Wednesday, March 2, 2011

നെരൂദ - ഇതിനാൽ വിലക്കപ്പെട്ടിരിക്കുന്നു

Drawing flower.jpg



ഇതിനാൽ വിലക്കപ്പെട്ടിരിക്കുന്നു
കാരണമറിയാതെ കരയുക;
സ്വപ്നങ്ങളൊന്നും ശേഷിപ്പിക്കാതെ
പെട്ടെന്നൊരുനാൾ ഉറക്കമുണരുക;
സ്വന്തമോർമ്മകളെത്തന്നെ
പേടിച്ചുകഴിയുക...
ഇതിനാൽ വിലക്കപ്പെട്ടിരിക്കുന്നു
അപായത്തിന്റെ മുഖത്തു നോക്കി
പുഞ്ചിരിക്കാതിരിക്കുക;
താൻ സ്നേഹിക്കുന്നവർക്കായുള്ള
യുദ്ധത്തിൽ നിന്നു പിൻവാങ്ങുക;
സ്വന്തം ഭീതികളാൽ
ഒക്കെയും വിട്ടുപോവുക;
സ്വന്തം സ്വപ്നങ്ങൾ സത്യമാക്കാൻ
ഒരു ശ്രമവും നടത്താതിരിക്കുകയും.
ഇതിനാൽ വിലക്കപ്പെട്ടിരിക്കുന്നു
അന്യോന്യമടുത്തറിയുന്നതിൽ
കാര്യമില്ലെന്നഭിനയിക്കുക;
അന്യരുടെ ജീവിതങ്ങൾക്ക്
അത്ര വിലയേയുള്ളുവെന്നു വയ്ക്കുക;
നാമോരോരുത്തർക്കും
നമ്മുടേതായൊരു വഴി
സന്തോഷത്തിലേക്കുണ്ടെന്നതവഗണിക്കുക...
ഇതിനാൽ വിലക്കപ്പെട്ടിരിക്കുന്നു
സന്തോഷങ്ങളിൽ നിന്നു
പിന്നാക്കം പോവുക,
ശുഭാപ്തിവിശ്വാസം വേണ്ടെന്നു വയ്ക്കുക,
സ്വയം നന്നാക്കുന്ന പണി
നിർത്തിവയ്ക്കുക;
താനില്ലെങ്കിൽ ഈ ലോകം
ഭേദപ്പെട്ടതായേനേയെന്നു വിശ്വസിക്കുക.

Drawing flower.jpg


No comments: