Showing posts with label മാള്‍ട്ടെ. Show all posts
Showing posts with label മാള്‍ട്ടെ. Show all posts

Saturday, March 12, 2011

റില്‍ക്കെ - അയൽക്കാർ


തികച്ചും നിരുപദ്രവിയായ ഒരു ജീവി ഈ ലോകത്തുണ്ട്; നിങ്ങളുടെ കണ്ണുകൾക്കു മുന്നിലൂടെ അതു കടന്നുപോകുമ്പോൾ കഷ്ടിച്ചതു നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്നാലായി; അതിനെ പിന്നെ നിങ്ങൾ മറന്നും പോകുന്നു. അതു പക്ഷേ, ഏതോ ഒരു രീതിയിൽ, അദൃശ്യമായും, നിങ്ങളുടെ കാതിൽപ്പെട്ടുവെന്നാലാകട്ടെ, അതവിടെക്കിടന്നു വികസിക്കാൻ തുടങ്ങുന്നു, പെരുകുന്നു; അതു തലച്ചോറിലേക്കു കടന്ന്, നാശകരമായ രിതിയിൽ കിടന്നു തഴയ്ക്കുന്നതിനെക്കുറിച്ചും അറിവുണ്ട്; മൂക്കിലൂടെ നായ്ക്കൾക്കുള്ളിലേക്കു കടക്കുന്ന ന്യൂമോക്കോച്ചിയുടെ സ്വഭാവവും ഇതുതന്നെ.

ഈ ജീവിയാണ്‌ നിങ്ങളുടെ അയൽക്കാരൻ.

ഇന്നതെന്നൊരിടമില്ലാതെ ഞാനിങ്ങനെ ഒഴുകിനടക്കാൻ തുടങ്ങിയതിൽപ്പിന്നെ എണ്ണിയാലൊടുങ്ങത്ത അയൽക്കാർ എനിക്കുണ്ടായിരിക്കുന്നു; താഴെയുള്ള അയൽക്കാർ, മുകളിലുള്ള അയൽക്കാർ, ഇടതുവശത്തെ അയൽക്കാർ, വലതുവശത്തെ അയൽക്കാർ, ചിലപ്പോഴാകട്ടെ, ഒരേനേരം ഈ നാലുതരത്തിൽപ്പെട്ടവരും. എന്റെ അയൽക്കാരുടെ ഒരു ചരിത്രമെഴുതാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല; ഒരായുസ്സതിനെടുക്കുമെന്നേയുള്ളു. ശരിക്കു പറഞ്ഞാൽ അവർ എന്നിൽ ജനിപ്പിച്ച ലക്ഷണങ്ങളുടെ ഒരു ചരിത്രമായിരിക്കുമത്; എന്തെന്നാൽ, ചില ശരീരകലകളിൽ വരുത്തുന്ന വ്യതിയാനങ്ങളിലൂടെ മാത്രം സ്വന്തം സാന്നിദ്ധ്യം വെളിപ്പെടുത്തുക എന്നൊരു സ്വഭാവവിശേഷം സമാനപ്രകൃതികളായ മറ്റു ജീവികളുമായി പങ്കു വയ്ക്കുന്നുണ്ട് അയൽക്കാരെന്ന ഈ ജീവികളും.

പ്രവചനങ്ങൾക്കു വഴങ്ങാത്ത അയൽക്കാരും ഒരു തരത്തിലും ചിട്ട തെറ്റിക്കാത്ത അയൽക്കാരും എനിക്കുണ്ടായിട്ടുണ്ട്. ആദ്യം പറഞ്ഞ തരക്കാരെ ഭരിക്കുന്ന ഒരു നിയമം കണ്ടെത്താൻ മണിക്കൂറുകൾ ഞാൻ പരിശ്രമിച്ചിരിക്കുന്നു; കാരണം ഏതെങ്കിലും തരത്തിലുള്ള ഒരു നിയമത്തിനനുസൃതമായിരിക്കണം അവരുടെ പോലും നടപടികൾ എന്നതിൽ എനിക്കു സംശയമില്ലായിരുന്നു. നിഷ്ഠ തെറ്റിക്കാത്ത എന്റെ അയൽക്കാർ രാത്രിയിൽ പതിവുനേരത്ത് വീട്ടിലെത്താതിരുന്നാലാകട്ടെ, അവർക്കു സംഭവിച്ചിരിക്കാവുന്ന അത്യാഹിതങ്ങളെക്കുറിച്ച് ഞാൻ ഭാവന ചെയ്യാൻ തുടങ്ങും; അവരെയും കാത്ത് ഉറങ്ങാതെ വിളക്കും കത്തിച്ചുവച്ചു ഞാനിരുന്നിട്ടുണ്ട്; ഒരു നവവധുവിനെപ്പോലെ ഉത്കണ്ഠപ്പെട്ടിട്ടുണ്ട്. അന്യോന്യം കൊടുംപക വച്ചുപുലർത്തുന്ന അയൽക്കാർ എനിക്കുണ്ടായിട്ടുണ്ട്; അതുപോലെതന്നെ തീവ്രസ്നേഹത്തിൽപ്പെട്ട അയൽക്കാരും. രാത്രിയുടെ നടുക്ക്, പെട്ടെന്നൊരു മുഹൂർത്തത്തിൽ ഇതിലൊരു വികാരം മറ്റൊന്നാകുന്നതിന്റെ അനുഭവവും എനിക്കുണ്ടായിട്ടുണ്ട്; അന്നു പിന്നെ ഉറങ്ങാമെന്ന പ്രതീക്ഷയും വേണ്ട. ഉറക്കം നാം കരുതും പോലെ ഇടമുറിയാത്ത ഒരു പ്രതിഭാസമല്ല എന്നൊരു പൊതുനിയമവും ഇതിൽ നിന്നു രൂപീകരിക്കാമെന്ന് എനിക്കു തോന്നിപ്പോകുന്നു.


ന്യൂമോക്കോച്ചി- ശ്വാസത്തിലൂടെ നായ്ക്കളിലേക്കു പകരുന്ന ഒരുതരം ബാക്റ്റീരിയ.

from the Notebooks of Malte Laurids Brigge


Friday, September 24, 2010

റില്‍ക്കെ-ഭീതികൾ

File:Rainer Maria Rilke.jpg

 

 

അഞ്ചു കോണിപ്പടികൾ കയറിച്ചെല്ലുന്നിടത്ത് കട്ടിലിൽ കിടക്കുകയാണു ഞാൻ; യാതൊന്നും തടസ്സമാവാത്ത എന്റെ ദിവസമോ, സൂചികളില്ലാത്തൊരു ഘടികാരം പോലെ. വളരെപ്പണ്ടെന്നോ നഷ്ടമായൊരു സംഗതി ഒരു പ്രഭാതത്തിൽ അതിരുന്ന അതേ സ്ഥാനത്ത്, ആരോ അതിനെ കാത്തുസൂക്ഷിക്കുകയായിരുന്നുവെന്നപോലെ, ഒരു കേടും പറ്റാതെ, കാണാതായപ്പോഴത്തേതിനേക്കാൾ പുതുതായി  പ്രത്യക്ഷമാകുന്നതുപോലെ-: അതുപോലെ, എന്റെ വിരിപ്പിൽ അവിടവിടെ വീണുകിടക്കുകയാണ്‌  എന്റെ ബാല്യകാലാനുഭൂതികൾ, പുതിയവയെന്നപോലെ. പൊയ്പ്പോയ ഭീതികളൊക്കെ മടങ്ങിയെത്തിയിരിക്കുന്നു.

എന്റെ വിരിപ്പിന്റെ തുഞ്ചത്തെറിച്ചുനില്ക്കുന്ന ഒരു കമ്പിളിനൂൽ കടുപ്പമുള്ളതാവുമോയെന്ന, ഒരിരുമ്പാണി പോലെ കടുപ്പവും മൂർച്ചയുമുള്ളതാവുമോയെന്ന ഭീതി; ഞാൻ രാത്രിയിലിട്ട ഉടുപ്പിലെ ഈ ബട്ടൺ എന്റെ തലയെക്കാൾ വലുതാവുമോയെന്ന, അതിനെക്കാൾ വലുതും ഭാരിച്ചതുമാവുമോയെന്ന ഭീതി; എന്റെ കിടക്കയിൽ നിന്ന് ഇപ്പോൾ താഴെ വീണ ഈ റൊട്ടിക്കഷണം ഒരു കണ്ണാടിച്ചീളായി മാറി തറയിൽ ഇടിച്ചു ചിതറുമോയെന്ന ഭീതി; അങ്ങനെ വരുമ്പോൾ സർവ്വതും എന്നെന്നേക്കുമായി തകർന്നുപോകുമോയെന്ന ആധി; വക്കു ചുളുങ്ങിയ ഒരു കത്തു പൊട്ടിച്ചത് നിഷിദ്ധമായ ഒരു പ്രവൃത്തിയായോയെന്ന ഭീതി; ഈ മുറിയിൽ ഒരിടവും സുരക്ഷിതമല്ലാത്ത വിധം,ഒരാളുടെയും കണ്ണിൽ പെടാൻ പാടില്ലാത്ത വിധം,  പറയാനാവാത്ത വിധം അമൂല്യമാണതെന്നപോലെ; ഉറങ്ങിപ്പോയാൽ സ്റ്റൗവിനു മുന്നിൽ കിടക്കുന്ന കല്ക്കരി ഞാനെടുത്തു വിഴുങ്ങുമോയെന്ന ഭീതി; ഒരക്കം എന്റെ തലയ്ക്കുള്ളിൽ കിടന്നു പെരുകി ഒടുവിൽ അതിനിടം പോരാതെവരുമോയെന്ന ഭീതി; കരിങ്കല്ലിൽ, നരച്ച കരിങ്കല്ലിലാണോ ഞാൻ കിടക്കുന്നതെന്ന ഭീതി; ഞാൻ വിളിച്ചുകൂവാൻ തുടങ്ങുമെന്നും, ആളുകൾ ഓടിക്കൂടി എന്റെ കതകു ചവിട്ടിപ്പൊളിക്കുമെന്നുള്ള ഭീതി; ഞാൻ എല്ലാം വെളിപ്പെടുത്തുമോയെന്ന, ഞാൻ ഭയക്കുന്നതൊക്കെ പുറത്തുപറയുമോയെന്ന ഭീതി; ഒന്നും പറയാൻ എനിക്കു കഴിയാതെവരുമോയെന്ന, പറയാനരുതാത്തതാണെല്ലാമെന്ന ഭീതിയും; - പിന്നെ മറ്റു ഭീതികൾ...ഭീതികൾ.

എന്റെ ബാല്യത്തിന്റെ വീണ്ടെടുപ്പിനായി ഞാൻ പ്രാർത്ഥിച്ചു, അതു മടങ്ങിയെത്തുകയും ചെയ്തു; ഇപ്പോൾ ഞാനറിയുന്നു, പണ്ടത്തേതുപോലെതന്നെ ദുർവഹമാണ്‌ ഇന്നുമതെന്ന്, മുതിർന്നതു കൊണ്ട് വിശേഷിച്ചു ഫലമൊന്നുമുണ്ടായിട്ടില്ലെന്നും.


Saturday, September 18, 2010

റില്‍ക്കെ-മുഖങ്ങൾ

image

 


 

 

 

 


 

 

ഞാനിതു നേരത്തേ പറഞ്ഞിട്ടുള്ളതാണോ? കാണാൻ പഠിക്കുകയാണു ഞാൻ. അതെ, ഞാൻ തുടങ്ങിയിട്ടേയുള്ളു. അതിനിയും വേണ്ട വഴിക്കായിട്ടില്ല. എന്നാൽക്കൂടി കിട്ടിയ സമയം പരമാവധി പ്രയോജനപ്പെടുത്താൻ പോവുകയാണു ഞാൻ.

ഒരുദാഹരണം പറഞ്ഞാൽ, എത്രയാണു മുഖങ്ങൾ എന്നൊരു ചിന്ത എന്റെ മനസ്സിൽ മുമ്പുണ്ടായിട്ടേയില്ല. എത്രയാണു മനുഷ്യർ; അതിലധികമാണു മുഖങ്ങൾ പക്ഷേ; കാരണം ഒരാൾക്കു പലതുണ്ടല്ലോ മുഖങ്ങൾ. വർഷങ്ങളായി ഒരേ മുഖം തന്നെ വച്ചുനടക്കുന്നവരുണ്ട്; സ്വാഭാവികമായും അതു പഴകിത്തേയും, അതിൽ അഴുക്കു പുരളും, അതിന്റെ വക്കുകൾ അടരും; ഒരു നീണ്ടയാത്രയിൽ ധരിച്ച കൈയുറകൾ പോലെ അതു വലിഞ്ഞുനീളുകയും ചെയ്യും. മിതവ്യയക്കാരായ, സങ്കീർണ്ണതകളൊന്നുമില്ലാത്ത മനുഷ്യരാണവർ; അവർ അതു മാറ്റുകയേയില്ല; അതൊന്നു വൃത്തിയാക്കിച്ചിട്ടുമില്ല. ഇതിനെന്താ കുഴപ്പം? അവർ ചോദിക്കുകയാണ്‌; നേരേ മറിച്ചാണു കാര്യമെന്ന് അവരെ ബോധ്യപ്പെടുത്താൻ ആരെക്കൊണ്ടാവും? അവർക്കു വേറെയും പല മുഖങ്ങളുള്ള സ്ഥിതിയ്ക്ക് അവർ അവ എന്തു ചെയ്യുന്നുവെന്ന് തീർച്ചയായും നിങ്ങൾക്കു സംശയം തോന്നാം. ആ മുഖങ്ങൾ അടച്ചുപൂട്ടി വച്ചിരിക്കുകയാണവർ . അവരുടെ സന്തതികൾ അവയും ധരിച്ചു നടക്കും. ചിലപ്പോൾ പക്ഷേ, അവരുടെ നായ്ക്കളും പുറത്തു പോവുമ്പോൾ ആ മുഖങ്ങൾ എടുത്തു ധരിക്കാറുണ്ട്. എന്തു കൊണ്ടായിക്കൂടാ? മുഖം മുഖം തന്നെ.

അവിശ്വസനീയമായ വേഗത്തിൽ മുഖങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നവരാണ്‌ മറ്റുള്ളവർ; മാറ്റിയും വച്ചും അവ പഴകും. എത്രയെടുത്താലും തീരാത്ത ഒരു ശേഖരം തങ്ങൾക്കുണ്ടെന്നാവും ആദ്യമൊക്കെ അവരുടെ വിചാരം; പക്ഷേ കഷ്ടിച്ചു നാല്പതിലെത്തുമ്പോഴേക്കും ഒന്നേ അവർക്കു ശേഷിക്കുന്നുണ്ടാവു. ഒരു ദുരന്തഛായ അതിനുണ്ടെന്നും പറയണം. മുഖങ്ങളെ വേണ്ടവിധം കൊണ്ടുനടക്കുക എന്നത് അവർക്കു ശീലത്തിലുള്ളതല്ല; അവരുടെ അവസാനത്തെ മുഖവും ഒരാഴ്ചയ്ക്കുള്ളിൽ പഴകുന്നു, അതിൽ തുള വീഴുന്നു, പലേടത്തും അതു കടലാസു പോലെ നേർത്തുപോകുന്നു; പിന്നെ പതിയെപ്പതിയെ അതിന്റെ ഉൾപ്പാളി പുറമേ കണ്ടുതുടങ്ങുകയും ചെയ്യുന്നു: മുഖമല്ലാത്ത ഒന്ന്. അതും വച്ച് അവർ ചുറ്റിനടക്കും.