Showing posts with label ഓര്‍ഫ്യൂസ് ഗീതകങ്ങള്‍. Show all posts
Showing posts with label ഓര്‍ഫ്യൂസ് ഗീതകങ്ങള്‍. Show all posts

Sunday, May 5, 2013

റില്ക്കെ - കീർത്തിക്ക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത പൂന്തോപ്പുകളെ…

rilke orpheus


കീർത്തിക്ക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത പൂന്തോപ്പുകളെ,
ചില്ലുപാത്രത്തിൽ പകർന്നപോലെ ദീപ്തവുമപ്രാപ്യവുമായവയെ;
ഷിറാസിലെ പനിനീർപ്പൂക്കളെ, ഇസ്ഫഹാനിലെ ജലധാരകളെ,
നിന്റെ ധന്യഗാനങ്ങളാലവയെപ്പുകഴ്ത്തൂ, അനന്യതകളെ.


കാട്ടിക്കൊടുക്കൂ ഹൃദയമേ, അവയില്ലാതില്ല നിനക്കു ജീവനെന്ന്,
അവയിലത്തിപ്പഴങ്ങൾ പഴുക്കുന്നുവെങ്കിലതു നിനക്കായെന്ന്.
പൂവിടുന്ന ചില്ലകൾക്കിടയിൽ കണ്ണിൽത്തെളിയുന്നപോലെ
തെന്നൽ വീശുമ്പോഴതു തലോടുന്നതു നിന്റെ മുഖത്തെയെന്ന്.

ജീവിക്കുക, സരളമായി എന്നൊരു നിശ്ചയമെടുത്തപ്പോൾ
പലതും തനിക്കു നഷ്ടമായെന്നൊരു വിചാരപ്പിഴ വരുത്തരുതേ.
ചിത്രകംബളത്തിലൊരിഴയോട്ടമാണു നീയും, പട്ടുനൂലേ!

മനസ്സു കൊണ്ടു നീയൊന്നാവുന്നതേതു ചിത്രവുമാവട്ടെ,
(ഒരു യാതനാജീവിതത്തിലൊരേയൊരു നിമിഷമെങ്കിൽക്കൂടി)
ഉള്ളിലറിയൂ, അർത്ഥപൂർണ്ണമാണാ ദീപ്തകംബളമെന്നും.


(ഓർഫ്യൂസ് ഗീതകങ്ങൾ II-21)


Sing the gardens, my heart, which you know not; clear,
unreachable, like gardens poured in glass.
Water and roses from Isfahan or Shiraz:
sing blessings, praise them, nothing can compare.

Point out, my heart, that you never miss these.
That intended for you are their ripening figs.
That you fly through them, between blossoming twigs,
just like over a face blows the rising breeze.

Don't ever believe that bereavement is due
to a choice that you made: namely, to be!.
Silk thread, in this fabric you're woven all through.

And no matter what image you hold to be you
(even if it's a moment of sheer agony),
know the whole awesome tapestry's purpose is true.

(translated by H. Landman)


Saturday, July 23, 2011

റില്‍ക്കെ - മേഘരൂപങ്ങളെപ്പോലെ പ്രതിക്ഷണം...

sketch


മേഘരൂപങ്ങളെപ്പോലെ പ്രതിക്ഷണം
ആകൃതി മാറുന്നു ലോകമെങ്കിലും
മൂലപ്രകൃതിയിലേക്കു മടങ്ങുന്നു
പൂർണ്ണതയെത്തിയതൊക്കെയും.

മാറുന്നതിനുമകലുന്നതിനും മുകളിൽ,
അവയെക്കവിഞ്ഞും, സ്വാധീനമായും
നിന്റെയാദിമരാഗമൊന്നുമാത്രം കേൾക്കാകുന്നു,
വീണയേന്തിയ ദേവാ.

അറിയപ്പെടാതെ പോകുന്നു ഞങ്ങളുടെ വേദനകൾ,
സ്നേഹിക്കാനിനിയും പഠിച്ചിട്ടില്ല ഞങ്ങൾ,
മരണത്തിൽ ഞങ്ങളെ വേർപെടുത്തുന്നതെന്തെന്ന്

മറനീങ്ങിക്കിട്ടിയിട്ടുമില്ല ഞങ്ങൾക്ക്.
മണ്ണിനു മേൽ നിന്റെ ഗാനമൊന്നേ,
വാഴ്ത്തുന്നു, ഘോഷിക്കുന്നു.


ഓര്‍ഫ്യൂസ് ഗീതകങ്ങൾ – 2.19


Monday, June 20, 2011

റിൽക്കെ - എത്രയകലങ്ങൾ നമുക്കിടയിൽ




File:WLANL - 23dingenvoormusea - visvergiet.jpg


എത്ര പ്രകാശവർഷങ്ങൾ നക്ഷത്രങ്ങൾക്കിടയിൽ!
അതിലുമെത്ര വിപുലമാണിവിടെ നാമറിയുമകലങ്ങൾ!
ഇവിടെയൊരു കുട്ടി...ഇനിയൊരു കുട്ടിയരികിൽ-
എത്രയചിന്ത്യമാണവർക്കിടയിലകലം!

വിധി നമ്മെയളക്കുന്നതായുസ്സിന്റെ മുഴക്കോലു കൊണ്ടോ?
നമുക്കതത്രയുമന്യമായതതുകൊണ്ടുതന്നെയോ?
ഒരു സ്ത്രീ പുരുഷനു ദാഹിക്കുമ്പോൾ, എന്നിട്ടൊഴിഞ്ഞുമാറുമ്പോൾ
അവർക്കിടയിലകലമെത്രയെന്നോർത്തുനോക്കൂ!

അകലെയാണെല്ലാം-, വൃത്തമടയുന്നില്ലെവിടെയും.
അലങ്കരിച്ച മേശ മേൽ നിരത്തിവച്ച തളികകൾ,
അവയിൽ മീനുകളുടെ മുഖഭാവമെത്ര വിചിത്രം.

മീനുകളൂമകൾ...എന്നല്ലേ നാം കരുതി?
ഒടുവിലൊരിടമുണ്ടാവില്ലെന്നാരു കണ്ടു,
നമുക്കു സംസാരഭാഷ മത്സ്യഭാഷയാകുന്നൊരിടം?



ഓർഫ്യൂസ് ഗീതകങ്ങൾ-2,20

link to image

Saturday, May 28, 2011

റിൽക്കെ - കവിതകൾ പഠിച്ച ഭൂമി






വീണ്ടും വന്നു വസന്തം.
കവിതകൾ മനപ്പാഠമാക്കിയ കുട്ടിയെപ്പോലെയാണു ഭൂമി.
എത്ര,യെത്രയവളോർത്തുവച്ചു!
ആ ദീർഘപഠനത്തിനവൾക്കു കിട്ടുന്നു സമ്മാനവും.


കടുപ്പക്കാരനായിരുന്നു അവൾക്കു ഗുരു.
ആ കിഴവന്റെ* താടിവെളുപ്പു നമുക്കു ഹിതവുമായിരുന്നു.
ഏതു പച്ച,യേതു നീലയെന്നവളോടു ചോദിക്കുമ്പോൾ
അവൾക്കതൊക്കെയത്ര തിട്ടവുമാണെന്നേ!


ഭൂമീ, സുകൃതം ചെയ്തവളേ,
ഈ വിടുതിവേളയിൽ കുട്ടികളോടിറങ്ങിക്കളിയ്ക്കു നീ.
ഭാഗ്യവാനു കിട്ടട്ടെ കുതികൊണ്ട പന്തുപോലെ നിന്നെ.


എന്തൊക്കെയവളെപ്പഠിപ്പിച്ചു ഗുരു!
വേരുകളിൽ, ദീർഘമായ കുടിലകാണ്ഡങ്ങളിൽ പതിഞ്ഞതൊക്കെയും
പാടുകയാണു, പാടുകയുമാണവൾ!





ഓർഫ്യൂസ് ഗീതകങ്ങൾ 1,21


* ഹേമന്തം

Friday, May 20, 2011

റിൽക്കെ - കാലമെന്ന രുദ്രൻ






അങ്ങനെയൊരാളുണ്ടോ, കാലമെന്ന സംഹാരരുദ്രൻ?
മലമേൽ നിന്നവൻ കോട്ട തട്ടിയിടട്ടെ,
അവന്റെയൂറ്റത്തിനാവുമോ,
ദേവകൾക്കധീനമായ നമ്മുടെ ഹൃദയത്തെപ്പറിച്ചെടുക്കാൻ?


ഭീതികളാലത്രവേഗമുടയുന്നവയോ നാം,
വിധി നമ്മെ വിശ്വസിപ്പിക്കുമ്പോലെ?
വാഗ്ദാനങ്ങൾ വേരുകളാഴ്ത്തിയ ബാല്യത്തിൽ നി-
ന്നെങ്ങനെ നമ്മെ പിഴുതെടുക്കാൻ?


അനിത്യരാണു നാമെന്നു
നമ്മെ വേട്ടയാടുന്ന ബോധം തന്നെ
നമ്മുടെ നാളുകൾക്കവയുടെ പരിമളം പകരുന്നതും.


നിത്യരല്ല നാമെന്നു ജീവിതസമരത്തിനിടെ നാം മറക്കുമ്പോഴും
ദേവകൾക്കെങ്ങനെ നാമുപയോഗപ്പെടാൻ,
അനിത്യരല്ല നാമെങ്കിൽ? 


(ഓർഫ്യൂസ് ഗീതകങ്ങൾ - II, 27)

Thursday, November 11, 2010

റില്‍ക്കെ-അവനായിട്ടൊരോർമ്മക്കല്ലുമുയർത്തേണ്ട നിങ്ങൾ…

 


അവനായിട്ടൊരോർമ്മക്കല്ലുമുയർത്തേണ്ട നിങ്ങൾ,
ആണ്ടോടാണ്ടു വിരിയട്ടെ പനിനിർപ്പൂക്കൾ.
ഓർഫ്യൂസിവൻ. പുനരവതാരങ്ങൾ പലതെടുക്കുന്നവൻ.
ഇനിയുമവനൊരു പേരിനായലയേണ്ട നമ്മൾ.

അവൻ വന്നുപോകുന്നതറിയില്ല നാമെങ്കിലും
കേട്ടതു കവിതയെങ്കിൽ പാടുന്നതോർഫ്യൂസത്രെ.
ഒരു പനിനിർപ്പൂവിലുമൊരുനാളു നീളുന്നതാ-
ണവനായുസ്സെങ്കിലതു മാത്രം പോരേ?

താൻ മാഞ്ഞുപോകുന്നതിൽ ഭീതനാണവനെങ്കിലും
അവൻ മറഞ്ഞുപോകണം: നമുക്കു പാഠമതല്ലേ!
അവന്റെ വചനം നമ്മെ സ്നാനപ്പെടുത്തുമ്പൊഴെയ്ക്കും

നാമെത്താത്തൊരകലത്തിലവനെത്തിക്കഴിഞ്ഞു.
അവന്റെ കൈകളെ വരിയില്ല വീണയുടെ കമ്പികൾ,
അതിലംഘിക്കുമ്പോഴാണവനനുസരിക്കുന്നതും.


ഓർഫ്യൂസ് ഗീതകങ്ങൾ I-5


link to image