Showing posts with label യൂജെനിയോ ദെ അന്ദ്രാദെ. Show all posts
Showing posts with label യൂജെനിയോ ദെ അന്ദ്രാദെ. Show all posts

Tuesday, July 31, 2012

യൂജെനിയോ ദെ അന്ദ്രാദെ - ഓർമ്മ വരാത്തത്

Monet_Été_1874

പസ്ക്കോയുടെ ഉദ്യാനം


ജലധാരകളുടെ വായകൾ തുപ്പുന്നതു
മൌനം മാത്രം
-ജലത്തിന്റെ ശബ്ദമില്ലാതെ
നക്ഷത്രമെങ്ങനെ വിരിയും,
കല്ലെങ്ങനെ എരിയും,
കിളിയായതു മാറും?



നദീമുഖത്തെ ദേവാലയം

മുളകളിൽ കിളരം കൂടിയതിന്റെ പച്ചപ്പിനു നീലനിറം,
അതോ ഇലത്തലപ്പിൽ ആകാശം വന്നിറങ്ങിയതോ?



പിൻവാങ്ങുന്ന തിരകൾ

വീഞ്ഞിന്റെ തണുത്ത ക്രൌര്യം;
പിൻവാങ്ങുന്ന തിരകളുടെ ചാലുകൾ;
ആട്ടിടയന്റെ പുലരിച്ചൂളം,
ആകാശഗോളങ്ങളുടെ സംഗീതത്തെക്കാൾ
കലയ്ക്കനുകൂലമിവ;
നക്ഷത്രങ്ങൾ തിളച്ചുതൂവുന്ന പാലുണ്ട്
സ്വന്തം ഹൃദയത്തിലെന്ന അഭിമാനം.



ഓർമ്മ വരാത്തത്

ഓർമ്മ വരാത്ത നാളുകൾക്കു മറ്റൊരു പേരുണ്ടാവുമോ,
മരണമെന്നല്ലാതെ?
സ്വച്ഛമായവയുടെ, ശുഭ്രമായവയുടെ മരണം:
കുന്നുകളെ പുണരുന്ന പ്രഭാതം,
ചുണ്ടുകളിലേക്കടുപ്പിക്കുന്ന ഉടലിന്റെ വെളിച്ചം,
ഉദ്യാനത്തിലാദ്യത്തെ ലൈലാക്കുകൾ.
നിന്റെ ഓർമ്മകൾ ശേഷിക്കാത്തിടത്തിനു
മറ്റൊരു പേരുണ്ടാവുമോ?



രാത്രിയിലേക്കു പ്രവേശിക്കുമ്പോൾ

ഒളിച്ചോടുകയാണിപ്പോഴവ: കണ്ണുകൾ,
തുടിക്കുന്ന വെളിച്ചത്തിൽ നിന്നൊളിച്ചോടുകയാണവ.
രോഗികളോ വൃദ്ധരോ ആണവർ, സാധുക്കൾ,
തങ്ങളെത്രയും സ്നേഹിക്കുന്നതിനെ
ചെറുത്തുനിൽക്കുകയാണവർ.
അവയോടു നന്ദി പറയാനെത്ര കാരണങ്ങളെനിക്കുണ്ട്:
മേഘങ്ങൾ, പൂഴിമണൽ, കടൽക്കാക്കകൾ,
ശിശുക്കളുടെ തൊലിനിറമായ പീച്ചുപഴങ്ങൾ,
ഷർട്ടിന്റെ തുണിയ്ക്കിടയിലൂടൊളിഞ്ഞുനോക്കുന്ന നെഞ്ച്,
ഏപ്രിലിന്റെ കുളിരുന്ന വെളിച്ചം,
വെണ്മയുടെ നിരന്തരമൌനം,
സെസ്സാന്റെ പച്ചനിറമായ കുഞ്ഞാപ്പിളുകൾ, കടൽ.
ഒരുകാലം വെളിച്ചം കുടിപാർത്തിരുന്ന കണ്ണുകൾ,
ഇന്നു വായുവിൽത്തന്നെ കാലിടറിവീഴുന്ന
തീർച്ച പോരാത്ത കണ്ണുകൾ.



വിൻസന്റിന്റെ ചെവി

ചീവീടുകൾക്കില്ല,
ഗോതമ്പുപാടങ്ങളുടെ പൊള്ളുന്ന തുടകൾക്കില്ല,
ലില്ലിപ്പൂക്കളുടെ ധ്യാനസ്ഥവർണ്ണങ്ങൾക്കില്ല,
തെക്കൻനാടുകളുടെ കിരാതവെളിച്ചത്തിനു പോലുമില്ല,
ഇനിമേൽ നിന്റെ നെഞ്ചിലൊരിടം;
മുറിപ്പെട്ട പ്രാപ്പിടിയനെപ്പോലെ
കാതിന്റെ ചോരവാർച്ച നിലയ്ക്കുന്നേയില്ല;
അതൊലിപ്പിക്കുന്നു,
കറുത്ത, വിഭ്രാന്തമായ സ്നേഹം,
ലോകത്തെ മുക്കിത്താഴ്ത്തുന്ന സ്നേഹം,
താനറിയാതെ, എന്തിനെന്നറിയാതെ,
അവമാനിതമായും.



ഒരു കൈയുടെ അദ്ധ്വാനങ്ങൾ

ഞാനിപ്പോൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു:
ഈ വരികളെഴുതുന്ന കൈകൾക്കു പ്രായമായിരിക്കുന്നു.
അതിനിപ്പോൾ പൂഴിമണൽക്കൂനകളെ ഇഷ്ടമാവുന്നില്ല,
മഴ ചാറുന്ന സായാഹ്നങ്ങളെ,
മുൾച്ചെടികൾക്കു മേൽ പുലരിമഞ്ഞിനെ ഇഷ്ടമാവുന്നില്ല.
അതിനിപ്പോഴിഷ്ടം സ്വന്തം സഹനങ്ങളുടെ അക്ഷരങ്ങളെ.
തന്റെ കൂട്ടാളിയെക്കാൾ,
അല്പം മടിയനും സുഖിമാനുമായ മറ്റേക്കൈയെക്കാൾ
ഇതാണു കഷ്ടപ്പെട്ടു പണിയെടുത്തിരുന്നത്.
ദുഷ്കരമായ ഉദ്യമങ്ങളൊക്കെ ഇതിനാണു വന്നുവീണിരുന്നത്:
വിതയ്ക്കുക, കൊയ്യുക, തുന്നുക, തിരുമ്പുക.
ശരി തന്നെ, തലോടലും.
തിടുക്കങ്ങളും കാർക്കശ്യങ്ങളും ഒടുവിലതിനെ ക്ഷയിപ്പിച്ചു.
ഇനിയധികനാൾ അതിനുണ്ടാവില്ല:
ദൈവമേ, അതിന്റെ കുലീനതയെ കാണാതെപോകരുതേ.


link to image


Monday, July 30, 2012

യൂജെനിയോ ദെ അന്ദ്രാദെ - കാവ്യകല

Monet_-_Haystacks_in_the_late_summer


കറുപ്പു ധരിച്ച സ്ത്രീകൾ


അവർ വൃദ്ധകളായിട്ടേറെക്കാലമായിരിക്കുന്നു,
ആത്മാവോളം കറുപ്പു ധരിച്ചവർ.
ചുമരു പറ്റിയിരുന്ന്
കല്ലിച്ച സൂര്യനിൽ നിന്നവരഭയം തേടുന്നു,
അടുപ്പിൻമൂട്ടിലൊരുമിച്ചിരുന്ന്
ലോകത്തിന്റെ ശൈത്യത്തിൽ നിന്നവരൊളിക്കുന്നു.
അവർക്കിപ്പോഴും പേരുകളുണ്ടോ?
ആരും ചോദിക്കുന്നില്ല,
ആരും പറയുന്നുമില്ല.
അവരുടെ നാവുകളും അതുപോലെ കല്ലിച്ചത്.


കാവ്യകല



കല എന്നതിതിലുണ്ട്,
ഈ നാട്ടിൻപുറത്തുകാരി
തന്റെ നാലഞ്ചു നിര കാബേജുകൾക്കു
വെള്ളം തളിയ്ക്കുന്ന രീതിയിൽ:
പതറാത്ത കൈകൾ,
മണ്ണിനോടടുപ്പം,
ഹൃദയത്തിന്റെ സമർപ്പണം.
കവിതയെഴുതപ്പെടുന്നതിങ്ങനെ.



കൊയ്ത കറ്റകളെറിച്ചുനിൽക്കുന്ന പാടം


കൊയ്ത കറ്റകളെറിച്ചുനിൽക്കുന്ന പാടം,
അതിപുലർച്ചെ കുരുവികളുടെ മർമ്മരം,
ഒരു ചുമരിന്റെ ആകസ്മികവെണ്മ,

ചീവീടുകൾ മുൾച്ചെടികൾക്കു മേലെറിയുന്ന ധാർഷ്ട്യം,
കല്ലിച്ചുപോയ നമ്മുടെ നിത്യാന്നം,
ആട്ടിൻപറ്റത്തിനെ ആവിർഭവിപ്പിക്കുന്ന പൊടിപടലം,

നീരു വലിയുന്ന കുണ്ടുകളിൽ
താഴ്ന്ന തവളകരച്ചിൽ,
നായ്ക്കളുടെ നേർത്ത മോങ്ങൽ,
തൊലിയുടെ മറുപുറത്ത്
ചാപ്പ കുത്തുന്ന ഉഷ്ണം,

നിർജ്ജനമായ തരിശുനിലം,
ദാഹത്തിന്റെ കൊഴുച്ചാലുകൾ.


link to image


Saturday, July 28, 2012

യൂജെനിയോ ദെ അന്ദ്രാദെ - പച്ചയുടെ ദേവൻ

Henri_Rousseau_011


പകലറുതിയിൽ ഉറവകളുടെ ചാരുതകളൊക്കെയും
അവൻ തന്നിലേക്കാവാഹിച്ചിരുന്നു.
അവന്റെയുടൽ തിടുക്കമില്ലാത്തൊരൊഴുക്കായിരുന്നു,
തന്റെ ലക്ഷ്യത്തിലേക്കവരോഹണം ചെയ്യുമ്പോൾ
തടങ്ങളെ വെല്ലുവിളിയ്ക്കുന്ന വിളംബധാര.

കടന്നുപോകുന്നൊരാളെപ്പോലെ അവൻ നടന്നു,
നിൽക്കാനവനു നേരമില്ലായിരുന്നു.
അവൻ ചുവടു വച്ചപ്പോൾ പുൽക്കൊടികൾ പൊടിച്ചു,
ഉയർത്തിയിടത്തോളമവന്റെ കൈകളിൽ നിന്നും
തഴച്ച മരച്ചില്ലകൾ പന്തലിച്ചു.

നൃത്തച്ചുവടു വയ്ക്കുന്നൊരാളെപ്പോലെ അവൻ മന്ദഹസിച്ചു.
അവന്റെയുടൽ, നൃത്തത്തിലെന്നപോലെ, ഇലകൾ കൊഴിച്ചു,
പ്രഹർഷത്തിന്റെ താളത്തിൽ അതു വിറക്കൊണ്ടു,
ദേവകളേ അനുഭവിച്ചിട്ടുള്ളൂ അങ്ങനെയൊരു മൂർച്ഛയെന്ന്
അവൻ തിരിച്ചറിഞ്ഞുമിരുന്നു.

തന്റേതായ വഴിയിലൂടെ അവൻ സഞ്ചാരം തുടർന്നു,
തങ്ങിനിൽക്കുകയെന്നത് ദേവകൾക്കു പറഞ്ഞതല്ലല്ലോ.
കാണാനായിട്ടുള്ളതിൽ നിന്നൊക്കെ അകലെയായി,
താൻ ചുണ്ടിൽ വച്ച പുല്ലാങ്കുഴലിന്റെ ഈണത്തിൽ
തന്നെത്താൻ പിണഞ്ഞവനായി.



Friday, July 20, 2012

യൂജെനിയോ ദെ അന്ദ്രാദെ - അമ്മമാർ

File:Портрет старухи.jpg


ഞാൻ അലെന്റെഹോയിലേക്കു മടങ്ങുമ്പോഴേക്കും ചീവീടുകളൊക്കെ മണ്ണടിഞ്ഞിട്ടുണ്ടാവും; വേനൽക്കാലം മുഴുവൻ വെളിച്ചത്തെ പാട്ടുകളാക്കുകയായിരുന്നു അവ: അതിലുമുജ്ജ്വലമായ ഒരു ജാതകം എന്റെ അറിവിലില്ല. അവിടെ ഉറപ്പായും നാം കാണുക, വിലാപത്തിന്റെ കരിനിഴലുകൾ വാരിപ്പുതച്ച ആ സ്ത്രീകളെയാണ്‌: മരിച്ച മണ്ണിന്റെ അനാഥസന്തതികളെപ്പോലെ. ബറാന്റൊയിലും കാസ്ട്രോ ലബോറൈയിലും മാത്രമല്ല, സൂര്യനുദിക്കുന്ന ഏതു ദേശത്തും അവരെ കാണാം: കോറിയായിലും കാറ്റേനിയായിലും, മിസ്ട്രാസിലും സാന്താ ക്ളാരാ ഡെൽ കോബ്രെയിലും, വാർച്ചറ്റ്സിലും ബേനി മഹാലിലും: എന്തെന്നാൽ, അവരാണ്‌ അമ്മമാർ. നിശിതമോ നിദ്രാണമോ ആയ ഒരു നോട്ടം; ഒരഴി പോലെയോ, അത്രയും പോലും മാസം താങ്ങാനാവാത്ത പോലെയോ ഒരുടൽ: അവരാണ്‌ അമ്മമാർ. നിങ്ങളുടെ; മുഖത്തു ചാലു കീറാൻ കാറ്റിനു നേരം കിട്ടും മുമ്പേ അമ്മ മരിച്ചു പോയിരുന്നില്ലെങ്കിൽ എന്റെയും. ആദ്യതാരം പിറക്കുമ്പോഴേ അവർ ഇവിടെ ഉണ്ടായിരുന്നിരിക്കണം. അവരുടെ സഹനശീലത്തെക്കുറിച്ചെന്തു പറയാൻ! വെയിലു വാട്ടിയ മുൾച്ചെടി കൊണ്ടാണ്‌ അവരെ നിർമ്മിച്ചതെന്നു തോന്നും; മരണമില്ലാത്തവരാണവരെന്നു തോന്നും; തല്ലിക്കെടുത്തിയാൽ കെടാത്ത തീയുടെ പ്രകൃതമാണവർക്കെന്നെങ്കിലും. ദുർബലമായ വിരലുകൾ കൊണ്ട് നമുക്കവർ സ്വപ്നങ്ങളുടെ വല നെയ്തു തരുന്നു; തലയിലെ തട്ടങ്ങളുടെ ഇരുട്ടിൽ അരിച്ചെടുത്ത വെളിച്ചം കൊണ്ട് നമ്മെ ഊട്ടുന്നു. ചിലപ്പോഴാവട്ടെ, വെള്ളയടിച്ച ചുമരുകളിൽ ചാരി, പകലുകൾ കടന്നുപോകുന്നതും നോക്കി അവരിരിക്കുന്നതു കാണാം; അപ്പോഴവർ ഒരു റൊട്ടിക്കഷണം വായിലിട്ടു ചവയ്ക്കുന്നുണ്ടാവും; അല്ലെങ്കിൽ ഒടുവിൽ പിറന്ന പേരക്കുട്ടിക്കായി ഒരു കമ്പിളിക്കാലുറ തുന്നുകയാവും. മറ്റു ചിലപ്പോൾ ഒരിടത്തെരുവിൽ നിന്നു മറ്റൊന്നിലേക്ക് അവർ നടന്നുപോകുന്നതു കാണാം, ഒരു തീപ്പെട്ടിയോ അല്പം ഉപ്പോ കടം വാങ്ങാൻ; പരേതാത്മാക്കളെ കൂട്ടിനു പിടിച്ച് അതിനു നന്ദി പറയാൻ; പിന്നെ സ്വന്തം വീടുകളുടെ ഊഷ്മളതയിലേക്കു മടങ്ങാൻ; ഒരു തുള്ളി കാപ്പി അനത്തിക്കുടിയ്ക്കാൻ; മുറ്റം അടിച്ചുവാരി ജറേനിയത്തിനു വെള്ളമൊഴിക്കാൻ. അവരാണ്‌ അമ്മമാർ; സ്ഥലകാലങ്ങൾക്കപ്പു റത്തുള്ളവരെന്ന് ഗെയ്ഥേ പറഞ്ഞവർ; സ്വർഗ്ഗത്തെക്കാൾ, നരകത്തെക്കാൾ പ്രായം ചെന്നവർ; കണ്ണുകളിൽ ശൂന്യതയോ നഷ്ടബോധമോ മാത്രമുള്ളവർ; അല്ലെങ്കിൽ കണ്ണുകളിൽ കനലെരിയുന്നവർ. ഒറ്റയ്ക്കോ എണ്ണമറ്റോ, നിങ്ങൾക്കു മുന്നിൽ അവർ: ശാന്തഗംഭീരകളായി, നിശബ്ദരായി, ഭവ്യമായ നിശ്ചലതയുമായി. അവർ മറന്നുപോയിരിക്കുന്നു,തങ്ങളായിരുന്നു, പുരുഷനറിഞ്ഞ പ്രഥമഹിമബിന്ദുവെന്ന്, അവൻ കണ്ട ആദ്യവെളിച്ചമെന്ന്. പിന്നെയും അവരെ കാണാം, നിഴലു വീണ വഴികളിലൂടെ, അകിടു ചുക്കിച്ചുളിഞ്ഞുവെങ്കിലും ഉയർത്തിപ്പിടിച്ച ശിരസ്സിന്റെ ചാരുത ശേഷിച്ച ഒന്നോ രണ്ടോ ആടുകൾക്കു പിന്നാലെ സ്വന്തം ഇച്ഛാശക്തിയുടെ ബലം പോലുമില്ലാത്ത കാലുകളിൽ വേച്ചുവേച്ചു നടക്കുന്നതായി. ഈ ലോകത്തെ വഴികളിൽ എങ്ങനെ അവർ വിശ്രമം കണ്ടെത്താൻ? നിങ്ങൾ അവരെ കണ്ടിരിക്കും, ജരയോടിയ കൈകളിൽ ജപമാലയുമായി മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ; തന്റെ പന്നിക്കൂടിനു മൂന്നടി അടുത്തേക്കു കാബേജു നട്ടതിന്‌ അയൽക്കാരിക്കു നേരെ ശാപവാക്കുകൾ എടുത്തെറിയുമ്പോൾ; ഒരു കുടം വെള്ളം താങ്ങാൻ പറ്റാതെയായ സ്വന്തം പ്രായത്തെ പ്രാകിക്കൊണ്ട് കിണറ്റിൻകരയിൽ നിന്നു വരുമ്പോൾ, അതുമല്ലെങ്കിൽ ഒലീവുമരത്തിൽ നിന്ന് ഒന്നുരണ്ടു കായകൾ കക്കുമ്പോൾ. അവരെ വെളുത്തുള്ളിസൂപ്പു മണക്കുന്നു, കനച്ച നാറ്റം നാറുന്നു, വില കുറഞ്ഞ ചാരായം മണക്കുന്നു; പെരുന്നാളുകളിലാവട്ടെ, തോട്ടുങ്കരെ നിന്നരിഞ്ഞെടുത്ത തുളസിയും പുതിനയുമാണവരെ മണക്കുക. ഞായറാഴ്ചകളിൽ അവർ മുഖം കഴുകുന്നു, വസ്ത്രം മാറുന്നു, പഴയ ട്രങ്കിൽ പരതി കറുത്ത പട്ടുതുണി കൊണ്ടുള്ള പഴയൊരു തൂവാല കണ്ടെടുക്കുന്നു; മരണശുശ്രൂഷയ്ക്കും അതേ തൂവാല തന്നെയാണ്‌ അവരുപയോഗിക്കുക. പെട്ടി തുറക്കുമ്പോൾ പുറത്തേക്കു വരുന്ന ആ കർപ്പൂരമണം! ചിലർ ഡെയ്സിപ്പൂക്കളും വളർത്തുന്നു; അതവർ സെമിത്തേരികളിലോ കുളിപ്പുരകളിലോ കൊണ്ടുപോയി വിൽക്കുന്നുണ്ട്, വൈക്കോൽ മണക്കുന്ന ആപ്പിൾപ്പഴങ്ങൾക്കൊപ്പം. ഒരു കൊച്ചുകുട്ടിയുടെ വികൃതിത്തരങ്ങളും കണ്ട് മണിക്കൂറുകൾ കഴിക്കുന്ന ഒരു സ്ത്രീയെ എനിക്കറിയാം; മലയാടിന്റെ നെറ്റിയിലെ ചൂട്ടു പോലെ അവന്റെ നെറ്റിയിലുമുണ്ടായിരുന്നു ഒന്ന്- അവനെ അവരേ കണ്ടിരുന്നുള്ളു, അവർ മാത്രം.

അവരാണ്‌ അമ്മമാർ, തങ്ങൾ എന്നു മരിക്കുമെന്നറിയാത്തവർ, എന്നാൽ തങ്ങൾ ഉയിർത്തെഴുന്നേൽക്കുമെന്നു തീർച്ചയുള്ളവർ.


link to image


Thursday, July 19, 2012

യൂജെനിയോ ദെ അന്ദ്രാദെ - പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം

Amaldus_Nielsen-Aftenstemning_over_havet

മന്ദഹാസം


ആ മന്ദഹാസമാണെന്നെനിയ്ക്കു തോന്നി,
എനിയ്ക്കു വാതിൽ തുറന്നു തന്നതാമന്ദഹാസമെന്ന്.
വെളിച്ചമുള്ളൊരു മന്ദഹാസമായിരുന്നു അത്,
ഉള്ളിൽ നിറയെ വെളിച്ചവുമായി;
അതിനുള്ളിൽ കടക്കാൻ ഞാൻ കൊതിച്ചു,
അതിനുള്ളിൽ വിവസ്ത്രനായി കിടന്നുറങ്ങാൻ.
അതിനുള്ളിലോടിനടക്കാൻ, തുഴഞ്ഞുനടക്കാൻ,
ആ മന്ദഹാസത്തിനുള്ളിൽ മരിച്ചുകിടക്കാൻ.



പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം


പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം,
കാട്ടുമൾബറികളുടെ ദംശനമേറ്റ സൂര്യൻ,
ബാലന്മാരുടെ നനവൂറിയിഴയുന്ന ശബ്ദങ്ങൾ,
നിഴലുകൾ വഴുതിവീഴുന്ന പടവുകൾ.



ഇലകളാണിന്നുമവയെന്നപോലെ

ഇലകളാണിന്നുമവയെന്നപോലെ
നാരകമരങ്ങൾക്കിടയിലെ കഴുകിത്തെളിഞ്ഞ വായുവിൽ
പാടുന്ന കിളികൾ;
ഈ അക്ഷരങ്ങൾക്കു മേൽ തെറിച്ചുവീഴുന്ന
ചില സ്ഫുരണങ്ങൾ.



നിദ്രയിൽ നിന്നെന്നെ വിടുവിയ്ക്കാൻ

നിദ്രയിൽ നിന്നെന്നെ വിടുവിയ്ക്കാൻ,
പ്രസരിപ്പുറ്റ വായുവിൽ
കടലോരപ്പൂക്കളുടെ വിളംബവിസ്ഫോടനമാവാൻ,
ജ്വലിക്കുന്നൊരു മുഷ്ടിയാവാൻ,
ചുണ്ണാമ്പുകല്ലിന്റെ വെണ്മ പിളർന്ന വെളിച്ചമാവാൻ.



എന്റെ നാവിൻതുമ്പിലെ ഉപ്പുചുവ

കേൾക്കൂ, കേൾക്കൂ:
പറയാനായി ഇനിയും ചിലതെനിക്കു ബാക്കിയുണ്ട്.
അതത്ര പ്രധാനമൊന്നുമല്ലെനെനിക്കറിയാം,
അതീ ലോകത്തെ രക്ഷിക്കാനൊന്നും പോകുന്നില്ല,
ആരുടെയെങ്കിലും ജീവിതം മാറ്റിമറിയ്ക്കാനും പോകുന്നില്ല
-അല്ലെങ്കിൽ, ആരാണൊരാളുള്ളത്,
ലോകത്തെ രക്ഷിക്കാൻ,
മറ്റൊരാളുടെ ജീവിതബോധത്തെ മാറ്റാനെങ്കിലും?
ഞാൻ പറയുന്നതൊന്നു കേൾക്കൂ,
നിങ്ങളെ ഞാൻ അധികനേരം പിടിച്ചുനിർത്താനും പോകുന്നില്ല.
തീരെച്ചെറിയൊരു കാര്യമാണത്,
പൊഴിഞ്ഞുതുടങ്ങിയ പൊടിമഴ പോലെ.
മൂന്നോ നാലോ വാക്കുകൾ മാത്രം.
നിങ്ങളെ വിശ്വസിച്ചേല്പിക്കാനുള്ള വാക്കുകൾ.
അവയുടെ ജ്വാല തവിഞ്ഞുപോകരുതെന്നതിനായി,
അവയുടെ ക്ഷണികജ്വാല.
ഞാനത്രമേൽ സ്നേഹിച്ച വാക്കുകൾ,
ഇന്നുമൊരുപക്ഷേ ഞാൻ സ്നേഹിക്കുന്ന വാക്കുകൾ.
എന്റെ കുടിയിടമാണവ,
എന്റെ നാവിൻതുമ്പിലെ ഉപ്പുചുവയും.


link to image


Sunday, July 15, 2012

യൂജെനിയോ ദെ അന്ദ്രാദെ - ഒരു പൂവിന്റെ പേരാണെന്റേത്

Sommarnöje_(1886),_akvarell_av_Anders_Zorn


ഗാനം


തിരത്തലപ്പുകളോരോന്നുയർത്തി
പെരുകിവന്ന കടലിനോടു
ഞാൻ യാചിച്ചു,
പോപ്ളാർമരത്തിന്റെ
ഇലകളെപ്പോലാവാൻ;
എന്റെ നെഞ്ചത്തൊരു
സൌമ്യസ്പർശമാവാൻ,
ചില ചുണ്ടുകളുടെ
ഓർമ്മയെങ്കിലുമാവാൻ.



ഒരു പൂവിന്റെ പേരാണെന്റേത്

നീയെന്നെ പേരെടുത്തു വിളിക്കുമ്പോൾ
ഒരു പൂവിന്റെ പേരാണെന്റേത്.
നീയെന്നെത്തൊടുമ്പോ-
ളെനിക്കു പോലുമറിയില്ല
ഞാനൊരു കന്യകയോ, പുഴയോ,
താഴ്വരയിലൊരു തോട്ടമോയെന്ന്.


ഒരു പിഞ്ചുപനമരം


ഡിലോസിൽ യുളീസസ് കണ്ടിരുന്നു
ഒരു പിഞ്ചുപനമരം,

അതുപോലെ ശോഷിച്ചതായിരുന്നു
നിന്നെ ഞാൻ കണ്ട പകൽ;

അതുപോലെ ശോഷിച്ചതായിരുന്നു,
നിന്നെ ഞാനനാവൃതയാക്കിയ രാത്രി;

നഗ്നമായ താഴ്വരയിലൊരു കുതിരക്കുട്ടിയെപ്പോലെ
നിന്നിലേക്കു ഞാൻ കയറിക്കയറിവന്ന രാത്രി.


വിസ്മൃതിയെക്കുറിച്ച്


സെർസീ, സെർസീ, പതിയെക്കൊഴിഞ്ഞുവീഴുന്ന ഇലകളേ
ഞങ്ങളുടെ വിസ്മൃതിയെ ആപ്പിളുകളുടെ ഒളിഞ്ഞ തിളക്കമാക്കൂ
ജനാലച്ചില്ലിൽ മഴയുടെ പതിഞ്ഞ മേളമാക്കൂ
മൃദുലതയുടെ അരിപ്പല്ലുകളാക്കൂ.

(സെർസീ - ഹോമറിന്റെ ഒഡീസിയിൽ മനുഷ്യരെയും ജന്തുക്കളെയും മയക്കത്തിലാഴ്ത്തുന്ന മന്ത്രവാദിനി)



മഴയത്തെ വീട്

മഴ, ഒലീവുമരങ്ങൾക്കു മേൽ വീണ്ടും മഴ.
എനിക്കറിയില്ല,
ഈ അപരാഹ്നത്തിലതു മടങ്ങിവന്നതെന്തിനെന്ന്,
എന്റെ അമ്മ എന്നേ മടങ്ങിപ്പോയെന്നിരിക്കെ,
മഴപെയ്യുന്നതു കാണാനവരിപ്പോൾ
വരാന്തയിലേക്കിറങ്ങിവരാറില്ലെന്നിരിക്കെ,
തുന്നുന്നതിൽ നിന്നു കണ്ണുയർത്തി
നീയതു കേൾക്കുന്നില്ലേയെ-
ന്നവരിപ്പോൾ ചോദിക്കാറില്ലെന്നിരിക്കെ.
അമ്മേ, മഴ പെയ്യുന്നതു വീണ്ടും ഞാൻ കേൾക്കുന്നു,
നിന്റെ മുഖത്തു പെയ്യുന്ന മഴ.



ന്യൂയോർക്കിലെ വിമാനത്താവളത്തിൽ

ഒരു ക്ഷണികദർശനം, ഒരു ക്ഷണം
ഞാനതു സ്വീകരിച്ചില്ല
ആനന്ദത്തിന്റെ ആ വാഗ്ദാനം
ഇത്രയും ക്ഷീണിക്കാത്ത കണ്ണുകൾക്കു മേൽ പതിയ്ക്കട്ടെ.
ഒരു ക്ഷണനേരത്തേക്കു പക്ഷേ ഞാൻ കണ്ടു
പുലർച്ചെ മഞ്ഞണിഞ്ഞ പയർച്ചെടികളുടെ പാടം.


link to image


Saturday, July 14, 2012

യൂജെനിയോ ദെ അന്ദ്രാദെ - വാക്കുകൾ

File:3D VYGOlogo.png

വാക്കുകൾ


പരലു പോലെയാണവ,
വാക്കുകൾ.
ചിലതൊരു കഠാര,
ചിലതൊരാളൽ.
ചിലതോ,
വെറും മഞ്ഞുതുള്ളിയും.

രഹസ്യത്തിലവ വരുന്നു,
നിറയെ ഓർമ്മകളുമായി.
വിറകൊള്ളുന്ന വെള്ളത്തിൽ
അരക്ഷിതമായവയൊഴുകുന്നു,
കൊതുമ്പുവള്ളങ്ങൾ പോലെ,
ചുംബനങ്ങൾ പോലെ.

ഉപേക്ഷിക്കപ്പെട്ടവ,
നിഷ്കപടമായവ,
ഭാരഹീനമായവ.
വെളിച്ചം മെടഞ്ഞവയവ.
രാത്രിയാണവ.
വിളർത്തു കാണുമ്പോൾ
പച്ചപ്പിന്റെ പറുദീസയെ
ഓർമ്മിപ്പിക്കുമവ.

ആരവയ്ക്കു കാതു കൊടുക്കുന്നു?
ആരവ വാരിയെടുക്കുന്നു,
നിർമ്മലമായ ചിപ്പികളിൽ
ക്രൂരവും രൂപഹീനവുമായവയെ?



പ്രണയം

ഇതുപോലൊരുകാലവും
വേനൽ തങ്ങിനിന്നിട്ടില്ല,
ചുണ്ടുകളിൽ, ജലത്തിൽ.
-നാമെങ്ങനെ പിന്നെ മരിച്ചു,
അത്രയുമരികിലായിരിക്കെ,
അത്രയും നഗ്നരായിരിക്കെ,
അത്രയും നിഷ്കളങ്കരായിരിക്കെ?



നാവികവിദ്യ

നോക്കൂ,
നിന്റെ നെഞ്ചിലെത്രവേഗം
വേനലൊരു കടലായി,

രാത്രി നൌകയായി,

എന്റെ കൈ നാവികനായി.


Friday, July 13, 2012

യൂജെനിയോ ദെ അന്ദ്രാദ - വേനലിന്റെ വരവിനെക്കുറിച്ചൊരു ഗീതകം


ഫലം


കവിത ഇങ്ങനെയാവട്ടെയെന്നാണെനിക്ക്:
വെളിച്ചത്തിനൊത്തു ത്രസിക്കുന്നത്, മണ്ണിനൊത്തു പരുക്കനായത്,
തെന്നലിനും ചോലയ്ക്കുമൊത്തു മന്ത്രിക്കുന്നത്.



വേനലിന്റെ വരവിനെക്കുറിച്ചൊരു ഗീതകം

നോക്കൂ, എത്ര പൊടുന്നനേ
വേനൽ വന്നെത്തുന്നു,
മഞ്ഞത്തവിട്ടുനിറമായ കുതിരക്കുട്ടികളുമായി,
അരിപ്പല്ലുകളുമായി,

വെള്ളയടിച്ചു വെടിപ്പായ
നീണ്ടുപിരിഞ്ഞ ഇടനാഴികളുമായി,
ഒഴിഞ്ഞ ചുമരുകളുമായി,
ആ ലോഹപ്രകാശവുമായി,

മണ്ണിൽ കുത്തിയിറക്കിയ
പവിത്രശൂലവുമായി,
കനത്ത മൌനത്തിൽ നിന്നു
ചുറയഴിക്കുന്ന പാമ്പുകളുമായി-

നോക്കൂ, വേനൽ
കവിതയിലേക്കിഴഞ്ഞു കയറുന്നതും.



പനിനീർപ്പൂക്കൾ ഞാൻ തീർത്തതു നിനക്കായി

പനിനീർപ്പൂക്കൾ ഞാൻ തീർത്തതു നിനക്കായി,
അവയുടെ പേരു പരിമളപ്പെടുത്തിയതു നിനക്കായി.
ചാലുകൾ ഞാൻ കീറിയതു നിനക്കായി,
മാതളത്തിനാളുന്ന തീനാളങ്ങൾ നൽകിയതും നിനക്കായി.

ചന്ദ്രനെ ഞാനാകാശത്തു പതിച്ചതു നിനക്കായി,
പൈന്മരക്കാട്ടിൽ പച്ചകളിൽ പച്ച വച്ചതു നിനക്കായി;
മണ്ണിലീയുടൽ നീർത്തിക്കിടന്നതും നിനക്കായി,
ഒരു മൃഗത്തെപ്പോലെ വെളിവായി, വ്യഗ്രനായി.


Sunday, January 15, 2012

യൂജെനിയോ ദെ അന്ദ്രാദെ - നിശാഗീതം


നിശാഗീതം


തവളകളുടെ കരച്ചിലേയുള്ളു,
രാത്രിക്കതിന്റെ നെഞ്ചിലാകെയുള്ള സംഗീതമായി-
ചതുപ്പുകളുടെ,
അഴുകുന്ന ഈറലുകളുടെ ഒരു ഗാനം,
ഇടയിൽ ചിലനേരം
നിലാവുമായി.



പൂത്ത ചെറിമരത്തോട്

ഉണരുക, ഒരേപ്രിൽമാസപ്പുലരിയിൽ
ആ ചെറിമരത്തിന്റെ വെണ്മയാവുക,
വേരു മുതലിലവരെയെരിയുക,
അതേപോലെ പൂക്കുക, കവിത വിടർത്തുക.

സ്വന്തം കൈകൾ തുറക്കുക, സ്വന്തം ചില്ലകളിൽ ശേഖരിക്കുക,
കാറ്റിനെ, വെളിച്ചത്തെ, പിന്നെയെന്തായാലുമതിനെ;
കാലമിഴയിട്ടിഴയിട്ടു ചെറിമരത്തിന്മേൽ
ഒരു ചെറിയുടെ ഹൃദയം നെയ്തെടുക്കുന്നതറിയുക.



കൈകൾ

എത്ര വ്യർത്ഥമായ കദനമാണീ കൈകളിൽ,
സ്വയം സമർപ്പിക്കുന്ന
പൂക്കൾ പോലുമല്ലവ:
തുറന്നാൽ വിഷണ്ണം മാത്രമാണവ,
മുറുക്കിയാൽ കൂറ്റൻ കണ്ണിമകളാണവ,
ഉറക്കം വന്നുമുട്ടുന്നതും.



ഉണരുകയെന്നാൽ

എന്നെവിളിച്ചുണർത്തിയതാര്‌,
കിളിയോ,കടലോ, പനിനീർപ്പൂവോ?
കിളിയും കടലും പനിനീർപ്പൂവും,
ഒക്കെയുമഗ്നി, ആസക്തി.
ഉണരുകയെന്നാൽ പൂവിന്റെ നിറമാവുക,
കിളിയുടെ പാട്ടും, കടലിലെ വെള്ളവുമാവുക.



മണ്ണിൽ മറഞ്ഞ ഉറവകൾ

കാറ്റൊന്നു മന്ത്രിച്ചപോലെയേയുള്ളു,
ആ ചുണ്ടുകൾ.

ചുണ്ടുകൾ? ചുണ്ടുകളെന്നോ ഞാൻ പറഞ്ഞു?
അതോ മണൽത്തരികളെന്നോ?
ചുണ്ടുകൾ. മറ്റു ചുണ്ടുകൾക്കായി
ദാഹിക്കുന്നവ.

വെണ്മയ്ക്കായി ദാഹിക്കുന്നവ.
ജ്വാല തന്നെയായി.
ജ്വാല
തുള്ളിമഞ്ഞു തന്നെയായി.

ചുണ്ടുകൾ:
മണ്ണിൽ മറഞ്ഞ ഉറവകൾ.



ഏതു നിലാശബ്ദം

ഏതു നിലാശബ്ദം പരിചയപ്പെടുത്തുന്നു,
ശബ്ദമില്ലാത്തതൊന്നിനെ?

ഏതു മുഖം രാത്രിയ്ക്കുമേൽ കൊട്ടിത്തൂവുന്നു,
പുലരിയുടെ നീലവെളിച്ചത്തെ?

ഏതു സൗവർണ്ണചുംബനം തേടിപ്പോവുന്നു,
തെന്നലിന്റെ, ജലത്തിന്റെ ചുണ്ടുകളെ?

ഏതു വെളുത്ത കൈ അലസമൊടിച്ചിടുന്നു,
നിശ്ശബ്ദതയുടെ ചില്ലകളെ?



യൂജെനിയോ ദെ അന്ദ്രാദെ (ജനനം 1923). പോർത്തുഗലിലെ ഏറ്റവും പ്രസിദ്ധനായ സമകാലീനകവി. ശ്രദ്ധാപൂർവമായ ലാളിത്യമാണ്‌ ഈ കവിയുടെ മുഖമുദ്ര. അനാർഭാടമായ പദങ്ങളും ബിംബങ്ങളുമേയുള്ളു, അമൂർത്തതകളൊന്നുമില്ല.


link to the poet