Showing posts with label മഹമൂദ്‌ ദര്‍വീശ്. Show all posts
Showing posts with label മഹമൂദ്‌ ദര്‍വീശ്. Show all posts

Friday, September 5, 2014

മഹമൂദ് ദർവീശ് - സൈപ്രസ് വീണു

 


സൈപ്രസ് മരമല്ല, മരത്തിന്റെ ശോകമാണ്‌,
അതിനു നിഴലുമില്ല, മരത്തിന്റെ നിഴലാണതെന്നതിനാൽ

(ബസ്സം ഹജ്ജാബ്)

images

ഒരു മീനാരം പോലെ സൈപ്രസ് വീണു,
ഉടഞ്ഞ സ്വന്തം നിഴലിനു മേൽ പാതയിലതു കിടന്നു,
എന്നുമെന്ന പോലെ ഇരുണ്ടും പച്ചയായും.
ആർക്കും മുറിപ്പെട്ടില്ല.
ചില്ലകൾക്കു മേൽ കൂടി വാഹനങ്ങൾ ഇരച്ചുപാഞ്ഞു.
വിൻഡ്ഷീൽഡുകളിൽ പൊടി പാറി...
സൈപ്രസ് വീണു, പക്ഷേ
അടുത്ത വീട്ടിലെ പ്രാവ് അതിന്റെ കൂടു മാറ്റിക്കൂട്ടിയില്ല.
ആ ഇടത്തിന്റെ തുമ്പിനു മേൽ പാറിനിന്ന രണ്ടു ദേശാടനക്കിളികൾ
എന്തോ ചില പ്രതീകങ്ങൾ അന്യോന്യം കൈമാറി.
ഒരു സ്ത്രീ അയല്ക്കാരിയോടു ചോദിച്ചു:
വല്ല കൊടുങ്കാറ്റും വീശിയോ?
അവർ പറഞ്ഞു: ഇല്ല, ബുൾഡോസറും കണ്ടില്ല...
സൈപ്രസ് വീണു.
അവശിഷ്ടങ്ങൾക്കരികിലൂടെ കടന്നുപോയവർ പറഞ്ഞു:
ആരും തിരിഞ്ഞുനോക്കാനില്ലെന്നായപ്പോൾ
അതിനു മടുപ്പു തോന്നിയിരിക്കണം,
നാളുകൾ കടന്നുപോകെ അതിനു വാർദ്ധക്യമെത്തിയതാവണം,
ജിറാഫിനെപ്പോലെ ആകെ നീണ്ടിട്ടല്ലേ അത്,
ഒരു തുടപ്പ പോലെ കഴിയുന്നതതിനു നിരർത്ഥകമായി തോന്നിയിരിക്കണം,
രണ്ടു പ്രണയികൾക്കു തണലു കൊടുക്കാനതിനു കഴിഞ്ഞില്ലായിരിക്കാം.
ഒരാൺകുട്ടി പറഞ്ഞു: ഞാനതിനെ നന്നായി വരച്ചിരുന്നു,
അതിന്റെ രൂപം വരയ്ക്കാൻ വളരെ എളുപ്പമായിരുന്നു.
ഒരു പെൺകുട്ടി പിന്നെ പറഞ്ഞു:
സൈപ്രസ് വീണതിനാൽ ആകാശമപൂർണ്ണമായ പോലെ.
ഒരു ചെറുപ്പക്കാരൻ പറഞ്ഞു:
സൈപ്രസ് വീണതിനാൽ ആകാശത്തിനിന്നു പൂർണ്ണത.
ഞാൻ എന്നോടു തന്നെ പറഞ്ഞു:
നിഗൂഢതയുമില്ല, വ്യക്തതയുമില്ല,
സൈപ്രസ് വീണു,
അതിൽ അത്രയ്ക്കേയുള്ളു:
സൈപ്രസ് വീണു.


 

Thursday, February 13, 2014

മഹമൂദ് ദർവീശ് - എന്തു ശേഷിക്കും?

download


വെണ്മേഘങ്ങളുടെ നേർച്ചയിൽ നിന്നെന്തു ശേഷിക്കും?
-എൽഡർബറിയുടെ  ഒരു പൂവ്
നീലത്തിരയുടെ തൂവാനത്തിൽ നിന്നെന്തു ശേഷിക്കും?
-കാലത്തിന്റെ മൂർച്ഛന
ഒരു ഹരിതചിന്തയുടെ രക്തസ്രാവത്തിൽ നിന്നെന്തു ശേഷിക്കും?
-ദേവതാരത്തിന്റെ ഞരമ്പുകളിലോടുന്ന ജലം
പ്രണയത്തിന്റെ കണ്ണീരിൽ നിന്നെന്തു ശേഷിക്കും?
-വയലറ്റു നിറത്തിലൊരു പാട്
സത്യാന്വേഷണത്തിന്റെ മൺപൊടിയിൽ നിന്നെന്തു ശേഷിക്കും?
-ശ്രദ്ധയുടെ പാത
അജ്ഞാതത്തിലേക്കുള്ള മഹാപ്രസ്ഥാനത്തിൽ നിന്നെന്തു ശേഷിക്കും?
-സഞ്ചാരി കുതിരയുടെ കാതിൽ മൂളിയ ഗാനം
സ്വപ്നമെന്ന മരീചികയിൽ നിന്നെന്തു ശേഷിക്കും?
-വയലിൻ കമ്പികളിൽ ആകാശത്തിന്റെ വിരല്പാടുകൾ
ഉള്ളതില്ലാത്തതിനെ കണ്ടതിൽ നിന്നെന്തു ശേഷിക്കും?
-ദിവ്യമായൊരു രക്ഷാബോധം
അറബിക്കവിയുടെ വചനത്തിൽ നിന്നെന്തു ശേഷിക്കും?
-ഒരു ഗർത്തം...ഒരു പുകവള്ളിയും
നിങ്ങളുടെ സ്വന്തം വാക്കുകളിൽ നിന്നെന്തു ശേഷിക്കും?
-എവിടെയെന്നതു മറക്കണമെന്ന അനിവാര്യമായ ഓർമ്മപ്പെടുത്തൽ!


Wednesday, February 12, 2014

മഹമൂദ് ദർവീശ് - ഒന്നുമെനിക്കിഷ്ടമാകുന്നില്ല

OLYMPUS DIGITAL CAMERA



ഒന്നുമെനിക്കിഷ്ടമാകുന്നില്ല
ബസ്സിലെ യാത്രക്കാരൻ പറയുന്നു-
റേഡിയോ പ്രഭാതപത്രങ്ങൾ കുന്നുമ്പുറത്തെ കോട്ടകൾ.
എനിക്കു കരച്ചിൽ വരുന്നു/
ഡ്രൈവർ പറയുന്നു: സ്റ്റോപ്പെത്തുന്നതു വരെ കാക്കൂ,
പിന്നെ ഒറ്റയ്ക്കിരുന്ന് വേണ്ടുന്നത്ര കരഞ്ഞോളൂ/
ഒരു സ്ത്രീ പറയുന്നു: എനിക്കും.
ഒന്നുമെനിക്കിഷ്ടമാകുന്നില്ല.
ഞാൻ എന്റെ മകന്‌ എന്റെ ശവക്കുഴിയിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു,
അവനതിഷ്ടമായി, അവൻ അവിടെക്കിടന്നുറക്കവുമായി,
എന്നോടു യാത്ര പോലും പറയാതെ/
ഒരു കോളേജു വിദ്യാർത്ഥി പറയുന്നു: എനിക്കും ഒന്നുമിഷ്ടമാകുന്നില്ല.
പുരാവസ്തുശാസ്ത്രമാണു ഞാൻ പഠിച്ചത്,
എന്നിട്ടെന്റെ സ്വത്വം ഒരു ശിലയിലും ഞാൻ കണ്ടില്ല.
ഞാൻ ശരിക്കും ഞാൻ തന്നെയാണോ?/
ഒരു പട്ടാളക്കാരൻ പറയുന്നു: എനിക്കും.
ഒന്നുമെനിക്കിഷ്ടമാകുന്നില്ല.
ഒരിക്കലും എന്നെ വിട്ടുപോകാത്ത ഒരു പ്രേതത്തിന്
എന്നും എനിക്കു കാവലിരിക്കേണ്ടിവരുന്നു/
ഡ്രൈവർ ക്ഷോഭത്തോടെ പറയുന്നു:
ഇതാ നാം അവസാനത്തെ സ്റ്റോപ്പെത്താറായി,
എല്ലാവരും ഇറങ്ങാനൊരുങ്ങിക്കോ.../
അപ്പോൾ എല്ലാവരും വിളിച്ചുകൂവുകയായി:
അതിനുമപ്പുറത്തുള്ളതാണു ഞങ്ങൾക്കു വേണ്ടത്,
വണ്ടി പോകട്ടെ!
ഞാനാണെങ്കിൽ ഇങ്ങനെ പറഞ്ഞു:
ഞാൻ ഇവിടെ ഇറങ്ങിക്കോട്ടെ.
ഞാനും അവരെപ്പോലെ തന്നെയാണ്‌,
ഒന്നുമെനിക്കിഷ്ടമാകുന്നില്ല,
പക്ഷേ യാത്ര ചെയ്തെനിക്കു മതിയായി.


Saturday, February 8, 2014

മഹമൂദ് ദർവീശ് - കാമസൂത്രത്തിൽ നിന്നൊരു പാഠം

Mujer caminando. 2
 

ഇന്ദ്രനീലം പതിച്ച ചഷകവുമായി
അവളെക്കാത്തുനില്ക്കുക,
സായാഹ്നത്തിൽ, തടാകക്കരയിൽ, പനിനീർപ്പൂക്കളുടെ പരിമളത്തിനിടയിൽ
അവളെക്കാത്തുനില്ക്കുക,
മലയിറങ്ങാൻ പരിശീലിച്ച കുതിരയുടെ ക്ഷമയുമായി
അവളെക്കാത്തുനില്ക്കുക,
ഒരു രാജാവിന്റെ ഉന്നതരുചികളുമായി
അവളെക്കാത്തുനില്ക്കുക,
വെണ്മേഘങ്ങൾ നിറച്ച ഏഴു തലയിണകളുമായി
അവളെക്കാത്തുനില്ക്കുക,
സ്ത്രൈണസുഗന്ധമെരിയുന്ന ധൂപപാത്രവുമായി
അവളെക്കാത്തുനില്ക്കുക,
കുതിരപ്പുറങ്ങളിൽ പൌരുഷത്തിന്റെ ചന്ദനഗന്ധവുമായി
അവളെക്കാത്തുനില്ക്കുക,
അവൾ വരാൻ വൈകിയെന്നാൽക്കൂടി
അവളെക്കാത്തുനില്ക്കുക,
അവൾ നേരത്തെയെത്തിയെന്നാൽക്കൂടി
അവളെക്കാത്തുനില്ക്കുക,
അവളുടെ മുടിപ്പിന്നലിൽ നിന്നു കിളികളെ വിരട്ടിയോടിക്കാതെ
അവളെക്കാത്തുനില്ക്കുക,
ഉദ്യാനത്തിൽ തന്റെ സൌന്ദര്യത്തിന്റെ സിംഹാസനത്തിൽ
അവൾ സ്വസ്ഥം വന്നിരിക്കും വരെ
അവളെക്കാത്തുനില്ക്കുക,
ഈ വിചിത്രഗന്ധമവൾ നെഞ്ചിലേറ്റും വരെ
അവളെക്കാത്തുനില്ക്കുക,
മേഘപാളികൾ പോലവൾ തന്റെ കാൽവണ്ണയിൽ നി-
ന്നുടയാടകളൊന്നൊന്നായുയർത്തുന്നതിനായി
അവളെക്കാത്തുനില്ക്കുക,
പാല്പതയിൽ ചന്ദ്രൻ മുങ്ങിത്താഴുന്നതു കണ്ടുനില്ക്കാനായി
മട്ടുപ്പാവിലേക്കവളെക്കൊണ്ടുപോവുക,
അവളെക്കാത്തുനില്ക്കുക,
വീഞ്ഞിനും മുമ്പേ അവൾക്കു ജലം നല്കുക,
അവളുടെ മാറത്തു മയങ്ങുന്ന രണ്ടു തിത്തിരിപ്പക്ഷികളിൽ കണ്ണുപോകാതെ
അവളെക്കാത്തുനില്ക്കുക,
വെണ്ണക്കൽത്തളിമത്തിലവൾ തന്റെ ചഷകം വയ്ക്കുമ്പോൾ
മഞ്ഞുതുള്ളി നിറയ്ക്കാനെന്ന വ്യാജേന
അവളുടെ കൈയിൽ പതിയെ സ്പർശിക്കുക,
അവളെക്കാത്തുനില്ക്കുക,
കാതരമായൊരു വയലിൻതന്ത്രിയോടു പുല്ലാങ്കുഴലെന്ന പോലെ
അവളോടു മിണ്ടുക,
നാളെയെന്താണുണ്ടാവുകയെന്നറിവുള്ളവരാണിരുവരുമെന്നപോലെ
അവളെക്കാത്തുനില്ക്കുക,
വലയം വലയമായി അവളുടെ രാത്രി വിളക്കിയെടുക്കുക,
രാത്രി നിങ്ങളോടു പറയട്ടെ:
ഈ പ്രപഞ്ചത്തിൽ ശേഷിച്ചവർ നിങ്ങളിരുപേർ മാത്രം,
നീ ആഗ്രഹിച്ച മരണത്തിലേക്കവളെക്കൊണ്ടുപോവുക,
അവളെക്കാത്തുനില്ക്കുക!…


Saturday, February 1, 2014

മഹമൂദ് ദർവീശ് - മർമ്മരം

mahmoud-darwish


മറഞ്ഞുകിടക്കുന്നൊരു പ്രചോദനത്തിന്റെ വിളി കേൾക്കുന്നൊരാളെപ്പോലെ വേനൽമരങ്ങളിൽ ഇലകളുടെ മർമ്മരശബ്ദത്തിനു ഞാൻ കാതു കൊടുക്കുന്നു...നിദ്രയുടെ അധിത്യകകളിൽ നിന്നിറങ്ങിവരുന്ന കാതരവും സൌമ്യവുമായ ഒരു ശബ്ദം...ഒരുൾനാട്ടുപാടത്തെ ഗോതമ്പു മണക്കുന്ന നേർത്ത ശബ്ദം...ഇളംതെന്നലിന്റെ അലസമായ തന്ത്രികൾ വായിക്കുന്ന നാതിദീർഘമായ മനോധർമ്മസംഗീതത്തിന്റെ ശകലിതശബ്ദം. വേനലിൽ ഇലകൾ മന്ത്രിക്കുന്നത് ഒതുക്കത്തോടെയാണ്‌, പേരു പറഞ്ഞുവിളിക്കുന്നത് സങ്കോചത്തോടെയാണ്‌, എന്നെ മാത്രമാണെന്നപോലെ; പ്രാരബ്ധങ്ങളുടെ നടുവിൽ നിന്ന് സൌമ്യദീപ്തി നിറഞ്ഞൊരിടത്തേക്ക് ആരും കാണാതെ എന്നെ വിളിച്ചിറക്കിക്കൊണ്ടു പോവുകയാണത്. അവിടെ, കുന്നുകൾക്കു പിന്നിൽ, ഭാവനയ്ക്കുമപ്പുറം, ദൃശ്യവും അദൃശ്യവും ഒന്നു മറ്റൊന്നാകുന്ന അവിടെ, സൂര്യന്റേതല്ലാത്ത ഒരു വെളിച്ചത്തിൽ ഞാൻ എന്റെ ഉടലിനു വെളിയിലൊഴുകിനടക്കുന്നു. ഉണർച്ച പോലെ ഒരു മയക്കം കഴിഞ്ഞതില്പിന്നെ, അഥവാ, മയക്കം പോലെ ഒരുണർച്ച കഴിഞ്ഞതില്പിന്നെ മരങ്ങളുടെ മർമ്മരം ആശങ്കകളും ഭീതികളും കഴുകിക്കളഞ്ഞ് എന്നെ എനിക്കു വീണ്ടെടുത്തുതരുന്നു. ആ ശബ്ദത്തിന്റെ അർത്ഥമെന്താണെന്നു ഞാൻ ചോദിക്കുന്നതേയില്ല: ശൂന്യതയിൽ തന്റെ കൂടപ്പിറപ്പിനോടു രഹസ്യങ്ങൾ മന്ത്രിക്കുന്ന ഒരിലയാണോ, അതോ ഒരുച്ചമയക്കത്തിനു കൊതിക്കുന്ന ഇളംകാറ്റാണോ എന്നൊന്നും. വാക്കുകളില്ലാത്ത ഒരു ശബ്ദം എന്നെ പാടിയുറക്കുന്നു, എന്നെ കുഴച്ചെടുക്കുന്നു, എന്നെ മെനഞ്ഞെടുക്കുന്നു, അതിലുള്ളതോ അതിൽ നിന്നുള്ളതോ ആയ ഒരു വസ്തു കിനിയുന്ന പാത്രമായി, തന്നെ അറിയാനൊരാളെത്തേടുന്ന ഒരനുഭൂതിയായി.


Friday, January 31, 2014

മഹമൂദ് ദർവീശ് - ഒരു ഗദ്യകവിത പോലെ

The rectory garden in Nuenen with Pond and Figures Van Gogh - Der Pfarrgarten in Nuenen mit Teich und Figuren


കുന്നുകളിൽ വേനല്ക്കാലത്തിന്റെ ഒടുവുകാലം ഒരു ഗദ്യകവിത പോലെയാണ്‌. എന്റെ ഉടലു തൊടുന്നൊരു സൌമ്യതാളമാണു തെന്നലെങ്കിലും തലയെടുപ്പില്ലാത്ത മരങ്ങളിൽ എനിക്കതു കാതില്പെടുന്നില്ല. മഞ്ഞ പടർന്ന ചില്ലകൾ പ്രതീകങ്ങൾ കൊഴിക്കുന്നു, വാചാലത നയശാലികളായ ക്രിയകളെക്കൊണ്ട് ഉപമകളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഈ മലമ്പാതകളിൽ ആകെയുള്ളൊരാഘോഷം പ്രസരിപ്പുള്ള കുരുവികളുടെ വകയാണ്‌: അർത്ഥത്തിനും അർത്ഥശൂന്യതയ്ക്കുമിടയിൽ അവ തത്തിക്കളിക്കുന്നു. അത്തികളും മുന്തിരികളും മാതളങ്ങളും വിളയുന്ന കാലം വരെ, മറവിയിൽപ്പെട്ട തൃഷ്ണകളെ പുതുമഴ വിളിച്ചുണർത്തുന്ന കാലം വരെ ആഭരണങ്ങളഴിച്ചുവയ്ക്കുന്നൊരുടലാണു പ്രകൃതി. “എന്തെന്നെനിക്കറിയാത്തൊരു കാരണത്താൽ കവിത എനിക്കു വേണ്ടപ്പെട്ടതായതുകൊണ്ടാണ്‌, ഇല്ലെങ്കിൽ എനിക്കൊന്നിന്റെയും ആവശ്യം വരുമായിരുന്നില്ല,” കവി പറയുന്നു; പഴയ ഉത്സാഹമില്ലാത്തതിനാൽ പഴയ പോലെ അയാൾ പിശകുകളും വരുത്തുന്നില്ല. അയാൾ നടക്കുന്നുവെങ്കിൽ ഡോക്ടർമാർ അതു ശുപാർശ ചെയ്തതു കൊണ്ടാണ്‌, പ്രത്യേകിച്ചെവിടെയ്ക്കുമല്ലാതെയാണ്‌, ആരോഗ്യത്തിനു ഹിതകരമായ ഒരുതരം ഉദാസീനത ഹൃദയത്തെ പരിശീലിപ്പിക്കാൻ വേണ്ടിയാണ്‌. അയാളുടെ മനസ്സിൽ എന്തെങ്കിലും ഒരാശയം വരുന്നുവെങ്കിൽ അതൊരു ദാക്ഷിണ്യം പോലെ അയാൾക്കു വീണുകിട്ടുന്നതു മാത്രമാണ്‌. വേനൽ അപൂർവ്വമായേ കവിതയ്ക്കു വഴങ്ങാറുള്ളു. വേനൽ ഒരു ഗദ്യകവിതയാണ്‌; അങ്ങു മുകളിൽ വട്ടം ചുറ്റിപ്പറക്കുന്ന കഴുകന്മാരിൽ അതിനൊരു താല്പര്യവുമില്ല.


മഹമൂദ് ദർവീശ് - ആദം കരുതിയ പോലെയല്ല

amman

ആദം കരുതിയ പോലെയല്ല കാര്യം!

പാപമെന്നൊന്നുണ്ടായിരുന്നില്ലെങ്കിൽ
മണ്ണിലേക്കുള്ള പതനമുണ്ടായിരുന്നില്ലെങ്കിൽ
ദുരിതവും വേദനയുമറിഞ്ഞിരുന്നില്ലെങ്കിൽ
ഹവ്വായുടെ പ്രലോഭനമുണ്ടായിരുന്നില്ലെങ്കിൽ
ഒരു നഷ്ടസ്വർഗ്ഗത്തെക്കുറിച്ചുള്ള തേക്കമുണ്ടായിരുന്നില്ലെങ്കിൽ
കവിതയുണ്ടാവുകയില്ല
ഓർമ്മയുണ്ടാവുകയില്ല
നിത്യത സാന്ത്വനമാവുകയുമില്ല.


Thursday, January 30, 2014

മഹമൂദ് ദർവീശ് - എന്റെ ഭാവന...വിശ്വസ്ഥനായ വേട്ടനായ

index2

സൌമ്യമായ ഒരു ചാറ്റമഴയിൽ ചെറുതായി നനഞ്ഞുകൊണ്ട് വിശേഷിച്ചെവിടെക്കുമല്ലാതെ നടന്നുപോകുമ്പോഴാണ്‌ ന്യൂട്ടന്റെ ആപ്പിളിനോട് ഒരു സാദൃശ്യവുമില്ലാത്ത ഒരാപ്പിൾ മേഘങ്ങളിൽ നിന്ന് എന്റെ മേൽ വന്നു വീഴുന്നത്. ഞാൻ അതെടുക്കാൻ കൈ എത്തിക്കുമ്പോൾ എനിക്കതു തൊടാനോ കാണാനോ പറ്റിയില്ല. ഞാൻ മേഘങ്ങളെ സൂക്ഷിച്ചുനോക്കി; മേല്ക്കൂരകളിൽ കുത്തിയിരിക്കുന്ന ജലസംഭരണികളിൽ നിന്നകലേക്ക് വടക്കോട്ടു കാറ്റടിച്ചുപായിക്കുന്ന പഞ്ഞിക്കെട്ടുകൾ ഞാൻ കണ്ടു. താറിട്ട റോഡിലേക്കു കുത്തിയൊലിക്കുന്ന വെളിച്ചം ആളുകളുടെയും വണ്ടികളുടെയും അഭാവത്തിൽ ഇളിച്ചുകൊണ്ടൊഴുകിപ്പരന്നിരുന്നു; എന്റെ തട്ടിത്തടഞ്ഞുള്ള പുരോഗതി കണ്ടു കളിയാക്കിച്ചിരിക്കുകയാണതെന്നും തോന്നി. എനിക്കു മേൽ വന്നുവീണ ആ ആപ്പിൾ എവിടെപ്പോയി? ഞാനത്ഭുതപ്പെട്ടു. എന്റെ നിയന്ത്രണത്തിലല്ലാത്ത എന്റെ ഭാവന അതും തട്ടിയെടുത്തുകൊണ്ടോടിപ്പോയതാവാം. ഞാൻ പറഞ്ഞു: “അടുത്തടുത്ത മുറികളിൽ ഞങ്ങൾ ഒരുമിച്ചു താമസിക്കുന്ന വീട്ടിലേക്ക് അതിന്റെ പിന്നാലെ ഞാൻ പോകുന്നു.” അവിടെ മേശപ്പുറത്ത് ഒരു ഷീറ്റു കടലാസ്സിൽ പച്ചമഷിയിൽ ഇങ്ങനെ ഒരു വരി എഴുതിവച്ചിരിക്കുന്നതു ഞാൻ കണ്ടു: “മേഘങ്ങളിൽ നിന്ന് ഒരാപ്പിൾ എന്റെ മേൽ വീണു;” എന്റെ ഭാവന വിശ്വസ്ഥനായ ഒരു വേട്ടനായ ആണെന്നും ഞാനറിഞ്ഞു.


Tuesday, January 28, 2014

മഹമൂദ് ദർവീശ് - നിശബ്ദതയുടെ ഗർജ്ജനം

The_Sounds_Of_Silence_by_skierscott

 


നിശബ്ദതയ്ക്കു ഞാൻ കാതു കൊടുക്കുന്നു. നിശബ്ദത എന്നൊരു വസ്തുവുണ്ടോ? നാം അതിന്റെ പേരു മറക്കുകയും എന്താണതിലുള്ളതെന്നതിനു ശ്രദ്ധയോടെ കാതു കൊടുക്കുകയും ചെയ്താൽ സ്ഥലരാശിയിലലയുന്ന കാറ്റുകളുടെ ശബ്ദവും ആദിമഗുഹകളിലേക്കു മടങ്ങുന്ന ഒച്ചകളും നമുക്കു കേൾക്കാറാകും. കാറ്റത്താവിയായി ലയിച്ച ശബ്ദമാണു നിശബ്ദത; പ്രപഞ്ചവിപുലമായ തണ്ണീർക്കുടങ്ങളിലിട്ടടച്ചു വച്ചിരിക്കുന്ന മാറ്റൊലികളായിച്ചിതറിയ ശബ്ദമാണത്. ശ്രദ്ധയോടെ കാതു കൊടുത്താൽ നമുക്കു കേൾക്കാറാകും, ദൈവത്തിന്റെ ഉദ്യാനത്തിൽ ഒരു കല്ലിന്മേൽ ആപ്പിൾ വന്നുവീഴുന്ന ചതഞ്ഞ ശബ്ദം, സ്വന്തം ചോര ആദ്യമായി കണ്ട ആബേലിന്റെ ഭയന്ന നിലവിളി, തങ്ങൾ എന്താണു ചെയ്യുന്നതെന്നറിയാത്ത ഒരാണിനും പെണ്ണിനുമിടയിലെ തൃഷ്ണയുടെ ആദിമരോദനങ്ങൾ.  തിമിംഗലത്തിന്റെ ഉദരത്തിലിരുന്നുള്ള യോനായുടെ ചിന്തകളും ആദിദേവതകൾ തമ്മിലുള്ള രഹസ്യസംഭാഷണങ്ങളും നമുക്കു കേൾക്കാം. നിശബ്ദതയുടെ മൂടുപടത്തിനു പിന്നിലെന്താണുള്ളതെന്നതിനു നാം ശ്രദ്ധയോടെ കാതു കൊടുത്താൽ നമുക്കു കേൾക്കാറാകും, പ്രവാചകന്മാരും ഭാര്യമാരും തമ്മിലുള്ള രാത്രിസംഭാഷണങ്ങൾ, പ്രാക്തനകവിതയുടെ താളങ്ങൾ, സുഖങ്ങൾ മടുത്ത സിബറൈറ്റുകളുടെ പരാതികൾ, ഏതെന്നറിയാത്തൊരു സ്ഥലത്തും കാലത്തും നടന്ന ഒരു പടയുടെ കുളമ്പടിശബ്ദങ്ങൾ, വിഷയാസക്തി എന്ന പാവനാനുഷ്ഠാനത്തിന്റെ പിന്നണിസംഗീതം, തന്റെ സ്നേഹിതനായ എങ്കിഡുവിനെച്ചൊല്ലി ഗിൽഗമേഷിന്റെ കണ്ണീർത്തുള്ളികൾ, ഗോത്രസിംഹാസനമേറ്റെടുക്കാനായി മരങ്ങൾക്കിടയിൽ നിന്നു പുറത്തു ചാടുമ്പോൾ വാനരന്റെ സംഭ്രാന്തികൾ, സാറായും ഹഗാറും പരസ്പരം ചൊരിഞ്ഞ അധിക്ഷേപങ്ങളും. നിശബ്ദതയുടെ ശബ്ദത്തിനു ശ്രദ്ധയോടെ കാതു കൊടുത്താൽ നാം ഇത്ര തന്നെ സംസാരിക്കുകയുമില്ല.


ആബേൽ- ഭ്രാതൃഹത്യയുടെ ആദ്യത്തെ ഇര
യോന- മൂന്നു രാപകലുകൾ ഒരു തിമിംഗലത്തിന്റെ വയറ്റിൽ കഴിച്ച പഴയനിയമത്തിലെ പ്രവാചകൻ
സിബറൈറ്റുകൾ- സിബറിസ് എന്ന പ്രാചീന ഗ്രീക്കുനഗരത്തിലെ സുഖലോലുപരായ നിവാസികൾ
ഗിൽഗമേഷ്, എങ്കിഡു- സുമേറിയൻ ഇതിഹാസകഥാപാത്രങ്ങൾ
സാറാ, ഹഗാർ- പഴയ നിയമത്തിൽ അബ്രഹാമിന്റെ ഭാര്യയും വേലക്കാരിയും

Monday, January 27, 2014

മഹമൂദ് ദർവീശ് - കുട്ടികൾ മരങ്ങളായിരുന്നെങ്കിൽ

474px-Maler_der_Grabkammer_des_Thutmosis_III._001 wiki link to image


മരത്തിനുടപ്പിറന്നവളാണു മരം, അല്ലെങ്കിൽ അതിന്റെ നല്ല അയല്ക്കാരി. വന്മരം ചെറുമരത്തോടു കരുണ കാണിക്കും, വേണ്ടുമ്പോളതിനു തണലു നല്കും. ഉയരമുള്ള മരം ഉയരം കുറഞ്ഞതിനോടു കരുണ കാണിക്കും, രാത്രിയിൽ കൂട്ടിരിക്കാനായി അതൊരു കിളിയെ അയക്കുന്നു. ഒരു മരവും മറ്റൊരു മരത്തിന്റെ ഫലത്തെ ആക്രമിക്കാറില്ല; ഒരു മരം കായ്ച്ചില്ലെങ്കിൽ മറ്റു മരങ്ങൾ അതിനെ കളിയാക്കാറുമില്ല. ഒരു മരവും മറ്റൊരു മരത്തെ ആക്രമിക്കാറില്ല, മരംവെട്ടിയെ അനുകരിക്കാറില്ല. ഒരു മരം തോണിയാകുമ്പോൾ അതു നീന്താൻ പഠിക്കുന്നു. അതു വാതിലാകുമ്പോൾ രഹസ്യങ്ങൾ സൂക്ഷിക്കുന്നു. അതു കസേരയാകുമ്പോൾ ഒരിക്കൽ തനിക്കു മേലുണ്ടായിരുന്ന ആകാശത്തെ അതു മറക്കുന്നില്ല. മേശയാകുമ്പോൾ മരംവെട്ടിയാകരുതെന്ന് കവിയെ അതുപദേശിക്കുന്നു. മരം ക്ഷമയാണ്‌, ജാഗ്രതയാണ്‌. അതുറങ്ങാറില്ല, സ്വപ്നം കാണാറുമില്ല; സ്വപ്നം കാണുന്നവരുടെ രഹസ്യങ്ങൾ സൂക്ഷിച്ചുവയ്ക്കുകയാണത്, വഴി നടക്കുന്നവരോടും ആകാശത്തോടും ബഹുമാനം കാണിച്ചുകൊണ്ട് രാവും പകലും കാവൽ നില്ക്കുകയാണത്. മുകളിലേക്കു കൈ കൂപ്പിക്കൊണ്ടൊരു പ്രാർത്ഥനയാണു മരം. കൊടുങ്കാറ്റത്തതൊന്നു കുനിയുമ്പോൾ കുലീനമായിട്ടാണതു കുനിയുന്നത്, ഉയരത്തിലേക്കുള്ള നോട്ടം വിടാതെ,  ഒരു കന്യാസ്ത്രീയെപ്പോലെ. പണ്ടൊരു കവി പറഞ്ഞു: “കുട്ടികൾ ശിലകളായിരുന്നെങ്കിൽ.” അദ്ദേഹം പറയേണ്ടതിങ്ങനെയായിരുന്നു: “കുട്ടികൾ മരങ്ങളായിരുന്നെങ്കിൽ!”


Thursday, January 23, 2014

മഹമൂദ് ദർവീശ് - വിവരണം

suzanne-valadon-renoir

സൂസന്ന - റെന്വായുടെ പെയിന്റിങ്ങ്


ഒരു സംഭവം പോലെ അവളെന്നെക്കടന്നുപോയി
ചുമലുകളിലോരോ പ്രാപ്പിടിയനുമായി
സുരതവേളയിലെന്നപോലുയർന്നുതാഴുന്ന നെഞ്ചിൽ
ഒന്നിനൊന്നിടയുന്ന വെണ്ണക്കല്ലിണയുമായി
അന്ധനും ദൃശ്യമായ മിന്നല്പിണറുകളെറ്റുന്ന കാൽമുട്ടുകളുമായി
വെൺകല്ലിൽ പടുത്ത ക്ഷേത്രസ്തംഭങ്ങൾ പോലിരുകാലുകളുമായി
രണ്ടു കുസൃതിക്കുരുവികളെപ്പോലിരുചുവടുകളുമായി
മണൽക്കാടു കീഴടക്കുന്ന സേനയുടെ വൈജയന്തി പോലെ
പിന്നിലേക്കൊഴുകിപ്പാറുന്ന മുടിയുമായി
തന്റെ ഇരകളിലേക്കവളുടെ കണ്ണുകൾ വീഴുന്നില്ല
അതിനാലാരുമവളുടെ കണ്ണുകൾ കാണുന്നുമില്ല
അതിനാലവളരിഞ്ഞുവീഴ്ത്തിയ പൂക്കളുടെ കഥ പറയാനുമാരുമില്ല
അവൾ, ഒരു സംഭവം പോലെ കടന്നുപോയ
ആ സ്ത്രീ-യക്ഷി-വിധി
ഞാൻ പക്ഷേ രക്ഷപ്പെട്ടു, എനിക്കൊരപായം പറ്റിയതുമില്ല
ഈ കവിതയിലെ വിവരണം ദുർബലമായെന്നല്ലാതെ.


Wednesday, January 22, 2014

മഹമൂദ് ദർവീശ് - ജീവിതം, ഒരു തുള്ളി വയ്ക്കാതെ

darwish3

 


ഒരാൾ എന്നോടിങ്ങനെ ചോദിച്ചുവെന്നിരിക്കട്ടെ:“നിങ്ങൾ നാളെ മരിക്കുമെന്നു വയ്ക്കൂ, എങ്കിൽ നിങ്ങൾ എന്തു ചെയ്യും?” അതിനു മറുപടി പറയാൻ എനിക്കേറെ നേരമൊന്നും വേണ്ട. ഉറക്കം വന്നാൽ ഞാനുറങ്ങും. ദാഹം തോന്നിയാൽ എന്തെങ്കിലും കുടിക്കും. എഴുതുന്ന നേരമാണെങ്കിൽ അപ്പോഴെഴുതുന്നതിനെ എനിക്കിഷ്ടമായെന്നും ചോദ്യം ഞാനവഗണിച്ചുവെന്നും വരും. ആഹാരത്തിന്റെ നേരമാണെങ്കിൽ ഇറച്ചി പൊരിച്ചതിന്റെ കൂടെ അല്പം കടുകും കുരുമുളകും കൂട്ടിയെന്നു വരാം. ഷേവു ചെയ്യുകയാണെങ്കിൽ കാതൊന്നു മുറിഞ്ഞുവെന്നുമാവാം. കാമുകിയെ ചുംബിക്കുകയാണെങ്കിൽ അത്തിപ്പഴങ്ങൾ പോലവളുടെ ചുണ്ടുകൾ ഞാൻ ആർത്തിയോടെ കവരും. വായിക്കുകയാണെങ്കിൽ ചില താളുകൾ ഞാൻ തള്ളിവിടും. ഉള്ളി തൊലിക്കുകയാണെങ്കിൽ കണ്ണു നനഞ്ഞേക്കാം. നടക്കുകയാണെങ്കിൽ നടത്തയുടെ വേഗത ഞാനൊന്നു കുറച്ചുവെന്നു വരാം. നാളെ ഞാനുണ്ടെങ്കിൽ, ഇന്നത്തെപ്പോലെ, ഇല്ലാതാവുന്നതിനെക്കുറിച്ചു ഞാൻ ചിന്തിക്കുകയില്ല. ഇനി, ഞാനില്ലെങ്കിൽ ആ ചോദ്യം എന്നെ ബാധിക്കുകയുമില്ല. മൊസാർട്ടിന്റെ സംഗീതം കേൾക്കുകയാണെങ്കിൽ മാലാഖമാരുടെ ദേശത്തായിരിക്കും ഞാൻ. ഉറക്കമാണെങ്കിൽ ഞാൻ ആ ഉറക്കം തുടരുകയും ഗാർഡേനിയാപ്പൂക്കളെക്കുറിച്ചു സുന്ദരസ്വപ്നങ്ങൾ കാണുകയും ചെയ്യും. ചിരിക്കുകയാണെങ്കിൽ ആ വാർത്തയോടുള്ള ആദരസൂചകമായി ഞാൻ ചിരി പാതിക്കു വച്ചു നിർത്തിയെന്നും വരാം. ഇതല്ലാതെ ഞാനെന്തു ചെയ്യാൻ, ഒരു വിഡ്ഡിയെക്കാൾ ധൈര്യവാനും ഹെർക്കുലീസിനെക്കാൾ ബലവാനുമാണു ഞാനെങ്കിൽക്കൂടി?


Monday, January 13, 2014

മഹമൂദ് ദർവീശ് - മഞ്ഞും വേനലും

mahmoud-darwish


ഋതുക്കളിവിടെ രണ്ടേയുള്ളു
വിദൂരമീനാരം പോലെ ദീർഘിച്ച ഒരു വേനല്ക്കാലം
മുട്ടു കുത്തി പ്രാർത്ഥിക്കുന്ന കന്യാസ്ത്രീയെപ്പോലെ ഒരു മഞ്ഞുകാലവും
വസന്തമാണെങ്കിൽ
ഉയിർപ്പുനാളിന്റെ വരവറിയിച്ചും കൊണ്ടതോടിപ്പോകുന്നു
ശരല്ക്കാലമാവട്ടെ
മടക്കയാത്രയിൽ എത്ര ജീവിതം നമുക്കു നഷ്ടപ്പെട്ടു
എന്നൊറ്റയ്ക്കിരുന്നോർക്കാനൊരിടം മാത്രം
‘നാം നമ്മുടെ ജീവിതത്തെ എവിടെ വിട്ടുപോന്നു?’
വിളക്കു ചുറ്റിപ്പറക്കുന്ന പൂമ്പാറ്റയോടു ഞാൻ ചോദിച്ചു
സ്വന്തം കണ്ണീരിലതെരിഞ്ഞുതീർന്നു.


Sunday, January 12, 2014

മഹമൂദ് ദർവീശ് - ഉദാസീനൻ

darwish2




ഒന്നുമയാൾ കാര്യമാക്കില്ല.
വീട്ടിലേക്കുള്ള വെള്ളം മുടക്കിയാൽ അയാൾ പറയും:
‘ആയിക്കോട്ടെ! മഞ്ഞുകാലം വരാറായല്ലോ!’
ഒരു മണിക്കൂർ കറണ്ടു കൊടുത്തില്ലെങ്കിൽ അയാൾ കോട്ടുവായിടും:
‘ആയിക്കോട്ടെ, പകൽവെളിച്ചം തന്നെ ധാരാളം!’
ശമ്പളം കുറയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയാൽ പറയും:
‘ആയിക്കോട്ടെ! ഒരു മാസത്തേക്കു ഞാൻ
കള്ളും പുകയും വേണ്ടെന്നു വയ്ക്കും.’
അയാളെ ജയിലിലടച്ചാൽ പറയും:
‘ആയിക്കോട്ടെ, ഓർമ്മകളുടെ കൂട്ടുമായി
കുറച്ചുനേരം ഞാനൊറ്റയ്ക്കിരിക്കട്ടെ.’
ഇനി വീട്ടിൽ കൊണ്ടു വിട്ടാൽ പറയും:
‘ആയിക്കോട്ടെ, ഇതെന്റെ വീടാണല്ലോ!’

ദേഷ്യം വന്നിട്ട് ഒരിക്കൽ ഞാൻ അയാളോടു ചോദിച്ചു:
‘നാളെ താൻ എങ്ങനെ ജീവിക്കും?’
അയാൾ പറഞ്ഞു:‘ നാളെ എന്റെ പ്രശ്നമേയല്ല.
എന്നെ വശീകരിക്കുന്ന ആശയമല്ലത്.
ഞാൻ ഞാനല്ലാതെയാരാവാൻ:
ഒന്നു കൊണ്ടും ഞാൻ മാറില്ല,
ആരെയും ഞാൻ മാറ്റുകയുമില്ല;
അതിനാൽ എനിക്കു വെയിലു വിലക്കാതെ ഒന്നു മാറിനിന്നാട്ടെ.’
ഞാൻ പറഞ്ഞു: ‘ഞാൻ മഹാനായ അലക്സാൻഡറല്ല,
ഡയോജനിസുമല്ല.’
അപ്പോളയാൾ പറഞ്ഞു: ‘ഉദാസീനത ഒരു തത്ത്വശാസ്ത്രമാണ്‌,
പ്രത്യാശയുടെ ഒരു വശമാണത്.‘



Friday, September 6, 2013

മഹമൂദ് ദർവീശ് - വധം

images

നിരൂപകന്മാർ ചിലനേരമെന്നെ കൊന്നുകളയുന്നു:
അവർക്കു വേണ്ടത് ഇന്ന തരത്തിലൊരു കവിത
ഇന്ന തരത്തിലൊരു രൂപകവും
ഒരിടറോഡിലേക്കൊന്നു ഞാൻ തെന്നിയാൽ
അവർ പറയുകയായി:
‘അയാൾ പാതയെ വഞ്ചിച്ചു.’
ഒരു പുല്ക്കൊടിയുടെ വാചാലത ഞാൻ കണ്ടുപോയാൽ
അവർ പറയും:‘ ഓക്കുമരത്തിന്റെ വേരുറപ്പയാൾ വേണ്ടെന്നു വച്ചല്ലോ.’
വസന്തകാലത്തു പനിനീർപ്പൂവിനെ ഞാൻ മഞ്ഞയായിക്കണ്ടുവെന്നിരിക്കട്ടെ,
അവർ ചോദിക്കും:‘എവിടെ, അതിന്റെ ഇതളുകളിൽ പെറ്റനാടിന്റെ ചോരത്തുള്ളികൾ?’
ഞാൻ ഇങ്ങനെയൊന്നെഴുതിപ്പോയാൽ:
‘ഉദ്യാനത്തിന്റെ പടി കയറി ആ വരുന്നതെന്റെ കുഞ്ഞനിയത്തി, പൂമ്പാറ്റ’
അവരുടനേ ഒരു കരണ്ടിയെടുത്തതിളക്കിനോക്കും, അർത്ഥമെന്താണെന്നറിയാൻ.
‘അമ്മയെന്നും അമ്മ തന്നെ,
തന്റെ കുഞ്ഞിനെ കാണാതായാൽ അവർ വാടിത്തളരും,
ഉണക്കച്ചുള്ളി പോലെ വരണ്ടുണങ്ങും’
എന്നു ഞാനൊന്നു പതുക്കെപ്പറഞ്ഞാൽ അവർ പറയും:
‘ആഹ്ളാദം കൊണ്ടു പാടുകയാണവർ,
അവന്റെ ശവമടക്കത്തിൽ നൃത്തം വയ്ക്കുകയാണവർ,
അവന്റെ ശവമടക്കം അവർക്കവന്റെ വിവാഹമത്രെ.’

കാണാത്തതിനെ കാണാനായി
മാനത്തേക്കു ഞാനൊന്നു കണ്ണുയർത്തിയാൽ അവർ പറയും:
‘കവിത അതിന്റെ ലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിച്ചുപോയിരിക്കുന്നു.’

നിരൂപകന്മാർ ചിലനേരമെന്നെ കൊന്നുകളയുന്നു,
അവരുടെ വായനയിൽ നിന്നു ഞാൻ രക്ഷ തേടിയോടുന്നു,
അവരുടെ തെറ്റിദ്ധാരണയ്ക്കു നന്ദി പറഞ്ഞുകൊണ്ട്
ഞാനെന്റെ പുതിയ കവിതയെ തേടിപ്പോവുകയും ചെയ്യുന്നു.


Thursday, September 5, 2013

മഹമൂദ് ദർവീശ് - ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ

deer-hunting

ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ
മാൻപേടയ്ക്കു ഞാനൊരവസരം കൊടുത്തേനേ
അതിനു കിടന്നുറങ്ങാൻ
രണ്ടാമതും മൂന്നാമതും പിന്നെ പത്താമതും.
മയങ്ങുമ്പോളവൾക്കു കിട്ടുന്ന മനസ്സമാധാനത്തിന്റെ
ഒരോഹരി കൊണ്ട്
ഞാൻ തൃപ്തനായേനേ.
കഴിവുണ്ടെങ്കിലും
വേണ്ടെന്നു വയ്ക്കുകയാണു ഞാൻ.
നിർമ്മലനാണു ഞാൻ
അവൾ മറഞ്ഞിരിക്കുന്നിടത്തെ
നീരുറവ പോലെ.

ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ
മാൻപേടയ്ക്കൊരാങ്ങളയായേനെ ഞാൻ.
‘തോക്കിനെ ഭയക്കരുതേ
എന്റെ പാവം കുഞ്ഞുപെങ്ങളേ.’
അകലെയുള്ള പാടങ്ങളിൽ
ചെന്നായ്ക്കൾ ഓരിയിടുന്നതു കാതോർത്ത്
പിന്നെ ഞങ്ങൾ നില്ക്കും,
സുരക്ഷിതരായി, ശാന്തചിത്തരായി.


Wednesday, September 4, 2013

മഹമൂദ് ദർവീശ് - എന്റെ അമ്മയുടെ വീട്ടിൽ

can-stock-photo_csp6270968

 


എന്റെ അമ്മയുടെ വീട്ടിൽ
എന്റെ ഫോട്ടോ എന്നെ ഉറ്റുനോക്കുന്നു
അതു നിർത്തില്ലാതെ ചോദിക്കുകയാണ്‌:
നീ ഞാനാണോ, എന്റെ പ്രിയപ്പെട്ട വിരുന്നുകാരാ?
ഒരിക്കൽ നീയെന്റെ ആയുസ്സിന്റെ ഇരുപതു കൊല്ലമായിരുന്നോ,
ആ കണ്ണടകൾക്കും സ്യൂട്ട്കേസുകൾക്കും മുമ്പ്?
ചുമരിലൊരോട്ട മതിയായിരുന്നു
നിത്യതയിലേക്കുറ്റുനോക്കി നേരം കഴിക്കുന്ന വിദ്യ
നക്ഷത്രങ്ങൾക്കു നിന്നെ പഠിപ്പിക്കാൻ...
(എന്താണീ നിത്യത? ഞാൻ എന്നോടു തന്നെ പറഞ്ഞു.)
പ്രിയപ്പെട്ട വിരുന്നുകാരാ...പണ്ടേപ്പോലെ ഇപ്പോഴും നീ ഞാൻ തന്നെയാണോ?
നമ്മിലാരാണു സ്വന്തം മുഖലക്ഷണങ്ങൾ കൊഴിച്ചുകളഞ്ഞത്?
ആ മെരുങ്ങാത്ത കുതിര നിന്റെ നെറ്റിയിൽ വീഴ്ത്തിയ കുളമ്പിൻ പാടു നിനക്കോർമ്മയുണ്ടോ,
അതോ ക്യാമറയ്ക്കു മുന്നിൽ സുമുഖനാവാൻ വേണ്ടി വടുവിൽ നീ പൌഡറു പൂശിയോ?
നീ ഞാനാണോ? നിനക്കു നിന്റെ ഹൃദയമോർമ്മയുണ്ടോ,
പഴയൊരോടക്കുഴലും ഒരു ഫിനിക്സിന്റെ തൂവലും തുള വീഴ്ത്തിയതിനെ?
അതോ വഴി വേറൊന്നായപ്പോൾ ഹൃദയവും നീ വച്ചുമാറിയോ?

ഞാൻ പറഞ്ഞു: നോക്കൂ ഞാൻ അവനും നീയുമാണ്‌
പക്ഷേ ചുമരിൽ നിന്നു ഞാൻ ചാടിയിറങ്ങുകയായിരുന്നു,
തന്റെ തോട്ടത്തിൽ നിന്നു ഞാൻ ഭവ്യതയോടെ തുടുത്ത പൂക്കളിറുത്തെടുക്കുന്നതു
വിധിയുടെ കണ്ണില്പ്പെട്ടാലെന്തു സംഭവിക്കുമെന്നറിയാൻ.
അതെന്നോടിങ്ങനെ പറഞ്ഞുവെന്നു വരാം:
അപകടത്തിൽ ചെന്നു ചാടാതെ മടങ്ങിപ്പോയാട്ടെ...
ഈ ചുമരിൽ നിന്നു ഞാൻ ചാടിയിറങ്ങുകയായിരുന്നു,
കാണാനാവാത്തതിനെ കാണാൻ,
പാതാളത്തിന്റെ ആഴമളക്കാൻ.


Saturday, April 20, 2013

മഹമൂദ് ദർവീഷ് - എഴുതിത്തുടങ്ങിയ കവിയോട്

PD*2335975




ഞങ്ങളുടെ പ്രമാണങ്ങളെ വിശ്വസിക്കേണ്ട,
അതെല്ലാം മറന്നേക്കൂ.
നിങ്ങളുടെ സ്വന്തം വാക്കുകളിൽ നിന്നു തുടങ്ങൂ.
കവിതയെഴുത്തു തുടങ്ങിയതു നിങ്ങളാണെന്നപോലെ,
അല്ലെങ്കിൽ അവസാനത്തെക്കവി നിങ്ങളാണെന്നപോലെ.


ഞങ്ങളുടെ കവിത വായിക്കുന്നുവെങ്കിൽ
അതു ഞങ്ങളുടെ മനോഭാവങ്ങളെ പിൻപറ്റാനാവരുത്,
വേദനയുടെ ഗ്രന്ഥത്തിൽ ഞങ്ങൾ വരുത്തിയ സ്ഖലിതങ്ങൾ
തിരുത്താനായി മാത്രം.


ആരോടും ചോദിച്ചുനടക്കരുത്: ആരാണു ഞാൻ?
പെറ്റമ്മയാരെന്നു നിങ്ങൾക്കറിയാം,
അച്ഛന്റെ കാര്യമാണെങ്കിൽ, അതു നിങ്ങൾ തന്നെയായിക്കോളൂ.


സത്യം വെളുത്തതാണ്‌,
കാക്കക്കറുപ്പു കൊണ്ടതിലെഴുതൂ.
സത്യം കറുത്തതാണ്‌,
ഒരു മരീചികയുടെ വെളിച്ചം കൊണ്ടതിലെഴുതൂ.


പ്രാപ്പിടിയനോടു മല്ലു പിടിക്കാനാണാഗ്രഹമെങ്കിൽ
പ്രാപ്പിടിയനോടൊപ്പം  പറന്നുയരൂ.


സ്ത്രീയെ പ്രേമിക്കുന്നുവെങ്കിൽ അവളാവരുത്,
സ്വന്തമന്ത്യം ആഗ്രഹിക്കുന്നവനാവൂ.


നാം കരുതുമ്പോലത്ര ജീവനുള്ളതല്ല ജീവിതം,
നമ്മുടെ വികാരങ്ങളുടെ ആരോഗ്യത്തെച്ചൊല്ലി
നാമതിനെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നേയുള്ളു.


ഒരു പനിനീർപ്പൂവിനെ അത്രയേറെ നേരമോർത്തിരുന്നാൽ
കൊടുങ്കാറ്റിൽ നിങ്ങളുലയുകയില്ല.


എന്നെപ്പോലെ തന്നെ നിങ്ങൾ,
തെളിഞ്ഞതാണു പക്ഷേ, എന്റെ ഗർത്തം.
രഹസ്യങ്ങളവസാനിക്കാത്തതാണ് നിങ്ങളുടെ പാതകൾ.
അവ താഴുന്നു ഉയരുന്നു, താഴുന്നു ഉയരുന്നു.


യൌവനത്തിന്റെ അന്ത്യത്തെ പാകതയെത്തിയ സിദ്ധിയെന്നു
നിങ്ങൾക്കു വിളിക്കാം, അല്ലെങ്കിൽ ജ്ഞാനമെന്നും.
അതെ, അതു ജ്ഞാനം തന്നെ,
ഗാനാത്മകമല്ലാത്ത നിർമ്മമത.


ഒരു മരത്തെയെടുത്തു ധരിച്ച കിളിക്കു തുല്യമാവില്ല,
കൈയിൽ കിട്ടിയ ഒരായിരം കിളികൾ.


ദുരിതകാലത്തെ കവിത
ശവപ്പറമ്പിലെ മനോഹരപുഷ്പങ്ങളത്രെ.


ഉദാഹരണം നോക്കിനടന്നാല്‍ കിട്ടില്ല,
അതിനാല്‍ നിങ്ങളാവുക,
മാറ്റൊലിയുടെ അതിരുകള്‍ക്കു പിന്നില്‍ നിങ്ങളല്ലാതെയുമാവുക.

ശുഷ്കാന്തിക്കു കാലാവധിയുണ്ട്,
അതിനാല്‍ നിങ്ങളുടെ ഹൃദയത്തെക്കരുതി ഉത്സാഹമുള്ളവനാവുക,
നിങ്ങളുടെ പാതയെത്തും മുമ്പേ അതിന്റെ പിന്നാലെ പോവുക.


സ്നേഹിക്കുന്നവളോടു പറയരുത്
നീ ഞാനാണെന്ന്, ഞാൻ നീയാണെന്ന്,
അതിനെതിരു പറയുക:
പലായനം ചെയ്യുന്നൊരു  മേഘത്തിലെ
അതിഥികളാണു തങ്ങളെന്ന്.


വ്യതിചലിക്കൂ, നിയമത്തിൽ നിന്ന്
സർവശക്തിയുമെടുത്തു വ്യതിചലിക്കൂ.


ഒരേ വചനത്തിൽ രണ്ടു നക്ഷത്രങ്ങളെ വയ്ക്കരുത്,
പ്രധാനത്തെ അപ്രധാനമായതിനടുത്തുവയ്ക്കൂ,
ഉയരുന്ന പ്രഹര്‍ഷം അങ്ങനെ പൂര്‍ത്തിയാവട്ടെ.

ഞങ്ങളുടെ നിർദ്ദേശങ്ങളുടെ കൃത്യതയെ വിശ്വസിക്കരുത്,
കാരവാന്റെ കാല്പാടുകളെ മാത്രം വിശ്വസിക്കുക.

കവിയുടെ ഹൃദയത്തിലെ വെടിയുണ്ട പോലെയാണ്‌ ഗുണപാഠം,
മാരകമായൊരു ജ്ഞാനം.

കോപിക്കുമ്പോൾ മൂരിയെപ്പോലെ കരുത്തനാവൂ,
പ്രേമിക്കുമ്പോൾ ബദാം പൂവു പോലെ ബലഹീനന്‍,
അടച്ചിട്ട മുറിയിലിരുന്നു തന്നെത്താൻ പ്രണയഗാനം പാടുമ്പോൾ
ഒന്നും, ഒന്നുമല്ലാതെയും.


പ്രാക്തനകവിയുടെ രാത്രി പോലെ ദീർഘമാണ് പാതകൾ:
മലകളും
 സമതലങ്ങളും, പുഴകളും താഴ്വാരങ്ങളും.
നിങ്ങളുടെ സ്വപ്നത്തിന്റെ താളത്തിൽ നടക്കൂ:
നിങ്ങളെ പിന്തുടരുന്നതൊരു ലില്ലിപ്പൂവായിരിക്കും,
അല്ലെങ്കിൽ കഴുമരം.


നിങ്ങളെച്ചൊല്ലി ഞാൻ ഭയപ്പെടുന്നുവെങ്കിൽ
അതു നിങ്ങളുടെ നിയോഗത്തെ 
ഓർത്തല്ല,
സ്വന്തം സന്തതികളുടെ ശവമാടത്തിനു മേൽ നൃത്തം വയ്ക്കുന്നവർ,
പൊക്കിൾക്കുഴികളിൽ ക്യാമറകളൊളിപ്പിച്ച ഗായകർ,
അവരെച്ചൊല്ലിയാണ്‌.


അന്യരിൽ നിന്ന്, എന്നിൽ നിന്ന്
അകലം പാലിക്കുകയാണു നിങ്ങളെങ്കിൽ
നിങ്ങളെന്നെ നിരാശപ്പെടുത്തില്ല.
എന്നെ ഓർമ്മപ്പെടുത്താത്തതൊന്നുണ്ടെങ്കിൽ
അതാണു കൂടുതൽ സുന്ദരം.


ഇനി മുതൽ നിങ്ങൾക്കൊരു കാവൽമാലാഖയേയുള്ളു:
നിങ്ങൾ അവഗണിച്ചു വിട്ട ഭാവികാലം.


മെഴുകുതിരിയുടെ കണ്ണീരു പോലെ നിങ്ങളുരുകിത്തീരുമ്പോൾ
ഓർക്കരുത്, ആരു നിങ്ങളെ കാണുമെന്ന്,
ആരു പിന്തുടരും നിങ്ങളുടെ ഉൾവെളിച്ചത്തെയെന്ന്.
തന്നോടു തന്നെ ചോദിക്കൂ: ഇത്രയ്ക്കേയുള്ളു ഞാൻ?


കവിത എന്നും അപൂർണ്ണമായിരിക്കും,
പൂമ്പാറ്റകൾ വേണം അതു മുഴുമിക്കാൻ .


പ്രണയത്തിൽ ഉപദേശമില്ല. അതനുഭവമാണ്‌.
കവിതയിൽ ഉപദേശമില്ല. അതു സിദ്ധിയാണ്‌.


ഒടുവിലായിപ്പറയട്ടെ, സലാം.

Monday, April 15, 2013

മഹമൂദ് ദർവീശ് - ദാഹിച്ചു മരിച്ച പുഴ

desert

 


ഇവിടെയൊരു പുഴയുണ്ടായിരുന്നു
പുഴയ്ക്കു രണ്ടു കരകളുണ്ടായിരുന്നു
മേഘത്തുള്ളികൾ കൊണ്ടതിനെ ഊട്ടാൻ
മാനത്തൊരമ്മയുമുണ്ടായിരുന്നു.
അലസമൊഴുകുന്നൊരു കൊച്ചുപുഴ,
മലമുടികളിൽ നിന്നോടിയിറങ്ങിയ പുഴ,
ജീവസ്സുറ്റൊരതിഥിയെപ്പോലെ
ഗ്രാമങ്ങളും കൂടാരങ്ങളും കയറിയിറങ്ങിയ പുഴ,
അരളിമരങ്ങളും ഈന്തപ്പനകളും
താഴ്വരയിലേക്കു കൊണ്ടുവന്ന പുഴ,
തന്റെ തടങ്ങളിൽ രാത്രികൾ കൊണ്ടാടിയവരോട്
ചിരിച്ചും കൊണ്ടതു പറഞ്ഞിരുന്നു:
‘മേഘങ്ങൾ ചുരത്തുന്ന പാലു കുടിക്കൂ,
കുതിരകൾക്കു വെള്ളം കൊടുക്കൂ,
പിന്നെ ജറുസലേമിലേക്കോ ദമാസ്കസിലേക്കോ പറക്കൂ.‘
ചിലനേരമതു വീരഗാഥകൾ പാടി,
മറ്റുചില നേരങ്ങളിൽ വികാരം കൊണ്ടു പാടി.
രണ്ടു കരകളുള്ള പുഴ,
മേഘത്തുള്ളികൾ കൊണ്ടൂട്ടിവളർത്താൻ
മാനത്തൊരമ്മയുള്ള പുഴ.
ആ അമ്മയെപ്പക്ഷേ ആരോ തട്ടിക്കൊണ്ടുപോയി,
അങ്ങനെയതു വരണ്ടു,
പിന്നെയതു മരിച്ചു,
ദാഹിച്ചുദാഹിച്ചു മരിച്ചു.


Sunday, April 7, 2013

മഹമൂദ് ദർവീശ് - തടവറ

newgate_prison_old5

 


സാദ്ധ്യമാണ്‌
ചിലപ്പോഴെങ്കിലും സാദ്ധ്യമാണ്‌
ഇപ്പോൾ പ്രത്യേകിച്ചും സാദ്ധ്യമാണ്‌
തടവറയ്ക്കുള്ളിൽ ഒരു കുതിരയെ ഓടിക്കാൻ
ഓടിച്ചുപോകാൻ...

സാദ്ധ്യമാണ്‌
തടവറയുടെ ചുമരുകൾ അപ്രത്യക്ഷമാവുകയെന്നത്
തടവറ അതിരുകളില്ലാത്തൊരു വിദൂരദേശമാവുകയെന്നത്

ചുമരുകൾ താൻ എന്തു ചെയ്തു?
ഞാനവ പാറക്കെട്ടുകൾക്കു മടക്കിക്കൊടുത്തു.
മച്ചു താനെന്തു ചെയ്തു?
ഞാനതിനെ ജീനിയാക്കി.
തന്റെ തുടലുകൾ?
ഞാനതു പെൻസിലുമാക്കി.

ജയിലർക്കു ദേഷ്യം പിടിച്ചു.
അയാൾ സംഭാഷണം അവസാനിപ്പിച്ചു.
കവിത തനിക്കൊരു ചുക്കുമല്ലെന്നയാൾ പറഞ്ഞു.
എന്റെ മുറിയുടെ വാതിൽ അയാൾ താഴിട്ടു പൂട്ടുകയും ചെയ്തു.

കാലത്തയാൾ എന്നെക്കാണാൻ വീണ്ടും വന്നു.
അയാൾ എന്നെ നോക്കി ഒച്ചയെടുത്തു:

ഈ വെള്ളമൊക്കെ എവിടുന്നു വന്നു?
ഞാനതു നൈലിൽ നിന്നു കോരി.
മരങ്ങൾ?
ബാഗ്ദാദിലെ തോപ്പുകളിൽ നിന്ന്.
സംഗീതമോ?
എന്റെ ഹൃദയമിടിപ്പിൽ നിന്നും.

ജയിലർക്കു ഭ്രാന്തു പിടിച്ചപോലെയായി.
അയാൾ സംഭാഷണം അവസാനിപ്പിച്ചു.
എന്റെ കവിത തനിക്കിഷ്ടമായില്ലെന്നയാൾ പറഞ്ഞു.
എന്റെ മുറിയുടെ വാതിൽ അയാൾ താഴിട്ടു പൂട്ടുകയും ചെയ്തു.

രാത്രിയിൽ അയാൾ വീണ്ടും വന്നു.

ഈ ചന്ദ്രനെ എവിടുന്നു കിട്ടി?
ബാഗ്ദാദിലെ രാത്രികളിൽ നിന്ന്.
വീഞ്ഞ്?
അൾജിയേഴ്സിലെ മുന്തിരിത്തോപ്പുകളിൽ നിന്ന്.
ഈ സ്വാതന്ത്ര്യം?
ഇന്നലെ രാത്രിയിൽ നിങ്ങളെന്നെ കൊളുത്തിയിട്ട തുടലിൽ നിന്ന്
.

ജയിലർ വളരെ ദുഃഖിതനായി.
അയാൾ എന്നോടു കേണു
അയാൾക്കയാളുടെ സ്വാതന്ത്ര്യം തിരിച്ചുകൊടുക്കാൻ.