Showing posts with label ജപ്പാന്‍. Show all posts
Showing posts with label ജപ്പാന്‍. Show all posts

Saturday, February 4, 2012

ഹൈക്കു

File:Tsuji Kako Paintings.jpg



പുൽത്തുമ്പത്തൊരു
തുമ്പി-
മനോഗതങ്ങളിൽ
മുഴുകി.

(സാന്റോക്കാ)


നിശാഗന്ധി-
മണത്തിലൊളിച്ചോ
നിറം?

(ബുസോൺ)


ആളുകളുള്ളിട-
ത്തീച്ചകളുണ്ട്;
അവിടെയുണ്ട്
ബുദ്ധന്മാരും.

(ഇസ്സ)


ഒരു ചേമ്പിലയ്ക്കകം
ഒരു മഴത്തുള്ളിയ്ക്കു
ലോകം.

(കികാകു)


മാനത്തുമുണ്ടോ
കുറുക്കുവഴികൾ,
വേനൽച്ചന്ദ്രാ?

(സൂതേ ജോ -1633-98)


എന്തു കുളിര്‌,
പച്ചപ്പുൽത്തടുക്കിൽ
നെറ്റി തൊടുമ്പോൾ!

(സോനോ ജോ പ്രഭ്വി 1649-1723)



സ്വപ്നത്തിൽ നിന്നുണരുമ്പോൾ
എത്ര യഥാർത്ഥം,
പൂക്കൾ!

(ഷുഷുക്കി 1669-1725)



വേർപാടിന്റെ മഞ്ഞുവീഴ്ച-
ഒരേ പുതപ്പിനടിയിൽ
അച്ഛനും കുഞ്ഞും.

(ഷുഷുക്കി)



ഒരുമിച്ചു വിറയ്ക്കുന്നു-
ബാർലിക്കതിരുകൾ,
പൂമ്പാറ്റച്ചിറകുകൾ.

(കാനാ ജോ പ്രഭ്വി)



ഒറ്റത്തുമ്മൽ-
എങ്ങോ പോയി
വാനമ്പാടി.

(യായു 1701-83)



കടം വാങ്ങിയ
ഒരു കുടം വെള്ളത്തിൽ
ഒരുഷമലരി.

(ചിയോ ജോ പ്രഭ്വി 1701-75)


കുന്തിച്ചിരുന്നു
മേഘങ്ങളെ പഠിക്കുന്നു
ഒരു തവള.

(ചിയോ ജോ)



താമരയ്ക്കു മേൽ
ഒരു മേഘം-
അതുമൊരു ചന്ദ്രൻ.

(ബോര്യു -പതിനെട്ടാം നൂറ്റാണ്ട്)



പ്രണയം കൊണ്ടു തുളുമ്പുമ്പോൾ
അഭിസാരികയെപ്പോലെ ശൃംഗാരി-
ചക്കിപ്പൂച്ച.

(സൈമാരോ)



ഇരുകക്ഷികളും
മീശ വച്ചവർ-
പൂച്ചപ്രണയം.

(റെയ്സാൻ)



കുളിരുന്ന വസന്തം-
നെൽക്കതിരുകൾക്കു മേൽ
വേരറുത്ത മേഘങ്ങൾ

(ഹെക്കിഗൊദോ)


പൂക്കളെക്കൊണ്ടു തല തിരിഞ്ഞും
ചന്ദ്രനെക്കണ്ടു പകച്ചും
ഒരു ചിത്രശലഭം.

(ചോരാ)


അവയും മന്ത്രങ്ങളോ?
അമ്പലക്കിണറ്റിൽ
തവളകരച്ചിൽ.

(കാൻത്സെറ്റ്സു)


പൂക്കളെ തിളക്കുന്നു
ചന്ദ്രൻ,
പൂക്കൾ മറയ്ക്കുന്നു
ചന്ദ്രനെ.

(ചോരാ)



ഒരേയൊരു പാട്ടു കൊണ്ടു
വേനലിനെ പ്രതിഷ്ഠിച്ചുവല്ലോ
കുയിൽ.

(റിയോട്ട)



ഇന്നലത്തെ നിലാവിൽ
മലകളത്രയകലെ,
പുലരിമഞ്ഞിൽ
അവയത്രയരികെ.

(അസയമ ബൊന്റോ 1349-1427)


വിടരാനൊരു തിടുക്കവുമില്ല
എന്റെ വേലിപ്പത്തലിൽ
ഒരു പൂമൊട്ട്.

(ഇസ്സാ)



File:Gejou Keikoku Painting.jpg

Saturday, January 21, 2012

റയോകാൻ - സെൻ കവിതകൾ - 3

File:Xia Chang-Clear Wind on the Qi River.jpg

21


ഭിക്ഷ യാചിച്ചും കൊണ്ടു പട്ടണത്തിലേക്കു ഞാൻ പോയി,
പോകും വഴിയ്ക്കൊരു പണ്ഡിതവൃദ്ധനെ ഞാൻ കണ്ടു.
അദ്ദേഹമെന്നോടു ചോദിച്ചു, ‘ഗുരോ, അങ്ങെന്തു ചെയ്യുന്നു,
വെണ്മേഘങ്ങളലയുന്ന മലമുടികൾക്കിടയിൽ?’
ഞാനദ്ദേഹത്തോടും ചോദിച്ചു,‘താങ്കളെന്തു ചെയ്യുന്നു,
പ്രായമേറിക്കൊണ്ടീ പട്ടണച്ചെമ്മൺപൊടിയിൽ?’
ഞങ്ങളന്യോന്യമുത്തരം പറയാൻ തുടങ്ങും മുമ്പേ,
പ്രഭാതമണിനാദം മുഴങ്ങിയെന്റെ സ്വപ്നം മുറിഞ്ഞു.



22

കീ-യെന്ന പ്രവിശ്യയിൽ
തകാനോ-യെന്ന ദേശത്ത്
പഴയൊരമ്പലത്തിൽ
ഞാൻ രാത്രി കഴിച്ചു,
ദേവതാരങ്ങളിലിറ്റുന്ന
മഴത്തുള്ളികളെക്കേട്ടും.



23

അനക്കമറ്റ രാത്രിയിൽ ശൂന്യമായ ജനാലയ്ക്കൽ
ഭിക്ഷുവേഷം ധരിച്ചു ധ്യാനത്തിൽ ഞാനിരുന്നു,
നാഭിച്ചുഴിയും നാസികയുമൊരേ വരയിലാക്കി,
ചുമലുകളുടെ ചായ് വിനൊത്തു കാതുകളിണക്കി.
ജനാല വെളുക്കുന്നു- ചന്ദ്രനുദിച്ചുയരുന്നു,
മഴ പെയ്തുതോരുന്നു, തുള്ളികൾ പിന്നെയുമിറ്റുന്നു.
വിസ്മയാവഹം-ഈ നിമിഷത്തിന്റെ ഭാവം-
വിദൂരം, വിപുലം, എനിക്കു മാത്രമറിയുന്നതും!



24

ഈ ലോകത്തു നമ്മുടെ ജീവിതം-
എന്തിനോടു ഞാനതിനെയുപമിക്കാൻ?
ഒരു മാറ്റൊലിയത്,
മലകൾക്കിടയിൽ മുഴങ്ങുന്നത്,
ഒഴിഞ്ഞ മാനത്തുപോയലിയുന്നത്.



25

ഏകാന്തജീവിതമെങ്ങനെയുണ്ടെ-
ന്നോടൊരാളു ചോദിച്ചാൽ,
ഞാനയാളോടിങ്ങനെ പറയും:
മഴ പെയ്താൽ, പെയ്യട്ടെ!
കാറ്റു വീശിയാൽ, വീശട്ടെ!


link to image

Friday, January 20, 2012

റയോകാൻ - സെൻ കവിതകൾ - 2


11


വഴിവക്കിൽ പൂക്കളിറുത്തുനിൽക്കെ
മറന്നുവച്ചു ഞാനെൻ ഭിക്ഷാപാത്രം;
പാവം, പാവമെൻ പാത്രമേ!



12

ഭിക്ഷ യാചിക്കാൻ പോകവെ
വഴിയിലൊരു പൂത്ത പാടം കണ്ടു,
പൂക്കളും നുള്ളിനുള്ളി
പകലു മുഴുവനവിടെക്കഴിഞ്ഞു.



13

വസന്തത്തിലെ മഴയത്ത്,
വേനൽക്കലെ കാറ്റത്ത്,
ശരത്തിലിളംകാറ്റത്തും
ഭിക്ഷയ്ക്കായി ഞാനിറങ്ങുന്നു,
സർവലോകത്തിനും ശാന്തിയാശംസിച്ചും.



14

എന്റെ ഭിക്ഷാപാത്രത്തിൽ
വയലറ്റുപൂക്കളും ഡയ്സിപ്പൂക്കളുമിടകലർത്തി
നാമതു നിവേദിക്കുക,
ത്രിലോകബുദ്ധന്മാർക്ക്!



15

പൊറുക്കുക
ഞാനിറുത്ത പൂക്കൾ
വാടിത്തുടങ്ങിയെങ്കിൽ,
എനിക്കു നിവേദിക്കാ-
നെന്റെ ഹൃദയമേയുള്ളു.

.



16

എന്റെ ഓർമ്മയ്ക്കായി ഞാനെന്തു തന്നുപോകാൻ?
വസന്തത്തിൽ ചെറിപ്പൂക്കൾ,
വേനലിൽ കിളിപ്പാട്ടുകൾ,
ശരൽക്കാലത്ത് മേപ്പിളിന്റെ പഴുക്കിലകളും.



17

അന്യരുമായിടപഴകുന്നതു
ഹിതമല്ലെനിക്കെന്നല്ല,
സ്വയം രമിക്കുന്നതാ-
ണതിലും ഹിതമെന്നേയുള്ളു.



18

മലയുടെ നിഴലിൽ
പായലു മൂടിയ പാറകൾക്കു മേൽ
വെള്ളമിറ്റുന്നപോലെ-
അതാണെന്റെ ജീവിതം,
ശാന്തമായി,
ആരുടെയും കണ്ണിൽപ്പെടാതെ,
എന്നാൽ മലിനപ്പെടാതെയും.



19

മനസ്സിനെ വഴി തെറ്റിയ്ക്കുന്ന മനസ്സ്
മനസ്സു തന്നെ,
മനസ്സിന്മേൽ കുതിച്ചുപായുമ്പോൾ
കടിഞ്ഞാണൊരുനിമിഷവുമയയ്ക്കരുതേ!



20

അന്തിമഞ്ഞിൽ മൂടി
വിദൂരഗ്രാമങ്ങൾ,
കുടിലേക്കുള്ള വഴിയേ
ഞാൻ നടക്കുന്നു
ഗോപുരങ്ങൾ പോലുയർന്ന
ദേവതാരങ്ങൾ ചൂഴവെ.


റയോകാൻ - സെന്‍ കവിതകള്‍ - 1


1


വിശറി വയ്ക്കാനിടം തേടുന്നു
വീശിത്തളർന്ന കൈകൾ.


2


വരൂ, കുട്ടികളേ,
പൂക്കൾക്കു വേണം
തെമ്മാടിക്കൈകളെ.


3


മഴയത്തു കയറിനിൽക്കുമ്പോൾ

ഇന്നു ഭിക്ഷ തെണ്ടാനിറങ്ങുമ്പോൾ
ഒരു മഴയത്തു ഞാൻ പെട്ടുപോയി,
പഴയൊരമ്പലത്തിനുള്ളിൽ
അല്പനേരം ഞാനഭയവും തേടി.
എന്റെ ഗതികേടോർത്തു
നിങ്ങൾ  നോക്കിച്ചിരിച്ചോളൂ.
ഒരു വെള്ളക്കുപ്പിയും ഒരു ഭിക്ഷാപാത്രവും,
അത്രയും സ്വന്തമായിട്ടുള്ളവൻ.
എന്നാലെന്റേതൊരു കാവ്യജീവിതം,
ലോകത്തിന്റെ വേവലാതികളകലെയും.


4


ശരൽക്കാലസന്ധ്യ

എത്ര ശാന്തവുമേകാന്തവുമാണു ശരൽക്കാലം!
ഊന്നുവടിയിലൂന്നിനിൽക്കെ കാറ്റിനു കുളിരേറുന്നു,
ഒരേകാന്തഗ്രാമത്തിനു മേൽ മഞ്ഞിന്റെ മേലാട വീഴുന്നു,
ഒരു നാട്ടുപാലം കടന്നൊരു രൂപം വീടണയുന്നു,
പ്രാക്തനവനത്തിനുമേലൊരു കിഴവൻ കാക്ക ചേക്കയേറുന്നു,
കാട്ടുവാത്തുകളൊരു വരയായി ചക്രവാളത്തിലേക്കു ചായുന്നു.
കറുപ്പു ധരിച്ചൊരു ഭിക്ഷു മാത്രം ശേഷിക്കുന്നു
സന്ധ്യക്കു പുഴയ്ക്കു മുന്നിൽ നിശ്ചലധ്യാനത്തിൽ.


5


വാഴയിലയിൽ മഴത്തുള്ളികൾ

നിങ്ങൾ വൃദ്ധനും ജരാധീനനുമായിക്കഴിയുമ്പോൾ
ഏതു നേർത്ത ശബ്ദവും നിങ്ങളെ തട്ടിയുണർത്തും;
എന്റെ വിളക്കു മുനിഞ്ഞുകത്തുന്നു,
ഒരന്തിമഴ പെയ്തുതോരുന്നു,
തലയിണയൊതുക്കിവച്ച്
വാഴയിലകളിൽ മഴവെള്ളമിറ്റുന്നതു
മൗനമായി ഞാൻ കേട്ടുകിടക്കുന്നു.
ഈ നിമിഷത്തിന്റെ അനുഭൂതികൾ
ആരുമായി ഞാൻ പങ്കുവയ്ക്കാൻ?


6


മനുഷ്യലോകം വിട്ടാണെന്റെ ജീവിതമെങ്കിൽ
അതിലെന്നെപ്പഴിക്കേണ്ട;
തൃപ്തനാണു നിങ്ങളെങ്കിൽ
ശാന്തിയും നിങ്ങൾക്കുള്ളതു തന്നെ.
പച്ചമലകൾക്കിടയിലൊളിച്ചിരുപ്പില്ല,
മനസ്സിന്റെ ചെന്നായ്ക്കളും കടുവകളുമെന്നാരു കണ്ടു?


7


തെണ്ടിനടക്കൽ

പുല്ലു തലയിണയാക്കി
തുറന്ന പാടത്തു ഞാൻ കിടന്നു,
ആകെ കേട്ട ശബ്ദം
ഒരിരപിടിയൻ കിളിയുടെസീൽക്കാരം.
രാജാക്കന്മാർ, സാമാന്യന്മാർ-
ഒരു സായാഹ്നത്തിലെ
സ്വപ്നശകലങ്ങൾ.


8


കാട്ടുപുല്ലുകൾ വകഞ്ഞെത്രകാലം ഞാൻ കഴിച്ചുവെന്നോ,
ആഴക്കയങ്ങളിലേക്കൊരു നോട്ടം കിട്ടാൻ.
പിന്നെയാണു ഗുരു പറഞ്ഞതിന്റെ പൊരുളു ഞാനറിഞ്ഞതും
ജനിച്ച നാട്ടിലേക്കു ഞാൻ മടങ്ങിയതും.
നിങ്ങൾ വിട്ടുപോകുന്നു, നിങ്ങൾ മടങ്ങിയെത്തുന്നു,
ഒക്കെയും പക്ഷേ, പണ്ടേപ്പോലെ ശേഷിക്കുന്നു-
മലമുടി മൂടുന്ന വെണ്മേഘങ്ങൾ,
നിങ്ങളുടെ കാൽക്കലൊഴുകുന്ന ചോലകൾ.


9


വിരലുണ്ടെന്നതിനാൽ
ചന്ദ്രനെ ചൂണ്ടാൻ നിങ്ങൾക്കായെന്നായി,
ചന്ദ്രനുണ്ടെന്നതിനാൽ
വിരലിനെ നിങ്ങൾക്കറിയാമെന്നുമായി.
രണ്ടല്ല, ഒന്നല്ല, വിരലും ചന്ദ്രനും.
ഈ സദൃശവാക്യം പറയുന്നുവെങ്കിൽ
അതു വെളിപാടിലേക്കുള്ള വഴിയായി മാത്രം.
സംഗതികളതേപടി കാണാൻ നിങ്ങൾക്കായാൽ,
ചന്ദ്രനില്ല പിന്നെ, വിരലുമില്ല പിന്നെ.


10


ഈയിടത്തെത്തിയതിൽപ്പിന്നെത്ര തവണ ഞാൻ കണ്ടു,
ഇലകൾ തളിർക്കുന്നതും, പിന്നെ മഞ്ഞിച്ചുകൊഴിയുന്നതും?
വള്ളികൾ ചുറ്റിപ്പടർന്നു കിഴവൻമരങ്ങളിരുളുന്നു,
താഴവരയുടെ തണലിലും മുളകൾ കിളരം വയ്ക്കുന്നു.
രാത്രിമഴയേറ്റെന്റെ ഊന്നുവടി ദ്രവിച്ചു,
കാറ്റും മഞ്ഞും കൊണ്ടെന്റെ ഉടുവസ്ത്രം പിന്നി.
ഈ പ്രപഞ്ചത്തിന്റെ വിപുലശൂന്യതയിൽ
ഞാൻ ധ്യാനിക്കുന്നതാരെ, രാത്രിയും പകലും?


റയോകാന്‍ (1758-1831) - ജാപ്പനീസ് സെന്‍ ഗുരു

link to ryokan


 

Friday, December 30, 2011

ഇക്ക്യു - അസ്ഥികൂടങ്ങൾ


ഈ നേർത്തുകറുത്ത രേഖകൾ വെളിച്ചപ്പെടുത്തുന്നു,
അറിയാനുള്ള നേരൊക്കെയും.

ശിഷ്യരേ,
ഏകാന്തധ്യാനത്തിലുറച്ചിരിയ്ക്കൂ, എങ്കിൽ നിങ്ങളറിയും, ഈ ലോകത്തു പിറക്കുന്നതെന്തും, താനും ജീവിതവുമൊക്കെ, ശുദ്ധശൂന്യമെന്ന്. ശൂന്യത്തിൽ നിന്നുതന്നെ സർവതിനുമാവിർഭാവം. ഈ ആദിമനിരാകാരം തന്നെ ബുദ്ധൻ; ബുദ്ധപ്രകൃതി, ബുദ്ധമനസ്സ്, തഥാഗതൻ, ഗുരു, ദൈവം- ഒരേ ശൂന്യത്തിന്റെ പലേ പേരുകളാണൊക്കെയും. ഇതു ശരിയായി ധരിക്കാതിരിക്കുക, നിങ്ങൾ നരകത്തിൽ ചെന്നുവീഴുന്നു.

നിർവേദം കൊണ്ടു നിറഞ്ഞും, ഈ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ കൊണ്ടു വലഞ്ഞും ഞാനൊരുനാളിറങ്ങിനടന്നു. ഒരു രാത്രിയിൽ ഞാൻ ചെന്നുകേറിയത് ഏകാന്തമായൊരമ്പലത്തിൽ. പൊതുവഴിയിൽ നിന്നകലെ, ഒരു മലയടിവാരത്തിൽ, വിശ്രാന്തിയുടെ വിശാലമായൊരു താഴ്വാരത്താണത്. ചുറ്റും കുഴിമാടങ്ങളായിരുന്നു. പെട്ടെന്നതാ, ദൈന്യം തോന്നിക്കുന്നൊരസ്ഥികൂടം എനിക്കു മുന്നിലാവിർഭവിച്ചു. അതു പറഞ്ഞു:

ലോകം വീശിക്കടന്നുപോകുന്നു,
ശരൽക്കാലത്തിന്റെ വിഷാദവാതം.
പുല്പരപ്പലഞൊറിയുന്നു,
ചതുപ്പിലേക്കു നാമൊഴുകുമ്പോൾ,
കടലിലേക്കു നാമൊഴുകുമ്പോൾ.

സർവതും അവയുടെ ഉറവയിലേക്കു മടങ്ങി ശൂന്യമാവുന്നു. ബോധിധർമ്മൻ ചുമരും നോക്കി ധ്യാനത്തിലിരുന്നു; പക്ഷേ അദ്ദേഹത്തിന്റെ മനസ്സിലുറന്ന ഒരു ചിന്തയും യഥാർത്ഥമായിരുന്നില്ല. ബുദ്ധൻ ധർമ്മഘോഷണം ചെയ്തുനടന്ന അമ്പതു കൊല്ലത്തിന്റെ ഗതിയും ഇതുതന്നെ. ഈ വിധമുള്ള ഉപാധികളിൽ തളയുന്നതല്ല മനസ്സ്.

ഇങ്ങനെ വിവിധതരം ആലോചനകളാൽ മനസ്സസ്വസ്ഥമായപ്പോൾ എനിക്കുറക്കവും നഷ്ടപ്പെട്ടു. പുലർച്ചയോടടുപ്പിച്ച് ഞാനൊന്നു മയങ്ങി. സ്വപ്നത്തിൽ ഒരുപറ്റം അസ്ഥികൂടങ്ങൾ എനിക്കു ചുറ്റും കൂട്ടം കൂടി. ഒരസ്ഥികൂടം എനിക്കടുത്തു വന്ന് ഇങ്ങനെ പറഞ്ഞു:

ഓർമ്മകൾ പാഞ്ഞുപോകുന്നു,
കാണാതെയാവുന്നു:
അർത്ഥശൂന്യമായ
പൊള്ളക്കിനാക്കളാണൊക്കെയും.
*
യാഥാർത്ഥ്യത്തെ ധിക്കരിക്കുക,
ദൈവം, ബുദ്ധനെന്നൊക്കെപ്പുലമ്പുക,
നേരായ വഴി പിന്നെ നിങ്ങൾ കാണുകയുമില്ല.
*
നിങ്ങൾ ശ്വാസമെടുക്കുന്നുണ്ട്,
കൈകാലുകൾക്കനക്കമുണ്ട്,
അതിനാൽ തുറസ്സിൽ കിടക്കുന്ന ശവമല്ല
നിങ്ങളെന്നും പറയാം.

ഈ അസ്ഥികൂടവുമായി എനിക്കൊത്തുപോകാനായി. സത്യമന്വേഷിച്ചു ലോകം വെടിഞ്ഞതാണയാൾ; ഓളപ്പരപ്പിൽ നിന്നാഴക്കയത്തിലേക്കയാൾ പോയിരിക്കുന്നു. കാര്യങ്ങളെ അവയുടെ സ്വരൂപത്തിൽത്തന്നെ അയാൾ കാണുന്നു. ഞാനവിടെ അങ്ങനെ കിടന്നു, പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും, മുഖത്തു നൃത്തം വയ്ക്കുന്ന ശരത്കാലനിലാവിനെ കണ്ടും.

എന്തുണ്ട്, സ്വപ്നമല്ലാതെ? ആരുണ്ട്, ഒരസ്ഥികൂടമായൊടുങ്ങാതെ? തൊലിയിൽ പൊതിഞ്ഞ്, ആണും പെണ്ണുമായി നാം കാണപ്പെടുന്നു; ഒരാൾ മറ്റൊരാൾക്കു പിന്നാലെ ആർത്തി പിടിച്ചോടുന്നു. പ്രാണൻ നിലയ്ക്കുമ്പോൾപ്പക്ഷേ, തൊലി വെടിയ്ക്കുന്നു, ലിംഗഭേദം മറയുന്നു, ഉയർച്ചതാഴ്ചകളില്ലാതാവുന്നു. ഈ നിമിഷം നാം താലോലിക്കുന്ന വ്യക്തിയുടെ തൊലിയ്ക്കടിയിൽ വെറുമൊരുപിടി എല്ലുകളേയുള്ളു. ഒന്നോർത്തുനോക്കൂ- ഉയർന്നതും താഴ്ന്നതും, കുട്ടിയും വയസ്സനും, ആണും പെണ്ണും ഒക്കെ ഒന്നുതന്നെ. ഈ മഹാരഹസ്യത്തിലേക്കൊന്നുണരൂ, അക്ഷണം നിങ്ങൾക്കു ഗ്രഹിക്കാറാവും, ‘ജന്മമരണരഹിതം’ എന്നാലെന്താണെന്ന്.

മരിച്ചവർക്കോർമ്മക്കല്ലു വയ്ക്കാൻ
കൃഷ്ണശിലകൾ വേണമെന്നാണെങ്കിൽ,
അതിലും നല്ല തലക്കല്ലല്ലേ, ഒരമ്മിക്കുഴവി?

ശരിക്കും ഭയം ജനിപ്പിക്കുന്ന ജീവികൾ തന്നെ മനുഷ്യർ.

മേഘങ്ങളില്ലാത്ത മാനത്ത്
തെളിഞ്ഞും വിളങ്ങിയും പൂർണ്ണചന്ദ്രൻ.
ലോകത്തിന്നിരുട്ടിൽ നാം
തപ്പിത്തടയുകയാണെന്നാൽ.

ഒന്നു സൂക്ഷിച്ചുനോക്കൂ- ശ്വാസം നിർത്തൂ, ചർമ്മമൂരിമാറ്റൂ, സർവരും കാണാനൊരുപോലെ. എത്രകാലം നിങ്ങൾ ജീവിച്ചാലും ഫലം മാറുന്നില്ല. ‘ഞാനുണ്ട്’ എന്ന ധാരണയൊക്കെ വലിച്ചെറിയൂ. കാറ്റു പിടിച്ച മേഘങ്ങൾക്കു നിങ്ങൾ സ്വയം വിട്ടുകൊടുക്കൂ.

ഒരു സ്വപ്നമീ ലോകമെങ്കിൽ
സ്വപ്നം പോലതു പോയി മറഞ്ഞോട്ടെ;
അതിൻ പേരിലെന്തിനീ വേവലാതി?

നിങ്ങളുടെ ജീവിതാവധി നിശ്ചിതമായിരിക്കെ, അതൊന്നു നീട്ടിക്കിട്ടാൻ ദൈവങ്ങളോടു നിവേദനം ചെയ്തിട്ടെന്തു ഫലം? ജീവിതവും മരണവുമെന്ന മഹാസത്യത്തിൽ മനസ്സർപ്പിക്കൂ, ജീവിതം മരണത്തിലവസാനിക്കും: അതാണു ലോകഗതി.

ജീവിതത്തിലെ വിപര്യയങ്ങൾ,
ദുഃഖപൂർണ്ണമാണവയെങ്കിലും,
നമ്മെ പഠിപ്പിക്കുന്നു,
ഒഴുകുന്ന ഈ ലോകത്തിൽ
അള്ളിപ്പിടിക്കാതിരിക്കാൻ.
*
ഒരു പാടും വയ്ക്കാതെ
മാഞ്ഞുപോകുന്ന എലുമ്പിൻക്കൂട്ടം
അതിനെ പട്ടും മാലയുമണിയിക്കുന്ന-
തെന്തിണാണാളുകൾ?
*
ഇരുന്നിടത്തേക്കു മടങ്ങുമീയുടൽ.
തിരഞ്ഞുപോവുകയുമരുത്,
തിരഞ്ഞാൽ കിട്ടാത്തതിനെ.
*
ജനനത്തിന്റെ പ്രകൃതിയാരറിയാൻ?
ഉറവിലേക്കു മടങ്ങുന്നു നാം,
പൊടിയായി മാറുന്നു നാം.
*
മലയുടെ മുകളിലേക്കു
വഴികളേറെ;
മുകളെത്തിയാൽപ്പക്ഷേ,
എല്ലാരും കാണുന്ന-
തൊരേ ചന്ദ്രനെ.
*
യാത്രയ്ക്കൊടുവിൽ
വിശ്രമിക്കാനിടമില്ലെങ്കിൽപ്പിന്നെ,
വഴി തെറ്റുമോയെന്നു
ഭയക്കുകയും വേണ്ട നാം.
*
തുടക്കമില്ല, ഒടുക്കമില്ല;
ജനിച്ചതും മരിച്ചതും
നമ്മുടെ മനസ്സ്:
ശൂന്യത്തിന്റെ ശൂന്യം.
*
അഴിച്ചുവിടൂ,
മനസ്സു വഴി വിട്ടു പായും;
പിടിച്ചുനിർത്തൂ,
അതിനെ വേണ്ടെന്നും വയ്ക്കാം.
*
മഴ, മഞ്ഞ്, ആലിപ്പഴം:
ഒക്കെയും വെവ്വേറെ.
വീഴുമ്പോൾപ്പക്ഷേ,
ഒരേ പുഴവെള്ളം.
*
പൈനിലകൾ വാരിമൂടി
പോന്ന വഴി മറയ്ക്കുക;
എവിടെ നിങ്ങളിരിയ്ക്കുമിടമെ-
ന്നറിയാതെ പോകട്ടെ ലോകം.
*
എത്ര വ്യർത്ഥം,
ചുടുകാട്ടിലെ ചടങ്ങുകൾ.
വിലപിക്കുന്നവരറിയുന്നില്ലേ,
വരുമൂഴം തങ്ങളുടേതെന്ന്?
*
‘ജീവിതം നശ്വരം!’
ചിത പുകയുമ്പോൾ
നാമോർക്കുന്നു;
എന്നറിയും നാം പക്ഷേ,
അതേ വഞ്ചിയിലാണു നാമെന്ന്?
*
ഒക്കെയും വ്യർത്ഥം!
ദൃഢഗാത്രനൊരു ചങ്ങാതി,
ഇന്നു രാവിലെ;
ചിതയിലെ പുകച്ചുരുൾ,
ഇന്നു സന്ധ്യക്ക്.
*
എത്ര ദാരുണം!
കാറ്റു വീശിയകറ്റുന്നു,
ചിതയിലെ പുകച്ചുരുൾ.
*
കത്തിച്ചാലതു ചാരമാവുന്നു,
കുഴിച്ചിട്ടാൽ മണ്ണാവുന്നു.
നാം ശേഷിപ്പിച്ചുപോകുന്നതു
നാം ചെയ്തുവച്ച പാപങ്ങളോ?
*
ഇങ്ങനെയാണു ലോകത്തിന്റെ പ്രകാരം. ലോകത്തിന്റെ നശ്വരതയെക്കുറിച്ചു ഗ്രാഹ്യമില്ലാത്തവർ അതു കണ്ടു ചകിതരാവുകയും, ആശ്ചര്യപ്പെടുകയും ചെയ്യുന്നു. ചുരുക്കം പേരേ ഇന്നു ബുദ്ധമാർഗ്ഗത്തിലുള്ളു. ആശ്രമങ്ങൾ മിക്കവയും ശൂന്യം. ഗുരുക്കന്മാർ അജ്ഞന്മാരായിരിക്കുന്നു; അവർ ധ്യാനം ശല്യമെന്നു കരുതി ഉപേക്ഷിച്ചിരിക്കുന്നു. ധ്യാനത്തിലല്ല, ക്ഷേത്രം മോടിപ്പെടുത്തുന്നതിലാണവർക്കു ശ്രദ്ധ. വെറും ജാടയാണവരുടെ ധ്യാനം; അവർ ഭിക്ഷുക്കളെന്ന വേഷം കെട്ടുന്നതേയുള്ളു- അവരുടെ സന്ന്യാസവേഷം പീഡനത്തിന്റെ കനത്ത പടച്ചട്ടയായേക്കാം ഇനിയൊരു നാൾ.

സംസാരചക്രത്തിൽ ജന്മമെടുക്കുക എന്നതു നരകത്തിലേക്കു നയിക്കുന്നു; ദുരാർത്തി വിശപ്പടങ്ങാത്ത ഭൂതമായി നിങ്ങൾക്കു പുനർജ്ജന്മം നൽകുന്നു; അജ്ഞത അടുത്ത ജന്മത്തിൽ നിങ്ങളെ മൃഗമാക്കുന്നു; കോപം പിശാചാക്കുന്നു. ഉപദേശങ്ങളെ പിൻപറ്റുക, മനുഷ്യജന്മം നിങ്ങൾക്കു കിട്ടും. നല്ലതു ചെയ്യുക, ദേവകളുടെ തലത്തിലേക്കു നിങ്ങളുയരും. ഈ ആറു മണ്ഡലങ്ങൾക്കും മുകളിൽ ബുദ്ധന്മാരുടെ മണ്ഡലങ്ങൾ നാലുണ്ട്; അങ്ങനെ പത്തായിട്ടാണ്‌ അസ്തിത്വത്തിന്റെ വിന്യാസം. എന്നാൽ ബോധോദയത്തിന്റെ മുഹൂർത്തത്തിൽ നിങ്ങൾക്കു വെളിപ്പെടുന്നു, അവ രൂപരഹിതങ്ങളാണെന്ന്, അവയ്ക്കിടനിലകളില്ലെന്ന്, അവയെ വെറുക്കുകയോ, ഭയക്കുകയോ, ആഗ്രഹിക്കുകയോ ചെയ്യേണ്ടതില്ലെന്ന്. അസ്തിത്വമെന്നാൽ വിശാലമായ ആകാശത്തു പാറിപ്പോകുന്ന ഒരു മേഘത്തുണ്ടു പോലെയേയുള്ളു, വെള്ളത്തിലെ നുര പോലെയേയുള്ളു. മനസ്സിൽ ഒരു ചിന്തയും അങ്കുരിക്കുന്നില്ല, അതിനാൽ യാതൊന്നും സൃഷ്ടമാവുന്നുമില്ല. സംശയിക്കേണ്ട, മനസ്സും വസ്തുവും ഒന്നുതന്നെ, ഒരേപോലെ ശൂന്യവും.

അഗ്നി പോലെയാണു മനുഷ്യജന്മം- അമ്മയച്ഛന്മാരായ അരണികൾക്കു പിറക്കുന്ന തീപ്പൊരിയാണു മനുഷ്യശിശു. അമ്മയച്ഛന്മാരും എരിഞ്ഞടങ്ങുന്നു - ഒക്കെയും ശൂന്യത്തിൽ നിന്നു പിറന്നവ. രൂപങ്ങളിൽ നിന്നു സ്വയം മുക്തനാവൂ, സത്തയുടെ ആദിമാധാരത്തിലേക്കു മടങ്ങൂ.

ചെറിമരം വെട്ടിപ്പിളർന്നാൽ
പൂക്കളെവിടെ?
വസന്തമെത്തുമ്പോൾപ്പക്ഷേ,
പൂക്കളാണെങ്ങും.
*
ഒരു പാലവും വേണ്ടാതെയല്ലേ,
മേഘങ്ങളുയരത്തിലെത്തി?
തുണയ്ക്കായവയ്ക്കു വേണ്ട,
ഒരു ബുദ്ധന്റെ സാരോപദേശവും.

ഗൗതമബുദ്ധൻ അമ്പതു കൊല്ലം ധർമ്മം പ്രസംഗിച്ചു നടന്നു; ഒരിക്കൽ ശിഷ്യകാശ്യപൻ അദ്ദേഹത്തിന്റെ ഉപദേശങ്ങളിലേക്കുള്ള സൂചകമെന്തെന്നു ചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞു, ‘തുടക്കം മുതലൊടുക്കം വരെ ഒരു വാക്കും ഞാനുരിയാടിയിട്ടില്ല.’ എന്നിട്ടദ്ദേഹം ഒരു പൂവെടുത്തു കാട്ടി. കാശ്യപൻ അതു കണ്ടു മന്ദഹസിച്ചു; ബുദ്ധൻ പൂവെടുത്തു കാശ്യപനു നൽകിക്കൊണ്ടു പറഞ്ഞു, ‘നിത്യസത്യത്തിന്റെ ആശ്ചര്യമാനസം നിനക്കു സ്വന്തം.’ ‘അങ്ങെന്താണർത്ഥമാക്കുന്നത്?’ കാശ്യപൻ ചോദിച്ചു. ബുദ്ധൻ പറഞ്ഞു, ‘എന്റെ അമ്പതു കൊല്ലത്തെ പ്രബോധനത്തിനിടയിൽ നിന്നെ മാടിവിളിയ്ക്കുകയായിരുന്നു ഞാൻ, സമ്മാനം തരാമെന്നു കൊതിപ്പിച്ച് ഒരു കുഞ്ഞിനെ കൈകളിലേക്കു വശീകരിച്ചുവരുത്തുന്നപോലെ.‘

ഈ ധർമ്മപുഷ്പത്തെ ഭൗതികമോ, മാനസികമോ, വാചികമോ ആയി വിവരിക്കാനാവില്ല. അതു വസ്തുവോ, ആത്മാവോ അല്ല. അതു വിജ്ഞാനമല്ല. നമ്മുടെ ധർമ്മം ഭൂതഭാവിവർത്തമാനകാലങ്ങളിലെ ബുദ്ധന്മാരെയൊക്കെ വഹിക്കുന്ന ഏകയാനമത്രെ. അതിലുണ്ട്, ഇരുപത്താറു ഭാരതീയഗുരുക്കുന്മാരും, ആറു ചീനഗുരുക്കന്മാരും. അതത്രേ, സത്തയുടെ ആദിമാധിഷ്ഠാനം. ഒന്നിനും തുടക്കമില്ല, അതിനാൽ തന്നിൽത്തന്നെയടങ്ങുന്നവയാണൊക്കെയും. ആറിന്ദ്രിയങ്ങൾ, നാലു കാലങ്ങൾ, നാലു മഹാഭൂതങ്ങൾ എല്ലാം ഉല്പത്തിയാവുന്നതു ശൂന്യത്തിൽ; ചിലരേ അതറിയുന്നുള്ളു. വായു, ശ്വാസം; അഗ്നി, ചലനം; ജലം, രക്തം; ദേഹം എരിക്കുകയോ, കുഴിച്ചിടുകയോ ചെയ്യുമ്പോൾ അതു മണ്ണുമാവുന്നു. ഈ ഭൂതങ്ങളും പക്ഷേ ആരംഭമില്ലാത്തവയും, അതിനാൽ നിലനിൽക്കാത്തവയുമാണ്‌.

ഈ ലോകത്തു സർവ്വതും
അയഥാർത്ഥം;
മരണം തന്നെയും
മായ.
*
മായ നമ്മെ വ്യാമോഹിപ്പിക്കുന്നു, ദേഹം മരിച്ചാലും ആത്മാവു ശേഷിക്കുമെന്ന്. പരമാബദ്ധമാണത്. ശരീരവും ആത്മാവും ഒരേപോലെ നശിക്കുമെന്ന് ജ്ഞാനം ലഭിച്ചവൻ പറയുന്നു. ’ബുദ്ധൻ‘ എന്നാൽ ശൂന്യം. എമ്പതിനായിരം വേദഗ്രന്ഥങ്ങൾ മാറ്റിവച്ചിട്ട്, ഈയൊരു ചെറുഗ്രന്ഥത്തിൽ ഒക്കെയും ഞാൻ സംക്ഷേപിച്ചിരിക്കുന്നു. നിങ്ങൾക്കിതു വലുതായ ആനന്ദം വരുത്തും.

മറ്റൊരാൾക്കു വായിക്കാൻ
എഴുതിവച്ചിട്ടുപോവുക:
അതുമൊരു സ്വപ്നം.
ഉണരുമ്പോൾ ഞാനറിയുന്നു,
വായിക്കാനാരുമില്ലെന്ന്.


ഇക്ക്യു (1394-1481) - ജാപ്പനീസ് സെൻഗുരു.


 

Wednesday, December 14, 2011

ഇക്ക്യു - സെൻ കവിതകൾ


രാത്രിയ്ക്കു രാത്രിയുറങ്ങാതിരിയ്ക്കൂ,
നിങ്ങൾക്കു മാത്രമായുള്ള രാത്രിയിൽ.

*

മുട്ടുകുത്തിക്കിടന്നു പ്രാർത്ഥിച്ചോളൂ;
എന്തിന്‌? നാളെ ഇന്നലെയായി.

*

എത്ര തവണ ഞാൻ നിങ്ങളോടു പറഞ്ഞതാണ്‌,
ഒരു വഴിയുമില്ല,
നിങ്ങളായതല്ലാതെയാവാനെന്ന്.

*
ദാഹിക്കുമ്പോൾ നിങ്ങൾ
തണുത്ത വെള്ളം സ്വപ്നം കാണും,
തണുക്കുമ്പോൾ തീയും.
എനിക്കു വേണ്ടതൊരു പെണ്ണിന്റെ നനവും,
ഉറച്ച മുലകളുടെ ചൂടും.

*

എനിക്കു ജീവനുണ്ടെന്നേ!
ശരിതന്നെ.
ചവിട്ടിനടക്കുന്ന എല്ലിൻകഷണങ്ങളെ
കാണാറുമില്ല നാം.

*

ഒരു കുഞ്ഞുപാവയ്ക്കുള്ളിടമേ,
ആ കുടത്തിനുള്ളു;
അച്ഛന്റെ ചിതാഭസ്മമാണതിനുള്ളിൽ.

*

തേവിടിശ്ശിത്തെരുവിനറ്റത്തൊരു
കൂരയിലാണെന്റെ വാസം.
ഞാൻ, ശരൽക്കാലം, ഒരൊറ്റവിളക്ക്.

*

എനിക്കു മുളകളിഷ്ടം,
മനുഷ്യരതു ചെത്തി
ഓടക്കുഴലാക്കുന്നതിനാൽ.

*

എന്റെ സെന്നിനൊറ്റ വരി,
നീറുന്ന മുറിവിൽ
തറയ്ക്കുന്ന മുള്ളുപോലെ.

*

ആരുമറിയുന്നില്ല,
ഞാനൊരു കൊടുങ്കാറ്റാണെന്ന്,
മലമുകളിലെ പുലരിയാണെന്ന്,
നഗരത്തിനു മേൽ സന്ധ്യയാണെന്ന്.

*

ഒരു സൂചിമുനയിൽ
പെരുവിരലൂന്നിനിൽക്കൂ,
വെയിലത്തു തിളങ്ങുന്ന
മണൽത്തരി പോലെ.

*

എന്റെ മരണക്കിടക്കയ്ക്കരികിൽ
ബുദ്ധൻ വന്നു മുട്ടുകുത്തിയാലും,
പുല്ലോളം മതിയ്ക്കില്ല ഞാനയാളെ.



ഇക്ക്യു - (1394-1481)


ഇക്ക്യുവിന്റെ മറ്റു കവിതകൾ

Sunday, September 4, 2011

ഗെൻസെയ് - ഒരു തരവുമല്ലാത്ത ഒരു കവിത

File:'Wheat, Poppies, and Bamboo' by Kano Shigenobu.jpg


വടിയുമിഴച്ചു വളപ്പിനതിരിലേക്കു ഞാൻ ചെന്നു,
കടമ്പയ്ക്കപ്പുറം ഭിക്ഷുവിനെ ഞാൻ നീട്ടിവിളിച്ചു.
അമ്മയോടൊപ്പം ഒരു പാത്രം ചായ,
അന്യോന്യം നോക്കിയിരുന്നും, ഒരുമിച്ചു ചായ നുകർന്നും.
ഇടവഴികളിലാളുകൾ ചുരുക്കം,
തലവെട്ടം കണ്ടാൽ നായ കുരയ്ക്കുന്നുമുണ്ട്.
പാലം പാകിയ പലകകളൊഴുക്കെടുത്തുപോയിരിക്കുന്നു;
ചെരുപ്പുകൾ ചുമലിലേറ്റി തോടു നാം മുറിച്ചുകടന്നു.
വഴിയരികിലൊരു കുഞ്ഞിപ്പന്തൽ:
നമ്മുടെയവധൂതഭാവത്തിനതിണങ്ങുന്നുമുണ്ട്.
ജീവിതത്തിന്റെ മർമ്മമെന്നാൽ,
എത്രകൊണ്ടു മതിയാവുമെന്നറിയുക-
സ്വർഗ്ഗത്തെ ചിരഞ്ജീവികളോടെന്തിനസൂയ?
ഒരു ഹൃദയത്തിലൊതുങ്ങുന്ന സന്തോഷമുണ്ടെങ്കിലതുമതി,
ഭൂമിയ്ക്കുമാകാശത്തിനുമിടയിലെ സ്ഥലരാശി നിറയ്ക്കാൻ.


ഗെൻസെയ് (1623-1668) - ജാപ്പനീസ് സെൻ കവി


link to image


Thursday, July 21, 2011

ജാപ്പനീസ് കവിതകൾ, സ്ത്രീകളുടെ

File:Jo-no-mai by Uemura Shoen.jpg


ഹൊരിക്കാവാ പ്രഭ്വി (പന്ത്രണ്ടാം നൂറ്റാണ്ട്)


ഇന്നെന്ന പോലെന്നും സ്നേഹിക്കുമോ
അവനെന്നെ?
അവന്റെയുള്ളെനിക്കറിയില്ല.
ആകെയുലഞ്ഞതാണെന്റെ ചിന്തകൾ,
ഈ അഴിഞ്ഞ മുടി പോലെ.


ചിയോ(1703-1775)


വസന്തമായിട്ടില്ല,
കല്ലുകളിൽ മഞ്ഞു മാഞ്ഞിട്ടുമില്ല-
എന്നിട്ടുമെത്ര  കയ്ക്കുന്നു
ചുംബനങ്ങൾ.

*
ഒരിക്കലെന്നെക്കാൾ മൂത്തതായിരുന്നു
എന്റെയമ്മച്ഛന്മാർ;
അതേ കുട്ടികൾ തന്നെ
ചീവീടുകളിന്നും.



ഐസേ പ്രഭ്വി (875-938)

വസന്തകാലമൂടൽമഞ്ഞിൽ
യാത്രയാവുന്നു കാട്ടുവാത്തുകൾ;
അവ പഠിച്ചിരിക്കുന്നുവോ,
പൂ വിടരാത്ത നാട്ടിൽ ജീവിക്കാൻ?

*
“എനിക്കറിയാ”മെന്നതു പറയുമോയെന്നു ശങ്കിച്ചു
തലയിണ വയ്ക്കാതെ നാമുറങ്ങി;
എന്നിട്ടും പക്ഷേ പൊടി പോലെ പാറുകയാ-
ണെന്റെ വിശേഷങ്ങളീ നാട്ടിലെങ്ങും.

*
പൊളിച്ചു പണിയുകയാണവർ,
നഗരായിലെ പഴയ പാലം;
പിന്നെയൊന്നും ശേഷിക്കില്ല,
എന്നെപ്പോലെയെന്നു പറയാൻ.



ഇസുമി ഷികിബു (പത്താം നൂറ്റാണ്ട്)


മറ്റൊരാളായിരുന്നു,
ചന്ദ്രൻ പുലരി കടക്കുമ്പോൾ
ഇതേ ആനന്ദമൂർച്ഛയോടെ
ആകാശം നോക്കിനിന്നവൾ.

*

ഒരിക്കൽ നീ പറഞ്ഞു,
നീ ചന്ദ്രനെ നോക്കുന്നതു
ഞാൻ കാരണമെന്ന്;
ഇന്നു ഞാൻ തന്നെ വന്നിരിക്കുന്നു,
നീ പറഞ്ഞതു സത്യമോയെന്നറിയാൻ.

*

എനിക്കെന്നെ അറിയാതായിരിക്കുന്നു
ആ രാത്രി കഴിഞ്ഞതിൽപ്പിന്നെ.
അന്യദേശങ്ങളിൽ പോവുകയാണു ഞാൻ,
അന്യശയ്യകളിലുറങ്ങുകയുമാണു ഞാൻ.

*

നാരകത്തിന്നിലകൾ പൊയ്ക്കഴിഞ്ഞു,
തണുത്ത രാത്രിയും മഞ്ഞുമഴയും
അവ പറിച്ചുകളഞ്ഞു.
മലകളെ നോക്കിനിൽക്കാൻ
ഇന്നലെത്തന്നെ നമ്മൾ പോയിരുന്നെങ്കിൽ!

*

നിനക്കു വരാൻ നേരമില്ലെങ്കിൽ
ഞാൻ പോകും.
കവിതയെഴുതുന്ന വഴി എനിക്കു പഠിക്കണം,
നിന്നിലേക്കുള്ള വഴിയായി.

*

നിനക്കെന്നെ സ്നേഹമെങ്കിൽ,
വരൂ.
എന്റെ വീടു നിൽക്കുന്ന വഴി വിലക്കിയിട്ടില്ല,
പ്രചണ്ഡമനസ്സുകളായ ദേവന്മാർ.

*


ഈ ഹേമന്തരാത്രിയിൽ
മഞ്ഞു കൊണ്ടെന്റെ കണ്ണു മൂടി.
പ്രഭാതമിഴഞ്ഞെത്തും വരെ
ഇരുട്ടത്തു ഞാൻ തുഴഞ്ഞു.

*

ഒരു നിമിഷം ജീവിച്ചിരിക്കില്ല
ഞാനീ ലോകത്ത്,
കരിമുള പോലെ
ശോകം കനക്കുമിവിടെ.


ഓനോ നോ കോമാച്ചി (ഒമ്പതാം നൂറ്റാണ്ട്)


സ്വപ്നത്തിന്റെ വഴികളിലൂടെത്ര തവണ ഞാൻ നടന്നിരിക്കുന്നു,
കൺകുളിർക്കെ നിന്നെത്തന്നെ കാണാൻ.
ഈ യഥാർത്ഥലോകത്തൊരു നോക്കു നിന്നെക്കണ്ടെങ്കിൽ
അതെത്ര വ്യത്യസ്തവുമാകുമായിരുന്നു.



മുരാസാകി

ആരോ കടന്നുപോകുമ്പോൾ
അതവനോയെന്നു ഞാൻ ശങ്കിച്ചു:
പാതിരാച്ചന്ദ്രനെ
മൂടിക്കഴിഞ്ഞു മേഘങ്ങൾ.


ഗെയ്ഷാഗാനങ്ങൾ


സ്നേഹിക്കുന്ന പുരുഷനായി ഞാൻ
സാകി പകർന്നു;
അവനതു തീർക്കും മുമ്പേയെന്റെ മുഖം ചുവന്നു,
ചെറിപ്പൂക്കൾ പോലെ.

*

എനിക്കും നിനക്കും കിടപ്പൊരു മുട്ടയ്ക്കുള്ളിൽ,
വെള്ളക്കരു പോലെ നിന്നെപ്പൊതിയുമെന്റെയുടൽ.


link to image


Saturday, July 9, 2011

സെൻ കവിതകൾ -2

File:Huineng-tearing-sutras.svg


ഷോയിച്ചി (1202-80)


ഇതു സർവജ്ഞവൃത്തം.
അകമില്ല, പുറമില്ല.
വെളിച്ചമില്ല, നിഴലില്ല.
പുണ്യാത്മാക്കൾ സർവരും
പിറവിയെടുത്തതുമിതിൽ.



ഡെയ്ത്തോ (1282-1337)

ബുദ്ധന്മാരെയും ഗുരുക്കന്മാരെയുമരിഞ്ഞുവീഴ്ത്താൻ
മൂർച്ച കൂട്ടിയ വാളിൽ ഞാൻ പിടി മുറുക്കുന്നു.
എന്റെ പാടവമൊന്നു കണ്ടതും
ശൂന്യത കൊമ്പു കുത്തുന്നു!



ഗീദോ (1325-88)

എഴുപത്തിരണ്ടാണ്ടു കാലം
മൂരിക്കുട്ടനെന്റെ വരുതിയ്ക്കു നിന്നു.
ഇന്നു ഞാവൽ വീണ്ടും പൂവിടുമ്പോൾ
മഞ്ഞത്തലഞ്ഞു നടക്കാൻ
ഞാനവനെ അഴിച്ചുവിടുന്നു.



തോസൂയി (?-1683)

വക്കു പൊട്ടിയ കിണ്ണവും പിഞ്ഞിക്കീറിയ തുണിയുമായി
ജീവിതം സുഖമായൊഴുകുന്നു.
ആരവം കൊണ്ട ലോകത്തിനാരു കാതോർക്കുന്നു?
വിശപ്പും ദാഹവുമകറ്റുക: അതേ എനിക്കുന്നം.



മൻസായി (1635-1714)

ഒരു നിമിഷമൊന്നിരുന്നാൽ
ഒരിഞ്ചു നീളത്തിൽ ബുദ്ധനായി.
ചിന്തകൾ വന്നുപോകട്ടെ,
മിന്നൽ പോലെ.
മനസ്സിന്റെ കയങ്ങളിലേ-
ക്കൊരു ക്ഷണമൊന്നു നോക്കൂ:
മറ്റൊന്നുമില്ലുള്ളതായി.


റിയോകാൻ (1757-1831)


പേരെടുക്കണമെന്നില്ലെനിക്ക്,
എന്റെ പ്രകൃതമതിന്റെ വഴിക്കൊഴുകട്ടെ.
പത്തു നാളത്തേക്കുള്ളരി സഞ്ചിയിലുണ്ട്,
ഒരു കെട്ടു വിറകടുപ്പിൻ മൂട്ടിലുമുണ്ട്.
മായയെന്നും നിർവാണമെന്നുമൊക്കെപ്പുലമ്പാൻ
ആർക്കു നേരം?
ഓലപ്പുര മേൽ രാത്രിമഴ പെയ്യുമ്പോൾ
അതു കാതോർത്തു ഞാനിരിക്കുന്നു,
സുഖം പിടിച്ചിരുകാലും നീട്ടി.



ഷുടാക്കു

ധർമ്മത്തിന്റെ ദേശത്തു മനസ്സിനെ കെട്ടഴിച്ചുവിട്ട്,
നിലാവു നിറയുന്ന ജനാലയ്ക്കൽ ഞാനിരിക്കുന്നു,
കാതു കൊണ്ടു മലകളെക്കണ്ട്,
കണ്ണു കൊണ്ടരുവിയെക്കേട്ടും.
ഓരോ അണുവും നിത്യപ്രമാണമുദ്ധരിക്കുന്നു,
ഓരോ നിമിഷവും നിത്യസൂത്രമുരുവിടുന്നു.
കാലമറ്റതാണേതു ക്ഷണികചിന്തയും,
ഒരു മുടിയിഴ മതി കടലു കടയാനും.



തെഷു

ഗർഭത്തിൽക്കിടക്കുമ്പോഴേ
ദേഹമായയ്ക്കു ജ്വരമായ പിടിച്ചു;
ഏതു മരുന്നു കൊടുത്തതിനെ സുഖപ്പെടുത്തും?
ബോധിവൃക്ഷത്തിൽ നിന്നൊരില പറിച്ചു തിന്നില്ലെങ്കിൽ
കർമ്മബന്ധം കൊണ്ടു നശിക്കും നിങ്ങൾ.



റിയുഷു (1308-88)

എന്തിനു നിയമത്തിനടിമയാവണം?
പൊൻതുടൽ പൊട്ടിച്ചെറിഞ്ഞു
മനക്കരുത്തോടിറങ്ങെന്നേ,
അസ്തമയപ്രഭയിലേക്ക്.



ദെയിച്ചി (1290-1366)

ഓരോ ജീവനുമുണ്ടായുസ്സോരോന്ന്:
നൂറു കൊല്ലം, മുപ്പത്താറായിരം ദിവസം.
പൂക്കാലമൊടുങ്ങുവോളം
പൂമ്പാറ്റ സ്വപ്നം കണ്ടിരിക്കും.



ദെയ്ഗു

ഇവിടെയാരുടെയും ചിന്തയിലില്ല പേരും പണവും,
തെറ്റും ശരിയുമെന്നുള്ള വർത്തമാനങ്ങളുമില്ല.
ശരൽക്കാലത്തിലിലയടിഞ്ഞ പുഴത്തടം ചികഞ്ഞിരിക്കും ഞാൻ,
വസന്തത്തിൽ കുയിലുകൾക്കു പ്രിയശ്രോതാവുമാകും.


link to image


Monday, July 4, 2011

നിപ്പൺ പ്രണയകവിതകൾ

File:Oda Kaisen Bo Tao colors on silk hanging scroll Rakuto Ihoku-kan.jpg


1

ഉരലിൽ പെരുമാറി
തഴമ്പിച്ചതാണെന്റെ കൈകളെങ്കിലും
ഇന്നു രാത്രിയിലുമെന്റെ യജമാനന്റെ മകൻ വരും
ഇടറിയ നെടുവീർപ്പുമായവയെക്കടന്നുപിടിയ്ക്കാൻ.

(എട്ടാം നൂറ്റാണ്ട്)


2

ഉറയൂരിയൊരുടവാൾ
ഉടലോടടുക്കിപ്പിടിച്ചെന്നു
ഞാനിന്നലെ സ്വപ്നം കണ്ടു;
വൈകില്ല നീ വരാനെന്നല്ലേ,
ഞാനതിനെ വ്യാഖ്യാനിക്കേണ്ടു?

(കാസാ പ്രഭ്വി - എട്ടാം നൂറ്റാണ്ട്)


3

കടലോരത്തിടിവെട്ടിക്കൊ-
ണ്ടാഞ്ഞടിക്കും തിര പോലെ
എന്നെപ്പേടിപ്പെടുത്തുവോനേ നിന്നി-
ലെൻ പ്രേമമെത്രയചഞ്ചലമേ.

(കാസാ പ്രഭ്വി - എട്ടാം നൂറ്റാണ്ട്)


4
മുളയിലകളിലാലിപ്പഴ-
മൊച്ചപ്പെടുന്ന രാത്രികളിൽ
ഒറ്റയ്ക്കുറങ്ങാൻ വെറുപ്പാണെനിയ്ക്ക്.

(ഇസുമി ഷിക്കിബു - പത്താം നൂറ്റാണ്ട്)


5
അന്യോന്യമൊന്നും നല്കാതെ
ദീർഘിച്ച ഹേമന്തമൊന്നു കഴിച്ചതിൽപ്പിന്നെ
അന്യോന്യം നാം കൂട്ടിമുട്ടുന്നു,
കൈകളിൽ പൂക്കളുമായി.

(ചിയോ -1703-1775)


link to image


Wednesday, June 1, 2011

ഷിരോ മുരാനോ - കവിതകൾ


ഉടൽ


ആത്മാവിന്റെ കൊഴുത്തു തടിച്ച വേലക്കാരീ,
ദൈവത്തിന്റെ തുപ്പൽക്കോളാമ്പി നീ;
നിറഞ്ഞിറ്റുകയാണല്ലോ നിന്റെ മൃദുലാധരങ്ങൾ.

കാലികൾ കൂടിക്കിടക്കുന്ന
കാമത്തൊഴുത്തു നീ.

പൂജാരിയില്ലാത്ത ക്ഷേത്രമാണു നീയിപ്പോൾ.
ആയ മാത്രം ശേഷിച്ച വീടുമാണു പിന്നെ നീ.

കമ്പികളയഞ്ഞ വീണയുടെ
വെറും ചട്ടവും.

മുറിപ്പാടുകളടയാളപ്പെടുത്തിയ സ്ഥലരാശിയിലൂടെ
ഒഴുകിയകലുന്ന
ഭൂദൃശ്യം നീ.



പാലം

നഗരത്തിൽ രാത്രികാലമാവുമ്പോൾ
ഒരായിരം മുറിവുകളിൽ നിന്ന്
രക്തം പൊട്ടിയൊഴുകുന്നു.

തളം കെട്ടിയ കെട്ട കനാലിലേക്കതൊഴുകുന്നു,
അതിനു മേൽ പാലം;
പാലം ഭാവിയിലേക്കു പോകുന്നില്ല,
ഭൂതകാലത്തിൽ നിന്നു വരുന്നുമില്ല.
അക്കരയിൽ നിന്നിക്കരയിലേക്കതു
വെറുതേ തൂങ്ങിനിൽക്കുന്നു
ചത്തൊരൊഴുക്കിൻ മീതെ,
രണ്ടു രാവുകളെ കൂട്ടിയിണക്കി.

പിന്നെ, രാത്രിയേറെച്ചെല്ലുമ്പോൾ
പാലത്തിനു മേൽ രണ്ടു പേർ:
പ്രായമായൊരാൾ, ഒരു ചെറുപ്പക്കാരി;
അത്രയ്ക്കു വിശ്വാസം പോരാതെ
അവരൊന്നു പുണരുകയും ചെയ്യുന്നു.



പോൾ വാൾട്ട്

കുത്താനായുന്ന കടന്നലിനെപ്പോലെ
കൈയിൽ കഴയുമായി അയാളോടിയടുക്കുന്നു.
പിന്നെയതിൽ വിശേഷിച്ചൊന്നുമില്ലെന്നപോലെ
ചക്രവാളത്തിലേക്കയാളുയരുന്നു,
തന്റെ താങ്ങെറ്റിക്കളഞ്ഞതിൽപ്പിന്നെ
അയാളതിരും കടക്കുന്നു.
ശേഷിച്ചതവരോഹണം.
നിരാലംബനായി
അയാൾ താഴേക്കു വീഴുന്നു.
ചേലുകെട്ടയാൾ നിലത്തു ചടഞ്ഞുവീഴുമ്പോൾ
കൂടെപ്പതിക്കുന്ന ചക്രവാളവും
അയാളുടെ ചുമലിനൊന്നു പ്രഹരിക്കുന്നു.


ഷിരോ മുരാനോ (1901-1975) – ജാപ്പനീസ്‌ കവിയും വിമര്‍ശകനും.


Sunday, May 22, 2011

റിൽക്കെ - ബുദ്ധൻ








നിശ്ശബ്ദതയും വിദൂരതയുമാണവനു കേൾവിപ്പെടുന്നതെന്നപോലെ.
കാതോർക്കുന്നില്ല നാം. നാമൊന്നും കേൾക്കുന്നുമില്ല.
നക്ഷത്രമാണവൻ. നമുക്കു കണ്ണില്പ്പെടാതെ
ഭ്രമണം ചെയ്യുകയാണന്യനക്ഷത്രങ്ങളവനെ.


സർവസ്വമാണവൻ. നമുക്കു നിയോഗം
അവന്റെ കണ്ണില്പ്പെടാനൂഴം കാത്തു നില്ക്കയോ?
അവനു മുന്നിൽ നാം സാഷ്ടാംഗം കിടന്നാലും
പൂച്ചയെപ്പോലകന്നവനാണവൻ, അനക്കമറ്റവനുമാണവൻ.


അവന്റെ കാല്ക്കലേക്കു നമ്മെ പായിച്ചതേതൊന്നോ,
അതവന്റെയുള്ളിൽ ഭ്രമണം ചെയ്യുന്നു യുഗങ്ങളായി.
ജീവിതം നമ്മെപ്പഠിപ്പിച്ചതൊക്കെയവനു തുച്ഛം,
നമുക്കു നിഷേധിച്ച ജ്ഞാനമാണവനു ജീവിതം.


പുതിയ കവിതകൾ - 1907


(വിഖ്യാതശില്പിയായ റോദാങ്ങിന്റെ ഉദ്യാനത്തിലെ ഒരു ബുദ്ധപ്രതിമയെക്കുറിച്ചെഴുതിയത്. താൻ ഭക്തിയോടെ കണ്ടിരുന്ന ആ ശില്പിയുടെ പ്രതിഭയ്ക്കുള്ള പ്രണാമം കൂടിയാണിത്.)



Tuesday, May 10, 2011

ജാക്കുരേൻ (1139-1202) - ജാപ്പനീസ് ടാങ്ക






അവനെ കോണകമുടുപ്പിച്ചതു നീ,
അവനു മുല കൊടുത്തതു നീ,
പുല്ക്കൊടികൾ പഴുക്കുന്ന പടനിലത്തിലേ-
ക്കിന്നവനെ പറഞ്ഞയക്കുന്നതും
അമ്മേ, നീ.

***

ഇന്നു നമുക്കൊരുമിച്ചിരിക്കാം;
നാളെയൊരു മലമ്പാത നമുക്കിടയിൽ നീളവേ
പിന്നെയുമൊരേകാകി
ആശ്രമജീവിയാകും ഞാൻ.

***

മലമ്പള്ളത്തിനുള്ളിൽ
മഞ്ഞുകാലത്തൊറ്റയ്ക്കടച്ചിരിയ്ക്കുന്നു ഞാൻ;
ഇത്രയും പ്രായമേറിയൊരുടലിനെ കാണാൻ
താങ്കളല്ലാതാരൊരാൾ വരാൻ?

***

ശരല്ക്കാലത്തൊരോ പുല്ക്കൊടിയിലും
തങ്ങിയിരിക്കുന്നുണ്ടോരോ മഞ്ഞുതുള്ളി;
രാത്രി മുഴുവൻ കരഞ്ഞുകരഞ്ഞിരുന്ന
പ്രാണികളുടെ കണ്ണുനീരോ?

***

കൊടുങ്കാറ്റു വീശിയ കൂരിരുൾ രാത്രിയിൽ
സഞ്ചാരി കിടന്നുറങ്ങിയ-
തേതു ഗ്രാമത്തിൽ,
ഏതു കുടിലിൽ?

***

വസന്തകാലത്തൊരു പാടത്തൊരു
ഭിക്ഷാപാത്രം-
നിറയെ പൂക്കളുമായി.

***

മഞ്ഞുകാലരാത്രിയിൽ
മഴച്ചാറൽ കേട്ടുകിടക്കെ
പോയകാലത്തെയോർത്തു ഞാൻ-
അതൊരു സ്വപ്നമോ,
മറയാത്ത നേരോ?

***

തെരുവിൽ ചെണ്ടയടിയും
കുഴൽവിളിയും;
ഗിരിഹൃദയത്തിൽ
പൈൻമരങ്ങളുടെ മർമ്മരം.

***

എന്റെ കൈകളത്ര
നീണ്ടതായിരുന്നുവെങ്കിൽ,
ഈ ലോകത്തെ സർവസാധുക്കളെയും
മാറോടടുക്കാൻ പാകത്തിൽ?

***

എന്റെ നെഞ്ചു പെടപെടയ്ക്കുന്നു,
ഉറക്കമെന്നെമാറിനില്ക്കുന്നു,
നാളെപ്പുലരുമ്പോൾ
വസന്തമെത്തുമെന്നോർക്കുമ്പോൾ.

***

വസന്തം കടവടുക്കുന്ന-
തെവിടെയെന്നാരു കണ്ടു?
പുഴമഞ്ഞിൽ കണ്ണിൽപ്പെടുന്നുമില്ല
കേവുവള്ളങ്ങൾ.

***

Friday, March 18, 2011

ഇക്ക്യു–സെൻ കവിതകൾ


കിളികൾക്കുമുണ്ടു ചൊല്ലാൻ
നിർവാണത്തിന്റെ സൂത്രങ്ങൾ,
മരങ്ങളിലവ കോരിനിറയ്ക്കുന്നു
അപൂർവരാഗങ്ങൾ;
ബോധിസത്വന്മാരാണു കാട്ടുപൂക്കൾ,
ഒരു കുഞ്ഞുകിളിബുദ്ധനുചുറ്റും
വട്ടം കൂടി നില്ക്കുകയാണവ.

*

പണ്ഡിതമൂഢന്മാർക്കറിവെന്നതില്ല,
ധർമ്മത്തിന്റെ വഴിയിൽ നിന്നു
കണ്ണെടുക്കാതെ നടപ്പാണവർ;
അങ്ങനെയൊരു ബുദ്ധപ്രമാണിയും
പ്രകൃതിയിൽ കാണാനില്ല,
ഒരേയൊരു പാട്ടിലുണ്ട്
പതിനായിരം സൂത്രങ്ങളരിച്ചത്.

*

കണ്ണുമടച്ചു ബ്രഹ്മചര്യമനുഷ്ടിച്ചു നടന്നോളൂ,
ഒരു കഴുത തന്നെ നിങ്ങൾ;
വ്രതം തെറ്റിച്ചുവെന്നാലോ,
മനുഷ്യനായിട്ടേയുള്ളു നിങ്ങൾ.
സെന്നിന്റെ പ്രത്യക്ഷങ്ങൾ
ഗംഗയിലെ മണൽത്തരികൾ പോലസംഖ്യം;
പരിണയം ഫലിച്ചതാണോരോ ശിശുവും.
നിഗൂഢപുഷ്പങ്ങൾ വിടർന്നിട്ടും വാടിയിട്ടും
കല്പങ്ങളെത്ര കഴിഞ്ഞു?

*

പിരിയുമ്പോളെന്റെ ഹൃദയം തകർന്നു;
വാസന്തപുഷ്പങ്ങളെക്കാൾ ചന്തമായിരുന്നല്ലോ
ആ വാസനിക്കുന്ന കവിളുകൾക്ക്.
ഇന്നൊരന്യനോടൊപ്പമാണെന്റെയോമന;
അവൾ പാടുന്നതതേ പ്രണയഗാനം,
വേറെയാണീണമെന്നു മാത്രം.


 

Wednesday, November 10, 2010

തച്ചിബാനാ അക്കേമി - ഏകാകിയുടെ ആനന്ദങ്ങൾ

.







എന്തൊരാനന്ദം,
സ്വന്തം പുൽക്കുടിലിനുള്ളിൽ
ഒരീറത്തടുക്കിൽ
ആരും കൂട്ടിനില്ലാതെ
സ്വസ്ഥനായിട്ടിരിക്കുക.

എന്തൊരാനന്ദം,
ഏറെക്കാണാത്തൊരു ഗ്രന്ഥം
സ്നേഹിതന്‍ കടം തന്നതെടുത്ത്
ആദ്യത്തെ താളു തുറക്കുക.

എന്തൊരാനന്ദം,
കടലാസു നീർത്തിവച്ച്
പേനയെടുത്തെഴുതുമ്പോൾ
കരുതിയതിലും ഭേദമാണ്‌
സ്വന്തം കൈപ്പടയെന്നു കാണുക.

എന്തൊരാനന്ദം,
നൂറു ദിവസം തല പുകച്ചിട്ടും
പുറത്തു വരാൻ മടിച്ചൊരു വരി
പെട്ടെന്നു വന്നവതരിക്കുക.

എന്തൊരാനന്ദം,
പുലർച്ചെയെഴുന്നേറ്റു നടക്കാനിറങ്ങുമ്പോൾ
ഇന്നലെ കാണാത്തൊരു  പൂവു
വിരിഞ്ഞു നില്ക്കുന്നതു കാണുക.

എന്തൊരാനന്ദം,
ഒരു ഗ്രന്ഥത്തിന്റെ താളുകൾ മറിച്ചുപോകെ
അതിൽ വിവരിച്ചിരിക്കുന്നൊരാൾ
തന്നെപ്പോലെതന്നെയാണെന്നു കണ്ടെത്തുക.

എന്തൊരാനന്ദം,
അതികഠിനമെന്നു
സകലരും സമ്മതിച്ചൊരു ഗ്രന്ഥം
തനിക്കത്ര പ്രയാസങ്ങൾ
വരുത്തുന്നില്ലെന്നു വരിക.


എന്തൊരാനന്ദം,
ഹിതമല്ലാത്തൊരു വിരുന്നുകാരൻ വന്നുകയറിയിട്ട്
നിൽക്കാൻ നേരമില്ലെന്നു പറഞ്ഞ്
പെട്ടെന്നിറങ്ങിപ്പോവുക.


എന്തൊരാനന്ദം,
ചാമ്പലൂതിമാറ്റുമ്പോൾ
കനലുകൾ ചുവക്കുന്നതും
വെള്ളം തിളയെടുക്കുന്നതും കാണുക


എന്തൊരാനന്ദം,
നല്ലൊരു തൂലിക കിട്ടിയതെടുത്ത്
വെള്ളത്തിൽ നന്നായി മുക്കി
നാവിൽ തൊട്ടു നോക്കി
ആദ്യത്തെ വര വരയ്ക്കുക.

എന്തൊരാനന്ദം,
ഉച്ചമയക്കം കഴിഞ്ഞെഴുന്നേല്ക്കുമ്പോൾ
മുറ്റത്തെ ചെടിത്തലപ്പുകളിൽ
മഴവെള്ളം തളിച്ചിരിക്കുന്നതു കാണുക.

എന്തൊരാനന്ദം,
പത്തായത്തിലെ നെല്ലളന്നു നോക്കുമ്പോൾ
ഇനിയുമൊരു മാസത്തേക്ക്
അതു തികയുമെന്നു കാണുക.

എന്തൊരാനന്ദം,
ഇറയത്തിനു തൊട്ട മരത്തിൽ
ഒരപൂർവ്വയിനം പക്ഷി
വന്നിരുന്നു പാടുന്നതു കേൾക്കുക.

എന്തൊരാനന്ദം,
വായിച്ചു മടുക്കുമ്പോൾ
ഒരു പരിചിതശബ്ദം
പടിക്കൽ വന്നു വിളിയ്ക്കുക.


(തച്ചിബാനാ അക്കേമി-1812-1868- ജാപ്പനീസ് കവിയും ക്ളാസ്സിക്കൽ പണ്ഡിതനും. നിത്യജീവിതത്തിലെ പരിമിതാനന്ദങ്ങളെ മഹത്വപ്പെടുത്തുന്ന കവിതകൾ. സ്വദേശത്തു മാത്രം അറിയപ്പെട്ടിരുന്ന ഈ കവിയെ  പ്രശസ്തനായ ഹൈകു കവി ഷികിയുടെ ലേഖനങ്ങളാണ്‌ പുറംലോകത്തിനു പരിചയപ്പെടുത്തുന്നത്.)


link to image

Tuesday, October 19, 2010

ഒനോനോ കോമാച്ചി (825-900)


*
എനിക്കു നിശ്ചയമത്രമേൽ
വരാനല്ലവനെന്നാലും
സന്ധ്യയ്ക്കു ചീവീടു കരയുമ്പോൾ
വാതിലെത്തി നില്ക്കുന്നു ഞാൻ.

*

നിറം കെട്ടു വാടുന്നു പൂക്കൾ-
വരാത്തൊരാൾക്കു വേണ്ടി ഞാൻ
കാത്തിരുന്ന കഥയിങ്ങനെ,
തോരാതെ, തോരാതെ
മഴ നിന്നു പെയ്തതുമിങ്ങനെ.

*

എന്റെയുടലിനു ശരല്ക്കാലം
അവന്റെ തണുത്ത ഹൃദയം-
പഴുക്കിലകൾ കൊഴിയുമ്പോലെ
ദുഃഖിച്ചുവീഴുന്നു വാക്കുകൾ.

*

വിസ്മൃതിയുടെ പൂവിറുക്കാമെ-
ന്നോർത്തതേയുള്ളു ഞാൻ;
അവന്റെ ഹൃദയത്തിലതു
വളരുന്നതു കണ്ടു ഞാൻ.

*

അവനെയോർത്തുകൊണ്ടുറങ്ങുമ്പോഴോ
സ്വപ്നത്തിലവൻ വന്നു?
കാണുന്നതു സ്വപ്നമെന്നറിഞ്ഞിരുന്നെങ്കിൽ
ഉണരുമായിരുന്നില്ല ഞാൻ.

*

ശരല്ക്കാലരാത്രി ദീർഘമെന്നു പറയുന്നതു വെറുതെ.
അന്യോന്യം നോക്കിയിരിക്കുകയല്ലാ-
തൊന്നും ചെയ്തില്ല നാമിതേവരെ.
എന്നിട്ടുമിതാ, പുലരിയെത്തി!

*

അതിരില്ലാത്ത പ്രണയത്തിനടിമപ്പെട്ട ഞാൻ
അവനെത്തേടിയിറങ്ങണം;
സ്വപ്നത്തിൽ വഴിനടക്കുന്നതു
വിലക്കിയിട്ടില്ലല്ലോ ലോകമിതേവരെ.

*

കതിരിട്ട പാടത്തു ശീതക്കാറ്റിന്റെ താണ്ഡവം-
എനിക്കു പേടിയാവുന്നു,
ഒരു കതിരു ശേഷിക്കുമോ
എനിക്കു കൊയ്തെടുക്കാൻ?

*

എത്രയോർമ്മകളുണ്ടായിരിക്കണമാ
പൈൻമരത്തിനും?
ആയിരമാണ്ടു കഴിഞ്ഞിട്ടും, നോക്കൂ,
അതിന്റെ ചില്ലകൾ ചായുന്നതു മണ്ണിലേക്ക്.

*

എന്റെ ഹൃദയത്തിലൊഴുകിനടക്കുന്നു
പ്രണയഭംഗത്തിന്റെ കൊതുമ്പുവള്ളം.
ഞാനതിൽ കേറിയിരുന്നിട്ടേയുള്ളു,
തൂവാനമടിച്ചാകെക്കുളിച്ചുപോയ് ഞാൻ.


കോമാച്ചി- വിക്കിപീഡിയ ലേഖനം


Monday, April 26, 2010

ഒരു പ്രണയഗീതം

 

Geisha playing shamisen.svg
കടലോരത്തിടിവെട്ടിക്കൊ-
ണ്ടാഞ്ഞടിയ്ക്കും തിര പോലെ
എന്നെപ്പേടിപ്പെടുത്തുവോനേ നിന്നി-
ലെൻപ്രേമമെത്രയചഞ്ചലമേ.

                                                                  (ജാപ്പനീസ്‌ ടങ്ക)

Monday, April 5, 2010

റിയുനോസുകെ അകുതഗാവ-ഒരു മുളംകൂട്ടത്തിൽ വച്ച്‌


മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു മരംവെട്ടി ബോധിപ്പിച്ചത്‌
ഇതു സത്യമാണേ. ഞാൻ തന്നെയാണേ ജഡം കണ്ടത്‌. ഞാൻ താമസിക്കുന്നതിനു പിന്നാമ്പുറത്തുള്ള കുന്നിൽ ഇന്നു കാലത്തും ഞാൻ മരം വെട്ടാൻ പോയിരുന്നു. മലയുടെ മറുവശത്തുള്ള ഒരു മുളംകൂട്ടത്തിലാണു ജഡം കിടന്നിരുന്നത്‌. കൃത്യമായ സ്ഥാനമോ? യമാഷിനായിലേക്കുള്ള വഴിയിൽ നിന്ന് കുറച്ചുള്ളിലായിരുന്നു. മുളകൾക്കിടയിൽ മുരടിച്ച കുറേ ദേവദാരുക്കളുമുള്ള ഒരൊഴിഞ്ഞ സ്ഥലമായിരുന്നു അത്‌.
ഇളംനീലനിറത്തിലുള്ള കിമോണോ ധരിച്ച ആ മനുഷ്യൻ മലർന്നുകിടക്കുകയായിരുന്നു; ക്യോട്ടോവിൽ കാണുന്നതരം ഒരു കറുത്ത തൊപ്പിയും അയാൾക്കുണ്ടായിരുന്നു. കത്തി കൊണ്ട്‌ ഒറ്റക്കുത്തേ കണ്ടുള്ളു; അതുപക്ഷേ ഒത്ത നെഞ്ചത്തുമായിരുന്നു; ജഡത്തിനു ചുറ്റും കിടന്ന മുളയിലയിലാകെ കറുത്തു കൊഴുത്ത ചോരയായിരുന്നു. ഇല്ലേ, ചോരവാർച്ച നിന്നിരുന്നേ. മുറിവുണങ്ങിയിരുന്നപോലെ തോന്നി; വലിയൊരു കന്നീച്ച ചോര കുടിച്ചുകൊണ്ടിരിക്കുന്നതു കണ്ടു; ഞാൻ നടന്നുചെല്ലുന്നത്‌ അതറിഞ്ഞിട്ടില്ല.
ഒരു വാളോ മറ്റോ കണ്ടോയെന്നോ? ഇല്ലേ, അങ്ങനെയൊരു വസ്തു കണ്ടതേയില്ലേ. ജഡത്തിനടുത്തുള്ള ഒരു ദേവദാരുവിനടുത്തായി ഒരു കയറു മാത്രം കിടക്കുന്നതു കണ്ടു. അതെയതെ, ഒരു ചീർപ്പും കണ്ടിരുന്നു. ആകെ ആ കയറും ചീർപ്പും മാത്രമേ ഞാൻ കണ്ടുള്ളു. പക്ഷേ നിലത്തെ പുല്ലും മുളയിലകളും ചവിട്ടിക്കുഴച്ച മട്ടിലായിരുന്നു: അവർ തന്നെ കൊല്ലുന്നതിനു മുമ്പ്‌ അയാൾ ശരിക്കും ചെറുത്തു നിന്നിട്ടുണ്ടാവണം. എന്തോ?- കുതിരയോ? ഇല്ലേ, അങ്ങോട്ടു കുതിരയ്ക്കൊന്നും ഇറങ്ങിച്ചെല്ലാൻ പറ്റില്ലേ. വഴിയിൽ നിന്നതുവരെ നല്ല മുളംകൂട്ടമാണേ.


മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു ഭിക്ഷു ബോധിപ്പിച്ചത്‌
ഇന്നലെ വഴിയിൽ വച്ച്‌ അയാളെ കണ്ടുവെന്ന് എനിക്കു നല്ല തീർച്ചയാണ്‌. ഇന്നലെ ഒരുച്ചതിരിഞ്ഞുകാണണം. യമാഷിനായിലേക്കു പോകുന്ന വഴി ചുങ്കപ്പുര നിൽക്കുന്ന കുന്നിനടുത്തു വച്ചാണ്‌. കുതിരപ്പുറത്ത്‌ ഒരു സ്ത്രീയുമായി ചുങ്കപ്പുരയിലേക്കു പോവുകയായിരുന്നു അയാൾ. അവളുടെ തലയിൽ വട്ടത്തിൽ ഒരു വൈക്കോൽത്തൊപ്പി കണ്ടു; അതിന്റെ വിളുമ്പിൽ നിന്ന് നീണ്ടൊരു മൂടുപടം വീണുകിടപ്പുണ്ടായിരുന്നു. ഞാൻ അവളുടെ മുഖം കണ്ടില്ല; വേഷം മാത്രമേ കണ്ടുള്ളു. പച്ചയും നീലയും കരയുള്ള കടുംചുവപ്പൊരു വേഷമായിരുന്നു അതെന്നു തോന്നുന്നു. കുതിര ചാരനിറത്തിൽ, ഇടയ്ക്കു ചുവപ്പുമായി പുള്ളികുത്തിയ ഒരു ജാതിയായിരുന്നു; അതിന്റെ കുഞ്ചിരോമം കത്രിച്ചിരുന്നുവെന്നും എനിക്കു നല്ല തീർച്ചയുണ്ട്‌. വലിയ കുതിര ആയിരുന്നോയെന്നോ? സാധാരണയിലും കുറച്ചുകൂടി വലിപ്പമുള്ളതാണെന്നേ എനിക്കു പറയാൻ പറ്റൂ; ഭിക്ഷുവായ എനിക്ക്‌ കുതിരകളുടെ കാര്യം വലിയ പിടിയുണ്ടാവാൻ വഴിയില്ലല്ലോ. ആ മനുഷ്യനോ? അയാളുടെ കൈയിൽ സാമാന്യം വലിപ്പമുള്ള ഒരു വാളുണ്ടായിരുന്നു, പിന്നെ ഒരു വില്ലും അമ്പും. കറുത്ത അരക്കു തേച്ച ആവനാഴി ഞാൻ ഇപ്പോഴും കണ്മുന്നിൽ കാണുന്നു: ഇരുപതോ, അതിൽക്കൂടുതലോ അമ്പുകൾ അതിൽ ഉണ്ടായിരുന്നിരിക്കണം. ഇങ്ങനെയൊരു മനുഷ്യന്‌ ഇതുമാതിരിയൊന്നു സംഭവിക്കുമെന്ന് എനിക്കു സ്വപ്നം കാണാൻ പറ്റില്ല. ഹാ, എന്താണീ മനുഷ്യജീവിതം എന്നു പറയുന്നത്‌- ഒരു മഞ്ഞുതുള്ളി, ഒരു മിന്നൽപ്പിണർ? വളരെ കഷ്ടമായിപ്പോയി, വളരെ കഷ്ടമായിപ്പോയി, ഞാനെന്താ പറയേണ്ടത്‌?

മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു പോലീസുകാരൻ ബോധിപ്പിച്ചത്‌
ഞാൻ പിടികൂടിയവനോ, അങ്ങുന്നേ? അവൻ ആ കുപ്രസിദ്ധനായ കൊള്ളക്കാരൻ തജോമാരു ആണെന്ന് എനിക്കു നല്ല തീർച്ചയാണ്‌.ശരിയാണ്‌, ഞാൻ ചെന്നു പിടികൂടുമ്പോൾ അവതാഗുച്ചിയിലെ കല്ലുപാലത്തിനടുത്ത്‌ കുതിരപ്പുറത്തു നിന്നു വീണുകിടന്ന് മോങ്ങുകയും ഞരങ്ങുകയും ചെയ്യുകയായിരുന്നു അവൻ. സമയമോ? ഇന്നലെ രാത്രി എട്ടു മണിയ്ക്കാണ്‌. മുമ്പൊരു തവണ എന്നെ വെട്ടിച്ചോടുമ്പോൾ ധരിച്ചിരുന്ന അതേ കടുംനീലക്കുപ്പായമാണ്‌ അവൻ ഇട്ടിരുന്നത്‌; കൈയിൽ അതേ നീണ്ട വാളുമുണ്ടായിരുന്നു. ഒപ്പം ഒരു വില്ലും അമ്പും കൂടിക്കണ്ടു. അയ്യോ, അങ്ങനെയാണോ? മരിച്ചയാൾക്കും? അപ്പോൾ ഒന്നും സംശയിക്കാനില്ല; ഈ തജോമാരു തന്നെയാണ്‌ കൊലയാളി. തോലു പൊതിഞ്ഞ വില്ല്, കറുത്ത അരക്കു തേച്ച ആവനാഴി, പുള്ളിൻതൂവൽ പിടിപ്പിച്ച പതിനേഴമ്പുകൾ- അതൊക്കെ ആ ചത്തയാളിന്റെയായിരിക്കണം. അതെയതെ, അങ്ങു പറയുന്ന പോലെ ചെമപ്പു കലർന്ന നരച്ച പുള്ളിയുള്ളതായിരുന്നു കുതിര, അതിന്റെ കുഞ്ചിരോമം കത്രിച്ചതുമായിരുന്നു. ബുദ്ധിയില്ലാത്തൊരു ജന്തുവാണെങ്കിലും ആ കൊള്ളക്കാരനെ കുടഞ്ഞു താഴെയിട്ട്‌ അവനു കിട്ടേണ്ടത്‌ അതു കൊടുത്തല്ലോ. പാലത്തിന്‌ അൽപ്പം അപ്പുറത്തായി കടിഞ്ഞാൺ നിലത്തിഴച്ചുകൊണ്ട്‌ പുല്ലു തിന്നുകയായിരുന്നു അത്‌.
ക്യോട്ടോവിനു ചുറ്റും പരുങ്ങിനടക്കുന്ന കള്ളന്മാരിൽ ഈ തജോമാരുവിനാണ്‌ പെണ്ണുങ്ങളിൽ ഒരു കണ്ണുള്ളതെന്നാണ്‌ സംസാരം. കഴിഞ്ഞ ശരൽക്കാലത്ത്‌ ബിൻസുരു പ്രതിമയ്ക്കു പിന്നിലുള്ള കുന്നിൻപുറത്ത്‌ രണ്ടു തീർത്ഥാടകരെ കൊല ചെയ്തിട്ടിരിക്കുന്നതായി തോരിബേ ക്ഷേത്രത്തിലെ ആളുകൾ കണ്ടു- ഒരു സ്ത്രീയും കുട്ടിയും. അതു ചെയ്തത്‌ തജോമാരു തന്നെയാണെന്നാണ്‌ ജനങ്ങൾ പറഞ്ഞത്‌. ആ മനുഷ്യനെ കൊന്നത്‌ ഇവനാണെന്നു തെളിഞ്ഞാൽപ്പിന്നെ കുതിരപ്പുറത്തുണ്ടായിരുന്ന സ്ത്രീയെ അവൻ എന്തു ചെയ്തുവെന്ന് പറയേണ്ട ആവശ്യമില്ല. ഞാൻ വേണ്ടാത്ത കാര്യത്തിൽ ഇടപെടുകയല്ലങ്ങുന്നേ; എന്നാലും അതിനെ സംബന്ധിച്ച്‌ അവനെ ഒന്നു ചോദ്യം ചെയ്യണമെന്നാണ്‌ എന്റെയൊരു തോന്നൽ.

മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു വൃദ്ധ ബോധിപ്പിച്ചത്‌
അതേയങ്ങുന്നേ, ആ മരിച്ചയാൾക്കാണ്‌ എന്റെ മകളെ കല്യാണം കഴിച്ചു കൊടുത്തിരുന്നത്‌. അയാൾ പക്ഷേ ക്യോട്ടോക്കാരനായിരുന്നില്ല. വകാസാ പ്രവിശ്യയിലെ സമുരായി ആയിരുന്നു അയാൾ. കനസാവാ നോ തകേഹിരോ എന്നായിരുന്നു അയാളുടെ പേര്‌, വയസ്സ്‌ ഇരുപത്താറും. അല്ലങ്ങുന്നേ, ആൾ നല്ല സ്വഭാവമായിരുന്നു. ഇങ്ങനെയൊരു സംഗതി ചെയ്യാനും വേണ്ടിയുള്ള വിരോധം അയാളോട്‌ ആർക്കെങ്കിലും ഉണ്ടായിരുന്നതായി എനിക്കു വിശ്വാസം വരുന്നില്ല.
എന്റെ മകളോ, അങ്ങുന്നേ? മസാഗോ എന്നാണ്‌ അവളുടെ പേര്‌; പത്തൊമ്പതു വയസ്സാണ്‌ അവൾക്കു പ്രായം. ഏതാണിനെപ്പോലെയും ധൈര്യവതിയാണവൾ; എന്നുവച്ച്‌ തകേഹിരോ അല്ലാതെ മറ്റൊരാണിനെ അവൾക്കറിയുകയുമില്ല. അൽപ്പം കറുത്തിട്ടാണവൾ, ഇടതു കൺകോണിനടുത്തായി ഒരു അരിമ്പാറയുമുണ്ട്‌; പക്ഷേ അവളുടെ മുഖം നല്ലൊരു കുഞ്ഞുവട്ടമായിരുന്നു.
തകേഹിരോ ഇന്നലെ എന്റെ മകളെയും കൂട്ടി വകാസയ്ക്കു പോയതാണ്‌; ഇങ്ങനെയൊരു ദുർവ്വിധി വന്നത്‌ എന്തു കൊണ്ടാണാവോ? എന്റെ മകളുടെ ഭർത്താവിന്റെ കാര്യത്തിൽ ഇനി എനിക്കൊന്നും ചെയ്യാനില്ല; എന്നാൽ എന്റെ മകളുടെ ഗതി എന്താണ്‌? അവളുടെ കാര്യത്തിലാണ്‌ എന്റെ ആധി മുഴുക്കെയും അവളെ കണ്ടുപിടിക്കാൻ ആവുന്നതൊക്കെയും ചെയ്യണേ, അങ്ങുന്നേ; ഒരു വഴിയും വിട്ടുകളയരുതേ. ഇത്രകാലം ജീവിച്ച ഞാൻ മറ്റൊന്നിനും വേണ്ടി ഇത്രയും ആഗ്രഹിച്ചിട്ടില്ലങ്ങുന്നേ. ആ, ആ തജോമാരു!- ഹൊ, അവനോടുള്ള എന്റെ വെറുപ്പ്‌ ഞാൻ എങ്ങനെ പറഞ്ഞറിയിക്കും! എന്റെ മകളുടെ ഭർത്താവിനെ മാത്രമല്ല, എന്റെ മകളെക്കൂടിയും...(ഇത്രയുമായപ്പോഴേക്കും കിഴവിയ്ക്കു നിയന്ത്രണം വിട്ടു, അവർക്കു പിന്നെ തുടരാനായില്ല.)

****************************************************************************************************************************

തജോമാരുവിന്റെ കുറ്റസമ്മതം
അയാളെ കൊന്നതു ഞാൻ തന്നെ. പക്ഷേ ആ പെണ്ണിനെ ഞാൻ കൊന്നിട്ടില്ല. അപ്പോൾപ്പിന്നെ അവൾ എവിടെപ്പോയി? നിങ്ങൾക്കുള്ളത്ര അറിവേ അക്കാര്യത്തിൽ എനിക്കുമുള്ളു. അല്ല, ഒന്നു നിൽക്കണേ- നിങ്ങൾക്കു തോന്നുമ്പോലെ എന്നെ എന്തു വേണമെങ്കിലും ചെയ്തോ, പക്ഷേ എനിക്കറിയാത്ത ഒന്നിനെക്കുറിച്ചു പറയാൻ എനിക്കു പറ്റില്ല. അതുമല്ല, നിങ്ങൾക്കെന്നെ പിടികിട്ടിയ സ്ഥിതിയ്ക്ക്‌ ഞാൻ യാതൊന്നും മറയ്ച്ചുവയ്ക്കാനും പോകുന്നില്ല. ഞാൻ ഭീരുവൊന്നുമല്ല.
ഞാൻ അവരെ ഇന്നലെയാണു കണ്ടത്‌, ഉച്ച തിരിഞ്ഞുകാണണം. ആ സമയത്തുതന്നെ ഒരു കാറ്റടിച്ച്‌ അവളുടെ മൂടുപടം മാറി; ഒരു നിമിഷത്തേക്ക്‌ അവളുടെ മുഖം ഞാനൊന്നു കാണുകയും ചെയ്തു. ഒരു നിമിഷത്തേക്കു മാത്രം: അതു കൊണ്ടായിരിക്കണം അവൾ അത്ര പരിപൂർണ്ണയായി എനിക്കു തോന്നിയത്‌- ബോധിസത്വനെപ്പോലെ ഒരു സ്ത്രീ. ആ മനുഷ്യനെ കൊല്ലേണ്ടിവന്നാലും അവളെ സ്വന്തമാക്കാൻ ആ നിമിഷം ഞാൻ നിശ്ചയിച്ചു.
ഹ, എന്തായിങ്ങനെ, നിങ്ങളെപ്പോലുള്ളവർ കരുതുന്ന പോലെ അത്ര വലിയ കാര്യമൊന്നുമല്ല ഒരു മനുഷ്യനെ കൊല്ലുകയെന്നത്‌. മറ്റൊരൊരാളുടെ പെണ്ണിനെ നിങ്ങളെടുക്കാൻ പോവുകയാണെങ്കിൽ അയാൾ ചാവുകതന്നെ വേണം. ഞാൻ ഒരാളെ കൊല്ലുമ്പോൾ വാളു കൊണ്ടാണ്‌ അതു ചെയ്യാറ്‌, പക്ഷേ നിങ്ങളെപ്പോലുള്ളവർ വാളുപയോഗിക്കാറില്ലല്ലോ. നിങ്ങൾ മാന്യന്മാർ നിങ്ങളുടെ അധികാരം ഉപയോഗിച്ചാണ്‌ ആളുകളെ കൊല്ലുക, നിങ്ങളുടെ പണം ഉപയോഗിച്ച്‌, ചിലനേരം വെറും വാക്കുകൾ കൊണ്ടും; നിങ്ങൾ ആളുകളോടു പറയും, നിങ്ങൾ ഒരു സൗജന്യം ചെയ്യുകയാണെന്ന്. ശരിയാണ്‌, ചോരയൊഴുകുന്നില്ല, ആൾക്കു ജീവൻ നഷ്ടപ്പെടുന്നില്ല, അതേസമയം നിങ്ങൾ അയാളെ കൊല്ലുകയും ചെയ്തുകഴിഞ്ഞു. ആരുടെ പാപമാണു വലുതെന്ന് എനിക്കു മനസ്സിലാകുന്നില്ല- നിങ്ങളുടേതോ എന്റേതൊ. (നിന്ദാഗർഭമായ ഒരു പുഞ്ചിരി.)
അതെയതെ, ആണിനെ തട്ടാതെ പെണ്ണിനെ കിട്ടിയാൽ അതുതന്നെയാണു കേമം. ഇന്നലെ എന്റെ പ്രതീക്ഷയും അതുതന്നെയായിരുന്നു. പക്ഷേ യമാഷിദാപാതയിൽ വച്ചു സംഗതി നടക്കില്ലല്ലോ; അതിനാൽ അവരെ കുന്നിലേക്കു കൊണ്ടുപോകാൻ ഞാനൊരു വഴി ആലോചിച്ചു.
അതു വളരെ എളുപ്പമായിരുന്നില്ലേ. ഞാൻ അവരുടെ മുന്നിൽ ചെന്നുനിന്ന് ഒരു കഥ ഉണ്ടാക്കിപ്പറഞ്ഞു. കുന്നുമ്പുറത്തു ഞാനൊരു പഴയ ശവമാടം കണ്ടുവെന്നും, തുറന്നപ്പോൾ അതു നിറയെ വാളുകളും കണ്ണാടികളും മറ്റുമായിരുന്നുവെന്നും ഞാൻ തട്ടിവിട്ടു. സംഗതി ആരും കണ്ടുപിടിക്കാതിരിക്കാനായി മലയുടെ മറുവശത്തുള്ള ഒരു മുളംകൂട്ടത്തിൽ ഞാനതു കുഴിച്ചിട്ടിരിക്കുകയാണെന്നും, നല്ലൊരാവശ്യക്കാരനെ കിട്ടിയാൽ വലിയ ലാഭമൊന്നുമെടുക്കാതെ വിറ്റാൽക്കൊള്ളാമെന്നുണ്ടെന്നും ഞാൻ സൂചിപ്പിച്ചു. അയാൾക്ക്‌ അതു കേട്ടപ്പോൾ വലിയ താത്പര്യമായി. ആർത്തി കൊണ്ട്‌ മനുഷ്യർ എന്തൊക്കെച്ചെയ്യുമെന്നു കാണുമ്പോൾ നമ്മൾ ഞെട്ടിപ്പോവില്ലേ, എന്താ അങ്ങനെയല്ലേ? ഒരു മണിക്കൂർ കഴിഞ്ഞില്ല, ഞാൻ അവരെയും അവരുടെ കുതിരയെയും മലകേറ്റി.
കാട്ടിലെത്തിയപ്പോൾ ഞാൻ പറഞ്ഞു, അതിനുള്ളിലാണു സംഗതി കുഴിച്ചിട്ടിരിക്കുന്നതെന്നും, അവരും എന്റെ കൂടെ വന്ന് അതൊന്നു നോക്കണമെന്നും. അയാൾ ചാടിക്കയറി വരാൻ തയാറായി; പക്ഷേ താൻ കുതിരയുടെ അടുത്തു നിൽക്കാമെന്നായി പെണ്ണ്‌. എന്താണു നടക്കാൻ പോകുന്നതെന്നു ഞാൻ മനസ്സിൽ കണക്കു കൂട്ടി- നല്ല കൊടുംകാടാണ്‌. അവർ നേരേ എന്റെ കെണിയിൽ വന്നു ചാടി. ഞങ്ങൾ പെണ്ണിനെ ഒറ്റയ്ക്കു നിർത്തിയിട്ട്‌ കാട്ടിനുള്ളിലേക്കു പോയി.
ആദ്യം വെറും മുളകൾ മാത്രമായിരുന്നു. ഒരു നൂറടി ചെന്നു കഴിഞ്ഞപ്പോൾ കുറേ ദേവദാരുക്കൾ വളർന്നുനിൽക്കുന്ന ഒരു വെളിസ്ഥലം കണ്ടു- എന്റെ മനസ്സിലുള്ളതു നടപ്പാക്കാൻ പറ്റിയ സ്ഥലം. ഞാൻ പൊന്തക്കാടിനുള്ളിലൂടെ നുഴഞ്ഞുകേറിയിട്ട്‌ അവിടെയൊരു മരത്തിനടിയിലാണു മറ്റേതു കുഴിച്ചിട്ടിരിക്കുന്നതെന്നു തട്ടിവിട്ടു. അതു കേട്ടതും, അയാൾ നേരേ മുന്നിൽക്കണ്ട ദേവദാരുക്കളുടെ നേർക്കു കുതിച്ചുചെന്നു. അവിടെ മുള കുറവായിരുന്നു, മരങ്ങൾ നിരന്നു നിൽക്കുകയാണ്‌. അവിടെയെത്തിയതും, ഞാൻ അയാളെ കടന്നുപിടിച്ച്‌ തറയിൽ കമഴ്ത്തിയിട്ടു. ആൾ നല്ല ബലവാനാണെന്ന് എനിക്കു മനസ്സിലായി- കൈയിൽ വാളുമുണ്ട്‌- പക്ഷേ എന്റെ പിടുത്തം ഓർക്കാപ്പുറത്തായതിനാൽ ആൾക്കനങ്ങാൻ പറ്റിയില്ല. ഞാൻ പെട്ടെന്നുതന്നെ അയാളെ ഒരു മരത്തോടു ചേർത്തു കെട്ടിയിട്ടു. കയറെവിടുന്നു കിട്ടിയെന്നോ? അതുശരി, ഞാൻ കള്ളനല്ലേ- ഏതുസമയവും എനിക്കൊരു ചുമരു കയറേണ്ട ആവശ്യം വരും- അതുകാരണം എന്റെ അരയിൽ എപ്പോഴും ഒരു കയറു കാണും. ഒച്ച വയ്ക്കാതിരിക്കാനായി ഞാൻ അയാളുടെ വായിൽ മുളയിൽ കുത്തിക്കേറ്റി. അതോടെ അതു കഴിഞ്ഞു.
അയാളുടെ കാര്യം ഭംഗിയാക്കിയിട്ട്‌ ഞാൻ പെണ്ണിനോടു ചെന്നു പറഞ്ഞു, അവളുടെ ഭർത്താവിന്‌ പെട്ടെന്നു സുഖമില്ലാതെ വന്നുവെന്നും ഒന്നുപോയി നോക്കണമെന്നും. അതും മറ്റൊരുന്നമായിരുന്നു. അവൾ തൊപ്പിയെടുത്തു മാറ്റിയിട്ട്‌ എന്റെ കൈയിൽ പിടിച്ച്‌ കാട്ടിനുള്ളിലേക്കു വന്നു. അയാളെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതു കണ്ടതും, നെഞ്ചത്തു നിന്ന് അവൾ പെട്ടെന്നൊരു കഠാര വലിച്ചെടുത്തു. ഇങ്ങനെയെരിയുന്നൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ലേ! കരുതി നിന്നില്ലായിരുന്നെങ്കിൽ അവൾ അത്‌ എന്റെ കുടലിൽ കുത്തിക്കേറ്റിയേനെ. അവൾ നേർത്തുവരുന്നതു കണ്ടിട്ട്‌ ഞാൻ എങ്ങനെയൊക്കെ ഒഴിഞ്ഞുമാറാൻ നോക്കിയാലും അവൾ എന്നെ മുറിപ്പെടുത്തുമെന്ന് എനിക്കു തോന്നിപ്പോയി. എന്നാൽ, തജോമാരുവല്ലേ ഞാൻ. സ്വന്തം വാളൂരാതെതന്നെ എങ്ങനെയൊക്കെയോ ഞാൻ അവളുടെ കൈയിൽ നിന്ന് കഠാര തട്ടിത്തെറിപ്പിച്ചു. കൈയിൽ ഒരായുധമില്ലെങ്കിൽ ഏതൂറ്റക്കാരിപ്പെണ്ണും നിസ്സഹായയായിപ്പോകും. അങ്ങനെ അവളുടെ ഭർത്താവിന്റെ ജീവൻ കളയാതെതന്നെ ഞാൻ അവളെ സ്വന്തമാക്കുകയും ചെയ്തു.
അതെ, നിങ്ങൾ കേട്ടതു ശരിതന്നെ: അവളുടെ ഭർത്താവിന്റെ ജീവനെടുക്കാതെ. പിന്നെ, എന്റെ പ്രധാന ഉദ്ദേശ്യം അയാളെ കൊല്ലുകയുമായിരുന്നില്ല. പെണ്ണു നിലത്തു വീണുകിടക്കുകയായിരുന്നു; ഞാൻ അവളെ അവിടെ വിട്ടിട്ട്‌ ഓടിപ്പോകാൻ നോക്കുമ്പോഴാണ്‌ ഭ്രാന്തിയെപ്പോലെ അവൾ എന്റെ കൈയ്ക്കു കടന്നുപിടിക്കുന്നത്‌. തേങ്ങലുകൾക്കിടയിൽ അവൾ ഒച്ചവയ്ക്കുന്നതെന്താണെന്നും പിന്നെ ഞാൻ കേട്ടു. ശ്വാസം വിടാതെ അവൾ പറയുകയാണ്‌: 'ഒന്നുകിൽ നിങ്ങൾ മരിക്കണം, അല്ലെങ്കിൽ എന്റെ ഭർത്താവ്‌. നിങ്ങളിൽ ഒരാൾ മരിക്കണം. രണ്ടു പുരുഷന്മാർ എന്റെ ഉടുതുണിയഴിച്ചത്‌ എനിക്കു മരണത്തെക്കാൾ നിന്ദ്യമാണ്‌. ജീവനോടെ ശേഷിക്കുന്നയാളോടൊപ്പം എനിക്കു ജീവിക്കണം, അതു നിങ്ങളായാലും അയാളായാലും.' അതു കേട്ടപ്പോൾ അവളുടെ ഭർത്താവിനെ കൊല്ലാൻ അടങ്ങാത്തൊരാർത്തിയാണ്‌ എനിക്കുണ്ടായത്‌.
ഞാനിതു പറയുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും, നിങ്ങളെക്കാളൊക്കെ ക്രൂരനാണു ഞാനെന്ന്. അവളുടെ മുഖം കാണാത്തതു കൊണ്ടാണ്‌ നിങ്ങൾക്കങ്ങനെ തോന്നുന്നത്‌ - ആ സമയത്ത്‌ അവളുടെ കണ്ണുകളിലെ തീ നിങ്ങൾ കണ്ടില്ലല്ലോ. ആ കണ്ണുകൾ എന്റെ കണ്ണുകളെ സന്ധിച്ചപ്പോൾ അവളെ എന്റെ ഭാര്യയാക്കണമെന്ന് എനിക്കാഗ്രഹമുള്ളതായി എനിക്കു ബോധ്യപ്പെട്ടു. ഇടിമിന്നലിന്റെ ദേവൻ എന്നെ കൊന്നുകളയട്ടെ, എന്നാലും അവളെ ഞാൻ ഭാര്യയാക്കും- എന്റെ തലയിൽ അങ്ങനെയൊരു ചിന്തയേ ഉണ്ടായിരുന്നുള്ളു. അല്ല, അതു വെറും കാമാവേശം കൊണ്ടുമാത്രമായിരുന്നില്ല. നിങ്ങളെപ്പോലുള്ള മാന്യന്മാർ അങ്ങനെയാവും ചിന്തിക്കുക എന്നെനിക്കറിയാം. എനിക്കവളോടു കാമം മാത്രമാണു തോന്നിയതെങ്കിൽ, ഞാനതു തൃപ്തിപ്പെടുത്തുകയും ചെയ്തുകഴിഞ്ഞിരുന്നല്ലോ. അവളെ തൊഴിച്ചു താഴെയിട്ടിട്ട്‌ എനിക്കവിടെനിന്ന് ഊരിപ്പോരാവുന്നതേയുണ്ടായിരുന്നുള്ളു. ആ മനുഷ്യന്റെ ചോര എന്റെ വാളിൽ കറ പറ്റിയ്ക്കുകയും ചെയ്യുമായിരുന്നില്ല. പക്ഷേ, ഇരുളടഞ്ഞ ആ കാട്ടിൽ വച്ച്‌ അവളുടെ കണ്ണുകൾ എന്റെ കണ്ണുകളുമായി പിണഞ്ഞ നിമിഷം എനിക്കു മനസ്സിലായി, അയാളെ കൊല്ലാതെ എനിക്കവിടെനിന്നു പോരാൻ പറ്റില്ലെന്ന്.
എന്നാൽക്കൂടി ഒരു ഭീരുവിന്റെ മാതിരി അയാളെ കൊന്നുകളയാൻ എനിക്കു മനസ്സു വന്നില്ല. ഞാൻ അയാളുടെ കെട്ടഴിച്ചു വിട്ടിട്ട്‌ ഒരു വാൾപ്പയറ്റിന്‌ അയാളെ വെല്ലുവിളിച്ചു. (ഞാൻ അപ്പോൾ വലിച്ചെറിഞ്ഞ കയറാണ്‌ അവർ കണ്ടെടുത്തത്‌.) വലിയ വാൾ വലിച്ചൂരുമ്പോൾ അയാൾ രോഷം കൊണ്ടു തിളങ്ങുകയായിരുന്നു; ഒറ്റയക്ഷരം മിണ്ടാതെ വാളുമായി അയാൾ എന്റെ നേർക്കു ചാടി. ആ പയറ്റിന്റെ ഒടുക്കം എന്തായിരുന്നുവെന്ന് ഞാൻ നിങ്ങളോടു പറയേണ്ടതില്ലല്ലോ. ഇരുപത്തിമൂന്നാമത്തെ കുത്തിന്‌ എന്റെ വാൾ അയാളുടെ നെഞ്ചു പിളർന്നു. അതെ, ഇരുപത്തിമൂന്നാമത്തെ കുത്തിന്‌: അതു നിങ്ങൾ മനസ്സിൽ വയ്ക്കണം. അതിന്റെ പേരിൽ എനിക്കയാളെ ബഹുമാനമാണ്‌. എന്റെ മുന്നിൽ ഇരുപതിനപ്പുറത്ത് പോയ ഒരേയൊരാൾ അയാളാണ്‌. (രസം പിടിച്ചുള്ള ഇളി.)
അയാൾ താഴെ വീണപ്പോൾ ഞാൻ വാളു താഴ്ത്തി ആ പെണ്ണിനെ നോക്കി. പക്ഷേ അവളെ കാണാനുണ്ടായിരുന്നില്ല! ദേവദാരുക്കൾക്കിടയിൽ ഞാൻ അവളെ തിരഞ്ഞു, പക്ഷേ വീണുകിടന്ന മുളയിലകളിൽ അവൾ അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷണം പോലും കണ്ടില്ല. ഞാൻ കാതു കൂർപ്പിച്ചു, കേട്ടത്‌ ആ മനുഷ്യന്റെ പ്രാണൻ കുറുകുന്നതു മാത്രമാണ്‌.
വാൾപ്പയറ്റു തുടങ്ങിയപ്പോൾത്തന്നെ സഹായത്തിനാളെ വിളിയ്ക്കാനായി പൊന്തക്കാടിനുള്ളിലൂടെ അവൾ ഓടിപ്പോയതായിരിക്കണം. അതോർത്തപ്പോൾ എനിക്ക്‌ എന്റെ ജീവനെപ്രതി ഭയമായി. ഞാൻ ആ മനുഷ്യന്റെ വാളും അമ്പും വില്ലും വാരിയെടുത്ത്‌ നേരേ മലമ്പാതയ്ക്കു വച്ചുപിടിച്ചു. അവൾ വന്ന കുതിര പുല്ലു മേഞ്ഞു കൊണ്ട്‌ അവിടെ നിൽപ്പുണ്ടായിരുന്നു. അതിനു ശേഷം നടന്നതൊക്കെ പറയാൻ പോയാൽ അതു വെറുതെ നാവിട്ടടിക്കലാവും. എന്തായാലും ക്യോട്ടോവിലേക്കു പോരും മുമ്പ്‌ ഞാൻ അയാളുടെ വാൾ ഉപേക്ഷിച്ചുകളഞ്ഞു.
അപ്പോൾ, ഇതാണെന്റെ കുറ്റസമ്മതം. എന്നെങ്കിലും ഒരുദിവസം ജയിലിന്റെ മുറ്റത്തുള്ള മരത്തിൽ എന്റെ തല തൂങ്ങിക്കിടക്കുമെന്ന് പണ്ടേ എനിക്കറിയാം; അതുകൊണ്ട്‌ പരമാവധി ശിക്ഷ തന്നെ എനിക്കു തന്നാട്ടെ. (മുഖത്തു ധിക്കാരഭാവം.)

കിയോമുസു ക്ഷേത്രത്തിൽ വച്ച്‌ ഒരു സ്ത്രീ നടത്തിയ കുമ്പസാരം
കടുംനീലക്കുപ്പായം ധരിച്ച ആ മനുഷ്യൻ എന്നെക്കൊണ്ട്‌ അയാളുടെ ഇംഗിതം സാധിച്ച ശേഷം കെട്ടിയിട്ട എന്റെ ഭർത്താവിനെ നോക്കി കളിയാക്കിച്ചിരിച്ചു. എന്റെ ഭർത്താവിന്‌ എന്തുമാത്രം മാനക്കേടു തോന്നിയിട്ടുണ്ടാവും! അദ്ദേഹം അവിടെക്കിടന്നു ഞെളിയുകയും പുളയുകയും ചെയ്തു; പക്ഷേ കെട്ടുകൾ കൂടുതൽ വരിഞ്ഞിറങ്ങിയെന്നല്ലാതെ ഗുണമുണ്ടായില്ല. ഞാൻ അങ്ങോട്ടോടിച്ചെന്നു. അല്ലല്ല, ഞാൻ അങ്ങോട്ടോടിച്ചെല്ലാൻ നോക്കി; പക്ഷേ ആ മനുഷ്യൻ എന്നെ തൊഴിച്ചു താഴെയിട്ടുകളഞ്ഞു. അപ്പോഴാണ്‌ അതു സംഭവിക്കുന്നത്‌: എന്റെ ഭർത്താവിന്റെ കണ്ണുകളിലെ വിവരിക്കാനാവാത്ത ഒരു തിളക്കം അപ്പോഴാണ്‌ എന്റെ കണ്ണിൽപ്പെടുന്നത്‌. ശരിക്കും അതു വിവരിക്കാൻ പറ്റാത്തതായിരുന്നു. ഇപ്പോഴും അതോർക്കുമ്പോൾ ഞാൻ കിടുങ്ങിപ്പോകുന്നു. എന്റെ ഭർത്താവിന്‌ ഒരക്ഷരം മിണ്ടാൻ കഴിയില്ലായിരുന്നു; പക്ഷേ ആ കണ്ണുകൾ അദ്ദേഹത്തിന്റെ ഹൃദയം മുഴുവനായി എനിക്കു തുറന്നിടുകയായിരുന്നു. അതിൽ തിളങ്ങുന്നതായി ഞാൻ കണ്ടത്‌ കോപമായിരുന്നില്ല, ദുഃഖവുമായിരുന്നില്ല. അവജ്ഞയുടെ തണുത്ത മിന്നലായിരുന്നു- എന്നോടുള്ള അവജ്ഞ. ആ കൊള്ളക്കാരന്റെ തൊഴിയെക്കാൾ എന്നെ വേദനയേൽപ്പിച്ചത്‌ അതായിരുന്നു. ഒരു നിലവിളിയോടെ ഞാൻ അവിടെ പ്രജ്ഞയറ്റു വീണു.
എനിക്കു ബോധം വീണപ്പോൾ നീലക്കുപ്പായമിട്ട മനുഷ്യനെ കാണാനില്ലായിരുന്നു. കാട്ടിൽ അപ്പോൾ മരത്തോടു കെട്ട്യിയിട്ട നിലയിൽ എന്റെ ഭർത്താവു മാത്രമേയുള്ളു. മുളയിലകൾ അട്ടിയിട്ടു വീണുകിടക്കുന്നതിനു മേൽ നിന്ന് കഷ്ടിച്ചെഴുന്നേറ്റു നിൽക്കാനേ എനിക്കായുള്ളു; ഞാൻ എന്റെ ഭർത്താവിന്റെ മുഖത്തേക്കു നോക്കി. ആ കണ്ണുകൾ പഴയപടി തന്നെയുണ്ടായിരുന്നു: അവജ്ഞയും വെറുപ്പും നിറഞ്ഞ അതേ തണുത്ത നോട്ടത്തോടെ. ആ സമയത്ത്‌ എന്റെയുള്ളിൽ നിറഞ്ഞ വികാരത്തെ ഞാനെങ്ങനെ വിവരിക്കാൻ?
മാനക്കേട്‌,,,ദുഃഖം...കോപം...കാലുറയ്ക്കാതെ ഞാൻ അദ്ദേഹത്തിനടുത്തേക്കു നടന്നുചെന്നു.
'ഹൊ, എന്റെ ഭർത്താവേ! ഇങ്ങനെയൊക്കെ നടന്ന ശേഷം എനിക്കങ്ങയോടൊപ്പം ജീവിക്കാൻ പറ്റില്ല. ഞാൻ ഈ നിമിഷം ഇവിടെ വച്ചു മരിക്കാൻ തയാറാണ്‌. പക്ഷേ അങ്ങും- അതെ, അങ്ങും എന്റെകൂടെ മരിക്കണം. എന്റെ മാനഹാനിയ്ക്ക്‌ അങ്ങു സാക്ഷിയായതല്ലേ. അതങ്ങയുടെ മനസ്സിലിരിക്കെ എനിക്കു ലോകം വിട്ടുപോകാൻ പറ്റില്ല.'
പറയാനുള്ളതൊക്കെ പറയാൻ ശ്രമിക്കുകയായിരുന്നു ഞാൻ; പക്ഷേ എന്റെ ഭർത്താവാകട്ടെ, പഴയപടി എന്നെ അവജ്ഞയോടെ തുറിച്ചുനോക്കി ഇരിക്കുകയായിരുന്നു. എന്റെ നെഞ്ച്‌ ഏതു നിമിഷവും പൊട്ടിപ്പിളരുമെന്ന് എനിക്കു പേടിയായി. ഒടുവിൽ മനസ്സടക്കിപ്പിടിച്ച്‌ ആ മുളംകൂട്ടത്തിനിടയിൽ ഞാൻ അദ്ദേഹത്തിന്റെ വാളു തിരഞ്ഞു. ആ കൊള്ളക്കാരൻ അതു കൊണ്ടുപോയിരിക്കണം- അതവിടെയെങ്ങും കാണാനില്ലായിരുന്നു- എന്റെ ഭർത്താവിന്റെ അമ്പും വില്ലും കണ്ടില്ല. ഒടുവിൽ ഭാഗ്യത്തിന്‌ എന്റെ കാൽച്ചുവട്ടിലായി ഞാൻ ആ കഠാര കണ്ടു. എന്റെ ഭർത്താവിനു മുന്നിൽ അതെടുത്തു വീശിക്കൊണ്ട്‌ ഞാൻ വീണ്ടും പറഞ്ഞു:
'ഇതാ, ഇതോടെ എല്ലാം കഴിയണം. അങ്ങയുടെ ജീവനെടുക്കാൻ എന്നെ അനുവദിക്കണേ. തൊട്ടുപിന്നാലെ ഞാനും മരണത്തിൽ അങ്ങയെ അനുഗമിച്ചോളാം.'
ഇതു കേട്ടപ്പോൾ അവസാനം എന്റെ ഭർത്താവിന്റെ ചുണ്ടുകൾ ചലിക്കാൻ തുടങ്ങി. അതെ, മുളയില കുത്തിക്കേറ്റിയിരുന്നതു കാരണം ഒച്ച പുറത്തുവന്നിരുന്നില്ല, എന്നാലും അദ്ദേഹം പറയുന്നതെന്താണെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി. എന്നോടുള്ള കൊടിയ അവജ്ഞയോടെ അദ്ദേഹം പറഞ്ഞതിത്രയും, 'ചെയ്യ്‌.' സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ എവിടെയോ ഒഴുകിനടന്ന ഞാൻ അദ്ദേഹത്തിന്റെ ഇളംനീലക്കുപ്പായത്തിന്റെ നെഞ്ചിലൂടെ കഠാര കുത്തിക്കയറ്റി.
പിന്നെ എനിക്കു വീണ്ടും ബോധം പോയി. കാഴ്ച തിരിച്ചുകിട്ടിയപ്പോൾ അപ്പോഴും മരത്തിൽ കെട്ടിയിട്ടിരുന്ന എന്റെ ഭർത്താവിന്റെ ശ്വാസം നിലച്ചിരുന്നു. ചാമ്പൽനിറമായ ആ മുഖത്ത്‌ മുളംകൂട്ടത്തിലൂടെ അരിച്ചിറങ്ങുന്ന ഒരു പോക്കുവെയിൽനാളം തങ്ങിനിന്നിരുന്നു. കണ്ണിരും കുടിച്ചിറക്കിക്കൊണ്ട്‌ ഞാൻ അദ്ദേഹത്തിന്റെ കെട്ടഴിച്ച്‌ ആ കയറു വലിച്ചെറിഞ്ഞു. എന്നിട്ടു പിന്നെ- എന്നിട്ടു പിന്നെ എന്റെ കാര്യമെന്തായി? അതു പറയാനുള്ള ശേഷി എനിക്കിനിയില്ല. സ്വയം കൊല്ലാൻ എനിക്കു കഴിഞ്ഞില്ല എന്നു ഞാൻ പറയേണ്ടതില്ലല്ലോ. തൊണ്ടയ്ക്കു കുത്താൻ ശ്രമിച്ചു ഞാൻ. അടിവാരത്തെ കുളത്തിൽ മുങ്ങിച്ചാവാൻ നോക്കി. പക്ഷേ ഫലിച്ചില്ല. ഞാൻ ഇന്നും ഇവിടെത്തന്നെയുണ്ട്‌, മരിക്കാനുള്ള എന്റെ കഴിവുകേടിൽ എനിക്കഭിമാനവുമില്ല.(ഹതാശമായ ഒരു പുഞ്ചിരി.) കരുണയുടെ ബോധിസത്വനായ കനോൺ പോലും എന്റെ ദൗർബല്യം കണ്ട്‌ മുഖം തിരിച്ചതാവും. പക്ഷേ ഞാൻ- സ്വന്തം ഭർത്താവിനെ കൊന്ന ഞാൻ, ഒരു കൊള്ളക്കാരൻ മാനം കവർന്ന ഞാൻ- ഞാനെന്തു ചെയ്യണം? പറയൂ, ഞാനെന്തു ചെയ്യണം...(പെട്ടെന്ന് പൊട്ടിക്കരയുന്നു.)

മരണപ്പെട്ടയാളിന്റെ ആത്മാവ്‌ ഒരു പ്രേതാവിഷ്ടനിലൂടെ ബോധിപ്പിച്ചത്‌
ആ കൊള്ളക്കാരൻ എന്റെ ഭാര്യയെക്കൊണ്ട്‌ തന്റെ ഇംഗിതം സാധിച്ച ശേഷം അവൻ നിലത്തിരുന്ന് അവളെ സമാധാനിപ്പിക്കാൻ നോക്കി. എനിക്കൊന്നും മിണ്ടാൻ പറ്റിയിരുന്നില്ല, എന്നെ അപ്പോഴും മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നല്ലോ. എന്നാലും കണ്ണുകാട്ടി ഞാൻ അവളെ മനസ്സിലാക്കിക്കാൻ ശ്രമിക്കുകയായിരുന്നു: അവൻ പറയുന്നതൊന്നും വിശ്വസിച്ചുകളയല്ലേ. അവൻ പറയുന്നതൊക്കെ പൊളിയാണ്‌. എന്റെ മനസ്സിലുള്ളത് അവളിലേക്കെത്തിക്കാൻ ശ്രമിക്കുകയായിരുന്നു ഞാനെങ്കിലും അവൾ തന്റെ കാൽമുട്ടുകളിൽ തുറിച്ചുനോക്കിക്കൊണ്ട്‌ വീണുകിടക്കുന്ന മുളയിലകളിൽ കൂനിപ്പിടിച്ചിരുന്നതേയുള്ളു. അതുമല്ല, അവൻ പറയുന്നത്‌ അവൾ ശ്രദ്ധിച്ചുകേൾക്കുകയും ചെയ്യുന്നുണ്ട്‌. അസൂയ കൊണ്ട്‌ ഞാൻ ഞെളിപിരി കൊണ്ടു. പക്ഷേ ആ കള്ളൻ തന്റെ പഞ്ചാരവാക്കുകൾ കൊണ്ട്‌ ഓരോരോ ന്യായങ്ങൾ പറയുകയാണ്‌. 'ഇനിയിപ്പോൾ നിന്റെ ദേഹത്തു ചെളി പറ്റിയ സ്ഥിതിയ്ക്ക്‌  ഭർത്താവുമായുള്ള ബന്ധം പഴയപടിയാവാൻ പോകുന്നില്ല. അയാളുടെ കൂടെ എന്തിനു പോകണം- വാ, എന്റെ ഭാര്യയായിക്കോ! എനിക്കു നിന്നോട്‌ അത്ര സ്നേഹം തോന്നിയതു കൊണ്ടാണ്‌ ഞാൻ ഇത്ര പരുക്കനായിട്ടു പെരുമാറിയത്‌.' അവളോട്‌ അങ്ങനെ പറയാനുള്ള ചങ്കൂറ്റം ആ കള്ളനുണ്ടായി!
അതു കേട്ട്‌ എന്റെ ഭാര്യ മുഖമുയർത്തി നോക്കിയപ്പോൾ അവൾ ആകെ മയങ്ങിപ്പോയപോലെ തോന്നി. അന്നേരത്തെപ്പോലെ സുന്ദരിയായി ഞാനവളെ കണ്ടിട്ടേയില്ല. എന്നിട്ട്‌ എന്റെയാ സുന്ദരിയായ ഭാര്യ ആ കൊള്ളക്കാരനോട്‌ എന്റെ സാന്നിദ്ധ്യത്തിൽ പറഞ്ഞതെന്താണെന്നോ- കൈയും കാലും കൂട്ടിക്കെട്ടിയ തന്റെ ഭർത്താവിന്റെ മുന്നിൽ വച്ച്‌? ഒരു ജീവിതത്തിനും മറ്റൊന്നിനുമിടയിൽ അലഞ്ഞുനടക്കുകയാവാം എന്റെ ആത്മാവ്‌; എന്നാലും അവളുടെ ആ മറുപടി ഓർക്കുമ്പോഴൊക്കെയും വെറുപ്പും കോപവും കൊണ്ട്‌ എരിഞ്ഞുപോകുന്നു ഞാൻ. ' ശരി,' അവൾ പറയുകയാണ്‌, 'എന്നെ എവിടെ വേണമെങ്കിലും കൊണ്ടുപൊയ്ക്കോ.' ( ദീർഘമായ ഒരു മൂകത.)
അതു മാത്രമായിരുന്നില്ല അവൾ എന്നോടു ചെയ്ത പാതകം. അത്രയേ അവൾ ചെയ്തുള്ളുവെങ്കിൽ ഞാൻ ഈ ഇരുട്ടിൽക്കിടന്ന് ഇതുമാതിരി ദുരിതമനുഭവിക്കുമായിരുന്നില്ല. അവന്റെ കൈയിൽ പിടിച്ച്‌ ആ മുളംകൂട്ടത്തിൽ നിന്ന് ഒരു സ്വപ്നത്തിലെന്നപോലെ അവൾ കാലെടുത്തുവയ്ക്കുമ്പോൾ പെട്ടെന്ന് അവളുടെ മുഖം വിവർണ്ണമായി, അവൾ തിരിഞ്ഞുനിന്ന് എന്നെച്ചൂണ്ടി. 'കൊല്ലയാളെ!' അവൾ ആക്രോശിച്ചു. 'അയാളെ കൊല്ലാൻ! അയാൾ ജീവനോടിരിക്കുമ്പോൾ എനിക്കു നിങ്ങളോടൊപ്പം വരാൻ സാധ്യമല്ല!' മനസ്സിന്റെ സമനില തെറ്റിയ പോലെ അവൾ അതുതന്നെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, 'കൊല്ലയാളെ!' ഇന്നും ആ വാക്കുകൾ ഒരു കൊടുംകാറ്റു പോലെ എന്നെ തൂക്കിയെടുത്ത്‌ പാതാളത്തിലേക്കെറിയുന്നപോലെ തോന്നിപ്പോവുന്നു. ഇത്രയും വിദ്വേഷം നിറഞ്ഞ വാക്കുകൾ ഇതിനു മുമ്പ്‌ ഏതെങ്കിലുമൊരു മനുഷ്യജീവിയുടെ വായിൽ നിന്നു വന്നിട്ടുണ്ടാവുമോ? ഇത്രയും ശപ്തമായ വാക്കുകൾ ഇതിനു മുമ്പ്‌ ഏതെങ്കിലുമൊരു മനുഷ്യജീവിയുടെ കാതുകളിൽ പതിച്ചിട്ടുണ്ടാവുമോ? ഇത്രയും- (നിന്ദാഗർഭമായ ഒരു പൊട്ടിച്ചിരി.) അവൾ പറയുന്നതു കേട്ടപ്പോൾ ആ കൊള്ളക്കാരൻ പോലും വിളറിപ്പോയി. അവന്റെ കൈയിൽ അള്ളിപ്പിടിച്ചുകൊണ്ട്‌ അവൾ വീണ്ടും അലറി, 'അയാളെ കൊല്ലാൻ!' കൊള്ളക്കാരൻ അവളെ തുറിച്ചുനോക്കി; എന്നെ കൊല്ലുമെന്നോ കൊല്ലില്ലെന്നോ അവൻ പറഞ്ഞില്ല. പിന്നെ ഞാൻ കാണുന്നത്‌, ഒറ്റച്ചവിട്ടു കൊടുത്ത്‌ അവൻ അവളെ താഴെയിടുന്നതാണ്‌. (നിന്ദാഗർഭമായ പൊട്ടിച്ചിരി വീണ്ടും.)
കൊള്ളക്കാരൻ തൊഴുതുകൊണ്ട്‌ എന്നെ നോക്കി.
"ഇവളെ ഞാൻ എന്തു ചെയ്യണം?,' അവൻ എന്നോടു ചോദിച്ചു. 'കൊല്ലണോ അതോ വിട്ടയക്കണോ? തലയൊന്നനക്കിയാൽ മതി. കൊല്ലട്ടെ?' മറ്റൊന്നുമില്ലെങ്കിൽ ഇതൊന്നുകൊണ്ടു തന്നെ ആ കൊള്ളക്കാരന്റെ പാതകങ്ങൾക്കു മാപ്പു കൊടുക്കാൻ ഞാൻ തയാറാണ്‌. (ദീർഘമായ മൗനം വീണ്ടും.)
ഞാൻ മറുപടിയൊന്നും പറയാതിരുന്നപ്പോൾ എന്റെ ഭാര്യ ഒരു നിലവിളിയോടെ മുളംകൂട്ടത്തിനിടയിലേക്കു കുതിച്ചു. അവൻ അവളുടെ പിന്നാലെ പാഞ്ഞു; അവനവളെ എവിടെക്കിട്ടാൻ? എന്തോ കിനാവു കാണുന്ന പോലെ ഞാൻ ആ കാഴ്ചയും കണ്ടുകൊണ്ടിരുന്നു.
എന്റെ ഭാര്യ ഓടിപ്പോയതിപ്പിന്നെ കൊള്ളക്കാരൻ വന്ന് എന്റെ വാളും വില്ലും അമ്പുമെടുത്തു; എന്നിട്ട്‌ എന്നെ കെട്ടിയിരുന്ന കയർ ഒരു ഭാഗത്തു മുറിച്ചു. 'ഇനി എനിക്കോടാനുള്ള ഊഴമായി,' ആ പൊന്തക്കാടിൽ നിന്നു മറയുമ്പോൾ അവൻ പിറുപിറുക്കുന്നത്‌ എന്റെ ഓർമ്മയിലുണ്ട്‌. പിന്നെ അവിടമാകെ നിശ്ശബ്ദമായി. അല്ല- ആരോ തേങ്ങിക്കരയുന്നത്‌ എനിക്കു കേൾക്കാം. കെട്ടഴിക്കുമ്പോൾ ഞാൻ അതിനു കാതു കൊടുക്കുകയായിരുന്നു; ഒടുവിൽ എനിക്കു മനസ്സിലായി- കരയുന്നതു ഞാൻ തന്നെയാണെന്ന് എനിക്കു മനസ്സിലായി. ( വീണ്ടും ദീർഘമായ മൗനം.)
ഒടുവിൽ മരത്തിന്റെ ചുവട്ടിൽ നിന്ന് ക്ഷീണിച്ചവശനായി ഞാൻ എഴുന്നേറ്റു നിന്നു. എന്റെ ഭാര്യ വലിച്ചെറിഞ്ഞ കഠാര അതാ, എന്റെ കാൽച്ചുവട്ടിൽ കിടക്കുന്നു. ഞാൻ അതെടുത്ത്‌ എന്റെ നെഞ്ചിലേക്കു കുത്തിയിറക്കി. ചോരക്കട്ട പോലെന്തോ എന്റെ വായിലേക്കിരച്ചുകയറി; പക്ഷേ എനിക്കൊരു വേദനയും തോന്നിയില്ല. എന്റെ നെഞ്ചത്തു തണുപ്പു കേറി, പിന്നെ സകലതും അനക്കമറ്റു. എന്തൊരു നിശ്ശബ്ദത! മലയുടെ മറഞ്ഞ ഭാഗത്തെ ആ മുളംകൂട്ടത്തിനു മുകളിലെ ആകാശത്ത്‌ ഒരു കിളിയും പാടാനെത്തിയില്ല. മുളംകൂട്ടത്തിലും ദേവദാരുക്കളുടെ ഉയർന്ന ചില്ലകളിലും സൂര്യന്റെ ഏകാന്തദീപ്തി തങ്ങിനിന്നിരുന്നു. സൂര്യൻ- പിന്നെ അതും സാവധാനം മങ്ങുകയായി, കൂടെ ദേവദാരുക്കളും മുളകളും. ആഴ്‌ന്ന നിശ്ശബ്ദതയാലാവൃതനായി ഞാൻ അവിടെക്കിടന്നു.
പിന്നെ അടക്കിയ കാൽച്ചുവടുകൾ എന്നെത്തേടിവന്നു. അതാരെന്നു കാണാൻ ഞാൻ ശ്രമിച്ചു, പക്ഷേ ഇരുട്ടെന്നെ നാലുപാടും വന്നു മൂടിക്കളഞ്ഞു. ഒരാൾ- ആരോ ഒരാൾ അദൃശ്യമായ ഒരു കൈ കൊണ്ട്‌ എന്റെ നെഞ്ചിൽ നിന്ന് കഠാര സാവധാനം വലിച്ചൂരി. വീണ്ടും എന്റെ വായിലേക്ക്‌ ചോര പതഞ്ഞുകേറി; പിന്നെ ഞാൻ എന്നെന്നേക്കുമായി ജീവിതങ്ങൾക്കിടയിലെ ഇരുട്ടിലേക്കു പതിക്കുകയും ചെയ്തു.
(ഡിസംബർ 1921)
____________________________________________________________________________________________________
കുറോസോവ തന്റെ പ്രസിദ്ധമായ സിനിമ എടുക്കുന്നത്‌ പ്രധാനമായും ഈ കഥയെയും പിന്നെ റഷോമോൺ എന്ന നേരത്തേ വിവർത്തനം ചെയ്ത കഥയെയും ആസ്പദമാക്കിയാണ്‌.

Saturday, April 3, 2010

റിയുനോസുകെ അകുതഗാവ-റഷോമോൺ




തണുത്തുകുളിരുന്ന ഒരു സന്ധ്യനേരത്ത്‌ മഴയൊന്നു തോരാൻ കാത്ത്‌ റഷോമോണിനടിയിലിരിക്കുകയാണ്‌ ഒരു സമുരായിയുടെ സേവകൻ.
ആ വലിയ കവാടത്തിനു ചുവട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ചുവന്ന അരക്കു തേച്ചിരുന്നത്‌ അവിടവിടെ ഇളകിപ്പോന്നിരുന്ന കൂറ്റനൊരു തൂണിന്മേൽ ഒരു ചീവീടു മാത്രം പറ്റിപ്പിടിച്ചിരുപ്പുണ്ട്‌. സുജാക്കുവീഥി പോലെ അത്ര പ്രധാനപ്പെട്ട ഒരു പെരുവഴിയിൽ നിൽക്കുന്നതിനാൽ മറ്റു ചിലരെങ്കിലും ആ മഴയത്ത്‌ അവിടെക്കേറി നിൽക്കേണ്ടതായിരുന്നു- അരക്കു തേച്ച പുൽത്തൊപ്പി വച്ച ഒരു സ്ത്രീ, അതുമല്ലെങ്കിൽ പതുപതുത്ത കറുത്ത തൊപ്പി ധരിച്ച ഒരു കൊട്ടാരം സേവകൻ. പക്ഷേ ഈ മനുഷ്യനല്ലാതെ മറ്റൊരാളെ കാണാനില്ല.
അടുത്ത കാലത്തു തുടരെത്തുടരെയുണ്ടായ അത്യാഹിതങ്ങൾ കാരണം - ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, അഗ്നിബാധകൾ, ക്ഷാമം - ക്യോട്ടോനഗരം വല്ലാതെ ക്ഷയിച്ചുപോയിരിക്കുന്നു. ആളുകൾ ബുദ്ധപ്രതിമകളും മറ്റു പൂജാദ്രവ്യങ്ങളും അടിച്ചുടച്ച്‌ വഴിയിൽ കൂട്ടിയിട്ടിരിക്കുന്നതിനെക്കുറിച്ചും, ചായവും പൊന്നും വെള്ളിയും പറ്റിപ്പിടിച്ചിരിക്കുന്ന ആ കഷണങ്ങൾ വിറകായി വിൽക്കുന്നതിനെക്കുറിച്ചും പഴയ രേഖകളിൽ പറയുന്നുണ്ട്‌. നഗരം തന്നെ ഈ പടുതിയിലായിരിക്കെ റഷോമൊൺ പരിരക്ഷിക്കാൻ ആരുണ്ടാവാൻ? ആ പൊളിഞ്ഞ കെട്ടിടം കുറുനരികൾക്കു മാളമായി; വൈകാതെ കള്ളന്മാരും അവിടെ കുടിയേറി. ഒടുവിൽ അവകാശികളില്ലാത്ത ജഡങ്ങൾ കൊണ്ടുവന്ന് കാവാടത്തിന്റെ മുകൾനിലയിൽ തള്ളുക പതിവായി; സന്ധ്യ കഴിഞ്ഞാൽ ആരും ചെല്ലാൻ മടിക്കുന്ന ഒരു സ്ഥലമായി മാറി അത്‌.
നേരേമറിച്ച്‌, കാക്കകൾ അവിടെ പറ്റമായി വന്നുകൂടിയിരുന്നു. പകലു മുഴുവൻ അവ മേൽക്കൂരയ്ക്കു ചുറ്റും കാറിക്കരഞ്ഞുകൊണ്ട്‌ പറന്നുനടക്കും. അന്തിവെളിച്ചത്തിൽ ആകാശം ചുവക്കുമ്പോൾ വാരിയെറിഞ്ഞ എള്ളിൻമണികൾ പോലെയും അവയെ കാണാം. ഇന്നു പക്ഷേ, അത്രയും നേരം വൈകിയതു കൊണ്ടാവാം, ഒരു കാക്കയെപ്പോലും കാണാനില്ല. വിടവുകളിൽ കാട്ടുപുല്ലുകൾ വളർന്നുകേറിയ, പൊളിഞ്ഞുതുടങ്ങിയ കൽപ്പടവുകളിൽ അവയുടെ വെളുത്ത കാഷ്ഠം മാത്രം വീണുകിടപ്പുണ്ട്‌. പഴകിയ നീലക്കിമോണോ ധരിച്ച ആ വേലക്കാരൻ ഏഴു പടവുകളിൽ മുകളറ്റത്തേതിൽ കയറി ഇരിക്കുകയാണ്‌; ഉതിരുന്ന മഴയിൽ തങ്ങിനിൽക്കുകയാണ്‌ അയാളുടെ ഒഴിഞ്ഞ നോട്ടം. വലതുകവിളിൽ ശല്യമുണ്ടാക്കുന്ന വലിയൊരു മുഖക്കുരുവിലേക്ക്‌ അയാളുടെ ശ്രദ്ധ പോകുന്നുണ്ട്‌.
'മഴയൊന്നു തോരാൻ കത്തുനിൽക്കുകയായിരുന്നു' ആ വേലക്കാരൻ എന്നു നാം നേരത്തെ പറഞ്ഞിരുന്നു; പക്ഷേ മഴ നിന്നുകഴിഞ്ഞാൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച്‌ അയാൾക്കു പ്രത്യേകിച്ചൊരു ധാരണയും ഉണ്ടായിരുന്നില്ല എന്നതാണു പരമാർത്ഥം. സാധാരണ ഗതിയിൽ അയാൾ തന്റെ യജമാനന്റെ വീട്ടിലേക്കു പോവുകയാണ്‌ ചെയ്യുക. പക്ഷേ കുറച്ചു ദിവസങ്ങൾക്കു മുമ്പ്‌ അയാളെ ജോലിയിൽ നിന്നു പിരിച്ചിവിട്ടിരിക്കുകയാണ്‌. മുമ്പ്‌ സൂചിപ്പിച്ചപോലെ, ക്യോട്ടോനഗരം വല്ലാത്ത ഒരധഃപതനത്തിലായിരുന്നല്ലോ. അത്രയും വർഷം താൻ സേവിച്ചിരുന്ന യജമാനൻ അയാളെ പിരിച്ചുവിട്ടത്‌ ആ അധഃപതനത്തിന്റെ തീരെച്ചെറിയ ഒരു പരിണതഫലവുമായിരുന്നു. 'മഴ തോരാൻ കാത്തു നിൽക്കുകയായിരുന്നു' ആ വേലക്കാരൻ എന്നതിനു പകരം ഇങ്ങനെയെഴുതുകയാവും ഉചിതം: 'മഴയത്തു പെട്ടുപോയ ഒരു വേലക്കാരന്‌ എങ്ങും പോകാനുണ്ടായിരുന്നില്ല, എന്തു ചെയ്യണമെന്നും അറിയുമായിരുന്നില്ല.' ഹേയിയൻ കാലത്തെ ആ ഊഴിയക്കാരന്റെ മനസ്സിടിവിന്‌ കാലാവസ്ഥയും കാരണമായി. മഴ തോരാനുള്ള ലക്ഷണമുണ്ടായിരുന്നില്ല. സുജാക്കുവീഥിയിൽ മഴ കോരിച്ചൊരിയുന്നത്‌ പാതിബോധത്തിൽ കേട്ടുകൊണ്ടിരിക്കുകയാണയാൾ. ഒരുനാൾ കൂടി ജീവനോടിരിക്കാനുള്ള വഴി കണ്ടെത്താൻ അയാൾ നിശ്ചയിച്ചിട്ടുണ്ട്‌- എന്നു പറഞ്ഞാൽ, അപരിഹാര്യമായ ഒരു വിധിക്കെതിരെ ഒരു ചെറുത്തുനിൽപ്പു നടത്താൻ.
പലതരം ഇരമ്പങ്ങളുമായി ഇരച്ചെത്തിയ പെരുമഴ റഷോമോണിനെ വലയം ചെയ്തു. മുകളിലേക്കു നോക്കിയപ്പോൾ കൂറ്റനൊരു കാർമേഘം കൂരയുടെ മൂലയോടുകളിൽ കോർത്തുനിൽക്കുന്നത്‌ അയാളുടെ കണ്ണുകളിൽ പെട്ടു.
ഒന്നും ചെയ്യാനില്ലാത്ത ചുറ്റുപാടിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ എന്തു ചെയ്യാനും തയാറായിരിക്കണം അയാൾ. മടിച്ചാൽ ഏതെങ്കിലും മൺചുമരിനരികിൽ, സുജാക്കുവിലെ ഓടയിൽ പട്ടിണി കിടന്ന് അയാൾ മരിക്കും. പിന്നെ ഒരു തെണ്ടിപ്പട്ടിയെപ്പോലെ അയാളെ ഈ കവാടത്തിലേക്കെടുത്തെറിയുകയും ചെയ്യും. പക്ഷേ എന്തു ചെയ്യാനും തയാറാണ്‌ അയാളെങ്കിൽ-
ഒരേ വഴിയിലൂടെ ചാലിട്ട ചിന്തകൾ എപ്പോഴും ഒരേ ലക്ഷ്യത്തിൽ ചെന്നുനിൽക്കുകയായിരുന്നു. പക്ഷേ എത്രനേരം കഴിഞ്ഞിട്ടും ആ 'എങ്കിൽ' ഒരു 'എങ്കിൽ' ആയിത്തന്നെ നിലനിന്നു. എന്തു ചെയ്യാനും താൻ തയാറാണ്‌ എന്ന് പേർത്തും പേർത്തും തന്നെത്താൻ ബോധ്യപ്പെടുത്തിയിട്ടും, ആ 'എങ്കിലി'ന്റെ സ്വാഭാവികമായ നിഗമനത്തിലെത്താൻ, അതായത്‌ ഒരു കള്ളനാവുകയേ തനിക്കിനി ചെയ്യാനുള്ളു എന്ന നിശ്ചയത്തിലെത്താൻ വേണ്ട ധൈര്യം സംഭരിക്കാൻ അയാൾക്കു കഴിഞ്ഞില്ല.
നീട്ടിപ്പിടിച്ചൊരു തുമ്മലിനു ശേഷം അയാൾ വലിഞ്ഞെഴുന്നേറ്റു. ക്യോട്ടോവിലെ അന്തിക്കുളിരു കൊണ്ടപ്പോൾ ഒരു നെരുപ്പോടിന്റെ കനൽച്ചൂടിന്‌ അയാളുടെ മനസ്സു കൊതിച്ചു. ആ ഇരുട്ടത്ത്‌ കവാടത്തിന്റെ തൂണുകൾക്കിടയിലൂടെ തണുത്ത കാറ്റു മൂളിപ്പറന്നു. ചുവന്ന അരക്കു തേച്ച തൂണിന്മേൽ പറ്റിപ്പിടിച്ചിരുന്ന ചീവീടു പോലും പോയിക്കഴിഞ്ഞിരിക്കുന്നു.
പിടലി താഴ്ത്തി അയാൾ കവാടത്തിനു ചുറ്റും ഒന്നു നോക്കി; മഞ്ഞിച്ച അടിവസ്ത്രത്തിനു മേൽ ധരിച്ചിരുന്ന നീലക്കിമോണോ അയാൾ തോളിലേക്ക്‌ ഒന്നുകൂടി വലിച്ചിട്ടു. മഴയും കാറ്റും കൊള്ളാതെ ആരുടെയും കണ്ണിൽപ്പെടാതെ കിടന്നുറങ്ങാൻ പറ്റിയ ഒരിടം കിട്ടിയിരുന്നെങ്കിൽ ഇന്നു രാത്രി ഇവിടെത്തന്നെ കഴിച്ചുകൂട്ടാമായിരുന്നു, അയാൾ മനസ്സിൽ പറഞ്ഞു. ഈ സമയത്താണ്‌ കവാടത്തിന്റെ മുകൾനിലയിലേക്കു പോകുന്ന വിശാലമായ ഒരു കോണിപ്പടി അയാളുടെ കണ്ണിൽപ്പെടുന്നത്‌. ചത്തവരേ അവിടെയുണ്ടാവാൻ വഴിയുള്ളു. ഉറയിൽ നിന്ന് വാളൂരിപ്പോകാതെ നോക്കിക്കൊണ്ട്‌ അയാൾ കോണിപ്പടിയുടെ ആദ്യത്തെ പടിയിൽ കാലെടുത്തു വച്ചു.
അൽപ്പനേരം കഴിഞ്ഞ്‌, കോണിയുടെ പകുതിയെത്തിയപ്പോൾ, അയാളവിടെ പതിഞ്ഞിരുന്ന് ശ്വാസം പിടിച്ചുകൊണ്ട്‌ കവാടത്തിന്റെ മുകൾനില എങ്ങനെയുണ്ടെന്നു നോക്കി. മുകളിൽ നിന്നുള്ള വെളിച്ചം ആ മനുഷ്യന്റെ വലതു കവിളിൽ മങ്ങിവീണു- കുറ്റിത്താടിയ്ക്കിടയിൽ പഴുപ്പു നിറഞ്ഞു നീറിയിരുന്ന മുഖക്കുരു ഉണ്ടായിരുന്ന ആ കവിളിൽത്തന്നെ. മരിച്ചവരല്ലാതെ ആരെങ്കിലും അവിടെ കണ്ടേക്കാമെന്ന സാധ്യതയിലേക്ക്‌ അയാളുടെ ചിന്ത പോയിരുന്നില്ല; പക്ഷേ രണ്ടുമൂന്നു പടികൾ കൂടി കയറിയപ്പോൾ ആരോ ഒരാൾ അതിനുള്ളിൽ വെളിച്ചവും കൊണ്ടു നടക്കുന്നുണ്ടെന്ന് അയാൾക്കു ബോധ്യമായി. മൂലകളിൽ മാറാല തൂങ്ങിക്കിടന്നിരുന്ന മേൽക്കൂരയുടെ അടിഭാഗത്ത്‌ നിറം കെട്ട മഞ്ഞ വെളിച്ചം മിന്നിത്തിളങ്ങുന്നത്‌ അയാൾ കണ്ടു. ഇതുപോലൊരു മഴയുള്ള രാത്രിയിൽ റഷോമോണിൽ വെളിച്ചവുമായി നടക്കുന്നയാൾ സാധാരണക്കാരനാവാൻ വഴിയില്ല.
ആ ചെങ്കുത്തായ കോണിയുടെ മുകളിലേക്ക്‌ അയാൾ ഒരു പല്ലിയെപ്പോലെ ഇഴഞ്ഞുകേറി. എന്നിട്ടു കുന്തിച്ചിരുന്ന് അയാൾ അതിനുള്ളിലേക്ക്‌ പേടിയോടെ കഴുത്തെത്തിച്ചു നോക്കി.
പറഞ്ഞുകേട്ടപോലെ, കുറേ ശവങ്ങൾ അവിടെയുമിവിടെയുമായി കിടക്കുന്നത്‌ അയാൾ കണ്ടു. പക്ഷേ മങ്ങിയ വെളിച്ചമായിരുന്നതിനാൽ എത്രയെണ്ണമുണ്ടെന്ന് അയാൾക്കു മനസ്സിലായില്ല. ചിലതു പിറന്നപടി ആയിരുന്നുവെന്നും, മറ്റു ചിലതിനു മേൽ തുണിയുണ്ടായിരുന്നുവെന്നും മാത്രം കാണാൻ പറ്റി. ആണും പെണ്ണും കൂടിപ്പിണഞ്ഞു കിടക്കുകയാണെന്നും തോന്നി. കൈകൾ വാരിയെറിഞ്ഞും, വായ വലിച്ചുതുറന്നും, നിത്യമൗനത്തിലാണ്ട്‌ കളിമൺപാവകളെപ്പോലെയുള്ള അവയുടെ കിടപ്പു കണ്ടാൽ ഒരു കാലത്തവ ജീവനുള്ള മനുഷ്യരായിരുന്നുവെന്നു വിശ്വസിക്കാൻ പ്രയാസം തോന്നിപ്പോകും. അവരുടെ ചുമലും നെഞ്ചും ഉടലും മങ്ങിയ വെട്ടത്തിൽ എഴുന്നുനിന്നു; മറ്റു ഭാഗങ്ങൾ നിഴലടച്ചുകിടക്കുകയായിരുന്നു.
അഴുകുന്ന ശവങ്ങളുടെ നാറ്റമടിച്ചപ്പോൾ അയാൾ മൂക്കു പൊത്തിപ്പോയി. പക്ഷേ അടുത്ത നിമിഷം അയാളുടെ കൈ താണു; അയാൾ തുറിച്ചുനോക്കി. ജീവനുള്ള ഒരാൾ ആ ശവങ്ങൾക്കിടയിൽ കുന്തിച്ചിരിക്കുന്നതാണ്‌ അയാളുടെ കണ്ണുകൾ കണ്ടത്‌. കറുത്ത വസ്ത്രം ധരിച്ച, ആകെനരച്ച, ഉണങ്ങിച്ചുരുണ്ട, കുരങ്ങിനെപ്പോലുള്ള ഒരു കിഴവി. വലതു കൈയിൽ കത്തുന്ന പൈനിന്റെ ഒരു വിറകുകൊള്ളിയും പിടിച്ച്‌ ഒരു ശവത്തിന്റെ മുഖത്തേക്ക്‌ ഉറ്റുനോക്കുകയാണവൾ. നീണ്ട മുടി കണ്ടിട്ട്‌ അതൊരു സ്ത്രീയുടെ ജഡമാണെന്നു തോന്നി.
ജിജ്ഞാസയെക്കാളേറെ ഭീതി ബാധിച്ച്‌ ഒന്നു ശ്വാസമെടുക്കാൻ കൂടി അയാൾ മറന്നു. പഴയ കാലത്തെ ഒരെഴുത്തുകാരന്റെ ശൈലി കടമെടുത്തു പറഞ്ഞാൽ, തന്റെ രോമങ്ങൾ എഴുന്നു നിൽക്കുന്നതായി അയാൾക്കു തോന്നിപ്പോയി. പിന്നെ ആ മുതുക്കി തന്റെ കൈയിലെ കത്തുന്ന വിറകുകൊള്ളി തറയിലെ രണ്ടു പലകകൾക്കിടയിൽ കുത്തിനിർത്തിയിട്ട്‌ കൈ രണ്ടും താൻ നോക്കിക്കൊണ്ടുനിന്ന ശവത്തിന്റെ തലയിലേക്കു വച്ചു. സ്വന്തം കുഞ്ഞിന്റെ തലയിലെ പേനെടുക്കുന്ന ഒരു കുരങ്ങിനെപ്പോലെ അവൾ ആ ശവത്തിന്റെ നീണ്ട മുടിയിഴകൾ ഓരോന്നായി പിഴുതെടുക്കാൻ തുടങ്ങി. അവളുടെ കൈകളുടെ ചലനങ്ങൾക്കൊപ്പം ആ മുടിയിഴകൾ പെട്ടെന്ന് ഊരിപ്പോരുന്നുമുണ്ട്‌.
ഓരോ മുടിയും പിഴുതുപോരുമ്പോൾ അയാളുടെ പേടിയും മാറിവരികയായിരുന്നു; അതിനു പകരം ആ കിഴവിയോടുള്ള അടങ്ങാത്തൊരു വെറുപ്പു വളരുകയായിരുന്നു. അല്ല, എന്നല്ല പറയേണ്ടത്‌: ആ കിഴവിയോടു വെറുപ്പല്ല, ദുഷ്ടമായ സകലതിനോടുമുള്ള അറപ്പാണയാൾക്കു തോന്നിയത്‌- ഓരോ നിമിഷം കഴിയുംതോറും അതധികരിക്കുകയായിരുന്നു. ഈ നിമിഷം ആരെങ്കിലും അയാളൂടെ മുന്നിൽ പട്ടിണി കിടന്നു മരിക്കുമോ അതോ കള്ളനാവുമോ എന്നുള്ള ചോദ്യം- അൽപനേരം മുമ്പ്‌ അയാളെ മഥിച്ച ആ തെരഞ്ഞെടുപ്പ്‌- എടുത്തിട്ടിരുന്നുവെങ്കിൽ അയാൾ ഒട്ടും ശങ്കയില്ലാതെ മരണം തന്നെ തെരഞ്ഞെടുക്കുമായിരുന്നു. അത്രയ്ക്കായിരുന്നു തിന്മയോടുള്ള അയാളുടെ വെറുപ്പ്‌. ആ കിഴവി കുത്തിനിർത്തിയ വിറകുകൊള്ളി പോലെ ആളിക്കത്തുകയായിരുന്നു അത്‌.
അവൾ എന്തിനാണ്‌ ശവങ്ങളിൽ നിന്ന് മുടി പിഴുതെടുക്കുന്നതെന്ന് അയാൾക്കു മനസ്സിലായില്ല; അതുകാരണം അവളുടെ പ്രവൃത്തി ശരിയോ തെറ്റോയെന്ന് തീർച്ചപ്പെടുത്താനും അയാൾക്കു കഴിഞ്ഞില്ല. പക്ഷേ അയാളുടെ കണ്ണുകളിൽ, മഴ പെയ്യുന്ന ഈ രാത്രിയിൽ, ഈ റാഷോമോണിൽ വച്ച്‌ ഒരു ജഡത്തിന്റെ മുടി പിഴുതെടുക്കുക എന്ന പ്രവൃത്തി തന്നെ മാപ്പർഹിക്കാത്ത ഒരു ദുഷ്ടതയായിരുന്നു. അൽപ്പനേരം മുമ്പ്‌ താനൊരു കള്ളനാവാൻ തീരുമാനമെടുത്തതായിരുന്നു എന്ന വസ്തുത സ്വാഭാവികമായും അയാളുടെ മനസ്സിലേക്കു വന്നില്ല.
എന്നിട്ടയാൾ ധൈര്യം സംഭരിച്ചുകൊണ്ടെഴുന്നേറ്റ്‌ വാളിന്റെ പിടിൽ കൈ വച്ചുകൊണ്ട്‌ ആ കിഴട്ടുജന്തുവിന്റെ നേരേ മുന്നിലേക്കു ചെന്നു. ആ മുതുക്കി അയാളെക്കണ്ടതും പേടിച്ചുവിറച്ചുകൊണ്ട്‌ ചാടിയെഴുന്നേറ്റു.
'നീയെന്തായീ ചെയ്യുന്നത്‌?' അവളുടെ വഴി തടഞ്ഞു നിന്നുകൊണ്ട്‌ അയാൾ അലറി. അവൾ അയാളെ വെട്ടിച്ചോടാൻ ഒരു ശ്രമം നടത്തി; അയാൾ അവളെ പിന്നിലേക്കി പിടിച്ചുതള്ളി. രണ്ടുപേരും കൂടി ഉരുണ്ടുപിരണ്ട്‌ ആ ശവങ്ങൾക്കിടയിലേക്കു വീണു. ആരു ജയിക്കുമെന്നുള്ളതു സംശയമില്ലാത്ത കാര്യമായിരുന്നു. അയാൾ അവളുടെ കൈക്കു കടന്നുപിടിച്ച്‌ കുഴ തിരിച്ച്‌ തറയിലിരുത്തി. വെറും എല്ലും തോലുമായിരുന്നു അവളുടെ കൈ; ഒരു കോഴിക്കാലിലുള്ള ഇറച്ചിയേ അതിലുള്ളു.
'നീ ഇവിടെ എന്തു ചെയ്യുകയായിരുന്നു?' അയാൾ ചോദിച്ചു. 'മര്യാദയ്ക്കു പറഞ്ഞോ, അല്ലെങ്കിൽ നീ ഇതിന്റെ രുചിയറിയും.'
അവളെ പിന്നിലേക്കു തള്ളിക്കൊണ്ട്‌ അയാൾ വാളൂരി അതിന്റെ അതിന്റെ വെളുത്ത അലക്‌ അവളുടെ കണ്ണുകൾക്കു മുന്നിലേക്കു കൊണ്ടുചെന്നു. കിഴവി ഒന്നും മിണ്ടിയില്ല. കൈ വിറച്ച്‌, കണ്ണും തുറിച്ച്‌, ശ്വാസം പിടിച്ച്‌, ഒരക്ഷരം പുറത്തു വരാതെ ബലം പിടിച്ച്‌ അവളിരുന്നു. അതു കണ്ടപ്പോൾ ആ കിഴവിയുടെ ജീവിതവും മരണവും തന്റെ മാത്രം ഇച്ഛാശക്തിക്കു വിധേയമാണെന്ന് അയാൾക്കു ബോധ്യമായി. ആ ചിന്ത അയാളുടെ മനസ്സിൽ തിളച്ചുപൊന്തിയ കോപത്തെ ഒന്നു തണുപ്പിച്ചു. ഒരു പ്രവൃത്തി ശരിക്കു ചെയ്തതിന്റെ കൃതാർത്ഥതയും അഭിമാനവുമാണ്‌ അപ്പോൾ അയാളുടെ മനസ്സിലുണ്ടായത്‌. അയാൾ അവളെ കുനിഞ്ഞു നോക്കിയിട്ട്‌ ശാന്തമായ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:
'നോക്ക്‌, ഞാൻ പോലീസുകാരനൊന്നുമല്ല. ഇതുവഴി കടന്നുപോയപ്പോൾ ഇങ്ങോട്ടു കയറിയെന്നേയുള്ളു. ഞാൻ നിന്നെ കെട്ടിയിടാനോ പിടിച്ചു കൊണ്ടു പോകാനോ ഒന്നും നോക്കുന്നില്ല. പക്ഷേ ഈ സമയത്ത്‌ നീ ഇവിടെ എന്തു ചെയ്യുകയായിരുന്നുവെന്ന് എന്നോടു പറയണം.'
അതു കേട്ടപ്പോൾ അവളുടെ വികസിച്ച കണ്ണുകൾ ഒന്നുകൂടി വികസിച്ചു; അവൾ അയാളെ കനപ്പിച്ചു നോക്കി. ഒരു ഇരപിടിയൻപക്ഷിയുടെ കണ്ണുകൾ പോലെ തീക്ഷ്ണമായിരുന്നു അവളുടെ ചുവന്ന കണ്ണുകൾ. മൂക്കിലേക്കു ചുരുണ്ടുകൂടിയ ചുണ്ടുകൾ എന്തോ ചവയ്ക്കുന്നപോലെ ഇളകി. അവളുടെ തൊണ്ടയിലെ മുഴ മെലിഞ്ഞ കഴുത്തിലൂടെ മുകളിലേക്കും താഴേക്കുമുരുണ്ടു. പിന്നെ ഒരു കാറിയ കാക്കകരച്ചിൽ പോലെ കിതച്ചും കൊണ്ടുള്ള ഒരു ശബ്ദം അയാളുടെ കാതിലേക്കെത്തി:
'ഞാൻ...ഞാൻ...തിരുപ്പനുണ്ടാക്കാൻ വേണ്ടി മുടി പിഴുതെടുക്കുകയായിരുന്നു.'
ആ മറുപടിയോടെ ആ കൂടിക്കാഴ്ചയിലെ സകല ദുർജ്ഞേയതയും അപ്രത്യക്ഷമായി; അയാൾക്കു നിരാശയായി. ഇതൊരു ശവംതീനിപ്പിശാചൊന്നുമല്ല, ശവങ്ങളുടെ മുടി പിഴുത്‌ തിരുപ്പനുണ്ടാക്കി വിറ്റുതിന്നുന്ന വെറുമൊരു കിഴവി. അതോടെ അയാൾക്കു നേരത്തേ തോന്നിയ വെറുപ്പും അവജ്ഞയും ശക്തമായി തിരിച്ചുവന്നു. അയാളുടെ മനസ്സിൽ എന്താണെന്ന് ആ സ്ത്രീയ്ക്കും മനസ്സിലായിക്കാണണം. ശവത്തിൽ നിന്നു താൻ ഊരിയെടുത്ത നീണ്ട മുടിയിഴകൾ ഒരു കൈയിൽ പിടിച്ചും കൊണ്ട്‌ അവൾ ഒരു തവള കരയുന്ന പോലെ ഇങ്ങനെ വിക്കിവിക്കിപ്പറഞ്ഞു:
'മരിച്ചുപോയവരുടെ മുടി പിഴുതെടുക്കുന്നതു ശരിയല്ലെന്ന് എനിക്കറിയാം. പക്ഷേ ഈ കിടക്കുന്നവർക്കും ഇതു തന്നെ കിട്ടണം. ഞാൻ മുടി ഊരിയെടുത്ത ഈ സ്ത്രീയെ നോക്ക്‌: ഇവൾ ഉണങ്ങിയ പാമ്പിറച്ചി മുറിച്ചു കഷണങ്ങളാക്കി മീനാണെന്നു പറഞ്ഞ്‌ വിറ്റിരുന്നവളാണ്‌. ദീനം പിടിച്ചു മരിച്ചില്ലായിരുന്നെങ്കിൽ അവൾ ഇന്നും ആ പണി ചെയ്തേനെ. ആളുകൾക്ക്‌ അവളുടെ 'മീൻ' വലിയ കാര്യവുമായിരുന്നു. അവൾ ചെയ്തതു വലിയ തെറ്റായി എനിക്കു തോന്നുന്നില്ല. പട്ടിണി കിടന്നു മരിക്കാതിരിക്കാൻ വേണ്ടിയാണ്‌ അവൾ അതു ചെയ്തത്‌. അവൾക്കു വേറെ വഴിയുണ്ടായിരുന്നില്ല. ഞാൻ ചെയ്തതും തെറ്റായി ഞാൻ കാണുന്നില്ല.എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ഇതു ചെയ്തില്ലെങ്കിൽ ഞാൻ പട്ടിണി കിടന്നു ചാവും. ചെയ്തേ പറ്റൂ എന്നാൽ എന്താണെന്ന് ഈ സ്ത്രീയ്ക്കറിയാം; അവളോടു ഞാൻ ഈ കാണിക്കുന്നത്‌ അവൾക്കു മനസ്സിലാവുമെന്നാണ്‌ എന്റെ വിചാരം.'
അയാൾ വാൾ ഉറയിലേക്കിട്ടിട്ട്‌, പിടിയിൽ കൈ കൈ വച്ചുംകൊണ്ട്‌ അവൾ പറയുന്നത്‌ ചിന്താധീനനായി കേട്ടുകൊണ്ടു നിന്നു. ഈ സമയത്ത്‌ കവിളത്തു നീറ്റലുണ്ടാക്കുന്ന മുഖക്കുരുവിലായിരുന്നു അയാളുടെ വിരലുകൾ.
അവളുടെ കഥ കേട്ടുകൊണ്ടു നിൽക്കുമ്പോൾ പുതിയൊരു തരം ധൈര്യം അയാളുടെ ഉള്ളിൽ മുളയെടുക്കുകയായിരുന്നു- അൽപ്പനേരം മുമ്പ്‌ കവാടത്തിനടിയിൽ ഇരിക്കുമ്പോൾ അയാൾക്കു തോന്നാതിരുന്ന ഒരു ധൈര്യം: ആ കിഴവിയെ കടന്നുപിടിക്കാൻ അയാളെ തള്ളിവിട്ട ധൈര്യത്തിന്റെ നേരേ എതിർദിശയിലേക്ക്‌ നീങ്ങുന്ന ഒരു ധൈര്യം. പട്ടിണി കിടന്നു മരിക്കണോ, അതോ കള്ളനാവണോ എന്ന സന്ദേഹം ഇപ്പോൾ അയാൾക്കില്ല. അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽ പട്ടിണി കിടന്നു മരിക്കുക എന്ന ചിന്ത അയാളുടെ ബോധത്തിൽ നിന്ന് എത്രയോ അകലെ ഭ്രഷ്ടമായിപ്പോയിരിക്കുന്നു; അങ്ങനെയൊന്ന് അയാളുടെ മനസ്സിലേക്കു കടക്കുകതന്നെയില്ല.
'നിനക്കത്ര തീർച്ചയാണോ?' കളിയാക്കുന്നപോലെ അയാൾ ചോദിച്ചു. അയാൾ മുഖക്കുരുവിൽ നിന്നു കൈയെടുത്തിട്ട്‌ പെട്ടെന്നു കുനിഞ്ഞ്‌ അവളുടെ പിടലിയ്ക്കു കയറിപ്പിടിച്ചു. അവളെ കടന്നുപിടിയ്ക്കുമ്പോൾ അയാളുടെ വാക്കുകൾ തറഞ്ഞുകേറി:'ഞാൻ നിന്റെ തുണി പറിച്ചെടുത്താൽ നീയുമെന്നെ പഴിക്കരുത്‌. പട്ടിണി കിടക്കാതിരിക്കാൻ എനിക്കതേ ചെയ്യാനുള്ളു.' അയാൾ ആ കിഴവി ഉടുത്തിരുന്നത്‌ വലിച്ചഴിച്ചു. അവൾ അയാളുടെ കാലിൽ പിടിക്കാൻ നോക്കിയപ്പോൾ ഒറ്റത്തൊഴി കൊടുത്ത്‌ അയാൾ അവളെ ആ ശവങ്ങൾക്കിടയിലേക്കു തള്ളിയിട്ടു. അഞ്ചു ചുവടു വച്ചപ്പോഴേക്കും അയാൾ കോണിപ്പടിയുടെ മുകളറ്റമെത്തി. അവളുടെ ഉടുവസ്ത്രം കക്ഷത്തു ചുരുട്ടിവച്ചും കൊണ്ട്‌ കോണിപ്പടി ഓടിയിറങ്ങി അയാൾ രാത്രിയുടെ ഗർത്തത്തിലേക്കു മറഞ്ഞു.
പിന്നെ ചത്തപോലെ കിടന്ന ആ കിഴവി ശവങ്ങൾക്കിടയിൽ നിന്ന് എഴുന്നേറ്റു. പ്രാകിയും കരഞ്ഞും കൊണ്ട്‌ കെടാത്ത ആ വിറകുകൊള്ളിയുടെ വെളിച്ചത്തിൽ അവൾ കോണിപ്പടിയുടെ മുകളിലേക്ക്‌ ഇഴഞ്ഞുചെന്നു. മുഖത്തു വീണുകിടക്കുന്ന നരച്ച മുടിയ്ക്കിടയിലൂടെ അവൾ കവാടത്തിന്റെ താഴത്തേക്കു നോക്കി. രാത്രിയുടെ ഗുഹാമുഖം പോലത്തെ ഇരുട്ടു മാത്രമാണ്‌ അവൾ കണ്ടത്‌.
ആ വേലക്കാരനു പിന്നെന്തു സംഭവിച്ചുവെന്ന് ആർക്കുമറിയില്ല.
(സെപ്തംബർ 1915)
__________________________________________________________________________________________________________________

Fájl:Akutagawa Ryunosuke photo.jpg
ര്യൂണോസുകെ അകുതഗാവ(1892-1927)-മുപ്പത്തഞ്ചാമത്തെ വയസ്സിൽ ആത്മഹത്യ ചെയ്ത ഈ സാഹിത്യകാരന്റെ റഷോമൊൺ എന്ന ഈ കഥയും തോട്ടത്തിൽ വച്ച്‌ എന്ന മറ്റൊരു കഥയും അവലംബമാക്കിയാണ്‌ കുറോസോവ തന്റെ പ്രസിദ്ധമായ സിനിമ രൂപപ്പെടുത്തിയത്‌.
അകുതഗാവ