Showing posts with label എറിക് ഫ്രീഡ്. Show all posts
Showing posts with label എറിക് ഫ്രീഡ്. Show all posts

Wednesday, August 8, 2012

എറിക് ഫ്രീഡ് - ഡോൺ ക്യൂഹോട്ടെയുടെ അവസാനത്തെ വാക്കുകൾ



താറാവുകളുടെ അന്ത്യം



“താറാവുകളെ
ഒറ്റയടിക്കു കൊല്ലുന്നതാണു
ഭേദം.
ഒന്നു പോയിക്കഴിഞ്ഞാൽ
മറ്റുള്ളവ വേണ്ടത്ര  തീറ്റയെടുക്കില്ല.”

ഈ നാട്ടുബുദ്ധി
മനുഷ്യരുടെ കാര്യത്തിലും
ബാധകമാണോ?
ഒരാണവയുദ്ധത്തിനുള്ള
തയാറെടുപ്പുകളെ
ന്യായീകരിക്കുകയാണതെന്നു വരുമോ?

വഴിയില്ല
മനുഷ്യർ താറാവുകളല്ലല്ലോ.
ചിലർ പോയിക്കഴിഞ്ഞാലും
അവർ തീറ്റ കുറയ്ക്കുകയില്ല.





ഒരു മണിക്കൂർ

എഴുതിയ കവിത
തിരുത്താനായി
ഒരു മണിക്കൂർ ഞാൻ കളഞ്ഞു

ഒരു മണിക്കൂറെന്നു പറഞ്ഞാൽ:
ഈ നേരത്തിനുള്ളിൽ
1400 കുട്ടികൾ വിശപ്പു കൊണ്ടു മരിച്ചിട്ടുണ്ട്
ഓരോ രണ്ടര സെക്കന്റിലും
അഞ്ചു വയസ്സിൽ താഴെയുള്ള
ഒരു കുട്ടി
നമ്മുടെ ലോകത്ത്
വിശപ്പു കൊണ്ടു മരിക്കുന്നുണ്ട്.

ഒരു മണിക്കൂറായി
ആയുധപ്പന്തയവും തുടർന്നിരുന്നു
ആ ഒരു മണിക്കൂറിനുള്ളിൽ
ആറു കോടി ഇരുപത്തെട്ടു ലക്ഷം ഡോളർ
വൻശക്തികൾ അന്യോന്യം രക്ഷിക്കാൻ
ചെലവിട്ടിരിക്കുന്നു
ആയുധങ്ങൾക്കായി
ലോകമിന്നു മാറ്റിവയ്ക്കുന്ന തുക
ഒരു വർഷം
അഞ്ഞൂറു കോടി ഡോളറായിരിക്കുന്നു
നമ്മുടെ രാജ്യവും
അതിന്റെ സംഭാവന നൽകുന്നുണ്ട്

ചോദ്യം പ്രകടമാണ്‌
ഈ അവസ്ഥയിൽ
കവിതയെഴുത്തു തുടരുന്നതിൽ
അർഥമുണ്ടോയെന്ന്.
ചില കവിതകൾ വിഷയമാക്കുന്നത്
ആയുധച്ചെലവും യുദ്ധവും
വിശക്കുന്ന കുട്ടികളുമാണെന്നതു ശരി.
പക്ഷേ മറ്റുള്ളവ പറയുന്നത്
പ്രണയം വാർദ്ധക്യം
പുല്ലുമേടുകൾ മരങ്ങൾ മലകൾ
പിന്നെ കവിതകൾ ചിത്രങ്ങൾ
എന്നിവയെക്കുറിച്ചുമാണ്‌
ഇവയെക്കുറിച്ചുമല്ല
അവയെങ്കിൽ
കുട്ടികളെയും സമാധാനത്തെയും കുറിച്ച്
ആരും വേവലാതിപ്പെടാനും പോകുന്നില്ല.




ഡോൺ ക്യൂഹോട്ടെയുടെ അവസാനത്തെ വാക്കുകൾ

ഭീഷണമായ കാറ്റാടിയിലകൾ
നിങ്ങളുടെ കണ്മുന്നിലുണ്ടെങ്കിൽ
എങ്കിൽ
നിങ്ങളുടെ ഹൃദയവും
നിങ്ങളുടെ തലയും
നിങ്ങളുടെ കുന്തവും
രാക്ഷസന്മാരുമായുള്ള പോരിലേക്ക്
നിങ്ങളെ വലിച്ചിഴയ്ക്കും

പക്ഷേ
കണ്ടുനിൽക്കുന്ന ജനക്കൂട്ടത്തിന്റെ
ആർത്തുചിരിക്കു ശേഷവും
ഭീഷണമായ കാറ്റാടിയിലകൾ
നിങ്ങളുടെ കണ്മുന്നിലുണ്ടെങ്കിൽ
രാക്ഷസൻ
നിങ്ങളുടെ തലയ്ക്കുള്ളിലുണ്ടെങ്കിൽ
എങ്കിൽ
കുന്തം നിങ്ങളുടെ ഹൃദയത്തിലേക്കാഴുന്നു.


എറിക് ഫ്രീഡ് - നന്ദിയും കടപ്പാടും



പക്ഷം ചേരൽ



വിപ്ളവപ്പാർട്ടി
സ്വന്തം സന്തതികളെ
പിടിച്ചു വിഴുങ്ങുമ്പോൾ
അവരിൽ മിക്കവരും
അന്ത്യം വരെയ്ക്കും
വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു:
“പാർട്ടി നീണാൾ വാഴട്ടെ!”


ചിലർ അങ്ങനെ വിളിച്ചുപറഞ്ഞത്
കൂറു കൊണ്ടായിരുന്നു
പാർട്ടിക്കു സ്വന്തം ജനങ്ങളുടെ
ആരാച്ചാരായി മാറാനും
പിന്നീടൊരിക്കൽ
അവർ തന്നെ അതിനെ തല്ലിത്തകർക്കാതിരിക്കാനും
സഹായിച്ച
അതേ ശപ്തമായ പാർട്ടിക്കൂറ്‌.


“പാർട്ടി നീണാൾ വാഴട്ടെ!”
എന്നു മറ്റു ചിലർ
വിളിച്ചുപറഞ്ഞത്
അതിനു ജീവിക്കാൻ
ജീവിതങ്ങൾ നൽകിയവരെ
കൊന്ന പാർട്ടി

അക്കാലങ്ങളിൽ
എത്ര നീതിഹീനമായിരുന്നുവെന്ന്

ആ മരണരോദനം
പിന്നീടു വരുന്നവരെ പഠിപ്പിക്കും
എന്ന പ്രതീക്ഷയിലായിരുന്നു.


ചിലർ അങ്ങനെ പറഞ്ഞതാവട്ടെ
പാർട്ടി തങ്ങളോടാവശ്യപ്പെട്ടതു
വിളിച്ചുപറഞ്ഞില്ലെങ്കിൽ
അതു തങ്ങളുടെ ഭാര്യമാരെയും
കുട്ടികളെയും ഞെരിച്ചുകൊല്ലുമെന്ന്
ഇതിനകം അവർക്കു ബോദ്ധ്യമായി
എന്നതു കൊണ്ടുമായിരുന്നു.


പക്ഷേ ഇനിയും ചിലർ
ഭാര്യയും കുട്ടികളുമില്ലാത്തവർ
അതിനാൽ കൊലപാതകികൾക്കു
ബന്ദികളാക്കാനാരുമില്ലാത്തവർ
അവർ വിളിച്ചുപറഞ്ഞില്ല
“പാർട്ടി നീണാൾ വാഴട്ടെ!” എന്ന്
അവർ ഇങ്ങനെ എഴുതുകയോ
പറയുകയോ ചെയ്തതേയുള്ളു:
“വിപ്ളവത്തിന്റെ പക്ഷം ചേർന്നോളൂ
വിപ്ളവകാരികളുടെയും
എന്നാലിനിയൊരിക്കലും
പാർട്ടിയുടെ പക്ഷം ചേരരുത്.”



ശത്രുക്കൾ

ജീവിതം താറുമാറായിക്കഴിഞ്ഞവർ
ചോദിക്കാത്ത ചോദ്യങ്ങൾക്ക്
ഉത്തരമേ വേണ്ടെന്നതിൽ
ശ്രദ്ധാലുക്കൾ

ശിഷ്ടജീവിതം
തങ്ങൾ ജീവിക്കാത്ത ജീവിതത്തിന്റെ
മഹിമകൾ
പാടിക്കഴിക്കുന്നവർ

തങ്ങൾ എന്തിനു വേണ്ടിയാണോ
എന്തിനെതിരായാണോ ജീവിക്കുന്നത്
അതു കാണാതിരിക്കാൻ
സ്വന്തം ജീവിതം കൊടുക്കാൻ
തയാറായിക്കഴിഞ്ഞവർ

ഇന്നലെയോ ഇന്നിനെയോ കുറിച്ചറിയാതെതന്നെ
നാളെയെക്കുറിച്ചുള്ള പ്രതീക്ഷ വെടിയാത്തവർ
ഏതു നുണയ്ക്കും ചതിയ്ക്കും സ്വയം തുറന്നിട്ടവർ
അവരാണെന്റെ സഹോദരന്മാരും സഹോദരികളും.


നന്ദിയും കടപ്പാടും

(ഹിറ്റ്ലർ അധികാരത്തിൽ വന്ന് അമ്പതുകൊല്ലം കഴിഞ്ഞതില്പിന്നെ)

സ്വസ്തികാകാലത്തെ
പാതകങ്ങൾക്കു നേരേ
രോഷം കൊണ്ടു വിറയ്ക്കുക
അത്ര പരിചയമായിക്കഴിഞ്ഞതിനാല്‍


നമ്മുടെ മുൻഗാമികളോട്
ഒരല്പം നന്ദി കാണിക്കാൻ

നമ്മൾ വിട്ടുപോകുന്നു

അവര്‍ ചെയ്തതിലും വലിയ പാതകങ്ങൾക്കു
പ്ളാനിടുകയാണിന്നു നമ്മളെന്ന്
നമുക്കു തിരിച്ചറിവുണ്ടാവാൻ.

അവരുടെ ചെയ്തികൾ
നമ്മെ സഹായിച്ചില്ലേ




Tuesday, August 7, 2012

എറിക് ഫ്രീഡ് - നല്ല തോട്ടക്കാർ


File:Ain Sakhri lovers figurine.jpg


നല്ല തോട്ടക്കാർ


എന്തു രസമാണ്‌
കൈയിൽ കൈ കോർത്തു
തോട്ടത്തിൽ നടക്കാൻ
നമ്മുടെ തൈമരത്തിനു
നനച്ചുകൊടുക്കാൻ
അതിനെ പരിപാലിക്കാൻ

ഞാൻ കമ്പിളിപ്പുഴുക്കളെ പെറുക്കിക്കളയുന്നു
നീയതിനു വെള്ളം തളിയ്ക്കുന്നു!
അതെത്ര പച്ചപ്പോടെ നിന്നേനേ
നാമതിന്റെ വേരുകൾ
കൊത്തിനുറുക്കിയിരുന്നില്ലെങ്കിൽ


കണക്കൊപ്പിക്കാതെ


നിന്നെക്കാൾ വല്ലാതെ
പ്രായം കൂടി എനിക്കെന്ന്
എന്നെക്കാൾ വല്ലാതെ
പ്രായം കുറവാണു നിനക്കെന്ന്
നമ്മെക്കാൾ ബോധം കൂടിയവർ
തങ്ങൾ കണക്കു കൂട്ടിയ
സ്വന്തം ഭാവികളെ
കൃത്യമായ അളവൊപ്പിച്ചു
മുറിച്ചെടുക്കുന്ന പണിപ്പുരകളിലേക്കു മാത്രം
നിർണ്ണായകമാണതൊക്കെ




മഞ്ഞുകാലത്തെ പൂന്തോട്ടം

മഞ്ഞയും ചുവപ്പും നിറമുള്ള
രണ്ടു സ്റ്റാമ്പുകളൊട്ടിച്ച
നിന്റെ കവർ
ഞാനൊരു ചെടിച്ചട്ടിയിൽ നട്ടു


എന്നും ഞാനതിനു
നനച്ചുകൊടുക്കും
നിന്റെ കത്തുകൾ
എനിക്കായി വളരട്ടെ


മനോഹരവും
വ്യസനം നിറഞ്ഞതുമായ കത്തുകൾ
നിന്നെപ്പോലെ മണക്കുന്ന
കത്തുകൾ


ഞാനിതു
നേരത്തേ ചെയ്യേണ്ടതായിരുന്നു
ഈ കാലമെത്തുന്നതു വരെ
കാക്കരുതായിരുന്നു



link to image

എറിക് ഫ്രീഡ് - അതായത്

Otto_Mueller_-_Liebespaar_-_ca1914

അതായത്


അതു ഭ്രാന്താണ്‌
യുക്തി പറയുന്നു
അതതു തന്നെ
പ്രണയം പറയുന്നു

അതു ഭാഗ്യക്കേടാണ്‌
ജാഗ്രത പറയുന്നു
അതു വേദന മാത്രമാണ്‌
ഭീതി പറയുന്നു
അതിനു ഭാവിയേയില്ല
ഉൾക്കാഴ്ച പറയുന്നു
അതതു തന്നെ
പ്രണയം പറയുന്നു

അതപഹാസ്യമാണ്‌
ആത്മാഭിമാനം പറയുന്നു
അതു വിഡ്ഡിത്തമാണ്‌
ജാഗ്രത പറയുന്നു
അതു നടക്കാത്തതാണ്‌
അനുഭവം പറയുന്നു
അതതു തന്നെ
പ്രണയം പറയുന്നു



അതിലും ഭേദം

ജീവിതം
ഇതിലുമനായാസമായേനേ
ഞാൻ നിന്നെ
കണ്ടുമുട്ടാതിരുന്നെങ്കിൽ

ഇത്ര ദുഃഖമുണ്ടാവുമായിരുന്നില്ല
ഓരോ നേരവും
നാം പിരിയുമ്പോൾ
ഇത്ര പേടിക്കുമായിരുന്നില്ല
അടുത്ത വേർപാടിനെ
അതിനടുത്തതിനെ

ഇത്ര ദാഹവുമുണ്ടാകുമായിരുന്നില്ല
നീയില്ലാതിരിക്കുമ്പോൾ
കഴിവു കെട്ടതാണതെങ്കിലും
അസാദ്ധ്യമായതേ അതിനു വേണ്ടു
അതും അപ്പോൾത്തന്നെ
അടുത്ത നിമിഷം
പിന്നെ
അതു നടക്കില്ലെന്നാവുമ്പോൾ
അതിനു മനസ്സു നോവുന്നു
ശ്വാസം കിട്ടാതെയാവുന്നു

ജീവിതം
ഇതിലുമനായാസമായേനേ
ഞാൻ നിന്നെ
കണ്ടുമുട്ടാതിരുന്നെങ്കിൽ
അതെന്റെ ജീവിതമാവില്ല
എന്നേയുള്ളു



ഒരുപക്ഷേ

ഓർമ്മിക്കുകയാവും
ഒരുപക്ഷേ
മറക്കാനുള്ള
ഏറ്റവും
വേദനാപൂർണ്ണമായ വഴി
ആ വേദന കുറയ്ക്കാൻ
ഏറ്റവും ദയാർദ്രമായ വഴിയും


link to image


Saturday, August 4, 2012

എറിക് ഫ്രീഡ് - പ്രണയവും നമ്മളും

Ismael_Nery_-_Namorados

പ്രണയവും നമ്മളും


പ്രണയത്തെക്കൊണ്ടു നമുക്കെന്തു കാര്യം?
അതു നമ്മെ സഹായിക്കാനെത്തിയോ,
തൊഴിലില്ലായ്മയ്ക്കെതിരെ
ഹിറ്റ്ലർക്കെതിരെ
കഴിഞ്ഞ യുദ്ധത്തിനെതിരെ
ഇന്നലെയ്ക്കും ഇന്നിനുമെതിരെ
പുതിയ ഭയങ്ങൾക്കും
ബോംബിനുമെതിരെ?

എന്തു സഹായമതു ചെയ്തു
നമ്മെ നശിപ്പിക്കുന്ന
സർവതിനുമെതിരെ?
ഒരു സഹായവും ചെയ്തില്ല.
പ്രണയം നമ്മെ വഞ്ചിച്ചു.
പ്രണയത്തെക്കൊണ്ടു നമുക്കെന്തു കാര്യം?

നമ്മെക്കൊണ്ടു പ്രണയത്തിനെന്തു കാര്യം?
നാമതിനെ സഹായിക്കാനെത്തിയോ,
തൊഴിലില്ലായ്മയ്ക്കെതിരെ
ഹിറ്റലർക്കെതിരെ
കഴിഞ്ഞ യുദ്ധത്തിനെതിരെ
ഇന്നലെയ്ക്കും ഇന്നിനുമെതിരെ
പുതിയ പേടികൾക്കും
ബോംബിനുമെതിരെ?

അതിനെ നശിപ്പിക്കുന്ന
സർവതിനുമെതിരെ?
ഒരു സഹായവും ചെയ്തില്ല
പ്രണയത്തെ നാം വഞ്ചിച്ചു.



പ്രസംഗങ്ങൾ

സമാധാനത്തെക്കുറിച്ച്
ആളുകളോടു പ്രസംഗിക്കുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക
ഭാവിയെക്കുറിച്ചു പ്രസംഗിക്കുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക
ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചു പ്രസംഗിക്കുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക
സ്വന്തം സഹജീവികളെക്കുറിച്ചാധിപ്പെടുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക-
ആത്മവഞ്ചനയാണോ ഇത്
അതോ അന്തിമസത്യമോ?


ഒരു നിസ്സാരകാര്യം


പ്രണയമെന്താണെന്നെനിക്കറിയില്ല
അതിനി ഇതുപോലെന്തെങ്കിലുമാണെന്നു വരാം:

വിദേശയാത്ര കഴിഞ്ഞു വന്നിട്ട്
“ഞാനൊരു നീറ്റെലിയെക്കണ്ടു”
എന്നവളഭിമാനത്തോടെന്നോടു പറയുമ്പോൾ,
രാത്രിയിൽ ഉറക്കമുണരുമ്പോഴും
പിറ്റേന്നു ജോലിയിലായിരിക്കുമ്പോഴും
ആ വാക്കുകളെനിക്കോർമ്മ വരുമ്പോൾ,
അതേ വാക്കുകൾ അവൾ ഒന്നുകൂടി പറഞ്ഞുകേൾക്കാനും
പറയുമ്പോളവൾക്കതേ ഭാവമായിരിക്കാനും
എനിക്കു തിടുക്കം തോന്നുമ്പോൾ-

എനിക്കു തോന്നുന്നു അതായിരിക്കാം പ്രണയമെന്ന്
അഥവാ അതുപോലെന്തെങ്കിലുമായിരിക്കാമെന്ന്.



link to image


എറിക് ഫ്രീഡ് - കാലത്തൊരു ചെളി വാരിയെറിയൽ

File:1815-regency-proposal-woodcut.gif

ഉദാഹരണത്തിന്‌


പരിഹാസ്യമായ സംഗതികൾ
ഒരുപാടുണ്ട്
ഫോണിലൂടെ നിന്റെ ശബ്ദം കേൾക്കുമ്പോൾ
അതിനെ ചുംബിക്കുക
ഒരുദാഹരണം.

അതിലും പരിഹാസ്യമാണ്‌
ദാരുണവുമാണ്‌
നിന്നെ ചുംബിക്കാനാവില്ലെന്നിരിക്കെ
എന്റെ ഫോണിനെ
ചുംബിക്കാതിരിക്കുക.


കാലത്തൊരു ചെളി വാരിയെറിയൽ


നിന്നോടു ഞാനെന്റെ പ്രണയം പ്രഖ്യാപിച്ചപ്പോൾ
നീയതു തള്ളിക്കളഞ്ഞു
ഒരു വിശദീകരണവും നൽകി:
“ഇപ്പൊക്കണ്ട സ്വപ്നത്തിൽ
ഞാനൊരു ചുള്ളനെക്കണ്ടു,
ആളു കണ്ണുപൊട്ടനായിരുന്നു
ജർമ്മൻകാരനും.
നല്ല തമാശയല്ലേ?”

ഞാൻ നിനക്കു നല്ല സ്വപ്നങ്ങൾ നേർന്നു
എന്റെ മേശയ്ക്കരികിലേക്കു ഞാൻ
തിരിച്ചുപോയി
എനിക്കു പക്ഷേ അസൂയ തോന്നി
മുമ്പൊന്നും തോന്നാത്ത മാതിരി.



രാക്കവിത

ചുംബനങ്ങൾ കൊണ്ടല്ല
നിന്റെ പുതപ്പു കൊണ്ടു
നിന്നെപ്പൊതിയാൻ
(നിന്റെ ചുമലിൽ നിന്ന്
അതൂർന്നുപോയിരുന്നു)
ഉറക്കത്തിൽ
നിനക്കു കുളിരാതിരിക്കാൻ

നീ
ഉറക്കം വിട്ടെഴുന്നേറ്റതില്പിന്നെ
ചെന്നു ജനാലയടയ്ക്കാൻ
നിന്നെപ്പുണരാൻ
ചുംബനങ്ങൾ കൊണ്ടു
നിന്നെപ്പൊതിയാൻ
നിന്നെ
കണ്ടെത്താൻ.


Friday, August 3, 2012

എറിക് ഫ്രീഡ് - സ്വപ്നം





അനിശ്ചിതം


എനിക്കു കണ്ണുകളുണ്ടായി,
നിന്നെ ഞാൻ കാണുന്നുവെന്നതിനാൽ;
എനിക്കു കാതുകളുണ്ടായി,
നിന്നെ ഞാൻ കേൾക്കുന്നുവെന്നതിനാൽ.
എനിക്കു ചുണ്ടുകളുണ്ടായി,
നിന്നെ ഞാൻ ചുംബിക്കുന്നുവെന്നതിനാൽ.


അതേ കണ്ണുകളും കാതുകളുമാണോ
എനിക്കുണ്ടാവുക,
ഞാൻ നിന്നെ കാണാതിരിക്കുമ്പോൾ,
കേൾക്കാതിരിക്കുമ്പോൾ,
നിന്നെ ഞാൻ ചുംബിക്കാതിരിക്കുമ്പോൾ
അതേ ചുണ്ടുകളും?
*


സ്വപ്നം

രാത്രിയിൽ മരണമരികിൽ വന്നു
ഞാൻ പറഞ്ഞു:
“ആയിട്ടില്ല.”
അവൻ ചോദിച്ചു:
“എന്തുകൊണ്ടായിട്ടില്ല?”
എനിക്കു മറുപടിയുണ്ടായില്ല.


അവൻ തലയൊന്നു വെട്ടിച്ചു
പിന്നെ പതിയെ പിൻവാങ്ങി
ഇരുട്ടിലേക്ക്
എന്തുകൊണ്ടായിട്ടില്ല?
എന്റെ പ്രിയേ
നിനക്കൊരു മറുപടി പറയാനില്ലേ?


 

Monday, July 16, 2012

എറിക് ഫ്രീഡ് - ഹൃദയാകൃതിയിൽ ഇലകളുള്ള ചെടി

Erich_Fried

ഹൃദയാകൃതിയിൽ ഇലകളുള്ള  ചെടി


ഊഷ്മളമായ വേനൽമഴ.
ഒരു കനത്ത തുള്ളി വീഴുമ്പോൾ
ഇലയാകെ വിറക്കൊള്ളുന്നു.
എന്റെ ഹൃദയവുമതുപോലെ വിറക്കൊള്ളുന്നു
ഓരോ നേരവും നിന്റെ പേരതിൽ വന്നുവീഴുമ്പോൾ.



എന്നാൽ


ആദ്യം ഞാൻ സ്നേഹിച്ചത്
നിന്റെ കണ്ണുകളിലെ തിളക്കത്തെ
നിന്റെ ചിരിയെ
നിന്റെ ജീവിതാനന്ദത്തെ
ഇന്നു ഞാൻ നിന്റെ തേങ്ങലിനെയും സ്നേഹിക്കുന്നു
നിന്റെ ജീവിതഭയത്തെയും
നിന്റെ കണ്ണുകളിലെ നിസ്സഹായതയെയും
എന്നാൽ നിന്റെ ഭയമകറ്റാൻ
ഞാൻ സഹായിക്കാം
എന്തെന്നാൽ
എന്റെ ജീവിതാനന്ദമെന്നാൽ
നിന്റെ കണ്ണുകളിലെ തിളക്കം തന്നെയിന്നും.



ചോദ്യങ്ങളും ഉത്തരങ്ങളും


എവിടെയാണതിന്റെ താമസം?
നൈരാശ്യത്തിന്റെ തൊട്ടടുത്ത വീട്ടിൽത്തന്നെ.

ആരൊക്കെയാണതിന്റെ ബന്ധുക്കൾ?
മരണവും ഭീതിയും.

പോകേണ്ടിവരുമെന്നാവുമ്പോൾ
എവിടെയ്ക്കാണതു പോവുക?
ആർക്കുമതറിയില്ല.

എവിടെ നിന്നാണതു വരുന്നത്?
തൊട്ടരികിൽ നിന്ന്, വളരെയകലെ നിന്നും.

എത്ര നാളതൊപ്പമുണ്ടാവും?
ഭാഗ്യമുണ്ടെങ്കിൽ
നിങ്ങളുടെ ആയുസ്സൊടുങ്ങുവോളം.

നിങ്ങളിൽ നിന്നതെന്താണാവശ്യപ്പെടുന്നത്?
അതിനൊന്നും വേണ്ട, അല്ലെങ്കിൽ എല്ലാം വേണം.

അതുകൊണ്ടെന്താണർത്ഥമാക്കുന്നത്?
രണ്ടായാലുമൊന്നുതന്നെയെന്ന്.

പകരമതെന്തു തരുന്നു,
നിങ്ങൾക്ക്-അല്ലെങ്കിൽ എനിക്ക്?
അതു നമ്മിൽ നിന്നെടുത്തതു കൃത്യമായി.
അതിനായതിനൊന്നും വേണ്ട.

അതു നിങ്ങളെ-
അല്ലെങ്കിൽ എന്നെ-
തടവുകാരനാക്കുകയാണോ,
അതോ നമ്മെ സ്വതന്ത്രരാക്കുകയോ?
അതു നമ്മെ സ്വതന്ത്രരാക്കി
എന്നു വന്നേക്കാം.

അതുമായി നമുക്കൊരിടപാടുമില്ലെന്നു വന്നാൽ,
അതു നല്ലതോ ചീത്തയോ?
അതിലും വലിയൊരു ദുര്യോഗം
നമുക്കു വരാനില്ല തന്നെ.

ശരിക്കുമതെന്താണ്‌,
എങ്ങനെ നാമതിനെ നിർവചിക്കാൻ?
താനതാണെന്നു ദൈവം പറഞ്ഞതായി
പറഞ്ഞുകേൾക്കുന്നു.



സംശയവും ഉത്കണ്ഠയും


തനിയ്ക്കുത്ക്കണ്ഠയുണ്ടെന്ന്
ഒരാൾ പറഞ്ഞാൽ
അയാളെ
സംശയിക്കരുത്

അതേ സമയം
തനിയ്ക്കൊരു സംശയവുമില്ലെന്ന്
ഒരാൾ പറഞ്ഞാൽ
അയാളെക്കുറിച്ചുത്ക്കണ്ഠ വേണം.



എറിക്ക് ഫ്രീഡ് (1921-1988) - ഓസ്ട്രിയയിലെ വിയന്നയിൽ ജനിച്ച ജർമ്മൻ എഴുത്തുകാരൻ. 1938ൽ നാസികൾ രാജ്യമാക്രമിച്ചപ്പോൾ ഇംഗ്ളണ്ടിലേക്കു പലായനം ചെയ്തു. ബി.ബി.സിയിലെ ജർമ്മൻ വിഭാഗത്തിൽ ജോലി ചെയ്തു. ഷേക്സ്പിയർ, റ്റി.എസ്.എലിയട്ട്, ഡൈലൻ തോമസ് തുടങ്ങിയവരുടെ കൃതിക്ൾ ജർമ്മനിലേക്കു വിവർത്തനം ചെയ്തു. ആദ്യകാലത്തെ രാഷ്ട്രീയകവിതകളും പിൽക്കാലത്തെ പ്രണയകവിതകളും പ്രശസ്തമായി.