Showing posts with label യോസെഫ് അത്തില്ല. Show all posts
Showing posts with label യോസെഫ് അത്തില്ല. Show all posts

Monday, March 3, 2014

യോസെഫ് അത്തില്ല - ക്ഷീണിതൻ

Statue_of_the_Tired_Man


മുഖം കനത്ത പണിക്കാർ പാടത്തു നിന്നു കയറിവരുന്നു,
ഒരക്ഷരം മിണ്ടാതവർ വീടുകളിലേക്കു മടങ്ങുന്നു.
അടുത്തടുത്തായി ഞങ്ങൾ കിടക്കുന്നു, പുഴയും ഞാനും,
എന്റെ ഹൃദയത്തിനടിയിൽ ഇളമ്പുല്ലുകളുറങ്ങുന്നു.

പുഴയ്ക്കു മേലൊരഗാധമൌനം പടരുന്നു,
എന്റെ ഹൃദയഭാരങ്ങൾ മഞ്ഞുതുള്ളികളായലിയുന്നു.
ഞാൻ മനുഷ്യനല്ല, ശിശുവല്ല, നാട്ടുകാരനല്ല, സഖാവുമല്ല,
ഈ കിടക്കുന്നതൊരു ക്ഷീണിതൻ, നിങ്ങളെപ്പോലെ.

സായാഹ്നം ശാന്തിയുടെ വിരുന്നു വിളമ്പുമ്പോൾ
അതിൽ ചൂടാറാത്തൊരു റൊട്ടിക്കഷണമാണു ഞാൻ.
പ്രശാന്തമായ ആകാശത്തു നിന്നു നക്ഷത്രങ്ങൾ പുറത്തുവരുന്നു,
പുഴയ്ക്കു മേലിരിക്കാൻ, എനിക്കു മേൽ തിളങ്ങാൻ.


Sunday, March 2, 2014

യോസെഫ് അത്തില്ല - നിന്നെ ഞാൻ സ്നേഹിക്കുന്നു

attila1


നിന്നെ ഞാൻ സ്നേഹിക്കുന്നു
കുഞ്ഞു തന്റെ അമ്മയുടെ മാറിടത്തെയെന്നപോലെ
മൂകഗുഹകൾ സ്വന്തമാഴങ്ങളെയെന്നപോലെ
തെളിച്ചുകാട്ടുന്ന വെളിച്ചത്തെ മുറികളെന്നപോലെ
ആത്മാവഗ്നിജ്വാലകളെയെന്നപോലെ
ഉടൽ തളർന്നുറക്കത്തെയെന്നപോലെ!
നിന്നെ ഞാൻ സ്നേഹിക്കുന്നു
മരണത്തിന്റെ കുറി വീണവൻ
പ്രാണൻ നിന്ന നിമിഷങ്ങളെയെന്നപോലെ.

നിന്റെ ഓരോ പുഞ്ചിരിയും ഓരോ വാക്കും ഓരോ ചേഷ്ടയും
ഓരോന്നും ഞാൻ കാത്തുവയ്ക്കുന്നു
വീണതെന്തിനേയും മണ്ണു പിടിച്ചുവയ്ക്കുമ്പോലെ.
ലോഹത്തിലമ്ളത്തിന്റെ ദംശനം പോലെ
നിന്റെ വടിവെന്റെ മനസ്സു പൊള്ളിക്കുന്നു,
നിന്റെ സത്തയെനിക്കുള്ളിൽ നിറയുന്നു.

നിമിഷങ്ങളാരവത്തോടെ കടന്നുപോകുമ്പോൾ
എന്റെ കാതിൽ നീ മാത്രം മൌനമാകുന്നു,
നക്ഷത്രങ്ങൾ കത്തിയെരിഞ്ഞുവീഴുമ്പോൾ
നീ പക്ഷേ, എന്റെ കണ്ണുകളിലൊരു നിശ്ചലതയാകുന്നു.
ഗുഹയ്ക്കുള്ളിൽ തളം കെട്ടിയ ജലത്തിന്റെ കുളിർമ്മ പോലെ
നിന്റെ രുചി എന്റെ നാവിലലിയുന്നു.
ഒരു ഗ്ലാസ്സു വെള്ളമേന്തിയ നിന്റെ കൈ,
നേർത്ത ഞരമ്പുകളോടിയ നിന്റെ കൈ,
അതെന്റെ കണ്ണുകൾക്കു മുന്നിൽ തെളിയുന്നു,
പിന്നെയും, പിന്നെയും...
(1933)


Saturday, March 1, 2014

യോസെഫ് അത്തില്ല - ഒരു നിർമ്മലഹൃദയവുമായി

jozsef-attila-szobor

ഹംഗേറിയൻ പാർലിമെന്റിനു മുന്നിലെ കവിയുടെ പ്രതിമ


എനിക്കമ്മയില്ല എനിക്കച്ഛനില്ല
എനിക്കു ദൈവമില്ല പെറ്റ നാടുമെനിക്കില്ല
എനിക്കു തൊട്ടിലില്ല ശവപ്പെട്ടിയില്ല
കാമുകിയും അവളുടെ ചുംബനങ്ങളുമില്ല.

ഞാനാഹാരം കഴിച്ചിട്ടു മൂന്നു നാളായിരിക്കുന്നു
വയറു നിറയെയല്ല ഒരുരുളയെങ്കിലും.
ഇരുപതു കൊല്ലമാണെന്റെ കൈമുതൽ
ഇരുപതു കൊല്ലം ഞാൻ വില്പനയ്ക്കു വയ്ക്കുന്നു.

അതിനാവശ്യക്കാരാരുമില്ലെങ്കിൽ,
വേണ്ട, ഞാനതു പിശാചിനു വിറ്റേക്കാം.
ഒരു നിർമ്മലഹൃദയവുമായി ഞാൻ കൊള്ളയടിക്കും
വേണ്ടിവന്നാൽ കൊലയും നടത്തും.

അവരെന്നെ പിടിക്കും തൂക്കിലേറ്റും
പവിത്രമായ മണ്ണിലെന്നെക്കിടത്തും
വിഷപ്പുല്ലുകളെനിക്കു മേൽ വളർന്നുകേറും,
ഹാ, എന്റെ മനോഹരഹൃദയത്തിനു മേൽ.


Friday, February 28, 2014

യോസെഫ് അത്തില്ല - അമ്മ

attila

 


ഒരാഴ്ചയായി ഞാനോർത്തോർത്തിരിക്കുന്നു,
എന്റമ്മയെത്തന്നെ ഞാൻ ചിന്തിച്ചിരിക്കുന്നു-
തോരയിടാനൊക്കത്തു തുണിക്കെട്ടും പേറി
മച്ചിന്റെ കോണി കേറിയന്നമ്മ പോയിരുന്നു.

ഞാനന്നു ഞാൻ മാത്രം നിറഞ്ഞവനായിരുന്നു,
കരഞ്ഞും തൊഴിച്ചുമന്നു ഞാൻ ലഹള കൂട്ടിയിരുന്നു-
തോരയിടുന്ന തുണികൾക്കൊരമ്മ വേണ്ട,
അമ്മ എന്നെ എടുക്കൂ, മച്ചിലേക്കെന്നെക്കൊണ്ടുപോകൂ.

അമ്മയെന്നെ നോക്കിയില്ല, ഒന്നും മിണ്ടിയില്ല,
അതിനൊന്നുമവർക്കു നേരവുമുണ്ടായില്ല;
അയക്കോലിൽ തുണികളൊന്നൊന്നായി നിരന്നു,
വെളുത്തും വൃത്തിയായും കാറ്റത്തവ പാറുകയായി.

കരയരുതായിരുന്നെന്നോർക്കുമ്പോളിന്നു വൈകുന്നു;
എന്തൊരതികായയായിരുന്നു എന്റെ അമ്മ!
അവരുടെ നരച്ച മുടിയിഴകളാകാശത്തു പാറുന്നു,
അവർ മുക്കിയ നീലത്തിലാകാശം തെളിയുന്നു.

(1925 )


യോസെഫ് അത്തില്ല (1905-1937)- ഹംഗേറിയൻ കവി. തൊഴിലാളിവർഗ്ഗകുടുംബത്തിൽ ജനിച്ചു. മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചുപോയി. ദുരിതം നിറഞ്ഞ കുട്ടിക്കാലം. അനാഥാലയങ്ങളുടെയും ബന്ധുക്കളുടെയും സംരക്ഷണയിലായി​‍ൂന്നു കുറച്ചുകാലം. അവരുടെ പീഡനം സഹിക്കാതെ അമ്മയുടെ അടുത്തേക്കു തന്നെ തിരിച്ചുപോയി. പതിനാലാമത്തെ വയസ്സിൽ അമ്മ മരിച്ചു. പിന്നീട് സഹോദരീഭർത്താവിന്റെ സഹായത്താൽ കോളേജ് വിദ്യാഭ്യാസം. അദ്ധ്യാപകനാകാനുള്ള ആഗ്രഹം പ്രകോപനപരമായ കവിത എഴുതി എന്ന ആരോപണത്താൽ നടന്നില്ല. പിന്നീടുള്ള ജീവിതം എഴുതിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു. ഈ കാലത്ത് സ്കിസോഫ്രേനിയായുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. പ്രണയങ്ങൾ പലതുണ്ടായെങ്കിലും വിവാഹിതനായില്ല. 1937 ഡിസംബർ 3ന്‌ റയിൽപ്പാളത്തിൽ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു. അപകടമോ ആത്മഹത്യയോ എന്ന് തീർച്ചയായിട്ടില്ല.