Showing posts with label ഏണെസ്റ്റോ കാർദിനൽ. Show all posts
Showing posts with label ഏണെസ്റ്റോ കാർദിനൽ. Show all posts

Thursday, October 31, 2013

ഏണസ്റ്റോ കാര്‍ഡിനൽ - മരിലിൻ മൺറോയ്ക്കായി ഒരു പ്രാർത്ഥന

Marilyn Monroe-1212880
കർത്താവേ,
ഇവളെ കൈക്കൊള്ളേണമേ,
ലോകമെവിടെയും മരിലിൻ മൺറോയെന്നറിയപ്പെടുന്ന ഇവളെ,
അതല്ല അവളുടെ ശരിക്കുള്ള പേരെങ്കിലും,
(അവളുടെ ശരിക്കുള്ള പേരു പക്ഷേ, അവിടുത്തേക്കറിയാത്തതുമല്ലല്ലോ,
ആറാം വയസ്സിൽ ബലാൽസംഗത്തിനിരയായ ഈ അനാഥയുടെ,
പതിനാറാം വയസ്സിൽ ആത്മഹത്യക്കു ശ്രമിച്ച ഈ സെയിൽസ്ഗേളിന്റെ).
ഇന്നവൾ നിന്റെ മുന്നിലേക്കെത്തുന്നു, മേക്കപ്പില്ലാതെ, പ്രസ് മാനേജരില്ലാതെ,
ഫോട്ടോഗ്രാഫർമാരും ഓട്ടോഗ്രാഫ് വേട്ടക്കാരുമില്ലാതെ,
അന്ധകാരത്തെ മുഖാമുഖം നോക്കിനില്ക്കുന്ന
ഒരു ബഹിരാകാശസഞ്ചാരിയുടെ ഏകാന്തതയോടെ.

ചെറുപ്പത്തിലൊരിക്കൽ അവൾ സ്വപ്നം കണ്ടു,
ഒരു പള്ളിക്കുള്ളിൽ നഗ്നയായി നില്ക്കുകയാണു താനെന്ന്,
(ടൈം വാരികയിൽ വായിച്ചതാണേയിത്)
തറയിൽ തല മുട്ടിച്ചു വണങ്ങുന്ന ഒരു ജനക്കൂട്ടത്തിനു മുന്നിലാണു താനെന്ന്,
ആ തലകളിൽ ചവിട്ടാതിരിക്കാനായി കാലു സൂക്ഷിച്ചുവച്ചു നടക്കുകയാണു താനെന്ന്.
ഏതു മനഃശാസ്ത്രജ്ഞനെക്കാളും ഞങ്ങളുടെ സ്വപ്നങ്ങളറിയുന്നവനാണല്ലോ നീ.
പള്ളി, വീട്, ഗുഹ ഇതൊക്കെ പ്രതിനിധാനം ചെയ്യുന്നത്
ഗർഭപാത്രത്തിന്റെ സുരക്ഷിതത്വം തന്നെ,
എന്നാൽ അതിനപ്പുറം ചിലതു കൂടിയാണത്...
ആ തലകൾ അവളുടെ ആരാധകർ, അതിൽ സംശയമില്ല;
(തിരശ്ശീലയിലേക്കു പായുന്ന പ്രകാശരശ്മിക്കടിയിലെ ഇരുട്ടിൽ തൂന്നുകൂടിയ തലകൾ).
ആ ദേവാലയം പക്ഷേ, ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ സ്റ്റുഡിയോ അല്ല.
സ്വർണ്ണവും മാർബിളും കൊണ്ടുള്ള ആ ദേവാലയം
അവളുടെ ഉടലെന്ന ആ ദേവാലയമത്രെ.
അതിനുള്ളിൽ ചാട്ടവാറുമായി നില്ക്കുകയാണ്‌ മനുഷ്യപുത്രൻ.
അടിച്ചിറക്കുകയാണവൻ ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ മുതലാളിമാരെ,
തന്റെ പ്രാർത്ഥനാലയത്തെ കള്ളന്മാരുടെ മടയാക്കിയവരെ.

images (1)
കർത്താവേ,
പാപവും അണുവികിരണവും കൊണ്ടൊരേ പോലെ മലിനമായ ഈ ലോകത്ത്
ഒരു സെയിൽസ്ഗേളിനെ മാത്രമായി നീ പഴിക്കില്ലല്ലോ?
(മറ്റേതു സെയിൽസ്ഗേളിനെയും പോലെ)
ഒരു താരമാവുക എന്നു സ്വപ്നം കണ്ടതു മാത്രമാണവൾ ചെയ്ത കുറ്റം.
അവളുടെ സ്വപ്നം യാഥാർത്ഥ്യവുമായി (ഒരു ടെക്നികളർ സ്വപ്നം.)
ഞങ്ങൾ കൊടുത്ത തിരക്കഥയ്ക്കനുസരിച്ചഭിനയിക്കുകയേ അവൾ ചെയ്തുള്ളു.
ആ തിരക്കഥ ഞങ്ങളുടെ ജീവിതകഥയായിരുന്നു,
അതാകെ കഥയില്ലായ്മയുമായിരുന്നു.
അവളോടു പൊറുക്കേണമേ കർത്താവേ,
അതുപോലെ ഞങ്ങളോടും,
ഈ ഇരുപതാം നൂറ്റാണ്ടിന്റെ പേരിൽ,
ഞങ്ങളേവരുടെയും സഹകരണത്തോടെ നിർമ്മിച്ച ഈ ബ്രഹ്മാണ്ഡപ്പടപ്പിന്റെ പേരിൽ.
അവൾ പ്രണയത്തിനു ദാഹിച്ചപ്പോൾ ഞങ്ങൾ കൊടുത്തത് ഉറക്കഗുളികയായിരുന്നു.
ഞങ്ങളാരും പുണ്യവാളന്മാരല്ല എന്നവൾ നിരാശപ്പെട്ടപ്പോൾ
ഞങ്ങൾ ശുപാർശ ചെയ്തതു മനോരോഗവിദഗ്ധരെ ആയിരുന്നു.
ഓർമ്മയില്ലേ, കർത്താവേ,
ക്യാമറയ്ക്കു മുന്നിൽ നില്ക്കാൻ അവൾക്കു പേടി കൂടിക്കൂടി വന്നത്,
അവൾക്കു മേക്കപ്പ് വെറുപ്പായത്,
ഓരോ സീനിലും പുതിയ മേക്കപ്പു വേണമെന്നു വാശി പിടിച്ചത്,
ഉൾക്കിടിലം വളർന്നുവളർന്നൊടുവിൽ ഷൂട്ടിംഗിനെത്താൻ വൈകിയിരുന്നത്?

മറ്റേതൊരു സെയിൽസ്ഗേളിനെയും പോലെ
ഒരു താരമാവണമെന്ന സ്വപ്നമേ അവൾക്കുണ്ടായിരുന്നുള്ളു.
ഒരു സ്വപ്നം പോലെ അയഥാർത്ഥവുമായിരുന്നു അവളുടെ ജീവിതം,
ഒരു മനഃശാസ്ത്രജ്ഞൻ വ്യാഖ്യാനിച്ചു കഴിഞ്ഞിട്ടൊടുവിൽ
ഫയലു ചെയ്തു വയ്ക്കുന്ന ഒരു സ്വപ്നം.

കണ്ണടച്ചുള്ള ചുംബനങ്ങളായിരുന്നു അവളുടെ റൊമാൻസുകൾ;
കണ്ണു തുറന്നപ്പോൾ അവൾ കണ്ടു,
ഫ്ളഡ് ലൈറ്റുകൾക്കടിയിലായിരുന്നു തന്റെ പ്രണയങ്ങളെന്ന്.
ഇപ്പോൾ ഫ്ളഡ് ലൈറ്റുകൾ കെടുത്തിക്കഴിഞ്ഞിരിക്കുന്നു,
മുറിയുടെ രണ്ടു ചുമരുകൾ (അതൊരു സിനിമാസെറ്റായിരുന്നു) എടുത്തുമാറ്റിയിരിക്കുന്നു,
ഷൂട്ടിംഗ് തീർത്ത സംവിധായകൻ തിരക്കഥയുമായി പൊയ്ക്കഴിഞ്ഞിരിക്കുന്നു.
ഇനിയല്ലെങ്കിൽ ഒരു കപ്പൽയാത്രയായിരുന്നു അത്,
സിംഗപ്പൂരിൽ വച്ചൊരു ചുംബനം, റിയോയിലൊരു നൃത്തം,
വിൻസറിലെ പ്രഭുമന്ദിരത്തിൽ ഒരു വിരുന്നുസല്ക്കാരം.
ഒക്കെയും ഒരു മൂന്നാംകിട ഫ്ളാറ്റിന്റെ ദരിദ്രം പിടിച്ച സ്വീകരണമുറിയിലെ കാഴ്ചകൾ.

ഒരന്ത്യചുംബനമില്ലാതെ സിനിമ അവസാനിച്ചു.
ഒരു കൈ ഫോണിൽ വച്ച് അവൾ മരിച്ചുകിടക്കുന്നതാണു കണ്ടത്.
അവൾ ആരെ വിളിക്കാൻ പോവുകയായിരുന്നുവെന്ന്
ഡിറ്റക്ടീവുകൾ ഇനിയും കണ്ടെത്തിയിട്ടില്ല.
ഒരാൾ തനിക്കാകെ അറിയുന്ന ഒരു സൌഹൃദശബ്ദത്തിലേക്കു വിളിക്കുമ്പോൾ
“റോങ്ങ് നമ്പർ” എന്നു റെക്കോഡു ചെയ്തു വച്ചിരിക്കുന്നതു കേൾക്കുമ്പോലെയാണത്;
അല്ലെങ്കിൽ കവർച്ചക്കാർ മുറിപ്പെടുത്തിയ ഒരാൾ
കേബിൾ മുറിച്ചിട്ട ഫോണിലേക്കു കൈയെത്തിക്കുമ്പോലെ.

കർത്താവേ,
അവൾ വിളിക്കാൻ പോയതാരെയുമാവട്ടെ,
(അതാരെയുമല്ലെന്നു തന്നെയിരിക്കട്ടെ,
അല്ലെങ്കിൽ ലോസ് ഏഞ്ചലസ് ഡയറക്ടറിയിലില്ലാത്ത ഒരാളുടെ നമ്പരാണതെന്നുമിരിക്കട്ടെ)
കർത്താവേ, ആ ഫോണൊന്നെടുക്കേണമേ.

marilyndeathbed_large





Thursday, July 11, 2013

ഏണെസ്റ്റോ കാർദിനൽ - ക്ളാഡിയാ, ഈ വരികൾ നിനക്കായി...

ernesto cardinal




ഈ വരികൾ നിനക്കായർപ്പിക്കട്ടെ ഞാൻ, ക്ളാഡിയാ,
നിനക്കു മാത്രമുള്ളതാണവയെന്നതിനാൽ;
പൊടിപ്പും തൊങ്ങലുമതിൽ വച്ചിട്ടില്ല ഞാൻ ക്ളാഡിയാ,
നിനക്കതെളുപ്പം മനസ്സിലാവട്ടെയെന്നതിനാൽ.
നിനക്കുള്ളതാണെങ്കിലും നിനക്കവ മുഷിഞ്ഞെന്നിരിക്കട്ടെ,
ഒരുനാളവ
സ്പാനിഷ് അമേരിക്കയാകെ പരന്നുവെന്നു വരാം, .
അവയെഴുതിയ പ്രണയത്തെ നീ തള്ളിപ്പറഞ്ഞുവെന്നിരിക്കട്ടെ,
അന്യസ്ത്രീകൾ
ആ പ്രണയത്തെ സ്വപ്നം കണ്ടുവെന്നുവരാം, ;
ഈ വരികൾ വായിക്കുന്ന മറ്റു കാമുകർക്കു കിട്ടിയെന്നു വരാം,
ഈ കവിക്കു നിന്നിൽ നിന്നു കിട്ടാത്ത ചുംബനങ്ങൾ, ക്ളാഡിയാ.


Wednesday, July 10, 2013

ഏണെസ്റ്റോ കാർദിനൽ - എനിക്കു നിന്നെ നഷ്ടപ്പെട്ടപ്പോൾ...

ernesto cardenal




എനിക്കു നിന്നെ നഷ്ടമായപ്പോൾ
നമുക്കിരുവര്ക്കും നഷ്ടം പറ്റി:
എനിക്ക് - നിന്നെപ്പോലെ മറ്റാരെയും
ഞാൻ സ്നേഹിച്ചിട്ടില്ലെന്നതിനാൽ;
നിനക്ക് - എന്നെപ്പോലെ മറ്റാരും
നിന്നെ സ്നേഹിച്ചിട്ടില്ലെന്നതിനാൽ.
നാമിരുവരിൽ വച്ചു പക്ഷേ,
ഏറെ നഷ്ടം പറ്റിയതു നിനക്കായിരുന്നു:
നിന്നെ സ്നേഹിച്ച പോലെ മറ്റാരെയും
എനിക്കു സ്നേഹിക്കാമെന്നതിനാൽ;
ഞാൻ സ്നേഹിച്ച പോലെ മറ്റാരും
നിന്നെ സ്നേഹിക്കയില്ലെന്നതിനാൽ.
ഇനിയൊരു കാലത്തു ചില പെൺകുട്ടികൾ
ഈ വരികൾ വായിച്ചുത്തേജിതരാവുകയും,
കവിയെ സ്വപ്നം കാണുകയും ചെയ്തെന്നിരിക്കട്ടെ,
അപ്പോഴുമവർക്കറിയാം, ഞാനിച്ചെയ്തത്
നിന്നെപ്പോലൊരുത്തിക്കു വേണ്ടിയാണെന്ന്,
അതുകൊണ്ടു പക്ഷേ, ഫലമുണ്ടായില്ലെന്നും.


Tuesday, July 9, 2013

ഏണെസ്റ്റോ കാർദിനൽ - ബ്രായുടെ വില

ernesto-cardenal



വിപ്ളവത്തെക്കുറിച്ചു പരാതി പറയുകയായിരുന്നു എന്റെ ഒരനന്തരവൾ:
പണ്ടില്ലാത്ത വിലയാണത്രെ, ബ്രായ്ക്കിപ്പോൾ.
മുലയുണ്ടായാലത്തെ സ്ഥിതി എനിക്കറിയില്ല,
അതേ സമയം ബ്രായില്ലാതെ നടക്കുന്നതിൽ
എന്തെങ്കിലും മനഃക്ളേശം എനിക്കുണ്ടാവുകയില്ല
എന്നു തന്നെയാണ്‌ എന്റെ തോന്നൽ.
എസ്ക്യൂപ്പുലാ ഗ്രാമത്തിനു തൊട്ടടുത്താണ്‌
എന്റെ സ്നേഹിതൻ റഫേൽ കൊർദോവയുടെ താമസം.
പണ്ടൊക്കെ കുഞ്ഞുശവപ്പെട്ടികളുമായി എത്ര വിലാപയാത്രകളാണ്‌
വഴിയിലൂടെ പോയിരുന്നതെന്ന് അയാളെന്നോടു പറഞ്ഞു:
എന്നും വൈകുന്നേരം നാലും അഞ്ചും ആറും എട്ടും മരണങ്ങൾ;
പ്രായമായവർ അത്ര മരിച്ചിരുന്നില്ല.
അല്പനേരം മുമ്പ് എസ്ക്യൂപ്പുലായിലെ കുഴിവെട്ടുകാരൻ
എന്നെ കാണാൻ വന്നിരുന്നു:
“ഡോക്ടറേ, ഒരു ചെറിയ സഹായം ചോദിക്കാനാണു ഞാൻ വന്നത്;
എനിക്കിപ്പോൾ പണിയൊന്നുമില്ല.
എസ്ക്യൂപ്പുലായിലിപ്പോൾ ശവസംസ്കാരങ്ങളില്ല.”
മുമ്പ് ബ്രായ്ക്കിത്ര വിലയുണ്ടായിരുന്നില്ല;
ഇപ്പോൾ എസ്ക്യൂപ്പുലായിൽ മരണങ്ങൾ തന്നെയില്ല.
ഇനി പറയൂ: ഏതാണു ഭേദം?


ഏണെസ്റ്റോ കാർഡിനൽ (ജനനം 1925)നിക്കരാഗ്വൻ കത്തോലിക്കാ പുരോഹിതനും കവിയും രാഷ്ട്രീയപ്രവർത്തകനും. വിമോചനദൈവശാസ്ത്രത്തിന്റെ വക്താവ്.