Showing posts with label ബോര്‍ഹസ്. Show all posts
Showing posts with label ബോര്‍ഹസ്. Show all posts

Friday, October 30, 2015

ബോർഹസ് - വേറെയും കാര്യങ്ങളുണ്ട്*


(എഛ്. പി. ലവ്ക്രാഫ്റ്റിന്റെ ഓർമ്മയ്ക്ക്)*

ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ എന്റെ അവസാനത്തെ പരീക്ഷയെഴുതാൻ തയാറെടുക്കുന്ന അവസരത്തിലാണ്‌ അമ്മാവനായ എഡ്വിൻ ആർണെറ്റ് തെക്കേ അമേരിക്കയുടെ വിദൂരമായ ഒരു കോണിൽ വച്ച് ധമനിവീക്കം വന്നു മരണമടഞ്ഞ വിവരം ഞാൻ അറിയുന്നത്. ആരെങ്കിലും മരിച്ചുവെന്നറിയുമ്പോൾ നമുക്കെല്ലാം തോന്നുന്ന ആ പശ്ചാത്താപം എനിക്കപ്പോൾ തോന്നി- അല്പം കൂടി ദയവു കാണിക്കാതിരുന്നതിന്റെ പേരിൽ, ഇനി പറഞ്ഞിട്ടു കാര്യമില്ലാത്ത ഒരു പശ്ചാത്താപം. നാമൊക്കെത്തന്നെ മരിച്ചവരുമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്ന മരിച്ചവർ തന്നെയാണെന്ന വാസ്തവം നാം മറക്കുന്നു. എന്റെ പഠനവിഷയം തത്ത്വശാസ്ത്രമായിരുന്നു. ബ്യൂണേഴ്സ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തുള്ള ലോമാസിനു സമീപം കാസ കോളൊറാഡ എന്ന വീട്ടിൽ വച്ച് എന്റെ അമ്മാവനാണ്‌ എനിക്കാദ്യമായി തത്ത്വശാസ്ത്രത്തിലെ മനോഹരമായ പ്രഹേളികകൾ വെളിവാക്കിത്തരുന്നതെന്ന കാര്യം ഞാൻ ഓർത്തു. ഇതിനാകട്ടെ, ഒരൊറ്റ സംജ്ഞാനാമത്തിന്റെ സഹായം പോലും അദ്ദേഹത്തിനു വേണ്ടിവന്നതുമില്ല. ബർക്ക്‌ലിയുടെ* ആശയവാദം എനിക്കു പരിചയപ്പെടുത്തിത്തരാൻ അത്താഴമേശയിലെ ഒരോറഞ്ചായിരുന്നു അദ്ദേഹത്തിന്റെ ഉപാധി; എലിയാറ്റിക്കുകളുടെ* വിരോധാഭാസങ്ങൾ വിശദീകരിക്കാൻ ഒരു ചെസ്സ് ബോർഡ് ധാരാളമായിരുന്നു. വർഷങ്ങൾക്കു ശേഷം അദ്ദേഹമെനിക്ക് സ്ഥലരാശിയ്ക്ക് നാലാമതൊരു മാനമുണ്ടെന്നു തെളിയിക്കാൻ ശ്രമിക്കുന്ന ഹിന്റന്റെ* പ്രബന്ധങ്ങൾ വായിക്കാൻ തന്നു; പല നിറങ്ങളിലുള്ള ചതുരക്കട്ടകൾ ഉപയോഗിച്ചു നടത്തുന്ന സങ്കീർണ്ണമായ അഭ്യാസങ്ങളിലൂടെ വായനക്കാരൻ  ആ നാലാം മാനത്തെ മനസ്സിൽ കാണണമെന്നാണ്‌ ഗ്രന്ഥകാരൻ ഉദ്ദേശിച്ചിരുന്നത്. അമ്മാവന്റെ വായനമുറിയുടെ തറയിൽ ഞങ്ങൾ കെട്ടിപ്പൊക്കിയ പിരമിഡുകളും പ്രിസങ്ങളും ഒരിക്കലും ഞാൻ മറക്കാൻ പോകുന്നില്ല.

അമ്മാവൻ എഞ്ചിനീയറായിരുന്നു. റയിൽവേയിലെ ജോലിയിൽ നിന്നു പിരിയുന്നതിനു മുമ്പ് ട്യൂർഡെറായിൽ ഒരു വീടു വച്ച് താമസം മാറ്റാൻ അദ്ദേഹം തീരുമാനിച്ചു; അവിടെയാവുമ്പോൾ ഒരൊഴിഞ്ഞ നാട്ടുമ്പുറത്തിന്റെ ഏകാന്തതയും കിട്ടും, ബ്യൂണേഴ്സ് അയേഴ്സ് അത്ര അകലെയുമല്ല. സ്വാഭാവികമായും വീടിന്റെ ആർക്കിടെക്റ്റ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അലക്സാണ്ടർ മ്യൂർ ആയിരുന്നു. ജോൺ നോക്സിന്റെ* അയവില്ലാത്ത സിദ്ധാന്തങ്ങളുടെ അനുയായി ആയിരുന്നു അയവില്ലാത്ത ഈ മനുഷ്യൻ. എന്റെ അമ്മാവൻ അക്കാലത്തെ മിക്ക മാന്യന്മാരെയും പോലെ സ്വതന്ത്രചിന്തകനായിരുന്നു; ഒന്നുകൂടി കൃത്യമാക്കി പറഞ്ഞാൽ ഒരു അജ്ഞേയതാവാദി. എങ്കില്ക്കൂടി അദ്ദേഹത്തിന്‌ ദൈവശാസ്ത്രത്തിലും താല്പര്യമുണ്ടായിരുന്നു; ഹിന്റന്റെ അയഥാർത്ഥമായ ചതുരക്കട്ടകളിലും യുവാവായ എഛ്. ജി. വെൽസിന്റെ രചനാസൗഷ്ഠവമാർന്ന ദുഃസ്വപ്നങ്ങളിലും കാണിച്ച അതേ താല്പര്യം. അദ്ദേഹത്തിനു നായ്ക്കളെ ഇഷ്ടമായിരുന്നു; താൻ ജനിച്ച ലിച്ഫീൽഡ് എന്ന വിദൂരനഗരത്തിന്റെ ഓർമ്മയ്ക്കായി സാമുവെൽ ജോൺസൺ എന്നു പേരിട്ട ഒരു നായയും അദ്ദേഹത്തിനുണ്ടായിരുന്നു.

പടിഞ്ഞാറു വശം ചതുപ്പുപാടങ്ങൾ അതിരിട്ട ഒരു കുന്നുമ്പുറത്താണ്‌ കാസ കോളൊറാഡ* നില്ക്കുന്നത്. വേലിക്കെട്ടിനു പുറത്തെ അറൗക്കേറിയ മരങ്ങൾ ഉള്ളിലെ മ്ളാനമായ അന്തരീക്ഷത്തെ മയപ്പെടുത്താൻ മതിയായില്ല. ഉഷ്ണിക്കുന്ന രാത്രികളിൽ കാറ്റു കൊണ്ടു കിടക്കാവുന്ന പരന്ന മേല്ക്കൂരയ്ക്കു പകരം സ്ലേറ്റുകല്ലു മേഞ്ഞ ചരിഞ്ഞ മേല്ക്കൂരയും ചതുരത്തിൽ ഒരു മണിമേടയുമാണ്‌ വീടിനുണ്ടായിരുന്നത്. ഇവയെല്ലാം കൂടി ചുമരുകൾക്കും ശോഷിച്ച ജനാലകൾക്കും മേൽ കനം തൂങ്ങുന്നതു പോലെ തോന്നിയിരുന്നു. ഈ വൈരൂപ്യമൊക്കെ കുട്ടിയായിരിക്കുന്ന കാലത്ത് ഞാൻ സഹിച്ചുപോന്നു, ഒരുമിച്ചു കഴിയുന്നു എന്നൊരു കാരണം കൊണ്ടു മാത്രം “ലോകം” എന്നു നാം പേരിട്ടു വിളിക്കുന്ന അന്യോന്യപ്പൊരുത്തമില്ലാത്ത ആ വസ്തുക്കളെ നാം സഹിക്കുന്ന പോലെ.

1921ൽ ഞാൻ നാട്ടിലേക്കു പോന്നു. നിയമത്തിന്റെ നൂലാമാലകൾ ഒഴിവാക്കുന്നതിനായി വീട് ലേലം ചെയ്തു വിറ്റിരുന്നു. മാക്സ് പ്രിറ്റോറിയസ് എന്നു പേരായ ഒരു അന്യനാട്ടുകാരനാണ്‌ അതു വാങ്ങിയത്; അതും തനിയ്ക്കു മുമ്പു ലേലം വിളിച്ചയാൾ പറഞ്ഞ തുകയുടെ ഇരട്ടി കൊടുത്ത്. കരാർ എഴുതേണ്ട താമസം, ഒരു വൈകുന്നേരത്ത് അയാൾ രണ്ടു ജോലിക്കാരുമായി എത്തി വീട്ടിലെ സകല പുസ്തകങ്ങളും ഫർണ്ണീച്ചറുകളും മറ്റു സാധനങ്ങളുമെടുത്ത് ഡ്രോവർ റോഡിനടുത്തുള്ള കുപ്പക്കുണ്ടിൽ കൊണ്ടുചെന്നു തള്ളി. (ഹിന്റൺ പുസ്തകങ്ങളിലെ രേഖാചിത്രങ്ങളും വലിയൊരു ഗ്ളോബും ഞാൻ വിഷാദത്തോടെ ഓർക്കുന്നു.) അടുത്ത ദിവസം അയാൾ മ്യൂറിനെ ചെന്നു കണ്ട് വീടിന്റെ പ്ളാനിൽ ചില ഭേദഗതികൾ നിർദ്ദേശിച്ചു; തനിക്കതു പറ്റില്ലെന്നു പറഞ്ഞ് അദ്ദേഹം അവജ്ഞയോടെ അതു തള്ളിക്കളയുകയാണുണ്ടായത്. ഒടുവിൽ ബ്യൂണേഴ്സ് അയേഴ്സിലെ ഒരു സ്ഥാപനം പണി നടത്താമെന്നേറ്റു. സ്ഥലത്തെ ആശാരിമാർ പണിയ്ക്കു കൂടിയില്ല; പിന്നെ ഗ്ളൂ സ്വദേശിയായ ഒരു മരിയാനി ആണ്‌ പ്രിറ്റോറിയസ് പറഞ്ഞ വ്യവസ്ഥകൾക്കനുസരിച്ച് തടിപ്പണികൾ ചെയ്തുകൊടുത്തത്. ഒരു രണ്ടാഴ്ചക്കാലം അയാൾക്ക് രാത്രിയിൽ അടച്ചിട്ട വാതിലിനു പിന്നിലിരുന്ന് പണിയെടുക്കേണ്ടി വന്നു. കാസ കോളൊറാഡയുടെ പുതിയ ഉടമസ്ഥൻ താമസത്തിനു കയറിയതും ഒരു രാത്രിയിലായിരുന്നു. അതിൽ പിന്നെ ജനാലകൾ തുറന്നിട്ടില്ല; എന്നാൽ ഇരുട്ടത്തവിടവിടെയായി വെളിച്ചത്തിന്റെ ചീളുകൾ കാണാമായിരുന്നു. ഒരു ദിവസം കാലത്ത് പാല്ക്കാരൻ ചെല്ലുമ്പോൾ വളർത്തുനായയുടെ തലയില്ലാത്ത ജഡം നടവഴിയിൽ കിടക്കുന്നതു കണ്ടു; അതിന്റെ ദേഹം കൊത്തിമുറിച്ചു നാനാവിധമാക്കിയിരുന്നു. ആ മഞ്ഞുകാലത്ത് അറൗക്കേറിയ മരങ്ങളും വെട്ടിവീഴ്ത്തി. പ്രിറ്റോറിയസിനെ പിന്നെയാരും കണ്ടിട്ടേയില്ല; അയാൾ സ്ഥലം വിട്ടു പോയതായിരിക്കുമെന്ന് എല്ലാവരും കരുതി.

ഈ വാർത്തകൾ, നിങ്ങൾക്കൂഹിക്കാവുന്നതു പോലെ, എന്നെ അസ്വസ്ഥനാക്കി. എന്റെ സ്വഭാവത്തിലെ ഏറ്റവും പ്രകടമായ ലക്ഷണം ജിജ്ഞാസയാണെന്ന് എനിക്കറിയാം; എന്റെ സ്വഭാവവുമായി ഒട്ടും ചേരാത്ത ഒരു സ്ത്രീയെ (അവൾ ആരാണെന്നും എന്താണെന്നും കണ്ടുപിടിക്കാൻ മാത്രമായി)വിവാഹം ചെയ്യുന്നതിലേക്കെന്നെ നയിച്ച, കറുപ്പുസത്തുപയോഗിച്ചു നോക്കാൻ (അതിൽ വിശേഷിച്ചൊന്നും ഞാൻ കണ്ടതുമില്ല) എന്നെ പ്രേരിപ്പിച്ച, അനന്തസംഖ്യകളുടെ ലോകത്തേക്കെന്നെ തിരിച്ചു വിട്ട, ഞാൻ ഇനി വിവരിക്കാൻ പോകുന്ന ഭയാനകമായ സാഹസമേറ്റെടുക്കാൻ എന്നെ തള്ളിവിട്ട അതേ ജിജ്ഞാസ. സ്വാഭാവികമായും ഇക്കാര്യത്തിൽ ഒരന്വേഷണം നടത്താൻ ഞാൻ തീരുമാനമെടുത്തു.

അലക്സാൻഡർ മ്യൂറിനെ പോയിക്കാണുക എന്നതായിരുന്നു എന്റെ ആദ്യത്തെ നടപടി. ഇരുണ്ട നിറവും മെലിഞ്ഞതെങ്കിലും ബലം തോന്നിക്കുന്ന നെടിയ രൂപവും: അതായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ. ഇപ്പോൾ വർഷങ്ങളുടെ ഭാരത്താൽ അദ്ദേഹം കൂനിപ്പോയിരിക്കുന്നു; താടിയാകെ വെളുത്തുനരച്ചു. അദ്ദേഹം എന്നെ തന്റെ ടെമ്പെർലീ എന്ന വീട്ടിനുള്ളിലേക്കു ക്ഷണിച്ചു. വീട് സ്വാഭാവികമായും എന്റെ അമ്മാവന്റെ വീടു പോലെ തന്നെയിരുന്നു; കാരണം രണ്ടും നല്ല കവിയും അത്ര മോശം ശില്പിയുമായ വില്ല്യം മോറിസ്സിന്റെ* കർക്കശപ്രമാണങ്ങൾക്കനുസരിച്ചു പണിതവയായിരുന്നല്ലോ.

ഞങ്ങൾ കാര്യമായൊന്നും സംസാരിച്ചില്ല; സ്കോട്ട്ലന്റിന്റെ ദേശീയചിഹ്നം മുൾച്ചെടിയായതു വെറുതെയല്ല. എന്നാലും കടുപ്പം കൂടിയ സിലോൺ ചായയും ഒരു തളിക നിറയെ ബിസ്ക്കറ്റും ( ഞാൻ ഇപ്പോഴും കുട്ടിയാണെന്ന പോലെ അദ്ദേഹം അതു പൊട്ടിച്ച് വെണ്ണ പുരട്ടിത്തന്നു) മിതവ്യയശീലനായ ഒരു കാൽവിനിസ്റ്റ് തന്റെ സ്നേഹിതന്റെ മകനു നല്കുന്ന ഒരു വിരുന്നു തന്നെയാണെന്ന് എനിക്കു തോന്നി. എന്റെ അമ്മാവനുമായി അദ്ദേഹം നടത്തിയിരുന്ന ദൈവശാസ്ത്രചർച്ചകൾ ഓരോ കളിക്കാരനും പ്രതിയോഗിയുടെ സഹകരണം ആവശ്യമായി വരുന്ന സുദീർഘമായ ചെസ്സുകളികൾ ആയിരുന്നു.

സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു; ഞാൻ ചെന്ന കാര്യത്തിനടുത്തെങ്ങും എത്തിയിട്ടുമില്ല. അസുഖകരമായ ഒരു നിശ്ശബ്ദത മ്യൂർ തന്നെ ഭഞ്ജിച്ചു.

“മോനേ,” അദ്ദേഹം പറഞ്ഞു, “നീ ഇത്രയും ദൂരം യാത്ര ചെയ്തിവിടെയെത്തിയത് എഡ്വിനെക്കുറിച്ചോ എനിക്കൊട്ടും താല്പര്യമില്ലാത്ത അമേരിക്കയെക്കുറിച്ചോ സംസാരിക്കാനല്ലെന്ന് എനിക്കറിയാം. കാസ കോളൊറാഡയുടെ വില്പനയും അതു വാങ്ങിയ ആ വിചിത്രവ്യക്തിയുമാണ്‌ നിന്റെ ഉറക്കം കെടുത്തുന്നത്. അതെന്റെയും ഉറക്കം കെടുത്തുന്നുണ്ടെന്നു കൂട്ടിക്കോ. തുറന്നു പറഞ്ഞാൽ എന്റെ മനസ്സിനു പിടിക്കാത്ത ഒരു സംഗതിയാണത്; എന്തായാലും എനിക്കറിയാവുന്നതു ഞാൻ പറയാം. അതധികമൊന്നുമില്ല.”

ഒരു നിമിഷത്തിനു ശേഷം, തിടുക്കമൊന്നുമില്ലാതെ, അദ്ദേഹം തുടർന്നു.

“എഡ്വിൻ മരിക്കുന്നതിനു മുമ്പ് മേയർ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചിരുന്നു. ഇടവകവികാരിയും അവിടെയുണ്ടായിരുന്നു. ഒരു കത്തോലിക്കാപ്പള്ളിയുടെ പ്ളാൻ വരച്ചു കൊടുക്കാനാണ്‌ അവർ എന്നെ വിളിപ്പിച്ചത്. പ്രതിഫലം എത്ര വേണമെങ്കിലും തരാമെന്നും പറഞ്ഞു. എന്റെ മറുപടി അപ്പോൾത്തന്നെ ഞാൻ കൊടുത്തു. എനിക്കു പറ്റില്ല, ഞാൻ പറഞ്ഞു, വിഗ്രഹങ്ങൾക്കു ബലിപീഠം പണിയുന്ന ദൈവവിരോധം ചെയ്യാൻ എന്നെ കിട്ടില്ല.“ അദ്ദേഹം പറഞ്ഞുനിർത്തി.

”ഇത്രേയുള്ളു?“ ഞാൻ ഒരു ധൈര്യത്തിനു ചോദിച്ചു.

”അല്ല. ആ ജൂതപ്പന്നി പ്രിട്ടോറിയസ്സിന്‌ ഞാൻ പണിത വീട് പൊളിച്ചിട്ട് അതേ സ്ഥാനത്ത് ഒരു ബീഭത്സവസ്തു ഉണ്ടാക്കണമത്രെ. ദൈവനിന്ദയ്ക്ക് എന്തൊക്കെ രൂപങ്ങളാവാം!“ വല്ലാത്ത ഗൗരവത്തോടെ ഇത്രയും പറഞ്ഞിട്ട് അദ്ദേഹം എഴുന്നേറ്റു.

ഞാൻ അവിടെ നിന്നിറങ്ങി വളവു തിരിയുമ്പോൾ ഡാനിയൽ ഇബേറ അടുത്തു കൂടി. നാട്ടുമ്പുറങ്ങളിൽ ആൾക്കാർ പരസ്പരമറിയുന്ന പോലെ ഞങ്ങൾക്കു തമ്മിലറിയാമെന്നേയുള്ളു. ട്യൂർഡെറായിലേക്കു താനുമുണ്ടെന്ന് അയാൾ പറഞ്ഞു. ഈ തരം തെമ്മാടികൾക്ക് ഞാനങ്ങനെ കാതു കൊടുക്കാറില്ല: തല്ലുപിടുത്തങ്ങളെക്കുറിച്ചുള്ള നേരാവണമെന്നില്ലാത്ത കഥകളുടെ ദുഷിച്ച കുത്തൊഴുക്കേ ഇവരിൽ നിന്നൊക്കെ പ്രതീക്ഷിക്കാനുള്ളു. ഒടുവിൽ വരുന്നതു വരട്ടേയെന്നു ഞാൻ വഴങ്ങിക്കൊടുത്തു. മിക്കവാറും ഇരുട്ടായിക്കഴിഞ്ഞിരുന്നു. അല്പമകലെയായി കുന്നുമ്പുറത്ത് കാസ കോളൊറാഡോ കാഴ്ചയിൽ വന്നപ്പോൾ ഇബേറ പെട്ടെന്ന് മറ്റൊരു തെരുവിലേക്കു മാറിനടന്നു. ഞാൻ കാര്യമന്വേഷിച്ചു. അയാളുടെ മറുപടി ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല.

“ഞാൻ ഡോൺ ഫിലിപ്പേയുടെ വലംകൈയാണ്‌,” അയാൾ പറഞ്ഞു. “പേടിത്തൊണ്ടനെന്ന വിളി കേൾക്കാൻ ഇതേവരെ ഞാൻ ഇട വരുത്തിയിട്ടില്ല. എന്നെ കാണാൻ മെർലോയിൽ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്തു വന്ന ആ ഉർഗോയിറ്റിയ്ക്ക് എന്തു സംഭവിച്ചുവെന്ന് നിങ്ങൾക്കൊരുപക്ഷേ ഓർമ്മയുണ്ടാവണം. അതിരിക്കട്ടെ, ഇതു കേൾക്കൂ- കുറച്ചു ദിവസം മുമ്പൊരു രാത്രിയിൽ ഞാൻ ഒരു പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു. ആ വീടിന്‌ ഒരു നൂറു വാര അടുത്തെത്തിയപ്പോൾ ഞാൻ എന്തോ ഒന്നിനെ കണ്ടു. എന്റെ കുതിര പിന്നാക്കം ചാടി; അതിന്റെ പുറത്തു പിടിച്ചിരുന്ന് പതുക്കെ അതിനെ മറ്റൊരിടവഴിയിലേക്കു മാറ്റിയോടിച്ചില്ലെങ്കിൽ ഇന്നീ കഥ പറയാൻ ഞാനുണ്ടാവുമായിരുന്നില്ല. ഞാൻ കണ്ടത്...” അയാൾ തല കുലുക്കിയിട്ട് കോപത്തോടെന്തോ പ്രാകി.


അന്നു രാത്രിയിൽ എനിക്കുറക്കം വന്നില്ല. പുലർച്ചയോടടുപ്പിച്ച് ഞാനൊരു മുദ്രണം സ്വപ്നം കണ്ടു- പിരനേസിയുടെ* ശൈലിയിൽ ചെയ്ത അതുപോലൊന്ന് ഞാൻ മുമ്പു കണ്ടിട്ടുമില്ല, കണ്ടു മറന്നിട്ടുമില്ല. ഒരുതരം ലാബിരിന്തിന്റെ* ചിത്രം. സൈപ്രസ് മരങ്ങൾ അതിരിടുന്ന, കല്ലു കൊണ്ടു പടുത്ത ഒരാംഫി തിയേറ്ററായിരുന്നു അത്; അതിന്റെ ചുമരുകൾക്ക് മരത്തലപ്പുകളേക്കാൾ ഉയരവുമുണ്ടായിരുന്നു. വാതിലുകളോ ജനാലകളോ ഇല്ല; പകരം വീതി കുറഞ്ഞ്, കുത്തനേയുള്ള വിടവുകളുടെ അനന്തമായ ഒരു നിര അതിൽ തുള വീഴ്ത്തിയിരുന്നു. ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് ഞാൻ അതിനുള്ളിലെ മിനോട്ടാറിനെ തിരയുകയായിരുന്നു. ഒടുവിൽ ഞാനതിനെ കണ്ടു. അതൊരു ബീഭത്സസത്വമായിരുന്നു; കാളയെക്കാളേറെ പോത്തിനെയാണ്‌ അതോർമ്മിപ്പിച്ചത്; അതിന്റെ മനുഷ്യശരീരം നിലത്തു കിടക്കുകയായിരുന്നു. അതു സ്വപ്നം കണ്ടുറക്കമാണെന്നു തോന്നി- എന്തിനെയാണ്‌, ആരെയാണതു സ്വപ്നം കാണുന്നത്?

അന്നു വൈകിട്ട് ഞാൻ കാസ കോളൊറാഡയ്ക്കടുത്തു കൂടി കടന്നുപോയി. ഗെയ്റ്റ് അടച്ചിരിക്കുകയായിരുന്നു; അതിന്റെ ഇരുമ്പഴികൾ ചിലത് വളച്ചൊടിച്ച നിലയിൽ കണ്ടു. ഒരു കാലത്തെ പൂന്തോട്ടത്തിൽ കള കേറി വളർന്നിരിക്കുന്നു. വലതു ഭാഗത്തായി ആഴം കുറഞ്ഞ ഒരു കുളമുണ്ടായിരുന്നതിന്റെ വക്കുകൾ ചവിട്ടിക്കുഴച്ചിട്ടിരിക്കുന്നു.

ഒരു ചീട്ടേ ബാക്കിയുണ്ടായിരുന്നുള്ളു; പക്ഷേ അതു പുറത്തെടുക്കാതെ ഞാൻ ദിവസങ്ങൾ തള്ളിത്തള്ളി നീക്കി- അതുകൊണ്ട് ഒരു ഫലവും ഉണ്ടാകാൻ പോകുന്നില്ല എന്നറിയാമായിരുന്നു എന്നതുകൊണ്ടു മാത്രമല്ല, അനിവാര്യമായതിലേക്ക്, ആത്യന്തികമായതിലേക്ക് അതെന്നെ വലിച്ചിഴയ്ക്കും എന്നറിയുന്നതുകൊണ്ടു കൂടിയായിരുന്നു.

ഒടുവിൽ, വലിയ പ്രതീക്ഷയൊന്നും കൂടാതെ, ഞാൻ ഗ്ളൂവിലേക്കു പോയി. മരപ്പണിക്കാരൻ മരിയാനി തടിച്ചു തുടുത്ത ഒരിറ്റലിക്കാരനായിരുന്നു- തുറന്നു പെരുമാറുന്ന, നാട്യങ്ങളൊന്നുമില്ലാത്ത സാധാരണ മനുഷ്യൻ. ഇപ്പോൾ പ്രായമായിരിക്കുന്നു. അയാളെ കണ്ട നിമിഷം തന്നെ തലേ രാത്രിയിൽ മെനഞ്ഞെടുത്ത തന്ത്രങ്ങൾ ഞാൻ ഉപേക്ഷിച്ചുകളഞ്ഞു. ഞാൻ അയാൾക്ക് എന്റെ വിസിറ്റിംഗ് കാർഡ് കൊടുത്തു. ഒരുതരം ഭവ്യതയോടെയാണ്‌ അയാളതു വായിച്ചത്; പി. എഛ്ഡി എന്ന ഭാഗമെത്തിയപ്പോൾ ശബ്ദത്തിൽ ബഹുമാനസൂചകമായ ഒരു പതറലും വന്നുകണ്ടു. ട്യൂർഡെറായിലെ എന്റെ അമ്മാവന്റെ വീട്ടിലേക്കു പണിതു കൊടുത്ത ഉരുപ്പടികളെക്കുറിച്ചറിയാൻ ആഗ്രഹമുണ്ടെന്നു ഞാൻ പറഞ്ഞു. അയാൾ ഒരുപാടൊക്കെ പറഞ്ഞു. അയാളുടെ വാക്കുകളുടെയും ചേഷ്ടകളുടെയും കുത്തൊഴുക്ക് അതേപോലെ ഇവിടെ പകർത്തിവയ്ക്കാൻ ഞാൻ തുനിയുന്നില്ല. അയാൾ പറഞ്ഞതിതാണ്‌: ഇടപാടുകാരന്റെ ആവശ്യം, അതിനി എത്ര വിചിത്രമായിക്കോട്ടെ, നടത്തിക്കൊടുക്കുക എന്നതാണ്‌ തന്റെ പ്രമാണം; താനതിൽ കുറവു വരുത്തിയിട്ടുമില്ല. അയാൾ മേശവലിപ്പുകൾ പരതിയിട്ട് ചില കടലാസ്സുകളെടുത്ത് എന്നെ കാണിച്ചു; എനിക്കവ കണ്ടിട്ട് തലയും വാലും പിടി കിട്ടിയില്ല; അതിലൊക്കെ പിടി തരാത്ത ആ പ്രിട്ടോറിയസ്സിന്റെ ഒപ്പുമുണ്ടായിരുന്നു. (ഞാനേതോ വക്കീലാണെന്ന് മരിയാനി വിചാരിച്ചിട്ടുണ്ടാവണം.) യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാൾ എന്റെ ചെവിയിൽ പറഞ്ഞു, നിധി കൊടുക്കാമെന്നു പറഞ്ഞാല്ക്കൂടി താനിനി ആ വീടു പോകട്ടെ, ട്യൂർഡെറായിൽത്തന്നെ കാലെടുത്തു കുത്തില്ലെന്ന്. ഒരിടപാടുകാരനേയും ഇകഴ്ത്തിക്കാണരുതെങ്കിലും തന്റെ എളിയ അഭിപ്രായത്തിൽ ഈ പ്രിറ്റോറിയസ്സ് ഒരല്പം വട്ടനാണെന്നും അയാൾ കൂട്ടിച്ചേർത്തു. എന്നിട്ട് അത്രയും പറഞ്ഞതു തന്നെ കൂടിപ്പോയെന്ന മട്ടിൽ അയാളുടെ വായടഞ്ഞു. പിന്നൊരു വാക്ക് അയാളിൽ നിന്നെനിക്കു വീണുകിട്ടിയില്ല.

ഈ പരാജയം ഞാൻ മുൻകൂട്ടിക്കണ്ടതു തന്നെയായിരുന്നു; എന്നാൽ ഒരു കാര്യം മുൻകൂട്ടിക്കാണുക എന്നതും അതു കണ്മുന്നിൽ നടന്നുകാണുക എന്നതും രണ്ടും രണ്ടാണല്ലോ.

എത്ര തവണ ഞാൻ സ്വയം ശാസിച്ചതാണ്‌, ഈ പ്രഹേളികയുടെ പൊരുളു കണ്ടുപിടിക്കാൻ ഞാൻ തുനിഞ്ഞിറങ്ങേണ്ട കാര്യമില്ലെന്ന്. യഥാർത്ഥത്തിലുള്ള പ്രഹേളിക ഒന്നേയുള്ളു- അതു കാലമാണ്‌: അന്നും ഇന്നും എന്നും ഇന്നലെയും നാളെയുമെല്ലാം കൂടി നെയ്തെടുക്കുന്ന അനന്തജാലം. ഈ ഗഹനചിന്തനങ്ങൾ കൊണ്ടൊന്നും പക്ഷേ  ഫലമില്ലാതെയാണു വന്നത്. വൈകുന്നേരം മുഴുവൻ ഷോപ്പൻഹോവറിന്റെയോ* റോയ്സിന്റെയോ* പുസ്തകങ്ങളിൽ ആണ്ടുമുഴുകുന്ന ഞാൻ രാത്രിയാകുന്നതോടെ കാസ കോളൊറാഡയെ ചുറ്റിക്കിടക്കുന്ന ചെളിപ്പാതകളിലൂടെ നടക്കാനിറങ്ങുകയായി. ചിലപ്പോൾ കുന്നുമ്പുറത്ത് നല്ല വെളുത്ത വെളിച്ചം പോലെന്തോ കണ്ടെന്നു തോന്നും; മറ്റു ചിലപ്പോൾ ഞരക്കം പോലെന്തോ കേട്ട പോലെയും. ജനുവരി പത്തൊമ്പതു വരെ ഇതിങ്ങനെ പോയി.

വേനൽ തന്നെ പീഡിപ്പിക്കുകയും അവഹേളിക്കുകയും മാത്രമല്ല, അപകൃഷ്ടനാക്കുകയും ചെയ്യുന്നു എന്നൊരാൾക്കു തോന്നുന്ന ചില ദിവസങ്ങളുണ്ട് ബ്യൂണേഴ്സ് അയേഴ്സിൽ. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു. രാത്രി പതിനൊന്നു മണിയോടടുപ്പിച്ച് കൊടുങ്കാറ്റു വീശിത്തുടങ്ങി. തെക്കൻ കാറ്റിനു പിന്നാലെ മഴ കോരിച്ചൊരിഞ്ഞു. കയറി നില്ക്കാൻ ഒരു മരച്ചുവടു തേടി ഇരുട്ടത്തു ഞാൻ പരക്കം പാഞ്ഞു. പെട്ടെന്നു വീശിയ മിന്നലിന്റെ രൂക്ഷമായ വെളിച്ചത്തിൽ വേലിയിൽ നിന്നു ചുവടുകൾ മാത്രം അകലെയാണു ഞാനെന്ന് എനിക്കു മനസ്സിലായി. പേടി കൊണ്ടോ പ്രതീക്ഷ കൊണ്ടോ എന്നറിയില്ല, ഗെയ്റ്റ് തള്ളിത്തുറക്കാനാണ്‌ എനിക്കപ്പോൾ തോന്നിയത്. ഞാൻ കരുതിയതിനു വിപരീതമായി ഗെയ്റ്റ് തുറക്കുകയും ചെയ്തു. കാറ്റിന്റെ തള്ളിച്ചയിൽ ഞാൻ ഉള്ളിലേക്കു കയറി; ഭൂമിയും ആകാശവും എന്നെ തള്ളിവിടുകയായിരുന്നു. വീടിന്റെ മുൻവാതിലും തുറന്നുകിടക്കുകയായിരുന്നു. പെട്ടെന്നൊരു മഴ സീല്ക്കാരത്തോടെ എന്റെ മുഖത്തടിച്ചു; ഞാൻ അകത്തേക്കു കടന്നു.

ഉള്ളിൽ തറയോടുകളെല്ലാം ഇളക്കിമാറ്റിയിരുന്നു; കാലു വച്ചത് മെടഞ്ഞു വളർന്ന പുല്ലിലായിരുന്നു. മനം പുരട്ടലുണ്ടാക്കുന്ന, ഒരു തരം മധുരിക്കുന്ന ഗന്ധം വീടു നിറഞ്ഞുനിന്നു. ഇടത്തോ വലത്തോ എന്നു നല്ല തീർച്ചയില്ല, ഒരു ചരിവുപടിയിൽ എന്റെ കാലു തടഞ്ഞു. ഞാൻ അതിലുടെ തപ്പിപ്പിടിച്ചു മുകളിലേക്കു കയറി. ഞാനറിയാതെ തന്നെ എന്നു പറയാം, എന്റെ കൈ ലൈറ്റിന്റെ സ്വിച്ചിലേക്കു നീണ്ടു.

എന്റെ ഓർമ്മയിലെ ഭക്ഷണമുറിയും വായനമുറിയും ഇടച്ചുമരിടിച്ചുകളഞ്ഞിട്ട് വലിയ ഒറ്റ മുറിയാക്കിയിരിക്കുന്നു; അവിടവിടെയായി മേശയോ കസേരയോ പോലെ ചിലത് ചിതറിക്കിടന്നിരുന്നു. അവ എങ്ങനെയുള്ളതായിരുന്നുവെന്നു വിവരിക്കാൻ ഞാൻ മുതിരുന്നില്ല; കാരണം, നിർദ്ദയമായ വെളുത്ത വെളിച്ചമുണ്ടായിരുന്നിട്ടു കൂടി അവയെ ശരിക്കും കണ്ടതായി എനിക്കു നല്ല തീർച്ചയില്ല. ഞാൻ വിശദീകരിക്കാം: ഒരു വസ്തുവിനെ യഥാർത്ഥമായി നാം കാണണമെങ്കിൽ നമുക്കതു മനസ്സിലായിരിക്കണം. ഉദാഹരണത്തിന്‌, മനുഷ്യശരീരവും അതിന്റെ സന്ധികളും കൈകാലുകളും മനസ്സിലുണ്ടെങ്കിലേ ചാരുകസേര നമുക്കു മനസ്സിലാവുന്നുള്ളു; മുറിയ്ക്കുക എന്ന പ്രക്രിയ മനസ്സിൽ ഉള്ളതു കൊണ്ടാണ്‌ കത്രിക നമുക്ക് അർത്ഥവത്താകുന്നത്. ഒരു വിളക്കിനെയോ കാറിനെയോ എങ്ങനെയാണു നാം കാണുന്നത്? ഒരു കാട്ടുവർഗ്ഗക്കാരന്‌ സുവിശേഷവേലക്കാരന്റെ കൈയിലെ ബൈബിൾ പിടി കിട്ടുകയില്ല; കപ്പലിന്റെ കപ്പിയും പായയും കയറും കപ്പൽ ജോലിക്കാരൻ കാണുന്നതു പോലെയാവില്ല, യാത്രക്കാരൻ കാണുന്നത്. പ്രപഞ്ചത്തെ നാം ശരിക്കും കണ്ടാൽ നമുക്കതു മനസ്സിലായെന്നും വരാം.

അന്നു രാത്രിയിൽ ഞാൻ കണ്ട ഗ്രഹണാതീതമായ രൂപങ്ങളിൽ ഒന്നു പോലും മനുഷ്യാകൃതിയോടോ എന്തെങ്കിലും ഒരുപയോഗത്തോടോ ഘടിപ്പിക്കാവുന്നതായിരുന്നില്ല. എന്തെന്നില്ലാത്ത അറപ്പും ഭീതിയുമാണ്‌ എനിക്കു തോന്നിയത്. ഒരു മൂലയ്ക്ക് മുകളിലത്തെ നിലയിലേക്കു ചാരി വച്ചിരിക്കുന്ന ഒരു കോണി കണ്ടു. വീതിയിലുള്ള ഇരുമ്പുപടികൾ പത്തിനടുത്തേയുള്ളു; അവ പിടിപ്പിച്ചിരിക്കുന്നത് പ്രത്യേകിച്ചൊരു ക്രമത്തിലുമല്ല. ആ കോണി, അതു കൈയും കാലും സൂചിപ്പിക്കുന്നതിനാൽ, എന്റെ അസ്വസ്ഥത തെല്ലൊന്നു കുറച്ചു. ഞാൻ ലൈറ്റ് കെടുത്തിയിട്ട് അല്പനേരം ഇരുട്ടത്തു കാത്തുനിന്നു. നേരിയ ശബ്ദം പോലും കേൾക്കാനുണ്ടായിരുന്നില്ല. പക്ഷേ അത്രയധികം അഗ്രാഹ്യവസ്തുക്കളുടെ സാന്നിദ്ധ്യം എന്റെ മനസ്സമാധാനം കെടുത്തുകയായിരുന്നു. ഒടുവിൽ ഞാൻ ഒരു തീരുമാനമെടുത്തു.

മുകളിലത്തെ നിലയിലെത്തിയപ്പോൾ പേടി പൂണ്ട എന്റെ കൈ വീണ്ടും സ്വിച്ചിനു പരതി. താഴത്തെ നിലയിൽ നിഴൽ വീശിയ ദുഃസ്വപ്നം മുകളിൽ ജീവൻ വച്ചു തെഴുത്തു നില്ക്കുകയായിരുന്നു. കുറേയേറെ വസ്തുക്കൾ, അല്ലെങ്കിൽ പരസ്പരം ഇണക്കിവച്ച വസ്തുക്കൾ ഞാൻ കണ്ടു. നല്ല പൊക്കത്തിൽ U ആകൃതിയിൽ ശസ്ത്രക്രിയക്കുള്ള മേശ പോലൊന്നു കണ്ടത് ഞാൻ ഓർക്കുന്നു; അതിന്റെ രണ്ടറ്റത്തും വൃത്താകൃതിയിൽ ദ്വാരങ്ങളും ഉണ്ടായിരുന്നു. അത് ആ വീട്ടിലെ താമസക്കാരന്റെ കട്ടിലായേക്കാമെന്നു ഞാനോർത്തു; ഒരു മൃഗത്തിന്റെയോ ദൈവത്തിന്റെയോ രൂപം അതു വീശുന്ന നിഴലിലൂടെ വെളിവാകുന്നതുപോലെ ഇവിടത്തെ ആ സത്വത്തിന്റെ വിലക്ഷണമായ ശരീരഘടന ഈ വസ്തുവിലൂടെ പരോക്ഷമായി തെളിയുകയാവാം. പണ്ടെന്നോ ലൂക്കന്റെ* പുസ്തകത്തിൽ വായിച്ചു മറന്ന ഒരു പദം എന്റെ ചുണ്ടിൽ വന്നു: ആംഫിസ്ബീന*. എന്റെ കണ്ണുകൾ പിന്നീടു കാണാനിരുന്നതിനെ സൂചിപ്പിക്കാനുതകുന്ന, എന്നാൽ പൂർണ്ണമായി സ്പഷ്ടമാക്കാൻ അപര്യാപ്തമായ ഒരു വാക്ക്. മുകളിലത്തെ ഇരുട്ടിൽ വിലയിക്കുന്ന V ആകൃതിയിലുള്ള ഒരു കണ്ണാടിയും ഞാൻ ഓർക്കുന്നു.

ഈ വീട്ടിൽ താമസമാക്കിയ ജീവി എങ്ങനെയുള്ളതായിരിക്കും? നമുക്കെത്ര ജുഗുപ്ത്സാവഹമാണോ, അത്രയ്ക്കു തന്നെ അതിനും ജുഗുപ്ത്സാവഹമായ ഈ ഗ്രഹത്തിൽ അതു തേടുന്നതെന്താവാം? ജ്യോതിശാസ്ത്രത്തിന്റെയോ കാലത്തിന്റെയോ ഏതജ്ഞാതമണ്ഡലത്തിൽ നിന്നാവാം, ഇന്നു ഗണനാതീതമായ ഏതു പ്രാചീനസന്ധ്യയിൽ നിന്നാവാം ഈ തെക്കേ അമേരിക്കൻ നഗരപ്രാന്തത്തിൽ, ഈ രാത്രിയിൽ അതെത്തിയത്?

സൃഷ്ടിയ്ക്കു മുമ്പുള്ള അവ്യാകൃതത്തിൽ ക്ഷണിക്കാതെ ചെന്നുകയറിയവനാണു ഞാനെന്ന് എനിക്കു തോന്നി. പുറത്ത് മഴ നിലച്ചിരുന്നു. വാച്ചു നോക്കുമ്പോൾ രണ്ടു മണി ആവാറായിരിക്കുന്നു എന്ന് അത്ഭുതത്തോടെ ഞാൻ കണ്ടു. ലൈറ്റ് കെടുത്താതെ ജാഗ്രതയോടെ ഞാൻ കോണി വഴി താഴേക്കിറങ്ങാൻ തുടങ്ങി. കയറിപ്പോയത് തിരിച്ചിറങ്ങുക അസാദ്ധ്യമായിരുന്നില്ല- ഇവിടെ വസിക്കുന്നതെന്തോ, അതു തിരിച്ചെത്തുന്നതിനു മുമ്പ്. വാതിലും ഗെയ്റ്റും താഴിട്ടു പൂട്ടാത്തത് അതിന്‌ ആ വിദ്യ അറിവില്ലാത്തതു കൊണ്ടാണെന്ന് ഞാൻ ഊഹിച്ചു.

ഏണിയുടെ അവസാനത്തേതിനു തൊട്ടു മുമ്പത്തെ പടിയിൽ കാലടി തൊടുമ്പോഴാണ്‌ എന്തോ ചരിവുപടി കയറിവരുന്നത് ഞാൻ കേട്ടത്- കനത്തതും മന്ദഗതിയും അനേകവുമായ ഒന്ന്. ജിജ്ഞാസ ഭീതിയെ കവച്ചുവച്ചു; ഞാൻ കണ്ണു പൂട്ടിയില്ല.
----------------------------------------------------------------------------------------------------------------------


*There are more things in heaven and earth, Horatio,
Than are dreamt of in your philosophy...
(Hamlet to Horatio)

*H.P.Lovecraft(1890-1937) - ഹൊറർ നോവലുകളുടെ പേരിൽ പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരൻ

*Casa Colorado- സ്പാനിഷിൽ ചുവന്ന വീട് എന്നർത്ഥം

*George Berkeley(1685-1753)- ഇംഗ്ളീഷ് തത്ത്വചിന്തകൻ; യാഥാർത്ഥ്യമെന്നാൽ മനസ്സുകളും അവയുടെ ആശയങ്ങളുമാണെന്നു വാദിച്ചു.

*Eleatics - ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Parmenides എന്ന ഗ്രീക്ക് ദാർശനികന്റെ അനുയായികൾ; സത്ത ഏകമാണെന്നും ചലനവും പരിവർത്തനവും ഭ്രമമാണെന്നും വാദിച്ചു.

*Charles Howard Hinton(1853-1907)- ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞൻ

*Turdera - ബ്യൂണേഴ്സ് അയഴ്സിനു തെക്കു ഭാഗത്തുള്ള, അക്കാലത്ത് ജനവാസം കുറവായ ഒരു പ്രാന്തപ്രദേശം

* John Knox(1513-1572)- സ്കോട്ടിഷ് ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും. 

*William Morris(1834-1896)- ഇംഗ്ളീഷ് കവിയും നോവലിസ്റ്റും വിവർത്തകനും സാമൂഹ്യപ്രവർത്തകനും ഡിസൈനറും.

*Giovanni Battista Piranesi(1720-1778) റോമൻ ചിത്രകാരൻ.

*Labyrinth - ഗ്രീക്ക് പുരാണങ്ങൾ പ്രകാരം ക്രീറ്റിലെ മിനോസ് രാജാവിനു വേണ്ടി ഡീഡലസ് എന്ന ശില്പി പണിതു കൊടുത്ത ദുർഗ്ഗമനിർമ്മിതി. മിനോട്ടാർ എന്ന, കാളത്തലയും മനുഷ്യന്റെ ഉടലുമുള്ള സത്വത്തെ ഈ രാവണൻ കോട്ടയ്ക്കുള്ളിലാണ്‌ പാർപ്പിച്ചിരുന്നത്.

*Josia Royce(1855-1916)- അമേരിക്കൻ ആശയവാദചിന്തകൻ

*Arthur Schopenhaur(1788-1860)- ഭാരതീയദർശനങ്ങൾ കാര്യമായി സ്വാധീനിച്ച  ജർമ്മൻ തത്ത്വചിന്തകൻ.

*Lucan(39-65)- റോമൻ കവി

*Amphisbaena- കല്പിതകഥകളിലെ രണ്ടറ്റത്തും തലയുള്ള സർപ്പം; ഉറുമ്പു തിന്നു ജീവിക്കുന്നു.


Monday, April 13, 2015

ബോര്‍ഹസ് - തെക്ക്

Surlink to image



1871-ല്‍ ബ്യൂണേഴ്‌സ് അയഴ്‌സില്‍ ബോട്ടില്‍ വന്നിറങ്ങിയ ആ മനുഷ്യന്റെ പേര് യൊഹാനസ്  ഡാല്‍മന്‍ എന്നായിരുന്നു.  ഇവാഞ്‌ജെലിക്കല്‍ സഭയില്‍ പാതിരിയായിരുന്ന ഇദ്ദേഹത്തിന്റെ ഒരു ചെറുമകന്‍ ഹുവാന്‍ ‍ ഡാല്‍മന്‍ 1939-ല്‍   കൊര്‍ദോബാ തെരുവിലെ മുനിസിപ്പല്‍ ലൈബ്രറിയില്‍ സെക്രട്ടറിയായി ജോലി നോക്കിയിരുന്നു. താന്‍ കലര്‍പ്പില്ലാത്ത അര്‍ജന്റീനക്കാരനാണെന്നതില്‍ അയാള്‍ക്കു വലിയ അഭിമാനമായിരുന്നു. അമ്മവഴിക്ക് അയാളുടെ മുത്തച്ഛന്‍ കാലാള്‍പ്പടയുടെ രണ്ടാംനിരയില്‍പ്പെട്ട ഫ്രാന്‍സിസ്‌കോ ഫ്‌ളോറെസ് ആയിരുന്നു; ബ്യൂണേഴ്‌സ് അയഴ്‌സിലെ യുദ്ധമുന്നണിയില്‍വച്ച് റെഡ് ഇന്ത്യക്കാരുടെ കുന്തമുനയേറ്റാണ് അദ്ദേഹം മരിച്ചത്. ഈ വിരുദ്ധപൈതൃകങ്ങളില്‍ ഡാല്‍മന്‍ തിരഞ്ഞെടുത്തത്, അയാളിലെ  ജര്‍മ്മാനിക് രക്തം  കാരണമാവാം, ആ കാല്പനികപൂര്‍വ്വികന്റെ അല്ലെങ്കില്‍ ആ കാല്‍പനികമരണത്തിന്റെ പാരമ്പര്യമായിരുന്നു.  ഒരു പഴയ വാള്, താടി വച്ച, നിർവികാരമായ ഒരു മുഖത്തിന്റെ ലിത്തോഗ്രഫ് അടക്കം ചെയ്ത ഒരു ലോക്കറ്റ് , ചില ഈണങ്ങളുടെ അഴകും ചുണയും, മാര്‍ട്ടിന്‍ ഫിയെറോയിലെ* ശീലമായിത്തീര്‍ന്ന ചില  പദ്യശകലങ്ങള്‍, കടന്നുപോയ വര്‍ഷങ്ങള്‍, മടുപ്പും ഏകാന്തതയും-ഇവയൊക്കെ ഇച്ഛാപൂര്‍വ്വവും എന്നാല്‍ നാട്യപരത തീര്‍ത്തുമില്ലാത്തതുമായ ഈ ദേശീയവാദത്തിനു കളമൊരുക്കി. അസംഖ്യം ചെറുസുഖങ്ങള്‍ ബലികഴിച്ചുകൊണ്ടാണെങ്കിലും തെക്ക് ഫ്‌ളോറെസ് കുടുംബത്തിനവകാശപ്പെട്ട ഒരൊഴിഞ്ഞ കളപ്പുര അയാള്‍ സ്വന്തമാക്കിയിരുന്നു. ഔഷധഗന്ധം വമിക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങളും മങ്ങിയ ചെങ്കല്‍നിറമുള്ള ഒരു വലിയ വീടും കൂടിച്ചേര്‍ന്ന ബിംബം അയാളുടെ ഓര്‍മ്മകളില്‍ നിത്യസാന്നിദ്ധ്യമായി. ജോലിപ്പാടുകള്‍, മടിയുമാവാം, അയാളെ നഗരത്തില്‍ത്തന്നെ കുടുക്കിയിട്ടു വേനല്ക്കാലങ്ങള്‍ കടന്നുപോയി. സമ്പാദ്യമെന്ന അമൂര്‍ത്താശയവും സമതലത്തിന്റെ മദ്ധ്യത്ത് ഒരു പ്രത്യേകസ്ഥാനത്ത് തന്റെ കളപ്പുര തന്നെ കാത്തുകിടക്കുകയാണെന്ന തീര്‍ച്ചയും കൊണ്ടുമാത്രം അയാള്‍ക്കു തൃപ്തനാകേണ്ടിവന്നു. എന്നാല്‍ 1939 ഫെബ്രുവരി അവസാനത്തോടെ ചിലതു സംഭവിച്ചു.


ഒരു മനുഷ്യന്റെ സകല വീഴ്ചകള്‍ക്കും നേരെ കണ്ണടയ്ക്കുന്ന വിധി ചെറിയൊരു ശ്രദ്ധക്കുറവിന്റെ പേരില്‍ അയാളുടെ മേല്‍ തന്റെ സര്‍വ്വക്രൂരതയും കാട്ടിയെന്നു വരാം. അന്നുച്ചതിരിഞ്ഞ്, വെയ്ല്‍സ് എഡിറ്റു ചെയ്ത 'ആയിരത്തൊന്നുരാവുകളു'ടെ ചില പേജുകള്‍ കീറിപ്പോയ ഒരു കോപ്പി അയാള്‍ എങ്ങനെയോ സമ്പാദിച്ചിരുന്നു. വായിക്കാനുള്ള വ്യഗ്രത കാരണം ലിഫ്റ്റിനുവേണ്ടി കാത്തുനില്ക്കാതെ അയാള്‍ കോണിപ്പടി ഓടിക്കയറുകയായിരുന്നു. ഇരുട്ടത്ത് അയാളുടെ നെറ്റിയില്‍ എന്തോ വന്നുരുമ്മി; വവ്വാലാണോ, കിളിയാണോ? വാതില്‍ തുറന്നുകൊടുത്ത സ്ത്രീയുടെ മുഖത്ത് ഭീതി കൊത്തിവെച്ചിരിക്കുന്നത് അയാള്‍ കണ്ടു. അയാള്‍ മുഖം തുടച്ച കൈ രക്തംപുരണ്ടു ചുവന്നു. ആരോ അടയ്ക്കാന്‍ വിട്ടുപോയ കതകിന്റെ വിളുമ്പാണ് അയാള്‍ക്ക് ഈ മുറിവുണ്ടാക്കിവച്ചത്. ഡാല്‍മന്‍ എങ്ങനെയോ ഉറങ്ങി. പക്ഷേ രാവിലെ ഉറക്കം വിട്ട നിമിഷം മുതല്‍ അയാള്‍ക്കെല്ലാ വസ്തുക്കളും ചവര്‍ത്തു. ജ്വരം അയാളെ അവശനാക്കി, 'ആയിരത്തൊന്നു രാവുകളി'ലെ ചിത്രങ്ങള്‍ അയാളുടെ പേക്കിനാവുകള്‍ക്ക് രൂപം കൊടുത്തു. സുഹൃത്തുക്കളും ബന്ധുക്കളും അയാളെ സന്ദര്‍ശിക്കാനെത്തി. വലിച്ചുനീട്ടിയ പുഞ്ചിരിയോടെ അവര്‍ അയാള്‍ക്കു കുശലം പറഞ്ഞു. ഒരുതരം ജാഡ്യത്തോടെ അയാള്‍ അതെല്ലാം കേട്ടു. താന്‍ നരകത്തില്‍ കിടക്കുകയാണെന്ന കാര്യം ഇവരെന്തേ മനസ്സിലാക്കുന്നില്ല! ഒരാഴ്ച, എട്ടുദിവസം, കടന്നുപോയി. അത് എട്ടു നൂറ്റാണ്ടുകള്‍പോലെയായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് പതിവുഡോക്ടര്‍ പുതിയൊരു ഡോക്ടറേയും കൂട്ടിയെത്തി. അവര്‍ അയാളെ  ഇക്വഡോര്‍ തെരുവിലെ ഒരു സാനിറ്റോറിയത്തിലേക്കു കൊണ്ടുപോയി. അയാളുടെ എക്‌സ്‌റേ എടുക്കേണ്ടതുണ്ടായിരുന്നു. ഒറ്റക്കുതിരവണ്ടിയില്‍ ഇരിക്കുമ്പോള്‍ ഡാല്‍മന്‍ ആശ്വസിച്ചു: അവസാനം തന്റേതല്ലാത്ത ഒരു മുറിയില്‍ തനിക്കുറങ്ങാമല്ലോ. അയാള്‍ക്കു സന്തോഷവും ഉത്സാഹവും തോന്നി. ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അവര്‍ അയാളെ വിവസ്ത്രനാക്കി; തല മുണ്ഡനം ചെയ്തു; പിന്നെ ലോഹക്കൊളുത്തുകള്‍കൊണ്ട് ഒരു സ്‌ട്രെച്ചറില്‍ അയാളെ ബന്ധിച്ചു. തുടര്‍ന്ന് അവര്‍ അയാളുടെ മേല്‍ വിളക്കുകളുടെ രൂക്ഷപ്രകാശം വീഴ്ത്തി. അയാളുടെ കണ്ണുകള്‍ ഇരുട്ടടച്ചു; അയാള്‍ക്കു തല ചുറ്റി. മുഖാവരണം ധരിച്ച ഒരാള്‍ അയാളുടെ കൈയ്യില്‍ ഒരു സൂചി കുത്തിക്കയറ്റി. കിണറുപോലെ തോന്നിച്ച ഒരു മുറിയില്‍, മനംപുരട്ടലോടെ അയാളുണര്‍ന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുവന്ന പകലുകളും രാത്രികളും സഹിക്കുമ്പോള്‍ അയാള്‍ക്കു മനസ്സിലായി താനിതുവരെ നരകത്തിന്റെ പ്രാന്തപ്രദേശത്തു മാത്രമായിരുന്നുവെന്ന്. ഈ നാളത്രയും ഡാല്‍മന്‍ തന്റെ ഓരോ അണുവും കണക്കറ്റു വെറുത്തു. തന്റെ സ്വത്വം. തന്റെ ശാരീരികാവശ്യങ്ങള്‍, താനനുഭവിക്കുന്ന അപമാനം, മുഖത്തുരുമ്മുന്ന അടി - എല്ലാമെല്ലാം അയാള്‍ വെറുത്തു. വേദനാജനകമായിരുന്ന ചികിത്സാവിധികളൊക്കെ അയാള്‍ സഹനത്തോടെ കൈക്കൊണ്ടു. എന്നാല്‍ രക്തദൂഷ്യം അധികരിച്ച് താന്‍ മരിക്കാറായതായിരുന്നുവെന്ന് സര്‍ജന്‍ പറഞ്ഞപ്പോള്‍ ആത്മാനുപാതംകൊണ്ട് ഡാല്‍മനു കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ശാരീരികമായ അവശതയും ഭീതിദമായ രാത്രികളെക്കുറിച്ചുള്ള നിരന്തരചിന്തയും കാരണം മരണംപോലെ അത്ര അമൂര്‍ത്തമായ ഒന്നിനെക്കുറിച്ചു ചിന്തിക്കാന്‍ അയാള്‍ക്കു നേരം കിട്ടിയിരുന്നില്ലല്ലോ. മറ്റൊരു ദിവസം സര്‍ജന്‍ വന്നു പറഞ്ഞു, അയാള്‍ സുഖപ്പെടുകയാണെന്ന്, വിശ്രമമെടുക്കാനായി അയാള്‍ക്കിനി തന്റെ കളപ്പുരയിലേക്കു പോകാമെന്ന്. അവിശ്വസനീയമായ വേഗതയോടെ ആ വാഗ്ദത്തദിനം വന്നുചേര്‍ന്നു.


സമമിതികളേയും ചില്ലറ അകാലികതകളേയും പിന്തുണയ്ക്കുന്ന സ്വഭാവമുണ്ട് യാഥാര്‍ത്ഥ്യത്തിന്. ഡാല്‍മന്‍ സാനിറ്റോറിയത്തിലെത്തിയത് ഒറ്റക്കുതിരവണ്ടിയിലായിരുന്നു. ഇപ്പോള്‍ അയാളെ കോണ്‍സ്റ്റിറ്റ്യൂസിയോന്‍ റയില്‍വേസ്റ്റേഷനിലേക്കു വഹിച്ചുകൊണ്ടോടുന്നതും ഒരൊറ്റക്കുതിരവണ്ടി തന്നെയാണ്. വേനലിന്റെ ക്രൂരതകള്‍ക്കുശേഷം ശരത്കാലത്തിന്റെ കുളിരുന്ന നവഗന്ധം തന്റെ ഇപ്പോഴത്തെ സ്ഥിതിയുടെ പ്രതീകമാണെന്ന് ഡാല്‍മനു തോന്നി. ജ്വരത്തില്‍നിന്നും മരണത്തില്‍നിന്നും താന്‍ വിടുതി നേടിയതിന്റെ പ്രകൃതിയിലെ പ്രതീകം. രാത്രിയില്‍ നഗരങ്ങള്‍ ജീര്‍ണ്ണഭവനങ്ങള്‍ പോലെയാണ്; കാലത്തേഴു മണിയായിട്ടും ആ പഴക്കച്ചുവ തങ്ങിനിന്നിരുന്നു: തെരുവുകള്‍ നീണ്ട ഇടനാഴികള്‍പോലെ തോന്നിച്ചു. നാല്ക്കവലകള്‍ നടുമുറ്റങ്ങളായിരുന്നു. തലചുറ്റിക്കുന്ന ആഹ്ലാദത്തോടെ ഡാല്‍മന്‍ തന്റെ നഗരം തിരിച്ചറിഞ്ഞു. കണ്ണുകള്‍ കാണുന്നതിനൊരു നിമിഷം മുമ്പേ ഓര്‍മ്മയില്‍ അയാള്‍ തെരുവുമൂലകള്‍ കണ്ടെടുത്തു, പരസ്യപ്പലകകള്‍ കണ്ടെടുത്തു, ബ്യൂണേഴ്‌സ് അയഴ്‌സിന്റെ എളിയ വൈവിദ്ധ്യം കണ്ടെടുത്തു. പുതിയൊരു പകലിന്റെ മഞ്ഞവെളിച്ചത്തില്‍ എല്ലാ വസ്തുക്കളും അയാളിലേക്കു തിരിച്ചുചെന്നു.


തെക്ക് തുടങ്ങുന്നത് അവെനീഡാ റിവാഡാവിയായുടെ അങ്ങേപ്പുറത്തു നിന്നാണെന്ന് ഏതര്‍ജന്റീനാക്കാരനുമറിയാം. ആ തെരുവു മുറിച്ചു കടക്കുന്നയാള്‍ കൂടുതല്‍ പുരാതനവും കര്‍ക്കശവുമായ ഒരു ലോകത്തിലേക്കാണു പ്രവേശിക്കുന്നതെന്ന് ഡാല്‍മന്‍ പറയാറുണ്ടായിരുന്നു. വണ്ടിക്കുള്ളിലിരുന്നുകൊണ്ട് വെളിയിലെ പുതിയ കെട്ടിടങ്ങള്‍ക്കിടയില്‍ ഡാല്‍മന്‍ പലതും തേടി: ഇരുമ്പഴിയിട്ട ഒരു ജനാല, ഒരു പിത്തള വാതില്‍പ്പിടി, ഒരു വളച്ചുവാതില്‍, സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ഒരു നടുമുറ്റം.


ട്രയിന്‍ വിടാന്‍ അരമണിക്കൂര്‍ കഴിയേണ്ടിയിരുന്നു. പെട്ടെന്നയാള്‍ക്ക്  ബ്രസീല്‍ തെരുവിന്റെ (യിറിഗോഷന്റെ വീട്ടിനല്പമകലെയായുള്ള) ഒരു കാപ്പിക്കടയെക്കുറിച്ചോര്‍മ്മ വന്നു. ഉദ്ധതനായ ഒരു ദേവനെപ്പോലെ ആളുകള്‍ക്കു തലോടാന്‍ കിടന്നുകൊടുക്കുന്ന  ഒരു പൂച്ച അവിടെയുണ്ടായിരുന്നു. അയാള്‍ കാപ്പിക്കടയിലേക്കു കയറി. പൂച്ച അവിടെക്കിടന്നു മയങ്ങുന്നുണ്ടായിരുന്നു. അയാള്‍ ഒരു കാപ്പി വരുത്തി സാവധാനം മൊത്തിക്കുടിച്ചു (ഈ ആനന്ദം സാനിറ്റോറിയത്തില്‍ അയാള്‍ക്കു നിഷേധിക്കപ്പെട്ടതായിരുന്നല്ലോ.) പൂച്ചയുടെ കറുത്ത രോമക്കുപ്പായം തലോടുമ്പോള്‍ അയാളോര്‍ത്തു: ഈ രണ്ടു സത്തകളും, പൂച്ചയും മനുഷ്യനും, ഒരു സ്ഫടികഭിത്തിയാല്‍ വേര്‍തിരിക്കപ്പെട്ടപോലെയാണ്. കാരണം മനുഷ്യന്‍ ജീവിക്കുന്നത് കാലത്തിലാണ്, തുടര്‍ച്ചയിലാണ്; എന്നാല്‍ ഈ മാന്ത്രികജീവിയുടെ ജീവിതം വര്‍ത്തമാനത്തിലാണ്, ഇക്ഷണത്തിന്റെ നിത്യതയിലാണ്.


ഒടുവിലത്തേതിനിപ്പുറത്തുള്ള പ്ലാറ്റ്‌ഫോമില്‍ ട്രയിന്‍ കാത്തുകിടന്നു. മിക്കവാറും ഒഴിഞ്ഞ ഒരു കോച്ച് കണ്ടെത്തി അയാള്‍ തന്റെ പെട്ടികളൊക്കെ അടുക്കിവച്ചു. ട്രയിന്‍ പുറപ്പെട്ടപ്പോള്‍ അയാള്‍ സഞ്ചി തുറന്ന്, ഒന്നു മടിച്ച ശേഷം, 'ആയിരത്തൊന്നു രാവുകളു'ടെ ഒന്നാം വാല്യം പുറത്തെടുത്തു. തന്റെ നിര്‍ഭാഗ്യങ്ങളുടെ ചരിത്രവുമായി അത്ര അടുത്ത ബന്ധമുള്ള  ഈ പുസ്തകവുമായി യാത്ര ചെയ്യുക എന്നത് തന്റെ പീഡനപര്‍വ്വം അവസാനിച്ചിരിക്കുന്നു എന്നതിനൊരു സ്ഥിരീകരണമാണെന്ന് ഡാല്‍മനു തോന്നി. തിന്മയുടെ തോറ്റ ശക്തികള്‍ക്കെതിരെ ഗൂഢവും ആഹ്ളാദം നിറഞ്ഞതുമായ ഒരു വെല്ലുവിളിയാണത്.


ട്രയിനിനിരുപുറവും നഗരം നഗരപ്രാന്തങ്ങളായി ചിതറി. ആ കാഴ്ചയും പിന്നെ,  പൂന്തോട്ടങ്ങളും ബംഗ്ലാവുകളും അയാളുടെ വായന തുടങ്ങാന്‍ താമസം വരുത്തി. യഥാര്‍ത്ഥത്തില്‍ അയാള്‍ അത്രയധികം വായിച്ചതുമില്ല. കാന്തശക്തിയുള്ള പര്‍വ്വതവും തന്റെ ഉപകര്‍ത്താവിനെ കൊല്ലാനടുത്ത ജിന്നുമൊക്കെ വിസ്മയാവഹങ്ങള്‍ തന്നെയാണെന്നു സമ്മതിക്കുന്നു. പക്ഷേ, ഈ പ്രഭാതവും ജീവിക്കുക എന്ന വെറും വസ്തുതയും നല്കുന്ന വിസ്മയത്തിനു മുന്നില്‍ അവയെവിടെ? ഡാല്‍മന്‍ പുസ്തകം അടച്ചുവച്ചു.


ഉച്ചഭക്ഷണം - ബാല്യകാലത്തെ വിദൂരമായ വേനലുകളിലെന്നപോലെ തിളങ്ങുന്ന ലോഹക്കോപ്പകളില്‍ വിളമ്പിയ സൂപ്പ് - പ്രശാന്തവും സഫലവുമായ മറ്റൊരാനന്ദമായിരുന്നു.


നാളെ ഞാനെന്റെ കളപ്പുരയില്‍ ഉറക്കമുണരും, അയാളോര്‍ത്തു. അയാള്‍ ഒരേസമയം രണ്ടുപേരായിരുന്നപോലെയായിരുന്നു: ഒരാള്‍ ശരത്കാലത്തെ ഒരു പകല്‍നേരം ജന്മഭൂമിയുടെ ഭൂമിശാസ്ത്രത്തിലൂടെ സഞ്ചരിക്കുകയായിരുന്നു; മറ്റേയാള്‍ ഒരു സാനിറ്റോറിയത്തിന്റെ തടവില്‍ കിടന്ന് കടുത്ത പഥ്യാചരണത്തിനു വിധേയനാവുകയും.


കുമ്മായം തേക്കാത്ത നീണ്ടേങ്കോണിച്ച വീടുകള്‍ തീവണ്ടികള്‍ വരുന്നതും പോകുന്നതും കണ്ട് കാലമറ്റ നില്പു തുടരുന്നതയാള്‍ കണ്ടു; ചളി കുഴഞ്ഞ പാതകളിലൂടെ കുതിരസവാരിക്കാര്‍ ഓടിച്ചുപോകുന്നത് അയാള്‍ കണ്ടു;  തോടുകളും ചിറകളും മേച്ചില്‍പ്പുറങ്ങളുമയാള്‍ കണ്ടു; വെണ്ണക്കല്ലുപോലെ  തിളങ്ങുന്ന മഹാമേഘങ്ങള്‍ അയാള്‍ കണ്ടു; ഈ വസ്തുക്കളൊക്കെയും യാദൃച്ഛികമായിരുന്നു; അകാരണമായിരുന്നു - സമതലത്തിന്റെ സ്വപ്നങ്ങള്‍പോലെ. മരങ്ങളും വിളകളും താന്‍ തിരിച്ചറിഞ്ഞതായി അയാള്‍ കരുതി. എന്നാല്‍ അവയുടെ പേരു പറയാന്‍ അയാള്‍ക്കു കഴിയുമായിരുന്നില്ല. കാരണം നാട്ടിന്‍പുറത്തെക്കുറിച്ചുള്ള അയാളുടെ യഥാര്‍ത്ഥജ്ഞാനം അതിനെക്കുറിച്ച് അയാള്‍ക്കുണ്ടായിരുന്ന ഗൃഹാതുരവും സാഹിത്യപരവുമായ ജ്ഞാനത്തേക്കാള്‍ എത്രയോ താഴ്ന്നതായിരുന്നു.


ഇടയ്ക്കിടെ അയാള്‍ മയങ്ങി. ട്രയിനിന്റെ ഇളക്കങ്ങള്‍ അയാളുടെ സ്വപ്നങ്ങളെ ചലനാത്മകമാക്കി. നട്ടുച്ചയ്ക്കത്തെ അസഹ്യമായ വെണ്‍സൂര്യന്‍ ഇരുട്ടു വീഴും മുമ്പത്തെ മഞ്ഞസൂര്യനായി മാറിക്കഴിഞ്ഞിരുന്നു. വൈകാതെ  അത് ചുവന്ന സൂര്യനായി മാറും. തീവണ്ടിയും ഇപ്പോള്‍ ഭാവം പകര്‍ന്നുകഴിഞ്ഞിരുന്നു. കോണ്‍സ്റ്റിറ്റ്യൂസിയോന് സ്റ്റേഷന്‍ വിട്ട അതേ വണ്ടിയായിരുന്നില്ല ഇപ്പോഴത്. സമതലവും കഴിഞ്ഞ നേരവും കൂടി അതിന്റെ രൂപം മാറ്റിത്തീര്‍ത്തിരുന്നു. വെളിയില്‍, തീവണ്ടിയുടെ ചലിക്കുന്ന നിഴല്‍ ചക്രവാളത്തിലേക്കു നീണ്ടുകിടന്നു. അവ്യാകൃതമായ ഭൂമിയെ പാര്‍പ്പിടമോ മറ്റു മനുഷ്യസാന്നിദ്ധ്യങ്ങളോ അലോസരപ്പെടുത്തിയില്ല. നാട്ടിന്‍പുറം വിപുലവും അതേസമയം അടുപ്പം കാട്ടുന്നതും കുറേയൊക്കെ നിഗൂഢവുമായിരുന്നു. സീമയറ്റ നാട്ടിന്‍പുറം ചിലപ്പോഴൊക്കെ ഏകാകിയായ ഒരു കുതിര മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നു. ഏകാന്തത പരിപൂര്‍ണ്ണവും പീഡിപ്പിക്കുന്നതുമായിരുന്നു. വെറും  തെക്കോട്ടല്ല,  ഭൂതകാലത്തിലേക്കു തന്നെയാണ് താന്‍ യാത്ര ചെയ്യുന്നതെന്ന് ഡാല്‍മനു തോന്നിയിരിക്കണം. ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ അയാളെ ചിന്തകളില്‍നിന്നുണര്‍ത്തി. ടിക്കറ്റ് വാങ്ങി നോക്കിയിട്ട്, ഡാല്‍മന് തന്റെ സ്റ്റേഷനില്‍ ഇറങ്ങാന്‍ പറ്റില്ലെന്നും അതിനു തൊട്ടുമുമ്പുള്ള സ്റ്റേഷനില്‍ ഇറങ്ങേണ്ടിവരുമെന്നും അയാള്‍ പറഞ്ഞു. ഡാല്‍മന് ആ സ്റ്റേഷനെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല. (ഈ അസൗകര്യത്തിന് ഇന്‍സ്‌പെക്ടര്‍ എന്തോ വിശദകരണവും നല്‍കിയിരുന്നു. ഡാല്‍മന്‍, പക്ഷേ, അതു മനസ്സിലാക്കാന്‍ മിനക്കെട്ടുമില്ല. സംഭവങ്ങളുടെ പ്രവര്‍ത്തനക്രമം‍ അയാളെ അലട്ടിയതേയില്ല.)


ട്രയിന്‍ ഞരങ്ങിക്കൊണ്ടു നിന്നു; സമതലത്തിന്റെ മദ്ധ്യത്തു തന്നെ എന്നുപറയാം. സ്റ്റേഷന്‍ പാളത്തിനങ്ങേപ്പുറമായിരുന്നു. ഒരു സൈഡിംഗും ഒരു ഷെഡ്ഡും എന്നതില്‍ക്കവിഞ്ഞൊന്നുമില്ല. വാഹനങ്ങള്‍ ഒന്നും കാണപ്പെട്ടില്ല. അല്പം നടന്നാല്‍ ഒരു ജനറല്‍ സ്റ്റോര്‍ കാണാമെന്നും അവിടെ ഏതെങ്കിലും വണ്ടി കണ്ടേക്കാമെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.


ഒരു ചെറിയ സാഹസം എന്ന നിലയില്‍ ഡാല്‍മന്‍ നടക്കാന്‍ തീരുമാനിച്ചു. സൂര്യന്‍ കാഴ്ചപ്പാടില്‍നിന്നു മറഞ്ഞിരുന്നു. എങ്കിലും ഒരന്ത്യപ്രതാപം മൂകവും ഉജ്ജ്വലവുമായ സമതലത്തിനുമേല്‍ പ്രഭാവം പരത്തിനിന്നു.
ജനറല്‍ സ്റ്റോര്‍, ഒരു കാലത്ത് കടുത്ത ചുവപ്പുനിറം അടിച്ചതായിരുന്നിരിക്കണം. എന്നാല്‍ കഴിഞ്ഞുപോയ കാലം അതിന്റെ ഹിംസ്രസ്വഭാവത്തിനു മയം വരുത്തിയിരുന്നു. കെട്ടിടത്തിന്റെ താണതരം വാസ്തുവിദ്യ ഒരു പഴയ ചിത്രത്തിന്റെ ഓര്‍മ്മയുണര്‍ത്തി. ഒരുപക്ഷേ 'പൗലോസും കന്യാമേരിയും' എന്ന ചിത്രത്തിന്റെ ഒരു പഴയ പതിപ്പിനെയാകാം. ഒരു കൂട്ടം കുതിരകളെ തൂണുകളില്‍ കെട്ടിയിരുന്നു. ഉള്ളിലേക്കു കടന്നപ്പോള്‍ കടക്കാരനെ താന്‍ എവിടെയോ കണ്ടിട്ടുണ്ടെന്ന് ഡാല്‍മനു തോന്നി. പെട്ടെന്നു തന്നെ അയാള്‍ക്കു തന്റെ അബദ്ധം മനസ്സിലായി. ആശുപത്രിയിലെ ഒരു അറ്റന്‍ഡറുമായി ഇയാള്‍ക്കു മുഖസാമ്യം ഉണ്ടായിരുന്നുവെന്നേയുള്ളൂ. ഡാല്‍മന്റെ അപേക്ഷ കേട്ടപ്പോള്‍ ഒരു വണ്ടി ശരിപ്പെടുത്തിക്കൊടുക്കാമെന്ന് കടക്കാരന്‍ പറഞ്ഞു. അന്നാളത്തെ കണക്കിലേക്ക് ഒരു സംഭവം കൂടി ചേര്‍ക്കാം, പിന്നെ സമയവും പോകുമല്ലോ എന്നു കരുതി ജനറല്‍ സ്റ്റോറില്‍ നിന്നു ഭക്ഷണം കഴിക്കാമെന്ന് ഡാല്‍മന്‍ തീരുമാനിച്ചു.
ചില നാട്ടുറൗഡികള്‍ തീറ്റയും കുടിയുമായി ഒരു മേശയ്ക്ക് ചുറ്റുമിരുപ്പുണ്ടായിരുന്നു. ഡാല്‍മന്‍ ആദ്യം അവരെ അത്ര ശ്രദ്ധിക്കാന്‍ പോയില്ല. ബാറിനോടു ചേര്‍ന്ന് തറയില്‍ ഒരു വസ്തുവെന്നോണം അനക്കമറ്റ് ഒരു കിഴവന്‍ ഇരുപ്പുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ട ശിലാഖണ്ഡംപോലെയോ, തലമുറകള്‍ കൈമറിഞ്ഞ ഒരു വാക്യംപോലെയോ തേഞ്ഞു മിനുസമായ ഒരു മനുഷ്യന്‍; ഇരുണ്ടുണങ്ങി, ഉള്ളിലേക്കു വലിഞ്ഞ ഒരു ജീവി. അയാള്‍ കാലത്തിനു വെളിയില്‍, നിത്യതയിലാണ് സ്ഥിതിചെയ്യുന്നതെന്നു തോന്നി. ഡാല്‍മന്‍ തൃപ്തിയോടെ അയാളുടെ തൂവാല കണ്ടു, കനത്ത മേലങ്കി കണ്ടു, അടിപൊങ്ങിയ ബൂട്ടുകണ്ടു. ഇത്തരം ഗൌച്ചോകളെ തെക്കുല്ലാതെ ‍ കാണാന്‍ കിട്ടുകയില്ലെന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു.


ജനാലയ്ക്കടുത്തായി ഡാല്‍മന്‍ ഇരുന്നു, ഇരുട്ട് സമതലത്തെ കീഴടക്കാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും ഭൂമിയുടെ ഗന്ധവും ശബ്ദവും ജനാലയുടെ ഇരുമ്പഴികള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. കടക്കാരന്‍ അയാള്‍ക്ക് മീനും ഇറച്ചി പൊരിച്ചതും കൊണ്ടുവച്ചു. വൈന്‍ഗ്ലാസ്സുകള്‍ കാലിയാക്കിക്കൊണ്ട് അയാള്‍ ഭക്ഷണം കഴിച്ചു. മയങ്ങിത്തുടങ്ങിയ കണ്ണുകള്‍ കടയ്ക്കുള്ളില്‍ അലഞ്ഞു. തുലാത്തില്‍നിന്ന് ഒരു റാന്തല്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. മറ്റേ മേശയ്ക്കരികില്‍ മൂന്നുപേരിരുപ്പുണ്ടായിരുന്നു. രണ്ടുപേര്‍ പാടത്തു പണിക്കാരാണെന്നു തോന്നി. കാഴ്ചയ്ക്കു ചീനക്കാരനെപ്പോലിരുന്ന മൂന്നാമന്‍ തൊപ്പിയൂരാതെ തന്നെ കുടിക്കുയായിരുന്നു. പെട്ടെന്ന്‍ ഡാല്‍മന് തന്റെ കവിളിലെന്തോ വന്നുരുമ്മിയപോലെ തോന്നി. കൊഴുത്ത വീഞ്ഞിന്റെ ഗ്ലാസിനരികെ, മേശവിരിപ്പിന്റെ മേല്‍ തുപ്പലില്‍ കുതിര്‍ന്ന ഒരു റൊട്ടിക്കഷണം കിടന്നിരുന്നു. അത്രേയുള്ളു. പക്ഷേ അതാരോ എറിഞ്ഞതാണ്.


മറ്റേ മേശയ്ക്കരികിലിരുന്നവര്‍ അയാളുമായി യാതൊരു ബന്ധവുമില്ലാത്തതുപോലെ കാണപ്പെട്ടു. അസ്വസ്ഥനായ ഡാല്‍മന്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നു സമാധാനിക്കാന്‍ ശ്രമിച്ചു. യാഥാര്‍ത്ഥ്യത്തെ അടക്കിവയ്ക്കാന്‍ ഒരുപാധിയായി അയാള്‍ 'ആയിരത്തൊന്നു രാവുകള്‍' എടുത്തു തുറന്നു. അല്പനിമിഷങ്ങള്‍ക്കുശേഷം മറ്റൊരു റൊട്ടിക്കഷണം മേശപ്പുറത്തു വന്നുവീണു. ഇപ്പോള്‍ അവര്‍ വെളിവായി ചിരിക്കുക തന്നെയായിരുന്നു. താന്‍ പേടിച്ചിട്ടല്ല എന്ന് അയാള്‍ സ്വയം പറഞ്ഞു. പക്ഷേ, രോഗം മാറി വിശ്രമമെടുക്കേണ്ട താന്‍ അപരിചിതരായ ചിലരുമായി കാര്യമില്ലാത്തൊരു വഴക്കിനു നിന്നു കൊടുത്താല്‍ അതു വലിയൊരബദ്ധമായിപ്പോകും. ഡാല്‍മന്‍ അവിടെനിന്നുമിറങ്ങിപ്പോകാന്‍ തീരുമാനിച്ചു. അയാള്‍ എഴുന്നേറ്റപ്പോഴേക്കും കടക്കാരന്‍ ഓടിയെത്തി ക്ഷമാപണം പറഞ്ഞു:
’സെനോര്‍ ഡാല്‍മന്‍, ആ പയ്യന്മാരെ കാര്യമാക്കണ്ട, അവന്മാര്‍ അല്പം കൂടുതല്‍ അകത്താക്കിയിരിക്കുന്നു.’

 
കടക്കാരന് തന്റെ പേരറിയാമായിരുന്നു എന്നത് ഡാല്‍മനെ ആശ്ചര്യപ്പെടുത്തിയില്ല. പക്ഷേ ഈ അനുരഞ്ജനവാക്കുകള്‍ സ്ഥിതി വഷളാക്കിയതേയുള്ളു എന്ന് അയാള്‍ക്ക് തോന്നി. ഈ നിമിഷത്തിനു മുമ്പ് അവരുടെ പ്രകോപനം ഒരജ്ഞാതമുഖത്തിനു നേരെയായിരുന്നു, ആരോടുമല്ലായിരുന്നു; പക്ഷേ ഇപ്പോള്‍ അത് അയാള്‍ക്കു നേരെയുള്ള ഒരാക്രമണമാണ്; തന്റെ പേരിനു നേരെയുള്ളതാണത്. തന്റെ ചുറ്റുമുള്ളവര്‍ അതറിഞ്ഞുമിരിക്കുന്നു. കടക്കാരനെ തള്ളിമാറ്റിക്കൊണ്ട് ഡാല്‍മന്‍ റൗഡികളെ നേരിട്ടു. തന്നെക്കൊണ്ട് അവര്‍ക്കെന്താണു വേണ്ടതെന്ന് അയാള്‍ ആവശ്യപ്പെട്ടു.


ചീനന്റെ ലക്ഷണങ്ങളുള്ള മുരടന്‍ ഉറയ്ക്കാത്ത കാലുകളില്‍ എഴുന്നേറ്റുനിന്നു. ഹുവാന്‍ഡാല്‍മന്റെ മുഖത്തുനോക്കി അവന്‍ അസഭ്യങ്ങള്‍ വിളിച്ചു പറഞ്ഞു. അവന്‍ തന്റെ ലഹരിയെ പെരുപ്പിച്ചു കാട്ടുകയായിരുന്നു. പക്ഷേ ഈ പ്രകടനം ക്രൂരമായൊരു നാട്യമായിരുന്നു. ശാപവചനങ്ങള്‍ക്കും തെറികള്‍ക്കുമിടയില്‍ അവന്‍ നീണ്ടൊരു കത്തി വായുവില്‍ എറിഞ്ഞുപിടിച്ചു. അതുകൊണ്ട് കൈയടക്കം കളിച്ചുകൊണ്ട് അവന്‍ ഡാല്‍മനെ ഒരു കത്തിപ്പയറ്റിനു വെല്ലുവിളിച്ചു. കടക്കാരന്‍ വിറച്ചുകൊണ്ടു തടസ്സം പറഞ്ഞു - ഡാല്‍മന്‍ നിരായുധനാണ്. ആ നേരത്ത് മുന്‍കൂട്ടിക്കാണാനാവാത്ത ഒന്നു സംഭവിച്ചു.
മുറിയുടെ മൂലയില്‍നിന്ന് ആ കിഴവന്‍ ഗൌച്ചോ, തെക്കിന്റെ (തന്റെ തെക്കിന്റെ) പ്രതീകമായിഡാല്‍മന്‍ കണ്ട ആ മനുഷ്യന്‍, അയാള്‍ക്ക് ഉറയൂരിയ ഒരു കത്തി എറിഞ്ഞുകൊടുത്തു. അത് അയാളുടെ കാല്‍ക്കല്‍ വന്നുവീണു. ഡാല്‍മന്‍ വെല്ലുവിളി സ്വീകരിക്കണമെന്ന് തെക്ക് തീരുമാനിച്ചുറച്ചപോലെയായിരുന്നു. കുനിഞ്ഞു കത്തിയെടുക്കുമ്പോള്‍ ഡാല്‍മനു രണ്ടു കാര്യങ്ങള്‍ ബോദ്ധ്യമായി: ഒന്നാമത്, മിക്കവാറും അബോധപൂര്‍വ്വമായ തന്റെയീ പ്രവൃത്തി തന്നെ പോരിനു കടപ്പെടുത്തുന്നുവെന്നും, രണ്ടാമത് തന്റെ ബലംകെട്ട കൈകളില്‍ ആയുധം ഒരു പ്രതിരോധമല്ലെന്നും കൊലയാളിക്കൊരു നീതീകരണം മാത്രമാണതെന്നും. എല്ലാവരേയുംപോലെ അയാളും ഒരിക്കല്‍ കത്തികൊണ്ടു കളിച്ചിട്ടുള്ളതാണ്. പക്ഷേ മല്‍പ്പിടുത്തത്തെയും കഠാരക്കളിയെയും കുറിച്ചുള്ള അയാളുടെ അറിവ് ചില ഉപരിപ്ലവധാരണകള്‍ക്കപ്പുറം പോയില്ല. ആശുപത്രിയിലായിരുന്നുവെങ്കില്‍ ഇതൊന്നും തനിക്കു വന്നുപെടുമായിരുന്നില്ല, അയാളോര്‍ത്തു.
'നമുക്കിറങ്ങാം' മറ്റേയാള്‍ പറഞ്ഞു.


അവര്‍ വെളിയിലേക്കിറങ്ങി. ഡാല്‍മന് ആശയില്ലായിരുന്നുവെന്നതുപോലെ ഭയവുമില്ലായിരുന്നു. വാതില്‍ കടക്കുമ്പോള്‍ അയാളോര്‍ത്തു: സാനിറ്റോറിയത്തിലെ ആദ്യരാത്രിയില്‍ അവര്‍ അയാള്‍ക്കുമേല്‍ സൂചി കുത്തിയിറക്കുമ്പോഴായിരുന്നുവെങ്കില്‍, തുറന്ന ആകാശത്തിനുകീഴെയുള്ള ഈ മരണം, പ്രതിയോഗിയുമായുള്ള മല്‍പിടുത്തം, ഒരു മോചനമായേനെ; ഒരാഹ്ലാദവും ഉത്സവാവേളയുമായേനെ.  ആ രാത്രിയില്‍ തന്റെ മരണം തിരഞ്ഞെടുക്കാനോ സ്വപ്നം കാണാനോ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ സ്വപ്നം കാണുക, ഈ മരണമായേനേയെന്ന്‍ അയാളോര്‍ത്തു.
കത്തി മുറുകെപ്പിടിച്ചുകൊണ്ട്, ഒരുപക്ഷേ അതെങ്ങനെ പ്രയോഗിക്കണമെന്ന് അയാള്‍ക്കറിവില്ലെന്നും വരാം, ഡാല്‍മന്‍ സമതലത്തിലേക്കിറങ്ങിപ്പോയി.


മാർട്ടിൻ ഫിയെറോ - ഹൊസേ ഹെർണാണ്ടെഥ് എന്ന അർജന്റൈൻ കവിയുടെ ‘മാർട്ടിൻ ഫിയെറോ’ എന്ന ഇതിഹാസം.
ഗൌച്ചോ- തെക്കേ അമേരിക്കയിലെ യൂറോപ്യന്‍ - റഡ് ഇന്ത്യന്‍ സങ്കരവര്‍ഗ്ഗക്കാരായ കാലിമേയ്പുകാര്‍.


English Version

Sunday, April 12, 2015

ബോര്‍ഹസ് - 1983 ആഗസ്റ്റ് 25

index


റയില്‍വേസ്റ്റേഷനിലെ ചെറിയ ക്ലോക്കില്‍ സമയം രാത്രി പതിനൊന്നുമണി കഴിഞ്ഞിരുന്നു. ഞാന്‍ ഹോട്ടലിലേക്കു നടന്നു. മറ്റു പലപ്പോഴും എനിക്കനുഭവമുള്ളപോലെ, പരിചിതമായ സ്ഥലങ്ങള്‍ നമ്മിലുളവാക്കുന്ന ആശ്വാസവും മനോലാഘവവും എനിക്കപ്പോഴുണ്ടായി. വലിയ ഗേറ്റ് തുറന്നു കിടന്നിരുന്നു. കെട്ടിടം ഇരുട്ടിലായിരുന്നു.

ഞാന്‍ ഹാളിലേക്കു കയറി. അവിടെ മങ്ങിയ നീലക്കണ്ണാടികളില്‍ ചട്ടിയില്‍ വളരുന്ന ചെടികള്‍ പ്രതിഫലിച്ചു. അദ്ഭുതമെന്നു പറയട്ടെ, ഹോട്ടല്‍ക്കാരന്‍ എന്നെ തിരിച്ചറിഞ്ഞില്ല. അയാള്‍ എനിക്കു നേരെ രജിസ്റ്റര്‍ എടുത്തു നീട്ടി. ഞാന്‍ മേശപ്പുറത്തു കൊളുത്തിയിട്ടിരുന്ന പേനയെടുത്ത്, വെങ്കലംകൊണ്ടുള്ള മഷിക്കുപ്പിയില്‍ മുക്കി, തുറന്നുവച്ച പുസ്തകത്തിനു മീതെ കുനിഞ്ഞുനിന്നെഴുതാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ആ രാത്രി എനിക്കായി കരുതിവച്ചിരുന്ന അദ്ഭുതങ്ങളില്‍ ആദ്യത്തേതു സംഭവിക്കുന്നത്. എന്റെ പേര്, ജോര്‍ജ് ലൂയി ബോര്‍ഹസ്, ആ പേജില്‍ എഴുതിയിരിക്കുന്നു; മഷി ഉണങ്ങിയിട്ടുമില്ല.

'താങ്കള്‍ അല്പം മുമ്പ് മുകളിലേക്കു കയറിപ്പോയെന്നാണ് ഞാന്‍ കരുതിയത്.' ഹോട്ടല്‍ക്കാരന്‍ പറഞ്ഞു. പിന്നെ അയാള്‍ എന്നെ ഒന്നു സൂക്ഷിച്ചുനോക്കിയിട്ട് സ്വയം തിരുത്തി. 'ക്ഷമിക്കണം സാര്‍, മറ്റേയാളും കാഴ്ചയില്‍ ഏതാണ്ടു താങ്കളെപ്പോലെ തന്നെയായിരുന്നു; താങ്കള്‍ക്ക് അല്പംകൂടി ചെറുപ്പമാണെന്നേയുള്ളൂ.'

'അയാള്‍ ഏതു മുറിയിലാണ്?'

'പത്തൊമ്പതാം നമ്പര്‍ മുറിയാണ് അയാള്‍ ആവശ്യപ്പെട്ടത്' എന്നായിരുന്നു മറുപടി. ഞാന്‍ പേടിച്ചതു പോലെ തന്നെ. ഞാന്‍ പേന ഇട്ടിട്ട് കോണിപ്പടി ഓടിക്കയറി മുകളിലെത്തി. പത്തൊമ്പതാം നമ്പര്‍ മുറി രണ്ടാമത്തെ നിലയിലാണ്. അവിടെ നിന്നു നോക്കിയാല്‍ ചെത്തിവാരാത്ത ഒരു മുറ്റം കാഴ്ചയില്‍ പെട്ടിരുന്നു. ഒരു വരാന്തയും ബഞ്ചും ഉണ്ടായിരുന്നതു പോലെയും തോന്നുന്നു. ഹോട്ടലിലെ ഏറ്റവും മുകളിലത്തെ മുറിയാണത്. ഞാന്‍ വാതില്പിടിയില്‍ കൈവച്ചു. വാതില്‍ തുറന്നു. ലൈറ്റ് അണച്ചിരുന്നില്ല. രൂക്ഷമായ വെളിച്ചത്തിനു കീഴെ ഞാന്‍ എന്നെ തിരിച്ചറിഞ്ഞു. ഞാന്‍ അതാ, ആ ചെറിയ ഇരുമ്പു കട്ടിലില്‍ മലര്‍ന്നു കിടക്കുന്നു - കിഴവനായി, ചടച്ചുണങ്ങി, വിളറിവെളുത്ത്, മച്ചിലേക്കു നോക്കി ഞാന്‍ കിടക്കുകയാണ്. ആ ശബ്ദം എന്റെയടുത്തെത്തി. അതെന്റേതുതന്നെയാണെന്ന് എനിക്ക് വിശ്വാസം വന്നില്ല. എന്റെ റെക്കോഡു ചെയ്ത സംഭാഷണങ്ങളിലെപ്പോലെ വിരസവും ഏകതാനവുമായിരുന്നു അത്.

'വിചിത്രം  തന്നെ.' ആ ശബ്ദം പറഞ്ഞു. ‘നാം രണ്ടുപേരാണ്; അതേസമയം നാം ഒറ്റയാളുമാണ്. എന്നാല്‍ സ്വപ്നങ്ങളില്‍ എന്തു വൈചിത്ര്യവും സാദ്ധ്യമാണല്ലോ.'

'ഇതെല്ലാമൊരു സ്വപ്നമാണെന്നാണോ?' ഞാന്‍ പരിഭ്രാന്തനായി ചോദിച്ചു.

'ഇതെന്റെ അവസാനത്തെ സ്വപ്നം തന്നെയാണ്,' അയാള്‍ പറഞ്ഞു.  എന്നിട്ട് അയാള്‍ മേശയുടെ മാര്‍ബിള്‍ തട്ടിന്മേലിരുന്ന ഒഴിഞ്ഞ കുപ്പി ചൂണ്ടിക്കാണിച്ചു.

'എന്നാല്‍ നിങ്ങള്‍ക്ക് ഈ രാത്രി വരുന്നതിനു മുമ്പ് ഒട്ടേറെ സ്വപ്നങ്ങള്‍ കാണാനുണ്ട്. നിങ്ങള്‍ക്കെത്ര വയസ്സായി?'

'ഇന്നലെ എന്റെ അറുപത്തൊന്നാം പിറന്നാള്‍ ആയിരുന്നു.' ഞാന്‍ അത്ര തീര്‍ച്ചയില്ലാതെ പറഞ്ഞു.

'നിങ്ങള്‍ക്ക് ഈ രാത്രിയെത്തുമ്പോള്‍ നിങ്ങളുടെ എമ്പത്തിനാലാം പിറന്നാള്‍ ഇന്നലെയായിരിക്കും. ഇന്ന് 1983 ആഗസ്റ്റ് 25 ആണ്.'

'അതിനിനി എത്രയോ കൊല്ലമുണ്ട്.' ഞാന്‍ പതുക്കെ പറഞ്ഞു.

'എനിക്കൊന്നുമെടുക്കാനില്ല,' അയാള്‍ പെട്ടെന്നു പറഞ്ഞു. 'ഇനി ഏതുനാള്‍ വേണമെങ്കിലും മരിക്കാന്‍ ഞാന്‍ തയ്യാറായിക്കഴിഞ്ഞു. എനിക്കജ്ഞാതമായ ആ ഒന്നിലേക്ക് ഞാന്‍ അലിഞ്ഞു ചേരും. എന്നിരുന്നാലും എനിക്ക് എന്റെ ഇരട്ടയെ സ്വപ്നം കണ്ടുകൊണ്ടിരിക്കാം. സ്റ്റീവന്‍സണും* കണ്ണാടികളും എനിക്കു സമ്മാനിച്ച ആ തേഞ്ഞ പ്രമേയം!'

സ്റ്റീവന്‍സണെ പരാമര്‍ശിച്ചത് ഒരു അവസാന വിടവാങ്ങലെന്ന നിലയ്ക്കാണ്, അല്ലാതെ പാണ്ഡിത്യപ്രകടനമായിട്ടല്ല എന്നെനിക്കു തോന്നി. ഞാന്‍ അയാള്‍ തന്നെയാണ്. ഞാന്‍ അതു മനസ്സിലാക്കി. എത്ര നാടകീയമായ ജീവിതമുഹൂര്‍ത്തമായാലും അതു മാത്രം പോരാ, അവിസ്മരണീയമായ വാക്യശകലങ്ങള്  ഉരുവിടുന്ന ഒരു ഷേക്സ്പിയറെ സൃഷ്ടിക്കാന്‍. വിഷയം മാറ്റാനായി ഞാന്‍ ഇങ്ങനെ പറഞ്ഞു, 'നിങ്ങള്‍ക്കു വരാനിരിക്കുന്നതെന്താണെന്ന് എനിക്കറിയാം. ഇതേ സ്ഥലത്ത് , താഴത്തൊരു മുറിയില്‍ വച്ച് നാം ഈ ആത്മഹത്യയുടെ കഥ മിനഞ്ഞെടുക്കാന്‍ തുടങ്ങി.'

'അതെ,' മങ്ങിപ്പോയ ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതുപോലെ അയാള്‍ സാവധാനം പറഞ്ഞു. 'പക്ഷേ അതും ഇതും തമ്മില്‍ ഞാന്‍ സാദൃശ്യമൊന്നും കാണുന്നില്ല. ആ കഥയില്‍ ഞാന്‍ അഡ്‌റോയ്ഡിലേക്ക് ഒരു വണ്‍വേ ടിക്കറ്റെടുക്കുകയാണ്. അവിടെ ഹോട്ടല്‍ ലാ ഡെലിഷ്യായുടെ പത്തൊമ്പതാം നമ്പര്‍ മുറിയിലേക്കു ഞാന്‍ കയറുന്നു. അങ്ങേയറ്റത്തെ മുറി. അതിനുള്ളില്‍ വച്ച് ഞാന്‍ ആത്മഹത്യ ചെയ്യുന്നു.'

'അതിനാല്‍ത്തന്നെയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്' ഞാന്‍ അയാളോടു പറഞ്ഞു.

'ഇവിടെയോ? നാം ഇവിടെ നിന്നു മാറിയിട്ടേയില്ലല്ലോ. കാലെ മെയ്പൂവിലെ വാടകവീട്ടില്‍ നിങ്ങളെ സ്വപ്നം കണ്ടുകൊണ്ട് ഞാന്‍ ഇതാ ഇവിടെയുണ്ട്. അമ്മ ഉപയോഗിച്ചിരുന്ന മുറിയില്‍ മരണം പ്രതീക്ഷിച്ചു കിടന്നുകൊണ്ട്  ഞാന്‍ ഇതാ ഇവിടെയുണ്ട്.'

'അമ്മയുടെ മുറിയില്‍...' മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഞാന്‍ ആവര്‍ത്തിച്ചു; ‘ഈ ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ പത്തൊമ്പതാം നമ്പര്‍ മുറിയില്‍വച്ച് ഞാന്‍ നിങ്ങളേയും സ്വപ്നം കാണുകയാണ്.'

'ആര് ആരെയാണ് സ്വപ്നം കാണുന്നത്? ഞാന്‍ നിങ്ങളെ സ്വപ്നം കാണുകയാണെന്ന് എനിക്കറിയാം. എന്നാല്‍ നിങ്ങള്‍ എന്നെ സ്വപ്നം കാണുകയാണോ എന്നു എനിക്കു തീര്‍ച്ചയില്ല. അഡ്‌റോഗിലെ ഹോട്ടല്‍ വളരെക്കാലം മുമ്പ് പൊളിച്ചിറക്കി. ഇരുപതോ മുപ്പതോ കൊല്ലം മുമ്പ്. ആര്‍ക്കറിയാം?'

'ഞാനാണ് സ്വപ്നം കാണുന്നത്,' കുതറുന്നപോലെ ഞാന്‍ പറഞ്ഞു.

'പക്ഷേ പ്രധാനപ്പെട്ട കാര്യം സ്വപ്നം കാണുന്നത് രണ്ടുപേരാണോ അതോ ഒറ്റയാളാണോ എന്നു കണ്ടുപിടിക്കുകയാണ്. അതു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?'

'ഞാന്‍ ബോര്‍ഹസ് ആണ്. രജിസ്റ്ററില്‍ നിങ്ങളുടെ പേരു കണ്ടിട്ട് ഈ മുറിയിലേക്കു കോണി കയറി ഞാന്‍ വന്നു.'

'ഞാനും ബോര്‍ഹസ് ആണ്. കാലെ മെയ്പൂവില്‍ മരണത്തോടടുത്തുകൊണ്ടിരിക്കുകയാണ് ഞാന്‍.'

ഒരു നിമിഷം മൂകത പരന്നു. പിന്നെ മറ്റയാള്‍ പറഞ്ഞു, 'നമുക്കൊന്നു പരീക്ഷിച്ചു നോക്കാം. നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും ഭീതി തോന്നിയ നിമിഷം ഏതായിരുന്നു?'

ഞാന്‍ അയാള്‍ക്കു മേല്‍ കുനിഞ്ഞുനിന്നു. ഞങ്ങള്‍ ഒരേസമയം സംസാരിച്ചു. ഞങ്ങള്‍ പറയുന്നത് കള്ളമാണെന്ന് എനിക്കറിയാമായിരുന്നു. ഒരു ക്ഷീണിച്ച മന്ദഹാസം ആ വൃദ്ധമുഖത്തു പരന്നു. അതേതോ തരത്തില്‍ എന്റെ പുഞ്ചിരിയെ പ്രതിഫലിപ്പിക്കുന്നതായി എനിക്കു തോന്നി.

'നാം പരസ്പരം കള്ളം പറഞ്ഞു,' അയാള്‍ പറഞ്ഞു, 'കാരണം നമ്മള്‍ രണ്ടു പേരാണെന്ന് നാം കരുതുന്നു. യഥാര്‍ത്ഥത്തില്‍ നമ്മള്‍ രണ്ടു പേരാണ്; അതേസമയം ഒറ്റയാളുമാണ്.'

ഈ സംഭാഷണം എനിക്കു മുഷിഞ്ഞു തുടങ്ങിയിരുന്നു. അതു ഞാന്‍ അയാളോടു പറയുകയും ചെയ്തു.

'1983 ല്‍ കിടക്കുന്ന നിങ്ങള്‍ക്ക് എനിക്കിനി വരാനുള്ള വര്‍ഷങ്ങളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞുതന്നുകൂടേ?'

'എനിക്കെന്തു പറഞ്ഞു തരാനാവും എന്റെ പാവം ബോര്‍ഹസേ? നിങ്ങള്‍ക്കിതിനകം പൊരുത്തമായിക്കഴിഞ്ഞ ആ ദൗര്‍ഭാഗ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ അക്ഷരശൂന്യമായ ഗ്രന്ഥങ്ങളും *സ്വീഡന്‍ബര്‍ഗ് പതക്കവും ഫെഡറല്‍ കുരിശു വച്ച ചെപ്പും സ്പര്‍ശിച്ചറിയും. അന്ധത ഇരുട്ടല്ല, അത്  ഏകാന്തതയുടെ മറ്റൊരു രൂപമത്രെ. നിങ്ങള്‍ ഐസ്‌ലണ്ടിലേക്കു മടങ്ങു.'

'ഐസ്‌ലണ്ടോ! കടലിന്റെ നടുക്കുള്ള...'

'റോമില്‍വച്ച് നിങ്ങള്‍ കീറ്റ്‌സിന്റെ ചില വരികള്‍ ചൊല്ലും. എല്ലാ പേരുകളുംപോലെ അദ്ദേഹത്തിന്റെ പേരും ജലരേഖയായിരുന്നു.'

'അതിന് ഞാന്‍ റോമില്‍ പോയിട്ടേയില്ലല്ലോ.'

'ഇനിയുമുണ്ട്. നിങ്ങള്‍ നമ്മുടെ ഏറ്റവും നല്ല കവിതയെഴുതും. അത് ഒരു വിലാപഗീതമായിരിക്കും.'

ആരുടെ മരണത്തെക്കുറിച്ചാണെന്നു പറയാനോങ്ങിയെങ്കിലും എനിക്കു ധൈര്യം വന്നില്ല.

'അല്ല, അവള്‍ക്കു നിങ്ങളേക്കാള്‍ ആയുസ്സുണ്ട്.' ഞങ്ങള്‍ നിശ്ശബ്ദരായി. പിന്നെ അയാള്‍ ഇങ്ങനെ തുടര്‍ന്നു. 'എഴുതുമെന്ന് നാം ഇത്രയുംകാലം സ്വപ്നം കണ്ടിരുന്ന ആ പുസ്തകം നിങ്ങള്‍ എഴുതും. സ്വന്തം കൃതികളെന്നു കരുതിപ്പോന്നവ വെറും രൂപരേഖകളും കരടുകളും മാത്രമായിരുന്നുവെന്ന് 1979 അടുപ്പിച്ച് നിങ്ങള്‍ക്കു ബോദ്ധ്യമാകും. തന്റെ മഹത്തായ ഒറ്റപ്പുസ്തകമെഴുതാനുള്ള അന്ധവും പൊള്ളയുമായ പ്രലോഭനത്തിന് നിങ്ങള്‍ വഴങ്ങിപ്പോകും. ഗെയ്ഥേയുടെ ഫൗസ്റ്റും, *സലാംബോയും, യുളീസസും നമ്മുടെ മേല്‍ വന്നുപതിക്കാന്‍ കാരണമായത് ആ അന്ധവിശ്വാസമാണ്. എനിക്കു തന്നെ അദ്ഭുതമായിരിക്കുന്നു, ഞാന്‍ ഇതിനകം വളരെയധികം പേജ് നിറച്ചു കഴിഞ്ഞു.'

'തോല്‍വിയിലും മോശമായ ചിലതാണ് സംഭവിച്ചത്. അത് ഒരു മാസ്റ്റര്‍പീസായിരുന്നു - ആ വാക്കിന്റെ ഏറ്റവും മോശമായ അര്‍ത്ഥത്തില്‍. എന്റെ നല്ല ഉദ്ദേശ്യങ്ങള്‍ ആദ്യത്തെ ചില പേജുകള്‍ക്കപ്പുറം പോയില്ല. മറ്റു പേജുകളില്‍ നിറഞ്ഞുകിടന്നത് കുടിലദുര്‍ഗ്ഗങ്ങളും  കത്തികളും താന്‍ ഒരു സ്വപ്നമാണെന്നു കരുതുന്ന മനുഷ്യനും താന്‍ യഥാര്‍ത്ഥമാണെന്നു സ്വയം വിശ്വസിക്കുന്ന പ്രതിബിംബവും രാത്രി പോറ്റുന്ന കടുവകളും, ചോര വാറ്റുന്ന യുദ്ധങ്ങളും അന്ധനും മൃത്യുവശഗനുമായ *ജൂവാന്‍ മുരാനായും *മാസിഡോണിയോ ഫെര്‍ണാണ്ടസിന്‍റെ ശബ്ദവും മൃതരുടെ വിരല്‍നഖങ്ങളാല്‍ തീര്‍ത്ത നൗകയും ദീര്‍ഘകാലമായി പറഞ്ഞുപോരുന്ന സന്ധ്യക്ക് ഉരുവിട്ടു പഠിക്കുന്ന പഴയ ഇംഗ്ലീഷും മറ്റുമാണ്.'

'ആ കാഴ്ചബംഗ്ലാവ് എനിക്കു നല്ല പരിചയമാണ്.' ഒട്ടൊരുപഹാസത്തോടെ ഞാന്‍ പറഞ്ഞു.

'പിന്നെ, അയഥാര്‍ത്ഥമായ സ്മൃതികള്‍, പ്രതീകങ്ങളുടെ കള്ളക്കളി, നീണ്ട പട്ടികകള്‍, വിരസയാഥാര്‍ത്ഥ്യങ്ങള്‍ക്കു രചനാസൗഷ്ഠവം പകരാനുള്ള സാമര്‍ത്ഥ്യം, വിമര്‍ശകര്‍ ഒരിളിയോടെ കണ്ടെത്തുന്ന വികലമായ സമമിതികള്‍, എപ്പോഴും അജ്ഞാതമൂലമാകണമെന്നില്ലാത്ത ഉദ്ധരണികള്‍.'

'നിങ്ങള്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചോ?'

'അതു തീയിലിട്ടോ മറ്റോ നശിപ്പിക്കുക എന്ന അതിനാടകീയമായ ആശയം ഞാന്‍ കുറേനാള്‍ മനസ്സില്‍ കൊണ്ടുനടന്നു. ഒടുവില്‍ മറ്റൊരു പേരുവച്ച് ഞാന്‍ അതു മാസ്‌റിഡില്‍നിന്നു പ്രസിദ്ധപ്പെടുത്തി. ബോര്‍ഹസിന്റെ ഒരു രണ്ടാംകിട അനുകര്‍ത്താവിന്റെ കൃതിയാണതെന്നും, മൂലമാതൃകയുടെ ഉപരിപ്ലവലക്ഷണങ്ങള്‍ അതിലാവര്‍ത്തിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനെക്കുറിച്ചു വിമര്‍ശനമുണ്ടായി.'

'അതില്‍ അദ്ഭുതപ്പെടാനില്ല,' ഞാന്‍ പറഞ്ഞു. 'ഏതൊരെഴുത്തുകാരനും തന്റെ ഏറ്റവും മൂഢനായ ശിഷ്യനായിട്ടാണൊടുങ്ങുക.'

'എന്നെ ഈ രാത്രിയിലേക്കു നയിച്ച വഴികളില്‍ ഒന്ന് ആ പുസ്തകമായിരുന്നു. മറ്റുള്ളവയാണെങ്കില്‍, വാര്‍ദ്ധക്യത്തിന്റെ എളിമ, വരാനുള്ള നാളുകളൊക്കെ ജീവിച്ചു കഴിഞ്ഞവയാണെന്ന  തീര്‍ച്ച...'

'ഞാന്‍ ആ പുസ്തകമെഴുതില്ല.' ഞാന്‍ വാശിയോടെ പറഞ്ഞു.

'നിങ്ങള്‍ അതെഴുതും. ഇപ്പോള്‍ വര്‍ത്തമാനകാലത്തിലുള്ള എന്റെ വാക്കുകള്‍ ഒരു സ്വപ്നത്തിന്റെ അവ്യക്തമായ ഓര്‍മ്മ മാത്രമായി മാറും.’

സിദ്ധാന്തം ഉറപ്പിച്ചു പറയുന്ന രീതിയിലുള്ള അയാളുടെ ആ ശബ്ദം (ക്ലാസ്സുമുറിയില്‍ ഞാന്‍ ഉപയോഗിക്കുന്നതും അതുതന്നെയാണ്) എന്നെ അസ്വസ്ഥനാക്കി. ഞങ്ങള്‍ തമ്മില്‍ അത്ര സാദൃശ്യമുണ്ടെന്നുള്ള വസ്തുതയും മരണാസന്നന്റെ സുരക്ഷാബോധത്തില്‍നിന്ന് അയാള്‍ മുതലെടുത്തേക്കാമെന്ന പേടിയും എന്നെ വ്യാകുലചിത്തനാക്കി. ഒരു തരം പ്രതികാരവാഞ്ഛയോടെ ഞാന്‍ അയാളോടു ചോദിച്ചു, 'മരണമടുത്തുവെന്ന് നിങ്ങള്‍ക്കത്ര തീര്‍ച്ചയായോ?'

'അതെ,' അയാള്‍ പറഞ്ഞു. 'ഇതിനുമുമ്പനുഭവിച്ചിട്ടില്ലാത്ത മധുരമായൊരു ശാന്തിയും അഴിവും എനിക്കിപ്പോള്‍ തോന്നുന്നു. എനിക്കതു പറഞ്ഞു ബോദ്ധ്യപ്പെടുത്താനാവില്ല. ഏതു വാക്കിനും അനുഭവത്തിന്റെ മാധ്യസ്ഥം വേണം. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളെ അലോസരപ്പെടുത്തിയതായി തോന്നുന്നല്ലോ?'

'അതിനു കാരണം നാം തമ്മില്‍ യാതൊരു സാദൃശ്യവുമില്ല എന്നതുതന്നെ. എന്റെ മുഖത്തിന്റെ വികൃതാനുകരണമായ നിങ്ങളുടെ മുഖത്തെ ഞാന്‍ വെറുക്കുന്നു; എന്റെ ശബ്ദത്തെ കൊഞ്ഞനം കുത്തുന്ന നിങ്ങളുടെ ശബ്ദത്തെ ഞാന്‍ വെറുക്കുന്നു; എന്നെ അനുകരിക്കുന്ന നിങ്ങളുടെ ദയനീയമായ ഭാഷാപ്രയോഗത്തെയും ഞാന്‍ വെറുക്കുന്നു.'

'എനിക്കുമതു വെറുപ്പാണ്.' അയാള്‍ പറഞ്ഞു. 'അതുകൊണ്ടാല്ലേ ‍ സ്വയം ജീവനെടുക്കാന്‍ ഞാന്‍  തീരുമാനിച്ചതും.'

തെരുവില്‍ ഒരു കിളി പാടി.

'അതവസാനത്തേതാണ്,’ അയാള്‍ പറഞ്ഞു.'

അയാള്‍ കൈകാട്ടി എന്നെ അടുത്തേക്കു വിളിച്ചു. അയാളുടെ കൈ എന്റെ കൈ പഠിക്കാന്‍ നീണ്ടു. രണ്ടു കൈകളും ഒട്ടിച്ചേര്‍ന്നൊന്നാകുമെന്നു പേടിച്ച് ഞാന്‍ പിന്നോട്ടു മാറി. അയാള്‍ പറഞ്ഞു:

'ഈ ജീവിതം വിട്ടുപോകുന്നതില്‍ ഖേദിക്കരുതെന്ന് *സ്റ്റോയിക്കുകള്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളതാണല്ലോ. അവസാനം തടവറയുടെ കവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു - ജീവിതത്തെക്കുറിച്ച് ഞാനെന്നും ഈ രീതിയിലേ ചിന്തിച്ചിട്ടുള്ളു. പക്ഷേ ഭീരുത്വം കാരണം ഞാന്‍ അറച്ചുനില്‍ക്കുകയായിരുന്നു. ഏതാണ്ട് പന്ത്രണ്ടു ദിവസം മുമ്പ് ലാ പ്ലാറ്റായില്‍ വച്ച് ഞാന്‍ ഈനിഡിന്റെ ആറാം സര്‍ഗ്ഗത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുകയായിരുന്നു. അതിലെ ഒരു ശ്ലോകം ചൊല്ലവെ, പൊടുന്നനേ എന്റെ വഴിയേതെന്ന് എനിക്കു വെളിപാടുണ്ടായി. ഞാന്‍ അന്നു നിശ്ചയമെടുത്തു. ഇനി ഞാന്‍ അതീതനാണെന്ന് ആ നിമിഷം എനിക്കു തോന്നി. എന്റെ ഈ വിധി നിങ്ങള്‍ക്കുമുണ്ടാവും. വിര്‍ജിലിന്റെ കൃതി വായിച്ചു വരവേ, നിങ്ങള്‍ക്ക് ഈ വെളിപാടുണ്ടാവും. സ്ഥലകാലങ്ങളുടെ വിഭിന്നബിന്ദുക്കളില്‍ നടക്കുന്ന, കൗതുകപൂര്‍ണ്ണവും പ്രവചനാത്മകവുമായ ഈ സംഭാഷണം നിങ്ങള്‍ക്ക് അപ്പോള്‍ ഓര്‍മ്മയുണ്ടാവില്ല. നിങ്ങള്‍ ഇതു വീണ്ടും സ്വപ്നം കാണുമ്പോള്‍ നിങ്ങള്‍ ഞാനായിരിക്കും, ഞാന്‍ നിങ്ങളുടെ സ്വപ്നവും.'

'ഞാന്‍ ഇതു മറക്കില്ല. നാളെ ഞാന്‍ ഇതെഴുതിവയ്ക്കാന്‍ പോവുകയാണ്.’

‘ഇതു നിങ്ങളുടെ ഓര്‍മ്മയുടെ കയങ്ങളില്‍, സ്വപ്നത്തിന്റെ വേലിയേറ്റങ്ങള്‍ക്കുമടിയിലായി മുങ്ങിക്കിടക്കും. നിങ്ങള്‍ ഇതെഴുതുമ്പോള്‍ വിചിത്രമായ ഒരു കഥയുണ്ടാക്കുകയാണെന്നാവും നിങ്ങളുടെ വിചാരം. അതെഴുതുന്നത്‌ നാളെയുമാവില്ല. അതിനിനിയും വര്‍ഷങ്ങള്‍ കഴിയണം.’

അയാള്‍ സംസാരിക്കുന്നതു നിര്‍ത്തി; അയാള്‍ മരിച്ചുവെന്നു ഞാന്‍ മനസ്സിലാക്കി. ഒരര്‍ത്ഥത്തില്‍ അയാള്‍ക്കൊപ്പം ഞാനും മരിച്ചിരിക്കുന്നു. ഞാന്‍ ഉത്ക്കണ്ഠയോടെ തലയണയ്ക്കു മുകളിലൂടെ കുനിഞ്ഞു നോക്കി; അവിടെ ആരുമുണ്ടായിരുന്നില്ല.

ഞാന്‍ മുറിയില്‍ നിന്നിറങ്ങിയോടി. വെളിയിലാകട്ടെ മുറ്റമില്ല, മാര്‍ബിള്‍ കോണിപ്പടികളില്ല, നിശ്ശബ്ദമായ ഹോട്ടലില്ല, യൂക്കാലിപ്റ്റസ് മരങ്ങളില്ല, പ്രതിമകളില്ല, കമാനങ്ങളില്ല, ജലധാരായന്ത്രങ്ങളില്ല, അഡ്‌റോഗിലെ ഗ്രാമീണ വസതിയുടെ പടിവാതിലുമില്ല.

വെളിയില്‍ മറ്റു സ്വപ്നങ്ങള്‍ എന്നെ കാത്തിരിക്കുകയായിരുന്നു.


*ഡോ. ജക്കൈലും മി. ഹൈഡും എഴുതിയ ആർ. എൽ. സ്റ്റീവൻസൺ

*സ്വീഡിഷ് ശാസ്ത്രജ്ഞനും ദാർശനികനും മിസ്റ്റിക്കുമായ സ്വീഡൻബോർഗ് (1688-1722)

*ഫ്ളാബേറിന്റെ നോവൽ

*പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അർജന്റൈൻ പയറ്റുകാരൻ

*(1874-1952)- അർജന്റൈൻ എഴുത്തുകാരൻ

* ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ഏഥൻസിൽ ജീവിച്ചിരുന്ന സീനോയുടെ അനുയായികൾ



Friday, April 10, 2015

ബോര്‍ഹസ് - വരങ്ങളുടെ രാത്രി

borges


ഫ്‌ളോറിഡാ തെരുവില്‍ പെയ്ഡാഡിനടുത്തുള്ള പഴയ കോണ്‍ഫിറ്റേറിയം ഡെല്‍ അഗ്വിലായില്‍ വച്ച് വളരെക്കൊല്ലം മുമ്പാണ് ഞങ്ങള്‍ ഈ കഥ കേള്‍ക്കുന്നത്. ഞങ്ങള്‍ ജ്ഞാനസിദ്ധാന്തത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുകയായിരുന്നു. നാം സര്‍വ്വതും ഒരു പൂര്‍വ്വലോകത്തു ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും അതിനാല്‍ അറിയുക എന്നാല്‍ തിരിച്ചറിയുക എന്നാണര്‍ത്ഥമെന്നുമുള്ള പ്ലേറ്റോയുടെ സിദ്ധാന്തം ആരോ എടുത്തിട്ടു. അറിവ് ഓര്‍മ്മയാണെങ്കില്‍ അജ്ഞത മറവിയാണെന്ന് ബേക്കണ്‍ എഴുതിയിട്ടുള്ളതായി എന്റെ അച്ഛന്‍, എന്നാണെന്റെ തോന്നല്‍, അപ്പോള്‍ പറഞ്ഞു. മറ്റൊരാള്‍ - വാര്‍ദ്ധക്യത്തോടടുക്കുന്ന ഒരു മനുഷ്യന്‍; അയാള്‍ക്ക് ഈ തത്ത്വശാസ്ത്രമൊന്നും ദഹിക്കുന്നതായി തോന്നിയില്ല - ചര്‍ച്ചയിലിടപെടാന്‍ തീരുമാനിച്ചു. സാവധാനം, ചിന്താപൂര്‍വ്വം അയാള്‍ പറഞ്ഞതിതായിരുന്നു:

തുറന്നുപറഞ്ഞാല്‍, പ്ലേറ്റോയുടെ ആദിരൂപങ്ങളെപ്പറ്റിയുള്ള ഈ സംസാരമൊന്നും എനിക്കു മനസ്സിലാകുന്നില്ല. താന്‍ ആദ്യം മഞ്ഞനിറമോ കറുപ്പുനിറമോ കണ്ടതെന്നാണെന്നോ, അല്ലെങ്കില്‍ ഏതെങ്കിലും പഴം ആദ്യം രുചിച്ചു നോക്കിയതെന്നാണെന്നോ ആര്‍ക്കും ഓര്‍മ്മയുണ്ടാവാറില്ല. ഇതിനു കാരണം, നാമന്നു വളരെ ചെറുപ്പമാകയാല്‍ സുദീര്‍ഘമായൊരു പരമ്പര തുടങ്ങിവയ്ക്കുകയാണെന്നറിയാന്‍ നമുക്കു കഴിയാതെ പോകുന്നതാകാം. അതേസമയം ആരും മറക്കാത്ത മറ്റുചില ആദ്യമുഹൂര്‍ത്തങ്ങളുണ്ട്. എന്റെ ജീവിതത്തിലെ ഒരു പ്രത്യേക രാത്രി എനിക്കു നല്‍കിയതെന്താണെന്ന് ഞാന്‍ നിങ്ങളോടു പറയാം: ഞാന്‍ പലപ്പോഴും ഓര്‍ക്കുന്ന ഒരു രാത്രി: 1874 ഏപ്രില്‍ മുപ്പതാം തീയതി രാത്രി.

അന്നൊക്കെ വേനലവധി കൂടുതല്‍ നാളുണ്ടായിരുന്നു; പക്ഷേ ഞങ്ങള്‍ ആ ദിവസം വരെ ബ്യൂണേഴ്‌സ് അയഴ്‌സില്‍നിന്നു മാറിനിന്നതെന്തിനാണെന്ന് എനിക്കറിയില്ല. ഞങ്ങള്‍ അമ്മാവന്റെ മക്കളായ ഡോര്‍ണാകളുടെ കൃഷിക്കളത്തിലായിരുന്നു താമസം; ലോ ബോസില്‍നിന്ന് അധികം ദൂരമില്ല. ആ സമയത്ത് കാലിനോട്ടക്കാരില്‍ ഒരാളായ റുഫിനോ എനിക്ക് നാട്ടുമ്പുറത്തെ കാര്യങ്ങള്‍ പരിചയപ്പെടുത്തിത്തന്നു. ഞാന്‍ പതിമൂന്നിലേക്കു കടക്കുകയാണ്. അവന് എന്നേക്കാള്‍ അല്പം പ്രായം കൂടും; സാഹസക്കാരനെന്ന ഖ്യാതിയും അവനുണ്ടായിരുന്നു. ചുണയും മെയ്‌വഴക്കവുമുള്ളവന്‍. പിള്ളേര്‍ കരിഞ്ഞ കമ്പുകള്‍കൊണ്ട് കത്തിപ്പയറ്റു കളിക്കുമ്പോള്‍ മുഖത്തു കരി പുരളുന്നത് എപ്പോഴും റുഫിനോയുടെ പ്രതിയോഗിക്കായിരിക്കും. ഒരു വെള്ളിയാഴ്ച ദിവസം റുഫിനോ ഒരു നിര്‍ദ്ദേശം വച്ചു. അല്പം നേരംപോക്കിനുവേണ്ടി പിറ്റേന്നു രാത്രി പട്ടണത്തില്‍ പോകാമെന്ന്. ഞാന്‍ അതില്‍ കയറിപ്പിടിച്ചുവെന്നു പറയേണ്ടതില്ലല്ലോ; അതേസമയം അതിന്റെ സംഗതികളെക്കുറിച്ച് എനിക്കത്ര പിടിയൊന്നും ഉണ്ടായിരുന്നതുമല്ല. എനിക്കു നൃത്തം ചെയ്യാന്‍ അറിയില്ലെന്ന് ഞാന്‍ മുന്‍കൂട്ടിത്തന്നെ അവനോടു പറഞ്ഞിരുന്നു. അതു പഠിക്കാന്‍ എളുപ്പമാണെന്നായിരുന്നു അവന്റെ മറുപടി.

ശനിയാഴ്ച അത്താഴം കഴിഞ്ഞ് ഏഴരയായപ്പോള്‍ ഞങ്ങള്‍ പുറപ്പെട്ടു. റുഫിനോ ഏതോ വിരുന്നിനു പോകുന്നവനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു; ബല്‍റ്റില്‍ അവന്‍ ഒരു വെള്ളിക്കത്തിയും തിരുകിയിരുന്നു. അതുപോലെ ഒരു ചെറുകത്തി എനിക്കുമുണ്ടായിരുന്നു; എങ്കിലും, ആളുകള്‍ കണ്ടാല്‍ ചിരിക്കുമെന്നു പേടിച്ച് ഞാന്‍ അതെടുത്തില്ല. അധികനേരം കഴിയുംമുമ്പ് വീടുകള്‍ കണ്ടുതുടങ്ങി. നിങ്ങളില്‍ ആരെങ്കിലും ലോബോസില്‍ പോയിട്ടുണ്ടാവുമെന്ന് എനിക്കു തോന്നുന്നില്ല. അതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നല്ല. ഒന്നു മറ്റൊന്നു കണക്കെയല്ലാത്ത ഏതെങ്കിലും കൊച്ചുപട്ടണം അര്‍ജന്റീനയിലുണ്ടോ? എന്തിന്, മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമാണെന്നു ചിന്തിക്കുന്നതുപോലും അവയുടെ പൊതുലക്ഷണമാണ്! എല്ലാറ്റിനും അതേ നിരപ്പില്ലാത്ത ഇടവഴികള്‍, അതേ വെളിസ്ഥലങ്ങള്‍, അതേ ഒറ്റനില വീടുകള്‍. ഇതിനൊക്കെയിടയില്‍ ഒരു കുതിരസവാരിക്കാരനു പ്രാധാന്യം വന്നുപോകും.

ഞങ്ങള്‍ ഏതോ തെരുവിന്റെ വളവില്‍ ഇളംനീലയോ ഇളംചുവപ്പോ ചായമടിച്ച ഒരു വീടിനു മുന്നില്‍ ചെന്നിറങ്ങി; ലാ എസ് ട്രെലാ എന്നൊരു ബോര്‍ഡും വീടിനു മുന്നിലുണ്ടായിരുന്നു. കുതിരകളെ കെട്ടുന്ന തൂണില്‍ നല്ല ജീനിയുള്ള ചില കുതിരകളെ കെട്ടിയിരുന്നു. പാതി തുറന്നു കിടന്ന മുന്‍വാതിലിലൂടെ ഒരു വെളിച്ചത്തിന്റെ ചീളു കണ്ടു. നടന്നു ചെല്ലുന്നതിനൊടുവിലായി, ഇരുവശം തടിബഞ്ചുകള്‍ ഇട്ടിരുന്ന, ഒരു വലിയ മുറി; ബഞ്ചുകള്‍ക്കിടയില്‍ എങ്ങോട്ടു തുറക്കുന്നതെന്നറിയാത്ത കുറേ ഇരുളടഞ്ഞ വാതിലുകള്‍. മഞ്ഞപ്പൂടയുള്ള ഒരു കൊച്ചു നായ്ക്കുട്ടി എന്നെ സ്വാഗതം ചെയ്യാന്‍ കുരച്ചുകൊണ്ട് അടുത്തേക്കോടി വന്നു. പൂക്കളുടെ പടമുള്ള ഗൗണുകള്‍ ധരിച്ച അരഡസനോളം പെണ്ണുങ്ങള്‍ മുറിക്കുള്ളിലേക്കു വരികയും പുറത്തേക്കു പോവുകയും ചെയ്തുകൊണ്ടിരുന്നു. ആപാദചൂഡം കറുത്തവസ്ത്രം ധരിച്ച ഒരു മാന്യസ്ത്രീയാണെന്നു തോന്നി വീട്ടുടമസ്ഥ. റുഫിനോ അവരോടു പറഞ്ഞു. ''ഞാനൊരു പുതിയ ചങ്ങാതിയെ കൊണ്ടുവന്നിട്ടുണ്ട്; പക്ഷേ അവന്‍ അത്ര വലിയ സവാരിക്കാരനൊന്നുമല്ല.''

''സാരമില്ല,'' ആ സ്ത്രീ പറഞ്ഞു. “അവന്‍ പെട്ടെന്നു പഠിച്ചെടുത്തോളും.''

എനിക്കു നാണക്കേടു തോന്നി. അവരുടെ ശ്രദ്ധ തിരിക്കാനായി, അതല്ലെങ്കില്‍ ഞാനിനിയും കുട്ടിപ്രായം കടന്നിട്ടില്ലെന്ന് അവരെ കാണിക്കാനാകാം, ഞാന്‍ ഒരു ബഞ്ചിന്റെ അറ്റത്തിരുന്ന് നായ്ക്കുട്ടിയെ കളിപ്പിക്കാന്‍ തുടങ്ങി. ഒരു മേശപ്പുറത്ത് കുറെ മെഴുകുതിരികള്‍ കത്തുന്നുണ്ടായിരുന്നു; പിന്നിലായി ഒരു കോണില്‍ ഒരു സ്റ്റൌവുണ്ടായിരുന്നതായും ഞാന്‍ ഓര്‍ക്കുന്നുണ്ട്. എതിരെയുള്ള വെള്ളയടിച്ച ചുവരില്‍ സഹായമാതാവിന്റെ ഒരു ചിത്രമുണ്ടായിരുന്നു.

തമാശപറച്ചിലുകള്‍ക്കിടയില്‍ ഒരാള്‍ ഒരു ഗിത്താറില്‍ ശ്രുതിയിടാന്‍ പണിപ്പെടുകയായിരുന്നു. വെറും ധൈര്യക്കുറവുകൊണ്ടാണ്, എനിക്കു നേരെ ഒരു ഗ്ലാസ്സ് ജിന്‍ വച്ചു നീട്ടിയപ്പോള്‍ ഞാന്‍ അതു നിരസിച്ചില്ല.  കനലുപോലെ അതെന്റെ വായ പൊള്ളിച്ചു. സ്ത്രീകളുടെ കൂട്ടത്തില്‍ ഒരുത്തിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു; അവള്‍ മറ്റുള്ളവരില്‍നിന്നും വേറിട്ടു നില്‍ക്കുന്നതുപോലെ കാണപ്പെട്ടു. അവളുടെ പേര് മറ്റുള്ളവര്‍ പറഞ്ഞുകേട്ടത് ലാ കാറ്റീവാ - തടവുകാരി - എന്നാണ്. റെഡ് ഇന്ത്യക്കാരുടേതായ എന്തോ ഒന്ന് അവളെ ചൂഴ്ന്നു നില്‍പ്പുണ്ടായിരുന്നു; പക്ഷേ അവളുടെ മുഖം ചിത്രത്തിലെഴുതിയപോലിരുന്നു; കണ്ണുകള്‍ വിഷാര്‍ദാര്‍ദ്രങ്ങളായിരുന്നു. ഞാന്‍ അവളെ നോക്കിനില്‍ക്കുന്നത് റൂഫിനോ കണ്ടു.

'ആ ആക്രമണത്തിന്റെ കഥ ഒന്നുകൂടി പറയൂ - ഞങ്ങള്‍ ഒന്നോര്‍മ്മ പുതുക്കട്ടെ,'' അവന്‍ അവളോടു പറഞ്ഞു.

തനിക്കു ചുറ്റും ആരുമില്ലെന്നപോലെ അവള്‍ പറഞ്ഞുതുടങ്ങി. അവള്‍ക്കു മറ്റൊരു ചിന്തയില്ലെന്നും അവളുടെ ജീവിതത്തില്‍ ഇതൊന്നേ സംഭവിച്ചിട്ടുള്ളുവെന്നും എനിക്കെന്തുകൊണ്ടോ തോന്നിപ്പോയി.

“അവരെന്നെ കാറ്റാമാര്‍കായില്‍നിന്നു കൊണ്ടുവരുമ്പോള്‍ ഞാന്‍ തീരെ ചെറുപ്പമായിരുന്നു,” അവള്‍ പറഞ്ഞു. “റെഡ്ഇന്ത്യക്കാരുടെ ആക്രമണങ്ങളെക്കുറിച്ച് എനിക്കെന്തറിയാം? സാന്താ ഐറിനില്‍വച്ച് ഞങ്ങള്‍ അത്തരം കാര്യങ്ങളെക്കുറിച്ചു മിണ്ടാറുതന്നെയില്ലായിരുന്നു; ഞങ്ങള്‍ക്കത്ര പേടിയായിരുന്നു. ഒടുവില്‍, ഒരു രഹസ്യം മറനീക്കിയെടുക്കുന്നതുപോലെ ഞാന്‍ അതു കണ്ടുപിടിച്ചു: റെഡ് ഇന്ത്യക്കാര്‍ ഒരു മേഘപടലം പോലെ വന്നിറങ്ങി ആളുകളെ കൊന്നൊടുക്കുകയും കാലികളെ മോഷ്ടിച്ചുകൊണ്ടുപോവുകയും ചെയ്യും. സ്ത്രീകളെ അവര്‍ പമ്പായിലേക്കെടുത്തുകൊണ്ടുപോകും. ഇതൊന്നും വിശ്വസിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ സഹോദരന്‍ ലൂക്കാസ് - റെഡ് ഇന്ത്യക്കാര്‍ പിന്നീടവനെ കുന്തംകൊണ്ടു കുത്തിക്കൊന്നു - ഇതൊക്കെ നുണയാണെന്ന് ആണയിട്ടു പറഞ്ഞു. പക്ഷേ ഒന്നുണ്ട്; ഒരു സംഗതി സത്യമാണെന്നുണ്ടെങ്കില്‍, അതൊരിക്കല്‍ കേട്ടാല്‍ മതി, നിങ്ങള്‍ക്കതു സത്യമാണെന്നു ബോദ്ധ്യമാകും. റെഡ് ഇന്ത്യക്കാരെ പ്രീതിപ്പെടുത്താന്‍ ഗവണ്മെന്റ് മദ്യവും ചായയുമൊക്കെ നല്‍കിയിട്ടെന്താ, എന്തു ചെയ്യണമെന്ന് അവരെ ഉപദേശിക്കാന്‍ കൗശലക്കാരായ മന്ത്രവാദികളുണ്ട്. അവരുടെ നേതാവിന്റെ ഒരു വാക്കു മതി, കോട്ടകള്‍ക്കിടയില്‍ വളരെയകലത്തായി കിടക്കുന്ന ഒരു കൃഷിക്കളത്തെ വന്നാക്രമിക്കാന്‍. അതിനെക്കുറിച്ചുതന്നെ ചിന്തിച്ചു ചിന്തിച്ച് ഒടുവില്‍ അവരിങ്ങു വന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നോ എന്നുപോലും തോന്നിപ്പോയി. അസ്തമയസൂര്യന്റെ ദിശയില്‍ അവരുടെ വരവു നോക്കിനില്‍ക്കാനും ഞാന്‍ പഠിച്ചു.”

ഒരു നിമിഷനേരം ചിന്തയില്‍ മുഴുകി അവള്‍ നിന്നു: പിന്നെ അവള്‍ വീണ്ടും പറഞ്ഞുതുടങ്ങി. “തെക്കന്‍കാറ്റ് അവരെ കൂട്ടിക്കൊണ്ടുവന്ന മാതിരിയായിരുന്നു. ഒരു ചളിക്കുളത്തില്‍ ഞെരിഞ്ഞില്‍ വളര്‍ന്നുനില്ക്കുന്നതു ഞാന്‍ കണ്ടു; അന്നു രാത്രി ഞാന്‍ റെഡ്ഇന്ത്യക്കാരെ സ്വപ്നം കണ്ടു പുലര്‍ച്ചയ്ക്കാണ് അതു സംഭവിച്ചത്. ഞങ്ങളറിയുന്നതിനുമുമ്പേ മൃഗങ്ങള്‍ അതറിഞ്ഞിരുന്നു - ഭൂകമ്പമുണ്ടാകുമ്പോള്‍ നടക്കുന്നതുപോലെതന്നെ. മാടുകള്‍ അസ്വസ്ഥരായിരുന്നു; പക്ഷികള്‍ ആകാശത്തു വട്ടം ചുറ്റിപ്പറന്നു. ഞാനെപ്പോഴും നോക്കിനില്ക്കാറുണ്ടായിരുന്ന ദിക്കിലേക്ക് ഞങ്ങള്‍ ഓടിവന്നു നോക്കി.”

“ആരാണു നിനക്കു മുന്നറിയിപ്പു തന്നത്?” ആരോ ചോദിച്ചു.

അവള്‍ വിദൂരമനസ്‌കയായി  അവസാനവാക്യം ആവര്‍ത്തിച്ചു, “ഞാനെപ്പോഴും നോക്കിനില്ക്കാറുണ്ടായിരുന്ന ദിക്കിലേക്ക് ഞങ്ങള്‍ ഓടിവന്നുനോക്കി. മരുഭൂമിയൊന്നാകെ ചലിച്ചുതുടങ്ങിയതു പോലെയായിരുന്നു. ജനലഴികള്‍ക്കിടയിലൂടെ അവരേക്കാള്‍ മുമ്പേ അവരുയര്‍ത്തിയ പൊടിപടലത്തിന്റെ മേഘം ഞങ്ങള്‍ കണ്ടു. അത് ആക്രമിക്കാന്‍ വരുന്ന ഒരു സംഘമായിരുന്നു. വായില്‍ കൈ കൊണ്ടടിച്ചു കുരവയിട്ടുകൊണ്ട് അവര്‍ പാഞ്ഞടുക്കുകയായിരുന്നു. ഞങ്ങളുടെ പക്കല്‍ ചില തോക്കുകളുണ്ടായിരുന്നു; അവ പക്ഷേ ഒച്ചയുണ്ടാക്കാനും, അങ്ങനെ ഇന്ത്യക്കാരെ കൂടുതല്‍ കിരാതന്മാരാക്കാനുമേ ഉപകരിക്കൂ.”

മനഃപാഠമാക്കിയ ഏതോ പ്രാര്‍ത്ഥന ഉരുവിടുകയാണെന്നപോലെ ലാ കാറ്റീവ കഥ തുടരുകയായിരുന്നു; പക്ഷേ തെരുവില്‍ മരുഭൂമിയിലെ ഇന്ത്യക്കാര്‍ വന്നിറങ്ങുന്നതും അവരുടെ പോര്‍വിളികളും ഞാന്‍ കേട്ടു. ഒരു പൊട്ടിത്തെറി കേട്ടു; അതിനുപിന്നാലെ ഏതോ സ്വപ്നശകലത്തിലെ അശ്വാരൂഢരെപ്പോലെ അവര്‍ മുറിക്കുള്ളിലെത്തിക്കഴിഞ്ഞു. അവര്‍ സ്ഥലത്തെ ചട്ടമ്പികളായിരുന്നു. ഇപ്പോള്‍, എന്റെ ഓര്‍മ്മയില്‍, അവര്‍ നല്ല പൊക്കമുള്ളവരായി കാണപ്പെടുന്നു. അവരുടെ തലവനായി വന്നയാള്‍ വാതില്ക്കല്‍ നിന്ന റൂഫിനോവിനെ തള്ളിമാറ്റി കടന്നുവന്നു. റുഫിനോയുടെ മുഖം വിളറി; അവന്‍ വഴിയില്‍നിന്നു മാറിനിന്നു. അതേവരെ ഇളകാതിരിക്കുകയായിരുന്ന ആ കറുത്തവസ്ത്രക്കാരി ഇരുന്നിടത്തു നിന്നെഴുന്നേറ്റു.

“അല്ലാ, ഇതു ജൂവാന്‍ മൊരെയ്‌രാ ആണല്ലോ!” അവര്‍ പറഞ്ഞു,

ഇത്രയുംകാലം കഴിഞ്ഞിരിക്കുന്നതിനാല്‍, എന്റെ ഓര്‍മ്മയില്‍ ഇന്നുള്ളത് ഞാനന്നു രാത്രി കണ്ട മനുഷ്യന്‍ - കവര്‍ച്ചക്കാരന്‍ മൊരെയ്‌രാ ആണോ, അതോ പിന്നീടു പലപ്പോഴും കാലിച്ചന്തകളില്‍ കാണാറുള്ള മറ്റൊരാളാണോയെന്ന് എനിക്കറിയാനാവുന്നില്ല. മൊരെയ്‌രായെക്കുറിച്ചുള്ള നാടകങ്ങളിലെ കഥാപാത്രത്തിന്റെ നീണ്ടിടതൂര്‍ന്ന  മുടിയും കറുത്ത താടിയും എന്റെ ഓര്‍മ്മയില്‍ വരുന്നുണ്ട്; അതേസമയം തന്നെ വസൂരിക്കല കുത്തിയ ഒരു തുടുത്ത മുഖവും ഞാനോര്‍ക്കുന്നു. ആ കൊച്ചു നായ്ക്കുട്ടി അയാളെ സ്വാഗതം ചെയ്യാനായി തിരക്കിട്ടോടിച്ചെന്നു. ഒരൊറ്റ ചാട്ടവാറടികൊണ്ട് അയാള്‍ അതിനെ തറയില്‍ അടിച്ചുമലര്‍ത്തിയിട്ടു. അത് വായുവില്‍ കാലുകളിട്ടു തൊഴിച്ചുകൊണ്ടു ചത്തുവീണു. ഇവിടെയാണ് എന്റെ കഥ യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്.

ശബ്ദം കേള്‍പ്പിക്കാതെ ഞാന്‍ ഒരു വാതിലിനടുത്തേക്കു നീങ്ങി; വാതിലിനപ്പുറം ഇടുങ്ങിയ ഒരു നടവഴിയും ഒരു കോണിപ്പടിയുമുണ്ടായിരുന്നു. മുകള്‍നിലയിലെത്തി ഞാന്‍ ഇരുട്ടടച്ച ഒരു മുറിയില്‍ കയറിയൊളിച്ചു. തീരെ പൊക്കം കുറഞ്ഞ ഒരു കട്ടിലൊഴിച്ചാല്‍ ആ മുറിയില്‍ പിന്നെ മറ്റെന്തൊക്കെയുണ്ടായിരുന്നുവെന്ന് എനിക്കിന്നുമറിയില്ല. ഞാന്‍ കിടുങ്ങി വിറയ്ക്കുകയായിരുന്നു. താഴെ ഒച്ചവയ്പു നിലച്ചിരുന്നില്ല; ചില്ലു പൊട്ടിത്തകരുന്നതും കേട്ടു. ഒരു സ്ത്രീയുടെ കാല്‍ച്ചുവടുകള്‍ കോണി കയറിവരുന്നതു ഞാന്‍ കേട്ടു; വെളിച്ചത്തിന്റെ ഒരു കീറ് മിന്നിമറഞ്ഞു. പിന്നെ ലാ കാറ്റീവായുടെ ശബ്ദം എന്നെ അടക്കത്തില്‍ വിളിച്ചു. “ഞാനിവിടെയുള്ളത് ആളുകളെ സല്‍ക്കരിക്കാന്‍ തന്നെയാണ് - പക്ഷേ സമാധാനപ്രിയരെ മാത്രം,” അവള്‍ പറഞ്ഞു. “അടുത്തു വരൂ. ഞാന്‍ നിന്നെ ഉപദ്രവിക്കുകയൊന്നുമില്ല.” അവള്‍ ഗൗണ്‍ ഊരിമാറ്റിയിരുന്നു. ഞാന്‍ അവളുടെ അരികത്തുകിടന്നുകൊണ്ട് വിരലുകളാല്‍ അവളുടെ മുഖം പരതി. എത്ര സമയം കഴിഞ്ഞുവെന്ന് എനിക്കൊരൂഹവും ഉണ്ടായില്ല. ഞങ്ങള്‍ ഒരു വാക്കോ ഒരു ചുംബനമോ കൈമാറിയില്ല. ഞാന്‍ അവളുടെ മുടിയുടെ പിന്നലഴിച്ചു; എന്റെ കൈകള്‍ അവളുടെ നീണ്ട മുടിയിഴകളില്‍ വിഹരിച്ചു, അതിപ്പിന്നെ ഞങ്ങള്‍ അന്യോന്യം കണ്ടിട്ടില്ല; അവളുടെ യഥാര്‍ത്ഥമായ പേരെന്താണെന്ന് എനിക്കിന്നുമറിയില്ല.

ഒരു വെടിയൊച്ച ഞങ്ങളെ ഞെട്ടിച്ചു. ലാ കാറ്റീവ പറഞ്ഞു. “നീ മറ്റേ കോണി വഴി രക്ഷപ്പെട്ടോളൂ.”

ഞാന്‍ അതുവഴിയിറങ്ങി; ചെന്നെത്തിയത് അഴുക്കുനിറഞ്ഞ ഒരിടവഴിയിലാണ്. നല്ല നിലാവുള്ള രാത്രിയായിരുന്നു. ആന്ദ്രേ ചിരിനോ എന്ന പൊലീസ് സാര്‍ജന്റ് ബയണറ്റുറപ്പിച്ച റൈഫിളുമായി മതിലിനരികില്‍ കാത്തുനില്ക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: “താന്‍ ഇത്ര നേരത്തെ എഴുന്നേല്ക്കുന്നയാളാണല്ലേ.”

ഞാന്‍ എന്തോ മറുപടി പറഞ്ഞിരിക്കണം; പക്ഷേ അയാള്‍ അതു ശ്രദ്ധിക്കുകയായിരുന്നില്ല. ഒരാള്‍ ഭിത്തിക്കു മുകളില്‍നിന്നു താഴേയ്ക്കു നിരങ്ങിയിറങ്ങുകയായിരുന്നു. സാര്‍ജന്റ് ഒറ്റക്കുതിപ്പിന് ബയണറ്റ് അയാളുടെ മാംസത്തില്‍ കുത്തിയിറക്കി. അയാള്‍ താഴേക്കു ചടഞ്ഞുവീണു; വീണിടത്തു മലര്‍ന്നുകിടന്ന് അയാള്‍ ഞരങ്ങി; മുറിവില്‍നിന്നു ചോര കുത്തിയൊലിച്ചു. ഞാന്‍ ആ നായ്ക്കുട്ടിയെ ഓര്‍ത്തു. ആ മനുഷ്യന്റെ കഥ തീര്‍ക്കാനായി ചിരിനൊ വീണ്ടും ബയണറ്റ് കുത്തിയിറക്കി.

“ഇത്തവണ നീ രക്ഷപ്പെടില്ല. മൊരെയ്‌രാ,” ആഹ്ലാദത്തോടെ അയാള്‍ പറഞ്ഞു.

വീടു വളഞ്ഞിരിക്കുകയായിരുന്ന പോലീസുകാര്‍ നാലുചുറ്റും നിന്ന് ഓടിയെത്തി; അവര്‍ക്കു പിന്നാലെ അയല്‍വാസികളും വന്നുകൂടി. സാര്‍ജന്റ് ബയണറ്റ് വലിച്ചൂരിയത് നല്ലൊരു ശ്രമത്തിനുശേഷമാണ്. സകലര്‍ക്കും അയാളുടെ കൈ പിടിച്ച് ഒന്നു കുലുക്കിയേ പറ്റൂ.

ഞാന്‍ കണ്ടതൊക്കെ അവിടെ കൂടിയവരോടു പറഞ്ഞുനടന്നു. പിന്നെ പെട്ടെന്നെനിക്കു ക്ഷീണം തോന്നി; നേരിയ പനി തന്നെയുണ്ടായിരിക്കണം. ഞാന്‍ അവിടെനിന്നൂരിപ്പോന്ന്, റൂഫിനോവിനേയും കണ്ടുപിടിച്ചു വീട്ടിലേക്കു തിരിച്ചു. കുതിരപ്പുറത്തിരുന്നുകൊണ്ട് ഞങ്ങള്‍ വിളറിയ പുലരിവെളിച്ചം കണ്ടു. എനിക്കു ക്ഷീണമായിരുന്നില്ല: സംഭവങ്ങളുടെ ആ കുത്തൊഴുക്കില്‍പ്പെട്ട് എന്റെ തല ചുറ്റിപ്പോവുകയായിരുന്നു.

“ആ രാത്രിയുടെ മഹാനദിയില്‍പെട്ട്,” അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ എന്റെ അച്ഛന്‍ പറഞ്ഞു.

“അതു ശരിയാണ്,” അയാള്‍ സമ്മതിച്ചു. “ഏതാനും ചില മണിക്കൂറുകളുടെ ഹ്രസ്വമായ ഇടവേള കൊണ്ട് ഞാന്‍ പ്രണയമെന്താണെന്നറിഞ്ഞു, മരണം നേരില്‍ കാണുകയും ചെയ്തു. സര്‍വ്വമനുഷ്യര്‍ക്കും സര്‍വ്വകാര്യങ്ങളും വെളിപ്പെട്ടുകിട്ടുന്നു - എല്ലാമില്ലെങ്കില്‍ മനുഷ്യനറിയാന്‍ അനുമതിയുള്ള കാര്യങ്ങളെങ്കിലും. പക്ഷേ എന്റെ കാര്യത്തിലാകട്ടെ, രണ്ടടിസ്ഥാനസംഗതികള്‍ ഒറ്റരാത്രിയില്‍ത്തന്നെ എനിക്കു വെളിപ്പെട്ടുകിട്ടി. ഇപ്പോന്ന വര്‍ഷങ്ങളുടനീളം ഞാന്‍ ഇക്കഥ എത്രയോ തവണ പറഞ്ഞുകേള്‍പ്പിച്ചിരിക്കുന്നു. ഇന്നിപ്പോള്‍, എന്റെ ഓര്‍മ്മയിലുള്ളത് അന്നു നടന്നതു തന്നെയാണോ അതോ എന്റെ വാക്കുകളാണോ എന്ന്‍ എനിക്കറിയാതായിരിക്കുന്നു. ആ റെഡ് ഇന്ത്യന്‍ ആക്രമണത്തിന്റെ കാര്യത്തില്‍ ലാ കാറ്റീവക്കും ഇതുതന്നെയാവാം സംഭവിച്ചിരിക്കുക. മൊരിയേരായെ കൊല്ലുന്നതു കണ്ടുനിന്നത് ഞാന്‍ തന്നെയാണോ അതോ മറ്റൊരാളായിരുന്നോ എന്നതും ഇപ്പോള്‍ പ്രശ്‌നമല്ല.”


ബോർഹസ് - നമ്മുടെ ഇന്നലെകളെല്ലാം

Jorge_L_Borges


എനിക്കറിയണം: ഞാനായിരുന്ന പലരിൽ
എന്റെ ഭൂതകാലമാരുടേതായിരുന്നു?
ആഹ്ളാദത്തോടെ ചില ലാറ്റിൻ ഷഡ്പദികൾ
-വർഷങ്ങളും ദശകങ്ങളും തുടച്ചുമാറ്റിയ വരികൾ-
ഉരുവിട്ടു പഠിച്ച ജനീവയിലെ ബാലന്റെ?
പുലികളുടെയും കടുവകളുടെയും വന്യരൂപങ്ങളറിയാൻ,
കവിളൂതിവീർപ്പിച്ച മാലാഖക്കുഞ്ഞുങ്ങളെപ്പോലെ
കൊടുങ്കാറ്റുകളെ വരച്ചിട്ട പ്രാചീനഭൂപടങ്ങൾ കാണാൻ
അച്ഛന്റെ ഗ്രന്ഥശാലയരിച്ചുപെറുക്കിയ കുട്ടിയുടെ?
അന്ത്യശ്വാസം വലിച്ചുകൊണ്ടു കിടക്കുന്നൊരാളെ
കതകു തുറന്നു നോക്കിനിന്നവൻ, അതെ,
മരവിക്കുന്ന മുഖത്തെ, മരിക്കുന്ന മുഖത്തെ,
എന്നെന്നേക്കുമായി വിട്ടുപോകുന്ന മുഖത്തെ
പുലരിയുടെ വെണ്മയിൽ ചുംബിച്ച കുട്ടിയുടെ?
ഇന്നില്ലാത്തവർ, അവരെല്ലാമാണു ഞാൻ.
ഈ അന്തിവെയിലിൽ, എന്തിനെന്നില്ലാതെ,
ആ മറഞ്ഞുപോയവരെല്ലാമാണു ഞാൻ.

(1974)


Thursday, April 9, 2015

ബോര്‍ഹസ് - ഇടയ്ക്കു കയറിയവള്‍

imagesSaul and David


...നിന്‍പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്.

2 ശമുവേല്‍ 1:26

 

ഈ കഥ ആദ്യം പറയുന്നത് നെല്‍സണ്‍ സഹോദരങ്ങളില്‍ ഇളയ ആളായ എഡ്വാര്‍ഡോ ആണെന്നും, മൊറോണ്‍ ജില്ലയില്‍ വച്ച് കുറേക്കാലം മുമ്പ് (തൊണ്ണൂറിനിപ്പുറം) ഉറക്കത്തില്‍ മരിച്ചുപോയ ജ്യേഷ്ഠന്‍ ക്രിസ്റ്റ്യന്റെ ജഡത്തിനു മുന്നില്‍ ഉറക്കമൊഴിച്ചിരിക്കുന്ന വേളയിലാണ് അവന്‍ ഇതു പറഞ്ഞതെന്നുമാണ് ജനസംസാരം. പക്ഷേ അങ്ങനെ വരാന്‍ വഴി കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ നടന്നതിതാണ്: നീണ്ടുനീണ്ടുപോയതും, ഇന്നു തെളിച്ചം മങ്ങിക്കാണപ്പെടുന്നതുമായ ആ രാത്രിയില്‍, കരിഞ്ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍, ആരോ ഒരാള്‍ക്ക് മറ്റൊരാളില്‍നിന്ന് ഈ കഥ പകര്‍ന്നു കിട്ടി; അയാള്‍ അത് സാന്തിയാഗോ ദബോവേയോടു പറഞ്ഞു; സാന്തിയാഗോയില്‍നിന്നാണ് ഞാന്‍ ഇതു കേട്ടത്. വര്‍ഷങ്ങള്‍ക്കുശേഷം, ഈ കഥ നടന്ന ട്യൂര്‍ഡെറായില്‍വച്ച് ഞാന്‍ ഇതു വീണ്ടും കേട്ടു. ഈ രണ്ടാമതു കേട്ട, കൂടുതല്‍ വിപുലമായ രൂപം സാന്തിയാഗോ പറഞ്ഞതിനെ പിന്‍പറ്റുന്നതു തന്നെയായിരുന്നു; പിന്നെ, പതിവുള്ള ചില്ലറ വ്യതിയാനങ്ങളും വൈരുദ്ധ്യങ്ങളും അടങ്ങിയിരുന്നുവെന്നേയുള്ളു. ഞാന്‍ ഇപ്പോള്‍ ഈ കഥ പകര്‍ത്തിവയ്ക്കുന്നതിന്റെ കാരണം, - എനിക്കു തെറ്റുപറ്റിയിട്ടില്ലെന്നു കരുതട്ടെ - ഈ നൂറ്റാണ്ടു തുടങ്ങുന്നതിനു മുമ്പ് ബ്യൂണേഴ്‌സ് അയഴ്‌സിന്റെ അരികു പറ്റി ജീവിച്ചിരുന്ന, ആ പരുക്കന്‍ മനുഷ്യരുടെ സ്വഭാവത്തിന്റെ സംക്ഷിപ്തവും ദുരന്തപൂര്‍ണ്ണവുമായ പ്രതിഫലനം ഞാനിതില്‍ കാണുന്നു എന്നതാണ്. വളച്ചുകെട്ടില്ലാതെ പറഞ്ഞുപോകണം എന്നാണ് എന്റെ ആഗ്രഹമെങ്കിലും, ചില വിശദാംശങ്ങള്‍ ഊന്നിപ്പറയാനോ തിരുകിക്കയറ്റാനോ ഒരെഴുത്തുകാരനെന്ന നിലയില്‍ ഉണ്ടാകാവുന്ന പ്രലോഭനത്തിന് ഞാന്‍ വഴങ്ങിപ്പോയേക്കുമെന്നുള്ളതും എനിക്കു മുന്‍കൂട്ടിക്കാണാന്‍ കഴിയുന്നുണ്ട്.

ഇവര്‍ താമസിച്ചിരുന്ന ട്യൂര്‍ഡെറായില്‍ ആള്‍ക്കാര്‍ ഇവരെ വിളിച്ചിരുന്നത് നില്‍സണ്മാര്‍ എന്നായിരുന്നു. തന്റെ മുന്‍ഗാമിക്ക് ഇക്കൂട്ടരുടെ വീട്ടില്‍ (ഒരതിശയംപോലെ) ഒരു ബൈബിള്‍ കണ്ട കാര്യം ഓര്‍മ്മയുള്ളതായി അവിടത്തെ വികാരി എന്നോടു പറയുകയുണ്ടായി. ബ്ലാക്ക് ലറ്റര്‍ ടൈപ്പിലടിച്ച്, കറുത്ത പുറംചട്ടയിട്ട, ഉപയോഗിച്ചു പഴകിയ ഒരു ഗ്രന്ഥം: ഒടുവിലത്തെ ഒഴിഞ്ഞ താളില്‍ ചില പേരുകളും തീയതികളും കുറിച്ചിട്ടിരുന്നത് അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടിരുന്നു. ആ വീട്ടില്‍ ആകെക്കൂടിയുണ്ടായിരുന്ന പുസ്തകം അതായിരുന്നു:  നില്‍സണ്‍മാരുടെ നാടുതെണ്ടുന്ന ചരിത്രരേഖ. സര്‍വ്വ വസ്തുക്കള്‍ക്കും വരാനുള്ള ഗതിപോലെ അതും ഒരുനാള്‍ കാണാതെയായി. പൊളിഞ്ഞുവീഴാറായ  ആ പഴയവീട് - അതിന്നില്ല - തേയ്ക്കാതെ കട്ട കെട്ടിയതായിരുന്നു; കയറിച്ചെല്ലുന്ന വളച്ചുവാതിലിലൂടെ നോക്കിയാല്‍ ചുവന്ന തറയോടു പാകിയ ഒരു നടുമുറ്റവും, അതിനുമുള്ളില്‍ മണ്ണിട്ടുറപ്പിച്ച മറ്റൊരു നടുമുറ്റവും കാണാം. വളരെ ചുരുക്കം പേരേ, എന്തൊക്കെയായാലും, അതിനുള്ളില്‍ കാലുകുത്തിയിട്ടുള്ളു. നില്‍സണ്‍മാര്‍ ആരോടും അടുപ്പത്തിനു പോയില്ല. കിടക്കാനുള്ള കട്ടിലൊഴിച്ചാല്‍ മുറികള്‍ മിക്കവാറും ഒഴിഞ്ഞവയായിരുന്നു. അവരുടെ ധാരാളിത്തങ്ങള്‍ എന്നുപറയാവുന്നത് കുതിരകളും, കസവുകര പിടിപ്പിച്ച സവാരിവേഷവും, വായ്ത്തല കുറുകിയ കഠാരയും, ശനിയാഴ്ച രാത്രിയിലെ അണിഞ്ഞൊരുങ്ങലുമായിരുന്നു. അന്നവര്‍ ധൂര്‍ത്തന്മാരാവുകയും, മദ്യലഹരിയില്‍ വക്കാണത്തിനു പോവുകയും ചെയ്യും. എനിക്കറിയാവുന്നതാണ്, രണ്ടുപേരും നല്ല പൊക്കക്കാരായിരുന്നു;  ചുവന്നമുടി നീട്ടിവളര്‍ത്തിയിട്ടിരുന്നു. അവര്‍‍ കേള്‍ക്കാനേയിടയില്ലാത്ത ഡെന്മാര്‍ക്കോ ഐര്‍ലണ്ടോ ഈ രണ്ട് അര്‍ജന്റീനക്കാര്‍ സഹോദരന്മാരുടെ രക്തത്തില്‍ കലര്‍ന്നൊഴുകുകയായിരുന്നു. ആ ചുറ്റുവട്ടത്തിന് ഈ ചെമ്പന്‍മുടിക്കാരെ ഭയമായിരുന്നു; അവരില്‍ ഒരാളെങ്കിലും ഒരു കൊല നടത്തിയിട്ടുണ്ടാവണം. ഒരിക്കല്‍ അവര്‍ പോലീസുകാരുമായി നേര്‍ക്കുനേര്‍ നിന്നതുമാണ്. ഇളയയാള്‍ ഒരു ദിവസം ജൂവാന്‍ ഐബേരായുമായി ഒന്നിടഞ്ഞതായും അതിലവന്‍ മോശം പറ്റാതെ നോക്കിയതായും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇവര്‍ കാലിതെളിപ്പുകാരും, ഉഴവുകാരും, കുതിരമോഷ്ടാക്കളുമൊക്കെയായിരുന്നു; അങ്ങനെയിരിക്കെ പണംവച്ചു ചൂതുകളിക്കാനും പോകും. പിശുക്കരാണെന്ന ഒരു ഖ്യാതിയും ഇവര്‍ക്കുണ്ടായിരുന്നു; കുടിയും ചീട്ടുകളിയും മാത്രമേ അവരെ ധാരാളികളാക്കിയുള്ളു. ഇവരുടെ ബന്ധുക്കളെക്കുറിച്ചോ, ഇവര്‍ തന്നെ എവിടത്തുകാരാണെന്നതിനെക്കുറിച്ചോ ആര്‍ക്കും ഒന്നുമറിയില്ല. ഒരു വണ്ടിയും ഒരു ജോഡി കാളകളും അവര്‍ക്കു സ്വന്തമായിട്ടുണ്ടായിരുന്നു.

ഇവരുടെ ശരീരപ്രകൃതി കോസ്റ്റാ ബ്രാവായ്ക്കു കുഖ്യാതി നേടിക്കൊടുത്ത മറ്റു മുഷ്‌ക്കന്മാരില്‍നിന്നു ഭിന്നമായിരുന്നു. ഇതെന്നപോലെ, നമുക്കറിവില്ലാത്ത മറ്റുപലതും, ഇവര്‍ തമ്മിലുള്ള ഗാഢമായ അടുപ്പം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു. അവരില്‍ ഒരാളുമായി ഇടയുക എന്നതിന് രണ്ടു ശത്രുക്കളെ സമ്പാദിക്കുക എന്നാണര്‍ത്ഥം.

ഉടലിന്റെ ആനന്ദങ്ങള്‍ തേടിപ്പോകുന്നവരായിരുന്നു നിത്സണ്‍മാര്‍; എന്നാല്‍ അന്നാള്‍വരെ അവരുടെ ശൃംഗാരനാടകങ്ങള്‍ അരങ്ങേറിയിരുന്നത് ഇരുളടഞ്ഞ ഇടനാഴികളിലോ വേശ്യാലയങ്ങളിലോ ആയിരുന്നു. അങ്ങനെയിരിക്കുന്ന സ്ഥിതിക്ക്, ക്രിസ്റ്റ്യന്‍, ജൂലിയാന ബര്‍ഗസിനെ കൂടെ താമസിക്കാന്‍ വിളിച്ചുകൊണ്ടുവന്നപ്പോള്‍ അതു വലിയൊരു സംസാരവിഷയം തന്നെയായി. ഇതുവഴി അയാള്‍ ഒരു വേലക്കാരിയുടെ കുറവു നികത്തുകയായിരുന്നു എന്നു പറയുന്നതില്‍ കാര്യമില്ലാതില്ല; എന്നാല്‍ മറ്റൊരു വസ്തുതയുണ്ട്: അയാള്‍ അവള്‍ക്കു കണ്ണില്‍ക്കണ്ടതൊക്കെ വാങ്ങിക്കൊടുക്കാനും, മുഷിഞ്ഞതും ഇടുങ്ങിയതുമായ വാടകവീടുകളില്‍ നടന്നിരുന്ന  വിരുന്നുകളില്‍ അവളെയും  കൂട്ടിപ്പോകാനും തുടങ്ങി എന്നതാണത്; മുഷിഞ്ഞതും ഇടുങ്ങിയതുമായ വാടകവീടുകളില്‍ നടത്തിയിരുന്ന ആ വിരുന്നുകളില്‍ ചില ടാംഗോ ചുവടുകള്‍ക്കു വിലക്കുണ്ടായിരുന്നു, ആണും പെണ്ണും മുട്ടിയുരുമ്മി നൃത്തം ചെയ്തിരുന്നതുമില്ല. വലിയ, വിടര്‍ന്ന കണ്ണുകളുള്ള ജൂലിയാന ഇരുണ്ട നിറക്കാരിയായിരുന്നു. ആരെങ്കിലും ഒന്നു നോക്കിയാല്‍ മതി, അവള്‍ക്കു ചിരി  പൊട്ടും. ദുരിതവും അവഗണനയും കൂടി സ്ത്രീകളെ പിഴിഞ്ഞൂറ്റുന്ന ദരിദ്രമായൊരു ചുറ്റുവട്ടത്തെ സംബന്ധിച്ചിടത്തോളം ജൂലിയാനോ കാണാന്‍ ഒട്ടും  മോശക്കാരിയായിരുന്നില്ല.

ആദ്യമൊക്കെ എഡ്വാര്‍ഡോയും അവര്‍ക്കൊപ്പം പോകാറുണ്ടായിരുന്നു. പിന്നീട് ഒരു ദിവസം വടക്ക് അരേസിഫസില്‍ എന്തോ വ്യാപാരാവശ്യത്തിനു പോയവന്‍ മടങ്ങിയെത്തിയത് ഏതോ ഒരു പെണ്ണിനേയും കൂട്ടിയാണ്. പക്ഷേ അധികനാള്‍ കഴിയുംമുമ്പേ അവന്‍ അവളെ അടിച്ചു പുറത്താക്കി. അവന്‍ ഒന്നും മിണ്ടാതെ മ്ലാനിയായി നടന്നു; ഒപ്പം മൂലയ്ക്കുള്ള മദ്യഷാപ്പില്‍ ഒറ്റയ്ക്കിരുന്നു കുടിയും തുടങ്ങി;  ആരോടും ഇടപഴകാതെയുമായി. അവന്‍ ക്രിസ്റ്റ്യന്റെ പെണ്ണുമായി പ്രേമത്തിലായിക്കഴിഞ്ഞിരുന്നു. അവനേക്കാള്‍ മുമ്പ് ഇക്കാര്യം മനസ്സിലാക്കിയിരിക്കാവുന്ന ആ ചുറ്റുവട്ടമാകെ രണ്ടു സഹോദരന്മാര്‍ക്കുമിടയ്ക്കു വൈരം പൊട്ടിമുളയ്ക്കുന്നതും കാത്ത് ഉത്സാഹവും ദുഷ്ടബുദ്ധിയും പൂണ്ടു നോക്കിയിരുന്നു.

ഒരു ദിവസം രാത്രി എഡ്വാര്‍ഡോ കുടിയും കഴിഞ്ഞ് വളരെ വൈകി വീട്ടിലെത്തുമ്പോള്‍ ക്രിസ്റ്റ്യന്റെ കുതിരയെ  മുറ്റത്തെ കുറ്റിയില്‍ കെട്ടിയിരിക്കുന്നതു കണ്ടു. അകത്ത്, നടുമുറ്റത്ത്, തന്റെ ഏറ്റവും നല്ല വേഷവുമണിഞ്ഞ് ജ്യേഷ്ഠന്‍ അനുജനേയും കാത്തിരിക്കുകയായിരുന്നു. അവര്‍ക്കു ചായ പകര്‍ന്നു കൊടുത്തുകൊണ്ട് ജൂലിയാനാ തിരക്കുപിടിച്ചു. ക്രിസ്റ്റ്യന്‍ എഡ്വാര്‍ഡോയോടു പറഞ്ഞു; 'എനിക്കു ഫരിയായുടവിടെ ഒരു വിരുന്നിനു പോകണം. ജൂലിയാനാ ഇവിടെ നിന്റെ കൂടെ നില്ക്കട്ടെ. നിനക്കു വേണമെന്നുണ്ടെങ്കില്‍ അവളെ ഉപയോഗിച്ചോളു.'

അയാളുടെ സ്വരം പകുതി ആജ്ഞയും  പകുതി സൗഹൃദഭാവത്തിലുമായിരുന്നു. എഡ്വാര്‍ഡോ എന്തു ചെയ്യണമെന്നറിയാതെ അയാളെ ഉറ്റുനോക്കിക്കൊണ്ട് അല്പനേരം നിന്നു. ക്രിസ്റ്റ്യന്‍ എഴുന്നേറ്റ് യാത്ര പറഞ്ഞിട്ട് - അനുജനോടാണ്, ജൂലിയാനയോടല്ല, (അവള്‍ ഒരു  വസ്തുവില്‍ക്കവിഞ്ഞൊന്നുമായിരുന്നില്ലല്ലോ) - കുതിരപ്പുറത്തു കയറി ഒന്നും സംഭവിക്കാത്തപോലെ ഓടിച്ചുപോയി.

അന്നുരാത്രി മുതല്‍ അവര്‍ അവളെ പങ്കുവയ്ക്കാന്‍ തുടങ്ങി. കോസ്റ്റാ ബ്രാവായ്ക്കുപോലും സഭ്യതയുടെ  അതിരുകടന്നതായിത്തോന്നിയ ആ കുത്സിതമായ പങ്കുപറ്റലിന്റെ വിശദാംശങ്ങള്‍ ഒരാളും ഒരുനാളും അറിയാന്‍ പോകുന്നില്ല. ഈ സംവിധാനം കുറെ ആഴ്ചകളോളം ഭംഗിയായി നടന്നുപോയി; പക്ഷേ അതു നീണ്ടുനിന്നില്ല. തമ്മില്‍ സംസാരിക്കുമ്പോള്‍ അവര്‍ ഒരിക്കലും, അവളെ വിളിക്കാന്‍കൂടിപ്പോലും, അവളുടെ പേരുപയോഗിച്ചിരുന്നില്ല. പക്ഷേ അവര്‍ തമ്മില്‍ ഇടയാന്‍ കാരണം നോക്കിയിരിക്കുകയായിരുന്നു; അത് അവര്‍ കണ്ടെത്തുകയും ചെയ്തുകൊണ്ടിരുന്നു. ഒരിക്കല്‍ അവര്‍ എന്തോ തുകലിന്റെ വില്പനയെച്ചൊല്ലി തര്‍ക്കിച്ചു; പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ തര്‍ക്കിച്ചത് മറ്റെന്തിനെയോ ചൊല്ലിയായിരുന്നു, ക്രിസ്റ്റ്യന്‍ ഒച്ചയെടുക്കാന്‍ തുടങ്ങി; എഡ്വാര്‍ഡോ മിണ്ടാതെയായി. തങ്ങളറിയാതെ അവര്‍ അസൂയാലുക്കളാവുകയായിരുന്നു. ആ പരുക്കന്‍ ചേരിപ്രദേശങ്ങളില്‍ ഒരാണും  സമ്മതിച്ചു തരില്ല - തന്നോടുപോലും സമ്മതിക്കുകയില്ല - സ്ത്രീ ഭോഗിക്കാനും അവകാശം പറയാനുമുള്ള ഒരു വസ്തുവല്ലാതെ മറ്റെന്തെങ്കിലുമാണെന്ന്; പക്ഷേ ഈ രണ്ടു സഹോദരന്മാര്‍ പ്രേമത്തിലായിരുന്നു. അത്, ഏതോ തരത്തില്‍, അവര്‍ക്കു ലജ്ജാവഹമായി തോന്നുകയും ചെയ്തു.

ഒരു ദിവസം വൈകിട്ട് എഡ്വാര്‍ഡോ ലോമാസിലെ കവലയിലൂടെ പോകുമ്പോള്‍ എതിരെ ജൂവാന്‍ ഐബേരാ വന്നു. ഒരു ‘ചരക്കി'നെ കൈക്കലാക്കിയ കാര്യവും പറഞ്ഞ് അവന്‍ അഭിനന്ദിച്ചെന്തോ പറഞ്ഞു. അപ്പോഴാണെന്നു തോന്നുന്നു എഡ്വാര്‍ഡോ അവനെ കേറിയടിച്ചത്. ഒരാളും അതും തന്റെ മുമ്പില്‍വച്ച് - ക്രിസ്റ്റ്യനെ കളിയാക്കാന്‍ പോകുന്നില്ല.

ആ സ്ത്രീ ഇരുവരുടേയും ആവശ്യങ്ങള്‍ ജന്തുസഹജമായ ഒരു വിധേയതയോടെ നിര്‍വ്വഹിച്ചു കൊടുത്തുപോന്നു. എന്നിരുന്നാലും ഒരിഷ്ടക്കൂടുതല്‍, പ്രായം കുറഞ്ഞയാളിനോടാവണം, മറച്ചുവയ്ക്കാന്‍ അവള്‍ക്കായില്ല; അവളെ പങ്കുപറ്റാന്‍ മടി കാണിച്ചില്ലെങ്കിലും, അതു തുടങ്ങിവച്ചതും അവനായിരുന്നില്ലല്ലോ.

ഒരു ദിവസം അവര്‍ ജൂലിയാനയോട് പുറത്തെ നടുമുറ്റത്ത് രണ്ടു കസേര കൊണ്ടിടാന്‍ ആജ്ഞാപിച്ചു. തങ്ങള്‍ക്കു ചില കാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ ഉള്ളതുകൊണ്ട് കുറച്ചുനേരത്തേക്ക് അവളുടെ മുഖം പുറത്തുകാണിക്കാനും പാടില്ല. അവരുടെ സംസാരം തീരാന്‍ കുറേസമയം പിടിക്കുമെന്ന ധാരണയില്‍ അവള്‍ ഒന്നു മയങ്ങാനായി കിടന്നു; പക്ഷേ അധികനേരം കഴിഞ്ഞില്ല, അവര്‍ അവളെ വിളിച്ചുണര്‍ത്തി. അവള്‍ക്കു സ്വന്തമായിട്ടുള്ളതൊക്കെ ഒരു ചാക്കില്‍ കെട്ടിയെടുക്കാന്‍ അവര്‍ അവളോടാവശ്യപ്പെട്ടു. പളുങ്കുകൊണ്ടുള്ള കൊന്തമാലയും അമ്മ കൊടുത്ത കൊച്ചു കുരിശുരൂപവുമൊന്നും ബാക്കിവയ്ക്കരുത്. വിശദീകരണത്തിനൊന്നും നില്ക്കാതെ അവളെ കാളവണ്ടിയില്‍ കയറ്റി അവര്‍ സുദീര്‍ഘവും, പരിക്ഷീണവും, നിശ്ശബ്ദവുമായ ഒരു യാത്ര പുറപ്പെട്ടു. മഴ പെയ്തിരുന്നു; വഴി ചെളി കുഴഞ്ഞുകിടക്കുകയായിരുന്നു. അവര്‍ മൊറോണിലെത്തുമ്പോള്‍ നേരം പുലര്‍ച്ചയാകാറായിരുന്നു. അവിടെ അവര്‍ അവളെ വേശ്യാലയം നടത്തുന്ന ഒരു സ്ത്രീക്കു വിറ്റു. ഇടപാടൊക്കെ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നു. ക്രിസ്റ്റ്യന്‍ പണം പോക്കറ്റിലിട്ടു; പിന്നീട് അയാള്‍ അത് അനുജനുമായി പങ്കിട്ടു.

നില്‍സണ്‍മാര്‍ ട്യൂര്‍സെറായില്‍ മടങ്ങിയെത്തി. അന്നേ വരെ വിലക്ഷണമായ ആ പ്രേമബന്ധത്തിന്റെ വലയില്‍ (അതൊരു നിഷ്ഠ കൂടിയായിരുന്നു) കുടുങ്ങിക്കിടക്കുകയായിരുന്നവര്‍ ആണുങ്ങള്‍ക്കിടയില്‍ ആണുങ്ങളുടേതായ ആ പഴയ ജീവിതം വീണ്ടെടുക്കാന്‍ ശ്രമിച്ചു. ചീട്ടുകളിയും, കോഴിപ്പോരും, ശനിയാഴ്ചത്തെ കുടിച്ചുമറിയലും നിറഞ്ഞ ആ ലോകത്തേക്ക് അവര്‍ തിരിച്ചുപോയി. തങ്ങള്‍ രക്ഷിക്കപ്പെട്ടതായി ഇടയ്‌ക്കൊക്കെ അവര്‍ക്കു തോന്നിയിട്ടുണ്ടാവണം. പക്ഷേ അവര്‍ പലപ്പോഴും - ഓരോരുത്തരും സ്വന്തനിലയില്‍ - വിശദീകരണമില്ലാത്ത, അല്ലെങ്കില്‍ വിശദീകരണമേ ആവശ്യമില്ലാത്ത, നിലയില്‍ അപ്രത്യക്ഷരാകാറുണ്ടായിരുന്നു. അക്കൊല്ലം തീരുന്നതിനല്പം മുമ്പ് ഒരു ദിവസം  തനിക്ക് നഗരത്തില്‍ ഒരു കച്ചവടക്കാര്യമുണ്ടെന്നു പറഞ്ഞ് അനുജന്‍ പോയി. തൊട്ടുപുറകേ ക്രിസ്റ്റ്യന്‍ മൊറോണിലേക്കു ചെന്നു; വേശ്യാലയത്തിനു വെളിയില്‍ എഡ്വാര്‍ഡോയുടെ പുള്ളിക്കുതിരയെ അയാള്‍ തിരിച്ചറിഞ്ഞു. ക്രിസ്റ്റ്യന്‍ അകത്തേക്കു ചെന്നു; പ്രതീക്ഷിച്ചപോലെ തന്റെ ഊഴവും കാത്ത് അനുജന്‍‍ അവിടെ നില്‍പ്പുണ്ടായിരുന്നു. ക്രിസ്റ്റ്യന്‍ അവനോട് ഇങ്ങനെ പറഞ്ഞുവെന്നാണ് കേള്‍വി: 'ഇങ്ങനെപോയാല്‍ നമ്മള്‍ കുതിരകളുടെ മുതുകൊടിക്കുകയേയുള്ളു. അവളെ കൈയ്യകലത്തു വയ്ക്കുകയാണ് നമുക്കു നല്ലത്.'

അയാള്‍ നടത്തിപ്പുകാരിയോടു സംസാരിച്ചിട്ട്‌ പേഴ്സില്‍നിന്ന് ഒരുപിടി നാണയം വാരികൊടുത്തു. എന്നിട്ടവര്‍ പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടുപോന്നു. ജൂലിയാനാ ക്രീസ്റ്റ്യനോടൊപ്പമാണിരുന്നത്. അവര്‍ ഒരുമിച്ചിരിക്കുന്നതു കാണാന്‍ ഇഷ്ടമില്ലാതെ എഡ്വാര്‍ഡോ കുതിരയെ കുതിച്ചോടിപ്പിച്ചു.

മുമ്പു പറഞ്ഞതിലേക്ക് അവര്‍ തിരിച്ചുപോയി. അവരുടെ പ്രശ്‌നപരിഹാരം പരാജയത്തില്‍ കലാശിച്ചിരുന്നു; ഇപ്പോള്‍ ഇരുവരും അന്യോന്യം വഞ്ചിക്കാനും തുടങ്ങി. കായീന്‍ വിഹാരം നടത്തുകയായിരുന്നു. പക്ഷേ നില്‍സണ്‍മാര്‍ തമ്മിലുള്ള സ്‌നേഹം അത്ര വലുതായിരുന്നു - അവര്‍ ഒരുമിച്ച് എന്തൊക്കെ കഷ്ടകാലങ്ങളും അപകടങ്ങളും നേരിട്ടുവെന്ന് ആരു കണ്ടു! - അതിനാല്‍ അവര്‍ തങ്ങളുടെ ക്ഷോഭം തിരിച്ചുവിട്ടത് മറ്റുള്ളവരിലേക്കാണ്. അപരിചിതരില്‍, നായ്ക്കളില്‍, തങ്ങള്‍ക്കിടയില്‍ ഈ വിടവു വരുത്തിവച്ച ജൂലിയാനയില്‍.

മാര്‍ച്ചുമാസം അവസാനിക്കാറായിരുന്നു; എന്നിട്ടും ചൂടുകുറയുന്ന ലക്ഷണം കണ്ടില്ല. ഒരു ഞായറാഴ്ച ദിവസം (ഞായറാഴ്ച ആളുകള്‍ നേരത്തെ കിടക്കാറുണ്ടല്ലോ) എഡ്വാര്‍ഡോ മദ്യഷാപ്പില്‍നിന്ന് വീട്ടിലേക്കു ചെല്ലുമ്പോള്‍ ക്രിസ്റ്റ്യന്‍ വണ്ടിയില്‍ കാളകളെ പൂട്ടുന്നതു കണ്ടു. ക്രിസ്റ്റ്യന്‍ അവനോടിങ്ങനെ പറഞ്ഞു, നീയും വരൂ. പാര്‍ദോയുടെയവിടെ കുറച്ചു തുകലു കൊണ്ടുപോകാനുണ്ട്. ഞാന്‍ അതു മുഴുവന്‍ കേറ്റിക്കഴിഞ്ഞു. ഇപ്പോഴേ ഇറങ്ങിയാല്‍ പുലര്‍ച്ചയ്ക്കു മുമ്പ് അങ്ങെത്താം.

പാര്‍ദോയുടെ ഗുദാം, എനിക്കു തോന്നുന്നത്, കുറച്ചുകൂടി തെക്കാണെന്നാണ്. അവര്‍ കന്നുകാലികള്‍ പോകുന്ന പഴയ വഴിത്താരയിലൂടെ പോയിട്ട് ഒരിടവഴിയിലേക്ക് തിരിഞ്ഞു. ഇരുട്ടു വീണതോടെ നാട്ടിന്‍പുറം വിസ്തൃതമായി വന്നു.

അവര്‍ ഒരു മുളങ്കാട് വളഞ്ഞു കടന്നുപോയി. ക്രിസ്റ്റ്യന്‍ അല്പം മുമ്പു കത്തിച്ച ചുരുട്ട് വലിച്ചെറിഞ്ഞിട്ട് അലക്ഷ്യമട്ടില്‍ പറഞ്ഞു, ‘അനിയാ, നമുക്കപ്പോള്‍ കാര്യം നടത്താം; ബാക്കിപ്പണി കഴുകന്മാര്‍ ചെയ്തോളും. ഇന്നു വൈകിട്ട് ഞാന്‍ അവളെ കൊന്നു. പണ്ടങ്ങളും കൊണ്ട് അവളിവിടെ കിടക്കട്ടെ. നമുക്കിനി അവള്‍ ഒരു ശല്യമേ ആകില്ല.’

കണ്ണീരിന്റെ വക്കത്തെത്തി അവര്‍ കെട്ടിപ്പുണര്‍ന്നു. ഇപ്പോള്‍ ഒരു കണ്ണികൂടി അവരെ ബന്ധിക്കാനുണ്ടായിരുന്നു - തങ്ങള്‍ ദാരുണമായി കുരുതികൊടുത്ത സ്ത്രീയും, അവളെ മറക്കുക എന്ന ഇരുവരുടെയും ബാദ്ധ്യതയും.


Sunday, March 15, 2015

ബോര്‍ഹസ് - മണലു കൊണ്ടുള്ള പുസ്തകം

index



അനന്തമായ ബിന്ദുക്കളടങ്ങിയത് രേഖ; അനന്തമായ രേഖകളടങ്ങിയത് പ്രതലം; അനന്തമായ പ്രതലങ്ങളടങ്ങിയത് വ്യാപ്തം; അനന്തമായ വ്യാപ്തങ്ങളടങ്ങിയത് അതിവ്യാപ്തം... അല്ല, നിസ്സംശയമായും  ഈ  യൂക്ളിഡിയന്‍  രീതിയല്ല, എന്റെ  കഥ ആരംഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഒരു കഥ കെട്ടിച്ചമച്ചിട്ട് അതു യഥാര്‍ത്ഥമാണെന്നവകാശപ്പെടുന്നതാണല്ലോ, ഇക്കാലത്തെ കീഴ്‌വഴക്കം. എന്റേത്, പക്ഷേ, യഥാര്‍ത്ഥമാണ്.

ബ്യൂണേഴ്സ് അയഴ്‌സിലെ‍ ബല്‍ഗ്രാനോ തെരുവില്‍ ഒരു മൂന്നാംനില ഫ്‌ളാറ്റില്‍ ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കുറച്ചുമാസങ്ങള്‍ക്കു മുമ്പ് ഒരു ദിവസം സന്ധ്യക്ക്, ആരോ കതകില്‍ മുട്ടുന്നത് ഞാന്‍ കേട്ടു. വാതില്‍ തുറന്നുനോക്കുമ്പോള്‍ പുറത്ത് ഒരപരിചിതന്‍ നില്പുണ്ടായിരുന്നു. നല്ല പൊക്കമുള്ള ഒരാള്‍; ഇന്നതെന്നു പറയാനാവാത്ത മുഖലക്ഷണം - ഒരുപക്ഷേ വെള്ളെഴുത്തുമൂലം എനിക്കങ്ങനെ തോന്നിയതാണെന്നും വരാം. ചാരനിറത്തിലുള്ള വേഷമാണ് ധരിച്ചിരുന്നത്; ചാരനിറത്തിലുള്ള ഒരു സ്യൂട്ട്‌കേയ്‌സ് കൈയ്യിലുണ്ടായിരുന്നു. ഒരു നാട്യവുമില്ലാത്ത രീതി. ആള്‍ വിദേശിയാണെന്ന് ‍ ഒറ്റ നോട്ടത്തില്‍ മനസ്സിലായി. ആദ്യം കണ്ടപ്പോള്‍ വൃദ്ധനെപ്പോലെ തോന്നിയെങ്കിലും പിന്നീടേ എനിക്കെന്റെ പിശകു ബോദ്ധ്യപ്പെട്ടുള്ളു. സ്‌കാന്‍ഡിനേവിയാക്കാരുടെ രീതിയില്‍ മിക്കവാറും വെളുത്ത, ആ നനുത്ത സ്വര്‍ണ്ണമുടിയാണ് എന്നെ തെറ്റിദ്ധരിപ്പിച്ചത്. ഞങ്ങളുടെ സംഭാഷണത്തിനിടയ്ക്ക് - അത് ഒരു മണിക്കൂര്‍ നീണ്ടുനിന്നില്ല - അയാള്‍ ഓര്‍ക്ക്‌നിക്കാരനാണെന്നും ഞാന്‍ മനസ്സിലാക്കി.

ഞാന്‍ അയാളെ അകത്തേക്കു ക്ഷണിച്ച് ഒരു കസേര കൊടുത്തിരുത്തി. സംസാരിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് അയാള്‍ നിമിഷനേരം നിശ്ശബ്ദനായി ഇരുന്നു. അയാളില്‍നിന്ന് ഒരു തരം മ്ലാനത പ്രസരിച്ചുകൊണ്ടിരുന്നു, ഇപ്പോള്‍ എന്നില്‍ നിന്നെന്നപോലെ.

'ഞാന്‍ ബൈബിള്‍ വില്പനക്കാരനാണ്,' ഒടുവില്‍ അയാള്‍ പറഞ്ഞു.

അല്പം പാണ്ഡിത്യഗര്‍വ്വോടെ ഞാന്‍ മറുപടി പറഞ്ഞു. 'ഈ വീട്ടില്‍ ഇംഗ്ലീഷ് ബൈബിള്‍ പലതുണ്ട് - ഏറ്റവും ആദ്യത്തേത്, ജോണ്‍ വൈക്ലിഫിന്റേതുള്‍പ്പെടെ. അതുകൂടാതെ എന്റെ കൈവശം സിപ്രിയാനോ ഡി വലേറായുടേതുണ്ട്. ലൂതറിന്റേതുണ്ട് (സാഹിത്യദൃഷ്ട്യ നോക്കിയാല്‍ മഹാമോശമാണത്). പിന്നെ കത്തോലിക്കാ ബൈബിളിന്റെ ലത്തീന്‍ പതിപ്പുമുണ്ട്. എനിക്കിപ്പോള്‍ ബൈബിളല്ല അത്ര ആവശ്യമായിരിക്കുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ.'

അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അയാള്‍ ഇങ്ങനെ പറഞ്ഞു, 'ബൈബിള്‍ മാത്രമല്ല എനിക്കു വില്ക്കാനുള്ളത്. ബിക്കാനീറിന്റെ പ്രാന്തപ്രദേശത്തുനിന്നു കിട്ടിയ ഒരു പുണ്യഗ്രന്ഥം ഞാന്‍ കാണിച്ചു തരാം. നിങ്ങളെപ്പോലൊരാള്‍ക്ക് അതില്‍ താല്പര്യം കണ്ടേക്കും.'

അയാള്‍ പെട്ടി തുറന്ന് പുസ്തകമെടുത്തു മേശപ്പുറത്തുവച്ചു. ഒക്ടേവോ വലിപ്പത്തില്‍, കാലിക്കോ ബയന്റിട്ട ഒരു പുസ്തകം. അത് പലകൈ മറിഞ്ഞതാണെന്നതില്‍ സംശയമേ വേണ്ട. അതു കയ്യിലെടുത്തു പരിശോധിക്കവെ അതിന്റെ അസാധാരണമായ ഭാരം കണ്ട് എനിക്കദ്ഭുതം തോന്നി. പുസ്തകത്തിന്റെ മൂട്ടില്‍ 'വിശുദ്ധ വേദപുസ്തകം' എന്നും അതിനു ചുവടെയായി 'ബോംബെ' എന്നും അടിച്ചിരുന്നു.

'പത്തൊമ്പതാം നൂറ്റാണ്ടിലേതാവണം,' ഞാന്‍ അഭിപ്രായം പറഞ്ഞു.

'അതെനിക്കറിയില്ല,' എന്നായിരുന്നു മറുപടി. 'അത് എനിക്കിതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.'

ഞാന്‍ പുസ്തകം കയ്യിലെടുത്ത് വെറുതേമറിച്ചു തുറന്നു നോക്കി. ലിപി എനിക്കു പരിചയമില്ലാത്തതായിരുന്നു. മുദ്രണപരമായി നോക്കിയാല്‍ അത്ര ഭംഗിയില്ലാത്ത പേജുകള്‍ തേഞ്ഞ ടൈപ്പുകളില്‍, ബൈബിള്‍ അച്ചടിക്കുന്നതുമാതിരി രണ്ടുകോളം നിരത്തി അടിച്ചിരിക്കുകയായിരുന്നു. പേജുകളുടെ മുകളറ്റം മൂലയ്ക്കായി അറബി അക്കങ്ങളില്‍ പേജുനമ്പറിട്ടിരുന്നു. അതില്‍ ഞാനൊരു വിശേഷം കണ്ടു. ഇടത്തേ പേജിന്റെ നമ്പര്‍, ഉദാഹരണത്തിന്, 40514 ആണെങ്കില്‍ എതിരേയുള്ള പേജ് നമ്പര്‍ 999 ആയിരുന്നു. ഞാന്‍ ആ താളു മറിച്ചു: അതിന്റെ നമ്പരിന് എട്ടക്കങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ചെറിയൊരു ചിത്രവുമുണ്ടായിരുന്നു. നിഘണ്ടുക്കളില്‍ കാണാറുള്ള തരത്തിലൊരെണ്ണം; ഒരു സ്‌കൂള്‍ കുട്ടിയുടെ അവിദഗ്ദ്ധമായ കൈകൊണ്ടു വരച്ചപോലെ, ഒരു നങ്കൂരത്തിന്റെ പടം.

ഈ സമയത്താണ്, അയാള്‍ പറഞ്ഞത്, 'ആ ചിത്രം ഒന്നുകൂടി സൂക്ഷിച്ചുനോക്കൂ. ഇനിയതു കാണാന്‍ കിട്ടില്ല.'

ശബ്ദത്തിനില്ലെങ്കിലും ആ വാക്കുകള്‍ക്ക് ഒരു ഭീഷണിയുടെ ചുവയുണ്ടായിരുന്നു.

ഞാന്‍ ആ പേജുനമ്പര്‍ മനസ്സില്‍ കുറിച്ചിട്ടശേഷം പുസ്തകമടച്ചു. തൊട്ടുപിമ്പേ, ഞാനതു തുറക്കുകയും ചെയ്തു. ഞാന്‍ താളുകള്‍ മറിച്ചുമറിച്ച് ആ നങ്കൂരത്തിന്റെ പടത്തിനുവേണ്ടി പരതിയത് വെറുതെയായി.

'ഇതേതോ ഇന്ത്യന്‍ഭാഷയിലെ വേദപുസ്തകതര്‍ജ്ജമയാണെന്നു തോന്നുന്നു, അല്ലെ?'' ഞാന്‍ എന്റെ ഇച്ഛാഭംഗം മറയ്ക്കാനായി ചോദിച്ചു.

'അല്ല' അയാള്‍ പറഞ്ഞു. പിന്നെ, എന്തോ രഹസ്യം പറയാനാണെന്നപോലെ അയാള്‍ ഒച്ച താഴ്ത്തി. 'സമതലത്തിലെ ഒരു പട്ടണത്തില്‍വച്ച് കുറച്ചു രൂപയും ഒരു ബൈബിളും കൊടുത്തിട്ടാണ് ഞാന്‍ ഈ പുസ്തകം സമ്പാദിച്ചത്. ഇതിന്റെ ഉടമസ്ഥന് വായിക്കാനറിയില്ലായിരുന്നു. അയാള്‍ ഈ പുസ്തകങ്ങളുടെ പുസ്തകം ഏതോ മന്ത്രരക്ഷപോലെ ഉപയോഗിക്കുകയായിരുന്നു എന്നാണ് എന്റെ സംശയം. അയാള്‍ ഏറ്റവും താണജാതിയില്‍പ്പെട്ടയാളായിരുന്നു; അയാളുടെ നിഴല്‍ വീണാല്‍ ശുദ്ധം മാറാത്തവരായി മറ്റു തൊട്ടുകൂടാത്തവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാള്‍ എന്നോടു പറഞ്ഞത് ഈ പുസ്തകത്തിന്റെ പേര് “മണലുകൊണ്ടുള്ള പുസ്തകം” എന്നാണ്; കാരണം, ഈ പുസ്തകവും മണല്‍ത്തരികളും ഒന്നുപോലെ ആദിയും അന്ത്യവുമില്ലാത്തവയാണല്ലോ.'

പുസ്തകത്തിന്റെ ആദ്യത്തെ പേജു കണ്ടുപിടിക്കാന്‍ അയാള്‍ എന്നോടു പറഞ്ഞു.

ഞാന്‍ ഇടതുകൈ പുസ്തകത്തിന്റെ കവറില്‍ വച്ചിട്ട്, തള്ളവിരല്‍ ആദ്യത്തെ താളില്‍ കൊള്ളിച്ചുവയ്ക്കാന്‍ നോക്കിക്കൊണ്ട് പുസ്തകം തുറന്നു. അതു ഫലവത്തായില്ല. ഓരോ തവണ ശ്രമിക്കുമ്പോഴും കവറിനും തള്ളവിരലിനുമിടയില്‍ കുറേ പേജുകള്‍ ഉണ്ടാവും. അവ പുസ്തകത്തില്‍നിന്നു വളര്‍ന്നു പെരുകുന്നതുപോലെയായിരുന്നു.

'ഇനി അവസാനത്തെ പുറം കണ്ടുപിടിക്കൂ.'

അതിലും ഞാന്‍ പരാജയപ്പെട്ടു. എന്റേതായി എനിക്കു തോന്നാത്ത ഒരൊച്ചയില്‍ ഞാന്‍ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു. 'ഇങ്ങനെ വരാന്‍ വഴിയില്ല.'

ഒച്ച താഴ്ത്തിത്തന്നെ അയാള്‍‍ പറഞ്ഞു, ‘ഇങ്ങനെ വരാന്‍ വഴിയില്ല; പക്ഷേ ഇങ്ങനെയാണ് വന്നിരിക്കുന്നത്. ഈ പുസ്തകത്തിലെ പേജുകളുടെ എണ്ണം അനന്തതയില്‍ കുറവുമല്ല, കൂടുതലുമല്ല. ഒരു പേജും ആദ്യത്തെ പേജല്ല, ഒരു പേജും  അവസാനത്തേതുമല്ല. പേജുനമ്പരുകള്‍ ഇങ്ങനെ ഒരു വ്യവസ്ഥയുമില്ലാതെ ഇട്ടിരിക്കുന്നതിന്റെ കാരണമെന്താണെന്ന് എനിക്കറിയില്ല. ഒരു പക്ഷേ, ഒരനന്തശ്രേണിയില്‍ സംഖ്യകള്‍ ഏതു ക്രമത്തിലുമാകാമെന്നു  സൂചിപ്പിക്കാനാവാം.'

പിന്നെ, ഉറക്കെ ചിന്തിക്കുന്നതുപോലെ, അയാള്‍ ഇങ്ങനെ പറഞ്ഞു, 'സ്ഥലരാശി അനന്തമാണെങ്കില്‍ നാമതിന്റെ ഏതൊരു ബിന്ദുവിലുമാകാം. കാലം അനന്തമാണെങ്കില്‍ നാമതിന്റെ ഏതൊരു ബിന്ദുവിലുമാകാം.'

അയാളുടെ ഈ സൈദ്ധാന്തികവിചാരങ്ങള്‍ എന്നെ വെറി പിടിപ്പിച്ചു. 'നിങ്ങള്‍ മതവിശ്വാസിയാണല്ലോ, അല്ലേ?' ഞാന്‍ അയാളോടു ചോദിച്ചു.

'അതേ, ഞാന്‍ പ്രെസ്ബിറ്റേറിയന്‍ സഭക്കാരനാണ്. എനിക്കു യാതൊരു മനഃസാക്ഷിക്കുത്തുമില്ല. ആ നാട്ടുകാരന് ഈ പൈശാചികഗ്രന്ഥത്തിനു പകരംദൈവവചനം കൊടുത്തപ്പോള്‍ ഞാന്‍ അയാളെ കബളിപ്പിക്കുകയായിരുന്നില്ല എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.'

ഇക്കാര്യത്തില്‍ കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ലെന്നു പറഞ്ഞ് ഞാനയാളെ ആശ്വസിപ്പിച്ചു; അയാള്‍ ഈ ഭാഗത്തുകൂടി കടന്നുപോകാന്‍ ഇടയായതേയുള്ളോ എന്നു ഞാനാരാഞ്ഞു. കുറച്ചുനാളുകള്‍ക്കുള്ളില്‍ നാട്ടിലേക്കു മടങ്ങാനാണ് തന്റെ പ്ലാനെന്ന് അയാള്‍ മറുപടി പറഞ്ഞു. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് അയാള്‍ ഓര്‍ക്ക്‌നി ദ്വീപുകാരനായ  സ്‌കോട്ടുലണ്ടുകാരന്‍ ആണെന്ന്. സ്റ്റീവന്‍സണ്‍, ഹ്യും എന്നിവരുടെ നാടെന്ന നിലയില്‍ എനിക്കു സ്‌കോട്ടുലണ്ടിനോടു പ്രത്യേകിച്ചൊരു മമതയുണ്ടെന്നു ഞാന്‍ പറഞ്ഞു.

' പിന്നെ റോബ്ബി ബേണ്‍സും.'

index1

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ആ അനന്തമായ പുസ്തകത്തിന്മേല്‍ പര്യവേക്ഷണം നടത്തുകയായിരുന്നു.

അലക്ഷ്യഭാവം നടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു, 'നിങ്ങള്‍ ഈ കൗതുകവസ്തു ബ്രിട്ടീഷ് മ്യൂസിയത്തിനു സംഭാവന ചെയ്യാനാണോ ഉദ്ദേശിച്ചിരിക്കുന്നത്?''

'അല്ല ഞാനിതു നിങ്ങള്‍ക്കു നല്‍കാന്‍ പോവുകയാണ്,' എന്നയാള്‍ പറഞ്ഞു. എന്നിട്ട് വലിയൊരു തുക വില പറയുകയും ചെയ്തു.

അത്രയും വലിയൊരു തുക എന്റെ കഴിവിനതീതമാണെന്ന് ഞാന്‍ തുറന്നുപറഞ്ഞു. ഞാനിരുന്നാലോചിച്ചു. ഒന്നുരണ്ടു മിനിട്ടു കഴിഞ്ഞിട്ട് ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചു.

'നമുക്കൊരു മാറ്റക്കച്ചവടം നടത്താം,' ഞാന്‍ പറഞ്ഞു, ‘കുറച്ചുരൂപയും ഒരു ബൈബിളും കൊടുത്തിട്ടാണല്ലോ നിങ്ങള്‍ക്കീ പുസ്തകം കിട്ടിയത്. നിങ്ങള്‍ക്കു ഞാന്‍ ഇന്നുമാറിയ പെന്‍ഷന്‍ ചെക്കിന്റെ തുകയും എന്റെ ബ്ലായ്ക്ക് ലറ്റര്‍ വൈക്ലിഫ് ബൈബിളും തരാം. എനിക്കു പിതൃസ്വത്തായി കിട്ടിയതാണ് ആ ബൈബിള്‍.'

'ബ്ലാക്ക് ലറ്റര്‍ വൈക്ലിഫ്!' അയാള്‍ മന്ത്രിച്ചു.

ഞാന്‍ കിടപ്പുമുറിയിലേക്കു പോയി പണവും പുസ്തകവുമെടുത്തുകൊണ്ടുവന്ന് അയാള്‍ക്കു കൊടുത്തു. അയാള്‍ പുസ്തകത്തിന്റെ താളുകള്‍ മറിച്ചുനോക്കിയിട്ട്, ഒരു യഥാര്‍ത്ഥപുസ്തകപ്രേമിയുടെ ആവേശത്തോടെ അതിന്റെ ആദ്യതാള്‍ നോക്കിപ്പഠിച്ചു.

'സമ്മതിച്ചു,’ അയാള്‍ പറഞ്ഞു.

അയാള്‍ വില പേശാന്‍ നിന്നില്ലായെന്നത് എന്നെ അദ്ഭുതപ്പെടുത്തി. പിന്നീടേ എനിക്കു മനസ്സിലായുള്ളൂ, അയാള്‍ എന്റെ വീട്ടിലേക്കു കയറിവന്നത് പുസ്തകം എനിക്കു വില്ക്കാന്‍ തീരുമാനിച്ചുറച്ചുകൊണ്ടുതന്നെയാണെന്ന്. പണം എണ്ണിനോക്കാതെ തന്നെ അയാള്‍ കീശയിലേക്കിട്ടു.

പിന്നെ ഞങ്ങള്‍ ഇന്ത്യയെക്കുറിച്ചും, ഓര്‍ക്ക്‌നിയെക്കുറിച്ചും, ഒരുകാലത്ത് അവിടം ഭരിച്ചിരുന്ന നോര്‍വേക്കാര്‍ പ്രഭുക്കളെക്കുറിച്ചും സംസാരിച്ചു. അയള്‍ ഇറങ്ങുമ്പോള്‍ രാത്രിയായിക്കഴിഞ്ഞിരുന്നു. ഞാന്‍ അയാളെ പിന്നെ കണ്ടിട്ടില്ല; അയാളുടെ പേരും എനിക്കറിയില്ല.

മണല്‍ കൊണ്ടുള്ള പുസ്തകം ഷെല്‍ഫില്‍ വൈക്ലിഫ് വച്ചിരുന്ന സ്ഥലത്തു വയ്ക്കാമെന്ന് ഞാന്‍ ആദ്യം കരുതി. പിന്നെ ഞാന്‍ തീരുമാനിച്ചു; ചില വാല്യങ്ങള്‍ വിട്ടുപോയ ആയിരത്തൊന്നു രാവുകള്‍ ഒരു സെറ്റുണ്ടായിരുന്നതിന്റെ പിന്നില്‍ ഒളിപ്പിച്ചുവയ്ക്കാമെന്ന്. ഞാന്‍ ഉറങ്ങാന്‍ കിടന്നു, പക്ഷേ ഉറക്കം വന്നില്ല. പുലര്‍ച്ചെ മൂന്നോ നാലോ മണിയായപ്പോള്‍ ഞാന്‍ എഴുന്നേറ്റു ലൈറ്റിട്ടു. ആ അസാദ്ധ്യഗ്രന്ഥം എടുത്തുകൊണ്ടുവന്നിട്ട് ഞാന്‍ അതിന്റെ താളുകള്‍ മറിച്ചു. ഒരു പേജില്‍ ഞാന്‍ ഒരു മുഖംമൂടിയുടെ ആലേഖനം കണ്ടു. പേജിന്റെ മുകളറ്റം മൂലയ്ക്ക് ഒരു നമ്പരുണ്ടായിരുന്നു (എത്രയാണെന്നു ഞാന്‍ മറന്നുപോയി) -ഒമ്പതാം ഘാതത്തിലേക്കു പെരുക്കിയത്.

ഞാന്‍ എന്റെ നിധി വെളിയില്‍ കാണിച്ചില്ല. അതു സ്വന്തമാവുക എന്ന ഭാഗ്യത്തോടൊപ്പം, അതു മോഷ്ടിച്ചതായേക്കാമെന്ന പേടിയും, അതൊരുപക്ഷേ യഥാര്‍ത്ഥത്തില്‍ അനന്തമായേക്കാനിടയില്ല എന്ന ആശങ്കയും കൂടിക്കലര്‍ന്നു. ഈ രണ്ടു മനഃശല്യങ്ങളും കൂടി എനിക്കു നേരത്തേ തന്നെയുണ്ടായിരുന്ന മനുഷ്യവിദ്വേഷത്തെ തീവ്രതരമാക്കി. എനിക്കു ചുരുക്കം ചില സുഹൃത്തുക്കളേ ശേഷിച്ചിരുന്നുള്ളൂ; ഞാന്‍ അവരെപ്പോലും കാണാന്‍ പോകാതെയായി. ആ പുസ്തകത്തിന്റെ തടവുകാരനായി മാറിയ ഞാന്‍ പുറത്തേക്കിറങ്ങാതെയായി. പുസ്തകത്തിന്റെ തേഞ്ഞ മൂടും പുറംചട്ടയും ഭൂതക്കണ്ണാടികൊണ്ടു പരിശോധിച്ചപ്പോള്‍, അതേതെങ്കിലും തരത്തിലുള്ള സൂത്രപ്പണിയാകാന്‍ സാദ്ധ്യതയില്ലെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. ആ കൊച്ചു ചിത്രങ്ങള്‍ രണ്ടായിരം പേജ് ഇടവിട്ടാണു വരുന്നതെന്നു ഞാന്‍ കണ്ടുപിടിച്ചു. ഞാനവയെ ഒരു നോട്ടുബുക്കില്‍ അക്ഷരമാലാക്രമത്തില്‍ അടുക്കിയെഴുതി; ബുക്കു നിറയാന്‍ അധികനേരമെടുത്തില്ല. ഒരു ചിത്രവും ആവര്‍ത്തിക്കപ്പെട്ടിരുന്നില്ല. രാത്രിയില്‍, നിദ്രാരാഹിത്യം കനിഞ്ഞരുളിയ അപൂര്‍വമായ  ഇടവേളകളില്‍ ഞാന്‍ ആ പുസ്തകം സ്വപ്നം കണ്ടു.

വേനല്‍ അവസാനിക്കുകയായിരുന്നു; ആ പുസ്തകം രാക്ഷസീയമാണെന്ന്, പ്രകൃതിയുടെ വൈലക്ഷണ്യമാണെന്ന് എനിക്കു ബോദ്ധ്യമായി. ആ പുസ്തകത്തെ സ്വന്തം കണ്ണുകൊണ്ടു കണ്ട ഞാന്‍, അതിനെ കയ്യിലെടുത്ത ഞാന്‍, അതിനേക്കാള്‍ രാക്ഷസീയത കുറഞ്ഞവനാണെന്ന ചിന്തകൊണ്ട് എനിക്കെന്തു ഗുണമുണ്ടായി? അതൊരു ദുഃസ്വപ്നമാണെന്ന് എനിക്കു തോന്നി: യാഥാര്‍ത്ഥ്യത്തെത്തന്നെ അപമാനിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന ഒരു മ്ലേച്ഛവസ്തു.

അതു തീയിലിട്ടു ചുട്ടുകളഞ്ഞാലോ എന്നു ഞാന്‍ ആലോചിച്ചു. പക്ഷേ അനന്തമായ ഒരു ഗ്രന്ഥത്തിന്റെ ദഹനം തന്നെ അനന്തമായി മാറിയേക്കാമെന്നും അതീ ഗ്രഹത്തെ പുകകൊണ്ടു ശ്വാസം മുട്ടിച്ചേക്കാമെന്നും എനിക്കു പേടിയായി. ഒരില ഒളിപ്പിക്കാനുള്ള ഏറ്റവും നല്ലയിടം കാടാണെന്ന് എവിടെയോ വായിച്ചതായി ഞാനോര്‍ത്തു. പെന്‍ഷനാകുന്നതിനു മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്നത് മെക്‌സിക്കോ തെരുവില്‍, ഒമ്പതുലക്ഷം പുസ്തകങ്ങളുള്ള അര്‍ജെന്റൈന്‍ ദേശീയഗ്രന്ഥശാലയിലാണ്. കയറിച്ചെല്ലുന്നതിനു വലതുവശത്തായി, നിലവറയിലേക്കിറങ്ങാന്‍ ഒരു പിരിയന്‍  കോണിയുള്ളത് എനിക്കറിയാമായിരുന്നു; പുസ്തകങ്ങളും ഭൂപടങ്ങളും പത്രമാസികകളും സൂക്ഷിക്കുന്നത് അതിനുള്ളിലാണ്. ഒരു ദിവസം ഞാന്‍ അവിടെ ചെന്ന് ഒരു ജീവനക്കാരന്റെ കണ്ണുവെട്ടിച്ചു പോയി, വാതിലില്‍നിന്ന്  എത്രയകലത്തിലും ഉയരത്തിലുമാണെന്ന് മനഃപൂര്‍വ്വം ശ്രദ്ധിക്കാതെ, നിലവറയിലെ പൊടിപിടിച്ച അലമാരകളിലൊന്നിലേക്ക് ആ മണലിന്റെ പുസ്തകം നഷ്ടപ്പെടുത്തി.

ഇപ്പോള്‍ എന്റെ മാനസികാവസ്ഥ അല്പമൊന്നു ഭേദപ്പെട്ടിരിക്കുന്നു; എന്നാല്‍ക്കൂടി ആ ഗ്രന്ഥശാല നില്‍ക്കുന്ന തെരുവിലൂടെ നടക്കാന്‍ കൂടി ഞാന്‍ കൂട്ടാക്കാറില്ല.

index

 

 

 

 

 

 

 

 


*റോബ്ബി ബേണ്‍ – സ്കോട്ട്ലണ്ടുകാരുടെ പ്രിയപ്പെട്ട ദേശീയകവി റോബര്‍ട്ട് ബേണ്‍സ്

*'ബ്ലാക്ക് ലറ്റര്‍ വൈക്ലിഫ് - പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ പശ്ചിമയൂറോപ്പില്‍ പ്രചാരത്തിലിരുന്ന ഗോഥിക് ലിപിയില്‍ അടിച്ച ബൈബിള്‍



 

Thursday, March 12, 2015

ബോര്‍ഹസ് - ഡോ. ബ്രോഡിയുടെ റിപ്പോര്‍ട്ട്

index



 
എന്റെ പ്രിയസ്‌നേഹിതന്‍ പൌളീനോ‍ കെയിന്‍സ് എനിക്കെത്തിച്ചു തന്ന ലെയ്‌നിന്റെ അറബിക്കഥകള്‍ (ലണ്ടന്‍, 1839) എന്ന ഗ്രന്ഥത്തിന്റെ ഒന്നാം  വാല്യത്തിന്റെ പേജുകള്‍ക്കിടയിലാണ് ഞാന്‍ താഴെ പകര്‍ത്താന്‍ പോകുന്ന കൈയ്യെഴുത്തുപ്രതി ഞങ്ങള്‍ കണ്ടെത്തിയത്. വൃത്തിയുള്ള കൈപ്പട - ടൈപ്പ് റൈട്ടറുകള്‍  സഹായിച്ച് നാമിന്നു മറന്നുവരുന്ന ഒരു കല - സൂചിപ്പിക്കുന്നത് ഏതാണ്ട് അതേ കാലമടുപ്പിച്ചു തന്നെയാണ് ഇതും രചിക്കപ്പെട്ടതെന്നാണ്. ലെയ്‌നിന്റെ  കൃതി വിപുലമായ  വിശദീകരണക്കുറിപ്പുകള്‍ കൊണ്ടു സമ്പന്നമാണെന്ന കാര്യം സുവിദിതമാണല്ലോ. എന്റെ കൈവശമുള്ള കോപ്പിയില്‍ കുറേയേറെ വ്യാഖ്യാനങ്ങളും ചോദ്യചിഹ്നങ്ങളും അവിടവിടെ കൈയ്യെഴുത്തു പ്രതിയിലെ അതേ കൈപ്പടയില്‍ത്തന്നെയുള്ള ചില തിരുത്തലുകളും കാണാനുണ്ട്. ഷഹ്‌രെസാദെയുടെ അദ്ഭുതകഥകളേക്കാള്‍ വ്യാഖ്യാതാവിനെ ആകര്‍ഷിച്ചത് മുഹമ്മദരുടെ ആചാരരീതികളായിരുന്നുവെന്ന് നമുക്കു സംശയിക്കാവുന്നതാണ്. അവസാനത്തെ പേജില്‍ ആര്‍ഭാടത്തോടെ ഒപ്പു വച്ചിരിക്കുന്ന ഡേവിഡ് ബ്രോഡി ഡിയെക്കുറിച്ച് എനിക്ക് ചികഞ്ഞെടുക്കാന്‍ കഴിഞ്ഞ വിവരം ഇത്രമാത്രമാണ്: ഇദ്ദേഹം അബെര്‍ദീനില്‍ ജനിച്ച ഒരു സ്‌കോട്ട്‌ലണ്ടുകാരന്‍ മിഷനറിയാണ്; ആദ്യകാലത്ത് ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളിലും പില്ക്കാലത്ത്-പോര്‍ട്ടുഗീസ് ഭാഷയില്‍ പരിജ്ഞാനമുണ്ടായതിനാലാവണം - ബ്രസീലിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലും സുവിശേഷവേല നടത്തിയിട്ടുണ്ട്; ഇദ്ദേഹം മരിച്ചത് എന്നാണെന്നോ എവിടെ വച്ചാണെന്നോ പിടിയില്ല. ഈ റിപ്പോര്‍ട്ട് എന്റെ അറിവില്‍പെട്ടിടത്തോളം അച്ചടിക്കാന്‍ കൊടുത്തിട്ടേയില്ല.
താഴെ കൊടുത്തിരിക്കുന്നത് അത്ര സുന്ദരമല്ലാത്ത ഇംഗ്ലീഷില്‍ അദ്ദേഹം തയ്യാറാക്കിയ ആ റിപ്പോര്‍ട്ടിന്റെ നേര്‍പകര്‍പ്പാണ്. വിട്ടുകളഞ്ഞുവെന്നു പറയാന്‍, മാര്‍ജിനില്‍ കുറിച്ചിട്ടിരുന്ന രണ്ടോ മൂന്നോ ബൈബിള്‍ വരികളും, പിന്നെ യാഹൂക്കളുടെ ലൈംഗികശീലങ്ങളെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന ഒരു ഭാഗവും മാത്രമേയുള്ളൂ. (സന്മാര്‍ഗ്ഗഭീരുവായ നമ്മുടെ പ്രെസ്ബിറ്റേറിയന്‍ സഭക്കാരന്‍ ആ ഭാഗം വിവേകപൂര്‍വ്വം ലാറ്റിനിലാണ് എഴുതിയിരുന്നത്). ആദ്യത്തെ പേജ് കാണാനില്ല.


* * * * *
... പിന്നിലായി, കുരങ്ങുമനുഷ്യരുടെ ശല്യമുള്ള സ്ഥലത്താണ് 'മ്‌ള്ക്ക്'കളുടെ ആവാസം. ഞാനിവരെ 'യാഹൂ'ക്കള്‍ എന്നു വിളിക്കാം; എങ്കില്‍ എന്റെ വായനക്കാര്‍ക്ക് ഇവരുടെ മൃഗീയ പ്രകൃതിയെക്കുറിച്ച് ഒരു ബോധമുണ്ടാവുമല്ലോ; തന്നെയുമല്ല, ഇവരുടെ പരുക്കന്‍ ഭാഷയില്‍ സ്വരാക്ഷരങ്ങളേയില്ലാത്തതിനാല്‍ കൃത്യമായ ഒരു ലിപ്യന്തരണം മിക്കവാറും അസാദ്ധ്യവുമാണ്. കുറെക്കൂടി തെക്കായി മുള്‍ക്കാടുകളില്‍ പാര്‍ക്കുന്ന 'ന്‌റ്കളെ'ക്കൂടി ഉള്‍പ്പെടുത്തിയാലും  ഇവരുടെ അംഗബലം, എനിക്കു തോന്നുന്നത്, എഴുന്നൂറില്‍ കവിയില്ല എന്നാണ്. എന്റെ ഈ കണക്ക് ഒരൂഹം മാത്രമാണ്; കാരണം രാജാവും റാണിയും മന്ത്രവാദികളുമൊഴിച്ചുള്ള യാഹൂക്കള്‍ സ്ഥിരമായി ഒരിടത്തു കിടന്നുറങ്ങുന്ന സ്വഭാവക്കാരല്ല; എവിടെ വച്ചു രാത്രിയാകുന്നുവോ അവിടെ കിടന്നാണുറക്കം. മലമ്പനിയും കുരങ്ങുമനുഷ്യരുടെ നിരന്തരമായ ആക്രമണങ്ങളും കാരണം ഇവരുടെ അംഗസംഖ്യ കുറഞ്ഞുവരികയുമാണ്. വളരെ ചുരുക്കം വ്യക്തികള്‍ക്കേ പേരുള്ളു. തമ്മില്‍ വിളിക്കാന്‍ ഒരുപിടി ചെളി വാരിയെറിയുകയാണ് രീതി. കൂട്ടുകാരുടെ ശ്രദ്ധയാകര്‍ഷിക്കാനായി തറയില്‍ ഉരുണ്ടുവീണ് പൊടിയില്‍ കിടന്നുരുളുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. വീതി കുറഞ്ഞ നെറ്റിത്തടവും, കറുപ്പിന്റെ കട്ടി കുറയ്ക്കുന്ന നേരിയ ചെമ്പുനിറവുമൊഴിച്ചാല്‍, മറ്റു ശരീരലക്ഷണങ്ങളില്‍ ഇവര്‍ക്ക് 'ക്രൂ'കളുമായി അത്ര വ്യത്യാസമൊന്നുമില്ല. പഴങ്ങളും കിഴങ്ങുകളും ചെറുതരം ഇഴജന്തുക്കളുമാണ് മുഖ്യാഹാരം; ഇവര്‍ പൂച്ചകളുടേയും വവ്വാലുകളുടേയും പാല്‍  കുടിക്കാറുണ്ട്; കൈകൊണ്ട് മീന്‍പിടിക്കുകയും ചെയ്യും. ആഹാരം കഴിക്കുമ്പോള്‍ ഇവര്‍ സാധാരണയായി അന്യരുടെ കണ്ണില്‍പെടാതെ നോക്കും; അല്ലെങ്കില്‍ കണ്ണടച്ചു കളയും. മറ്റു ശാരീരികാവശ്യങ്ങളൊക്കെ മറവൊന്നുമില്ലാതെയാണ് നിര്‍വ്വഹിക്കാറ്, പഴയകാലത്തെ സിനിക്കുകളെപ്പോലെ...


ഇവര്‍ രാജകുടുംബാംഗങ്ങളുടേയും മന്ത്രവാദികളുടെയും പച്ചശവങ്ങള്‍ തിന്നും; ഇത് അവരുടെ ജ്ഞാനത്തില്‍ പങ്കുചേരാനാണത്രേ. ഈ ദുരാചാരത്തിന്റെ പേരില്‍ ഞാനവരെ ശാസിച്ചപ്പോള്‍ തങ്ങളുടെ ചുണ്ടും അടിവയറും തൊട്ടുകാണിക്കുകയാണ് ഇവര്‍ ചെയ്തത്. ഇതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് ഒരുപക്ഷേ, മരി

ച്ചവരും ഭക്ഷ്യയോഗ്യരാണ് എന്നാവാം; അതല്ലെങ്കില്‍- അപ്രകൃതമായ വിശദീകരണമാണെന്നു തോന്നാം - നാം കഴിക്കുന്നതൊക്കെ കാലക്രമത്തില്‍ മനുഷ്യമാംസമായിത്തീരുന്നുവെന്നു ഞാന്‍ മനസ്സിലാക്കണമെന്നാവാം. ഇവര്‍ യുദ്ധം ചെയ്യാന്‍ കല്ലുകളും മന്ത്രങ്ങളും രക്ഷകളും ഉപയോഗിക്കുന്നു. വസ്ത്രധാരണവും പച്ചകുത്തലും തീരെ അജ്ഞാതമായതിനാല്‍ നഗ്നരായിട്ടാണ് ഇവരുടെ നടപ്പ്.
തെളിനീരുറവകളും തണല്‍വൃക്ഷങ്ങളുമുള്ള, വിസ്തൃതവും പുല്ലുനിറഞ്ഞതുമായ പീഠഭൂമി അരികത്തുണ്ടായിട്ടുകൂടി, അതിനെ ചുഴന്നുകിടക്കുന്ന ചതുപ്പുനിലങ്ങളില്‍ തൂന്നുകൂടാനാണ് ഇക്കൂട്ടര്‍ക്കു താല്പര്യമെന്നത് പ്രസ്താവയോഗ്യമത്രെ. ഉഷ്ണകാലാവസ്ഥയുടെ കഠിനതകളും പൊതുവേയുള്ള അനാരോഗ്യസ്ഥിതിയുമാണ് ഇവര്‍ക്ക് ആനന്ദം നല്‍കുന്നതെന്ന് തോന്നിപ്പോവും. പീഠഭൂമിയുടെ ചരിവുകള്‍ ചെങ്കുത്തായി കിടക്കുന്നതുകൊണ്ട് കുരങ്ങുമനുഷ്യരുടെ ആക്രമണങ്ങളെ തടുക്കാന്‍ ഒരു സ്വാഭാവികദുര്‍ഗ്ഗം എന്ന നിലയില്‍ അതിനെ ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. സമാനമായ പരിതഃസ്ഥിതിയില്‍ സ്‌കോട്ട്‌ലണ്ടിലെ പ്രാചീനഗോത്രങ്ങള്‍ ചെയ്തത് ഏതെങ്കിലും കുന്നുമ്പുറത്തു കോട്ട കെട്ടുകയാണല്ലോ. ഈ ലളിതമായ പ്രതിരോധമുറ സ്വീകരിക്കാന്‍ ഞാന്‍ മന്ത്രവാദികളെ ഉപദേശിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. രാത്രിയില്‍ തണുത്ത കാറ്റു കിട്ടുന്ന മുകള്‍ഭാഗത്ത് ഞാന്‍ ഒരു കുടിലുകെട്ടുന്നതിന് അവര്‍ പക്ഷേ, എതിരു പറഞ്ഞതുമില്ല.

ഗോത്രത്തെ ഭരിക്കുന്നത് രാജാവാണ്; പരിപൂര്‍ണ്ണവും അന്തിമവുമാണ് അയാളുടെ അധികാരം. പക്ഷേ എന്റെ സംശയം യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത്, രാജാവാരാണെന്നു തീരുമാനിക്കുകയും അയാളെ ഉപദേശിക്കുകയും ചെയ്യുന്ന മന്ത്രവാദികള്‍ ആണെന്നാണ്. ഗോത്രത്തില്‍ ജനിക്കുന്ന ഓരോ പുരുഷപ്രജയും ജനനസമയത്ത് നിഷ്‌കൃഷ്ടമായ ഒരു പരിശോധനയ്ക്കു വിധേയമാക്കപ്പെടുന്നു. അതിന്റെ ദേഹത്തു ചില കലകള്‍ ഉള്ളതായി കണ്ടാല്‍ (അതിന്റെ സ്വഭാവം അവര്‍ എനിക്കു വെളിപ്പെടുത്തിത്തന്നില്ല) അവര്‍ ആ ശിശുവിനെ യാഹൂക്കളുടെ രാജാവ് എന്ന പദവിയിലേക്കുയര്‍ത്തുന്നു. ഭൗതികലോകത്തിന്റെ പ്രലോഭനങ്ങളില്‍പ്പെട്ട് ജ്ഞാനമാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ചുപോകാതിരിക്കാനായി ജനിച്ചയുടന്‍തന്നെ രാജാവിന്റെ വരിയുടയ്ക്കുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും കൈകാലുകള്‍ ഛേദിച്ചുകളയുകയും ചെയ്യുന്നു. അതില്പിന്നെ 'ദുര്‍ഗ്ഗം' (ക്വ്സ്ര്‍‍) എന്നു വിളിക്കപ്പെടുന്ന ഒരു പാറമടയില്‍ ഒറ്റയ്ക്കാണ് അയാളുടെ വാസം; നാലു മന്ത്രവാദികള്‍ക്കും, അയാളെ പരിചരിക്കുകയും ചാണകംകൊണ്ടു ലേപനം ചെയ്യുകയും ചെയ്യുന്ന രണ്ട് അടിമസ്ത്രീകള്‍ക്കും മാത്രമേ അതിനുള്ളില്‍ പ്രവേശനമുള്ളൂ. യുദ്ധമുണ്ടാവുന്ന അവസരങ്ങളില്‍ മന്ത്രവാദികള്‍ രാജാവിനെ മടയില്‍ നിന്നിറക്കി ഗോത്രക്കാര്‍ക്കു മുമ്പാകെ പ്രദര്‍ശിപ്പിക്കും; ഇത് അവരുടെ ധൈര്യമുണര്‍ത്താനാണ്. എന്നിട്ട് ഒരു പതാകയോ രക്ഷയോപോലെ അയാളെ ചുമലിലേറ്റി യുദ്ധത്തിനു നടുവിലേക്ക് എടുത്തുകൊണ്ടുപോകും. കുരങ്ങുമനുഷ്യര്‍ തൊടുത്തുവിടുന്ന കന്മഴയില്‍പെട്ട് രാജാവ് നിമിഷങ്ങള്‍ക്കകം മൃതിയടയുകയും ചെയ്യും.

മറ്റൊരു 'ദുര്‍ഗ്ഗ'ത്തിലാണ് റാണിയുടെ താമസം; അവര്‍ക്കു രാജാവിനെ കാണാന്‍ അനുവാദമില്ല; എന്റെ ഹ്രസ്വമായ താമസത്തിനിടയ്ക്ക് ഈ മഹതി ദയാപൂര്‍വ്വം എനിക്ക് ഒരു സന്ദര്‍ശനാവസരം അനുവദിച്ചുതന്നിരുന്നു. പ്രസന്നയും, യൗവനയുക്തയും, തന്റെ വര്‍ഗ്ഗസ്വഭാവം അനുവദിക്കുന്നിടത്തോളം വശ്യമായ രീതികളുമുള്ള ഒരു സ്ത്രീ. ലോഹവും ദന്തവുംകൊണ്ടുള്ള കൈവളകളും, പുലിപ്പല്ലുകൊണ്ടുള്ള കണ്ഠാഭരണങ്ങളും അവരുടെ നഗ്നതയെ അലംകൃതമാക്കി. അവരെന്നെ അടിമുടി പരിശോധിച്ചുനോക്കുകയും മണത്തുനോക്കുകയും ചെയ്തു; എന്നിട്ട് ഒരു വിരല്‍കൊണ്ട് എന്നെ സ്പര്‍ശിച്ചിട്ട് അവരെന്നെ ആ പരിവാരത്തിനൊക്കെ മുന്നില്‍വച്ച് മൈഥുനത്തിനു ക്ഷണിച്ചു. പക്ഷേ എന്റെ പുരോഹിതവസ്ത്രവും സന്മാര്‍ഗ്ഗചിന്തയും ആ ബഹുമതി സ്വീകരിക്കുന്നതില്‍നിന്ന് എന്നെ വിലക്കി.  മന്ത്രവാദികള്‍ക്കും തന്റെ രാജ്യത്തുകൂടി കടന്നുപോകുന്ന കാരവനുകളുടെ തലവന്മാരായ അടിമക്കച്ചവടക്കാര്‍ക്കും (കൂടുതലും മുസ്ലീംങ്ങള്‍) മാത്രമേ അവര്‍ സാധാരണഗതിയില്‍ ഈ ബഹുമതി നല്കാറുള്ളൂ. രണ്ടോമൂന്നോ തവണ അവര്‍ എന്റെ ദേഹത്ത് ഒരു സ്വര്‍ണ്ണസൂചികൊണ്ടു കുത്തി; ഈ സൂചികുത്തലുകള്‍ രാജപ്രീതിയുടെ ചിഹ്നമാകയാല്‍, സ്വയം സൂചികൊണ്ടു ദേഹത്തു കുത്തിയിട്ട് റാണി തന്നെയാണ് തങ്ങളെ കുത്തിയതെന്നു വിശ്വസിക്കുന്ന യാഹൂക്കള്‍ ധാരാളമുണ്ട്. റാണി അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ അന്യദേശങ്ങളില്‍നിന്നു വരുന്നവയാണ്. എന്നാല്‍ ഏറ്റവും ലളിതമായ ഒരു സാധനംപോലും രൂപപ്പെടുത്തിയെടുക്കാനുള്ള കഴിവ് ഇവര്‍ക്കില്ലാത്തതിനാല്‍, ഇത്തരം ആഭരണങ്ങള്‍ പ്രകൃതിജന്യമാണെന്നായിരുന്നു ഇവരുടെ ധാരണ. എന്റെ കുടില്‍ ഇവരുടെ ദൃഷ്ടിയില്‍ ഒരു മരമായിരുന്നു; അതേസമയം ഞാനതു വച്ചുകെട്ടുന്നത് അവരില്‍ പലരും കണ്ടുനിന്നതാണ്; ചിലര്‍ എന്നെ സഹായിക്കുകകൂടി ചെയ്തതുമാണ്. എന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങളില്‍ ഒരു വാച്ച്, ഹെല്‍മറ്റ്, വടക്കുനോക്കിയന്ത്രം, ബൈബിള്‍ എന്നിവയും ഉള്‍പ്പെട്ടിരുന്നു. യാഹൂക്കള്‍ അവ സൂക്ഷിച്ചുനോക്കുകയും അവ കയ്യിലെടുത്തു തൂക്കം നോക്കുകയും ചെയ്തിട്ട് എന്നോടു ചോദിച്ചത് എനിക്കവ എവിടെ കിടന്നുകിട്ടി എന്നാണ്. എന്റെ വാള്‍ എടുക്കാന്‍ ഇവര്‍ കൈനീട്ടുന്നത് വാള്‍പ്പിടിയിലേക്കല്ല, വാള്‍ത്തലയിലേക്കാണ്; തങ്ങളുടേതായ രീതിയില്‍
അവരിതിനെ കാണുന്നതുകൊണ്ടാണിങ്ങനെ ഇവര്‍ ഒരു കസേരയെ വീക്ഷിക്കുന്നത്. ഏതുവിധത്തിലായിരിക്കുമെന്നാണ് എന്റെ അദ്ഭുതം. പലമുറികളുള്ള ഒരു വീട് ഇവര്‍ക്കൊരു കുടിലദുര്‍ഗ്ഗം പോലെ തോന്നിയേക്കാം. എന്നിരിക്കിലും, വീടിനെക്കുറിച്ച് ഒരു സങ്കല്പമില്ലാത്ത പൂച്ച എങ്ങനെയാണോ അതില്‍ തന്റെ വഴി കണ്ടെത്തുന്നത് അതുപോലെ തന്നെ ഇവര്‍ക്കും കഴിഞ്ഞുവെന്നുവരാം. അക്കാലത്ത് ചെമ്പിച്ചതായിരുന്ന എന്റെ താടി അവര്‍ക്കെല്ലാം  വലിയൊരു അദ്ഭുതവസ്തുവായിരുന്നു; പ്രകടമായ പ്രിയത്തോടെയാണ് അവര്‍ അതില്‍ തൊട്ടുതലോടിയിരുന്നത്.

യാഹൂക്കള്‍ക്ക് വേദന, ആനന്ദം എന്നിങ്ങനെയുള്ള വികാരങ്ങളൊന്നുമില്ല. പച്ചയോ കെട്ടതോ ആയ മാംസവും നാറുന്ന വസ്തുക്കളും മാത്രമേ അവര്‍ക്കു സന്തോഷം നല്‍കുന്നുള്ളു. ഭാവനാശേഷി ഒട്ടുമില്ലാത്തത് ഇവരെ തീരെ നിര്‍ദ്ദയരാക്കുന്നു.

രാജാവിനേയും റാണിയേയും കുറിച്ചു ഞാന്‍ പറഞ്ഞുകഴിഞ്ഞു; ഇനി ഞാന്‍ മന്ത്രവാദികളെക്കുറിച്ചു പറയാം. അവര്‍ നാലുപേരാണെന്ന് ഞാന്‍ മുമ്പുതന്നെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നാലാണ് ഇവരുടെ അങ്കഗണിതത്തിന്റെ പരിധിയില്‍ വരുന്ന ഏറ്റവും വലിയ സംഖ്യ. ഇവര്‍ വിരലിലെണ്ണുന്നത് ഇങ്ങനെയാണ്: ഒന്ന്, രണ്ട്, മൂന്ന്, നാല്, അനേകം. അനന്തത തുടങ്ങുന്നത് തള്ളവിരലില്‍. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ബ്യൂണേഴ്‌സ് അയഴ്‌സിന്റെ സമീപപ്രദേശങ്ങളില്‍ അലഞ്ഞുതിരിയുന്ന റെഡ് ഇന്ത്യന്‍ ഗോത്രങ്ങള്‍ക്കിടയിലും ഇതുതന്നെയാണ് സ്ഥിതി എന്നാണ് എന്റെയറിവ്. നാലാണ് ഇവരുടെ വരുതിയിലുള്ള ഏറ്റവും വലിയ സംഖ്യ എന്നതു നേരാണെങ്കിലും ഇവരുമായി വ്യാപാരം നടത്തുന്ന അറബികള്‍ ഇവരെ പറ്റിക്കാറില്ല. കാരണം സാധനങ്ങള്‍ മാറ്റക്കച്ചവടം ചെയ്യുമ്പോള്‍ എല്ലാം ഒന്നും രണ്ടും മൂന്നും നാലുമുള്ള പങ്കുകളായി വിഭജിക്കപ്പെടുകയാണ്. ഈ ഇടപാട് തൊന്തരവു പിടിച്ചതാണെങ്കിലും ഇതില്‍ പിശകോ പറ്റിക്കലോ വരാന്‍ വഴിയില്ല. യാഹൂക്കളെ മൊത്തമായിട്ടെടുത്താല്‍ എന്റെ താല്പര്യം ഉണര്‍ത്തിയിട്ടുള്ളത് മന്ത്രവാദികള്‍ മാത്രമാണെന്ന് പറയാം. തങ്ങള്‍ വിചാരിക്കുന്നയാളെ ഉറുമ്പോ ചങ്ങാലിക്കിളിയോ ആക്കിമാറ്റാനുള്ള സിദ്ധി ഇവര്‍ക്കുണ്ടെന്നാണ് ഗോത്രക്കാരുടെ വിശ്വാസം. എനിക്കതില്‍ വിശ്വാസം വരുന്നില്ല എന്നു ശ്രദ്ധിച്ച ഒരാള്‍ എനിക്കൊരു ചിതല്‍പ്പുറ്റ് ചൂണ്ടിക്കാണിച്ചു തന്നു. തെളിവിന് അതുമതി എന്നപോലെയാണ്.

യാഹുക്കള്‍ക്ക് ഓര്‍മ്മശക്തി തീരെ കഷ്ടിയാണ്; ഇല്ലെന്നുകൂടി വന്നേക്കാം. പുള്ളിപ്പുലികളിറങ്ങി നാശം വിതച്ചതിനെക്കുറിച്ച് ഇവര്‍ പറയാറുണ്ട്; എന്നാല്‍ ഈ സംഭവം കണ്ടതാരാണ്, തങ്ങളാണോ തങ്ങളുടെ പൂര്‍വ്വികരാണോ എന്ന്‍ ഇവര്‍ക്കറിയില്ല; അതോ സ്വപ്നം കണ്ടകാര്യം പറയുകയാണോ എന്നും അറിയില്ല. മന്ത്രവാദികള്‍ക്ക് ഓര്‍മ്മശക്തിയുടെ എന്തോ ലാഞ്ഛന ഉള്ളതുപോലെ കാണുന്നുണ്ട്; അതും പക്ഷേ വളരെ കുറഞ്ഞ അളവിലാണ്. അന്നു രാവിലെയോ തലേന്നു രാത്രിയിലോ നടന്ന കാര്യങ്ങള്‍ വൈകിട്ട് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും എന്നുമാത്രം. ദീര്‍ഘദൃഷ്ടിക്കുള്ള ഒരു പ്രത്യേകസിദ്ധി ഇവര്‍ക്കുണ്ട്; പത്തോ പതിനഞ്ചോ മിനിറ്റു കഴിഞ്ഞ് ഇന്നതു നടക്കുമെന്ന് നല്ല നിശ്ചയത്തോടെ ഇവര്‍ പറയും. ഉദാഹരണത്തിന്, 'എന്റെ പിടലിക്ക് ഒരീച്ച വന്നിരിക്കും,' അല്ലെങ്കില്‍ 'അല്‍പ്പം കഴിഞ്ഞാല്‍ ഒരു കിളിയുടെ പാട്ടുകേള്‍ക്കാം’ എന്നൊക്കെ ഇവര്‍ പ്രവചിക്കാറുണ്ട്. ഈ അദ്ഭുതസിദ്ധിക്ക് നൂറുകണക്കിനു തവണ ഞാന്‍ സാക്ഷി നിന്നിട്ടുള്ളതാണ്: ഇതേക്കുറിച്ചു ഞാന്‍ ദീര്‍ഘമായി വിചിന്തനം ചെയ്തിട്ടുള്ളതുമാണ്. ഭൂതഭാവിവര്‍ത്തമാനകാലങ്ങള്‍, സര്‍വ്വവിശദാംശങ്ങളോടുമൊപ്പം, ദൈവത്തിന്റെ അദൃഷ്ടസ്മൃതിയില്‍, അവന്റെ നിത്യതയില്‍ ഇക്ഷണം തന്നെ സന്നിഹിതമാണെന്നിരിക്കെ, എന്നെ അന്ധാളിപ്പിക്കുന്നതിതാണ്: മനുഷ്യന്, അതിരില്ലാതെ പിന്നോട്ടു നോക്കാന്‍ അവനു കഴിവുള്ളപ്പോള്‍ത്തന്നെ, ഒരു നൊടി മുന്നോട്ടുനോക്കാന്‍ അനുവാദമില്ലാത്തതെന്തേ? കഷ്ടിച്ചു നാലുവയസ്സുള്ളപ്പോള്‍ ഞാന്‍ കണ്ട ഉത്തുംഗമായ, നാലുപാമരമുള്ള ആ നോര്‍വീജിയന്‍ കപ്പല്‍ സുവിശദമായി ഓര്‍മ്മിച്ചെടുക്കാന്‍ എനിക്കിന്നു കഴിയുന്നുണ്ടെങ്കില്‍, വരാനിരിക്കുന്നതു മുന്‍കൂട്ടിക്കാണാന്‍ മനുഷ്യനു കഴിഞ്ഞേക്കാം എന്ന വസ്തുതയില്‍ എനിക്ക് അമ്പരപ്പു തോന്നേണ്ട കാര്യമെന്തിരിക്കുന്നു? തത്ത്വബുദ്ധിയായ മനസ്സിന് ദീര്‍ഘദര്‍ശനംപോലെ തന്നെ ഒരദ്ഭുതമാണ് ഓര്‍മ്മശക്തിയും. നാളത്തെ പ്രഭാതമല്ലേ ചെങ്കടല്‍ കടന്നുള്ള യഹൂദരുടെ പ്രയാണത്തേക്കാള്‍ നമുക്കു സമീപസ്ഥം? ആ പുറപ്പാട്, പക്ഷേ, നമുക്കോര്‍മ്മയുണ്ട്.
ഗോത്രക്കാര്‍ നക്ഷത്രങ്ങളെ നോക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു; മന്ത്രവാദികള്‍ക്കു മാത്രം ചാര്‍ത്തിക്കൊടുത്തിരിക്കുന്ന ഒരവകാശമാണത്. ഓരോ മന്ത്രവാദിക്കും ഒരു ശിഷ്യനുണ്ടാവും; കുട്ടിക്കാലം മുതല്‌ക്കേ അവന് ഗൂഢവിദ്യയില്‍ പരിശീലനം നല്‍കപ്പെടുന്നു. ഒരു മന്ത്രവാദി മരിച്ചാല്‍ ആ സ്ഥാനം ശിഷ്യനുള്ളതാണ്. അതു പ്രകാരം ഇവരുടെ എണ്ണം എപ്പോഴും നാലായി നില്‍ക്കുന്നു. മാന്ത്രികസിദ്ധികളുള്ള ഒരക്കമാണത്, കാരണം യാഹൂമനസ്സിനു പ്രാപ്യമായ ഏറ്റവും വലിയ സംഖ്യ അതാണല്ലോ. സ്വര്‍ഗ്ഗനരകങ്ങളെക്കുറിച്ച് തങ്ങളുടെ രീതിയിലുള്ള ഒരു സിദ്ധാന്തവും ഇവര്‍ക്കുണ്ട്. രണ്ടിടവും ഭൂഗര്‍ഭത്തിലാണ്. വരണ്ടതും പ്രകാശപൂരിതവുമായ നരകം, രോഗികളുടെയും വൃദ്ധരുടെയും, അവഹേളിതരുടെയും, കുരങ്ങുമനുഷ്യരുടെയും, അറബികളുടെയും, പുള്ളിപ്പുലികളുടെയും സങ്കേതമത്രെ; ചതുപ്പുനിറഞ്ഞതും മേഘാ

വൃതവുമായി വര്‍ണ്ണിക്കപ്പെടുന്ന സ്വര്‍ഗ്ഗമാകട്ടെ, രാജാവിനും റാണിക്കും മന്ത്രവാദികള്‍ക്കും, ഭൂമിയില്‍ സന്തുഷ്ടരും നിര്‍ദ്ദയരും രക്തദാഹികളുമായിരുന്നവര്‍ക്കുമുള്ള നിവാസസ്ഥാനവുമാണ്. 'ചാണകം' എന്നു പേരുള്ള ഒരു ദൈവത്തെയും ഇവര്‍ ആരാധിക്കുന്നുണ്ട്. രാജാവിന്റെ രൂപത്തിലും ഛായയിലുമാണ് ഈ ദൈവത്തെ സങ്കല്പിച്ചിരിക്കുന്നതെന്നു തോന്നുന്നു; കാഴ്ചയില്ലാത്തതും, അംഗഭംഗം വന്നതും, വളര്‍ച്ച മുരടിച്ചതുമാണത്. അതിന്റെ സിദ്ധികല്‍ അപരിമിതമാണ്. ഈ ദൈവം ഉറുമ്പിന്റെയോ പാമ്പിന്റെയോ രൂപമെടുക്കുക സാധാരണമാണ്.

ഇവര്‍ക്കിടയില്‍ ഇത്ര ദീര്‍ഘമായ കാലം ചെലവഴിച്ചിട്ടും ഒറ്റ യാഹൂവിനെപ്പോലും മതപരിവര്‍ത്തനം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചില്ലെന്നതില്‍, ഇത്രയും വായിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ആരും അദ്ഭുതം കൊള്ളേണ്ടതില്ല. 'നമ്മുടെ പിതാവ്' എന്ന പ്രയോഗം, പിതൃത്വം എന്ന ആശയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍, ഇവരെ ചിന്താക്കുഴപ്പത്തില്‍പ്പെടുത്തുകയാണ് ചെയ്തത്. ഇത്രയ്ക്ക് അകന്നതും ബന്ധമില്ലാത്തതുമായ ഒരു കാരണം സമ്മതിച്ചു കൊടുക്കാന്‍ ഇവര്‍ക്കാവില്ലെന്നു തോന്നുന്നു. അതുകൊണ്ടാവാം, പല മാസങ്ങള്‍ക്കു മുമ്പു നടന്ന ഒരു പ്രവൃത്തിക്ക് ഒരു കുഞ്ഞിന്റെ ജനനവുമായി ബന്ധം വരുന്നതെങ്ങനെയെന്ന് ഇവര്‍ക്കു പിടികിട്ടുന്നില്ല. തന്നെയുമല്ല, എല്ലാ സ്ത്രീകളും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും  എല്ലാവരും അമ്മമാരാകുന്നില്ല എന്ന്‍ അവര്‍ കാണുന്നുമുണ്ടല്ലോ.

യാഹൂഭാഷ സങ്കീര്‍ണ്ണമാണ്, എനിക്കറിവുള്ള മറ്റൊരു ഭാഷയുമായും അതിനു ചാര്‍ച്ചയില്ല. ശബ്ദവിഭാഗങ്ങളെക്കുറിച്ചുപോലും പറയാനാവില്ല. കാരണം അങ്ങനെയൊരു വകയില്ലതന്നെ. ഏകവര്‍ണ്ണമായ ഓരോ വാക്കും ഓരോ സാമാന്യാശയത്തിനുപകരം നില്ക്കുന്നു. അതിന്റെ നിര്‍ദ്ദിഷ്ടാര്‍ത്ഥം പ്രകരണമോ പറയുമ്പോഴത്തെ ചേഷ്ടയോ അനുസരിച്ചു മാറും. ഉദാഹരണത്തിന് 'ന്‌റ്‌സ്' എന്ന വാക്കിന്റെ ലാക്ഷണികാര്‍ത്ഥം 'ചിതറല്‍' അല്ലെങ്കില്‍ 'പുള്ളികള്‍' എന്നാണ്. അതു സൂചിപ്പിക്കുന്നത് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം. പുള്ളിപ്പുലി, കിളിക്കൂട്ടം, വസൂരി, തെറിച്ചുവീണ വസ്തുക്കള്‍, വിതറുക എന്ന പ്രവൃത്തി, യുദ്ധത്തില്‍ തോറ്റോടല്‍ എന്നിവയൊക്കെയാവാം. ‘ഹ്‌റ്ള്‍’ നേരേമറിച്ച്, അര്‍ത്ഥമാക്കുന്നത് നിബിഡമോ സാന്ദ്രമോ ആയ ഒന്നാണ്. ഉദാഹരണം ഗോത്രം, വൃക്ഷകാണ്ഡം, കല്ല്, കല്‍ക്കൂമ്പാരം, കല്ല് കൂമ്പാരമാക്കുക എന്ന പ്രവൃത്തി, നാലു മന്ത്രവാദികളുടെ ഒത്തുചേരല്‍, ശാരീരികമായ ബന്ധപ്പെടല്‍, കാട് തുടങ്ങിയവ. മറ്റൊരു വിധത്തില്‍ ഉച്ചരിക്കപ്പെട്ടാലോ, മറ്റു ചേഷ്ടകളോടു ചേര്‍ന്നു വന്നാലോ ഒരു വാക്കിന് വിപരീതമായ ഒരര്‍ത്ഥം വന്നുചേരാം. ഇതില്‍ അത്ര അമ്പരപ്പു തോന്നേണ്ട കാര്യമൊന്നുമില്ല. നമ്മുടെ ഭാഷയില്‍ത്തന്നെ ഒരു വാക്കിന് വിപരീതാര്‍ത്ഥങ്ങള്‍ ഉണ്ടാവുക അപൂര്‍വ്വമല്ലല്ലോ. വാക്യം എന്നുള്ളത് അവരുടെ ഭാഷയില്‍ ഇല്ല തന്നെ, അപൂര്‍ണ്ണമായവ പോലും.

ഇങ്ങനെയൊരു ഭാഷയ്ക്ക് അമൂര്‍ത്താശയങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ധൈഷണികശക്തിയുള്ളതു കാണുമ്പോള്‍ യാഹൂക്കള്‍, അവരുടെ ഇപ്പോഴത്തെ പിന്നോക്കാവസ്ഥ ഇരിക്കെത്തന്നെ, ഒരു പ്രാകൃതവര്‍ഗ്ഗമല്ല, മറിച്ച് അപകര്‍ഷം വന്നുപോയ ഒരു ജനതയാവാം എന്നു വിശ്വസിക്കാനാണ് എനിക്കു തോന്നുന്നത്. ഈ അനുമാനത്തിനുപോല്‍ബലകമായി പീഠഭൂമിയുടെ മുകള്‍പ്പരപ്പില്‍ ഞാന്‍ ചില ശിലാരേഖകള്‍ കണ്ടെത്തിയിരുന്നു. അവയിലെ അക്ഷരങ്ങള്‍ (നമ്മുടെ പൂര്‍വ്വികര്‍ കൊത്തിവച്ചിട്ടുള്ള റൂണുകളുമായി ഇവയ്ക്കു സാദൃശ്യമില്ലാതില്ല) പിരിച്ചു വായിക്കാനുള്ള കഴിവ് ഇന്നു ഗോത്രക്കാര്‍ക്കു നഷ്ടമായിരിക്കുന്നു. വരമൊഴി മറവിയില്‍പ്പെട്ടിട്ട് വാമൊഴിയില്‍ മാത്രമായി ഇവര്‍ ഒതുങ്ങിപ്പോയതുപോലെ തോന്നുന്നു.

ഇവരുടെ വിനോദങ്ങള്‍ പരിശീലനം കൊടുത്ത പൂച്ചകളെ തമ്മില്‍ പോരടിപ്പിക്കലും തലകൊയ്ത്തുമാണ്. റാണിയുടെ ചാരിത്ര്യത്തെ കളങ്കപ്പെടുത്തുവാന്‍ തുനിഞ്ഞുവെന്നോ മറ്റൊരാള്‍ കാണ്‍കെ ആഹാരം കഴിച്ചുവെന്നോ ഒരാള്‍ക്കെതിരെ കുറ്റമാരോപിക്കപ്പെടുന്നു. കുറ്റസമ്മതമോ സാക്ഷിമൊഴിയോ ഒന്നുമില്ലാതെ തന്നെ രാജാവ് വിധി പ്രഖ്യാപിക്കുകയാണ്. ഇങ്ങനെ ശിക്ഷ വിധിക്കപ്പെട്ടയാളെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയനാക്കിയിട്ട് (എനിക്കതോര്‍ക്കാന്‍ കൂടി വയ്യ) കല്ലെറിഞ്ഞുകൊല്ലുന്നു. ആദ്യത്തെ കല്ലെറിയാനുള്ള അവകാശം റാണിക്കുള്ളതാണ്; അതുപോലെതന്നെ, മിക്കപ്പോഴും ആവശ്യം വരാത്തതാവും, അവസാനത്തെ കല്ലെറിയാനും. ആള്‍ക്കൂട്ടം റാണിയുടെ വൈദഗ്ദ്ധ്യത്തെയും അവയവഭംഗിയേയും പുകഴ്ത്തുകയും, അവരെ റോസാപ്പൂക്കളും നാറുന്ന വസ്തുക്കളും കൊണ്ട് അഭിഷേകം ചെയ്യുകയും ഭ്രാന്തുപിടിച്ചവരെപ്പോലെ ആര്‍ത്തുവിളിക്കുകയും ചെയ്യും. റാണിയാകട്ടെ ഒരക്ഷരം മിണ്ടാതെ മന്ദഹസിക്കും.
ഇവരുടെ മറ്റൊരാചാരമാണ് കവികളെ കണ്ടെത്തല്‍, ആറോ ഏഴോ വാക്കുകള്‍, സാധാരണഗതിയില്‍ ദുര്‍ഗ്രഹമായിരിക്കും, ഒരാള്‍ക്കു മനസ്സില്‍ വരുന്നു. അയാള്‍ക്ക് അത് അടക്കിവയ്ക്കാന്‍ കഴിയുന്നില്ല. മന്ത്രവാദികളും സാധാരണക്കാരും വട്ടത്തില്‍ തറയില്‍ മലര്‍ന്നുകിടക്കുന്നതിനു നടുവില്‍ നിന്നുകൊണ്ട് അയാള്‍ അവ ഉറക്കെച്ചൊല്ലുന്നു. കവിത കേട്ടിട്ട് ആര്‍ക്കും ഒരിളക്കവും തോന്നുന്നില്ലെങ്കില്‍ കാര്യം അങ്ങനെ തീരുന്നു. പക്ഷേ കവിയുടെ വാക്കുകള്‍ മനസ്സില്‍ തട്ടിയാലാകട്ടെ, സകലരും ഒരു വിശുദ്ധഭീതിക്കടിമകളായി, ഒരക്ഷരമുരിയാടാതെ അയാളെ വിട്ടകന്നുമാറുന്നു. അയാള്‍ ഇപ്പോള്‍ ഭൂതാവിഷ്ടനാകയാല്‍, ആരും, സ്വന്തമമ്മപോലും, അയാളോടു മിണ്ടുകയോ, അയാളുടെ നേര്‍ക്കു നോക്കുകയോ ഇല്ല.

ഇപ്പോള്‍ അയാള്‍ മനുഷ്യനല്ല, ദൈവമത്രേ; അയാളെ കൊല്ലാന്‍ ആര്‍ക്കും അനുവാദമുണ്ട്. കവി, ജാഗ്രതയുള്ളവനാണെങ്കില്‍ വടക്കന്‍ നാട്ടിലെ മണല്‍ക്കൂനകള്‍ക്കിടയിലേക്ക് ഓടി രക്ഷപ്പെടും.


യാഹുക്കളുടെ നാട്ടില്‍ എത്തിപ്പെട്ടതെങ്ങനെയാണെന്ന് ഞാന്‍ വിവരിച്ചുകഴിഞ്ഞല്ലോ. അവര്‍ എന്നെ വലയം ചെയ്തപ്പോള്‍ ഞാന്‍ ആകാശത്തേക്കു നിറയൊഴിച്ചു. അവര്‍ക്കത് മാന്ത്രികമായ ഒരിടിവെട്ടായിട്ടാണ് തോന്നിയതെന്നുമൊക്കെ ഞാനെഴുതിയിരുന്നതോര്‍ക്കുക. ആ തെറ്റിദ്ധാരണ ബലപ്പെടുത്താനായി ഞാന്‍ പിന്നീട് ആയുധമെടുക്കാതെയാണ് നടന്നിരുന്നത്. വസന്തകാലത്ത് ഒരു ദിവസം പുലര്‍ച്ചയ്ക്ക് കുരങ്ങുമനുഷ്യര്‍ ഓര്‍ക്കാപ്പുറത്ത് ഞങ്ങളെ വന്നാക്രമിച്ചു: ഞാന്‍ തോക്കുമെടുത്തുകൊണ്ട് മുകളില്‍നിന്നു താഴേക്കോടിവന്ന് ആ മൃഗങ്ങളില്‍ രണ്ടെണ്ണത്തിനെ കൊന്നു. ശേഷിച്ചവ അമ്പരന്നോടി മറഞ്ഞു. വെടി  കാണാനാവില്ലല്ലോ. ആളുകള്‍ എന്നെ പുകഴ്ത്തി ആര്‍ത്തുവിളിക്കുന്നത് ജീവിതത്തില്‍ ആദ്യമായി അന്നു ഞാന്‍ കേട്ടു. അന്നാണെന്നു തോന്നുന്നു റാണി എനിക്കു സന്ദര്‍ശനം അനുവദിച്ചത്. യാഹൂക്കളുടെ ഓര്‍മ്മശക്തി, ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ, നമ്പാന്‍ പറ്റാത്തതായതിനാല്‍, അന്നു വൈകീട്ട് ഞാന്‍ അവിടെനിന്നും രക്ഷപ്പെട്ടു. അതിനുശേഷം വനത്തില്‍വച്ച് എനിക്കുണ്ടായ സാഹസികാനുഭവങ്ങള്‍ പറയാനും വേണ്ടിയൊന്നുമില്ല. ഒടുവില്‍, കറുത്തവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. അവര്‍ക്ക് ഉഴാനും, വിതയ്ക്കാനും, പ്രാര്‍ത്ഥിക്കാനും അറിയാമായിരുന്നു: എന്റെ പോര്‍ട്ടുഗീസ് അവര്‍ക്കു മനസ്സിലാവുകയും ചെയ്തു. ഒരു റോമിഷ് മിഷ്ണറി, ഫെര്‍ണാണ്ടസ് അച്ചന്‍, എന്നെ അദ്ദേഹത്തിന്റെ കുടിലിലേക്കു കൂട്ടിക്കൊണ്ടുപോവുകയും, യാത്ര തുടരാനാവുന്നതുവരെ എന്നെ ശുശ്രൂഷിക്കുകയും ചെയ്തു. ഒരൊളിവും കൂടാതെ അദ്ദേഹം വായ തുറക്കുന്നതും അതിലേക്ക് ഭക്ഷണം എടുത്തിടുന്നതും കാണുന്നത് എനിക്കു വളരെ അരോചകമായിത്തോന്നിയിരുന്നു. ആഹാരസമയത്ത് ഞാനപ്പോഴും വായ പൊത്തുകയോ കണ്ണു മാറ്റുകയോ ചെയ്തിരുന്നു. കുറച്ചുനാള്‍ക്കുശേഷം എന്തായാലും എനിക്കു സാധാരണരീതി കൈവരിക്കാന്‍ കഴിഞ്ഞു. ദൈവശാസ്ത്രസംബന്ധമായി ഞങ്ങള്‍ നടത്തിയ സംവാദങ്ങള്‍ വ്യക്തമായ ആനന്ദത്തോടെ ഞാനോര്‍ക്കുന്നുണ്ട്; പക്ഷേ യഥാര്‍ത്ഥമായ ക്രൈസ്തവവിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിക്കാന്‍ ഞാന്‍ ശ്രമിച്ചുനോക്കിയെങ്കിലും വിജയിച്ചില്ല.

ഞാന്‍ ഈ വിവരണം എഴുതുന്നത് ഇപ്പോള്‍ ഗ്ലാസ്‌ഗോയില്‍ ഇരുന്നുകൊണ്ടാണ്. യാഹൂക്കളെ കണ്ടുമുട്ടിയതും അവര്‍ക്കിടയില്‍ കഴിഞ്ഞതും ഞാന്‍ പറഞ്ഞു; എന്നാല്‍ ആ അനുഭവത്തില്‍ അന്തര്‍ലീനമായ ഭീഷണതയെക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ല. അതിതുവരെയും എന്നെ വിട്ടുമാറിയിട്ടില്ല; അതിന്നും എന്റെ സ്വപ്നങ്ങളെ ഗ്രസിക്കാറുണ്ട്. തെരുവിലൂടെ നടന്നുപോകുമ്പോള്‍ ചിലപ്പോള്‍ എനിക്കു തോന്നിപ്പോകും അവരിപ്പോഴും എനിക്കു ചുറ്റുമുണ്ടെന്ന്. യാഹൂക്കള്‍ ഒരു കിരാതജനതയാണെന്ന കാര്യത്തില്‍ എനിക്കു യാതൊരു സംശയവുമില്ല; ഒരുപക്ഷേ ഭൂമുഖത്തു കണ്ടേക്കാവുന്ന ഏറ്റവും കിരാതമായ ജനത. എന്നിരിക്കിലും അവരെ ദോഷവിമുക്തരാക്കുന്ന ചില ഗുണങ്ങള്‍ അവര്‍ക്കുള്ളത് കാണാതെ പോകുന്നത് അനീതിയായിരിക്കും. അവര്‍ക്ക് അവരുടേതായ സ്ഥാപനങ്ങളുണ്ട്, അവര്‍ക്കുമൊരു രാജാവുണ്ട്, അമൂര്‍ത്തസങ്കല്പനങ്ങളെ ആധാരമാക്കിയുള്ള ഒരു ഭാഷ അവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്; യഹൂദരേയും ഗ്രീക്കുകാരേയുംപോലെ കവിതയുടെ ദിവ്യത്വത്തിലും അവര്‍ വിശ്വസിക്കുന്നുണ്ട്; ദേഹനാശത്തെ അതിജീവിക്കുന്ന ഒരാത്മാവിനെക്കുറിച്ചും അവര്‍ക്കൊരു ധാരണയുണ്ട്. ശിക്ഷയും പാരിതോഷികവും നല്‍കുന്നതിനേയും അവര്‍ ന്യായീകരിക്കുന്നു. നമ്മുടെ പല അനാചാരങ്ങളുമിരിക്കെത്തന്നെ നാം നാഗരികതയുടെ പ്രതിനിധികളായിരിക്കുന്നതുപോലെ, തങ്ങളുടേതായ രീതിയില്‍ അവരും അതിന്റെ പ്രതിനിധികളത്രെ. കുരങ്ങുമനുഷ്യര്‍ക്കെതിരായി അവരുടെ ഭാഗം ചേര്‍ന്നു യുദ്ധം ചെയ്തതില്‍ എനിക്കു യാതൊരു കുറ്റബോധവും തോന്നുന്നില്ല. അവരുടെ ആത്മാക്കളെ വീണ്ടെടുക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്; പക്ഷേ അതോടൊപ്പം, ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ മഹാറാണി തിരുമനസ്സിന്റെ സര്‍ക്കാര്‍ അവഗണിക്കരുതെന്ന് ഈയുള്ളവന്‍ ഉല്ക്കടമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.



കുറിപ്പുകള്‍
യാഹൂ- ജൊനാഥന്‍ സ്വിഫ്റ്റിന്റെ 'ഗള്ളിവറുടെ യാത്രകളി'ലെ കിരാതവര്‍ഗ്ഗം.
റൂണ്‍ - മൂന്നാം നൂറ്റാണ്ടില്‍ ആംഗ്ലോ-സാക്‌സന്‍ ഗോത്രക്കാര്‍ ഉപയോഗിച്ചിരുന്ന ലിപി.