Showing posts with label റിയുച്ചിതമുരാ. Show all posts
Showing posts with label റിയുച്ചിതമുരാ. Show all posts

Friday, October 30, 2009

റിയുച്ചി തമുര(1923-1998)


നേർത്ത വരമ്പ്‌

നിന്നിൽത്തന്നെ അടങ്ങിയവൾ നീ
നിന്റെ കണ്ണുകളിൽ
(കണ്ണീരു ഞാനതിൽ കണ്ടിട്ടേയില്ലല്ലോ)
കടുപ്പം വച്ചൊരു ശോകം മങ്ങിക്കത്തുന്നു
എനിക്കതിഷ്ടവുമാണ്‌

കാഴ്ച കെട്ട നിന്റെ ഭാവനയിൽ
വേട്ടയ്ക്കുള്ള കാടാണീ ലോകം
നീ മഞ്ഞുകാലത്തെ നായാടിയും
ഒരേയൊരു ഹൃദയത്തെ വീഴ്ത്താൻ
ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണു നീ

വാക്കുകളെ നിനക്കു വിശ്വാസമല്ല
സകലഹൃദയങ്ങളെയും കൊലചെയ്ത നിന്റെ കാൽപ്പാടുകളിൽ
ഭയത്തിനുള്ള ഒരാസക്തി ഞാൻ കാണുന്നു
എനിക്കതു താങ്ങാനാവുന്നില്ല

നീ നടക്കുന്ന നേർത്ത വരമ്പിൽ
മഞ്ഞിൽപ്പോലും ചോരയുടെ മണം പറ്റിപ്പിടിച്ചിരിക്കുന്നു
എത്രയകലെപ്പോയാലും
എനിക്കതറിയാം

നീ കാഞ്ചി വലിക്കുന്നു!
നിന്റെ വാക്കുകൾക്കിടയിൽക്കിടന്ന്
ഞാൻ പിടഞ്ഞു ചാവുന്നു.

 

1999

ഉറുമ്പുകളെക്കുറിച്ചൊരു പ്രഭാഷണം
ഞാനെവിടെയോ കേട്ടിരുന്നു
പരിശ്രമശീലത്തിന്റെ പ്രതീകങ്ങളാണവയത്രെ
തെറ്റാണത്‌
പത്തിലൊന്നേ മുഷിഞ്ഞു പണിയെടുക്കുന്നുള്ളു
മറ്റൊമ്പതു പേർ തെക്കും വടക്കും നോക്കി നടക്കുന്നേയുള്ളു
തിരക്കും നടിച്ച്‌
ചുറുചുറുക്കോടെ
മടിയും പിടിച്ച്‌

എനിക്കും ഒരെറുമ്പായാൽക്കൊള്ളാമെന്നുണ്ട്‌
ഒമ്പതുപേരുടെ കൂട്ടത്തിലാണെന്റെ നോട്ടം
ഇടയ്ക്കൊക്കെ
പ്രത്യയശാസ്ത്രം കൊണ്ടൊരാക്രോശവുമാകാമല്ലോ

അതിലുമാശ്ചര്യം
ഉറുമ്പുകളുടെ ഉറക്കത്തിന്റെ ചിട്ടകളാണ്‌
രണ്ടു മണിക്കൂറേ അവർ ഉണർന്നിരിക്കുന്നുള്ളു
ഇരുപത്തിരണ്ടു മണിക്കൂറും ഉറക്കമാണവർ
1999
ആ പേരിൽ ഒരു കവിതാപുസ്തകമിറക്കാൻ
താൽപര്യമുണ്ടെനിക്ക്‌
അത്രയും കാലം ഞാൻ ജീവിക്കുമെങ്കിൽ
പതിനെട്ടു കൊല്ലം

ഉറുമ്പുകളെപ്പോലെ ഞാനുറങ്ങും
നാവുമടക്കി പണിയെടുക്കുന്നവന്റെ മാനസികവൈകല്യം
നിർണ്ണയിച്ചെഴുതുന്നുണ്ടു ഞാൻ

ഇന്നത്തെ പണി കഴിഞ്ഞു
ഇനി
ഞാനുറങ്ങാൻ പോകുന്നു

Thursday, October 29, 2009

റിയുച്ചി തമുരാ(1923-1998)-അദൃശ്യവൃക്ഷം

മഞ്ഞിൽ ഞാൻ കാൽപ്പാടുകൾ കണ്ടു
അതുകണ്ടപ്പോളിതാദ്യമായി
കൊച്ചുമൃഗങ്ങളും കുഞ്ഞുകിളികളും കാട്ടുജന്തുക്കളും ഭരിക്കുന്ന
ഒരു ലോകത്തിനു ഞാൻ സാക്ഷിയായി
അണ്ണാറക്കണ്ണന്റെ കാര്യമെടുക്കൂ-
അവന്റെ നഖപ്പാടുകൾ
ഒരു കിഴവൻമരമിറങ്ങി
നടപ്പാത മുറിച്ച്‌
ദേവതാരക്കാവിൽ പോയിമറഞ്ഞു
ഒരു നിമിഷത്തെ സന്ദേഹമോ സ്വസ്ഥതകേടോ
ചോദ്യചിഹ്നങ്ങളോ
ഞാൻ അവയിൽ കണ്ടില്ല
കുറുനരിയുടെ കാര്യം കൂടിയെടുക്കൂ-
ഗ്രാമത്തിന്റെ ഇടത്തരികത്തുള്ള
താഴ്‌വാരത്തെ പാതയിലൂടെ
ഒരു വളവുമില്ലാതെ നീണ്ടുകിടക്കുന്നു അവന്റെ കാൽപ്പാടുകൾ
എനിക്കറിയാവുന്ന വിശപ്പ്‌
അത്രയും ഋജുവായ ഒരു വര വരയ്ക്കില്ല
ആ കാൽപ്പാടുകളുടെ നിപുണവും അന്ധവും ഉറച്ചതുമായ താളം
എന്റെ മനസ്സിന്‌ ഒരു കാലത്തുമുണ്ടായിട്ടില്ല
ഒരൊറ്റക്കിളിയുടെ കാര്യമെടുക്കുക-
അവളുടെ സ്വരത്തേക്കാൾ തെളിഞ്ഞതാണ്‌
അവളുടെ കാൽപ്പാടുകൾ
അവളുടെ ജീവിതത്തെക്കാൾ കൃത്യമാണ്‌
അവളുടെ നഖപ്പാടുകൾ
മഞ്ഞു വീണ മലഞ്ചരിവിൽ കൊത്തിവച്ചപോലെയാണ്‌
അവളുടെ ചിറകുകൾ
എനിക്കറിയാവുന്ന ഭയം
ഒരുകാലത്തും അത്ര ലളിതമായ ഒരു രൂപത്തിൽ വെളിപ്പെടില്ല
ആ ചിറകുകളുടെ
ഐന്ദ്രിയവും പാഷണ്ഡവും തറഞ്ഞതുമായ താളത്തിൽ
ഒരു കാലത്തും എന്റെ മനസ്സ്‌ ചലിച്ചിട്ടില്ല
പൊടുന്നനെയതാ, ഭീമമായ ഒരസ്തമയം
അസമാമല കേറുന്നു
ഏതോ സാന്നിദ്ധ്യം
കാടിനു രൂപം കൊടുക്കുന്നു
താഴ്‌വാരത്തിന്റെ വായ തള്ളിത്തുറക്കുന്നു
തണുത്ത വായു വലിച്ചുകീറുന്നു
ഞാൻ ഒരു കുടിലിലേക്കു മടങ്ങുന്നു
അടുപ്പിൽ തീ പൂട്ടുന്നു
ഞാൻ
ഒരദൃശ്യവൃക്ഷമാണ്‌
ഒരദൃശ്യപക്ഷിയാണ്‌
ഒരദൃശ്യമൃഗമാണ്‌
അദൃശ്യതാളങ്ങളേ എന്റെ മനസ്സിലുള്ളു
*

Wednesday, October 28, 2009

റിയുച്ചി തമുരാ(1923-1998)-കവിതകൾ


കറുപ്പ്‌
ഗോതമ്പു കൊയ്ത പാടത്ത്‌
മനുഷ്യരുടെ വേനൽക്കാലം വന്നിറങ്ങുന്നു.
തഴച്ച പച്ചപ്പിനുള്ളിലാണ്‌
പണ്ടു കണ്ട പാതകൾ.

കാണാത്തതു കണ്ടെടുക്കലാണു
കവിയുടെ പണിയെങ്കിൽ
തലയിൽ വൈക്കോൽത്തൊപ്പിയും വച്ചുനടക്കുന്ന
ഇടത്തരം കവിയ്ക്ക്‌
ദുരിതകാലമാണീ മനുഷ്യരുടെ വേനൽക്കാലം.

നെൽപ്പാടത്തെ വരമ്പത്തു കൂടെ
മെലിഞ്ഞൊരു വിദ്വാൻ പാഞ്ഞുപോകുന്നുണ്ട്‌
മനോഹരമായ കവിതയ്ക്കുള്ളിൽ
ഒരു വിഷപ്പാമ്പൊളിച്ചിരുപ്പുണ്ട്‌
നിങ്ങളെ ചതിപ്പെടുത്താൻ
എന്നു ചിലർ പറയുന്നുണ്ട്‌.
പാമ്പുകടി കൊള്ളാതിരിക്കാൻ
ഗ്രാമം വിട്ടു പായുകയാണയാളെന്നു തോന്നുന്നു.

വീട്ടിലേക്കുള്ള വഴി

ഞാനെന്തിനു ഭാഷ പഠിക്കാൻ പോയി?
അർത്ഥങ്ങൾക്കു ഗൗരവമില്ലാത്ത
വാക്കുകളില്ലാത്ത ഒരു ലോകത്തായിരുന്നെങ്കിൽ
ഞാൻ ഗുണം പിടിച്ചേനെ.
സുന്ദരപദങ്ങൾ നിന്നോടു പക വീട്ടാൻ വരുന്നെങ്കിൽ
അതു നിന്റെ പാട്‌
നിശ്ശബ്ദമായ വാക്കുകൾ നിങ്ങളുടെ ചോര വീഴ്ത്തുന്നുവെങ്കിൽ
അതു നിന്റെ പാട്‌.
നിന്റെ ആർദ്രനേത്രങ്ങളിലെ കണ്ണീരും
മിണ്ടാത്ത നാവിൽ നിന്നിറ്റുന്ന നോവും
വെറുതേയൊന്നു നോക്കി ഞാൻ എന്റെ പാട്ടിനു പോയേനെ
നമ്മുടെ ലോകത്തു വാക്കുകളില്ലായിരുന്നെങ്കിൽ.
ഒരു പഴത്തിന്റെ കാമ്പു പോലെ
നിന്റെ കണ്ണീരിനുള്ളിൽ അർത്ഥമടങ്ങിയിരുപ്പുണ്ടോ?
നിന്റെയൊരു ചോരത്തുള്ളിയിലുണ്ടോ
അന്തിവെളിച്ചത്തിന്റെ മാറ്റൊലി?
ഞാൻ വാക്കുകൾ പഠിക്കരുതായിരുന്നു
ജാപ്പനീസ്ഭാഷയും ഒരു വിദേശഭാഷയുടെ കോണും മൂലയും
അറിയാമെന്നതു കൊണ്ടു മാത്രം
നിന്റെ കണ്ണീരിനുള്ളിൽ നിശ്ചലനായി വന്നു ഞാൻ നിൽക്കുന്നു
നിന്റെ ചോരയിലേക്ക്‌ ഏകനായി ഞാൻ കടന്നുവരുന്നു.

Tuesday, October 27, 2009

റിയുച്ചി തമുരാ(1923-1998)-നാലായിരം പകലുകളും രാവുകളും

ഒരേയൊരു കവിതയ്ക്കു ജന്മമെടുക്കാൻ Tamura_Ryuichi
എനിക്കും നിനക്കും
പ്രിയപ്പെട്ടവയെ കൊല്ലേണ്ടിവരുന്നു.
നാമവയെ വെടിവച്ചുകൊല്ലുന്നു
പതിയിരുന്നുകൊല്ലുന്നു
വിഷം കൊടുത്തു കൊല്ലുന്നു.
നോക്കൂ!
നാലായിരം പകലുകളുടെയും രാവുകളുടെയും
ആകാശത്തു നിന്ന്
നമുക്കൊരു കിളിക്കുഞ്ഞിന്റെ
വിറയാർന്ന നാവു വേണമായിരുന്നു;
അതിനായി
നാലായിരം രാവുകളുടെ നിശ്ശബ്ദതയെ
നാലായിരം പകലുകളുടെ വെളിച്ചത്തെ
നീയും ഞാനും വെടിവച്ചു കൊന്നു.
കേൾക്കുക!
തോരാത്ത മഴയും
ഉരുക്കുന്ന ചൂളകളും
ചുടുവേനൽ കത്തുന്ന തുറമുഖങ്ങളും
കൽക്കരിഖനികളും നിറഞ്ഞ
നഗരങ്ങളിൽ നിന്ന്
ഒരേയൊരു വിശക്കുന്ന പൈതലിന്റെ
കണ്ണീരു വേണമായിരുന്നു;
അതിനായി
സ്നേഹത്തിന്റെ നാലായിരം പകലുകളെ
അനുതാപത്തിന്റെ നാലായിരം രാവുകളെ
നീയും ഞാനും പതിയിരുന്നു കൊന്നു.
ഓർക്കുക!
നാം കാണാത്തതു കാണുന്ന
നാം കേൾക്കാത്തതു കേൾക്കുന്ന
ഒരേയൊരു തെണ്ടിപ്പട്ടിയുടെ ഭീതി
നമുക്കു വേണമായിരുന്നു;
അതിനായി
നാലായിരം രാവുകളുടെ കൽപനകളെ
നാലായിരം പകലുകളുടെ തണുക്കുന്ന സ്മൃതികളെ
നീയും ഞാനും വിഷം കൊടുത്തു കൊന്നു.
ഒരേയൊരു കവിതയ്ക്കു വന്നുചേരാൻ
എനിക്കും നിനക്കും
പ്രിയപ്പെട്ടവയെ കുരുതി കൊടുക്കേണ്ടിവരുന്നു;
മരിച്ചുപോയവരെ ജീവിതത്തിലേക്കു മടക്കിവിളിക്കാൻ
ഒരു വഴിയേയുള്ളു.
നമുക്കും ആ വഴിയേ പോകേണ്ടിവരുന്നു.