Showing posts with label ഹെര്‍ബെര്‍ട്ട്. Show all posts
Showing posts with label ഹെര്‍ബെര്‍ട്ട്. Show all posts

Thursday, August 30, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - ഉപരോധിക്കപ്പെട്ട നഗരത്തിൽ നിന്നുള്ള വർത്തമാനങ്ങൾ


അന്യരെപ്പോലായുധമെടുക്കാൻ യുദ്ധം ചെയ്യാനാവാത്തത്ര പ്രായമായവൻ-

ദാക്ഷിണ്യപൂർവ്വമെനിക്കനുവദിച്ചുകിട്ടിയത് ഒരു നാൾവഴിയെഴുത്തുകാരൻ എന്ന സഹനടന്റെ ഭാഗം
ഒരുപരോധത്തിന്റെ ചരിത്രം ഞാനെഴുതിവയ്ക്കുന്നു- ആർക്കു വായിക്കാനെന്നറിയാതെ

കൃത്യത എനിക്കു വേണം പക്ഷേ എനിക്കറിയില്ല ഉപരോധമാരംഭിച്ചതെപ്പോഴെന്ന്
രണ്ടു നൂറ്റാണ്ടു മുമ്പ് ഡിസംബറിൽ സെപ്തംബറിൽ അതോ ഇന്നലെ പ്രഭാതത്തിലോ
കാലബോധം നഷ്ടപ്പെട്ടവരായിരിക്കുന്നു ഇവിടെ ഞങ്ങളെല്ലാം

ഞങ്ങൾക്കു ശേഷിച്ചതൊരിടം മാത്രം ആയിടത്തോടുള്ള മമത മാത്രം
ഞങ്ങൾക്കു പരിപാലിക്കാൻ ദേവാലയങ്ങളുടെ ശേഷിപ്പുകൾ മാത്രം ഉദ്യാനങ്ങളുടെ വീടുകളുടെ പ്രേതങ്ങൾ മാത്രം
ആ ശേഷിപ്പുകൾ കൂടി നഷ്ടപ്പെട്ടാൽ ഞങ്ങൾക്കു പിന്നെയൊന്നും ശേഷിക്കുന്നില്ല

അന്തമറ്റ ആഴ്ചകളുടെ താളത്തിൽ എനിക്കാവുന്നപോലെ ഞാനെഴുതിവയ്ക്കട്ടെ
തിങ്കളാഴ്ച: കടകൾ ശൂന്യമായിരിക്കുന്നു എലികളാണിന്നു നാണയത്തിനു പകരം
ചൊവ്വാഴ്ച: അജ്ഞാതരായ ആയുധധാരികൾ മേയറെ പതിയിരുന്നു കൊന്നു
ബുധനാഴ്ച: സന്ധിസംഭാഷണങ്ങൾ ഞങ്ങളുടെ ദൂതന്മാരെ ശത്രു തടഞ്ഞുവച്ചിരിക്കുന്നു

അവരെവിടെയാണെന്നു ഞങ്ങൾക്കറിയുന്നില്ല എന്നു പറഞ്ഞാൽ എവിടെ വച്ചാണവരെ കൊന്നതെന്ന്
വ്യാഴാഴ്ച: നിരുപാധികമായി കീഴടങ്ങുകയാണു വേണ്ടതെന്ന കച്ചവടക്കാരുടെ പ്രമേയം
പ്രക്ഷുബ്ധമായ ഒരു യോഗത്തിനു ശേഷം ഭൂരിപക്ഷതീരുമാനപ്രകാരം വോട്ടിനിട്ടു തള്ളുന്നു
വെള്ളിയാഴ്ച: പ്ളേഗ് പടർന്നുപിടിക്കുന്നു ശനിയാഴ്ച: എൻ.എൻ എന്ന ഉറച്ച പടയാളി ആത്മഹത്യ ചെയ്യുന്നു
ഞായറാഴ്ച: വെള്ളമില്ല ഉടമ്പടിയുടെ കവാടം എന്നു പേരുള്ള കിഴക്കാൻ കവാടത്തിൽ
ഒരാക്രമണത്തെ ഞങ്ങൾ ചെറുത്തു നിന്നു

വിരസമാണിതൊക്കെയെന്നെനിക്കറിയാത്തതല്ല ഇതാരുടെയും കണ്ണു നനയിയ്ക്കാൻ പോകുന്നുമില്ല

അഭിപ്രായങ്ങൾ ഞാനൊഴിവാക്കുന്നു വികാരപ്രകടനങ്ങളും വസ്തുതകളിൽ മാത്രം ഞാനൊതുങ്ങിനിൽക്കുന്നു
വസ്തുതകൾക്കേ വിദേശക്കമ്പോളങ്ങളിൽ വില കിട്ടൂ എന്നെനിക്കു തോന്നുന്നു
എന്നാലും ഒരഭിമാനത്തോടെ ലോകത്തെ അറിയിക്കണമെന്നെനിക്കുണ്ട്
ഈ യുദ്ധകാലത്ത് ഞങ്ങൾ പെറ്റുവളർത്തിയ പുതിയ ജനുസ്സു കുട്ടികളുടെ കാര്യം
ഞങ്ങളുടെ കുട്ടികൾക്കു യക്ഷിക്കഥകളിഷ്ടമല്ല കൊല്ലുന്നതിലാണവർക്കു രസം
ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും അവർ സ്വപ്നം കാണുന്നത് അപ്പവും എല്ലുസൂപ്പും
നായ്ക്കളെയും പൂച്ചകളെയും പോലെ തന്നെ

സായാഹ്നങ്ങളിൽ നഗരത്തിന്റെ അതിരുകളിലൂടെ ഞാനലഞ്ഞുനടക്കാറുണ്ട്
ഞങ്ങളുടെ അനിശ്ചിതസ്വാതന്ത്ര്യത്തിന്റെ അതിർത്തികളിൽ നിന്നു വിട്ടുമാറി
മുകളിൽ നിന്നു നോക്കുമ്പോളെനിക്കു കാണാം ഉറുമ്പിൻ നിരകൾ പോലെ ശത്രുക്കൾ അവരുടെ വെളിച്ചങ്ങൾ
പെരുമ്പറയൊച്ചകളെനിക്കു കേൾക്കാം ആ കിരാതന്മാരുടെ ചീറ്റലുകൾ
സത്യമായും എനിക്കു മനസ്സിലാവുന്നില്ല എന്തിനാണു നഗരം ഇനിയും ചെറുത്തുനിൽക്കുന്നതെന്ന്

ഉപരോധം നീണ്ടുനീണ്ടുപോവുകയാണ്‌ ശത്രുക്കൾക്കൂഴമെടുക്കേണ്ടി വരികയാണ്‌
ഞങ്ങളെ നശിപ്പിക്കുക എന്നൊരാഗ്രഹമല്ലാതെ മറ്റൊന്നും അവരെ ഒരുമിപ്പിക്കുന്നില്ല
ഗോത്തുകൾ താർത്താറുകൾ സ്വീഡുകൾ സീസറുടെ സേനകൾ
ആർക്കവരെ എണ്ണിത്തിട്ടപ്പെടുത്താൻ
ചക്രവാളരേഖയിലെ വനങ്ങൾ പോലെ അവരുടെ പതാകകൾ നിറം മാറുന്നു
വസന്തത്തിലെ കിളിമഞ്ഞയിൽ നിന്ന് പച്ചയിലൂടെ ചുവപ്പു കടന്ന് മഞ്ഞുകാലത്തെ കറുപ്പിലേക്ക്

പിന്നെ സന്ധ്യകളിൽ വസ്തുതകളിൽ നിന്നു വിമുക്തനാവുമ്പോൾ
എനിക്കോർത്തിരിക്കാം വിദൂരവും പ്രാക്തനവുമായ കാര്യങ്ങളെക്കുറിച്ച്
ഉദാഹരണത്തിന്‌ കടലിനക്കരെയുള്ള ഞങ്ങളുടെ സഖ്യരാജ്യങ്ങളെക്കുറിച്ച്
അവർക്കു ഞങ്ങളോടാത്മാർത്ഥമായ സഹതാപമുണ്ട് അവർ ഗോതമ്പുചാക്കുകളയക്കുന്നുണ്ട്
പന്നിക്കൊഴുപ്പും ആശ്വാസവചനങ്ങളും സദുപദേശങ്ങളുമയക്കുന്നുണ്ട്
തങ്ങളുടെ പൂർവികർ തന്നെയാണു ഞങ്ങളെ ചതിച്ചതെന്നുപോലുമവരറിയുന്നില്ല
രണ്ടാം വെളിപാടുകാലം തൊട്ടേ ഞങ്ങളുടെ സഖ്യകക്ഷികളാണവർ
അവരുടെ സന്തതികൾ നിരപരാധികൾ അവർ നന്ദിയർഹിക്കുന്നവർ അതിനാൽ നന്ദിയുള്ളവർ ഞങ്ങൾ

നിത്യതയുടെ ദൈർഘ്യമുള്ള ഒരുപരോധം അവർക്കനുഭവിക്കേണ്ടി വന്നിട്ടില്ല
ദൌർഭാഗ്യത്തിനിരകളാവുന്നവർ എന്നും ഏകാകികൾ തന്നെ
ദലൈലാമയുടെ അനുകൂലികൾ കുർദ്ദുകൾ അഫ്ഗാനിസ്ഥാനിലെ മലമ്പ്രദേശക്കാർ

ഞാൻ ഈ വാക്കുകൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കെ
അനുരഞ്ജനവാദികൾ തീവ്രപക്ഷക്കാരെക്കാൾ മേൽക്കൈ നേടിയിരിക്കുന്നു
അതു സാധാരണമട്ടിലുള്ളൊരു മനോഭാവചാഞ്ചല്യമാവാം ഭാവി ഇനിയും വ്യക്തമായിട്ടില്ല

ശവപ്പറമ്പുകൾ വിസ്തൃതമാവുന്നു ചെറുത്തുനിൽക്കുന്നവർ എണ്ണത്തിൽ കുറയുന്നു
പക്ഷേ പ്രതിരോധം തുടരുന്നു അതു തുടരും അന്ത്യം വരെയും

നഗരം വീഴുകയും ഒരാൾ മാത്രം ശേഷിക്കുകയും ചെയ്തുവെന്നിരിക്കട്ടെ
പ്രവാസത്തിന്റെ പാതകളിലൂടെ നടക്കുമ്പോൾ നഗരം അയാൾക്കുള്ളിലുണ്ടാവും
അയാൾ തന്നെ നഗരമാവും

വിശപ്പിന്റെ മുഖത്തേക്കു നോക്കി ഞങ്ങളിരിക്കുന്നു അഗ്നിയുടെ മുഖത്തേക്ക് മരണത്തിന്റെ മുഖത്തേക്ക്
അതിലും കെട്ട- വിശ്വാസവഞ്ചനയുടെ മുഖത്തേക്ക്

ഇനിയും അവമാനിതമാവാതെ ഞങ്ങളുടെ സ്വപ്നങ്ങൾ മാത്രമേയുള്ളു


link to image


Wednesday, August 29, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - പൂക്കൾ

Flora,_señora_de_las_flores Wall painting found in the rubbles of the archaeological site of Stabiae, near Naples, Italy.

പൂക്കൾ കൈ നിറയെ പൂക്കൾ തോട്ടത്തിൽ നിന്നു പറിച്ച പാടെ
നിറം കൊണ്ടു തുടുത്ത പൂക്കൾ വയലറ്റ് കടും നീല കടും ചെമല
തേനീച്ചകളിൽ നിന്നു തട്ടിപ്പറിച്ചെടുത്തവ മണം വിതറുകയാണവ
ഹേമന്തത്തിന്റെ മൌനം മെഴുകു പോലൊഴുകുന്നൊരു മുറിയിൽ

അമിതോപഹാരങ്ങളിവയാർക്കു വേണ്ടി ആർക്കു വേണ്ടിയാണീ
പൂവിതളുകൾ വിതറുന്ന ഹിമവാതം ആലസ്യത്തിലമർന്ന ദേഹം
വെണ്മ തുന്നിക്കൂട്ടിയ മാനം വീടിന്റെ വെങ്കലമൌനം
മൂടൽമഞ്ഞിഴയുന്ന പാടങ്ങൾ പായ വിരിച്ച നൌകകൾ.


link to image


Tuesday, August 28, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - ഒരു ജീവിതം


ഞാൻ ഒതുങ്ങിയ കുട്ടിയായിരുന്നു ഒരുറക്കംതൂങ്ങി -അത്ഭുതമെന്നു പറയട്ടെ-
എന്റെ സമപ്രായക്കാരെപ്പോലെയല്ല- ആ സാഹസപ്രിയരെപ്പോലെയല്ല-
എനിക്കു പ്രതീക്ഷകളും കുറവായിരുന്നു-ജനാലയിലൂടെ ഞാൻ പുറത്തേക്കു നോക്കിയിരുന്നില്ല
സ്കൂളിൽ കഴിവുള്ളവനല്ല സ്ഥിരോത്സാഹിയായിരുന്നു ഞാൻ മെരുങ്ങിയവൻ അമർന്നവൻ

അതും കഴിഞ്ഞ് ഒരു ക്ളാർക്കിന്റെ നിരപ്പിൽ ഏറ്റക്കുറച്ചിലുകളില്ലാത്ത ഒരു ജീവിതം
അതികാലത്തെഴുന്നേൽക്കൽ തെരുവ് ട്രാം ഓഫീസ് വീണ്ടും ട്രാം വീട് ഉറക്കം

സത്യമായും എനിക്കറിയില്ല ഈ ക്ഷീണം എവിടുന്നു വന്നുവെന്ന് ഈ അസ്വസ്ഥത
വിശ്രമമവകാശപ്പെട്ട ഈ നേരത്തുപോലും നിലയ്ക്കാത്ത ഈ പീഡനം

ഉയർച്ച എനിക്കുണ്ടായിട്ടില്ലെന്നെനിക്കറിയാം-നേട്ടങ്ങളെനിക്കില്ല
ഞാൻ സ്റ്റാമ്പുകളും പച്ചമരുന്നുകളും ശേഖരിച്ചിരുന്നു ചെസ്സിൽ ശരാശരിയായിരുന്നു

ഒരിക്കൽ ഞാൻ വിദേശത്തു പോയി-കരിങ്കടൽ തീരത്ത് ഒരവധിക്കാലം
ഫോട്ടോയിൽ ഒരു വൈക്കോൽത്തൊപ്പി വെയിലത്തിരുണ്ട മുഖത്ത് ഒരു സന്തോഷമൊക്കെ കാണാനുണ്ട്

കൈയിൽ കിട്ടിയതായിരുന്നു എന്റെ വായന: ശാസ്ത്രീയസോഷ്യലിസം
ബഹിരാകാശയാത്രകൾ ചിന്തിക്കാൻ കഴിയുന്ന യന്ത്രങ്ങൾ
പിന്നെ എന്റെ പ്രിയവിഷയം: തേനീച്ചകളുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ

അന്യരെപ്പോലെ എനിക്കുമറിയണമെന്നുണ്ടായിരുന്നു മരണശേഷം എന്റെ ഗതിയെന്താവുമെന്ന്
ജീവിതം അർത്ഥമുള്ളതാണെങ്കിൽ പുതിയൊരു താമസസ്ഥലം എനിക്കു കിട്ടുമോയെന്ന്

അതിലുമുപരി തിന്മയിൽ നിന്നു നന്മയെ വേർതിരിച്ചറിയുന്നതെങ്ങനെയെന്ന്
ഇതു വെളുപ്പ് അതു കറുപ്പ് എന്ന് കൃത്യമായി അറിയുന്നതെങ്ങനെയെന്ന്

ആരോ ഒരാൾ ഒരു ക്ളാസ്സിക്കുകൃതി ശുപാർശ ചെയ്തു -അയാൾ പറഞ്ഞ പ്രകാരം
അയാളുടെ ജീവിതത്തെ കോടിക്കണക്കായ അന്യരുടെ ജീവിതങ്ങളെ മാറ്റിത്തീർത്തത്
ഞാനതു വായിച്ചു- ഞാൻ മാറിയില്ല- പറയാൻ നാണമുണ്ട്
ആ ക്ളാസ്സിക്കിന്റെ പേരു പോലും ഇന്നെന്റെ ഓർമ്മയിലില്ല

ഞാൻ ജീവിച്ചില്ലെന്നാവാം നിലനിന്നതേയുള്ളൂവെന്നാവാം- എന്റെ ഇച്ഛയ്ക്കു വിരുദ്ധമായി
എന്റെ നിയന്ത്രണത്തിലല്ലാത്ത എനിക്കു പിടികിട്ടാത്തതൊന്നിൽ എറിഞ്ഞിട്ടതാവാമെന്നെ
ചുമരിൽ വീണ ഒരു നിഴൽ

അതു ജീവിതമായിരുന്നില്ല
പൂർണ്ണജീവിതമായിരുന്നില്ല

എങ്ങനെ ഞാനെന്റെ ഭാര്യയ്ക്കോ മറ്റാർക്കെങ്കിലുമോ വിശദീകരിച്ചു കൊടുക്കാൻ
എന്റെ കരുത്തെല്ലാം സംഭരിച്ചിരുന്നു ഞാനെന്ന്
വിഡ്ഢിത്തങ്ങൾ ചെയ്യാതിരിക്കാൻ പ്രലോഭനങ്ങൾക്കു വഴങ്ങാതിരിക്കാൻ
ബലവാന്മാരുമായി ചങ്ങാത്തം കൂടാതിരിക്കാൻ

ഇതാണു സത്യം- ഞാനെന്നും നിറം കെട്ടവനായിരുന്നു. ശരാശരി. സ്കൂളിൽ
പട്ടാളത്തിൽ ഓഫീസിൽ വീട്ടിൽ വിരുന്നുകളിൽ

ആശുപത്രിക്കിടക്കയിലാണിന്നു ഞാൻ വാർദ്ധക്യമാണെന്റെ രോഗം.
വീണ്ടും അതേ അസ്വാസ്ഥ്യം അതേ പീഡനം.
രണ്ടാമതൊന്നു ജനിക്കാനായാൽ ഭേദപ്പെട്ടുവെന്നും വരാം ഞാൻ.

രാത്രിയിൽ വിയർപ്പിൽ കുളിച്ചു ഞാനുണരുന്നു. മച്ചിലേക്കു ഞാൻ തുറിച്ചുനോക്കുന്നു. നിശബ്ദത.
എന്നിട്ടു വീണ്ടും- ഒരിക്കൽക്കൂടി- എല്ലു കഴയ്ക്കുന്ന കൈ കൊണ്ട്
ദുർഭൂതങ്ങളെ ഞാൻ ആട്ടിയോടിക്കുന്നു നല്ലവരെ വിളിച്ചുവരുത്തുന്നു.


link to image


സ്ബിഗ്നിയെഫ് ഹെർബർട്ട് - ശ്രീമാൻ കോജിറ്റോ “സുഹൃത്തുക്കൾ പിരിഞ്ഞുപോകുന്നു” എന്ന സ്ഥിരവിഷയത്തെക്കുറിച്ച്

Zbigniew Herbert

(വ്ളാദിസ്ലാവ് വാൽചൈക്കിയേവിച്ചിന്റെ ഓർമ്മയ്ക്ക്)
1
ചെറുപ്പത്തിൽ
ശ്രീമാൻ കോജിറ്റോ സ്വയമഹങ്കരിച്ചിരുന്നു
കേട്ടുകേൾവിയില്ലാത്തത്ര
സുഹൃത്തുക്കൾക്കുടമയാണു താനെന്ന്

ചിലർ മലകൾക്കപ്പുറത്തുള്ളവർ
നന്മയിലും സിദ്ധികളിലും ധനികർ
വേറേ ചിലർ
വ്ളാദിസ്ലാവിനെപ്പോലെ സമർപ്പിതർ
പള്ളിയെലികളെപ്പോലെ സാധുക്കൾ

അവരൊക്കെപ്പക്ഷേ
സുഹൃത്തുക്കൾ
എന്നു നാം വിളിക്കുന്നവരായിരുന്നു

ഒരേതരം അഭിരുചികൾ
ആദർശങ്ങൾ
ഇരട്ട പെറ്റ സ്വഭാവങ്ങൾ

അക്കാലത്ത്
ആ തുലഞ്ഞ സന്തുഷ്ടയൌവനത്തിന്റെ
ആദിമകാലത്ത്
ശ്രീമാൻ കോജിറ്റോവിനു
ന്യായമായും സങ്കല്പിക്കാമായിരുന്നു
തന്റെ മരണമറിയിക്കുന്ന
കറുത്ത വരയിട്ട കത്ത്
അവരുടെ മനസ്സുകളെ
വല്ലാതെ സ്പർശിക്കുമെന്ന്

സർവ്വദിക്കുകളിൽ നിന്നും
അവരെത്തിച്ചേരും
പഴയൊരു പത്രത്താളിൽ നിന്നിറങ്ങിവരുമ്പോലെ
കാലത്തിനു നിരക്കാത്തവരായി
ശോകത്തിന്റെ പശയിട്ട
വേഷത്തിൽ

അവർ
അയാൾക്കു കൂട്ടു ചെല്ലും
ഉരുളൻകല്ലു വിതറിയ വഴിയിലൂടെ
സൈപ്രസ്സുകൾക്കും
പൈൻമരങ്ങൾക്കും
വെട്ടി നിർത്തിയ
ചെടികൾക്കുമിടയിലൂടെ

ഒരു പിടി നനഞ്ഞ മണ്ണ്‌
ഒരു പൂച്ചെണ്ട്
അവർ
മൺകൂനയിലേക്കെറിയും

2
വർഷങ്ങളുടെ
തടുക്കരുതാത്ത ഗതിവേഗത്തിൽ
അയാളുടെ സുഹൃത്തുക്കളുടെ എണ്ണം
ചുരുങ്ങിവന്നു

അവർ പോയി
ഇരുവരായി
സംഘമായി
ഓരോരുത്തരായി

ചിലർ നേർത്തുവിളറി
ഭൌതികമാനങ്ങൾ നഷ്ടപ്പെട്ടവരായി
പെട്ടെന്ന്
അല്ലെങ്കിൽ സാവധാനം
ആകാശത്തേക്കവർ
കുടിയേറി

ചിലർ
തിരഞ്ഞെടുത്തത്
വേഗയാത്രയുടെ ഭൂപടങ്ങൾ
സുരക്ഷിതമായ തുറമുഖങ്ങൾ
അതില്പിന്നെ
ശ്രീമാൻ കോജിറ്റോവിന്‌
തന്റെ കാഴ്ചപ്പുറത്തു നിന്ന്
അവരെ നഷ്ടമായി

ശ്രീമാൻ കോജിറ്റോ
അതിനാരെയും കുറ്റപ്പെടുത്തില്ല

അയാൾക്കറിയാമായിന്നു
അതങ്ങനെയേ വരൂയെന്ന്
അതാണു പ്രകൃതിസ്വഭാവമെന്ന്

(തന്റെ കാര്യം പറഞ്ഞുകൊണ്ട്
അയാൾക്കു കൂട്ടിച്ചേർക്കാമായിരുന്നു
ചില സൌഹൃദങ്ങളുടെ ഗതി നിർണ്ണയിക്കുന്നത്
വികാരലോപവും
പച്ചയായ ചരിത്രവും
നിശിതമായ തിരഞ്ഞെടുപ്പുകളുമാണെന്ന്)

ശ്രീമാൻ കോജിറ്റോവിനു
മുറുമുറുപ്പില്ല
പരാതിയില്ല
ആരെയുമയാൾ കുറ്റപ്പെടുത്തുകയുമില്ല

ഇപ്പോൾ
അല്പം ഏകാന്തത തോന്നുന്നുവെന്നേയുള്ളു

ഒപ്പം കുറേക്കൂടി തെളിച്ചവും

3
പല സുഹൃത്തുക്കളുടെയും വേർപാട്
ശ്രീമാൻ കോജിറ്റോ കൈയേറ്റിരിക്കുന്നു
മനശ്ശാന്തതയോടെ

നാശത്തിന്റെ
പ്രകൃതിനിയമമാണതെന്നപോലെ

ചിലരിനിയും ശേഷിക്കുന്നു
അഗ്നിയിലും ജലത്തിലും പരീക്ഷ കഴിച്ചവർ

ഇന്ദ്രിയങ്ങളുടെ ദുർഗ്ഗഭിത്തികൾ
വിള്ളലു വീഴാതെ നിൽക്കെ
ശേഷിച്ചവരുമായി
സ്ഥായിയായ
ഊഷ്മളത മാറാത്ത ബന്ധം
അയാൾ നിലനിർത്തുകയും ചെയ്യുന്നു

അയാൾക്കൊരു താങ്ങായി അവർ നില്ക്കുന്നു
അയാൾക്കു മേലൊരു കണ്ണുമായി
ആത്മാർത്ഥതയോടെ
നിശിതമെങ്കിലും അനുകമ്പയോടെ

അവർ പോയിക്കഴിഞ്ഞാൽ
ശ്രീമാൻ കോജിറ്റോ
മലർന്നടിച്ചുവീഴും
ഏകാന്തതയുടെ
ഗർത്തത്തിലേക്ക്

അയാൾക്കു പിന്നിലൊരു താങ്ങു പോലെയാണവർ
ജീവനുള്ള ആ താങ്ങിൽ ചാരി നില്ക്കുകയാണയാൾ
ഒരു ചുവടിന്റെ പാതി
പാതി മാത്രം മുന്നിലേക്കു വച്ചുകൊണ്ട്

മതത്തിൽ ഒരു പദമുണ്ടല്ലോ
വിശുദ്ധന്മാരുടെ കൂട്ടായ്മ

ശ്രീമാൻ കോജിറ്റോ
വിശുദ്ധനേയല്ലാത്തതിനാൽ
അയാൾ
തന്റെ ചുവടനക്കുന്നേയില്ല

സംഘഗായകരെപ്പോലെയാണവർ

ആ സംഘഗാനത്തിന്റെ പശ്ചാത്തലത്തിൽ
ശ്രീമാൻ കോജിറ്റോ
ആലപിക്കുന്നു
വിട പറഞ്ഞുകൊണ്ടുള്ള
തന്റെ ഏകാന്തഗാനം


 

 

 

 

 

 

 

Monday, August 27, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - പ്രതിജ്ഞ

Bilinska-Bochdanowicz-Wloszka

നിങ്ങളെ ഞാനൊരുനാളും മറക്കില്ല -
മിന്നായം പോലെ ഞാൻ കണ്ട സ്ത്രീകളേ പെൺകുട്ടികളേ
കോണിപ്പടികളിൽ ആൾക്കൂട്ടത്തിൽ അങ്ങാടിയിൽ
അടിപ്പാതകളുടെ നൂലാമാലയിൽ
കാറുകളുടെ ചില്ലുജാലകങ്ങളിൽ കണ്ണിൽത്തടഞ്ഞവരേ

-വേനൽക്കാലത്തെ മിന്നൽപ്പിണർ പോലെ
നല്ല കാലാവസ്ഥയുടെ ശുഭശകുനങ്ങളായി
-തടാകത്തിലെ പ്രതിഫലനമലങ്കരിച്ച പ്രകൃതിദൃശ്യമായി
-കണ്ണാടിയിൽ ഒരു മായക്കാഴ്ചയായി
ആയിരിക്കുന്നതിന്റെയും
ആയിത്തീരുമെന്നു പ്രത്യാശിക്കുന്നതിന്റെയും പരിണയത്തിൽ
-നൃത്തവിരുന്നിൽ
സംഗീതം നേർത്തുനേർത്തില്ലാതാവുമ്പോൾ
ജനാലപ്പടികളിൽ കൊളുത്താത്ത മെഴുകുതിരികൾ
പ്രഭാതം നിരത്തിവയ്ക്കുമ്പോൾ

നിങ്ങളെ ഞാനൊരുനാളും മറക്കില്ല -
ശുദ്ധാനന്ദത്തിന്റെ ഉറവുകളേ
എനിക്കുമൊരു ജീവിതമുണ്ടെന്നായി
നിങ്ങളുടെ പേടമാൻകണ്ണുകളാൽ
എന്റേതല്ലാത്ത ചുണ്ടുകളാൽ
വെള്ളിമീനുകളെ താലോലിക്കുന്ന
വെയിലേറ്റിരുണ്ട വിരലുകളാൽ

എനിക്കേറ്റവും ഓർമ്മ നിന്നെ ആന്റിയേക്കാരിപ്പെൺകുട്ടീ
ഒരു പത്രമേജന്റിന്റെ വീട്ടിൽ
ഒരിക്കൽ മാത്രം ഞാൻ കണ്ടവളേ
നാവിറങ്ങി, ശ്വാസം മുട്ടി ഞാൻ നിന്നു
നിന്നെ പേടിപ്പിച്ചോടിക്കരുതെന്നതിനായി
ഒരു നിമിഷം ഞാനോർത്തു
നിന്നോടൊപ്പം ചേർന്നാൽ
ഈ ലോകം നമ്മൾ മാറ്റിമറിക്കുമെന്നും

നിങ്ങളെ ഞാനൊരുനാളും മറക്കില്ല-
കണ്ണിമകളുടെ വിഭ്രാന്തചലനം
മനോഹരമായി ചായുന്ന ശീർഷം
കിളിക്കൂടു പോലൊരു കൈത്തലം

ഓർമ്മയിൽ മുഖങ്ങളിലൂടെ ഞാൻ കടന്നുപോകുന്നു
മാറ്റമില്ലാത്തവ നിഗൂഢമായവ പേരില്ലാത്തവ

കറുത്ത മുടിയിൽ
ഒരു റോസാപ്പൂവും


link to image

Wednesday, August 22, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - ശ്രീമാൻ കോജിറ്റോവിന്റെ രണ്ടു കാലുകൾ

File:Koehler bild1.jpg

ഇടത്തുകാൽ സാധാരണമട്ടിലുള്ളതു തന്നെ
ശുഭാപ്തിവിശ്വാസമുള്ളതെന്നു കൂടി പറഞ്ഞോളൂ
അല്പം നീളക്കുറവുണ്ടെന്നു തോന്നാം
ഒരു പയ്യൻസ്വഭാവവുമുണ്ട്
ഉരുണ്ടുകൂടിയ പേശികളും
ഭംഗിയുള്ള കാൽവണ്ണയുമായി

വലത്തേത്
-കർത്താവേ കൃപ വേണമേ-
എല്ലും തൊലിയുമായി
രണ്ടു വടുക്കളുമായി
ഒന്നു മടമ്പിൽ
മറ്റേതു ദീർഘവൃത്തത്തിൽ
ഇളംചുവപ്പു നിറത്തിൽ
ഒരൊളിച്ചോട്ടത്തിന്റെ മാനം കെട്ട ഓർമ്മയായി

ഇടതുകാലിന്‌
കുതി കൊള്ളുന്ന ശീലമുണ്ട്
നൃത്തച്ചുവടു വയ്ക്കുമ്പോലെയും
ഏതപകടത്തിലും തല കൊണ്ടു വച്ചുകൊടുക്കുന്ന പോലെ
ജീവിതാസക്തി കൂടിയതും

വലംകാൽ
തറവാടിയായ ദാർഢ്യക്കാരൻ
അപകടങ്ങളെ അപഹസിക്കുന്നവൻ

അങ്ങനെ
രണ്ടു കാലുകളുമായി
ഇടത്തേതു സാഞ്ചോ പാൻസയോടുപമിക്കാവുന്നതും
വലത്തേത്
ആ ഊരുതെണ്ടി പ്രഭുവിനെ ഓർമ്മിപ്പിക്കുന്നതും
ശ്രീമാൻ കോജിറ്റോ
ലോകത്തിലൂടെ കടന്നുപോവുന്നു
അല്പമൊന്നു വേയ്ച്ചും


link to image


സ്ബിഗ്നിയെഫ് ഹെർബർട്ട് - നഗ്നനഗരം

483px--That_Evening_Sun_Goes_Down-,_1960_-_NARA_-_558855

താഴ്വരയിൽ ആ നഗരം ഒരിരുമ്പുതകിടു പോലെ പരന്ന്
തകർത്ത പള്ളിമേട നഖം നീട്ടിയ ചൂണ്ടുകൈ പോലെ
നടപ്പാതകൾക്കു കുടലിന്റെ നിറം
തൊലിയുരിച്ച വീടുകൾ
വെയിലിന്റെ മഞ്ഞത്തിരയ്ക്കു ചുവട്ടിൽ
നിലാവിന്റെ കുമ്മായത്തിരയ്ക്കു ചുവട്ടിൽ
ഒരു നഗരം

ഹാ നഗരം ഇതെന്തു നഗരം
പറയൂ ആ നഗരത്തിന്റെ പേരു പറയൂ
ഏതു നക്ഷത്രത്തിനു ചുവട്ടിൽ
ഏതു പാതയിലെന്നു പറയൂ

അവിടത്തെ മനുഷ്യർ:
അവർ പണിയെടുക്കുന്നതു കശാപ്പുശാലയിൽ
മുരത്ത കോൺക്രീറ്റുകട്ടകൾ പടുത്ത കൂറ്റൻകെട്ടിടത്തിൽ
അവർക്കു ചുറ്റും ചോരയുടെ മണം
മൃഗങ്ങളുടെ പ്രായശ്ചിത്തപ്രാർത്ഥനകൾ
അവിടെ കവികളുണ്ടോ (മൌനികളായ കവികൾ)
പട്ടാളക്കാരുണ്ട് ബാരക്കുകളിൽ ആരവമുണ്ട്
ഞായറാഴ്ചകളിൽ പാലത്തിനപ്പുറത്തെ മുൾക്കാടുകളിൽ
തണുത്ത മണലിൽ തുരുമ്പിച്ച പുല്ലിൽ
പട്ടാളക്കാരെ സ്വീകരിക്കുന്ന പെൺകുട്ടികളുണ്ട്
സ്വപ്നങ്ങൾക്കു സമർപ്പിച്ച ഇടങ്ങളുമുണ്ട്
അസാന്നിദ്ധ്യങ്ങളുടെ നിഴലുകൾ
വെള്ളച്ചുമരിൽ വീശുന്ന കൊട്ടകയുണ്ട്
കട്ടിച്ചില്ലുഗ്ളാസ്സിൽ ചാരായം പകരുന്ന മുറികളുണ്ട്
നായ്ക്കളുണ്ട് വിശന്നുമോങ്ങുന്ന നായ്ക്കളുണ്ട്
നഗരത്തിന്റെ അതിരെത്തി എന്നറിയിക്കാൻ
ആ മോങ്ങലുകളുണ്ട് ആമേൻ

നീ എന്നിട്ടും ചോദിക്കുകയാണ്‌
ആ നഗരത്തിന്റെ പേരെന്ത്
ഉഗ്രകോപമർഹിക്കുന്ന നഗരം അതെവിടെ
ഏതു കാറ്റിന്റെ തന്ത്രികളിൽ
ഏതു വായൂസ്തംഭത്തിനടിയിൽ
അവിടെ ജീവിക്കുന്നതാര്‌
നമ്മുടെ തന്നെ തൊലിനിറമായ മനുഷ്യർ
നമ്മുടെ തന്നെ മുഖമുള്ള മനുഷ്യർ
അല്ലെങ്കിൽ


link to image


Tuesday, August 21, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - വൃദ്ധനായ പ്രൊമിത്യൂസ്

File:Prometheus (Simm, 1881).JPG

അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകൾ എഴുതുകയാണ്‌. അനിവാര്യതയുടേതായ ഒരു സംവിധാനത്തിൽ ഒരു വീരനായകന്റെ സ്ഥാനം എന്തായിരിക്കുമെന്നു വിശദീകരിക്കാനുള്ള ഒരു ശ്രമമാണ്‌ അദ്ദേഹം നടത്തുന്നത്; അതായത്, പരസ്പരവിരുദ്ധങ്ങളായ അസ്തിത്വം, വിധി എന്നീ സങ്കല്പങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്താമെന്ന്.

അടുപ്പിൽ നല്ല ചൊടിയോടെ തീ കത്തുന്നുണ്ട്; ഭാര്യ അടുക്കളയിൽ തിരക്കിലാണ്‌- അദ്ദേഹത്തിന്‌ ഒരു പുത്രനെ സമ്മാനിക്കാൻ കഴിഞ്ഞില്ലെങ്കിലും താനെന്തായാലും ചരിത്രത്തിൽ ഇടം പിടിയ്ക്കാൻ പോവുകയാണെന്നു സമാശ്വസിക്കുന്ന ഒരു പ്രസരിപ്പുകാരി. അത്താഴവിരുന്നിനുള്ള ഒരുക്കങ്ങളൊക്കെ ആയിവരുന്നു; ഇടവക വികാരിയ്ക്കും, അടുത്ത കാലത്ത് പ്രൊമിത്യൂസിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായ ഫാർമസിസ്റ്റിനും ക്ഷണം പോയിട്ടുണ്ട്.

അടുപ്പിൽ തീ ചൊടിയോടെ കത്തുന്നു. ചുമരിൽ ഒരു കഴുകനെ സ്റ്റഫു ചെയ്തു വച്ചിരിക്കുന്നു; കാക്കസസ്സുകാരൻ ഒരു സ്വേച്ഛാധിപതിയുടെ നന്ദിപ്രകടനവും ചുമരിലുണ്ട്: കലാപം തലപൊക്കിയ ഒരു നഗരത്തെ ചുട്ടുകരിക്കാൻ അയാളെ സഹായിച്ചത് പ്രൊമിത്യൂസിന്റെ കണ്ടുപിടുത്തമാണല്ലോ.

പ്രൊമിത്യൂസ് അമർത്തിച്ചിരിക്കുകയാണ്‌, തന്നെത്താൻ. പ്രപഞ്ചവുമായുള്ള തന്റെ കലഹം പ്രകടിപ്പിക്കാൻ ആൾക്കു വേറേ വഴിയില്ല.


കാഫ്ക - പ്രൊമിത്യൂസ്


File:Hukuman Prometheus.JPG

പ്രൊമിത്യൂസിനെ സംബന്ധിക്കുന്നതായി നാലൈതിഹ്യങ്ങളാണുള്ളത്:

ഒന്നാമത്തേതു പ്രകാരം, ദേവകളുടെ രഹസ്യങ്ങൾ മനുഷ്യർക്കു ചോർത്തിക്കൊടുത്തതിന്റെ പേരിൽ അദ്ദേഹത്തെ കാക്കസസ്സിലെ ഒരു പാറക്കെട്ടിൽ കൊളുത്തിയിടുകയും, അദ്ദേഹത്തിന്റെ കരൾ കൊത്തിത്തിന്നുവാനായി (അതു നിരന്തരം വളർന്നുകൊണ്ടിരിക്കുകയുമാണ്‌) ദേവകൾ  കഴുകന്മാരെ അയക്കുകയുമാണ്‌.

രണ്ടാമത്തേതു പ്രകാരം,  കൊത്തിപ്പറിക്കുന്ന കൊക്കുകളിൽ നിന്നു രക്ഷപ്പെടാനായി പ്രൊമിത്യൂസ് പാറക്കെട്ടിലേക്ക് അധികമധികം ഞെരുങ്ങിക്കൂടുകയും, ഒടുവിൽ അതുമായിച്ചേർന്ന് ഒന്നാവുകയും ചെയ്തു.

മൂന്നാമത്തേതു പ്രകാരം, ആയിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞതോടെ അദ്ദേഹം ചെയ്ത വഞ്ചന മറവിയിൽപ്പെട്ടു; അതു ദേവകൾ മറന്നു, കഴുകന്മാർ മറന്നു, അദ്ദേഹം തന്നെയും അതു മറന്നു.

നാലാമത്തേതു പ്രകാരം, അർത്ഥശൂന്യമായ ഈ ഇടപാട് സർവർക്കും മടുക്കുകയാണ്‌; ദേവകൾക്കു മടുത്തു, കഴുകന്മാർക്കു മടുത്തു, മുറിവും മടുപ്പോടെ നികന്നു.

വ്യാഖ്യാനാതീതമായി പാറക്കെട്ടു മാത്രം ശേഷിച്ചു. വിശദീകരിക്കാനാവാത്തതിനെ വിശദീകരിക്കാനാണ്‌ ഐതിഹ്യം ശ്രമിച്ചത്. പക്ഷേ അതുത്ഭവിക്കുന്നത് യാഥാർത്ഥ്യത്തിന്റെ അടിത്തറയിൽ നിന്നാകയാൽ ഒടുവിലത് വ്യാഖ്യാനാതീതമാവുകയും വേണ്ടിയിരുന്നു.



Monday, August 20, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - ഭ്രാന്തി



ശംഖ്


അച്ഛനും അമ്മയും കിടക്കുന്ന മുറിയിലെ കണ്ണാടിക്കു മുന്നിൽ കടുംചുവപ്പു നിറത്തിൽ ഒരു ശംഖു കിടപ്പുണ്ടായിരുന്നു. ഒരു ദിവസം ഞാൻ പതുങ്ങിക്കടന്നുചെന്ന് ഒറ്റപ്പിടുത്തത്തിനതിനെയെടുത്തു കാതിൽ വച്ചു. അതിന്റെ നിരന്തരരോദനത്തിന്‌ ഒരു വിടവുണ്ടോയെന്ന് എനിക്കു കണ്ടുപിടിക്കണമായിരുന്നു. ചെറുതായിട്ടും എനിക്കറിയാമായിരുന്നു, നിങ്ങൾ ഒരാളെ എത്രമേൽ സ്നേഹിച്ചോട്ടെ, അങ്ങനെയൊരു കാര്യമേ നിങ്ങൾ മറന്നുപോകുന്ന നിമിഷങ്ങളുമുണ്ടാവാമെന്ന്.



ഭ്രാന്തി

അവളുടെ കത്തുന്ന കണ്ണുകൾ ഒരാശ്ളേഷത്തിലെന്നപോലെ എന്നെ അണച്ചുപിടിക്കുന്നു. അവൾ ഉച്ചരിക്കുന്നത് സ്വപ്നങ്ങൾ കൂടിക്കലർന്ന വാക്കുകൾ. അവളെന്നെ മാടിവിളിയ്ക്കുന്നു. വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങളുടെ സ്വന്തം വാഹനത്തെ ഒരു നക്ഷത്രത്തോടു കൂട്ടിക്കെട്ടിയിരിക്കുകയാണു നിങ്ങളെങ്കിൽ സന്തോഷം നിങ്ങൾക്കുണ്ടാവും. നക്ഷത്രങ്ങൾക്കു മുല കൊടുക്കുമ്പോൾ എത്ര ശാന്തയാണവൾ; പക്ഷേ അതില്പിന്നെ അവൾ കടൽക്കരയിലൂടോടിനടക്കുന്നു, വായുവിൽ കൈകളെടുത്തെറിയുന്നു.
അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു ഞാൻ കാണുന്നു, എന്റെ ചുമലുകളിൽ ചവിട്ടിനിൽക്കുന്ന രണ്ടു മാലാഖമാരെ: വിരുദ്ധോക്തിയുടെ മാലാഖ ഒന്ന്, വിളർത്തവൻ, ദ്രോഹിക്കുന്നവൻ; സ്കിസോഫ്രേനിയായുടെ മാലാഖ മറ്റേത് , കരുത്തൻ, സ്നേഹിക്കുന്നവൻ.



ഭിത്തി

ചുമരിൽ ചാരി നാം നിൽക്കുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ കുപ്പായം പോലെ നമ്മുടെ യൌവനം നമ്മിൽ നിന്നെടുത്തു മാറ്റിയിരിക്കുന്നു. നാം കാത്തുനിൽക്കുന്നു. തടിച്ച വെടിയുണ്ട നമ്മുടെ കഴുത്തിൽ വന്നു തറയ്ക്കുന്നതിനു മുമ്പ് പത്തോ ഇരുപതോ കൊല്ലം കഴിയുന്നു. ഉയർന്നതും ഉറപ്പുള്ളതുമാണു ചുമര്‌. ചുമരിനു പിന്നിൽ ഒരു മരവും ഒരു നക്ഷത്രവും. മരം വേരുകൾ കൊണ്ട് ചുമരിനെ ഉയർത്തുകയാണ്‌. നക്ഷത്രം എലിയെപ്പോലെ കല്ലു കരളുകയാണ്‌. നൂറു കൊല്ലം, അല്ലെങ്കിൽ ഇരുന്നൂറു കൊല്ലം കഴിഞ്ഞാൽ ചെറിയൊരു ജാലകം ഉണ്ടായെന്നു വരാം.



കിന്നരം

പുഴയ്ക്കാഴമില്ല. പുഴയ്ക്കു മേൽ വെളിച്ചം, പൊൻനിറത്തിൽ, പരന്നും. വെള്ളീന്തൽക്കാട്ടിൽ കാറ്റിന്റെ വിരലുകൾ കടന്നുപിടിക്കുന്നു, ബാക്കിയായൊരു സ്തംഭത്തെ.
കറുത്തൊരു പെൺകുട്ടി ഒരു കിന്നരമെടുത്തുപിടിയ്ക്കുന്നു. അവളുടെ വിടർന്ന ഈജിപ്ഷ്യൻ കണ്ണുകൾ കമ്പികളിലൂടെ നീന്തുന്നു, വിഷാദവതിയായൊരു മീനിനെപ്പോലെ. അതിനും വളരെപ്പിന്നിലായി, കുഞ്ഞുവിരലുകൾ.


കാട്


നഗ്നപാദയായി  ഒരു പാതയോടുന്നു, കാട്ടിലൂടെ. കാട്ടിൽ ഒരുപാടു മരങ്ങളുണ്ട്, ഒരു കുയിലുണ്ട്, ഹാൻസലും ഗ്രെറ്റലുമുണ്ട്, ചെറുതരം മൃഗങ്ങൾ വേറെയുമുണ്ട്. കുള്ളന്മാരൊന്നുമില്ല, അവർ പണ്ടേ സ്ഥലം വിട്ടുകഴിഞ്ഞു. ഇരുട്ടാവുമ്പോൾ കൂമൻ വന്ന് വലിയൊരു താക്കോലെടുത്ത് കാടു പൂട്ടിയിടുന്നു; വല്ല പൂച്ചയും അകത്തു കടന്നു നാശമുണ്ടാക്കരുതല്ലോ.

Friday, August 17, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - അമ്മ

herbert

അമ്മ


ഒരു നൂൽക്കഴി പോലെ അയാൾ അവരുടെ മടിയിൽ നിന്നുരുണ്ടുവീണു. വല്ലാത്ത തിടുക്കത്തോടെ അയാൾ അഴിഞ്ഞുപോയി, ദൂരത്തേക്കു വച്ചടിച്ചു. ജീവിതത്തിന്റെ തുടക്കം അവരുടെ പിടിയിൽത്തന്നെയായിരുന്നു. ഒരു മോതിരം പോലെ അവരതിനെ വിരലിൽ ചുറ്റിയെടുത്തു. അതിനെ കാത്തുവയ്ക്കണമെന്നും അവരാഗ്രഹിച്ചു. ചെങ്കുത്തുകൾ അയാൾ ഉരുണ്ടിറങ്ങി, മലനിരകൾ കഷ്ടപ്പെട്ടു പിടിച്ചുകയറി. മടങ്ങിയെത്തുമ്പോൾ അയാൾ ആകെ കുരുങ്ങിക്കൂടിയിരുന്നു. ഒരക്ഷരം അയാൾ മിണ്ടിയില്ല. അവരുടെ മടിത്തട്ട് അയാൾക്കിനി സ്വർണ്ണസിംഹാസനമാവുകയുമില്ല.

അവരുടെ നീട്ടിപ്പിടിച്ച കൈകൾ പഴയൊരു നഗരം പോലെ ഇരുട്ടത്തു തിളങ്ങുന്നു.



വസ്തുക്കളെ പുറത്തെടുക്കാൻ

വസ്തുക്കളെ അവയുടെ അഭിജാതമൌനത്തിൽ നിന്നു പുറത്തെടുക്കാൻ കൌശലം കാണിക്കേണ്ടിവരും, അല്ലെങ്കിൽ പാതകം ചെയ്യേണ്ടിവരും.

വാതിലിന്റെ മരവിച്ച പ്രതലമലിയിക്കാൻ ഒരൊറ്റുകാരൻ മുട്ടിയാൽ മതി; തറയിൽ ചിതറിവീണ ചില്ലുകൾ മുറിവേറ്റ പക്ഷിയെപ്പോലെയാണു ചീറുക; തീ കൊടുത്ത വീടാവട്ടെ, അഗ്നിയുടെ വാചാലഭാഷയിലാണു പുലമ്പുക: വെളിച്ചം കാണിക്കാതമർത്തിവച്ച ഒരിതിഹാസത്തിന്റെ ഭാഷയിൽ, കിടക്കയും മേശയും വെളിയടകളും ഇത്രയും കാലം പുറത്തറിയിക്കാതെ വച്ചതൊക്കെയും. 


Sunday, February 20, 2011

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - ഫോർട്ടിൻബ്രാസിന്റെ വിലാപം




ഇനി നാമൊറ്റയ്ക്കായ സ്ഥിതിയ്ക്ക് രാജകുമാരാ ആണുങ്ങളെപ്പോലെ നമുക്കു നേരിട്ടു സംസാരിക്കാം
നടക്കല്ലുകളിൽ വീണുകിടക്കുകയാണു നീയെങ്കിലും ചത്തൊരുറുമ്പിനെയല്ലാതെ
രശ്മികളുടഞ്ഞൊരു സൂര്യനെയല്ലാതെ മറ്റൊന്നും നീ കാണുന്നില്ലെങ്കിലും
ഒരു പുഞ്ചിരിയോടല്ലാതെ നിന്റെ കൈകളെക്കുറിച്ചോർത്തിട്ടില്ല ഞാൻ
നിലം പറ്റിയ കിളിക്കൂടുകൾ പോലെ ഇന്നവ കല്ലുകളിൽ വീണുകിടക്കുന്നു
പണ്ടേപ്പോലെ നിരാലംബമാണിന്നുമവ അന്ത്യമെന്നതിതുതന്നെ
കൈകൾ വേറിട്ടു കിടക്കുന്നു വാളു വേറിട്ടു കിടക്കുന്നു തല വേറെ
സൈനികന്റെ കാലടികൾ പതുപതുത്ത വള്ളിച്ചെരുപ്പുകളിലും


നിനക്കൊരു സൈനികന്റെ ശവസംസ്കാരം ലഭിക്കും സൈനികനായിട്ടില്ലാത്ത നിനക്ക്
എനിക്കല്പം പരിചയമുള്ള ഒരേയൊരു ചടങ്ങ്
മെഴുകുതിരികളുണ്ടാവില്ല ഗായകരുണ്ടാവില്ല പീരങ്കിവെടികൾ മാത്രം
പാതയിൽ വലിച്ചിഴയ്ക്കുന്ന കരിന്തുണികൾ ഹെൽമറ്റുകൾ ബൂട്ടുകൾ വെടിക്കോപ്പുകൾ
പെരുമ്പറകൾ മുന്തിയതൊന്നും ഞാനറിഞ്ഞിട്ടില്ല
ഇതൊക്കെയാവും ഞാൻ ഭരണം തുടങ്ങും മുമ്പേ എന്റെ നടപടികൾ
നഗരത്തെ പിടലിയ്ക്കു പിടിച്ചൊന്നു കുലുക്കിയുണർത്തണം


എന്തായാലും നീ മരിക്കാനുള്ളവനായിരുന്നു ഹാംലറ്റ് ജീവിതം നിനക്കു പറഞ്ഞിരുന്നില്ല
നിനക്കു വിശ്വാസം ചില്ലു കൊണ്ടുള്ള ധാരണകളെയായിരുന്നു കളിമണ്ണു കൊണ്ടുള്ള മനുഷ്യരെയായിരുന്നില്ല
ഉറക്കത്തിലെന്നപോലെ എന്നും നീ കോച്ചിവലിച്ചിരുന്നു വ്യാളികളെ നായാടി നീ
ചെന്നായ്ക്കളുടെ ആർത്തിയോടെ നീ വായു കടിച്ചുപൊട്ടിച്ചു തിന്നു പിന്നെ ഛർദ്ദിക്കാൻ മാത്രം
മനുഷ്യന്റേതായിട്ടൊന്നും നീയറിഞ്ഞിരുന്നില്ല ശ്വാസമെടുക്കാൻ പോലും നിനക്കറിയില്ലായിരുന്നു


നിനക്കിപ്പോൾ സമാധാനമായി ഹാംലറ്റ് നിന്റെ കടമ നീ നിറവേറ്റി
നിനക്കു സമാധാനവുമായി ശേഷിച്ചതു മൗനമല്ല എനിക്കുള്ളതാണത്
എളുപ്പമുള്ളതു നീ തെരഞ്ഞെടുത്തു നാടകീയമായൊരു കുത്തിക്കയറ്റൽ
എന്താണു പക്ഷേ വീരചരമം ഇടുങ്ങിയൊരു കസേരയിൽ
കൈയിലൊരു തണുത്ത ആപ്പിളുമായി ചിതൽപ്പുറ്റും കണ്ട് 

ഘടികാരമുഖവും നോക്കിയുള്ള നിതാന്തജാഗ്രതയുമായി നോക്കുമ്പോൾ

വിട രാജകുമാരാ എനിക്കു പിടിപ്പതു പണിയുണ്ട് ഒരോവുചാലിന്റെ നിർമ്മാണം
യാചകരെയും വേശ്യകളെയും സംബന്ധിച്ചൊരു ശാസനം
ജയിൽ പരിഷ്കാരത്തെക്കുറിച്ചും ചിന്തിക്കാനുണ്ട്
ഡെന്മാർക്ക് ഒരു തടവറയാണെന്ന് കൃത്യമായി നീ നിരീക്ഷിച്ചിട്ടുമുണ്ടല്ലോ
എന്റെ കാര്യങ്ങൾക്കായി ഞാൻ പോകുന്നു
ഈ രാത്രിയിൽ ഹാംലറ്റ് എന്നു പേരായി ഒരു നക്ഷത്രം പിറന്നിരിക്കുന്നു
ഒരിക്കലും നാം കണ്ടുമുട്ടില്ല ഞാൻ വിട്ടുപോകുന്നത്
ഒരു ദുരന്തനാടകത്തിനു പറ്റിയ വിഷയവുമല്ല


തമ്മിൽ അഭിവാദ്യം പറയേണ്ടവരല്ല നാം വിട പറയേണ്ടവരുമല്ല
നാം ജീവിക്കുന്നതു തുരുത്തുകളിൽ
ആ വെള്ളം ഈ വാക്കുകൾ അവയ്ക്കെന്തു ചെയ്യാനാവും
അവയ്ക്കെന്തു ചെയ്യാനാവും രാജകുമാരാ



link to image

Thursday, February 10, 2011

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - ശ്രീമാന്‍ കോജിറ്റോ

Silhouette.svg


ശ്രീമാൻ കോജിറ്റോവിന്റെ ഗർത്തം


വീട്ടിനുള്ളിൽ സുരക്ഷിതനാണയാൾ

എന്നാൽ ശ്രീമാൻ കോജിറ്റോ
പ്രഭാതസവാരിക്കിറങ്ങുമ്പോൾ
വാതിൽപ്പടിയ്ക്കു പുറത്തായി
അയാളുടെ കണ്ണിൽപ്പെടുന്നു- ഗർത്തം

ഇതു പാസ്ക്കലിന്റെ ഗർത്തമല്ല
ദസ്തയേവ്സ്കിയുടെ ഗർത്തമല്ല
ഈ ഗർത്തം
ശ്രീമാൻ കോജിറ്റോവിന്റെ അളവിനൊപ്പിച്ചത്

ആഴമറിയാത്ത പകലുകൾ
ഭീതി വേട്ടയാടുന്ന പകലുകൾ

നിഴലു പോലതയാളുടെ പിന്നാലെ ചെല്ലുന്നു
ബേക്കറിയിൽ അതു പുറത്തു കാത്തുനിൽക്കുന്നു
പാർക്കിൽ അയാൾ പത്രം വായിക്കുമ്പോൾ
അയാളുടെ ചുമലിനു മുകളിലൂടെ അതും വായിക്കുന്നു

വരട്ടുചൊറി പോലൊരു ശല്യം
നായയെപ്പോലെ സ്നേഹമുള്ളത്
അയാളുടെ തലയും കൈകാലുകളും
വിഴുങ്ങാനാഴം പോരാത്തതും

ഒരുവേളയൊരുനാൾ
ഗർത്തം തൂർന്നുവെന്നാകാം
ഗർത്തം വളർച്ച മുറ്റിയെന്നും
ഗൗരവപ്പെട്ടുവെന്നുമാകാം

എന്തു വെള്ളമാണതു കുടിക്കുന്നതെന്നും
ഏതു ധാന്യമാണതു
തിന്നുന്നതെന്നുമറിഞ്ഞിരുന്നുവെങ്കിൽ
ഒരു പിടി മണ്ണെടുത്തിട്ട്
ശ്രീമാൻ കോജിറ്റോവിന്‌
അതു മൂടാമായിരുന്നു
അയാൾ അതു ചെയ്യുന്നില്ല

അതിനാൽ
വീട്ടിനുള്ളിലേക്കു കയറുമ്പോൾ
വാതിൽപ്പടിയ്ക്കു പുറത്ത്
അയാൾ ഗർത്തത്തെ ഉപേക്ഷിക്കുന്നു
ഒരു പഴന്തുണിക്കഷണം കൊണ്ട്
കരുതിക്കൂട്ടി അതിനെ മൂടിയിടുന്നു



ശ്രീമാൻ കോജിറ്റോ താൻ ജനിച്ച നാട്ടിലേക്കു തിരിച്ചുപോകാൻ ആലോചിക്കുന്നു

ഞാൻ അവിടെക്കു മടങ്ങിച്ചെന്നാൽ
ഒന്നുമുണ്ടാവില്ല കണ്ടെടുക്കാൻ
എന്റെ പഴയ വീടിന്റെ ഒരു നിഴൽ
കുട്ടിക്കാലത്തെ മരങ്ങൾ
ഇരുമ്പുഫലകം തറച്ച ഒരു കുരിശുരൂപം
ജപിച്ചും കൊണ്ടു ഞാനിരുന്ന ബഞ്ച്
ഞങ്ങൾക്കു സ്വന്തമായ യാതൊന്നും

ശേഷിച്ചതൊരു കൊടിത്തറ മാത്രം
ചോക്കു കൊണ്ടൊരു വൃത്തവുമായി
ഒറ്റക്കാലിൽ ഞാൻ നിൽക്കുന്നു
ചാടുന്നതിനു മുമ്പുള്ള നിമിഷം

പ്രായമേറിയിട്ടും
മുതിരുന്നില്ല ഞാൻ
തലയ്ക്കു മേൽ
ഗ്രഹങ്ങളുടെയും യുദ്ധങ്ങളുടെയും കലാപം

മദ്ധ്യത്തിൽ ഞാൻ
ഒരു സ്മാരകം പോലെ
ഒറ്റക്കാലിൽ
സമാപ്തിയിലേക്കുള്ള കുതിപ്പിനു മുമ്പ്

ചോക്കുവൃത്തം തുരുമ്പിക്കുന്നു
പഴകിയ ചോര പോലെ
അതിനു ചുറ്റും ചാരം
കൂമ്പാരം കൂടുന്നു
കൈയുയരത്തിൽSilhouette.svg
വായുയരത്തിൽ


 

Wednesday, January 5, 2011

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - വീണ്ടെടുപ്പിനെ സംബന്ധിച്ച് ശ്രീമാൻ കോജിറ്റോവിന്റെ വിചാരങ്ങൾ

File:Skoczylas-Chrystus frasobliwy.jpg


അവൻ പുത്രനെ അയക്കരുതായിരുന്നു

എത്രയധികം പേർ കണ്ടിരിക്കുന്നു
അവന്റെ പുത്രന്റെ തുളഞ്ഞ കൈകൾ
അവന്റെ അനുദിനചർമ്മവും

എത്രയും മോശമായ പരിഹാരക്രിയയാൽ
നമ്മുടെ പാപപരിഹാരത്തിനെന്നത്രേ
എഴുതപ്പെട്ടിരിക്കുന്നു

അത്രയധികം നാസാദ്വാരങ്ങൾ
ആസ്വദിച്ചുൾക്കൊണ്ടിരിക്കുന്നു
അവന്റെ ഭീതിയുടെ ഗന്ധം

അത്രയ്ക്കു താഴരുതാരും
അത്ര സംസർഗ്ഗമരുത്
ചോരയുമായി

അവൻ പുത്രനെ അയക്കരുതായിരുന്നു
വെണ്ണക്കൽമേഘങ്ങളുടെ ബറോക്ക്കൊട്ടാരത്തിൽ
ഭീതിയുടെ സിംഹാസനത്തിൽ
മരണത്തിന്റെ ചെങ്കോലും പിടിച്ചു വാഴുക
അതിലും ഭേദം


ബറോക്ക്- അമിതാലങ്കാരത്തിനു പ്രാധാന്യം നല്‍കിയിരുന്ന യൂറോപ്യന്‍ കലാസമ്പ്രദായം


ചിത്രം- ചിന്താവിഷ്ടനായ ക്രിസ്തു


Tuesday, January 4, 2011

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - മരിച്ചുകിടക്കുന്ന സ്നേഹിതനെ കണ്ടുനില്‍ക്കുന്ന ശ്രീമാൻ കോജിറ്റോവിന്റെ ചിന്തകൾ


പണിപ്പെട്ടു ശ്വാസം കഴിക്കുകയാണയാൾ

രാത്രിയിലാണത്രേ വിഷമഘട്ടം
ഉച്ചയ്ക്കു പന്ത്രണ്ടു മണിയാണിപ്പോൾ
ഒരു സിഗററ്റു വലിയ്ക്കാനായി
ശ്രീമാൻ കോജിറ്റോ ഇടനാഴിയിലേക്കിറങ്ങുന്നു

അയാൾ തലയിണ ഒതുക്കിവച്ചിട്ട്
സ്നേഹിതനെ നോക്കി ഒന്നു പുഞ്ചിരിച്ചിരുന്നു

പണിപ്പെട്ടു ശ്വാസം കഴിക്കുകയാണയാൾ

കോസടിയ്ക്കു മുകളിലൂടെ
അയാളുടെ വിരലുകൾ
നീങ്ങി

അയാൾ മടങ്ങിവരുമ്പോൾ
സ്നേഹിതൻ പൊയ്ക്കഴിഞ്ഞിരുന്നു
അയാളുടെ സ്ഥാനത്ത്
മറ്റെന്തോ കിടക്കുന്നു
തല ചരിഞ്ഞും
കണ്ണു തള്ളിയും

പിന്നെ പതിവുബഹളം
ഡോക്ടർ ഓടിവരുന്നു
സൂചി കുത്തിയിറക്കുന്നു
കറുത്ത ചോര
അതിൽ നിറയുന്നു

ബാക്കിയായതിൽ തുറിച്ചുനോക്കി
ശ്രീമാൻ കോജിറ്റോ
ഒരു നിമിഷം കൂടി നിന്നു

ഒരു ചാക്കു പോലെ
ശൂന്യമായിരുന്നു അത്
ചുളിഞ്ഞുകൂടുകയായിരുന്നത്
കണ്ണിൽപ്പെടാത്ത ചവണകൾ
ഞെക്കിപ്പിഴിയുകയാണതിനെ
മറ്റൊരു കാലം ഞെരുക്കുകയാണതിനെ

അയാളൊരു കല്ലായിരുന്നെങ്കിൽ
കനത്ത വെണ്ണക്കൽശില്പം
നിർമ്മമം അഭിജാതം
എത്രയ്ക്കാശ്വാസമായേനെ

ഉന്മൂലനത്തിന്റെ തുരുത്തിൽ
അയാൾ കിടക്കുന്നു
മരത്തിൽ നിന്നടർന്ന പോലെ
കൊഴിച്ചിട്ട കൊക്കൂൺ പോലെ

ഊണുസമയം
പാത്രങ്ങളുടെ കിടുക്കം
പ്രാർത്ഥന
ഒരു മാലാഖയുമവതരിച്ചില്ല

ഉപനിഷത്തുകൾ ശാന്തി നല്കി

ഒരുവന്റെ വാക്ക്
മനസ്സിലൂടെ
പ്രാണനാവുമ്പോൾ
പ്രാണൻ അഗ്നിയും
അഗ്നി ബ്രഹ്മവുമാവുമ്പോൾ
അറിയാതാവുകയാണവൻ

അതിനാലയാളറിയുന്നില്ല
അയാൾ നിൽക്കുന്നു ദുർഗ്രാഹ്യനായി
നിഗൂഢതയുടെ മാറാപ്പുമായി
താഴ്വരയുടെ തുടക്കത്തിൽ


 

Tuesday, December 28, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - ശ്രീമാൻ കോജിറ്റോവിന്റെ ആത്മാവ്


File:Coat Silhouette.svg

മുമ്പൊക്കെ
ചരിത്രത്തിൽ നിന്നു നാം പഠിച്ച പ്രകാരം
ഹൃദയത്തിനനക്കം നിലയ്ക്കുമ്പോൾ
ഉടലു വിട്ടു പോവുകയാണത്

അന്ത്യശ്വാസമെടുക്കുന്നതോടെ
അതു പതിയെ പിൻവാങ്ങുന്നു
സ്വർഗ്ഗത്തെ പുൽത്തകിടികളിലേക്ക്

ശ്രീമാൻ കോജിറ്റോവിന്റെ ആത്മാവിനു
പെരുമാറ്റം വേറെ

ഒരു യാത്രാമൊഴി പോലും പറയാതെ
ജീവനുള്ള ഉടലും വിട്ടു പോവുകയാണത്

ശ്രീമാൻ കോജിറ്റോവിന്റെ അതിരുകൾ വിട്ടുള്ള ഭൂഖണ്ഡങ്ങളിൽ
നെഗളിച്ചു നടക്കുകയാണത്
മാസങ്ങൾ വർഷങ്ങൾ

അതിന്റെ മേൽവിലാസം കണ്ടെത്തുക വിഷമം
ഒരു കത്തു പോലുമയക്കുന്നില്ലത്

അതെന്നു മടങ്ങുമെന്ന് ആർക്കുമറിയില്ല
അതിനി തിരിയെ വരില്ലെന്നും വരാം

അസൂയ എന്ന ഹീനവിചാരം തനിക്കുണ്ടായത്
ഉച്ചാടനം ചെയ്യാൻ ശ്രമിക്കുന്നുണ്ട് ശ്രീമാൻ കോജിറ്റോ

തന്റെയാത്മാവിനു നല്ലതു വരട്ടെയെന്നയാൾക്കുണ്ട്
അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സലിയുന്നുണ്ടയാൾക്ക്

അന്യദേഹങ്ങളിലും
അതിനൊരു ജീവിതം വേണമല്ലോ

മനുഷ്യരുള്ളത്ര
ആത്മാക്കളുമില്ലല്ലോ

തന്റെ വിധിയ്ക്കു കീഴടങ്ങുകയാണു ശ്രീമാൻ കോജിറ്റോ
വേറേ ഗതിയില്ലയാൾക്ക്

അയാൾ പറയാനും ശ്രമിക്കുന്നുണ്ട്
-എന്റെ ആത്മാവ് എന്റേതു മാത്രമായ-

മമതയോടെ അയാളോർക്കുന്നു തന്റെയാത്മാവിനെ
അതു മനസ്സിൽ വരുമ്പോൾ കരളലിയുന്നുണ്ടയാൾക്ക്

അതിനാൽ വിചാരിച്ചിരിക്കാതെ
പെട്ടെന്നതു കയറി വരുമ്പോൾ
-നന്നായി നീ വന്നല്ലോ
എന്നയാളതിനെ വരവേൽക്കുന്നില്ല

അതു കണ്ണാടിയ്ക്കു മുന്നിൽ വന്നിരുന്ന്
നരച്ചു പിണഞ്ഞ മുടി കോതുമ്പോൾ
ഇടംകണ്ണിട്ടൊന്നു നോക്കുന്നതേയുള്ളു അയാൾ


Monday, December 27, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - ലജ്ജ


എനിക്കു രോഗം മൂർച്ഛിച്ചപ്പോൾ ലജ്ജ എന്നെ ഉപേക്ഷിച്ചുപോയി
അന്യരുടെ കൈകൾക്ക് സ്വമനസ്സാലെ ഞാൻ എന്നെ തുറന്നിട്ടുകൊടുത്തു
അന്യരുടെ കണ്ണുകൾക്ക് എന്റെ ദേഹത്തിന്റെ നിസ്സാരമായ നിഗൂഢത ഞാൻ അടിയറ വച്ചു

പിന്നെയുമെന്നെ അവമാനിച്ചുകൊണ്ട് നിർദ്ദയം അവരെന്നെ കൈയേറി

ഫോറെൻസിക് മെഡിസിനിൽ എന്റെ പ്രൊഫസറായിരുന്ന കിഴവൻ മാൻസെവിച്
ആത്മഹത്യ ചെയ്തവന്റെ ബാക്കിയായത് ഫോർമാൽഡിഹൈഡിന്റെ കുളത്തിൽ നിന്നു മുങ്ങിത്തപ്പിയെടുത്തിട്ട്
അവനു മേൽ കുനിഞ്ഞുനിന്നു തന്നോടു പൊറുക്കണമെന്നപേക്ഷിക്കുന്ന പോലെ
പിന്നെ നിപുണമായ ഒരു കൈയനക്കത്തോടെ ഉദ്ധതമായ നെഞ്ചു തുറന്നു
ഒച്ചയടങ്ങിയ ശ്വാസത്തിന്റെ ഭദ്രാസനപ്പള്ളി

മൃദുവായി ആർദ്രവുമായി

മരിച്ചവനോടുള്ള ആത്മാർത്ഥതയോടെ ചിതാഭസ്മത്തിനോടുള്ള ആദരവോടെ
എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്
ആ ഗ്രീക്കുരാജകുമാരിയുടെ പക വഴങ്ങാത്ത പ്രതിരോധം
അവൾ പറഞ്ഞതു ശരിതന്നെ- ഒരു സഹോദരനു കിട്ടണം അന്തസ്സായൊരു ശവസംസ്ക്കാരം

കണ്ണുകൾക്കു മേൽ
ശ്രദ്ധയോടെ വലിച്ചിട്ട മണ്ണിന്റെ ശവക്കോടി


Monday, December 20, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - ശ്രീമാൻ കോജിറ്റോവിന്‌ നരകത്തെക്കുറിച്ചുള്ള ധാരണയെന്തെന്നാൽ…

 

File:Strasbourg - Cathedrale - Vitrail - Detail 04.jpg


നരകത്തിന്റെ താഴേത്തട്ട്. പൊതുധാരണയ്ക്കു വിപരീതമായി അവിടെ പാർപ്പിച്ചിരിക്കുന്നത് സ്വേച്ഛാധിപതികളെയും മാതൃഘാതികളെയും അന്യരുടെ മാംസത്തിനു പിന്നാലെ ആർത്തി പിടിച്ചു പായുന്നവരെയുമല്ല; കലാകാരന്മാരുടെ സങ്കേതമത്രേയത്; കണ്ണാടികളും ഉപകരണങ്ങളും ചിത്രങ്ങളും കൊണ്ടു നിറഞ്ഞ ഒരിടം. ഒറ്റ നോട്ടത്തിൽ നരകത്തിലെ ഏറ്റവും സുഖമുള്ള വകുപ്പ്; താറും തീയുമില്ലവിടെ, ദേഹപീഡകളുമില്ല.

ആണ്ടു മുഴുവനും മത്സരങ്ങളും മേളകളും കച്ചേരികളും നടക്കുന്നുണ്ട്. ക്ളൈമാക്സ് എന്നൊന്നില്ല; അതു സ്ഥിരവും കേവലവുമാണ്‌. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ പുതിയ പ്രസ്ഥാനങ്ങൾ ഉണ്ടായിവരികയാണ്‌; അവാങ്ങ് ഗാർദിന്റെ ജൈത്രയാത്രയെ തടഞ്ഞുനിർത്താൻ യാതൊന്നുമില്ലാത്ത പോലെയുമാണ്‌.

സാത്താൻ കലകളുടെ ആരാധകനത്രെ. തന്റെ ഗായകരും കവികളും ചിത്രകാരന്മാരും സ്വർഗ്ഗത്തുള്ളവരെക്കാൾ എന്തുകൊണ്ടും കേമന്മാരാണെന്നാണ്‌ അയാൾ അവകാശപ്പെടുന്നത്. എവിടത്തെ കല മികച്ചതോ, അവിടത്തെ ഭരണം തന്നെ മികച്ചതും - അതു വ്യക്തം. അധികം വൈകാതെ ഇരുലോകങ്ങളുടെ മേളയിൽ വച്ച് അവർ മാറ്റുരച്ചു നോക്കാൻ പോവുകയാണ്‌. ദാന്തേയും ഫ്രാ ആഞ്ഞെലിക്കോയും ബാക്കുമൊക്കെ ബാക്കിയുണ്ടാവുമോയെന്ന് നമുക്കപ്പോൾ കാണാം.

സാത്താൻ കലകളെ പിന്തുണയ്ക്കുന്നു. തന്റെ കലാകാരന്മാർക്ക് മനസ്സമാധാനവും ആരോഗ്യദായകമായ ഭക്ഷണവും നരകജീവിതത്തിൽ നിന്നു പരിപൂർണ്ണമായ സംരക്ഷണവും അയാൾ ഉറപ്പു വരുത്തുന്നു.


link to image


Sunday, December 19, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - സ്പിനോസയുടെ പ്രലോഭനം




ആംസ്റ്റർഡാമിലെ സ്പിനോസയെ
ദൈവത്തിലെത്താനുള്ള ഒരു പ്രലോഭനം പിടിച്ചുലച്ചു
മച്ചുമ്പുറത്തയാൾ കാചങ്ങൾ മിനുക്കിക്കൊണ്ടിരിക്കെ
പെട്ടെന്നൊരു മൂടുപടം വിണ്ടുകീറി
മുഖത്തോടു മുഖം അവർ നിന്നു
അയാൾ ഒരു ദീർഘപ്രഭാഷണം ചെയ്തു
(അപ്പോൾ അയാളുടെ മനസ്സു വിപുലമാവുകയായിരുന്നു
ആത്മാവും)
മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ
അയാൾ മുന്നോട്ടു വച്ചു
-ദൈവം മറ്റെന്തോ ആലോചിച്ചുംകൊണ്ട് താടിയുഴിഞ്ഞു
ആദികാരണത്തെക്കുറിച്ച് അയാൾ അന്വേഷിച്ചു
-ദൈവം അനന്തതയിലേക്കു കണ്ണോടിച്ചു
അന്തിമകാരണത്തെക്കുറിച്ച് അയാൾ ചോദിച്ചു
-ദൈവം ഞൊട്ടയൊടിയ്ക്കുകയും
തൊണ്ട ശരിയാക്കുകയും ചെയ്തു
സ്പിനോസ നിശ്ശബ്ദനായപ്പോൾ
ദൈവം ഇങ്ങനെ പറഞ്ഞു
- നീയൊരു സംഭാഷണചതുരനാണു ബാരുച്
നിന്റെ ലത്തീന്റെ ജ്യാമിതി എനിക്കിഷ്ടപ്പെട്ടു
നിന്റെ പദഘടനയുടെ സ്ഫുടതയും
നിന്റെ വാദമുഖങ്ങളുടെ പൊരുത്തവും
ഇനി നമുക്ക്
സത്യത്തിൽ മഹത്വമുള്ള സംഗതികളെക്കുറിച്ചു
സംസാരിക്കാം
-നിന്റെ കൈകൾ നോക്കൂ
വിരണ്ടു വിറയ്ക്കുകയാണവ
-ഇരുട്ടത്തു തന്നെയിരുന്ന്
കണ്ണു കളയുകയാണു നീ
-നീ വേണ്ട പോലെ ഭക്ഷണം കഴിക്കുന്നില്ല
മാന്യമായി വസ്ത്രം ധരിക്കുന്നില്ല
-പുതിയൊരു വീടു വാങ്ങൂ
വെനീഷ്യൻ കണ്ണാടികൾ പ്രതിഫലിപ്പിക്കുന്നുവെങ്കിൽ
അതു മാപ്പാക്കൂ
-തലയിൽ ചൂടിയ പൂക്കളെയും
കുടിയന്മാരുടെ പാട്ടുകളെയും സഹിച്ചുകൊടുക്കൂ
-വരുമാനം വേണ്ടവിധം നോക്കൂ
അതിൽ നിന്റെ സ്നേഹിതൻ ദെക്കാർത്തെയെ
കണ്ടു പഠിക്കൂ
-ഇറാസ്മസിനെപ്പോലെ
സൂത്രശാലിയാവൂ
-ഒരു പ്രബന്ധം
ലൂയി ക്വാട്രോസിനു സമർപ്പിച്ചേക്കൂ
അയാളതു വായിക്കില്ലെങ്കില്പ്പോലും
-യുക്തിയുടെ രോഷമൊന്നടക്കൂ
അതു സിംഹാസനങ്ങൾ തട്ടിയിടും
നക്ഷത്രങ്ങളെ കരി പിടിപ്പിക്കും
-ഒരു സ്ത്രീയെക്കുറിച്ചാലോചിക്കൂ
നിനക്കവൾ ഒരു കുട്ടിയെ നല്കിയെന്നുവരാം
-നോക്കൂ ബാരുച്
മഹത്തായ കാര്യങ്ങളെക്കുറിച്ചാണു
നാം സംസാരിക്കുന്നത്
-പഠിപ്പില്ലാത്തവരുടെയും മെരുക്കമില്ലാത്തവരുടെയും സ്നേഹമാണ്‌
എനിക്കു ഹിതം
യഥാർത്ഥത്തിൽ അവരാണ്‌
എനിക്കു വേണ്ടി ദാഹിക്കുന്നവർ
മൂടുപടം വീഴുന്നു
സ്പിനോസ ഒറ്റയ്ക്കാവുന്നു
അയാളുടെ മുന്നിൽ സുവർണ്ണമേഘങ്ങളില്ല
ഉയരങ്ങളിലെ വെളിച്ചമില്ല
അയാൾ കാണുന്നത് ഇരുട്ടു മാത്രം
കോണിപ്പടി ഞരങ്ങുന്നത് അയാൾ കേൾക്കുന്നു
കാലടികൾ ഇറങ്ങിപ്പോകുന്നതും



ബാരുച് സ്പിനോസ (1632-1677)- യൂക്ളിഡിന്റെ ജ്യാമിതീയരീതിയിൽ സ്വയംസിദ്ധമായ ഒരു പ്രത്യയത്തിൽ നിന്ന് അനുപ്രത്യയങ്ങൾ നിർദ്ധാരണം ചെയ്യുന്ന ദാർശനികരീതി ആവിഷ്കരിച്ച യഹൂദചിന്തകൻ; സാമ്പ്രദായികദൈവസങ്കല്പ്പത്തെ സംശയിച്ചതിനാൽ സമൂഹത്തിൽ നിന്നു ഭ്രഷ്ടനായി; കണ്ണടയ്ക്കുള്ള ലെൻസുകൾ ഉരച്ചുകൊടുത്തു ജീവിച്ചു.

Tuesday, December 14, 2010

സ്ബിഗ്നിയെവ് ഹെർബർട്ട്-സ്വപ്നങ്ങളുടെ നിസ്സാരത


എത്ര നിസ്സാരമായിപ്പോയി നമ്മുടെ സ്വപ്നങ്ങൾ പോലും
എവിടെ നമ്മുടെ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും നിദ്രകളിലെ ഘോഷയാത്രകൾ
പക്ഷികളെപ്പോലെ ഉജ്ജ്വലവർണ്ണങ്ങളണിഞ്ഞും
അവയെപ്പോലെ മദിച്ചും
വെട്ടിത്തിളങ്ങുന്ന തൂക്കുവിളക്കുകൾക്കടിയിലൂടെ
കൊട്ടാരപ്പടവുകൾ കയറിപ്പോയിരുന്നുവല്ലോ അവർ
ഇന്നൊരൂന്നുവടി മാത്രം പരിചയമായ മുത്തശ്ശന്റെ അരയിൽ
ഒരു വെള്ളിവാൾ പറ്റിക്കിടന്നിരുന്നു
സ്നേഹം കിട്ടാത്ത മുത്തശ്ശി
അദ്ദേഹത്തിന്റെ ആദ്യകാമുകിയുടെ ഭാവം മുഖത്തു വരുത്താൻ
ദയവു കാണിക്കുകയും ചെയ്തു

ചുരുട്ടിന്റെ ധൂമപടലം പോലെയുള്ള മേഘങ്ങൾക്കുള്ളിൽ നിന്ന്
ഇശൈയാവ് അവരോടുദ്ഘോഷിച്ചിരുന്നു
തിരുവത്താഴത്തിന്റെ അപ്പം പോലെ വിളർത്ത തെരേസാപുണ്യവതി
വിറകിന്റെ കെട്ടുമായി നില്ക്കുന്നത് യഥാർത്ഥമായും അവർ കണ്ടിരുന്നു

താർത്താറുകളുടെ പറ്റം പോലെ പെരുത്തതായിരുന്നു അവരുടെ ഭീതി
സ്വർണ്ണവർഷം പോലെയായിരുന്നു സ്വപ്നത്തിൽ അവരുടെ ആഹ്ളാദം

എന്റെ സ്വപ്നമോ- വാതില്ക്കൽ മുട്ടു കേൾക്കുന്നു
കുളിമുറിയിൽ മുഖം വടിക്കുകയാണു ഞാൻ
ഞാൻ ചെന്നു വാതിൽ തുറക്കുന്നു
ഗ്യാസിന്റെയും കറണ്ടിന്റെയും ബില്ലുമായി ഒരാൾ
കൈയിൽ കാശില്ല
6350 എന്ന സംഖ്യയും ധ്യാനിച്ചുകൊണ്ട്
ഞാൻ കുളിമുറിയിലേക്കു മടങ്ങുന്നു
കണ്ണുയർത്തിനോക്കുമ്പോൾ കണ്ണാടിയിൽ കണ്ട മുഖം എത്ര യഥാർത്ഥം
ഞാൻ നിലവിളിച്ചുകൊണ്ടു ചാടിയെഴുന്നേല്ക്കുന്നു

ഒരാരാച്ചാരുടെ ചുവന്ന കുപ്പായം
ഒരു മഹാറാണിയുടെ രത്നഹാരം
ഒരിക്കലെങ്കിലും സ്വപ്നം കാണാനെനിക്കായെങ്കിൽ
സ്വപ്നങ്ങളോടെത്ര കടപ്പെട്ടവനായേനെ ഞാൻ


Thursday, October 28, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് -പറുദീസയിൽ നിന്നുള്ള വർത്തമാനം


പറുദീസയിൽ ജോലിസമയം ആഴ്ചയിൽ മുപ്പതു മണിക്കൂറെന്നു ക്ളിപ്തപ്പെടുത്തിയിരിക്കുന്നു
ശമ്പളത്തോതുയർന്നതാണ്‌ വിലനിലവാരം താഴ്ന്നുവരികയുമാണ്‌
കായികാധ്വാനം തളർത്തുന്നതല്ല (ഗുരുത്വാകർഷണം കുറവായതിനാൽ)
മരം വെട്ടുക എന്നാൽ ടൈപ്പു ചെയ്യുന്നപോലെയേയുള്ളു
സുസ്ഥിരമാണു വ്യവസ്ഥിതി അധികാരികൾ ബുദ്ധിയുള്ളവരും
ഇനിയേതു നാട്ടിലേക്കാളും സുഖമായി ജീവിക്കാം പറുദീസയിലെന്നു പറയാതെവയ്യ

തുടക്കം മറ്റൊരു വിധത്തിലാവാൻ പോയതാണ്‌
പ്രകാശപരിവേഷങ്ങൾ ഗായകസംഘങ്ങൾ അമൂർത്തതയുടെ തട്ടുകൾ
പക്ഷേ ആത്മാവിനെ മാംസത്തിൽ നിന്നു കൃത്യമായി വേർപെടുത്താൻ കഴിയാതെപോയി
അതിനാൽ ഒരു തുള്ളി കൊഴുപ്പും ഒരിഴ മാംസപേശിയും വലിച്ചിഴച്ചാണ്‌ അതിവിടെയെത്തുന്നത്
നിഗമനത്തിലെത്താതെയും  പറ്റില്ലല്ലോ
ശുദ്ധസത്തയുടെ ഒരു തരിയെ ഒരു കളിമൺതരിയുമായി കലർത്തേണ്ടതായി വന്നു
സിദ്ധാന്തത്തിൽ നിന്നു മറ്റൊരു വ്യതിയാനം അവസാനത്തെ വ്യതിയാനം
അതു മുൻകൂട്ടിക്കണ്ടതു യോഹന്നാൻ മാത്രം: നിങ്ങൾ മാംസത്തിൽ ഉയിർപ്പിക്കപ്പെടും

ദൈവത്തെ കണ്ടവർ അങ്ങനെയാരുമില്ല
നൂറു ശതമാനം ആത്മാവായവർക്കു മാത്രമുള്ളതാണവൻ
ശേഷം പേർക്ക് ദിവ്യാത്ഭുതങ്ങളെയും പ്രളയങ്ങളെയും കുറിച്ചുള്ള വിജ്ഞാപനങ്ങൾ കേൾക്കാമെന്നു മാത്രം
ഒരു ദിവസം എല്ലാവരും ദൈവത്തെ കാണും
അതെന്നു നടക്കുമെന്ന് ആർക്കുമറിയില്ല
ഇപ്പോഴെങ്ങനെയാണെന്നാൽ
എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് സൈറണുകൾ മധുരമായി അമറുന്നു
സ്വർഗ്ഗത്തിലെ തൊഴിലാളർ പണിശാലകൾ വിട്ടിറങ്ങുന്നു
അവലക്ഷണമേ, കൈക്കൂട്ടിലവർ വയലിൻ പോലെ ചിറകും കൊണ്ടുനടക്കുന്നു