Wednesday, January 6, 2016

വെലിമിർ ക്‌ലെബ്നിക്കോവ് - രണ്ടു കവിതകള്‍

1.
ശവപ്പെട്ടികൾക്കു മേൽ വയ്ക്കാൻ നമുക്കു പൂക്കൾ വേണം,
ശവപ്പെട്ടികൾ പക്ഷേ നമ്മോടു പറയുന്നു,
നമ്മൾ പൂക്കളാണെന്ന്,
ഒരു പൂവിലുമധികമായുസ്സു നമുക്കില്ലെന്ന്.

2.
പോലീസ് സ്റ്റേഷൻ നല്ലൊരിടമാണ്‌,
ഞാനും രാഷ്ട്രവും തമ്മിൽ
കൂടിക്കാഴ്ചകൾ നടക്കുന്നതവിടെ വച്ചാണ്‌,
താനെന്ന ഒന്നിപ്പോഴുമുണ്ടെന്ന്
രാഷ്ട്രമെന്നെ ഓർമ്മപ്പെടുത്തുന്നതും അവിടെ വച്ചാണ്‌.


വെലിമിർ ക്‌ലെബ്നിക്കോവ് (1885-1922) - റഷ്യന്‍ ഫ്യൂച്ചറിസ്റ്റ് കവി 

Tuesday, January 5, 2016

നിക്കോളായ് നെക്രസോവ് - ഹേയ് സ്ക്വയർ, വൈകിട്ടാറു മണി...

ഹേയ് സ്ക്വയർ, വൈകിട്ടാറു മണി.
ഒരു സ്ത്രീയെ ചാട്ട കൊണ്ടടിക്കുകയാണ്‌.
ചെറുപ്പക്കാരി, കർഷകസ്ത്രീ.
അവളുടെ ചുണ്ടുകൾ തുറക്കുന്നതേയില്ല.
എങ്ങുമൊരു മർമ്മരവുമില്ല.
ആ ചാട്ടയും അതിന്റെ ചൂളവും മാത്രം.
ഞാനെന്റെ കാവ്യദേവതയോടു പറഞ്ഞു,
“നിന്റെ പെങ്ങൾ!”

Monday, January 4, 2016

ഫ്യോദോർ സൊലോഗുബ് - പ്രാർത്ഥന



ദൈവമേ,
സാധുവും ദുർബലനുമായ വാക്കിനടിമയാണു ഞാനെങ്കിൽ,
മണ്ണടിയും വരെ പണിയെടുക്കണമെന്നാണെന്റെ വിധിയെങ്കിൽ,
ഒരേയൊരു പ്രാർത്ഥനയിൽ 
സ്വയമതിവർത്തിക്കാനെന്നെയനുവദിക്കേണമേ:
ഒരെട്ടുവരിക്കവിതയെനിക്കെഴുതണം,
തെളിഞ്ഞ നാളം പോലതെരിഞ്ഞു നില്ക്കണം.

ഫ്യോദോർ സൊലോഗുബ്  (1863-1927)- യഥാർത്ഥനാമം ഫ്യോദോർ കുസ്മിച്ച് ടെറ്റെർനിക്കോവ്. റഷ്യയിലെ സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ ജനിച്ചു. “ഒരിടത്തരം പിശാച്” എന്ന നോവൽ പ്രസിദ്ധം.