Showing posts with label മാൻഡെൽഷ്റ്റം. Show all posts
Showing posts with label മാൻഡെൽഷ്റ്റം. Show all posts

Tuesday, March 17, 2015

പ്രണയലേഖനങ്ങൾ (39)- നാദിയ മാൻഡെൽസ്റ്റാം

nadia mandelstam


ഓസിപ് മാൻഡെൽസ്റ്റാമിന്‌

1938 ഒക്ടോബർ 22

ഓസിയാ, എന്റെ പ്രിയനേ, അകലെയായ വശ്യഹൃദയമേ!

നിനക്കൊരിക്കലും വായിക്കാൻ പറ്റിയില്ലെന്നു വരാവുന്ന ഈ കത്തെഴുതാൻ എനിക്കു വാക്കുകളില്ല, പ്രിയപ്പെട്ടവനേ. ശൂന്യതയിലാണു ഞാൻ ഇതെഴുതുന്നതെന്നു തോന്നിപ്പോകുന്നു. ഇനിയഥവാ, നീ മടങ്ങിവന്നുവെന്നും എന്നെ ഇവിടെ കണ്ടില്ലെന്നും വരാം. എങ്കിൽ എന്നെ ഓർമ്മിക്കാൻ നിനക്കിതു മാത്രമേ ബാക്കിയാവൂ എന്നും വരാം.

ഓസിയാ, കുട്ടികളെപ്പോലെ ഒരുമിച്ചു ജീവിക്കുമ്പോൾ നമുക്കെന്തു സന്തോഷമായിരുന്നു- നമ്മുടെ ശണ്ഠകളും വാക്കുതർക്കങ്ങളും, നാം കളിച്ച കളികൾ, പിന്നെ നമ്മുടെ പ്രേമവും. ഇപ്പോൾ ഞാൻ ആകാശത്തു നോക്കുക പോലും ചെയ്യാറില്ല. ഒരു മേഘം കണ്ടാൽ ഞാനതാരെ വിളിച്ചു കാണിച്ചുകൊടുക്കാൻ?

നാടോടികളെപ്പോലെ തമ്പടിച്ചു കൂടിയിരുന്നിടങ്ങളിലൊക്കെ നമ്മുടെ ദരിദ്രമായ വിരുന്നുകളൊരുക്കാൻ നാം ഉത്സാഹിച്ചിരുന്നതോർക്കുന്നുണ്ടോ? ദിവ്യാത്ഭുതം പോലെ വീണുകിട്ടിയ റൊട്ടിയുടെ സ്വാദും അതു നാം ഒരുമിച്ചിരുന്നു കഴിച്ചതും ഓർമ്മയുണ്ടോ? പിന്നെ വൊറോണേഷിലെ നമ്മുടെ അവസാനത്തെ മഞ്ഞുകാലവും. നമ്മുടെ സന്തുഷ്ടമായ ദാരിദ്ര്യം, നീ എഴുതിയിരുന്ന കവിതയും. ഒരിക്കൽ നാം കുളിക്കാൻ പോയിട്ടു തിരിയെ വരുന്നതു ഞാനോർക്കുന്നു; മുട്ടയോ സോസേജോ വാങ്ങി നാം കൈയിൽ പിടിച്ചിരുന്നു; വൈക്കോൽ കയറ്റിയ ഒരു വണ്ടി നമ്മെക്കടന്നുപോയി. നല്ല തണുപ്പുണ്ടായിരുന്നു; ഇറക്കം കുറഞ്ഞ ജാക്കറ്റുമിട്ട് ഞാൻ കിടുങ്ങിവിറയ്ക്കുകയായിരുന്നു(പക്ഷേ ഇപ്പോൾ നാം അനുഭവിക്കുന്നതുപോലെയൊന്നുമല്ല: നീ തണുത്തുവിറയ്ക്കുകയായിരിക്കും എന്നെനിക്കറിയാം). ആ ദിവസം ഇപ്പോൾ എന്നിലേക്കു തിരിച്ചു വരുന്നു. അത്രയൊക്കെ വൈഷമ്യങ്ങളുണ്ടായിരുന്ന ആ മഞ്ഞുകാലദിനങ്ങളാണ്‌ ജീവിതത്തിൽ നമുക്കനുവദിച്ചു കിട്ടിയ ഏറ്റവും മഹത്തായതും ഏറ്റവും അവസാനത്തേതുമായ സന്തോഷമെന്ന് എനിക്കിപ്പോൾ വ്യക്തമായി മനസ്സിലാകുന്നു, അതിന്റെ വേദന എന്നെ നീറ്റുകയും ചെയ്യുന്നു.

എന്റെ ഓരോ ചിന്തയും നിന്നെക്കുറിച്ചു തന്നെയാണ്‌. എന്റെ ഓരോ കണ്ണീരും ഓരോ പുഞ്ചിരിയും നിനക്കുള്ളതാണ്‌. നാമൊരുമിച്ചു ജീവിച്ച കയ്ക്കുന്ന ജീവിതത്തിന്റെ ഓരോ ദിവസവും ഓരോ മണിക്കൂറും ധന്യത നിറഞ്ഞതാണെനിക്ക്, എന്റെ ഓമനേ, എന്റെ ചങ്ങാതീ, എന്റെ ജീവിതത്തിലെ അന്ധനായ വഴികാട്ടീ!

കണ്ണു വിരിയാത്ത രണ്ടു നായ്ക്കുട്ടികളെപ്പോലെയായിരുന്നു നാം; അന്യോന്യം മൂക്കുരുമ്മി, സുഖം പറ്റി നാം കഴിഞ്ഞു. നിന്റെ പാവം തലയ്ക്കുള്ളിൽ അന്നെന്തു ചൂടായിരുന്നു, നമ്മുടെ ജീവിതത്തിന്റെ നാളുകൾ ഉന്മാദികളെപ്പോലെയാണു നാം തുലച്ചുകളഞ്ഞതും. അതെന്തൊരാനന്ദമായിരുന്നു, അതെന്തൊരാനന്ദമായിരുന്നുവെന്ന് നാമൊരിക്കലും മറന്നതുമില്ല.

ജീവിതം എത്ര കാലവും ദീർഘിക്കട്ടെ. ഒറ്റയ്ക്കു മരിക്കേണ്ടി വന്നാൽ അതു നാമോരുത്തർക്കും എത്ര കഠിനവും ദീർഘവുമായിരിക്കും. ഒരിക്കലും വേർപെടാത്ത നമുക്ക് ഈ വിധി വരാമോ? കുട്ടികളും നായ്ക്കുട്ടികളുമായിരുന്ന നാം ഇതർഹിക്കുന്നുണ്ടോ? നീ ഇതർഹിക്കുന്നുണ്ടോ, എന്റെ മാലാഖേ? എല്ലാം മുമ്പെന്ന പോലെ മുന്നോട്ടു പോകുന്നു. എനിക്കു യാതൊന്നുമറിയില്ല. എന്നാൽ എനിക്കെല്ലാം അറിയുകയും ചെയ്യാം- നിന്റെ ജീവിതത്തിലെ ഓരോ ദിവസവും ഓരോ മണിക്കൂറും ജ്വരവിഭ്രാന്തിയിലെന്നപോലെ എനിക്കു തെളിഞ്ഞുകാണാം.

എന്നും രാത്രിയിൽ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ നീ എനിക്കടുത്തു വരുന്നു; എന്തു സംഭവിച്ചുവെന്നു ഞാൻ എടുത്തെടുത്തു ചോദിച്ചിട്ടും നീ ഒരു മറുപടിയും പറയുന്നില്ല.

ഒടുവിൽ കണ്ട സ്വപ്നത്തിൽ ഞാൻ നിനക്കു വേണ്ടി ഏതോ വൃത്തികെട്ട ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങുകയായിരുന്നു. ചുറ്റും എനിക്കു തീരെ പരിചയമില്ലാത്തവരായിരുന്നു. വാങ്ങിക്കഴിയുമ്പോഴാണ്‌ എനിക്കു ബോദ്ധ്യമായത്, നീ എവിടെയാണെന്നറിയാത്തതിനാൽ എങ്ങനെയാണു നിനക്കതെത്തിക്കുക എന്നെനിക്കറിയില്ല എന്ന്.

ഉണർന്നപ്പോൾ ഞാൻ ഷൂരായോടു പറഞ്ഞു: ‘ഓസിയ മരിച്ചു.’ നീ ഇപ്പോഴും ജീവനോടുണ്ടോയെന്ന് എനിക്കറിയില്ല. എന്നാൽ ആ സ്വപ്നം കണ്ടതിൽ പിന്നെ നിന്റെ കാല്പാടുകൾ എനിക്കു കാണാതെയായി. നീ എവിടെയാണെന്ന് എനിക്കറിയില്ല. ഞാൻ പറയുന്നതു നിനക്കു കേൾക്കാമോ? എനിക്കു നിന്നെ എന്തു സ്നേഹമാണെന്നു നിനക്കറിയാമോ? എനിക്കു നിന്നോടെന്തു സ്നേഹമാണെന്നു പറഞ്ഞറിയിക്കാൻ എനിക്കു കഴിയില്ല. ഇപ്പോഴും എനിക്കതു കഴിയില്ല. ഞാൻ ഈ പറയുന്നതു നിന്നോടാണ്‌, നിന്നോടു മാത്രമാണ്‌. നീ എന്നും എന്നോടൊപ്പമുണ്ട്; ഒട്ടും അടക്കമില്ലാത്ത, എന്നും കോപക്കാരിയായ, നിഷ്കളങ്കമായ കണ്ണീരൊഴുക്കി പരിചയമില്ലാത്ത ഞാൻ - ഞാനിന്നു കരഞ്ഞു കരഞ്ഞു കരഞ്ഞിരിക്കുന്നു.

ഇതു ഞാനാണ്‌: നാദിയ. നീയെവിടെയാണ്‌?

വിട.

നാദിയ


Osip_Mandelstam_Russian_writer

ഓസിപ് എമിലിയേവിച്ച് മാൻഡെൽസ്റ്റാം (1891-1938) സ്റ്റാലിൻ ഭരണകാലത്തെ അടിച്ചമർത്തലിനു വിധേയനായ റഷ്യൻ കവിയും ലേഖകനുമായിരുന്നു. 1934ൽ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ഭാര്യ നദേഷ്ദയോടൊപ്പം വടക്കൻ യുറാലിലേക്കു നാടു കടത്തി. പിന്നീട് ബുഖാറിൻ ഇടപെട്ടതിനെത്തുടർന്ന് വലിയ നഗരങ്ങളൊഴികെ മറ്റെവിടെയെങ്കിലും താമസമാക്കാൻ അനുമതി കിട്ടി. അവർ തിരഞ്ഞെടുത്തത് വെറോണേഷ് ആയിരുന്നു. 1937ൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്ത് വ്ളാദിവൊസ്റ്റോക്കിലേക്കയച്ചു. അവിടെ വച്ച് ഹൃദ്രോഗം ബാധിച്ച് അദ്ദേഹം മരിച്ചു എന്നാണ്‌ ഔദ്യോഗികമായ വിശദീകരണം. നദേഷ്ദയാണ്‌ പിന്നീട് അദ്ദേഹത്തിന്റെ അപ്രകാശിതരചനകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചത്.


 

Tuesday, January 13, 2015

ഓസിപ് മാൻഡെൽഷ്ടാം - കറുത്ത മെഴുകുതിരി

osip_mandelstam_1934


ചാട്ടവാറുകൾക്കടിയിൽ ചുവക്കാനുള്ളവയാണു നിന്റെ മെലിഞ്ഞ ചുമലുകൾ,
ചാട്ടവാറുകൾക്കടിയിൽ ചുവക്കാൻ, കൊടുംമഞ്ഞിൽ പൊള്ളിവീർക്കാനും.

റെയിൽപാളങ്ങൾ എടുത്തുയർത്താനുള്ളവയാണു നിന്റെ കുഞ്ഞുകൈകൾ,
റെയിൽപാളങ്ങൾ എടുത്തുയർത്താനുള്ളവ, ചാക്കുകൾ തുന്നിക്കൂട്ടാനും.

കുപ്പിച്ചില്ലുകൾക്കു മേൽ നടക്കാനുള്ളവയാണു നിന്റെ മൃദുലപാദങ്ങൾ,
കുപ്പിച്ചില്ലുകൾക്കു മേൽ നടക്കാൻ, ചോര പുരണ്ട മണല്പാതകളിലും.

ഞാനോ, നിനക്കായി കൊളുത്തിയ ഒരു കറുത്ത മെഴുകുതിരി പോലെരിയാൻ,
പ്രാർത്ഥിക്കാൻ ധൈര്യമില്ലാത്ത ഒരു കറുത്ത മെഴുകുതിരി പോലെരിയാൻ.

ഫെബ്രുവരി 1934


(സ്റ്റാലിൻ ഭീകരതയുടെ നാളുകളിൽ എഴുതിയത്)

Monday, June 16, 2014

ഓസിപ് മാൻഡെൽഷ്ടാം - ഞാനിനിയും മരിച്ചിട്ടില്ല...

 

Osip_Mandelstam_Russian_writer


ഞാനിനിയും മരിച്ചിട്ടില്ല, ഇനിയും ഞാനൊറ്റയായിട്ടില്ല,
ഒരു പിച്ചക്കാരിയുണ്ടെനിക്കു കൂട്ടായി.
എനിക്കാഹ്ളാദിക്കാൻ വിപുലസമതലങ്ങളുണ്ട്,
വിശപ്പുണ്ട്, മഞ്ഞുകാറ്റും മൂടലുമുണ്ട്.

ഏകനായി, ശാന്തനായി, തൃപ്തനായി ഞാൻ ജീവിക്കുന്നു,
ദാരിദ്ര്യത്തിന്റെ സൌന്ദര്യവുമായി, ഇല്ലായ്മയുടെ സമൃദ്ധിയുമായി.
ധന്യമാണീ പകലുകൾ, ഈ രാത്രികളും;
പാപക്കറ പറ്റാത്തതാണെന്റെ മധുരിക്കുന്ന പ്രവൃത്തിയും.

അസന്തുഷ്ടനാണു പക്ഷേ, സ്വന്തം നിഴലിന്റെ തണുപ്പറിയുന്നവൻ,
നായയുടെ കുര കേട്ടു പേടിക്കുന്നവൻ,
വൈക്കോലു പോലെ കാറ്റടിച്ചുപായിക്കുന്നവൻ,
ജീവച്ഛവം പോലെ നിഴലിനോടെച്ചിലിരക്കുന്നവൻ.


Monday, August 6, 2012

ഒസിപ് മാൻഡെൽഷ്റ്റം - കുട്ടികളുടെ പുസ്തകങ്ങൾ മാത്രം വായിക്കുക...



കുട്ടികളുടെ പുസ്തകങ്ങൾ മാത്രം വായിക്കുക,
കുട്ടികളെപ്പോലെ മാത്രം ചിന്തിക്കുക,
വലിയ കാര്യങ്ങളൊക്കെ വലിച്ചെറിയുക,
കഠിനശോകം വിട്ടെഴുന്നേറ്റു നിൽക്കുക.


ഈ ജീവിതം കൊണ്ടെനിക്കാകെ മടുത്തു,
എനിക്കു വേണ്ടതൊന്നും അതിനു തരാനില്ല,
എന്നാലുമീ പാവം മണ്ണിനെ ഞാൻ സ്നേഹിക്കുന്നു,
ഇതല്ലാതൊന്നു ഞാൻ കണ്ടിട്ടില്ലെന്നതിനാൽ.


അകലെ, അകലെയൊരുദ്യാനത്തിൽ
ഒരു തടിയൂഞ്ഞാലിരുന്നു ഞാനാടിയിരുന്നു;
ജ്വരത്തിന്റെ മൂടൽമഞ്ഞിലൂടിന്നും ഞാനോർക്കുന്നു,
തലയെടുത്തു നിൽക്കുന്ന കറുത്ത ദേവതാരങ്ങള്‍.

1908


To read only children's books,
To cherish only children's thoughts.
All grown-up things to disperse far away,
And to rise from a deep sorrow.
I am mortally tired of life,
I accept nothing of it,
But I love my poor earth,
Because I’ve seen no other.
I swung myself in a far-off garden
On the simple wooden swing,
Remembering tall dark fir trees
In an obscure delirium.
1908


ഒസിപ് മാൻഡെൽഷ്റ്റം - എനിക്കു കിട്ടിയ ഉടലു വച്ചു ഞാനെന്തു ചെയ്യാൻ...


എനിക്കു കിട്ടിയ ഉടലു വച്ചു ഞാനെന്തു ചെയ്യാൻ,
അത്രമേലെന്റേതായതും, അത്രയ്ക്കെന്നോടടുത്തതും?

പറയൂ, ആരോടു ഞാൻ നന്ദി പറയാൻ,
ജീവിക്കാൻ, ശ്വസിക്കാനായതിന്റെ പരിമിതാനന്ദത്തിന്‌?

തോട്ടക്കാരനാണു ഞാൻ, പൂച്ചെടിയും ഞാൻ തന്നെ,
ലോകത്തിന്റെ തടവറയിൽ ഏകാന്തത്തടവിലുമല്ല ഞാൻ.

നിത്യതയുടെ ജനാലച്ചില്ലിൽ പതിഞ്ഞുകാണുന്നില്ലേ,
എന്റെ നിശ്വാസവും, അതിന്റെ ഊഷ്മളതയും.

അതിലൊരു ചിത്രം നിങ്ങൾക്കു വായിച്ചെടുക്കാം,
നാളു ചെല്ലുംതോറും മങ്ങിമങ്ങി വരുന്നതൊന്ന്.

ഈ നിമിഷത്തിന്റെ ചെളി ഒലിച്ചുപോവട്ടെ,
ആ മനോഹരചിത്രമവിടെത്തങ്ങി നിൽക്കട്ടെ.

1909


I am given a body — what should I do with it —
Such as it is and only mine?

For the calm joy of breath and life
Whom, tell me whom, am I to thank?

I am the gardener and the flower:
In the world’s darkness I am not alone.

My breath, my body’s warmth
Already show on time’s eternal glass.

A pattern is impressed upon it
That lately has become obscure.

May the dullness of the moment pass away
And not black out that lovely form.

1909.


Sunday, August 5, 2012

ഓസിപ്പ് മൻഡേൽസ്റ്റാം - നിന്റെ സന്തോഷത്തിനായി...



നിന്റെ സന്തോഷത്തിനായി എന്റെ കൈത്തലത്തിൽ നിന്നെടുത്തോളൂ,
ഒരു തുള്ളി തേനും ഒരു നുള്ളു സൂര്യനും;
അങ്ങനെയല്ലേ പെഴ്സിഫോണിയുടെ തേനീച്ചകൾ നമ്മോടാജ്ഞാപിച്ചതും.

കെട്ടിയിടാത്ത തോണി തള്ളിയിറക്കാനാവില്ല,
കമ്പിളിപ്പാദുകമിട്ട നിഴലിന്റെ പാദപതനം കേൾക്കാനാവില്ല,
ജീവിതത്തിന്റെ നിബിഡവനത്തിൽ ഭീതി കൂടതെ നടക്കാനുമാവില്ല..

ചുംബനങ്ങളേ നമുക്കിനി ശേഷിച്ചിട്ടുള്ളു,
കുഞ്ഞുതേനീച്ചകളെപ്പോലെ നനുത്ത രോമങ്ങൾ നിറഞ്ഞവ,
കൂടു വിട്ടിറങ്ങുന്ന ക്ഷണം ജീവൻ വെടിയുന്നവ.

രാത്രിയുടെ തെളിഞ്ഞ പൊന്തകളിൽ അവ മർമ്മരം വയ്ക്കുന്നു,
തെയ്ഗേയിലെ ആദിമവനങ്ങളിൽ അവ കൂടു കൂട്ടുന്നു,
അവയ്ക്കാഹാരം, കാലം, ഇത്തിക്കണ്ണികൾ, പുതിനയും.

അതിനാൽ നിനക്കാനന്ദിക്കാനെടുത്തോളൂ എന്റെയീ കിരാതോപഹാരം,
വിരസവും അനാഡംബരവുമായൊരു കണ്ഠഹാരം,
തേനിനെ സൂര്യനാക്കവെ ജീവൻ വെടിഞ്ഞ തേനീച്ചകളാൽ കൊരുത്തതും.

1920


പെഴ്സിഫോണി - ഗ്രീക്കുപുരാണത്തിൽ പാതാളലോകത്തിന്റെ ദേവി; തേനീച്ചകൾ ആ ദേവിയുടെ അരുമകളാണ്‌.

തെയ്ഗേ - ഏതൻസിനെ സ്പാർട്ടയിൽ നിന്നു വേർതിരിക്കുന്ന മലനിര.


For your delight, take from my palms
A little sun, a little honey,
As Persephone's bees have ordered us.

You can't cast off an unmoored boat,
Or hear a shadow shod in fur,
Or conquer fear in this primeval life.

All that remains for us are kisses,
Furry, like tiny bees
That die as they quit their hive.

They rustle in night's transparent thickets,
They nest in the primeval Taiget forest,
They feed on time, Spirea, mint.

For your delight, then, take my savage present -
This plain dry necklace
Of dead bees who turned honey to sun.

1920

‌link to image