Showing posts with label ചെസ്വാ മീവോഷ്. Show all posts
Showing posts with label ചെസ്വാ മീവോഷ്. Show all posts

Friday, October 10, 2014

ചെസ്‌വാ മിവോഷ് - യൌവനം

Czeslaw_Milosz,_1986


നിന്റെ സന്തോഷരഹിതവും കഥയില്ലാത്തതുമായ യൌവനം.
ഗ്രാമത്തിൽ നിന്നു നഗരത്തിലേക്കുള്ള നിന്റെ വരവ്.
ട്രാമുകളുടെ മങ്ങിയ ജനാലച്ചില്ലുകൾ;
ക്ഷമ കെട്ട ജനക്കൂട്ടം.
ചെലവു കൂടുതലുള്ളൊരിടത്തേക്കു കടക്കുമ്പോഴുള്ള നിന്റെ ഭീതി.
സകലതും പക്ഷേ, ചെലവു കൂടിയതായിരുന്നു. വളരെ ഉയർന്നതായിരുന്നു.
അവിടെയുള്ളവർ നിന്റെ പ്രാകൃതരീതികൾ ശ്രദ്ധിച്ചിരിക്കണം,
കാലത്തിനു ചേരാത്ത വേഷവും വൈഷമ്യവും ശ്രദ്ധിച്ചിരിക്കണം.

ആരുമുണ്ടായിരുന്നില്ല, നിനക്കൊരു താങ്ങായി പറയാൻ,

നീയൊരു സുന്ദരനാണ്‌,
നീ ശക്തനും ആരോഗ്യവാനുമാണ്‌,
നിന്റെ ദൌർഭാഗ്യങ്ങൾ വെറും സാങ്കല്പികമാണ്‌.

ഒട്ടകരോമം കൊണ്ടുള്ള ഓവർകോട്ടിട്ട ഗായകനോടു നിനക്കസൂയ തോന്നുമായിരുന്നില്ല,
അയാളുടെ പേടിയും ഏതു തരം മരണമാണ്‌ അയാളെ കാത്തിരിക്കുന്നതെന്നും
നിനക്കൂഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.

അവൾ, മുടി ചെമ്പിച്ചവൾ, ആരെച്ചൊല്ലി നീ തിന്നുവോ, അവൾ,
അത്ര സുന്ദരിയായി നിനക്കു തോന്നിയവൾ,
അവൾ തീ പിടിച്ചൊരു കളിപ്പാവയായിരുന്നു.
ഒരു കോമാളിയുടെ ചുണ്ടുകൾ കൊണ്ടവൾ നിലവിളിച്ചത്
നിനക്കു മനസ്സിലായതുമില്ല.

തൊപ്പികളുടെ ആകൃതികൾ, വേഷവൈചിത്ര്യങ്ങൾ, കണ്ണാടികളിലെ മുഖങ്ങൾ,
അതൊക്കെ അവ്യക്തമായി നിനക്കോർമ്മയുണ്ടാവും,
ഏതോ പ്രാക്തനകാലത്തിലേതെന്നപോലെ,
അഥവാ, ഒരു സ്വപ്നത്തിൽ നിന്നു ശേഷിച്ച പോലെ.

വിറച്ചും കൊണ്ടു നീ സമീപിച്ച മന്ദിരം,
നിന്റെ കണ്ണു മഞ്ഞളിപ്പിച്ച ഫ്ളാറ്റുമുറി-
നോക്കൂ, ആയിടത്തിപ്പോൾ ബുൾഡോസറുകൾ കല്ലും കുമ്മായവും കോരിമാറ്റുന്നു.

തന്റെ ഊഴമെത്തുമ്പോൾ നീയും സ്വന്തമാക്കും, സമ്പാദിക്കും, കൂട്ടിവയ്ക്കും,
നിനക്കു തല ഉയർത്തി നടക്കാമെന്നുമാകും,
അപ്പോഴേക്കും പക്ഷേ, അതുകൊണ്ടു കാര്യമില്ലെന്നും വരും.

നിന്റെ അഭിലാഷങ്ങളെല്ലാം സഫലമാകും,
നീയപ്പോൾ കാലത്തെ വായ പൊളിച്ചു നോക്കിനില്ക്കും:
പുകയും മഞ്ഞും കൊണ്ടു നെയ്തെടുത്ത കാലം,
ഒരു നാളു കൊണ്ടൊടുങ്ങുന്ന ആയുസ്സുകളുടെ ചിത്രകംബളം,
മാറ്റമില്ലാത്ത കടലിനെപ്പോലതുയരുന്നു, താഴുന്നു.

വായിച്ചുകൂട്ടിയ പുസ്തകങ്ങൾ നിനക്കുപയോഗമില്ലാത്തതാവും.
നീയൊരുത്തരം തേടിനടന്നു, ഒരുത്തരമില്ലാതെ പക്ഷേ, നീ ജീവിച്ചു.

തെക്കൻ നഗരങ്ങളിലെ തെരുവുകളിലൂടെ നീ നടക്കും,
(നിന്റെ തുടക്കങ്ങളിലേക്കവ മടങ്ങിവന്നിരിക്കുന്നു)
രാത്രിയിൽ പുതുമഞ്ഞു വീണ പൂന്തോട്ടത്തിന്റെ വെണ്മ കണ്ടു നീ വീണ്ടുമാഹ്ളാദിക്കും.



 

Saturday, June 16, 2012

ചെസ്വാ മിവോഷ് - അച്ഛൻ വായനമുറിയിൽ

LucasCranachtheElderCuspinian


വീതിയേറിയ നെറ്റിത്തടം; കൂടിപ്പിണഞ്ഞ മുടിയ്ക്കു മേൽ
ജനാലയിലൂടൊരു വെയിൽക്കതിർ വന്നു വീഴുന്നു.
തന്റെ മുന്നിൽ കൂറ്റനൊരു ഗ്രന്ഥം തുറന്നു വയ്ക്കുമ്പോൾ
അച്ഛനങ്ങനെയൊരു പൊൻതൂവൽക്കിരീടമണിയുന്നു.

ഒരൈന്ദ്രജാലികന്റേതു പോലെ കളമിട്ടതാണദ്ദേഹത്തിന്റെ നീളൻകുപ്പായം.
മൃദുവായി, മൃദുവായി മന്ത്രങ്ങളദ്ദേഹമുരുവിടുന്നു.
ദൈവമിന്ദ്രജാലം പഠിപ്പിച്ചവനേ അറിയൂ,
ആ ഗ്രന്ഥത്തിൽ മറഞ്ഞുകിടക്കുന്ന അത്ഭുതങ്ങളെന്തൊക്കെയെന്നും.

.


link to image


Thursday, June 14, 2012

ചെസ്വാ മിവോഷ് - ചിത്രങ്ങൾ

File:The "Triumph of Achilles" fresco, in Corfu Achilleion.jpg


തുറന്ന പുസ്തകം. ചിറകു പതറുന്ന നിശാശലഭം;
പൊടി പാറ്റിപ്പായുന്ന തേരിനു മേലതു പാറിനിൽക്കുന്നു.
തൊടുമ്പോൾ പൊൻപൊടി വിതറിക്കൊണ്ടതു പതിക്കുന്നു,
ഒരു നഗരത്തെയുപരോധിക്കുന്ന യവനസേനയ്ക്കു മേൽ.

കുതിച്ചുപായുന്ന തേരിനു പിന്നിൽ ഒരു വീരനെയവർ വലിച്ചിഴയ്ക്കുന്നു.
കരിങ്കല്പലകകളിൽ അവന്റെ തല ചെന്നിടിയ്ക്കുന്നു.
ഒരു കൈയുടെ പ്രഹരത്താൽ താളിലമർന്ന ശലഭം
ആ വീരന്റെയുടലിനു മേൽ ചിറകിളക്കിക്കൊണ്ടു ചാവുന്നു.

ഇവിടെ മേഘങ്ങളുരുണ്ടുകൂടുന്നു, ഇടി മുഴങ്ങുന്നു,
പാറക്കെട്ടുകൾക്കിടയിലൂടെ കപ്പലുകൾ പുറംകടലിലേക്കു നീങ്ങുന്നു.
കരയിൽ മൂരികൾ നുകം വച്ച പിടലി താഴ്ത്തുന്നു,
നഗ്നനായ ഒരു മനുഷ്യൻ നിലമുഴുന്നു.


link to image


Tuesday, June 12, 2012

ചെസ്വാ മിവോഷ് - ഒരു സ്ഖലിതം

File:Wenceslas Hollar - Peasants' dance, after Teniers.jpg



ഞാൻ കരുതി: ഒടുവിൽ മരിക്കാൻ പഠിക്കുന്നതിനുള്ള
തയാറെടുപ്പുകൾ മാത്രമാണിതൊക്കെയെന്ന്.
ഞാൻ കരുതി: പ്രഭാതങ്ങൾ, അസ്തമയങ്ങൾ,
മേപ്പിൾ മരത്തിനടിയിലെ പുല്പരപ്പിൽ
റാസ്പ്ബെറികൾ തലയിണയാക്കി,
അടിയുടുപ്പുകളില്ലാതെ മയങ്ങുന്ന ലാറ,
ആ നേരം അരുവിയിൽ മേലു കഴുകുന്ന
ആഹ്ളാദവാനായ ഫിലോൺ.
പ്രഭാതങ്ങൾ, വർഷങ്ങൾ.
ഓരോ വീഞ്ഞുഗ്ളാസ്സും, ലാറയും കടലും കരയും
ഒരേയുന്നത്തിലേക്കു നമ്മെ അടുപ്പിക്കുകയാണെന്ന്,
ആ ഉന്നം വച്ചുവേണം നാമതൊക്കെ ഉപയോഗപ്പെടുത്താനെന്ന്.


പക്ഷേ എന്റെ തെരുവിലെ ഒരു തളർവാതക്കാരൻ,
-കസേരയിലിരുത്തിയാണ്‌
തണലത്തു നിന്നു വെയിലത്തേക്കും,
വെയിലത്തു നിന്നു തണലത്തേക്കും അയാളെ മാറ്റുക-
ഒരു പൂച്ചയെ, ഒരിലയെ, ഒരു കാറിന്റെ തകിടിനെ നോക്കി
അയാൾ തന്നെത്താൻ പിറുപിറുക്കുന്നു:
“മനോഹരമായ കാലം, മനോഹരമായ കാലം.”


അതു സത്യം. കാലം കാലമായിരിക്കുന്നിടത്തോളം കാലം
നമുക്കു കിട്ടിയതു മനോഹരമായ കാലം തന്നെ.
1957



ലാറ /ഫിലോൺ - പതിനെട്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ പോളിഷ് കവിയായ എഫ്. കാർപിൻസ്കിയുടെ കവിതയിലെ കാമുകനും കാമുകിയും.


link to image


Wednesday, May 30, 2012

ചെസ് വാ മിവോഷ് - നേർക്കുനേരെ

Alfred_Wierusz-Kowalski_-_Wyścig


പുലർച്ചെ മഞ്ഞുറഞ്ഞ തുറസ്സിലൂടെ
കുതിരവണ്ടിയിൽ പോവുകയായിരുന്നു നാം.
ഇരുട്ടത്തൊരു പക്ഷി പറന്നുപൊങ്ങി.
പെട്ടെന്നൊരു മുയൽ വഴി മുറിച്ചുപാഞ്ഞു.
ഞങ്ങളിലൊരാളതിനെച്ചൂണ്ടി.
അതു വളരെപ്പണ്ടായിരുന്നു.
ഇരുവരിലാരുമിന്നില്ല. ആ മുയലോ,
ആ ചേഷ്ട കാണിച്ചയാളോ.
ഹാ, എന്റെ പ്രിയേ,
എവിടെയാണവർ,
എവിടെയ്ക്കാണവർ പോകുന്നത്,
ഒരു കൈയിളക്കം, ഒരു ചലനത്തിന്റെ രേഖ,
ചരൽക്കല്ലുകളുടെ കിരുക്കം.
ശോകം കൊണ്ടല്ല,
വിസ്മയം കൊണ്ടാണു ഞാൻ ചോദിക്കുന്നത്.

(1936)


link to image


Tuesday, May 29, 2012

ചെസ് വാ മിവോഷ് - വനയാത്ര

Bierstadt_Albert_Sunset_in_the_Rockies


തലപ്പുകൾ കാണാത്തത്ര കിളരത്തിൽ മരങ്ങൾ.
അസ്തമയസൂര്യനരുണനാളങ്ങൾ കൊളുത്തുന്നു,
ഓരോ മരത്തലപ്പിലും, മെഴുതിരിക്കാലിലെന്നപോലെ.
ചുവട്ടിലൂടെ നടന്നുപോകുന്നു, വിരലോളം പോന്ന മനുഷ്യർ.

കണ്ണുകൾ നാമുയർത്തിപ്പിടിയ്ക്കുക, കൈകൾ കോർത്തുപിടിയ്ക്കുക,
ഈ പിണഞ്ഞ പുൽക്കാടിൽ നമുക്കു വഴി പിണയാതിരിക്കട്ടെ.
രാത്രി പൂക്കളെ അടച്ചുവയ്ക്കാൻ തുടങ്ങുകയായി,
ഓരോരോ ചായമായി മാനത്തു നിന്നൊഴുകുകയുമായി.

അവിടെ, അങ്ങു മുകളിലൊരു സദ്യവട്ടം. പൊന്നിന്റെ കുംഭങ്ങൾ,
ചെമ്പിന്റെ കോപ്പകളിൽ ചുവന്ന വീഞ്ഞു പകരുന്നു.
ഒരാകാശരഥമതാ, ഉപഹാരങ്ങളുമായിപ്പോകുന്നു,
അദൃശ്യരായ രാജാക്കന്മാർക്കായി, അഥവാ ധ്രുവതാരകൾക്കായി..


link to image



Monday, May 28, 2012

ചെസ്വാ മീവോഷ് - പുഴകൾ

File:Entry of the cave and river of San Matéo, early 1800s.jpg

പലപല പേരുകളിൽ നിങ്ങളെയല്ലാതാരെയും സ്തുതിച്ചിട്ടില്ല ഞാൻ, പുഴകളേ!
പാലും തേനും പ്രണയവും മരണവും നൃത്തവുമാണു നിങ്ങൾ.
കണ്ണിൽപ്പെടാത്ത ശിലാകോടരങ്ങളിലെയുറവകളിൽ,
പായൽ പറ്റിയ കൽക്കെട്ടുകൾക്കു മേലൊരു ദേവത ചരിച്ചൊഴുക്കുന്ന കുടത്തിൽ,
മണ്ണിനടിയിലരുവികൾ മന്ത്രിക്കുന്ന പുൽമേട്ടിലെ തെളിഞ്ഞ ചാലുകളിൽ
നിങ്ങളുടെയുമെന്റെയും കുതിപ്പുകൾക്കാരംഭമായി,
നമ്മുടെ ആശ്ചര്യങ്ങൾക്കും, ക്ഷണികയാത്രകൾക്കും.
നഗ്നനായി, സൂര്യനു നേർക്കു മുഖം തിരിച്ചും,
പുഴയിൽ തുഴ തൊടാതെ ഞാനൊഴുകി-
ഓക്കുമരക്കാടുകളും പാടങ്ങളും ഒരു പൈന്മരക്കൂട്ടവുമെന്നെക്കടന്നുപോയി.
ഓരോ തിരിവിലുമുണ്ടായിരുന്നു, മണ്ണിന്റെ വാഗ്ദാനങ്ങൾ,
അടുക്കളപ്പുകകൾ, മയക്കത്തിലാണ്ട കാലിപ്പറ്റങ്ങൾ,
പൂഴിമണൽക്കൂനകൾക്കു മേൽ പറന്നുയരുന്ന കുരുവികൾ.
ചുവടു വച്ചു ചുവടു വച്ചു നിങ്ങളിലേക്കു ഞാനിറങ്ങി,
ആ നിശ്ശബ്ദതയിൽ ഒഴുക്കെന്‍റെ മുട്ടിനു ചുറ്റിപ്പിടിച്ചു,
ഒടുവിലൊഴുക്കെന്നെയെടുത്തു, ഞാനൊഴുകി,
നട്ടുച്ചയെരിയുന്ന മാനത്തിന്റെ കൂറ്റൻപ്രതിഫലനത്തിലൂടെ.
നിങ്ങളുടെ കരയിലുണ്ടായിരുന്നു ഞാൻ,
മദ്ധ്യവേനൽരാത്രിയിൽ പൂർണ്ണചന്ദ്രനുരുണ്ടിറങ്ങുമ്പോൾ,
ചുംബനാനുഷ്ഠാനങ്ങളിൽ ചുണ്ടുകൾ തമ്മിലടുക്കുമ്പോൾ-
അന്നെന്നപോലിന്നുമെന്നിൽ ഞാൻ കേൾക്കുന്നു,
തോണിക്കടവിലലയലയ്ക്കുന്നതും,
ഒരാശ്ളേഷത്തിനുമാശ്വാസത്തിനുമായി
അകത്തേക്കെന്നെ വിളിയ്ക്കുന്ന മന്ത്രണവും.
മണ്ണിലാണ്ട നഗരങ്ങളിൽ മണികൾ മുഴങ്ങുമ്പോൾ
ആരുമോർക്കാതെ ഞങ്ങളടിയുന്നു,
തീരാപ്രവാഹത്തിൽ ഞങ്ങളെയുമെടുത്തു നിങ്ങൾ പായുമ്പോൾ
ഞങ്ങളെയെതിരേൽക്കുന്നതു മരിച്ചവരുടെ ദൗത്യസംഘങ്ങൾ.
ആകുന്നതല്ല, ആയിരുന്നതല്ല. നിമിഷത്തിന്റെ നിത്യതയൊന്നേ.

1980


link to image

Tuesday, March 20, 2012

ചെസ് വാ മിവോഷ് - മറക്കുക

512px-Bilinska-Bohdanowiczowa.StarzecZKsiazk

മറക്കുക,
നിങ്ങളന്യർക്കു വരുത്തിയ ദുരിതങ്ങൾ,
മറക്കുക,
അന്യർ നിങ്ങൾക്കു വരുത്തിയ ദുരിതങ്ങൾ.
പുഴകളൊഴുകിയൊഴിപ്പോകുന്നു,
വസന്തങ്ങൾ തിളങ്ങിമായുന്നു.
മറവിയിൽപ്പെട്ടുവരുന്ന മണ്ണു ചവിട്ടി
നിങ്ങൾ നടക്കുന്നു.

ചിലനേരം നിങ്ങളുടെ കാതിൽപ്പെടുന്നുണ്ട്,
വിദൂരമായൊരു പല്ലവി.
എന്താണതിന്റെ പൊരുൾ, നിങ്ങൾ ചോദിക്കുന്നു,
ആരാണപ്പാടുന്നത്?
ഒരു ബാലസൂര്യൻ ചൂടു പിടിച്ചുവരുന്നു,
ഒരു പേരക്കുട്ടിയും അവനൊരു കുട്ടിയും പിറക്കുന്നു.
വീണ്ടും കൈ പിടിച്ചുനടത്തേണ്ടവനാവുന്നു നിങ്ങൾ.

പുഴകളുടെ പേരുകൾ നിങ്ങൾ മറന്നിട്ടില്ല.
എത്ര ദീർഘമാണവയെന്നു നിങ്ങൾക്കു തോന്നുന്നു!
നിങ്ങളുടെ പാടങ്ങൾ തരിശ്ശു കിടക്കുന്നു.
പണ്ടു കണ്ടവയല്ല, നഗരത്തിന്റെ മേടകൾ.
കവാടത്തിനു മുന്നിൽ നിങ്ങൾ നിൽക്കുന്നു,
മൂകനായി.


link to image


Tuesday, January 24, 2012

ചെസ് വാ മിവോഷ് - എന്റെ വിശ്വസ്തയായ മാതൃഭാഷേ...


ചന്ദ്രനുദിക്കുമ്പോൾ


ചന്ദ്രനുദിക്കുമ്പോൾ,
പട്ടുടയാടകളണിഞ്ഞ സ്ത്രീകളുലാത്തുമ്പോൾ,
എന്റെ മനസ്സിൽ തട്ടുകയാണ്‌,
അവരുടെ കണ്ണുകൾ, കണ്ണിമകൾ,
ലോകത്തിന്റെ ആകവിധാനവും.
അത്രയും ശക്തമായൊരു പരസ്പരാകർഷണത്തിൽ നിന്ന്
ആത്യന്തികസത്യം പുറപ്പെട്ടുതന്നെയാവണം
എന്നും എനിക്കു തോന്നുന്നു.

1966



വരൂ പരിശുദ്ധാത്മാവേ

വരൂ, പരിശുദ്ധാത്മാവേ,
പുൽക്കൊടികളെ വളച്ചോ, അല്ലാതെയോ,
ഞങ്ങളുടെ തലയ്ക്കു മേലൊരഗ്നിജ്വാലയായോ, അല്ലാതെയോ,
കൊയ്ത്തുകാലത്തോ, പഴത്തോപ്പുകളുഴുമ്പോഴോ,
സിയേറാ നെവാദയിലെ മുരടിച്ച ദേവതാരങ്ങൾക്കു മേൽ
മഞ്ഞു വീണു മൂടുമ്പോഴോ ആവട്ടെ.
ഞാനൊരു വെറും മനുഷ്യൻ.
അടയാളങ്ങളെനിക്കു വേണം.
അമൂർത്തതകൾ കൊണ്ടു കോണി പടുക്കുമ്പോൾ
പെട്ടെന്നു തളർന്നുപോകും ഞാൻ.
എത്രകാലമായി ഞാനപേക്ഷിക്കുന്നു,
നിനക്കതറിയുകയും ചെയ്യാം,
പള്ളിയിലെ വിഗ്രഹം വിരലൊന്നുയർത്തണമെന്ന്,
ഒരിക്കൽ, ഒരിക്കൽ മാത്രം, എനിക്കായി.
അടയാളങ്ങൾ പക്ഷേ, മാനുഷികമാകണമെന്നും എനിക്കറിയാം.
അതിനാൽ ഒരാളെ വിളിയ്ക്കൂ,
ഭൂമിയിലെവിടെയായാലും
-എന്നെ വേണ്ട, ഞാനൊരു മര്യാദക്കാരനല്ലേ-
അയാളെ നോക്കുമ്പോൾ നിന്നെച്ചൊല്ലി വിസ്മയപ്പെടാൻ
എന്നെ അനുവദിക്കൂ.

1961



എന്റെ വിശ്വസ്തയായ മാതൃഭാഷേ...

എന്റെ വിശ്വസ്തയായ മാതൃഭാഷേ,
നിനക്കു സേവ ചെയ്യുകയായിരുന്നു ഞാൻ.
ഓരോ രാത്രിയും നിനക്കു മുന്നിൽ കൊച്ചളുക്കുകൾ ഞാൻ നിരത്തിവച്ചിരുന്നു,
അവയിൽ ചായങ്ങളുമായി,
നിനക്കു നിന്റെ ബിർച്ചുമരം, നിന്റെ പുൽച്ചാടി, നിന്റെ കുരുവിയും
എന്റെ ഓർമ്മയുടെ സൂക്ഷിപ്പുകളിൽ നിന്നു പകർത്താൻ.

എത്രയാണ്ടുകളങ്ങനെ പോയി.
എന്റെ ജന്മദേശമായിരുന്നു നീ.
രണ്ടാമതൊന്നെനിക്കുണ്ടായിരുന്നില്ല.
നീയൊരു ദൂതിയാവുമെന്നും ഞാൻ കരുതി,
എനിക്കും ചില നല്ല മനുഷ്യർക്കുമിടയിൽ,
വളരെക്കുറച്ചാണവരെങ്കിലും,
ഇരുപത്, പത്ത്,
പിറക്കാനിരിക്കുന്നതേയുള്ളു അവരെങ്കിലും.

ഇപ്പോൾ എന്റെ സന്ദേഹങ്ങൾ ഞാനേറ്റുപറയട്ടെ.
ചിലനേരമെനിക്കു തോന്നിപ്പോവുന്നു,
ജീവിതം ഞാൻ തുലച്ചുകളയുകയായിരുന്നുവെന്ന്.
നിന്ദിതരുടെ ഭാഷയായിരുന്നു നി,
ചിന്താശേഷിയില്ലാത്തവരുടെ,
അന്യജനതകളെക്കാളേറെ തങ്ങളെത്തന്നെ വെറുക്കുന്നവരുടെ,
ഒറ്റുകൊടുക്കുന്നവരുടെ ഭാഷ,
സ്വന്തം നിഷ്കളങ്കത തന്നെ രോഗമായ
വിഹ്വലാത്മാക്കളുടെ ഭാഷ.

നീയില്ലാതെ പക്ഷേ, ആരാണു ഞാൻ?
ഒരു വിദൂരദേശത്തെ പണ്ഡിതൻ,
ഒരു ജീവിതവിജയം,
ആകുലതകളും, അവമാനങ്ങളുമറിയാത്തവൻ.
അതെ, ആരാണു ഞാൻ, നീയില്ലാതെ?
വെറുമൊരു ചിന്തകൻ, മറ്റാരെയും പോലെ.

ഞാൻ മനസ്സിലാക്കുന്നു, എനിക്കിതൊരു പാഠമാണെന്ന്:
വ്യക്തിത്വത്തിന്റെ മഹിമകളൊക്കെ നഷ്ടമാവുന്നു,
ഒരു പ്രബോധനനാടകത്തിൽ
പാപിയ്ക്കു മുന്നിൽ വിധി ചുവന്ന പരവതാനി വിരിക്കുന്നു,
പിൻതിരശ്ശീലയിൽ ഒരു മായാദീപത്തിൽ നിന്നു വിക്ഷേപിക്കുന്നു
മനുഷ്യന്റെയും ദേവന്റെയും യാതനയുടെ ബിംബങ്ങൾ.

വിശ്വസ്തയായ മാതൃഭാഷേ,
ഒടുവിൽ ഞാൻ തന്നെ വേണം നിന്നെ രക്ഷിക്കാനെന്നാവാം.
അതിനാൽ ഇനിയും നിന്റെ മുന്നിൽ ഞാൻ നിരത്തിവയ്ക്കാം,
ചായം നിറച്ച കൊച്ചളുക്കുകൾ,
സാദ്ധ്യമെങ്കിൽ കലർപ്പില്ലാത്തതും, തിളങ്ങുന്നതും.
ഒരല്പം ചിട്ടയും സൗന്ദര്യവുമാണല്ലോ,
ദുരിതകാലത്തു വേണ്ടത്.

1968



Friday, December 16, 2011

ചെസ് വാ മിവോഷ് - പ്രത്യാശ

File:Henri rousseau il doganiere, il casello, 1890 ca..JPG

പ്രത്യാശ നിങ്ങൾക്കുണ്ട്, മണ്ണു വെറും സ്വപ്നമല്ല,
ജീവനുള്ള ഉടലാണെന്നു നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ.
കാഴ്ചയും, സ്പർശവും, കേൾവിയും നുണ പറയുകയല്ലെന്ന്,
അടച്ച പടിയ്ക്കു പുറത്തു നിന്നു കാണുന്നൊരുദ്യാനം പോലെയാണ്‌
ഇവിടെക്കണ്ടതൊക്കെയുമെന്നു നിങ്ങൾക്കു വിശ്വാസമായെങ്കിൽ.

ഉള്ളിൽക്കടക്കാനാവില്ലെങ്കിലും അതുണ്ടെന്നതു തീർച്ച.
ഒന്നുകൂടി വ്യക്തമായും ബുദ്ധിപരമായും നോക്കാൻ നമുക്കായാൽ
ഉദ്യാനത്തിലൊരിടത്തൊരുപക്ഷേ നാം കണ്ടെടുത്തുവെന്നുമാകാം,
നമുക്കപരിചിതമായൊരു പുഷ്പത്തെ, പേരു വീഴാത്തൊരു നക്ഷത്രത്തെ.

ചിലർ പറയുന്നു, കണ്ണുകളെ നാം വിശ്വാസത്തിലെടുക്കരുതെന്ന്,
യാതൊന്നുമില്ല, വെറുമൊരു തോന്നലേയുള്ളുവെന്ന്,
പ്രത്യാശ നശിച്ച കൂട്ടരാണവർ.
അവർ കരുതുന്നു, നാം പുറം തിരിയേണ്ട താമസം,
ലോകം നമുക്കു പിന്നിൽ നിലച്ചുപോകുമെന്ന്,
കള്ളന്മാരുടെ കൈകൾ തട്ടിപ്പറിച്ചാലെന്നപോലെ.


link to image

Wednesday, December 14, 2011

ചെസ് വാ മിവോഷ് - പലായനം

File:John Martin - Sodom and Gomorrah.jpg

എരിയുന്ന നഗരം വിട്ടു നമ്മൾ പലായനം ചെയ്യുമ്പോൾ
പാതയുടെ തുടക്കത്തിൽ നിന്നു തിരിഞ്ഞുനോക്കി ഞാൻ പറഞ്ഞു:
“നമ്മുടെ കാല്പാടുകളെ പുല്ലു മൂടിമറയ്ക്കട്ടെ,
ഉഗ്രന്മാരായ പ്രവാചകന്മാർ അഗ്നിയിൽ നിശബ്ദരാവട്ടെ,
നടന്നതെന്തെന്നു മരിച്ചവർ മരിച്ചവർക്കു പറഞ്ഞുകൊടുക്കട്ടെ.
ഹിംസയുടെ പുതുഗോത്രത്തിനു പിറവി കൊടുക്കുക നമുക്കു വിധിച്ചത്,
അവിടെ മന്ദിച്ച തിന്മയുമാനന്ദവും തീണ്ടാത്തത്. നമുക്കു പോവാം”
- ഒരാഗ്നേയഖഡ്ഗം ഭൂമിയെ ഞങ്ങൾക്കായി വെട്ടിത്തുറക്കുകയും ചെയ്തു.


The Destruction Of Sodom And Gomorrah, a painting by en:John Martin (painter), died 1854


Tuesday, December 13, 2011

ചെസ് വാ മിവോഷ് - കുമ്പസാരം


കുമ്പസാരം


എന്റെ ദൈവമേ, എനിക്കു സ്ട്രോബെറിജാമിഷ്ടമായിരുന്നു,
സ്ത്രീശരീരത്തിന്റെ ഇരുണ്ട മാധുര്യവും.
തണുപ്പിച്ച വോഡ്കയെനിക്കിഷ്ടമായിരുന്നു,
ഒലീവെണ്ണയിൽ മൂപ്പിച്ച മത്തിയും,
ഇലവർങ്ങത്തിന്റെയും കരയാമ്പൂവിന്റെയും മണവും.
എങ്കിലെന്തുമാതിരി പ്രവാചകനായിരുന്നു ഞാൻ?
എന്തിനിങ്ങനെയൊരു മനുഷ്യനിൽ പരിശുദ്ധാത്മാവു വന്നിറങ്ങി?
എത്രപേരുണ്ടായിരുന്നു ആ പേരിനർഹർ, വിശ്വസ്തരും.
എന്നിലാരു വിശ്വാസമർപ്പിക്കാൻ?
അവർ കണ്ടിരിക്കുന്നു, ഞാൻ ഗ്ളാസ്സുകൾ കാലിയാക്കുന്നതും,
ഭക്ഷണത്തിന്മേൽ ചാടിവീഴുന്നതും,
ഹോട്ടൽപരിചാരികയുടെ പിൻകഴുത്തിൽ ആർത്തിയോടെ കണ്ണോടിക്കുന്നതും.
ഒരു ന്യൂനതയുള്ളവൻ, അതേക്കുറിച്ചറിയുന്നവനും.
മഹത്വം കൊതിക്കുന്നവൻ, അതു കണ്ടാലറിയുന്നവൻ,
എന്നാൽ ദീർഘദർശിയെന്നു പറയാനില്ലാത്തവനും.
എന്നെപ്പോലെ ചെറുതുകൾക്കു വച്ചിരിക്കുന്നതെന്തെന്നെനിക്കറിയാം:
ആയുസ്സധികമില്ലാത്ത പ്രത്യാശകളുടെ ഒരു സദ്യവട്ടം,
ആത്മാഭിമാനികളുടെ ഒരു ഘോഷയാത്ര,
കൂനന്മാരുടെ കായികമേള , സാഹിത്യം.

1985


എന്റെ


“എന്റെ അമ്മയച്ഛന്മാർ, എന്റെ ഭർത്താവ്, എന്റെ സഹോദരൻ, എന്റെ സഹോദരി.”
പ്രഭാതഭക്ഷണസമയത്ത് കാപ്പിക്കടയിൽ കാതോർത്തിരിക്കുകയാണു ഞാൻ.
സ്ത്രീകളുടെ ശബ്ദങ്ങൾ മർമ്മരമുയർത്തുന്നു,
അവശ്യം തന്നെയായൊരനുഷ്ഠാനത്തിലവർ നിർവൃതി കൊള്ളുന്നു.
അവരുടെ ചലിയ്ക്കുന്ന ചുണ്ടുകളിലേറുകണ്ണിട്ടുനോക്കവെ,
ഈ ഭൂമിയിലുണ്ടായതിലാനന്ദം കൊള്ളുകയുമാണു ഞാൻ,
ഒരു നിമിഷത്തേക്ക്, അവരോടൊപ്പം, ഈ ഭൂമിയിൽ,
നമ്മുടെ കൊച്ചുകൊച്ചെന്റെകളെ കൊണ്ടാടാൻ.



ഇതുമാത്രം

ഒരു താഴ്വാരം, അതിനുമേൽ ശരൽക്കാലത്തിന്റെ നിറഭേദങ്ങളുമായി ഒരു വനം.
ഒരു സഞ്ചാരി വന്നുചേരുന്നു; ഒരു ഭൂപടമെത്തിച്ചതാണയാളെയവിടെ,
അതല്ലെങ്കിലൊരു സ്മരണ. ഒരിക്കൽ, വളരെപ്പണ്ടൊരിക്കൽ,
വെയിലു വീഴുമ്പോൾ, ആദ്യത്തെ മഞ്ഞു പെയ്യുമ്പോളീവഴി പോകവെ,
അയാളാഹ്ളാദമറിഞ്ഞിരുന്നു, ബലത്തതും, കാരണങ്ങളില്ലാത്തതും,
കാഴ്ചയുടെ ആഹ്ളാദം. സർവ്വതും താളത്തിലായിരുന്നു,
ഇളകുന്ന മരങ്ങളുടെ, ചിറകേറിയ കിളിയുടെ,
പാലത്തിനു മേലൊരു തീവണ്ടിയുടെ; ചലനത്തിന്റെ വിരുന്നായിരുന്നു.
അയാൾ മടങ്ങിവരുന്നു, വർഷങ്ങൾക്കു ശേഷം, ഉപാധികളൊന്നുമില്ലാതെ.
അയാൾക്കൊന്നേ വേണ്ടു, അനർഘമായതൊന്ന്:
കാണുക, ശുദ്ധവും സരളവുമായി, പേരുകളില്ലാതെ,
പ്രതീക്ഷകളും ഭയങ്ങളും പ്രത്യാശകളുമില്ലാതെ,
ഞാനും ഞാനല്ലാത്തതുമില്ലാത്തൊരതിരിൽ നിന്നും.

1985


 

Monday, October 10, 2011

ചെസ് വാ മിവോഷ് - പതനം

File:Graveyard.JPG


പ്രബലമായൊരു രാഷ്ട്രത്തിന്റെ പതനം പോലെയാണൊരാളുടെ മരണം:
ഒരുകാലമതിനുണ്ടായിരുന്നു ശൂരന്മാരായ പടയാളികൾ, കപ്പിത്താന്മാർ, പ്രവാചകന്മാർ,
സമ്പൽസമൃദ്ധമായ തുറമുഖങ്ങൾ, കടലുകളൊക്കെ കപ്പലുകളും.
ഇനിമേലതുപരോധത്തിൽപ്പെട്ട ഒരു നഗരത്തെയും മോചിപ്പിക്കില്ല,
ഒരുടമ്പടിയിലുമതേർപ്പെടില്ല,
അതിന്റെ നഗരങ്ങൾ ശൂന്യമായിരിക്കുന്നുവല്ലോ,
അതിന്റെ ജനത ചിതറിയും പോയി,
ഒരിക്കൽ വിളവെടുത്ത പാടങ്ങളിൽ ഞെരിഞ്ഞിൽ വളർന്നുമുറ്റിയിരിക്കുന്നു,
അതിന്റെ ദൗത്യം മറവിയിൽപ്പെട്ടു, അതിന്റെ ഭാഷയും നഷ്ടമായി:
ചെന്നെത്താൻ പറ്റാത്തൊരു മലമുകളിൽ ഒരു ഗ്രാമത്തിന്റെ ദേശ്യഭാഷ.


link to image


Monday, February 21, 2011

ചെസ്വാ മീവോഷ് - ലോകാവസാനത്തെക്കുറിച്ച് ഒരു ഗാനം

File:Pieter Bruegel the Elder- The Corn Harvest (August).JPG


ലോകമവസാനിക്കുന്ന ദിവസം
ഒരു തേനീച്ച ഒരു പയർച്ചെടിയെ വട്ടം ചുറ്റുന്നു,
ഒരു മുക്കുവൻ മിന്നുന്നൊരു വല കേടു പോക്കുന്നു,
കടൽപ്പന്നികൾ പുളച്ചുമദിക്കുന്നു,
ഓവുചാലിന്‍റെ വക്കത്ത് കുരുവിക്കുഞ്ഞുങ്ങൾ കളിക്കുന്നു
തൊലി പൊന്നു പൂശിയതാണു പാമ്പെന്നത്തെയും പോലെ.

ലോകമവസാനിക്കുന്ന ദിവസം
സ്ത്രീകൾ കുടയും ചൂടി പാടത്തു നടക്കുന്നു,
പുല്‍വരമ്പത്തു കിടക്കുന്ന ഒരു കുടിയന്‌ ഉറക്കം വന്നുമുട്ടുന്നു,
പച്ചക്കറിക്കാർ തെരുവിൽ ഒച്ചയിടുന്നു,
മഞ്ഞപ്പായ കെട്ടിയൊരു വഞ്ചി തുരുത്തിൽ വന്നടുക്കുന്നു,
ഒരു വയലിൻനാദം വായുവിൽ തങ്ങിനിൽക്കുന്നു
രാത്രിയിലേക്കു വഴി കാട്ടുന്നു.

ഇടിയും മിന്നലും പ്രതീക്ഷിച്ചിരുന്നവർ
നിരാശരാവുന്നു.
ശകുനങ്ങളും മാലാഖമാരുടെ കാഹളം വിളികളും പ്രതീക്ഷിച്ചവർക്കാവട്ടെ,
ലോകാവസാനമാണ് നടക്കുന്നതെന്നു  വിശ്വാസവും വരുന്നില്ല.
സൂര്യനും ചന്ദ്രനും തലയ്ക്കു മേലുള്ള കാലത്തോളം,
പനിനീർപ്പൂക്കളിൽ വണ്ടുകൾ വിരുന്നു ചെല്ലുന്ന കാലത്തോളം,
ചുവന്നുതുടുത്ത കുഞ്ഞുങ്ങൾ പിറന്നുവീഴുന്ന കാലത്തോളം
ലോകാവസാനമായെന്നു വിശ്വസിക്കാൻ ആരും തയ്യാറുമല്ല.

തല നരച്ചൊരു കിഴവൻ മാത്രം,
പ്രവാചകനാവാൻ യോഗ്യൻ,
എന്നാൽ മറ്റു പണിത്തിരക്കുകളാൽ അതു വേണ്ടെന്നു വച്ചൊരാൾ,
അയാൾ മാത്രം തക്കാളികൾ കെട്ടിയെടുക്കുമ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നു:
ഇതല്ലാതൊരു ലോകാവസാനവുമില്ല,
ഇതല്ലാതൊരു ലോകാവസാനവുമില്ല.


link to Czeslaw Milosz

painting – The Harvesters- Pieter Brueghel the Elder-1526-1569