Showing posts with label മെക്സിക്കോ. Show all posts
Showing posts with label മെക്സിക്കോ. Show all posts

Thursday, August 11, 2011

ഒക്ടേവിയോ പാസ്‌–ആദിയ്ക്കുമാദിയിൽ

File:Brooklyn Museum - Xdx - Manierre Dawson - overall.jpg


ഉദയം


തണുത്ത കൈകളതിവേഗം വകഞ്ഞുമാറ്റുന്നു
ഇരുട്ടിന്റെ വച്ചുകെട്ടുകളൊന്നൊന്നായി
കണ്ണുകൾ ഞാൻ തുറക്കുന്നു
ഞാനിപ്പോഴും പക്ഷേ
ഉണങ്ങാത്തൊരു മുറിവിന്റെയുള്ളിൽ.



പെൺകുട്ടി

പോകാനറയ്ക്കുന്ന സായാഹ്നത്തിനും
വന്നുകേറുന്ന രാത്രിയ്ക്കുമിടയിൽ
ഒരു പെൺകുട്ടിയുടെ നോട്ടം.

അവളുപേക്ഷിച്ചിരിക്കുന്നു തന്റെ നോട്ടുബുക്കും അതിലെഴുതിവന്നതും.
തറഞ്ഞ രണ്ടു കണ്ണുകളാണവൾ.
ചുമരിൽ വെളിച്ചം സ്വയം മായ്ച്ചും കളഞ്ഞിരിക്കുന്നു.

അവൾ കാണുന്നതു തന്റെ തുടക്കമോ, തന്റെയൊടുക്കമോ?
അവൾ പറയും താൻ യാതൊന്നും കാണുന്നില്ലെന്ന്.
സുതാര്യമാണനന്തത.

താൻ കണ്ടതെന്തെന്നവളറിയുകയുമില്ല.



തീർച്ച


യഥാർത്ഥം ഈ വിളക്കിന്റെ വെളുത്ത വെളിച്ചമെങ്കിൽ,
യഥാർത്ഥം എഴുതുന്ന കൈയെങ്കിൽ,
ഇവയും യഥാർത്ഥമോ,
ഞാനെഴുതുന്നതു കാണുന്ന കണ്ണുകൾ?

ഒരു വാക്കിനും ഇനിയൊരു വാക്കിനുമിടയിൽ
ഞാൻ പറയുന്നതു മറഞ്ഞുപോകുന്നു.
എനിക്കറിയാം ഞാൻ ജീവിച്ചിരിക്കുന്നത്
രണ്ടാവരണചിഹ്നങ്ങൾക്കിടയിലെന്ന്.



പ്രാർത്ഥന


ഡോൺ ക്യുക്സോട്ടായിരുന്നിട്ടില്ല ഞാൻ,
ഒരനീതിയ്ക്കും പരിഹാരം കണ്ടിട്ടുമില്ല ഞാൻ
(ചിലനേരം ആട്ടിടയന്മാരെന്നെ കല്ലെറിഞ്ഞിട്ടുണ്ടെങ്കിലും)
എന്നാലെനിക്കാഗ്രഹമുണ്ട്, അദ്ദേഹത്തെപ്പോലെ
കണ്ണുകൾ തുറന്നുവച്ചു മരിയ്ക്കാൻ.
                                                 മരിക്കുകയെന്നാൽ
നമുക്കറിയാത്തൊരിടത്തേക്കു മടങ്ങുകയാണെന്ന്,
ആശ കെട്ടും നാം കാത്തിരിയ്ക്കുന്നൊരിടമാണതെന്നറിഞ്ഞും
                                                 മരിയ്ക്കാൻ.
കാലത്തിന്റെ മൂന്നവസ്ഥകൾക്കും അഞ്ചു ദിശകൾക്കുമൊപ്പമൊന്നായി,
ആത്മാവ്-ഇനി മറ്റെന്തു പേരാണതിനെങ്കിൽ അത്-
തെളിമയായി മരിയ്ക്കാൻ.
എനിക്കു വേണ്ട ബോധോദയം;
എനിക്കെന്റെ കണ്ണുകളൊന്നു തുറന്നാൽ മതി,
ഇറങ്ങുന്ന സൂര്യന്റെ ദൃഷ്ടി കൊണ്ടു
ലോകത്തെയൊന്നു തൊട്ടാൽ മതി;
തലചുറ്റുന്ന നിശ്ചലത മതിയെനിക്ക്,
ഉപരോധത്തിലായ ആത്മാവിന്റെ
ഒരിമവെട്ടലിനത്ര ദീർഘിച്ച കാലത്തിന്റെ ബോധം മതി;
ചുമയ്ക്കും, ഛർദ്ദിയ്ക്കും, മുഖത്തെ ഗോഷ്ഠികൾക്കുമെതിരെ
തെളിഞ്ഞൊരു പകലുണ്ടായാൽ മതി,
പുതുമഴയിൽ കുളിച്ച മണ്ണിന്റെ ഈറൻവെളിച്ചം മതി,
ഏതോ പുഴയുടെ പതിഞ്ഞൊരാത്മഗതമാവട്ടെ
സ്ത്രീയേ, എന്റെ നെറ്റിത്തടത്തിൽ നിന്റെ ശബ്ദം.
ഒരു മിന്നായമായാൽ മതിയെനിക്ക്,
ആ നിമിഷത്തിന്റെ തിരയിൽ
ഒരു പ്രതിഫലനത്തിന്റെ ആകസ്മികത്തിളക്കം;
ഓർമ്മയും മറവിയും,
                          ഒടുക്കം,
ഒരേ ക്ഷണത്തിലൊരു തെളിമയും.



സംസാരിക്കുകയെന്നാൽ

ഒരു കവിതയിൽ ഞാൻ വായിച്ചു:
ദിവ്യമാണു സംസാരിക്കുകയെന്നാൽ.
ദേവന്മാർ പക്ഷേ സംസാരിക്കാറില്ല:
അവർക്കു പണി ലോകങ്ങൾ പടയ്ക്കലുമുടയ്ക്കലും,
സംസാരങ്ങൾ മനുഷ്യർക്കുള്ളത്.
വാക്കുകൾ വേണ്ടാത്ത അപായക്കളികളാണു
ദേവന്മാർ കളിയ്ക്കുന്നത്.

നാവുകളുടെ കെട്ടുകളഴിച്ചും കൊണ്ടു
പരിശുദ്ധാത്മാവിറങ്ങിവരുന്നു,
അതും പക്ഷേ വാക്കുകളല്ല സംസാരിക്കുന്നത്:
അതു സംസാരിക്കുന്നതഗ്നി.
ഒരു ദേവൻ കൊളുത്തുമ്പോൾ
                                            ഭാഷ
ജ്വാലകളുടെ പ്രവചനമാവുന്നു
പുകയുടെ തൂണാവുന്നു
എരിഞ്ഞടങ്ങിയ അക്ഷരങ്ങളുടെ കൂനയാവുന്നു:
അർത്ഥമില്ലാത്ത ചാരം.

മനുഷ്യന്റെ വചനം
മരണത്തിന്റെ പുത്രിയത്രെ.
നാം സംസാരിക്കുന്നുവെങ്കിൽ
അതു മരിക്കേണ്ടവരാണു നാമെന്നതിനാൽ:
വാക്കുകൾ ചിഹ്നങ്ങളല്ല, അവ വർഷങ്ങൾ.
നാം പറയുന്ന വാക്കുകൾ
പറയുന്നതു കാലം:
അവ നമുക്കു പേരിടുന്നു.
നാം കാലത്തിന്റെ പേരുകൾ.
സംസാരിക്കുകയെന്നാൽ മാനുഷികം.



ആദിയ്ക്കുമാദിയിൽ

ശബ്ദങ്ങളുടെ കലപില,
സന്ദിഗ്ധമായ തെളിമ,
മറ്റൊരു ദിവസത്തിനാരംഭം.
പാതിവെളിച്ചത്തിൽ ഒരു മുറി,
രണ്ടുടലുകൾ നീണ്ടുനിവർന്ന്.
എന്റെ തലയ്ക്കുള്ളിൽ എനിക്കെന്നെകാണാതായിരിക്കുന്നു
ആരുമില്ലാത്തൊരു തുറസ്സിൽ.
മണിക്കൂറുകൾ കത്തികൾക്കു മൂർച്ച കൂട്ടുന്നു.
അരികിൽ പക്ഷേ, നിന്റെ നിശ്വാസം;
ആഴ്ന്നുമുങ്ങി, വിദൂരസ്ഥയായി,
ഇളകാതെ നിയൊഴുകുന്നു.
ചിന്തയിൽ നീയെനിക്കപ്രാപ്യ,
കണ്ണുകൾ കൊണ്ടു നിന്നെത്തൊടുന്നു ഞാൻ,
കൈകൾ കൊണ്ടു നിന്നെ കാണുന്നു ഞാൻ.
സ്വപ്നങ്ങൾ നമ്മെ വിഭജിക്കുന്നു,
ചോര നമ്മെ ഒരുമിപ്പിക്കുന്നു:
നെഞ്ചിടിപ്പുകളുടെ പുഴയാണു നാം.
നിന്റെ കണ്ണിമകൾക്കടിയിൽ
സൂര്യന്റെ വിത്തു വിളയുന്നു.
ലോകമിനിയും
യഥാർത്ഥമായിട്ടില്ല;
കാലംസന്ദേഹിക്കുന്നു:
തീർച്ചയുള്ളതു
നിന്റെ തൊലിയുടെ ചൂടിനു മാത്രം.
നിന്റെ നിശ്വാസത്തിൽ ഞാൻ കേൾക്കുന്നു
സത്തയുടെ വേലിയേറ്റങ്ങൾ,
ഉല്പത്തിയുടെ വിസ്മൃതാക്ഷരങ്ങൾ.


link to image


ഒക്ടേവിയോ പാസ്‌ - ജലസൂത്രം


ചലനം


തവിട്ടുനിറത്തിലൊരു പെൺകുതിരയെങ്കിൽ നീ
ചോരയൊഴുകുന്ന വഴി ഞാൻ
പുതുമഞ്ഞെങ്കിൽ നീ
പുലരിയുടെയടുപ്പിൽ തീ പൂട്ടുന്നവൻ ഞാൻ
രാത്രിയുടെ ഗോപുരമെങ്കിൽ നീ
നിന്റെ മനസ്സിലെരിയുന്ന കൂർമ്പനാണി ഞാൻ
പുലർച്ചെ കടലേറ്റമെങ്കിൽ നീ
ആദ്യമുണർന്നു കരയുന്ന കിളി ഞാൻ
ഓറഞ്ചുകൂടയെങ്കിൽ നീ
സൂര്യന്റെ കത്തി ഞാൻ
കല്ലൾത്താരയെങ്കിൽ നീ
അശുദ്ധിയാക്കുന്ന കൈ ഞാൻ
ഉറങ്ങുന്ന കരയെങ്കിൽ നീ
പച്ചക്കരിമ്പു ഞാൻ
കാറ്റിന്റെ കുതിപ്പെങ്കിൽ നീ
മണ്ണിലടങ്ങിയ തീ ഞാൻ
ജലത്തിന്റെ വായയെങ്കിൽ നീ
പായലിന്റെ വായ ഞാൻ
മേഘങ്ങളുടെ കാടെങ്കിൽ നീ
അതു ഭേദിക്കുന്ന മഴു ഞാൻ
അശുദ്ധമാക്കിയ നഗരമെങ്കിൽ നീ
അഭിഷേകത്തിന്റെ മഴ ഞാൻ
മഞ്ഞമലയെങ്കിൽ നീ
കല്പായലിന്റെ ചെമന്ന കൈകൾ ഞാൻ
ഉദയസൂര്യനെങ്കിൽ നീ
ചോരയൊഴുകുന്ന വഴി ഞാൻ



ചരമക്കുറിപ്പ്, ഒരു വൃദ്ധയ്ക്ക്

കുടുംബക്കല്ലറയിൽ അവരവരെയടക്കി
ഒരുകാലമവരുടെ ഭർത്താവായിരുന്ന പൊടി
                             ആഴങ്ങളിൽ വിറ പൂണ്ടു:
ജീവിച്ചിരിക്കുന്നവരുടെ ആഹ്ളാദം
മരിച്ചവർക്കു ശോകമത്രെ.

 



ഷാർജ് ടേപ്പെ

നീണ്ടുനിവർന്നുകിടക്കുന്ന സിംഹത്തെപ്പോലെ,
രോമഹീനമായ തോലിന്റെ
അതേ വെറി പിടിച്ച നിറം:
                             വിശക്കുന്ന കുന്ന്.
അതിന്റെ മൺവാരിയെല്ലുകൾക്കു കുറുകെ
ഇന്നതെന്നറിയാത്ത ക്രമത്തിൽ
നിരത്തിയിട്ട കൽക്കൂനകൾ:
                            വെളുത്ത ഹൂണന്മാരുടെ ശ്മശാനം.
ഇടയ്ക്കൊരിക്കൽ
ഒരു ചിറകടിയുടെ ആകസ്മികനീലിമ:
                             ഒരു കിളി,
അത്രയും മരണത്തിനു നടുവിൽ
ഒരേയൊരു ധാരാളിത്തം.



ആരെന്നൊരാളില്ലാത്ത എവിടെയൊന്നൊരിടം

ഒരാത്മാവുമില്ല
ഈ മരങ്ങൾക്കിടയിൽ
ഞാനെവിടെപ്പോയെ-
ന്നെനിക്കറിയുകയുമില്ല.


ജലസൂത്രം


ഋഷീകേശം കഴിഞ്ഞും
ഗംഗയ്ക്കു പച്ച തന്നെ.
മലമുടികൾക്കിടയിൽ
ചക്രവാളത്തിന്റെ ചില്ലുകളുടയുന്നു.
കണ്ണാടിപ്പരലുകളിൽ ചവിട്ടി നാം നടക്കുന്നു.
മുകളിലും താഴെയും
പ്രശാന്തതയുടെ ഉൾക്കടലുകൾ.
നീലിച്ച സ്ഥലരാശിയിൽ
വെളുത്ത പാറകൾ, കറുത്ത മേഘങ്ങൾ.
നീ പറഞ്ഞു:
                   തടമാകെ പിടഞ്ഞ പേശികൾ.
അന്നു രാത്രി നിന്റെ മാറിൽ ഞാൻ കൈ മുക്കി.


link to image


 

Thursday, July 28, 2011

ഒക്ടേവിയോ പാസ്‌ - ആവാഹനം


പാലം


ഇന്നിനും അന്നിനുമിടയിൽ,
എനിക്കും നിനക്കുമിടയിൽ,
ഒരു വാക്കിന്റെ പാലം.

അതിലേക്കു കടക്കുമ്പോൾ
നീ നിന്നിലേക്കുതന്നെ കടക്കുന്നു:
ലോകമടുക്കുന്നു അടയുന്നു
ഒരു വലയം പോലെ.

ഒരു കരയിൽ നിന്നു മറുകരയിലേ-
ക്കെന്നുമുണ്ടാവും
നിവർത്തിയിട്ടൊരുടൽ:
ഒരു മഴവില്ല്.

അതിന്റെ കമാനങ്ങൾക്കടിയിൽക്കിടന്നു ഞാനുറങ്ങും.


പൂരകങ്ങൾ


എന്റെയുടലിന്റെ മലകളിൽ നീ തിരയുന്നു
കാടു മൂടിപ്പോയൊരു സൂര്യനെ.
നിന്റെയുടലിൽ ഞാൻ തിരയുന്നു
പാതിരാത്രിയിൽ തുഴയറ്റൊഴുകുന്ന തോണിയെ.



ആവാഹനം


ശിവപാർവതിമാരേ:
ഞങ്ങൾ നിങ്ങളെ ആരാധിക്കുന്നു
ദേവതമാരായല്ല
മനുഷ്യലെ  ദേവത്വത്തിന്റെ
പ്രതിരൂപങ്ങളായി.
നിങ്ങൾ മനുഷ്യൻ സൃഷിടിക്കുന്നതൊന്ന്,
എന്നാലവനാകാത്തതൊന്ന്,
കഠിനാദ്ധ്വാനത്തിന്റെ ശിക്ഷയനുഭവിച്ചതിൽപ്പിന്നെ
അവനാകുന്നതൊന്ന്.
ശിവനേ:
നാലു പുഴകൾ നിന്റെ നാലു കൈകൾ,
നാലു ജലനാളികൾ.
അഴകുള്ള പാർവതി നീരാടുന്ന
ജലധാര നീ,
കൊതുമ്പുവള്ളം പോലവളതിൽ ചാഞ്ചാടുന്നു.
സൂര്യനു ചോടെ കടൽ സ്പന്ദിക്കുന്നു:
അതു ശിവന്റെ ചിരിക്കുന്ന ഗംഭീരാധരങ്ങൾ;
കടലിനു തീപ്പിടിയ്ക്കുന്നു:
ജലം തൊട്ട പാർവതിയുടെ കാലടികളവ.
ശിവപാർവതിമാരേ:
എനിക്കു ഭാര്യയായ സ്ത്രീയും
ഞാനും
നിങ്ങളോടൊന്നും ചോദിക്കുന്നില്ല
അതീതലോകത്തിൽ നിന്നൊന്നും വേണ്ട ഞങ്ങൾക്ക്:
കടലിൽ ഈ വെളിച്ചം മതി,
മയങ്ങുന്ന കരയ്ക്കും കടലിനും മേൽ
നഗ്നപാദയായ വെളിച്ചം മതി.

(എലിഫന്റയിലെ ശിവപാര്‍വതിവിഗ്രഹത്തെക്കുറിച്ച്)


ബഷോ ആൻ


File:Basho by Hokusai.jpg
പതിനേഴക്ഷരങ്ങളിൽ
ഒരു പ്രപഞ്ചമൊതുങ്ങുന്നു,
ഈ കുടിലിൽ നീയും.

വൈക്കോൽമേച്ചിലും മരച്ചുമരും:
വിടവുകൾക്കിടയിലൂടവർ കയറിവരുന്നു:
ബുദ്ധന്മാരും പ്രാണികളും.

ശൂന്യതയുടെ സൃഷ്ടിയായി,
പൈന്മരങ്ങൾക്കും പാറകൾക്കുമിടയിൽ
കവിത മുളപൊട്ടുന്നു.

സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും
മെടയൽ:
പ്രപഞ്ചത്തിന്റെ വാസഗൃഹം.

നൂറ്റാണ്ടുകളുടെ എല്ലുകൾ,
മലകൾ: കല്ലായ ദുഃഖം:
അവയ്ക്കിവിടെ ഭാരമില്ല.

മൂന്നു വരി തികയ്ക്കാനില്ല
എനിക്കു പറയാനുള്ളത്:
അക്ഷരങ്ങളുടെ കുടിലേ.

(ബഷോ ആൻ - ഹൈക്കുകവിയായ ബഷോയുടെ കുടിലിന്റെ പേര്)


ഓറഞ്ച്


ഒരു കുഞ്ഞുസൂര്യൻ
നിശ്ശബ്ദം മേശപ്പുറത്ത്,
ഒടുങ്ങാത്ത മദ്ധ്യാഹ്നം.
ഒന്നിന്റെ കുറവുണ്ടതിന്‌:
രാത്രിയുടെ.



ഉദയം


പൂഴിയിൽ ലിപികൾ
കിളികളുടെ:
കാറ്റിന്റെ ഓർമ്മക്കുറിപ്പുകൾ.



ശാന്തത


ചന്ദ്രനൊരു മണൽഘടികാരം:
രാത്രിയുതിർന്നൊഴിയുന്നു,
നേരം തിരി കൊളുത്തുന്നു.



മുഖവും കാറ്റും


നിഷ്ഠുരനായൊരു സൂര്യനടിയിൽ:
ചേടിനിറത്തിൽ സമതലങ്ങൾ,
വൈക്കോൽ നിറമായ കുന്നുകൾ.
ആടുകൾ മേയുന്ന പാറച്ചരിവിലൂടെ പിടിച്ചുകയറി
ഉടഞ്ഞ കല്ലുകളുടെയിടത്തു ഞാനെത്തി:
വെട്ടിയിട്ട സ്തംഭങ്ങൾ, തലയറ്റ ദൈവങ്ങൾ.
വെളിച്ചത്തിന്റെ ഒളിനോട്ടങ്ങൾ:
ഒരു പാമ്പ്, അല്ലെങ്കിലൊരു ചെറുപല്ലി.
പാറകൾക്കിടയിലൊളിഞ്ഞ്,
വിഷത്തിന്റെ മഷിനിറമായി,
വരണ്ട വണ്ടുകളുടെ ചേരികൾ.
വൃത്തത്തിലൊരു നടുമുറ്റം, ആകെ വിണ്ടൊരു ചുമര്‌.
മണ്ണിനെ അള്ളിപ്പിടിച്ച്- അന്ധമായൊരു കുടുക്കായി,
വേരു മാത്രമായൊരു മരമായി- ഒരു പേരാൽ.
വെളിച്ചത്തിന്റെ മഴ. നരച്ചൊരു ഭീമരൂപം: ബുദ്ധൻ,
ഇന്നതെന്നറിയാത്ത മുഖലക്ഷണങ്ങളുമായി.
ആ മുഖത്തിന്റെ കുന്നിൻചരിവുകളിലൂടെ
ഉറുമ്പുകൾ കയറിയിറങ്ങുന്നു.
ഇനിയുമുടയാതെ,
മന്ദഹാസം, ആ മന്ദഹാസം:
പ്രശാന്തമായ തെളിമയുടെ ഉൾക്കടൽ.
ഞാനോ, ഒരു നിമിഷത്തേക്കു നേർത്തുപോയി ഞാൻ,
നിന്ന്, ഒന്നു പമ്പരം തിരിഞ്ഞ്,
പിന്നെ കാണാതാകുന്ന കാറ്റിനെപ്പോലെ.

link to image


ഉൾമരം


എന്റെ തലയ്ക്കുള്ളിൽ ഒരു മരം വളർന്നു.
ഒരു മരം വളർന്നിറങ്ങി.
അതിന്റെ വേരുകൾ സിരകളായിരുന്നു,
അതിന്റെ ചില്ലകൾ നാഡികളായിരുന്നു,
ചിന്തകൾ അതിന്റെ പിണഞ്ഞ ഇലച്ചിലും.
നിന്റെയൊരു നോട്ടം കൊണ്ടതിനു തീപ്പിടിയ്ക്കുന്നു,
അതിന്റെ നിഴൽക്കായകൾ ചോരച്ച ഓറഞ്ചുകൾ,
ആളുന്ന മാതളങ്ങൾ.
ഉടലിന്റെ രാത്രിയിൽ
പകലുദിക്കുന്നു.
അവിടെ, ഉള്ളിൽ, എന്റെ തലയ്ക്കുള്ളിൽ,
മരം സംസാരിക്കുന്നു.
അടുത്തു വരൂ- നിനക്കതു കേൾക്കാമോ?



Monday, July 18, 2011

ഒക്ടേവിയോ പാസ്‌ - കിഴക്കന്‍ ചരിവ്

Humayun's tomb in Delhi, built 1562-1571 CE.


ഹുമയൂണിന്റെ ശവകുടീരം


കടന്നലുകളുടെ സംവാദങ്ങൾക്കും
കുരങ്ങന്മാരുടെ തർക്കവാദങ്ങൾക്കും
സ്ഥിതിവിവരക്കണക്കുകളുടെ ചിലയ്ക്കലുകൾക്കുമെതിരെ
അതെടുത്തു കാട്ടുന്നു
    (റോസാപ്പൂവിന്റെ ഉയർന്നാളുന്ന ജ്വാല
    ശിലകളും കിളികളും വായുവും ചേരുന്ന രചന
    ജലശയ്യയിൽ പള്ളികൊള്ളുന്ന കാലം)
മൗനത്തിന്റെ വാസ്തുശില്പം.



ലോദിഉദ്യാനത്തിൽ

സാന്ദ്രവും ചിന്താകുലവും കറുത്തതുമായ
ശവകുടീരങ്ങളുടെ മകുടങ്ങൾ
പൊടുന്നനേ കിളികളെത്തൊടുത്തുവിടുന്നു
ഒരേ സ്വരമായ നീലിമയിലേക്ക്.



വെളുത്ത വേട്ടക്കാരി

File:Artemis.png

മുസാവരിബംഗ്ളാവിനകലെയല്ലാതെ
ഡയാനയ്ക്കൊപ്പം ഞാനലഞ്ഞുനടന്നു,
മുളകൾക്കും നീളൻപുല്ലുകൾക്കുമിടയിലൂടെ.
അവൾ സായുധയായിരുന്നു, സുസജ്ജയായിരുന്നു:
ഒരു ചുമട്ടുകാരൻ അവളുടെ ഹോളണ്ട് ആൻഡ് ഹോളണ്ട് എടുത്തിരുന്നു,
മറ്റൊരാൾ അവളുടെ വാനിറ്റിബാഗും തൂക്കുസഞ്ചിയും;
അതിലുണ്ട് ആന്റിബയോട്ടിക്കുകളും ഗർഭനിരോധനഉറകളും.



അപരൻ


അയാൾ തനിക്കായൊരു മുഖത്തിനു രൂപം കൊടുത്തു.

                                                 അതിനു പിന്നിൽ
അയാൾ ജീവിച്ചു, മരിച്ചു, ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു
പലതവണ.
                                                 അയാളുടെ മുഖത്തിപ്പോൾ
ആ മുഖത്തിന്റെ ചുളിവുകളുണ്ട്.
അയാളുടെ ചുളിവുകൾക്കു മുഖവുമില്ല.



ജ്ഞാനസ്നാനം കൊണ്ടുണ്ടായത്


ഹസ്സൻ എന്ന ചെറുപ്പക്കാരൻ
ഒരു കൃസ്ത്യാനിപ്പെണ്ണിനെ കെട്ടാനായി
ജ്ഞാനസ്നാനമേറ്റു.
അച്ചനയാൾക്കു പേരിട്ടത്
                              എറിക്ക് എന്ന്.
അയാളേതോ വൈക്കിംഗ് ആണെന്നപോലെ.
                               ഇപ്പോൾ
അയാൾക്കു പേരു രണ്ടുണ്ട്,
ഭാര്യ ഒന്നേയൊന്നും.



അകന്ന അയല്ക്കാരൻ

പോയ രാത്രിയിൽ ഒരാഷ്മരം
എന്നോടെന്തോ
പറയാനാഞ്ഞതായിരുന്നു- പറഞ്ഞതുമില്ല.



മോക്ഷം

മൃദംഗങ്ങൾ പെയ്ത മഴയിൽ
ഒരു പുല്ലാങ്കുഴലിന്റെ കരിന്തണ്ടു വളർന്നു,
വാടി, പിന്നെയും മുള പൊട്ടി.
വസ്തുക്കൾ പേരുകളുടെ ഉറയൂരുന്നു.
                        ഞാനൊഴുകി
എന്റെയുടലിന്റെ വിളുമ്പിലൂടെ
ബന്ധമുക്തമായ പഞ്ചഭൂതങ്ങൾക്കിടയിലൂടെ.



കൊച്ചി

ഞങ്ങൾ കടന്നുപോകുന്നതു കാണാനായി
ഏന്തിവലിഞ്ഞു നോക്കുന്നു
തെങ്ങിൻതോപ്പിനിടയിൽ
വെളുത്തു കുറിയ
പോർച്ചുഗീസ് പള്ളി.

2

ഇലവർങ്ങനിറത്തിൽ വഞ്ചിപ്പായകൾ.
കാറ്റു ബലക്കുന്നു.
ശ്വാസമെടുക്കുമ്പോൾ വിജൃംഭിക്കുന്ന മുലകൾ.

3

തൂവെള്ള സാൽവകളുമായി,
സ്വർണ്ണക്കമ്മലും
മുടിയിൽ മുല്ലപ്പൂവുമായി,
ആറുമണിക്കുർബാനയ്ക്കവർ പോകുന്നു
മെക്സിക്കോസിറ്റിയിലല്ല, കാദീശിലല്ല:
തിരുവിതാംകൂറിൽ.

4

നെസ്തോറിയൻ പാത്രിയർക്കീസിനു മുന്നിൽ
ഉഗ്രവേഗത്തിൽ മിടിയ്ക്കുന്നു
എന്റെ നാസ്തികഹൃദയം.


5

കൃസ്ത്യൻ സിമിത്തേരിയിൽ മേഞ്ഞുനടക്കുന്നു
സിദ്ധാന്തികളായ
                      ശൈവരുമായേക്കാവുന്ന
കന്നുകാലികൾ.

6

അതേ കണ്ണുകൾ അതേ അപരാഹ്നത്തെ കാണുന്നു;
ആയിരം കൈകളുള്ള ബൊഗൈൻവില്ല,
മന്തിന്റെ വയലറ്റുകാലുകൾ,
ചുവന്ന കടലിനും മഞ്ഞളിച്ച തെങ്ങുകൾക്കുമിടയിൽ.


ഡയാന – നായാടിനടക്കുന്ന ഗ്രീക്കോ-റോമൻ‍ ദേവി.

ഹോളണ്ട് ആൻഡ് ഹോളണ്ട് – തോക്കുനിര്‍മ്മാണത്തിൽ പേരു കേട്ട ഒരു ബ്രാന്‍ഡ്‌.

വൈക്കിംഗ്- ആക്രമണോത്സുകരായ സ്കാന്‍ഡിനേവിയൻഗോത്രം

കാദീശ് – പുരാതനമായ സ്പാനിഷ്‌ നഗരം