Showing posts with label ഗ്രീക്ക് ആന്തോളജി. Show all posts
Showing posts with label ഗ്രീക്ക് ആന്തോളജി. Show all posts

Sunday, April 6, 2014

സിനോഡോട്ടസ്

36b

 

ആരാണു പ്രണയത്തെ
പ്രതിമയായി കടഞ്ഞെടുത്തതും
ഈ ജലധാരക്കരികിൽ
അതിനെ കൊണ്ടുവച്ചതും?
അയാൾ കരുതിയോ,
അത്രയുമഗ്നി തണുപ്പിക്കാൻ
ഇത്രയും ജലം മതിയെന്ന്?

സിനോഡോട്ടസ് (ക്രി.മു. മൂന്നാം നൂറ്റാണ്ട്) ഒരു ജലധാരക്കരികിൽ പ്രതിഷ്ഠിച്ചിരുന്ന ഗ്രീക്കു കാമദേവനായ എറോസിന്റെ പ്രതിമയെക്കുറിച്ചെഴുതിയത്.

Tuesday, September 11, 2012

ക്ളിയോബുലസ് - മൈഡാസിന്റെ കുഴിമാടത്തിൽ

200px-Cleovoulos

മൈഡാസിന്റെ കുഴിമാടത്തിൽ
പ്രതിഷ്ഠിച്ച വെങ്കലകന്യക ഞാൻ.
കിണറുകളിലുറവയൂറുന്ന കാലത്തോളം,
മരങ്ങൾ കിളരം വച്ചു വളരുന്ന കാലത്തോളം,
സൂര്യനാകാശത്തു തിളങ്ങുന്ന കാലത്തോളം,
ചന്ദ്രൻ വിളങ്ങിനിൽക്കുന്ന കാലത്തോളം,
പുഴകളൊഴുകുന്ന കാലത്തോളം,
കടലിൽ തിരകൾ തകരുന്ന കാലത്തോളം,
കണ്ണീരു കഴുകിയ ഈ കുഴിമാടത്തിൽ
എന്റെ ഇടം വിടാതെ ഞാനിരിക്കും,
മൈഡാസിനെ അടക്കിയതിവിടെയെന്ന്
ഇതുവഴി പോകുന്നവരോടു ഞാൻ പറയും.


ക്ളിയോബുലസ് - ലിൻഡോസ് സ്വദേശിയും ഗ്രീസിലെ ‘ഏഴു ജ്ഞാനികളി’ൽ ഒരാളും. ജീവിതകാലം ക്രി. മു. ആറാം നൂറ്റാണ്ട്. മൂവായിരത്തോളം കവിതകളും സമസ്യകളും രചിച്ചതായി വിശ്വസിക്കപ്പെടുന്നു. മൈഡാസ് രാജാവിന്റെ കുഴിമാടത്തിലുള്ള ലിഖിതം ഇദ്ദേഹത്തിന്റെ പേരിലാണ്‌ അറിയപ്പെടുന്നത്.


Monday, September 10, 2012

അസ്ക്ളേപിയാഡീസ് - - പ്രണയകവിതകൾ

GreekPairYale1913_163

1

വേനലിൽ തൊണ്ട പൊരിഞ്ഞവർ-
ക്കൊരു മഞ്ഞുതുള്ളി വലുതു തന്നെ,
മഞ്ഞുകാലം പൊയ്ക്കഴിഞ്ഞാൽ
നാവികനു വസന്തം വീശുന്ന തെന്നലും.
പ്രണയികൾ കാമനെ ആരാധിക്കുന്ന
ഒറ്റവിരിപ്പതിലൊക്കെ വലുതത്രേ.



2


ജനാല പാതി തുറന്നവൾ പുറത്തേക്കു നോക്കവെ
തൃഷ്ണകൾ കൊണ്ടീറനായ മുഖത്തു വന്നേറ്റുവല്ലോ
അവന്റെ കണ്ണുകളിൽ നിന്നൊരു നീലമിന്നൽ.



3


അവൾ മന്ത്രവടിയൊന്നുഴിഞ്ഞപ്പോൾ
ആ വശ്യത്തിനടിമയായി ഞാനെന്നേ.
അവളുടെ സൌന്ദര്യം മുന്നിലെത്തുമ്പോൾ
മെഴുകുപ്രതിമ പോലെ ഞാനലിഞ്ഞുപോകുന്നു.
അവളൊരു കറുമ്പിയാണെങ്കിലെന്തേ,
കൽക്കരിയുമെരിയുമ്പോൾ പനിനീർപ്പൂവല്ലേ?



4


പൊന്നുവിളക്കേ, നിനക്കു മുന്നിൽ വച്ചല്ലേ,
നിശ്ചയമായും വരുമെന്നവളാണയിട്ടത്?
എന്നിട്ടാണല്ലോ അവൾ വരാതിരുന്നത്?
അതിനാൽ വരുന്ന രാത്രിയിലവൾ വരുമ്പോൾ
നീ കണ്ണൊന്നു ചിമ്മുക, പിന്നെക്കെട്ടുപോവുക.



5


ഇല കൊഴിയ്ക്കാൻ തിടുക്കമരുതേ,
എന്റെ വാതിൽക്കലെ മുല്ലവള്ളികളേ;
കണ്ണീരു തേവി ഞാൻ നിങ്ങൾക്കു നനച്ചു
-മഴമേഘങ്ങൾ, കാമുകരുടെ കണ്ണുകൾ.
ഈ വാതില്പാളി തുറന്നവൻ മുന്നിലെത്തുമ്പോൾ
അവന്റെ മൂർദ്ധാവിൽ നിങ്ങളെന്നെപ്പെയ്യൂ,
ആ പൊന്മുടിയെങ്കിലുമെന്റെ കണ്ണീരു കുടിക്കട്ടെ.



അസ്ക്ളേപിയാഡീസ് - ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു കവി.

link to image

Friday, September 7, 2012

പ്ലേറ്റോ - ആസ്റ്റെർ

plato



ആസ്റ്റെർ

ഒരുകാലം നീ തിളങ്ങിയിരുന്നു,
ഒരുദയതാരമായി,
ജീവിച്ചിരിക്കുന്നവർക്കു മേൽ;
ഇന്നു നീ തിളങ്ങുന്നു,
ഒരു സാന്ധ്യതാരമായി,
മരിച്ചവർക്കു മേൽ.





ആസ്റ്റെർ
താരകളെ നോക്കിനിൽക്കുന്നുവോ നീ,
എന്റെ ഹൃദയതാരമേ?
ഞാനൊരാകാശമായെങ്കിൽ,
അത്രയും കണ്ണുകളാൽ നിന്നെ നോക്കുവാൻ!


പ്ളേറ്റോ പ്രേമിച്ചിരുന്ന ആസ്റ്റെർ (ഗ്രീക്കിൽ നക്ഷത്രം എന്നർത്ഥം) എന്ന ബാലൻ മരിച്ചപ്പോൾ എഴുതിയത്.

Tuesday, May 1, 2012

ഫിലോഡെമോസ് - കിടക്കവിളക്ക്

Godfried_Schalcken_Kunstbetrachtung

എണ്ണ കുടിപ്പിച്ചുന്മത്തമാക്കൂ, കിടക്കവിളക്കിനെ,
നാം പുറത്തു പറയാൻ മടിക്കുന്നതൊക്കെ
നിശ്ശബ്ദം കണ്ടും കേട്ടുമിരിക്കുന്നവനാണവൻ.
പിന്നെയതു കരിന്തിരി കെട്ടും പോകട്ടെ,
ചിലനേരങ്ങളിൽ കാമദേവനഹിതമത്രെ,
എല്ലാം കണ്ടുകൊണ്ടുറങ്ങാതിരിക്കുന്ന സാക്ഷിയെ.
ഇനിയാ വാതിൽ ഭദ്രമിറുക്കിയടയ്ക്കൂ.
പിന്നെ നമുക്കു മിത്രമായ കിടക്ക, നമ്മെപ്പഠിപ്പിക്കട്ടെ,
കാമസൂത്രത്തിലെ ശേഷിച്ച രഹസ്യങ്ങൾ.



ഫിലോഡെമോസ് ( ക്രി.മു. 110-30) - സീനോയുടെ ശിഷ്യനായ ഗ്രീക്കു കവി.


link to image