Showing posts with label വലേറി. Show all posts
Showing posts with label വലേറി. Show all posts

Thursday, July 3, 2014

പോൾ വലേറി - സ്നേഹവനം

 

406px-Van_Gogh_-_Liebespaar_in_Arles_(Ausschnitt)Van Gogh- The Lovers


കാട്ടുവഴികളിൽ തൊട്ടുതൊട്ടു നടക്കെ
നമ്മുടെ ചിന്തകൾ നിർമ്മലമായിരുന്നു;
കാഴ്ചയിൽ വരാത്ത പൂക്കൾക്കിടയിൽ
കൈ കോർത്തു മൌനമായി നാം നടന്നു.

രാത്രിയിൽ, പുല്പരപ്പിന്റെ പച്ചയിൽ
വധൂവരന്മാരെപ്പോലെ നാം നടന്നു;
ചന്ദ്രൻ, മനമുലഞ്ഞവർക്കിഷ്ടതോഴൻ,
ആ മായികഫലം നാം വീതിച്ചെടുത്തു.

പിന്നെ പായൽനിലത്തു കിടന്നു നാം മരിച്ചു,
അങ്ങകലെയായി, എത്രയുമേകാകികളായി,
മർമ്മരമുതിർക്കുന്ന ഈ കാടിന്റെ നിഴലുകളിൽ;

പിന്നെയവിടെ, മുകളിൽ, വിപുലവെളിച്ചത്തിൽ
കണ്ണീരിൽ മുങ്ങി നാമന്യോന്യം കണ്ടെത്തും,
മൌനത്തിലെന്റെ പ്രിയപ്പെട്ട സഹയാത്രികേ!


Tuesday, July 1, 2014

പോൾ വലേറി - അകം

 

Interior, the Dining Room in Hammershøi's Childhood Home, Frederiksberg Allé

 


അദൃശ്യമായ തുടലുകളാൽ കൂമ്പിയ കണ്ണുകളുമായി
ഒരടിമപ്പെണ്ണെന്റെ പൂപ്പാത്രങ്ങളിൽ വെള്ളം പകരുന്നു,
കണ്ണാടികളുടെ കയങ്ങളിലവൾ തുഴഞ്ഞുനീന്തുന്നു,
കിടക്കയുടെ നിഗൂഢതയിലവളുടെ വിരലുകളോടുന്നു;
ഈ ചുമരുകൾക്കകമൊരെളിയ പെണ്ണിന്റെ പെരുമാറ്റം,
ഒരു കാല്പാടു പോലും വീഴ്ത്താതെന്റെ മനോരാജ്യത്തിലൂടെ,
എന്റെ നോട്ടമല്പവുമുലയാതെന്റെ കണ്ണുകൾക്കു മുന്നിലൂടെ,
സൂര്യനു മുന്നിലൂടൊരു ചില്ലുപാളി കടന്നുപോകുമ്പോലെ,
ശുദ്ധയുക്തിയുടെ കുടിലയന്ത്രസാമഗ്രികളില്ലാതെ.


Interiors Painting by Danish Artist Vilhelm Hammershoi (1864-1916)

Wednesday, December 7, 2011

പോൾ വലേറി - കൊഴുത്തൊരു ശൂന്യതയിലവരലിഞ്ഞുചേരുന്നു…



കൊഴുത്തൊരു ശൂന്യതയിലവരലിഞ്ഞുചേരുന്നു,
വെളുത്ത, തനിച്ച രൂപങ്ങളെ ചെമന്ന ചെളി വിഴുങ്ങുന്നു.
ജീവന്റേതായ സിദ്ധി പൂക്കൾക്കും പോകുന്നു.
എവിടെ, മരിച്ചവർ? അവരുടെ പരിചിതശൈലികൾ,
തനതായ രീതികൾ, അവനവന്റെയാത്മാക്കൾ?
കണ്ണീരുറന്നിടത്തിന്നു പുഴുക്കൾ നുഴഞ്ഞുകേറുന്നു.


പ്രണയമിക്കിളിപ്പെടുത്തിയ പെൺകുട്ടികളുടെ സീൽക്കാരങ്ങൾ,,
കണ്ണുകൾ, പല്ലുകൾ, പാതിയടഞ്ഞ കണ്ണിമകൾ,
തീനാളങ്ങളെ വെല്ലുവിളിയ്ക്കുന്ന സുന്ദരമായ മാറിടങ്ങൾ,
അധരങ്ങൾ വഴങ്ങുമ്പോൾ തിളങ്ങുന്ന രക്തവർണ്ണം,
അന്ത്യോപഹാരം, അതു കാക്കുന്ന വിരലുകൾ-
ഒക്കെയും മണ്ണിലടിയുന്നു, കളിയിലേക്കു മടങ്ങുന്നു.


(“കടൽക്കരയിലെ ശ്മശാനം” എന്ന കവിതയില്‍ നിന്ന്‍)


link to valery