Saturday, November 30, 2013

വാസ്കോ പോപ്പ - ആസന്നമായ മടക്കം

Vasko Popa Complete Poems

 


ബക്കെറെക്കിലെ ഒരു ജയിൽമുറിയിൽ
ചെമ്പടയിലെ ഒരു പട്ടാളക്കാരൻ
ഒരു പകൽ എന്നോടൊപ്പമുണ്ടായിരുന്നു
ഏതോ ജയിൽ ചാടി എത്തിയതാണയാൾ

ഏതു നിമിഷവും വാതിൽ തുറക്കാം
അയാളെ പുറത്തേക്കു പിടിച്ചുകൊണ്ടുപോകാം
മുറ്റത്തു വെടി വച്ചിടാം

മോസ്ക്കോവിലേക്ക്
ഏറ്റവുമെളുപ്പത്തിലുള്ള വഴി കാണിച്ചുകൊടുക്കാൻ
എന്നോടു പറയുകയാണയാൾ

തറയിൽ റൊട്ടിത്തുണ്ടുകൾ നിരത്തി
അയാൾക്കു കടന്നുപോകേണ്ട പട്ടണങ്ങൾ
ഞാൻ പണിതുകാണിച്ചു

അയാൾ വിരലു കൊണ്ട് ദൂരമളക്കുന്നു
കൂറ്റൻ കൈ കൊണ്ട് എന്റെ തോളത്തള്ളിപ്പിടിക്കുന്നു
അട്ടഹാസം കൊണ്ടു ജയിലാകെക്കുലുക്കുന്നു

നീ അകലെയല്ല എന്റെ സുന്ദരീ


Friday, November 29, 2013

പ്രണയലേഖനങ്ങൾ(12)- ഡെനിസ് ദിദെറോ

diderot


നീ സുഖമായിരിക്കുന്നു! നീ എന്നെക്കുറിച്ചു വിചാരിക്കുന്നു! നീ എന്നെ സ്നേഹിക്കുന്നു. നീ എന്നും എന്നെ സ്നേഹിക്കും. ഞാൻ നിന്നെ വിശ്വസിക്കട്ടെ: ഇനി ഞാൻ സന്തോഷവാനായിരിക്കും. എനിക്കു ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നു. എനിക്കു സംസാരിക്കാം, ജോലി ചെയ്യാം, കളിക്കാം, നടക്കാം- എന്തും എനിക്കു ചെയ്യാം. പോയ രണ്ടുമൂന്നു ദിവസങ്ങൾ അഹിതം തോന്നുന്ന വിധത്തിലായിരിക്കണം എന്റെ പെരുമാറ്റം. ഇല്ല! എന്റെ പ്രിയേ, നിന്റെ നേരിട്ടുള്ള സാന്നിദ്ധ്യം പോലും നിന്റെ ആദ്യത്തെ കത്തു പോലെ എന്നെ ഇത്ര കണ്ട് ആഹ്ളാദവാനാക്കുമായിരുന്നില്ല.

എത്ര ക്ഷമകേടോടെയാണെന്നോ ഞാൻ അതിനു വേണ്ടി കാത്തിരുന്നത്! അതു പൊട്ടിക്കുമ്പോൾ എന്റെ കൈ വിറച്ചിരുന്നുവെന്നതു തീർച്ച. എന്റെ മുഖഭാവം മാറി; എന്റെ ശബ്ദം പതറി; അതെന്റെ കൈയിൽ തന്നയാൾ മനസ്സിൽ പറഞ്ഞിരിക്കും (വിഡ്ഡിയല്ല അയാളെങ്കിൽ) : ‘അച്ഛന്റെയോ അമ്മയുടെയോ അല്ലെങ്കിൽ താൻ സ്നേഹിക്കുന്ന മറ്റാരുടെയോ കത്താണ്‌ ഈ മനുഷ്യനു കിട്ടിയിരിക്കുന്നത്!’ എന്റെ കടുത്ത മനഃക്ഷോഭം വെളിവാക്കുന്ന ഒരു കത്തു നിനക്കയക്കാൻ പോകുന്ന നിമിഷത്തിലാണ്‌ നിന്റെ കത്തു വന്നത്. നീയവിടെ സ്വയം വിനോദിച്ചു കഴിയുമ്പോൾ എന്റെ ഹൃദയവേദന എത്രയാണെന്നു നീ മറന്നുപോകുന്നു...

വിട, എനിക്കെത്രയും പ്രിയപ്പെട്ടവളേ. തീക്ഷ്ണവും ആത്മാർത്ഥവുമാണ്‌ എനിക്കു നിന്നോടുള്ള സ്നേഹം. ഇതിലുമധികം നിന്നെ ഞാൻ സ്നേഹിച്ചേനേ, അതെങ്ങനെയെന്ന് എനിക്കറിയുമായിരുന്നെങ്കിൽ.


ഫ്രഞ്ചു ദാർശനികനും നോവലിസ്റ്റും പണ്ഡിതനുമായ ഡെനിസ് ദിദെറോ(1713-1784)കാമുകിയായ സോഫീ വോലെന്റിനെഴുതിയത്.

വാസ്കോ പോപ്പ - കവിയുടെ ഏണി

vasko_popa


വൃസാക്കിൽ യുദ്ധത്തിന്റെ തലേന്ന്
ഡെജാൻ ബ്രാങ്കോവ് എന്ന കവി വാടകവീടെടുത്തു
ഞങ്ങളുടെ വീടിനു തൊട്ടരികെ

ഞങ്ങളുടെ ഭാഗത്തെ ചുമരിൽ
ഒരേണി ചാരിവയ്ക്കണമെന്ന്
അച്ഛനോടു പറയാൻ
അദ്ദേഹം എന്നോടാവശ്യപ്പെട്ടു

ഏതു രാത്രിയും അദ്ദേഹം പ്രതീക്ഷിക്കുകയായിരുന്നു
കോൺസെന്ട്രേഷൻ ക്യാമ്പിലേക്കു തന്നെക്കൊണ്ടുപോകാൻ
അവരെത്തുമെന്ന്

തന്റെ പാർട്ടിക്കാരുടെ ഒരു സംഘത്തെ നയിച്ചുപോകുമ്പോൾ
അദ്ദേഹം കൊല്ലപ്പെട്ടിട്ടേറെക്കാലം കഴിഞ്ഞിട്ടും
ഏണി അതിന്റെ നിർദ്ദിഷ്ടസ്ഥാനത്തു തന്നെ നില്പുണ്ടായിരുന്നു

അതിന്റെ ചവിട്ടുപടികളിലൂടെ പിടിച്ചുകയറിയിരുന്നു
ഒരു കയ്പൻ മുന്തിരിവള്ളി


Thursday, November 28, 2013

പ്രണയലേഖനങ്ങൾ(11)- ടോൾസ്റ്റോയ്

Tolstoy

 


നിന്റെ സൌന്ദര്യത്തോടു ഞാൻ സ്നേഹത്തിലായിക്കഴിഞ്ഞു; പക്ഷേ ശാശ്വതവും അനർഘവുമായി നിന്നിലുള്ളതൊന്നിനെ, നിന്റെ ഹൃദയത്തെ, നിന്റെ ആത്മാവിനെ സ്നേഹിക്കാൻ തുടങ്ങിയിട്ടേയുള്ളു ഞാൻ. സൌന്ദര്യത്തെ അറിയാനും അതിനോടു സ്നേഹത്തിലാവാനും ആർക്കും ഒരു മണിക്കൂറു മതി; അത്രതന്നെ നേരം മതി ആ സ്നേഹം നിലയ്ക്കാനും. ആത്മാവിനെ അറിയാൻ പക്ഷേ, നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. ഞാൻ പറയുന്നതു വിശ്വസിക്കൂ, ഈ ഭൂമിയിൽ യാതൊന്നും അദ്ധ്വാനിക്കാതെ കിട്ടാൻ പോകുന്നില്ല, അനുഭൂതികളിൽ വച്ചേറ്റവും മനോഹരവും നൈസർഗികവുമായ പ്രണയം പോലും.

1856 നവംബർ 2


(ടോൾസ്റ്റോയ് കാമുകിയായിരുന്ന വലേറിയ ആർസെനേവിനെഴുതിയത് )

പ്രണയലേഖനങ്ങൾ(10)- ഫ്ളാബേർ

lettres a louise colet


നീ ക്രൂരയാണെന്നു നിനക്കറിയാമോ? ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നു പറഞ്ഞ് നീ എന്നെ കുറ്റപ്പെടുത്തുന്നു; അതിനു നീ എടുത്തുകാട്ടുന്ന തെളിവാകട്ടെ, എന്നും ഞാൻ പോവുകയാണെന്നതും. നീ തെറ്റാണു ചെയ്യുന്നത്. എങ്ങനെയാണെനിക്കു പോകാതിരിക്കാനാവുക? എന്റെ സ്ഥാനത്തു നീയായിരുന്നെങ്കിൽ എന്താവും ചെയ്യുക? നിനക്കെപ്പോഴും നിന്റെ ദുഃഖങ്ങളെക്കുറിച്ചേ പറയാനുള്ളു; അവ യഥാർത്ഥമാണെന്ന് എനിക്കറിയാത്തതല്ല; അതിനുള്ള തെളിവു ഞാൻ കണ്ടിട്ടുമുണ്ട്; നിന്റെ ദുഃഖങ്ങൾ എനിക്കനുഭവമാണെന്നതിനാൽ അത്രയ്ക്കെനിക്കവ ബോദ്ധ്യവുമാണ്‌. പക്ഷേ മറ്റൊരു ദുഃഖത്തിനുള്ള തെളിവും ഞാൻ കാണുന്നുണ്ട്, എന്നും എന്റെ അരികിലുള്ള ഒരു ദുഃഖം; അതിനു പക്ഷേ ഒരു പരാതിയുമില്ല, അതു മന്ദഹസിക്കുക കൂടി ചെയ്യുന്നുണ്ട്; അതിനടുത്തു വച്ചു നോക്കുമ്പോൾ നിന്റെ ദുഃഖം, അതിനി എത്ര പെരുപ്പിച്ചുകാട്ടിയാലും, ഒരു പൊള്ളലിനു മുന്നിൽ ഒരു കൊതുകുകടി പോലെയേയുള്ളു, മരണവേദനയുടെ മുന്നിൽ ഒരു കോച്ചിവലി പോലെ. ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്ന രണ്ടു സ്ത്രീകൾ രണ്ടു കടിഞ്ഞാണുകളിണക്കി എന്നെ ഓടിക്കുകയാണ്‌; എന്റെ ഹൃദയത്തിലാണ്‌ അതിന്റെ കടിവാളം; തങ്ങളുടെ പ്രണയവും ശോകവും വച്ച് അതിൽ കൊളുത്തിവലിക്കുകയാണവർ. ഇതു വായിച്ചിട്ട് നിന്റെ കോപം ഏറുകയാണെങ്കിൽ ക്ഷമിക്കണേ; നിന്നോട് എന്തു പറയണമെന്ന് എനിക്കറിയാതായിരിക്കുന്നു; ഞാൻ അറച്ചുനില്ക്കുകയാണ്‌. നിന്നോടു മിണ്ടുമ്പോൾ നിന്നെ കരയിക്കുമെന്ന പേടിയാണെനിക്ക്, തൊട്ടാൽ മുറിപ്പെടുത്തുമെന്നും. എന്റെ പ്രചണ്ഡമായ ആശ്ളേഷങ്ങൾ നിനക്കോർമ്മയുണ്ടാവുമല്ലോ; എത്ര ബലിഷ്ഠമായിരുന്നു എന്റെ കൈകളെന്നും: നീ കിടന്നു വിറയ്ക്കുക തന്നെയായിരുന്നു. രണ്ടോ മൂന്നോ തവണ ഞാൻ നിന്നെ കരയിച്ചിട്ടുണ്ട്. എന്നാലും കുറച്ചുകൂടി യുക്തിപൂർവ്വം ചിന്തിക്കൂ, ഞാൻ സ്നേഹിക്കുന്ന പാവം കുട്ടീ: ഭാവനാസൃഷ്ടികളെയോർത്തു ഖേദിക്കുന്നതു നിർത്തുക.

എന്തിനെയും വിശകലനം ചെയ്യാനുള്ള എന്റെ സ്വഭാവത്തെ നീ കുറ്റപ്പെടുത്തുന്നു. അതേ സമയം എന്റെ വാക്കുകൾക്ക് അവയ്ക്കില്ലാത്ത ഒരു സൂക്ഷ്മദുഷ്ടതയും നീ ചാർത്തിക്കൊടുക്കുന്നുണ്ട്. എന്റെ മനസ്സിന്റെ ഘടന നിനക്കിഷ്ടപ്പെടുന്നില്ല; അതു തൊടുത്തുവിടുന്ന അഗ്നിബാണങ്ങൾ നിന്റെ ഹിതത്തിനൊക്കുന്നില്ല: എന്റെ മമതകളിൽ, എന്റെ ഭാഷയിൽ കുറച്ചു കൂടി പൊരുത്തം വേണമെന്ന്, ഐക്യരൂപ്യം വേണമെന്ന് നീ ആഗ്രഹിക്കുന്നു. മറ്റുവർ ചെയ്യുന്നതു പോലെ, എല്ലാവരും ചെയ്യുന്നതു പോലെ ഇപ്പോൾ നീ, നീയും- എന്നെക്കൊണ്ട് ആകെക്കൊള്ളാവുന്ന ഒരു കാര്യത്തിന്‌- എന്റെ കുതിപ്പുകളും പിടച്ചിലുകളും, എന്റെ വൈകാരികവിസ്ഫോടനങ്ങൾ- അതിന്‌ നീയെന്നെ കുറ്റപ്പെടുത്തുകയാണ്‌. അതെ, നിനക്കും മരത്തെ കോതിനിർത്തണം. അതിന്റെ ചില്ലകൾ ഒതുക്കമില്ലാത്തവയാണെന്നു വന്നോട്ടെ; എന്നാലും കനത്തതും ഇല തിങ്ങിയതുമാണവ; വായുവിനും വെയിലിനുമായി സർവദിശകളിലേക്കും അവയെത്തുന്നുണ്ട്. നിനക്കും മരത്തെ മെരുക്കണം, നിനക്കതിനെ ചുമരിൽ ചാരി വളരുന്ന ഒരലങ്കാരച്ചെടിയാക്കണം: ശരി തന്നെ, എങ്കിലതിൽ സുന്ദരമായ കനികളുണ്ടാവും, ഒരേണിയുടെയും സഹായമില്ലാതെ ഒരു കുട്ടിയ്ക്ക് അതിൽ നിന്ന് അവ പറിച്ചു തിന്നുകയുമാവാം. ഞാൻ എന്തു ചെയ്യണമെന്നാണു നീ പറയുന്നത്? ഞാൻ സ്നേഹിക്കുന്നത് എന്റെ രീതിയിലാണ്‌: അതു നിന്നെക്കാൾ കുറവോ കൂടുതലോയെന്ന് ദൈവത്തിനേ അറിയൂ. പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നു; എന്നാൽ ഞാൻ നിന്നോടു ചെയ്തത് മറ്റു വൃത്തികെട്ട പെണ്ണുങ്ങൾക്കു വേണ്ടി ഞാൻ ചെയ്തിട്ടുണ്ടാവാം എന്നു നീ പറയുമ്പോൾ...മറ്റാർക്കു വേണ്ടിയും ഞാനതു ചെയ്തിട്ടില്ല, ഒരാൾക്കും; ഞാൻ ആണയിടാം. യാത്ര ചെയ്തു പോയിക്കാണാൻ എനിക്കു തോന്നിയ- അങ്ങനെ ചെയ്യാൻ തോന്നുന്നത്ര ഞാൻ സ്നേഹിച്ച ആദ്യത്തെ സ്ത്രീ, ഒരേയൊരു സ്ത്രീ നീ തന്നെ; അതിനു കാരണം നീ സ്നേഹിക്കുമ്പോലെ എന്നെ ആദ്യമായി സ്നേഹിച്ചതു നീയാണെന്നതും. ഇല്ല: നിനക്കു മുമ്പു മറ്റൊരാളും ഇതേ കണ്ണീരൊഴുക്കിയിട്ടില്ല, വിഷാദവും ആർദ്രതയും കലർന്ന രീതിയിൽ എന്നെ നോക്കിയിട്ടില്ല.  അതെ: ആ ബുധനാഴ്ചരാത്രിയെക്കുറിച്ചുള്ള ഓർമ്മയാണ്‌ പ്രണയത്തെക്കുറിച്ചുള്ള എന്റെ ഏറ്റവും മനോഹരമായ ഓർമ്മ. നാളെ ഞാൻ വൃദ്ധനായെന്നിരിക്കട്ടെ, നഷ്ടമായതൊന്നിനെക്കുറിച്ചു ഞാൻ ഖേദിക്കുമെങ്കിൽ അത് ആ ഓർമ്മയെക്കുറിച്ചായിരിക്കും.

വിട. ഇന്നു നിന്റെ നാമകരണദിനമാണല്ലോ. ഒരു പൂച്ചെണ്ടായി ഞാൻ എന്റെ ഏറ്റവും നല്ല ചുംബനങ്ങൾ അയക്കുന്നു.

1846 ആഗസ്റ്റ് 23


ഗുസ്താവ് ഫ്ളാബേർ കോലെറ്റിനെഴുതിയത് )

Wednesday, November 27, 2013

ഒക്റ്റേവിയോ പാസ് - വിവാഹനിശ്ചയം കഴിഞ്ഞവർ

download (1)

 


പുല്പരപ്പിൽ നീണ്ടുനിവർന്ന്
ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.
അവരോറഞ്ചുകളൂറിക്കുടിക്കുന്നു, ചുംബിക്കുന്നു
നുര കൈമാറുന്ന തിരകളെപ്പോലെ.

കടലോരത്തു നീണ്ടുനിവർന്ന്
ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.
അവർ നാരങ്ങകളൂറിക്കുടിക്കുന്നു, ചുംബിക്കുന്നു,
നുര കൈമാറുന്ന മേഘങ്ങളെപ്പോലെ.

മണ്ണിനടിയിൽ നീണ്ടുനിവർന്ന്
ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.
അവരൊന്നും മിണ്ടുന്നില്ല, ചുംബിക്കുന്നില്ല,
മൌനത്തിനു മൌനം അവർ കൈമാറുന്നു.


പ്രണയലേഖനങ്ങൾ (9)- ഫ്ളാബേർ

download (1)


എന്റെ കാര്യത്തിൽ നീ വ്യാമോഹങ്ങൾ വച്ചുപുലർത്തുന്നു എന്ന് നിന്റെ കത്തിലെ ഒരു പുറം കൊണ്ട് എനിക്കു മനസ്സിലായിരിക്കുന്നതിനാൽ എന്നെക്കുറിച്ച് ഒരു തുറന്ന വിശദീകരണം നല്കാൻ ഞാൻ ബാധ്യസ്ഥനായിരിക്കുന്നു. അതങ്ങനെ പൊയ്ക്കോട്ടെ എന്നു ഞാൻ വിട്ടുകളഞ്ഞാൽ എന്റെ ഭാഗത്തു നിന്നുള്ള ഒരു ഭീരുത്വമായിരിക്കും അത് (ഭീരുത്വമാകട്ടെ, ഞാൻ വെറുക്കുന്നൊരു ദുർഗ്ഗുണവുമാണ്‌, അതിനി ഏതു രൂപത്തിൽ വെളിച്ചപ്പെട്ടാലും).

എന്റെ അടിസ്ഥാനപ്രകൃതം, ആരെന്തൊക്കെപ്പറഞ്ഞാലും, ഒരഭിനയക്കാരന്റേതാണ്‌. ബാല്യത്തിലും യൌവനത്തിലും അരങ്ങിനോട് ഭ്രാന്തമായൊരു പ്രണയമായിരുന്നു എനിക്ക്. കുറച്ചുകൂടി ദരിദ്രരായിരുന്നു എന്റെ അച്ഛനമ്മമാരെങ്കിൽ ഞാൻ ഒരുപക്ഷേ വലിയൊരു നടൻ തന്നെ ആകുമായിരുന്നു. ഇപ്പോഴും മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് രൂപത്തെയാണ്‌, എന്നു പറഞ്ഞാൽ സുന്ദരമായ രൂപത്തെ; അതിനപ്പുറം ഒന്നിനെയും ഞാൻ മാനിക്കുന്നില്ല. ഹൃദയങ്ങൾ ചുട്ടുപൊള്ളുന്ന, മനസ്സുകളേറെ സങ്കോചിച്ച സ്ത്രീകൾക്ക് സൌന്ദര്യത്തിന്റെ, വികാരത്തിൽ നിന്നു വേർപെട്ട സൌന്ദര്യത്തിന്റെ ഈ മതം മനസ്സിലാവുകയില്ല. അവർക്കെന്തിനും വേണം ഒരു കാരണം, ഒരുലക്ഷ്യം. പൊന്നിനെപ്പോലെ ഞാൻ മതിക്കും വെറും കിന്നരിത്തുണ്ടിനേയും: വാസ്തവം പറഞ്ഞാൽ കിന്നരിയുടെ കവിതയാണ്‌ മഹത്തരം, അതാണു കൂടുതൽ ദാരുണമെന്നതിനാൽ. എന്നെ സംബന്ധിച്ചിടത്തോളം ലോകമെന്നാൽ ഇത്രയേയുള്ളു: ഉജ്ജ്വലമായ കവിത, ലയം ചേർന്ന, കടഞ്ഞെടുത്ത, പാടുന്ന വരികൾ, മനോഹരമായ സൂര്യാസ്തമയങ്ങൾ, നിലാവ്, ചിത്രങ്ങൾ, പ്രാചീനശില്പങ്ങൾ, പിന്നെ മനസ്സിൽ തറ്യ്ക്കുന്ന മുഖങ്ങളും. അതിനപ്പുറം ഒന്നുമില്ല. മിരാബോയെക്കാൾ തൽമ ആകാനാണു ഞാനിഷ്ടപ്പെടുക, അദ്ദേഹം ജീവിച്ച മണ്ഡലമാണു കൂടുതൽ സുന്ദരം എന്ന കാരണത്താൽ. അടിമകളായ മനുഷ്യജീവികളെപ്പോലെ തന്നെ കൂട്ടിലടച്ച കിളികളെക്കണ്ടാലും എനിക്കു സങ്കടം വരും. രാഷ്ട്രീയത്തിന്റെ കാര്യത്തിലാവട്ടെ, എനിക്കു മനസ്സിലാവുന്നതായി ഒന്നേയുള്ളു: ലഹള. ഒരു തുർക്കിക്കാരനെപ്പോലെ വിധിവിശ്വാസിയാണു ഞാൻ: മനുഷ്യപുരോഗതിയുടെ പേരിൽ നാം എന്തു ചെയ്താലും, ഒന്നും ചെയ്യാതിരുന്നാലും ഒക്കെ ഒരുപോലെയാണെന്നാണ്‌ എന്റെ വിശ്വാസം. പിന്നെ ആ ‘പുരോഗതി’യെക്കുറിച്ചാണെങ്കിൽ അത്ര വ്യക്തത പോരാതെ, സ്ഥൂലമായിട്ടെന്തോ ചില ആശയങ്ങൾ മാത്രമേ എനിക്കറിയൂ. അമ്മാതിരി ഭാഷയോടു ബന്ധപ്പെട്ട സർവതിനോടും വല്ലാത്തൊരു ക്ഷമകേടാണെനിക്ക്. ആധുനികകാലത്തെ സ്വേച്ഛാധിപത്യത്തെ ഞാൻ വെറുക്കുന്നു; ബുദ്ധിശൂന്യവും ദുർബലവും  സ്വന്തം ബോദ്ധ്യങ്ങളുടെ ധൈര്യവും അതിനില്ലെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്. എന്നാൽ പുരാതനകാലത്തെ സ്വേച്ഛാധിപത്യത്തെ ഞാൻ ഉപാസിക്കുന്നു; മനുഷ്യരാശിയുടെ ഏറ്റവും പരിഷ്കൃതമായ ആവിഷ്കാരമായിട്ടാണ്‌ ഞാനതിനെ കാണുന്നത്. ഇതിനൊക്കെപ്പുറമേ സ്വപ്നജീവിയായ, മനസ്സടക്കമില്ലാത്ത, ചിട്ടയെന്നതില്ലാത്ത ഒരുത്തനുമാണു ഞാൻ. സ്മിർനായിൽ വച്ച് ഒരു മുസ്ലീമാകുന്നതിനെക്കുറിച്ച് ദീർഘമായും വളരെ ഗൌരവത്തോടെയും (ചിരിക്കരുതേ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചില നേരങ്ങളുടെ ഓർമ്മയാണ്‌ അതെനിക്ക്) ഞാൻ ആലോചിച്ചിരുന്നു. ഞാൻ ഇവിടം വിട്ട് ദൂരെയെങ്ങോ പോയി താമസമാക്കുന്ന ഒരു ദിവസം വരാൻ പോവുകയാണ്‌; എന്നെക്കുറിച്ച് പിന്നെ ഒരു വിശേഷവും നിങ്ങൾ കേൾക്കുകയില്ല. സാധാരണഗതിയിൽ മനുഷ്യരെ ഗാഢമായി സ്പർശിക്കുന്നതും, എന്നെ സംബന്ധിച്ച് അപ്രധാനവുമായതൊന്നിനെ- ശാരീരികപ്രണയമാണ്‌ ഞാൻ ഉദ്ദേശിക്കുന്നത്- ഇതിൽ നിന്നു മാറ്റിനിർത്തിയേ ഞാൻ കണ്ടിട്ടുള്ളു. നീ ഇന്നലെ ഈ വിഷയത്തിന്റെ പേരിൽ ജെ.ജെയെ കളിയാക്കുന്നതു ഞാൻ കേട്ടു: എന്റെ കാര്യം പോലെ തന്നെയാണ്‌ അയാളുടേതും. ഞാൻ സ്നേഹിക്കുകയും ഒപ്പം അനുഭവിക്കുകയും ചെയ്തതായി ഒരു സ്ത്രീയുണ്ടെങ്കിൽ അതു നീ മാത്രമാണ്‌. ഇതേ വരെ ഞാൻ സ്ത്രീകളെ ഉപയോഗപ്പെടുത്തിയിരുന്നത് മറ്റു സ്ത്രീകൾ എന്നിലുണർത്തുന്ന തൃഷ്ണകളെ ശമിപ്പിക്കാൻ വേണ്ടിയായിരുന്നു. നീ എന്നെക്കൊണ്ട് എന്റെ ചിട്ടയ്ക്ക്, എന്റെ ഹൃദയത്തിനു വിരോധം ചെയ്യിച്ചു; സ്വയം അപൂർണ്ണമായിരിക്കെ അപൂർണ്ണതയെ തേടുന്ന എന്റെ പ്രകൃതത്തിനു തന്നെയും വിരോധം ചെയ്യിച്ചു.

(ഗുസ്താവ് ഫ്ളാബേർ 1876 ആഗസ്റ്റ് 6-7ന്‌ കോലെറ്റിനെഴുതിയത്)


Saturday, November 23, 2013

ഹീനേ - ഭാഗ്യദേവത

6a00d8341c82d353ef00e54f3e58388834-800wi

 


തന്നിഷ്ടക്കാരിയാണവൾ, ഭാഗ്യദേവത,
ഒരിടത്തുമിരിപ്പുറയ്ക്കാത്തവൾ;
അവൾ നിങ്ങളുടെ നെറ്റിയിലെ മുടി മാടിയൊതുക്കുന്നു,
ഒരു ചുടുചുംബനം തന്നിട്ടിറങ്ങിയോടുന്നു.

ഭാഗ്യദോഷമെന്ന ശ്രീമതി ഇങ്ങനെയല്ല;
ദീർഘചുംബനത്തോടവൾ നിങ്ങളെ വാരിപ്പുണരുന്നു,
തനിയ്ക്കൊരു തിടുക്കവുമില്ലെന്നു പറയുന്നു,
നിങ്ങളുടെ കട്ടിൽത്തലയ്ക്കിലിരുന്നു തുന്നൽ തുടങ്ങുന്നു.


Friday, November 22, 2013

ജ്യോർജി ഇവാനോവ് - നന്നായി...

Georgy_Ivanov_(1921)


സാറെന്നൊരാളില്ലാത്തതു നന്നായി.
റഷ്യ എന്നൊന്നില്ലാത്തതു നന്നായി.
നന്നായി, ദൈവമെന്നൊരാളില്ലാത്തതും.

മഞ്ഞക്കാമല പിടിച്ച സന്ധ്യ മാത്രം.
മഞ്ഞുപരലു പോലെ നക്ഷത്രങ്ങൾ മാത്രം.
എണ്ണിയാലൊടുങ്ങാത്ത വർഷങ്ങൾ മാത്രം.

നന്നായി, യാതൊരാളുമില്ലെന്നായത്,
നന്നായി, യാതൊന്നുമില്ലെന്നായത്,
ഇത്ര നിർജ്ജീവവും ഇരുണ്ടതുമായി,

ഇതിലധികം നിർജ്ജീവമാവാനില്ലെന്നായത്,
ഇതിലധികമിരുണ്ടതാവാനില്ലെന്നായത്,
നമ്മെത്തുണയ്ക്കാനാരുമില്ലെന്നായത്,
ആരുടെ തുണ കൊണ്ടും കാര്യമില്ലെന്നായത്.

(1930)


ജ്യോർജി ഇവാനോവ്(1894-1958)- റഷ്യൻ മിനിമലിസ്റ്റ് കവി.

Thursday, November 21, 2013

അബ്രാഹം ഇബ്ൻ എസ്ര- ജാതകദോഷം

17-Abraham-Ibn-Ezra



ഞാൻ ജനിച്ച നാൾ നക്ഷത്രങ്ങൾക്കു ഭ്രമണം തെറ്റി!
മെഴുകുതിരി വിറ്റു ജീവിക്കാമെന്നു വച്ചാൽ
ഞാൻ മരിക്കും വരെയും സൂര്യനസ്തമിക്കുകയില്ല!
ജീവിതവിജയത്തിനായി ഞാൻ യത്നിച്ചതു വെറുതെ:
നക്ഷത്രങ്ങളെന്നോടു കള്ളക്കളിയെടുക്കുകയായിരുന്നു.
ശവക്കോടി വില്ക്കാമെന്നു വച്ചാൽ
എന്റെ ആയുസ്സിൽ പിന്നെ ആരും മരിക്കുകയില്ല!
ഇനി ആയുധങ്ങൾ വില്ക്കാമെന്നു വച്ചാലോ,
നിത്യവൈരികൾ യുദ്ധമില്ലാക്കരാറൊപ്പു വയ്ക്കുകയും ചെയ്യും!


(റബ്ബി അബ്രാഹം ബൻ മെയിർ ഇബ്ൻ എസ്ര (1089-1164)- മദ്ധ്യകാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ ഹീബ്രു പണ്ഡിതരിൽ ഒരാൾ.)


അവ്റാഹം ബൻ ഷ്മുവേൽ - എന്റെ ചോരയ്ക്കു പക വീട്ടാൻ

Cole_03_body



എന്റെ ചോരയ്ക്കു പക വീട്ടാനാരേ വിളിച്ചു ഞാൻ കരയും,
എന്റെ സ്വന്തം കൈകളാണെന്റെ ചോര വീഴ്ത്തിയതെന്നിരിക്കെ?


എന്നെ വെറുത്തവരുടെ ഹൃദയങ്ങൾ ഞാൻ തുറന്നുകണ്ടു,
എന്റെ ഹൃദയത്തോളമെന്നെ വെറുത്തവരാരുമില്ലെന്നും ഞാൻ കണ്ടു.

ശത്രുവിന്റെ വെട്ടും കുത്തും കഠിനങ്ങൾ തന്നെയായിരുന്നു,
എന്റെ ആത്മാവേല്പിച്ച പ്രഹരം പക്ഷേ, അതിലും പ്രബലമായിരുന്നു.


ദുഷ്ടാത്മാക്കളെന്നെ നാശത്തിലേക്കു വശീകരിച്ചിരുന്നു,
അതിലുമേറെയായിരുന്നില്ലേ, സ്വന്തം കണ്ണുകളുടെ വശീകരണങ്ങൾ?


അഗ്നിപരീക്ഷണങ്ങളായിരുന്നു ജീവിച്ച ജീവിതമൊക്കെയും,
സ്വന്തം തൃഷ്ണ പോലെന്നാലൊന്നുമെന്നെ എരിയിച്ചുമില്ല.


കെണികളിലും വലകളിലും ഞാൻ കുടുങ്ങിപ്പോയിരുന്നു,
എന്നാലെന്റെ നാവു പോലൊന്നുമെന്നെ കുടുക്കിയതുമില്ല.


പാമ്പുകളെന്നെ കടിച്ചിരുന്നു, തേളുകൾ കുത്തിയിരുന്നു,
ഉടലിലാഴ്ന്നിറങ്ങിയതു പക്ഷേ, എന്റെ സ്വന്തം പല്ലുകളായിരുന്നു.


പടയാളികളതിവേഗത്തിലെന്നെ അനുധാവനം ചെയ്തിരുന്നു,
സ്വന്തം കാലടികൾ പോലാരുമെന്റെ പിന്നാലെ പാഞ്ഞിരുന്നില്ല.


ഉത്കണ്ഠകൾ വളർന്നുവളർന്നു ഞാനതിലാണ്ടുമുങ്ങിയിരുന്നു,
അതിലുമേറെ ശോകം സ്ഥൈര്യം കൊണ്ടു ഞാനനുഭവിച്ചിരുന്നു.


ഏറെയാണെന്റെ ഹൃദയത്തിന്റെ കദനങ്ങൾ,
അതിലുമധികമാണു ഞാൻ ചെയ്ത പാപങ്ങൾ...


എങ്കിലാരെ നോക്കി ഞാൻ കരയും - ആരെ ഞാൻ പഴിക്കും?
എന്നെ സംഹരിക്കാനുള്ളവർ പുറത്തുവരുന്നതെന്നിൽ നിന്നുതന്നെ.


ജീവിതത്തിൽ ഞാൻ കണ്ടതൊന്നിനുമാവില്ല,
നിന്റെ കാരുണ്യമെന്ന അഭയത്തിൽ നിന്നെന്നെത്തടയാൻ.


ക്ഷീണിച്ച ഹൃദയങ്ങൾക്കു മേൽ നിന്റെ ദാക്ഷിണ്യമെറിയൂ,
തമ്പുരാനേ, കൃപയുടെ സിംഹാസനമേറിയവനേ.


(പതിമൂന്നാം നൂറ്റാണ്ടിൽ സ്പെയിനിൽ ജീവിച്ചിരുന്ന ഈ ഹീബ്രു കവിയെക്കുറിച്ച് അധികമൊന്നും അറിയില്ല.)











Wednesday, November 20, 2013

റൂമി - ശൂന്യത



അജ്ഞത ദൈവത്തിന്റെ തടവറ. 
ജ്ഞാനം ദൈവത്തിന്റെ കൊട്ടാരം. 
നാമുറങ്ങുന്നതു ദൈവത്തിന്റെ ആലിംഗനത്തിൽ, 
നാമുണരുന്നതു ദൈവത്തിന്റെ മലർന്ന കൈയിൽ. 

നാം കരയുമ്പോഴതു ദൈവത്തിന്റെ മഴ, 
നാം ചിരിക്കുമ്പോഴതു ദൈവത്തിന്റെ മിന്നല്പിണർ. 
നമ്മുടെ യുദ്ധങ്ങളും സമാധാനങ്ങളും 
രണ്ടും നടക്കുന്നതു ദൈവത്തിനുള്ളിൽ. 

ആരാണു നാമപ്പോൾ, 
ഈ ലോകമെന്ന നൂലാമാലയിൽ? 
ആരുമല്ല, 
വെറും ശൂന്യത!

Tuesday, November 19, 2013

റൂമി - യാത്രകൾ നല്ലതാണ്‌



ദേവദാരുവിനൊരാമയുടെ കാലെങ്കിലുമുണ്ടായിരുന്നെങ്കിൽ, 
ഒരു കുഞ്ഞിക്കിളിയുടെ ചിറകെങ്കിലുമുണ്ടായിരുന്നെങ്കിൽ 
മഴു വീഴുന്നതും കാത്തതു നിൽക്കുമായിരുന്നോ? 
ഭൂമിക്കടിയിൽ സൂര്യന്റെ രാത്രിസഞ്ചാരം നിങ്ങൾക്കറിയുന്നതല്ലേ? 
അതില്ലായിരുന്നുവെങ്കിൽ പിറ്റേന്നതികാലത്ത് പ്രകാശത്തിന്റെ പ്രളയമെങ്ങനെയുണ്ടാവാൻ? എന്തതിശയവേഗത്തിലാണുപ്പുവെള്ളം മാനത്തു പിടിച്ചുകയറുന്നതെന്നു നിങ്ങൾ കണ്ടിട്ടുള്ളതല്ലേ? അതങ്ങനെ ചെയ്തിട്ടല്ലേ നിങ്ങളുടെ ചോളപ്പാടത്തിനു ദാഹം തീരാൻ മഴ പെയ്യുന്നതും? 
അടുത്തെങ്ങാൻ നിങ്ങൾ ജോസഫിനെക്കുറിച്ചോർത്തുനോക്കിയിട്ടുണ്ടോ? 
കണ്ണീരോടെയല്ലേ അവൻ തന്റെ പിതാവിനെ പിരിഞ്ഞത്? 
സ്വപ്നങ്ങൾ വായിക്കാൻ പഠിച്ചിട്ടല്ലേ അവൻ തിരികെ വന്നതും? 
നിങ്ങൾ, നിങ്ങൾക്കാവില്ല സ്വദേശം വിട്ടുപോകാനെങ്കിൽ 
തന്നിലേക്കു തന്നെയൊന്നു യാത്ര ചെയ്യെന്നേ! 
ഒരു മാണിക്യഖനിയല്ലേ നിങ്ങൾ, സൂര്യന്റെ പാരിതോഷികങ്ങൾക്കു ഭാജനമാകൂ! 
നിങ്ങളൊരാണാണെങ്കിൽ തനിക്കുള്ളിലെ പുരുഷനിലേക്കു യാത്ര ചെയ്യൂ! 
നിങ്ങളൊരു പെണ്ണാണെങ്കിൽ തനിക്കുള്ളിലെ സ്ത്രീയിലേക്കു യാത്ര ചെയ്യൂ! 
അമ്മാതിരിയൊരു യാത്രയ്ക്കൊടുവിലേ മണ്ണ് പൊന്നിരിക്കുന്നൊരിടമാകൂ! 
അതിനാൽ ദൂരെക്കളയുക പരിഭവങ്ങൾ, ആത്മാനുകമ്പയും മരണവാഞ്ഛയും. 
കനികളെത്രയാണ്‌ കയ്പിൽ നിന്നിനിപ്പിലേക്കു രക്ഷപ്പെടുന്നതെന്നു 
നിങ്ങൾക്കിനിയും ബോദ്ധ്യമായിട്ടില്ലേ? 
മാധുര്യത്തിനു നല്ലൊരുറവിടമത്രേ നല്ലൊരു ഗുരു. 
എന്റെ ഗുരുവിനു പേര്‌ ഷംസ് എന്നും. 
ഫലങ്ങൾ സുന്ദരമാകുന്നതു സൂര്യവെളിച്ചത്തിലെന്നുമറിയുക.

പ്രണയലേഖനങ്ങൾ(8)- വിക്തോർ യൂഗോ



പ്രിയപ്പെട്ടവളേ, 
എത്ര കാലമെടുത്തായാലും ഒരാൾക്കൂട്ടത്തിനിടയിൽ അന്യോന്യം തേടിനടന്ന രണ്ടാത്മാക്കൾ ഒടുവിൽ തമ്മിൽ കണ്ടെത്തുമ്പോൾ ഒരൈക്യം, അവരെപ്പോലെ തന്നെ വിശുദ്ധവും ആഗ്നേയവുമായ ഒരൈക്യം ഭൂമിയിൽ ജന്മമെടുക്കുകയാണ്‌, സ്വർഗ്ഗത്തിന്റെ നിത്യതയിൽ പിന്നെയതു തുടർന്നുപോവുകയാണ്‌. 

ഈ ഐക്യമാണ്‌ പ്രണയം, യഥാർത്ഥപ്രണയം...പ്രണയഭാജനം ദൈവമായ ഒരു മതം; ആത്മാർപ്പണവും വൈകാരികതയുമാണ്‌ അതിനു ജീവൻ കൊടുക്കുന്നത്; ത്യാഗങ്ങളെത്ര വലുതാകുന്നുവോ, അത്രയും ആനന്ദമാണതിനു കിട്ടുന്നത്.

നീ എന്നിൽ അങ്കുരിപ്പിക്കുന്ന പ്രണയം ഇങ്ങനെയൊന്നാണ്‌. മാലാഖമാരുടെ നൈർമല്ല്യത്തോടെയും തീവ്രതയോടെയും പ്രണയിക്കും വിധമാണ്‌ നിന്റെ ആത്മാവിന്റെ സൃഷ്ടി; മറ്റൊരു മാലാഖയെ മാത്രമേ അതിനു പ്രേമിക്കാനാവൂ എന്നും വരാം; അങ്ങനെയെങ്കിൽ വിപൽശങ്ക കൊണ്ടു ഞാൻ വിറ കൊള്ളുകയും വേണം.

എന്നുമെന്നും നിന്റെയായ,
വിക്തോർ യൂഗോ
1821

വിക്തോർ യൂഗോ അഡെല ഫൌച്ചെറിനെഴുതിയ കത്ത്



യൂദാ അൽ-ഹാരിസി - മൂന്നു കവിതകൾ



സൂര്യൻ

ഭൂമിക്കു മേൽ ചിറകു വിരുത്തിയ
സൂര്യനെ നോക്കൂ.
വേരുകളാകാശത്തും
മണ്ണിൽ ചില്ലകളുമായി
ഒരു മഹാവൃക്ഷം.


വീണ

പെൺകിടാവിന്റെ കൈകളിൽ
വീണ പാടുന്നതു കേൾക്കൂ:
അമ്മയുടെ കൈകളിൽ കിടന്നു
കുഞ്ഞു കരയുമ്പോലെ:
അവൻ കരയുമ്പോൾ
ചിരിച്ചുകൊണ്ടു പാടുകയാണവൾ!


മിന്നൽ

മേഘങ്ങളെ നോക്കി
മിന്നല്പിണർ പൊട്ടിച്ചിരിക്കുന്നു,
തളർച്ചയറിയാത്ത പടയാളിയെപ്പോലെ.
അഥവാ, ഉറക്കം തൂങ്ങുന്ന രാത്രികാവല്ക്കാരനെപ്പോലെ:
അയാൾ ഒരു നിമിഷം ഒരു കണ്ണു തുറക്കുന്നു,
പിന്നെയതടയ്ക്കുന്നു.

യൂദാ അൽ-ഹാരിസി(1160-1230)- നിത്യസഞ്ചാരിയായ ഹീബ്രു കവിയും പണ്ഡിതനും. 



Monday, November 18, 2013

പ്രണയലേഖനങ്ങൾ (7)- ബീഥോവൻ



കിടക്കയിലായിരിക്കുമ്പോൾ പോലും എന്റെ ചിന്തകൾ നിന്നിലേക്കു കുതിച്ചെത്തുകയാണല്ലോ, എന്റെ നിത്യകാമുകീ; ആഹ്ളാദത്തോടെ ചിലപ്പോൾ, പിന്നെ സന്താപത്തോടെ, വിധി നമ്മുടെ പ്രാർത്ഥന കേൾക്കുമോയെന്നുള്ള ആകാംക്ഷയോടെ. ജീവിതത്തെ നേരിടണമെന്നുണ്ടെങ്കിൽ എനിക്കു നിന്നോടൊത്തു ജീവിച്ചേ മതിയാവൂ, അല്ലെങ്കിൽ ഒരിക്കലും ഞാൻ നിന്നെ കാണുകയുമരുത്. എനിക്കു നിന്റെ കൈകളിലേക്കോടിയെത്താൻ, എന്റെ വീടു ഞാനവിടെക്കണ്ടു എന്നു പറയാൻ, ആത്മാവുകളുടെ ധന്യദേശത്തെത്തിക്കാൻ എന്റെ ആത്മാവിനെ ഞാൻ നിന്നെയേല്പിച്ചു എന്നു പറയാൻ എനിക്കാവുന്ന കാലം വരെയ്ക്കും വിദൂരദേശങ്ങളിൽ അഭയാർത്ഥിയായി അലഞ്ഞുനടക്കാൻ ഞാൻ തീരുമാനമെടുത്തിരിക്കുന്നു. അതെ, എനിക്കു സങ്കടമാണതെങ്കിലും അതങ്ങനെയാവാതെ പറ്റുകയുമില്ല. എത്ര വിശ്വസ്തനാണു ഞാൻ നിന്നോടെന്നു നിനക്കു മനസ്സിലായി വരുമ്പോൾ നിന്റെ മനസ്സ് അതിന്റെ വിഷമങ്ങളെ അതിജീവിച്ചുകൊള്ളും; ഒരിക്കലും, ഒരിക്കലുമാവില്ല മറ്റൊരു പെണ്ണിന്‌ എന്റെ ഹൃദയം കവരാൻ- ഒരാൾ താൻ അത്രമേൽ സ്നേഹിക്കുന്നതൊന്നിൽ നിന്നകലെപ്പോകണമെന്നുണ്ടായതെന്തിനാലാണു ദൈവമേ! എന്നാലും വി(യന്ന)യിലെ എന്റെ ഇപ്പോഴത്തെ ജീവിതം ഒരു ദുരിതജീവിതം തന്നെ- നിന്റെ പ്രേമത്താൽ മനുഷ്യരിൽ വച്ച് ഏറ്റവും സന്തുഷ്ടനും അസന്തുഷ്ടനുമായിരിക്കുകയാണു ഞാൻ. ജീവിതത്തിന്‌ ഒരു സ്ഥിരതയും ക്രമവും വേണ്ട പ്രായം ഞാൻ എത്തിയിരിക്കുന്നു. പക്ഷേ നമ്മുടെ ബന്ധവും അതുമായി ഒത്തുപോകുമോ? ദേവീ, തപാൽ എന്നും എടുക്കുന്നുണ്ടെന്ന് ഇതാ ഇപ്പോൾത്തന്നെ ഞാൻ കേട്ടു; പെട്ടെന്നുതന്നെ കത്തു നിനക്കു കിട്ടണമെന്നുള്ളതിനാൽ എനിക്കിതു ചുരുക്കേണ്ടിയിരിക്കുന്നു- ശാന്തയായിരിക്കുക; ശാന്തമായ പര്യാലോചന കൊണ്ടേ ഒരുമിച്ചുജീവിക്കുക എന്ന ലക്ഷ്യം നേടിയെടുക്കാൻ നമുക്കു കഴിയൂ. ശാന്തയായിരിക്കുക- എന്നെ സ്നേഹിക്കുക- ഇന്ന്- ഇന്നലെ. കണ്ണീരോടെ ഞാൻ ആർത്തിപ്പെടുന്നു- നിനക്കായി- എന്റെ പ്രാണനായ- എന്റെ എല്ലാമായ- നിനക്കായി. വിട, ഇത്രയും വിശ്വസ്തമായ ഒരു കാമുകഹൃദയത്തെ ഒരിക്കലും സംശയിക്കരുതേ.


എന്നും നിന്റെയായ
എന്നും എന്റെയായ
എന്നും നമ്മുടെയായ

എൽ.

ലുഡ് വിഗ് വാൻ ബീഥോവന്റെ മരണശേഷം കണ്ടെടുത്ത ഈ കത്തിൽ ആ ‘നിത്യകാമുകി’യുടെപേരോ വിലാസമോ ഒന്നുമില്ല; വർഷം പോലും വച്ചിട്ടില്ല. ജൂലൈ 7നാണ്‌ എഴുതിയത് എന്നുമാത്രം നമുക്കറിയാം. 


ബര്‍ത്തോള്‍ട് ബ്രഷ്റ്റ് – ജനങ്ങള്‍ക്ക്‌ പിശകില്ലേ?

bertolt brecht

1. എന്റെ ഗുരുനാഥന്‍, 
അദ്ദേഹം മഹാനായിരുന്നു, ദയാലുവായിരുന്നു, 
അദ്ദേഹത്തെ വെടി വെച്ചു കൊന്നിരിക്കുന്നു; 
ജനകീയകോടതി അദ്ദേഹത്തെ ചാരനെന്ന് വിധിക്കുകയായിരുന്നു. 
ശപ്തമാണദ്ദേഹത്തിന്റെ പേരിപ്പോള്‍
അദ്ദേഹത്തിന്റെ പുസ്തകങ്ങളൊക്കെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. 
അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നതേ സംശയമുണര്‍ത്തും, 
അങ്ങനെയുള്ള സംസാരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യും. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

2. ജനങ്ങളുടെ സന്തതികള്‍ അദ്ദേഹത്തെ കുറ്റക്കാരനെന്നു വിധിച്ചു. 
ലോകത്തെ ഏറ്റവും ധീരോദാത്തമായ സ്ഥാപനങ്ങള്‍ , 
കൂട്ടുകൃഷിക്കളങ്ങളും വ്യവസായശാലകളും അദ്ദേഹത്തെ ശത്രുവെന്ന് കണ്ടു. 
അദ്ദേഹത്തിനു വേണ്ടി സംസാരിക്കാന്‍ ഒരാളുമുണ്ടായിരുന്നില്ല. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

3. ജനങ്ങള്‍ക്ക്‌ ശത്രുക്കള്‍ അനവധിയാണ്. 
ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ ശത്രുക്കളാണ്.
ഏറ്റവും ഉപയോഗപ്രദമായ പരീക്ഷണശാലകളിലിരിക്കുന്നവര്‍ ശത്രുക്കളാണ്.
ഭൂഖണ്ഡങ്ങള്‍ക്കുപകരിക്കാനായി അവര്‍ കനാലുകളും അണക്കെട്ടുകളും പണിയുന്നു, 
അണക്കെട്ടുകള്‍ തകര്‍ന്നു പോവുന്നു, കനാലുകള്‍ തൂര്‍ന്നുപോകുന്നു. 
അപ്പോള്‍ അതിനു ചുമതലക്കാരനെ വെടിവെച്ചുകൊല്ലണം. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

4. ശത്രു വേഷം മാറി നടക്കുന്നവനാണ്. 
പണിക്കാരുടെ തൊപ്പി വലിച്ചു കണ്ണിനു മേലിട്ടവന്‍ നടക്കുന്നു. 
അയാളുടെ സുഹൃത്തുക്കള്‍ക്കയാള്‍ സ്ഥിരോത്സാഹിയായ പണിക്കാരനായിരുന്നു. 
അയാളുടെ ഭാര്യ അയാളുടെ ചെരുപ്പെടുത്ത് അതിലെ തുളകള്‍ കാണിച്ചു തരുന്നു: 
ജനസേവനത്തിനായി തേഞ്ഞുപോയവയാണവ. 
എന്നാലും അയാള്‍ ശത്രു തന്നെ. 
എന്റെ ഗുരുനാഥന്‍ അങ്ങനെയൊരാളായിരുന്നോ? 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

5. ജനകീയക്കോടതിയില്‍ വിധി കല്‍പ്പിക്കാനിരിക്കുന്ന ശത്രുക്കളെക്കുറിച്ച് സംസാരിക്കുക അപകടകരമാണ്, 
എന്തെന്നാല്‍ കോടതികളുടെ പദവിയെ ചോദ്യം ചെയ്യരുതല്ലോ. 
കുറ്റം സംശയാതീതമായി തെളിയിക്കുന്ന രേഖകളെവിടെ എന്ന് ചോദിക്കുന്നത് കൊണ്ട് ഫലമില്ല, 
കാരണം അങ്ങനെയുള്ള രേഖകള്‍ ഉണ്ടാകണമെന്നില്ല. 
കുറ്റവാളികള്‍ക്കു തങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കാന്‍ തെളിവുകള്‍ കൈവശമുണ്ടാവും. 
നിരപരാധികള്‍ക്കു പലപ്പോഴും തെളിവുകളുണ്ടാവില്ല. 
മൗനം ഭജിക്കുന്നതാണോ അപ്പോള്‍ നല്ലത്? 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

6. അയ്യായിരം പേര്‍ പണിതുയര്‍ത്തിയത് തകര്‍ക്കാന്‍ ഒരാള്‍ മതി. 
കുറ്റം ചുമത്തിയ അമ്പതു പേരില്‍ ഒരാള്‍ കുറ്റം ചെയ്യാത്തവനാവും. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

7. ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കില്‍ 
മരണത്തിലേക്കു നടക്കുമ്പോള്‍ എന്തായിരുന്നിരിക്കും അദ്ദേഹത്തിന്റെ മനസ്സി?

(സ്റ്റാലിൻ ഭരണകാലത്ത് ശുദ്ധീകരണപ്രക്രിയയുടെ ഭാഗമായി നടന്ന സെർജി ടെർടിയാക്കോവിന്റെ വധമാണ്‌ ഈ കവിതയുടെ പ്രമേയം. 1920ൽ ചൈനയിൽ പഠിപ്പിക്കുകയും ചൈനയെക്കുറിച്ചു റിപ്പോർട്ടുകളും സ്ക്രിപ്റ്റുകളും തയാറാക്കുകയും ചെയ്ത ടെർടിയാക്കോവിനെ ചാരനെന്ന സംശയത്തിലാണ്‌ 1937ൽ വിചാരണ ചെയ്ത് വധിക്കുന്നത്. ബ്രെഷ്റ്റിന്റെ ഈ കവിത 1964ലാണ്‌ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.)

തദേവുഷ് റോസെവിച്ച് - മരംവെട്ടൽ




വളരുന്നൊരാകാംക്ഷ
മരത്തലപ്പുകളിൽ പടരുന്നു
ഉന്മൂലനത്തിന്റെ വെളുത്ത വര കൊണ്ടു
വീഴ്ത്താനടയാളപ്പെടുത്തിയ ഒരു മരം
അപ്പോഴും ശ്വാസമെടുക്കുന്നുണ്ടായിരുന്നു
അതിന്റെ ചില്ലകളും കൊമ്പുകളും
പാഞ്ഞുപോകുന്ന മേഘങ്ങളിൽ അള്ളിപ്പിടിക്കുന്നുണ്ടായിരുന്നു
മരണമാസന്നമെന്നറിഞ്ഞ ഇലകൾ
വിറയ്ക്കുകയും വാടുകയും ചെയ്തു
മരങ്ങൾക്കു തീറ്റ തേടി
ഒരിടം വിട്ടിനിയൊരിടത്തേക്കു പോകാനാവില്ല
വളരുന്നൊരാകാംക്ഷ
മരത്തലപ്പുകളിൽ പടരുന്നു
ചടങ്ങുകളില്ലാത്ത വധശിക്ഷയാണ്‌
മരം വെട്ടൽ
മരപ്പൊടി ചവച്ചുതുപ്പിക്കൊണ്ട്
യന്ത്രവാൾ മിന്നൽ പോലെ കയറുന്നു
തൊലിയിൽ വെള്ളയിൽ കാതലിൽ
വശം ചരിഞ്ഞതു താഴെ വീഴുന്നു
കനത്ത ഭാരവുമായി
അടിക്കാടിലേക്കതു വീഴുന്നു
ചെടികളെ നേർത്ത പുൽനാമ്പുകളെ
വിറ കൊള്ളുന്ന ചിലന്തിവലകളെയതു ചതയ്ക്കുന്നു
മരത്തോടൊപ്പം അതിന്റെ തണലിനെയും
അവർ നശിപ്പിച്ചുകളഞ്ഞു
സൂര്യന്റെയും ചന്ദ്രന്റെയും വെളിച്ചങ്ങളിൽ
സുതാര്യവും അതാര്യവുമായ ചിഹ്നങ്ങളെ
സ്വധർമ്മനിരതരായ വേരുകൾക്കൊരു സൂചന പോലും കിട്ടിയിട്ടില്ല
തടിയും തലപ്പും തങ്ങൾക്കു നഷ്ടപ്പെട്ടുവെന്ന്
പതിയെപ്പതിയെ
മരത്തിന്റെ ഉപരിതലമരണം
നിലത്തിനടിയിലേക്കെത്തുന്നു
അയല്ക്കാരായ മരങ്ങളുടെ വേരുകൾ
അന്യോന്യം തേടിയെത്തുന്നു
ബന്ധങ്ങളിൽ വേഴ്ചകളിലേർപ്പെടുന്നു
മനുഷ്യരും ജന്തുക്കളുമൊഴിച്ചാൽ
ദേവകളുടെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട
സചേതനജീവികൾ
മരങ്ങൾ
അവയ്ക്കു നമ്മിൽ നിന്നൊളിക്കാനാവില്ല
നോവറിയാതെ ക്ളിനിക്കുകളിൽ പിറന്നവർ
ഡിസ്കോത്തെക്കുകളിൽ മുതിർന്നവർ
കൃത്രിമവെളിച്ചവും ശബ്ദവും കൊണ്ടകന്നുമാറിയവർ
ടീ വീ സ്ക്രീനുകളിൽ വായ പൊളിച്ചുനോക്കിയിരിക്കുന്നവർ
നാം മരങ്ങളോടു സംസാരിക്കാറില്ല
നമ്മുടെ ബാല്യത്തിലെ മരങ്ങൾ
വെട്ടിവീഴ്ത്തിയവ ചുട്ടെരിച്ചവ വിഷം കുത്തിവച്ചവ ഉണങ്ങിക്കരിഞ്ഞവ
നമ്മുടെ തലയ്ക്കു മേൽ
മേയ്മാസത്തിലവ പച്ചയ്ക്കുന്നു
നവംബറിൽ കുഴിമാടങ്ങൾക്കു മേൽ ഇല കൊഴിക്കുന്നു
മരണം വരെ നമുക്കുള്ളിൽ വളരുന്നു

1981



Thursday, November 14, 2013

ഗെയ്ഥെ - മീനോൺ

HB_7661-2_Mignon_Detail__459x600_

 


നാരകങ്ങൾ പൂവിടുന്നൊരു നാടു നിനക്കറിയുമോ,
ഇരുൾപ്പച്ചയിലകൾക്കിടയിൽ പൊന്മധുരനാരങ്ങകൾ തിളങ്ങുന്നൊരിടം?
നീലാകാശത്തു നിന്നൊരിളംതെന്നൽ വീശുന്നൊരിടം?
കൊളുന്തുകളൊതുങ്ങിനില്ക്കുന്നൊരിടം,
വാകമരങ്ങൾ മാനം മുട്ടിനില്ക്കുന്നൊരിടം?
നിനക്കതറിയുമോ?
അവിടെ ഹാ, എന്റെ പ്രിയനേ,
നിന്നോടൊത്തു പോകാൻ ഞാൻ കൊതിക്കുമിടമവിടെ!

അവിടെയൊരു വീടു നിനക്കറിയുമോ?
തൂണുകൾ നിരയിട്ടു മേല്ക്കൂരയെ താങ്ങുമവിടെ,
ഇടനാഴിക്കിരുപുറവും മുറികൾ മിന്നുമവിടെ
വെണ്ണക്കൽപ്രതിമകളെന്നെയുറ്റുനോക്കിക്കൊണ്ടു ചോദിക്കും:
“എന്റെ കുഞ്ഞേ, നിന്നോടവരെന്തിനിതു ചെയ്തു?”
നിനക്കതറിയുമോ?
അവിടെ, ഹാ, എന്റെ രക്ഷകാ,
നിന്നോടൊത്തെനിക്കു പോകേണ്ടതവിടെ!

ആ മലനിരകൾ നിനക്കറിയുമോ,
ചുരമിറങ്ങിവരുന്ന മേഘങ്ങളും?
മഞ്ഞിറങ്ങിയ മലമ്പാതകളിൽ കുതിരകൾ കാലു പെറുക്കിവയ്ക്കുന്നതവിടെ,
പ്രാക്തനഗുഹകളിൽ വ്യാളികളടയിരിക്കുന്നതവിടെ,
കൂർത്ത പാറക്കെട്ടുകളെ ചോലകൾ മിനുസപ്പെടുത്തുന്നതവിടെ.
നിനക്കതറിയുമോ?
അവിടെയ്ക്കാണെന്റെ പിതാവേ,
എനിക്കും നിനക്കും പോകേണ്ടതും!


(1795-96ൽ ഇറങ്ങിയ “വിൽഹെം മെയ്സ്റ്റെറുടെ വിദ്യാഭ്യാസം” എന്ന നോവലിലെ നായികയായ മീനോണിന്റെ നാലു ഗാനങ്ങളിൽ ഒന്ന്)

Tuesday, November 12, 2013

കാഫ്ക – തിരസ്കാരം

0-yG3Vwzl3JrrZwz_O link to image

ഞങ്ങളുടെ കൊച്ചുപട്ടണം അതിർത്തിയിലല്ല കിടക്കുന്നത്, അതിനടുത്തെങ്ങുമല്ല; അതിർത്തിയിൽ നിന്നു വളരെ വളരെയകലെയാണത്. ഞങ്ങളുടെ പട്ടണത്തിൽ നിന്ന് ഒരാളു പോലും അവിടെ പോയിട്ടില്ല എന്നതാണു വാസ്തവം. ഫലഭൂയിഷ്ടമായ വിശാലസമതലങ്ങളെന്ന പോലെ ഊഷരമായ പീഠഭൂമികളും താണ്ടി വേണം അവിടെയെത്താൻ. അങ്ങോട്ടുള്ള വഴിയുടെ ഒരു ഭാഗം മനസ്സിൽ കാണുമ്പോൾത്തന്നെ നിങ്ങൾ തളർന്നുപോവുകയാണ്‌; അതിലധികമാവട്ടെ മനസ്സിൽ കാണാൻ തന്നെ കഴിയുകയുമില്ല. പോകുന്ന വഴിയിലുണ്ട് വലിയ വലിയ പട്ടണങ്ങളും; ഓരോന്നും ഞങ്ങളുടേതിനെക്കാൾ എത്രയോ വലുതും. ഞങ്ങളുടേതു പോലത്തെ പത്തു കൊച്ചുപട്ടണങ്ങൾ അടുപ്പിച്ചടുപ്പിച്ചു വച്ചിട്ട് അതിനു മേൽ വേറേ പത്തു കൊച്ചുപട്ടണങ്ങൾ അടുക്കിവച്ചാൽ അതു പോലും ജനനിബിഡമായ ഈ പെരുംനഗരങ്ങളിൽ ഒന്നിനു സമമാവില്ല. നിങ്ങൾക്കവിടെയ്ക്കുള്ള വഴി തെറ്റിപ്പോയില്ലെന്നിരിക്കട്ടെ, ഈ നഗരങ്ങളിൽ നിങ്ങൾ വഴി തെറ്റി അലയുമെന്നുള്ളതു തീർച്ച; അവയെ ഒഴിവാക്കിപ്പോവുക എന്നതാവട്ടെ, അവയുടെ വലിപ്പം കാരണം അസാദ്ധ്യവും.

പക്ഷേ അതിർത്തിയെക്കാൾ ഞങ്ങളുടെ പട്ടണത്തിൽ നിന്നു ദൂരെക്കിടക്കുന്നത് (ഇങ്ങനെയുള്ള ദൂരങ്ങളെ താരതമ്യപ്പെടുത്താൻ പറ്റുമെങ്കിലുള്ള കാര്യമാണു പറയുന്നത് - മുന്നൂറു വയസ്സുള്ള ഒരാൾ ഇരുന്നൂറു വയസ്സുള്ള ഒരാളെക്കാൾ മൂത്തതാണെന്നു പറയുന്നപോലെയാണത്) അതിർത്തിയെക്കാൾ ഞങ്ങളുടെ പട്ടണത്തിൽ നിന്നകലെക്കിടക്കുന്നത് തലസ്ഥാനനഗരമാണ്‌. അതിർത്തിയിൽ നിന്നുള്ള വാർത്തകൾ ഇടയ്ക്കൊക്കെ ഞങ്ങൾക്കു കിട്ടാറുണ്ടെന്നിരിക്കെ, തലസ്ഥാനത്തെക്കുറിച്ച് ഞങ്ങൾ യാതൊന്നും അറിയുന്നില്ല എന്നു പറയേണ്ടിവരുന്നു; ഞങ്ങൾ സാധാരണപൌരന്മാരുടെ കാര്യമാണു പറയുന്നത്; സർക്കാരുദ്യോഗസ്ഥന്മാർക്കു തലസ്ഥാനവുമായി എന്തായാലും വളരെ അടുത്ത ബന്ധങ്ങളുണ്ടായിരിക്കുമല്ലോ; രണ്ടോ മൂന്നോ മാസം പോലത്ര കുറഞ്ഞ സമയം കൊണ്ട് അവർക്ക് അവിടെ നിന്നുള്ള വാർത്തകൾ കിട്ടിയേക്കാം, അങ്ങനെ അവർ അവകാശപ്പെടാറെങ്കിലുമുണ്ട്.

ഇവിടെ എടുത്തു പറയാനുള്ളത്, ഓരോ തവണ ഓർക്കുമ്പോഴും എന്നെ വിസ്മയപ്പെടുത്തുന്നതും, തലസ്ഥാനത്തു നിന്നു പുറപ്പെടുവിക്കുന്ന സകല തിട്ടൂരങ്ങൾക്കും ഞങ്ങൾ വിനീതവിധേയരായി തല കുനിച്ചുകൊടുക്കുന്നതെങ്ങനെ എന്നതാണ്‌. ഇത്ര നൂറ്റാണ്ടുകളായി ഒരു രാഷ്ട്രീയമാറ്റവും പൌരന്മാരുടെ മുൻകൈയിൽ ഇവിടെ നടന്നിട്ടില്ല. തലസ്ഥാനത്താവട്ടെ, മഹാന്മാരായ ഭരണാധികാരികൾ മാറിമാറി വന്നിരിക്കുന്നു- എന്തിന്‌, രാജവംശങ്ങൾ തന്നെ നിഷ്കാസിതമാവുകയോ വേരറുക്കപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു; പുതിയ രാജവംശങ്ങൾ ഉദയം ചെയ്തിരിക്കുന്നു; പോയ നൂറ്റാണ്ടിൽ തലസ്ഥാനനഗരം തന്നെ നശിപ്പിക്കപ്പെടുകയും പുതിയതൊന്ന് വളരെ അകലെയായി സ്ഥാപിക്കപ്പെടുകയും ചെയ്തു; പില്ക്കാലത്ത് ഇതും നശിപ്പിച്ചിട്ട് പഴയത് പുനഃസ്ഥാപിക്കുകയുമായിരുന്നു; ഇതൊന്നും പക്ഷേ, ഞങ്ങളുടെ കൊച്ചുപട്ടണത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്താൻ പ്രാപ്തമായില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥന്മാർ അവരവരുടെ ലാവണങ്ങളിൽത്തന്നെ ഉണ്ടായിരുന്നു; ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്മാർ തലസ്ഥാനത്തു നിന്നാണ്‌ വന്നിരുന്നത്, അതിലും താഴ്ന്നവർ പുറമേ നിന്നും, ഏറ്റവും കീഴ്ക്കിടയിലുള്ളവർ ഞങ്ങൾക്കിടയിൽ നിന്നും- കീഴ്നടപ്പിതായിരുന്നു, ഞങ്ങൾക്കു യോജിച്ചതും ഇതായിരുന്നു. മുഖ്യ കരം പിരിവുകാരനാണ്‌ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ; അദ്ദേഹത്തിനു കേണലിന്റെ പദവിയുണ്ട്, അദ്ദേഹം അറിയപ്പെടുന്നതും അങ്ങനെത്തന്നെ. ഇപ്പോഴത്തെയാൾക്ക് നല്ല പ്രായമായിരിക്കുന്നു; വർഷങ്ങളായി എനിക്കദ്ദേഹത്തെ അറിയാം; കാരണം, ഞാൻ കുട്ടി ആയിരിക്കുമ്പോൾത്തന്നെ അദ്ദേഹം കേണലായിരിക്കുന്നു. ആദ്യമൊക്കെ അദ്ദേഹത്തിന്റെ ഉദ്യോഗക്കയറ്റം വളരെ വേഗത്തിലായിരുന്നു; പക്ഷേ പിന്നീടദ്ദേഹത്തിനു കാര്യമായ ഉയർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. ശരിക്കു പറഞ്ഞാൽ ഞങ്ങളുടെ കൊച്ചുപട്ടണത്തിന്‌ അദ്ദേഹത്തിന്റെ പദവി തന്നെ ധാരാളമാണ്‌; അതിലുമധികമായാൽ അത് അസ്ഥാനത്താവും. അദ്ദേഹത്തെ ഓർത്തെടുക്കാൻ നോക്കുമ്പോൾ എനിക്കു കാണാം, ചന്തക്കവലയിലെ തന്റെ വീട്ടിന്റെ വരാന്തയിൽ പൈപ്പും കടിച്ചുപിടിച്ചുകൊണ്ട് അദ്ദേഹം ചാരിക്കിടക്കുന്നത്. അദ്ദേഹത്തിനു നേരേ മുകളിലായി മേല്ക്കൂരയിൽ രാജപതാക പാറിക്കളിക്കുന്നുണ്ട്. വരാന്തയുടെ ഒരു വശത്ത് (ചെറുതരം പട്ടാളപ്പരേഡൊക്കെ ഇടയ്ക്കൊക്കെ നടത്താവുന്നത്ര വലുതാണത്) തുണികൾ തോരയിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടികൾ മനോഹരമായ പട്ടുവസ്ത്രങ്ങളും ധരിച്ച് ചുറ്റിനും ഓടിക്കളിക്കുന്നുണ്ട്; അവർക്ക് ചന്തക്കവലയിലേക്കു പോകാൻ അനുവാദമില്ല, കാരണം, അവിടുത്തെ കുട്ടികൾ ഇവരുടെ നിലയ്ക്കൊത്തതായല്ല പരിഗണിക്കപ്പെടുന്നത്; എന്നാൽക്കൂടി ആ കവല അവർക്കൊരാകർഷണമാണ്‌; അതിനാൽ അവിടെയുള്ള കുട്ടികൾ വഴക്കടിക്കാൻ തുടങ്ങുമ്പോൾ ഇവർ കൈവരിക്കിടയിലൂടെ തലയിട്ട് അതിൽ പങ്കു ചേരുകയും ചെയ്യും.

അപ്പോൾ ഞാൻ പറഞ്ഞതെന്തെന്നാൽ കേണലാണ്‌ പട്ടണം ഭരിക്കുന്നത്. ആ പദവിക്കു തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലുമൊരു രേഖ അദ്ദേഹം എന്നെങ്കിലും ഹാജരാക്കിയിട്ടുള്ളതായി ഞാൻ ഓർക്കുന്നില്ല; അങ്ങനെയൊരു സംഗതി തന്റെ കൈവശം ഇല്ലെന്നു വരാനാനാണു നല്ല സാദ്ധ്യത. ഇനി ആളു ശരിക്കും മുഖ്യകരം പിരിവുകാരനാണെന്നു തന്നെ ഇരിക്കട്ടെ, അതുകൊണ്ടു പക്ഷേ, എല്ലാമായോ? ഭരണനിർവഹണത്തിന്റെ മറ്റു വകുപ്പുകളെക്കൂടി നിയന്ത്രിക്കാനുള്ള അധികാരം അതുകൊണ്ടദ്ദേഹത്തിനു സിദ്ധിക്കുന്നുണ്ടോ? സമ്മതിച്ചു, സർക്കാരിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കാര്യാലയം സുപ്രധാനമാണ്‌; പക്ഷേ പൌരന്മാർക്ക് അതു പ്രധാനമേയല്ല. ഇന്നാട്ടുകാർ ഇപ്രകാരം പറയുന്നതായി സങ്കല്പിക്കാൻ നമുക്കു തോന്നിപ്പോകും: ‘ഞങ്ങളുടെ കൈവശമുണ്ടായിരുന്നതൊക്കെ നിങ്ങൾ കൈവശപ്പെടുത്തിയ സ്ഥിതിക്ക് ഇനി ഞങ്ങളെക്കൂടിയങ്ങെടുത്തോളൂ.’ യഥാർത്ഥത്തിൽ അദ്ദേഹം അധികാരം പിടിച്ചെടുക്കുകയായിരുന്നില്ല, ആളൊരു സ്വേച്ഛാധിപതിയുമല്ല. വർഷങ്ങൾ പോയപ്പോൾ മുഖ്യകരം പിരിവുകാരൻ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായി പരിണമിക്കുകയായിരുന്നു; കേണൽ ആ കീഴ്വഴക്കം അംഗീകരിക്കുകയായിരുന്നുവെന്നേയുള്ളു, ഞങ്ങളെപ്പോലെതന്നെ.

എന്നാൽ, സ്വന്തം ഔദ്യോഗികപദവിയിൽ വേണ്ടതിലധികം ഊന്നൽ കൊടുക്കാതെയാണദ്ദേഹം ഞങ്ങൾക്കിടയിൽ ജീവിക്കുന്നതെങ്കില്ക്കൂടി, ഒരു സാധാരണപൌരനിൽ നിന്നു വളരെ വ്യത്യസ്തനാണദ്ദേഹം. എന്തെങ്കിലും അപേക്ഷയുമായി ഒരു നിവേദകസംഘം കാണാൻ ചെല്ലുമ്പോൾ അദ്ദേഹം അവിടെ നില്ക്കുന്നത് ലോകത്തിന്റെ ചുമരു പോലെയാണ്‌. അദ്ദേഹത്തിനു പിന്നിൽ ശൂന്യതയേയുള്ളു; പശ്ചാത്തലത്തിൽ ശബ്ദങ്ങൾ മന്ത്രിക്കുന്നപോലെ നമുക്കു തോന്നിയേക്കാമെങ്കിലും അതൊരു മിഥ്യാഭ്രമമാവാനേ വഴിയുള്ളു; എന്തൊക്കെയായാലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് സർവതിന്റെയും അന്ത്യമാണല്ലോ, ഞങ്ങൾക്കെങ്കിലും. ഈ തരം കൂടിക്കാഴ്ചകളിൽ ശരിക്കുമദ്ദേഹം കാണേണ്ടൊരു കാഴ്ച തന്നെ. എന്റെ കുട്ടിക്കാലത്തൊരിക്കൽ ഒരു നിവേദകസംഘം അദ്ദേഹത്തെ കാണാൻ വരുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു; പട്ടണത്തിന്റെ ഏറ്റവും ദരിദ്രമായ ഒരു പ്രദേശം തീ പിടിച്ചു നശിച്ചപ്പോൾ സർക്കാരിൽ നിന്നെന്തെങ്കിലും ആനുകൂല്യം കിട്ടുമോയെന്ന പ്രതീക്ഷയോടെയാണ്‌ അവർ വന്നത്. എന്റെ അച്ഛൻ കൊല്ലപ്പണിക്കാരനായിരുന്നു, സമൂഹത്തിൽ നല്ല വിലയൊക്കെയുള്ള വ്യക്തിയായിരുന്നു, നിവേദകസംഘത്തിൽ അദ്ദേഹവും അംഗമായിരുന്നു; പോകുമ്പോൾ അദ്ദേഹം എന്നെയും കൂടെക്കൂട്ടുകയായിരുന്നു. ഇതിൽ എടുത്തു പറയത്തക്കതായി ഒന്നുമില്ല, കാരണം, ഈ തരം കൌതുകക്കാഴ്ചകൾ കാണാൻ ആരും ഇടിച്ചുകേറുമല്ലോ; ആൾക്കൂട്ടത്തിൽ നിന്നു നിവേദകസംഘത്തെ വേർതിരിച്ചറിയാൻ തന്നെ നമ്മൾ വിഷമിക്കും. ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ വരാന്തയിലാണു സാധാരണ നടക്കുക എന്നതിനാൽ ആളുകൾ കവലയിൽ നിന്ന് ഏണികൾ ചാരിവച്ച് കൈവരിക്കു മുകളിലൂടെ നോക്കിനില്ക്കലുമുണ്ട്. ഞാൻ ഈ പറഞ്ഞ അവസരത്തിൽ വരാന്തയുടെ കാൽഭാഗത്തോളം കേണലിനായി മാറ്റിവച്ചിരുന്നു; ശേഷിച്ച ഭാഗത്ത് ആൾക്കൂട്ടം തിങ്ങിനിറഞ്ഞിരിക്കുകയാണ്‌. കുറച്ചു പട്ടാളക്കാർ ജാഗ്രതയോടെ നില്ക്കുന്നുണ്ട്; അവരിൽ ചിലർ അദ്ദേഹത്തിനു ചുറ്റുമായി ഒരു അർദ്ധവൃത്തം ചമച്ചിരിക്കുന്നു. ശരിക്കു പറഞ്ഞാൽ ഒരേയൊരു പട്ടാളക്കാരന്റെ ആവശ്യമേയുള്ളു, അത്രയ്ക്കാണ്‌ അവരോടുള്ള ഞങ്ങളുടെ പേടി. ഈ പട്ടാളക്കാർ ഏതു നാട്ടുകാരാണെന്ന് എനിക്കു കൃത്യമായിട്ടറിയില്ല; എന്തായാലും ദൂരനാട്ടുകാരാണെന്നതിൽ സംശയിക്കാനില്ല; കണ്ടാൽ ഒക്കെ ഒരേപോലെ; അവർക്കു യൂണിഫോമിന്റെ ആവശ്യം തന്നെ വരുന്നില്ല. വലിപ്പം കുറഞ്ഞവരും കരുത്തരെന്നു പറയാനില്ലാത്തവരുമാണവർ; പക്ഷേ മെയ് വഴക്ക

മുള്ളവർ. എന്നാൽ അവരെ കാണുമ്പോൾ നമ്മുടെ മനസ്സിൽ തട്ടുന്നത് വായും നിറഞ്ഞു പുറത്തേക്കു തള്ളുന്ന വിധത്തിലുള്ള ആ പല്ലുകളും, ആ ഇടുങ്ങിയ കൊച്ചുകണ്ണുകൾ ഒരു പ്രത്യേകരീതിയിൽ വെട്ടിക്കുന്നതുമാണ്‌. ഇതു കാരണം കുട്ടികൾക്കു വല്ലാത്ത പേടിയാണവരെ; അതേ സമയം അവരതിൽ ആനന്ദവും കാണുന്നുണ്ട്; ആ പല്ലുകളും ആ കണ്ണുകളും കണ്ടു പേടിക്കാനാഗ്രഹിക്കുകയാണവർ; എന്നിട്ടു വേണമല്ലോ പേടിച്ചോടിയകലാൻ. എന്തിന്‌, പ്രായമായവർക്കു പോലും ഈ ബാലിശമായ ഭീതി നശിച്ചിട്ടില്ലെന്നു വേണം പറയാൻ; ഒന്നുമല്ലെങ്കിൽ മനസ്സിന്റെ അടിത്തട്ടിൽ അതു നശിക്കാതെ കിടക്കുകയെങ്കിലും ചെയ്യുന്നുണ്ട്. തീർച്ചയായും അതിനെ പോഷിപ്പിക്കുന്ന ഘടകങ്ങൾ വേറെയുണ്ട്. ആ പട്ടാളക്കാർ സംസാരിക്കുന്നത് ഞങ്ങൾക്കു തീരെ പിടികിട്ടാത്ത ഒരു പ്രാദേശികഭാഷയാണ്‌; അവർക്കാകട്ടെ, ഞങ്ങളുടേതൊട്ടു മനസ്സിലാവുകയുമില്ല- ഇതിന്റെ മൊത്തം ഫലമെന്നു വരുന്നത് അടച്ചുപൂട്ടിയതും അടുക്കാനാവാത്തതുമാവുന്നു അവരുടെ പ്രകൃതം ഞങ്ങൾക്കെന്നതാണ്‌; മൌനികളാണല്ലോ അവർ, ഗൌരവക്കാരും കർക്കശക്കാരും. അവർ എന്തെങ്കിലും ദുഷ്ടപ്രവൃത്തി ചെയ്യുന്നു എന്നു നമുക്കു പറയാനാവില്ല; എന്നാലും തിന്മയെപ്പോലെ ഇവരെയും നമുക്കു സഹിക്കാൻ പറ്റാതെവരുന്നു. ഒരുദാഹരണം പറഞ്ഞാൽ, ഒരു പട്ടാളക്കാരൻ ഒരു കടയിൽ കയറിച്ചെല്ലുന്നു, എന്തോ ഒരു നിസ്സാരവസ്തു വാങ്ങുന്നു; എന്നിട്ടയാൾ പിന്നെ പോകാതെ കൌണ്ടറിൽ ചാരി നില്ക്കുകയാണ്‌; അവിടെ നടക്കുന്ന സംസാരമൊക്കെ അയാൾ ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്; ഒന്നും മനസ്സിലാവാതിരിക്കാനാണു സാദ്ധ്യതയെങ്കിലും ഒക്കെ മനസ്സിലാവുന്നുണ്ടെന്ന മട്ടാണയാളുടെ മുഖത്ത്. അയാൾ ഒരക്ഷരം മിണ്ടുന്നില്ല; സംസാരിക്കുന്നയാളെയും കേട്ടുനില്ക്കുന്നവരെയും ഭാവശൂന്യമായ കണ്ണുകൾ കൊണ്ടു തുറിച്ചുനോക്കി നില്ക്കുകയേ അയാൾ ചെയ്യുന്നുള്ളു; കൈ ബല്റ്റിൽ തൂക്കിയിട്ടിരിക്കുന്ന നീണ്ട കഠാരയുടെ പിടിയിലും. അരോചകമാണത്, സംസാരിക്കാനുള്ള ആഗ്രഹം തന്നെ നമുക്കു നഷ്ടപ്പെടുകയാണ്‌, കടയിൽ വന്നവർ ഇറങ്ങിപ്പോകാൻ തുടങ്ങുകയാണ്‌; ഒടുവിൽ കട ശൂന്യമാവുമ്പോൾ പട്ടാളക്കാരനും ഇറങ്ങിപ്പോകുന്നു. അങ്ങനെ, പട്ടാളക്കാർ എവിടെ പ്രത്യക്ഷപ്പെടുന്നുവോ, അവിടെ ഞങ്ങളുടെ നാട്ടുകാർ ജീവസ്സറ്റു മൌനികളായിപ്പോവുകയാണ്‌. ഇത്തവണ സംഭവിച്ചതും അതു തന്നെ. ഇങ്ങനെയുള്ള ഭവ്യമായ സന്ദർഭങ്ങളിലെന്നപോലെ കേണൽ എഴുന്നേറ്റു നിന്നു; നീട്ടിപ്പിടിച്ച കൈകളിൽ അദ്ദേഹം രണ്ടു മുളംകമ്പുകൾ ഏന്തിയിരുന്നു. താൻ നിയമത്തെ രക്ഷിക്കുന്നു, നിയമം തന്നെ രക്ഷിക്കുന്നു എന്നർത്ഥം വരുന്ന പഴയൊരാചാരമാണത്. വരാന്തയിൽ എന്താണു നടക്കാൻ പോകുന്നതെന്നു സകലർക്കുമറിയാം; എന്നാൽ ഓരോ തവണയും ആളുകൾ വീണ്ടും വിരണ്ടുപോവുകയാണ്‌. ഇത്തവണയും അപേക്ഷ വായിക്കാൻ നിയോഗിച്ച ആൾക്കു നാവു പൊന്തിയില്ല; കേണലിന്റെ മുന്നിൽ നില്ക്കുമ്പോൾ അയാളുടെ ധൈര്യമൊക്കെ ചോർന്നുപോയി; എന്തോ ഒരു ക്ഷമാപണമൊക്കെ ചുണ്ടിനടിയിൽ വച്ചു പിറുപിറുത്തുകൊണ്ട് അയാൾ ആൾക്കൂട്ടത്തിനിടയിലേക്കു പിൻവാങ്ങുകയായിരുന്നു. സംസാരിക്കാൻ പറ്റിയ ഒരാൾ മുന്നോട്ടുവന്നു കണ്ടില്ല; മുന്നോട്ടുവന്ന ചിലരാവട്ടെ, അതിനു പറ്റാത്തവരും. ആൾക്കൂട്ടത്തിനിടയിൽ വലിയൊരിളക്കമുണ്ടായി; പ്രഭാഷകരെന്നു പേരു കേട്ട ചില പൌരന്മാരെ തേടിപ്പിടിക്കാനായി ദൂതന്മാർ പോയി. ഈ സമയമത്രയും കേണൽ അവിടെ നിശ്ചേഷ്ടനായി ഒറ്റ നില്പായിരുന്നു; അദ്ദേഹത്തിന്റെ നെഞ്ചു മാത്രം ശ്വാസത്തിന്റെ താളത്തിൽ ഉയർന്നുതാണുകൊണ്ടിരുന്നു. അദ്ദേഹം ശ്വാസമെടുക്കാൻ വിമ്മിഷ്ടപ്പെടുകയായിരുന്നുവെന്നല്ല, ശ്വാസമെടുക്കുന്നത് പ്രകടമായും കാണാമായിരുന്നു എന്നുമാത്രം, തവളകളെപ്പോലെ- അവയുടെ കാര്യത്തിൽ അതു സ്വാഭാവികമാണെങ്കിൽ ഇവിടെയത് പ്രത്യേകതയാണ്‌ എന്ന വ്യത്യാസമേയുള്ളു. ഞാൻ മുതിർന്നവർക്കിടയിലൂടെ ഞെരുങ്ങിക്കയറി രണ്ടു പട്ടാളക്കാർക്കിടയിലെ വിടവിലൂടെ അദ്ദേഹത്തെയും നോക്കിക്കൊണ്ടു നിന്നു, അവരിലൊരാൾ കാൽമുട്ടു കൊണ്ട് എന്നെ തൊഴിച്ചുമാറ്റുന്നതു വരെ. ഈ നേരമായപ്പോഴേക്കും സംസാരിക്കാൻ നിയുക്തനായ ആൾ തന്റെ മനസ്സാന്നിദ്ധ്യം വീണ്ടെടുത്തു കഴിഞ്ഞിരുന്നു; രണ്ടു സഹപൌരന്മാരുടെ ബലത്ത പിടുത്തത്താൽ ഇളകാതെ നിന്നുകൊണ്ട് തന്റെ ദൌത്യം നിർവഹിക്കുകയാണയാൾ. സങ്കടകരമായ ഒരു ദൌർഭാഗ്യം വിവരിക്കുന്ന ആ ഭവ്യമായ പ്രസംഗമുടനീളം മുഖത്തൊരു മന്ദഹാസവുമായി നില്ക്കുന്ന ആ മനുഷ്യനെ കണ്ടുനില്ക്കുക വല്ലാതെ ഹൃദയത്തിൽ തട്ടുന്ന ഒന്നായിരുന്നു- കേണലിന്റെ മുഖത്ത് ചെറുതായെങ്കിലുമൊരു പ്രതികരണമുയർത്താൻ വിഫലമായി യത്നിക്കുന്ന എത്രയും എളിമപ്പെട്ടൊരു മന്ദഹാസം. ഒടുവിൽ അയാൾ അപേക്ഷ അവതരിപ്പിച്ചു- ഒരു കൊല്ലത്തെ കരമിളവു മാത്രമേ അയാൾ ചോദിച്ചുള്ളുവെന്നാണ്‌ എനിക്കു തോന്നുന്നത്; കൊട്ടാരം വക കാടുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്കുള്ള തടിയും ചോദിച്ചിട്ടുണ്ടാവാം. എന്നിട്ടയാൾ താണു വണങ്ങിയിട്ട് അല്പനേരം അങ്ങനെ തന്നെ നിന്നു; മറ്റുള്ളവരും അയാളെ അനുകരിച്ചു, കേണലും പട്ടാളക്കാരും പിന്നിൽ നില്ക്കുന്ന കുറേ ഉദ്യോഗസ്ഥന്മാരും ഒഴികെ. ഏണികളിൽ കയറിനിന്നവർ ആ നിർണ്ണായകമായ ഇടവേളയിൽ തങ്ങൾ കണ്ണില്പെടാതിരിക്കാൻ വേണ്ടി ഒന്നുരണ്ടു പടികൾ താഴെയിറങ്ങി നില്ക്കുന്നതും ഇടയ്ക്കിടെ വരാന്തയുടെ തറയ്ക്കു മുകളിലൂടെ ജിജ്ഞാസയോടെ ഒളിഞ്ഞുനോക്കുന്നതും അപഹാസ്യമായി കുട്ടിയ്ക്കു തോന്നി. ഇതല്പനേരം ഇങ്ങനെ തുടർന്നതില്പിന്നെ ഒരുദ്യോഗസ്ഥൻ, ഒരു കൊച്ചുമനുഷ്യൻ, കേണലിനു മുന്നിലേക്കു ചുവടു വച്ചു നടന്നു ചെന്നിട്ട് അദ്ദേഹത്തിന്റെ ഉയരത്തിനൊപ്പമെത്താൻ വേണ്ടി പെരുവിരലൂന്നിനില്ക്കാൻ ശ്രമിക്കുകയാണ്‌. കേണൽ, കനത്തിൽ ശ്വാസമെടുക്കുന്നുണ്ടെന്നതൊഴിച്ചാൽ അപ്പോഴും നിശ്ചേഷ്ടനായി നിന്നുകൊണ്ട് ആ ഉദ്യോഗസ്ഥന്റെ ചെകിട്ടിൽ എന്തോ മന്ത്രിച്ചു. അതു കേട്ടതും ആ കൊച്ചുമനുഷ്യൻ തന്റെ കൈ തട്ടി, എല്ലാവരും എഴുന്നേറ്റു നിന്നു. ‘നിവേദനം നിരസിച്ചിരിക്കുന്നു,’ അയാൾ പ്രഖ്യാപിച്ചു, ‘നിങ്ങൾക്കു പോകാം.’ ഒരു ഭാരമെടുത്തുമാറ്റിയ ആശ്വാസം ജനക്കൂട്ടത്തിനിടയിൽ പരന്നുവെന്നത് അനിഷേദ്ധ്യമായിരുന്നു; എല്ലാവരും പുറത്തേക്കിരച്ചിറങ്ങി. കേണൽ പിന്നെയും ഞങ്ങളെപ്പോലൊരു മനുഷ്യജീവിയായി മാറിയെന്നതിൽ ഒരാളും പ്രത്യേകശ്രദ്ധ കൊടുത്തതായി കണ്ടില്ല. അദ്ദേഹം തളർച്ചയോടെ ആ മുളംകമ്പുകൾ കൈയിൽ നിന്നു വിടുന്നതും അവ നിലത്തു വീഴുന്നതും ഉദ്യോഗസ്ഥന്മാർ വച്ചുകൊടുത്ത ഒരു ചാരുകസേരയിൽ അദ്ദേഹം ചടഞ്ഞുവീഴുന്നതും സമയം കളയാതെ പൈപ്പു വായിൽ തിരുകുന്നതും ഒരു നോട്ടത്തിൽ ഞാൻ കണ്ടു.

ഈ നടന്ന സംഭവം ഒറ്റപ്പെട്ടതല്ല. സംഗതികളുടെ സാമാന്യമായ ഗതിയാണു ഞാൻ വിവരിച്ചത്. തീർച്ചയായും ഇടയ്ക്കു വല്ലപ്പോഴുമൊക്കെ ചില നിസ്സാരപ്പെട്ട നിവേദനങ്ങൾ അനുവദിച്ചുകിട്ടുന്നുണ്ട്; അതു പക്ഷേ, കേണൽ ഉന്നതനായ ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്വന്തമായിട്ടെടുത്ത ഒരു തീരുമാനമാണെന്നും അതൊരിക്കലും സർക്കാർ അറിയരുതെന്നുമുള്ള ഒരു പ്രതീതിയാണുണ്ടാക്കുക- അതു പ്രകടമാണെന്നല്ല, പക്ഷേ നമുക്കങ്ങനെ തോന്നും. ഞങ്ങളുടെ കൊച്ചുപട്ടണത്തിൽ ഞങ്ങളറിയുന്നിടത്തോളം കേണലിന്റെ കണ്ണുകൾ തന്നെയാണു സർക്കാരിന്റെ കണ്ണുകളും എന്നതിൽ സംശയമില്ല; എന്നാല്ക്കൂടി പൂർണ്ണമായി മനസ്സിലാക്കാൻ സാദ്ധ്യമാവാത്ത ഒരന്തരം ശേഷിക്കുന്നുണ്ടെന്നും പറയേണ്ടിയിരിക്കുന്നു.

പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും ഒരു തിരസ്കാരമുണ്ടാവുമെന്നത് പൌരന്മാർക്കുറപ്പിക്കാം. ഈയൊരു തിരസ്കാരമില്ലാതെ നിങ്ങൾക്കു മുന്നോട്ടു പോവാൻ കഴിയില്ല എന്നതാണു വിചിത്രമായ വസ്തുത; അതേ സമയം തിരസ്കാരമേറ്റുവാങ്ങാനായിട്ടുള്ള ഈ ഔദ്യോഗികസന്ദർഭങ്ങൾ വെറും ചടങ്ങുകളുമല്ല. ഓരോ തവണയും പ്രതീക്ഷാനിർഭരനായും പൂർണ്ണവിശ്വാസത്തോടെയുമാണ്‌ നിങ്ങൾ അവിടെ സംബന്ധിക്കുന്നത്; ഒരു പിൻബലം കിട്ടിയിട്ടോ സന്തോഷവാനായിട്ടോ ആണു നിങ്ങൾ മടങ്ങുന്നതെന്നു പറയാൻ പറ്റില്ലെങ്കിൽക്കൂടി നിങ്ങൾക്കു നിരാശയില്ല, ക്ഷീണിതനുമല്ല നിങ്ങൾ.

ഇനി ഒരു വസ്തുത ഇവിടെ പറയാനുള്ളതിതാണ്‌- എന്റെ നിരീക്ഷണം ശരിയാണെങ്കിൽ, അസംതൃപ്തരായ ഒരു വിഭാഗമുണ്ട്, ഒരു പ്രത്യേകപ്രായത്തിലുള്ളവർ- പതിനേഴിനും ഇരുപതിനുമിടയ്ക്കുള്ള ചെറുപ്പക്കാരാണിവർ. തീരെ ചെറുപ്പമാണിവർ; വിപ്ളവകരമെന്നതു പോകട്ടെ, എത്ര ചെറുതെങ്കിലുമൊരു ഗൌരവം വഹിക്കുന്ന ഒരാശയത്തിന്റെ പരിണതികൾ മുൻകൂട്ടിക്കാണാൻ അശക്തരായവർ. ഈ വിഭാഗത്തിനിടയിൽത്തന്നെയാണ്‌ അസംതൃപ്തി നുഴഞ്ഞുകയറുന്നതും.

*

പുഷ്കിൻ - ഓർമ്മ

pushkin a

മനുഷ്യന്റെ കാതുകളിൽ പകലിന്റെ ആരവങ്ങളൊടുങ്ങിയതില്പിന്നെ,
നിശബ്ദനഗരത്തിനു മേൽ രാത്രിയുടെ കരിമ്പടമിഴഞ്ഞുവീണതില്പിന്നെ,
ഒരു നാളു മുഴുവനുമുഴുതുമറിച്ചവരുറക്കത്തിന്റെ വിള കൊയ്തതില്പിന്നെ,
എന്റെ നേരം തുടങ്ങുകയായി: നിദ്രാവിഹീനങ്ങൾ, അസ്വസ്ഥയാമങ്ങൾ.
രാത്രിയിഴഞ്ഞുനീളവെ പശ്ചാത്താപത്തിന്റെ സർപ്പദംശനം ഞാനറിയുന്നു,
വിഷച്ചൂടിലെന്റെ ഭാവന തിളയ്ക്കുന്നു, നീറിനീറി നെഞ്ചു മരയ്ക്കുന്നു.
ഉറക്കം വരാത്ത കണ്ണുകൾക്കു മുന്നിലപ്പോൾ ഓർമ്മ വച്ചുകാട്ടുകയായി,
മൌനത്തിന്റെ ഭാഷയിൽ വരിവരിയായി ചുരുൾ നിവരുന്നൊരു ചുരുണ.
ഞാൻ ജീവിച്ച ജീവിതത്തിന്റെ ബീഭത്സരേഖ  വായിച്ചുനോക്കുമ്പോൾ
ഈ ലോകത്തെയാകെ ഞാൻ പഴിയ്ക്കുന്നു, എനിയ്ക്കുടലു വിറയ്ക്കുന്നു,
നെഞ്ചു ചുടുന്ന കണ്ണീരുമൊഴുക്കി ഞാൻ പരിതപിക്കുന്നു; പക്ഷേ,
ആ ശോകകഥയിലൊരു  വരി പോലും ഞാൻ മായ്ച്ചെഴുതുകയുമില്ല.

(1828)

Friday, November 8, 2013

നെരൂദ - ചത്ത മുയലുമായി ഒരു കുട്ടി


ഹൈവേയ്ക്കരികിൽ
ശരല്ക്കാലവെളിച്ചത്തിൽ
കൈകളുയർത്തിപ്പിടിച്ചും കൊണ്ട്
ഒരു കുട്ടി;
അവന്റെ കൈകളിൽ
പൂക്കളല്ല,
റാന്തലല്ല,
ഒരു ചത്ത മുയൽ.

തണുത്ത പാതയിലൂടെ
കാറുകൾ ചീറിപ്പാഞ്ഞു,
വിൻഡ് ഷീൽഡുകൾക്കടിയിലൂടെ
തുറിച്ചുനോക്കിയിരുന്നു
കണ്ടാലും കാണാത്ത മുഖങ്ങൾ,
ഇരുമ്പുകണ്ണുകൾ,
വൈരം നിറഞ്ഞ കണ്ണുകൾ,
മിന്നൽ പായിച്ചും കൊണ്ട്
പാഞ്ഞുപോകുന്ന പല്ലുകൾ,
കടലോരങ്ങളിലേക്ക്,
നഗരങ്ങളിലേക്ക്.
ശരല്ക്കാലവെളിച്ചത്തിൽ
ഒരു മുയലുമായി ഒരു കുട്ടി നിന്നു,
ഒരു മുൾച്ചെടി പോലൊതുങ്ങിയവൻ,
ഒരു വെള്ളാരങ്കല്ലു പോലെ കടുത്തവൻ;
യാത്രക്കാർ വമിക്കുന്ന
പുകയിലേക്കു കൈയുയർത്തി
അവൻ നിന്നു.
ഒരാളും
വേഗത കുറച്ചില്ല.

മലനിരകൾ
ഇരുണ്ടുകിടന്നു,
കുന്നുകൾക്ക്
വെടിവച്ചിട്ട പ്യൂമയുടെ
നിറമായിരുന്നു,
നിശബ്ദതയ്ക്കു
വയലറ്റുനിറമായിരുന്നു.
മുയലുമായി നില്ക്കുന്ന കുട്ടിയുടെ
കണ്ണുകൾ തിളങ്ങി,
രണ്ടു കനൽക്കട്ടകൾ പോലെ,
കറുത്ത വജ്രങ്ങൾ പോലെ;
രണ്ടു കഠാരത്തലപ്പുകളായിരുന്നു,
രണ്ടു കത്തിമുനകളായിരുന്നു
ശരല്ക്കാലം കീഴടക്കിയ പാതയിൽ
ഒരു മുയലിനെ നീട്ടിപ്പിടിച്ചുനില്ക്കുന്ന
ഒരനാഥബാല്യത്തിന്റെ കണ്ണുകൾ.

Thursday, November 7, 2013

പ്രണയലേഖനങ്ങൾ – 6 -വില്യം കോൺഗ്രേവ്

download (1)

ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നു നീ വിശ്വസിക്കുന്നില്ല? അത്രയും അവിശ്വാസം അഭിനയിക്കാൻ നിനക്കു പറ്റില്ല. നിനക്കെന്റെ നാവിനെ വിശ്വാസമായില്ലെങ്കിൽ എന്റെ കണ്ണുകളോടു ചോദിക്കൂ, നിന്റെ കണ്ണുകളോടു ചോദിക്കൂ. നിന്റെ കണ്ണുകൾ പറയും അവയ്ക്കു ചാരുതകളുണ്ടെന്ന്; എന്റെ കണ്ണുകൾ പറയും ആ ചാരുതകൾ അറിയുന്നൊരു ഹൃദയം എനിക്കുണ്ടെന്നും. ഇന്നലെ രാത്രിയിൽ എന്താണുണ്ടായതെന്ന് ഒന്നോർത്തുനോക്കൂ. അതൊരു കാമുകന്റെ ചുംബനമെങ്കിലും ആയിരുന്നു. അതിന്റെ വ്യഗ്രത, അതിന്റെ തീക്ഷ്ണത, അതിന്റെ ഊഷ്മളത വെളിപ്പെടുത്തിയത് ദൈവമാണതിന്റെ ജനയിതാവ് എന്നായിരുന്നു. ഹാ! അതിലുമധികം അവനെ വെളിപ്പെടുത്തിയത് അതിന്റെ മാധുര്യവും അലിയുന്ന മാർദ്ദവവുമായിരുന്നു. കൈകാലുകളിൽ വിറയോടെ, ആത്മാവിൽ ജ്വരത്തോടെ ഞാനതു കവരുകയായിരുന്നു. നടുക്കങ്ങൾ, കിതപ്പുകൾ, മന്ത്രണങ്ങൾ- എത്ര വലിയൊരു കൂട്ടക്കുഴപ്പമാണെന്റെ മനസ്സിൽ നടക്കുന്നതെന്നതിന്റെ ലക്ഷണങ്ങളായിരുന്നു അവ; ആ ചുംബനം അതിനെ പിന്നെയും കുഴപ്പത്തിലാക്കുകയുമായിരുന്നു. ആ ഓമനച്ചുണ്ടുകൾ തുളച്ചുകേറുകയായിരുന്നല്ലോ, എന്റെ ഹൃദയത്തിലൂടെ, ചോരയൊലിപ്പിക്കുന്ന കുടലിലൂടെ; ആസ്വാദ്യമായ വിഷം, തടുക്കരുതാത്തതെങ്കിലും മനോഹരമായൊരു വിനാശം.

ഒരു ദിവസം കൊണ്ടെന്തൊക്കെ ഉണ്ടായിക്കൂടാ? ഇന്നലെ രാത്രി വരെ ഞാൻ കരുതിയിരുന്നത് സന്തുഷ്ടനായ ഒരു മനുഷ്യനാണു ഞാനെന്നും, എനിക്കൊന്നിന്റെയും കുറവില്ലെന്നും ശോഭനമായ പ്രതീക്ഷകൾ ന്യായമായും വച്ചുപുലർത്താം എനിക്കെന്നുമായിരുന്നു; അറിവുള്ളവരുടെ അംഗീകാരവും മറ്റുള്ളവരുടെ കരഘോഷവും എനിക്കു കിട്ടുന്നുണ്ടെന്നായിരുന്നു. സമ്പ്രീതൻ, അല്ല, എന്റെ സ്നേഹിതരാൽ, ആനന്ദങ്ങളറിയുന്നവരും അതിനുടമകളുമായ അന്നത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതരാൽ അനുഗൃഹീതൻ.

പക്ഷേ പ്രണയം, സർവശക്തമായ പ്രണയം ഒരു നിമിഷം കൊണ്ടെന്നെ നീയല്ലാത്ത സർവതിൽ നിന്നും അതിദൂരത്തേക്കകറ്റിയപോലെ തോന്നുന്നു. ആൾക്കൂട്ടത്തിനിടയിൽ നില്ക്കുമ്പോഴും ഏകാകിയാണു ഞാനെന്നു തോന്നിപ്പോകുന്നു. നീയല്ലാതെ മറ്റൊന്നിനുമാവില്ല എന്റെ മനസ്സിനെ പിടിയിലാക്കാൻ; നീയല്ലാതെ മറ്റൊന്നുമില്ല എന്റെ മനസ്സിനു പിടിയിലാക്കാൻ. ഏതോ ഒരന്യദേശത്തെ മരുഭൂമിയിൽ നിന്നോടൊപ്പം എത്തിപ്പെട്ടിരിക്കുകയാണെന്നപോലെ (ഹാ, ശരിക്കും അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ!); നിന്റെയൊപ്പം നിർബാധമായ പ്രഹർഷത്തിന്റെ ഒരു യുഗം ഞാൻ അവിടെക്കഴിച്ചേനെ.

ലോകമെന്ന ഈ മഹാരംഗവേദി എത്ര പെട്ടെന്നാണു മാറിപ്പോയത്, എത്ര ദയനീയമായും! നീയൊഴിച്ചാൽ അസുന്ദരമായ വസ്തുക്കളാണ്‌ എനിക്കു ചുറ്റും; ലോകത്തിന്റെ സർവ ചാരുതകളും നിന്നിൽ മാത്രമായി പകർന്നിരിക്കുന്നപോലെ. ഇപ്പറഞ്ഞതു പോലെ ഹാ, അമിതാഹ്ളാദം നിറഞ്ഞ ഈ അവസ്ഥയിൽ എന്റെ ആത്മാവിനു നീയല്ലാതെ മറ്റൊന്നിലും ഉറച്ചുനില്ക്കാനാവുന്നില്ല; അതു ധ്യാനിക്കുന്നതു നിന്നെ, ആദരിക്കുന്നതും ആരാധിക്കുന്നതും, അല്ല, ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും നിന്നെ മാത്രം.

നീയും പ്രതീക്ഷയും അതിനെ കൈവെടിയുകയാണെങ്കിൽ നൈരാശ്യവും തീരാവേദനയും അതിനെ പരിചരിക്കാനെത്തട്ടെ.

1690

(ഇംഗ്ളീഷ് നാടകകൃത്തായ വില്ല്യം കോൺഗ്രേവ് (1670-1729) ബ്രിട്ടീഷ് രാജ്ഞിയായ മേരിയുടെ കൊട്ടാരത്തിൽ ഗായികയായിരുന്ന അരബല്ല ഹണ്ടിനെഴുതിയത്)

പുഷ്കിൻ - എന്റെ അഭിലാഷങ്ങളെ...

Eugene_Onegin_ENO_2011_Toby_Spence2_Credit_Neil_Libbert

എന്റ അഭിലാഷങ്ങളെയൊക്കെയും ഞാനതിജീവിച്ചുകഴിഞ്ഞു,
സ്വപ്നങ്ങളെ താലോലിക്കാതിരിക്കാൻ ഞാൻ പഠിച്ചുകഴിഞ്ഞു,
പീഡനാനുഭവമായിരിക്കുന്നു ഇന്നെന്റെ ജീവിതാനുഷ്ഠാനം,
ഹൃദയത്തിനു പെറുക്കാൻ ശേഷിച്ചതുതിർമണികൾ മാത്രവും.

നിശിതമായൊരു ദുർവിധിയുടെ ശീതക്കാറ്റു വീശിയടിച്ചപ്പോൾ
ഞാൻ കൊരുത്ത പൂമാല വാടിക്കൊഴിഞ്ഞുപോയിരിക്കുന്നു;
പിന്നെയും ഞാൻ ജീവിക്കുന്നു, ഏകനായി, പരിത്യക്തനായി,
ഇനിയെന്നാണെന്റെ അവസാനമുണ്ടാവുകയെന്ന ചിന്തയുമായി.

ശിശിരത്തിന്റെ നിർദ്ദയപ്രഹരമേറ്റു പരാജയം സമ്മതിച്ചവൻ,
ഏകൻ, ആരുമോർക്കാത്തവൻ, ജീവിതം കൊണ്ടുതുലച്ചവൻ,
മഞ്ഞുകാലം ചൂളം കുത്തുമ്പോൾ ഞാനിരുന്നു വിറയ്ക്കുന്നു,
ഒരു പടുമരത്തിന്റെ നഗ്നമായ ചില്ലയിൽ ശേഷിച്ചൊരിലയായി.

(1821)

Wednesday, November 6, 2013

പ്രണയലേഖനങ്ങൾ-5 - സാറാ ബേൺഹാർട്ട്

Sarah_Bernhardt-Nadar_2

 

എനിക്കറിയുന്നിടത്തോളം, ഇങ്ങനെയൊരു പെരുമാറ്റത്തെ ന്യായീകരിക്കാനും വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല; എനിക്കു നിങ്ങളോടുള്ള സ്നേഹം നിലച്ചുകഴിഞ്ഞുവെന്ന് വ്യക്തമായിത്തന്നെ ഞാൻ പറഞ്ഞതാണ്‌. ഞാൻ നിങ്ങൾക്കു കൈ തന്നു, പ്രേമത്തിന്റെ സ്ഥാനത്ത് സൌഹൃദം സ്വീകരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയും ചെയ്തു. എന്തിനാണു നിങ്ങൾ എന്നോട് ഈ നീരസം കാണിക്കുന്നത്? ഞാൻ കാപട്യം കാണിച്ചിട്ടില്ല. ഞാൻ വിശ്വസ്തയായിരുന്നു; ഞാൻ നിങ്ങളെ വഞ്ചിച്ചിട്ടില്ല; ഞാൻ പൂർണ്ണമായും നിങ്ങളുടേതായിരുന്നു. തനിക്കുള്ളത് കൈവിട്ടുപോകാതെ നോക്കാൻ നിങ്ങൾക്കറിയില്ലായിരുന്നു എന്നതാണ്‌ നിങ്ങൾ ചെയ്ത കുറ്റം.

പുറമേ, പ്രിയപ്പെട്ട ജീൻ, എനിക്കു പറഞ്ഞിട്ടുള്ളതല്ല ജീവിതാനന്ദം എന്നു കൂടി നിങ്ങൾ മനസ്സിലാക്കണം. പുതിയ പുതിയ അനുഭൂതികളെ, പുതിയ പുതിയ വികാരങ്ങളെ നിരന്തരമായി തേടി നടക്കുകയാണു ഞാനെങ്കിൽ അതെന്റെ കുറ്റവുമല്ല. ജീവിതാന്ത്യം വരെയും ഞാൻ അങ്ങനെയൊരാളായിരിക്കും. പോയ രാത്രിയിൽ എത്ര അസംതൃപ്തയായിരുന്നോ, അത്രതന്നെ അസംതൃപ്തയാണ്‌ ഈ രാവിലെയും ഞാൻ. ഏതൊരാൾക്കു നല്കാൻ കഴിയുന്നതിലുമധികം ഉത്തേജനമാണ്‌ എന്റെ ഹൃദയം ആവശ്യപ്പെടുന്നത്. എന്റെ ഈ ദുർബലമായ ഉടൽ പ്രണയത്തിന്റെ ചടങ്ങുകളാൽ തളർന്നുപോയിരിക്കുന്നു. എവിടെയുമില്ല പക്ഷേ, ഞാൻ സ്വപ്നം കാണുന്ന ആ സ്നേഹം.

നിലം പറ്റിക്കിടക്കുന്ന അവസ്ഥയിലാണ്‌ ഈ നിമിഷം ഞാൻ. എന്റെ ജീവിതം നിലച്ചപോലെ തോന്നിപ്പോകുന്നു. സന്തോഷമോ ദുഃഖമോ ഞാൻ അറിയുന്നില്ല. നിങ്ങൾക്കെന്നെ മറക്കാൻ കഴിയട്ടെ എന്നു ഞാനാശിക്കുന്നു. ഞാൻ എന്തു ചെയ്യാൻ? എന്നോടൊരിക്കലും കോപം തോന്നരുത്. പൂർണ്ണതയില്ലാത്ത ഒരു വ്യക്തിയാണു ഞാനെങ്കിലും ഹൃദയം കൊണ്ടു ഞാൻ നല്ലവളാണ്‌. നിങ്ങളുടെ വേദന ശമിപ്പിക്കാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ ഞാൻ അതു ചെയ്തേനെ! പക്ഷേ നിങ്ങൾ ആവശ്യപ്പെടുന്നത് എന്റെ സ്നേഹമാണ്‌; അതിനെ കൊന്നതും നിങ്ങളായിരുന്നു!

ഞാൻ കെഞ്ചുകയാണു ജീൻ, നമുക്കു സുഹൃത്തുക്കളാവാം.

1874 ജനുവരി

 

ഫ്രഞ്ചു നാടകവേദിയിലെയും ആദ്യകാലസിനിമയിലെയും ഏറ്റവും പ്രശസ്തയായ നടി സാറാ ബേൺഹാർട്ട്(1844-1923) സഹനടനും പൂർവകാമുകനുമായ ജീൻ മോനേ-സള്ളിക്കയച്ചത്.)

Tuesday, November 5, 2013

നെരൂദ - കറുത്ത പെൺപുലിക്കൊരു വാഴ്ത്ത്

black_panther

മുപ്പത്തൊന്നു കൊല്ലം-
ഇനിയും ഞാൻ മറന്നിട്ടില്ല:
സിംഗപ്പൂരിൽ,
ചോര പോലെ ചുടുന്ന
മഴ വീഴുകയായിരുന്നു
ഈർപ്പത്തിന്റെ പുണ്ണുകൾ ചുംബിച്ച
മൊരി വീണ വെൺചുമരുകളിൽ.
പൊടുന്നനേ
ആൾക്കൂട്ടത്തെ വെളിച്ചപ്പെടുത്തുന്നു
ഒരു മിന്നായം,
പല്ലുകളുടെ,
അല്ലെങ്കിൽ കണ്ണുകളുടെ;
തലയ്ക്കു മേലൊരു
കല്ലിച്ച സൂര്യൻ,
ഒരു വെടിപ്പൻ കുന്തമുന പോലെ.
നുരയുന്ന ഇടത്തെരുവുകളിലൂടെ
ഞാനലഞ്ഞു:
വെറ്റിലക്കെട്ടുകൾ,
വാസനിയ്ക്കുന്ന ഇലക്കിടക്കകൾക്കുമേൽ
ശയിക്കുന്ന അടയ്ക്കകൾ,
ഉച്ചമയക്കത്തിന്റെ വിയർപ്പിൽ
അഴുകുന്ന ദൂരിയാൻ പഴങ്ങൾ.
പൊടുന്നനേ ഞാൻ കണ്ടു,
രണ്ടു കണ്ണുകൾ,
ഒരു നോട്ടം,
ഒരുറ്റുനോട്ടം,
തെരുവിനു നടുവിൽ
ഒരു കൂട്ടിൽ:
രണ്ടു തണുത്ത വൃത്തങ്ങൾ,
രണ്ടു കാന്തങ്ങൾ,
ഒന്നിനൊന്നിടയുന്ന
രണ്ടാലക്തികമുനകൾ,
തറച്ചുകേറുന്ന
രണ്ടു കൃഷ്ണമണികൾ:
അവയെന്നിൽ തുളച്ചുകേറി,
ആ പുണ്ണു പിടിച്ച ചുമരിനു മുന്നിൽ
തറയിലെന്നെ കുത്തിക്കോർത്തു.
പിന്നെ ഞാൻ കണ്ടു,
ഓളം വെട്ടുന്ന പേശികൾ,
സൂര്യപടം തിളങ്ങുന്ന ചർമ്മം,
വലിഞ്ഞുനീളുന്ന പൂർണ്ണത,
രാത്രിയുടെ അവതാരം.
ആ സാന്നിദ്ധ്യമൊന്നിളകുമ്പോൾ
ആ ചർമ്മത്തിന്റെ രാത്രിയിൽ
പൂമ്പൊടി പോലെ മിനുങ്ങിയിരുന്നു,
പുഷ്യരാഗത്തിന്റെ ചതുരങ്ങൾ,
പൊന്നിന്റെ ഷഡ്ഭുജങ്ങൾ.
ചിന്താധീനയായ,
ഊറ്റം തുടിക്കുന്ന
ഒരു പെൺപുലി:
ആ വൃത്തികെട്ട തെരുവിനു നടുവിൽ
കൂട്ടിലടച്ചൊരു
വനറാണിയായിരുന്നു
അവൾ.
ചതിയിലൂടെ
വെട്ടിപ്പിടുത്തത്തിലൂടെ
മനുഷ്യനാറ്റത്തിലൂടെ
അവരുടെ പൊടി പിടിച്ച
പാർപ്പിടങ്ങളിലൂടെ
തനിക്കു നഷ്ടപ്പെട്ട
കാട്ടിൽ നിന്നകലെയായിരുന്നു
അവൾ.
തിളയ്ക്കുന്ന രോഷത്തിന്റെ
ആക്രോശങ്ങളായിരുന്നു
ആ രണ്ടു ലാവാക്കണ്ണുകൾ.
എന്നെന്നേക്കുമായി കൊട്ടിയടച്ച
കാടിന്റെ കതകിൽ പതിച്ച
രണ്ടു മുദ്രകളായിരുന്നു
അവ.
അവൾ നടന്നു,
തീയും പുകയും പോലെ;
കണ്ണുകളടയ്ക്കുമ്പോൾ
അവളദൃശ്യയുമായി,
പിടി തരാത്ത
വിദൂരരാത്രി പോലെ.

Monday, November 4, 2013

പുഷ്കിൻ - ഒരു കുഞ്ഞിക്കിളി

set-free link to image

ഒരന്യദേശത്തു പ്രവാസിയായിക്കഴിയുമ്പോഴും
നാട്ടിലെച്ചടങ്ങുകൾ ഞാൻ മുടക്കിയിരുന്നില്ല;
അങ്ങനെയന്നൊരു വസന്താരംഭവേളയിൽ
ഒരു കുഞ്ഞിക്കിളിയെ ഞാൻ കൂടു തുറന്നു വിട്ടു.

എന്റെ നെഞ്ചു സമാധാനം കൊണ്ടു നിറഞ്ഞു:
എന്തിനു ഞാൻ ദൈവേച്ഛയോടു കലഹിക്കണം,
അവന്റെ സൃഷ്ടികളിലെളിയതെങ്കിലുമൊന്നിനെ
സ്വാതന്ത്ര്യം രുചിപ്പിക്കാനെനിക്കു കഴിഞ്ഞുവെങ്കിൽ?

(1822)

തുറന്നുവിട്ട കിളി എന്ന വിഷയത്തെക്കുറിച്ച് മറ്റു കവിസുഹൃത്തുമൊത്തു നടത്തിയ കവിതാമത്സരത്തിൽ എഴുതിയ ആദ്യകാലരചന. “ഈസ്റ്റർ നാളിൽ ഒരു കിളിക്കുഞ്ഞിനെ തുറന്നുവിടുന്ന റഷ്യൻ ഗ്രാമങ്ങളിലെ ഹൃദയസ്പർശിയായ ചടങ്ങി”നെക്കുറിച്ച് പുഷ്കിൻ ഒരു കത്തിൽ എഴുതുന്നുണ്ട്.

പുഷ്കിൻ - മുന്തിരിപ്പഴങ്ങൾ

pushkin1

ക്ഷണികവസന്തത്തിന്റെ നാളുകളൊടുങ്ങുമ്പോൾ
വാടുന്ന പനിനീർപ്പൂക്കളെച്ചൊല്ലി ഞാൻ ഖേദിക്കയില്ല;
ചരിവുകളിൽ വെയിലു കുടിച്ചു മുതിർക്കുന്ന വള്ളികളിൽ
കുല കുത്തിയ മുന്തിരിപ്പഴങ്ങളോടാണെനിക്കു പ്രിയം.
എന്റെ ദേശത്തിന്റെ മഹിതസമൃദ്ധിയാണവ,
ശരല്ക്കാലദീപ്തിയുടെ പൊൻകുമിളകളാണവ,
സുതാര്യമാണവ, നേർത്തുനീണ്ടവയാണവ,
ഒരു പെൺകിടാവിന്റെ മെല്ലിച്ച വിരലുകൾ പോലെ.

(1820)

Sunday, November 3, 2013

പ്രണയലേഖനങ്ങൾ- 4 (ഫ്ലാബേർ)

flaubert

എന്റെ ആത്മീയജീവിതത്തിലേക്ക്, എന്റെ ഏറ്റവും നിഗൂഢമായ ചിന്തകളിലേക്ക് നിനക്കു ഞാൻ പ്രവേശനം തന്നിട്ടില്ലെന്നല്ലേ, എന്റെ ദേവതേ, നീ പറയുന്നത്. നിനക്കറിയാമോ, എന്നിൽ ഏറ്റവും സ്വകാര്യമായിട്ടുള്ളതെന്താണെന്ന്, എന്റെ ഹൃദയത്തിന്റെ ഏറ്റവും ഗുപ്തമായ ഉള്ളറകളിലുള്ളതെന്താണെന്ന്, ഞാനെന്നു നിസ്സംശയം പറയാവുന്നതായി എന്നിലുള്ളതെന്താണെന്ന്? കലയെക്കുറിച്ച് വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത രണ്ടോ മൂന്നോ ആശയങ്ങൾ, ഇഷ്ടത്തോടെ മനസ്സിലിട്ടാലോചിച്ചു നടക്കുന്നവയും; അത്ര തന്നെ. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവങ്ങൾ എന്നു പറയാൻ ചുരുക്കം  ചില പുസ്തകങ്ങൾ, ചില ആശയങ്ങൾ, ട്രൂവിയേ കടപ്പുറത്തെ ചില സൂര്യാസ്തമയങ്ങൾ, പിന്നെ വിവാഹത്തോടെ എനിക്കു നഷ്ടപ്പെട്ട ഒരു സ്നേഹിതനുമായി അഞ്ചു ആറും മണിക്കൂർ ദീർഘിച്ച സംഭാഷണങ്ങൾ ഇത്രയൊക്കെയേയുള്ളു.  മറ്റാരിൽ നിന്നും വ്യത്യസ്തമായിട്ടേ ഞാനെന്നും ജീവിതത്തെ കണ്ടിട്ടുള്ളു; നിശിതമായ സംസർഗ്ഗമില്ലായ്മയുടെ പുറത്തേക്കു വാതിലില്ലാത്ത അറയിൽ ഞാൻ സ്വയം അടച്ചിട്ടു (അതു തന്നെ എനിക്കു മതിയായത്ര ആയതുമില്ല) എന്നതാണ്‌ അതുകൊണ്ടുണ്ടായത്. എത്ര അവഹേളനകളാണു ഞാൻ സഹിച്ചത്, എത്രയാണു ഞാൻ ആളുകളെ ഞെട്ടിച്ചത്, എത്ര അറപ്പാണവർക്കെന്നോട് എന്നതിൽ നിന്നൊക്കെ പണ്ടേയെനിക്കു ബോദ്ധ്യമായി, മനസ്സമാധാനത്തോടെ ജീവിക്കണമെങ്കിൽ നിങ്ങൾ ഒറ്റയ്ക്കു ജീവിക്കണമെന്ന്, പുറംലോകത്തെ വായു ഉള്ളിലേക്കരിച്ചിറങ്ങാത്ത വിധത്തിൽ ജനാലകൾ അടച്ചു ഭദ്രമാക്കി വയ്ക്കണമെന്ന്. ആ ശീലത്തിന്റേതായി ചിലതെന്തോ ഞാനിന്നും വിടാതെ പിടിക്കുന്നു. അതുകൊണ്ടാണ്‌ കുറേ വർഷങ്ങളായി സ്ത്രീകളുമായുള്ള സഹവാസം ഞാൻ മനഃപൂർവം ഒഴിവാക്കി നടന്നത്. എനിക്കു സഹജമായ ധാർമ്മികബോധത്തിനു യാതൊന്നും വിഘാതമാവരുതെന്നു ഞാൻ ആഗ്രഹിച്ചു. ഒരു നുകവും ഒരു സ്വാധീനവും എനിക്കു മേൽ വീഴരുതെന്നു ഞാൻ ആഗ്രഹിച്ചു. ഒടുവിൽ സ്ത്രീകളുമായുള്ള സഹവാസം വേണമെന്നില്ലെന്ന നിലയിൽ ഞാനെത്തിച്ചേർന്നു. ഉടലിന്റെ പിടയ്ക്കലുകൾ, ഹൃദയത്തിന്റെ പ്രകമ്പനങ്ങൾ ഇതൊന്നും എന്റെ ജീവിതത്തിലേ ഇല്ലായിരുന്നു; എന്റെ ലൈംഗികതയെക്കുറിച്ചു പോലും ഞാൻ ബോധവാനായിരുന്നില്ല. ഞാൻ മുമ്പു നിന്നോടു പറഞ്ഞപോലെ, കുട്ടിപ്രായം കടക്കും മുമ്പേ ഞാനൊരു തീവ്രപ്രണയത്തിൽ പെട്ടുപോയിരുന്നു. അതവസാനിച്ചപ്പോൾ ജീവിതത്തെ രണ്ടായി പകുക്കാൻ ഞാൻ തീരുമാനിച്ചു; ഒരു വശം എന്റെ ആത്മാവിനുള്ളത്; അതിനെ ഞാൻ കലയ്ക്കായി മാറ്റിവച്ചിരിക്കുകയാണല്ലോ; മറ്റേ വശം എന്റെ ഉടലിന്‌; അതിനാവും മട്ട് അതു ജീവിച്ചോട്ടെ. ഇങ്ങനെ പോകുമ്പോഴാണ്‌ നീ കടന്നുവരുന്നതും സകലതും തകിടം മറിയ്ക്കുന്നതും. അങ്ങനെ ഞാനിതാ, ഒരു മനുഷ്യജീവിയെന്ന അസ്തിത്വത്തിലേക്കു മടങ്ങുന്നു!

എന്നിൽ മയങ്ങിക്കിടക്കുകയായിരുന്ന, അല്ലെങ്കിൽ കിടന്നു ജീർണ്ണിക്കുകയായിരുന്നതിനെയൊക്കെ നീ തട്ടിയുണർത്തിയല്ലോ! മുമ്പും ഞാൻ സ്നേഹത്തിനു പാത്രമാകാതിരുന്നിട്ടില്ല, അതും അതിതീവ്രതയോടെയും; പക്ഷേ പെട്ടെന്നു മറവിയില്പെട്ടുപോകുന്ന ഗണത്തില്പ്പെട്ടവനാണു ഞാൻ; വികാരത്തിനു തിരി കൊളുത്താമെന്നല്ലാതെ അതു കെടാതെ സൂക്ഷിക്കാനുള്ള കഴിവെനിക്കു കുറവാണ്‌. ഞാനുണർത്തുന്ന സ്നേഹം എന്നും ഒരല്പം വിചിത്രമായതിനോടു തോന്നുന്ന സ്നേഹമായിരുന്നു. എന്തൊക്കെയായാലും സ്നേഹം ജിജ്ഞാസയുടെ ഒരു കൂടിയ രൂപം മാത്രമാണല്ലോ. അറിയപ്പെടാത്തതിനു നേർക്കൊരു ദാഹം; കൊടുങ്കാറ്റിനു നടുവിലേക്കെടുത്തു ചാടാൻ നിങ്ങളെ തള്ളിവിടുകയാണത്.

download

ഞാൻ പറഞ്ഞുവല്ലോ, പലരും എന്നെ സ്നേഹിച്ചിരുന്നു, പക്ഷേ നീ സ്നേഹിക്കുന്ന രീതിയിൽ ആരും ഇതേവരെ എന്നെ സ്നേഹിച്ചിട്ടില്ല; നമുക്കിടയിലുള്ള പോലൊരു ബന്ധം എനിക്കും മറ്റൊരു സ്ത്രീക്കുമിടയിൽ ഇന്നേവരെ ഉണ്ടായിട്ടുമില്ല. ഇത്ര ഗാഢമായ ഒരാത്മസമർപ്പണം, ഇത്രയ്ക്കപ്രതിരോധ്യമായ ഒരാകർഷണം മറ്റൊരു സ്ത്രീയോടും എനിക്കു തോന്നിയിട്ടില്ല; ഇത്ര പൂർണ്ണമായ ഒരൈക്യം ഇതിനു മുമ്പുണ്ടായിട്ടില്ല. പുറം പകിട്ടിനോടാണ്‌, ബാഹ്യസൌന്ദര്യത്തോടാണ്‌ എനിക്കിഷ്ടമെന്ന് എന്തിനാണു നീ ഇടയ്ക്കിടെ പറയുന്നത്? ‘രൂപത്തിന്റെ കവി! യഥാർത്ഥകലാകാരന്മാരുടെ നേർക്കെടുത്തെറിയാൻ പ്രയോജനവാദികൾ ഏറ്റവും ഇഷ്ടപ്പെടുന്ന തെറിവാക്കാണത്. എന്റെ കാര്യം പറയുകയാണെങ്കിൽ, ഒരു വാക്യമെടുത്ത് അതിൽ നിന്ന് രൂപവും ഉള്ളടക്കവും വേർതിരിച്ചെന്നെ കാണിക്കാന്‍ ഒരാൾ മുന്നോട്ടു വരുന്ന കാലം വരെ അങ്ങനെയൊരു വിഭജനം അർത്ഥശൂന്യമാണെന്ന വാദം തന്നെ ഞാൻ മുറുകെപ്പിടിക്കും. ഏതു സുന്ദരമായ ആശയത്തിനും സുന്ദരമായ ഒരു രൂപമുണ്ടാകും, മറിച്ചും. കലയുടെ ലോകത്ത് സൌന്ദര്യം രൂപത്തിന്റെ ഒരു ഉപോത്പന്നമാണ്‌, നമ്മുടെ ലോകത്ത് പ്രലോഭനം പ്രേമത്തിന്റെ ഉപോത്പന്നമാണെന്നു പറയുന്ന പോലെ തന്നെ. ഒരു ഭൌതികവസ്തുവിൽ നിന്ന് അതിന്റെ ഗുണങ്ങളെ- അതിന്റെ നിറം, പരിമാണം, ഖരത്വം- എടുത്തുമാറ്റാനാവില്ല, ശൂന്യമായ ഒരമൂർത്തതയായി അതിനെ ചുരുക്കാതെ, അതിനെ നശിപ്പിക്കാതെ എന്നതുപോലെ തന്നെ രൂപത്തെ ആശയത്തിൽ നിന്നും അടർത്തിമാറ്റാനുമാവില്ല; കാരണം, രൂപത്തിന്മേലേ ആശയത്തിനു നിലനില്പുള്ളു. രൂപമില്ലാത്ത ഒരാശയത്തെ ഒന്നു സങ്കല്പിച്ചുനോക്കൂ- ഒരാശയവും പ്രകാശിപ്പിക്കാത്ത ഒരു രൂപം പോലെ അസാദ്ധ്യമായതൊന്നാണ്‌ അതും. ഇമ്മാതിരി മൂഢതകളിലാണ്‌ വിമർശനം വേരിറക്കി വളരുന്നത്. നല്ല ശൈലീകാരന്മാർക്കു ശകാരമാണ്‌, അവർ ആശയത്തെ, ധാർമ്മികലക്ഷ്യത്തെ അവഗണിക്കുന്നുവെന്ന്; അതു കേട്ടാൽ തോന്നും ഡോക്ടറുടെ ലക്ഷ്യം സുഖപ്പെടുത്തലല്ലെന്ന്, ചിത്രകാരന്റെ ലക്ഷ്യം ചിത്രം വരയ്ക്കലല്ലെന്ന്, രാപ്പാടിയുടെ ലക്ഷ്യം പാടുകയല്ലെന്ന്, കലയുടെ ലക്ഷ്യം, പ്രഥമവും പ്രധാനവുമായി, സൌന്ദര്യമല്ലെന്ന്!

1846 സെപ്തംബർ 18 രാത്രി 10 മണി.

ഗുസ്താവ് ഫ്ലാബേർ ലൂയിസ് കോലെറ്റിനെഴുതിയത്

Saturday, November 2, 2013

പുഷ്കിൻ -ഗായകൻ

images

നീ കേട്ടുവോ, രാത്രിയിൽ കാടുകൾക്കുമപ്പുറം
പ്രണയത്തെയും ശോകത്തെയും കുറിച്ചു പാടുന്നവനെ?
പുലർവെളിച്ചം കാത്തു പാടങ്ങൾ മൌനം പൂണ്ടു കിടക്കുമ്പോൾ
ഒരു പുല്ലാങ്കുഴലിന്റെ സരളവും തരളവുമായ ഗാനം-
നീയതു കേട്ടുവോ?

നീ കണ്ടുവോ, കാടിരുളുന്ന രാത്രിയിൽ
പ്രണയത്തെയും ശോകത്തെയും കുറിച്ചു പാടുന്നവനെ?
അവന്റെ കണ്ണീരു നീ കണ്ടുവോ, അവന്റെ പുഞ്ചിരി നീ കണ്ടുവോ,
നിത്യശോകം സ്ഫുരിക്കുന്ന ശാന്തമായൊരു നോട്ടം-
നീയതു കണ്ടുവോ?

നീ നിശ്വസിച്ചുവോ, ഒരു സൌമ്യവിലാപം പോലെ
പ്രണയത്തെയും ശോകത്തെയും കുറിച്ചവൻ പാടുമ്പോൾ?
കാടുകളിലേകനായവനലയുന്നതു കാണുമ്പോൾ,
ഒരുനാളുമാനന്ദമറിയാത്ത കണ്ണുകൾ നിന്റെ മേൽ വീഴുമ്പോൾ-
നീ നിശ്വസിച്ചുവോ?

(1816)

Friday, November 1, 2013

പുഷ്കിൻ - പ്രവാചകൻ

America_a_Prophecy_copy_A_1795_Morgan_Library_and_Museum_object_10

ഒരന്തർദ്ദാഹത്താലുള്ളുപൊരിഞ്ഞും വലഞ്ഞും
ഒരു മരുപ്പറമ്പിന്റെ മ്ളാനതയിലൂടെ ഞാനലഞ്ഞു.
പാതകൾ കൂടിപ്പിരിയുന്നിടത്തു പിന്നെ ഞാൻ കണ്ടു,
ആറു ചിറകുള്ളവൻ, അഗ്നിമാനൊരു മാലാഖയെ.
ഒരു സ്വപ്നനിദ്ര പോലെ ലോലമായ വിരലുകളാൽ
തൂവൽ പോലെന്റെ കണ്ണുകളിലവനൊന്നു തൊട്ടു;
ഒരു ഗരുഢന്റെ വിസ്മിതനേത്രങ്ങൾ പോലെ
ദീർഘദർശനങ്ങൾക്കായവ മലർക്കെത്തുറന്നു.
കാതിലവന്റെ കൈ തൊടുമ്പോൾ ഞാൻ കേട്ടു,
ഒരു പെരുംകടലലയ്ക്കുന്ന പ്രചണ്ഡാരവങ്ങൾ,
ഭ്രമണപഥങ്ങളിൽ ഗ്രഹങ്ങളുടെ പ്രകമ്പനങ്ങൾ,
മാലാഖമാർ ചിറകെടുക്കുന്ന ഇടിമുഴക്കങ്ങൾ,
അടിക്കടലിളക്കിമറിയ്ക്കുന്ന കടലുരുവങ്ങൾ,
മരച്ചാറിരച്ചുകേറുന്ന വിദൂരവൃക്ഷനിരകൾ.
പിന്നെയെന്റെ മുഖത്തേക്കവൻ കുനിഞ്ഞുനിന്നു,
എന്റെ പാപിഷ്ഠമായ നാവവൻ പിഴുതെടുത്തു,
അതിന്റെ പെരുംനുണകളെ, അലസവാചാലതയെ.
ചോരക്കൈ കൊണ്ടെന്റെ വായവൻ വലിച്ചുകീറി,
ഒരു സർപ്പത്തിന്റെ പിളർനാവുള്ളിലവൻ തിരുകിക്കേറ്റി.
പാളുന്ന വാളെടുത്തെന്റെ നെഞ്ചവൻ വെട്ടിപ്പിളർന്നു,
എന്റെ പിടയ്ക്കുന്ന ഹൃദയമവൻ പറിച്ചെടുത്തു,
എരിയുന്നൊരു കനല്ക്കട്ടയവൻ പകരം വച്ചു.
ആ മരുപ്പറമ്പിലസ്തപ്രജ്ഞനായി ഞാൻ കിടക്കെ
ദൈവകല്പന വിളിച്ചുപറയുന്നതിങ്ങനെ ഞാൻ കേട്ടു:
“എഴുന്നേല്ക്ക, പ്രവാചകാ! കണ്ണും കാതും തുറക്കുക.
എന്റെ ഹിതം നടത്തുക, എനിക്കു സാക്ഷ്യം നില്ക്കുക.
ഇരുളുന്ന കടലും മങ്ങുന്ന കരകളുമലയുക,
ജീവിക്കുന്ന വചനം കൊണ്ടു ഹൃദയങ്ങളെരിക്കുക!“

(1826)