Showing posts with label ഈഡിത്ത് സോഡെർഗ്രാൻ. Show all posts
Showing posts with label ഈഡിത്ത് സോഡെർഗ്രാൻ. Show all posts

Saturday, October 18, 2014

ഈഡിത്ത് സോഡെർഗ്രാൻ - രണ്ടു പാതകൾ

 

edith Södergran1

രണ്ടു പാതകൾ


നീ നിന്റെ പഴയ പാത വിട്ടുപോരണം,
അഴുക്കും കരടുമാണതു നിറയെ:
ആർത്തി നിറഞ്ഞ നോട്ടങ്ങളുമായി
മൂന്നു പുരുഷന്മാർ ആ വഴി പോകുന്നുണ്ട്,
എല്ലാ ചുണ്ടുകളിൽ നിന്നും
‘സന്തോഷം’ എന്നൊരു വാക്കു പൊഴിയുന്നുണ്ട്,
പിന്നെയും കുറേ ചെന്നാൽ
ഒരു പെണ്ണിന്റെ ജഡം കിടക്കുന്നതും കാണാം,
കഴുകന്മാർ അതു കൊത്തിക്കീറുന്നുണ്ട്.

നീ നിന്റെ പുതിയ പാത കണ്ടുകഴിഞ്ഞു,
വൃത്തിയുള്ളതും തെളിഞ്ഞതുമാണത്:
അവിടെ അമ്മയില്ലാത്ത കുട്ടികൾ
പോപ്പിപ്പൂക്കൾക്കിടയിൽ കളിച്ചുനടക്കുന്നു,
അവിടെ കറുപ്പു ധരിച്ച സ്ത്രീകൾ
സങ്കടം പറഞ്ഞുകൊണ്ടു ചുറ്റിനടക്കുന്നു,
പിന്നെയും കുറേ ചെന്നാൽ
നിറം വിളർത്തൊരു വിശുദ്ധനെയും കാണാം,
താൻ കൊന്ന വ്യാളിയുടെ കഴുത്തിനു മേൽ
കാൽ ചവിട്ടിനില്ക്കുന്നതായി.


മൂന്നു സഹോദരിമാർ


മൂത്തവൾക്കിഷ്ടം മധുരിക്കുന്ന സ്ട്രോബറികളായിരുന്നു,
രണ്ടാമത്തവൾക്കിഷ്ടം ചുവന്ന പനിനീർപ്പൂക്കളായിരുന്നു,
ഇളയവൾക്കിഷ്ടം മരിച്ചവർക്കു മേൽ വയ്ക്കുന്ന പൂച്ചെണ്ടുകളായിരുന്നു.

മൂത്തവൾ വിവാഹിതയായി:
അവൾ സന്തോഷവതിയാണെന്നു കേൾക്കുന്നു.

രണ്ടാമത്തവൾ ആത്മാർത്ഥമായി പ്രണയിച്ചു:
അവൾ ദുഃഖിതയാണെന്നു കേൾക്കുന്നു.

ഇളയവൾ പുണ്യവതിയായി:
നിത്യജീവന്റെ കിരീടം അവൾക്കുള്ളതാണെന്നു കേൾക്കുന്നു.


Edith Södergran

 

 

Tuesday, September 30, 2014

ഈഡിത്ത് സോഡെർഗ്രാൻ - എന്റെ ബാല്യത്തിലെ വൃക്ഷങ്ങൾ

Edith Sodergran6


എന്റെ ബാല്യത്തിലെ വൃക്ഷങ്ങൾ


എന്റെ ബാല്യത്തിലെ വൃക്ഷങ്ങൾ പുല്പുറത്തു നെട്ടനെ നില്ക്കുന്നു,
തല കുലുക്കിക്കൊണ്ടവർ ചോദിക്കുന്നു: നിനക്കെന്തു പറ്റി?
സ്തംഭനിരകൾ ആരോപണങ്ങൾ കണക്കെ നിരന്നുനില്ക്കുന്നു:
ഞങ്ങൾക്കടിയിലൂടെ നടക്കാൻ നിനക്കെന്തർഹതയാണുള്ളത്?
നീ കുട്ടിയാണ്‌, നീ സർവതുമറിഞ്ഞിരിക്കണം;
രോഗത്തിന്റെ കെണിയിൽ നീയെങ്ങനെ ചെന്നുപെട്ടു?
നീയിന്നു വെറുപ്പു തോന്നുന്ന, വിചിത്രയായൊരു മനുഷ്യജീവിയായിരിക്കുന്നു.
കുട്ടിയായിരുന്നപ്പോൾ നീ ഞങ്ങളുമായി ദീർഘസംഭാഷണങ്ങളിൽ മുഴുകിയിരുന്നു.,
നിന്റെ കണ്ണുകളിലന്നു വിവേകമുണ്ടായിരുന്നു.
ഇനി ഞങ്ങൾ നിന്നോട് നിന്റെ ജീവിതരഹസ്യമെന്താണെന്നു പറയട്ടെ:
സർവരഹസ്യങ്ങളിലേക്കുമുള്ള താക്കോൽ കിടക്കുന്നത്
റാസ്പ്ബറികൾ വളരുന്ന കുന്നുമ്പുറത്തെ പുല്പരപ്പിലത്രെ.
ഉറങ്ങുന്നവളേ, നിന്നെ കുലുക്കിയുണർത്താൻ ഞങ്ങളാഗ്രഹിച്ചിരുന്നു,
മരിച്ചവളേ, ഉറക്കത്തിൽ നിന്നു നിന്നെ വിളിച്ചുണർത്താൻ ഞങ്ങളാഗ്രഹിച്ചിരുന്നു.



ജനാലയ്ക്കൽ ഒരു മെഴുകുതിരി

ജനാലയ്ക്കൽ ഒരു മെഴുകുതിരി
സാവധാനമതുരുകിയെരിയുന്നു
ഉള്ളിലാരോ മരിച്ചുകിടക്കുന്നുവെന്നതു പറയുന്നു
മൂടൽമഞ്ഞിൽ മറഞ്ഞൊരു സിമിത്തേരിയിൽ
പൊടുന്നനേ ചെന്നു നിലയ്ക്കുന്ന പാതയ്ക്കരികിൽ
ഒരു നിര ദേവതാരങ്ങൾ.
ഒരു കിളി ചൂളം കുത്തുന്നു-
ആരാണുള്ളിൽ?



വാക്കുകൾ

ഊഷ്മളമായ വാക്കുകൾ, സുന്ദരമായ വാക്കുകൾ, ഗഹനമായ വാക്കുകൾ...
കണ്ണില്പെടാത്തൊരു നിശാപുഷ്പത്തിന്റെ വാസന പോലെയാണവ.
അവയ്ക്കു പിന്നിൽ പതുങ്ങിനില്ക്കുന്നതു ശൂന്യത...
പ്രണയത്തിന്റെ ഊഷ്മളമായ വീട്ടകങ്ങളിൽ നിന്നുയരുന്ന
പുകച്ചുരുളുകളാവുമോ, ഒരുവേളയവ?



ഒരഭിലാഷം

സൂര്യവെളിച്ചം നിറഞ്ഞ ഈ ലോകത്തോ-
ടൊന്നേയൊന്നേ ഞാൻ ചോദിക്കുന്നുള്ളു:
ഉദ്യാനത്തിൽ ഒരു സോഫ,
അതിൽ വെയിലു കാഞ്ഞും കൊണ്ടൊരു പൂച്ചയും.

നെഞ്ചോടു ചേർത്തൊരു കത്തുമായി
അതിൽ ഞാനിരിക്കണം,
തീരെച്ചെറിയൊരു കത്ത്, ഒരേയൊരെണ്ണം.
അതുപോലിരിക്കും, എന്റെ സ്വപ്നം.


 

 

 

Friday, December 21, 2012

ഈഡിത്ത് സോഡെർഗ്രാൻ - ദൈവം

creation

ദൈവം, പ്രപഞ്ചവിശാലമായ സുഖശയ്യ;
അതിൽ മാലാഖമാരെപ്പോലെ നിർമ്മലരായി
നീണ്ടുനിവർന്നു നാം കിടക്കുന്നു,
നക്ഷത്രങ്ങളുടെ ശുഭാശംസകൾക്ക്
നീലക്കണ്ണുകളുടെ മറുപടിയുമായി.
ദൈവം, നമുക്കു തല ചായ്ക്കാനുള്ള തലയിണ,
ദൈവം, നമ്മുടെ പാദോപധാനം.
ദൈവം, കരുത്തിന്റെ കലവറ, ആദ്യന്ധകാരം;
ദൈവം, അദൃശ്യമായതിന്റെ വിമലാത്മാവ്,
ഇനിയുമചിന്ത്യമായതിന്റെ ജീർണ്ണദേഹം;
ദൈവം, നിത്യത തളം കെട്ടിയ തടാകം;
ദൈവം, ശൂന്യതയുടെ ഉർവരബീജം,
എരിഞ്ഞടങ്ങിയ ലോകങ്ങളിൽ നിന്നൊരു പിടി ചാരം;
ദൈവം, എണ്ണമറ്റ പ്രാണിപ്പറ്റം,
പനിനീർപ്പൂക്കളുടെ പ്രഹർഷം;
ദൈവം, ശൂന്യതയ്ക്കും പൂർണ്ണതയ്ക്കുമിടയിൽ
ആളൊഴിഞ്ഞൊരൂഞ്ഞാലാട്ടം;
വിമുക്താത്മാക്കൾക്കൊരു തടവറ;
ദൈവം, പ്രചണ്ഡരോഷത്തിന്റെ വിരലുകൾക്കു കിന്നരം,
ദൈവം, തീവ്രാഭിലാഷത്തിനു മണ്ണിലേക്കു പിടിച്ചിറക്കാവുന്നതൊന്ന്.





Thursday, December 20, 2012

ഈഡിത്ത് സോഡെർഗ്രാൻ - സ്വന്തമുദ്യാനത്തിന്റെ പരിധി വിട്ടു പോകാത്തവളേ...

edith-sodergran[1]


സ്വന്തമുദ്യാനത്തിന്റെ പരിധി വിട്ടു പോകാത്തവളേ,
അഴിയടിച്ച കാഴ്ചകളും കണ്ടൊരുനാളും നീ നിന്നിട്ടില്ല?
സ്വപ്നം കാണുന്ന പാതകൾക്കു മേൽ സായാഹ്നം നീലിക്കുന്ന-
തൊരിക്കലുമഭിലാഷത്തോടെ നീ കണ്ടുനിന്നിട്ടില്ല?


നീ നടന്നു പോകാത്ത പാതകൾക്കു മേൽ
ചോര പോൽ ചുവന്ന സൂര്യനസ്തമിക്കുമ്പോൾ
അഗ്നി പോലെ നിന്റെ നാവു പൊള്ളിച്ചതതല്ലേ,
ഭാവിയിൽ നീയൊഴുക്കേണ്ട കണ്ണീരിന്നുപ്പുചുവ?




Wednesday, December 19, 2012

ഈഡിത്ത് സോഡെർഗ്രാൻ - നക്ഷത്രങ്ങൾ

edith Södergran

രാത്രി ഉരുണ്ടുകൂടുമ്പോൾ
കോണിപ്പടിയിൽ നിന്നു ഞാൻ കാതോർക്കുന്നു;
ഉദ്യാനത്തിൽ നക്ഷത്രങ്ങൾ തൂന്നുകൂടുന്നു,
ഇരുട്ടത്തു ഞാൻ നിൽക്കുന്നു.
അതാ, ഒരു നക്ഷത്രം മൂളിക്കൊണ്ടു വീഴുന്നു!
നഗ്നപാദങ്ങളുമായി പുല്പുറത്തേക്കിറങ്ങരുതേ,
നക്ഷത്രച്ചീളുകളാണെന്റെ പൂന്തോപ്പു നിറയെ.



ഈഡിത്ത് സോഡെർഗ്രാൻ - മരണത്തിന്റെ ലോകത്ത്

Raivola lake by Sennaya


ഇതാ, നിത്യതയുടെ തീരം നാമെത്തി.
മറവിയുടെ പുഴ മർമ്മരമുതിർക്കുന്നതിവിടെ.
പൊന്തകളിൽ മരണം പാടിനടക്കുന്നു,
അതേ വിരസഗാനത്തിന്റെ തനിയാവർത്തനം.

മരണമേ, നീയെന്തേ ഇപ്പോൾ മൌനിയായി?
എത്ര ദൂരം യാത്ര ചെയ്തു ഞങ്ങൾ വന്നു,
നിന്റെ ഗാനം കേൾക്കാനാർത്തിയോടെ.
ജീവിതത്തിലൊരിക്കലും ഞങ്ങൾക്കു കിട്ടിയില്ലല്ലോ,
നിന്നെപ്പോലെ പാടിയുറക്കുന്നൊരായയെ.



ഈഡിത്ത് സോഡെർഗ്രാൻ(1892-1923)- സ്വീഡിഷ് കവയിത്രി. സെയിന്റ് പീറ്റേഴ്സ്ബർഗിൽ ജനനം. റഷ്യയിലെ ജർമ്മൻ സ്കൂളുകളിൽ പഠനം. അച്ഛന്റെ മരണത്തോടെ ഫിൻലാണ്ടിലേക്കു പോന്നു. ക്ഷയരോഗം ബാധിച്ചു മരിച്ചു.

ഇത് അവരുടെ അവസാനത്തെ കവിതയാണ്‌. റെയ് വോളാ തടാകക്കരെയുള്ള അവരുടെ കുഴിമാടത്തിൽ ഈ കവിത ആലേഖനം ചെയ്തിരിക്കുന്നു.


ചിത്രം : റെയ് വോളാ തടാകം

link to Edith Sodergran