു ചെയ്യും? അവർ എന്റെ പുറത്ത്‌ ഒരു കൊട്ടയ്ക്കു പകരം രണ്ടു കൊട്ട കേറ്റിവയ്ക്കുമോ?' 'അതൊന്നുമില്ല.' 'എന്നാൽ ഞാനെങ്ങും പോകുന്നുമില്ല. എന്തായാലും ഞാനൊരടിമയാണല്ലോ. എന്നെക്കൊണ്ട്‌
കൂടുതൽ ഭാരം ചുമപ്പിക്കുന്നവനാണ്‌ എന്റെ ശത്രു.'
i024_th

153. സിംഹവും ചെന്നായയും

സൂര്യൻ ചായുന്ന നേരത്ത്‌ മലയടിവാരത്തു കൂടി നടന്നുപോവുകയായിരുന്ന ചെന്നായ തന്റെ നിഴൽ നീണ്ടുകിടക്കുന്നതു കണ്ട്‌ സ്വയം പുകഴ്ത്തി.: 'ഇത്രയും നീണ്ട നിഴലിനു
ടമയായ ഞാനെന്തിനു സിംഹത്തെ ഭയക്കണം? ശരിക്കും ഞാനല്ലേ മൃഗരാജനാവേണ്ടത്‌?' അവനങ്ങനെ മതിമറന്നു നിൽക്കുമ്പോൾ ഒരു സിംഹം ചാടിവീണ്‌ അവനെ കൊന്നുകളഞ്ഞു.

തന്നത്താനഭിമാനിക്കുന്നതു നല്ലതിനല്ല.

154. മുയലും സിംഹവും

എല്ല മൃഗങ്ങളും തുല്യരാണെന്ന്‌ മുയലുകൾ വാദിച്ചു. അതിനു സിംഹങ്ങളുടെ മറുപടി ഇതായിരുന്നു:' നിങ്ങളുടെ വാക്കുകൾ നന്നായിട്ടുണ്ട്‌; പക്ഷേ അവയ്ക്കു പല്ലും നഖവുമില്ല.'
i060_th

155. മയിലും കൊക്കും

മയിലും കൊക്കും തമ്മിൽ കണ്ടുമുട്ടാനിടയായി. മയിൽ വലിയ അഭിമാനത്തോടെ തന്റെ പീലികൾ വിരുത്തി ഒരുവക നൃത്തവും ചെയ്തുകൊണ്ട്‌ അവജ്ഞയോടെ കൊക്കിനെ ഒന്നു നോക്കി. കൊക്കു പറഞ്ഞതിതാണ്‌: 'നല്ല തൂവലുകളുള്ളതു കൊണ്ടുമാത്രം നല്ലയാളാകാൻ പറ്റുമെങ്കിൽ ആയിക്കോ. പക്ഷേ കുട്ടികൾക്കു കാഴ്ച്ചവസ്തുവായി നിലത്തു കൊത്തിപ്പെറുക്കി നടക്കുന്നതിനെക്കാൾ കുലീനമാണ്‌ ആകാശത്ത്‌ മേഘങ്ങൾക്കിടയിലൂടെ പറന്നുനടക്കുക.'

തനിക്കുള്ളത്‌ അന്യനില്ലെന്നതിന്റെ പേരിൽ അഭിമാനിക്കാൻ ഒന്നുമില്ല.

156. പ്രാപ്പിടിയനും കൃഷിക്കാരനും

പ്രാപ്പിടിയൻ ഒരു പ്രാവിനെ പിന്തുടർന്നു പറന്നുപോവുമ്പോൾ ചോളപ്പാടത്ത്‌ കാക്കയെ പിടിക്കാൻ കെട്ടിയിരുന്ന വലയിൽ കുരുങ്ങി. കൃഷിക്കാരൻ വന്ന്‌ അവനെ കൊല്ലാൻ പോയപ്പോൾ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഒരു പ്രാവിന്റെ പിന്നാലെ പോയതേയുള്ളുവെന്നും അവൻ വാദിച്ചു. 'അതു ശരി,' കൃഷിക്കാരൻ പറഞ്ഞു.'ആ പ്രാവ്‌ നിന്നോട്‌ എന്തു തെറ്റാണു ചെയ്തത്‌?'

ഒരു പാതകം ചെയ്തിട്ട്‌ കടമ ചെയ്തുവെന്നാണ്‌ നമ്മുടെ വിചാരം.

157. ഡെമെഡിസ്‌ പറഞ്ഞ കഥ

ഏഥൻസിലെ പൊതുസഭയിൽ ഗൗരവപ്പെട്ടൊരു വിഷയത്തെക്കുറിച്ച്‌ പ്രസംഗിച്ചുകൊണ്ടു നിൽക്കുകയാണ്‌ ഡെമെഡിസ്‌. ആളുകൾ പക്ഷേ തന്റെ പ്രസംഗം വേണ്ടത്ര ശ്രദ്ധയോടെയല്ല കേൾക്കുന്നതെന്നു മനസ്സിലാക്കിയ ഡെമെഡിസ്‌ പ്രസംഗം നിർത്തി താൻ ഇനിയൊരു ഈസോപ്പുകഥ പറയാൻ പോവുകയാണെന്നു പ്രഖ്യാപിച്ചു. ആളുകൾ ഉടനേ കാതു കൂർപ്പിച്ചിരുപ്പുമായി. ഡെമെഡിസ്‌ ഇങ്ങനെയൊരു കഥ പറഞ്ഞുതുടങ്ങി: 'ഡെമിറ്റര്റും ഒരു കുരുവിയും ഒരു നത്തോലിയും കൂടി ഒരു ദിവസം ഒരു യാത്ര പോയി. കുറേ നടന്ന്‌ ഒരു പുഴക്കരയെത്തിയപ്പോൾ അവിടെ പാലവുമില്ല, തോണിയുമില്ല. കുരുവി പറന്ന്‌ അക്കരയെത്തി; നത്തോലി നീന്തി കരപറ്റി. 'ഡെമെഡിസ്‌ അൽപനേരം ഒന്നും മിണ്ടാതെ നിന്നു. 'ഡെമിറ്റർക്കെന്തു പറ്റി? 'ആളുകൾ ആകാംക്ഷയോടെ വിളിച്ചുചോദിച്ചു. 'ഡെമിറ്റര്ർക്കോ?' ഡെമെഡിസ്‌ പറഞ്ഞു.'ആവശ്യമുള്ള കാര്യം ചർച്ച ചെയ്യുന്നതിനു പകരം കഥയും കേട്ടിരി ക്കുന്നതിന്‌ അദ്ദേഹം നിങ്ങളോടു ദേഷ്യപ്പെട്ടിരിക്കുകയാണ്‌!'
165-3

ഹാൻസ്‌ ആന്റേഴ്സൻ

കഥ കൈചൂണ്ടുന്നതു നിങ്ങളെ

മുഖത്തു നോക്കി പരുഷം പറയുകയാണെന്നു തോന്നാതെതന്നെ ഉള്ള കാര്യം തുറ ന്നുപറയുന്നതിൻ​‍്‌ പഴമക്കാർ ഒരു വിദ്യ കണ്ടുപിടിച്ചിരുന്നു: ആളുകളുടെ മുഖത്തേക്ക്‌ അവർ വിശേഷപ്പെട്ടൊരു കണ്ണാടി എടുത്തുപിടിച്ചുകൊടുത്തു; അതിൽ നോക്കിയാൽ കാണാം, നാണാത്തരം ജന്തുക്കളും എത്രയും വിചിത്രമായ വസ്തുക്കളും ചേർന്നു സ്യഷ്ടിക്കുന്നൊരു കെട്ടുകാഴ്ച; നിങ്ങളെ രസിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന മായികദ്യശ്യം. അതിനവർ കെട്ടുകഥ എന്നു പേരുമിട്ടു. അതിൽ മണ്ടത്തരങ്ങളും മിടുക്കുകളും കാട്ടിക്കൂട്ടു ന്ന ജന്തുക്കളുടെ സ്ഥാനത്ത്‌ മനുഷ്യർ സ്വയമൊന്നു നിന്നുനോക്കുകയേ വേണ്ടു, അവർ ക്കുടനേ മനസ്സിലാവും, കഥ കൈചൂണ്ടുന്നതു തങ്ങളെ. ഒരുദാഹരണമെടുക്കാം: ഇതാ നല്ല ഉയരത്തിലുള്ള രണ്ടു മലകൾ; ഓരോ മലയ്ക്കു മുകളിലും ഓരോ കോട്ടയുമുണ്ട്‌. മലയടി വാരത്തിലൂടെ അതാ ഒരു നായ ഓടിപ്പോകുന്നു. വിശന്നുപൊരിഞ്ഞിട്ടാവാം, നിലം മണ ത്തുമണത്താൺ​‍്‌ അവന്റെ പാച്ചിൽ. പെട്ടെന്ന്‌ ഒരു കോട്ടയിൽ നിന്ന്‌ ഭക്ഷണം തയ്യാറായി എന്നറിയിക്കുന്ന കുഴൽവിളി കേൾക്കാറായി. തനിക്കും ഒരംശം കിട്ടിയാലോ എന്ന ചിന്ത യുമായി നായ ഉടനേ ആ മലയിലേക്കോടിക്കയറാൻ തുടങ്ങി. പക്ഷേ അവൻ പാതിവഴി എത്തിയപ്പോഴേക്കും കുഴൽവിളി നിലച്ചു; അതേ സമയം മറ്റേ കോട്ടയിൽ നിന്നു​‍്‌ കുഴൽവിളി കേൾക്കാനും തുടങ്ങി. അപ്പോൾ നായ വിചാരിച്ചു, 'ഞാൻ ചെല്ലുന്നതിനു മുമ്പ്‌ ഇവിടു ള്ളവർ ആഹാരം കഴിച്ചു കഴിയും; എന്നാൽ അവിടെ അവർ ആഹാരം കഴിക്കാൻ ഇരുന്നി ട്ടേയുണ്ടാവൂ.' അങ്ങനെ അവൻ ആ മലയിൽ നിന്നിറങ്ങി മറ്റേ മലയിലേക്കോടിക്കയറാൻ തുടങ്ങി. ഈ സമയത്താൺ​‍്‌ അദ്യത്തെ കോട്ടയിൽ നിന്നു വീണ്ടും കുഴൽവിളി കേൾ ക്കൂന്നതും രണ്ടാമത്തെ കോട്ടയിൽ അതു നിലയ്ക്കുന്നതും. നായ വീണ്ടും ആ മലയിറങ്ങി മറ്റേ മല കയറാൻ തുടങ്ങി; അവൻ ഈ കയറ്റവും ഇറക്കവും നടത്തുന്നതിനിടയിൽ രണ്ടു കുഴൽവ്‌ഇളികളും നിലച്ചു; ഇനി എവിടെ കയറിച്ചെന്നാലും ഒന്നും കിട്ടാൻ പോകുന്നില്ലെന്ന്‌ അതോടെ വ്യക്തമാവുകയും ചെയ്തു. ഇനിയൊന്നോർത്തുനോക്കൂ: ഈ കഥയിലൂടെ പഴമക്കാർ നമുക്ക്‌ എന്തുപദേശമാണു നൽകുന്നത്‌? അവിടെയുമിവിടെയുമെത്താതെ ജീവിതം മുഴുവൻ ഓടിത്തളരുന്ന നമ്മിൽ ആരെയാൺ​‍്‌ ഈ കഥ കൈചൂണ്ടുന്നത്‌?

Tuesday, July 28, 2009

ഇന്നത്തെ ഈസോപ്പ്

132.പൂജാവിഗ്രഹം

ഒരാൾ ഒരു ദാരുവിഗ്രഹം വച്ചു പൂജിച്ചിരുന്നു. തനിക്ക്‌ എല്ലാ ഐശ്വര്യങ്ങളും തരണേയെന്ന്‌ എല്ലാദിവസവും അയാൾ അതിനോടു പ്രാർഥിക്കും. പക്ഷേ ആ നിർഭാഗ്യവാന്റെ ദാരിദ്ര്യം ഒഴിഞ്ഞുപോയില്ല. ഒരു ദിവസം അയാൾ ദേഷ്യം പിടിച്ച്‌ വിഗ്രഹമെടുത്ത്‌ തറയിലേക്കെറിഞ്ഞു. വിഗ്രഹം രണ്ടായി മുറിഞ്ഞുവീണു; അതിൽ നിന്നു പുറത്തേക്കു ചിതറിയതോ സ്വർണനാണയങ്ങളും!
i066_th

133. കൃഷിക്കാരനും വാനമ്പാടിയും

രാത്രി മുഴുവൻ വാനമ്പാടിയുടെ പാട്ടുകേട്ടുകിടന്ന ഒരു കൃഷിക്കാരൻ പിറ്റേന്നു രാത്രി കെണിവച്ച്‌ അതിനെ പിടിച്ചു. 'ഇനി മുതൽ നീ എനിക്കു വേണ്ടി പാടണം,' അയാൾ അതിനോടു പറഞ്ഞു. 'ഞങ്ങൾ വാനമ്പാടികൾ കൂട്ടിൽക്കിടന്നു പാടാറില്ല,' കിളി പറഞ്ഞു. 'എന്നാൽ ഞാൻ നിന്നെ തിന്നാൻ പോവുകയാണ്‌,' കൃഷിക്കാരൻ ഭീഷണിപ്പെടുത്തി .'പൊരിച്ച വാനമ്പാടികൾക്ക്‌ നല്ല രുചിയാണെന്നാണു ഞാൻ കേട്ടിരിക്കുന്നത്‌.' 'എന്നെ കൊല്ലരുതേ,' കിളി അപേക്ഷിച്ചു .'എന്നെ കൊല്ലാതെവിട്ടാൽ എന്റെയീ പാവം ശരീരത്തെക്കാൾ വിലയേറിയ മൂന്നു കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം.' കൃഷിക്കാരൻ അതുകേട്ട്‌ വാനമ്പാടിയെ വിട്ടയച്ചു; അവൾ ഒരു മരത്തിന്റെ കൊമ്പത്തു പറന്നുചെന്നിരുന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: 'ഒരിക്കലും ഒരു തടവുകാരന്റെ വാഗ്ദാനങ്ങൾ വിശ്വസിച്ചുപോകരുത്‌; അതാണ്‌ ഒന്നാമത്തെ കാര്യം. അടുത്തതിതാണ്‌: ഉള്ളതു കളയരുത്‌. മൂന്നാമത്തെ ഉപദേശം കേൾക്കുക: നഷ്ടമായതിനെച്ചൊല്ലി ഖേദിക്കരുത്‌.' എന്നിട്ടു വാനമ്പാടി പറന്നും പോയി.
i040_th

134. തലച്ചോറില്ലാത്ത കഴുത

രണ്ടു കുടുംബങ്ങൾക്കും തമ്മിൽ വിവാഹബന്ധമായിക്കൂടേ എന്നു ചോദിച്ചുകൊണ്ട്‌ സിംഹം കഴുതയ്ക്ക്‌ കത്തു കൊടുത്തയച്ചു: അതു കുറുക്കന്റെ ബുദ്ധിയായിരുന്നു. രാജകുടുംബത്തിൽ ചാർച്ചക്കാരനാവുന്നതു കേമമായിക്കണ്ട കഴുത നിശ്ചയിച്ച സ്ഥലത്ത്‌ സിംഹത്തെ കാണാൻ ചെന്നു. സിംഹം ഒറ്റയടിക്ക്‌ കഴുതയുടെ കഥ കഴിച്ചു; എന്നിട്ട്‌ കുറുക്കനോടു പറഞ്ഞു: 'നമ്മുടെ അത്താഴം ശരിയായി. ഞാനൊന്നു തല ചായ്ച്ചിട്ടു വരാം. ഇതിൽ തൊട്ടുപോയാൽ നിന്റെ കുരലു ഞാനെടുക്കും.' സിംഹം ഉറങ്ങാൻ പോയപ്പോൾ കുറുക്കൻ കാത്തിരുന്നു; പക്ഷേ ഏറെ നേരം കഴിഞ്ഞിട്ടും സിംഹത്തെ കാണാതായപ്പോൾ അവന്റെ ക്ഷമ നശിച്ചു. അവൻ ധൈര്യത്തിന്‌ കഴുതയുടെ തല പൊട്ടിച്ച്‌ തലച്ചോറെടുത്തു തിന്നു. അൽപനേരം കഴിഞ്ഞ്‌ സിംഹം അത്താഴം കഴിക്കാനെത്തി; കഴുതക്കു തലച്ചോറില്ലാത്തതു ശ്രദ്ധയിൽപ്പെട്ടപ്പോൾ അവൻ കുറുക്കനെ വിരട്ടി; 'ഇവന്റെ തലച്ചോറെവിടെപ്പോയി?' 'തലച്ചോറോ തമ്പുരാനേ! അതുണ്ടായിരുന്നെങ്കിൽ ഇവൻ അങ്ങയുടെ കെണിയിൽ വന്നു വീഴുമായിരുന്നോ?'

135. മൂഷികസ്ത്രീ

ജീവികൾക്കു പ്രകൃതി പകരുമോയെന്ന കാര്യത്തിൽ പണ്ടൊരിക്കൽ ദേവകൾക്കിടയിൽ വലിയ തർക്കമായി. അങ്ങനെ സംഭവിക്കാമെന്ന്‌ ജൂപ്പിറ്റർ വാദിച്ചപ്പോൾ ഒരിക്കലുമില്ലെന്ന്‌ വീനസ്‌ തർക്കിച്ചു. എങ്കിൽ അതൊന്നു തീരുമാനമാക്കാമെന്നു പറഞ്ഞുകൊണ്ട്‌ ജൂപ്പിറ്റർ ഒരു പൂച്ചയെ മനുഷ്യസ്ത്രീയാക്കി മാറ്റി അവളെ ഒരു യുവാവിനു വിവാഹം ചെയ്തു കൊടുത്തു. ചടങ്ങു കഴിഞ്ഞ്‌ നവദമ്പതികൾ വിരുന്നിനിരുന്നു. 'കണ്ടോ?,' ജൂപ്പിറ്റർ വീനസിനോടു ചോദിച്ചു.'എന്തു യോഗ്യമായിട്ടാണവൾ പെരുമാറുന്നത്‌. ഇന്നലെ വരെ അവൾ ഒരു പൂച്ചയായിരുന്നെവെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അവളുടെ സ്വഭാവം ശരിക്കും മാറി.' 'ഒന്നു നിൽക്കണേ,' എന്നു പറഞ്ഞുകൊണ്ട്‌ വീനസ്‌ ഒരു പൂച്ചയെ കല്യാണപ്പന്തലിനുള്ളിലേക്കു കടത്തിവിട്ടു. പൂച്ചയെ കാണേണ്ട താമസം വധു ചാടിയെഴുന്നേറ്റ്‌ അതിന്റെ പിന്നാലെ ഓടി. 'ഞാനെന്താ പറഞ്ഞത്‌?' വീനസ്‌ ചോദിച്ചു

.'വാസന നശിക്കില്ല.'
image28

136. തടവിലായ കുഴലൂത്തുകാരൻ

യുദ്ധം നടക്കുന്നതിനിടയിൽ ഒരു പക്ഷത്തെ കുഴലൂത്തുകാരൻ മറുപക്ഷത്തിന്റെ പിടിയിൽപ്പെട്ടു. അവർ അയാളെ കൊല്ലാൻ തീരുമാനിച്ചു. തന്നെ കൊല്ലുന്നതു നീതിയല്ലെന്ന്‌ കുഴലൂത്തുകാരൻ വാദിച്ചു. 'ഞാൻ യുദ്ധത്തിലൊന്നും പങ്കെടുത്തില്ല. എന്റെ കൈയ്യിൽ ഒരായുധം പോലുമില്ല; ഞാൻ വെറുതെ കുഴലു വിളിക്കുന്നതേയുള്ളു; അതുകൊണ്ട്‌ നിങ്ങൾക്കു യാതൊന്നും പറ്റാനും പോകുന്നില്ല. എന്നിട്ടും എന്തിനാണെന്നെ കൊല്ലുന്നത്‌?' 'നീ യുദ്ധം ചെയ്യുന്നില്ലെന്നു പറയുന്നതു ശരിയാണെന്നു സമ്മതിച്ചു,' അവർ പറഞ്ഞു.'പക്ഷേ നിന്റെ കുഴൽവിളി കേട്ടിട്ടാണ്‌ മറ്റുള്ളവർ യുദ്ധത്തിലേക്കെടുത്തുചാടുന്നത്‌.'

യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുന്നവരെക്കാൾ അവരെ അതിലേക്കു തള്ളിവിടുന്നവരെയാണ്‌ ശിക്ഷിക്കേണ്ടത്‌.

137. പൂച്ചയും പിടക്കോഴിയും

പിടക്കോഴി കിടപ്പിലാണെന്നറിഞ്ഞ്‌ പൂച്ച സുഖാന്വേഷണത്തിനു ചെന്നു .'എങ്ങനെയുണ്ടു കൊച്ചുപെണ്ണേ? പേടിക്കാനൊന്നുമില്ല കേട്ടോ? അസുഖമൊക്കെ പെട്ടെന്നു മാറിക്കോളും. എന്താ വേണ്ടതെന്നു വച്ചാൽ എന്നോടു പറഞ്ഞാൽ മതി; ഞാൻ എവിടുന്നെങ്കിലും ശരിപ്പെടുത്തിക്കൊണ്ടുവരാം.' 'വളരെ ഉപകാരം,' പിടക്കോഴി പറഞ്ഞു .'ഇനിയൊന്നു പോയാട്ടെ. എന്റെ അസുഖം താനേ മാറിക്കോളും; എനിക്കതിൽ പേടിയൊന്നുമില്ല.'

വിളിക്കാതെ വരുന്നവരെ ഇറക്കിവിടണം.

138. കൊമ്പു ചോദിച്ച ഒട്ടകം

മിക്ക മൃഗങ്ങൾക്കും കൊമ്പുള്ളപ്പോൾ തനിക്കു മാത്രം കൊമ്പില്ലാത്തതു സങ്കടമാണെന്നു പറഞ്ഞുകൊണ്ട്‌ ഒട്ടകം ജൂപ്പിറ്റർദേവനെച്ചെന്നുകണ്ടു. അവന്റെ അലട്ടൽ കൊണ്ട്‌ അരിശം മൂത്ത ദേവനാവട്ടെ, അവനു കൊമ്പു കൊടുത്തതുമില്ല, ചെവി കത്രിച്ചുകളയുകയും ചെയ്തു.

വേണ്ടതിലധികം വേണമെന്നാഗ്രഹിക്കുമ്പോൾ ഉള്ളതുകൂടി ഇല്ലാതെപോകും.

139.ഡോൾഫിനും മത്തിയും

പണ്ടൊരിക്കൽ ഡോൾഫിനുകളും തിമിംഗലങ്ങളും തമ്മിൽ വലിയൊരു പോരു നടന്നു. യുദ്ധം മൂർച്ഛിച്ചുനിൽക്കുമ്പോൾ ഒരു ചെറുമത്തി മാദ്ധ്യസ്ഥം പിടിക്കാൻ ചെന്നു. ഇതു കണ്ട്‌ ഡോൾഫിൻപക്ഷത്തുനിന്ന്‌ ഒരാൾ ഇങ്ങനെ വിളിച്ചൂപറഞ്ഞു: 'താനൊന്നു പോയാട്ടെ. തന്റെ മദ്ധ്യസ്ഥതയിൽ രാജിയാവുന്നതിനെക്കാൾ മാനം ഈ യുദ്ധത്തിൽ മരിച്ചുവീഴുന്നതാണ്‌.'
image78

140. കുരുടനും ചെന്നായ്ക്കുട്ടിയും

തന്റെ കൈയിൽ വച്ചുകൊടുക്കുന്ന ഏതൊരു ജന്തുവിനേയും ത്‌ഒട്ടറിയാൻ വൈദഗ്ധ്യമുള്ള ഒരു കുരുടനുണ്ടായിരുന്നു. ഒരിക്കൽ ആളുകൾ അയാളുടെ മടിയിൽ ഒരു ചെന്നായ്ക്കുട്ടിയെ വച്ചുകൊടുത്തു. അയാൾ അതിനെ അടിമുടി തൊട്ടുനോക്കിയിട്ട്‌ അൽപം സംശയത്തോടെ ഇങ്ങനെ അഭിപ്രായപ്പെട്ടു; 'നിന്റെ തന്ത നായയാണോ ചെന്നായയാണോ എനിക്കു നല്ല തീർച്ചയില്ല. പക്ഷേ ഒന്നു ഞാൻ പറയാം, ഒരാട്ടിൻപറ്റത്തിനിടയിൽ നിന്നെക്കണ്ടാൽ സംശയിക്കണം.'

ദു:സ്വഭാവങ്ങൾ ചെറുതിലേ വെളിപ്പെടും.
183-1

141.പുരപ്പുറത്തു കയറിയ കഴുത

ഒരിക്കൽ ഒരു കഴുത പുരപ്പുറത്തു കയറി ഓടിക്കളിക്കാൻ തുടങ്ങി. കളികൂടി മേച്ചിലോടുകൾ തകരാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഓടിക്കൂടി അവനെ തല്ലിത്താഴെയിറക്കി. കഴുത പരിഭവിച്ചു: 'ഇതു കൊള്ളാം; ഇന്നലെ ഒരു കുരങ്ങൻ പുറപ്പുറത്തു കയറി കാട്ടിക്കൂട്ടി യതൊക്കെവലിയ തമാശ പോലെ നിങ്ങൾ കണ്ടുനിൽക്കുകയായിരുന്നല്ലോ!'

ഇരിക്കേണ്ടിടത്തിരിക്കാത്തവനെ അടിച്ചിരുത്തണം.

Monday, July 27, 2009

ഇന്നത്തെ ഈസോപ്പ്

i091_th

123. കാണാതെ പോയ കുഞ്ഞാട്‌

ഒരു കുഞ്ഞാടിനെ കാണാതെ പോയ ഒരാട്ടിടയൻ അതിനെത്തിരഞ്ഞ്‌ കാടു മുഴുവൻ നടന്നു. ആടിനെ എങ്ങും കണ്ടുകിട്ടാതായപ്പോൾ അയാൾ ഇങ്ങനെയൊരു നേർച്ചയും നേർന്നു: തന്റെ ആടിനെ കട്ടവനെ കാണിച്ചുതന്നാൽ താനൊരാടിനെ ബലി നലികിയേക്കാം. എന്നിട്ട്‌ ഒരു കുന്നിനു മുകളിൽക്കയറിനിന്നു നോക്കുമ്പോൾ അയാൾ കണ്ടത്‌ ഒരു സിംഹം തന്റെ ആടിനെ തിന്നുകൊണ്ടുനിൽക്കുന്നതാണ്‌. ഉടനെ അയാൾ ഇങ്ങനെ പ്രാർത്ഥിച്ചു: തന്നെ സിംഹത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെടുത്തിയാൽ ആടിന്റെ കൂടെ ഒരു കാളയെക്കൂടി താൻ ബലി നൽകിക്കോളാം.

വേണ്ടത്ര ആലോചനയില്ലാതെ നാം നടത്തുന്ന അപേക്ഷകളൊക്കെ സഫലമായാൽ അവ കൊണ്ടുതന്നെ നാം നശിക്കുകയും ചെയ്യും.
image29

124.കഴുതയും പടക്കുതിരയും

തേച്ചുവിളക്കിയ പടക്കോപ്പുമണിഞ്ഞ്‌ നിരത്തിലൂടെ ച്‌ആടിക്കുതിച്ചുവന്ന പടക്കുതിര ഭാരവുമേന്തി പ്രാഞ്ചിനടക്കുന്ന കഴുതയെ അവജ്ഞയോടെ ആട്ടി: 'എന്റെ കാലിനടിയിൽ പോകേണ്ടെങ്കിൽ വഴീന്നു മാറെടോ!' കഴുത ഒന്നും മിണ്ടാതെ ഓരം മാറി നിന്നു കൊടുത്തു. എന്നിട്ടധികനാളായില്ല അവൻ അതേ കുതിരയെ അതേ നിരത്തിൽ വച്ച്‌ വീണ്ടും കണ്ടുമുട്ടി; യുദ്ധത്തിനു പോയ കുതിരയ്ക്ക്‌ സാരമായ പരിക്കു പറ്റി; അവന്റെ യജമാനൻ യുദ്ധത്തിൽ മരിക്കുകയും ചെയ്തു. ഒരു കണ്ണും പോയി, മുടന്തിനടക്കുന്ന അവൻ ഇന്ന്‌ മറ്റൊരാളുടെ ചാട്ടയടിയുമേറ്റ്‌ വലിയൊരു ചുമടും പേറി നടന്നുപോവുകയാൺ​‍്‌.

അഹന്തയുടെ വഴി ചതിക്കുഴികൾ നിറഞ്ഞതാണ്‌.
i043_th

125. എലികളും കീരികളും

എലികളും കീരികളും തമ്മിൽ എന്നും പോരായിരുന്നു. എന്നും തോൽക്കുന്നത്‌ എലികളുമായിരുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്നു ചർച്ച ചെയ്യാൻ അവർ വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനമായത്‌ അച്ചടക്കമില്ലായ്മ ഒന്നു മാത്രമാണ്‌ അതിനു കാരണം എന്നായിരുന്നു. അങ്ങനെ അവർ പടനായകന്മാരെ നിയമിച്ചു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരാകട്ടെ, പുതിയ സ്ഥാനലബ്ധി വലിയൊരു കാര്യമായിക്കണ്ടു. തങ്ങളെ വേർതിരിച്ചറിയാനും വേർതിരിച്ചുനിർത്താനുമായി അവർ തലയിൽ കൊമ്പുമായി നടക്കാൻ തുടങ്ങി. വൈകാതെ കീരികളുമായി വീണ്ടും യുദ്ധമുണ്ടായി. പതിവുപോലെ എലികൾ തോറ്റോടുകയും ചെയ്തു. സാധാരണക്കാരായ എലിപ്പോരാളികൾ മാളങ്ങളിൽ കയറി രക്ഷപ്പെട്ടുകളഞ്ഞു. പക്ഷേ സ്ഥാനികൾക്ക്‌ തലയിൽ കൊമ്പുള്ളതു കാരണം മാളത്തിലേക്കു കയറാൻ പറ്റാതെ വന്നു; ഒക്കെ കീരികൾക്കിരയാവുകയും ചെയ്തു.

126. എലിയും കീരിയും

പട്ടിണി കിടന്നു മെലിഞ്ഞ ഒരു എലി വളരെ കഷ്ടപ്പെട്ട്‌ ചോളമിട്ടുവച്ചിരുന്ന ഒരു കുടത്തി നുള്ളിൽ കയറിപ്പറ്റി. ഉള്ളിലെത്തിയതും അവൻ ആർത്തിപിടിച്ച്‌ വാരിവലിച്ചുതിന്നു. ഒടുവിൽ പുറത്തു കടക്കാൻ നോക്കുമ്പോഴാണ്‌ കുടത്തിന്റെ ചെറിയ വാവട്ടത്തിലൂടെ തിന്നുപെരുത്ത തന്റെ ശരീരം പുറത്തെടുക്കാൻ പറ്റില്ലെന്ന്‌ അവനു മനസ്സിലാവുന്നത്‌. അവനങ്ങനെ ഖേദി ച്ചിരിക്കുമ്പോൾ ദൂരെ മാറി ഇതൊക്കെക്കണ്ട്‌ രസിച്ചിരിക്കുകയായിരുന്ന ഒരു കീരി അടുത്തുചെന്ന്‌ ഇങ്ങനെയൊരുപദേശം നൽകി്: 'കേൾക്ക്‌ ചങ്ങാതി, ഇനി നിനക്കു പുറത്തു കടക്കാൻ ഒരു വഴിയേയുള്ളു; എത്ര മെലിഞ്ഞും വിശന്നുമാണ്‌ നീ അകത്തു കടന്നത്‌, വീണ്ടും അത്രയുമാകുന്നതു വരെ കാത്തിരിക്കുക.'

127. കൃഷിക്കാരനും സിംഹവും

കളത്തിൽ കയറിയ സിംഹത്തിനെ കുടുക്കാനായി കൃഷിക്കാരൻ പടിയടച്ചുകളഞ്ഞു. തനിക്കു രക്ഷപ്പെടാൻ പറ്റില്ലെന്നു മനസ്സിലായ സിംഹമാവട്ടെ, ആടുകളെയും പശുക്കളെയും കൊന്നു തിന്നാനും തുടങ്ങി. താൻ തന്നെ സിംഹത്തിനിരയാവുമോയെന്നു പേടിച്ച കൃഷിക്കാരൻ ഒടുവിൽ പടി തുറന്നു കൊടുത്തു; സിംഹം ഓടി രക്ഷപ്പെടുകയും ചെയ്തു. തന്റെ കാലികൾ പോയതോർത്തു കരയുന്ന കൃഷിക്കാരനെ ഭാര്യ ശാസിച്ചു: 'നിങ്ങൾക്കിതു കിട്ടണം! ദൂരെ ഒരു സിംഹം നിൽക്കുന്നതു കണ്ടാൽ മുട്ടിടിക്കുന്ന നിങ്ങൾ വീട്ടിൽക്കയറിയ സിംഹത്തിനെ പിടിക്കാമെന്നു കരുതി, അല്ലേ?'

കള്ളനെ കുടുക്കാൻ നോക്കുന്നതിനെക്കാൾ നല്ലത്‌ അവനെ തുരത്തിയോടിക്കുകയാണ്‌.
052-2

128.കുറുക്കനും കൊക്കും

കുറുക്കൻ കൊക്കിനെ വീട്ടിലേക്കു ക്ഷണിച്ചു. വിരുന്നുകാരനെ ഒന്നു കളിയാക്കിക്കളയാം എന്ന ഉദ്ദേശത്തോടെ അന്നു കഞ്ഞിയാണുണ്ടാക്കിയത്‌; വിളമ്പിയതോ, പരന്ന പാത്രത്തിലും. കുറുക്കൻ സുഖമായി കഞ്ഞി കുടിച്ചു; കൊക്കിന്‌ ഒന്നുരണ്ടു വറ്റു പെറുക്കിത്തിന്നാനേ പറ്റിയുള്ളു. വന്നുകയറിയ വിശപ്പോടെ അവനു് ഇറങ്ങിപ്പോരേണ്ടിവന്നു. കഞ്ഞിക്കു രുചി പോരാഞ്ഞിട്ടാണോ ഒന്നും കഴിക്കാത്തതെന്ന കുറുക്കന്റെ മുനവച്ച ചോദ്യത്തിനു മറുപടി പറയാതെ അടുത്താഴ്ച്ച തന്റെ വീട്ടിലേക്കു വരാൻ കൊക്ക്‌ കുറുക്കനെ ക്ഷണിച്ചു. ഒരാഴ്ച്ച കഴിഞ്ഞ്‌ കുറുക്കൻ കൃത്യമായി കൊക്കിന്റെ വീട്ടിലെത്തി. വിരുന്നുമേശ കണ്ടപ്പോൾ കുറുക്ക ന്റെ മനസ്സിടിഞ്ഞുപോയി. ഇടുങ്ങിയ വാവട്ടമുള്ള നീണ്ടൊരു ഭരണിയിലാണ്‌ ആഹാരം വിളമ്പിയിരിക്കുന്നത്‌. വീട്ടുകാരൻ തന്റെ നീണ്ട കൊക്ക്‌ കുപ്പിയിലിറക്കി കുശാലായി വയറു നിറച്ചപ്പോൾ വിരുന്നുകാരന്‌ പാത്രത്തിന്റെ വക്കും നക്കി ഇരിക്കേണ്ടിവന്നു. ഒടുവിൽ ജാള്യത്തോടെ ഇറങ്ങിപ്പോരുമ്പോൾ തനിക്കു കിട്ടേണ്ടതാണു കിട്ടിയതെന്ന കാര്യത്തിൽ കുറുക്കനു സംശയമില്ലായിരുന്നു

അന്യനെ ചതിക്കുന്നവന്‌ അതേ നാണയത്തിൽ തിരിച്ചുകിട്ടും.

129. കുട്ടിയും ചൊറുതണവും

പാടത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ചൊറുതണമാട്ടി. കുട്ടി ഓടിവന്ന്‌ അമ്മയോടു പരാതി പറഞ്ഞു: 'ഞാനതിനെ ഒന്നു തൊട്ടതേയുള്ളു അമ്മേ, എന്നിട്ടും അതെന്നെ ആട്‌ടി.' 'അതുകൊണ്ടു തന്നെയാണു നിനക്കു ചൊറിഞ്ഞതും,' അമ്മ കുട്ടിയോടു പറഞ്ഞു.' അടുത്ത തവണ ചൊറുതണത്തെ പിടിക്കുമ്പോൾ കടയ്ക്കൽത്തന്നെ മുറുക്കിപ്പിടിക്കണം. അപ്പോൾ അതു നിന്നെ ആട്ടുകയുമില്ല.'

പിടിക്കുമ്പോൾ മുറുകെപ്പിടിക്കുക.
084

130. നീന്താൻ പോയ കുട്ടി

പുഴയിൽ നീന്താനിറങ്ങിയ കുട്ടി ഉള്ളിലേക്കു പോയി ഒരു കയത്തിൽപ്പെട്ടു. ഭാഗ്യത്തിന്‌ ആ സമയത്ത്‌ പുഴക്കരയിലൂടെ ഒരാൾ നടന്നുപോകുന്നുണ്ടായിരുന്നു. കുട്ടി ഒച്ചയുണ്ടാക്കി അയാളെ സഹായത്തിനു വിളിച്ചു. അയാൾ പക്ഷേ പുഴയിലിറങ്ങി അവനെ രക്ഷിക്കാൻ നോക്കുന്നതിനു പകരം കരയിൽ നിന്ന്‌ അവൻ കാണിച്ച ബുദ്ധിമോശത്തെക്കുറിച്ച്‌ ഉപന്യസിക്കാനാണു തുടങ്ങിയത്‌. അതങ്ങനെ നീണ്ടുപോയപ്പോൾ കുട്ടിക്ക്‌ ഒടുവിൽ ഇങ്ങനെ പറയേണ്ടിവന്നു: 'അമ്മാവാ, എനിക്കിപ്പോൾ വേണ്ടത്‌ സഹായമാണ്‌. ഉപദേശം കരയിലെത്തിയിട്ടു ഞാൻ കേട്ടോളാം.'

131. കിഴവിയും വേലക്കാരികളും

പിശുക്കിയായ ഒരു കിഴവി രണ്ടു വേലക്കാരികളെ വച്ചിരുന്നു. പുലർച്ചെ കോഴി കൂകുന്നതു കേൾക്കേണ്ട താമസം അവർ രണ്ടു പേരെയും വിളിച്ചുണർത്തും. ഇത്രയും നേരത്തേ ഉറക്കമുണരുന്നതിൽ അരിശം മൂത്ത വേലക്കാരികൾ ഇതിനു കാരണക്കാരനായ പൂവൻകോഴിയെ ഒരു ദിവസം കഴുത്തു ഞെരിച്ചുകൊന്നു. പക്ഷേ കോഴികൂവൽ കേൾക്കാതായതോടെ കിഴവിയുടെ സമയബോധം നഷ്ടപ്പെടുകയാണുണ്ടായത്‌; അവരിപ്പോൾ പാതിരയ്ക്കുതന്നെ വേലക്കാരികളെ വിളിച്ചുണർത്താൻ തുടങ്ങി.

കൗശലം കവിഞ്ഞുപോയാൽ ഉദ്ദേശിച്ചതു നടക്കാതെപോകും. 
image79a

132. കോടതിയിൽ കൂടുകൂട്ടിയ കിളി

മീവൽപ്പക്ഷി കൂടുകൂട്ടിയത്‌ കോടതിവരാന്തയിൽ. പക്ഷേ അവളുടെ കുഞ്ഞുങ്ങൾ പറക്ക മുറ്റുന്നതിനു മുമ്പ്‌ ഒരു പാമ്പു വന്നുകേറി അവയെ തിന്നുകളഞ്ഞു. ഒഴിഞ്ഞ കൂടു നോക്കി വിലപിക്കുന്ന അമ്മക്കിളിയെ ഇതാദ്യമായിട്ടല്ലല്ലോ കിളികൾക്കു കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നതെന്നു പറഞ്ഞ്‌ ഒരാൾ സമാശ്വസിപ്പിച്ചു. അതു കേട്ട്‌ മീവൽപ്പക്ഷി പറഞ്ഞതിതാണ്‌: 'എന്റെ കുഞ്ഞുങ്ങളെ ഓർത്തുമാത്രമല്ല ഞാൻ കരയുന്നത്‌; സാധുക്കൾ നീതി തേടി ഓടിയെത്തുന്ന അതേ സ്ഥലത്തുവച്ചു തന്നെ ഇതു സംഭവിച്ചതിലാണ്‌ എനിക്കു കൂടുതൽ ദു:ഖം.'

Sunday, July 26, 2009

ഇന്നത്തെ ഈസോപ്പ്

114. കുറുക്കനും മരംവെട്ടിയും

വേട്ടനായ്ക്കൾ പിന്തുടർന്നോടിച്ച കുറുക്കൻ വഴിയിൽ ഒരു മരംവെട്ടി നിൽക്കുന്നതു കണ്ട്‌ തനിക്ക്‌ ഒളിച്ചിരിക്കാൻ ഒരിടം കാട്ടിത്തരണമെന്ന്‌ അയാളോടപേക്ഷിച്ചു. അയാൾ സ്വന്തം കുടിൽ കാണിച്ചുകൊടുത്തു; കുറുക്കൻ ഒരു മൂലയ്ക്കു പതുങ്ങിയിരിക്കുകയും ചെയ്തു. പിന്നാലെ വേട്ടക്കാരുമെത്തി; ഒരു കുറുക്കനെ അവിടെങ്ങാനും കണ്ടോയെന്ന്‌ അവർ മരം വെട്ടിയോടന്വേഷിച്ചു. 'ഇല്ല,' അയാൾ പറഞ്ഞു, എന്നിട്ടു പക്ഷേ ഒരു വിരൽ കൊണ്ട്‌ കുടിലിനു നേർക്കു ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാൽ വേട്ടക്കാർക്ക്‌ ആ സൂചന മന സ്സിലായില്ല; അവർ അയാളുടെ വാക്കു വിശ്വസിച്ച്‌ നേരേ മുന്നോട്ടോടിപ്പോയി. അവർ കണ്ണിൽ നിന്നു മറഞ്ഞു എന്നുറപ്പായപ്പോൾ കുറുക്കൻ പതിയെ കുടിലിൽ നിന്നിറങ്ങി മരംവെട്ടിയോട്‌ ഒന്നും പറയാതെ സ്ഥലം വിടാനൊരുങ്ങി. ഇത്കണ്ട്‌ അയാൾ കുറുക്കനെ ഇങ്ങനെ ഭത്സിച്ചു , 'നന്ദികെട്ട ജന്തു! വിളിച്ചു വീട്ടിക്കേറ്റിയ ഒരാളോട്‌ ഇങ്ങനെയാണോ പെരുമാറേണ്ടത്‌? നീയിപ്പോൾ ജീവനോടിരിക്കുന്നെങ്കിൽ അതു ഞാൻ കാരണമാന്‌ ; എന്നിട്ട്‌ ഒരു നന്ദിവാക്കു പോലും പറയാതങ്ങിറങ്ങിപ്പോവുകയും.' 'ഇങ്ങനെ വേണം വിളിച്ചുകേറ്റാൻ!' തിരിഞ്ഞുനിന്നുകൊണ്ട്‌ കുറുക്കൻ പറഞ്ഞു. 'നിങ്ങളുടെ വാക്കു പോലെ പ്രവൃത്തിയും നന്നായിരുന്നെങ്കിൽ ഞാനിങ്ങനെ നന്ദികേടു കാണിക്കില്ലായിരുന്നു.'

ഒരു വാക്കിലുള്ളത്ര ദുഷ്ട്‌ ഒരു ചേഷ്ടയിലുമുണ്ട്‌.

image90

115. വിരുന്നുപോയ നായ

ഒരു ധനികൻ ഒരു മാന്യനെ വിരുന്നിനു വിളിച്ചു. ഈ സമയത്തു തന്നെ ധനികന്റെ നായ മാന്യന്റെ നായയെ കണ്ടുമുട്ടി അവനെയും വീട്ടിലേക്കു ക്ഷണിച്ചു, 'വാ ചങ്ങാതി, ഇന്നത്തെ അത്താഴം നമുക്കൊരുമിച്ചാകാം.' ക്ഷണം സ്വീകരിച്ച മാന്യന്റെ നായ സദ്യവട്ടങ്ങൾ കാണാനായി നേരത്തേതന്നെ സ്ഥലത്തെത്തി. എന്തൊരു സദ്യയായിരിക്കും, അവൻ സ്വയം പറയുകയായിരുന്നു, എന്റെയൊരു ഭാഗ​‍്യം നോക്കണേ! ഞാൻ മൂക്കുമുട്ടെ തിന്നാൻ പോവുകയാണ്‌. പിന്നെ കുറച്ചെടുത്തു മാറ്റിവയ്ക്കുകയും വേണം. നാളത്തേക്ക്‌ ഒന്നും കിട്ടിയില്ലെങ്കിലോ. അവൻ വാലാട്ടിക്കൊണ്ട്‌ തന്റെ ചങ്ങാതിയുടെ നേർക്ക്‌ ഒരു കള്ളനോട്ടമയച്ചു. പക്ഷേ അവന്റെ വാലാട്ടൽ കുശിനിക്കാരന്റെ കണ്ണിൽപ്പെട്ടു. അയാൾ അവന്റെ കാലിനു പിടിച്ച്‌ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. നിലത്തു ചെന്നുവീണ നായ മോങ്ങിക്കൊണ്ട്‌ തെരുവിലേക്കോടി. മറ്റു നായ്ക്കൾ ചുറ്റും കൂടി സദ്യ എങ്ങനെയുണ്ടായിരുന്നുവെന്നന്വേഷിച്ചു. 'സത്യം പറയാമല്ലോ' വിഷാദം കലർന്ന ഒരു പുഞ്ചിരിയോടെ നായ പറഞ്ഞു. 'എനിക്ക്‌ ഒന്നുമോർമ്മനിൽക്കുന്നില്ല. പൊതിരെ കുടിച്ചു ബോധം പോയതിനാൽ ഞാനെങ്ങനെ ആ വീട്ടിനു പുറത്തായെന്നുപോലും എനിക്കറിയില്ല.'

പിൻവാതിലിലൂടെ ഉള്ളിൽക്കയറുന്നവൻ ജനാലയിലൂടെ പുറത്തുപോകേണ്ടിവരും.
image89

116. അമ്പും പരുന്തും

ചെന്നുകൊണ്ടത്‌ പരുന്തിന്റെ നെഞ്ചിനുതന്നെ. പ്രാണവേദനയോടെ താഴേക്കു പതിക്കുമ്പോൾ തനിക്കേറ്റ അമ്പിന്റെ കട പരുന്തിന്റെ കണ്ണിൽപ്പെട്ടു; തന്റെതന്നെ തൂവലുകൾ കൊണ്ടാണ്‌ അതിനു ചിറകു പിടിപ്പിച്ചിരിക്കുന്നത്‌.

നാം തന്നെ എടുത്തുകൊടുക്കുന്ന ആയുധങ്ങൾ കൊണ്ട്‌ മുറിവു പറ്റുമ്പോൾ അതിനെന്തു മൂർച്ചയും വേദനയുമാണ്‌!
i059_th

117. ആട്ടിടയനും ചെന്നായയും

ചെന്നായ ആട്ടിൻപറ്റത്തിനു പിന്നാലെ നടന്നതല്ലാതെ അവയെ ആക്രമിക്കാനോ തിന്നാനോ ഒന്നും പോയില്ല. അവന്റെ നല്ലനടത്തയിൽ ആദ്യമൊക്കെ ആട്ടിടയൻ വീണുപോയതുമില്ല. പക്ഷേ ഇത്രനാളായിട്ടും അവൻ ഒരാടിനെപ്പോലും തൊടാതിരുന്നപ്പോൾ അയാൾക്കവനെ വിശ്വാസം വന്നു തുടങ്ങി. എന്തിനു പറയുന്നു, ഒരു ദിവസം ചന്തയ്ക്കു പോകേണ്ട ആവശ്യം വന്നപ്പോൾ അയാൾ ആടുകളെ നോക്കാൻ ചെന്നായയെ ഏൽപ്പിക്കുകയും ചെയ്തു. ചുമതലയേൽക്കേണ്ട താമസം, ആടുകളെയൊന്നാകെ അവൻ കൊന്നുതിന്നു. ചന്തയിൽപ്പോയി തിരിച്ചുവന്ന ആടിടയൻ തന്റെ ആടുകളെല്ലാം നഷ്ടമായതു കണ്ടപ്പോൾ അലമുറയിട്ടു കരഞ്ഞു: 'ഞാനെന്തൊരു വിഡ്ഢി! ആടിനെ നോക്കാൻ ചെന്നായയെ ഏൽപ്പിച്ച എനിക്കിതു തന്നെ കിട്ടണം.'

ചില മിത്രങ്ങളുണ്ടെങ്കിൽ ശത്രുക്കൾ വേറെ വേണ്ട.
097

118. വാലു പോയ കുറുക്കൻ

കെണിയിൽ വാലു കുടുങ്ങിയ കുറുക്കന്‌ ജീവൻ രക്ഷിക്കണമെങ്കിൽ വാലു കളഞ്ഞേപറ്റൂ എന്നായി. വാലിനു പകരം വാലിന്റെ കുറ്റിയുമായി നിൽക്കുന്ന തന്നെ കൂട്ടുകാർ കളിയാക്കിക്കൊല്ലുമല്ലോയെന്നോർത്തപ്പോൾ താനെന്തിനിങ്ങനെ ജീവൻ രക്ഷിച്ചു എന്നുപോലും അവൻ ചിന്തിച്ചുപോയി. എന്തായാലും പറ്റിയതു പറ്റി; വീണതു വിദ്യയാക്കുക എന്നതിലാണു മിടുക്കിരിക്കുന്നത്‌. അവൻ തന്റെ കൂട്ടരുടെ ഒരു പൊതുയോഗം വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: 'എനിക്കിപ്പോൾ എന്തു സുഖമാണെന്നോ!' അവൻ പറഞ്ഞു. 'ഒന്നാലോചിച്ചുനോക്കിയാൽ കാണാൻ ഭംഗിയില്ലാത്തതും അനാവശ്യവുമായ ഒരു വച്ചുകെട്ടല്ലേ ഈ വാലെന്നു പറയുന്നത്‌? നായ്ക്കൾ നമ്മെയിട്ടോടിക്കുമ്പോൾ എന്തൊരസൗകര്യമാണത്‌! കുന്തിച്ചിരുന്നൊന്നു വർത്തമാനം പറയാൻ നോക്കിയാൽ അതും പറ്റുമോ! ചങ്ങാതിമാരേ, നിങ്ങളും എന്നെപ്പോലെ വാലു കളയണമെന്നൊരു നിർദ്ദേശം ഞാൻ നിങ്ങളുടെ മുന്നിൽ വയ്ക്കുകയാണ്‌.' അവനിരുന്നുകഴിഞ്ഞപ്പോൾ സാമർത്ഥ്യക്കാരനായ ഒരു മുതുകുറുക്കൻ എഴുന്നേറ്റ്‌ തന്റെ സമൃദ്ധമായ നീണ്ട വാൽ ഒന്നു കുടഞ്ഞുവീശിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: 'അല്ല ചങ്ങാതി, നിന്നെപ്പോലെ എനിക്കും വാലു നഷ്ടപ്പെടിരുന്നെങ്കിൽ നീ ഇപ്പറഞ്ഞത്‌ എനിക്കും വിശ്വാസമായേനെ. പക്ഷെ അങ്ങനെയൊന്നു സംഭവിക്കാത്തിടത്തോളം കാലം ഞാൻ ഈ വാലും കൊണ്ടു നടക്കുകയേയുള്ളു.'

ഉപദേശം സ്വീകരിക്കുമ്പോൾ അതിനു പിന്നിൽ മറ്റു താൽപര്യങ്ങളൊന്നുമില്ലെന്ന്‌ ഉറപ്പു വരുത്തുക.

119. സൂര്യന്റെ കല്യാണം

നല്ല വേനൽക്കാലത്തൊരു ദിവസം സൂര്യന്റെ കല്യാണമായെന്ന്‌ ജന്തുക്കൾക്കിടയിൽ ഒരു ശ്രുതി പരന്നു. മൃഗങ്ങൾക്കും പക്ഷികൾക്കുമൊക്കെ വളരെ സന്തോഷമായി. തവളകൾക്കായിരുന്നു വലിയ ഉത്സാഹം. പക്ഷേ ദു:ഖിക്കേണ്ട അവസരമാണതെന്നു പറഞ്ഞ്‌ ഒരു കിഴവൻതവള അവരെ പി​‍്ന്തിരിപ്പിച്ചുകളഞ്ഞു: 'ഒരു സൂര്യൻ കൊണ്ടുതന്നെ നമ്മുടെ ചതുപ്പുകൾ വരണ്ടുണങ്ങുന്ന സ്ഥിതിക്ക്‌ പന്ത്രണ്ടു കുഞ്ഞുസൂര്യന്മാർ കൂടി ഉണ്ടായാലത്തെ സ്ഥിതിയെന്താ?'
059

120. ഈച്ചയും കാളയും

കുറേ നേരം കാളയുടെ തലക്കുചുറ്റും വട്ടമിട്ടു പറന്നുനടന്ന ഈച്ച ഒടുവിൽ അതിന്റെ ഒരു കൊമ്പിൽ ചെന്നിരുന്നു. 'എന്റെ ഭാരം ശല്യമായി തോന്നുന്നെങ്കിൽ പറഞ്ഞോളൂ,' ഈച്ച കാളയോടു പറഞ്ഞു, 'ഞാൻ പോയേക്കാം.' 'ഓ, നീ അതൊന്നും ആലോചിച്ചു വിഷമിക്കേണ്ട,' കാള പറഞ്ഞു. 'നീ ഇരുന്നാലും പോയാലും എനിക്കൊരുപോലെയാണ്‌. പിന്നെ സത്യം പറഞ്ഞാൽ നീ വന്നിരുന്നത്‌ ഞാൻ അറിഞ്ഞതുപോലുമില്ല.'

മനസ്സെത്ര ചെറുതാകുന്നുവോ അത്രയ്ക്കു ഗർവു കൂടുകയും ചെയ്യും.
image47

121. ഉഴവുകാളയും മൂരിക്കുട്ടനും

പാടത്തു പുളച്ചുനടന്ന മൂരിക്കുട്ടൻ അന്യന്റെ വിടുപണി ചെയ്യുന്നതിന്‌ ഉഴവുകാളയെ പരിഹസിച്ചു. കാള പക്ഷേ മറുത്തൊന്നും പറയാതെ തന്റെ ജോലി ചെയ്തുകൊണ്ടിരുന്നു. ഇതു നടന്ന്‌ അധികനാളായില്ല, വലിയൊരു പെരുന്നാൾ വന്നു. കാളയ്ക്ക്‌ അന്നു ജോലിയിൽ നിന്നു വിടുതൽ കിട്ടി. മൂരിക്കുട്ടനെ ബലി കൊടുക്കാൻ വേണ്ടി വളഞ്ഞുപിടിച്ചു കൊണ്ടു പോവുകയും ചെയ്തു. 'നിന്റെ അലസതയ്ക്ക്‌ ഇതു തന്നെ കിട്ടണം,' കാള പറഞ്ഞു. 'കഴുത്തിൽ മഴു വീഴുന്നതിനെക്കാൾ നുകം വയ്ക്കുന്നതാണ്‌ എനിക്കിഷ്ടം.'
image110

122. കഴുതയും വി​ഗ്രഹവും

ദേവവിഗ്രഹവുമായി ഊരുവലത്തിനിറങ്ങിയ കഴുത ആളുകൾ നമസ്കരിക്കുന്നത്‌ തന്നെയാണെന്നു ഭ്രമിച്ചുപോയി. താനൊരു ആരാധനാപാത്രമായല്ലോയെന്നൊർത്ത്‌ അഭിമാനം കൊണ്ട കഴുത പിന്നെ ഒരടി നടക്കാൻ കൂട്ടാക്കിയതുമില്ല. കഴുതക്കാരൻ ചാട്ടയെടുത്ത്‌ അ വന്റെ പുറത്തൊന്നു പൂശിയിട്ട്‌ ഇങ്ങനെ പറഞ്ഞു; 'മരക്കഴുതേ, നിന്നെയല്ല, നിന്റെ പുറത്തിരിക്കുന്ന വിഗ്രഹത്തെയാണ്‌ അവർ പൂജിക്കുന്നത്‌!'

അന്യർക്കു ചെല്ലേണ്ട അംഗ​‍ീകാരം തനിക്കവകാശപ്പെടുന്നവൻ വിഡ്ഢിയാണ്‌.

Sunday, July 19, 2009

ഇന്നത്തെ ഈസോപ്പ്

image79a

106. കടൽക്കരയിലെ യാത്രക്കാർ

കടലോരത്തു കൂടി യാത്ര ചെയ്തിരുന്ന ചിലർ ഒരു പാറക്കെട്ടിനു മുകളിലെത്തിയപ്പോൾ കടലിൽ ദൂരെയായി ഒരു മരമുട്ടി ഒഴുകിനടക്കുന്നതു കണ്ടു. അവർ ആദ്യം കരുതിയത്‌ അതു വലിയൊരു കപ്പലാണെന്നാണ്‌. അങ്ങനെ കപ്പൽ തുറമുഖത്തേക്കടുക്കുന്നതു കാണാമെന്ന പ്രതീക്ഷയോടെ അവർ കാത്തുനിന്നു. പക്ഷേ മരമുട്ടിയൊഴുകി തീരത്തോടു കുറേയടുത്തപ്പോൾ അതു കപ്പലല്ല, തോണിയാണെന്നായി അവരുടെ തോന്നൽ. ഒടുവിൽ അതു തീരത്തടിഞ്ഞപ്പോഴാണ്‌ വെറുമൊരു മരക്കഷണമാണതെന്നും തങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നത്‌ വൃഥാവിലായെന്നും അവർക്കു ബോധ്യമാകുന്നത്‌.

ജീവിതയാഥാർഥ്യങ്ങളെ കവച്ചുവയ്ക്കുന്നവയാവാറുണ്ട്‌ നമ്മുടെ പ്രതീക്ഷകൾ പലപ്പോഴും.

i067_th

107. വാനനിരീക്ഷകൻ

ഒരു വാനനിരീക്ഷകൻ എന്നും രാത്രിയിൽ ആകാശം നോക്കിനടക്കുക പതിവായിരുന്നു. ഒരു ദിവസം അയാൾ ഗ്രാമത്തിനു പുറത്തൊരിടത്ത്‌ ഇങ്ങനെ നക്ഷത്രങ്ങളെ നോക്കിനടക്കുമ്പോൾ കാലുതെറ്റി ഒരു കിണറ്റിൽ വീണു. അയാൾ കിണറ്റിൽക്കിടന്ന്‌ ഒച്ചയും ബഹളവും ഉണ്ടാക്കിയപ്പോൾ ആളുകൾ ഓടിക്കൂടി അയളെ പിടിച്ചുകയറ്റി. അയാളുടെ കഥ കേട്ടിട്ട്‌ രക്ഷിക്കാനെത്തിയവർ ഇങ്ങനെ പറഞ്ഞു, 'ആകാശത്തിലെ രഹസ്യങ്ങൾ ചുഴിഞ്ഞുനോക്കുന്ന മനുഷ്യാ, സ്വന്തം കാൽച്ചുവട്ടിലെ സധാരണവസ്തുക്കൾ നിങ്ങൾ കാണാതെ പോകുന്നല്ലോ.'
245

108. വേട്ടക്കാരനും മരംവെട്ടിയും

സിംഹത്തെ വേട്ടയാടാൻ പുറപ്പെട്ട ഒരാൾ കാട്ടിൽ വച്ച്‌ ഒരു മരംവെട്ടിയെ കണ്ടു; സിംഹത്തിന്റെ കാൽപ്പാടുകൾ അവിടെങ്ങാനും കണ്ടോയെന്നും സിംഹത്തിന്റെ മട എവിടെയാണെന്നും അയാൾ അന്വേഷിച്ചു. തന്റെ കൂടെ വന്നാൽ സിംഹത്തെത്തന്നെ കാണിച്ചുതരാമെന്നായി മരംവെട്ടി. അതു കേട്ടയുടനെ വേട്ടക്കാരന്റെ മുഖം വിളറിവെളുത്തു; അയാളുടെ പല്ലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. 'ഏയ്‌, അതൊന്നും വേണ്ട,' അയാൾ പറഞ്ഞു. 'ഞാൻ സിംഹത്തിന്റെ കാൽപ്പാടുകളെയാണ്‌ വേട്ടയാടുന്നത്‌, സിംഹത്തെയല്ല.'

ദൂരെനിന്നാളാകാനേ ഭീരുവിന്നറിയൂ.
i097_th

109. കാക്കയും കുറുക്കനും

ജനാലപ്പടിയിൽ നിന്നു വലിയൊരു വെണ്ണക്കട്ടി തട്ടിയെടുത്ത കാക്ക അതും കൊത്തിയെടുത്ത്‌ ഒരു മരത്തിനു മുകളിൽ ചെന്നിരുന്നു. ആ വഴി വന്ന ഒരു കുറുക്കന്റെ കണ്ണിൽ അതു പെട്ടു; വെണ്ണക്കട്ടി കൈക്കലാക്കാൻ എന്താ വഴിയെന്നാലോചിച്ച്‌ അവൻ ഒരു സൂത്രം കണ്ടു. 'അല്ല കാക്കേ,' അവൻ പറഞ്ഞു, 'നിന്റെ ചിറകിന്‌ എന്തു ഭംഗിയാണ്‌! നിന്റെ കണ്ണിന്റെ തിളക്കമോ! കഴുത്തിന്റെ വളവ്‌ അതിനെക്കാൾ മനോഹരം! നിന്റെ നെഞ്ചിന്റെ കാര്യം പറയുകയും വേണ്ട-ഒരു കഴുകന്റെ നെഞ്ചു തന്നെ! നിന്റെ നഖങ്ങൾ, ക്ഷമിക്കണേ, നിന്റെ നഖങ്ങൾ ഏതു ജന്തുവിനും എതിരു നിൽക്കും. ഹൊ, നിന്റെ ഈ സൗന്ദര്യം പോലെ ശബ്ദവും നന്നായിരുന്നെങ്കിൽ പിന്നെ നിന്നെ പക്ഷികളുടെ റാണിയെന്നു വിളിക്കേണ്ട കാര്യമേയുള്ളു!' അവന്റെ മുഖസ്തുതിയിൽ വീണുപോയ കാക്ക തന്റെ കാവിളി കൊണ്ട്‌ കുറുക്കനെ ആശ്ചര്യപ്പെടുത്തുന്നതോർത്ത്‌ ഉള്ളിൽ ചിരിച്ചുകൊണ്ട്‌ വായ തുറന്നു-അതാ പോയി വെണ്ണക്കട്ടി! കുറുക്കൻ ഒറ്റച്ചാട്ടത്തിന്‌ അതു കൈക്കലാക്കുകയും ചെയ്തു. സ്ഥലം വിടുന്നതിനു മുമ്പ്‌ അവനു കാക്കയോട്‌ ഇതുകൂടി പറയാനുണ്ടായിരുന്നു, 'നിനക്ക്‌ ശബ്ദമുണ്ടെന്നു മനസ്സിലായി, പക്ഷേ ബുദ്ധിയുണ്ടോയെന്നാണ്‌ എന്റെ സംശയം.'

മുഖസ്തുതിക്കാരനു കാതു കൊടുക്കുന്നവർ അവന്റെ കൂലിയും കൊടുക്കേണ്ടിവരും.
108

110. കരടിയും കുറുക്കനും

തനിക്കു മനുഷ്യരെ എന്തു സ്നേഹമാണെന്നും താൻ ഇന്നേവരെ ഒരു മനുഷ്യന്റെ ശവത്തെ തൊടുകയോ കടിച്ചുകീറുകയോ ചെയ്തിട്ടില്ലെന്നും വീമ്പടിക്കുകയായിരുന്നു കരടി. അതു കേട്ട കുറുക്കൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു, 'ജീവനുള്ള മനുഷ്യരെ തിന്നാതെയാണ്‌ നീയിതു പറയുന്നതെങ്കിൽ എനിക്കു നിന്റെ മനുഷ്യസ്നേഹത്തിൽ മതിപ്പു തോന്നിയേനെ.'

മനുഷ്യൻ മരിച്ചിട്ടേ അവനോട്‌ ആദരവു കാണിക്കാവൂ എന്നില്ല.

i075_th

111. കഴുതയും നായയും

ഒരു കൃഷിക്കാരന്‌ ഒരു കഴുതയും അയാൾ അരുമയായി വളർത്തിയിരുന്ന ഒരു നായക്കുട്ടിയുമുണ്ടായിരുന്നു. കഴുതയ്ക്ക്‌ അയാൾ സ്വന്തമായിട്ടൊരു തൊഴുത്തു കെട്ടിക്കൊടുത്തിരുന്നു; ആവശ്യത്തിനു വൈക്കോലും കാടിയും കൊടുക്കുകയും ചെയ്തു. എന്നു പറഞ്ഞാൽ കഴുതയെന്ന നിലയിൽ അവനു യാതൊന്നിന്റെയും കുറവുണ്ടായിരുന്നില്ല എന്നർഥം. നായക്കുട്ടിയാവട്ടെ, ഊണും ഉറക്കവുമൊക്കെ കൃഷിക്കാരന്റെ വീട്ടിലായിരുന്നു. എപ്പോഴും ഓടിക്കളിച്ചുനടക്കുന്ന അവന്‌ കൃഷിക്കാരന്റെ മടിയിൽ കയറിയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്‌. കഴുതയ്ക്കു പക്ഷേ പിടിപ്പതു പണിയുണ്ടായിരുന്നു; പകലു മൊത്തം വണ്ടി വലിക്കുക, എന്നിട്ടു രാത്രിയിൽ ചക്രം തിരിക്കുകയും വേണം. താനിങ്ങനെ കഷ്ടപ്പെടുമ്പോൾ ആ നായ എന്തുമാത്രം സുഖിക്കുന്നുവെന്നോർത്ത്‌ കഴുതയ്ക്കു ക്രമേണ പക വളർന്നു. നായ കാണിക്കുമ്പോലെയൊക്കെ കാണിച്ചാൽ തനിക്കും യജമാനന്റെ സ്നേഹവും ലാളനയും കിട്ടും എന്നും അവൻ വിശ്വസിച്ചുപോയി. അങ്ങനെയൊരു ദിവസം അവൻ കെട്ടും പൊട്ടിച്ച്‌ തൊഴുത്തിൽ നിന്നോടി വീട്ടിനുള്ളിൽ ചെന്നുകയറി; എന്നിട്ട്‌ കൃഷിക്കാരന്റെ മുന്നിൽ ചെന്നുനിന്ന്‌ കാലുയർത്തി തുള്ളാനും കളിക്കാനും തുടങ്ങി. പോരാഞ്ഞിട്ട്‌ അയാൾ ആഹാരം കഴിച്ചുകൊണ്ടിരുന്ന മേശപ്പുറത്തു ചാടിക്കയറി പാത്രങ്ങളൊക്കെ ഇട്ടുടയ്ക്കുകയും ചെയ്തു. ഇതിനൊക്കെപ്പുറമേ അയാളുടെ മടിയിൽ കയറി അയാളുടെ മുഖത്തു നക്കാൻ കൂടി അവൻ പരിശ്രമിച്ചു. ഇത്രയുമായപ്പോൾ വേലക്കാർ ഓടിവന്ന്‌ ആ കഴുതയെ തല്ലിപ്പുറത്താക്കി. തല്ലു കൊണ്ടു വീർത്ത ദേഹം നക്കിത്തുടയ്ക്കുമ്പോൾ അവൻ പഠിച്ച പാഠം ഇതാണ്‌:

കോപ്പിരാട്ടി കാണിച്ചാൽ തമാശയാവില്ല.

112. മീവൽപ്പക്ഷിയും മറ്റു പക്ഷികളും

മീവൽപ്പക്ഷി മറ്റു പക്ഷികളോടൊപ്പം പാടത്തു കൊത്തിപ്പെറുക്കുമ്പോൾ കൃഷിക്കാരൻ അവിടെ ചണവിത്തു വിതക്കുന്നത്‌ അതിന്റെ ശ്രദ്ധയിൽപ്പെട്ടു. 'അയാളെ സൂക്ഷിക്കണേ!' മീവൽ മറ്റു പക്ഷികളോടു പറഞ്ഞു. 'എന്താ കാര്യം?' അവർ തിരക്കി. 'അയാൾ ചണവിത്താണു വിതയ്ക്കുന്നത്‌; ഒന്നില്ലാതെ കൊത്തിയെടുക്കണം. അല്ലെങ്കിൽ ഒടുവിൽ ഖേദിക്കേണ്ടിവരും.' മറ്റു പക്ഷികൾ പക്ഷേ മീവലിന്റെ വാക്കുകൾ ഗൗരവത്തിലെടുക്കാൻ പോയില്ല. അങ്ങനെ ചണവിത്തുകൾ കിളിർത്ത്‌ വളർന്നുവലുതായി. കൃഷിക്കാരൻ ആ ചണം പിരിച്ച്‌ ചരടാക്കി ഒരു വലയുണ്ടാക്കൂകയും ചെയ്തു. എന്നിട്ടയാൾ ആ വല വിരിച്ച്‌ കിളികളെ കുടുക്കാൻ തുടങ്ങി. 'ഞാൻ അപ്പോഴേ പറഞ്ഞില്ലേ?' മീവൽ ചോദിച്ചു.

തിന്മയുടെ വിത്തുകൾ ബാക്കിവയ്ക്കരുത്‌; ഇല്ലെങ്കിൽ അവ വളർന്ന്‌ നിങ്ങളെ നശിപ്പിക്കും.
091

113. തവളകൾക്ക്‌ രാജാവിനെ വേണം

തവളകൾ ആരെയും കൂട്ടാക്കാതെ തോന്നുംപടി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ കുത്തഴിഞ്ഞ ആ ജീവിതം അവർക്കുതന്നെ മടുത്തു. അവർ കൂടിയാലോചിട്ട്‌ തങ്ങൾക്കൊരു രാജാവിനെ അയച്ചുതരാൻ ദൈവത്തോടപേക്ഷിച്ചു. തലക്കുമേൽ ഒരാളുണ്ടായാൽ തങ്ങളുടെ ജീവിതത്തിന്‌ ഒരടുക്കും ചിട്ടയുമൊക്കെയുണ്ടാവുമെന്നും തങ്ങൾ ഉത്തരവാദിത്തബോധമുള്ളവരായി മാറുമെന്നും അവർ വാദിച്ചു. ഇവർ എന്തു വിഡ്ഢികളാണ്‌ എന്നോർത്ത്‌ ചിരിച്ചുപോയ ദൈവം ഒരു മരമുട്ടിയെടുത്ത്‌ കുളത്തിലേക്കിട്ടുകൊടുത്തു. 'ഇതാ, നിങ്ങളുടെ രാജാവ്‌!' മരമുട്ടി വെള്ളത്തിൽ വീണ ഒച്ച കേട്ടു പേടിച്ചുപോയ തവളകൾ നേരേ ഊളിയിട്ട്‌ ചെളിയിൽപ്പോയി പുതഞ്ഞുകിടന്നു. മരമുട്ടി അനക്കമറ്റു കിടക്കുകയായിരുന്നെങ്കിലും അതിനോടടുക്കാൻ ആർക്കും ധൈര്യം വന്നില്ല. അൽപം കഴിഞ്ഞപ്പോൾ ഒരു ധൈര്യശാലി തല പൊന്തിച്ച്‌ ദൂരെ മാറിനിന്ന്‌ തങ്ങളുടെ രാജാവിനെ വീക്ഷിച്ചു. മരമുട്ടി ഇളക്കമൊന്നുമില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ മറ്റു ചിലരും പൊങ്ങിവന്ന്‌ അതിനു ചുറ്റും കൂട്ടം കൂടാൻ തുടങ്ങി. എന്തിനു പറയുന്നു, ഈ രാജാവിനെ പേടിക്കാനൊന്നുമില്ലെന്നു മനസ്സിലായ തവളകൾ ഒടുവിൽ അതിനു മുകളിൽ കയറി തുള്ളിച്ചാടാനും പരമമായ പുച്ഛത്തോടെ അതിനെ തട്ടിക്കളിക്കാനും തുടങ്ങി. ഇത്ര മെരുങ്ങിയ ഒരു രാജാവിനെ തങ്ങൾക്കു വേണ്ടെന്നു പറഞ്ഞ്‌ വീണ്ടും ദൈവത്തിനു നിവേദനം പോയി. ഉശിരുള്ള ഒരു രാജാവിനെയാണ്‌ തങ്ങൾക്കു വേണ്ടത്‌. എങ്കിൽ അങ്ങനെയായിക്കോട്ടെ. ഇത്തവണ ദൈവം ഒരു കൊക്കിനെയാണയച്ചത്‌. വന്നപാടെ അവൻ തവളകളെ ഒന്നൊന്നായി കൊത്തിവിഴുങ്ങാനും തുടങ്ങി.

മാറ്റത്തിനാഗ്രഹിക്കുമ്പോൾ അതു നല്ലതിനാണെന്നുകൂടി ഉറപ്പാക്കുക.

Saturday, July 18, 2009

ഇന്നത്തെ ഈസോപ്പ്

i101_th

98. ഉറുമ്പും പ്രാവും

ദാഹം തീർക്കാൻ വെള്ളത്തൊട്ടിയിലിറങ്ങിയ ഉറുമ്പ്‌ കാലിടറി വെള്ളത്തിൽ വീണുപോയി. ഭാഗ്യത്തിന്‌ അടുത്തൊരു മരത്തിലിരുന്ന പ്രാവ്‌ ഒരില കൊത്തി വെള്ളത്തിലിട്ടുകൊടുത്തു. ഇലയിൽ പറ്റിപ്പിടിച്ചുകയറിയ ഉറുമ്പ്‌ തുഴഞ്ഞു കരപിടിക്കുകയും ചെയ്തു. അൽപനേരം കഴിഞ്ഞപ്പോൾ ഒരു പക്ഷിപിടുത്തക്കാരൻ അതുവഴി വന്നു. അവൻ പ്രാവിനെ കെണിയിലാക്കാനായി വല വിരിച്ചതും ഉറുമ്പ്‌ അവന്റെ കാലിൽ കടിച്ചുതൂങ്ങി. അവൻ വലയുമിട്ടെറിഞ്ഞ്‌ അലറിക്കരഞ്ഞു. തന്റെ ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കിയ പ്രാവ്‌ പറന്നു രക്ഷ പെടുകയും ചെയ്തു.

നല്ലതു ചെയ്യുന്നവന്‌ നല്ലതേ വരൂ.

99. ചെന്നായയും ആട്ടിടയന്മാരും

ചെന്നായ കുടിലിനുള്ളിലേക്കൊളിഞ്ഞുനോക്കിയപ്പോൾ കുറേ ആട്ടിടയന്മാർ ആട്ടിറച്ചിയും നിന്ന്‌ സുഖമായിട്ടിരിക്കുന്നതു കണ്ടു. 'ഞാൻ ഇങ്ങനെയൊരത്താഴം കഴിക്കുന്നത്‌ ഇവരുടെ കണ്ണിൽപ്പെട്ടിരുന്നെങ്കിൽ ഇവരെന്നെ നരകം കാണിച്ചേനെ,' ചെന്നായ ആരോടുമല്ലാതെ പറഞ്ഞു.

തങ്ങൾ ചെയ്യുന്ന തെറ്റുകൾ മറ്റുള്ളവർ ചെയ്തു കണ്ടാലെ ചിലർക്കു കണ്ണിൽപ്പെടൂ.
image135

100. സിംഹത്തോലണിഞ്ഞ കഴുത

എവിടുന്നോ ഒരു സിംഹത്തോൽ കിട്ടിയ കഴുത അതുമിട്ടു നടന്ന്‌ കണ്ട മൃഗങ്ങളെയൊക്കെ വിരട്ടിയോടിച്ചു. കുറുക്കനെ കണ്ടപ്പോൾ കഴുത അവനെയും പേടിപ്പിക്കാൻ നോക്കി; പക്ഷേ കഴുതയുടെ ശബ്ദം കേട്ടപ്പോൾ അവനു കാര്യം മനസ്സിലായി. അവൻ പറഞ്ഞു, 'ഞാനും പേടിച്ചുപോയേനെ; പക്ഷേ നിന്റെ കഴുതകരച്ചിൽ കള്ളി വെളിച്ചത്താക്കി.'

തനിക്കിണങ്ങാത്ത വേഷമെടുക്കുന്നവൻ അമിതാഭിനയം കാണിച്ച്‌ പുറത്താകും.

i041_th

101. കുളക്കരയിലെ കലമാൻ

വേനൽക്കാലത്തൊരു ദിവസം ദാഹം തീർക്കാൻ കുളക്കരയിലെത്തിയ കലമാൻ വെള്ളത്തിൽ തന്റെ പ്രതിബിംബവും കണ്ടു നിൽപ്പായി. 'എന്റെ കൊമ്പുകൾക്ക്‌ എന്തു ഭംഗിയും ബലവുമാണ്‌! 'അവൻ സ്വയം പറഞ്ഞു. 'എന്നിട്ടു കാലിനാണെങ്കിൽ ഒരു ചന്തവുമില്ല, ബലവുമില്ല!' പ്രകൃതി തനിക്കു നൽകിയ ശരീരലക്ഷണങ്ങളെ അവൻ അങ്ങനെ നിരൂപിച്ചും വിമർശിച്ചും നിൽക്കുന്ന സമയത്ത്‌ നായാട്ടുകാരും നായ്ക്കളും അവനെ വളഞ്ഞു. അവന്റെ ആക്ഷേപത്തിനു പാത്രമായ കാലുകൾ അവനെ അവരിൽ നിന്നു രക്ഷപെടുത്തി ദൂരെയെത്തിച്ചു; പക്ഷേ അവനു സന്തോഷവും അന്തസ്സും നൽകിയ കൊമ്പുകളാവട്ടെ ഒരു വള്ളിപ്പടർപ്പിൽ കുരുങ്ങി അവനു മുന്നോട്ടു നീങ്ങാനാവാതെ വന്നു. പിന്നാലെയെത്തിയ നായാട്ടുകാർ അവന്റെ ജീവനെടുക്കുകയും ചെയ്തു.

നിസ്സാരമെന്നു നാം ഗണിക്കുന്ന പ്രത്യേകതകളാവാം യഥാർത്ഥത്തിൽ നമ്മുടെ വിലപ്പെട്ട ഗുണങ്ങൾ.
i071_th

102. ആട്ടിൻതോലണിഞ്ഞ ചെന്നായ

വേഷം മാറിയാൽ ജീവിക്കാനെളുപ്പമായെന്ന വിചാരത്തോടെ ഒരു ചെന്നായ ആട്ടിൻതോലെടുത്തു പുതച്ചു. എന്നിട്ടവൻ ഒരാട്ടിൻപറ്റത്തിനിടയിൽ കയറിക്കൂടി അവയോടൊപ്പം മേഞ്ഞുനടന്നു; ആട്ടിടയനു പോലും അവന്റെ ആൾമാറാട്ടം മനസ്സിലായില്ല. രാത്രിയായപ്പോൾ മറ്റാടുകളോടോപ്പം അവനും ആലയിലായി. പക്ഷേ അത്താഴത്തിന്‌ ആട്ടിറച്ചി വേണമെന്നു തോന്നിയ ഇടയൻ കശാപ്പു ചെയ്യാൻ ആലയിൽ കയറി പിടികൂടിയത്‌ ആടായി നിൽക്കുന്ന ചെന്നായയെ.
image83

103. വീമ്പടിച്ച സഞ്ചാരി

പുറംനാടുകളിൽ ഒരുപാടു യാത്ര ചെയ്തുവന്ന ഒരാൾ നാട്ടിലെത്തി അന്യനാടുകളിൽ താൻ നടത്തിയ പരാക്രമങ്ങളെക്കുറിച്ച്‌ നാട്ടുകാരോടു വീമ്പടിക്കുകയായിരുന്നു. കൂട്ടത്തിലയാൾ ഇങ്ങനെയും ഒന്നു തട്ടിവിട്ടു: താൻ റോഡ്സിലായിരുന്നപ്പോൾ ഒരു ചാട്ടം ചാടി; മറ്റൊരാൾക്കും അതിനടുത്തെത്താൻ പോലും കഴിഞ്ഞില്ല; സക്ഷികളെ വേണമെങ്കിൽ റോഡ്സിൽ ചെന്നാൽ താൻ കാണിച്ചുതരാം. 'സംഗതി ശരിയായേക്കാം,' കേട്ടിരുന്ന ഒരാൾ അഭിപ്രായ പ്പെട്ടു. 'എങ്കിൽപ്പിന്നെ അതിനു സാക്ഷികളുടെ ആവശ്യവുമില്ലല്ലോ. ഇവിടം റോഡ്സ്‌ ആണെന്നു കരുതിക്കൊണ്ട്‌ ഒന്നു ചാടിക്കാണിച്ചാൽ മതി.'

വീമ്പടിക്കുന്നവന്റെ വായടയ്ക്കാൻ ഏറ്റവും നല്ല വഴി പറയുന്നതു ചെയ്തുകാണിക്കാൻ പറയുകയാണ്‌.

104. രണ്ടു ഭാര്യയുള്ളയാൾ

ഒരാൾക്കു രണ്ടു ഭാര്യമാരെ വയ്ക്കാവുന്ന ഒരു കാലമുണ്ടായിരുന്നു; നര കേറിത്തുടങ്ങിയ മധ്യവസ്കനായ ഒരാൾക്ക്‌ ഒരേ സമയം രണ്ടു സ്ത്രീകളോട്‌ ഇഷ്ടമായി; അയാൾ രണ്ടു പേരെയും വിവാഹം ചെയ്തു. ചെറുപ്പക്കാരിയും ഉല്ലാസവതിയുമായ ഒരു ഭാര്യയ്ക്ക്‌ ഭർത്താവ്‌ എപ്പോഴും ചെറുപ്പമായിട്ടിരിക്കണം; അൽപം പ്രായം കൂടിയ മറ്റേ ഭാര്യയ്ക്കാവട്ടെ, അയാൾക്കു തന്നേക്കാൾ ചെറുപ്പം തോന്നാനും പാടില്ല. അങ്ങനെ ചെറുപ്പക്കാരി ഭാര്യ തരം കിട്ടുമ്പോഴൊക്കെ ഭർത്താവിന്റെ നരച്ച മുടി പിഴുതെടുത്തുകളയും; മറ്റേ ഭാര്യ കറുത്തമുടിയിലും കൈവച്ചു. അയാളങ്ങനെ തന്റെ ഭാര്യമാരുടെ ശുശ്രൂഷയിൽ മയങ്ങി കുറച്ചുനാൾ ചെന്നു; ഒരു ദിവസം കാലത്ത്‌ കണ്ണാടി നോക്കുമ്പോൾ തലയിൽ ഒറ്റ മുടിയില്ല.

പലരുടെയും ഇംഗി‍തങ്ങൾക്കു വഴങ്ങി സ്വന്തം വിശ്വാസപ്രമാണങ്ങൾക്കു നീക്കുപോക്കു വരുത്തുന്നവൻ ഒടുവിൽ ഒരു വിശ്വാസപ്രമാണവുമില്ലാത്തവനായി മാറും.
i077_th

105. പിശുക്കൻ

തന്റെ സ്വത്തുക്കൾ ഒരിക്കലും കൈവിട്ടുപോകരുതെന്ന ചിന്തയോടെ ഒരു പിശുക്കൻ തനി ക്കുള്ളതെല്ലാം വിറ്റ്‌ വലിയൊരു സ്വർണ്ണക്കട്ടി വാങ്ങി നിലത്തു കുഴിച്ചിട്ടു. അയാൾ ഇടയ്‌ക്കിടെ അവിടെപ്പോയി നോക്കുന്നതുകണ്ടു സംശയം തോന്നിയ വേലക്കാരൻ അയാളില്ലാത്ത നേരത്ത്‌ അതും കുഴിച്ചെടുത്ത്‌ സ്ഥലം വിട്ടുകളഞ്ഞു. പിശുക്കൻ തിരിച്ചുവന്ന്‌ സ്വർണം പോയതു കണ്ട്‌ മാറത്തടിച്ചു കരഞ്ഞപ്പോൾ സങ്കടം തീർക്കാൻ അയൽക്കാരൻ ഇങ്ങനെയൊരുപദേശം നൽകി; 'താൻ വിഷമിക്കേണ്ട. ഒരു കല്ലെടുത്ത്‌ അവിടെ കുഴിച്ചിടുക. എന്നിട്ട്‌ അതു തന്റെ സ്വർണ്ണക്കട്ടിയാണെന്നങ്ങു കരുതിക്കോളുക. തനിക്കുപയോഗമില്ലാത്ത സ്ഥിതിയ്ക്ക്‌ സ്വർണ്ണത്തിന്റെ സ്ഥാനത്ത്‌ കല്ലായാലും മതി.'
കൂട്ടിവയ്ക്കാതെ ചിലവഴിച്ചാലേ പണത്തിനു വിലയുണ്ടാവൂ.

Friday, July 17, 2009

ഇന്നത്തെ ഈസോപ്പ്

i105_th

92. സിംഹഭാഗം

സിംഹവും മറ്റു മൃഗങ്ങളും ഒരുമിച്ച്‌ ഒരിക്കൽ വേട്ടയ്ക്കു പോയി. എല്ലാവരും കൂടി വലിയൊരു മാനിനെ നായാടിപ്പിടിച്ചു. അതിനെ വീതംവയ്ക്കുന്നത്‌ സിംഹം താൻ തന്നെയേറ്റു. മാനിനെ മൂന്നായി ഭാഗിച്ച്‌ ഏറ്റവും നല്ല തുണ്ടം താൻ തന്നെയെടുത്തിട്ട്‌ അവൻ മറ്റുള്ളവരോടായി പറഞ്ഞു, 'രാജാവെന്ന നിലയിൽ ഇത്‌ എന്റെ അവകാശം. പിന്നെ വേട്ടയ്ക്കു ചേർന്നതിൻ്‌ എനിക്കു കിട്ടാനുള്ളതാണ്‌ ഈ രണ്ടാമത്തെ വീതം. മൂന്നാമത്തേതിന്റെ കാര്യമാണെങ്കിൽ, ധൈര്യമുള്ളവൻ അതെടുക്കട്ടെ.'

 

93. കുട്ടികളും തവളകളും

കുളക്കരയിൽ കളിച്ചുകൊണ്ടുനിന്ന കുട്ടികൾ തവളകൾ വെള്ളത്തിൽ കിടക്കുന്നതു കണ്ട്‌ അവയെ കല്ലെടുത്തെറിയാൻ തുടങ്ങി. കുറേയെണ്ണം ചത്തുകഴിഞ്ഞപ്പോൾ കൂട്ടത്തിൽ അൽപം ധൈര്യക്കാരനായ ഒരു തവള വെള്ളത്തിൽ നിന്ന്‌ തല പുറത്തേക്കിട്ട്‌ ഇങ്ങനെ വിളിച്ചു പറഞ്ഞു, 'തമാശ നിർത്ത്‌ കുട്ടികളേ, നിങ്ങൾ കളിയെന്നു കരുതുന്നത്‌ ഞങ്ങൾക്കു മരണമാണ്‌.'

നാം കളിയായി ചെയ്യുന്ന പലതും അന്യർക്കു ദ്രോഹമായി വരാം.
image51

94. സിംഹവും ചെന്നായയും

ചെന്നായ ഒരാടിനെ കൊന്ന്‌ മാളത്തിലേക്കു കൊണ്ടുപോകുമ്പോൾ വഴിയിൽ വച്ച്‌ സിംഹം അതു തട്ടിയെടുത്തു. തനിക്കു കിട്ടിയതു തട്ടിയെടുക്കുന്നതു ശരിയാണോയെന്നു പറഞ്ഞ്‌ ചെന്നായ സിംഹത്തെ കുറ്റപ്പെടുത്തി. ഇതുകേട്ട സിംഹം ചിരിച്ചുകൊണ്ടു പറഞ്ഞു, 'ഓഹോ, നിന്റെ ആട്ടിടയൻചങ്ങാതി നിനക്കു സമ്മാനം തന്നതാണിതിനെയെന്ന്‌ ഞാനറിഞ്ഞില്ലല്ലോ.'

ഒരു കള്ളനേക്കാൾ ഭേദമല്ല മറ്റൊരു കള്ളൻ.
image16

95. കൃഷിക്കാരനും നായ്ക്കളും

കഠിനമായ ഒരു മഞ്ഞുകാലത്ത്‌ ഒരു കൃഷിക്കാരന്‌ വീടിനു പുറത്തിറങ്ങാൻ പറ്റാതെയായി. കഴിക്കാൻ ഒന്നും കിട്ടാതെയായപ്പോൾ അയാൾ തന്റെ ചെമ്മരിയാടുകളെ കൊന്നുതിന്നാൻ തുടങ്ങി. മഞ്ഞുവീഴ്ച തോരാതെ തുടർന്നപ്പോൾ അയാൾ പിന്നെ കോലാടുകളെയായി തീറ്റ. ഒടുവിൽ-മഞ്ഞു പെയ്യുക തന്നെയായിരുന്നു-അയാൾ തന്റെ ഉഴവുകാളകളെ നോട്ടമിട്ടു. ഇതു കണ്ട നായ്ക്കൾ തങ്ങളിൽ പറഞ്ഞു, 'നമുക്കു രക്ഷപേടേണ്ട സമയമായി! എല്ലാപ്പണിയും ചെയ്യുന്ന കാളകളോടു പോലും ദയ കാട്ടാത്ത യജമാനൻ നമ്മളെ വച്ചേക്കുമോ.'

അയൽക്കാരന്റെ വീടിനു തീപിടിക്കുമ്പോൾ സ്വന്തം തടി നോക്കേണ്ട കാലമായെന്നറിയുക.
i007_th

96. കാക്കയും കഴുകനും

കഴുകൻ ഒരു പാറക്കെട്ടിനു മുകളിൽ നിന്നു പറന്നിറങ്ങി ആട്ടിൻപറ്റത്തിൽ നിന്ന്‌ ഒരാട്ടിൻ കുട്ടിയെ റാഞ്ചിയെടുത്തു പറന്നുപോകുന്നതു കണ്ടുകൊണ്ടിരിക്കുകയായിരുന്നു കാക്ക. എത്ര അനായാസമായിട്ടാണ്‌, ഭംഗിയായിട്ടാണ്‌ കഴുകൻ കാര്യം നടത്തിയതെന്നു കണ്ടപ്പോൾ താനും ഒരു കൈ നോക്കിയാലെന്തെന്ന്‌ കാക്കയ്ക്കു തോന്നി. അങ്ങനെ അവൻ കൂറ്റനൊരു മുട്ടനാടിന്റെ മേൽ പറന്നുവീണ്‌ തന്റെ ശക്തിയെല്ലാമെടുത്ത്‌ അതിനെയും കൊത്തിയെ ടുത്ത്‌ പറക്കാൻ നോക്കി. പക്ഷേ അവന്റെ നഖങ്ങൾ ആടിന്റെ രോമത്തിനിടയിൽ കുരുങ്ങിപ്പോയി; രക്ഷപെടാനുള്ള തത്രപ്പാടോടെ അവൻ കിടന്നു ചിറകിട്ടടിച്ചപ്പോൾ കൃഷിക്കാരൻ കണ്ട്‌ അവനെ പിടികൂടി ചിറകും മുറിച്ചുകളഞ്ഞു. അന്നു രാത്രിയിൽ അവനെ കൊണ്ടുചെന്ന്‌ വീട്ടുകാരെ കാണിച്ചപ്പോൾ കുട്ടികൾ ചോദിച്ചു, 'ഇതെന്തു പക്ഷിയാണച്‌ഛാ?' 'അതോ,' കൃഷിക്കാരൻ പറഞ്ഞു, 'ഇവനോടു ചോദിച്ചാൽ ഇവൻ പറയും, താനൊരു കഴുകനാണെന്ന്‌. പക്ഷേ ഇവനൊരു പാവം കാക്കയാണെന്നേ ഞാൻ പറയൂ.'

ഉത്കർഷേച്ഛയാൽ ചിലനേരം സ്വന്തം പരിമിതികളും നാം മറന്നുവെന്നുവരാം.
image24

97. സിംഹവും ഉപദേഷ്ടാക്കൾ മൂന്നുപേരും

തനിക്കു വായനാറ്റമുണ്ടോയെന്ന്‌ സിംഹം ആടിനെ വിളിച്ചുചോദിച്ചു. ഉണ്ടെന്ന്‌ ആടു പറഞ്ഞതും വിഡ്ഢിയായതിന്റെ പേരിൽ സിംഹം അവന്റെ മേൽ ചാടിവീൺ്‌ തല കടിച്ചെ ടുത്തു. പിന്നെ അവൻ ചെന്നായയെ വിളിച്ച്‌ അതേ ചോദ്യം ചോദിച്ചു. ഇല്ലെന്നു ചെന്നായ പറഞ്ഞപ്പോൾ മുഖസ്തുതിക്കാരനായതിൻ്‌ സിംഹം അവനെ കടിച്ചുകീറി. ഒടുവിൽ അവൻ കുറുക്കനെ വിളിച്ച്‌ അതേ ചോദ്യം തന്നെ ചോദിച്ചു. തനിക്കെന്തോ നീർവീഴ്ച കാരണം മൂക്കടഞ്ഞിരിക്കുകയാണെന്നും അതിനാൽ ഗന്ധങ്ങളൊന്നും വേർതിരിച്ചറിയാൻ പറ്റുന്നി ല്ലെന്നും തന്നെ മാപ്പാക്കണമെന്നും പറഞ്ഞ്‌ കുറുക്കൻ പക്ഷേ വളരെ വിദഗ്്ധമായി ഒഴി ഞ്ഞുമാറുകയാണുണ്ടായത്‌.

പറഞ്ഞാൽ പെട്ടുപോകുമെങ്കിൽ വാമൂടിയിരിക്കുക.

Thursday, July 16, 2009

ഇന്നത്തെ ഈസോപ്പ്

image64

86. പൊന്മുട്ടയിടുന്ന താറാവ്‌

ഒരു ഭാഗ്യവാന്‌ എന്നും പൊന്മുട്ടയിടുന്ന ഒരു താറാവുണ്ടായിരുന്നു. ദുരാഗ്രഹിയായ അയാ ൾക്കു പക്ഷേ, ഒരു പൊന്മുട്ട കിട്ടാൻ ഒരു ദിവസം കാത്തിരിക്കുക വയ്യെന്നായി; നിധി മുഴു വൻ ഒറ്റയടിക്കു കിട്ടിയാൽ പിന്നെ താറാവിന്റെ പിന്നാലെ നടക്കേണ്ടല്ലോ എന്ന വിചാരത്തോടെ അയാൾ അതിന്റെ കഥ കഴിച്ചു. ഒടുവിൽ വയറു കീറിനോക്കുമ്പോൾ മറ്റേതൊരു താറാവിന്റെ വയറ്റിലുള്ളതേ അതിലും കണ്ടുള്ളു.

അത്യാഗ്രഹി ഒന്നും നേടില്ല.
i031_th

87. ഉപ്പു ചുമന്ന കഴുത

ഒരു വ്യാപാരി ചുമടെടുക്കാനായി ഒരു കഴുതയെ വളർത്തിയിരുന്നു. കടലോരത്ത്‌ കുറഞ്ഞ വിലയ്ക്ക്‌ ഉപ്പു കിട്ടുമെന്നു കേട്ട്‌ അയാൾ ഒരു ദിവസം കഴുതയേയും കൊണ്ട്‌ അങ്ങോട്ടു പുറപ്പെട്ടു. കഴുതയുടെ മേൽ അതിനെടുക്കാവുന്നത്ര ഉപ്പു വച്ചുകെട്ടി അയാൾ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പോരുംവഴി ഒരു പുഴ കടക്കുമ്പോൾ കഴുത കാലിടറി വെള്ളത്തിൽ വീണു; ഉപ്പു മുഴുവൻ അലിഞ്ഞുപോയി ഭാരത്തിൽ നിന്നു മുക്തനായ കഴുതയാവട്ടെ, നീന്തി കരപറ്റി സുഖമായി യാത്ര തുടരുകയും ചെയ്തു. കുറെനാൾ കഴിഞ്ഞ്‌ വ്യാപാരി വീണ്ടും കഴുതയുമായി കടലോരത്തു പോയി; പഴയതിന്റെ ഇരട്ടി ഭാരം ഉപ്പു വാങ്ങി കഴുതയുടെ മേൽ വച്ചുകെട്ടി അയാൾ മടങ്ങി. ഇത്തവണയും അതേ പുഴ കടക്കുമ്പോൾ കഴുത വേണമെന്നുവച്ചുതന്നെ വെള്ളത്തിലേക്കു വീണു. ഉപ്പു മുഴുവൻ പോയി, കഴുതയ്ക്കു സുഖമാവുകയും ചെയ്തു. കഴുതയുടെ തന്ത്രം മനസ്സിലാക്കിയ വ്യാപാരി അവനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. അടുത്ത തവണ അയാൾ വാങ്ങിയത്‌ പഞ്ഞിക്കെട്ടുകളാണ്‌. പതിവു പോലെ പുഴയിലെത്തിയപ്പോൾ കഴുത തന്റെ അടവെടുത്തു; അവൻ ഉരുണ്ടുപിരണ്ട്‌ വെള്ളത്തിലേക്കു വീണു. പക്ഷേ വെള്ളംകുടിച്ചുവീർത്തപ്പോൾ പഞ്ഞിക്കെട്ടിന്റെ ഭാരം കൂടുകയാണു ചെയ്തത്‌. അങ്ങനെ അന്നവന്‌ ഇരട്ടി ഭാരവും ചുമന്നു നടക്കേണ്ടിവന്നു.

ഒരേ വിദ്യ എന്നും ഫലിക്കില്ല.

i006_th

88. പൂച്ചയ്ക്കാരു മണി കെട്ടും

പൂച്ചയുടെ ശല്യം സഹിക്കവയ്യാതായ എലികൾ യോഗം കൂടി ഈ നിത്യദുരിതത്തിൽ നിന്നു മോചനം കിട്ടാൻ എന്താണൊരു വഴിയെന്നാലോചിച്ചു. പലരും പല നിർദേശങ്ങളും മുന്നോട്ടു വച്ചെങ്കിലും ഒന്നും അംഗീകരിക്കപ്പെട്ടില്ല. ഒടുവിൽ ഒരു ചെറുപ്പക്കാരനെലി എഴുന്നേറ്റുനിന്ന്‌ ഇങ്ങനെയൊരു നിർദ്ദേശം വച്ചു: പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടുക; അങ്ങനെയെങ്കിൽ പൂച്ച വരുന്നത്‌ കാലേ കൂട്ടിയറിഞ്ഞ്‌ എല്ലാവർക്കും രക്ഷപ്പെടാമല്ലോ. ഹർഷാരവത്തോടെയും കൈയടിയോടെയുമാണ്‌ എലികൾ ആ നിർദ്ദേശം അംഗീകരിച്ചത്‌. ആരവം ഒന്നടങ്ങിയപ്പോൾ അത്രയും നേരം എല്ലാം കണ്ടും കേട്ടുംകൊണ്ട്‌ ഒന്നും മിണ്ടാതിരുന്ന വയോധികനായ ഒരെലി എഴുന്നേറ്റുനിന്ന്‌ ഇങ്ങനെ പറഞ്ഞു: സംഗതിയൊക്കെ കൊള്ളാം; നടപ്പാക്കാൻ പറ്റിയാൽ വിജയിക്കുമെന്ന കാര്യത്തിൽ എനിക്കു സംശയവുമില്ല. പക്ഷേ ഒരു ചോദ്യമേ നിങ്ങളോടെനിക്കു ചോദിക്കാനുള്ളു: നിങ്ങളിൽ ആരാണു പൂച്ചയ്ക്കു മണി കെട്ടാൻ പോകുന്നത്‌?

 

89. മുടി പോയ രാജാവ്‌

രാജാവിനു പ്രായമായപ്പോൾ മുടിയോരോന്നു കൊഴിഞ്ഞുതുടങ്ങി; ഒടുവിൽ മുടിയൊക്കെപ്പോയി കഷണ്ടിയായപ്പോൾ വെപ്പുമുടി വച്ച്‌ കുറവു നികത്താമെന്ന്‌ അദ്ദേഹം തീരുമാനിച്ചു. ഒരു ദിവസം രാജാവ്‌ ചങ്ങാതിമാരോടൊപ്പം നായാട്ടിനു പോയപ്പോൾ പെട്ടെന്നൊരു കാറ്റു വീശി വെപ്പുമുടി പറന്നുപോയി. കഷണ്ടിയായി നിൽക്കുന്ന രാജാവിനെ കണ്ടപ്പോൾ ചങ്ങാതിമാർക്ക്‌ ചിരിയടക്കാൻ പറ്റിയില്ല. രാജാവും പക്ഷേ ഒട്ടും നീരസം കാണിക്കാതെ അവരോടൊപ്പം ചേർന്നു പൊട്ടിച്ചിരിക്കുകയാണുണ്ടായത്‌. 'സ്വന്തം മുടി പിടിച്ചിരിക്കില്ലെങ്കിൽപ്പിന്നെ വെപ്പുമുടി എങ്ങനെ പിടിച്ചിരിക്കാൻ!' അദ്ദേഹം ചോദിച്ചു.

90. കലമാനും വള്ളിപ്പടർപ്പും

നായാട്ടുകാരെ ഭയന്നോടിയ ഒരു കലമാൻ ഒരു വള്ളിപ്പടർപ്പിൽ കയറി ഒളിച്ചു. നായാട്ടുകാർ കടന്നുപോയി ഇനിയൊന്നും പേടിക്കാനില്ലെന്നു തോന്നിയപ്പോൾ കലമാൻ വള്ളിപ്പടർപ്പിന്റെ ഇലകൾ കടിച്ചുതിന്നാൻ തുടങ്ങി. ഇലയനങ്ങുന്നതു കേട്ടു തിരിഞ്ഞുനിന്ന ഒരു നായാട്ടുകാരൻ ശബ്ദം കേട്ട ദിക്കു നോക്കി ഒരമ്പയച്ച്‌ കലമാനെ കൊല്ലുകയും ചെയ്തു. അന്ത്യശ്വാ സമെടുക്കുമ്പോൾ കലമാൻ ഇങ്ങനെ ഖേദിച്ചു: 'അപകടത്തിൽപ്പെട്ടപ്പോൾ എന്നെ രക്ഷപെടുത്തിയ വള്ളിപ്പടർപ്പിനോടു കാണിച്ച നന്ദികേടിന്‌ എനിക്ക്‌ ഈ ശിക്ഷ തന്നെ കിട്ടണം.'
i072_th

91. കാട്ടാടും കാളക്കൂറ്റനും

സിംഹത്തെ ഭയന്നോടിയ കാളക്കൂറ്റൻ ഒരു ഗുഹയിൽക്കയറി ഒളിച്ചു. അതിനുള്ളിൽ ഒരു കാട്ടാട്‌ പാർപ്പുണ്ടായിരുന്നു; മുഠാളനായ ആ ജന്തു കൊമ്പു കൊണ്ടു കുത്തിയും തിക്കിയും തിരക്കിയും കാളയെ ഗുഹയിൽ നിന്നു പുറത്താക്കാൻ ശ്രമിച്ചപ്പോൾ കാള പറഞ്ഞു, 'ഞാനിപ്പോൾ അടങ്ങിയിരിക്കുന്നെങ്കിൽ അതു നിന്നെ പേടിച്ചിട്ടാണെന്നു കരുതരുത്‌. ആ സിംഹം കണ്ണിൽ നിന്നൊന്നു മറഞ്ഞോട്ടെ, കാളയും ആടും തമ്മിലുള്ള വ്യത്യാസം ഞാൻ നിനക്കു കാണിച്ചുതരാം.'

നമുക്കു വിഷമം നേരിടുമ്പോൾ അൽപന്മാരായ മനുഷ്യരുടെ സഹായം തേടാൻ പോകരുത്‌.

Wednesday, July 15, 2009

ഇന്നത്തെ ഈസോപ്പ്

image76

79. ദീനം പിടിച്ച കലമാൻ

പ്രായാധിക്യം കാരണം മുട്ടുമടങ്ങാതെയായ ഒരു കലമാൻ കാടിനടുത്ത്‌ സമൃദ്ധമായി പുല്ലു വളരുന്ന ഒരു സ്ഥലം കണ്ടുപിടിച്ച്‌ അവിടെച്ചെന്നു കിടന്നു; ശേഷിച്ചകാലം അധികം ആയാസപ്പെടാതെ അവന്‌ അവിടെക്കിടന്നു മേയാം. പക്ഷേ സ്നേഹശീലനും എല്ലാവർക്കും വേണ്ടപ്പെട്ടയാളുമായ കലമാനിന്റെ സുഖമന്വേഷിക്കാൻ കാട്ടിലെ മൃഗങ്ങൾ ഒന്നൊന്നായി വരാൻ തുടങ്ങി; വന്നവർ വന്നവർ അവൻ കണ്ടുവച്ച പുല്ലു കൂടി തിന്നിട്ടാണു മടങ്ങിയത്‌. ഒടുവിൽ ഒരു പുൽക്കൊടി പോലും ശേഷിച്ചില്ല. അങ്ങനെ കലമാൻ അസുഖം ഭേദമായിവന്നപ്പോൾ അവനു കഴിക്കാൻ ഒന്നുമില്ലായിരുന്നു. ഒടുവിൽ കലമാൻ മരിച്ചത്‌ അസുഖം വന്നിട്ടോ വാർധക്യം മൂലമോ അല്ല, പട്ടിണി കിടന്നിട്ടായിരുന്നു; അവനു വേണ്ടി അവന്റെ ചങ്ങാതിമാരാണ്‌ ഭക്ഷണം കഴിച്ചത്‌.

80. ഹെർക്കുലീസും വണ്ടിക്കാരനും

ചെളി നിറഞ്ഞ വഴിയിലൂടെ അശ്രദ്ധമായി വണ്ടിയോടിച്ച കൃഷിക്കാരന്റെ വണ്ടി ചെളിയിൽ പുതഞ്ഞുനിന്നു; കുതിരകൾ ആഞ്ഞു വലിച്ചിട്ടും വണ്ടി അനങ്ങിയില്ല. വണ്ടിക്കാരൻ എന്തു ചെയ്തെന്നോ? അയാൾ നിലത്തു കുത്തിയിരുന്ന്‌ ഹെർക്കുലീസിനെ വിളിച്ചു പ്രാർത്ഥിച്ചു, വണ്ടി പൊക്കിയെടുത്ത്‌ തന്നെ ഒന്നു സഹായിക്കാൻ; അതേ സമയം താനായിട്ടെന്തെങ്കിലും ഒരു ശ്രമം അയാൾ നടത്തിയിട്ടുണ്ടോ, അതുമില്ല. അയാളുടെ പ്രാർത്ഥന കേട്ട്‌ പ്രത്യ ക്ഷനായ ഹെർക്കുലീസ്‌ പക്ഷേ, അയാളെ സഹായിക്കുകയല്ല, ശാസിക്കുകയാണു ചെയ്തത്‌; ചക്രത്തിനടിയിൽ തോളു വച്ച്‌ വണ്ടി ഇളക്കിവിടാൻ അദ്ദേഹം അവനോടാജ്ഞാപിച്ചു. സ്വയം സഹായിക്കാത്തവരെ ദൈവവും സഹായിക്കുകയില്ല എന്ന്‌ അദ്ദേഹം അയാളെ ഓർമ്മപ്പെടുത്തി.
താൻ പാതി, ദൈവം പാതി.

image37

81. കാക്കയും പ്രാവും

താൻ എത്ര കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തിരിക്കുന്നുവെന്ന്‌ സ്വയം പുകഴ്ത്തുകയായിരുന്നു കൂട്ടിലടച്ച മാടപ്രാവ്‌. അതു കേട്ട്‌ കാക്ക പറഞ്ഞു, 'വീമ്പടിക്കാതെ, ചങ്ങാതീ! നീ എത്ര പെറ്റുകൂട്ടുന്നുവോ അത്രയും അടിമകളെച്ചൊല്ലി കരയാനാണു നിന്റെ വിധി.'

സ്വാതന്ത്ര്യമില്ലാതെ എന്തു ജീവിതം?

82. സിംഹി

ഒറ്റപ്രസവത്തിൽ ഏറ്റവുമധികം കുട്ടികളുണ്ടാവുന്നതാർക്കാണെന്നതിനെച്ചൊല്ലി മൃഗങ്ങൾ തമ്മിൽ തർക്കമായി. തർക്കം തീർക്കാൻ അവർ സിംഹിയെച്ചെന്നു കണ്ടു. 'അവിടുത്തെ പ്രസവത്തിൽ എത്ര കുട്ടികളുണ്ടായി?' മൃഗങ്ങൾ ചോദിച്ചു. 'ഒന്നു മാത്രം,' സിംഹി ധാർഷ്‌ട്യത്തോടെ പറഞ്ഞു, 'പക്ഷേ ആ ഒന്ന്‌ ഒരു സിംഹമാണ്‌.'

എത്രയെണ്ണത്തിനു കിടനിൽക്കാനും എണ്ണം പറഞ്ഞ ഒന്നു മതി.

83. കൃഷിക്കാരനും മക്കളും

മരണമടുത്ത ഒരു കൃഷിക്കാരൻ മക്കൾ തമ്മിലടിച്ച്‌ കൃഷി നശിക്കരുതെന്നുവച്ച്‌ അവരെ അടുത്തുവിളിച്ച്‌ ഇങ്ങനെ പറഞ്ഞു, 'മക്കളേ, എന്റെ കാലം കഴിയാറായി. നിങ്ങൾക്കുള്ളത്‌ ഞാൻ തോട്ടത്തിൽ വച്ചിട്ടുണ്ട്‌.' ഒന്നുരണ്ടു നാൾക്കകം കൃഷിക്കാരൻ മരിക്കുകയും ചെയ്തു. അച്ഛൻ തോട്ടത്തിലെവിടെയോ നിധി കുഴിച്ചിട്ടുണ്ടെന്നുള്ള ധാരണയിൽ മക്കൾ തൂമ്പയും കോരിയുമെടുത്ത്‌ തോട്ടം മുഴുവൻ കിളച്ചുമറിച്ചു. നിലമാകെ കുത്തിയിളക്കിയിട്ടും നിധിയൊന്നും കിട്ടിയില്ല. പക്ഷേ അവരുടെ ഉഴുതുമറിക്കൽ കൊണ്ട്‌ പുതുജീവൻ കിട്ടിയ മുന്തിരിവള്ളികളാവട്ടെ അന്നേവരെ ഉണ്ടാവാത്ത ഒരു വിളവാണു നൽകിയത്‌. അങ്ങനെ ആ കർഷകയുവാക്കൾക്ക്‌ അവരുടെ പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടുകയും ചെയ്തു.

പരിശ്രമശീലം തന്നെ ഒരു നിധിയാണ്‌.

84. മനുഷ്യനും നായയും

ഒരാൾ യാത്രയ്ക്കൊരുങ്ങുമ്പോൾ തന്റെ നായ വാതിൽക്കൽ നിൽക്കുന്നതു കണ്ടു. 'നീയെന്തായീ കണ്ണുംമിഴിച്ചു നോക്കിനിൽക്കുന്നത്‌?' അയാൾ ചോദിച്ചു. 'ഇറങ്ങാൻ സമയമായി; പെട്ടെന്നൊരുങ്ങ്‌.' നായ വാലാട്ടിക്കൊണ്ടു പറഞ്ഞു, 'ഞാനെപ്പോഴേ തയ്യാറായിക്കഴിഞ്ഞു യജമാനനെ; ഇനി അങ്ങു തയ്യാറാൽ മതി.'

85. ഒരു കെട്ടു ചുള്ളിക്കമ്പുകൾ

തമ്മിലടിയ്ക്കുന്ന മക്കളെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ച്‌ കൃഷിക്കാരൻ തോറ്റു. എന്നാലിനി മറ്റൊരു വഴി നോക്കാമെന്ന്‌ അയാൾ തീരുമാനിച്ചു. ഒരു ദിവസം അയാൾ മക്കളെ അടുത്തു വിളിച്ച്‌ കുറെ ചുള്ളിക്കമ്പുകൾ എടുത്തുകൊണ്ടുവരാൻ പറഞ്ഞു. എന്നിട്‌ അയാൾ അത്‌ ഒരുമിച്ചൊരു കെട്ടാക്കിയിട്ട്‌ ഓരോത്തുരോടും അതൊടിക്കാൻ പറഞ്ഞു. ആർക്കും ചുള്ളിക്ക മ്പിന്റെ കെട്ടൊടിക്കാൻ കഴിഞ്ഞില്ല. അപ്പോൾ കൃഷിക്കാരൻ കെട്ടഴിച്ചിട്ട്‌ ചുള്ളിക്കമ്പുകൾ ഓരോന്നായി എടുത്തുകൊടുത്തു. അതൊടിക്കാൻ അവർക്ക്‌ ഒട്ടും പ്രയാസപ്പെടേണ്ടിവന്നില്ല. 'നിങ്ങളുടെ കാര്യവും ഇതു തന്നെയാണെന്റെ മക്കളെ,' കൃഷിക്കാരൻ അവരോടു പറഞ്ഞു. 'ഒരുമിച്ചുനിൽക്കുന്നിടത്തോളം കാലം ഏതു ശത്രുവിനും കിടനിൽക്കാൻ നിങ്ങളെക്കൊണ്ടു കഴിയും. എന്നാൽ ഒറ്റയ്ക്കൊറ്റയ്ക്കു നിൽക്കുമ്പോൾ ഈ ചുള്ളിക്കമ്പുകൾ പോലെ ആർക്കും നിഷ്പ്രയാസം നിങ്ങളെ കീഴ്പ്പെടുത്താം.'

Tuesday, July 14, 2009

ഇന്നത്തെ ഈസോപ്പ്

image101

72. വീട്ടമ്മയും പിടക്കോഴിയും

ഒരു വീട്ടമ്മയ്ക്ക്‌ മുടങ്ങാതെ മുട്ടയിടുന്നൊരു പിടക്കോഴിയുണ്ടായിരുന്നു. ഗുണമുള്ള മുട്ടയായതുകൊണ്ട്‌ അതിനു നല്ല വിലയും കിട്ടിപ്പോന്നു. അങ്ങനെയിരിക്കെ വീട്ടമ്മയ്ക്ക്‌ ഇങ്ങനെയൊരു ചിന്തയുണ്ടായി, 'ഇപ്പോഴത്തേതിന്റെ ഇരട്ടി തീറ്റ കൊടുത്താൽ ഇവൾ ദിവസം രണ്ടു മുട്ട ഇടില്ലേ?' എന്നല്ല, അവർ തന്റെ പദ്ധതി നടപ്പാക്കുകയും ചെയ്തു. പക്ഷേ ഉണ്ടായതെന്താണ്‌, കോഴി തിന്നു തടിച്ചുകൊഴുത്തു; അവൾ പിന്നെ മുട്ടയിടാനും പോയില്ല.

കണക്കുകൂട്ടലുകൾ എപ്പോഴും ശരിയാവണമെന്നില്ല.
170

73. ആട്ടിൻകുട്ടിയും ചെന്നായയും

നല്ല ഉയരത്തിലുള്ള ഒരു പാറയുടെ മുകളിൽ കയറിനിൽക്കുമ്പോൾ, താഴെക്കൂടി ഒരു ചെന്നായ നടന്നുപോകുന്നത്‌ ആട്ടിൻകുട്ടി കണ്ടു. അവൻ അതിനെ വെല്ലുവിളിക്കാനും അസഭ്യം പറയാനും തുടങ്ങി. ചെന്നായ തിരിഞ്ഞുനിന്ന്‌ ഇതേ പറഞ്ഞുള്ളു: 'ഭീരു! ഇതു കേട്ടതുകൊണ്ട്‌ ഞാനിളകാനൊന്നും പോകുന്നില്ല. നീയല്ല, നീ കയറിനിൽക്കുന്ന സ്ഥാനമാണ്‌ എന്നെ വെല്ലുവിളിക്കുന്നതെന്നേ ഞാൻ കരുതൂ!'
image104

74. കഴുകനും കുറുക്കനും

കഴുകനും കുറുക്കനും അടുത്തടുത്തു താമസക്കാരാണ്‌. ഉയരമുള്ളൊരു മരത്തിനു മുകളിലാണ്‌ കഴുകൻ കൂടുകൂട്ടിയിരിക്കുന്നത്‌; മരത്തിനു ചോടെയുള്ള മാളത്തിൽ കുറുക്കനും താമസിക്കുന്നു. അങ്ങനെയിരിക്കെ, കുറുക്കൻ ദൂരെയെവിടെയോ പോയിരിക്കുകയാണ്‌; കഴുകന്‌ തന്റെ കുഞ്ഞുങ്ങളെ തീറ്റാൻ ഇരയൊന്നും കിട്ടിയില്ല. അവൾ നേരേ വന്ന്‌ കുറുക്കന്റെ ഒരു കുഞ്ഞിനെ റാഞ്ചിയെടുത്തുകൊണ്ടുപോയി; തന്റെ കൂട്‌ അത്ര ഉയരത്തിലായതുകൊണ്ട്‌ കുറുക്കന്‌ തന്നെ ഒന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു അവളുടെ വിചാരം. അവൾ കുറുക്കൻകുഞ്ഞിനെ തന്റെ കുട്ടികൾക്കു വീതിച്ചു കൊടുക്കാൻ തുടങ്ങുമ്പോഴാണ്‌ കുറുക്കൻ മടങ്ങിയെത്തുന്നത്‌. തന്റെ കുട്ടിയെ തിരിച്ചുതരാൻ അവൾ കഴുകനോടു കരഞ്ഞുപറഞ്ഞു. പക്ഷേ കഴുകൻ കുട്ടിയെ തിരിച്ചുകൊടുക്കാൻ തയ്യാറായില്ല. തന്റെ അപേക്ഷകളെല്ലാം വിഫലമായെന്നു കണ്ടപ്പോൾ കുറുക്കൻ അടുത്തുള്ള പാടത്തേക്കോടിപ്പോയി അവിടെക്കണ്ട ഒരു ഹോമകുണ്ഡത്തിൽ നിന്ന്‌ ഒരു തീക്കൊള്ളി എടുത്തു കൊണ്ടുവന്ന്‌ കഴുകൻ പാർക്കുന്ന മരത്തിനു തീവച്ചു. തീയും പുകയും ഉയർന്ന്‌ കൂട്ടിലേക്കെത്തിയപ്പോൾ കഴുകന്‌ തന്റെ ജീവനിൽ പേടിയായി. അവൾ ഉടനേതന്നെ കുറുക്കന്റെ കുഞ്ഞിനെ തിരിയെ കൊടുക്കുകയും ചെയ്തു.

പീഡകൻ എല്ലാക്കാലത്തും താൻ പീഡിപ്പിക്കുന്നവരിൽ നിന്നു സുരക്ഷിതനാവില്ല.

75. കുട്ടിയും തേളും

ഒരു കുട്ടി വെട്ടുക്കിളികളെ പിടിച്ചുകളിക്കുകയായിരുന്നു. കുറേയെണ്ണത്തിനെ പിടിച്ചു കൈയിൽ വച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ മതിലിൽ ഒരു തേളിരിക്കുന്നത്‌ അവൻ കണ്ടത്‌. അതും വെട്ടുക്കിളിയാണെന്ന വിചാരത്തോടെ കുട്ടി അതിനെ പൊത്തിപ്പിടിക്കാൻ തുടങ്ങുമ്പോൾ തേൾ വാലുയർത്തിക്കൊണ്ട്‌ കുട്ടിയോടു പറഞ്ഞു: 'നീയെന്നെയൊന്നു പിടിച്ചുനോക്ക്‌; നിനക്ക്‌ എന്നെയും കിട്ടില്ല, നിന്റെ കൈയിലുള്ളതു പോവുകയും ചെയ്യും.'
i057_th

76. കുറുക്കനും ആടും

കുറുക്കൻ കാലു തെറ്റി കിണറ്റിൽ വീണു; കേറിപ്പോരാൻ ഒരു വഴിയും കണ്ടില്ല. കുറേ കഴി ഞ്ഞപ്പോൾ ഒരു മുട്ടാട്‌ വെള്ളം തേടി ആ വഴിക്കെത്തി. കിണറ്റിൽ കുറുക്കനെ കണ്ടപ്പോൾ വെള്ളമെങ്ങനെയുണ്ട്‌, കുടിക്കാൻ കൊള്ളാമോയെന്ന്‌ ആടു ചോദിച്ചു. താൻ അപകടത്തിൽപ്പെട്ടിരിക്കുകയാണെന്ന വാസ്തവം പുറത്തുകാണിക്കാതെ കുറുക്കൻ ഇങ്ങനെ പറഞ്ഞു; 'ഇറങ്ങിവാ, ചങ്ങാതീ. ഹായ്‌, ഈ പഞ്ചാരവെള്ളം കുടിച്ചിട്ട്‌ എനിക്കു മതിവരുന്നില്ലെന്നേ. അതോ കുടിച്ചിട്ടു തീരുന്നുമില്ല.' ഇതു കേൾക്കേണ്ട താമസം ആട്‌ കിണറ്റിലേക്കൊറ്റച്ചാട്ടം. അവൻ ദാഹം തീർത്തപ്പോഴാണ്‌ കുറുക്കൻ തങ്ങളുടെ യഥാർത്ഥസ്ഥിതി വെളിപ്പെടുത്തുന്നത്‌. അതേസമയം രണ്ടു പേർക്കും രക്ഷപ്പെടാൻ താനൊരു വഴി കണ്ടെത്തിയിട്ടുണ്ടെന്ന്‌ അവൻ ആട്ി‍നെ സമാധാനിപ്പിക്കുകയും ചെയ്തു. 'നീ കിണറ്റിന്റെ മതിലിൽ മുൻകാൽ ചവിട്ടിനിൽക്കണം. ഞാനപ്പോൾ നിന്റെ പുറത്തുകൂടി കയറി വെളിയിൽ വരാം. എന്നിട്ടു ഞാൻ നിന്നെയും വലിച്ചുകയറ്റാം.' ആട്‌ ചാടിക്കയറി അതും സമ്മതിച്ചു. കുറുക്കനാവട്ടെ, ആടിന്റെ മുതുകത്തു ചവിട്ടി കിണറ്റിനു പുറത്തുവന്നു. എന്നിട്ടു പക്ഷേ ആടിനെ വലിച്ചു കേറ്റാനൊന്നും നിൽക്കാതെ അവൻ ഒറ്റയോട്ടം കൊടുത്തു. തന്നെക്കൂടി വലിച്ചുകേറ്റാനും ഇച്ചെയ്തതു ശരിയായില്ലെന്നുമൊക്കെ ആടു പയ്യാരം പറഞ്ഞപ്പോൾ കുറുക്കൻ തിരിഞ്ഞു നിന്നുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: 'നിനക്കു നിന്റെ താടിയുടെ പാതിനീളം ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആലോചനയില്ലാതെ എടുത്തുചാടുമായിരുന്നോ? എനിക്കിനി നിന്റെകൂടെ നിൽക്കാനൊന്നും പറ്റില്ല. അത്യാവശ്യമായിട്ടൊരു സ്ഥലം വരെ പോകാനുണ്ട്‌!'

എടുത്തുചാടുന്നതിനു മുൻപ്‌ ഒരു നിമിഷം ഒന്നു നിന്നാലോചിക്കണം.

 

77. ചക്രക്കരച്ചിൽ

കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ കാളകൾ വണ്ടി വലിച്ചുപോകുമ്പോൾ ചക്രങ്ങളുരഞ്ഞ്‌ ഒച്ചയുണ്ടാക്കി. അതുകേട്ട വണ്ടിക്കാരൻ ഇങ്ങനെ വണ്ടിയെ ഭത്സിച്ചു: 'വിവരംകെട്ടവനേ! പണിയെടുക്കുന്നത്‌ ആ പാവങ്ങൾ; എന്നിട്ടവ കമാന്നു മിണ്ടുന്നില്ല. നിനക്കാണല്ലോ വലിയ കരച്ചിൽ!'

ഏറ്റവും ഉച്ചത്തിൽ കരയുന്നവരായിരിക്കണമെന്നില്ല ഏറ്റവുമധികം പീഡനമേൽക്കുന്നത്‌.

i015_th

78.ഇടയക്കുട്ടിയും ചെന്നായയും

ഒരു ഗ്രാമത്തിനടുത്ത്‌ ആടുമേച്ചിരുന്ന ഒരു പയ്യൻ ഒരു രസത്തിനായി ഇടയ്ക്കിടയ്ക്ക്‌ 'ചെന്നായ വരുന്നേ! ചെന്നായ വരുന്നേ!' എന്നു വിളിച്ചുകൂവുക പതിവായിരുന്നു. രണ്ടു മൂന്നു തവണ നാട്ടുകാർ ചെന്നായയെ ഓടിക്കാൻ കല്ലും തടിയുമായി ഓടിയെത്തി. തങ്ങളെ പറ്റിക്കാൻ ചെയ്ത വിദ്യയാണതെന്ന്‌ പിന്നീടാണവർക്ക്‌ മനസ്സിലാവുക. അങ്ങനെയൊരു ദിവസം ചെന്നായ തന്നെ വന്നു; പയ്യൻ കാര്യമായിത്തന്നെ വിളിച്ചുകൂവുകയും ചെയ്തു. എന്തു ഫലം, നാട്ടുകാർ അതു കേട്ടെങ്കിലും അനങ്ങാൻ പോയില്ല; പയ്യൻ പഴയ പോലെ തങ്ങളെ കളിയാക്കാൻ നോക്കുകയാണെന്നായിരുന്നു അവരുടെ ധാരണ. അങ്ങനെ അവന്റെ ആടുകൾ മുഴുവൻ ചെന്നായക്കു തീറ്റയായി.

നുണയന്മാർ നേരു പറഞ്ഞാലും ആളുകൾക്കു വിശ്വാസമാവില്ല.