Showing posts with label ജ്യോത്സ്നാ മിലൻ. Show all posts
Showing posts with label ജ്യോത്സ്നാ മിലൻ. Show all posts

Tuesday, February 5, 2013

ജ്യോത്സ്നാ മിലൻ - പിന്നിൽ

9789350290453

നടന്നുകൊണ്ടിരിക്കെ
തിരിഞ്ഞൊന്നു നോക്കുമ്പോൾ
പിന്നിൽ പാതയില്ല, പാടമില്ല,
അവൾക്കു ജന്മം കൊടുത്ത
ആ നഗരം,
ആ ഭവനം,
ആ സ്ഥലങ്ങൾ,
ആ ജനങ്ങൾ,
അതൊന്നിന്റെയും
പാടു പോലുമില്ല,
അവൾ ഇതേവരെ ജീവിച്ച ജീവിതം
ആരോ വടിച്ചുമാറ്റിയപോലെ.


Saturday, February 2, 2013

ജ്യോത്സ്നാ മിലൻ - പാദങ്ങൾ

imageslink to image

 


പാദങ്ങൾ
അറച്ചുനിന്നു-
നിൽക്കണോ, നടക്കണോ?
നടന്നു തുടങ്ങും മുമ്പ്
അവയൊന്നു ചിന്താധീനമായി
മുമ്പിങ്ങനെയായിരുന്നില്ല
ക്ഷണനേരത്തിലായിരുന്നു
പാദങ്ങളുയരുന്നതും
നടന്നുതുടങ്ങുന്നതും
അവളുടെ ബാല്യത്തിൽ
നിൽക്കുന്നതിനും നടക്കുന്നതിനും
ഇന്ന കാരണമെന്നുമുണ്ടായിരുന്നില്ല
പാദങ്ങൾക്കു ചിന്ത പോയിട്ടേയില്ല
ഒരുനാൾ
തങ്ങൾ ചിന്തിച്ചുതുടങ്ങുമെന്ന്


Thursday, January 17, 2013

ജ്യോത്സ്നാ മിലൻ - നിരന്തരം

1228629443_angles-every_woman_is_a_tree-2008link to image

 


പെട്ടെന്നു കാൽച്ചുവട്ടിലേക്കു നോക്കുമ്പോൾ
ഞാൻ ഭീതയായിപ്പോയി:
വർഷങ്ങൾക്കു മുമ്പ്
എന്നെ നട്ടുവച്ചിടത്തു തന്നെ
നിൽക്കുകയാണു ഞാൻ.
സർവരും എന്റെ മേൽ കൊണ്ടുവന്നു തൂക്കുകയാണ്‌,
അവർക്കു തോന്നിയതൊക്കെ:
സഞ്ചി, തൊപ്പി, ടൌവൽ,
അല്ലെങ്കിൽ തങ്ങളുടെ തളർച്ച.
ഇതുവരെ ഞാൻ കരുതിയതോ,
നിരന്തരചലനത്തിലായിരുന്നു ഞാനെന്നും.



Wednesday, January 16, 2013

ജ്യോത്സ്നാ മിലൻ - രാത്രി

jyotsna milan


ഒരമ്മയുടെ പകലാണാദ്യം തുടങ്ങുക,
വെള്ളി പൊട്ടുമ്പോൾ.
അതാണൊടുവിലവസാനിക്കുന്നതും.
അമ്മയുടെ രാത്രികളെന്നും ഹ്രസ്വം,
അവരുടെ പകലുകൾ ദീർഘവും,
രാത്രിയിലേക്കു നീളുന്നതും.
ആരുമതു കാണുന്നില്ല,
അമ്മയുടെ രാത്രിയിലേക്ക്
പകലിന്റെ കടന്നുകയറ്റമാണതെന്ന്.
ഉറങ്ങുമ്പോഴവരെപ്പോഴും
കാലുകൾ ചേർത്തുവയ്ക്കും-
ബാക്കി വന്ന രാത്രിയിൽ
മടങ്ങിക്കൂടി ഒരമ്മ.
അമ്മയുടെ രാത്രികൾക്കു നീളമില്ല,
ഒന്നു നിവർന്നു കിടക്കാൻ കൂടി.


(1941ൽ ബോംബൈയിൽ ജനിച്ച ഹിന്ദി കവയിത്രി)