Sunday, June 30, 2013

ഫൈസ് അഹമ്മദ് ഫൈസ് - എന്തു വേണമെന്നു നിങ്ങൾ തന്നെ പറയൂ


 


ദുരിതപ്പുഴയുടെ വെള്ളപ്പെരുക്കത്തിൽ
ജീവിതത്തിന്റെ തോണിയിറക്കുമ്പോൾ
ഞങ്ങളുടെ കൈകൾക്കെന്തു കരുത്തായിരുന്നു,
സിരകളിൽ ചോരയ്ക്കെന്തു ചുവപ്പായിരുന്നു!
ഒന്നല്ലെങ്കിൽ രണ്ടു തുഴയെറിഞ്ഞാൽ മതി,
തോണി കടവടുക്കുമെന്നും ഞങ്ങൾ കരുതി.

കാര്യങ്ങളങ്ങനെയായില്ല, പക്ഷേ.
ഓരോ ഒഴുക്കിനടിയിലുമുണ്ടായിരുന്നു,
ഞങ്ങളറിയാത്ത അടിയൊഴുക്കുകൾ.
തുഴക്കാർ പരിചയഹീനരായിരുന്നു,
തുഴകൾ വെള്ളം തൊടാത്തവയും.
ഇനി നിങ്ങളിഴ കീറിപ്പരിശോധിച്ചോളൂ,
പാഴി ചാരാനാരെയും കണ്ടോളൂ.
പുഴയതു തന്നെ, തോണിയുമതു തന്നെ;
എന്തു ചെയ്യണമെന്നു നിങ്ങൾ തന്നെ പറയൂ,
ഞങ്ങളെങ്ങനെ കര കയറുമെന്നു പറയൂ.

താൻ പിറന്ന നാടിന്റെ മുറിവുകൾ
സ്വന്തം ഹൃദയം കാരുന്ന മുറിവുകളാവുമ്പോൾ
ഞങ്ങൾക്കെന്തു വിശ്വാസമായിരുന്നു,
വൈദ്യന്മാക്കറിയാമതിന്റെ നിദാനമെന്ന്,
ഹക്കീമുകൾക്കറിയാം ഒറ്റമൂലികളെന്ന്.
കാര്യങ്ങളങ്ങനെയായില്ല, പക്ഷേ.
രോഗങ്ങളത്ര പഴകിയവയായിരുന്നു,
നിദാനമറിയാത്തവയായിരുന്നു,
മരുന്നും മന്ത്രവും ഫലിക്കാത്തവയായിരുന്നു.

ഇനി നിങ്ങളിഴകീറിപ്പരിശോധിച്ചോളൂ,
പഴി ചാരാനാരെയും കണ്ടോളൂ.
ഉടലതു തന്നെ, മുറിവുകളുമതു തന്നെ;
എന്തു ചെയ്യണമെന്നു നിങ്ങൾ തന്നെ പറയൂ,
ഈ മുറിവുകളുണങ്ങാനെന്തു വേണമെന്നു പറയൂ.

1981


Saturday, June 29, 2013

ഫൈസ് അഹമ്മദ് ഫൈസ് - നിന്നോടുള്ള പ്രണയത്താൽ...

images

നിന്നോടുള്ള പ്രണയത്താലിരുലോകവും നഷ്ടമായവൻ,
ഒരാളതാ പോകുന്നു, ഒരു യാതനാരാത്രിക്കു ശേഷം.
നിർജ്ജനമാണു മധുശാല, ചഷകങ്ങൾ നിരുന്മേഷവും:
നീ പോയതില്പിന്നെ വസന്തവുമെനിക്കു പുറം തിരിഞ്ഞു.
പാപം രുചിക്കാനെനിക്കു കിട്ടിയതു നാലേനാലു നാളുകൾ:
കരുണാമയനായ ദൈവമെനിക്കു നല്കിയതിത്രമാത്രം.
നിന്നെയോർക്കുന്നതിൽ നിന്നു ലോകമെന്നെത്തടഞ്ഞു:
നിന്റെ പ്രണയത്തെക്കാളെനിക്കു പ്രലോഭനീയമായിരുന്നു,
നിത്യജീവിതത്തിന്റെ വേവലാതികളും വ്യവഹാരങ്ങളും.
അറിയാതെയാകാം, ഇന്നവളെന്നെ നോക്കി മന്ദഹസിച്ചു, ഫൈസ്,
ഈ പരാജിതഹൃദയമെത്രമേലുത്തേജിതമെന്നോടു ചോദിക്കരുതേ.


Friday, June 28, 2013

ഫൈസ് അഹമ്മദ് ഫൈസ് - പ്രഭാതമെന്ന പ്രത്യാശ

ahmed-faiz


ഹൃദയം തകർന്നവനാണു ഞാൻ,
ഒരു നെഞ്ചിലെ മുറിവിന്റെ കഥ കേൾക്കൂ,
പ്രഭാതമെന്ന പ്രത്യാശയ്ക്കു കാതു കൊടുക്കൂ.
ശോകത്തിന്റെ ഭാരം ചുമക്കുന്നവനാണു ഞാൻ,
കണ്ണീരിൽ കുതിർന്ന കുപ്പായത്തിന്റെ കഥ കേൾക്കൂ,
പ്രഭാതമെന്ന പ്രത്യാശയ്ക്കു കാതു കൊടുക്കൂ.
നാവു പിഴുതെടുക്കപ്പെട്ടവനാണു ഞാൻ,
എന്റെ മുറിവിന്റെ കഥ കേൾക്കൂ,
പ്രഭാതമെന്ന പ്രത്യാശയ്ക്കു കാതു കൊടുക്കൂ.
കാലടികൾ വിണ്ടവനാണു ഞാൻ,
പഥികന്റെ ഖേദങ്ങളുടെ കഥ കേൾക്കൂ,
പ്രഭാതമെന്ന പ്രത്യാശയ്ക്കു കാതു കൊടുക്കൂ.
കദനത്തിന്റെ പാതിരാമണലലയുന്നവനിൽ നിന്നും
പ്രഭാതസൌന്ദര്യത്തിന്റെ കഥ പറഞ്ഞുകേൾക്കൂ,
പ്രഭാതമെന്ന പ്രത്യാശയ്ക്കു കാതു കൊടുക്കൂ.

 


Thursday, June 27, 2013

ഫൈസ് അഹമ്മദ് ഫൈസ് - ഒരു കാമുകൻ കാമുകിയോടു പറഞ്ഞത്

Dear Amarjit ji,<br />The first portrait is by MF Hussain done for the collected poetry limited edition published by Yasmin and Shahid Hussain in London in the late 70's.<br />Currently I am totally taken up by my hisbands illness, so this a just a very breif message to put the record right!<br />Regards,<br />Salima 15 08 09 Email

ഫൈസിന്റെ ചിത്രം എം എഫ് ഹുസ്സൈൻ വരച്ചത്


ഓർമ്മയുടെ ഉദ്യാനത്തിൽ ഇതളുകൾ തല്ലിക്കൊഴിക്കണമെന്നാണ്‌
ഇന്നത്തെ പുലർകാറ്റിനു മോഹമെങ്കിൽ,
ആയിക്കോട്ടെ;
പൊയ്പ്പോയ കാലത്തെ പഴുതുകളൊന്നിൽ തവിഞ്ഞുകിടന്ന
വേദനയുടെ ചെരാതിന്‌
ഇനിയുമൊന്നു തെളിഞ്ഞുകത്തണമെന്നാണു മോഹമെങ്കിൽ,
ആയിക്കോട്ടെ.
ഒരന്യനെക്കണ്ട മുഖഭാവമാണു നിന്റേതെങ്കിലും
വരൂ, അന്യോന്യം മുഖം നോക്കി ഒരല്പനേരം നമുക്കിരിക്കാം.
ഇങ്ങനെയൊരു കൂടിപ്പിരിയലിനു ശേഷം
നമ്മുടെ നഷ്ടബോധമേറുകയേയുള്ളു എന്നു വന്നാലും,
പറഞ്ഞ വാക്കുകൾക്കിടയിൽ പറയാത്ത വാക്കുകൾ
നേർത്തൊരു മൂടുപടം പോലെ വീണുകിടക്കുമെന്നു വന്നാലും,
പണ്ടത്തെ വാഗ്ദാനങ്ങളെക്കുറിച്ചു നാം ഓർമ്മിപ്പിക്കുകയേയില്ല,
പ്രതിജ്ഞകളെയും പ്രതിജ്ഞാലംഘനങ്ങളെയും കുറിച്ചും നാം മിണ്ടില്ല.
കാലം നിന്റെ മുഖത്തെഴുതിയ വരികൾ  മായ്ച്ചുകളയാൻ
എന്റെ കണ്ണിമകളെന്തോ പറയാനുദ്യമിച്ചെന്നു വരാം;
അതു കേൾക്കുന്നതും കേൾക്കാതിരിക്കുന്നതും നിന്റെ ഇഷ്ടം;
നോട്ടം മാറ്റിയ നിന്റെ കണ്ണുകൾക്കെന്തോ കുമ്പസാരിക്കാനുണ്ടെന്നാവാം:
അതു പറയുന്നതും പറയാതിരിക്കുന്നതും നിന്റെ ഇഷ്ടം.


Wednesday, June 26, 2013

ഫൈസ് അഹമ്മദ് ഫൈസ് - പറയാതെ പോയത്

faiz3_thumb[7]

അത്രയേറെ സമാഗമങ്ങൾക്കു ശേഷവും
എത്രയുമപരിചിതരായിരുന്നു നാം,
ഇനിയെത്ര സമാഗമങ്ങൾ കഴിയണം
നമുക്കന്യോന്യമൊന്നു പരിചയമാവാൻ?
ഇനിയെന്നെങ്കിലും നാം കാണുമോ,
ഇലകൾ മഞ്ഞളിക്കാത്തൊരു വയൽപ്പച്ച?
ഇനിയെത്ര മഴ പെയ്താലാകുമോ,
ചോരക്കറകളാകെക്കഴുകിപ്പോകാൻ?
ആ നിമിഷങ്ങളെത്ര ദയാഹീനമായിരുന്നു,
പ്രണയവേദനയ്ക്കു സാക്ഷികളായവ?
പ്രണയരാത്രികൾക്കു ശേഷം പുലർന്നവയോ,
ചുട്ടുപൊള്ളുന്ന പകലുകളുമായിരുന്നു.
ഇത്രയൊക്കെപ്പറഞ്ഞതില്പിന്നെയും, ഫൈസ്,
പറയേണ്ടതൊന്നു നീ പറയാതെയും പോയി.


Tuesday, June 25, 2013

ഫൈസ് അഹമ്മദ് ഫൈസ് - പലസ്തീനിലെ കുഞ്ഞുങ്ങൾക്കൊരു താരാട്ടുപാട്ട്

441531116_570adeeaaalink to image

 


കരയാതെ കുഞ്ഞേ,
തേങ്ങിത്തേങ്ങി നിന്റെ അമ്മ
ഇപ്പോഴൊന്നു കണ്ണടച്ചതേയുള്ളു.

കരയാതെ കുഞ്ഞേ,
നിന്റെ അച്ഛനു ദുഃഖഭാരമിറക്കിവയ്ക്കാൻ
ഇപ്പോഴേ സമയം കിട്ടിയുള്ളു.

കരയാതെ കുഞ്ഞേ,
ഏതോ സ്വപ്നശലഭത്തിന്റെ പിന്നാലെ
നിന്റെ ഏട്ടൻ ഒരന്യനാട്ടിലേക്കു പോയിരിക്കുന്നു.
കല്യാണപ്പല്ലക്കിലേറി നിന്റെ ചേച്ചിയും
മറ്റൊരു നാട്ടിലേക്കു പോയി.

കരയാതെ കുഞ്ഞേ,
നിന്റെ മുറ്റത്തവർ
സൂര്യനെ കുളിപ്പിച്ചു കിടത്തിയിരിക്കുന്നു;
ചന്ദ്രനെ അവർ കുഴി വെട്ടി മൂടിയിരിക്കുന്നു.

കരയാതെ കുഞ്ഞേ,
നീ കരഞ്ഞാൽ
നിന്റെ അച്ഛനും അമ്മയും ഏട്ടനും ചേച്ചിയും
സൂര്യനും ചന്ദ്രനും കരയും,
അതു കണ്ടു നീ പിന്നെയും കരയും.

നീ ചിരിച്ചാൽ
ഒരു വേള, ഒരുനാൾ
മറ്റൊരു വേഷത്തിൽ അവർ മടങ്ങിവന്നുവെന്നു വരാം,
നിന്റെയൊപ്പം കളിക്കാൻ കൂടിയെന്നു വരാം.

(ബയ്റൂത്ത് 1980)


Monday, June 24, 2013

ഫൈസ് അഹമ്മദ് ഫൈസ് - ഒരഭിലാഷം

faiz

 


ദിവ്യാത്ഭുതങ്ങളിലൊരു വിശ്വാസവുമെനിക്കില്ല,
എന്നാലിങ്ങനെയൊരഭിലാഷം
മനസ്സിൽ കൊണ്ടുനടക്കുന്നുമുണ്ടു ഞാൻ:
മരണമെന്നെക്കൊണ്ടുപൊയ്ക്കഴിഞ്ഞാൽ,
ഒരിക്കൽ, ഒരിക്കൽ മാത്രമതെന്നെയനുവദിക്കണം,
കുഴിമാടത്തിൽ നിന്നെന്റെ ലോകത്തേക്കൊന്നു മടങ്ങാൻ,
നിന്റെ വാതിലിൽ മുട്ടിക്കൊണ്ടുറക്കെപ്പറയാൻ:
നിന്നെയാശ്വസിപ്പിക്കാനൊരാളു വേണമോ,
ഞാനിതാ, വന്നിരിക്കുന്നു.
ഇനിയല്ല, അങ്ങനെയൊരാൾ നിനക്കു വേണ്ടെന്നാണെങ്കിൽ,
മറ്റേ ലോകത്തേക്കു ഞാൻ മടങ്ങിപ്പൊയ്ക്കോളാം.


ഫൈസ് അഹമ്മദ് ഫൈസ് - എന്റെ ഹൃദയത്തിന്റെ നിറങ്ങൾ

303429_166409466856276_1816225694_n

 


നീ വരും മുമ്പു സർവതുമതാതു തന്നെയായിരുന്നു-
ആകാശം കാഴ്ച നഷ്ടമാവുന്നിടമായിരുന്നു,
പാത പാതയും പാനപാത്രം പാനപാത്രവുമായിരുന്നു.
നീ വന്നതും ഹൃദയത്തിന്റെ നിറങ്ങളായി സർവതും-
നീയെന്നെ നോക്കുമ്പോൾ ലോകത്തിനു പൊൻനിറം,
യാതനയുടെ വിരസമായ നിമിഷങ്ങളിലതു ധൂസരം.
നീയായിരുന്നു, പഴുക്കിലകളെ മഞ്ഞ തേച്ചവൾ,
പൂത്തടങ്ങളിൽ പനിനീർമൊട്ടുകളാളിക്കത്തിച്ചവൾ,
ചോരയുടെ, വിഷത്തിന്റെ, രാത്രിയുടെ ചിത്രകാരി.
ആകാശമെനിക്കു കണ്ണീരിൽ കുതിർന്ന കുപ്പായമായി,
ഞാൻ നടക്കുന്ന വഴി തൊട്ടാൽ നീറുന്ന ഞരമ്പായി,
പാനപാത്രം പ്രതിബിംബങ്ങൾ മാറുന്ന ദർപ്പണവും.
വന്നതല്ലേ, ഇനി നീ അല്പനേരമെനിക്കരികിലിരിക്കൂ:
സർവതും മുമ്പെന്നപോലതാതു തന്നെയാവട്ടെ-
ആകാശം പിന്നെയും കാഴ്ച നഷ്ടമാവുന്നിടമാവട്ടെ,
പാത പാതയും, പാനപാത്രം വീണ്ടും പാനപാത്രവുമാവട്ടെ.

.


Sunday, June 23, 2013

സ്റ്റെഫാൻ മല്ലാർമേ - വേദന


ഇന്നു രാത്രിയിൽ ഞാൻ വന്നതു നിന്റെയുടലിനെക്കീഴടക്കാനല്ല,
ഒരു വർഗ്ഗത്തിന്റെയാകെപ്പാപങ്ങൾ സിരകളിലൊഴുകുന്ന മൃഗമേ!
എന്റെ ചുംബനങ്ങൾ ചൊരിയുന്ന മാരകമായ മടുപ്പിനടിയിൽ
നിന്റെ നാറുന്ന മുടിച്ചുരുളുകളിലൊരു കൊടുങ്കാറ്റുയർത്താനുമല്ല.

പശ്ചാത്താപമെന്തെന്നറിയാത്ത വിരിപ്പുകളിൽ പൂണ്ടുകിടക്കുമ്പോൾ
സ്വപ്നരഹിതമായൊരു ഗാഢനിദ്രയേ നിന്റെ ശയ്യയിൽ നിന്നെനിക്കു വേണ്ടു;
ശൂന്യതയെന്നാലെന്താണെന്നേതു മരിച്ചവരെക്കാളുമറിയുന്നവളേ,
നിന്റെ ഇരുണ്ട വ്യാജങ്ങൾ നടത്തിക്കഴിഞ്ഞാൽ നിനക്കുമതാസ്വദിക്കാം.

എനിക്കു സഹജമായ ധാർമ്മികതയാകെക്കരണ്ടു തിന്നതില്പിന്നെ
വന്ധ്യതയുടെ ചാപ്പ കൊണ്ടു പൊള്ളിച്ചുവല്ലോ തിന്മ, നിന്നെപ്പോലെന്നെയും;
എന്നാലൊരു പാതകവും കുറ്റബോധത്താൽ ദംശിക്കാത്ത നിന്റെ ഹൃദയം

നിന്റെ നെഞ്ചിന്റെ കല്ലിച്ച ചട്ടത്തിനുള്ളിൽ സുഭദ്രമായിരിക്കുമ്പോൾ
ശവക്കോടി പേടിച്ചു ഞാനോടുന്നു, മുഖമാകെ വിളറി, പരാജിതനായി,
ഒറ്റയ്ക്കുറങ്ങിക്കിടക്കുമ്പോൾ മരിച്ചുപോകുമോയെന്ന പേടിയോടെ.


Friday, June 21, 2013

ഷെറാർഡ് ദെ നെർവാൽ - സൈഡാലിസേ

boucher.enlev.europe

 


എവിടെ, നമ്മുടെ പ്രണയഭാജനങ്ങൾ?
കുഴിമാടങ്ങളിലാണവർ.
ഇതിലും ഭേദപ്പെട്ടൊരു ലോകത്ത്
സന്തോഷവതികളാണവർ!

നീലാകാശത്തിന്റെ കയങ്ങളിൽ
മാലാഖമാർക്കരികിലാണവർ;
ആലപിക്കുകയാണവർ,
ദേവമാതാവിന്റെ കീർത്തനങ്ങൾ!

നിർമ്മലയായ മണവാട്ടീ!
മുഖം വിടർന്ന കന്യകേ!
പരിത്യക്തയായ കാമുകീ,
ശോകം കൊണ്ടു വിളർത്തവളേ!

നിങ്ങളുടെ കണ്ണുകളിൽ മന്ദഹസിച്ചിരുന്നു,
അഗാധമായ നിത്യത...
ലോകം കുത്തിക്കെടുത്തിയ വെളിച്ചങ്ങൾ
സ്വർഗ്ഗത്തു വീണ്ടും തെളിയട്ടെ!


Thursday, June 13, 2013

ഫൈസ് അഹമ്മദ് ഫൈസ് - നിന്റെ സാഗരനയനങ്ങളിൽ

Hugo_Schnars-Alquist_-_Helgoland_im_Abendlichtlink to image

 


ഈ വെളിച്ചത്തിന്റെ വിളുമ്പിൽ,
സന്ധ്യയുടെ നേരതിരിൽ,
രണ്ടു കാലങ്ങൾ സന്ധിക്കുമവിടെ,
രാവും പകലുമല്ലാത്തവിടെ,
ഇന്നും നാളെയുമല്ലാത്തവിടെ,
ഒരു നിമിഷം നിത്യതയും
മറുനിമിഷം വെറും പുകയുമാവുമവിടെ-
ഈ വെളിച്ചത്തിന്റെ വിളുമ്പിൽ
ഒരു നിമിഷം, രണ്ടു നിമിഷമല്ലെങ്കിൽ,
നിന്റെ ചുണ്ടുകളുടെ മിന്നായം ഞാൻ കണ്ടു,
നിന്റെ കൈകളുടെ വളകിലുക്കം ഞാൻ കേട്ടു.
അതായിരുന്നു നമ്മുടെ സംഗമം:
അതു പൂർണ്ണസത്യമായിരുന്നില്ല,
അതാകെ വ്യാജവുമായിരുന്നില്ല.
എന്തിനു കരയണം, എന്തിനു പഴിക്കണം?
എന്തിനതിനെപ്പറ്റി നുണകൾ നാം പറയണം?
നിന്റെ സാഗരനയനങ്ങളിൽ സൂര്യനസ്തമിക്കുമ്പോൾ
വീടുള്ളവർ സുഖം പറ്റിക്കിടന്നുറങ്ങും,
സഞ്ചാരി വീണ്ടും വഴിയിലേക്കിറങ്ങും.

1963


Ye dhoop kinara, shaam dhale

milte hain dono waqt jahaan

jo raat na din, jo aaj na kal

pal bhar ko amar, pal bhar mein dhuaan

is dhoop kinare, pal do pal

honton ki lapak

baahon ki chhanak

ye mel hamara jhoot na sach

kyon raaz karo, kyon dosh dharo

kis kaaran jhooti baat karo

jab teri samandar aankhon mein

is shaam ka sooraj doobega

sukh so’enge ghar dar wale

aur raahi apni raah lega

Tuesday, June 11, 2013

മോപ്പസാങ്ങ് - ഞാൻ ഭ്രാന്തനാണോ?



ഞാൻ ഭ്രാന്തനാണോ, അതോ അസൂയാലുവോ? ഇതിലേതാണെന്നെനിക്കറിയില്ല, പക്ഷേ കൊടിയ വേദനയാണ്‌ ഞാൻ അനുഭവിക്കുന്നത്. ഞാനൊരു കുറ്റം ചെയ്തു എന്നതു ശരി തന്നെ; പക്ഷേ ഭ്രാന്തമായ അസൂയ, പ്രണയവഞ്ചന, ഞാൻ സഹിക്കുന്ന കൊടുംവേദന- ഇത്രയും പോരേ ജന്മനാ കുറ്റവാളിയല്ലാത്ത ഒരാളെക്കൊണ്ടു കുറ്റം ചെയ്യിക്കാൻ?

ഭ്രാന്തോളമെത്തിയ പ്രേമമായിരുന്നു ആ സ്ത്രീയോടെനിക്ക്- എന്നു പറഞ്ഞാൽ അതു സത്യമാണോ? എനിക്കവളോടു പ്രേമമുണ്ടായിരുന്നോ? ഇല്ല, ഇല്ല! എന്റെ ശരീരവും ആത്മാവും അവൾ കൈക്കലാക്കുകയായിരുന്നു, എന്നെ അവൾ കീഴടക്കുകയായിരുന്നു, എന്നെ ബന്ധിതനാക്കുകയായിരുന്നു; അവളുടെ കളിപ്പാവ ആയിരുന്നു ഞാൻ; തന്റെ പുഞ്ചിരി കൊണ്ട്, തന്റെ നോട്ടം കൊണ്ട്, ആ ഉടലിന്റെ ദിവ്യരൂപം കൊണ്ട് അവൾ എനിക്കു മേൽ കോയ്മ നേടി. ഞാൻ പ്രേമിച്ചത് അതിനെയൊക്കെ ആയിരുന്നു; പക്ഷേ ആ ഉടലിനുള്ളിലുള്ള സ്ത്രീ- അവളെ ഞാൻ വെറുത്തു, അങ്ങേയറ്റം വെറുത്തു. ഞാനെന്നും അവളെ വെറുത്തിട്ടേയുള്ളു; ആത്മാവില്ലാത്ത, മലിനമായ, കാപട്യം നിറഞ്ഞൊരു ജന്തുവാണവൾ. എന്നു പോലും പറയാൻ പറ്റില്ല; ദുഷ്കീർത്തിക്കു പാർപ്പിടമായ വെറുമൊരു മാംസളപിണ്ഡം!

ഞങ്ങളുടെ ബന്ധത്തിന്റെ ആദ്യത്തെ ചില മാസങ്ങൾ എത്ര വിചിത്രമായ വിധത്തിൽ ആസ്വാദ്യകരമായിരുന്നു. അവളുടെ കണ്ണുകൾക്ക് മൂന്നു വ്യത്യസ്തമായ നിറങ്ങളായിരുന്നു. അല്ല, ഞാൻ ഭ്രാന്തു പറയുകയൊന്നുമല്ല. ഞാൻ വേണമെങ്കിൽ സത്യം ചെയ്യാം. ഉച്ചയ്ക്കവ ധൂസരവർണ്ണമായിരുന്നു, സന്ധ്യക്ക് നിഴലു വീണ പച്ച, പുലർച്ചെ നീലയും. ഞങ്ങളുടെ പ്രണയനിമിഷങ്ങളിൽ അവ നീലനിറം പകർന്നു വികസിക്കും. അവളുടെ ചുണ്ടുകൾ വിറ കൊള്ളും; ആ ചുവന്ന നാവിൻ തുമ്പു കണ്ടാൽ ദംശിക്കാനായുന്ന സർപ്പത്തെപ്പോലെയും. ആ കനത്ത കണ്ണിമകളുയരുമ്പോൾ ആസക്തി എരിയുന്ന നോട്ടം കണ്ടു ഞാൻ കിടുങ്ങിവിറച്ചുപോയിട്ടുണ്ട്. ഒടുങ്ങാത്തൊരു തൃഷ്ണ എന്നെ വന്നാവേശിക്കും: അവളെ സ്വന്തമാക്കാൻ മാത്രമല്ല, ആ ജന്തുവിന്റെ ജീവനെടുക്കാനും.

അവൾ മുറിക്കുള്ളിൽ നടക്കുമ്പോൾ ഓരോ ചുവടും എന്റെ ഹൃദയത്തിനുള്ളിൽ പ്രതിധ്വനിക്കും. അവൾ വസ്ത്രങ്ങളുരിഞ്ഞു കളഞ്ഞ്, ആ വെളുത്ത തുണിക്കെട്ടിനുള്ളിൽ നിന്ന് ദീപ്തയെങ്കിലും ദുഷ്ടയായൊരു ദേവതയെപ്പോലെ വന്നവതരിക്കുമ്പോൾ ഒരു ദൌർബല്യം എന്നെ വന്നു ബാധിക്കും; എന്റെ കൈകാലുകൾ കുഴയും, എന്റെ നെഞ്ചുയർന്നു താഴും. ഞാൻ, ഈ ഭീരുവായ ഞാൻ, മോഹാലസ്യപ്പെടും!

ഓരോ പ്രഭാതത്തിലും അവൾ ഉറക്കമുണരുമ്പോൾ ആ പ്രഥമദർശനത്തിനായി ഞാൻ കാത്തുനില്ക്കും. എന്നെ അടിമയാക്കിയ ആ ജന്തുവിനോടുള്ള കോപവും പകയും വെറുപ്പും കൊണ്ട് എന്റെ ഹൃദയം നിറയും; പക്ഷേ ആ തെളിഞ്ഞ നീലക്കണ്ണുകൾ എന്റെ മേൽ തറയ്ക്കുന്ന നിമിഷം, തളർച്ചയുടെ പാടുകൾ മായാത്ത അലസമായ ആ നോട്ടം എന്റെ മേൽ പതിയുന്ന നിമിഷം തവിയാത്തൊരഗ്നി എന്റെ മേലാളിപ്പട്രും, വികാരാവേശത്തിൽ എന്നെയെരിക്കും.

അന്നവൾ കണ്ണു തുറക്കുമ്പോൾ ഞാൻ കണ്ടത് നിറം കെട്ടതും ഉദാസീനവുമായ ഒരു നോട്ടമായിരുന്നു, ആസക്തികളൊഴിഞ്ഞ ഒരു നോട്ടം; അന്നെനിക്കു മനസ്സിലായി, അവൾക്കെന്നെ മടുപ്പായെന്നും. ഞാൻ കണ്ടു, ഞാനറിഞ്ഞു, ഞാനനുഭവിച്ചു, എല്ലം കഴിഞ്ഞുവെന്ന്; ഓരോ മണിക്കൂറും ഓരോ മിനിട്ടും തെളിവുകൾ നിരത്തുകയായിരുന്നു, എന്റെ ഊഹം ശരി തന്നെയെന്നും. കൈയും ചുണ്ടും കൊണ്ടു ഞാനവളെ മാടി വിളിച്ചപ്പോൾ അവൾ ഒഴിഞ്ഞുമാറി. 

“എന്നെ ശല്യപ്പെടുത്താതെ,” അവൾ പറഞ്ഞു. “നിങ്ങളെ അറയ്ക്കുന്നു!”

അതില്പിന്നെ ഞാൻ സംശയാലുവായി, ഭ്രാന്തനായ അസൂയാലുവായി; പക്ഷേ ഞാൻ ഭ്രാന്തനല്ല, ഒട്ടുമേയല്ല! ഞാൻ അവളെ പാത്തും പതുങ്ങിയും നിരീക്ഷിക്കാൻ തുടങ്ങി. അവളെന്നെ വഞ്ചിച്ചുവെന്നു ഞാൻ പറയുന്നില്ല; പക്ഷേ അവളുടെ തണുപ്പൻ മട്ടു കണ്ടാലറിയാം, വൈകാതെ മറ്റൊരാൾ എന്റെ സ്ഥാനമേറ്റെടുക്കുമെന്ന്.

ചിലപ്പോൾ അവളിങ്ങനെ പറയും:
“എനിക്കാണുങ്ങളെ വെറുപ്പാണ്‌!” കഷ്ടം! അതും ശരിയായിരുന്നു.

പിന്നെ എനിക്കവളുടെ ഉദാസീനതയോട്, മലിനമെന്നെനിക്കറിയാവുന്ന അവളുടെ ചിന്തകളോടസൂയയായി; ചില നേരം ആ തളർന്ന നോട്ടത്തോടെ അവൾ ഉറക്കമുണരുമ്പോൾ കോപം കൊണ്ടെനിക്കു ശ്വാസം മുട്ടും, അവളുടെ കഴുത്തു പിടിച്ചു ഞെരിക്കാൻ, അവളുടെ ഹൃദയത്തിനുള്ളിലെ നാണം കെട്ട രഹസ്യങ്ങൾ അവളെക്കൊണ്ടു തുറന്നു പറയിക്കാൻ അടക്കവയ്യാത്ത ഒരാഗ്രഹം എന്നെപ്പിടിച്ചുലയ്ക്കും.

ഞാൻ ഭ്രാന്തനാണോ? അല്ല.

ഒരു രാത്രി ഞാൻ കണ്ടു, അവൾ സന്തോഷവതിയാണെന്ന്. പുതിയൊരാസക്തിയാണവളെ ഭരിക്കുന്നതെന്ന് എനിക്കു തോന്നി, അല്ല എനിക്കു ബോദ്ധ്യമായി. പണ്ടെന്നപോലെ അവളുടെ കണ്ണുകൾ തിളങ്ങുകയായിരുന്നു; അവളുഷ്ണിക്കുകയായിരുന്നു; പ്രണയത്തിന്റെ ചിറകുകളേറിപ്പറക്കുകയായിരുന്നു അവൾ. 

ഞാൻ അജ്ഞത നടിച്ചു നടന്നു; പക്ഷേ യാതൊന്നും എന്റെ കണ്ണിൽ പെടാതെ പോയതുമില്ല. എന്നിട്ടും എനിക്കൊന്നും കണ്ടുപിടിക്കാനായില്ല. ഒരാഴ്ച, ഒരു മാസം, ഒരു കൊല്ലത്തോളം ഞാൻ കാത്തു. പ്രകാശം പ്രസരിക്കുമ്പോലെ സന്തോഷവതിയായിരുന്നു അവൾ, അഭൌമമായൊരു കരലാളനത്താലെന്നപോലെ.

ഒടുവിൽ ഞാനതൂഹിച്ചെടുത്തു. അല്ല, ഞാൻ ഭ്രാന്തനല്ല; എനിക്കു ഭ്രാന്തില്ലെന്ന് ആണയിട്ടു ഞാൻ പറയാം. ഭാവനാതീതവും ഭയാനകവുമായ ഇതൊന്നിനെ എങ്ങനെയാണു ഞാനൊന്നു വിശദീകരിക്കുക? എങ്ങനെയാണു ഞാനിതൊന്നു മനസ്സിലാക്കിത്തരിക? ഞാൻ അതൂഹിച്ചെടുത്തത് ഈ വിധമായിരുന്നു.:

ഒരു രാത്രി അവൾ ദീർഘമായ ഒരു കുതിരസവാരി കഴിഞ്ഞു വന്ന് എനിക്കെതിരെയുള്ള ഒരു സോഫയിൽ കുഴഞ്ഞു വന്നുവീണു. അവളുടെ കവിളുകളിൽ സ്വാഭാവികമല്ലാത്ത ഒരു തുടുത്ത നിറം കണ്ടു; അവളുടെ കണ്ണുകൾക്ക്- എനിക്കത്ര മേൽ പരിചിതമായ ആ കണ്ണുകൾക്ക്- മറ്റൊരു നോട്ടവുമായിരുന്നു. എനിക്കു തെറ്റു പറ്റിയില്ല; ആ നോട്ടം അവളിൽ മുമ്പു ഞാൻ കണ്ടിരിക്കുന്നു; അവൾ പ്രേമിക്കുന്നു! പക്ഷേ ആരെ? എന്തിനെ? എനിക്കു വെളിവു കെട്ടപോലെയായി; അവളെ നോക്കാതിരിക്കാനായി ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി. ഒരു വേലക്കാരൻ അവളുടെ കുതിരയെ ലായത്തിലേക്കു നടത്തികൊണ്ടു പോവുകയാണ്‌; അതു കാഴ്ചയിൽ നിന്നു മറയുന്നതു വരെ അവൾ നോക്കി നില്ക്കുകയാണ്‌. പിന്നെ പെട്ടെന്നവൾ കിടന്നുറക്കവുമായി. രാത്രി മുഴുവൻ ഞാൻ ചിന്തയോടു ചിന്തയായിരുന്നു. അചിന്ത്യമായ വിധത്തിൽ ആഴമേറിയ നിഗൂഢതകളിലൂടെ എന്റെ മനസ്സലഞ്ഞു. ആർക്കാവും, വികാരവതിയായ ഒരു സ്ത്രീയുടെ വിചിത്രചാപല്യങ്ങളുടെയും വിലക്ഷണസ്വാഭാവങ്ങളുടെയും ആഴമളക്കാൻ?

എന്നും രാവിലെ അവൾ ആ കുതിരപ്പുറത്ത് കുന്നുകളിലും താഴ്വരയിലും പാഞ്ഞുനടക്കും. ക്ഷീണിച്ചു തളർന്നാണവൾ മടങ്ങുക. ഒടുവിൽ എനിക്കതു മനസ്സിലായി. എന്റെ അസൂയ ആ കുതിരയോടായിരുന്നു- അവളുടെ മുഖം തഴുകുന്ന കാറ്റിനോടായിരുന്നു, കുനിഞ്ഞുതാഴുന്ന ഇലകളോടായിരുന്നു, മഞ്ഞുതുള്ളികളോടായിരുന്നു, അവളെ വഹിക്കുന്ന ജീനിയോടായിരുന്നു! പ്രതികാരം ചെയ്യാൻ ഞാനുറച്ചു. ഞാൻ അതീവ ശ്രദ്ധാലുവായി. അവൾ സവാരി കഴിഞ്ഞു വരുമ്പോൾ ഇറങ്ങാൻ സഹായത്തിനായി ഞാൻ ചെല്ലും; ഈ സമയത്ത് ആ കുതിര എന്നെ ഇടിച്ചിടാനെന്നപോലെ എന്റെ നേർക്കായും. അവൾ അവന്റെ കഴുത്തിൽ തലോടുകയും ചുണ്ടൊന്നു തുടയ്ക്കുക പോലും ചെയ്യാതെ അവന്റെ വിറയ്ക്കുന്ന മൂക്കിൽ ചുംബിക്കുകയും ചെയ്യും. ഞാൻ അവസരം നോക്കി നടന്നു.

ഒരു ദിവസം രാവിലെ സൂര്യനുദിക്കും മുമ്പേ ഞാൻ എഴുന്നേറ്റ് അവൾക്കു വളരെ ഇഷ്ടമായിരുന്ന കാട്ടുവഴിയിൽ ചെന്നു നിന്നു. ഞാൻ ഒരു കയറെടുത്തിരുന്നു; ദ്വന്ദ്വയുദ്ധത്തിനു പോകുന്ന പോലെ പിസ്റ്റളുകൾ ഞാൻ മാറത്തൊളിപ്പിച്ചിരുന്നു. രണ്ടു മരങ്ങളിലായി വഴിക്കു കുറുകെ കയറെടുത്തു കെട്ടിയിട്ട് പുല്ലിനിടയിൽ ഞാൻ ഒളിച്ചിരുന്നു. ഒടുവിൽ അവളുടെ കുതിരയുടെ കുളമ്പടി കേട്ടുതുടങ്ങി; പിന്നെ അവൾ പാഞ്ഞുവരുന്നതു ഞാൻ കണ്ടു, ചുവന്നുതുടുത്ത കവിളുകളോടെ, കണ്ണുകളിൽ ഭ്രാന്തമായൊരു നോട്ടത്തോടെ. വശീകൃതയാണവളെന്നു തോന്നി, മറ്റൊരു ഗോളത്തിലെത്തിപ്പെട്ടപോലെയും.

കയറിനടുത്തെത്തിയപ്പോൾ മുൻകാലു തടഞ്ഞ് ആ മൃഗം താഴെ വീണു. അവൾ നിലത്തു വീഴും മുമ്പ് കൈ കൊണ്ടു താങ്ങി ഞാൻ അവളെ നേരെ നിർത്തി. എന്നിട്ടു ഞാൻ കുതിരയുടെ സമീപത്തേക്കു ചെന്ന് പിസ്റ്റൾ അവന്റെ കാതിനോടു ചേർത്തുവച്ച് നിറയൊഴിച്ചു- ഒരു മനുഷ്യനെ ചെയ്യുന്ന പോലെ.

അവൾ എനിക്കു നേരെ തിരിഞ്ഞ് ചാട്ടയെടുത്ത് എന്റെ മുഖത്ത് രണ്ടു തവണ ആഞ്ഞടിച്ചു; നിലത്തു വീണ എനിക്കു നേരെ അവൾ വീണ്ടും പാഞ്ഞടുത്തപ്പോൾ ഞാൻ അവൾക്കു നേരെ നിറയൊഴിച്ചു!

ഇനി പറയൂ, ഞാൻ ഭ്രാന്തനാണോ?

Sunday, June 9, 2013

ഫൈസ് അഹമ്മദ് ഫൈസ് - മരണമെത്തുന്ന നാൾ


മരണമെത്തുന്ന നാൾ, അതെത്തുന്നതെങ്ങനെ?
നിശാരംഭവേളയിൽ ചോദിക്കാതൊരുപഹാരമായി
ചുണ്ടുകളിൽ പതിഞ്ഞ പ്രഥമചുംബനം പോലെ?
മാന്ത്രികലോകങ്ങളിലേക്കു വാതിൽ തുറക്കുന്ന ചുംബനം,
അജ്ഞാതപുഷ്പങ്ങളുടെ വിദൂരപരിമളത്താൽ
നിലാവിന്റെ ഹൃദയത്തെ ത്രസിപ്പിക്കുന്ന ചുംബനം.

ഇനി,യല്ലെങ്കിലിങ്ങനെയോ: നിശാന്തവേളയിൽ
പാതി വിടർന്ന പൂമൊട്ടുകളുടെ പുതുമയൂറുന്ന പ്രഭാതം
കാമുകിയുടെ കിടപ്പറയിലലതല്ലിയെത്തുമ്പോലെ?
പിരിയാൻ വെമ്പുന്ന നക്ഷത്രങ്ങളുടെ തളകിലുക്കം
നിശബ്ദജാലകങ്ങളിൽ മാറ്റൊലിക്കുന്നപോലെ?

മരണമെത്തുന്ന നാൾ, അതെത്തുന്നതെങ്ങനെ?
ഒരു കത്തിമുനയിൽ വേദനയുടെ വരവറിയുമ്പോൾ
ആർത്തനാദം മുഴക്കുന്ന സിരകൾ പോലെ?
ലോകത്തിനു മേൽ കവച്ചുനില്ക്കുന്ന ഘാതകൻ
തന്റെ കഠാരയുടെ നിഴൽ വീഴ്ത്തുന്നപോലെ?

മരണമെത്തുന്ന നാൾ, അതെങ്ങനെയുമെത്തട്ടെ,
കൊലയാളിയായോ, കാമുകിയായോ വന്നുവെന്നാകട്ടെ,
ഇതൊന്നുതന്നെയാവും ഹൃദയത്തിന്റെ യാത്രാമൊഴി:
“ഈ യാതനാരാത്രിയൊടുങ്ങിയതിനു നന്ദി, ദൈവമേ,
ഞാൻ പരിചയിച്ച മധുരാധരത്തിനു സ്തുതിയും.”

1972