Thursday, March 31, 2011

ഫെർണാണ്ടോ പെസ്സോവ - ഇടവേള


ജീവിതം തുടങ്ങും മുമ്പേ ഞാനതിൽ നിന്നു വിട വാങ്ങിപ്പോന്നു; കാരണം സ്വപ്നത്തിൽപ്പോലും എനിക്കത്‌ ആകർഷകമായി തോന്നിയിട്ടില്ല. സ്വപ്നങ്ങൾ തന്നെയും എന്നെ മടുപ്പിക്കുകയാണു ചെയ്തിട്ടുള്ളത്‌; അതിൽ നിന്നെനിക്കു കിട്ടിയത്‌ അനന്തമായൊരു പാതയുടെ അന്ത്യത്തിലെത്തിയതായുള്ള കപടവും ബാഹ്യവുമായൊരു തോന്നൽ മാത്രമാണ്‌. ഞാൻ എന്നിൽ നിന്നു തന്നെ കവിഞ്ഞൊഴുകി എവിടെയെന്നെനിക്കു തന്നെ അറിയാത്തൊരിടത്തു ചെന്നടിഞ്ഞു; ഒരു പ്രയോജനവുമില്ലാതെ ഞാൻ തളം കെട്ടിക്കിടന്നത്‌ അവിടെയായിരുന്നു. മുമ്പെന്നോ ഉണ്ടായിരുന്നതൊന്നു മാത്രമാണു ഞാൻ. ഇന്നിടത്തുണ്ടെന്നു തോന്നിയാൽത്തന്നെ അവിടെയല്ല ഞാൻ; ഞാൻ എന്നെ തേടുകയാണെങ്കിൽ ആരാണെന്നെ തേടുന്നതെന്നും എനിക്കറിയാതെപോകുന്നു. സകലതിനോടുമുള്ള എന്റെ മടുപ്പ്‌ എന്നെ മരവിപ്പിച്ചുകളഞ്ഞിരിക്കുന്നു. ഞാൻ സ്വന്തം ആത്മാവിൽ നിന്നു തന്നെ ഭ്രഷ്ടനായതു പോലെ എനിക്കു തോന്നിപ്പോകുന്നു.

ഞാൻ എന്നെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്റെ തന്നെ കാഴ്ചക്കാരനാണു ഞാൻ. എന്റെ ഐന്ദ്രിയാനുഭവങ്ങളാവട്ടെ, ഏതോ ബാഹ്യവസ്തുക്കളെപ്പോലെ ഏതെന്നെനിക്കറിയാത്ത എന്റെ നോട്ടത്തിനു മുന്നിലൂടെ കടന്നുപോവുകയുമാണ്‌. എല്ലാറ്റിനും, നിഗൂഢതയിലാഴ്‌ന്നിറങ്ങിയ അവയുടെ അടിവേരുകളോളം, എന്റെ മടുപ്പിന്റെ നിറവുമാണ്‌.

കാലം എനിക്കു നൽകിയ പൂക്കളാവട്ടെ, വാടിക്കൊഴിഞ്ഞവയായിരുന്നു. അവയുടെ ഇതളുകൾ പതിയെ നുള്ളിയെടുക്കുക എന്നതല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനില്ലായിരുന്നു. അതോ, വാർദ്ധക്യത്തിന്റെ കനം പേറിയൊരു കൃത്യവും!

എത്രയും നിസ്സാരമായൊരു പ്രവൃത്തി പോലും ഏതോ വീരകർമ്മം പോലെ എന്നിൽ കനം തൂങ്ങുകയാണ്‌. ഒരു ചേഷ്ടയെക്കുറിച്ചുള്ള വെറുമൊരു വിചാരം പോലും അതു ചെയ്യാൻ ഞാൻ തീരുമാനമെടുത്ത പോലെ എന്നെ ക്ഷീണിപ്പിക്കുകയുമാണ്‌.

ഒന്നിനോടും എനിക്കൊരു കാംക്ഷയില്ല. ജീവിതം എന്നെ മുറിപ്പെടുത്തുന്നു. ഞാനെവിടെയാവട്ടെ, ഇനിയെന്റെ ചിന്തയ്ക്കു പ്രാപ്യമായ മറ്റേതൊരിടത്താവട്ടെ, അവിടെ സ്വസ്ഥനല്ല ഞാൻ.

ഫലത്തിൽ നിശ്ചേഷ്ടമായ ചേഷ്ടയാകട്ടെയെന്റേത്‌, ഒരു ജലധാരയെപ്പോലെ- അതേയിടത്തു വീഴാനായി ഉയർന്നുപൊങ്ങുക, വെയിലത്തു നിഷ്ഫലമായി തിളങ്ങുക, രാത്രിയുടെ നിശ്ശബ്ദതയിൽ അതിന്റെ ഒച്ച കേൾക്കുമ്പോൾ സ്വപ്നം കാണുന്നവർ തങ്ങളുടെ സ്വപ്നത്തിൽ പുഴകളെക്കുറിച്ചോർക്കും, ഓർമ്മയറ്റു മന്ദഹസിക്കുകയും ചെയ്യും.

 

 


അശാന്തിയുടെ പുസ്തകം - 182


Wednesday, March 30, 2011

അന്തോണിയോ മച്ചാദോ - വിലാപം


തെരുവുകളിൽ നിഴലണയുന്നു,
നെടിയ മേൽക്കൂരകൾ മരിക്കുന്ന സൂര്യനെയൊളിപ്പിക്കുന്നു,
വരാന്തകളിൽ വെളിച്ചത്തിന്റെ മാറ്റൊലികൾ.
ഒരു ദർപ്പണത്തിന്റെ ഇന്ദ്രജാലത്തിനുള്ളിൽ
നിങ്ങൾ കണ്ടതൊരു സിന്ദൂരമുഖത്തിന്റെ പരിചിതരൂപമോ?
ജനാലച്ചില്ലിന്റെ പ്രതിഫലനത്തിൽ
ഒരു ഛായാപടം പോലെ തെളിഞ്ഞും മറഞ്ഞുമൊരു രൂപം.
തെരുവിൽ നിങ്ങളുടെ കാലൊച്ച മാത്രം,
അസ്തമയത്തിന്റെ മാറ്റൊലികളണയുന്നു.
ഹാ, നിങ്ങളുടെ ഹൃദയം വിങ്ങുന്നു,
ഇതവളോയെന്നു തേങ്ങുന്നു,
എങ്ങനെയാകാൻ?
അവൾ നടന്നുപോകുന്നു,
മാനത്തൊരു നക്ഷത്രമായി.



Tuesday, March 29, 2011

കാഫ്ക - ഫെലിസിന്


1912 നവംബർ 14

പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ ശല്യപ്പെടുത്താതിരിക്കട്ടെ; നിനക്കു ശുഭരാത്രി നേരണമെന്നേ എനിക്കുള്ളു; അതിനായി എഴുതി വന്ന പേജിന്റെ പകുതിയ്ക്കു വച്ചു ഞാൻ നിർത്തിപ്പോരുകയായിരുന്നു. ഇനി നിനക്കു കത്തെഴുതാൻ എനിക്കാകാതെ വരുമോയെന്ന് എനിക്കു പേടിയാവുന്നു; കാരണം, ഒരാൾക്കു കത്തെഴുതണമെങ്കിൽ (നിനക്കു ഞാൻ ഏതു പേരും നൽകുമെന്നിരിക്കെ ഒരു തവണ 'ഒരാൾ' എന്ന പേരും ഇരിക്കട്ടെ) അയാളുടെ മുഖത്തെക്കുറിച്ച്‌ ഒരു ധാരണ ഉണ്ടായിരിക്കണം; നിന്റെ മുഖത്തെക്കുറിച്ച്‌ വ്യക്തമായ ധാരണ എനിക്കുണ്ട്‌; അവിടെയല്ല പ്രശ്നം; അതിനെക്കാൾ വ്യക്തതയുള്ള മറ്റൊരു ചിത്രം അടുത്ത കാലത്തായി മനസ്സിലേക്കെത്തുകയാണ്‌: നിന്റെ ചുമലിൽ തങ്ങിനിൽക്കുന്ന എന്റെ മുഖം; പാതി അമർത്തിയതും അസ്പഷ്ടവുമായ ശബ്ദത്തിൽ നിന്റെ ചുമലിനോട്‌, നിന്റെ വേഷത്തോട്‌, എന്നോടു സംസാരിക്കുകയാണ്‌ ആ മുഖം; പറയുന്നതെന്താണെന്ന് നിനക്കു പിടി കിട്ടുന്നുമില്ല.

നീ ഉറക്കമാണോ? അതോ വായിച്ചുകൊണ്ടിരിക്കുകയോ- അതെനിക്കു തൃപ്തിയല്ല. അതോ ഇപ്പോഴും ആ നാടകത്തിന്റെ പരിശീലനത്തിലോ? അങ്ങനെയാവരുതേയെന്ന് ആത്മാർത്ഥമായിട്ടാഗ്രഹിക്കുകയാണു ഞാൻ. എപ്പോഴും പതുക്കെയോടുന്നതെങ്കിലും ഒരിക്കലും തകരാറിലാവാത്ത എന്റെ വാച്ചിൽ ഇപ്പോൾ ഒന്നിന്‌ ഏഴു മിനുട്ടായിരിക്കുന്നു. അന്യരെക്കാളധികം നീയുറങ്ങണമെന്ന കാര്യം ഓർമ്മ വയ്ക്കേണമേ. എനിക്ക്‌ ഉറക്കം കുറവാണ്‌, മിക്കവരെക്കാളും അത്ര കുറവല്ലെങ്കിലും. ഞാൻ മിച്ചം പിടിച്ച ഉറക്കം നിന്റെ അരുമക്കണ്ണുകളിലല്ലാതെ മറ്റെവിടെ സൂക്ഷിച്ചുവയ്ക്കാൻ.

വേണ്ടാത്ത സ്വപ്നങ്ങളും വേണ്ട കേട്ടോ! നിന്റെ കിടക്കയ്ക്കു ചുറ്റും മനസ്സു കൊണ്ടൊരു പര്യടനം നടത്തുകയാണു ഞാൻ, നിശ്ശബ്ദത പാലിക്കണമെന്നുള്ള ശാസനയുമായി. അവിടെ സകലതിലും  ഒരു ചിട്ട സ്ഥാപിച്ചതിൽപ്പിന്നെ ( ഇമ്മാനുവെൽ കിഴ്സ്റ്റാസെയിൽ നിന്ന് ഒരു കുടിയനെ ആട്ടിയോടിയ്ക്കുകയും ചെയ്തു ഞാൻ) ഞാൻ മടങ്ങിപ്പോരുകയാണ്‌, എന്റെയുള്ളിലും ഒരുമാതിരി ചിട്ടയുമായി, എന്റെ എഴുത്തിലേക്ക്‌; നേരേ ഉറക്കത്തിലേക്ക്‌ എന്നുമാവാം.

ഞാൻ നിനക്കു കത്തെഴുതുന്ന സമയത്ത്‌ നീ എന്തു ചെയ്യുകയാണെന്നതിനെക്കുറിച്ച്‌ ഒരേകദേശചിത്രം തരാൻ ഒരിക്കലും മടിക്കരുതേ. എങ്കിൽ ഞാനെന്റെ ഊഹങ്ങൾ അതുമായി ഒത്തുനോക്കും; കഴിയുമെങ്കിൽ നീ വസ്തുതകളെ എന്റെ ഊഹങ്ങളോടടുപ്പിക്കാനും ശ്രമിക്കണം. നിരവധി ശ്രമങ്ങൾക്കു ശേഷം അവ സമാനമാവുകയും നമുക്കെന്നും തീർച്ചയുള്ള ഒരൊറ്റ യാഥാർത്ഥ്യമായി മാറുകയും ചെയ്താൽ എത്ര അവിശ്വസനീയമായിരിക്കുമത്‌!- ഇതാ ഇപ്പോൾ ഒരു മണി അടിയ്ക്കുന്നു, പ്രാഗിലെ സമയം.

വിട, ഫെലിസ്‌, വിട! ആ പേരു നിനക്കെങ്ങനെ കിട്ടി? എന്നെ വിട്ടു പറന്നുപോവുകയുമരുതേ! അങ്ങനെയൊന്ന് എങ്ങനെയോ പെട്ടെന്നെന്റെ മനസ്സിലേക്കു കടന്നുവന്നു. അതിനി ചിറകു വച്ചൊരു വാക്കാണ്‌ വിട എന്നതു കൊണ്ടാവാം. അത്യുന്നതങ്ങളിലേക്കു പറന്നുയരുന്നത്‌ അത്യസാധാരണമായ ആനന്ദം നൽകുമെന്നെനിക്കു തോന്നുന്നു, നിന്നിൽ ഞാൻ അള്ളിപ്പിടിച്ചിരിക്കുന്നതുപോലെ തന്നിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വൻഭാരത്തിൽ നിന്നു മുക്തനാവാൻ അതുകൊണ്ടു കഴിയുമെങ്കിൽ. അങ്ങനെയൊരാശ്വാസത്തിന്റെ മാടിവിളിയ്ക്കലിൽ വീണുപോവുകയുമരുതേ! നിനക്കെന്നെ കൂടാതെ കഴിയില്ലെന്ന മിഥ്യയിൽ പിടിച്ചുതൂങ്ങൂ; അതിനെക്കുറിച്ച്‌ കാര്യമായി ചിന്തിക്കൂ. അതുകൊണ്ട്‌ നിനക്കു ദ്രോഹമൊന്നും ഉണ്ടാവാൻ പോകുന്നില്ല; ഇനി എന്നെങ്കിലും ഒരിക്കൽ എന്നെ കൈയൊഴിയണമെന്നു നിനക്കു തോന്നിയാൽ അതിനുള്ള മനോബലം നിനക്കുണ്ടായിരിക്കുകയും ചെയ്യും. ഈ ജീവിതത്തിൽ സ്വപ്നം കാണാൻ കൂടി കഴിയാത്തൊരു വരമാണു നീ എനിക്കു തന്നത്‌; അതാണു വാസ്തവം, ഉറക്കത്തിൽ തല കുലുക്കി നീയതു നിഷേധിച്ചാലും.

ഫ്രാൻസ്‌



1912 നവംബർ 15

പ്രിയപ്പെട്ടവളേ, എന്നെ ഇങ്ങനെ പീഡിപ്പിക്കരുതേ! ഇന്നും ഒരു കത്തില്ല; രാത്രിക്കു ശേഷം പകലു വരുമെന്നുറപ്പുള്ള പോലെ ഇന്നു കത്തു വരുമെന്നു ഞാനുറപ്പിച്ച ഈ ശനിയാഴ്ചയും. പൂർണ്ണമായിട്ടൊരു കത്തു വേണമെന്നാരു നിർബന്ധിക്കുന്നു? രണ്ടു വരി മതി, ഒരാശംസ,ഒരു കവർ, ഒരു കാർഡ്‌! നാലു കത്തുകൾക്കു ശേഷവും (ഇതഞ്ചാമത്തേതാണ്‌) ഒരു വാക്ക്‌ നിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മഹാമോശം, ഇതു ശരിയല്ല. ഈ അന്തമറ്റ നാളുകൾ ഞാനെങ്ങനെ കഴിച്ചുകൂട്ടാൻ - ജോലി ചെയ്യുക, സംസാരിക്കുക, ഞാനെന്തു ചെയ്യണമെന്നു മറ്റുള്ളവർ പ്രതീക്ഷിക്കുന്നുവോ അതു ചെയ്യുക? ഇനി പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്നുമാവാം; നിനക്കതിനു നേരം കിട്ടിയില്ലെന്നു മാത്രമാവാം; നാടകത്തിന്റെ പരിശീലനമോ ചർച്ചയോ തടസ്സമായതാണെന്നും  വരാം. എന്നാൽക്കൂടി ഒരു കൊച്ചുമേശയ്ക്കടുത്തു ചെന്ന് ഒരു പെൻസിലെടുത്ത്‌ ഒരു കടലാസ്സുതുണ്ടിൽ 'ഫെലിസ്‌' എന്നെഴുതി എന്റെ പേർക്കയയ്ക്കുന്നതിൽ ആരു നിനക്കൊരു തടസ്സമാവാൻ എന്നൊന്നു പറയൂ. എനിക്കതു വലിയൊരു കാര്യമാകുമായിരുന്നു. നീ ജീവിച്ചിരിക്കുന്നു എന്നതിന്‌ ഒരടയാളം; ജീവനുള്ള ഒന്നിൽ പറ്റിപ്പിടിയ്ക്കാൻ ഞാൻ നടത്തുന്ന ശ്രമങ്ങളിൽ എനിക്കൊരുറപ്പും. നാളെ ഒരു കത്തു വരും, വരണം; ഇല്ലെങ്കിൽ എന്തു ചെയ്യണമെന്ന് എനിക്കറിവുണ്ടാവില്ല. എങ്കിൽ എല്ലാം ശരിയാവും; കൂടുതൽ കത്തുകൾക്കായുള്ള തീരാത്ത മുറവിളികൾ കൊണ്ട്‌ ഞാൻ പിന്നെ നിന്നെ ശല്യപ്പെടുത്തുകയുമില്ല. പക്ഷേ നാളെ ഒരു കത്തു വന്നാൽ തിങ്കളാഴ്ച ഈ പരാതികൾ ഓഫീസിൽ നിന്നെ സ്വീകരിക്കാൻ വരുന്നത്‌ അധികപ്പറ്റാവുകയും ചെയ്യും. എന്നാൽക്കൂടി എനിക്കവ പ്രകടമാക്കാതിരിക്കാൻ വയ്യ; കാരണം നീ എനിക്കെഴുതാതിരുന്നാൽ ഒരു ന്യായവാദം കൊണ്ടും ആ തോന്നലെനിക്കൊഴിവാക്കാൻ പറ്റില്ല, നീ എന്നിൽ നിന്നു മാറിപ്പോവുകയാനെന്ന്, നീ അന്യരോടു സംസാരിക്കുകയാണെന്ന്, നീ എന്നെ മറക്കുകയാണെന്നും. ഞാനിതു നിശ്ശബ്ദമായി സഹിക്കണമെന്നാണോ? നിന്റെയൊരു കത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നതും ഇതാദ്യമായിട്ടല്ല ( അതു നിന്റെ കുറ്റം കൊണ്ടല്ല എന്ന് എനിക്കു ബോധ്യമുണ്ടെങ്കിൽക്കൂടി) ; ഇതിനൊപ്പം വയ്ക്കുന്ന ഒരു പഴയ കത്ത്‌ അതിനു തെളിവുമാണ്‌.


 

റൂമി - കുറവും നിവൃത്തിയും

File:Head of a Woman with Elaborate... - Andrea del Verrocchio.png


വരുന്നതെന്തായാലും വരുന്നതൊരഭാവത്തിൽ നിന്ന്,
തപിക്കുന്നൊരു വിലോപത്തിൽ നിന്ന്,
നീറ്റുന്നൊരു വേദനയിൽ നിന്ന്.
കന്യാമറിയത്തിന്റെ വേദനയിൽ നിന്നത്രേ
ഉണ്ണിയേശു പിറന്നുവന്നു.
അവളുടെ ഗർഭപാത്രത്തിന്റെ ചുണ്ടുകൾ വിടർന്നിട്ടത്രേ
വചനമുച്ചരിക്കപ്പെട്ടതും.
നിങ്ങളുടെയുടലിന്നിടങ്ങളോരോന്നിനുമു-
ണ്ടോരോരോ നിഗൂഢഭാഷ.
നിങ്ങളെന്തു ചെയ്തുവെന്നു വിളിച്ചുപറയും
നിങ്ങളുടെ കൈകളും കാലുകളും.
ഓരോ കുറവിനൊപ്പം
അതിനു നിവൃത്തിയുമുണ്ടാവും.
വേദന ഗർഭത്തിൽ പേറുന്നുണ്ട്‌
കുഞ്ഞിനെപ്പോലതിനുള്ള മരുന്നും.
ഒന്നുമില്ലയെങ്കിൽ എല്ലാമുണ്ടാവുന്നു.
ദുഷ്കരമായൊരു ചോദ്യം ചോദിക്കൂ,
അത്ഭുതകരമായൊരുത്തരവുമുണ്ടാവും.
പെട്ടകം പണി തുടങ്ങെന്നേ,
വഴിയേ വരുമതൊഴുക്കാനുള്ള വെള്ളവും.
കുഞ്ഞിന്റെ ഇളംതൊണ്ട കരയുമ്പോൾ
അമ്മയുടെ മുലയിറ്റുന്നതു കണ്ടിട്ടില്ലേ?
ജീവജലത്തിനു ദാഹിക്കൂ,
ഉറവ ചുരത്തുന്നതെന്തായാലുമതിനു ചുണ്ടു വിടർത്തൂ.


Monday, March 28, 2011

കാഫ്ക - പാപം, യാതന , പ്രത്യാശ, സത്യമായ മാര്‍ഗ്ഗം എന്നിവയെക്കുറിച്ചുള്ള ആലോചനകൾ


കാഫ്ക 1917 സെപ്തംബറിനും 1918 ഏപ്രിലിനുമിടയിലുള്ള എട്ടുമാസക്കാലം ബൊഹീമിയൻ നാട്ടുമ്പുറമായ സുറാവുവിൽ സഹോദരി ഓട്ട്ലയോടൊപ്പം താമസിച്ചിരുന്നു. അതിനും ഒരു മാസം മുമ്പാണ്‌ അദ്ദേഹം രക്തം ഛർദ്ദിക്കുന്നതും ക്ഷയരോഗത്തിന്റെ ലക്ഷണമാണതെന്നു സ്ഥിരീകരിക്കുന്നതും. മരണകാരണമാവുന്ന ഒരു രോഗത്തിൽ ആശ്വാസം കൊള്ളുന്ന ഒരാളെയാണ്‌ ആ സമയത്തെ കത്തുകളിൽ നം കാണുന്നത്. ഫെലിക്സ് വെൽഷിനെഴുതിയ ഒരു കത്തിൽ കാഫ്ക സ്വയം വിശേഷിപ്പിക്കുന്നത് ‘താനിപ്പോൾ ഒരു സന്തുഷ്ടകാമുകനായിരിക്കുന്നു’ എന്നാണ്‌; ഈ അന്ത്യപ്രണയത്തോടെ പഴയ കണക്കുപുസ്തകങ്ങൾ തനിക്കടച്ചുവയ്ക്കാമെന്നായിരിക്കുന്നു; സുറാവുവിലെത്തി മൂന്നു ദിവസത്തിനു ശേഷം കാഫ്ക എഴുതുന്നുണ്ട്:‘പുതിയൊരു തുടക്കത്തിനുള്ള അവസരം, അങ്ങനെയൊന്നുണ്ടെങ്കിൽ, കൈവന്നിരിക്കുന്നു. അതു കൈവിടരുത്.’ പില്ക്കാലത്ത് മിലേനയക്കെഴുതിയ ഒരു കത്തിൽ സുറാവുവാസത്തെ അദ്ദേഹം തിരിഞ്ഞുനോക്കുന്നത് ‘തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമായിട്ടാണ്‌. താൻ പഴയ കടങ്ങളൊക്കെ വീട്ടിക്കഴിഞ്ഞിരിക്കുന്നു; തന്റേതെന്നു നിസ്സംശയം പറയാവുന്നതിലേക്കു മാത്രമായി തനിക്കിനി ഒതുങ്ങാമെന്നായിരിക്കുന്നു; ഇനി മേൽ കത്തുകളില്ല, ബർലിൻ (ഫെലിസുമായുള്ള) ബന്ധമില്ല; ഇനി താനധികം മാറേണ്ടതുമില്ല; തന്റെ ജീവിതത്തിന്റെ തനിക്കറിയുന്ന ഊടുവഴികളിലൂടെ അല്പം കൂടി കാലുറപ്പോടെ ഒരിക്കല്ക്കൂടി നടന്നുപോവുക, അതിനുള്ള അവസരം തനിക്കു കിട്ടിയിരിക്കുന്നു.‘ ഇത്രയും കാലത്തിനുള്ളിൽ ബാഹ്യസാഹചര്യങ്ങൾ തന്റെ ആന്തരജീവിതത്തെ തുണച്ചിട്ടുള്ളതായി അദ്ദേഹത്തിനനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ അതിവിടെ മാത്രമാണ്‌. സാധാരണക്കാരായ കർഷകർക്കും വീട്ടുമൃഗങ്ങൾക്കും എലികൾക്കും പൂച്ചകൾക്കുമൊപ്പമുള്ള ഈ ജീവിതത്തിനിടയിലാണ്‌ സൂത്രങ്ങളുടെ സംക്ഷിപ്തരൂപത്തിൽ കാഫ്ക തന്റെ ആലോചനകൾ കുറിച്ചിടുന്നത്. എന്നാലിവ നാം പരിചയിച്ച തരത്തിലുള്ള ദാർശനികചിന്തകളല്ല; ആശയങ്ങൾ ബിംബങ്ങൾക്കു കീഴ്പ്പെടുകയാണിവിടെ; ചിലതാകട്ടെ, ആഖ്യാനങ്ങൾ തന്നെയാവുന്നു. സമാശ്വാസം തേടി നാമിവ വായിക്കാനെടുക്കുകയും വേണ്ട; ഉയർത്തിക്കെട്ടിയ കമ്പക്കയറിൽ ഒരഭ്യാസിയെപ്പോലെ നടന്നുകേറാമെന്നു നിങ്ങൾ കരുതിയോ? തറനിരപ്പിൽ വലിച്ചുകെട്ടിയ ഈ കയറിൽ കാലു തടഞ്ഞുവീഴുകയേയുള്ളു നിങ്ങൾ.



1
സത്യമായ മാർഗ്ഗം ഒരു കമ്പക്കയറിലൂടെയാണ്‌; അതു വലിച്ചുകെട്ടിയിരിക്കുന്നത് ഉയരത്തിലല്ല, തറനിരപ്പിലാണെന്നേയുള്ളു. നടന്നുകയറുകയല്ല, തടഞ്ഞുവീഴുകയാണ്‌ അതു കൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു.

2
അക്ഷമയാണ്‌ മനുഷ്യന്റെ പിഴകൾക്കുള്ള കാരണം; ചിട്ടയോടുള്ള സമീപനത്തിൽ നിന്ന് സമയമാകും മുപേയുള്ള പിന്മാറ്റം; ലക്ഷ്യമെന്നു തോന്നിയതിനെ കൈയിലടക്കിയതായുള്ള തോന്നൽ.

3
മനുഷ്യന്റെ പാപങ്ങൾ മുഖ്യമായും രണ്ടാണ്‌, മറ്റുള്ളവയ്ക്കു കാരണവും ഇവ തന്നെ: അക്ഷമയും അലസതയും. അക്ഷമ കാരണം അവർ പറുദീസയിൽ നിന്നു ഭ്രഷ്ടരായി, അലസത കാരണം അവർ പിന്നെ മടങ്ങുന്നതുമില്ല. ഇനി മുഖ്യപാപം ഒന്നേയുള്ളുവെന്നും വരാം: അക്ഷമ. അക്ഷമ കാരണം അവർ ഭ്രഷ്ടരായി, അക്ഷമ കാരണം അവർ മടങ്ങുന്നതുമില്ല.

4
മരിച്ചുപോയവരുടെ ആത്മാക്കൾ പലതിനും ഒരേ പ്രവൃത്തി മരണനദിയുടെ തിരകളിൽ നാവിട്ടുലമ്പുക എന്നതു മാത്രമാണ്‌; നമ്മിൽ നിന്നൊഴുകിച്ചെല്ലുന്നതിനാൽ നമ്മുടെ കടലുകളുടെ ഉപ്പുരസം അവയിൽ തങ്ങിനില്ക്കുന്നുണ്ടല്ലോ. ഇതിൽ മനം മടുത്ത പുഴയാകട്ടെ, പിന്നാക്കം മാറുന്നു, അതു തിരിഞ്ഞൊഴുകുക തന്നെ ചെയ്യുന്നു, അങ്ങനെ മരിച്ചവരെ തിരിയെ ജീവിതത്തിലേക്കൊഴുക്കിക്കൊണ്ടു പോവുകയും ചെയ്യുന്നു. അവർ പക്ഷേ സന്തുഷ്ടരാണ്‌, അവർ കൃതജ്ഞതാഗാനങ്ങളാലപിക്കുകയാണ്‌, മനം മടുത്ത പുഴയെ തലോടുകയുമാണവർ.

5
ഒരു ഘട്ടമെത്തിയാൽ തിരിച്ചുവരവെന്നതില്ല. ആ ഘട്ടമെത്തേണ്ടിയിരിക്കുന്നു.

6
മനുഷ്യന്റെ വികാസചരിത്രത്തിൽ നിർണ്ണായകമുഹൂർത്തമെന്നത് നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഒന്നാണ്‌; അതു കൊണ്ടാണ്‌ മുമ്പുള്ളതൊക്കെ അപ്രസക്തമായെന്നു വിപ്ളവാശയപ്രസ്ഥാനങ്ങൾ വാദിക്കുമ്പോൾ തെറ്റു പറയാനാവാത്തതും- ഒന്നുമിനിയും സംഭവിച്ചിട്ടില്ലല്ലോ.

7
തിന്മയുടെ ഏറ്റവും ഫലപ്രദമായ വശീകരണതന്ത്രങ്ങളിലൊന്നാണ്‌ ബലപരീക്ഷണത്തിനുള്ള വെല്ലുവിളി.
സ്ത്രീകളുമായുള്ള ബലപരീക്ഷണം പോലെയാണത്; കിടക്കയിലാണതിന്റെ അവസാനം.

8/9
നാറുന്നൊരു കൊടിച്ചിപ്പട്ടി, എണ്ണമറ്റ നായ്ക്കുട്ടികൾക്കു ജന്മം നല്കിയവൾ, അവിടവിടെ അളിഞ്ഞുതുടങ്ങിയവൾ, എന്നാൽ ബാല്യത്തിൽ എന്റെ എല്ലാമായിരുന്നവൾ, വിടാത്ത കൂറോടെ എന്റെ പിന്നാലെ വന്നിരുന്നവൾ,അടിച്ചോടിക്കാൻ മനസ്സു വരാതെ അടി വച്ചടിവച്ചു പിന്നാക്കം മാറുകയാണു ഞാനെന്നാൽക്കൂടി, മറിച്ചൊരു തീരുമാനം ഞാനെടുക്കുന്നില്ലെങ്കിൽ, ചുമരുകൾക്കിടയിലെ ഒരു മൂലയിലേക്ക്, ഇപ്പോഴേ എനിക്കു കണ്ണിൽ കാണാവുന്ന ഒരു മൂലയിലേക്ക്, അവളെന്നെ തള്ളിക്കയറ്റും; അവിടെ എന്റെ മേൽ, എന്റെയൊപ്പം, അവളാകെ അളിഞ്ഞുതീരും- എനിക്കിതൊരു ബഹുമതിയാണോ?- ചലമൊലിക്കുന്ന പുഴുത്ത നാവ് എന്റെ കൈവെള്ളയിലും വച്ച്.

10
ഏ . ആളാകെ ഊതിവീർപ്പിച്ചു നടക്കുകയാണ്‌; നന്മയുടെ കാര്യത്തിൽ താനേറെ മുന്നിലാണെന്നാണ്‌ അയാളുടെ വിചാരം; എന്തെന്നാൽ തനിക്കു മുമ്പു തീരെ പരിചയമില്ലാത്ത മേഖലകളിൽ നിന്നുള്ള പ്രലോഭനങ്ങളെ കാന്തശക്തിയാലെന്നപോലെ തന്നിലേക്കാകർഷിക്കാൻ തനിക്കു കഴിയുന്നുണ്ടല്ലോ. പക്ഷേ അയാളുടെ അവസ്ഥയ്ക്കുള്ള ശരിയായ വിശദീകരണം ഇതാണ്‌: ഒരു പെരുത്ത പിശാച് അയാൾക്കുള്ളിൽ കയറിപ്പറ്റിയിരിക്കുന്നു; മൂത്ത പിശാചിനെ സേവിക്കാനായി കുട്ടിപ്പിശാചുക്കളുടെ അണ മുറിയാത്തൊരു നിര വന്നുകൊണ്ടിരിക്കുകയുമാണ്‌.

11/12
ഒരാപ്പിൾ തന്നെ ഉദാഹരണമായെടുത്താൽ എത്ര വ്യത്യസ്തമായ കോണുകളിലൂടെ അതിനെ കാണാനാവും: കഷ്ടപ്പെട്ടെത്തിച്ചുനോക്കിയാലേ കുട്ടിയ്ക്ക് മേശപ്പുറത്തുള്ള ആപ്പിൾ കഷ്ടിച്ചൊന്നു കാണാനാവൂ; എന്നാൽ ഗൃഹനാഥനാവട്ടെ, വെറുതേ കൈയെത്തിച്ച് മേശയ്ക്കു മറുവശത്തിരിക്കുന്ന വിരുന്നുകാരനു കൊടുക്കുകയും ചെയ്യുന്നു.

13
നിങ്ങൾക്കു ബോധമുണ്ടായിത്തുടങ്ങി എന്നതിന്റെ പ്രാരംഭലക്ഷണമാണ്‌ മരിക്കാനുള്ള ആഗ്രഹം. ഈ ജീവിതം അസഹ്യമായി തോന്നുകയാണ്‌, മറ്റൊന്നാവട്ടെ, അപ്രാപ്യവും. മരിക്കാൻ ആഗ്രഹം തോന്നുന്നതിൽ നിങ്ങൾക്കു നാണക്കേടു തോന്നാതായിക്കഴിഞ്ഞിരിക്കുന്നു. പഴയ തടവുമുറിയിൽ നിന്ന് (നിങ്ങൾക്കതിനെ വെറുപ്പാണ്‌) പുതിയതൊന്നിലേക്ക് (നിങ്ങൾക്കതിനെ വെറുക്കാൻ പരിചയിക്കുകയും വേണം) തന്നെ മാറ്റാൻ നിങ്ങൾ യാചിക്കുകയാണ്‌. പ്രതീക്ഷയുടെ ബാക്കി കിടക്കുന്നൊരംശത്തിൽ നിങ്ങളുടെ മനസ്സു പോകുന്നുമുണ്ട്: തന്നെ മുറിയിലേക്കു മാറ്റുന്നതിനിടയിൽ ,തടവറയുടെ അധികാരി ഇടനാഴി വഴി നടന്നുവരാനിടയാവുകയും, തടവുകാരനെ നോക്കിയിട്ട് ‘ ഈയാളെ ഇനി അടച്ചിടേണ്ട; അയാൾ എന്നോടൊപ്പം പോരട്ടെ,’ എന്നാജ്ഞാപിക്കുകയും ചെയ്താലോ?

14
നിരപ്പായൊരു സ്ഥലത്തു കൂടി നടന്നു പോവുകയാണു നിങ്ങളെങ്കിൽ, മുന്നോട്ടു പോവാൻ മനസ്സു കൊണ്ടത്ര നിശ്ചയിച്ചിരിക്കുകയാണെങ്കിൽക്കൂടി പിന്നിലേക്കാണു താൻ പോകുന്നതെന്നു നിങ്ങൾക്കു ബോധ്യമാകുന്നെങ്കിൽ നിരാശപ്പെടേണ്ട കാര്യം തന്നെയത്; പക്ഷേ കുത്തനേയുള്ളൊരു കയറ്റത്തിലൂടെ പിടിച്ചുകയറുകയാണു നിങ്ങളെന്ന സ്ഥിതിയ്ക്ക്- താഴെ നിന്നു നിങ്ങളെ നോക്കുമ്പോലെ കുത്തനെയാണതും - പിന്നിലേക്കുള്ള നിങ്ങളുടെ ഇറക്കം തറനിരപ്പിന്റെ സ്വഭാവം കൊണ്ടാവാനേ വഴിയുള്ളു; അതിനാൽ നിങ്ങൾ ഹതാശനാവുകയും വേണ്ട.

15
ശരല്ക്കാലത്തെ വഴിത്താര പോലെ: അടിച്ചു വൃത്തിയാക്കിയതും കരിയിലകൾ വീണു മൂടിക്കഴിഞ്ഞു.

16
ഒരു കൂട് കിളിയെത്തേടിപ്പോയി.

17
മുമ്പു ഞാൻ എത്തിപ്പെടാത്തൊരിടമാണിവിടെ: എന്റെ ശ്വാസഗതിയ്ക്കു മറ്റൊരു പ്രകാരം, സൂര്യനെക്കാൾ വെട്ടിത്തിളങ്ങുന്നു അരികിൽ മറ്റൊരു നക്ഷത്രം.

18
കയറിച്ചെല്ലാതെ പണിയാമായിരുന്നു ബാബേൽ ഗോപുരമെങ്കിൽ അതിനനുമതിയും കിട്ടിയേനെ.

19
തിന്മയിൽ നിന്നു രഹസ്യങ്ങൾ മറച്ചുപിടിയ്ക്കാമെന്ന് അതു നിങ്ങളെ വിശ്വസിപ്പിക്കാതിരിക്കട്ടെ.

20
പുള്ളിപ്പുലികൾ ദേവാലയത്തിൽ കടന്നുകയറി ബലിപാത്രങ്ങൾ കുടിച്ചുവറ്റിയ്ക്കുന്നു; ഇതു പലതവണ ആവർത്തിക്കുമ്പോൾ പിന്നെയതു മുൻകൂട്ടി കണ്ടുപിടിക്കാമെന്നാകുന്നു; അതനുഷ്ഠാനത്തിന്റെ ഭാഗവുമാകുന്നു.

21
കല്ലെടുത്ത കൈ പോലുറച്ചത്. ആ ഉറപ്പു പക്ഷേ ഇനിയും ദൂരത്തേക്കു കല്ലെടുത്തെറിയാനാണെന്നേയുള്ളു; എന്നാൽ അത്രയും ദൂരെ ചെന്നെത്താൻ ഒരു വഴിയുമുണ്ട്.

22
നിങ്ങളാണു നിയോഗം. കണ്ണെത്തുന്നിടത്തോളമാരുമില്ല ശിഷ്യനായി.

23
തനിപ്രതിയോഗിയിൽ നിന്നു നിങ്ങളിലേക്കൊഴുകുന്നു അതിരറ്റൊരു ധൈര്യം.

24
സന്തോഷമെന്നാൽ താൻ നില്ക്കുന്ന നിലം തന്റെ രണ്ടു ചുവടുകളൂന്നുന്നിടത്തോളമേയുള്ളു എന്നറിയുക തന്നെ.

25
ആശ്രയം തേടി ലോകത്തിന്റെ കൈകളിലേക്കോടിച്ചെന്നാലല്ലാതെ അതിന്റെ സുഖങ്ങളിൽ നിങ്ങൾ ആനന്ദം കണ്ടെത്തുന്നതെങ്ങനെ?

26
ഒളിയ്ക്കാനുള്ള ഇടങ്ങൾ എണ്ണമറ്റവയാണ്‌; മോചനം ഒന്നു മാത്രവും. എന്നാൽ മോചനത്തിനുള്ള സാദ്ധ്യതകൾ ഒളിയിടങ്ങൾ പോലെതന്നെ എണ്ണമറ്റവയുമത്രെ.

28
തിന്മയ്ക്കു കുടിയിരിക്കാൻ ഒരിടം നാം കൊടുത്തുകഴിഞ്ഞാൽപ്പിന്നെ നാമതിൽ വിശ്വസിച്ചോളണമെന്നതിനു നിർബന്ധവുമില്ല.

29
തിന്മയ്ക്കു നിങ്ങളൊരിടം കൊടുക്കുമ്പോൾ അതിനു പിന്നിലെ ഗൂഢോദ്ദേശ്യം നിങ്ങളുടേതല്ല, തിന്മയുടേതു തന്നെയാണ്‌.
---
മൃഗം യജമാനന്റെ കൈയിൽ നിന്നു ചാട്ടവാർ തട്ടിപ്പറിച്ചെടുത്ത് സ്വയം പ്രഹരമേല്പിക്കുന്നു, താൻ തന്റെ തന്നെ യജമാനനാവാൻ; അതറിയുന്നില്ല, യജമാനന്റെ ചാട്ടവാറിലെ പുതിയൊരു കെട്ടു കാരണമുണ്ടായ വിഭ്രമം മാത്രമാണതെന്ന്.

32
ആകാശത്തെ തകർക്കാൻ ഒരു കാക്ക മതിയെന്ന് കാക്കകൾ സമർത്ഥിക്കുന്നു; അതിൽ തർക്കമൊന്നുമില്ല. അതു പക്ഷേ ആകാശത്തിനെതിരായ ഒരു തെളിവാണെന്നു പറയാനുമില്ല; കാരണം, ആകാശമെന്നാൽ ഇത്രേയുള്ളു: കാക്കകൾക്കപ്രാപ്യമായത്.

33
രക്തസാക്ഷികൾ ഉടലിനെ വില കുറച്ചു കാണുന്നില്ല, അവരതിനെ കുരിശിലേറ്റാൻ വിട്ടുകൊടുക്കുകയാണ്‌; അങ്ങനെ അവർ തങ്ങളുടെ പ്രതിയോഗികൾക്കൊപ്പവുമാണ്‌.

34
ഗോദയിൽ നിന്നു മടങ്ങുന്ന മല്ലന്റെ ക്ഷീണമാണയാൾക്ക്; അയാളുടെ ജോലിയോ, ഓഫീസിന്റെ ഒരു മൂല വെള്ളയടിയ്ക്കുകയും.

36
മുമ്പെനിക്കു മനസ്സിലാകാതിരുന്നത് എന്റെ ചോദ്യത്തിനു മറുപടി കിട്ടാത്തതെന്തു കൊണ്ടെന്നായിരുന്നു; ഇന്നെനിക്കു മനസ്സിലാകാത്തത് ചോദ്യം ചോദിക്കാൻ കെല്പ്പുള്ളവനാണു ഞാനെന്നു വിശ്വസിക്കാൻ എനിക്കെങ്ങനെയായി എന്നതാണ്‌. യഥാർത്ഥത്തിൽ എനിക്കു വിശ്വാസമൊന്നുമുണ്ടായിരുന്നില്ല, ഞാൻ ചോദിച്ചുവെന്നേയുള്ളു.

38
നിത്യതയുടെ പാതയിലൂടെ എത്ര ലാഘവത്തോടെയാണു താൻ നടന്നുകേറുന്നതെന്നതിശയപ്പെട്ട ഒരാളുണ്ടായിരുന്നു; അതയാൾ ഓടിയിറങ്ങുകയായിരുന്നു എന്നതാണു വാസ്തവം.

39
മഹാനായ അലക്സാണ്ടർ ചെറുപ്പകാലത്തെ തന്റെ സൈനികവിജയങ്ങളിരിക്കെത്തന്നെ, താൻ പരിശീലിപ്പിച്ചെടുത്ത സേനയുടെ മഹിമയിരിക്കെത്തന്നെ, ലോകത്തെ മാറ്റിപ്പണിയാനുള്ള അഭിവാഞ്ച്ഛ ഉള്ളിരിക്കെത്തന്നെ ഹെല്ലെസ്പോണ്ടിലെത്തി നില്ക്കുകയും, അതു കടന്നുപോകാൻ ശ്രമിക്കാതിരിക്കുകയും ചെയ്തത് ഭയം കൊണ്ടല്ല, നിശ്ചയദാർഢ്യത്തിന്റെ കുറവു കൊണ്ടല്ല, ഇച്ഛാശക്തിയുടെ ദൗർബല്യം കൊണ്ടുമല്ല, തന്റെ കാലുകൾ കഴച്ചുപോയതു കൊണ്ടുമാത്രമാണെന്നൂഹിക്കാവുന്നതേയുള്ളു.

39a
പാത അന്തമറ്റതാണ്‌; ഇവിടെ കുറുക്കുവഴികളില്ല, വളഞ്ഞ വഴികളുമില്ല; എന്നിട്ടും ബാലിശമായ മുഴക്കോലും കൊണ്ട് അതിനെ അളക്കാൻ നോക്കുകയാണു സകലരും. ‘ഇത്രയും ദൂരം കൂടി നിങ്ങൾ പോകാനുണ്ട്; അതും നിങ്ങളുടെ കണക്കിൽ പെടുത്തുന്നതാണ്‌.’

40
അന്ത്യവിധിയെ നാം ആ പേരെടുത്തു വിളിയ്ക്കുന്നത് കാലത്തെക്കുറിച്ചു നമ്മുടെ ധാരണ ആ വിധമായതുകൊണ്ടു മാത്രമാണ്‌; യഥാർത്ഥത്തിൽ നിരന്തരമായ ഒരു കേസുവിസ്താരമത്രേയത്.

43
വേട്ടനായ്ക്കൾ ഇപ്പോഴും വീട്ടുമുറ്റത്തു കളിച്ചുനടക്കുകയാണെങ്കിലും അവയുടെ ഇര രക്ഷപ്പെടാൻ പോകുന്നില്ല, അതിനി ഇപ്പോൾത്തന്നെ കാട്ടിലൂടെ അതിവേഗം പാഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിൽക്കൂടി.

44
തമാശ തോന്നിക്കുന്നതു തന്നെ, ഈ ലോകത്തിന്റെ നുകത്തിനു നിങ്ങൾ തല വച്ചു കൊടുത്ത രീതി.

45
കുതിരകളുടെ എണ്ണം കൂടുമ്പോൾ നിങ്ങളുടെ പുരോഗതിയുടെ വേഗവും കൂടുന്നു - എന്നു പറഞ്ഞാൽ, അടിസ്ഥാനത്തിൽ നിന്നു മൂലക്കല്ലിളകിപ്പോരുമെന്നല്ല, അതു നടക്കാത്ത കാര്യമാണ്‌, കടിഞ്ഞാണുകൾ പറിഞ്ഞുപോരുകയും, അതിൻ ഫലമായി ശൂന്യതയിലേക്ക് നിങ്ങൾക്കൊരുല്ലാസയാത്ര തരപ്പെടുമെന്നാണ്‌.

47
തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അവർക്കു രാജാക്കന്മാരോ, രാജദൂതന്മാരോ ആകാമായിരുന്നു. കുട്ടികളെപ്പോലെ എല്ലാവർക്കും ദൂതന്മാരായാൽ മതി. അതുകൊണ്ടിപ്പോൾ ദൂതന്മാരെ മാത്രമേ കാണാനുള്ളു; നിരർത്ഥകമായിപ്പോയ സന്ദേശങ്ങൾ അന്യോന്യം വിളിച്ചുപറഞ്ഞ്- രാജാക്കന്മാരില്ലല്ലോ- ലോകം മുഴുവൻ ഓടിനടക്കുകയാണവർ. ഈ നശിച്ച ജീവിതം ഒന്നവസാനിപ്പിക്കാൻ ഉള്ളു കൊണ്ടെത്രയുമാഗ്രഹിക്കുന്നുണ്ടവർ; എന്നാൽ ഒരു ദൗത്യമേറ്റവരായതിനാൽ അതിനവർക്കു ധൈര്യവുമില്ല.

48
പുരോഗതിയിൽ വിശ്വസിക്കുകയെന്നാൽ പുരോഗതി എന്തെങ്കിലുമുണ്ടായി എന്നു വിശ്വസിക്കുകയല്ല. അതിനു വിശ്വാസത്തിന്റെ ആവശ്യവുമില്ല.

50
അനശ്വരമായ ഒന്ന് തന്നിൽത്തന്നെയുണ്ടെന്നുള്ള രൂഢമായ വിശ്വാസമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല, ആ അനശ്വരവസ്തുവും അതിന്മേൽ താനർപ്പിച്ചിരിക്കുന്ന വിശ്വാസവും ഒരുകാലത്തും അയാൾക്കു വെളിപ്പെട്ടുകിട്ടുകയില്ലെങ്കില്ക്കൂടി. ഈ നിത്യഗോപനത്തിനു പുറത്തേക്കു വരാനുള്ള ഒരു വഴിയാണ്‌ രൂപമെടുത്ത ദൈവത്തിലുള്ള വിശ്വാസം.

51
സർപ്പത്തിന്റെ മാദ്ധ്യസ്ഥം ഒഴിവാക്കാനാവുമായിരുന്നില്ല. തിന്മയ്ക്ക് മനുഷ്യനെ വശീകരിക്കാമെന്നേയുള്ളു, മനുഷ്യനാവാൻ പറ്റില്ലല്ലോ.

52
നിങ്ങളും ലോകവും തമ്മിലുള്ള സംഘർഷത്തിൽ ലോകത്തെ പിന്തുണയ്ക്കൂ.

53
കിട്ടേണ്ടതാർക്കും കിട്ടാതെയാക്കരുത്, ലോകത്തിനാണു വിജയമെങ്കിൽ അതു പോലും.

54
ആത്മീയമല്ലാതെ ഒരു ലോകമില്ല; ഈ ആത്മീയലോകത്തിലെ തിന്മയെയാണ്‌ നാം ഇന്ദ്രിയാനുഭവങ്ങളുടെ ലോകമെന്നു വിളിക്കുന്നത്; തിന്മയെന്നു നാം വിളിക്കുന്നതോ, നമ്മുടെ നിരന്തരവികാസത്തിലെ അനിവാര്യമായ ഒരു മുഹൂർത്തത്തെയും.
രൂക്ഷമായ വെളിച്ചം പായിച്ച് ലോകത്തെ നമുക്കില്ലാതെയാക്കാം. ദുർബലമായ കണ്ണുകൾക്കു മുന്നിൽ അതു സാന്ദ്രമാകും; അതിലും ദുർബലമായ കണ്ണുകൾക്കു മുന്നിൽ അതിനു മുഷ്ടികൾ കൈവരും, പിന്നെയും ദുർബലമായ കണ്ണുകൾക്കു അതൊന്നന്ധാളിക്കുകയും, നോക്കാൻ ധൈര്യപ്പെട്ടവന്റെ മുഖം ഇടിച്ചുപരത്തുകയും ചെയ്യും.

55
എല്ലാം കബളിപ്പിക്കലാണ്‌: അതെത്രയും കുറച്ചു വേണോ, ഇടമട്ടു മതിയോ, പരമാവധി വേണോ എന്നേ നിശ്ചയിക്കാനുള്ളു. ആദ്യത്തേതിൽ, സ്വായത്തമാക്കാൻ എത്രയും എളുപ്പമാക്കുക വഴി നാം നന്മയെ കബളിപ്പിക്കുന്നു, പ്രതികൂലമായ നിബന്ധനകൾ അടിച്ചേല്പ്പിച്ച് തിന്മയെയും നാം കബളിപ്പിക്കുന്നു. രണ്ടാമത്തേതിൽ ഭൗതികമായ ഒരർത്ഥത്തിൽപ്പോലും നന്മയെ സ്വായത്തമാക്കാൻ ശ്രമിക്കാതെ നാമതിനെ കബളിപ്പിക്കുകയാണ്‌. ഒടുവിലത്തേതിലാകട്ടെ, നന്മയെ നാം കബളിപ്പിക്കുന്നത് അതിൽ നിന്നെത്രയുമകലം പാലിക്കാനാവുമെന്നു നോക്കിയിട്ടാണ്‌; പരമാവധി പെരുപ്പിച്ചുകാട്ടിയാൽ അതിന്റെ ശക്തി കുറയ്ക്കാമെന്ന വിശ്വാസത്താൽ തിന്മയെയും. ഇങ്ങനെ നോക്കുമ്പോൾ രണ്ടാമത്തേതാണു മെച്ചമെന്നു തോന്നുന്നു: എന്തായാലും നന്മയെ നിങ്ങൾ കബളിപ്പിക്കുക തന്നെ ചെയ്യും; ഇവിടെ തിന്മ അങ്ങനെ കബളിപ്പിക്കപ്പെടുന്നില്ല, അതൊരു തോന്നലാണെങ്കിൽക്കൂടി.

56
ചില ചോദ്യങ്ങളുണ്ട്, സ്വന്തം പ്രകൃതം കൊണ്ട് അവയിൽ നിന്നു മോചനം നേടാനായില്ലെങ്കിൽപ്പിന്നെ നമ്മെ വിട്ടുപിരിയാത്തവ.

58
ഒരാൾ ഏറ്റവും കുറവു കള്ളങ്ങൾ പറയുന്നത് അയാൾ ഏറ്റവും കുറച്ചു കള്ളങ്ങൾ പറയുമ്പോൾ മാത്രമാണ്‌, അല്ലാതെ അതിനുള്ള അവസരങ്ങൾ ഏറ്റവും കുറവായിരിക്കുമ്പോഴല്ല.

59
ആളുകൾ ചവിട്ടിക്കയറി കുഴിഞ്ഞുപോകാത്തൊരു കോണിപ്പടി, അതിന്റെ കണ്ണിലൂടെ നോക്കുമ്പോൾ, തടി കൊണ്ടു തട്ടിക്കൂട്ടിയെടുത്ത ഒരുരുപ്പടി മാത്രമാണ്‌.

60
ലോകത്തെ പരിത്യജിക്കുന്നതാരായാലും അവർ മനുഷ്യരെ സ്നേഹിക്കുക കൂടി വേണം, എന്തെന്നാൽ അയാൾ പരിത്യജിക്കുന്നത് അവരുടെ ലോകത്തെ കൂടിയാണ്‌. മനുഷ്യസ്വഭാവത്തിന്റെ യഥാർത്ഥരൂപം ഇന്നതാണെന്ന് ഒരേകദേശധാരണ അങ്ങനെ അയാൾക്കു കിട്ടിത്തുടങ്ങുകയും ചെയ്യുന്നു; അതിനെ സ്നേഹിക്കാതിരിക്കാനാവില്ല, നിങ്ങൾ അതിനർഹനാണെങ്കിൽ.

61
ഈ ലോകത്തു തന്റെ അയൽക്കാരനെ സ്നേഹിക്കുന്ന ഒരാൾ ചെയ്യുന്നതു തെറ്റാണെങ്കിൽ, ഈ ലോകത്തു തന്നെത്തന്നെ സ്നേഹിക്കുന്ന ഒരാളുടെ തെറ്റിനേക്കാൾ കൂടുതലുമല്ല, കുറവുമല്ലത്. ആദ്യത്തേതു സാദ്ധ്യമാണോയെന്ന ചോദ്യമേ ശേഷിക്കുന്നുള്ളു.

62
ആത്മീയമല്ലാതൊരു ലോകമില്ല എന്ന വസ്തുത നമ്മുടെ പ്രത്യാശയെ കവരുന്നു, നമുക്കു തീർച്ചയും നല്കുന്നു.

63
സത്യത്തിനു മുന്നിലെ കണ്ണുമഞ്ഞളിച്ചുനില്ക്കലാണ്‌ നമ്മുടെ കല: ഞെട്ടിപ്പിന്മാറുന്ന വികൃതമുഖത്തു വീഴുന്ന വെളിച്ചം മാത്രം സത്യം - മറ്റൊന്നുമതല്ല.

66
ഈ ലോകത്തെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനാണയാൾ; എന്തെന്നാൽ ഭൂമിയുടെ ഏതൊരു കോണിലുമെത്താവുന്ന വിധം നീളമുള്ളതും, എന്നാൽ ഭൂമിയുടെ അതിരുകൾ വിട്ടുപോകാൻ പാകത്തിനു നീളമില്ലാത്തതുമായ ഒരു ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുകയാണയാളെ. അതേ സമയം, സ്വർഗ്ഗത്തിലെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനുമാണയാൾ; കാരണം, മേൽപ്പറഞ്ഞ കണക്കിനുള്ള ഒരു സ്വർഗ്ഗീയച്ചങ്ങല കൊണ്ടും അയാളെ ബന്ധിച്ചിരിക്കുകയാണല്ലോ. അതിനാൽ ഭൂമിയിലേക്കിറങ്ങാൻ അയാൾക്കൊന്നു തോന്നിയാൽ സ്വർഗ്ഗത്തെ തുടൽ അയാളുടെ കഴുത്തു മുറുക്കും; സ്വർഗ്ഗത്തേക്കുയരാൻ നോക്കിയാൽ ഭൂമിയിലെ ചങ്ങലയും വിടില്ല. എന്നാലെന്താ, സാദ്ധ്യതകളെല്ലാം അയാൾക്കുള്ളതാണല്ലോ; അതയാൾക്കറിയുകയും ചെയ്യാം; ആദിയിൽ തന്നെ ചങ്ങലയ്ക്കിട്ട രീതിയിൽ ഒരു പിശകുണ്ടായതാണ്‌ ഇങ്ങനെയൊക്കെ വരാൻ കാരണമായതെന്നു സമ്മതിക്കാനും അയാളൊരുക്കമല്ല എന്നതാണു പരമാർത്ഥം.

67
മഞ്ഞുപാളിയിൽ തെന്നിയോടാൻ പരിശീലിക്കുന്ന തുടക്കക്കാരനെപ്പോലെയാണ്‌ അയാൾ വസ്തുതകളുടെ പിന്നാലെ പായുന്നത്; അപകടസാദ്ധ്യതയേറിയതും, അതിനാൽ വിലക്കുള്ളതുമായ ഒരു ഭാഗത്താണ്‌ അയാളുടെ അഭ്യാസം എന്നതുമുണ്ട്.

68
ഒരു കുടുംബദൈവത്തിലുള്ള വിശ്വാസത്തിനെക്കാൾ മനസ്സിനു പ്രസരിപ്പു നല്കാൻ മറ്റെന്തിനാവും!

69
സൗഭാഗ്യത്തിനുള്ള സാദ്ധ്യത സിദ്ധാന്തത്തിന്റെ തലത്തിലുണ്ട്: തന്നിൽത്തന്നെയുള്ള അനശ്വരഘടകത്തിൽ വിശ്വാസമുണ്ടാവുക, അതിനെ പ്രാപിക്കാനായി ഒരു യത്നവും നടത്താതിരിക്കുക.

73
സ്വന്തം തീന്മേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങൾ പെറുക്കിത്തിന്നുകയാണയാൾ; തന്മൂലം മറ്റുള്ളവരെക്കാൾ തൃപ്തനാണു താനെന്ന് അല്പനേരത്തേക്കെങ്കിലും അയാൾക്കു തോന്നലുണ്ടാവുന്നുമുണ്ട്; പക്ഷേ മേശപ്പുറത്തു വച്ചു കഴിക്കുന്ന രീതിയും അയാൾ മറന്നുപോകുന്നു; അതിനാല്പിന്നെ ഉച്ഛിഷ്ടങ്ങളും ഇല്ലാതെയാവുന്നു.

74
പറുദീസയിൽ വച്ചു നശിച്ചത് നശിക്കുന്ന ഒന്നാണെങ്കിൽ നിർണ്ണായകമെന്ന് അതിനെ പറയുക വയ്യ; ഇനിയഥവാ, നാശമില്ലാത്ത ഒന്നായിരുന്നു അതെങ്കിൽ നാമിപ്പോൾ ജീവിക്കുന്നത് ഒരു കപടവിശ്വാസത്തിലുമാണ്‌.

76
പെട്ടെന്നൊരു തിരിച്ചിടൽ. ജാഗ്രതയോടെ, ഭീതിയോടെ, പ്രത്യാശയോടെ ചോദ്യത്തിനു ചുറ്റും കറങ്ങിനടക്കുകയാണ്‌ ഉത്തരം, വെട്ടിത്തിരിച്ച മുഖത്തേക്ക് ആശ കൈവിട്ടും ഉറ്റുനോക്കുകയാണത്, അതിന്റെ വിഷമയാത്രകളിൽ പിന്നാലെ ചെല്ലുകയാണത്- എന്നു പറഞ്ഞാൽ ഉത്തരവുമായി ഒരു ബന്ധവുമില്ലാത്ത വഴികളിലൂടെ.

77
മനുഷ്യസമ്പർക്കം ആത്മനിരീക്ഷണത്തിനു പ്രേരകമാവുന്നു.

78
ആശ്രയമാവാതാവുമ്പോഴേ മനുഷ്യാത്മാവു സ്വതന്ത്രമാവുന്നുള്ളു.

80
സത്യം അവിഭാജമാണ്‌, അതിനാൽ അതിനു സ്വയം കണ്ടറിയലുമില്ല; കണ്ടറിഞ്ഞു എന്നവകാശപ്പെട്ടു വരുന്നത് അസത്യം തന്നെയുമായിരിക്കും.

82
ആദിപാപത്തെക്കുറിച്ചു പരാതിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാണു നാം? പറുദീസയിൽ നിന്നു നമ്മെ പുറത്താക്കിയത് അതുകൊണ്ടല്ല, ജീവന്റെ വൃക്ഷം കാരണമാണ്‌, നാമതിന്റെ കനി തിന്നരുതെന്നു വച്ചിട്ടാണ്‌.

83
നാം പാപികളായിരിക്കുന്നത് നാം അറിവിന്റെ കന്നി തിന്നുവെന്നതിനാൽത്തന്നെയല്ല, നാമിനിയും ജീവന്റെ കനി തിന്നിട്ടില്ല എന്നതിനാൽക്കൂടിയത്രെ; അപരാധമേതുമാവട്ടെ, പാപികളുടേതാണ്‌ നമ്മുടെ അവസ്ഥ.

84
നമ്മെ സൃഷ്ടിച്ചത് പറുദീസയിൽ ജീവിതം കഴിക്കാൻ; പറുദീസ നിയുക്തമായത് നമുക്കുപകാരപ്പെടാനും. നമ്മുടെ നിയോഗം മാറിപ്പോയിരിക്കുന്നു; പറുദീസയുടെ കാര്യത്തിലും അങ്ങനെ സംഭവിച്ചോയെന്ന് എവിടെയും പറയപ്പെട്ടിട്ടുമില്ല.

88/89

മരണം നമ്മുടെ മുന്നിലുണ്ട്‌, ക്ലാസ്സുമുറിയുടെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിലെ അലക്സാണ്ടറുടെ യുദ്ധം പോലെ. നാം ചെയ്യാനുള്ളത്‌ നമ്മുടെ ജീവിതകാലത്തിനിടയിൽത്തന്നെ നമ്മുടെ പ്രവൃത്തികൾ കൊണ്ട്‌ ആ ചിത്രത്തെ അവ്യക്തമാക്കുക എന്നതാണ്‌, കഴിയുമെങ്കിൽ മായ്ച്ചുകളയുക എന്നതാണ്‌.

94
ജീവിതം തുടങ്ങും മുമ്പേ രണ്ടു കരുതലുകളെടുക്കേണ്ടതുണ്ട്‌: സ്വന്തം ഭ്രമണപഥത്തിന്റെ വ്യാപ്തി ചുരുക്കിക്കൊണ്ടു വരിക, പിന്നെ അതിനു പുറത്തെവിടെയെങ്കിലും ഒളിച്ചിരിക്കുകയല്ല നിങ്ങളെന്ന് നിരന്തരം ഉറപ്പു വരുത്തുക.

95
തിന്മ ചിലനേരം അറിഞ്ഞോ അറിയാതെയോ നിങ്ങൾ കൈയിലെടുത്ത ഒരു പണിയായുധം പോലെയാണ്‌; ഇച്ഛാശക്തിയുണ്ടെങ്കിൽ എതിർപ്പില്ലാതെ നിങ്ങൾക്കതു താഴെ വയ്ക്കാവുന്നതേയുള്ളു.

96
ഈ ജീവിതത്തിലെ ആനന്ദങ്ങൾ അതിന്റെ ആനന്ദങ്ങളല്ല, അതിലുമുയർന്നൊരു ജീവിതത്തിലേക്കു കയറുന്നതിൽ നമുക്കുള്ള ഭയമാണ്‌; ഈ ജീവിതത്തിലെ യാതനകൾ അതിന്റേതല്ല, ആ ഭയത്തെ പ്രതി നമ്മുടെ ആത്മപീഡനവുമാണ്‌.

97
യാതന യാതനയായിരിക്കുന്നത്‌ ഇവിടെ മാത്രമേയുള്ളു. ഇവിടെ യാതനപ്പെടുന്നവർ ആ യാതനയുടെ പേരിൽ മറ്റൊരു ലോകത്തു മഹത്ത്വപ്പെടുമെന്ന അർത്ഥത്തിലല്ല;

101
പാപത്തിന്റെ വരവ്‌ മറയില്ലാതെയാണ്‌; ഇന്ദ്രിയങ്ങൾ അതു വേഗം വേഗം പിടിച്ചെടുത്തോളും. പിഴുതെടുക്കേണ്ടതില്ല, വേരും പറിച്ചെടുത്താണ്‌ അതിന്റെ സഞ്ചാരം.

103

ലോകത്തിന്റെ യാതനകളിൽ നിന്നു പിൻവലിയാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരാം; നിങ്ങൾക്കു വരുതി കിട്ടിയതും നിങ്ങളുടെ പ്രകൃതത്തിനു ചേർന്നതും അതു മാത്രമാണെന്നും വരാം; നിങ്ങൾക്കൊഴിവാക്കാൻ കഴിയുന്ന ഒരേയൊരു യാതന ആ പിൻവലിയലാണെന്നും വരാം.

109
നിങ്ങൾ വീടു വിട്ടിറങ്ങണെമെന്നു പോലുമില്ല. മേശയക്കരികിൽ ശ്രദ്ധിച്ചിരുന്നാൽ മതി. ശ്രദ്ധിക്കണമെന്നുമില്ല, കാത്തിരുന്നാൽത്തന്നെ മതി. അതും വേണമെന്നില്ല, ഒറ്റയ്ക്ക്‌ അനക്കമറ്റിരുന്നാൽ മതി. ലോകം സ്വമേധയാ നിങ്ങളുടെ സവിധത്തിലെത്തിക്കോളും, നിങ്ങൾക്കു മുന്നിൽ അനാവൃതമാവാൻ; മറ്റൊന്നും അതിനു ചെയ്യാനില്ല; ആനന്ദമൂർച്ഛയിൽ അതു നിങ്ങളുടെ കാൽച്ചുവട്ടിൽ കിടന്നു പുളയും.



റൂമി - അച്ഛനമ്മമാരും മറ്റു ചിലതും

File:JALAL AL–DIN MUHAMMAD RUMI MATHNAVI-I MA’NAVI1.jpg


അച്ഛനമ്മമാർ ചിലതരം കൊളുത്തുകൾ,
വിശ്വാസങ്ങളോടും രക്തബന്ധങ്ങളോടും
ആഗ്രഹങ്ങളോടും ശീലസുഖങ്ങളോടും
നിങ്ങളെ തളച്ചിടുന്നതവർ.
അവർക്കു കാതു കൊടുക്കേണ്ട!
കാക്കുകയാണവരെന്നു തോന്നിയാലും
തടവിലിട്ടടയ്ക്കുകയാണവർ നിങ്ങളെ.
ഇതുപോലൊരു ശത്രു വേറെയില്ല.
അവർ കാരണമത്രെ
ശൂന്യതയിൽ ജീവിക്കാൻ നിങ്ങൾ ഭയക്കുന്നതും.
ആത്മാവിനെയൂട്ടിവളർത്തുന്നതുടലെന്നുമറിയുക.
പിന്നെയതിനെ വഴിപിഴപ്പിക്കുന്നതുമതു തന്നെ.
പടയില്ലാത്ത കാലത്തെ മാർച്ചട്ട പോലെയാണുടൽ,
വേനൽക്കതു ചുട്ടുപൊള്ളും,
മഞ്ഞുകാലത്തു മജ്ജ മരയ്ക്കും.
ഉടലിന്റെ തൃഷ്ണകളോ,
നിങ്ങളെപ്പിരിയാത്തൊരു സഹചാരി,
അവന്റെ രീതികൾ പ്രവചനങ്ങൾക്കതീതം,
എന്നാലുമവനെപ്പൊറുപ്പിക്കണം നിങ്ങൾ.
ആ പൊറുപ്പു തന്നെ
സ്നേഹത്തിലേക്കും ശാന്തിയിലേക്കും
നിങ്ങളെയെത്തിക്കുന്നതും.
മുള്ളിനോടു തൊട്ടിരിക്കാൻ ക്ഷമയുണ്ടായതിനാൽ
പനിനീർപ്പൂവിനു പരിമളമുണ്ടെന്നായി.
മൂന്നാണ്ടെത്തിയ ഒട്ടകക്കുട്ടിയ്ക്കു പാലു ചുരത്തുന്നതും
ക്ഷമ തന്നെ.
ക്ഷമ തന്നെ
പ്രവാചകന്മാർ നമ്മെ പഠിപ്പിച്ചതും.
തുന്നിയെടുത്ത പുടവ സുന്ദരമായെങ്കിൽ
അതിനെടുത്ത ക്ഷമ തന്നെ കാരണം.
സൗഹൃദത്തിനും കൂറിനും കരുത്തുണ്ടെങ്കിൽ
ക്ഷമ തന്നെയതിനും കാരണം.
ഒറ്റയാനാ,ണപകൃഷ്ടനാണു താനെന്നു തോന്നുന്നുവെങ്കിൽ
ക്ഷമയില്ല നിങ്ങൾക്കെന്നേ അർത്ഥവുമുള്ളു.
പാലിൽ തേൻ ചേരും പോലെ
ദൈവത്തിൽ കലരുന്നവരോടു ചേരൂ;
'വന്നുപോകുന്നതിനെയല്ല,
ഉദിച്ചസ്തമിക്കുന്നതിനെയല്ല
ഞാൻ സ്നേഹിക്കുന്നതെന്നു'ദ്ഘോഷിക്കൂ.
പ്രവാചകന്മാരെ ജനിപ്പിച്ചവനിൽ ജീവിക്കൂ,
സഞ്ചാരികൾ വഴിയരികിൽ കൂട്ടിയ തീ പോലെ
കെട്ടണയുമല്ലെങ്കിൽ നിങ്ങൾ.


 

Sunday, March 27, 2011

കാഫ്ക - ഫെലിസിന്


1912 സെപ്തംബർ 20

പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,

എന്നെക്കുറിച്ച് അത്ര വിദൂരമായ ഒരോർമ്മ പോലും ശേഷിക്കുന്നില്ലെന്നാണെങ്കിൽ ഒരിക്കൽക്കൂടി ഞാൻ സ്വയം പരിചയപ്പെടുത്തിക്കൊള്ളട്ടെ. എന്റെ പേര്‌ ഫ്രാൻസ് കാഫ്ക എന്നാണ്‌; പ്രാഗിൽ ഡയറക്റ്റർ ബ്രോഡിന്റെവിടെ അന്നു രാത്രിയിൽ നിങ്ങളോടാദ്യമായി കുശലം പറഞ്ഞ വ്യക്തി ഞാനായിരുന്നു; അതിനു ശേഷം ഒരു താലിയായാത്രയുടെ ഫോട്ടോകൾ മേശയ്ക്കു മുകളിലൂടെ ഒന്നൊന്നായി നിങ്ങൾക്കെടുത്തു തന്നയാൾ; ഏറ്റവും ഒടുവിലായി, ഇപ്പോൾ ഈ താക്കോൽക്കൂട്ടത്തിൽ പെരുമാറുന്ന ഇതേ കൈ കൊണ്ട് നിങ്ങളുടെ കരം ഗ്രഹിച്ചയാളും- അടുത്ത കൊല്ലം അയാൾ പാലസ്തീനിലേക്കു പോവുമ്പോൾ ഒപ്പം ചെല്ലാമെന്നൊരു വാഗ്ദാനത്തിന്‌ ഉറപ്പു നല്കുകയും ചെയ്തിരുന്നു നിങ്ങൾ.
ഇനി, അങ്ങനെയൊരു യാത്ര നടത്താമെന്നു തന്നെയാണ്‌ ഇപ്പോഴും നിങ്ങളുടെ ആഗ്രഹമെങ്കിൽ - പറഞ്ഞതിൽ ഉറച്ചുനില്ക്കുന്നയാളാണു താനെന്നായിരുന്നു അന്നു നിങ്ങളെന്നോടു പറഞ്ഞത്, അതങ്ങനെയല്ലെന്നതിന്റെ ലക്ഷണമൊന്നും ഞാൻ നിങ്ങളിൽ കണ്ടതുമില്ല- പിന്നെ ചെയ്യാനുള്ള ശരിയായ കാര്യം, മാത്രമല്ല അത്യന്താപേക്ഷിതമായ കാര്യം, യാത്രയെക്കുറിച്ചു നാം ഉടനേതന്നെ ചർച്ച ചെയ്തു തുടങ്ങുക എന്നതാണ്‌. കാരണം, നമ്മുടെ ഒഴിവുദിനങ്ങളുടെ ഓരോ മിനുട്ടും നമുക്കുപയോഗപ്പെടുത്തേണ്ടതായി വരും; അത്ര നീണ്ടൊരവധിക്കാലം, ഒരു പാലസ്തീൻ യാത്രയുടെ കാര്യത്തിൽ വിശേഷിച്ചും, നമുക്കു കിട്ടില്ലെന്നുമോർക്കണമല്ലോ; അതിനു പക്ഷേ സാധ്യമായത്ര ശുഷ്കാന്തിയോടെ നാം സ്വയം ഒരുങ്ങണം, എല്ലാ ഒരുക്കങ്ങളും ഇരുവർക്കും സമ്മതമാവുകയും വേണം.
ഒരു സംഗതി എനിക്കേറ്റുപറയാനുണ്ട്, കേൾക്കുമ്പോൾ മോശമാണെങ്കിലും, ഞാനിതേവരെ പറഞ്ഞുകൊണ്ടു വന്നതിനു നിരക്കാത്തതാണെങ്കിലും: കത്തയയ്ക്കുന്ന കാര്യത്തിൽ ഒരു സ്ഥിരതയില്ലാത്തയാളാണു ഞാൻ. ടൈപ്പുറൈറ്റർ കൂടിയില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട; കാരണം കത്തെഴുതാനുള്ള മാനസികാവസ്ഥയിലല്ല ഞാനെങ്കിൽ എഴുത്തു നടത്താനായി വിരൽത്തുമ്പുകളുണ്ടാകുമായിരുനല്ലോ. മറുവശം പറഞ്ഞാൽ, എഴുതുന്ന ഓരോ കത്തിനും മടക്കത്തപാലിൽത്തന്നെ മറുപടി കിട്ടിക്കോളുമെന്ന പ്രതീക്ഷയും എനിക്കില്ല; വരും വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഒരു കത്ത് ദിവസങ്ങൾ കഴിഞ്ഞും വരാതിരിക്കുമ്പോൾ നിരാശനാകാറുമില്ല ഞാൻ; ഇനി ഒടുവിൽ അതു വന്നാൽത്തന്നെ ഞാനൊന്നു നടുങ്ങിയെന്നും വരാം. പുതിയൊരു ഷീറ്റു കടലാസ് ടൈപ്പുറൈറ്ററിൽ തിരുകുമ്പോൾ എനിക്കു ബോധ്യമാവുകയാണ്‌, ഉള്ളതിലധികം വിഷമം പിടിച്ച ഒരാളായിട്ടാണ്‌ ഞാൻ സ്വയം വർണ്ണിച്ചതെന്ന്. അങ്ങനെയൊരു പിശകു ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതെനിക്കു കിട്ടേണ്ടതു തന്നെ; ആറു മണിക്കൂർ ഓഫീസുജോലിയ്ക്കു ശേഷം ഇങ്ങനെയൊരു കത്തെഴുതാൻ ഞാനെന്തിനു തീരുമാനിച്ചു, അതും എനിക്കു പരിചയമില്ലാത്ത ഒരു ടൈപ്പുറൈറ്ററിലും?

എന്നാലും, എന്നാലും- ടൈപ്പുറൈറ്റർ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഒരേയൊരു ദൂഷ്യം പറഞ്ഞുവരുന്നതിന്റെ തുമ്പു പെട്ടെന്നു വിട്ടുപോകും എന്നതാണ്‌ - ഒരു സഹയാത്രികനായി, ഒരു വഴികാട്ടിയായി, ഒരു ബാദ്ധ്യതയായി, ഒരു സ്വേച്ഛാധിപതിയായി, അതുമല്ലെങ്കിൽ ഞാനിനി എന്തായി വരുമോ അതായി എന്നെ തിരഞ്ഞെടുക്കുന്നതിൽ സംശയങ്ങളുയർന്നാലും, പ്രായോഗികമായ സംശയങ്ങളുടെ കാര്യമാണു ഞാൻ പറയുന്നത്, കത്തുകളിലൂടെ സമ്പർക്കം പുലർത്താനൊരാളെന്ന നിലയിൽ എന്നെ കൂട്ടാൻ ( തല്ക്കാലത്തേക്ക് അതിനെക്കുറിച്ചേ ചിന്തിക്കാനുള്ളൂ) മുൻകൂർ തടസ്സവാദങ്ങളൊന്നും നിങ്ങൾക്കുണ്ടാവില്ലെന്നു കരുതട്ടെ; അതിൽ എനിക്കൊരവസരം തന്നു നോക്കുകയുമാവാം.
എത്രയുമാത്മാർത്ഥതയോടെ,

ഡോ. ഫ്രാൻസ് കാഫ്ക


കാഫ്ക ഫെലിസിനയച്ച ആദ്യത്തെ കത്ത്. ഡയറക്റ്റർ ബ്രോഡെന്നു പറഞ്ഞിരിക്കുന്നത് കാഫ്കയുടെ സ്നേഹിതനായ മാക്സ് ബ്രോഡിന്റെ അച്ഛൻ അഡോൾഫ് ബ്രോഡിനെയാണ്‌; അദ്ദേഹം പ്രാഗിലെ യൂണിയൻ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. മാക്സ് ബ്രോഡിന്റെ സഹോദരി സോഫിയുടെ കസിനാണ്‌ ഫെലിസ്.
താലിയായാത്ര എന്നുദ്ദേശിച്ചിരിക്കുന്നത് 1912ലെ വേനല്ക്കാലത്ത് ബ്രോഡും കാഫ്കയും കൂടി ഗെയ്ഥെയുടെ ജന്മസ്ഥലമായ വെയ്മറിലേക്കു നടത്തിയ യാത്രയാവണം.


Saturday, March 26, 2011

ഫെര്‍ണാണ്ടോ പെസ്സോവ - നമ്മുടെ ജീവിതവും നമ്മുടെ മരണവും


നമ്മൾ മരണമാണ്‌. ജീവിതമെന്നു നമ്മൾ പറയുന്നത്‌ നമ്മുടെ യഥാർത്ഥജീവിതത്തിലെ ഒരു മയക്കത്തെയാണ്‌, നാം യഥാർത്ഥത്തിലെന്താണോ അതിന്റെ മരണത്തെയാണ്‌. മരിച്ചവർ ജീവിക്കുകയാണ്‌, അവർ മരിക്കുകയല്ല. ജീവനോടിരിക്കുകയാണെന്നു കരുതുന്ന നേരത്ത്‌ മരിച്ചിരിക്കുകയാണു നാം; മരണത്തോടെ നാം ജീവിച്ചും തുടങ്ങുന്നു.

ഉറക്കത്തിനും ജീവിതത്തിനും തമ്മിലുള്ള ബന്ധം ജിവിതമെന്നു നാം പറയുന്നതിനും മരണമെന്നു നാം പറയുന്നതിനും തമ്മിലുള്ള ബന്ധത്തിനു സമാനം തന്നെ. നാം ഉറങ്ങുകയാണ്‌, ജീവിതം നമ്മുടെ സ്വപ്നവും; ആലങ്കാരികമോ കാവ്യാത്മകമോ ആയ അർത്ഥത്തിലല്ല, അതിന്റെ ശരിയായ അർത്ഥത്തിൽത്തന്നെ.

ഉത്കൃഷ്ടമെന്നു നാം കരുതിപ്പോരുന്ന നമ്മുടെ പ്രവൃത്തികളിലെല്ലാം തന്നെ മരണത്തിന്റെ പങ്കാളിത്തമുണ്ട്‌, അവ മരണവുമാണ്‌. ആദർശങ്ങൾ, ജീവിതം വില കെട്ടതാണെന്ന ഏറ്റുപറച്ചിലല്ലാതെ മറ്റെന്താണ്‌? കല ജിവിതനിരാസമല്ലാതെ മറ്റെന്താണ്‌? പ്രതിമ എന്നു പറയുന്നത്‌ ജീവനില്ലാത്ത ശരീരം തന്നെ; ജീർണ്ണതയില്ലാത്തൊരു മാധ്യമത്തിൽ മരണത്തെ ആവാഹിക്കാനായി ഉളിയോടിയതാണത്‌. ജിവിതാനന്ദങ്ങൾ, ജീവിതത്തിൽ ആണ്ടുമുഴുകലാണവ എന്നു തോന്നിച്ചാലും, യഥാർത്ഥത്തിൽ നമ്മിൽത്തന്നെയുള്ള ഒരാണ്ടുമുഴുകലാണ്‌, നമ്മളും മരണവും തമ്മിലുള്ള ബന്ധങ്ങളുടെ നിരാകരണമാണ്‌, മരണത്തിന്റെ വിജൃംഭിതമായ നിഴലാണ്‌.

ജിവിക്കുക എന്ന പ്രക്രിയ തന്നെ മരണത്തെയാണർത്ഥമാക്കുന്നതും; കാരണം ഓരോ നാളും ജീവിച്ചുകഴിയുമ്പോൾ നമ്മുടെ കണക്കിൽ ഒരു നാളു കുറയുകയാണല്ലോ. സ്വപ്നങ്ങളിലെ അന്തേവാസികളാണു നാം; അയഥാർത്ഥവനങ്ങളിലലയുന്ന നിഴലുകളാണു നാം; അവയിലെ മരങ്ങളാണ്‌ വീടുകളും, ആചാരങ്ങളും, ആശയങ്ങളും, ആദർശങ്ങളും, ദർശനങ്ങളും.

ഒരുനാളും ദൈവത്തെ കാണാനിടയാവാതെ, ദൈവമുണ്ടോയെന്നുപോലും അറിയാനിടവരാതെ! ലോകങ്ങൾ മാറി ജീവിച്ചും, അവതാരങ്ങൾ മാറിയെടുത്തും, മിഥ്യകളുടെ ഓമനയായി ചുണകെട്ടും, പിഴകളുടെ ലാളനകളെന്നുമേറ്റും...

ഒരുനാളും സത്യത്തിലേക്കെത്താതെ, എന്നാലൊരുനാളും വിശ്രമമില്ലാതെ! ഒരുനാളും ദൈവസവിധത്തിലേക്കെത്താതെ! ഒരുനാളും അന്തിമശാന്തിയെന്നതു കിട്ടാതെ, എന്നാലെന്നും ശാന്തിയുടെ ഒരു സൂചന മുന്നിൽക്കണ്ടും, അതിനായുള്ള ദാഹം ഒരുനാളും കെടാതെയും!


അശാന്തിയുടെ പുസ്തകം - 178


Friday, March 25, 2011

കാഫ്ക - പുസ്തകങ്ങളും ഉരുളൻകല്ലുകളും


1908 മേയ്

പ്രിയപ്പെട്ട മാക്സ്, ഇതാ, രണ്ടു പുസ്തകങ്ങളും ഒരുരുളൻകല്ലും. നിനക്കു തരാൻ പറ്റിയൊരു പിറന്നാൾസമ്മാനം കണ്ടുപിടിയ്ക്കുക എക്കാലത്തും എനിക്കൊരു കഠിനപരിശ്രമായിരുന്നു: മാറ്റം വരാത്തതും, നഷ്ടപ്പെടാത്തതും, മലിനപ്പെടാത്തതും, മറക്കപ്പെടാത്തതുമായ വിധത്തിൽ നിഷ്പക്ഷമായതൊന്ന്. മാസങ്ങളോളം അതിനെക്കുറിച്ചു തല പുകച്ചതിൽപ്പിന്നെ ഒരു പുസ്തകമയയ്ക്കുക എന്ന വിചാരത്തിലേക്കു തന്നെ തിരിച്ചുപോവുകയായിരുന്നു ഞാൻ. പക്ഷേ പുസ്തകങ്ങൾ ഒരു മനശ്ശല്യമാണ്‌: ഒരു വശത്തു കൂടി നോക്കുമ്പോൾ അവ നിഷ്പക്ഷമാണെങ്കിൽത്തന്നെ, മറ്റൊരു വശത്ത് അത്രയ്ക്കു രസകരവുമാണവ; നിഷ്പക്ഷമായവയിലേക്കെന്നെ ആകർഷിക്കുന്നത് എന്റെ ബോദ്ധ്യങ്ങളാണെങ്കിൽത്തന്നെ, എന്റെ കാര്യത്തിൽ എന്റെ ബോദ്ധ്യങ്ങളാണ്‌ നിർണ്ണായകമെന്നു പറയാനും വയ്യ; ഒടുവിലെന്താ, വീണ്ടും മനസ്സു മാറ്റി അതീവ രസകരമായ ഒരു പുസ്തകവും കൈയിൽ പിടിച്ചു നില്ക്കുന്ന എന്നെയാണു ഞാൻ കാണുക. ഒരുതവണ മനഃപൂർവമായിത്തന്നെ ഞാൻ നിൻന്റെ പിറന്നാൾ മറന്നുകളഞ്ഞു. പുസ്തകമയക്കുന്നതിനെക്കാൾ ഭേദമാണതെങ്കിൽക്കൂടി അതു കൊണ്ടു കാര്യമില്ല. അതിനാൽ ഞാനിതാ, ഒരുരുളൻകല്ലയയ്ക്കുകയാണ്‌; നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം ഓരോന്നു ഞാൻ അയച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതു കീശയിലിട്ടു നടക്കൂ, നിനക്കതൊരു രക്ഷയാവും. മേശവലിപ്പിലാണിടുന്നതെങ്കിൽ അവിടെയും അതു നിഷ്ക്രിയമായിരിക്കില്ല; പക്ഷേ അതു വലിച്ചെറിയുകയാണെങ്കിൽ അതാണേറ്റവും ഭംഗി. നിനക്കറിയാമല്ലോ മാക്സ്, എന്നെക്കാൾ വലുതാണ്‌ എനിക്കു നിന്നോടുള്ള സ്നേഹമെന്നും, അതെന്നിലല്ല, ഞാൻ അതിലാണു കുടിയേറിയിക്കുന്നതെന്നും. എന്റെ അരക്ഷിതപ്രകൃതിയിൽ ദുർബലമായ ഒരാശ്രയമേ അതിനുള്ളുവെങ്കിൽ, ഈ ഉരുളൻകല്ലിലൂടെ പാറയുറപ്പുള്ള ഒരു പാർപ്പിടം കിട്ടുകയാണതിന്‌, അതിനി ഷാലെൻഗാസ്സെയിലെ വഴിവക്കിലൊരു വിടവിലാണെങ്കിലും. എത്രയോ കാലമായി നിനക്കറിയാവുന്നതിൽ കൂടുതൽ തവണ ഈ സ്നേഹം എന്നെ രക്ഷിച്ചിരിക്കുന്നു; ഇപ്പോഴാകട്ടെ, മുമ്പൊരിക്കലുമില്ലാത്ത മാതിരി ഞാൻ എനിക്കു തന്നെ ഒരു പ്രഹേളികയായിരിക്കുമ്പോൾ, പൂർണ്ണബോധമുള്ളപ്പോൾത്തന്നെ പാതിമയക്കത്തിലാണു ഞാനെന്ന തോന്നലുണ്ടാവുമ്പോൾ, മനസ്സത്ര ശൂന്യമായിത്തോന്നുമ്പോൾ, ജീവനോടുണ്ടോയെന്നുതന്നെ സംശയമായിരിക്കുമ്പോൾ- ഇതുമാതിരി ഒരു സന്ദർഭത്തിൽ ഇങ്ങനെയൊരു ഉരുളൻകല്ല് ലോകത്തിലേക്കു വലിച്ചെറിഞ്ഞ് തീർച്ചയെ തീർച്ചയില്ലായ്മയിൽ വേർതിരിക്കുമ്പോൾ മനസ്സിനതു സ്വസ്ഥത നല്കുന്നു. അതുമായി തട്ടിച്ചു നോക്കുമ്പോൾ പുസ്തകങ്ങളുടെ കാര്യം എന്തു പറയാൻ! ഒരു പുസ്തകം ഒരിക്കൽ നിനക്കൊന്നു മുഷിഞ്ഞാൽ പിന്നെയെന്നും അങ്ങനെ തന്നെയായിരിക്കും; അല്ലെങ്കിൽ നിന്റെ കുട്ടി അതു വലിച്ചുകീറിയെന്നു വരാം; അതുമല്ലെങ്കിൽ കൈയിൽ കിട്ടുമ്പോൾത്തന്നെ അതു തുന്നലു വിട്ടതാണെന്നും വരാം. പക്ഷേ ഒരുരുളൻകല്ല് ഒരിക്കലും നിനക്കു മുഷിയില്ല; അതു ദ്രവിച്ചുപോകലുമില്ല, ആണെങ്കിൽത്തന്നെ അതിവിദൂരമായൊരു ഭാവിയിലുമായിരിക്കും. നിനക്കതിനെ മറക്കാനുമാവില്ല, കാരണം നീയതിനെ ഓർമ്മ വയ്ക്കണമെന്നും ആരും പറഞ്ഞിട്ടില്ലല്ലോ. ഒടുവിലായി, നിനക്കതൊരിക്കലും എന്നെന്നേക്കുമായി നഷ്ടപ്പെടുകയുമില്ല, കാരണം, ഏതെങ്കിലും പഴയൊരു ചരൽപ്പാതയിൽ നിനക്കതു കണ്ടെത്താവുന്നതേയുള്ളു; വെറുമൊരു ഉരുളൻകല്ലല്ലേയത്. ഇനിയും സ്തുതിച്ച് എനിക്കതിനെ ഹാനി വരുത്താനുമാവില്ല. കാരണം പുകഴ്ത്തൽ അതിന്റെ വിഷയത്തെ ഞെരിച്ചമർത്തുകയോ, മുറിപ്പെടുത്തുകയോ, അന്ധാളിപ്പിക്കുകയോ ചെയ്യുമ്പോൾ മാത്രമേ പുകഴ്ത്തൽ ഹാനികരമാവുന്നുള്ളു. പക്ഷേ ഉരുളൻകല്ലോ? ചുരുക്കം പറഞ്ഞാൽ നിനക്കു പറ്റിയ ഒന്നാന്തരം പിറന്നാൾസമ്മാനം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു ഞാൻ; അതിനെ ഞാൻ നിന്റെയടുത്തേക്കു പറഞ്ഞു വിടുകയും ചെയ്യുന്നു, നീ ജീവിച്ചിരിക്കുന്നതിലുള്ള കൃതജ്ഞത വിലക്ഷണമായിട്ടെങ്കിലും പ്രകടിപ്പിക്കാനുദ്ദേശിച്ചുള്ള ഒരു ചുംബനത്തോടൊപ്പം.

നിന്റെ ഫ്രാൻസ്.


കാഫ്ക സ്നേഹിതനായ മാക്സ് ബ്രോഡിനയച്ച കത്ത്.
ഷാലെൻഗാസ്സെ- ബ്രോഡിന്റെ വീടു നില്ക്കുന്ന തെരുവ്.


Thursday, March 24, 2011

റൂമി - ശലോമോൻ ഷീബയോടു പറഞ്ഞത്

File:Claude Lorrain 008.jpg


ഷീബയുടെ ദൂതന്മാരോടു ശലോമോൻ പറഞ്ഞതിങ്ങനെ,
‘അവൾക്കുള്ള ദൂതന്മാരായി ഞാൻ നിങ്ങളെ മടക്കുന്നു.
അവൾ കൊടുത്തയച്ച കാഴ്ചകളെ ഞാൻ നിരസിച്ചുവെങ്കിൽ
ഞാനവ കൈക്കൊള്ളുന്നതിലുമുത്തമമാണതെന്നവളോടു പറയുക.
ഞാൻ മതിയ്ക്കുന്നതെന്തിനെയെന്നവളങ്ങനെയറിയട്ടെ.
അവൾക്കു പ്രണയം താനിരിക്കുന്ന സിംഹാസനത്തെ,
അസലായ രാജത്വത്തിലേക്കു കടക്കാനുള്ള പടിവാതിലിൽ
വഴി മുടക്കിക്കിടക്കുന്നതതു തന്നെയെന്നവളറിയുന്നുമില്ല.
നൂറു സാമ്രാജ്യങ്ങളെക്കാൾ മധുരമേറും
താഴത്തു വച്ചൊരമ്പിനെന്നുമവളോടു പറയുക.
പെട്ടെന്നൊരുനാളെബ്രഹാമിനെപ്പോലെ സകലതും ത്യജിച്ചു
വെളിവു കെട്ടലയുന്നതിൽ കാര്യമുണ്ടെന്നും പറയുക.
മാടോടു വച്ചു കുട്ടികൾ കച്ചോടം കളിയ്ക്കും,
പൊട്ടക്കിണറ്റിൽ കണ്ടവ നിധികളെന്നു നമുക്കും തോന്നും.
ജോസഫു വീണുകിടന്നതങ്ങനെയൊരു കിണറ്റിലെന്നവളോടു പറയുക,
അതിൽ നിന്നാണൊരു കയറിലെത്തിപ്പിടിച്ചു
പുതിയതൊരു പ്രജ്ഞയിലേക്കയാൾ കയറിപ്പോന്നതും.
ജീവിതത്തെ മാറ്റിത്തീർക്കാനൊരു രാസവിദ്യയുണ്ടെങ്കിൽ
അതുതന്നെ ആകെയുള്ള സത്യം.‘


wiki link to queen of sheba

link to image


ഫെര്‍ണാണ്ടോ പെസ്സോവ–അശാന്തിയുടെ പുസ്തകം



284

വിരൽത്തുമ്പു കൊണ്ടുപോലും ജീവിതത്തെ സ്പർശിക്കാതിരിക്കട്ടെ നാം,
മനസ്സു കൊണ്ടുപോലും പ്രേമിക്കാതിരിക്കട്ടെ നാം.
നമ്മുടെ സ്വപ്നങ്ങളിൽപ്പോലും ഒരു സ്ത്രീയുടെ ചുംബനമറിയാതിക്കട്ടെ നാം.

നിരുന്മേഷത്തിന്റെ കൈപ്പണിക്കാർ, സർവവ്യാമോഹങ്ങളും ഉരിഞ്ഞെറിയാൻ അന്യരെ പഠിപ്പിക്കുന്നതിൽ മികയ്ക്കട്ടെ നാം. ജീവിതത്തിന്റെ പ്രേക്ഷകർ, പുതുമയുള്ളതോ, മനോഹരമോ ആയ യാതൊന്നും കാണാനില്ലെന്ന മുന്നറിവിന്റെ മടുപ്പോടെ ചുമരുകൾക്കു മുകളിലൂടെത്തിനോക്കട്ടെ നാം.

നൈരാശ്യത്തിന്റെ നെയ്ത്തുകാർ, ശവക്കച്ചകൾ മാത്രം നെയ്യട്ടെ നാം- നാം കാണാത്ത സ്വപ്നങ്ങൾക്കായി വെളുത്ത ശവക്കച്ചകൾ, നാം മരിച്ചുപോയ നാളുകൾക്കായി കറുത്ത ശവക്കച്ചകൾ, നാം സ്വപ്നം കാണുക മാത്രം ചെയ്ത ചേഷ്ടകൾക്കായി വിവർണ്ണമായ ശവക്കച്ചകൾ, വ്യർത്ഥമായിപ്പോയ ഐന്ദ്രിയാനുഭവങ്ങൾക്കായി രാജകീയമായ കട്ടിച്ചുവപ്പിലുള്ള ശവക്കച്ചകൾ.

കുന്നുകളിലും തടങ്ങളിലും ചതുപ്പൻ പുഴയോരങ്ങളിലും വേട്ടക്കാർ നായാടട്ടെ ചെന്നായ്ക്കളെ, മാനുകളെ, കാട്ടുതാറാവുകളെ. അവരെ വെറുക്കുക നാം, അവർ കൊല്ലുകയാണെന്നതു കൊണ്ടല്ല, അവർക്കതിൽ നിന്നു സന്തോഷം കിട്ടുന്നതിനാൽ( നമുക്കു കിട്ടാത്തതിനാലും).

നമ്മുടെ മുഖഭാവം ഒരു വിളർത്ത മന്ദഹാസമാവട്ടെ, കരയാൻ പോകുന്നൊരാളുടേതു പോലെ, വിദൂരതയിൽ തങ്ങിയൊരു നോട്ടമാവട്ടെ, കാണണമെന്നില്ലാത്തൊരാളുടേതു പോലെ, അവജ്ഞ മാത്രമാവട്ടെ, ജീവിതത്തെ ദ്വേഷിക്കുന്നൊരാളുടേതു പോലെ, ജീവിതത്തെ ദ്വേഷിക്കാൻ മാത്രമായി ജീവിക്കുന്നൊരാളുടേതു പോലെ.

പണിയെടുക്കുന്നവർക്കും മല്ലിടുന്നവർക്കുമിരിക്കട്ടെ നമ്മുടെ അവജ്ഞ, വിശ്വാസവും പ്രതീക്ഷയും വച്ചിരിക്കുന്നവർക്ക് നമ്മുടെ വെറുപ്പും.


 

Tuesday, March 22, 2011

റൂമി - പുരപ്പുറത്തെ പ്രാവ്

File:Paloma de Paz Blanca.gif


എന്റെ നെഞ്ചത്തെന്റെ കൈയമർത്തുമ്പോൾ
എന്റെ കൈയമരുന്നതു നിന്റെ നെഞ്ചിലാണല്ലോ.
ചിലനേരം മറ്റൊട്ടകങ്ങൾക്കൊപ്പം
എന്നെയും നീയഴിച്ചുവിടുന്നു.
ചിലനേരം പടയ്ക്കു മുന്നിൽ
എന്നെ നായകനാക്കി നീ നിർത്തുന്നു.
ചിലനേരം നിന്റെയധികാരത്തിന്റെ
മുദ്രമോതിരവുമാക്കുന്നുണ്ടെന്നെ നീ.
ഇനിയും ചിലനേരമേതോ വാതിൽപ്പിടിയാക്കി
എന്നെയുരുട്ടിയെടുക്കുന്നുമെണ്ടെന്നെ നീ.
ചോരയിൽ നിന്നു ശുക്ളമെടുക്കുന്നു നീ.
ശുക്ളത്തിൽ നിന്നു മൃഗത്തെയെടുക്കുന്നു നീ.
മൃഗത്തിൽ നിന്നു ബുദ്ധിയെയുമെടുക്കുന്നു നീ.
ജീവനെയതിലും ജീവനായിട്ടു മാറ്റുകയുമാണു നീ.
പുരപ്പുറത്തിരിക്കുന്ന പ്രാവിനെ
ഒരു കുഴൽവിളി പറത്തിവിടുന്ന പോലെ
എന്നെ നീയുന്തിവിടുന്നു.
അതേ കുഴലു വിളിച്ചെന്നെ നീ മടക്കി വിളിക്കുന്നു.
പലപല യാത്രകൾക്കായി നീയെന്നെ തള്ളിവിടുന്നു.
പിന്നെ കടവത്തു കെട്ടിയുമിടുന്നു നീ.
ഒഴുകുന്ന പുഴയാണു ഞാൻ.
അന്യന്റെ കുപ്പായത്തിലുടക്കുന്ന മുള്ളുമാണു ഞാൻ.
ലോകാതിശയങ്ങളൊന്നുമെനിയ്ക്കു കാണേണ്ട.
എന്നുമെന്നും നിന്റെ സവിധത്തിലിരുന്നാൽ മതിയെനിക്ക്.
വിശ്വസിക്കാനായിട്ടൊന്നുമില്ല.
ഈയൊരു തന്നെത്താൻ വിശ്വാസം വിട്ടാലേ
സൗന്ദര്യത്തിലേക്കു ഞാനെത്തൂ.
നിന്റെ വാളു കണ്ടതും
എന്റെ പരിച ഞാനെരിച്ചുകളഞ്ഞു!
ഗബ്രിയേൽ മാലാഖയെപ്പോലെ
അറുനൂറു ജോഡി ചിറകുമായി പറന്നവനാണു ഞാൻ;
ഞാനിങ്ങെത്തിയതിൽപ്പിന്നെ
എന്തിനാണെനിക്കിനി ചിറകുകൾ?
രാവും പകലും കാത്തുസൂക്ഷിക്കുകയായിരുന്നു
എന്റെയാത്മാവിന്റെ മുത്തു ഞാൻ;
മുത്തുകൾ ചൊരിഞ്ഞൊഴുകുന്ന ഈ കടലൊഴുക്കിൽ
എന്റെ മുത്തിന്നതെന്നിനി വേറിട്ടു പറയുന്നതെങ്ങിനെ ഞാൻ?


Monday, March 21, 2011

റൂമി - മുട്ടിയ വഴി

File:Pipetaborchristmasminstrel.png


എനിക്കു വേണ്ടതെന്തെന്നെനിക്കറിയാമായിരുന്നെങ്കിൽ!
നീയെന്റെ വഴി മുട്ടി നില്ക്കുന്നു,
ഇടം വലം വിടുന്നുമില്ലെന്നെ നീ.
മൂക്കുകയറിൽ പിടിച്ചൊരു വഴിയ്ക്കു വലിയ്ക്കുന്നു നീ,
പിന്നെ മറുവഴിയ്ക്കും വലിയ്ക്കുന്നു.
കരുണയറ്റതാണേ നിന്റെയീ നടപടി പ്രിയനേ!
പറയുന്നതവിടുന്നു കേൾക്കുന്നുമുണ്ടോ?

ആവലാതിപ്പെടലിന്റെ ഈ രാത്രിയെന്നു തീരുമോ?
നിന്റെ മുന്നിൽ പകയ്ച്ചുപോകുന്നതെന്തു ഞാൻ,
കാതരപ്പെടുന്നതും?
ആയിരങ്ങളാണു നീ, ഒന്നേയൊന്നും.
ഉരിയാട്ടമില്ലാത്തവൻ നീ,
സ്ഫുടവാക്കും.

നിന്റെ പേരു വസന്തം.
നിന്റെ പേരു മദിര.
നിന്റെ പേരു തന്നെ
അതിന്റെയോക്കാനവും!

എന്റെ സംശയങ്ങൾ നീ,
കണ്ണുകൾക്കു മുന്നിലെ പ്രകാശബിന്ദുക്കളും നീ.

കാണുന്നതു കാണുന്നതൊക്കെ നീയായിട്ടും
എവിടെ നീയെന്നലയുകയുമാണു ഞാൻ.

അവിടെയ്ക്കു ഞാനെത്തുമോ?
പുള്ളിമാൻ സിംഹത്തിനു മേൽ ചാടിവീഴുമവിടെ,
ഞാൻ തിരഞ്ഞുപോകുന്നവൻ
എന്നെത്തിരഞ്ഞുവരുമവിടെ?

എത്രനേരമായി കൊട്ടുന്നു
ഈ ചെണ്ടയുമീ വാക്കുകളും!
തോലു പൊളിഞ്ഞു രണ്ടും വീഴട്ടെ
അതാതിന്റെ മൗനത്തിൽ.


 

റില്‍ക്കെ - കൊടുംകാറ്റു വീശുന്ന രാത്രി

File:It was a 'dark and stormy night' ... - geograph.org.uk - 718913.jpg


കൊടുംകാറ്റു വീശുന്ന രാത്രി
ദൈവത്തിന്റെയൊരു ചേഷ്ട പോലെ,
തന്റെ പെരുംകൈകളാൽ
സർവതും തൂത്തുകൂട്ടുകയാണവൻ.
ആകാശം വിളർത്ത നക്ഷത്രങ്ങൾ വിക്കുന്നു,
ഈ ചുഴലിയിലൂന്നാനൊരിടം തേടുന്നു.

ദൈവമതൊന്നും ഗൗനിക്കില്ല.
കാടും ചുമരും പതറുന്നു, വിളറുന്നു.
ഭൂമിയുടെ തെരുവുകളിലൂടെ
കരിമ്പൻ കുതിരകൾ കുളമ്പടിച്ചുകുതിയ്ക്കുന്നു:
ദൈവത്തിന്റെ കൈ പായുന്ന നിഴലുകളാണവ.


1899 ഡിസംബർ 2


ഷ്മാർജെൻഡോർഫ് ഡയറിയിൽ നിന്ന്

Sunday, March 20, 2011

അന്നാ ആഹ് മാത്തോവാ - കവികൾ നമുക്ക്


കവികൾ നമുക്കു വാക്കിന്റെ പുതുമയും ഭാവത്തിന്റെ താരള്യവും നഷ്ടമാവുക-
ചിത്രകാരനു കാഴ്ച നഷ്ടമാകും പോലെയല്ലേയത്,
നടനു ശബ്ദവും ചലനവും നഷ്ടപ്പെടും പോലെ,
സുന്ദരിയായ സ്ത്രീയ്ക്കു സൗന്ദര്യം നഷ്ടപ്പെടും പോലെയും?

ദൈവദത്തമാണീയനുഗ്രഹമെങ്കിൽ
തനിക്കു മാത്രമായി കരുതിവയ്ക്കുകയുമരുതത്:
അതിനെ ധൂർത്തടിയ്ക്കാൻ, പൂഴ്ത്തിവയ്ക്കാനല്ലല്ലോ
നമുക്കു വിധിച്ചതും, നമുക്കറിയുന്നതും.

ഒറ്റയാനായി നടക്കുക, കുരുടനെ സുഖപ്പെടുത്തുക,
എങ്കിൽ സന്ദേഹത്തിന്റെ കഠിനമുഹൂർത്തത്തിൽ നിങ്ങളറിയും,
ഗർവിച്ച ശിഷ്യന്മാരുടെ പരിഹാസവും,
ആൾക്കൂട്ടത്തിന്റെ ഉദാസീനതയും.

1915 ജൂൺ 23



അന്നാ ആഹ് മാത്തോവാ - എന്തിനെന്റെ കുടിവെള്ളത്തിൽ...


എന്തിനെന്റെ കുടിവെള്ളത്തിൽ നിങ്ങൾ വിഷം കലർത്തി?
എന്തിനെന്റെയപ്പത്തിൽ നിങ്ങൾ മണ്ണു വാരിയിട്ടു?
എനിക്കു ശേഷിച്ച സ്വാതന്ത്ര്യത്തെ
കള്ളന്മാരുടെ മടയാക്കിയതുമെന്തിനു നിങ്ങൾ?
ചങ്ങാതിമാർ പിടഞ്ഞുവീഴുമ്പോൾ
ഇളിച്ചുകാട്ടിയില്ല ഞാനെന്നതിനോ?
പെറ്റനാടു വേദനിക്കുമ്പോൾ
ഓടിമാറിയില്ല ഞാനെന്നതിനോ?
എങ്കിലങ്ങനെയാവട്ടെ.
കഴുമരവുമാരാച്ചാരുമില്ലാതെ
കവികൾക്കു ജീവിതമില്ലിവിടെ.
അലഞ്ഞ യാത്രകൾ തന്നെ ഞങ്ങൾക്കു പറഞ്ഞത്,
കൈയിൽ മെഴുകുതിരിയുമായി വിലപിക്കുകയും.

1935

പ്രവാചികയൊന്നുമല്ല ഞാൻ,
ചോല പോലെ തെളിഞ്ഞതാണെന്റെ ജീവിതം.
തടവറയുടെ ചാവികൾ കിലുങ്ങുമ്പോൾ
അതിന്റെ താളത്തിനു പാടാനെനിക്കാവുകയുമില്ല.

1930



Saturday, March 19, 2011

ഫെർണാൻഡോ പെസ്സൊവ - എവിടെ ദൈവം?


എവിടെ ദൈവം, അങ്ങനെയൊരാളില്ലെങ്കിൽപ്പോലും? എനിക്കൊന്നു പ്രാർത്ഥിക്കണം, തേങ്ങിക്കരയണം, ചെയ്യാത്ത കുറ്റങ്ങളേറ്റുപറയണം, എന്റെ തെറ്റുകൾ പൊറുത്തുവെന്ന തോന്നൽ അമ്മയുടെ ലാളനയിലും കവിഞ്ഞൊരനുഭൂതിയായി എനിക്കാസ്വദിക്കണം.

തേങ്ങിക്കരഞ്ഞുകിടക്കാനൊരു മടിത്തട്ട്, എന്നാലതിവിശാലവും രൂപമെന്നതില്ലാത്തതും, ഗ്രീഷ്മസന്ധ്യ പോലെ വിപുലം, എന്നാൽ സുഖദം, ഊഷ്മളം, സ്ത്രൈണം... ആ മടിത്തട്ടിൽ കിടന്നു തേങ്ങിക്കരയാനാവുക, സങ്കല്പത്തിലില്ലാത്ത കാര്യങ്ങളെച്ചൊല്ലി, എനിക്കോർമ്മയിലില്ലാത്ത തോൽവികളെച്ചൊല്ലി, ഇല്ലാത്തവയെങ്കിലും നെഞ്ചു നീറ്റുന്ന കാര്യങ്ങളെച്ചൊല്ലി, ഏതെന്നറിയാത്ത ഭാവിയെ സംബന്ധിച്ച ഉൾക്കിടിലമുളവാക്കുന്ന കൂറ്റൻ സന്ദേഹങ്ങളെച്ചൊല്ലി...

ഒരു  രണ്ടാം ബാല്യം, പണ്ടെനിക്കുണ്ടായിരുന്ന വൃദ്ധയായൊരായ, അയഞ്ഞ ശ്രദ്ധയ്ക്കു പിടി കിട്ടാതെ പോയ വീരസാഹസികകഥകൾ  പറഞ്ഞെന്നെ ഉറക്കിക്കിടത്തിയിരുന്ന കുഞ്ഞുകിടക്ക- ഗോതമ്പുകതിരുകൾ പോലെ പൊൻനിറമായ കൈശോരകേശത്തിലൂടെ ഒരുകാലം വിരലോടിയ കഥകൾ...ഒക്കെയും വിപുലവും ചിരന്തനവുമായിരുന്നു,  നിത്യമെന്നുറപ്പു കിട്ടിയതായിരുന്നു, വസ്തുക്കളുടെ ആത്യന്തികയാഥാർത്ഥ്യം വിഷാദത്തോടെ നിദ്ര കൊള്ളുന്ന കയങ്ങളിൽ ദൈവത്തിന്റെ മഹിതൗന്നത്യമാർന്നതായിരുന്നു...

ഒരു മടിത്തട്ട്, ഒരു തൊട്ടിൽ, കഴുത്തിനു ചുറ്റും ഊഷ്മളമായൊരു കൈ... എന്നെ കരയിക്കാനെന്നപോലെ ശബ്ദം താഴ്ത്തി പാടുന്നൊരു സ്വരം, മഞ്ഞുകാലത്ത് അടുപ്പിൽ വെടിച്ചുകത്തുന്ന വിറകിന്റെ ചൂട്...അശ്രദ്ധമായലയുന്ന എന്റെ ബോധം...പിന്നെ അതിവിപുലമായൊരു സ്ഥലരാശിയിൽ പ്രശാന്തവും നിശബ്ദവുമായൊരു സ്വപ്നം, നക്ഷത്രങ്ങൾക്കിടയിലൂടുരുണ്ടുനീങ്ങുന്ന ചന്ദ്രനെപ്പോലെ...

എന്റെ കരവിരുതുകളൊക്കെ ഞാൻ മാറ്റിവച്ചതിൽപ്പിന്നെ, ഉമ്മ കൊടുക്കാൻ പോലത്രയുമെനിക്കു പ്രിയമായ കളിപ്പാട്ടങ്ങൾ, വാക്കുകൾ, ബിംബങ്ങൾ, പദപ്രയോഗങ്ങൾ ഒക്കെയും ഒരു മൂലയ്ക്കു മനോഹരമായി ഞാൻ അടുക്കിവച്ചതിൽപ്പിന്നെ, അത്രയ്ക്കു ചെറുതായ, നിരുപദ്രവിയായ ഒരു ജീവിയാണു ഞാനെന്നെനിക്കു തോന്നുകയാണ്‌, അത്രയും വിശാലവും, അത്രയും വിഷണ്ണവുമായ ഒരു മുറിയിൽ അത്രയുമേകാകിയാണു ഞാനെന്നും!

ഈ കളികളിൽ മുഴുകാത്ത നേരത്ത് ആരാണീ ഞാൻ? ഐന്ദ്രിയാനുഭവങ്ങളുടെ തുറസ്സിൽ പരിത്യക്തനായ, യാഥാർത്ഥ്യത്തിന്റെ തെരുവുമൂലകളിൽ തണുത്തു വിറയ്ക്കുന്ന, വിഷാദത്തിന്റെ പടവുകളിൽ കിടന്നുറങ്ങാൻ വിധിക്കപ്പെട്ട, ദിവാസ്വപ്നം വച്ചുനീട്ടുന്ന അപ്പക്കഷണങ്ങൾ മാത്രം തിന്നാൻ കിട്ടുന്ന ഒരനാഥബാലൻ. ഇന്നേ വരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ പിതാവിന്റെ പേര്‌ ദൈവം എന്നാണെന്നു പറഞ്ഞുകേൾക്കുന്നു; എന്നാൽ ആ പേരുമായി എനിക്കൊരു ബന്ധവുമില്ല. ചില രാത്രികളിൽ വല്ലാതെ ഒറ്റപ്പെട്ടുവെന്നു തോന്നുമ്പോൾ കണ്ണീരോടെ ഞാൻ അദ്ദേഹത്തിന്റെ പേരു വിളിച്ചുകരയും, എനിക്കു സ്നേഹിക്കാവുന്നൊരു രൂപം ഞാൻ മനസ്സിൽ രൂപപ്പെടുത്തും. അപ്പോഴാണെനിക്കു തോന്നുക, എനിക്കദ്ദേഹത്തെ അറിയില്ലയെന്ന്, ഞാൻ സങ്കൽപ്പിക്കുന്ന പോലെയാവില്ല അദ്ദേഹമെന്ന്, എന്റെ ആത്മാവിന്റെ പിതാവായിരിക്കില്ല ഈ രൂപമെന്ന്...

എന്നിതിനൊക്കെ ഒരവസാനമുണ്ടാവാൻ - ഞാൻ എന്റെ മനോവേദനയും വലിച്ചിഴച്ചു നടക്കുന്ന ഈ തെരുവുകൾ, എന്റെ കീറത്തുണികളിൽ രാത്രി വിരലോടിക്കുന്നതുമറിഞ്ഞ് തണുത്തു കൂനിപ്പിടിച്ചു ഞാനിരിക്കുന്ന ഈ പടവുകൾ? ഇനിയെന്നെങ്കിലുമൊരുനാൾ ദൈവം വന്ന് എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയും, എനിക്കു ചൂടും സ്നേഹവും തരികയും ചെയ്തിരുന്നെങ്കിൽ...ചിലപ്പോഴൊക്കെ ഞാൻ ഇതിനെക്കുറിച്ചോർത്തൂനോക്കാറുണ്ട്; അതിനെക്കുറിച്ചാലോചിക്കാനാവുന്നതിന്റെ സന്തോഷത്താൽ ഞാൻ കരഞ്ഞുപോകാറുമുണ്ട്. പക്ഷേ തെരുവുകളിൽ കാറ്റു വീശുകയാണ്‌, നടപ്പാതകളിൽ ഇലകൾ പൊഴിഞ്ഞുവീഴുന്നുമുണ്ട്. ഞാൻ മുഖമുയർത്തി നക്ഷത്രങ്ങളെ നോക്കുകയാണ്‌; അവയിൽ നിന്നു യാതൊന്നും എന്റെ മനസ്സിലേക്കു കടക്കുന്നില്ല. ശേഷിക്കുന്നത് ഈ ഞാൻ മാത്രം, ഒരു പ്രണയത്തിനും ദത്തുപുത്രനായി വേണ്ടാത്ത, ഒരു സൗഹൃദവും കളിക്കൂട്ടുകാരനായി അംഗീകരിക്കാത്ത ഒരു പാവം അനാഥബാലൻ.

ഈ അനാഥത്വത്തിൽ ഞാൻ കുളിർന്നുവിറയ്ക്കുന്നു, എനിക്കിതാകെ മടുത്തിരിക്കുന്നു. പോയി എന്റെ അമ്മയെ കണ്ടുവരൂ, കാറ്റേ. രാത്രിയിൽ ഞാനിന്നേവരെ പോയിട്ടില്ലാത്ത വീട്ടിലേക്കെന്നെ കൊണ്ടുപോകൂ. എന്റെ ആയയെ എനിക്കു മടക്കിത്തരൂ, മഹാമൗനമേ, എന്റെ തൊട്ടിലും എന്നെ പാടിയുറക്കിയിരുന്ന താരാട്ടും.



Friday, March 18, 2011

ഇക്ക്യു–സെൻ കവിതകൾ


കിളികൾക്കുമുണ്ടു ചൊല്ലാൻ
നിർവാണത്തിന്റെ സൂത്രങ്ങൾ,
മരങ്ങളിലവ കോരിനിറയ്ക്കുന്നു
അപൂർവരാഗങ്ങൾ;
ബോധിസത്വന്മാരാണു കാട്ടുപൂക്കൾ,
ഒരു കുഞ്ഞുകിളിബുദ്ധനുചുറ്റും
വട്ടം കൂടി നില്ക്കുകയാണവ.

*

പണ്ഡിതമൂഢന്മാർക്കറിവെന്നതില്ല,
ധർമ്മത്തിന്റെ വഴിയിൽ നിന്നു
കണ്ണെടുക്കാതെ നടപ്പാണവർ;
അങ്ങനെയൊരു ബുദ്ധപ്രമാണിയും
പ്രകൃതിയിൽ കാണാനില്ല,
ഒരേയൊരു പാട്ടിലുണ്ട്
പതിനായിരം സൂത്രങ്ങളരിച്ചത്.

*

കണ്ണുമടച്ചു ബ്രഹ്മചര്യമനുഷ്ടിച്ചു നടന്നോളൂ,
ഒരു കഴുത തന്നെ നിങ്ങൾ;
വ്രതം തെറ്റിച്ചുവെന്നാലോ,
മനുഷ്യനായിട്ടേയുള്ളു നിങ്ങൾ.
സെന്നിന്റെ പ്രത്യക്ഷങ്ങൾ
ഗംഗയിലെ മണൽത്തരികൾ പോലസംഖ്യം;
പരിണയം ഫലിച്ചതാണോരോ ശിശുവും.
നിഗൂഢപുഷ്പങ്ങൾ വിടർന്നിട്ടും വാടിയിട്ടും
കല്പങ്ങളെത്ര കഴിഞ്ഞു?

*

പിരിയുമ്പോളെന്റെ ഹൃദയം തകർന്നു;
വാസന്തപുഷ്പങ്ങളെക്കാൾ ചന്തമായിരുന്നല്ലോ
ആ വാസനിക്കുന്ന കവിളുകൾക്ക്.
ഇന്നൊരന്യനോടൊപ്പമാണെന്റെയോമന;
അവൾ പാടുന്നതതേ പ്രണയഗാനം,
വേറെയാണീണമെന്നു മാത്രം.


 

Thursday, March 17, 2011

അന്നാ ആഹ് മാത്തോവാ - ഞാൻ കൊതിച്ച മരണം






പേടി തോന്നുംമട്ടെങ്ങനെ മാറിപ്പോയെന്റെയുടൽ,
യാതനകളേറെക്കുടിച്ച ചുണ്ടുകളെങ്ങനെ മാറിപ്പോയി!
ഞാൻ കൊതിച്ചതിതുമാതിരിയൊരു മരണമല്ല,
ഈയൊരു നാളല്ല വരുമെന്നു ഞാൻ കരുതിയതും.
ആകാശത്തിന്നുന്നതങ്ങളിലെവിടെയോ
ചണ്ഡമേഘങ്ങളൊന്നിനോടൊന്നു വന്നിടിയ്ക്കും,
ഒരിടിമിന്നലിന്റെ പാളലും അമിതാനന്ദത്തിന്റെ ഗാനവും
മാലാഖമാരെപ്പോലിറങ്ങിവരുമെന്നും ഞാൻ കരുതി.
1913



Wednesday, March 16, 2011

ഫെർണാൻഡോ പെസ്സൊവ - എഴുതുക എന്നാൽ …


115

അന്യർക്കു നാമൊരു നിഗൂഢതയാവുന്ന തരത്തിൽ, നമ്മോടെത്രയുമടുത്തവർക്കു നമ്മളത്രയുമജ്ഞാതരാവുന്ന തരത്തിൽ നമ്മുടെ ജീവിതം ചിട്ടപ്പെടുത്തുക. അതിനെക്കുറിച്ചൊരു ചിന്തയില്ലാതെതന്നെയെന്നു പറയാം, ഞാനെന്റെ ജീവിതം രൂപപ്പെടുത്തിയിരിക്കുന്നത് ഈയൊരു വിധത്തിൽ; അത്രയും നൈസർഗ്ഗികമായൊരു ശേഷിയോടെ എനിക്കതു ചെയ്യാനായി എന്നതിനാൽ, എനിക്കു തന്നെ ശരിക്കും തെളിഞ്ഞുകിട്ടാത്തൊരു വ്യക്തിയായിരിക്കുന്നു ഞാൻ.


116

എഴുതുക എന്നാൽ മറക്കുക എന്നുതന്നെ. ജീവിതത്തെ അവഗണിക്കുന്നതിനുള്ള ഏറ്റവും ഹിതകരമായ മാർഗ്ഗമാണ്‌ സാഹിത്യം. സംഗീതം സാന്ത്വനം നല്കുന്നു, ദൃശ്യകലകൾ ആഹ്ളാദം നല്കുന്നു, രംഗകലകളാവട്ടെ( അഭിനയവും നൃത്തവും പോലുള്ളവ), രസിപ്പിക്കുകയും ചെയ്യുന്നു. സാഹിത്യം പക്ഷേ, ജീവിതത്തെ ഒരു മയക്കമാക്കി അതിൽ നിന്നു പിൻവലിയുകയാണ്‌. മറ്റു കലകൾ ഇതുമാതിരിയൊരു പിന്മടക്കം നടത്തുന്നില്ല- ചിലത്, അവ ദൃശ്യവും അതിനാൽ ജീവിതത്തോടു ബന്ധപ്പെട്ടതുമായ സൂത്രവാക്യങ്ങളാണുപയോഗിക്കുന്നതെന്നതിനാൽ; മറ്റുള്ളവ, മനുഷ്യജീവിതത്തിൽ നിന്നുതന്നെ ജിവനെടുക്കുന്നതാണവയെന്നതിനാലും.

സാഹിത്യത്തിന്റെ കാര്യം ഇതല്ല. സാഹിത്യം ജീവിതമായി ഭാവിക്കുകയാണ്‌. നോവലെന്നാൽ നടക്കാത്തൊരു കഥയാണ്‌, നാടകം ആഖ്യാനമില്ലാത്തൊരു നോവലും. കവിത എന്നു പറഞ്ഞാൽ ആരും ഉപയോഗിക്കാത്തൊരു ഭാഷയിൽ ആശയങ്ങളും അനുഭൂതികളും പ്രകാശിപ്പിക്കുക എന്നാണ്‌; ആരും പദ്യത്തിൽ സംസാരിക്കാറില്ലല്ലോ.



Tuesday, March 15, 2011

ആഹ് മാത്തോവാ - വസന്തമെത്തും മുമ്പേ...


വസന്തമെത്തും മുമ്പേ...


വസന്തമെത്തും മുമ്പേ ചില നാളുകളിങ്ങനെ:
പുതമഞ്ഞിൽ പുൽത്തകിടിയുടെ മയക്കം,
ചിരിച്ചും തൊണ്ട വരണ്ടും മരങ്ങളുടെ മർമ്മരം,
തെന്നലൂഷ്മളം, ആർദ്രം, വിലോലം.
എന്തു ലാഘവം തനിക്കെന്നുടലിനത്ഭുതം,
സ്വന്തവീടു കണ്ടിട്ടറിയുന്നുമില്ല നിങ്ങൾ,
പണ്ടേ പാടിമടുത്ത പാട്ടാവട്ടെ,
പുതിയതെന്നപോലെ, ഭാവം കനപ്പിച്ചു
പാടിനടക്കുകയുമാണു നിങ്ങൾ.

1915



എനിക്കറിയില്ല...

എനിക്കറിയില്ല, ജീവനോടിരിക്കുന്നുവോ നീയെന്ന്-
നിന്നെത്തിരയേണ്ടതീ മണ്ണിലോ,
മരിച്ചവർക്കായി ഞങ്ങൾ വിലപിയ്ക്കുന്ന
സായാഹ്നത്തിലെ ധ്യാനവേളയിലോയെന്ന്.

എല്ലാം നിനക്ക്: എന്റെ നിത്യപ്രാർത്ഥനകൾ,
ഉറക്കം വരാത്തൊരുവളുടെ ജ്വരസ്വപ്നങ്ങൾ,
എന്റെ കണ്ണുകളിലെ നീലനാളങ്ങൾ,
എന്റെ കവിതകൾ, ആ വെള്ളപ്പറവകളും.

നിന്നെപ്പോലെന്നോടടുത്തിട്ടില്ലാരും,
എന്നെ നീറ്റിയിട്ടില്ലാരും,
യാതനയിലേക്കെന്നെയെറിഞ്ഞവൻ പോലും,
ഒന്നു തലോടി, പിന്നെ മറന്നവൻ പോലും.

1915


Monday, March 14, 2011

ഫെർണാൻഡോ പെസ്സൊവ - ആശയങ്ങളുടെ തുറസ്സിൽ…


ആശയങ്ങളുടെ തുറസ്സിൽ വിരാഗവും സംസ്കൃതവുമായ ഒരു ജിവിതം ജീവിക്കുക,

വായിച്ചും, സ്വപ്നം കണ്ടും, എഴുതുന്നതിനെക്കുറിച്ചാലോചിച്ചും-

മടുപ്പിന്റെ വക്കിലേക്കെത്തുന്നത്ര മന്ദഗതിയായൊരു ജിവിതം,

എന്നാലൊരിക്കലും അതിൽ ചെന്നുപെടാതിരിക്കാനും മാത്രം ധ്യാനപൂർണ്ണമായൊരു ജീവിതം.

ഇതുമാതിരിയൊരു ജീവിതം ജിവിക്കുക, വികാരങ്ങൾക്കും ചിന്തയ്ക്കുമകലെയായി,

വികാരങ്ങളുടെ ചിന്തയിലും ചിന്തകളുടെ വികാരത്തിലുമായി മാത്രം ജീവിക്കുക.

പൂക്കൾ ചുഴലുന്ന ചേറ്റുകുളം പോലെ  വെയിലിന്റെ പൊൻനിറത്തിൽ തളം കെട്ടുക .

ജീവിതത്തിനു മേൽ ഒരവകാശവുമുന്നയിക്കാത്ത മാനസികൗന്നത്യത്തിന്നുടമയാവുക.

ലോകങ്ങളുടെ ചുഴലിയിൽ പൂമ്പൊടി പോലെ പാറിപ്പോവുക,

സായാഹ്നാന്തരീക്ഷത്തിൽ അജ്ഞാതമായൊരു കാറ്റത്തു തുഴഞ്ഞുപോയി,

അസ്തമയത്തിന്റെ ജാഡ്യത്തിൽ എവിടെയെന്നില്ലാതെ ചെന്നുവീഴുക,

ലിയവയ്ക്കിടയിൽ കാണാതെയാവുക.

ഇങ്ങനെയൊന്നാവുക, അങ്ങനെയാണെന്ന തെളിഞ്ഞ ബോധത്തോടെ,

സന്തുഷ്ടനും വിഷാദിയുമാവാതെ,

സൂര്യനോടതിന്റെ ദീപ്തിയ്ക്കും നക്ഷത്രങ്ങളോടവയുടെ ദൂരത്തിനും കൃതജ്ഞനായി.

ഇല്ലാതെയാവുക, ഒന്നുമില്ലാതിരിക്കുക, ഒന്നുമാശിക്കാതിരിക്കുക...

വിശക്കുന്ന യാചകന്റെ സംഗീതം, കണ്ണുപൊട്ടന്റെ ഗാനം, ആരെന്നറിയാത്ത വഴിപോക്കന്റെ ശേഷിപ്പുകൾ,

മരുഭൂമിയിൽ ചുമടും ലക്ഷ്യവുമില്ലാത്ത ഒരൊട്ടകത്തിന്റെ കാൽപ്പാടുകൾ...


അശാന്തിയുടെ പുസ്തകം -45


റില്‍ക്കെ - നിറങ്ങൾ


File:Eriomin-Alexei-Fall-day-ere02bw.jpg


ചെമന്ന പനിനീർപ്പൂക്കളിത്രയും ചെമന്നു കണ്ടിട്ടില്ലിതേവരെ,
മഴയുടെ മേലാടയെടുത്തണിഞ്ഞ ആ സായാഹ്നത്തിലെന്നപോലെ.
മിനുസം നിന്റെ മുടിയെക്കുറിച്ചോർത്തിരുന്നു ഞാനേറെനേരം...
ചെമന്ന പനിനീർപ്പൂക്കളിത്രയും ചെമന്നു കണ്ടിട്ടില്ലിതേവരെ.

കാട്ടുപൊന്തകളിത്രയും പച്ചയോടിരുണ്ടു കണ്ടിട്ടില്ലിതേവരെ,
മഴ പൊഴിയുന്ന വേളയിലാ സായാഹ്നത്തിലെന്നപോലെ.
നിന്റെ മൃദുലവേഷത്തെക്കുറിച്ചോർത്തിരുന്നു ഞാനേറെനേരം.
കാട്ടുപൊന്തകളിത്രയും പച്ചയോടിരുണ്ടു കണ്ടിട്ടില്ലിതേവരെ.

ഭൂർജ്ജവൃക്ഷങ്ങൾ കൊലുന്നനേയിത്ര വെളുത്തുനിന്നിട്ടില്ലിതേവരെ,
മഴയിരുണ്ടുപെയ്തൊരാ സായാഹ്നത്തിലെന്നപോലെ.
പിന്നെയാണു വടിവൊത്തതായി നിന്റെ കൈകൾ ഞാൻ കാണുന്നതും...
ഭൂർജ്ജവൃക്ഷങ്ങൾ കൊലുന്നനേയിത്ര വെളുത്തുനിന്നിട്ടില്ലിതേവരെ.

ചിറയിലൊരു കറുത്ത ദേശം പ്രതിഫലിച്ചു കണ്ടു ഞാനന്നവിടെ,
അതേ സായാഹ്നനേരത്ത്, മഞ്ഞു പോലെ മഴ മൂടിയ വേളയിൽ;
നിന്റെ കണ്ണുകളിലെന്നെ ഞാൻ തിരിച്ചറിഞ്ഞതുമങ്ങനെ...
ചിറയിലൊരു കറുത്ത ദേശം പ്രതിഫലിച്ചുകണ്ടു ഞാനന്നവിടെ.

1900 സെപ്തംബര്‍ 9


(ഷ്മാർജെൻഡോർഫ് ഡയറിയിൽ നിന്ന്)


link to image


Sunday, March 13, 2011

കാഫ്ക - എഴുത്തുകാരനും ചിത്രകാരനും


1915 ഒക്റ്റോബർ 25

സർ,

രൂപാന്തരത്തിന്റെ പുറംചട്ടയ്ക്കായി ഓട്ടോമർ സ്റ്റാർക്ക് ഒരു ചിത്രം തയാറാക്കാൻ പോവുകയാണെന്ന് താങ്കൾ സൂചിപ്പിക്കുകയുണ്ടായല്ലോ. ആ ചിത്രകാരന്റെ ശൈലിയെക്കുറിച്ച് എനിക്കുള്ള അറിവു വച്ചു നോക്കിയപ്പോൾ അങ്ങനെയൊരു സംഭാവ്യത ചെറുതായൊരു ഭീതി, അതിനി അനാവശ്യമാണെന്നും വരാം, എനിക്കുണ്ടാക്കിയെന്നു പറയട്ടെ. അദ്ദേഹം ഒരു കീടത്തെ അതേപോലെ വരച്ചുവയ്ക്കുമെന്ന് എനിക്കു തോന്നിപ്പോയി. അതു വേണ്ട, ദയവു ചെയ്ത് അതു വേണ്ട! ഞാൻ അദ്ദേഹത്തിനു നിയന്ത്രണങ്ങൾ വയ്ക്കുകയല്ല, ആ കഥയെക്കുറിച്ച് എനിക്കുള്ള ആഴമേറിയ അറിവിൽ നിന്ന് ഇങ്ങനെയൊരു അഭ്യർത്ഥന വയ്ക്കുകയാണെന്നു മാത്രം. കീടത്തെ അതേപോലെ ചിത്രീകരിക്കരുത്. ദൂരെ നിന്നുള്ള കാഴ്ചയായിപ്പോലുമരുത്. ഇനിയഥവാ, അങ്ങനെയൊന്നുമല്ല അദ്ദേഹത്തിന്റെ മനസ്സിലുള്ളതെന്നും, അതിനാൽ എന്റെ അഭ്യർത്ഥന ചെറിയൊരു പുഞ്ചിരിയോടെ തള്ളികളയാവുന്നതേയുള്ളു എന്നും വരാം- എങ്കിൽ അത്രയും നല്ലത്. എങ്കില്ക്കൂടി എന്റെ അപേക്ഷ അദ്ദേഹത്തെ ഒന്നറിയിക്കുകയാണെങ്കിൽ, താങ്കൾ അതൊന്നുകൂടി ഊന്നിപ്പറയുകയാണെങ്കിൽ ഞാൻ എത്രയും നന്ദിയുള്ളവനായിരിക്കും. ചിത്രത്തെക്കുറിച്ച് എന്റെ ചില നിർദ്ദേശങ്ങൾ പറയാനാണെങ്കിൽ, ഈ പറയുന്ന രംഗങ്ങളാവും ഞാൻ തിരഞ്ഞെടുക്കുക: അടച്ചിട്ട വാതിലിനു മുന്നിൽ നില്ക്കുന്ന അച്ഛനമ്മമാരും ഹെഡ്ക്ലർക്കും; അതിലും ഭേദമായിരിക്കും വെളിച്ചമുള്ള മുറിയിൽ അച്ഛനമ്മമാരും പെങ്ങളുമിരിക്കുന്നത്; ഇരുട്ടിലാണ്ട അടുത്ത മുറിയിലേക്കുള്ള വാതിൽ തുറന്നുകിടക്കുകയുമാണ്‌.

തിരുത്തിയ കോപ്പിയും പുസ്തകാഭിപ്രായങ്ങളും കിട്ടിക്കാണുമെന്നു കരുതുന്നു.

വിശ്വാസപൂർവം,
ഫ്രാൻസ് കാഫ്ക.


തന്റെ രൂപാന്തരം എന്ന പുസ്തകത്തിന്റെ പ്രസാധകരായ കുർട് വോൾഫ് വെർലാഗിന്‌ കാഫ്ക അയച്ച കത്ത്. തന്റെ രചനയ്ക്ക് മോശമല്ലാത്തൊരു ഭൗതികരൂപം കിട്ടണമെന്ന എഴുത്തുകാരന്റെ ന്യായമായ ആഗ്രഹം പലപ്പോഴും വിലപ്പോകാറില്ല, ചില വായനക്കാരുടെ മുന്നിൽപ്പോലും. എഴുത്തുകാരൻ അതുമാതിരിയുള്ള കാര്യങ്ങളിൽ താല്പര്യമെടുക്കുന്നത് അയാളുടെ വില കെടുത്തുമെന്ന് അവർ വാദിച്ചുകളയും! എന്തായാലും ഇവിടെ ചിത്രകാരൻ എഴുത്തുകാരനെ അത്രയ്ക്കങ്ങു നിരാശനാക്കിയില്ലെന്നു തോന്നുന്നു; ഇങ്ങനെയൊരു പുറംചട്ടയാണ്‌ സ്റ്റാർക്ക് തയാറാക്കിയത്.

Kafka_Starke_Verwandlung_1915

ഈ കത്തു വായിക്കുമ്പോൾ നാമോർക്കേണ്ടത് ഖസാക്കിന്റെ ഇതിഹാസത്തിന്‌ സാ.പ്ര.സ നല്കിയ കുപ്രസിദ്ധമായ പുറംചട്ടയാണ്‌. വിജയന്‌ അതിഷ്ടപ്പെട്ടില്ലെന്നറിഞ്ഞപ്പോൾ അതദ്ദേഹത്തിന്റെ കുറവായിട്ടാണു നാമെടുത്തതും! മലയാളത്തിൽ ഇതിനൊന്നും ഇനിയും മാറ്റം വന്നിട്ടുമില്ല.



കാഫ്ക - ഒരു ജീവിതം

File:Goya Tauromachia3.jpg


കാളപ്പോരുകാരൻ



നമ്മുടെ ഭാവനയ്ക്കതീതമായ ചില കാരണങ്ങളാൽ ലോകത്തെ ഏറ്റവും മഹാനായ കാളപ്പോരുകാരൻ അങ്കത്തിനായി തിരഞ്ഞെടുക്കുന്നത് മാഡ്രിഡ്ജനത കേട്ടിട്ടുപോലുമില്ലാത്ത വിദൂരമായ ഒരു കൊച്ചുപട്ടണത്തിലെ ജീർണ്ണിച്ച ഏതോ കളിക്കളമാണെന്നു വരാം. നൂറ്റാണ്ടുകളായി അവഗണിയ്ക്കപ്പെട്ടുകിടന്ന ആ കളിക്കളത്തിന്റെ പുല്ലു കേറിവളർന്ന ഒരു ഭാഗത്ത് കുട്ടികൾ ഓടിക്കളിയ്ക്കുന്നു; കല്ലുകൾ പൊള്ളുന്ന മറ്റൊരിടത്ത് പാമ്പുകളും പല്ലികളും വെയിലു കായുകയും ചെയ്യുന്നു. ചുമരുകളുടെ മേലിഷ്ടികകൾ പണ്ടേ കടത്തിക്കൊണ്ടു പോയിരിക്കുന്നു; ചുറ്റുവട്ടത്തെ വീടുകൾക്കെല്ലാമുള്ള ഒരു കന്മട. ഇപ്പോഴാകട്ടെ കഷ്ടിച്ച് അഞ്ഞൂറു പേർക്കിരിക്കാവുന്ന ഒരു കൊച്ചുവട്ടളം മാത്രമാണത്. അതിനോടു ബന്ധപ്പെട്ടു മറ്റു കെട്ടിടങ്ങളൊന്നുമില്ല, അതിനുമുപരി ലായമെന്നതില്ല; അവിടേയ്ക്കു തീവണ്ടി എത്തിയിട്ടില്ലെന്നതാണ്‌ ഏറ്റവും മോശമായ കാര്യം. അടുത്ത സ്റ്റേഷനിലിറങ്ങി മൂന്നു മണിക്കൂർ കുതിരവണ്ടിയിലും, പിന്നെ ഒരേഴു മണിക്കൂർ കാൽനടയായും യാത്ര ചെയ്താലേ അവിടെ എത്തിപ്പെടുകയുള്ളു.



ഒരു ജീവിതം



നാറുന്നൊരു കൊടിച്ചിപ്പട്ടി, എണ്ണമറ്റ നായ്ക്കുട്ടികൾക്കു ജന്മം നല്കിയവൾ, അവിടവിടെ അളിഞ്ഞുതുടങ്ങിയവൾ, എന്നാൽ ബാല്യത്തിൽ എന്റെ എല്ലാമായിരുന്നവൾ, വിടാത്ത കൂറോടെ എന്റെ പിന്നാലെ വന്നിരുന്നവൾ,അടിച്ചോടിക്കാൻ മനസ്സു വരാതെ അടി വച്ചടിവച്ചു പിന്നാക്കം മാറുകയാണു ഞാനെന്നാൽക്കൂടി, മറിച്ചൊരു തീരുമാനം ഞാനെടുക്കുന്നില്ലെങ്കിൽ, ചുമരുകൾക്കിടയിലെ ഒരു മൂലയിലേക്ക്, ഇപ്പോഴേ എനിക്കു കണ്ണിൽ കാണാവുന്ന ഒരു മൂലയിലേക്ക്, അവളെന്നെ തള്ളിക്കയറ്റും; അവിടെ എന്റെ മേൽ, എന്റെയൊപ്പം, അവളാകെ അളിഞ്ഞുതീരും- എനിക്കിതൊരു ബഹുമതിയാണോ?- ചലമൊലിക്കുന്ന, പുഴുത്ത നാവ് എന്റെ കൈവെള്ളയിലും വച്ച്.

(from the Blue Octavo Notebooks)

ചിത്രം - ഗോയ


അന്നാ ആഹ് മാത്തോവാ - നിനക്കറിയുമല്ലോ...


നിനക്കറിയുമല്ലോ,
ആഘോഷമാക്കുകയില്ല ഞാൻ
നമ്മുടെ സമാഗമത്തിന്റെ കയ്ക്കുന്ന നാളുകളെ.
എന്റെയോർമ്മയ്ക്കായിട്ടെന്തു ഞാൻ തന്നിട്ടുപോകാൻ?
എന്റെയാത്മാവോ?
ഒരു പ്രേതത്തെ സ്വന്തമാക്കിയിട്ടെന്തു നീ നേടാൻ?
ചാരം ശേഷിക്കാതെ കത്തിയെരിഞ്ഞ നാടകത്തിന്റെ
സമർപ്പണശ്ലോകമോ?
ചട്ടത്തിൽ നിന്നൂരിയെറിഞ്ഞ പുതുവർഷത്തിന്റെ
ഭീകരചിത്രമോ?
കനലുകൾ കെട്ടടങ്ങുന്നതിന്റെ
കാതിൽപ്പെടാനില്ലാത്ത ശബ്ദമോ?
ഒരന്യപ്രണയത്തിന്റെ കഥ പറയാൻ
നേരമില്ലായിരുന്നവയ്ക്കെന്നതോ?


1946 ജനുവരി 6



Saturday, March 12, 2011

റില്‍ക്കെ - അയൽക്കാർ


തികച്ചും നിരുപദ്രവിയായ ഒരു ജീവി ഈ ലോകത്തുണ്ട്; നിങ്ങളുടെ കണ്ണുകൾക്കു മുന്നിലൂടെ അതു കടന്നുപോകുമ്പോൾ കഷ്ടിച്ചതു നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്നാലായി; അതിനെ പിന്നെ നിങ്ങൾ മറന്നും പോകുന്നു. അതു പക്ഷേ, ഏതോ ഒരു രീതിയിൽ, അദൃശ്യമായും, നിങ്ങളുടെ കാതിൽപ്പെട്ടുവെന്നാലാകട്ടെ, അതവിടെക്കിടന്നു വികസിക്കാൻ തുടങ്ങുന്നു, പെരുകുന്നു; അതു തലച്ചോറിലേക്കു കടന്ന്, നാശകരമായ രിതിയിൽ കിടന്നു തഴയ്ക്കുന്നതിനെക്കുറിച്ചും അറിവുണ്ട്; മൂക്കിലൂടെ നായ്ക്കൾക്കുള്ളിലേക്കു കടക്കുന്ന ന്യൂമോക്കോച്ചിയുടെ സ്വഭാവവും ഇതുതന്നെ.

ഈ ജീവിയാണ്‌ നിങ്ങളുടെ അയൽക്കാരൻ.

ഇന്നതെന്നൊരിടമില്ലാതെ ഞാനിങ്ങനെ ഒഴുകിനടക്കാൻ തുടങ്ങിയതിൽപ്പിന്നെ എണ്ണിയാലൊടുങ്ങത്ത അയൽക്കാർ എനിക്കുണ്ടായിരിക്കുന്നു; താഴെയുള്ള അയൽക്കാർ, മുകളിലുള്ള അയൽക്കാർ, ഇടതുവശത്തെ അയൽക്കാർ, വലതുവശത്തെ അയൽക്കാർ, ചിലപ്പോഴാകട്ടെ, ഒരേനേരം ഈ നാലുതരത്തിൽപ്പെട്ടവരും. എന്റെ അയൽക്കാരുടെ ഒരു ചരിത്രമെഴുതാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല; ഒരായുസ്സതിനെടുക്കുമെന്നേയുള്ളു. ശരിക്കു പറഞ്ഞാൽ അവർ എന്നിൽ ജനിപ്പിച്ച ലക്ഷണങ്ങളുടെ ഒരു ചരിത്രമായിരിക്കുമത്; എന്തെന്നാൽ, ചില ശരീരകലകളിൽ വരുത്തുന്ന വ്യതിയാനങ്ങളിലൂടെ മാത്രം സ്വന്തം സാന്നിദ്ധ്യം വെളിപ്പെടുത്തുക എന്നൊരു സ്വഭാവവിശേഷം സമാനപ്രകൃതികളായ മറ്റു ജീവികളുമായി പങ്കു വയ്ക്കുന്നുണ്ട് അയൽക്കാരെന്ന ഈ ജീവികളും.

പ്രവചനങ്ങൾക്കു വഴങ്ങാത്ത അയൽക്കാരും ഒരു തരത്തിലും ചിട്ട തെറ്റിക്കാത്ത അയൽക്കാരും എനിക്കുണ്ടായിട്ടുണ്ട്. ആദ്യം പറഞ്ഞ തരക്കാരെ ഭരിക്കുന്ന ഒരു നിയമം കണ്ടെത്താൻ മണിക്കൂറുകൾ ഞാൻ പരിശ്രമിച്ചിരിക്കുന്നു; കാരണം ഏതെങ്കിലും തരത്തിലുള്ള ഒരു നിയമത്തിനനുസൃതമായിരിക്കണം അവരുടെ പോലും നടപടികൾ എന്നതിൽ എനിക്കു സംശയമില്ലായിരുന്നു. നിഷ്ഠ തെറ്റിക്കാത്ത എന്റെ അയൽക്കാർ രാത്രിയിൽ പതിവുനേരത്ത് വീട്ടിലെത്താതിരുന്നാലാകട്ടെ, അവർക്കു സംഭവിച്ചിരിക്കാവുന്ന അത്യാഹിതങ്ങളെക്കുറിച്ച് ഞാൻ ഭാവന ചെയ്യാൻ തുടങ്ങും; അവരെയും കാത്ത് ഉറങ്ങാതെ വിളക്കും കത്തിച്ചുവച്ചു ഞാനിരുന്നിട്ടുണ്ട്; ഒരു നവവധുവിനെപ്പോലെ ഉത്കണ്ഠപ്പെട്ടിട്ടുണ്ട്. അന്യോന്യം കൊടുംപക വച്ചുപുലർത്തുന്ന അയൽക്കാർ എനിക്കുണ്ടായിട്ടുണ്ട്; അതുപോലെതന്നെ തീവ്രസ്നേഹത്തിൽപ്പെട്ട അയൽക്കാരും. രാത്രിയുടെ നടുക്ക്, പെട്ടെന്നൊരു മുഹൂർത്തത്തിൽ ഇതിലൊരു വികാരം മറ്റൊന്നാകുന്നതിന്റെ അനുഭവവും എനിക്കുണ്ടായിട്ടുണ്ട്; അന്നു പിന്നെ ഉറങ്ങാമെന്ന പ്രതീക്ഷയും വേണ്ട. ഉറക്കം നാം കരുതും പോലെ ഇടമുറിയാത്ത ഒരു പ്രതിഭാസമല്ല എന്നൊരു പൊതുനിയമവും ഇതിൽ നിന്നു രൂപീകരിക്കാമെന്ന് എനിക്കു തോന്നിപ്പോകുന്നു.


ന്യൂമോക്കോച്ചി- ശ്വാസത്തിലൂടെ നായ്ക്കളിലേക്കു പകരുന്ന ഒരുതരം ബാക്റ്റീരിയ.

from the Notebooks of Malte Laurids Brigge


Friday, March 11, 2011

അന്നാ ആഹ് മാത്തോവാ–നെഞ്ചിനിടതായി…


നെഞ്ചിനിടതായി കരി കൊണ്ടൊരടയാളമവനിട്ടു,
അവൻ നിറയൊഴിക്കുന്നതവിടെ,
ശൂന്യമായ രാത്രിയിലേക്കൊരിക്കൽക്കൂടി
എന്റെ ശോകത്തെ തുറന്നുവിടാൻ.

പതറില്ല നിന്റെ കൈ, പ്രിയനേ!
ഏറെപ്പിടയുകയുമില്ല ഞാൻ.
എന്റെ ശോകപ്പക്ഷി പറന്നുപോകും,
ഒരു ചില്ല മേൽ ചെന്നിരുന്നു പാടും.

വീട്ടിലൊറ്റയ്ക്കിരിക്കുമ്പോൾ
ജനാല തുറന്നും കൊണ്ടവൻ പറയും,
“ഈ ശബ്ദം പരിചിതം, വ്യക്തമാവുന്നുമില്ല പക്ഷേ,”-
പിന്നെയവൻ കണ്ണുകൾ താഴ്ത്തിനില്ക്കും.


1914 ജനുവരി 31


Thursday, March 10, 2011

അന്നാ ആഹ് മാത്തോവാ - എന്നെ മണ്ണിലടക്കുക...


                                        എന്നെ മണ്ണിലടക്കുക, എന്നെയടക്കുക, കാറ്റേ!
                                        എന്റെ ബന്ധുക്കളിനിയുമെത്തിയിട്ടില്ലാരും.
                                        എനിക്കു മേലലഞ്ഞുപോകുന്നു സന്ധ്യ,
                                        മണ്ണിന്റെ പതിഞ്ഞ നിശ്വാസവും.

                                        നിന്നെപ്പോലെ സ്വതന്ത്രയായിരുന്നു ഞാനും, 
                                        ജീവിക്കാനത്രമേൽ ദാഹിച്ചതാണു ഞാൻ പക്ഷേ.
                                        കാണുന്നുവോ നീയെന്റെ തണുത്ത ജഡം, കാറ്റേ?
                                        ആരുമില്ലെന്റെ കൈയൊന്നു മടക്കിവയ്ക്കാനും.

                                        അന്തിമൂടലിൽ നിന്നൊരു ശവക്കോടി മുറിച്ചെടുക്കൂ
                                        ഈ കറുത്ത മുറിവിനെ പുതപ്പിയ്ക്കാൻ;
                                        നീലിച്ച മൂടൽമഞ്ഞിനോടാജ്ഞാപിക്കൂ
                                        എനിക്കു മേൽ സങ്കീർത്തങ്ങൾ ചൊല്ലാൻ.

                                        അന്ത്യസ്വപ്നത്തിലേക്കൊറ്റയ്ക്കു ഞാനിറങ്ങിപ്പോകുമ്പോൾ
                                        എനിക്കു വഴി സുഗമമാകേണമേ, കാറ്റേ;
                                        വായ്ച്ച കോരപ്പുല്ലിനോടാർത്തുവിളിയ്ക്കുവാനും പറയൂ 
                                        വന്നെത്തിയല്ലോ വസന്തം, എന്റെ വസന്തമെന്നും.


1909 ഡിസംബർ


 

അന്നാ ആഹ് മാത്തോവാ - പ്രണയം


നിങ്ങളുടെ ഹൃദയം കവർന്നും കൊണ്ടിന്നൊരു
കുഞ്ഞുപാമ്പിനെപ്പോലതു ചുറയിട്ടു കിടക്കും,
പിന്നെച്ചില നാളുകൾ വെളുത്ത ജനാലപ്പടി മേൽ
മാടപ്രാവിനെപ്പോലതു കുറുകിക്കൊണ്ടിരിക്കും.

കണ്ണഞ്ചുന്ന മഞ്ഞു പോലതു വെളിച്ചം പായിക്കും,
പൂവു പോലതിനിതളുകൾ കൂമ്പിയെന്നുമാവും...
എന്നാലിതിനിടയിലുറപ്പായും നിങ്ങളറിയാതെയും
ആഹ്ളാദത്തിൽ നിന്നകലെ നിങ്ങളെയതു കൊണ്ടുപോയുമിരിക്കും.

കരളുരുകിയൊലിക്കുന്ന വയലിന്റെയർത്ഥനകളിൽ
മധുരമധുരമായിക്കരയുവാനുമതിനറിയാം,
പരിചയമാകാത്തൊരു പുഞ്ചിരിയിലതിന്റെ മിന്നായം കാണുമ്പോൾ
ഉൾക്കിടിലം കൊണ്ടു വിറക്കൊണ്ടുപോകും നാം.


1911 നവംബർ 24



Wednesday, March 9, 2011

അന്നാ ആഹ് മാത്തോവാ - ശവമടക്കം


ഒരു കുഴിമാടത്തിനിടം തേടുകയാണു ഞാൻ.
തെളിവുള്ളൊരിടമറിയുമോ നിങ്ങൾക്ക്?
തുറസ്സുകൾ തണുത്തുകുളിരും.
വിരസം കടൽക്കരെ കൽക്കൂമ്പാരങ്ങളും.

അവൾക്കു പരിചയമായിരുന്നു പക്ഷേ നിശ്ശബ്ദത,
അവൾക്കിഷ്ടമായിരുന്നു സൂര്യവെളിച്ചവും.
അവൾക്കു മേലൊരു കല്ലറ പണിയും ഞാൻ,
ഇനിയുള്ള കാലമതാകട്ടെ നമുക്കു പാർക്കാൻ.

ജനാലകൾക്കിടയിലുണ്ടാകുമൊരു കുഞ്ഞുവാതിൽ,
ഉള്ളിലൊരു വിളക്കു നാം കൊളുത്തിവയ്ക്കും,
ഇരുണ്ട ഹൃദയം പോലതെരിഞ്ഞുനിൽക്കും,
സിന്ദൂരനിറത്തിലൊരു നാളവുമായി.

പനിക്കിടക്കയിൽക്കിടന്നവൾ പുലമ്പിയിരുന്നു,
സ്വർഗ്ഗീയമായൊരിടം വേണമെന്നവൾ കരഞ്ഞിരുന്നു.
പുരോഹിതനന്നവളെ ശാസിച്ചിരുന്നു:
‘അടങ്ങു നീ. പാപികൾക്കല്ല പറുദീസ.’

പിന്നെ, വേദനിച്ചു വിളർക്കുമ്പോളവൾ മന്ത്രിച്ചു:
‘നിങ്ങൾ പോകുമ്പോളൊപ്പം ഞാൻ വരും.’
ഇന്നു നമ്മളേകർ, സ്വതന്ത്രർ,
കാൽക്കൽ പതയുന്ന നീലിമയുമായി.

1911 സെപ്തംബർ 22


Tuesday, March 8, 2011

റൂമി - വരാനുള്ളത്


വരാനുള്ളത്


ഇന്നു നെഞ്ചിൽ മുഴങ്ങുന്ന പെരുമ്പറViola tiny cut out.JPG
നാളെ നാം കേട്ടില്ലെന്നു വരാം.
അത്രയ്ക്കു പേടിയാണു നമുക്ക്
ഇനി വരാനുള്ളതിനെ, മരണത്തെ.
പഞ്ഞിത്തുണ്ടുകളാണീ മമതകൾ,
തീയിലേക്കെറിയുകയവയെ.
അങ്ങനെയൊരാളലാണു മരണം,
നിങ്ങൾ കൊതിച്ചിരുന്നൊരു സാന്നിദ്ധ്യം.
നമ്മെ തടുത്തുവയ്ക്കുകയാണീയുടൽ,
ഈ പ്രപഞ്ചവും.
സ്വന്തം തടവറകളലങ്കരിക്കുന്നവരേ,
അവ തകരില്ലെന്നോ നിങ്ങൾ കരുതി?
തടവറകൾ തകരുമെന്നു
പണ്ടേ പറഞ്ഞിരിക്കുന്നു.
അഗ്നിബാധ, ഭൂകമ്പം...
ഒന്നല്ലെങ്കിൽ മറ്റൊന്നെത്തുമെന്നുറപ്പിച്ചോളൂ.


ഇരുണ്ട മാധുര്യം


നിലം പച്ച തൊടുന്നു.Perach color.jpg
ഒരു ചെണ്ടയടി കേൾക്കാകുന്നു.
ഹൃദയത്തിന്റെ ഭാഷ്യങ്ങൾ
ഏഴു വാല്യങ്ങളിലെത്തുന്നു.
താളിനൊരിരുണ്ട മാധുര്യമേകാൻ
തൂലിക തല കുമ്പിടുന്നു.
അഴിച്ചുവിട്ട പോലെ
ഗ്രഹങ്ങൾ നടക്കുന്നു.
ധ്രുവനക്ഷത്രത്തിനരികിലേക്കു
വെള്ളി ചായുന്നു.
ചിങ്ങത്തിനോടൊട്ടുന്നു
ചന്ദ്രൻ.
വന്നുകഴിഞ്ഞു
സ്വന്തമെന്നതില്ലാത്തൊരാതിഥേയൻ.
കണ്ണിൽ കണ്ണിൽ
നോക്കുന്നു നാം.
അക്ഷരം കൂട്ടിച്ചൊല്ലാൻ പഠിച്ചാലും
ശിശു ശിശു തന്നെ.
മലനിരകൾക്കു മേൽ
ശലോമോൻ പ്രഭാതത്തിന്റെ ചഷകമുയർത്തുന്നു.
വരൂ,
ഈ മണ്ഡപത്തിലിരിക്കൂ,
മതങ്ങളുടെ പ്രലപനങ്ങളിൽ നിന്നു
കാതെടുക്കൂ.
വസന്തമുൾക്കൊള്ളുമ്പോൾ
നിശ്ശബ്ദരാവുക നാം.


 

Monday, March 7, 2011

കാഫ്ക - ഫെലിസിന്


1912 ഡിസംബർ 25-26

നോവൽ ഒരല്പം മുന്നോട്ടു പോയിരിക്കുന്നു; കഥ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതിനാൽ ഞാനതിൽ വിടാതെ പിടിച്ചിരിക്കുകയുമാണ്‌. കഥയുടെ തുടക്കം മുതല്ക്കു തന്നെ ഞാനെന്നെ വേണ്ടതിലധികം ഞെരുക്കിക്കളഞ്ഞു; തുടക്കത്തിൽ നാലു കഥാപാത്രങ്ങൾ സംസാരിക്കണമെന്നും, സകലതിലും ഊർജ്ജസ്വലമായി പങ്കു കൊള്ളണമെന്നുമാണ്‌ ഉദ്ദേശിച്ചിരുന്നത്. പക്ഷേ, രൂപമെടുത്ത്, കഥയുടെ ഗതിയ്ക്കും ഒഴുക്കിനുമൊപ്പം വികസിക്കുന്നത്രയും കഥാപാത്രങ്ങളെ ഭാവന ചെയ്യാനുള്ള കഴിവേ എനിക്കുള്ളു. തുടങ്ങുമ്പോൾപ്പക്ഷേ, രണ്ടു പേരെ വരുതിയിൽ നിർത്താനേ എനിക്കായുള്ളു; അതേസമയം നാലു പേർ മുന്നോട്ടു വരികയും രംഗം കൈയടക്കാൻ ശ്രമിക്കുകയും, ഒപ്പം എഴുത്തുകാരന്‌ രണ്ടു പേരെ കാണാനുള്ള കണ്ണേയുള്ളുവെന്നും വന്നാൽപ്പിന്നെ ഫലം ദുഃഖകരമാവുന്നു, സാമൂഹ്യമായൊരു വൈഷമ്യം തന്നെയാവുന്നു. ഈ രണ്ടു പേർ മുഖംമൂടിയ്ക്കുള്ളിൽ നിന്നു പുറത്തു വരാൻ വിസമ്മതിക്കുകയാണ്‌. പക്ഷേ എന്റെ കണ്ണുകൾ രംഗമാകെ ഓടിനടക്കുന്നതു കൊണ്ട് ഈ രണ്ടു പേരുടെ ചില നിഴലുകൾ അവയ്ക്കു ഗ്രഹിക്കാനായെന്നും വരാം; അപ്പോൾപ്പക്ഷേ, ഉറപ്പുള്ള മറ്റേ രണ്ടു കഥാപാത്രങ്ങൾ തല്ക്കാലത്തേക്കു പരിത്യക്തരാവുകയും, അനിശ്ചിതത്വത്തിലാവുകയും, ഒടുവിൽ എല്ലാം കൂടി തകർന്നു വീഴുകയും ചെയ്യുകയാണ്‌. എന്തു കഷ്ടം!

ഞാനിപ്പോഴെന്തായാലും ശരിക്കു ക്ഷീണിച്ചിരിക്കുകയാണ്‌; സകലതരത്തിലുമുള്ള തടസ്സങ്ങൾ കാരണം പകൽ ഉറക്കമേ നടന്നിട്ടില്ല; ജോലിയുള്ള ദിവസം ഇതിലുമധികം ഞാൻ ഉറങ്ങും. നിന്നോടു പറയാൻ പലതുമുണ്ട്; ഇപ്പോൾ പക്ഷേ ക്ഷീണം ആ വെള്ളക്കുഴലിന്റെ ടാപ്പടച്ചിരിക്കുന്നു. നോവലെഴുതുന്നതിനു പകരം എന്റെ ആഗ്രഹം പോലെ നിനക്കു ഞാൻ കത്തെഴുതിയിരുന്നെങ്കിൽ! കത്തെഴുതിത്തുടങ്ങാൻ എന്തു വ്യഗ്രതയായിരുന്നെനിക്ക്; നീ കൈയിലെടുക്കുമെന്നതിനാൽ എഴുതും മുമ്പ് ചുംബനങ്ങൾ കൊണ്ട് ഈ കടലാസു മൂടാനും. പക്ഷേ ഞാനിപ്പോൾ ക്ഷീണിതനാണ്‌, എന്റെ മനസ്സും മ്ളാനമാണ്‌; നിന്‍റെ ചുംബനങ്ങളെക്കാൾ എനിക്കിന്നാവശ്യം ഓജസ്സുറ്റ നിന്റെ നോട്ടമാണ്‌; ഇന്നത്തെ ഫോട്ടോയിൽ ഞാനതു കാണുന്നുമുണ്ട്. ആ ചിത്രത്തിൽ എനിക്കു ഹിതകരമല്ലാത്ത ഒന്നിനെക്കുറിച്ചു മാത്രം ഞാനിന്നു പറയട്ടെ: നിന്റെ കണ്ണുകൾ എന്റെ കണ്ണുകളെ നേരിടാൻ വിസമ്മതിക്കുന്നു, അവയെന്നെ അവഗണിക്കുകയാണ്‌; ഞാനത് എങ്ങനെയൊക്കെ പിടിച്ചു നോക്കിയാലും മറ്റെവിടെയ്ക്കോ നോട്ടം മാറ്റാൻ നിനക്കു കഴിയുന്നുണ്ട്, ഒരു വികാരക്ഷോഭവുമില്ലാതെ, മനഃപൂർവം നോട്ടം മാറ്റുകയാണെന്നപോലെ. നേരേ മറിച്ച് ഒരു ചുംബനം കൊണ്ട് മുഖമപ്പാടെ എന്നിലേക്കു വലിച്ചടുപ്പിക്കാനുള്ള അവസരവും എനിക്കുണ്ട്; അതു ഞാൻ പ്രയോജനപ്പെടുത്തുകയാണ്‌, ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് വീണ്ടും ഞാനതു ചെയ്യും, ഉണരുമ്പോൾ പിന്നെയും ഞാനതു ചെയ്യും. പറയത്തക്കതാണിതെങ്കിൽ ഞാൻ പറയട്ടെ, എന്റെ ചുണ്ടുകൾ നിനക്കു മാത്രമുള്ളവയാണ്‌, മറ്റാരെയും ഞാൻ ചുംബിക്കാറില്ല, എന്റെ അച്ഛനമ്മമാരെ, സഹോദരിമാരെ ആരെയും; തടുത്താൽ നില്ക്കാത്ത അമ്മായിമാർക്കു കിട്ടുന്നതോ, വിമുഖമായ കവിളത്തെ ഒരിടവും.


അന്നാ ആഹ് മാത്തോവാ - സ്നേഹിച്ചവർക്കൊക്കെ...



സ്നേഹിച്ചവർക്കൊക്കെ ഞാൻ ദുരിതം വരുത്തി,
ഒന്നൊന്നായീലോകമവർ വെടിഞ്ഞുപോയി.
കഷ്ടമേ,
എന്റെ വാക്കുകൾ പ്രവചിച്ച ശവമാടങ്ങളാണിവ!
ചുടുചോര മണക്കുന്ന കാക്കകളെപ്പോലെ
വട്ടമിട്ടു പറക്കുകയായിരുന്നു,
എന്റെയുന്മത്തപ്രണയം പറഞ്ഞുവിട്ട
ആ കിരാതഗാനങ്ങൾ.

നീയെനിക്കു പ്രിയൻ,
നെഞ്ചിൽ ഹൃദയം പോലടുത്തവൻ.
കൈ തരൂ, ഇനിയെന്നെ വിട്ടുപോകൂ.
എവിടെ  നീയെന്നറിയാതെയും പോകട്ടെ ഞാൻ.

കാവ്യദേവതേ, പിൻവിളി വിളിയ്ക്കരുതവനെ,
എന്റെ പാട്ടിൽ പുകഴ്ത്തപ്പെടാതെ പോകട്ടെയവൻ,
എന്റെ പ്രണയത്തെക്കുറിച്ചറിയാതെയും.


1921 ആഗസ്റ്


Sunday, March 6, 2011

അന്നാ ആഹ് മാത്തോവാ - സരളമായൊരു ജീവിതം


സരളമായൊരു ജീവിതം, ലോകവുമുണ്ടെവിടെയോ,
സുതാര്യം, ഊഷ്മളം, ആനന്ദമയം...
സന്ധ്യയ്ക്കു വേലി മേൽ ചാഞ്ഞുനിന്നും കൊണ്ടൊരാൾ
അയല്ക്കാരിയോടു കുശലം ചോദിക്കുന്നുണ്ടവിടെ;
തേനീച്ചകൾക്കു മാത്രം  കാതുകളിൽ കേട്ടുവെന്നുവരാം
അത്രയും സൗമ്യമായൊരാപ്രണയമന്ത്രണം.

നാം ജീവിക്കുന്നതു പക്ഷേ, ചടങ്ങൊപ്പിച്ചും ക്ളേശിച്ചും;
തുടക്കമിട്ടൊരു വാചകത്തെപ്പൊടുന്നനേ
താന്തോന്നിക്കാറ്റു വന്നു പൊട്ടിച്ചിടുമ്പോൾ
കയ്ച്ചുപോയൊരു കൂടിക്കാഴ്ചയ്ക്കുദകക്രിയയും ചെയ്യുന്നു നാം.

എന്തു തന്നാലും പകരം കൊടുക്കില്ല നാം പക്ഷേ,
കീർത്തിയുടെ, അത്യാഹിതത്തിന്റെ ഈ കരിങ്കൽനഗരത്തെ,
മഞ്ഞുപാളി മിന്നിയൊഴുകുന്ന പെരുമ്പുഴകളെ,
വെയിലു വീഴാത്ത മ്ളാനമായ പൂന്തോപ്പുകളെ,
കാതിൽപ്പെടാനില്ലാത്ത കാവ്യദേവതയുടെ ഗാനത്തെ.


1915 ജൂൺ 23


link to Akhmatova