നോക്കൂ-
ചന്ദ്രൻ രാത്രിയുടെ പുസ്തകം
ഏടുകൾ മറിച്ചു നോക്കുന്നു.
ഒന്നും അച്ചടിക്കാത്ത ഒരു തടാകം
കണ്ടെത്തുന്നു.
ഒരു നേർവര വരയ്ക്കുന്നു.
അതേ അതിനു കഴിയൂ.
അതു തന്നെ ധാരാളമായി.
കട്ടിയിലൊരു വര.
നിന്നിലേക്ക്.
നോക്കൂ.
ഇന്നു ഞാൻ കണ്ടു
രണ്ടു ചന്ദ്രന്മാരെ,
ഒന്നു പുതിയത്,
ഒന്നു പഴയത്.
ഞാനൊരുപാടു വിശ്വാസമർപ്പിക്കുന്നു
പുതിയ ചന്ദ്രനിൽ;
അതിനി പഴയതാകാനും മതി.
കറുത്ത കുരിശുകൾ
വെളുത്ത മഞ്ഞിൽ
കറുത്ത കുരിശുകൾ
മഴയത്തു ചാഞ്ഞും കുനിഞ്ഞും.
മുൾച്ചതുപ്പും കടന്ന്
മരിച്ചവർ ഇവിടെ വന്നു
തോളത്തു കുരിശുകളുമായി
എന്നിട്ടവ താഴെയിറക്കിവച്ച്
തങ്ങളുടെ തങ്ങളുടെ
മഞ്ഞു വീണ പുൽക്കറ്റയ്ക്കു താഴെ
വിശ്രമിക്കാനും പോയി.
എന്തൊക്കെപ്പറഞ്ഞാലും
വർഷം മുഴുവൻ പുസ്തകങ്ങൾക്കു മേൽ
കുനിഞ്ഞിരിക്കുകയാണു നിങ്ങൾ.
ഒമ്പതു ജന്മങ്ങൾക്കു വേണ്ടതിലധികം ജ്ഞാനം
നിങ്ങൾ സംഭരിച്ചും കഴിഞ്ഞു.
എന്തൊക്കെപ്പറഞ്ഞാലും
വേണ്ടതൊരിത്തിരി മാത്രം,
അതു ഹൃദയത്തിനു പണ്ടേയറിയുന്നതും.
ഈജിപ്തിൽ അറിവിന്റെ ദേവന്
ആൾക്കുരങ്ങിന്റെ ശിരസ്സായിരുന്നു.
നമ്മുടെ സ്വപ്നം
നാം രഹസ്യമായി കൊണ്ടുനടക്കുന്നൊരു സ്വപ്നമാണ്,
ഒരത്ഭുതം നടക്കുമെന്ന്,
അതു നടക്കണമെന്ന്-
കാലം തുറക്കുമെന്ന്
ഹൃദയം തുറക്കുമെന്ന്
വാതിലുകൾ തുറക്കുമെന്ന്
മലകൾ തുറക്കുമെന്ന്
അരുവികൾ പുറത്തുചാടുമെന്ന്-
സ്വപ്നം തുറക്കുമെന്ന്
പ്രഭാതത്തിൽ നാം ഒഴുകിയെത്തും
നമുക്കറിവില്ലാതിരുന്നൊരു
കടവിലേക്കെന്ന്.
കാറ്റു നീയായിരുന്നു
കാറ്റു കാത്തു കിടന്ന
തോണിയായിരുന്നു ഞാൻ.
കാറ്റു നീയായിരുന്നു.
എനിക്കു പോകേണ്ട-
താ ദിക്കിലേക്കായിരുന്നുവോ?
കാറ്റതുമാതിരിയാവുമ്പോൾ
ദിക്കുകളെക്കുറിച്ചാരോർക്കുന്നു!
പരവതാനി
ഒരു പരവതാനി നെയ്തുതരൂ, ബോദ്ൽ,
അതിനൂടും പാവുമിടട്ടെ സ്വപ്നങ്ങളും ദർശനങ്ങളും,
കാറ്റുമതിലിഴയോടട്ടെ,
പ്രാർത്ഥിക്കുമ്പോളൊരു ബദൂയിനെപ്പോലെ
എനിക്കതു നീർത്തിയിടാം,
ഉറങ്ങുമ്പോഴെനിക്കതു മൂടിപ്പുതയ്ക്കാം,
കാലത്തെനിക്കു പിന്നെ വിളിച്ചുപറയാം:
“മേശപ്പുറമേ, വിഭവങ്ങൾ നിരക്കട്ടെ!”
തണുപ്പത്തെനിക്കതു മേലങ്കി,
എന്റെ തോണിയ്ക്കു കാറ്റുപായ;
പിന്നെയൊരുനാൾ
ഞാനതിൽ ചെന്നിരിക്കും,
മറ്റൊരു ലോകത്തേക്കു പറന്നും പോകും.
മുഴുവൻ സത്യവും...
മുഴുവൻ സത്യവുമെനിയ്ക്കു വേണ്ട,
എനിയ്ക്കു ദാഹിക്കുമ്പോൾ
കടൽ കൊണ്ടുതരേണ്ട,
വെളിച്ചത്തിനു പറയുമ്പോൾ
ആകാശവും വേണ്ട;
ഒരു സൂചന മതി,
ഒരു തുള്ളി മഞ്ഞ്,
ഒരു പ്രകാശകണം,
കടൽ വിട്ടുപോവുമ്പോൾ
കിളികൾ ചില തുള്ളികളെടുക്കുമ്പോലെ,
കാറ്റൊരുപ്പുതരിയുമെടുക്കുമ്പോലെ.
സ്വപ്നം
ഉറക്കത്തിലേക്കു
നൂണ്ടുകടക്കുക നാം,
ഒരു ശാന്തസ്വപ്നത്തിലേക്കു
നൂണ്ടുകടക്കുക നാം-
രാത്രിയെന്നു നാം പേരിട്ട
ഒരപ്പച്ചെമ്പിൽ
കുഴച്ച മാവിന്റെ രണ്ടു പിടി.
പിന്നെ പ്രഭാതത്തിൽ
നാമുണരട്ടെ,
മൊരിഞ്ഞുതുടുത്ത
രണ്ടപ്പങ്ങളായി!
(ഒ ലാവ് എഛ് ഹോഗ് Olav H Hauge-നോർവേയിലെ ഉൾവിക്കിൽ 1908-ൽ ജനനം; എമ്പതു കൊല്ലത്തിൽപ്പിന്നെ മരണവും അവിടെത്തന്നെ. പാരമ്പര്യമനുസരിച്ച് കുടുംബസ്വത്തൊക്കെ കവിയുടെ ജ്യേഷ്ഠനു കിട്ടി; മൂന്നേക്ര കൃഷി ചെയ്തു കിട്ടുന്നതു കൊണ്ട് ജീവിതകാലം കഴിച്ചു ഒ ലാവ്. മുപ്പതു വയസ്സിനടുപ്പിച്ച് ഒരു മനോരോഗാശുപത്രിയിൽ കഴിയുന്നുണ്ടദ്ദേഹം. വിവാഹം അറുപത്തഞ്ചാം വയസ്സിൽ; വളരെ വിരളമായിരുന്ന കവിതാവായനച്ചടങ്ങുകളിൽ ഒന്നിൽ വച്ചു കണ്ടുമുട്ടിയ ബോദ്ൽ എന്ന കലാകാരിയായിരുന്നു വധു. മരണവും പഴയ മട്ടിൽ; ഒരു രോഗവും ഉണ്ടായിരുന്നില്ല. പത്തു ദിവസം ആഹാരം കഴിക്കാതെ കിടന്ന് മരിക്കുകയായിരുന്നു. താൻ ജ്ഞാനസ്നാനമേറ്റ പള്ളിയിൽ തന്നെയാണ് അദ്ദേഹത്തെ അടക്കിയിരിക്കുന്നതും.)
സൂര്യനസ്തമിക്കും മുമ്പേ
നിന്റെ കൈകളിൽ
എന്റെ കൈ ഞാനർപ്പിക്കും
വെള്ളച്ചൂരൽ മെടഞ്ഞ കൂടയിൽ
ഒരു കാട്ടുപൂവു പോലെ
പിന്നെ ധീരയായി
ആർദ്രയായി ലജ്ജിതയായി
നിന്നെ ഞാൻ വലയം ചെയ്യും
രാവും പകലുമായ മരങ്ങളെ
രാവും പകലുമെന്നപോലെ
എന്റെ ചുംബനങ്ങൾ ജീവിയ്ക്കും
നിന്റെ ചുമലിൽ കിളികളെപ്പോലെ
അസ്ട്രിഡ് ആൻഡേഴ്സെൻ (1915-1985)- നോർവീജിയൻ കവയിത്രി
പുഴപ്പെണ്ണ്
തെളിഞ്ഞ വസന്തകാലരാത്രികളിൽ
ബിർച്ചുമരങ്ങളിൽ
മരനീരിരച്ചുയരുമ്പോൾ
അവൾ മുടിയുലർത്തിയിടുന്നു
അവൾ പാടുന്നു
മലകൾക്കു മുന്നിൽ നിന്നവൾ
നൃത്തം വയ്ക്കുന്നു.
ഇപ്പോഴിതാ,
അവളുടെ ആട്ടവും പാട്ടുമൊക്കെ നിലച്ചു;
വെളുത്ത കൈകൾ കൊണ്ടവൾ പുണരുന്നു,
ഇരുമ്പു പോലെ വിളർത്ത പാറക്കെട്ടിനെ,
മഞ്ഞു പോലെ തണുത്ത,
വലിച്ചൂറ്റുന്ന,
ഒരു ദീർഘചുംബനത്തോടെ.
അവൾ മറുപടിയൊന്നും പറഞ്ഞില്ല,
അവൾ നിങ്ങൾക്കു പുറംതിരിഞ്ഞതേയുള്ളു-
പിന്നെയവൾ പോവുകയും ചെയ്തു.
കാറ്റും മേഘങ്ങളും ഇരുളുന്ന കടലും പുറംതിരിഞ്ഞു,
കടലോരത്തെ കല്ലുകൾ മുങ്ങാങ്കുഴിയിട്ടു,
ഓരോ തുരുമ്പും ഓരോ തിരയും
മറ്റൊരു തീരം തേടിപ്പോവുകയും ചെയ്തു.
നേരമായി
റോക്കറ്റുകൾ
തല പൊക്കുന്നു,
ചന്ദ്രനെയും ചൊവ്വയെയുമുന്നം വയ്ക്കുന്നു.
നേരമായി,
നേരമായിക്കഴിഞ്ഞു,
നക്ഷത്രങ്ങൾക്കിടയിൽ
അവയുടെ വിഷം വിതറാൻ.
വാതിൽ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ
ഉറക്കമൊഴിഞ്ഞ ചില നക്ഷത്രങ്ങൾ മലകൾക്കു മേൽ.
വസന്തകാലവെളിച്ചത്തിൽ, പൈൻമരങ്ങൾക്കിടയിൽ
വിളർത്ത മഞ്ഞുപാളി മിന്നുന്നു.
ചാമ്പൽത്തൊട്ടി കുടയുമ്പോൾ
മഞ്ഞിൽ വീണു കനലുകൾ ചീറുന്നു.
നരച്ച കാറ്റിൽ ചാമ്പലിനൊപ്പം ചിതറുന്നു,
നുറുങ്ങിപ്പോയ സ്വപ്നങ്ങൾ.
മഴ പെയ്യുമ്പോൾ ഓക്കുമരത്തിനടിയിൽ
മഴ കൊള്ളരുതെന്നു വച്ചു മാത്രമല്ല,
വഴിയരികിലെ പഴയൊരോക്കുമരത്തിനടിയിൽ
ഞാൻ ചെന്നു നിന്നത്;
പടർന്ന മേലാപ്പിനടിയിൽ
സുരക്ഷിതനാണു ഞാനെന്നെനിക്കു തോന്നിയിരുന്നു,
ഒരു ജന്മാന്തരസൌഹൃദമാവണം
ഞങ്ങളെയവിടെ ഒരുമിപ്പിച്ചുനിർത്തിയതും,
നിശ്ശബ്ദരായി,
ഇലകളിൽ മഴയിറ്റുന്നതു കേട്ടും,
നിറം കെട്ട പകലിലേക്കു കണ്ണയച്ചും,
കാത്തും, അറിഞ്ഞും.
ലോകത്തിനു പ്രായമായിരിക്കുന്നു
- ഞങ്ങളോർക്കുന്നു-
ഞങ്ങൾക്കു പ്രായമാവുകയുമാണ്.
ഇന്നു ഞാൻ നിന്നു നനയുന്നു,
ഇലകൾ കൊഴിയുന്നു,
മുടിയിൽ വിരലോടുമ്പോൾ ഞാനറിയുന്നു,
പരുക്കൻ വായുവിൽ
ഒരു ചവർത്ത മണവും.
മേശ മേൽ പുത്തൻ മഞ്ഞവിരി,
വെടിപ്പായ വെള്ളക്കടലാസ്സും!
ഇത്രയും നല്ല വിരിയും
ഇത്രയും നല്ല കടലാസ്സുമുണ്ടായിരിക്കെ,
വാക്കുകളിവിടെയ്ക്കു വന്നുതന്നെയാവണം!
കടല്പരപ്പിൽ മഞ്ഞുറഞ്ഞുകഴിഞ്ഞു,
കിളികൾ ചേക്കയേറിക്കഴിഞ്ഞു.
വെള്ളിയുറയിൽ
അവൻ വാളൊളിപ്പിക്കുന്നു.
തലപ്പിൽ ചോര പറ്റിയിരിക്കുന്നു.
പാവം,
അതിനു പ്രണയത്തിന്റെ ബാധ!
കവിളത്തെ തുടുപ്പു നോക്കൂ,
മരിച്ച സ്വപ്നങ്ങൾ
കണ്ണുകളിൽ തിളങ്ങുന്നതു നോക്കൂ!
ബിർച്ചുമരത്തിനു പ്രായമേറുമ്പോൾ
അതിൽ ചുവന്ന പാടുകൾ വീഴും,
അതിനർത്ഥം,
‘വീഴ്ത്താറായി’ എന്നും.
ഒരു തലമുറയിലേറെക്കാലമായി
ഞാനിവിടെ ജീവിക്കുന്നു.
കാറ്റും പായ കെട്ടിയ നക്ഷത്രങ്ങളുമായി
വർഷങ്ങളനേകം കടന്നുപോയിരിക്കുന്നു.
മരങ്ങളും പക്ഷികളുമിവിടെയുറപ്പിച്ചുകഴിഞ്ഞു,
എനിക്കായിട്ടുമില്ല.
പാലത്തിനു മേൽ പാലം-
മൂന്നു മഴവില്ലുകൾ!
നാമെവിടെയ്ക്കു പോകണമെന്നാണു
നിന്റെ വിചാരം?
ആദ്യത്തേതു, സംശയിക്കേണ്ട,
പറുദീസയിലേക്കു തന്നെ;
പിന്നത്തേതുറഞ്ഞ മഞ്ഞിലേക്കും.
മൂന്നാമത്തേതോ?
അതീ വഴിയ്ക്കു വരുന്നു,
എന്റെയും നിന്റെയുമൊപ്പം,
ഉദ്യാനത്തിലേക്ക്.
ഒരു കളപ്പുരയുടെ കുലചിഹ്നം അമ്പും വില്ലും
ആർത്തി പൂണ്ട തുമ്പിൽ
എന്റെ മുനയിൽ മരണമുണ്ട്,
അമ്പു പാടുന്നു.
ഞാണിൽ നിന്നമ്പു
തൊടുത്തതു ഞാൻ,
വില്ലു വിറയുന്നു.
വില്ലു കുലച്ചതാര്,
ഈ കരുത്തൻ കൈ,
ഞാനല്ലാതെ?
കിളിയെ കണ്ടതാര്,
ഉന്നം നോക്കിയതാര്?
കണ്ണു ചോദിക്കുന്നു.
കൈ മുറുക്കിയതു ഞാൻ,
കണ്ണു തിരിച്ചതു ഞാൻ,
ഇച്ഛാശക്തി പറയുന്നു.
ഉന്നം പിടിയ്ക്കൂ- തൊടുക്കൂ!
കൊല്ലുന്നതെന്റെ വിഷം,
വേട്ടക്കാരന്റെ ആവേശം മന്ത്രിക്കുന്നു.
ആ കിളി എന്റേത്,
ഞാനതിനെ പലപ്പോഴും കണ്ടിരിക്കുന്നു,
സ്വപ്നമോർമ്മിപ്പിക്കുന്നു.
കിളി മറഞ്ഞും കഴിഞ്ഞു,
കാതരമായ ചിറകുകളിൽ
സൂര്യനിറങ്ങാത്ത കാട്ടിൽ.
അമ്പിനുന്നത്തിൽ കൊള്ളണമെങ്കിൽ
അതു വളഞ്ഞ വഴിയേ പോകരുത്.
നല്ല വില്ലാളി പക്ഷേ കാറ്റും ദൂരവും പരിഗണിയ്ക്കും.
അതിനാൽ നിന്നെയുന്നം വയ്ച്ചമ്പോൾ
ഞാനുന്നം നോക്കിയതൊന്നുയരത്തിൽ.
നിനക്കേറ്റവുമിഷ്ടം
കാറ്റിനോടു മിണ്ടാൻ,
അവനെ കൂട്ടിനു കിട്ടാൻ.
അല്ലെങ്കിൽ, മരങ്ങൾ,
അടുപ്പം കാട്ടുന്ന,
സ്ഥിരചിത്തരായ,
ജ്ഞാനികളായ മരങ്ങൾ.
ഇനിയെന്നെ കൂട്ടിനു
കിട്ടിയാലോ?
നിനക്കു പ്രേതങ്ങളെ
നല്ല പരിചയമാണെന്നതു
നന്നായി.
മഞ്ഞുകാലം മറന്നുപോയി,
മലകളിൽ വെളുത്ത പശുക്കളെ;
പച്ചപ്പുൽച്ചരിവുകളിൽ മേയുകയാണവ.
കഠിനമാണു പക്ഷേ,
വസന്തകാലസൂര്യനും, പുല്ലും.
നാളു ചെല്ലുന്തോറും
പശുക്കൾ മെലിയുകയാണ്.
ജനാലയ്ക്കൽ നിന്ന വലിയ ആപ്പിൾമരം ഞാൻ മുറിച്ചുവീഴ്ത്തി.
ഒന്നാമതതു കാഴ്ച മറയ്ക്കുകയായിരുന്നു,
വേനലിലും പൂമുഖത്തിരുളു വീഴുകയായിരുന്നു,
തന്നെയുമല്ല, ആ തരം ആപ്പിളുകൾ
മൊത്തക്കച്ചവടക്കാർക്കു വേണ്ടെന്നുമായിരുന്നു.
എന്റെ അച്ഛൻ എന്തു പറയുമായിരുന്നുവെന്നു
ഞാൻ ആലോചിക്കായ്കയില്ല,
ആ ആപ്പിൾമരത്തെ അച്ഛനിഷ്ടമായിരുന്നു.
എന്നിട്ടും ഞാനതു മുറിച്ചുവീഴ്ത്തി.
ഇപ്പോൾ കുറേക്കൂടി വെട്ടവും വെളിച്ചവുമുണ്ട്,
കടലിലേക്കെനിയ്ക്കു നോട്ടം കിട്ടുന്നുണ്ട്,
കൂടുതലയൽക്കാർക്കു മേൽ കണ്ണു വയ്ക്കാനെനിക്കാവുന്നുണ്ട്,
വീടിനിപ്പോൾ നല്ല കാഴ്ച കിട്ടുന്നുണ്ട്,
തനിയ്ക്കുള്ളതതു മുമ്പത്തേതിലും കൂടുതലായി
വിളിച്ചുകാണിയ്ക്കുന്നുമുണ്ട്.
തുറന്നു പറയാനിഷ്ടമില്ലെങ്കിലും ഞാൻ പറയട്ടെ,
ആപ്പിൾമരം പോയതിൽ എനിക്കു നഷ്ടബോധം തോന്നുന്നു.
കാര്യങ്ങൾ പഴയപടിയാകാത്തപോലെ.
അവൻ നല്ല മറവു തന്നിരുന്നു,
നല്ല തണലു തന്നിരുന്നു,
അവന്റെ ചില്ലകൾക്കിടയിലൂടെ
തീൻമേശയിലേക്കു സൂര്യനൊളിഞ്ഞുനോക്കിയിരുന്നു,
പല രാത്രികളിലും
കാറ്റു പിടിച്ച ഇലകൾക്കു കാതോർത്തു ഞാൻ കിടന്നിരിക്കുന്നു.
ആപ്പിൾപ്പഴങ്ങളോ-
വസന്തകാലത്തവയെക്കാൾ കേമം വേറെയില്ല,
ആ വാസനിക്കുന്ന രുചിയുമൊക്കെയായി.
അതിന്റെ കുറ്റി കാണുമ്പോഴൊക്കെ
എന്റെ മനസ്സു നോവുന്നു:
അതൊന്നടങ്ങുമ്പോൾ
ഞാനതു വെട്ടിക്കീറി വിറകാക്കും.
കുന്നുമ്പുറത്തു കയറിനിന്നു വിളിച്ചുകൂവരുത്
കുന്നുമ്പുറത്തങ്ങനെ കയറിനിന്നു
വിളിച്ചുകൂവരുത്.
അതെ,
നിങ്ങൾ പറയുന്നതു സത്യം തന്നെ
എന്നു സമ്മതിക്കുന്നു.
അതിനിത്രയും
ഒച്ചയും ബഹളവും വേണോ?
ആ കുന്നിനുള്ളിലേക്കു കയറൂ,
അതു നിങ്ങളുടെ പണിയാലയാക്കൂ,
അവിടെ നിങ്ങളുടെ ഊത്താല പണിയൂ,
അവിടെ നിങ്ങളുടെ ഇരുമ്പു പഴുപ്പിക്കൂ,
കൂടം കൊണ്ടടിയ്ക്കുമ്പോൾ പാടുകയും ചെയ്യൂ!
ഞങ്ങളതു കേട്ടോളാം,
നിങ്ങളവിടെയുണ്ടെന്നു ഞങ്ങളറിയുകയും ചെയ്തോളാം.
നിങ്ങളെപ്പോലൊരു മനുഷ്യജീവിയാണയാളും
നിങ്ങൾക്കയാളെ ബഹുമാനമാണ്,
നിങ്ങൾക്കയാളെ മനസ്സിലാകാതിരിക്കുന്നിടത്തോളം കാലം,
എന്താണയാളുടെ ഉന്നമെന്നു
നിങ്ങൾക്കു പിടി കിട്ടാതിരിക്കുന്നിടത്തോളം കാലം.
അതറിഞ്ഞു കഴിഞ്ഞാൽ
നിങ്ങളുടെ ബഹുമാനത്തിനവസാനവുമായി.
നിങ്ങളെപ്പോലൊരു
മനുഷ്യജീവിയാണയാളും.
ഒരു മയിൽപ്പൂവനാവാൻ
വഴിയുണ്ടോയെന്നു നോക്കുകയാണയാളും.
ഒറ്റപ്പൈൻ
ഒരുപാടിടമുണ്ടിവിടെ,
നീണ്ടുനിവർന്നു നിൽക്കാനും
മുടി പറത്തി നിൽക്കാനും
നിനക്കു കഴിയുന്നുമുണ്ടിവിടെ.
പക്ഷേ,
ഒറ്റനില്പാണു നിന്റേത്.
കൊടുങ്കാറ്റുകൾ വരുമ്പോൾ
ആരുമുണ്ടാവില്ല,
നിനക്കൊന്നു ചായാൻ.
സത്യം
സത്യം
ഒരു നാണക്കാരൻ പക്ഷിയാണ്,
കാലത്തിനു പുറത്തു പറക്കുന്ന
ഒരു ആനറാഞ്ചൻ:
ചിലപ്പോൾ മുമ്പേ,
ചിലപ്പോൾ പിമ്പേ.
ചിലർ പറയുന്നു,
അങ്ങനെയൊന്നില്ലെന്ന്,
അവളെ കണ്ടവരാവട്ടെ
ഒന്നും പറയുന്നുമില്ല.
ഇണങ്ങിയ കിളിയാണു സത്യമെന്ന്
ഞാൻ കരുതിയിട്ടേയില്ല,
ഇനിയങ്ങനെയാണെങ്കിൽ
നിങ്ങൾക്കവളുടെ തൂവലുകൾ മാടിയൊതുക്കാം,
നിങ്ങളെ ഭയന്നവളൊരു കോണിൽപ്പോയിരിക്കില്ല,
കൂമന്റെ തുറുകണ്ണുമായി നിങ്ങൾക്കു നേരേ നഖം നീട്ടില്ല.
വേറേ ചിലർ പറയുന്നു,
സത്യം ഒരു തണുത്ത കത്തിയലകാണെന്ന്,
യിന്നും യാങ്ങുമാണെന്ന്,
പുല്ലിനിടയിലെ പാമ്പാണെന്ന്,
താനാണുയരത്തിലെന്നു കഴുകനു തോന്നുന്ന നേരം
കുതിച്ചുയരുന്ന പൊടിക്കുരുവിയാണെന്ന്.
മരിച്ച സത്യത്തെയും
ഞാൻ കണ്ടിരിക്കുന്നു:
കണ്ണുകൾ വെറുങ്ങലിച്ച മുയലിന്റേതു പോലെ.
ഒരേ കടലിലല്ല നമ്മുടെ പ്രയാണം,
അങ്ങനെയാണെന്നു തോന്നിയാലും.
എന്റെ കപ്പൽത്തട്ടിൽ കൂറ്റൻ തടികൾ, ഉരുക്ക്,
മണലും സിമന്റും ഭാരങ്ങൾ.
എന്റെ വളവര ജലം തൊടുന്നു,
വളരെപ്പതുക്കെയാണെന്റെ ഗതി,
തിരക്കുത്തിനെ നേർത്തും
മൂടൽമഞ്ഞിൽ ഞരങ്ങിയും.
നീയൊഴുകുന്നതൊരു കടലാസ്സുവഞ്ചിയിൽ,
നിന്റെ നീലിച്ച വഞ്ചിപ്പായ നിറയ്ക്കാൻ സ്വപ്നങ്ങൾ,
കാറ്റു വളരെ സൌമ്യം,
തിരകളൊതുങ്ങിയതും.
ഈ കവിതകളിൽ
വലിയ കാര്യമുണ്ടെന്നൊന്നും
ഞാൻ പറയില്ല,
ചിട്ടയൊന്നുമില്ലാതെ
അടുക്കിവച്ച ചില വാക്കുകൾ മാത്രം;
എന്നാൽക്കൂടി
ഇങ്ങനെയൊന്നുണ്ടാക്കുന്നത്
നല്ലതാണെന്നാണ് എന്റെ തോന്നൽ;
എങ്കിൽ അല്പനേരത്തേക്കെങ്കിലും
വീടു പോലൊന്നെനിക്കുണ്ടായല്ലോ.
ചെറുപ്പത്തിൽ നാം പണിതിരുന്ന
ഇലക്കുടിലുകളെയാണ്
എനിക്കോർമ്മ വരുന്നത്:
നാമതിനുള്ളിൽ ഇഴഞ്ഞുകേറിയിരുന്നു,
മഴ പെയ്യുന്നതും കാതോർത്തു കേട്ടിരുന്നു,
ഏകാന്തത നാമറിഞ്ഞിരുന്നു,
മൂക്കിൻതുമ്പത്തും മുടിയിലും
വെള്ളമിറ്റിയിരുന്നു-
അതല്ലെങ്കിൽ
ക്രിസ്തുമസ് കാലത്തെ മഞ്ഞുവീടുകളെ:
നാമതിനുള്ളിലിഴഞ്ഞുകേറി,
ചാക്കുതുണി കൊണ്ടു വാതിൽ മൂടിയിരുന്നു,
തണുക്കുന്ന സന്ധ്യകളിൽ
മെഴുകുതിരിയും കത്തിച്ചുവച്ചു നാമിരുന്നിരുന്നു.
മുരത്ത പാറയിൽ
തപ്പിത്തടയുന്ന വേരല്ല,
മുളയല്ല, തൈയല്ല,
കൊടുങ്കാറ്റിലിടറാതെ നിൽക്കുന്ന
തായ്ത്തടിയല്ല,
എളിമയുള്ള ചില്ലയല്ല,
കാതലല്ല,
മഞ്ഞു കൊള്ളുന്ന തൊലിയല്ല,
ഇരച്ചുകേറുന്ന നീരല്ല,
വളർച്ചയുടെ ഊറ്റമല്ല,
കനിയല്ല, കുരുവല്ല,
ഒച്ചയനക്കമില്ലാതെ
മേലാപ്പു പണിയുന്ന
ഇലയുമല്ല-
ഞെളിഞ്ഞു നിൽക്കുന്ന
പൂവായാൽ മതി നിങ്ങൾക്ക്.
ഒരു വാക്ക്
ഒരു വാക്ക്
-തണുത്ത പുഴയിൽ
ഒരു കല്ല്.
ഒരു കല്ലു കൂടി-
കല്ലുകളിനിയും വേണം,
എനിയ്ക്കക്കര കടക്കാൻ.
പഴയ കല്ലുകൾ പടുത്തു
നല്ലൊരു ചുമരുണ്ടാക്കാവുന്നതേയുള്ളു,
അവ നന്നായടുക്കണമെന്നേയുള്ളു,
അവ നിരപ്പു ചേരണമെന്നേയുള്ളു.
പക്ഷേയവ നന്നായി ചെത്തിയെടുത്തതാവണമെന്നില്ല,
നിരപ്പൊത്തതാവണമെന്നില്ല,
പഴയ ചാന്തും കുമ്മായവും
അതിൽ പറ്റിപ്പിടിച്ചിരുപ്പുമുണ്ടാവാം.
അതിനെക്കാൾ ഭേദം,
പുതിയ കല്ലു വെട്ടിയെടുക്കുക,
നിങ്ങളുടെ ഇഷ്ടത്തിനു മിനുക്കിയെടുക്കുക,
എങ്കിലതിന്റെ കെട്ടു നന്നാവും,
കാണാനും ഭംഗിയാവും.
ഇപ്പോൾ നിങ്ങൾക്കുറച്ചൊരു ചുമരായി,
നിങ്ങൾക്കു പറയാം, അതു നിങ്ങളുടേതെന്നും.
കളപ്പുരമുറ്റത്തു
പൂച്ചയിരുപ്പുണ്ടാവും,
നിങ്ങൾ കടന്നുവരുമ്പോൾ;
അവനോടെന്തെങ്കിലുമൊന്നു
മിണ്ടുക,
ഈ കളപ്പുരയിലവനേ അറിയൂ,
ഇന്നതിന്നതൊക്കെയെന്ന്.
പുഴ പൊങ്ങുമ്പോൾ
മീൻ കരയില്ല.
പാവം ബീവർക്കിഴവനു പക്ഷേ,
തന്റെ പുരകളെയോർത്തു വേവലാതി.
ഉറയൂരിയാൽ
വാളറുക്കും,
ഒന്നുമില്ലെങ്കിൽ
-വായുവിനെ.
അമ്പു വെടിയുണ്ടയെക്കാൾ മുമ്പ്.
അതിനാലാണ് അമ്പിനെയെനിക്കിഷ്ടം.
വെടിയുണ്ട കുറേ മൈലു പോകും.
അതിന്റെ വെടിയ്ക്കൽ പക്ഷേ, ഭയാനകം.
അമ്പിനൊരു പുഞ്ചിരിയേയുള്ളു.
ആൾക്കുമൊരു പൂതി തോന്നി,
ഈ പുതിയ പൊയ്ക്കാലുകളൊന്നു വച്ചുനോക്കിയാലെന്തെന്ന്.
ആളതിന്മേൽ കയറിനിന്നു,
കൊക്കിനെപ്പോലെ വേച്ചുനടന്നു.
എന്തു പറയാൻ! എത്രയകലേക്കിപ്പോൾ നോട്ടമെത്തുന്നു.
അയൽക്കാരന്റെ ആലയിൽ ആടെത്രയുണ്ടെന്നു കണക്കുമെടുക്കാം.
കുതിരകളും തെണ്ടികളും
കുതിരകളും തെണ്ടികളും നോക്കിനടക്കുന്നത്
വഴിവക്കിലെ വെള്ളപ്പാത്തികൾ.
പെട്രോൾ പമ്പുകൾ കൊണ്ട്
അവർക്കെന്തു കാര്യം?
ആളുകളെ വിശ്വസിക്കാനോ?
എന്തുതരം വിചിത്രമത്സ്യങ്ങളാണവരെന്നു
നിങ്ങൾ കാണാൻ പോകുന്നതേയുള്ളു,
ഒരു സമയം പച്ച,
ഒരു സമയം കറുപ്പ്,
ഒരു സമയം നീല-
അവരങ്ങനെ നിറം മാറുന്നത്
വെളിച്ചവും പുഴത്തടവും
ഒഴുക്കും കൊണ്ടാണെന്നാണു പറയാറും.
ഞാൻ പൊന്തിയൊഴുകുകയാണ്
ഞാൻ പൊന്തിയൊഴുകുകയാണ്,
കാറ്റും തിരകളും
എന്നെ ആട്ടിപ്പായിക്കുകയാണ്,
ഒരു തടിക്കഷണത്തിൽ
പൊത്തിപ്പിടിച്ചിരിക്കുകയാണു ഞാൻ,
അതിൽ കൊത്തുപണികളുണ്ടെന്നതിൽ
അഭിമാനിയുമാണു ഞാൻ.
ഉറങ്ങുമ്പോൾ കുട്ടികളെപ്പോലെയാണു മനുഷ്യർ,
അവരിലപ്പോൾ യുദ്ധങ്ങളില്ല.
അവർ കൈപ്പടങ്ങൾ വിടർത്തുന്നു,
ദൈവം കൊടുത്ത സ്വച്ഛതാളത്തിൽ അവർ ശ്വാസമെടുക്കുന്നു.
കൊച്ചുകുട്ടികളെപ്പോലെ അവർ ചുണ്ടു പിളുത്തുന്നു,
കൈ പാതി തുറന്നുവയ്ക്കുന്നു,
പട്ടാളക്കാർ, രാഷ്ട്രതന്ത്രജ്ഞന്മാർ, സേവകർ, യജമാനന്മാർ.
നക്ഷത്രങ്ങൾ കാവൽ നിൽക്കുന്നു,
ഒരു മൂടൽ സകലതും മറയ്ക്കുന്നു,
ആരും ആരെയും ദ്രോഹിക്കാത്ത മണിക്കൂറുകളാണിനി.
നമ്മുടെ ഹൃദയങ്ങൾ പാതിവിടർന്ന പൂക്കളാവുന്ന ആ നേരത്ത്
നമുക്കന്യോന്യമൊന്നു സംസാരിക്കാനായെങ്കിൽ.
പൊൻതേനീച്ചകളെപ്പോലെ
വാക്കുകൾ ഒഴുകിയിറങ്ങുമായിരുന്നു.
-ദൈവമേ, നിദ്രയുടെ ഭാഷ എന്നെയൊന്നു പഠിപ്പിക്കൂ.