Tuesday, June 21, 2011
യഹൂദാ അമിച്ചായി - എല്ലാം തികഞ്ഞ സ്ത്രീ
Friday, April 22, 2011
യഹൂദാ അമിച്ചായി - പ്രണയകവിതകള്‍
***
മുന്തിരിപ്പഴങ്ങൾ പോലെ നിന്റെ ചിരി:
ഉരുണ്ടു പച്ചനിറത്തിലൊരുപാടു ചിരികൾ.
ഗൗളികൾ നിന്റെയുടലുടനീളം:
സൂര്യനെ കാമിക്കുന്നവ.
പാടത്തു പൂക്കൾ പൊട്ടിമുളച്ചു, എന്റെ കവിളത്തു പുൽക്കൊടികളും.
എന്തും നടക്കുമെന്നായിരുന്നു.
***
നിന്റെ ഹൃദയം നിന്റെ സിരകളിൽ
ഒളിച്ചുകളിക്കുന്നു.
നിന്റെ കണ്ണുകളിപ്പോഴുമൂഷ്മളം,
അവയിൽ കിടന്നതു കാലം.
നിന്റെ തുടകൾ- രണ്ടോമനകളിന്നലെകൾ,
ഞാനിതാ വരുന്നു.
നൂറ്റമ്പതു സങ്കീർത്തനങ്ങളും
ഒരുമിച്ചാക്രോശിക്കുന്നു.
***
എന്റെയിടുപ്പിൽ നിന്നു
നിന്റെ തുടകളവർ ഛേദിച്ചുകളഞ്ഞു.
ശസ്ത്രക്രിയാവിദഗ്ധന്മാരായിരുന്നു അവർ.
ഒരാളൊഴിയാതെല്ലാവരും.
ഒരാളിൽ നിന്നൊരാളായി
നമ്മെയവർ വേർപെടുത്തിക്കളഞ്ഞു.
എഞ്ചിനീയർമാരായിരുന്നു അവർ.
കഷ്ടമേ.
ഒന്നാന്തരമൊരാവിഷ്കാരമായിരുന്നു നമ്മൾ:
ആണും പെണ്ണും കൂടിച്ചേർന്നൊരു വിമാനം,
ചിറകുമൊക്കെയായി:
ഭൂമിയിൽ നിന്നൊരുയരത്തിൽ പൊന്തിയിരുന്നു നാം.
ഒരൽപം നാം പറക്കുകയും ചെയ്തു.
***
എന്റെ തവിട്ടുകണ്ണുകൾക്കു
പച്ചയായിരുന്നു
നിന്റെ നീലക്കണ്ണുകൾ
ഈ രാത്രിയ്ക്കു ശേഷം.
വിരിപ്പിൽ ചുളിവുകൾ കണ്ടു;
വാർദ്ധക്യത്തിന്റേതല്ല.
***
'ഞങ്ങൾ പ്രണയിച്ചു' എന്ന ചത്ത വാക്കുകൾ
പായലു മൂടി പൂഴിയിൽ കിടന്നപ്പോൾ
കാണികളൊരുപാടു തടിച്ചുകൂടി.
രാത്രിയോളം നമ്മൾ കേട്ടുകിടന്നു
ആ സംഭവം നടന്നതെങ്ങനെയെന്നതിനു
തിരകളൊന്നൊന്നായി വന്നുപറഞ്ഞ വിവരണങ്ങളും.
Thursday, April 14, 2011
യഹൂദാ അമിച്ചായി - അതേ നിറം, അതേ തുന്നൽ
അമ്മയെനിക്കു ചുട്ടുതന്നിരുന്നു...
അമ്മയെനിക്കു ലോകമങ്ങനെതന്നെ ചുട്ടുതന്നിരുന്നു
മധുരിക്കുന്ന അപ്പമായി.
എന്റെ കാമുകി എന്റെ ജനാല നിറച്ചുതന്നിരുന്നു
നക്ഷത്രങ്ങളുടെ ഉണക്കമുന്തിരിപ്പഴങ്ങളുമായി.
എന്റെ അഭിലാഷങ്ങൾ എന്റെ ഉള്ളിലുമടങ്ങി
ഒരപ്പക്കഷണത്തിലെ കുമിളകൾ പോലെ.
പുറമേ മിനുത്തതും ശാന്തവും മൊരിഞ്ഞതുമാണു ഞാൻ.
ലോകത്തിനരുമയുമാണു ഞാൻ.
എന്നാൽ വറ്റിവരളുന്നൊരു ചതുപ്പിലെ ഓടത്തണ്ടുകൾ പോലെ
മ്ലാനമാണെന്റെ മുടിനാരുകൾ-
എന്നിൽ നിന്നു പറന്നകലുകയുമാണ്
അലങ്കാരത്തുവൽ വച്ച അപൂർവ്വപക്ഷികൾ.
1956
ചുടുകാറ്റത്ത്
അരളിപ്പൂക്കളനുധാവനം ചെയ്ത ഒരു തീവണ്ടി
മലകളുടെ പൊള്ളുന്ന തുടകൾക്കിടയിലൂടെ പാഞ്ഞൊളിക്കുന്നു.
ഒലീവുമരങ്ങൾ വിരണ്ടു കണ്മിഴിക്കുന്നു,
പല്ലികളെയുമോന്തുകളെയും കുടഞ്ഞിടുന്നു.
സൂര്യനൊരു സൂര്യനു പിറവി കൊടുക്കുന്നു,
ഒരു സൂര്യനും, പിന്നെയൊരു സൂര്യനും.
പൊടിപടലത്തിന്റെ യവനിക മാറുന്നു,
നാലുപാടും തൊഴിയ്ക്കുന്നൊരു വായുവിനെ കാണുമാറാകുന്നു.
പല്ലുപോയ ഭൂമി മന്ത്രിക്കുന്നു
ഭ്രാന്തൻമുള്ളുകൾ, വാൻഗോഗിനെപ്പോലെ.
1978
അതേ നിറം, അതേ തുന്നൽ
തലയിൽ ഉച്ചിത്തൊപ്പി വച്ച ഒരാളെ ഞാൻ കണ്ടു,
പണ്ടൊരിക്കൽ ഞാൻ പ്രേമിച്ച ഒരു പെണ്ണിന്റെ അടിയുടുപ്പിനും
അതേ നിറവും അതേ തുന്നലുമായിരുന്നു.
ഞാനയാളെ നോക്കിയതെന്തിനെന്നയാൾക്കു മനസ്സിലായില്ല,
അയാൾ കടന്നുപോയിട്ടും ഞാൻ തിരിഞ്ഞുനോക്കിയതെന്തിനെന്നും;
തോളൊന്നു വെട്ടിച്ച് അയാൾ നടന്നുപോയി.
ഞാൻ തന്നെത്താൻ പിറുപിറുക്കുകയായിരുന്നു:
അതേ നിറം, അതേ തുന്നൽ,
അതേ നിറം, അതേ തുന്നൽ.
1983
Wednesday, April 13, 2011
യഹൂദാ അമിച്ചായി - പിറന്ന നാട്ടിൽ നിന്നകലെ...
പിറന്ന നാട്ടിൽ നിന്നകലെ...
പിറന്ന നാട്ടിൽ നിന്നൊരാളേറെക്കാലമകലെക്കഴിയുമ്പോൾ
അയാളുടെ ഭാഷ കൂടുതൽ കൃത്യമാവുന്നു, ശുദ്ധമാവുന്നു, പിഴ വരാത്തതുമാവുന്നു,
ഒരുകാലത്തും മഴ വീഴാത്തൊരു നീലിച്ച പശ്ചാത്തലത്തിൽ
മൂർച്ചയോടെ വരഞ്ഞിട്ട ഗ്രീഷ്മമേഘങ്ങളെപ്പോലെ.
ഒരുകാലത്തു പ്രണയത്തിലായിരുന്നവരും ചിലനേരം
ഒരു പ്രണയഭാഷ സംസാരിച്ചുവെന്നുവരാം,
വന്ധ്യവും വിമലവും, മാറാത്തതും വഴങ്ങാത്തതും.
എന്നാൽ ഞാനോ, നാട്ടിൽത്തങ്ങിയ ഞാനുപയോഗിക്കുന്നത്
മലിനമായ വായും ചുണ്ടും നാവും.
എന്റെ വാക്കുകളിൽ കലർന്നിരിക്കുന്നു
ആത്മാവിന്റെ മലം, വികാരങ്ങളുടെ കുപ്പ, പൊടിയും വിയർപ്പും.
എന്റെ ആക്രന്ദനങ്ങൾക്കും വികാരത്തിന്റെ മന്ത്രണങ്ങൾക്കുമിടയിൽ
ഞാൻ കുടിക്കുന്ന വെള്ളം പോലും,
വെള്ളം കിട്ടാത്ത ഈ നാട്ടിൽ
ഞാനൊഴിക്കുന്ന മൂത്രം തന്നെ,
ജഡിലമായ ഒരു പ്രക്രിയയിലൂടെ ശുദ്ധീകരിച്ചെടുത്തത്.
1978
എന്റെ ദൈവമേ...
എന്റെ ദൈവമേ,
നീയെനിക്കു തന്ന ആത്മാവു വെറും പുകയാണല്ലോ,
പ്രണയസ്മൃതികളുടെ കെടാത്ത തീയിൽ നിന്നുയരുന്നത്.
പിറവിയെടുത്തതും ഞങ്ങളെരിഞ്ഞുതുടങ്ങുകയായി,
പുക പോലെ പുകയലിഞ്ഞുപോകും വരെ.
1978
വിമാനത്തിലെ പരിചാരിക
പുകയുന്നതൊക്കെക്കെടുത്താൻ വിമാനത്തിലെ പരിചാരിക പറഞ്ഞു,
സിഗരറ്റ്, സിഗാർ, പൈപ്പ്, ഏതൊക്കെയെന്നവൾ വിശദീകരിച്ചുമില്ല.
മനസ്സിൽ ഞാനവളോടു മറുപടി പറഞ്ഞു: സുന്ദരമായ പ്രണയസാമഗ്രികൾ തന്നെ നിനക്കുള്ളത്,
ഏതൊക്കെയെന്നു ഞാൻ വിശദീകരിച്ചുമില്ല.
കൊളുത്തിടാൻ, സീറ്റുബൽറ്റിടാൻ അവളെന്നോടു പറഞ്ഞു.
ഞാനവളോടു മറുപടിയും പറഞ്ഞു:
എന്റെ ജീവിതത്തിലെ സകലകൊളുത്തുകൾക്കും
നിന്റെ വായയുടെ വടിവാകണമെന്നുണ്ടെനിക്ക്.
പിന്നെയവൾ പറഞ്ഞു:
നിങ്ങൾക്കിപ്പോൾ കോഫി വേണോ, പിന്നെ മതിയോ,
അതോ വേണ്ടെന്നോ.
ആകാശത്തോളമുയരത്തിൽ
അവളെന്നെയും കടന്നുപോയി.
അവളുടെ കൈയ്ക്കു മേലറ്റത്തെ ചെറിയ വടു സാക്ഷ്യപ്പെടുത്തിയിരുന്നു
അവളെയിനി വസൂരി തൊടില്ലെന്ന്;
അവളുടെ കണ്ണുകൾ സാക്ഷ്യപ്പെടുത്തിയിരുന്നു
അവളിനി പ്രേമിക്കാനില്ലെന്നും.
അവളംഗമായിരിക്കുന്നത് കമിതാക്കളുടെ യാഥാസ്ഥിതികകക്ഷിയിൽ,
ഒരേയൊരു വമ്പൻപ്രണയമേ അവർക്കു ജീവിതത്തിലുള്ളു.
1980
Tuesday, April 12, 2011
യഹൂദാ അമിച്ചായി - അമ്മയോടൊപ്പം
അമ്മയോടൊപ്പം
ഞാൻ പുറത്തു കളിയ്ക്കാൻ പോകുമ്പോൾ
അമ്മയെന്നെ അകത്തേയ്ക്കു വിളിയ്ക്കുമായിരുന്നു.
ഒരിക്കൽ അവരെന്നെ വിളിച്ചപ്പോൾ
വർഷങ്ങളോളം ഞാൻ മടങ്ങിയതേയില്ല,
കളി ഞാൻ മുടക്കിയതുമില്ല.
ഇന്നമ്മയ്ക്കു മുന്നിലിരിക്കുമ്പോൾ
നാവിറങ്ങിയ കല്ലു പോലെയാണവർ.
എന്റെ വാക്കുകളും കവിതകളുമാവട്ടെ,
തേനിറ്റുന്ന വാചാലതയും,
കമ്പിളിവിൽപനക്കാരന്റെ,
കൂട്ടിക്കൊടുപ്പുകാരന്റെ,
ദല്ലാളിന്റെ.
1968
പ്രണയഗീതം
ആളുകളന്യോന്യമുപയോഗപ്പെടുത്തുന്നു
തങ്ങളുടെ തങ്ങളുടെ വേദന ശമിപ്പിക്കാൻ.
ഒരാൾ മറ്റൊരാളെ വച്ചമർത്തുന്നു
തങ്ങളുടെ അസ്തിത്വമുറിവുകളിൽ,
കണ്ണിൽ, ലിംഗത്തിൽ, യോനിയിൽ,
വായിൽ, തുറന്ന കൈയിൽ.
അവരന്യോന്യം കടന്നുപിടിയ്ക്കുന്നു,
പിന്നെ പിടി വിടുന്നുമില്ല.
1974
ഉദ്യാനത്തിൽ
ഉദ്യാനത്തിൽ, ഉച്ചച്ചൂടിൽ
വെളുത്ത മേശയ്ക്കിരുപുറവുമായി രണ്ടു ശവങ്ങൾ.
അവർക്കു മേൽ ഒരു മരച്ചില്ല ഇളക്കം വച്ചിരുന്നു.
ഇല്ലാത്തതെന്തോ ചൂണ്ടിക്കാണിക്കുകയായിരുന്നു ഒരാൾ.
മരണശേഷവും കൂപ്പുകുത്താനൊരു
പ്രണയമുണ്ടെന്നു പറയുകയായിരുന്നു മറ്റേയാൾ.
മനസ്സിനും കണ്ണിനും കുളുർമ്മ പകരുന്ന കാഴ്ചയായിരുന്നു അത്,
ആ പൊള്ളുന്ന നാളിൽ,
വിയർക്കാതെ, ഒച്ച വയ്ക്കാതെയും.
പോകാനായിട്ടവരെഴുന്നേറ്റപ്പോഴേ
അവരുടെ ശബ്ദം ഞാൻ കേട്ടുള്ളു,
മേശപ്പുറത്തു നിന്നെടുത്തുമാറ്റുന്ന
കവിടിപ്പിഞ്ഞാണങ്ങളുടെ കിലുക്കം പോലെ.
1978
painting- arrangement in grey and black-whistler-1871 ( from wikimedia)
Saturday, April 9, 2011
യഹൂദാ അമിച്ചായി - അതിരുകളറിയുന്നൊരിലയെപ്പോലെ...
കാലങ്ങൾക്കിടയിലെ സ്ഥലങ്ങളിൽ നിന്ന്...
കാലങ്ങൾക്കിടയിലെ സ്ഥലങ്ങളിൽ നിന്ന്,
അണി നിരന്ന പട്ടാളക്കാർക്കിടയിലെ വിടവുകളിൽ നിന്ന്,
ചുമരുകളിലെ വിള്ളലുകളിൽ നിന്ന്,
നാം മുറുക്കിയടയ്ക്കാൻ വിട്ട വാതിലുകളിൽ നിന്ന്,
നാം പിണയ്ക്കാത്ത കൈകളിൽ നിന്ന്,
നാമടുപ്പിക്കാത്ത ഉടലുകൾക്കിടയിലെ അകലത്തു നിന്ന്-
ഒരു വിസ്തൃതി വളരുന്നു,
ഒരു സമതലം, ഒരു മരുനിലം,
ആശകൾ കെട്ടു നമ്മുടെയാത്മാവലഞ്ഞുനടക്കുന്നതവിടെ,
നമ്മൾ മരിയ്ക്കുന്ന കാലത്ത്.
(1956)
അതിരുകളറിയുന്നൊരിലയെപ്പോലെ...
അതിരുകളറിയുന്നൊരിലയെപ്പോലെയാണു ഞാൻ,
അതിരുവിടണമെന്നുമില്ലതിന്,
പ്രകൃതിയോടൊത്തുചേരണമെന്നില്ല,
വിശാലലോകത്തേക്കിറങ്ങണമെന്നില്ല.
അത്രയുമൊച്ചയടങ്ങിരിക്കുന്നു ഞാൻ,
എന്നെങ്കിലുമൊരിക്കലൊച്ചയെടുത്തിരിക്കുന്നുവോ ഞാനെന്ന്,
കുഞ്ഞായിരിക്കുമ്പോൾ വേദനിച്ചിട്ടെങ്കിലുമെന്നും,
സംശയമായിരിക്കുന്നെനിയ്ക്ക്.
എന്റെ മുഖമോ,
പ്രണയം ചെത്തിയെടുത്തതിൽപ്പിന്നെ ശേഷിച്ചത്,
ഒരു പാറമട പോലെ.
ഉപേക്ഷിച്ചതും.
(1974)
Thursday, February 24, 2011
അമിച്ചായി - ലോകത്തു ദൈവത്തിന്റെ കൈ
1
ലോകത്തു ദൈവത്തിന്റെ കൈ
ശാബത്തിന്റെ തലേന്നു കൊന്ന കോഴികളുടെ കുടലിൽ
എന്റമ്മയുടെ കൈ പോലെ.
തന്റെ കൈകൾ ലോകത്തേക്കു നീളുമ്പോൾ
ജനാലയിലൂടെ ദൈവം കാണുന്നതെന്താവാം?
എന്റമ്മ കാണുന്നതെന്താവാം?
2
എന്റെ വേദന ഒരു മുത്തശ്ശനായിക്കഴിഞ്ഞിരിക്കുന്നു:
തന്റെ സ്വരൂപത്തിൽ രണ്ടു തലമുറകൾക്ക്
അതു ജന്മം നല്കിക്കഴിഞ്ഞിരിക്കുന്നു.
എന്റെയുള്ളിലെ ആൾക്കൂട്ടങ്ങളിൽ നിന്നുമകലെ
വെളുത്ത ഭവനപദ്ധതികൾക്കതു രൂപം നല്കിയിരിക്കുന്നു.
എന്റെ കാമുകി തന്റെ പ്രണയത്തെ മറന്നുവച്ചിരിക്കുന്നു
പാതയോരത്തൊരു സൈക്കിൾ പോലെ.
രാത്രി മുഴുവൻ, പുറത്ത്, മഞ്ഞത്ത്.
കുട്ടികൾ അടയാളപ്പെടുത്തുന്നു
എന്റെ ജീവിതത്തിന്റെ ഘട്ടങ്ങൾ,
ജറുസലേമിന്റെ ഘട്ടങ്ങൾ,
തെരുവിൽ ചന്ദ്രന്റെ ചോക്കുമായി
ലോകത്തു ദൈവത്തിന്റെ കൈ.
Monday, February 14, 2011
യഹൂദാ അമിച്ചായി - പ്രണയത്തിനു പൂർത്തിയായിരിക്കുന്നു...
പ്രണയത്തിനു പൂർത്തിയായിരിക്കുന്നു...
പ്രണയത്തിനു വീണ്ടും പൂർത്തിയായിരിക്കുന്നു,
ലാഭകരമായൊരു മാമ്പഴക്കാലം പോലെ,
മറവിയിൽപ്പെട്ടുകിടക്കാൻ കൊതിച്ച പ്രക്ഷുബ്ധവസ്തുകളെ
ഭൂമിയ്ക്കടിയിൽ നിന്നു കിളച്ചെടുത്ത പുരാവസ്തുഖനനം പോലെ.
പ്രണയത്തിനു വീണ്ടും പൂർത്തിയായിരിക്കുന്നു.
ഉയരമുള്ളൊരു കെട്ടിടം പൊളിച്ചിറക്കി
അവശിഷ്ടങ്ങൾ വാരിമാറ്റുമ്പോൾ
ഒഴിഞ്ഞ ചതുരത്തിൽ നിന്നുകൊണ്ടു നിങ്ങൾ പറയുന്നു:
എത്ര ചെറിയൊരിടത്താണ്
ഇത്രയധികം നിലകളും ആളുകളുമായി
ആ കെട്ടിടം നിന്നത്.
ദൂരെ താഴ്വരയിൽ നിന്നു നിങ്ങളുടെ കാതുകളിലേക്കെത്തുന്നുമുണ്ട്
ഒറ്റയ്ക്കു പണിയെടുക്കുന്ന ഒരു ട്രാക്റ്ററിന്റെ ശബ്ദം,
വിദൂരമായൊരു ഭൂതകാലത്തിൽ നിന്ന്
ഒരു കവിടിപ്പിഞ്ഞാണത്തിൽ തട്ടിക്കിലുങ്ങുന്ന
ഒരു ഫോർക്കിന്റെ ശബ്ദം,
കുഞ്ഞിനു കൊടുക്കാൻ മുട്ടയും പഞ്ചാരയും കടയുന്ന
കടകടശബ്ദം.
നമ്മുടെയുടലുകളുടെ പാടുകൾ പോലെ
നമ്മുടെയുടലുകളുടെ പാടുകൾ പോലെ
യാതൊന്നും ശേഷിക്കില്ല
ഈയിടത്തു നാമുണ്ടായിരുന്നതിനടയാളമായി.
നമുക്കു പിന്നിൽ ലോകമടഞ്ഞുകൂടുന്നു,
പൂഴിമണ്ണു നീണ്ടുനിവരുന്നു.
നീയില്ലാത്ത നാളുകൾ
കാഴ്ചയിൽ വന്നുതുടങ്ങുന്നു,
നാമിരുവർക്കും മേൽ പൊഴിയാത്ത മഴയുടെ മേഘങ്ങളെ
കാറ്റടിച്ചുപാറ്റുന്നു.
കപ്പലുകളിലെ യാത്രക്കാരുടെ പട്ടികയിൽ
നിന്റെ പേരു വന്നുകഴിഞ്ഞു,
പേരു കേട്ടാൽത്തന്നെ നെഞ്ചു കിടുങ്ങുന്ന
ഹോട്ടലുകളുടെ രജിസ്റ്ററുകളിലും.
എനിക്കറിയുന്ന മൂന്നു ഭാഷകൾ,
ഞാൻ കാണുകയും സ്വപ്നം കാണുകയും ചെയ്യുന്ന
മൂന്നു നിറങ്ങൾ:
ഒന്നും എന്നെ തുണയ്ക്കില്ല.
Monday, January 31, 2011
യഹൂദാ അമിച്ചായി - എന്റെ അമ്മയ്ക്ക്
മേയർ
വ്യസനകരമാണു
ജറുസലേമിലെ മേയറാവുകയെന്നാൽ.
ഭയങ്കരമാണത്.
ഏതു മനുഷ്യനാവും ഇമ്മാതിരിയൊരു നഗരത്തിന്റെ മേയറാവാൻ?
അയാളവളെ എന്തു ചെയ്യാൻ?
പണിയുക, പണിയുക, പണിയുക.
രാത്രിയിലാവട്ടെ,
ചുറ്റിനുമുള്ള കുന്നുകളിൽ നിന്ന്
കല്‍വീടുകളുടെ നേർക്കു
കല്ലുകളിഴഞ്ഞിറങ്ങും,
മനുഷ്യനടിമകളായിപ്പോയ നായ്ക്കളെ നോക്കി
ഓരിയിടാൻ വരുന്ന
ചെന്നായ്ക്കളെപ്പോലെ.
എന്റെ അമ്മയ്ക്ക്
1
പഴക്കം ചെന്നൊരു കാറ്റാടിമില്ലു പോലെ
ഉയർത്തിയ രണ്ടു കൈകൾ
ആകാശത്തെ നോക്കി ആക്രോശിക്കാൻ
താഴ്ത്തിയ രണ്ടു കൈകൾ
റൊട്ടിയുണ്ടാക്കാനും.
തെളിഞ്ഞതാണവരുടെ കണ്ണുകൾ
പെസഹാത്തലേന്നു പോലെ തിളങ്ങുന്നതും.
2
രാത്രിയിലവർ
കത്തുകളും ഫോട്ടോകളും
നിരത്തിനിരത്തി വയ്ക്കും.
ദൈവത്തിന്റെ
വിരൽനീളമളക്കാൻ.
3
അവരുടെ തേങ്ങലുകൾക്കിടയിലെ താഴ്വരയിൽ
എനിക്കു നടക്കണം
അവരുടെ മൗനത്തിന്റെ പൊള്ളുന്ന ചൂടിൽ
എനിക്കു നിൽക്കണം.
അവരുടെ വേദനയുടെ മുരത്ത മരങ്ങളിൽ
എനിക്കു ചാരിനില്ക്കണം.
4
ഹഗാർ ഇഷ്മായേലിനെ
ഒരു പൊന്തയ്ക്കടിയിൽ കിടത്തിയ പോലെ
അവരെന്നെ കിടത്തി.
പല യുദ്ധങ്ങൾക്കിടയിലൊന്നിൽ
പല പൊന്തകൾക്കടിയിലൊന്നിൽ
ഞാൻ കിടന്നു മരിക്കുമ്പോൾ
താനവിടെയുണ്ടാകരുതെന്നതിനായി.
ലോകത്തിന്റെ കാര്യമെടുത്താൽ
ലോകത്തിന്റെ കാര്യമെടുത്താൽ
സോക്രട്ടീസിന്റെ ശിഷ്യന്മാരെപ്പോലെയാണു ഞാൻ:
അദ്ദേഹത്തിന്റെ അരികു പറ്റി നടക്കുക
അഭിപ്രായങ്ങൾക്കും അനുഭവങ്ങൾക്കും ചെവി കൊടുക്കുക
ശരിവച്ചുകൊണ്ടിരുന്നാൽ മതിയെനിക്ക്:
അതെ. അതങ്ങനെ തന്നെ.
അങ്ങു പറഞ്ഞതു തന്നെ ശരി,
അങ്ങയുടെ വാക്കുകൾ എത്ര സത്യം.
എന്റെ ജീവിതത്തിന്റെ കാര്യമെടുത്താൽ
വെനീസിനെപ്പോലെയാണു ഞാനെന്നും:
മറ്റു നഗരങ്ങളിൽ വെറും തെരുവുകളായവ
ഇരുണ്ടൊഴുകുന്ന പ്രണയമാണെന്നിൽ.
കരച്ചിലിന്റെ കാര്യമെടുത്താൽ,
മൗനത്തിന്റെ കാര്യമെടുത്താൽ
ഒരു ഷോഫറാണു ഞാനെന്നും:
പെരുന്നാളൊരുനാളത്തേക്കൂതാനായി
ഒരു കൊല്ലം കൂട്ടിക്കൂട്ടിവയ്ക്കുക.
പ്രവൃത്തിയുടെ കാര്യത്തിൽ
കായേനെപ്പോലെയാണു ഞാനെന്നും:
ചെയ്യേണ്ടിവരുമ്പോൾ, ഓടിമാറും ഞാൻ,
ചെയ്തുകഴിഞ്ഞാൽ,
തിരുത്തലുമില്ല പിന്നെ.
നിന്റെ കൈത്തലത്തിന്റെ കാര്യത്തിൽ,
എന്റെ ഹൃദയസ്പന്ദനങ്ങളുടെ കാര്യത്തിൽ,
എന്റെയുടലിന്റെ പദ്ധതികളുടെ കാര്യത്തിൽ,
ചുമരെഴുത്തിന്റെ കാര്യത്തിൽ,
അജ്ഞനാണു ഞാനെന്നും
എഴുത്തും വായനയുമെനിക്കറിയില്ല,
ബോധശൂന്യമായ കളകളുടെ തലപ്പുകൾ
പോലെയാണെന്റെ തല
വിധി എന്നെയും കടന്നു
മറ്റൊരിടത്തേക്കു പോകുമ്പോൾ
കാറ്റിന്റെയൊഴുക്കും മർമ്മരവും മാത്രമറിയുന്ന
ഒന്ന്.
(ഷോഫർ- സിനഗോഗിൽ കാഹളം വിളിയ്ക്കാനുപയോഗിക്കുന്ന മുട്ടാടിൻ കൊമ്പ്)
യഹൂദാ അമിച്ചായി - ഉദാത്തമായൊരു പ്രണയഗാനം
ഒരു സ്ത്രീയുടെ പേർക്ക്
1
കുട്ടികളോടിക്കളിയ്ക്കാത്ത പൂഴിമണ്ണു പോലെ
വെളുത്തതാണു നിന്റെയുടൽ.
പാഠപുസ്തകത്തിൽ പൂക്കളുടെ പടങ്ങൾ പോലെ
സുന്ദരവും ദാരുണവുമാണു നിന്റെ കണ്ണുകൾ.
കായേന്റെ അൾത്താരയിൽ പുക പോലെ
നിന്റെ മുടിയുലർന്നുവീഴുന്നു.
എനിക്കെന്റെ സഹോദരനെ കൊല്ലേണ്ടിവരും.
എന്റെ സഹോദരനെന്നെ കൊല്ലേണ്ടിവരും.
ഉദാത്തമായൊരു പ്രണയഗാനം
സുന്ദരി നീ, പ്രവചനങ്ങളെപ്പോലെ,
വിഷാദി നീ, സത്യമാകുന്നവയെപ്പോലെ,
ശാന്തയും, പിന്നെയുള്ള ശാന്തത പോലെ.
കറുമ്പി നീ, മുല്ലപ്പൂവിന്റെ വെളുത്ത ഏകാന്തത പോലെ.
വെളുത്ത ദംഷ്ട്രകളുള്ളവൾ: പെൺചെന്നായയും റാണിയും.
ഇറക്കം കുറഞ്ഞ വേഷം കാലത്തിനു ചേരുന്നതു തന്നെ,
നിന്റെ തേങ്ങലും ചിരിയും പ്രാക്തനകാലത്തിൽ നിന്ന്,
മറ്റേതോ രാജാക്കന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്ന്.
പടക്കുതിരയുടെ വായിലെ നുര ഞാൻ കണ്ടിട്ടില്ല,
നീ ദേഹത്തു സോപ്പു പതപ്പിക്കുമ്പോൾ ഞാനതു കണ്ടു.
സുന്ദരി നീ, ഒരുനാളും സത്യമാവാത്ത പ്രവചനങ്ങളെപ്പോലെ.
രാജകീയമായ മുറിപ്പാടിതാ,
അതിൽ ഞാനെന്റെ നാവു കടത്തുന്നു,
അതിന്റെ പരുക്കൻ മാധുര്യത്തിൽ
ഞാനെന്റെ കൂർത്ത വിരലോടിക്കുന്നു.
കനത്ത ചെരുപ്പുകൾ കൊണ്ട്
എനിക്കു ചുറ്റും ജയിലഴികൾ തട്ടിയിടുന്നു നീ.
നിന്റെ വിരലുകളുടെ പവിത്രമായ കുഷ്ടമാണു
നിന്റെ മോതിരങ്ങൾ.
മണ്ണിൽ നിന്നിതാ പുറത്തുവരുന്നു
ഇനിയൊരിക്കലും കാണരുതെന്നു ഞാൻ കൊതിച്ചതൊക്കെയും:
തൂണും ജനാലപ്പടിയും, കമിഴ്ത്തോടും ലോട്ടയും,
വീഞ്ഞിന്റെ കഷണങ്ങളും.
Thursday, January 27, 2011
യഹൂദാ അമിച്ചായി - മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ
അടിയിലടക്കിയിരിക്കുന്നു നമ്മെ,
നമ്മുടെ ചെയ്തികളൊക്കെയുമായി,
നമ്മുടെ കണ്ണീരും, നമ്മുടെ ചിരികളുമായി.
അവയിൽ നിന്നു നാം പണിതെടുത്തിരിക്കുന്നു
ചരിത്രത്തിന്റെ കലവറകൾ,
പോയകാലത്തിന്റെ ചിത്രശാലകൾ, ഖജാനകൾ,
കാലത്തിന്റെ നിലവറകളിൽ
എടുപ്പുകളും ചുമരുകളും
ഇരുമ്പും മാർബിളും കൊണ്ടുള്ള തീരാത്ത കോണികളും.
യാതൊന്നുമൊപ്പം കൊണ്ടുപോവില്ല നാം.
കൊള്ളയടിച്ച രാജാക്കന്മാർ പോലും
എന്തോ ചിലതു വിട്ടുപോകുന്നു.
കാമുകന്മാരും ജേതാക്കളും,
സന്തുഷ്ടരും ദുഃഖിതരുമായവർ,
അവരും ചിലതു വിട്ടുപോകുന്നു,
ഒരടയാളം, ഒരു പാർപ്പിടം,
തനിക്കു പ്രിയമായിരുന്നൊരിടത്തേക്കു മടങ്ങിച്ചെല്ലാൻ
ഒരു പുസ്തകം, ഒരു കൂട, ഒരു കണ്ണട
മനഃപൂർവം മറന്നുവയ്ക്കുന്നൊരാളെപ്പോലെ,
മടങ്ങിപ്പോകാനൊരു ന്യായം കണ്ടെത്തുന്നൊരാളെപ്പോലെ.
ഇവിടെ നാം വസ്തുക്കളെ വിട്ടുപോകുന്നതിതുമാതിരി.
മരിച്ചവർ നമ്മെ വിട്ടുപോകുന്നതുമിതുമാതിരി.
Tuesday, January 25, 2011
യഹൂദാ അമിച്ചായി - എന്റെ പിറന്നാളിന്
ഞാൻ ജനിച്ചത് 1924ൽ.
എന്റെ പ്രായമുള്ളൊരു വയലിനാണെങ്കിൽ
അത്ര ഗുണമുള്ളതാകില്ല ഞാൻ.
വീഞ്ഞാണെങ്കിൽ കേമമായേനേ,
അല്ലെങ്കിൽ കയ്ച്ചിട്ടിറങ്ങാത്തതായേനേ.
നായയായിരുന്നുവെങ്കിൽ ചത്തിരിക്കും ഞാൻ.
പുസ്തകമാണെങ്കിൽ വില കൂടാറായിരിക്കും,
അല്ലെങ്കിൽ പണ്ടേ വലിച്ചെറിഞ്ഞിരിക്കും.
കാടാണെങ്കിൽ ചെറുപ്പമായിരിക്കും,
യന്ത്രമെങ്കിൽ അപഹാസ്യവും.
മനുഷ്യജീവിയായ സ്ഥിതിയ്ക്ക്
ആകെ ക്ഷീണിതനാണു ഞാൻ.
ഞാൻ ജനിച്ചത് 1924ൽ.
മനുഷ്യരാശിയെക്കുറിച്ചോർക്കുകയെന്നാൽ
എന്റെ വർഷത്തിൽ പിറന്നവരെക്കുറിച്ചോർക്കുകയെന്നാണെനിക്ക്.
അവരുടെ അമ്മമാർ എന്റെ അമ്മയോടൊപ്പം ജന്മം നല്കി,
ആശുപത്രികളിൽ, ഇരുളടഞ്ഞ വാടകമുറികളിൽ.
ഈ ദിവസം, എന്റെ പിറന്നാൾ ദിവസം
നിങ്ങൾക്കായി ഞാനൊന്നു പ്രാർത്ഥിക്കട്ടെ.
പ്രത്യാശകളുടെയും നൈരാശ്യങ്ങളുടെയും ഭാരം
ജീവിതത്തെ പിടിച്ചുതാഴ്ത്തുന്നവരേ,
ചെയ്തികൾ ചുരുങ്ങുകയും
ദൈവങ്ങൾ പെരുകുകയും ചെയ്യുന്നവരേ,
എന്റെ പ്രത്യാശയുടെ സഹോദരങ്ങളാണു നിങ്ങൾ,
എന്റെ നൈരാശ്യത്തിന്റെ ചങ്ങാതിമാരാണു നിങ്ങൾ.
ഉചിതമായ വിശ്രമം ലഭിക്കുമാറാകട്ടെ നിങ്ങൾക്ക്,
ജീവനോടുള്ളവർക്കു ജീവിതത്തിൽ,
മരിച്ചുപോയവർക്കു മരണത്തിലും.
അന്യരെക്കാൾ നന്നായി
സ്വന്തം ബാല്യകാലം ഓർമ്മ വയ്ക്കുന്നവനത്രേ വിജയി,
വിജയിക്കുന്നവർ എന്നൊരു വകയുണ്ടെങ്കിൽ.
Monday, January 24, 2011
യഹൂദാ അമിച്ചായി - അക്കെദായിലെ യഥാർത്ഥനായകൻ
അക്കെദായിലെ യഥാർത്ഥനായകൻ മുട്ടനാടായിരുന്നു,
അന്യരുടെ ഒത്തുകളി അവൻ കാണാതെപോയി.
ഇസ്ഹാക്കിന്റെ സ്ഥാനമേറ്റെടുക്കാൻ
സ്വയമവൻ മുന്നോട്ടുവന്നതു പോലെയായിരുന്നു.
ഞാനൊരു സ്തുതി പാടട്ടെ,
അവന്റെ ഓർമ്മയ്ക്ക്,
അവന്റെ ചുരുളൻ കമ്പിളിയ്ക്കും മനുഷ്യക്കണ്ണുകൾക്കും,
അഴകുള്ള തലയ്ക്കു മേൽ
അത്രയും മൗനം പൂണ്ടുകിടന്ന കൊമ്പുകൾക്ക്;
ആ കൊമ്പുകൾ തന്നെ
കശാപ്പിനു ശേഷം കാഹളങ്ങളായത്,
അവരുടെ യുദ്ധങ്ങളിൽ മുഴങ്ങാൻ,
അവരുടെ ആഭാസക്കൂത്തുൾക്കു കുഴലൂതാൻ.
അവസാനരംഗം ഞാനൊന്നു മനസ്സിൽ കാണട്ടെ,
വിശിഷ്ടമായൊരു ഫാഷൻ മാസികയിലെ
സുന്ദരമായ ഫോട്ടോ പോലെ:
സുന്ദരവേഷത്തിൽ, ഇരുനിറത്തിൽ,
കൊഞ്ചിച്ചുവളർത്തിയ പയ്യൻ,
അവനു തൊട്ടടുത്ത് നീളൻ പട്ടുകുപ്പായവുമിട്ട്
വിരുന്നിനെത്തിയ പോലെ മാലാഖ,
രണ്ടുപേരുടെയും ശൂന്യമായ ദൃഷ്ടികൾ
ശൂന്യമായ രണ്ടിടങ്ങളിൽ തറഞ്ഞിരിക്കുന്നു.
അവർക്കു പിന്നിലായി,
വർണ്ണാഭമായൊരു പശ്ചാത്തലം പോലെ,
കശാപ്പിനു മുമ്പ് കുറ്റിക്കാട്ടിൽ കുരുങ്ങിക്കിടക്കുന്ന മുട്ടനാട്.
അവന്റെ അവസാനത്തെ ചങ്ങാതി ആ കുറ്റിക്കാട്.
മാലാഖ സ്വർഗ്ഗത്തേക്കു പോയി.
ഇസ്ഹാക്കു വീട്ടിലേക്കു പോയി.
അബ്രഹാമും ദൈവവും പണ്ടേ സ്ഥലം വിട്ടു.
അക്കെദായിലെ യഥാർത്ഥനായകൻ
മുട്ടനാടു തന്നെ.
(അക്കെദാ- അബ്രഹാമിന്റെ പുത്രബലി)
Sunday, January 23, 2011
യഹൂദാ അമിച്ചായി - ചില വിശദാംശങ്ങളോർത്തുവയ്ക്കാൻ നോക്കൂ
ചില വിശദാംശങ്ങളോർത്തുവയ്ക്കാൻ നോക്കൂ.
സ്നേഹിക്കുന്നവളുടുക്കുന്നതെന്തെന്നോർമ്മയിൽ വയ്ക്കൂ;
പ്രണയനഷ്ടത്തിന്റെ നാൾ വരുമ്പോൾപ്പിന്നെ നിങ്ങൾക്കു പറയാമല്ലോ:
ഒടുവിൽക്കാണുമ്പോൾ ധരിച്ചിരുന്നതിന്നതിന്നത്:
തവിട്ടുനിറത്തിൽ കുപ്പായം, വെള്ളത്തൊപ്പിയും.
ചില വിശദാംശങ്ങളോർത്തുവയ്ക്കാൻ നോക്കൂ.
അവർക്കു മുഖമില്ലല്ലോ,
അവരാത്മാക്കളെ ഒളിപ്പിച്ചുമിരിക്കുന്നു,
ചിരിയും കരച്ചിലുമവർക്കൊരുപോലെ,
അവരുടെ മൗനവും അവരുടെ ആക്രോശവുമുയരുന്നതൊരേ നിരപ്പിലും.
അവരുടെ ദേഹോഷ്മാവെന്നും 98നും 104നുമിടയിൽ,
അവരുടെ ജീവിതമെന്നും ഒരേയൊരിടുങ്ങിയയിടത്തിൽ,
അവരുടേതായിട്ടൊരു കൽപ്രതിമയില്ല, പ്രതിരൂപമില്ല, ഓർമ്മയില്ല,
അവരുടെ വിരുന്നുകൾക്കു കടലാസ്സുകപ്പുകൾ,
ഉപയോഗിച്ചു വലിച്ചെറിയുന്ന കടലാസ്സുകപ്പുകൾ.
ചില വിശദാംശങ്ങളോർത്തുവയ്ക്കാൻ നോക്കൂ.
ഉറക്കത്തിൽ നിന്നു പറിച്ചെടുത്തവരെക്കൊണ്ടു നിറഞ്ഞതാണല്ലോ ലോകം,
ആ മുറി തുന്നിക്കൂട്ടാനാരുമില്ലല്ലോ,
കാട്ടുമൃഗങ്ങളെപ്പോലെയുമല്ലവർ,
അവർ ജീവിക്കുന്നതവനവന്റെ മാളങ്ങളിൽ,
അവർ മരിക്കുന്നതു പടനിലങ്ങളിലും ആശുപത്രികളിലും.
ഭൂമി അവരെയൊക്കെ വിഴുങ്ങും,
നല്ലവരും കെട്ടവരും തിരിയാതെ,
കോറായുടെ അനുയായികളെപ്പോലെ,
മരണത്തോടു കലഹിച്ചവർ മരിക്കും,
അവസാനനിമിഷം വരെ അവരുടെ വായകൾ തുറന്നിരിക്കും,
ഒരേ ആക്രോശത്തിൽ സ്തുതിച്ചും ശപിച്ചും.
ചില വിശദാംശങ്ങളോർത്തുവയ്ക്കാൻ നോക്കൂ, ഒന്നു നോക്കൂ.
(കോറാ- മോശയ്ക്കെതിരെ കലാപം നടത്തിയ ബൈബിൾ കഥാപാത്രം)
Saturday, January 22, 2011
യഹൂദാ അമിച്ചായി–എന്‍റെ കുഞ്ഞ്
എന്റെ കുഞ്ഞ്
ഒടുവിൽ ഞാനെന്റെ കുഞ്ഞിനെ കാണുമ്പോൾ
കുറുക്കിയതേ അവൻ കഴിച്ചിരുന്നുള്ളു.
ഇന്നവൻ വിഷാദിച്ചിരിക്കുന്നു.
ഇന്നവൻ ഇറച്ചിയും റൊട്ടിയും കഴിക്കുന്നു,
കത്തിയും മുള്ളുമെടുത്ത്,
മേശപ്പുറത്തെ മര്യാദകൾ പാലിച്ചും;
അവനെ പരിശീലിപ്പിക്കുകയുമാണവ
എളിമയോടെ, ബഹളം വയ്ക്കാതെ
മരണത്തിനു കീഴടങ്ങാനും.
അവൻ കരുതുന്നു ഞാനൊരു നാവികനാണെന്ന്,
ഒരു കപ്പൽ പോലുമെനിക്കില്ലെന്നും അവനറിയാം.
കടൽ ഞങ്ങളുടേതല്ലെന്നും.
വിപുലമായ ദൂരങ്ങൾ, കാറ്റുകൾ മാത്രം.
പ്രാർത്ഥിക്കുമ്പോൾ എന്റെ പിതാവിന്റെ ചേഷ്ടകൾ,
പ്രണയിക്കുമ്പോൾ എന്റെതന്നെ ചേഷ്ടകൾ,
അവന്റെ കുഞ്ഞുടലിൽ മടങ്ങിക്കിടക്കുന്നുണ്ടവ.
മുതിരുക എന്നാൽ
അഭിലാഷത്തിന്റെ അപ്പം ചുട്ടെടുക്കുക എന്നുതന്നെ,
പൊള്ളുന്ന അടുപ്പിനു മുന്നിൽ
തുടുത്ത മുഖവുമായി
രാത്രി മുഴുവൻ ഇരിക്കുക എന്നുതന്നെ.
എന്റെ കുഞ്ഞു യാതൊന്നും കാണാതെ പോകുന്നില്ല.
അവൻ പറയാൻ പഠിച്ച ആ മാന്ത്രികപദം
‘പോയിട്ടുവാ’
മരിച്ചവർക്കിടയിലേ അതു വിലപ്പോവുകയുമുള്ളു.
എന്റെ അച്ഛൻ നാലുകൊല്ലം അവരുടെ യുദ്ധം ചെയ്തു
എന്റെ അച്ഛൻ നാലുകൊല്ലം അവരുടെ യുദ്ധം ചെയ്തു.
തന്റെ ശത്രുക്കളെ വെറുപ്പായിരുന്നില്ലദ്ദേഹത്തിന്, സ്നേഹവുമായിരുന്നില്ല.
എന്നാലെനിക്കറിയാം,
അത്രയുമപൂർവ്വമായിരുന്ന കൊച്ചുകൊച്ചുശാന്തതകളിൽ നിന്ന്
എന്നെ രൂപപ്പെടുത്തുകയായിരുന്നു നിത്യവുമദ്ദേഹമെന്ന്;
ബോംബുകൾക്കും പുകയ്ക്കുമിടയിൽ നിന്ന് അദ്ദേഹമവ പെറുക്കിയെടുത്തു,
അമ്മ കൊടുത്തയച്ച കല്ലിച്ച കേക്കിന്റെ ശേഷിച്ച തുണ്ടുകൾക്കൊപ്പം
ചുളിഞ്ഞ തോൾസഞ്ചിയിൽ അവയും പെറുക്കിയിട്ടു.
പേരറിയാത്ത പരേതരെ തന്റെ കണ്ണുകൾ കൊണ്ടദ്ദേഹം പെറുക്കിയെടുത്തു,
മരിച്ചവരനേകരെ എനിക്കായിട്ടദ്ദേഹം ശേഖരിച്ചുവച്ചു,
അദ്ദേഹത്തിന്റെ കണ്ണിലൂടെ ഞാനവരെ അറിയാൻ, അവരെ സ്നേഹിക്കാൻ,
അവരെപ്പോലെ, സംഭീതരായി, മരിക്കാതിരിക്കാൻ...
തന്റെ കണ്ണുകളിൽ അദ്ദേഹമവരെ വാരിനിറച്ചതു വ്യർത്ഥവുമായി:
ഞാനിറങ്ങിപ്പോകുന്നു, എന്റെ വക യുദ്ധങ്ങൾക്കായി.
Friday, January 21, 2011
യഹൂദാ അമിച്ചായി - ശൗൽ രാജാവും ഞാനും
1
അവരവനൊരു വിരൽ കൊടുത്തു,
ഒരു കൈ തന്നെ അവനെടുത്തു
അവരെനിക്കൊരു കൈ തന്നു:
ചെറുവിരൽ പോലും ഞാനെടുത്തില്ല.
എന്റെ ഹൃദയം ആദ്യവികാരങ്ങളെടുത്തുയർത്താൻ ശ്രമിക്കുമ്പോൾ
കാളക്കൂറ്റന്മാരെ വലിച്ചുകീറാൻ പരീശിലിക്കുകയായിരുന്നു അവൻ.
വെള്ളക്കുഴലിൽ നിന്നു തുള്ളിയിറ്റുന്ന പോലെയായിരുന്നു
എന്റെ ഹൃദയത്തുടിപ്പുകൾ,
അവന്റെ ഹൃദയത്തുടിപ്പുകൾ
കെട്ടിടം പണി തീർക്കുന്ന ചുറ്റികയടികളായിരുന്നു.
എന്റെ വലിയേട്ടനായിരുന്നു അവൻ
എനിക്കുടുക്കാൻ കിട്ടിയത്
അവനിട്ടുപഴകിയവയും.
2
അവന്റെ ശിരസ്സ് ഒരു വടക്കുനോക്കിയന്ത്രം പോലെ
തന്റെ ഭാവിയുടെ സുനിശ്ചിതമായ ദിക്കിന്നതെന്ന്
എപ്പോഴുമവനു കാട്ടിക്കൊടുത്തിരുന്നു.
തന്റെ വാഴ്ച വരുന്ന മുഹൂർത്തത്തിൽ മുഴങ്ങാൻ
ചാവി കൊടുത്തുവച്ച ഘടികാരം പോലെയായിരുന്നു
അവന്റെ ഹൃദയം.
എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ
സകല കന്മടകളുടെയും ഒച്ചയടയും വരെ
അവൻ കിടന്നലറിയിരുന്നു.
അവനെത്തടുക്കാൻ ആരുമുണ്ടായില്ല!
കഴുതകൾ മാത്രം ഒടുവിൽ
മഞ്ഞപ്പല്ലുകളിളിച്ചുകാട്ടി.
3
അവൻ കഴുതകളെത്തേടിപ്പോയപ്പോൾ
മരിച്ചുപോയ പ്രവാചകന്മാർ കാലചക്രം തിരിച്ചു.
അതേ കഴുതകളെത്തന്നെ
ഇന്നു ഞാനും കണ്ടെത്തിയിരിക്കുന്നു.
അവയെ കൈകാര്യം ചെയ്യാൻ
എനിക്കറിയില്ലെന്നു മാത്രം.
എന്നെത്തൊഴിക്കുകയാണവ.
വൈക്കോലൊത്തു വളർന്ന ഞാൻ
കതിർക്കനം താങ്ങാനാവാതെ ചാഞ്ഞു.
അവന്റെ നിശ്വാസം പക്ഷേ,
സ്വന്തം ചരിത്രത്തിന്റെ ചക്രവാതങ്ങളായിരുന്നു.
അവനെ അഭിഷേകം ചെയ്തത്
മല്ലന്മാരുടെ കുഴമ്പുകൾ പോലെ
അഭിജാതമായ തൈലങ്ങളായിരുന്നു.
ഒലീവുമരങ്ങളോടവൻ മല്ലു പിടിച്ചു,
അവനവയെ മുട്ടുകാലിൽ വീഴ്ത്തി.
ആയാസത്താൽ ഭൂമിയുടെ നെറ്റിയിൽ
വേരുകൾ മുഴച്ചു.
പ്രവാചകന്മാർ ഗോദയിൽ നിന്നോടിക്കളഞ്ഞു;
ദൈവം മാത്രം ശേഷിച്ചു:
ദൈവമെണ്ണുകയായിരുന്നു,
ഏഴ്...എട്ട്...ഒമ്പത്...പത്ത്...
ജനങ്ങൾ അവനെ കൊണ്ടാടി.
വീണവരിലൊരാളുമെഴുന്നേറ്റില്ല.
അവൻ ജയിച്ചുകഴിഞ്ഞു.
4
ക്ഷീണിതനാണു ഞാൻ,
എന്റെ കിടക്കയിലാണാണെന്റെ രാജ്യഭാരം.
എന്റെയുറക്കം ന്യായം
എന്റെ സ്വപ്നം എന്റെ ന്യായവിധിയും.
നാളത്തേക്കായി ഞാനെന്റെയുടുപ്പുകൾ
കസേരക്കൈയിൽ തൂക്കിയിടുന്നു.
അവൻ ആകാശത്തിന്റെ ചുമരിൽ
സുവർണ്ണരോഷത്തിന്റെ ചട്ടത്തിൽ
തന്റെ രാജ്യം തൂക്കിയിട്ടു.
എന്റെ കൈകൾ പോരാ ,
ഒരു പൊതി കെട്ടാൻ നീളം തികയാത്ത ചരടു പോലെ.
അവന്റെ കൈകളോ, തുറമുഖത്തെ ചങ്ങലകൾ പോലെ,
കാലം കടക്കുന്ന ചരക്കുകൾ ബന്ധിക്കാനുള്ളവ.
അവൻ മരിച്ച രാജാവ്,
ക്ഷീണിതനായ മനുഷ്യൻ ഞാൻ.
ശൗൽ- ഇസ്രയേലികളുടെ ആദ്യത്തെ രാജാവ്.
Wednesday, January 19, 2011
യഹൂദാ അമിച്ചായി - ദേഹമാണു പ്രണയത്തിനു കാരണം
ദേഹമാണു പ്രണയത്തിനു കാരണം
ദേഹമാണു പ്രണയത്തിനു കാരണം,
പിന്നെ അതിനെ കാക്കുന്ന കോട്ടയും,
അതിൽപ്പിന്നെ പ്രണയത്തിന്റെ തടവറയും.
ദേഹം മരിക്കുമ്പോൾപ്പക്ഷേ,
അളവറ്റ സമൃദ്ധിയുമായി
പ്രണയം മോചനം നേടുന്നു,
വീണുടയുന്ന കുടുക്ക പോലെ:
പ്രചണ്ഡമായ കിലുക്കത്തോടതിൽ നിന്നു
പുറത്തുചാടുന്നു
കാലങ്ങളായുള്ള ലോഭത്തിന്റെ
നാണയങ്ങളത്രയും.
പ്രണയഗാനം
തുടക്കത്തിലിങ്ങനെ:
പെട്ടെന്നൊരയവും ഉള്ളിലൊരാനന്ദവും,
ചെരുപ്പിന്റെ നാടയൊന്നയഞ്ഞതു കെട്ടാൻ
നിങ്ങളൊന്നു കുനിയുംപോലെ.
പിന്നെ മറ്റുനാളുകളുടെ വരവായി.
ഇന്നു ഞാൻ ഭീഷണപ്രണയങ്ങളുള്ളിലൊളിപ്പിച്ച
ഒരു ട്രോജൻ കുതിര പോലെ.
ഓരോ രാത്രിയും അവ കെട്ടുപൊട്ടിച്ചു പായുന്നു,
കാടു കാട്ടി നടക്കുന്നു,
പുലരുമ്പോളെന്റെയുദരത്തിലേക്കവ
മടങ്ങുകയും ചെയ്യുന്നു.
Monday, January 17, 2011
യഹൂദാ അമിച്ചായി - ദൈവങ്ങൾ വന്നുപോകുന്നു, പ്രാർത്ഥനകൾ മാറ്റമില്ലാതെ നില്ക്കുന്നു
1
ശവമാടങ്ങൾ തകർന്നുവീഴുന്നു,
വാക്കുകൾ വന്നുപോകുന്നു,
വാക്കുകൾ മറവിയിൽപ്പെട്ടുപോകുന്നു,
അവയുച്ചരിച്ച ചുണ്ടുകൾ മണ്ണാകുന്നു,
നാവുകൾ മനുഷ്യരെപ്പോലെ മരിക്കുന്നു,
മറ്റു നാവുകൾ ജീവനെടുക്കുന്നു,
ആകാശത്തു ദൈവങ്ങൾ മാറുന്നു,
ദൈവങ്ങൾ വന്നുപോകുന്നു,
പ്രാർത്ഥനകൾ മാറ്റമില്ലാതെ നില്ക്കുന്നു.
2
എനിക്കു വേണ്ടത് കണ്ണിനു കാണാവുന്നതും
കണ്ണു കാണാത്തതുമായൊരു ദൈവത്തെ,
എങ്കിൽ എനിക്കദ്ദേഹത്തിനു വഴി കാട്ടാമല്ലോ,
എന്തു കാണരുതെന്നു പറഞ്ഞും കൊടുക്കാമല്ലോ.
കണ്ണുപൊട്ടൻ കളിക്കുന്ന കുട്ടിയെപ്പോലെ
അവൻ കണ്ണു പൊത്തുന്നതൊന്നു കാണണമെന്നുമെനിക്കുണ്ട്.
എനിക്കു വേണ്ടത് ജനാല പോലത്തെ ഒരു ദൈവത്തെ,
എങ്കിൽ വീട്ടിലിരുന്നുകൊണ്ട് ജനാല തുറക്കുമ്പോൾ
എനിക്കു സ്വർഗ്ഗം കാണാമല്ലോ.
എനിക്കു വേണ്ടത് പുറത്തേക്കു മാത്രം തുറക്കുന്ന വാതിൽ പോലൊരു ദൈവത്തെ.
ദൈവം പക്ഷേ കുറ്റിയിൽത്തിരിയുന്നൊരു വാതിൽ പോലെ,
അകത്തേക്കും പുറത്തേക്കും കറങ്ങിത്തിരിയുകയാണവൻ,
ആദ്യന്തങ്ങളില്ലാതെയും.
3
പൂർണ്ണവിശ്വാസത്തോടെ ഞാൻ പറയുന്നു,
പ്രാർത്ഥനകൾ ദൈവത്തിനു മുമ്പേ ഉണ്ടായിരിക്കുന്നു.
പ്രാർത്ഥനകൾ ദൈവത്തെ സൃഷ്ടിച്ചു.
ദൈവം മനുഷ്യനെ സൃഷ്ടിച്ചു,
മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ സൃഷ്ടിച്ച പ്രാർത്ഥനകളെ
മനുഷ്യനും സൃഷ്ടിച്ചു.
4
ഇല്ലാതായൊരിടത്തേക്കു കയറിപ്പോകുന്ന പടവുകളാണു ദൈവം,
അതുമല്ലെങ്കിൽ ഉണ്ടായിട്ടേയില്ലാത്തൊരിടത്തേക്ക്.
പടവുകൾ എന്റെ വിശ്വാസം, പടവുകൾ എന്റെ താപം.
നമ്മുടെ പിതാമഹനായ യാക്കോബിനിതു സ്വപ്നത്തിലറിവുണ്ടായിരുന്നു.
മാലാഖമാർ പിന്നെ ക്രിസ്തുമസ് മരമലങ്കരിക്കും പോലെ
കോണിയുടെ പടികളലങ്കരിച്ചതേയുള്ളു.
ഉയിർപ്പിന്റെ സംഗീതമോ,
പടവുകളുടെ ദൈവത്തിനുള്ള സ്തുതിഗീതവും.
5
ദൈവം ഭൂമി വിട്ടുപോയപ്പോൾ
അവൻ ജൂതന്മാർക്കിടയിൽ തോറാ മറന്നുവച്ചു,
അതിൽപ്പിന്നെ അവർ അവനെയും നോക്കിനടക്കുകയാണ്,
പിന്നാലെ വിളിച്ചുകൂവുകയാണ്,
“നിങ്ങളെന്തോ എടുക്കാൻ വിട്ടുപോയി!”
എല്ലാവരും കരുതുന്നത് ഇതാണു തങ്ങളുടെ പ്രാർത്ഥനയെന്നാണ്,
ജൂതന്മാരുടെ പ്രാർത്ഥന.
അതിൽപ്പിന്നെ, അവൻ എവിടെയുണ്ടെന്നറിയാൻ
വേദപുസ്തകത്തിൽ സൂചനകൾ പരതുകയാണവർ.
“ദൈവം എവിടെയുണ്ടെന്നാരായുവിൻ,
അവനെ വിളിച്ചു കരയുവിൻ,
അരികിൽത്തന്നെയുണ്ടല്ലോ അവൻ”
എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
അവൻ പക്ഷേ അകലെയത്രേ.
6
കടപ്പുറത്തെപ്പൂഴിയിൽ കടൽക്കിളികളുടെ കാൽപ്പാടുകൾ,
സാധനങ്ങളും പേരുകളും സംഖ്യകളും സ്ഥലങ്ങളും ഓർമ്മയിൽ നില്ക്കാൻ
ആരോ കുറിപ്പടിയെഴുതിയ കൈയെഴുത്തു പോലെ.
രാത്രിയിൽ പൂഴിയിൽ കിളികളുടെ കാൽപ്പാടുകൾ പകലുമതേപോലെ,
അവ ശേഷിപ്പിച്ച കിളികളെ ഞാൻ കാണുന്നുമില്ല.
ദൈവത്തിന്റെ കാര്യവും അതേപോലെ.
7
ഞങ്ങളുടെ പിതാവും ഞങ്ങളുടെ രാജാവും.
താൻ ജീവിച്ചിരിക്കെത്തന്നെ സന്തതികൾ അനാഥരാവുമ്പോൾ
ഒരു പിതാവെന്തു ചെയ്യും?
സന്തതികൾ മരണപ്പെട്ടു കാലം കഴിയും വരെയും
വിലപിച്ചുകഴിയേണ്ട ഒരു പിതാവെന്തു ചെയ്യും?
കരയുക, കരയുക, ഓർമ്മിക്കാതിരിക്കുക, മറക്കാതിരിക്കുക.
നമ്മുടെ പിതാവും നമ്മുടെ രാജാവും,
വേദനയുടെ രാഷ്ട്രത്തിൽ ഒരു രാജാവെന്തു ചെയ്യും?
അവർക്കപ്പവും സർക്കസ്സും നല്കുക,
എല്ലാ രാജാക്കന്മാരെയും പോലെ.
ഓർമ്മയുടെ അപ്പവും മറവിയുടെ സർക്കസ്സും.
അപ്പവും തൃഷ്ണയും,
ദൈവത്തിനായി, ഭേദപ്പെട്ടൊരു ലോകത്തിനായുള്ള തൃഷ്ണ.
എന്റെ പിതാവും എന്റെ രാജാവും.
9
ജൂതജനത ദൈവത്തിനു തോറാ വായിച്ചുകൊടുക്കുന്നു,
ആണ്ടുടനീളം, ആഴ്ചയിലൊരദ്ധ്യായമായി,
പ്രാണരക്ഷയ്ക്കു കഥ പറഞ്ഞ ഷെഹരെസാദെയെപ്പോലെ,
തോറായുടെ പെരുന്നാളെത്തുന്ന കാലമാവുമ്പോഴേക്കും
അവൻ സകലതും മറക്കുന്നു,
നമുക്കു വീണ്ടും തുടങ്ങുകയുമാവാം.
10
ടൂറിസ്റ്റു ഗൈഡിനെപ്പോലെ
സന്ദർശകർക്കും സഞ്ചാരികൾക്കും ദൈവസന്തതികൾക്കും മുന്നിൽ
ഞങ്ങളുടെ ജീവിതത്തെ വിവരിച്ചും വിശദീകരിച്ചും കൊണ്ടു
ദൈവം പറയുകയാണ് “ ഇങ്ങനെയൊക്കെയാണു ഞങ്ങളുടെ ജീവിതം.”
യഹൂദാ അമിച്ചായി - നമ്മുടെ പ്രണയത്തിന്റെ ചരിത്രത്തിൽ
നമ്മുടെ പ്രണയത്തിന്റെ ചരിത്രത്തിൽ
ഒരാളെന്നെന്നും ഒരു നാടോടിഗോത്രം,
മറ്റേയാൾ സ്വന്തം മണ്ണുള്ള രാഷ്ട്രം.
നാമന്യോന്യം സ്ഥാനങ്ങൾ വച്ചുമാറിയപ്പോൾ
നമ്മുടെ പ്രണയത്തിന്റെ കഥയും കഴിഞ്ഞു.
കാലം നമ്മെക്കടന്നുപോകും,
വേദിയിൽ പറഞ്ഞിടത്തു നില്ക്കുന്ന നടന്മാർക്കു പിന്നിൽ
രംഗപടങ്ങൾ മാറുമ്പോലെ.
വാക്കുകൾ പോലും നമ്മുടെ ചുണ്ടുകൾ കടന്നുപോകും,
കണ്ണീരു പോലും നമ്മുടെ കണ്ണുകൾ കടന്നുപോകും.
സ്വസ്ഥാനത്തു നില്ക്കുന്നവരെയൊക്കെക്കടന്നു കാലം പോകും.
നമ്മുടെ ശിഷ്ടജീവിതത്തിന്റെ ഭൂമിശാസ്ത്രത്തിൽ
ആരു തുരുത്ത്, ആരു വൻകരയെന്ന്
നാമിരുവർക്കും തെളിഞ്ഞുകിട്ടും,
നമ്മുടെ ശിഷ്ടജീവിതത്തിൽ
അന്യരുമൊത്തുള്ള പ്രണയത്തിന്റെ രാത്രികളിൽ.
Sunday, January 16, 2011
യഹൂദാ അമിച്ചായി - ലോകത്തു പാതിയാളുകൾ
ലോകത്തു പാതിയാളുകൾ
മറുപാതിയെ സ്നേഹിക്കുന്നു,
പാതിയാളുകൾ
മറുപാതിയെ വെറുക്കുന്നു.
ഇപ്പാതിയും മറുപാതിയും കാരണം
കാലവർഷം പോലിളവെന്നതില്ലാതെ
അലഞ്ഞും തിരിഞ്ഞും നടക്കണോ ഞാൻ?
പാറകൾക്കിടയിൽക്കിടന്നുറങ്ങണോ,
ഒലീവുമരങ്ങളുടെ തടി പോലെ മുരത്തുവളരണോ,
ചന്ദ്രനെന്നെ നോക്കിക്കുരയ്ക്കുന്നതു കേൾക്കണോ,
എന്റെ പ്രണയത്തെ വേവലാതികളുടെ മറയ്ക്കുള്ളിലാക്കണോ,
തീവണ്ടിപ്പാളങ്ങൾക്കിടയിൽ വിറ പൂണ്ടു മുളയ്ക്കുന്ന
പുൽക്കൊടികൾ പോലാകണോ ഞാൻ,
തുരപ്പനെലിയെപ്പോലെ മണ്ണിനടിയിൽക്കഴിയണോ,
ചില്ലകൾ വിട്ടു വേരുകൾക്കൊപ്പം പോകണോ,
മാലാഖമാരുടെ കവിളത്തെൻ്റെ കവിളുരുമ്മുന്നതറിയാതിരിക്കണോ,
അന്ത്യശ്വാസമെടുത്തും അവസാനവാക്കുകളുച്ചരിച്ചും
ഒന്നും തിരിഞ്ഞുകിട്ടാതെയും
മരണമഭിനയിച്ചുതീർക്കണോ ഞാൻ,
വീട്ടിനു മുകളിൽ ഞാൻ കൊടിക്കമ്പുകൾ നാട്ടണോ,
താഴെ ബോംബുഷെൽട്ടർ പണിയണോ.
മടങ്ങാൻ മാത്രമുള്ള വഴികളിലൂടിറങ്ങിപ്പോകണോ?
പൂച്ച, വടി, തീ, വെള്ളം, കശാപ്പുകാരൻ-
കിടാവിനും മരണത്തിന്റെ മാലാഖയ്ക്കുമിടയിലെ
ബീഭത്സമായ സകലതിനുമിടയിലൂടെ ഞാൻ കടന്നുപോകണോ?
പാതിയാളുകൾ സ്നേഹിക്കുന്നു,
പാതിയാളുകൾ വെറുക്കുന്നു.
ഇത്രയുചിതമായി പൊരുത്തപ്പെടുന്ന പാതികൾക്കിടയിൽ
എന്റെയിടമെവിടെ?
ഏതു വിടവിലൂടെ ഞാൻ കാണും,
വെള്ളനിറത്തിൽ എന്റെ സ്വപ്നങ്ങളുടെ ഭവനപദ്ധതികൾ,
പൂഴിമണ്ണിൽ നഗ്നപാദരായോടുന്നവരെ,
ഒന്നുമല്ലെങ്കിൽ
കയ്യാലക്കരികിൽ ഒരു പെൺകുട്ടി തൂവാല വീശുന്നതെങ്കിലും?