Showing posts with label മരീനാ സ്വെറ്റെയേവാ. Show all posts
Showing posts with label മരീനാ സ്വെറ്റെയേവാ. Show all posts

Thursday, December 11, 2014

മരീന സ്വെറ്റായെവ - എനിക്കു നിന്നോടൊപ്പം ജീവിക്കണം...

 



...എനിക്കു നിന്നോടൊപ്പം ജീവിക്കണം,
ഒരു കൊച്ചുഗ്രാമത്തിൽ,
ഒരിക്കലും മായാത്ത അന്തിവെളിച്ചത്തിനുള്ളിൽ,
ഒരിക്കലുമടങ്ങാത്ത മണിനാദങ്ങൾക്കിടയിൽ.
ഒരു ഗ്രാമസത്രത്തിൽ-
പുരാതനമായൊരു ഘടികാരത്തിന്റെ
നേർത്ത മണിനാദം-
കാലം തുള്ളിയിറ്റുന്നപോലെ.
പിന്നെ ചിലപ്പോൾ, ചില സന്ധ്യകളിൽ,
ഏതോ മച്ചുമ്പുറത്തെ മുറിയിൽ നിന്നും
ഒരു പുല്ലാങ്കുഴൽ,
ജനാലയ്ക്കൽ പുല്ലാങ്കുഴൽ വായിക്കുന്നവനും.
ജനാലപ്പടികളിൽ കൂറ്റൻ ട്യൂലിപ്പുകൾ.
നിനക്കെന്നെ സ്നേഹമല്ലെന്നുമാവാം.

മുറിയ്ക്കു നടുവിൽ ഓടു കൊണ്ടുള്ള വലിയൊരു സ്റ്റൌ,
ഓടുകളോരോന്നിലും ചിത്രങ്ങൾ-
ഒരു ഹൃദയം, ഒരു പായവഞ്ചി, ഒരു പനിനീർപ്പൂവ്.
മുറിയ്ക്കാകെയുള്ള ജനാലയ്ക്കു പുറത്ത്
മഞ്ഞ്, മഞ്ഞ്, പുതമഞ്ഞ്.

നീ കിടക്കുകയാവും:
ആ കിടപ്പിന്റെ പടുതി എനിക്കിഷ്ടവുമാണ്‌-
അലസനായി, ഉദാസീനനായി, നിർമ്മമനായി.
ഇടയ്ക്കൊന്നോ രണ്ടോ തവണ
തീപ്പെട്ടിയുരയ്ക്കുന്ന പരുഷശബ്ദം.

സിഗരറ്റ് കത്തുന്നു, പിന്നെ അണയുന്നു,
അതിനറ്റത്തേറെനേരം നിന്നു വിറയ്ക്കുന്നു,
നരച്ച മുരടു പോലെ- ചാരം.
അതു തട്ടിക്കളയാൻ പോലും നിനക്കു മടിയാകുന്നു-
പിന്നെ എറ്റിയെറിഞ്ഞ ഒരു സിഗററ്റ്
തീയിൽ ചെന്നുവീഴുന്നു.


I’d like to live with You
In a small town,
Where there are eternal twilights
And eternal bells.
And in a small village inn—
The faint chime
Of ancient clocks—like droplets of time.
And sometimes, in the evenings, from some garret—
A flute,
And the flautist himself in the window.
And big tulips in the window-sills.
And maybe, You would not even love me…

In the middle of the room—a huge tiled oven,
On each tile—a small picture:
A rose—a heart—a ship.—
And in the one window—
Snow, snow, snow.

You would lie—thus I love You: idle,
Indifferent, carefree.
Now and then the sharp strike
Of a match.

The cigarette glows and burns down,
And trembles for a long, long time on its edge
In a gray brief pillar—of ash.
You’re too lazy even to flick it—
And the whole cigarette flies into the fire.

— Marina Tsvetaeva

Tuesday, August 19, 2014

മരീന സ്വെറ്റായെവ - ബാല്യത്തിന്റെ തടവുകാരി

svetaeva_marina_3

“പ്രവാസം, അവഗണന, പീഡനം, ആത്മഹത്യ- വിപ്ളവകാലത്തിനു ശേഷമുള്ള റഷ്യൻ കവികളുടെ വിധി ഇതായിരിക്കാം; എന്നാൽ ഇതെല്ലാം ഒരുമിച്ചനുഭവിക്കേണ്ടി വന്നത് മരീന സ്വെറ്റായെവക്കു മാത്രമാണ്‌,” സിമോൺ കാർലിൻസ്കി എഴുതുന്നു. വിപ്ളവപൂർവ്വറഷ്യയിലെ അഭിജാതസംസ്കാരത്തിൽ വളർന്ന മരീന രണ്ടു പെണ്മക്കളുമായി എടുത്തെറിയപ്പെട്ടത് യുദ്ധകാലകമ്മ്യൂണിസത്തിന്റെ കാലത്തെ കലാപഭരിതമായ മോസ്ക്കോവിലേക്കാണ്‌. ഇളയ കുട്ടി അവിടെ വച്ച് പട്ടിണി മൂലം മരിച്ചു. പിന്നീട് ഭർത്താവായ സെർഗി എഫ്രോണിനോടൊപ്പം ബർലിൻ, പ്രാഗ്, പാരീസ് എന്നിവിടങ്ങളിൽ പ്രവാസിയായി കഴിഞ്ഞു. 1939ൽ റഷ്യയിലേക്കു മടങ്ങിയ മരീനയെ അവിടെ നേരിട്ടത് തിരസ്കാരമായിരുന്നു; പ്രവാസികളാവട്ടെ, അവരെ വഞ്ചകിയെന്നു തള്ളിപ്പറയുകയും ചെയ്തു. സ്റ്റാലിൻ ഭീകരതയുടെ കാലത്താണ്‌ അവർ സോവിയറ്റ് യൂണിയനിലേക്കു തിരിച്ചുചെല്ലുന്നത്. ശേഷിച്ച മകളും സഹോദരിയും ഗുലാഗിലേക്കയക്കപ്പെട്ടു. ഭർത്താവ് അറസ്റ്റിലാവുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്തു. 15 വയസ്സായ മകനു വേണ്ടി ജീവൻ നിലനിർത്താൻ മരീന ശ്രമിച്ചു- പക്ഷേ 1941ൽ അവർ തൂങ്ങിമരിച്ചു.

1892 ഒക്റ്റോബർ 9നാണ്‌ മരീന സ്വെറ്റായെവ ജനിച്ചത്. അച്ഛൻ വ്ളദിമിറോവിച്ച് സ്വെറ്റായെവ് മോസ്ക്കോ യൂണിവേഴ്സിറ്റിയിൽ കലാവിഭാഗം പ്രൊഫസ്സറായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു അത്. അമ്മ മരിയ അലെക്സാൻഡ്രോവ മെയ്ൻ നല്ല പിയാനിസ്റ്റ് ആയിരുന്നു. പഠനത്തിലും മോസ്ക്കോയിൽ ഒരു മ്യൂസിയം (പിന്നീടത് പുഷ്കിൻ മ്യൂസിയമായി) സ്ഥാപിക്കുന്നതിലും മാത്രം ശ്രദ്ധ പോയ അച്ഛൻ മരീനയ്ക്കു കൈയെത്താത്ത ദൂരത്തിലായിരുന്നു. ഒരാദ്യപ്രണയത്തിന്റെ ഓർമ്മകളിലും പോളിഷ് അഭിജാതപാരമ്പര്യത്തിന്റെ നഷ്ടപ്രതാപങ്ങളിലും നിമഗ്നയായ അമ്മയും അത്രതന്നെ അപ്രാപ്യയായി. മരീനയുടെ ആദ്യകാലകവിതകൾ അച്ഛനമ്മമാർ തമ്മിലുള്ള ഇണക്കമില്ലായ്മയും അവർക്കു കുട്ടികളുമായുള്ള അകലവും പ്രതിഫലിപ്പിക്കുന്നവയാണ്‌. 1912ൽ എഴുതിയ “ഉപദേശം” എന്ന കവിതയിൽ ഒരച്ഛൻ മകളോടു ചോദിക്കുന്നു: “നിന്റെ അമ്മയുടെ കണ്ണുകളിൽ തങ്ങിനിന്നു വിറയ്ക്കുന്ന കണ്ണുനീർത്തുള്ളികളെ മറയ്ക്കാൻ ഞാനെന്തു ചെയ്യണം, മോളേ?” അതിനു കുട്ടി ഇങ്ങനെ പറയുന്നു: “ഞാൻ പറയാം, പപ്പാ; ചുംബനങ്ങൾ കൊണ്ടമ്മയുടെ കണ്ണുകൾ പൊതിയൂ.” മറ്റൊരു കവിതയിൽ തങ്ങൾക്കു ചുറ്റുമുള്ള കുടുംബജീവിതത്തിൽ സജീവമായി പങ്കുകൊള്ളാതെ തങ്ങൾക്കായി അവരവര്‍ കണ്ടുപിടിച്ച റോളുകളിൽ ഒളിക്കുന്ന രക്ഷിതാക്കളെ മരീന അവതരിപ്പിക്കുന്നു:

മടുത്ത കളികൾ

കസേരയിൽ നിന്നു ഞാനൊരു
പൊട്ടപ്പാവയെ പൊക്കിയെടുത്തു
ഞാനതിനെ ഉടുപ്പിടീച്ചു.


പാവയെ  ഞാൻ നിലത്തേക്കെറിഞ്ഞു.
മമ്മാ കളിച്ചെനിക്കു മടുത്തു.


ആ കസേരയിൽ കയറിയിരുന്നു
ഞാനേറെനേരമൊരു പുസ്തകത്തിൽ കണ്ണു നട്ടു.


പുസ്തകം ഞാൻ തറയിലേക്കെറിഞ്ഞു.
പപ്പാ കളിച്ചെനിക്കു മടുത്തു.


അതെ: മമ്മായ്ക്ക് പാവയെ ഒരുക്കുന്നതിലേ ശ്രദ്ധയുള്ളു; പപ്പായ്ക്ക് പുസ്തകത്തിന്റെ പിന്നിലൊളിക്കാനും. വൈകാരികമായ ബന്ധങ്ങളില്ല, ജീവിതത്തോട് ഒരടുപ്പവുമില്ല- തന്റെ അച്ഛനമ്മമാരുടെ ജീവിതത്തിൽ  കണ്ട മടുപ്പിനെ തന്നെയാണ്‌ മരീന തന്റെ ജീവിതത്തിൽ ഏറെ ഭയപ്പെട്ടതും.

കവിതയിൽ തന്റെ ആദ്യകാലപരിശ്രമങ്ങൾക്ക് എവിടെ നിന്നും ഒരു പ്രോത്സാഹനം കിട്ടിയില്ലെന്നതിൽ കുട്ടിയായ മരീനയ്ക്ക് വേദനയും കോപവുമുണ്ടായിരുന്നു; അതിലുപരി അമ്മയുടെ സ്വകാര്യലോകത്ത് തങ്ങൾ കുട്ടികൾക്കു പ്രവേശനമില്ലായിരുന്നു എന്നത് അതിലും വലിയ ഒരു മുറിവായിരുന്നു. അന്യയായിപ്പോയ ഒരമ്മയെക്കുറിച്ച് മരീനയുടെ ഒരാദ്യകാലകവിത ഇങ്ങനെ:

അമ്മ വായിക്കുന്നു

“...അടക്കിയ മന്ത്രണങ്ങൾ...വെട്ടിത്തിളങ്ങുന്ന കഠാരകൾ.”

“മമ്മാ, എനിക്കൊരു കളിവീടുണ്ടാക്കിത്തരൂ.”


മമ്മാ ഒരു ചെറിയ പുസ്തകം
വികാരാധിക്യത്തോടെ നെഞ്ചോടു ചേർത്തു പിടിക്കുന്നു.


“...പ്രഭുവിന്റെ കണ്ണുകൾ കോപം കൊണ്ടു ജ്വലിക്കുന്നു:
‘വിധിയുടെ ഔദാര്യം കൊണ്ടു രാജകുമാരീ, ഞാനിതാ വന്നു.’”


“മമ്മാ, കടലിൽ വീണാൽ ജിറാഫു മുങ്ങിച്ചാവില്ലേ?”


അമ്മയുടെ മനസ്സകലെയെങ്ങോ അലയുന്നു.

“മമ്മാ, നോക്കൂ! എന്റെ റൊട്ടിയിലൊരുറുമ്പ്!”

കുട്ടിയുടെ സ്വരത്തിൽ ശകാരവും ഭീഷണിയും.
അമ്മയുടെ മനോരഥം മണ്ണിലേക്കിറങ്ങുന്നു:
കുട്ടികൾ കയ്ക്കുന്ന ഗദ്യമാണ്‌.


തന്റെ പുസ്തകങ്ങളുടെ ലോകത്തു ജീവിച്ച, തനിക്കിഷ്ടപ്പെട്ട കഥകൾ തന്നെ കുട്ടികൾ കേൾക്കണമെന്നു നിർബന്ധം പിടിച്ച അമ്മയ്ക്ക് അവരുടെ കേൾവിക്കാരിയാകാൻ നേരവും മനസ്സുമില്ലായിരുന്നു. ആ കുറവു നികത്തിയത് അനിയത്തി ആസ്യയുടെ ആയയും അവരുടെ കൂട്ടുകാരിയായ ഒരു തുന്നൽക്കാരിയുമായിരുന്നു. അവരിൽ നിന്നാണ്‌ മരീന “ജിപ്സികൾ” എന്ന, പ്രണയത്തെയും സ്വാതന്ത്ര്യത്തെയും പ്രതികാരത്തെയും മരണത്തെയും കുറിച്ചുള്ള പുഷ്കിന്റെ കവിത കേൾക്കുന്നത്; ആ ജിപ്സിപ്രകൃതം മരീന തന്റേതായി സ്വാംശീകരിക്കുകയും ചെയ്തു.

(അവലംബം Marina Tsvetaeva The Double Beat of Heaven and Hell by Lily Fieler)tsevtaeva

Thursday, June 5, 2014

മരീന സ്വെറ്റായേവ - രാത്രിയിൽ ആരുറങ്ങുന്നു...


 

രാത്രിയിൽ ആരുറങ്ങുന്നു? ആരുമുറങ്ങുന്നില്ല.
ഒരു കുഞ്ഞ് തൊട്ടിലിൽ കിടന്നു കാറിക്കരയുന്നു.
ഒരു വൃദ്ധൻ തന്റെ മരണത്തിനുമേൽ അടയിരിക്കുന്നു,
ഒരു യുവാവ് കാമുകിയുമായി സംസാരിച്ചിരിക്കുന്നു,
അവളുടെ ചുണ്ടിലേക്കു നിശ്വസിക്കുന്നു,
അവളുടെ കണ്ണുകളിലേക്കുറ്റുനോക്കുന്നു.

ഉറങ്ങിപ്പോയാൽ- പിന്നെ നാമുണരുമെന്നാരു കണ്ടു?
നമുക്കു നേരമുണ്ട്, നമുക്കു നേരമുണ്ട്,
ഉറങ്ങാൻ വേണ്ടത്ര നേരം നമുക്കുണ്ട്.

വീട്ടിൽ നിന്നു വീട്ടിലേക്കു കാവല്ക്കാരൻ നടക്കുന്നു,
തീക്ഷ്ണദൃഷ്ടിയുമായി, ചുവന്ന റാന്തലുമായി.
അയാൾ വന്നു വാതിലിൽ മുട്ടുമ്പോൾ
തലയിണയ്ക്കു മേലതിന്റെ കടകടപ്പു ചിതറുന്നു.

ഉറങ്ങരുത്! പിടിച്ചിരിക്കൂ! ജാഗ്രത!
ഇല്ലെങ്കിൽ- നിത്യനിദ്ര!
ഇല്ലെങ്കിൽ- നിത്യഗേഹം!

(1916 ഡിസംബർ 12)

Wednesday, June 4, 2014

മരീന സ്വെറ്റായേവ - വേർപിരിയാനുള്ള ഈ ജിപ്സിവികാരം...


 
വേർപിരിയാനുള്ള ഈ ജിപ്സിവികാരം!
കണ്ടുമുട്ടിയതും അകന്നുപോകാനുള്ള തിടുക്കം!
ഇരുകൈകളിൽ ശിരസ്സും താങ്ങി
രാത്രിയിലേക്കു നോക്കിയിരിക്കെ ഞാനോർക്കുന്നു:

 
നമ്മുടെ കത്തുകൾ മറിച്ചുനോക്കുന്നൊരാൾക്കും പിടികിട്ടില്ല,
അന്യോന്യമെത്ര വഞ്ചന കാണിച്ചു നാമെന്ന്,
എന്നു പറഞ്ഞാൽ,
ആത്മവഞ്ചന തെല്ലുമില്ലായിരുന്നു നമുക്കെന്ന്.

(1915)



Tuesday, June 3, 2014

മരീന സ്വെറ്റായേവ - ഒന്നുകിൽ പ്രഭാതത്തിൽ...


 

ഒന്നുകിൽ പ്രഭാതത്തിൽ, അല്ലെങ്കിലസ്തമയത്തിൽ ഞാൻ മരിക്കും;
ഇതിലേതാണെന്റേതെന്നു കല്പനയിൽ നിന്നറിയുന്നുമില്ല.
ഹാ, രണ്ടു തവണയണയാനെന്റെ വിളക്കിനു ഭാഗ്യമുണ്ടായെങ്കിൽ!
പുലരുന്ന വെളിച്ചത്തിലൊരിക്കൽ, പിന്നെയതു കെടുമ്പോൾ!

നൃത്തച്ചുവടുകൾ വച്ചു സ്വർഗ്ഗപുത്രി കടന്നുപോകുന്നു:
മടിത്തട്ടിൽ പൂക്കളുമായി! ഒരിതളു പോലും ചതയാതെ!
ഒന്നുകിൽ പ്രഭാതത്തിൽ, അല്ലെങ്കിലസ്തമയത്തിൽ ഞാൻ മരിക്കും!
എന്റെ മാടപ്രാവിനു പിന്നാലെ രാപ്പുള്ളിനെ അയക്കരുതേ, ദൈവമേ!

ചുംബിക്കാത്ത കുരിശ്ശിനെ സൌമ്യമായി ഞാൻ തള്ളിമാറ്റും,
കരുണയുറ്റ മാനത്തു ഞാനന്ത്യോപചാരങ്ങൾ തേടും:
അവിടെ വെളിച്ചം വിടരുമ്പോൾ എന്നിലൊരു പുഞ്ചിരി വിടരും:
പ്രാണൻ  കുറുകുമ്പോഴും ഞാനതുതന്നെയായിരിക്കും - കവി !

Monday, June 2, 2014

മരീന സ്വെറ്റായേവ - ഞാൻ ചിന്തിക്കുന്നില്ല...


ഞാൻ ചിന്തിക്കുന്നില്ല, വാദിക്കുന്നില്ല, പരാതിപ്പെടുന്നില്ല,
ഞാനുറങ്ങുന്നുമില്ല.
എനിക്കാഗ്രഹമില്ല സൂര്യനായി, ചന്ദ്രനായി, കടലിനായി,
കടലിൽ കപ്പലിനായി.

ഈ ചുമരുകൾക്കുള്ളിലെ ഊഷ്മളത ഞാനറിയുന്നില്ല,
പുറത്തു പുല്ലിന്റെ പച്ചപ്പുമറിയുന്നില്ല.
ഞാനത്രമേൽ കാത്തിരുന്നൊരുപഹാരം
ഇതാ വന്നുചേർന്നുവെന്നാശിക്കുന്നില്ല.

പ്രഭാതവും ട്രാമിന്റെ മണിനാദവും
മുമ്പെന്നപോലെന്നെ ആഹ്ളാദിപ്പിക്കുന്നില്ല.
കാലമോർമ്മയില്ലാതെ ഞാൻ ജീവിക്കുന്നു,
നൂറ്റാണ്ടും തീയതിയുമെനിക്കോർമ്മയില്ല.

ഞാൻ- മുറിഞ്ഞുപോയ കമ്പക്കയറിൽ
നൃത്തംവയ്ക്കുന്നവൾ.
ഞാൻ - മറ്റേതോ നിഴലിന്റെ നിഴൽ;
ഞാൻ - ഒരു നിദ്രാടക,
രണ്ടിരുണ്ട ചന്ദ്രന്മാർക്കു ചോടെ.

(1914 ജൂലൈ 13 )

Saturday, May 31, 2014

മരീന സ്വെറ്റായേവ - കണ്ണിന്റെ കൃഷ്ണമണി പോലെ കറുത്തവൾ...

index

 

കണ്ണിന്റെ കൃഷ്ണമണി പോലെ കറുത്തവൾ,
കണ്ണിന്റെ കൃഷ്ണമണി പോലെ വെളിച്ചമൂറ്റിക്കുടിക്കുന്നവൾ,
നിന്നെ ഞാൻ സ്നേഹിക്കുന്നു, ജാഗരൂകയായ രാത്രീ.
നിന്നെക്കുറിച്ചു പാടാനെനിക്കു ശബ്ദം തരൂ,
ഗാനങ്ങൾക്കെല്ലാമാദിമാതാവേ,
നാലു കാറ്റുകൾക്കും കടിഞ്ഞാൺ കൈയിലായവളേ.
നിന്നെ വിളിച്ചു കരയുന്നു, നിന്നെ ഞാൻ സ്തുതിക്കുന്നു,
കടൽപെരുക്കമലയൊലിക്കുന്ന വെറുമൊരു ശംഖു ഞാൻ.
മനുഷ്യരുടെ കണ്ണുകളിലേക്കു നോക്കിയെനിക്കു മടുത്തു,
ഇനിയെന്നെ എരിക്കൂ, എന്നെ ചാരമാക്കൂ, രാത്രീ,
ഒരു ശ്യാമസൂര്യനെപ്പോലെ!

Tuesday, May 13, 2014

മരീന സ്വെറ്റായേവ - പ്രാർത്ഥന


 

ഒരത്ഭുതത്തിനായി ഞാൻ ദാഹിക്കുന്നു, ക്രിസ്തുവേ, എന്റെ നാഥനേ!
ഇപ്പോൾ, ഇപ്പോൾ,  സൂര്യനുദിക്കും മുമ്പേതന്നെ!
ജീവിതമൊരു പുസ്തകം പോലെനിക്കു മുന്നിൽ കിടക്കുമ്പോൾ
ഞാൻ മരിക്കട്ടെ, ഞാനിവിടം വിട്ടുപോകട്ടെ.

നീ നീതിമാൻ. ഇല്ല, നീയിങ്ങനെ കടുപ്പിച്ചു പറയില്ല:
“ക്ഷമിക്കൂ. ഇനിയും നിന്റെ നേരമെത്തിയിട്ടില്ല.”
ഇതിനകം നീയെനിക്കെത്രയൊക്കെ തന്നിട്ടില്ല!
എല്ലാ വഴികളിലുമൊരുമിച്ചുനടക്കാൻ ഞാൻ ദാഹിച്ചു!

ഒരു ജിപ്സിഹൃദയത്തോടെ ഞാൻ കൊതിക്കുന്നു:
കട്ടും കവർന്നും പാട്ടും പാടിയെനിക്കു നടക്കണം,
പിയാനോ കേൾക്കുമ്പോഴെൻ്റെ ഹൃദയമാർദ്രമാകണം,
ആമസോണിനെപ്പോലെ പടനിലത്തിലേക്കെടുത്തു ചാടണം;

ഇരുണ്ട മേടയിലിരുന്നു നക്ഷത്രങ്ങളുടെ രഹസ്യം വായിക്കണം,
നിഴൽ വീണ പാതകളിൽ കുഞ്ഞുങ്ങൾക്കു വഴി കാണിക്കണം...
ഇന്നലെകളെ എനിക്കൊരു പഴംകഥയാക്കണം,
ഓരോ നാളുമെനിക്കു ഭ്രാന്തെടുത്തു നടക്കണം!

ഞാൻ സ്നേഹിക്കുന്നു, കുരിശിനെ, പട്ടിനെ, മാർച്ചട്ടയെ
ഒരു നിമിഷത്തേക്കു മിന്നിമറയുന്ന എന്റെ ആത്മാവിനെ...
യക്ഷിക്കഥ പോലെ സുന്ദരമായ ഒരു ബാല്യം നീയെനിക്കു തന്നു;
ഇനി ഞാൻ മരിക്കട്ടെ- ഈ പതിനേഴാമത്തെ വയസ്സിൽ!


(1909 സെപ്തംബർ 26)

Monday, May 12, 2014

മരീന സ്വെറ്റെയേവ - നിന്റെ മുന്നിൽ

marina-tsvetaeva1

 

പുല്ലാങ്കുഴലുകളുടെ സർവപ്രതാപവും-
പുൽക്കൊടികളുടെ മർമ്മരം മാത്രം-
നിന്റെ മുന്നിൽ.

കൊടുങ്കാറ്റുകളുടെ സർവപ്രതാപവും-
കിളികളുടെ പ്രലാപം മാത്രം-
നിന്റെ മുന്നിൽ.

ചിറകുകളുടെ സർവപ്രതാപവും-
കണ്ണിമകളുടെ മന്ത്രണം മാത്രം-
നിന്റെ മുന്നിൽ

മരീന സ്വെറ്റായേവ - ജനാലയ്ക്കൽ മഴ മുട്ടിവിളിക്കുന്നു...


 

എന്റെ ജനാലയ്ക്കൽ മഴ മുട്ടിവിളിക്കുന്നു,
പണിക്കാരൻ കത്തി രാകുന്നതു കേൾക്കുന്നു.
ഞാനൊരിക്കലൊരു തെരുവുഗായികയായിരുന്നു,
നീയൊരു പ്രഭുവിന്റെ മകനുമായിരുന്നു.

എന്റെ കാലദോഷത്തെക്കുറിച്ചു ഞാൻ പാടി,
പൊന്നു പൂശിയ കൈവരിയിൽ ചാഞ്ഞുനിന്നു
നീയെനിക്കു തന്നതു റൂബിളല്ല, കോപ്പെക്കുമല്ല,
നീയുപഹാരം തന്നതൊരു മന്ദഹാസം.

ആ കിഴവൻ, നിന്റെ പിതാവതു കണ്ടുപിടിച്ചു:
നാണയങ്ങളയാൾ തട്ടിയെറിഞ്ഞു,
അ തേവിടിശ്ശിയെ മുറ്റത്തു നിന്നാട്ടിയോടിക്കൂ:
വേലക്കാരനയാൾ കല്പന കൊടുത്തു.

അന്നു രാത്രിയിൽ മത്തടിച്ചു ഞാൻ കിടന്നു!
ആ നിർവൃതിയുടെ ലോകത്തു പക്ഷേ,
ഞാനൊരു പ്രഭുവിന്റെ പുത്രിയായിരുന്നു,
നീയൊരു തെരുവുഗായകനുമായിരുന്നു.


Saturday, May 10, 2014

മരീന സ്വെറ്റായേവ - ഉറക്കമില്ലാത്തൊരു രാത്രിക്കു ശേഷം...

 


 

ഉറക്കമില്ലാത്ത രാത്രിക്കു ശേഷം നിങ്ങളുടെ ഉടൽ തളരുന്നു,
പ്രിയപ്പെട്ടതെങ്കിലും ഇപ്പോഴതു നിങ്ങളുടേതല്ല, ആരുടേതുമല്ല;
ആളുകളെ നോക്കി നിങ്ങൾ മന്ദഹസിക്കുന്നു- 
മാലാഖയെപ്പോലെ.

ആലസ്യത്തിലായ സിരകളിൽ പക്ഷേ, അമ്പുകൾ തേങ്ങുന്നു.

ഉറക്കമില്ലാത്ത രാത്രിക്കു ശേഷം നിങ്ങളുടെ കൈകൾ തളരുന്നു,
ശത്രുവിനോടും മിത്രത്തോടും നിങ്ങൾക്കൊരേയുദാസീനത.
ആകസ്മികശബ്ദങ്ങളിൽ ഒരു മഴവില്ലു വിരിയുമ്പോലെ,
തണുപ്പിൽ പൊടുന്നനേ ഫ്ളോറൻസ് മണക്കുമ്പോലെ.

നിങ്ങളുടെ ചുണ്ടുകളിൽ ഒരു നേർത്ത വെളിച്ചം പടരുന്നു,
കുഴിഞ്ഞ കണ്ണുകൾക്കരികിൽ സ്വർണ്ണനിഴലുകൾ വീഴുന്നു;
ആ ഇരുണ്ട രാത്രിയിലും പക്ഷേ, നിങ്ങളുടെ മുഖം തിളങ്ങുന്നു,
ഒന്നുമാത്രമതിലേറെയിരുളുന്നു- നിങ്ങളുടെ കണ്ണുകൾ.

Friday, May 9, 2014

മരീന സ്വെറ്റായേവ - രാത്രിയിൽ ആരുറങ്ങുന്നു?

marina-tsvetaeva 


രാത്രിയിൽ ആരുറങ്ങുന്നു? ആരുമുറങ്ങുന്നില്ല.
ഒരു കുഞ്ഞ് തൊട്ടിലിൽ കിടന്നു കരയുന്നു,
ഒരു വൃദ്ധൻ മരണം കാത്തു കിടക്കുന്നു,
ഒരു യുവാവ് കാമുകിക്കു മേൽ ചായുന്നു,
അവളുടെ ചുണ്ടിൽ നിശ്വാസമുതിർക്കുന്നു,
അവളുടെ കണ്ണുകളിൽ നോക്കിക്കിടക്കുന്നു.
ഉറങ്ങരുത്, ഉറങ്ങിയാൽ ഇതൊക്കെ നിങ്ങൾക്കു നഷ്ടമാവും.
പിന്നെ നമുക്കു നോക്കാം- അതെ- പിന്നെ നമുക്കുറങ്ങാം.
(1916)

Thursday, May 8, 2014

മരീന സ്വെറ്റായേവ - വളർന്നുവരുന്ന പെൺകുട്ടിയോട്


 

ജനാലയ്ക്കു പുറത്തു പിന്നെയും
മഞ്ഞു വീണു തിളങ്ങുന്ന ദേവതാരം...
നിന്റെയീ കളിത്തൊട്ടിൽ, എന്റെ ചങ്ങാതീ,
എന്തിനു നീയതും കവിഞ്ഞു വളരുന്നു?

മഞ്ഞലകുകൾ പറക്കുന്നു, എന്തിലും ചെന്നു പറ്റുന്നു,
കണ്ടുനിൽക്കുമ്പോൾത്തന്നെയതലിഞ്ഞും പോകുന്നു...
അതിനാലെന്തിന്‌, മൂഢയായ കുട്ടീ,
നീയതും കവിഞ്ഞു വളരുന്നു?

കാലത്തിന്റെ ഭാരമതിൽ അമര്ന്നിരുന്നില്ല,
അതിൽ കിടന്നുറങ്ങുക സുഖകരവുമായിരുന്നു,
നിന്റെ കണ്ണുകൾക്കിപ്പോൾ നീലിമയേറിയിരിക്കുന്നു,
നിന്റെ മുടിയിഴകൾക്കു  പൊൻനിറവുമായിരിക്കുന്നു...

നിന്റെ നോട്ടത്തിൽ വിപുലലോകം തിളങ്ങുന്നു,
നിനക്കെന്നാലതിൽ നിന്നെന്താനന്ദം കിട്ടാൻ?
എന്തിന്‌, എന്തിനെന്റെ പ്രിയപ്പെട്ട പെൺകുട്ടീ,
നിന്റെ കളിത്തൊട്ടിൽ കവിഞ്ഞു നീ വളരുന്നു?

Sunday, April 21, 2013

മരീന സ്വെറ്റയേവ - മറഞ്ഞുകിടക്കുന്നൊരു നിധി പോലെ...

tsveteyeva3

 


മറഞ്ഞുകിടക്കുന്നൊരു നിധി പോലെന്തിനെയോ,
ആരെയോ ഓർത്തും കൊണ്ടു നടന്നുപോകുമ്പോൾ
ഓരോ ചുവടു വയ്ക്കുംതോറുമോരോ പോപ്പിപ്പൂവായി,
പൂക്കളുടെ തല നുള്ളിയെടുക്കും ഞാനലസമായി.

ഇനിയൊരു നാൾ ഗ്രീഷ്മത്തിന്റെ ഊഷരനിശ്വാസത്തിൽ
വിതച്ച പാടത്തിന്റെ വരമ്പിലൂടെ ഞാൻ നടക്കുമ്പോൾ
എന്തോ ഓർത്തും കൊണ്ടു മരണമതുവഴി നടന്നുവരും,
ഒരു പൂവിന്റെ തലയതു നുള്ളിയെടുക്കും- അതെന്റെ!


Friday, April 19, 2013

മരീന സ്വെറ്റയേവ - ബ്ളോക്കിന്‌

tsvetaeva_trans

 


ഉള്ളംകൈയിലൊരു കിളിയുടെ കരൾത്തുടിപ്പു പോലെ,
നിന്റെ പേരതുപോലെ-
നാവിൻതുമ്പത്തലിയുന്ന മഞ്ഞലകു പോലെ,
നിന്റെ പേരതുപോലെ-
ചുണ്ടുകളൊന്നു വിടരുകയേ വേണ്ടു
നിന്റെ പേരിന്നഞ്ചക്ഷരങ്ങളുച്ചരിക്കാൻ;
കുതിച്ചുവന്ന പന്തു കൈയിൽക്കിട്ടിയ പോലെ,
നാവിലൊരു മണിനാദത്തിന്റെ കുളിർമ്മ പോലെ..

അലയടങ്ങിയ തടാകത്തിലൊരു കല്ലു വീണപോലെ,
നിന്റെ പേരു വിളിച്ചുകേൾക്കുന്നതതുപോലെ;
നിശബ്ദരാത്രിയിൽ കുതികൊള്ളുന്ന കുളമ്പടികൾ പോലെ,
നിന്റെ പേരിടിമുഴക്കുന്നതതു പോലെ;
നെറ്റിയിലമർത്തിയ തോക്കിന്റെ കാഞ്ചി വലിച്ച ശബ്ദം പോലെ,
നിശിതം, നിന്റെ പേരതുപോലെ: ബ്ളോക്ക്!

എന്റെ കണ്ണിലൊരു ചുംബനം പോലെ,
നിന്റെ പേരതുപോലെ;
അടഞ്ഞ കണ്ണിമകളുടെ കുളിർമ്മ പോലെ,
നിന്റെ പേരതുപോലെ, മഞ്ഞിന്റെ ചുംബനം പോലെ;
ഉറവെള്ളം കോരിയെടുത്ത കുളിർമ്മ പോലെ-
ഉറക്കം ഞാനുണരാതെയുമാവുന്നു,
നിന്റെ പേരുറക്കുപാട്ടാവുമ്പോൾ.


റഷ്യൻ കവിയായ അലക്സാണ്ടർ ബ്ളോക്കിനു സമർപ്പിച്ച കവിത

മരീന സ്വെറ്റയേവ - സിരകൾ ഞാൻ പിളർന്നു...

tsveteyeva1

സിരകൾ ഞാൻ പിളർന്നു,
എന്റെ ജീവൻ കുത്തിയൊഴുകി,
തടുക്കരുതാതെ, അപരിഹാര്യമായി.
പാത്രങ്ങളും പിഞ്ഞാണങ്ങളും നേരേ പിടിക്കൂ!
അതു കൊള്ളാനാഴമുള്ളതല്ല ഒരു പാത്രവും,
വലിപ്പമുള്ളതല്ല ഒരു പിഞ്ഞാണവും.
വക്കുകൾ കവിഞ്ഞതൊഴുകും,
ഇരുണ്ട മണ്ണിൽ പാടു വീഴ്ത്തി,
ഓടപ്പുല്ലുകൾക്കു ജീവനമായി,
തടുക്കരുതാതെ, അപരിഹാര്യമായി
കവിത കുതിച്ചൊഴുകും.

 


Wednesday, January 16, 2013

മരീന സ്വെറ്റെയേവ - എവിടെ നിന്നാണിത്രയുമാർദ്രത

marina-tsvetaeva


(ഒസീപ് മാൻഡൽഷ്ടമ്മിന്‌)

എവിടെ നിന്നാണിത്രയുമാർദ്രത?
ഞാനാദ്യം തഴുകിയ ചുരുൾമുടിയിതല്ല,
നിന്റേതിലുമിരുണ്ട ചുണ്ടുകളിൽ
പണ്ടു ഞാൻ ചുംബിച്ചുമിരിക്കുന്നു.

നക്ഷത്രങ്ങളുദിച്ചസ്തമിക്കുമ്പോൾ
(എവിടെ നിന്നാണിത്രയുമാർദ്രത?)
മറ്റു കണ്ണുകളെന്നിലേക്കടുത്തിരുന്നു,
എന്നിൽ നിന്നവയകന്നുപോയിരുന്നു.

നീ പാടിയ പോലാരും പാടിക്കേട്ടില്ല,
(എവിടെ നിന്നാണിത്രയുമാർദ്രത?)
രാത്രിയിലിരുട്ടിൽ നിന്റെ  മാറിൽ
തല ചായ്ച്ചു ഞാൻ കിടക്കുമ്പോൾ.

എവിടെ നിന്നാണിത്രയുമാർദ്രത?
ഞാനിതുകൊണ്ടെന്തു ചെയ്യാൻ,
എനിക്കപരിചിതനായ ഗായകാ?
നിന്റേതെത്ര നീണ്ട കൺപീലികൾ!

 


Sunday, July 15, 2012

മരീനാ സ്വെറ്റെയേവ - സത്യമെനിക്കറിയാം

File:T stamp.jpg

സത്യമെനിക്കറിയാം- മറ്റു സത്യങ്ങളൊക്കെ മറന്നേക്കൂ!
ഭൂമിയിലെവിടെയും ഒരാളുമിനി യാതനപ്പെടേണ്ട.
ഇതാ, സന്ധ്യയായി, ഇതാ, രാത്രി തന്നെയായിരിക്കുന്നു.
എന്തിനാണീ തര്‍ക്കങ്ങള്‍ , കവികളേ, കാമുകരേ, പടനായകരേ?



കാറ്റടങ്ങിയിരിക്കുന്നു, മണ്ണിൽ മഞ്ഞു വീണീറനായിരിക്കുന്നു,
ആകാശത്തു നക്ഷത്രങ്ങളുടെ ചണ്ഡവാതത്തിനും ശമനമാവും.
വൈകാതെ നാമോരോരുത്തരും മണ്ണിനടിയിലുറക്കമാവും,
അതിനു മുകളിലായിരിക്കെ അന്യോന്യമുറക്കം കെടുത്തിയ നാം.

1915 ഒക്റ്റോബർ 3



I Know the Truth
I know the truth - forget all other truths!
No need for anyone on earth to struggle.
Look - it is evening, look, it is nearly night:
what will you say, poets, lovers, generals?
The wind is level now, the earth is wet with dew,
the storm of stars in the sky will turn to quiet.
And soon all of us will sleep beneath the earth, we
who never let each other sleep above it.
Trans. by Elaine Feinstein

Sunday, October 24, 2010

മരീനാ സ്വെറ്റെയേവാ- ചുംബനങ്ങൾ


നെറ്റിയിലൊരു ചുംബനം- ഉത്കണ്ഠകൾ മായ്ക്കുമത്.
നെറ്റിയിൽ ചുംബിക്കുന്നു ഞാൻ.

കണ്ണുകളിലൊരു ചുംബനം- ഉറക്കമില്ലായ്മ മാറ്റുമത്.
കണ്ണുകളിൽ ചുംബിക്കുന്നു ഞാൻ.

ചുണ്ടിലൊരു ചുംബനം-ദാഹജലമാകുമത്.
ചുണ്ടിൽ ചുംബിക്കുന്നു ഞാൻ.

നെറ്റിയിലൊരു ചുംബനം- ഓർമ്മകൾ മായ്ക്കുമത്.
നെറ്റിയിൽ ചുംബിക്കുന്നു ഞാൻ.


മരീനാ സ്വെറ്റെയേവാ - ആഹ് മാത്തോവാ, മാൻഡെൽസ്ത്തം, പാസ്തർനാക്ക് എന്നിവരുടെ സമകാലികയായ റഷ്യൻ കവയത്രി. 1941-ൽ ആത്മഹത്യ ചെയ്തു.


വിക്കിപീഡിയ ലേഖനം