Showing posts with label യേറ്റ്സ്. Show all posts
Showing posts with label യേറ്റ്സ്. Show all posts

Saturday, June 7, 2014

വില്ല്യം ബട്ളർ യേറ്റ്സ് - ഒരു ഐറിഷ് വൈമാനികൻ തന്റെ മരണം മുൻകൂട്ടി കാണുന്നു

sopwith_triplane

 

അങ്ങു മുകളിൽ മേഘങ്ങൾക്കിടയിലെവിടെയോ
എന്റെ മരണത്തെ ഞാൻ കണ്ടുമുട്ടുമെന്നെനിക്കറിയാം.
ഞാൻ പൊരുതുന്നവരോടൊരു വെറുപ്പുമെനിക്കില്ല,
ഞാൻ സംരക്ഷിക്കുന്നവരോടെനിക്കു സ്നേഹവുമില്ല..
കിൽട്ടാർട്ടൻ ക്രോസ്സാണെന്റെ ജന്മദേശം,
കിൽട്ടാർട്ടനിലെ പാവങ്ങളാണെന്റെ ദേശക്കാർ.
എന്റെ മരണം കൊണ്ടവർക്കൊരു നഷ്ടവുമുണ്ടാവില്ല,
ഉള്ളതിലധികം സന്തോഷമവർക്കുണ്ടാവുകയുമില്ല.
നിയമമല്ല, എന്നെ പടയ്ക്കു പറഞ്ഞയച്ചതു കടമയല്ല,
നേതാക്കളല്ല, ആർത്തട്ടഹസിക്കുന്ന ജനക്കൂട്ടവുമല്ല.
ഒരേകാന്തനിമിഷത്തിൽ പൊടുന്നനേയൊരു പ്രചോദനം-
മേഘങ്ങളിലെ വിക്ഷുബ്ധതയിലേക്കെന്നെപ്പായിച്ചതതായിരുന്നു.
എല്ലാം ഞാനോർത്തുനോക്കി, എല്ലാം ഞാൻ കണക്കു കൂട്ടി:
വ്യർത്ഥമാണിനി വരാനുള്ള കാലമെന്നെനിക്കു തോന്നി,
വ്യർത്ഥമായിരുന്നു, കഴിഞ്ഞ കാലവുമെന്നെനിക്കു തോന്നി.
ഈ ജീവിതത്തിനു നിരക്കുന്നതു തന്നെ, ഈ മരണവും.

(1919)

 

Wednesday, September 25, 2013

വില്യം ബട്ളർ യേറ്റ്സ് - മനുഷ്യന്റെ നാലു കാലങ്ങൾ

Valentin_de_Boulogne_-_The_Four_Ages_of_Man_-_WGA24241link to image

 


ഉടലുമായിട്ടയാളൊരു യുദ്ധം നടത്തി;
ജയിച്ചതുടലായിരുന്നു, ഇന്നുമതു നിവർന്നുനടക്കുന്നു.

പിന്നയാൾ ഹൃദയവുമായി പൊരുതാൻ പോയി;
ശാന്തിയും നിഷ്കളങ്കതയും അയാളെ വിട്ടുപോയി.

പിന്നയാൾ പോരിനിറങ്ങിയതു മനസ്സിനോടായിരുന്നു;
അഭിമാനിയായ ഹൃദയത്തെ അയാൾ പിന്നിലുപേക്ഷിച്ചു.

ഇനി ദൈവത്തോടുള്ള യുദ്ധങ്ങൾ തുടങ്ങുകയായി;
കൃത്യം പാതിരാത്രിയാകുമ്പോൾ ദൈവം ജയിക്കും.


Saturday, September 21, 2013

വില്യം ബട്ളർ യേറ്റ്സ് - കുടിച്ചിരിക്കുമ്പോൾ പാടിയത്

images
 

മദിരയുള്ളിൽ കടക്കുന്നതു ചുണ്ടിലൂടെ,
പ്രണയമുള്ളിൽ കടക്കുന്നതു കണ്ണിലൂടെ;
നേരെന്നു നാമറിയുന്നതിത്രയൊക്കെ,
ജരയും നരയും വന്നു നാം മരിക്കുംമുമ്പേ.
മദിരയുടെ ചഷകം ഞാൻ ചുണ്ടിൽ വച്ചു,
നിന്നെയൊന്നു നോക്കി ഞാൻ നിശ്വസിച്ചു.


1910

വില്യം ബട്ളർ യേറ്റ്സ് - ഇല കൊഴിയും കാലം

yeats


ശരല്ക്കാലം, നമ്മെ സ്നേഹിക്കും നീളിലകൾക്കു മേൽ,
ബാർലിക്കതിരുകൾക്കിടയിലെലികൾക്കും മേൽ;
മഞ്ഞ, ആഷ്മരത്തിന്റെയിലകൾ നമുക്കു മേൽ,
നനഞ്ഞിറ്റുന്ന കാട്ടു ഞാവലിന്നിലകളും മഞ്ഞ.

നമ്മെ വന്നുവളയുന്നു പ്രണയം ക്ഷയിക്കുന്ന കാലം,
ക്ഷീണിച്ചവശമായ നമ്മുടെ ആത്മാക്കൾ ശോകാകുലം;
നാം പിരിയുക, തൃഷ്ണയുടെ ഋതു നമ്മെ മറക്കും മുമ്പേ,
ഒരു ചുംബനവും നിന്റെ കവിളത്തിറ്റുന്ന കണ്ണീരുമായി.

(1889)