Showing posts with label റഫായെൽ അറൈവലോ മർത്തീനസ്. Show all posts
Showing posts with label റഫായെൽ അറൈവലോ മർത്തീനസ്. Show all posts

Friday, August 17, 2012

റഫായെൽ അറൈവലോ മർത്തീനസ് - ഒരോർമ്മയാണെന്റെ ജീവിതം

arevalo martinez

അവളെക്കാണുമ്പോൾ ഞാൻ സ്നേഹിച്ചതെന്നെത്തന്നെ.
കണ്ഠം തെളിഞ്ഞു ഞാൻ പാടിയെങ്കിലതവൾക്കായി,
എന്റെ തമോവൃതയൌവനത്തിൽ തിരി തെളിച്ചവൾക്കായി,
ആകാശത്തിനു നേർക്കെന്റെ കണ്ണുകളെ തിരിച്ചവൾക്കായി.

അവളുടെ പ്രണയമെന്നെ നനച്ചു, പാനീയം പോലെ,
എന്റെ ഹൃദയം ഞാൻ മടക്കിയെടുത്തു, തൂവാല പോലെ.
പിന്നെ ജീവിതത്തിന്റെ വാതിലും ചാരി ഞാനിറങ്ങി.

ഇന്നുമതെന്റെ ആത്മാവിനെ പരിമളപ്പെടുത്തുന്നു,
വിദൂരവുമദൃശ്യവുമായൊരു കവിതയോടെ.


Britannica Link to Martinez


Wednesday, April 18, 2012

റഫായെൽ അറൈവലോ മർത്തീനസ് - ഒരു ഗന്ധാനുഭൂതി

images (5)

ഹാ, കുടിലമദിര പോലെന്റെ ചുണ്ടുകളിലേക്കു
ഞാനെടുത്തുയർത്തിയ വശ്യമുഖങ്ങൾ,
പൂത്ത മരച്ചില്ല പോലെന്റെ മടിയിൽ
ഞാൻ കയറ്റിയിരുത്തിയ മുഗ്ധകൾ.
പിന്നെയവൾ, ചെമ്പൻമുടിക്കാരിയൊ
രുവൾ, 
ഒരു പൂവിനെയോർമ്മിപ്പിക്കുന്നവൾ,
ഒരു ഗന്ധത്തിന്റെ അസ്പഷ്ടാനുഭൂതി
എന്റെ ജീവിതത്തിൽ ശേഷിപ്പിച്ചുപോയവൾ.
അവളുടെ വജ്രക്കണ്ണുകളിലുണ്ടായിരുന്നു,
ശൂന്യത ജനിപ്പിക്കുന്നൊരസ്വസ്ഥഭാവം.
മറ്റൊരു പെണ്ണിൽ നിന്നും ഞാനറിഞ്ഞിട്ടില്ല,
ഇത്രയും പ്രബലമായൊരു മരണാനുഭൂതി,
അവളല്ലാതാരുമെനിയ്ക്കു നൽകിയിട്ടില്ല,
ഇതുപോലെരിയുന്നൊരു ജീവിതബോധം.




റഫായെൽ അറൈവലോ മർത്തീനസ് ( 1884-1975) - ഗ്വാട്ടിമാലൻ കവിയും നോവലിസ്റ്റും. “കുതിരയെ ഓർമ്മപ്പെടുത്തുന്നൊരാൾ” എന്ന കഥ ഏറ്റവും പ്രശസ്തമായ രചന. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ലാറ്റിനമരിക്കൻ ചെറുകഥ എന്നുപോലും പറയപ്പെടുന്നു.

wikilink to the poet