Showing posts with label വാന്‍ ഗോഗ്. Show all posts
Showing posts with label വാന്‍ ഗോഗ്. Show all posts

Sunday, April 21, 2013

വാൻ ഗോഗ് - രാത്രിനേരത്തെ കോഫീഹൌസ്

Café-Terrace-on-the-Place-du-Forum,-Arles,-at-Night,-The

 


നക്ഷത്രാവൃതമായ ആകാശം പശ്ചാത്തലമാക്കി വാൻ ഗോഗ് വരയ്ക്കുന്ന ആദ്യത്തെ ചിത്രമാണ്‌ 1888 സെപ്തംബർ മദ്ധ്യത്തിൽ ചെയ്ത ‘രാത്രിനേരത്തെ കോഫീഹൌസ്.’ അതേ മാസം തന്നെ ‘റോൺ നദിയ്ക്കു മേൽ നക്ഷത്രാവൃതമായ ആകാശ’വും, ഒരു കൊല്ലം കഴിഞ്ഞ് പ്രസിദ്ധമായ ‘നക്ഷത്രാവൃതമായ രാത്രി’യും അദ്ദേഹം വരച്ചു. സഹോദരി വിൽഹെമിനാ വാൻ ഗോഗിന്‌ സെപ്തംബർ 16ന്‌ എഴുതിയ കത്തിൽ നിന്ന്:


“രാത്രിനേരത്തെ ഒരു കോഫീ ഹൌസിന്റെ ബഹിർഭാഗം ചിത്രീകരിയ്ക്കുന്ന പുതിയൊരു പെയിന്റിങ്ങിന്റെ പണിയിലാണ്‌ ഞാൻ. ടെറസ്സിൽ ചെറിയ ആൾരൂപങ്ങൾ കാപ്പി കുടിച്ചു കൊണ്ടിരുപ്പുണ്ട്. കൂറ്റനൊരു മഞ്ഞറാന്തലിന്റെ വെളിച്ചം മട്ടുപ്പാവിലും കെട്ടിടത്തിന്റെ മുഖപ്പിലും വന്നുവീഴുന്നു; തെരുവിൽ പാകിയ തറക്കല്ലുകൾക്ക് ആ വെളിച്ചത്തിൽ ഇളം ചുവപ്പു കലർന്ന ഒരു വയലറ്റുഛായ കൈവരുന്നു. നക്ഷത്രങ്ങൾ വിതറിയ നീലാകാശത്തിനു ചുവട്ടിൽ നീണ്ടുകിടക്കുന്ന തെരുവിലെ വീട്ടുമുഖപ്പുകൾക്ക് നിറം കടുംനീല, അല്ലെങ്കിൽ ഒരു മരത്തിന്റെ പച്ചയുമായി വയലറ്റ്. ഈ രാത്രിയുടെ ചിത്രത്തിൽ കറുപ്പേയില്ല, മനോഹരമായ നീലയും വയലറ്റും പച്ചയും മാത്രം; ചുറ്റിനുമുള്ള പ്രദേശം വിളറിയ ഗന്ധകമഞ്ഞയും നാരകപ്പച്ചയും. രാത്രിയെ നേരിട്ടു വരയ്ക്കുന്നത് എന്നെ ഏറെ രസിപ്പിക്കുന്നു. സാധാരണഗതിയിൽ സ്കെച്ചു ചെയ്തിട്ട് പിന്നെ പകൽനേരത്താണു നാം പെയിന്റു ചെയ്യുക. പക്ഷേ വസ്തുക്കളെ അപ്പോൾത്തന്നെ നേരിട്ടു വരയ്ക്കുന്നതിലാണ്‌ എനിയ്ക്കു തൃപ്തി. ഇരുട്ടിൽ നീല പച്ചയായോ, നീലലൈലാക്ക് ഇളംചുവപ്പു ലൈലാക്കായോ തോന്നിയേക്കാമെന്നതു ശരി തന്നെ; അതേ സമയം അരണ്ട വെളിച്ചമുള്ള സാമ്പ്രദായികരാത്രികളിൽ നിന്നു മാറിപ്പോകാൻ എനിക്കിതല്ലാതെ വേറേ മാർഗ്ഗവുമില്ല. വെറുമൊരു മെഴുകുതിരി പോലും എത്ര സമൃദ്ധമായ മഞ്ഞകളും ഓറഞ്ചുകളുമാണു നമുക്കു നൽകുക...“


Tuesday, April 16, 2013

വാൻ ഗോഗ് - തൂവൽ കൊഴിക്കുന്ന കാലം പക്ഷികൾക്കേതു പോലെയാണോ…

van gogh1

 


തൂവൽ കൊഴിക്കുന്ന കാലം പക്ഷികൾക്കേതു പോലെയാണോ, അതു പോലെയാണ്‌ വിപത്തുകളുടെ, ദൌർഭാഗ്യങ്ങളുടെ കഷ്ടകാലം നമ്മൾ, മനുഷ്യജീവികൾക്കും. നമുക്കു വേണമെങ്കിൽ അതിൽത്തന്നെ കഴിഞ്ഞുകൂടാം, അതല്ലെങ്കിൽ പുത്തൻതൂവലുകളുമായി പുറത്തു വരാം; പക്ഷേ അന്യരുടെ കണ്ണുകൾക്കു മുന്നിൽ വച്ചാകരുതത്; കാണാൻ ഒരു രസവുമുണ്ടാവില്ല. അതുകൊണ്ട് അകലേയ്ക്കു പോവുകയാണു യുക്തി എന്നെനിയ്ക്കു തോന്നുന്നു; നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാനെന്നൊരാൾ ഈ ലോകത്തില്ലാതാവുന്ന രീതിയിൽ അത്രയ്ക്കകലത്താവട്ടെ ഞാൻ.


എന്റെ കാര്യം പറയട്ടെ, ഞാൻ ഒരു വികാരജീവിയാണ്‌; മൂഢതകൾ പലതും ചെയ്തുപോവുന്ന, അതിനടിമയായ ഒരാൾ; പിന്നീടു പലപ്പോഴും ഞാൻ അതിനെക്കുറിച്ചു പശ്ചാത്തപിക്കാറില്ലെന്നല്ല. അല്പം ക്ഷമ കാണിച്ചു കാത്തിരിക്കേണ്ടിയിരുന്ന ചില അവസരങ്ങളിൽ സംസാരത്തിലും പ്രവൃത്തിയിലും തിടുക്കം കാണിച്ചിട്ടുണ്ടു ഞാൻ. മറ്റു മനുഷ്യരും ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള ബുദ്ധിമോശങ്ങൾ കാണിക്കുന്നുണ്ടാവാം. അതിരിക്കട്ടെ, ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ എന്തു ചെയ്യണം? ഒന്നിനും കഴിവില്ലാത്ത, അപകടകാരിയായ ഒരാളാണു ഞാനെന്നു സ്വയം കരുതുകയാണോ വേണ്ടത്? അല്ലെന്നെനിക്കു തോന്നുന്നു. അതേ വികാരങ്ങളെ ഏതു വിധേനയും ഉപയോഗപ്രദമായ ഒരു ചാലിലേക്കു തിരിച്ചുവിടാൻ ശ്രമിക്കുകയാണു ഞാൻ ചെയ്യേണ്ടത്. ഒരുദാഹരണം പറഞ്ഞാൽ, പുസ്തകങ്ങളുടെ കാര്യത്തിൽ തടുക്കരുതാത്തൊരാസക്തി എനിക്കുണ്ട്; ആഹാരത്തോടുള്ള ആർത്തി തന്നെയാണ്‌ പഠനത്തോടും എനിക്കുള്ളത്. നിനക്കതു മനസ്സിലാക്കാവുന്നതേയുള്ളു. ഞാൻ മറ്റൊരു ചുറ്റുപാടിലായിരുന്നപ്പോൾ, ചിത്രങ്ങളും കലാവസ്തുക്കളും നിറഞ്ഞ ഒരു ചുറ്റുപാടിലായിരുന്നപ്പോൾ, നിനക്കറിയുന്നതല്ലേ, ഭ്രാന്തമായൊരാവേശമായിരുന്നു അവയോടെനിക്ക്. എനിക്കതിൽ പശ്ചാത്തപിക്കാൻ തോന്നുന്നുമില്ല. ഇപ്പോൾ ഇത്രയും അകലെക്കിടക്കെ, ചിത്രങ്ങൾ നിറഞ്ഞ ആ ദേശത്തെക്കുറിച്ചു നഷ്ടബോധം തോന്നുകയാണെനിയ്ക്ക്.



(ദൈവശാസ്ത്രപഠനം മുഴുമിക്കാതെ ബോറിനേജിൽ പോയി അവിടത്തെ ഖനിത്തൊഴിലാളികൾക്കിടയിൽ സുവിശേഷവേല നടത്തുന്ന കാലത്ത്(1878) തിയോക്കെഴുതിയ കത്തിൽ നിന്ന്)

Monday, April 8, 2013

വാൻ ഗോഗ് അമൂർത്തതയെക്കുറിച്ച്

267379_144155755729231_1397689525_n

ഗോഗാങ്ങ് ആർലേയിൽ ഉണ്ടായിരുന്നപ്പോൾ ഒന്നുരണ്ടു തവണ ഞാൻ അമൂർത്തതയിലേക്കു തെന്നിപ്പോവാൻ സ്വയം വിട്ടുകൊടുത്തിരുന്നു; ഉദാഹരണത്തിന്‌ ബുക്ക് ഷെല്ഫിന്റെ മഞ്ഞയുടെ പശ്ചാത്തലത്തിൽ കറുപ്പുമായി “നോവൽ വായിക്കുന്ന സ്ത്രീ”യിൽ;. അക്കാലത്ത് അമൂർത്തത ആകർഷണീയമായ ഒരു രീതിയായിട്ടാണ്‌ എനിക്കു തോന്നിയിരുന്നത്. പക്ഷേ അതൊരു മതിഭ്രമമായിരുന്നു; വൈകാതെ ഒരു കന്മതിലിനു മുന്നിലെത്തുകയാണു നിങ്ങൾ.


പരീക്ഷണങ്ങൾ നിറഞ്ഞ, പ്രകൃതിയുമായി നേർക്കു നേരുള്ള മല്പിടുത്തങ്ങൾ നിറഞ്ഞ ഒരായുസ്സിനു ശേഷം അതിൽ ഒരു കൈ നോക്കരുതെന്നല്ല ഞാൻ പറയുന്നത്; പക്ഷേ വ്യക്തിപരമായി പറയുമ്പോൾ അത്തരം കാര്യങ്ങൾ കൊണ്ടു തല പുകയ്ക്കാൻ എനിക്കാഗ്രഹമില്ല. ഈ വർഷം മുഴുവൻ പ്രകൃതിയിൽ നിന്ന് കൊച്ചുകൊച്ചു കാര്യങ്ങൾ പകർത്തുകയായിരുന്നു ഞാൻ; ഇമ്പ്രഷനിസം, ആ വകയിലേക്കൊന്നും എന്റെ ചിന്ത പോയതേയില്ല. എന്നിട്ടും ഒരു തവണ കൂടി എനിക്കപ്രാപ്യമായ നക്ഷത്രങ്ങൾക്കു നേർക്കു കൈനീട്ടുന്നതിലേക്ക് ഞാൻ വഴി തെറ്റിപ്പോയി; അതൊരു പരാജയമായിരുന്നു; ഇനി ഞാൻ അതിലേക്കില്ല.

408213_143958652415608_984733563_n
ഞാൻ ഇപ്പോൾ ചെയ്യുന്നത് ഒരു ഒലീവുതോട്ടമാണ്‌; മണ്ണിന്റെ മഞ്ഞയ്ക്കെതിരെ ആകാശത്തിന്റെ നരച്ച നിറം; മഞ്ഞനിറമായ ആകാശത്തിനൊപ്പം കടും ചുവപ്പായ ഇലകളും മണ്ണും; അല്ലെങ്കിൽ ചേടിനിറമുള്ള മണ്ണും പച്ചയും ഊതവും കലർന്ന ആകാശവും- ഈ ചേരുവകളുടെ പരിണതികളെയാണ്‌ ഞാൻ തേടുന്നത്. അതെ, മുമ്പു പറഞ്ഞ അമൂർത്തതകളെക്കാൾ ഇതൊക്കെയാണ്‌ ആകർഷകമായി എനിക്കു തോന്നുന്നത്.


(1889 നവംബർ 20ന്‌ എമിൽ ബർണാഡിനയച്ച കത്തിൽ നിന്ന്)


Sunday, April 7, 2013

വാൻ ഗോഗ് - പൂവിടുന്ന ബദാം മരം

545337_148249538653186_1268234242_n



വാൻ ഗോഗിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നാണ്‌ ‘ പൂവിടുന്ന ബദാം മരം.’ ചിത്രകാരനും അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾക്കും അത്രമേൽ പ്രിയപ്പെട്ടതാകയാൽ അത്രകണ്ട് ശ്രദ്ധേയവും. ഒരു വ്യക്തിയെ മാത്രം മുന്നിൽക്കണ്ട് വാൻ ഗോഗ് വരച്ച ചുരുക്കം ചിത്രങ്ങളിൽ ഒന്നാണിത്- ഇവിടെ അത് തന്റെ പ്രിയപ്പെട്ട അനുജൻ തിയോയ്ക്കു പിറന്ന ആൺകുട്ടിയും. തങ്ങളുടെ മകന്‌ ‘വിൻസെന്റ്’ എന്നു പേരു വിളിയ്ക്കാൻ തിയോയും ജോഹന്നയും തീരുമാനിച്ചപ്പോൾ വാൻ ഗോഗിന്റെ മനസ്സിനെ അതു വല്ലാതെ സ്പർശിച്ചു; തന്റെ പേരുകാരനായ ആ കുട്ടിയ്ക്ക് വാൻ ഗോഗിന്റെ ഉപഹാരമാണ്‌ ‘പൂവിടുന്ന ബദാം മരം.’ തന്റെ അനന്തരവനോടുള്ള മമതയുടെയെന്നപോലെ താൻ അത്രമേൽ ആദരിച്ചിരുന്ന ജാപ്പനീസ് കലയുടെ കൂടി സൃഷ്ടി.
“അവൻ കുട്ടിയ്ക്ക് എന്റെ പേരിടുന്നതിനു പകരം അച്ഛന്റെ പേരിടുന്നതായിരുന്നു എനിക്കിഷ്ടം; ഇനിയിപ്പോൾ പേരിടൽ നടന്നു കഴിഞ്ഞതിനാൽ ഞാൻ അവന്റെ കിടപ്പുമുറിയിൽ തൂക്കിയിടാനായി ഒരു ചിത്രം ചെയ്യാൻ തുടങ്ങി; നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ വെളുത്ത പൂക്കളുമായി വലിയ ബദാം മരച്ചില്ലകൾ...”

(1890 ഫെബ്രുവരി 20ന്‌ അമ്മയ്ക്കെഴുതിയ കത്ത്)


“ഞാൻ ചെയ്തതിൽ വച്ചേറ്റവും മികച്ചതും, ക്ഷമയെടുത്തു ചെയ്തതും ഇതാണെന്നു പറയാം; മനശ്ശാന്തതയോടെ, ഉറച്ച കൈയോടെ...”
(1890 ഏപ്രിൽ 15ന്‌ തിയോക്കെഴുതിയത്)


“ബദാം പൂക്കൾ ചെയ്യുന്ന സമയത്ത് എനിക്കു നല്ല സുഖമില്ലായിരുന്നു. ജോലി ചെയ്യാൻ പറ്റിയിരുന്നെങ്കിൽ, നിനക്ക് ഇതിൽ നിന്നും മനസ്സിലാവും, മറ്റു പൂത്ത മരങ്ങളെയും ഞാൻ വരയ്ക്കുമായിരുന്നുവെന്ന്. പക്ഷേ എനിക്കു തീരെ ഭാഗ്യമുണ്ടായില്ല, മരങ്ങൾ പൂക്കുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു...”
(1890 ഏപ്രിൽ 30ന്‌ തിയോക്കെഴുതിയത്)


“ വലിയ താല്പര്യത്തോടെ വിൻസെന്റമ്മാമന്റെ ചിത്രങ്ങളും നോക്കിക്കിടക്കലാണ്‌ അവന്റെ പണി; അവന്റെ കട്ടിലിനു നേരേ മുകളിലുള്ള പൂത്ത മരത്തിന്റെ ചിത്രം പ്രത്യേകിച്ചും അവനെ വല്ലാതങ്ങു വശീകരിച്ചപോലെയാണ്‌...“
(ജോഹന്ന, തിയോയുടെ ഭാര്യ, 1890 മാർച്ച് 29ന്‌ വാൻ ഗോഗിനെഴുതിയത്)

Friday, April 5, 2013

വാൻ ഗോഗ് - സ്ത്രീകളെക്കുറിച്ച്

 

Kopf_einer_Frau_mit_offenem_Haar

(Head of a woman with open hair 1885)

“സ്നേഹിക്കുമ്പോൾ, സ്നേഹിക്കപ്പെടുമ്പോൾ സ്ത്രീ മാറുകയാണ്‌; തന്നെ പരിഗണിക്കാൻ ആരുമില്ലെന്നു വരുമ്പോൾ അവളുടെ മനസ്സിടിയുന്നു, അവളുടെ ചാരുതകളൊക്കെ പൊയ്പ്പോകുന്നു. സ്നേഹം അവളിൽ നിഹിതമായതിനെ പുറത്തേക്കെടുക്കുന്നു, പിന്നീടവളുടെ വികാസത്തിനാധാരമാകുന്നതും അതു തന്നെ. പ്രകൃതിയെ അതിന്റെ വഴിക്കു നാം വിടണം; സ്ത്രീക്കു വേണ്ടത് എന്നും ഒരേ പുരുഷനോടൊപ്പം കഴിയുകയാണ്‌, അതും എന്നെന്നും. അതെന്നും സാദ്ധ്യമാകണമെന്നില്ല, അങ്ങനെയായില്ലെങ്കിൽ പക്ഷേ അതു പ്രകൃതിക്കു വിരുദ്ധവുമാവുന്നു. നോക്കൂ, ഇന്നവൾക്കു മറ്റൊരു ഭാവമായിരിക്കുന്നു, അവളുടെ കണ്ണുകൾ മാറിയിരിക്കുന്നു, അവയിലിപ്പോൾ ശാന്തത കാണുന്നുണ്ട്, മുഖത്തു സന്തോഷത്തിന്റെ, സമാധാനത്തിന്റെ ഒരു ഭാവം കാണാനുണ്ട്; അവളുടെ ദുരിതങ്ങൾ തീർന്നിട്ടില്ലെന്നോർക്കുമ്പോൾ അത്രയ്ക്കു ഹൃദയസ്പർശിയുമാണത്. അവളിന്നു കൂടുതൽ ഉത്സാഹവതി ആയിരിക്കുന്നു, മൃദുപ്രകൃതി ആയിരിക്കുന്നു; ദുരിതവും കഷ്ടകാലവും കൂടി അവളെ സംസ്കരിച്ചെടുത്തിരിക്കുന്നുവെന്ന് നിങ്ങൾക്കു കാണാം.”

Woman with a Child on her Lap-Van Gogh-1883

(ക്രിസ്റ്റീനാ ഹൂർണിക് )

ഹേഗിലായിരുന്ന രണ്ടു കൊല്ലത്തിനുള്ളിൽ ക്രിസ്റ്റീനാ ഹൂർണിക് (സിയേൻ) എന്ന മോഡലിനെ വച്ച് വാൻ ഗോഗ് അമ്പതിലധികം രേഖാചിത്രങ്ങൾ വരച്ചിരുന്നു. വാൻ ഗോഗിനെക്കാൾ മൂന്നു വയസ്സു മൂപ്പുണ്ടായിരുന്ന സിയേന്‌ തുന്നലായിരുന്നു ജോലിയെങ്കിലും അവർ വേശ്യാവൃത്തിയിലും ഏർപ്പെട്ടിരുന്നു. വാൻ ഗോഗ് അവരെ പരിചയപ്പെടുമ്പോൾ അഞ്ചു വയസ്സുള്ള ഒരു മകൾ അവർക്കുണ്ടായിരുന്നു; അവർ ഗർഭിണിയുമായിരുന്നു. അക്കാലത്ത് തിയോക്കെഴുതിയ കത്തിൽ വാൻ ഗോഗ് പറയുന്നു:

“…കഴിഞ്ഞ മഞ്ഞുകാലത്ത് ഒരു ഗർഭിണിയെ ഞാൻ കണ്ടു; തന്റെ ഗർഭത്തിനുത്തരവാദിയായ മനുഷ്യൻ അവളെ കൈയൊഴിഞ്ഞിരിക്കുന്നു. മഞ്ഞുകാലത്ത് സ്വന്തം ശരീരം വിറ്റുനടക്കുന്ന സ്ത്രീ- നിനക്കു മനസ്സിലാവുന്നുണ്ടോ? അവൾക്ക് ആഹാരത്തിനുള്ളതു കണ്ടെത്തണം. അവളെ ഞാൻ മോഡലായി എടുത്തു; കഴിഞ്ഞ മഞ്ഞുകാലം മുഴുവൻ അവളെ വച്ചു ജോലി ചെയ്യാൻ എനിക്കു കഴിഞ്ഞു. ഒരു മോഡലിനു കൊടുക്കേണ്ട കൂലി കൊടുക്കാൻ എനിക്കായില്ലെങ്കിലും അവളെയും കുഞ്ഞിനെയും പട്ടിണിയിൽ നിന്നും മഞ്ഞിൽ നിന്നും രക്ഷിക്കാൻ ദൈവം സഹായിച്ച് എനിക്കു കഴിഞ്ഞു…”

ഒന്നരക്കൊല്ലം സിയേൻ വാൻ ഗോഗിനൊപ്പം കഴിഞ്ഞു. ഇരുവർക്കും മാനസികസംഘർഷങ്ങൾ നിറഞ്ഞതായിരുന്നു ആ കാലം. കൂടുതൽ പണം കിട്ടുമെന്നതിനാൽ വേശ്യാവൃത്തിയിലേക്കു തന്നെ തിരിച്ചുപോകാൻ സിയേനെ നിർബ്ബന്ധിക്കുകയായിരുന്നു അവളുടെ അമ്മ. ഒരു കുടുംബജീവിതത്തിനു വേണ്ടി ദാഹിച്ചിരുന്ന വാൻ ഗോഗിനെ നിരാശയിൽ വീഴ്ത്തിക്കൊണ്ട് ഒടുവിൽ അവർ പിരിയുകയും ചെയ്തു.

സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു കുടുംബജീവിതം വാൻ ഗോഗിന്റെ സ്വഭാവത്തിനു ചേർന്നതല്ല എന്നാണു പൊതുധാരണയെങ്കിലും സിയേനുമൊത്തു കഴിഞ്ഞ കാലത്ത് തിയോക്കയച്ച കത്തുകളിൽ മറ്റൊരു വാൻ ഗോഗിനെയാണു കാണുക.

സിയേന്‌ വില്ലെം എന്ന മകൻ ജനിക്കുന്നത് വാൻ ഗോഗിനൊപ്പം താമസിക്കുമ്പോഴാണ്‌. തന്റെ മകനെപോലെയാണ്‌ അദ്ദേഹം അവനെ കരുതിയത്.

വാൻ ഗോഗിനെ പിരിഞ്ഞതിനു ശേഷമുള്ള സിയേന്റെ ജീവിതം അശാന്തമായിരുന്നു. ഒടുവിൽ അവർ ഷിൽഡെ പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

479793_3769593075986_1471546363_n

Wednesday, November 14, 2012

വാൻ ഗോഗ് - നമുക്കുള്ളിലെ അഗ്നി

 

3317702987_3a12f9e9c2



സ്നേഹത്തിനർഹമായതിനെ നാം സ്നേഹിച്ചുകൊണ്ടിരുന്നാൽ, നിസ്സാരവും വില കെട്ടതും അർത്ഥശൂന്യവുമായവയിൽ നാം നമ്മുടെ സ്നേഹത്തെ കൊണ്ടുതുലയ്ക്കാതിരുന്നാൽ പോകപ്പോകെ നാം കരുത്തരായിവരും, നാം വെളിച്ചം നിറഞ്ഞവരായി വരും. ഇടയ്ക്കൊക്കെ ലോകത്തേക്കിറങ്ങിപ്പോകുന്നതും മനുഷ്യരുമായി ഇടപെടുന്നതും നല്ലതു തന്നെ; ചിലപ്പോൾ നാമതിനു നിർബ്ബന്ധിതരു

മാവാറുണ്ട്. പക്ഷേ തന്റെ പ്രവൃത്തിയുമായി അടങ്ങിയൊതുങ്ങി ഇരിക്കാൻ ഇഷ്ടപ്പെടുന്നവൻ, സ്നേഹിതന്മാർ വളരെക്കുറച്ചു മതി എന്നു വയ്ക്കുന്നവൻ, അവൻ ഈ ലോകത്തിലൂടെയും മനുഷ്യർക്കിടയിലൂടെയും സുരക്ഷിതനായി കടന്നുപോവും.എത്ര പരിഷ്കൃതരായ മനുഷ്യർക്കിടയിലാവട്ടെ, എത്ര കേമമായ ചുറ്റുപാടിലാവട്ടെ, അവനവനു തനതായുള്ള ആ യമിയുടെ ഭാവം അല്പമെങ്കിലും നാം കൈവിടാതിരിക്കണം; അതില്ലെങ്കിൽ വേരറ്റവരായിപ്പോവും നാം. നമുക്കുള്ളിലെ അഗ്നി കെടാൻ വിടരുത്; അതെരിച്ചുകൊണ്ടേയിരിക്കണം നാം. ദാരിദ്ര്യം തനിക്കായി വരിക്കുന്നവൻ, അതിനെ സ്നേഹിക്കുന്നവൻ - വലിയൊരു നിധിക്കുടമയാണവൻ; തന്റെ മനഃസാക്ഷിയുടെ ശബ്ദം അവൻ തെളിഞ്ഞുകേൾക്കുകയും ചെയ്യും. ദൈവത്തിന്റെ ആ മഹാപ്രസാദം, ആ ശബ്ദത്തിനു കാതു കൊടുക്കുന്നവൻ, അതിനെ അനുസരിക്കുന്നവൻ- അവൻ അതിൽ തന്റെ സ്നേഹിതനെ കണ്ടെത്തും, അവൻ പിന്നെ ഏകാകിയുമല്ല.

(തിയോയ്ക്ക് 1877 മേയിൽ എഴുതിയ കത്തിൽ നിന്ന്)


Friday, November 9, 2012

വാൻ ഗോഗ് - ഞാൻ ഞാനായി

Head of a Peasant Woman with Cap-Van Gogh-1885

കടൽത്തുറകളിൽ, ഇടവഴികളിൽ, തെരുവുകളിൽ, ബാർബർഷാപ്പുകളിൽ അലഞ്ഞുനടക്കുക- സമയം ചെലവഴിക്കാൻ സന്തോഷപ്രദമായ ഒരു മാർഗ്ഗമല്ല അത്, കലാകാരനല്ല നിങ്ങളെങ്കിൽ. കലാകാരനായ സ്ഥിതിയ്ക്ക് സുന്ദരികളായ സ്ത്രീകൾക്കൊപ്പം ചായ കുടിച്ചിരിക്കാനല്ല, ഏറ്റവും വൃത്തികെട്ട

സ്ഥലങ്ങളിലേക്കു പോകാനാണു ഞാനിഷ്ടപ്പെടുക, വരയ്ക്കാൻ എന്തെങ്കിലും കിട്ടുക അവിടെയാണെന്നതിനാൽ. സുന്ദരികളായ സ്ത്രീകളെ വരയ്ക്കാൻ എനിക്കാഗ്രഹമില്ലെന്നതിനാൽ.
ഞാൻ പറയാൻ വരുന്നതിതാണ്‌: വരയ്ക്കാൻ വിഷയം തേടിയുള്ള അലച്ചിൽ, പണിയെടുക്കുന്നവർക്കിടയിലുള്ള ജീവിക്കൽ, പ്രകൃതിയെ നേരിട്ടു പകർത്തൽ- അതൊരു പരുക്കൻ ജോലിയാണ്‌, ചിലപ്പോഴൊക്കെ വൃത്തികെട്ട ജോലിയുമാണ്‌; എനിക്ക്, സുന്ദരികളായ സ്ത്രീകൾക്കും പണക്കാർക്കും വില പിടിച്ച സാധനങ്ങൾ വിറ്റു പണമുണ്ടാക്കേണ്ട ആവശ്യമില്ലാത്ത എനിക്ക്, ഗീസ്റ്റിൽ കുഴിയെടുക്കുന്നവരെ വരച്ചുനടക്കുന്ന എനിക്ക് ഒരു സെയിൽസ്മാന്റെ വേഷവും മട്ടുമൊന്നും തീരെ ചേരില്ല. ടെർസ്റ്റീഗു ചെയ്യുന്നത് എനിക്കു ചെയ്യാനാവുമെങ്കിൽ, അതിനുതകിയവനാണു ഞാനെങ്കിൽ എന്റെ പ്രവൃത്തിക്കു പറ്റിയവനല്ല ഞാനെന്നേ വരൂ; എന്റെ പ്രവൃത്തിക്ക് ഞാൻ ഞാനായി ഇരിക്കുക തന്നെയാണു വേണ്ടത്.
ഞാൻ, മുന്തിയ കടയിൽ നിന്നു വാങ്ങിയ മുന്തിയ തരം കോട്ടിട്ടാൽ അസ്വസ്ഥത തോന്നുന്ന ഞാൻ, ഇപ്പോൾ ആ പണിക്കു പോകാതിരിക്കുകയാണു നല്ലത്; എനിക്കെന്നെ മുഷിയും, അന്യർക്കെന്നെയും. ഗീസ്റ്റിൽ, ചതുപ്പുകളിൽ, മൺകൂനകളിൽ പണിയെടുക്കുമ്പോൾ തീർത്തും വ്യത്യസ്തനായ ഒരാളാവുകയാണു ഞാൻ. അപ്പോൾ എന്റെ ഈ വിരൂപമായ മുഖവും മുഷിഞ്ഞ വേഷവും ചുറ്റുപാടുമായി ശരിക്കും ചേർന്നുപോകുന്നു, സന്തോഷത്തോടെ ജോലി ചെയ്യാനും എനിക്കു കഴിയുന്നു. ഞാൻ നല്ല വേഷവും ധരിച്ചു ചെല്ലുമ്പോൾ എനിക്കു മോഡലായി വരുന്ന സാധുക്കൾ പേടിച്ചുമാറുകയാണ്‌, അവർക്കെന്നെ വിശ്വാസം വരാതെയാവുകയാണ്‌, അല്ലെങ്കിൽ അവർ കൂടുതൽ പണം ചോദിക്കുകയാണ്‌.



(1881 ഡിസംബറിൽ തിയോക്കെഴുതിയത്)

ഗീസ്റ്റ് - മണലു നിറഞ്ഞ ചതുപ്പുപ്രദേശം
ടെർസ്റ്റീഗ്- ചെറുപ്പത്തിൽ വാൻ ഗോഗിനെ ജോലിയ്ക്കു വച്ചിരുന്ന ആർട്ട് ഡീലർ. അവർ തമ്മിൽ പിന്നീടു മുഷിഞ്ഞു.

Monday, November 5, 2012

വാൻ ഗോഗ് - ഒരു സുവിശേഷപ്രസംഗം



ഈ ഭൂമിയിൽ ഒരപരിചിതനാണു ഞാൻ, നിന്റെ കല്പനകളെ എന്റെ കണ്ണുകൾക്കു മറയ്ക്കരുതേ. (സങ്കീർത്തനം 119:19)

ഈ ഭൂമിയിലെ തീർത്ഥാടകരാണു നാം, ഇവിടെ അപരിചിതരുമാണു നാം- അങ്ങകലെ നിന്നു നാം വന്നു, നാം പോകുന്നതും അകലെയ്ക്ക്. ഭൂമിയിലെ നമ്മുടെ മാതാവിന്റെ കൈകളിൽ നിന്ന് ആകാശത്തിലെ നമ്മുടെ പിതാവിന്റെ കൈകളിലേക്ക് നമ്മുടെ ജീവിതയാത്ര നീളുന്നു. ഭൂമിയിലെ സർവ്വതും മാറുന്നു- ഒരു നഗരവും ചിരസ്ഥായിയല്ല- സർവ്വർക്കും അനുഭവമാണിത്: ദൈവ
േച്ഛയാണ്‌, ഭൂമിയിൽ പ്രിയതരമായതിനെയൊക്കെ നാം വിട്ടുപോകണമെന്ന്, നമ്മുടെ പടുതികളും മാറണമെന്ന്, പണ്ടു നാമായിരുന്നതല്ല, ഇന്നു നാമെന്ന്, ഇന്നു നാമായിരിക്കുന്നതല്ല, നാളെ നാമാവുകയെന്ന്. ശൈശവത്തിൽ നിന്നു നാം മുതിരുന്നു, ബാലന്മാരും ബാലികമാരുമായി, യുവാക്കളും യുവതികളുമായി- ദൈവം അനുവദിക്കുമെങ്കിൽ, തുണയ്ക്കുമെങ്കിൽ ഭർത്താക്കന്മാരും ഭാര്യമാരുമായി, നമ്മുടെ ഊഴമെത്തുമ്പോൾ അച്ഛന്മാരും അമ്മമാരുമായി; പിന്നെ സാവധാനം, അസന്ദിഗ്ദ്ധമായും, ഒരുകാലത്ത് പ്രഭാതത്തിലെ മഞ്ഞുതുള്ളി പോലെയായിരുന്ന നമ്മുടെ മുഖത്ത് ചുളിവുകൾ വീഴുന്നു, ഒരിക്കൽ യൌവനവും ആഹ്ളാദവും കതിരു വീശിയിരുന്ന കണ്ണുകൾ ഉള്ളിൽ തട്ടിയൊരു വിഷാദത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്നു- വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും അനുകമ്പയുടെയും അഗ്നി ഇനിയുമവയിൽ കെട്ടടങ്ങിയിട്ടില്ലെങ്കിൽക്കൂടി, ദൈവചൈതന്യം അവയിൽ തിളങ്ങുന്നുണ്ടെങ്കിൽക്കൂടി. മുടിയിൽ നര കേറുന്നു, അല്ലെങ്കിൽ അതു കൊഴിഞ്ഞുപോകുന്നു- ഹാ- നാം ഭൂമിയിലൂടെ കടന്നുപോകുന്നതേയുള്ളു, ജിവിതത്തിലൂടെ നാം കടന്നുപോകുന്നതേയുള്ളു- ഭൂമിയിൽ തീർത്ഥാടകരും അപരിചിതരുമാണു നാം. ഭൂമിയും അതിന്റെ പ്രതാപങ്ങളും അസ്തമിച്ചുപോകുന്നു. ഞങ്ങളുടെ ശിഷ്ടായുസ്സു നിനക്കു സമീപസ്ഥമായിരിക്കട്ടെ, അതിനാൽ ഞങ്ങളുടെ ഈ നാളുകളെക്കാൾ ഭേദപ്പെട്ടതും.

(1876 ഒക്റ്റോബർ 29 ന്‌ വാൻ ഗോഗ് ചെയ്ത ഒരു സുവിശേഷപ്രസംഗത്തിൽ നിന്ന്)