Showing posts with label കത്തുകള്‍. Show all posts
Showing posts with label കത്തുകള്‍. Show all posts

Monday, March 23, 2015

പ്രണയലേഖനങ്ങൾ (43) - റിൽക്കെ

rainer-maria-rilke1


ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

മ്യൂണിച്ച്, 1897 ജൂൺ 9

ബുധനാഴ്ച വൈകുന്നേരം

 

നിന്നെ പിരിഞ്ഞതില്പിന്നെ മഴ പെയ്തിരുണ്ട തെരുവുകളിലൂടെ
തിരക്കു പിടിച്ചൊളിച്ചുപോകുമ്പോളെനിക്കു തോന്നുന്നു,
എന്റെ കണ്ണുകളെ നേരിടുന്ന കണ്ണുകൾക്കെല്ലാം കാണാം,
നിർവൃതിയടഞ്ഞതും ഉയിർത്തെഴുന്നേറ്റതുമായ എന്റെയാത്മാവ്
അവയിലാളിക്കത്തുകയാണെന്ന്.

വഴിപോക്കരുടെ പറ്റത്തിൽ നിന്നെന്റെയാഹ്ളാദം മറച്ചുപിടിക്കാൻ
ഒളിഞ്ഞും മറിഞ്ഞും ഞാൻ ശ്രമിക്കുന്നു;
ധൃതിപ്പെട്ടു ഞാനതു വീട്ടിനുള്ളിലെത്തിക്കുന്നു;
രാത്രിയേറെക്കടന്നതില്പിന്നെയേ,
നിധിപേടകം പോലെ ഞാനതു പതുക്കെത്തുറക്കുന്നുള്ളു.

പിന്നെ, ഗഹനാന്ധകാരത്തിൽ നിന്നൊന്നൊന്നായി
എന്റെ പൊൻപണ്ടങ്ങൾ ഞാൻ കൈയിലെടുത്തു നോക്കുന്നു;
ഏതാണാദ്യം കാണേണ്ടതെന്നെനിക്കു തീർച്ചയാവുന്നില്ല:
എന്റെ മുറിയ്ക്കുള്ളിലിടമായ ഇടമെല്ലാം
കവിഞ്ഞൊഴുകുകയാണല്ലോ, കവിഞ്ഞൊഴുകുകയാണല്ലോ.

താരതമ്യങ്ങൾക്കപ്പുറത്തുള്ളൊരു സമൃദ്ധിയാണത്-
രാത്രിയുടെ കണ്ണുകളിന്നേവരെ കാണാത്ത പോലെ,
രാത്രിയുടെ മഞ്ഞുതുള്ളികളിന്നേവരെ വീഴാത്ത പോലെ.
ഏതു രാജകുമാരന്റെ വധുവിനു നല്കിയതുമാവട്ടെ,
ആ രാജകീയസ്ത്രീധനത്തെക്കാളമൂല്യമാണത്.

ഉജ്ജ്വലമായ രാജകീയകിരീടങ്ങളതിലുണ്ട്,
അവയിൽ പതിച്ച രത്നങ്ങൾ നക്ഷത്രങ്ങളത്രെ.
ആർക്കുമൊരു സംശയം പോലുമില്ല;
എന്റെ നിധികൾക്കിടയിൽ ഞാനിരിക്കുന്നു പ്രിയേ,
തനിക്കൊരു റാണിയുണ്ടെന്നറിയുന്ന രാജാവിനെപ്പോലെ.

തൊട്ടു മുമ്പു വീശിക്കടന്നുപോയ വന്യമായ കൊടുങ്കാറ്റിനു ശേഷം എത്ര സമൃദ്ധിയാണു സൂര്യൻ കോരിച്ചൊരിയുന്നതെന്നു കാണുമ്പോൾ എന്റെ മുറിയ്ക്കുള്ളിലെങ്ങും ആനന്ദത്തിന്റെ കട്ടിപ്പൊന്നു പൊതിഞ്ഞപോലെനിക്കു തോന്നിപ്പോകുന്നു. ധനികനും സ്വതന്ത്രനുമാണു ഞാൻ; തൃപ്തിയുടെ ദീർഘശ്വാസമെടുത്തുകൊണ്ട് സായാഹ്നത്തിന്റെ ഓരോ നിമിഷവും പിന്നെയും ഞാൻ സ്വപ്നം കാണുന്നു. ഇന്നിനി വീണ്ടും പുറത്തേക്കിറങ്ങണമെന്ന് എനിക്കു തോന്നുന്നില്ല. എനിക്കു സൗമ്യസ്വപ്നങ്ങൾ കാണണം, നീ വരുമ്പോൾ അവയുടെ പൊലിമ കൊണ്ടെന്റെ മുറിയ്ക്കകമെനിക്കലങ്കരിക്കണം. എന്റെ കൈകളിലും എന്റെ മുടിയിലും നിന്റെ കൈകളുടെ ആശിസ്സുകളുമായി രാത്രിയിലേക്കെനിക്കു പ്രവേശിക്കണം. എനിക്കാരോടും സംസാരിക്കേണ്ട: എന്റെ വാക്കുകൾക്കു മേൽ ഒരു മിനുക്കം പോലെ ഞൊറിയിടുകയും അവയ്ക്കൊരു മുഴക്കത്തിന്റെ സമൃദ്ധി പകരുകയും ചെയ്യുന്ന നിന്റെ വാക്കുകളുടെ പ്രതിധ്വനി ഞാൻ ദുർവ്യയം ചെയ്താലോ? ഈ സായാഹ്നസൂര്യനു ശേഷം മറ്റൊരു വെളിച്ചത്തിലേക്കും എനിക്കു കണ്ണയക്കേണ്ട; നിന്റെ കണ്ണുകളിലെ അഗ്നി കൊണ്ട് ഒരായിരം സൗമ്യയാഗങ്ങൾക്കു തിരി കൊളുത്തിയാൽ മതിയെനിക്ക്...എനിക്കു നിന്നിലുയരണം, ആർപ്പുവിളികൾ മുഴങ്ങുന്നൊരു പ്രഭാതത്തിൽ ഒരു ശിശുവിന്റെ പ്രാർത്ഥന പോലെ, ഏകാന്തനക്ഷത്രങ്ങൾക്കിടയിൽ ഒരഗ്നിബാണം പോലെ. എനിക്കു നീയാവണം. നിന്നെ അറിയാത്ത ഒരു സ്വപ്നവും എനിക്കു വേണ്ട; നീ സഫലമാക്കാത്ത, നിനക്കു സഫലമാക്കാനാവാത്ത ഒരഭിലാഷവും എനിക്കു വേണ്ട. നിന്നെ പ്രകീർത്തിക്കുന്നതല്ലാത്ത ഒരു പ്രവൃത്തിയും എനിക്കു ചെയ്യേണ്ട, നിന്റെ മുടിയിൽ ചൂടാനല്ലാത്ത ഒരു പൂവും എനിക്കു നട്ടു വളർത്തുകയും വേണ്ട. നിന്റെ ജനാലയിലേക്കുള്ള വഴിയറിയാത്ത ഒരു കിളിയേയും എനിക്കെതിരേല്ക്കേണ്ട, ഒരിക്കലെങ്കിലും നിന്റെ പ്രതിബിംബത്തിന്റെ രുചി നുകരാത്ത ചോലയിൽ നിന്നെനിക്കു ദാഹവും തീർക്കേണ്ട. അജ്ഞാതരായ അത്ഭുതപ്രവർത്തകരെപ്പോലെ നിന്റെ സ്വപ്നങ്ങളലഞ്ഞു നടന്നിട്ടില്ലാത്ത ഒരു നാട്ടിലേക്കുമെനിക്കു പോകേണ്ട, നീയിന്നേവരെ അഭയം തേടാത്ത ഒരു കുടിലിലുമെനിക്കു പാർക്കുകയും വേണ്ട. എന്റെ ജീവിതത്തിൽ നീ വരുന്നതിനു മുമ്പുള്ള നാളുകളെക്കുറിച്ചെനിക്കൊന്നുമറിയേണ്ട, ആ നാളുകളിലധിവസിച്ചിരുന്നവരെക്കുറിച്ചുമറിയേണ്ട. ആ മനുഷ്യരെ കടന്നുപോകുമ്പോൾ അവരുടെ കുഴിമാടത്തിൽ ഓർമ്മയുടെ അപൂർവ്വവും വാടിയതുമായ ഒരു പുഷ്പചക്രം, അവരതർഹിക്കുന്നുണ്ടെങ്കിൽ, എനിക്കർപ്പിക്കണം; എന്തെന്നാൽ, ഇത്ര സന്തോഷഭരിതനായിരിക്കെ നന്ദികേടു കാണിക്കാൻ എനിക്കു കഴിയില്ല. പക്ഷേ ഇന്നവർ എന്നോടു പറയുന്ന ഭാഷ കുഴിമാടങ്ങളുടെ ഭാഷയാണ്‌; അവർ ഒരു വാക്കു പറയുമ്പോൾ എനിക്കു തപ്പിത്തടയേണ്ടിവരുന്നു; എന്റെ കൈകൾ തൊടുന്നത് തണുത്ത, മരവിച്ച അക്ഷരങ്ങളിലാകുന്നു. ഈ മൃതരെ സന്തുഷ്ടഹൃദയത്തോടെ എനിക്കു പ്രശംസിക്കണം; എന്തെന്നാൽ അവരെന്നെ നിരാശപ്പെടുത്തി, അവരെന്നെ തെറ്റിദ്ധരിച്ചു, അവരെന്നോടു മര്യാദകേടായി പെരുമാറി, അങ്ങനെ ദീർഘമായ ആ യാതനാവഴിയിലൂടെ അവരെന്നെ നിന്നിലേക്കു നയിക്കുയും ചെയ്തു.- ഇപ്പോൾ എനിക്കു നീയാകണം. കന്യാമറിയത്തിന്റെ തിരുരൂപത്തിനു മുന്നിലെ കെടാവിളക്കു പോലെ നിന്റെ കൃപയ്ക്കു മുന്നിൽ എന്റെ ഹൃദയം എരിഞ്ഞുനില്ക്കുന്നു.

 

Lou andreas

വ്യാഴാഴ്ച രാവിലെ

 

ചോരച്ചുവപ്പായ കംബളങ്ങളെനിക്കു നീട്ടിവിരിക്കണം,
പതിനായിരങ്ങളായ പുഷ്പദീപങ്ങൾ നിരത്തിവയ്ക്കണം,
മണക്കുന്ന പൊൻകിണ്ണങ്ങളിൽ നിന്നവയിലെണ്ണ പകരണം,
പിന്നെയെങ്ങുമവ തുള്ളിത്തുളുമ്പി നില്ക്കണം.

അങ്ങനെയവ എരിഞ്ഞെരിഞ്ഞു നില്ക്കണം,
ചുവന്ന പകലുകൾ അന്ധരാക്കിയ നമ്മൾ
വിളർത്ത രാത്രിയിൽ അന്യോന്യമറിയും വരെ,
നക്ഷത്രങ്ങളാണു നമ്മുടെയാത്മാക്കളെന്നറിയും വരെ.

എത്ര സമ്പന്നയാണു നീ. എന്റെ രാത്രികൾക്കു നീ സ്വപ്നങ്ങൾ നല്കുന്നു, എന്റെ പുലരികൾക്കു ഗാനങ്ങൾ നല്കുന്നു, എന്റെ പകലിനു ലക്ഷ്യം നല്കുന്നു, എന്റെ ചുവന്ന അസ്തമയത്തിനു സൂര്യാശംസകളും നല്കുന്നു. അക്ഷയമാണു നിന്റെ ദാനങ്ങൾ. നിന്റെ കൃപ കൈക്കൊള്ളാനായി മുട്ടു കുത്തി ഞാൻ കൈകളുയർത്തുന്നു. എത്ര സമ്പന്നയാണു നീ! ഞാനാരാകണമെന്നു നീയാഗ്രഹിക്കുന്നുവോ, അതൊക്കെയാണു ഞാൻ. നിനക്കു കോപം വരുമ്പോൾ ഞാൻ അടിമയാകാം, നിനക്കു പുഞ്ചിരി വരുമ്പോൾ ഞാൻ രാജാവാകാം. എങ്ങനെയായാലും എനിക്കസ്തിത്വം നല്കുന്നത് - നീ.

ഇതു നിന്നോടു ഞാൻ പലപ്പോഴും പറയും, മിക്കപ്പോഴും പറയും. എന്റെ കുമ്പസാരം എളിമയും സാരള്യവും വായ്ചതൊന്നായി വിളയും.  അങ്ങനെയൊടുവിൽ എത്രയും ലളിതമായി നിന്നോടു ഞാനതു പറയുമ്പോൾ അത്രയും ലളിതമായിത്തന്നെ നീയതുൾക്കൊള്ളും, നമ്മുടെ ഗ്രീഷ്മകാലം വന്നുചേരും. എല്ലാ പകലുകൾക്കും മേലതു വ്യാപിക്കുകയും ചെയ്യും- നിന്റെ
                                                            റെനെയുടെ.

നീ ഇന്നു വരും!?


 

 

Sunday, March 22, 2015

പ്രണയലേഖനങ്ങൾ (42)- റിൽക്കെ

rilke (1)


ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

(1903 നവംബർ 9)
റോം, 1904 ജനുവരി 15

ലൂ, പ്രിയപ്പെട്ട ലൂ, നിന്റെ ഒടുവിലത്തെ  കത്തിന്റെ തീയതി ഞാൻ എന്റെ കത്തിനു മുകളിൽ എഴുതുന്നു,- നീ എഴുതിയതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നറിയിക്കാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണത്; അങ്ങനെയൊരവിശ്വാസത്തിനു നിരന്തരവും സാദ്ധ്യമായ എല്ലാ തരത്തിലുമുള്ള പിൻബലം തരുന്നവരാണ്‌ ഇറ്റലിയിലെ തപാൽ വകുപ്പുകാർ.

പ്രിയപ്പെട്ട ലൂ, ഞാനിപ്പോൾ തോട്ടത്തിലെ എന്റെ ചെറിയ പുരയ്ക്കുള്ളിലാണ്‌; ഏറെ നേരത്തെ അശാന്തിയ്ക്കു ശേഷം കിട്ടുന്ന ആദ്യത്തെ സമാധാനപൂർണ്ണമായ നേരമാണിത്; ലളിതമായ ഈ മുറിയ്ക്കുള്ളിൽ ഓരോന്നും അതാതിന്റെയിടത്തു കുടി പാർക്കുന്നു, ജീവിക്കുന്നു, പകലും രാത്രിയും അതിനു മേൽ പതിക്കാൻ വിട്ടുകൊടുക്കുകയും ചെയ്യുന്നു. അത്രയധികം മഴയ്ക്കു ശേഷം പുറത്തിപ്പോൾ ഒരു വസന്തകാലത്തിന്റെ അപരാഹ്നമാണ്‌, നാളെ കണ്ടില്ലെന്നു വരാമെങ്കിലും നിത്യതയിൽ നിന്നു വരുന്നതായി ഇപ്പോൾ തോന്നുന്ന ഏതോ വസന്തത്തിന്റെ നേരങ്ങളാണ്‌: അത്ര സംയമനമാണ്‌, തിളങ്ങുന്ന വാകയിലകളും കുറ്റിയോക്കുകളുടെ എളിയ ഇലപ്പൊതികളുമിളക്കുന്ന നേർത്ത ഇളംകാറ്റിന്‌; അത്ര ആത്മവിശ്വാസമാണ്‌, ഒഴിഞ്ഞൊരിടമുണ്ടെന്നു പറയാനില്ലാത്ത മരങ്ങളിൽ ഇളംചുവപ്പു നിറമാർന്ന കുഞ്ഞുമൊട്ടുകൾക്ക്; അത്രയ്ക്കാണ്‌, ഒരു പഴയപാലത്തിന്റെ കമാനം ധ്യാനനിരതമായി നോക്കിനില്ക്കുന്ന എന്റെ ഈ പ്രശാന്തസാനുവിലെ ധൂസരവും ഇളംപച്ചനിറവുമായ നാഴ്സിസസ് പൂത്തടത്തിൽ നിന്നു പൊങ്ങുന്ന സൗരഭ്യം. എന്റെ പുരപ്പുറത്തു കെട്ടിക്കിടന്ന മഴവെള്ളത്തിന്റെ അടിമട്ടു ഞാൻ തൂത്തു മാറ്റിക്കളഞ്ഞു, വാടിയ ഓക്കിലകൾ ഒരു വശത്തേക്കു വാരി മാറ്റുകയും ചെയ്തു; ...ഏറെക്കാലത്തിനു ശേഷം ഇതാദ്യമായിട്ടാണ്‌ ഒരല്പം സ്വതന്ത്രനായ പോലെ, ഉല്ലാസവാനായ പോലെ, എന്റെ വീട്ടിലേക്കു നീ കയറിവരുന്ന പോലെ എനിക്കു തോന്നുന്നതും...ആഹ്ളാദം നല്കുന്ന ഈ അനുഭൂതിയും മാഞ്ഞുപോകാനേയുള്ളു: ആരറിഞ്ഞു, എന്റെ പുരപ്പുറത്തു പിന്നെയും വെള്ളം കോരിച്ചൊരിയാനായി അകലെ മലകൾക്കു പിന്നിൽ ഒരു മഴരാത്രി തയാറെടുക്കുകയല്ലെന്ന്, എന്റെ വഴികൾ പിന്നെയും മേഘങ്ങൾ കൊണ്ടു നിറയ്ക്കാൻ ഒരു കൊടുങ്കാറ്റുരുണ്ടുകൂടുകയല്ലെന്ന്.-

പക്ഷേ നിനക്കൊരു കത്തെഴുതാതെ ഈ നേരം കടന്നുപോകരുതെന്നു ഞാൻ കരുതി; നിനക്കു കത്തെഴുതാൻ എനിക്കു കഴിയുന്ന, നിനക്കടുത്തേക്കു വരാൻ മാത്രം എന്റെ മനസ്സു ശാന്തവും തല തെളിഞ്ഞതും ഞാൻ ഏകാകിയുമായിരിക്കുന്ന അല്പനിമിഷങ്ങൾ പാഴായിപ്പോകരുതെന്നു ഞാൻ കരുതി; കാരണം അത്രയ്ക്ക്, അത്രയ്ക്കാണെനിക്കു നിന്നോടു പറയാനുള്ളത്. പാരീസിൽ, ഡുറാൻഡ്-റുവേലിൽ വച്ച് കഴിഞ്ഞ കൊല്ലത്തെ വസന്തകാലത്ത് പൗരാണികചിത്രങ്ങളുടെ ഒരു പ്രദർശനം ഉണ്ടായിരുന്നു; ബോസ്ക്കോറിയേലിലെ ഒരു വില്ലായിൽ നിന്നുള്ള ചുമർചിത്രങ്ങൾ...ആ ചിത്രശകലങ്ങളിൽ ഏറ്റവും വലുതും അതിനാൽ അത്ര ലോലമെന്നു തോന്നുന്നതുമായ ഒന്ന് പൂർണ്ണമായും വലിയ ചേതം വരാതെയുമുണ്ടായിരുന്നു. ഗൗരവം നിറഞ്ഞതും പ്രശാന്തവുമായ ഒരു മുഖഭാവത്തോടെ ഒരു സ്ത്രീ ഇരിക്കുന്നതാണ്‌ അതിൽ ചിത്രീകരിച്ചിരുന്നത്; മന്ത്രിക്കുന്ന പോലെയും ചിന്തയിൽ മുഴുകിയ പോലെയും സംസാരിക്കുന്ന ഒരു പുരുഷൻ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണവൾ; അയാൾ സംസാരിക്കുന്നത് അവളോടെന്നപോലെ തന്നോടുമാണ്‌; അസ്തമയനേരത്തെ കടലോരങ്ങൾ പോലെ കഴിഞ്ഞുപോയ ഭാഗധേയങ്ങൾ തിളങ്ങുന്ന ഇരുണ്ട ശബ്ദമാണയാളുടേത്. ഈ മനുഷ്യൻ, എന്റെ ഓർമ്മ ശരിയാണെങ്കിൽ, അയാളുടെ കൈകൾ ഒരൂന്നുവടി മേൽ വച്ചിരുന്നു, വിദൂരദേശങ്ങളിൽ അയാൾ ഒപ്പം കൊണ്ടുപോയിരിക്കാവുന്ന ആ വടി മേൽ മടക്കിവച്ചിരുന്നു; അയാൾ സംസാരിക്കുമ്പോൾ അവ വിശ്രമിക്കുകയായിരുന്നു (തങ്ങളുടെ യജമാനൻ കഥ പറയാൻ തുടങ്ങുമ്പോൾ, അതേറെ നേരം നീണ്ടുനില്ക്കുമെന്നു കാണുമ്പോൾ മയങ്ങാൻ കിടക്കുന്ന നായ്ക്കളെപ്പോലെ-); എന്നാൽ ഈ മനുഷ്യൻ തന്റെ കഥയിൽ ഏറെ മുന്നോട്ടു പോയിരിക്കുന്നുവെങ്കിലും ഓർമ്മയുടെ എത്രയും വലിയൊരു വിസ്തൃതി (നിരപ്പായതെങ്കിലും പാത അപ്രതീക്ഷിതമായി വളവുകളെടുക്കുന്ന ഓർമ്മയുടെ വിസ്തൃതി) ഇനിയും മുന്നിലുണ്ടെന്നു തോന്നിപ്പിച്ചിരുന്നു; പക്ഷേ പ്രഥമദർശനത്തിൽ തന്നെ നിങ്ങൾക്കു മനസ്സിലാകുന്നു, അയാളാണു വന്നതെന്ന്, സ്വസ്ഥയും പ്രൗഢയുമായ ഈ സ്ത്രീയിലേക്കു യാത്ര ചെയ്തു വന്നയാൾ; ഉയരം വച്ച, വീടിന്റെ ശാന്തി നിറഞ്ഞ ഈ സ്ത്രീയിലേക്കു കയറിവന്ന അപരിചിതൻ. ആ ആഗമനത്തിന്റെ ഭാവം അപ്പോഴും അയാളിൽ ശേഷിച്ചിരുന്നു, കടലോരത്തൊരു തിരയിലെന്നപോലെ, തെളിഞ്ഞുപരന്ന ചില്ലു പോലതു പിൻവാങ്ങുകയാണെങ്കില്പോലും; കുറച്ചുകൂടി പക്വത വന്ന ഒരു സഞ്ചാരിക്കു പോലും കുടഞ്ഞുകളയാനാവാത്ത ആ തിടുക്കം അയാളിൽ നിന്നപ്പോഴും കൊഴിഞ്ഞുപോയിരുന്നില്ല; അയാളുടെ മനസ്സിന്റെ ഊന്നൽ അപ്പോഴും മാറിവരുന്നതും വിചാരിച്ചിരിക്കാത്തതുമായ സാദ്ധ്യതകളിലായിരുന്നു, അയാളുടെ കൈകളെക്കാൾ ഉത്തേജിതമായ, ഇനിയും ഉറക്കം പിടിക്കാത്ത കാലടികളിലേക്ക് ചോര ഇരച്ചുപായുകയായിരുന്നു. ഇപ്രകാരമാണ്‌ ചലനവും നിശ്ചലതയും ആ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരുന്നത്; വൈരുദ്ധ്യങ്ങളായിട്ടല്ല, ഒരന്യാപദേശമായി, സാവധാനം മുറി കൂടുന്ന ഒരു വ്രണം പോലെ അന്തിമമായൊരൈക്യമായി...മഹത്തും ലളിതവുമായ ആ ചിത്രം എനിക്കു മേൽ പിടി മുറുക്കിയ രീതി എന്റെ ഓർമ്മയിൽ എന്നുമുണ്ടാവും. അത്രയ്ക്കതൊരാലേഖനമായിരുന്നു, രണ്ടു രൂപങ്ങളേ അതിലുള്ളുവെന്നതിനാൽ; അത്രയ്ക്കതർത്ഥവത്തുമായിരുന്നു, ആ രണ്ടു രൂപങ്ങൾ തങ്ങളാൽത്തന്നെ നിറഞ്ഞിരുന്നുവെന്നതിനാൽ, തങ്ങളാൽത്തന്നെ ഭാരിച്ചതായിരുന്നുവെന്നതിനാൽ, നിരുപമമായ ഒരനിവാര്യതയാൽ ഒന്നുചേർന്നിരുന്നുവെന്നതിനാൽ. ആദ്യനിമിഷം തന്നെ ആ ചിത്രത്തിന്റെ സാരം എനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു. തികച്ചും കലുഷമായ ആ പാരീസ്‌കാലത്ത്, അനുഭവങ്ങൾ ദുഷ്കരവും വേദനാപൂർണ്ണവുമായി വലിയൊരുയരത്തിൽ നിന്നെന്നപോലെ ആത്മാവിൽ വന്നുപതിച്ചുകൊണ്ടിരുന്നപ്പോൾ, ആ മനോഹരചിത്രവുമായുള്ള സംഗമം നിർണ്ണായകമായ ഒരൂന്നൽ കൈവരിക്കുകയായിരുന്നു; ആസന്നമായതിനൊക്കെയപ്പുറം, അന്തിമമായതൊന്നിലേക്കു നോക്കാൻ എനിക്കനുമതി കിട്ടിയ പോലെയായിരുന്നു; അത്രയ്ക്കാണ്‌ ആ ചിത്രദർശനം എന്നെ സ്പർശിച്ചതും ദൃഢപ്പെടുത്തിയതും. പിന്നെയാണ്‌ പ്രിയപ്പെട്ട ലൂ, നിനക്കു കത്തെഴുതാനുള്ള ധൈര്യം വന്നുഭവിച്ചതും; എന്തെന്നാൽ എനിക്കു തോന്നി, ഏതു പാതയും, അതെത്ര വളഞ്ഞുപുളഞ്ഞതുമായിക്കോട്ടെ, സാർത്ഥകമാകും, ഒരു സ്ത്രീയിലേക്കുള്ള, സ്വസ്ഥതയിലും പക്വതയിലും കുടി കൊള്ളുന്ന, വിപുലയായ, ഗ്രീഷ്മരാത്രി പോലെന്തും- തങ്ങളെത്തന്നെ പേടിക്കുന്ന കുഞ്ഞുശബ്ദങ്ങൾ, വിളികൾ, മണിനാദങ്ങൾ- കേൾക്കാനറിയുന്ന ആ ഒരു സ്ത്രീയിലേക്കുള്ള അന്തിമമായ മടക്കത്തിലൂടെയെന്ന്:

പക്ഷേ ലൂ, എനിക്ക്, നിനക്കെങ്ങനെയോ നഷ്ടപ്പെട്ട ഈ മകന്‌, ഇനി വരാനുള്ള കുറേയേറെക്കാലത്തേക്കാവില്ല, കഥകൾ പറയുന്നവനാവാൻ, സ്വന്തം വഴി ഗണിച്ചെടുക്കുന്നവനാവാൻ, എന്റെ പൊയ്പോയ ഭാഗധേയങ്ങൾ വിവരിക്കുന്നവനാവാൻ; നീ കേൾക്കുന്നത് ഞാൻ ചുവടു വയ്ക്കുന്ന ശബ്ദം മാത്രമാണ്‌, ഇപ്പോഴുമതു തുടരുകയാണ്‌, ഇന്നതെന്നറിയാത്ത വഴികളിലൂടതു പിന്മടങ്ങുകയാണ്‌, ഏതിൽ നിന്നെന്നെനിക്കറിയില്ല, ആർക്കെങ്കിലുമടുത്തേക്കു വരികയാണോ അതെന്നുമെനിക്കറിയില്ല. എന്റെ നാവ്, ഒരിക്കലതൊരു വൻപുഴയായിക്കഴിഞ്ഞാൽ നിന്നിലേക്ക്, നിന്റെ കേൾവിയിലേക്ക്, നിന്റെ തുറന്ന ഗഹനതകളുടെ നിശബ്ദതയിലേക്കൊഴുകേണമെന്നേയെനിക്കുള്ളു- അതാണെന്റെ പ്രാർത്ഥന; പ്രബലമായ ഓരോ നേരത്തോടും, സംരക്ഷിക്കുകയും സർവതും പ്രദാനം ചെയ്യുകയും ചെയ്യുന്ന ഓരോ ഉത്കണ്ഠയോടും അഭിലാഷത്തോടും ആഹ്ളാദത്തോടും ആ പ്രാർത്ഥന ഞാൻ ആവർത്തിക്കുന്നു. ഇപ്പോൾപ്പോലും അപ്രധാനമാണെന്റെ ജീവിതമെങ്കിലും, കളകൾ കോയ്മ നേടിയ, പരിപാലനമില്ലാത്ത തൈകൾക്കിടയിൽ കിളികൾ കൊത്തിപ്പെറുക്കുന്ന ഉഴാത്ത പാടം പോലെയാണതെന്നു പലപ്പോഴും പലപ്പോഴുമെനിക്കു തോന്നാറുണ്ടെങ്കിലും,- നിന്നോടു പറയാനാവുമ്പോഴേ എനിക്കതുള്ളു, നീയതു കേൾക്കുമ്പോഴേ എനിക്കതുള്ളു!

Rilke_Signature


 

Saturday, March 21, 2015

പ്രണയലേഖനങ്ങൾ (41) - റിൽക്കെ

 

rilke (4)


ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

മ്യൂണിച്ച്, 1897 ജൂൺ 7

രണ്ടാഴ്ച മുമ്പ് യക്ഷിക്കഥ പോലെ മനോഹരമായ ഒരു പ്രഭാതത്തിൽ നിന്ന് ഞാൻ വീട്ടിലേക്കു കൊണ്ടുവന്ന കാട്ടുപൂക്കൾ അതില്പിന്നെ മൃദുലമായ രണ്ടു ബ്ളോട്ടിംഗ് പേപ്പറുകൾക്കിടയിൽ സുഖം പറ്റിയിരിക്കുകയായിരുന്നു. ഇന്നു പക്ഷേ, ഞാനവരെ നോക്കുമ്പോൾ ധന്യമായൊരോർമ്മയായി അവരെന്നെ നോക്കി മന്ദഹസിക്കുന്നു, അന്നെന്നപോലൊരു സന്തുഷ്ടഭാവം അവർ മുഖത്തു വരുത്തുകയും ചെയ്യുന്നു.
***

അനർഘമെന്നു പറയുന്ന നേരങ്ങളിലൊന്നായിരുന്നു അത്. ചുറ്റിനും നിബിഡപുഷ്പങ്ങൾ വിടര്‍ന്നുനില്ക്കുന്ന തുരുത്തുകൾ പോലെയാണ്‌ ആ തരം നേരങ്ങൾ. തിരകൾ പുറത്തു കിടന്നു നിശ്വസിക്കുന്നതേയുള്ളു; ഭൂതകാലത്തിൽ നിന്നൊരു യാനവും കടവടുക്കുന്നില്ല, ഭാവിയിലേക്കു പോകാനായൊന്നും കാത്തുകിടക്കുന്നുമില്ല.
***

ദൈനന്ദിനജീവിതത്തിലേക്കുള്ള അനിവാര്യമായ മടക്കം ആ നേരങ്ങളെ ബാധിക്കുന്നതേയില്ല. മറ്റെല്ലാ നേരങ്ങളിൽ നിന്നും വേർപെട്ടവയാണവ; ഉന്നതമായ മറ്റൊരസ്തിത്വത്തിന്റെ നേരങ്ങളാണവ.

***

തുരുത്തു പോലെ ഇമ്മാതിരി ഒരുന്നതാസ്തിത്വം, എനിക്കു തോന്നുന്നു, ചുരുക്കം പേർക്കു മാത്രം പറഞ്ഞിട്ടുള്ള സവിശേഷഭാവിയാണെന്ന്.-

ഒരു ധന്യതയുടെ മണിനാദം മുഴങ്ങുന്നു,
അകലെ നിന്നതു വിടർന്നെത്തുന്നു,
എന്റെയേകാന്തതയെ വന്നു പൊതിയുന്നു,
പൊന്നു കൊണ്ടൊരു കടകം പോലെ
എന്റെ സ്വപ്നത്തെ വലയം ചെയ്യാനൊരുങ്ങുന്നു.

ഹിമക്കട്ടകൾ കണ്ടു പേടിച്ചതും
ഹിമാനികൾ കൊണ്ടു വിഷാദിച്ചതുമാ-
ണെന്റെ ദരിദ്രമായ ചെറുജീവിതമെങ്കിലും
ഒരു പുണ്യകാലമതിനു സമ്മാനിക്കുമല്ലോ,
ഒരു ധന്യവസന്തം...

ഞാനിപ്പോൾ ഡോർഫെനിൽ ആയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു. ഈ നഗരം എല്ലാ തരം ഒച്ചകളും കൊണ്ടു നിറഞ്ഞതാണ്‌, എനിക്കു തീർത്തും അന്യവുമാണത്. ഉൾവളർച്ചയുടെ അതിപ്രധാനകാലത്ത് അന്യമായതൊന്നും അതിനു വിഘാതമായി വരരുത്.-

അനേകവർഷങ്ങൾ കഴിഞ്ഞൊരു നാളായിരിക്കും നിങ്ങൾ എനിക്കാരാണെന്ന് നിങ്ങൾക്കു ശരിക്കും പിടി കിട്ടുക.

ദാഹം കൊണ്ടു മരിക്കാൻ പോകുന്നൊരാൾക്ക് കാട്ടുറവയെന്താണോ, അത്.

ആരുടെ പ്രാണനാണോ അതു രക്ഷിച്ചത്, നീതിമാനും മതിയാം വിധം കൃതജ്ഞനുമാണയാളെങ്കിൽ അതിന്റെ തെളിമയാവോളം മോന്തി സ്വയം തണുക്കുകയും കരുത്തു നേടുകയും ചെയ്തിട്ട് പുതിയ സൂര്യവെളിച്ചത്തിലേക്കയാൾ നടക്കില്ല. ഇല്ല: ആ അഭയത്തിൽ അയാളൊരു കുടിലു പണിയും, അതു പാടുന്നതു കേൾക്കാനും പാകത്തിലത്രയടുത്തയാൾ പണിയും, തന്റെ കണ്ണുകൾ വെയിലേറ്റു തളരുകയും സമൃദ്ധികളും തെളിമയും കൊണ്ടു ഹൃദയം കവിയുകയും ചെയ്യുന്നത്ര നേരം ആ പൂവിട്ട പുൽത്തട്ടിൽ അയാൾ കഴിയും. ഞാൻ കുടിലുകൾ പണിയും- അവിടെക്കഴിയും.

എന്റെ തെളിഞ്ഞയുറവേ! എനിക്കു നിന്നോടെന്തുമാത്രം കൃതജ്ഞനാവണമെന്നോ! ഒരു പൂവും പ്രകാശവും ഒരു സൂര്യനും എനിക്കു കാണേണ്ട- നിന്നിലല്ലാതെ. നിന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ എത്രയധികം മനോഹരവും യക്ഷിക്കഥ പോലെയുമാകുന്നു സർവതും: നിന്റെ വിളുമ്പത്തു നില്ക്കുന്ന ആ പൂവ്, നരച്ച പായലിൽ ഒറ്റയ്ക്കു തണുത്തു വിറച്ചും ജീവച്ഛവം പോലെയും നിന്നത് (നീയില്ലാതെ വസ്തുക്കളെ നോക്കിയിരുന്നപ്പോൾ അങ്ങനെയാണു ഞാനതിനെ കണ്ടത്), നിന്റെ കാരുണ്യത്തിന്റെ കണ്ണാടിയിൽ അതിനു തിളക്കം കിട്ടുന്നു, അതിനനക്കം വയ്ക്കുന്നു, നിന്റെ ഗഹനതകളിൽ ചെന്നു തട്ടി പ്രതിഫലിക്കുന്ന ആകാശത്തോളം അതിന്റെ കുഞ്ഞുതല ചെന്നു തൊടുകയും ചെയ്യുന്നു. പൊടി പിടിച്ചും ചെത്തിമിനുക്കാതെയും നിന്റെ വേലിയ്ക്കലെത്തുന്ന വെയില്ക്കതിരാവട്ടെ, തെളിച്ചം വച്ചും ഒരായിരം മടങ്ങായി പെരുകിയും തേജോമയമായ നിന്റെയാത്മാവിന്റെ തിരകളിൽ ഉജ്ജ്വലദീപ്തിയാവുകയും ചെയ്യുന്നു. എന്റെ തെളിഞ്ഞ ഉറവേ, എനിക്കു ലോകത്തെ നിന്നിലൂടെ കാണണം; എന്തെന്നാൽ അപ്പോൾ ഞാൻ കാണുന്നതു ലോകത്തെയായിരിക്കില്ല, എപ്പോഴും നിന്നെ, നിന്നെ, നിന്നെ മാത്രമായിരിക്കും!

എന്റെ പെരുന്നാളാണു നീ. സ്വപ്നത്തിൽ നിനക്കടുത്തേക്കു നടക്കുമ്പോൾ എന്റെ മുടിയിലെപ്പോഴും പൂക്കളുണ്ടാവുകയും ചെയ്യും.
***

നിന്റെ മുടിയിൽ എനിക്കു പൂക്കളണിയിക്കണം. പക്ഷേ എന്തുതരം പൂക്കൾ? മതിയായ ലാളിത്യമുള്ളതൊന്നുമില്ല. ഏതു മേയ്‌മാസത്തിൽ നിന്നു ഞാനതു പറിച്ചെടുക്കാൻ? എനിക്കിപ്പോൾ ബോദ്ധ്യമാണു പക്ഷേ, നിന്റെ ശിരസ്സിലെപ്പോഴുമുണ്ടാവും ഒരു പുഷ്പചക്രമെന്ന്...അല്ലെങ്കിലൊരു കിരീടമെന്ന്. അങ്ങനെയല്ലാതെ നിന്നെ ഞാൻ കണ്ടിട്ടേയില്ല.

നിന്നെ കാണുമ്പോഴൊക്കെയും നിന്നോടു പ്രാർത്ഥിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്റെ ശബ്ദം കേൾക്കുമ്പോഴൊക്കെയും നിന്നിലെനിക്കു വിശ്വാസമർപ്പിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്നോടഭിലാഷം തോന്നിയപ്പോഴൊക്കെയും നിനക്കായി യാതന അനുഭവിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്നോടു തൃഷ്ണ തോന്നിയപ്പോഴൊക്കെയും നിന്റെ മുന്നിൽ മുട്ടു കുത്താനായെങ്കിൽ എന്നെനിക്കു തോന്നാതിരുന്നിട്ടില്ല.

നിന്റേതാണു ഞാൻ, തീർത്ഥാടകന്‌ ഊന്നുവടി പോലെ- നിനക്കു ഞാൻ താങ്ങാവുന്നില്ലെന്നു മാത്രം. നിന്റേതാണു ഞാൻ, റാണിയ്ക്കു ചെങ്കോലു പോലെ- നിനക്കു ഞാൻ അലങ്കാരമാവുന്നില്ലെന്നു മാത്രം. നിന്റേതാണു ഞാൻ, രാത്രിക്കതിന്റെ അന്ത്യയാമത്തിലെ കുഞ്ഞുനക്ഷത്രം പോലെ- രാത്രിക്കതിനെക്കുറിച്ചു ബോധമില്ലെങ്കിൽക്കൂടി, അതിന്റെ നനുത്ത തിളക്കത്തെക്കുറിച്ചറിവില്ലെങ്കിൽക്കൂടി.

റെനെ


 

Thursday, March 19, 2015

പ്രണയലേഖനങ്ങൾ (40)- റിൽക്കെ

indexrilke2



ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്


1897 മേയ് 13

...നിങ്ങളോടൊപ്പം ഞാൻ പങ്കിട്ട ആദ്യത്തെ സന്ധ്യനേരമായിരുന്നില്ല ഇന്നലത്തേത്. എന്റെ ഓർമ്മയിൽ മറ്റൊന്നുണ്ട്, നിങ്ങളുടെ കണ്ണുകളിലേക്കു നോക്കാൻ എനിക്കാഗ്രഹം ജനിപ്പിച്ച മറ്റൊരു സന്ധ്യ. ഹേമന്തമായിരുന്നു; വസന്തകാലമായിരുന്നെങ്കിൽ ഒരായിരം വിദൂരദേശങ്ങളിലേക്കു കാറ്റടിച്ചുപറത്തുമായിരുന്ന എല്ലാ ചിന്തകളും കാംക്ഷകളും എന്റെ ഇടുങ്ങിയ വായനമുറിയിലും എന്റെ നിശബ്ദമായ ജോലിയിലും തൂന്നുകൂടിയിരുന്നു. അപ്പോഴാണ്‌ ഡോ. കോൺറാഡിൽ നിന്ന് എനിക്കൊരുപഹാരം കിട്ടുന്നത്: ന്യൂ ജർമ്മൻ റിവ്യൂവിന്റെ 1896 ഏപ്രിലിന്റെ ലക്കം. അതിൽ ‘ജൂതനായ യേശു’ എന്ന തലക്കെട്ടിൽ ഒരു ലേഖനമുള്ളതിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു കത്തുമുണ്ടായിരുന്നു. എന്തുകൊണ്ട്? എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങൾ’ എന്ന കവിതയുടെ ചില ഭാഗങ്ങൾ അടുത്ത കാലത്ത് അദ്ദേഹം വായിച്ചിട്ടുണ്ടായിരുന്നു; പ്രജ്ഞാസമ്പന്നമായ നിങ്ങളുടെ ആ പ്രബന്ധത്തിൽ എനിക്കു താല്പര്യമുണ്ടാവുമെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിനു തെറ്റി. ആ വെളിപാടിലേക്ക് എന്നെ ആഴത്തിലാഴത്തിൽ വലിച്ചിറക്കിക്കൊണ്ടുപോയത് താല്പര്യമായിരുന്നില്ല; ആത്മാർത്ഥമായ ഒരു സഹാനുഭൂതി  ആ ഭവ്യമായ പാതയിലൂടെ എനിക്കു വഴി കാട്ടിക്കൊണ്ട് മുന്നിൽ നടക്കുകയായിരുന്നു-എന്റെ ദർശനങ്ങൾ സ്വപ്നസമാനമായ ഇതിഹാസങ്ങൾ വഴി അവതരിപ്പിക്കുന്നത് മതപരമായ ബോദ്ധ്യത്തിന്റെ വിപുലബലത്തോടെ, അത്രയും സുതാര്യമായ വാക്കുകളിൽ നിങ്ങൾ ആവിഷ്കരിക്കുന്നതു കണ്ടപ്പോൾ എന്റെ ആഹ്ളാദത്തിന്‌ അതിരുണ്ടായില്ല.

നോക്കൂ, നിങ്ങളുടെയാ ആ നിർദ്ദയമായ കാർശ്യത്തിലൂടെ, വാക്കുകളുടെ വിട്ടുവീഴ്ചയില്ലാത്ത കരുത്തിലൂടെ എന്റെ കൃതി ഒരനുഗ്രഹം, ഒരനുമതി നേടുകയാണെന്ന് എനിക്കു തോന്നിപ്പോയി. കൂറ്റൻ സ്വപ്നങ്ങൾ അവയുടെ എല്ലാ നന്മതിന്മകളോടെയും ഫലിക്കുന്ന ഒരാളായി ഞാൻ മാറി. എന്തെന്നാൽ, സ്വപ്നത്തിനു യാഥാർത്ഥ്യം പോലെയും ആഗ്രഹത്തിനു സാഫല്യം പോലെയുമായിരുന്നു, എന്റെ കവിതകൾക്ക് നിങ്ങളുടെ ലേഖനം.

അപ്പോൾ എന്തൊക്കെ വികാരങ്ങളോടെയാണ്‌ ഇന്നലത്തെ ആ സായാഹ്നത്തെ ഞാൻ പ്രതീക്ഷിച്ചിരുന്നതെന്ന് നിങ്ങൾക്കു ഭാവന ചെയ്യാൻ പറ്റുമോ? ഇതൊക്കെ വേണമെങ്കിൽ ഇന്നലെ സംസാരത്തിനിടെ എനിക്കു പറയാമായിരുന്നു- ഒരു കപ്പു ചായ കുടിച്ചുകൊണ്ട്, യദൃച്ഛയാ എന്ന പോലെ, ആദരവു നിറഞ്ഞതും ഉള്ളിൽ തട്ടിയതുമായ ചില വാക്കുകൾ തിരഞ്ഞെടുത്തുകൊണ്ട്. പക്ഷേ എന്റെ മനസ്സിലുണ്ടായിരുന്നതുമായി ഒരു ബന്ധവും അതിനുണ്ടായെന്നു വരില്ല. ആ സന്ധ്യനേരത്ത് നിങ്ങളോടൊപ്പം ഞാൻ ഒറ്റയ്ക്കായിരുന്നു; എനിക്കു നിങ്ങളോടൊപ്പം ഒറ്റയ്ക്കാവുകയും വേണ്ടിയിരുന്നു- അത്രയും വലിയ ഒരനുഗ്രഹം കിട്ടിയതിന്റെ നന്ദിസൂചകമായി എന്റെ മനസ്സു നിറഞ്ഞു തുളുമ്പുകയായിരുന്നതിനാൽ.

എനിക്കെപ്പോഴും തോന്നാറുണ്ട്: ഒരാൾ മറ്റൊരാളോട് സവിശേഷമായ എന്തിനെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കിൽ ആ കടപ്പാട് അവർക്കിടയിൽ മാത്രമുള്ള ഒരു രഹസ്യമായി ശേഷിക്കണമെന്ന്.

എന്നെങ്കിലുമൊരിക്കൽ എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങ’ളുടെ ഏതെങ്കിലും ഒരു ഭാഗം നിങ്ങളെ വായിച്ചുകേൾപ്പിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടിയെന്നു വരാം; അതിലും വലുതായൊരാഹ്ളാദം എനിക്കു കിട്ടാനില്ല.

പക്ഷേ ഇതൊക്കെ പണ്ടേ മനസ്സിൽ സൂക്ഷിക്കുന്ന, പഴയൊരു നന്ദിയുടെ വാക്കുകളാണ്‌; ഇപ്പോൾ അവ പുറത്തു പറയാൻ അനുവാദം കിട്ടിയത്
ഒരു ബഹുമതിയായി കണക്കാക്കുന്നു,
നിങ്ങളുടെ,
റെനെ മരിയ റിൽക്കെ


റിൽക്കെ ലൂ അന്ദ്രിയാസ് സാലോമിയെ ആദ്യമായി കാണുന്നത് 1897 മേയ് 12നാണ്‌. അന്ന് റിൽക്കെയ്ക്ക് 21 വയസ്സായിരുന്നു; അവർക്ക് മുപ്പത്താറും. എഴുതിത്തുടങ്ങിയ ഒരു കവിയ്ക്ക് ലബ്ധപ്രതിഷ്ഠ നേടിയ, ജീവിതത്തിലും വിപുലമായ യാത്രകളിലും നിന്ന് അനുഭവങ്ങൾ സഞ്ചയിച്ച മുതിർന്ന ഒരെഴുത്തുകാരിയോടുള്ള ആരാധനയാണ്‌ ആദ്യത്തെ ഈ കത്തിൽ മുന്നിട്ടു നില്ക്കുന്നതെങ്കിലും പിന്നീടതു പ്രണയമായി വളരുകയായിരുന്നു.


 

Tuesday, March 17, 2015

പ്രണയലേഖനങ്ങൾ (39)- നാദിയ മാൻഡെൽസ്റ്റാം

nadia mandelstam


ഓസിപ് മാൻഡെൽസ്റ്റാമിന്‌

1938 ഒക്ടോബർ 22

ഓസിയാ, എന്റെ പ്രിയനേ, അകലെയായ വശ്യഹൃദയമേ!

നിനക്കൊരിക്കലും വായിക്കാൻ പറ്റിയില്ലെന്നു വരാവുന്ന ഈ കത്തെഴുതാൻ എനിക്കു വാക്കുകളില്ല, പ്രിയപ്പെട്ടവനേ. ശൂന്യതയിലാണു ഞാൻ ഇതെഴുതുന്നതെന്നു തോന്നിപ്പോകുന്നു. ഇനിയഥവാ, നീ മടങ്ങിവന്നുവെന്നും എന്നെ ഇവിടെ കണ്ടില്ലെന്നും വരാം. എങ്കിൽ എന്നെ ഓർമ്മിക്കാൻ നിനക്കിതു മാത്രമേ ബാക്കിയാവൂ എന്നും വരാം.

ഓസിയാ, കുട്ടികളെപ്പോലെ ഒരുമിച്ചു ജീവിക്കുമ്പോൾ നമുക്കെന്തു സന്തോഷമായിരുന്നു- നമ്മുടെ ശണ്ഠകളും വാക്കുതർക്കങ്ങളും, നാം കളിച്ച കളികൾ, പിന്നെ നമ്മുടെ പ്രേമവും. ഇപ്പോൾ ഞാൻ ആകാശത്തു നോക്കുക പോലും ചെയ്യാറില്ല. ഒരു മേഘം കണ്ടാൽ ഞാനതാരെ വിളിച്ചു കാണിച്ചുകൊടുക്കാൻ?

നാടോടികളെപ്പോലെ തമ്പടിച്ചു കൂടിയിരുന്നിടങ്ങളിലൊക്കെ നമ്മുടെ ദരിദ്രമായ വിരുന്നുകളൊരുക്കാൻ നാം ഉത്സാഹിച്ചിരുന്നതോർക്കുന്നുണ്ടോ? ദിവ്യാത്ഭുതം പോലെ വീണുകിട്ടിയ റൊട്ടിയുടെ സ്വാദും അതു നാം ഒരുമിച്ചിരുന്നു കഴിച്ചതും ഓർമ്മയുണ്ടോ? പിന്നെ വൊറോണേഷിലെ നമ്മുടെ അവസാനത്തെ മഞ്ഞുകാലവും. നമ്മുടെ സന്തുഷ്ടമായ ദാരിദ്ര്യം, നീ എഴുതിയിരുന്ന കവിതയും. ഒരിക്കൽ നാം കുളിക്കാൻ പോയിട്ടു തിരിയെ വരുന്നതു ഞാനോർക്കുന്നു; മുട്ടയോ സോസേജോ വാങ്ങി നാം കൈയിൽ പിടിച്ചിരുന്നു; വൈക്കോൽ കയറ്റിയ ഒരു വണ്ടി നമ്മെക്കടന്നുപോയി. നല്ല തണുപ്പുണ്ടായിരുന്നു; ഇറക്കം കുറഞ്ഞ ജാക്കറ്റുമിട്ട് ഞാൻ കിടുങ്ങിവിറയ്ക്കുകയായിരുന്നു(പക്ഷേ ഇപ്പോൾ നാം അനുഭവിക്കുന്നതുപോലെയൊന്നുമല്ല: നീ തണുത്തുവിറയ്ക്കുകയായിരിക്കും എന്നെനിക്കറിയാം). ആ ദിവസം ഇപ്പോൾ എന്നിലേക്കു തിരിച്ചു വരുന്നു. അത്രയൊക്കെ വൈഷമ്യങ്ങളുണ്ടായിരുന്ന ആ മഞ്ഞുകാലദിനങ്ങളാണ്‌ ജീവിതത്തിൽ നമുക്കനുവദിച്ചു കിട്ടിയ ഏറ്റവും മഹത്തായതും ഏറ്റവും അവസാനത്തേതുമായ സന്തോഷമെന്ന് എനിക്കിപ്പോൾ വ്യക്തമായി മനസ്സിലാകുന്നു, അതിന്റെ വേദന എന്നെ നീറ്റുകയും ചെയ്യുന്നു.

എന്റെ ഓരോ ചിന്തയും നിന്നെക്കുറിച്ചു തന്നെയാണ്‌. എന്റെ ഓരോ കണ്ണീരും ഓരോ പുഞ്ചിരിയും നിനക്കുള്ളതാണ്‌. നാമൊരുമിച്ചു ജീവിച്ച കയ്ക്കുന്ന ജീവിതത്തിന്റെ ഓരോ ദിവസവും ഓരോ മണിക്കൂറും ധന്യത നിറഞ്ഞതാണെനിക്ക്, എന്റെ ഓമനേ, എന്റെ ചങ്ങാതീ, എന്റെ ജീവിതത്തിലെ അന്ധനായ വഴികാട്ടീ!

കണ്ണു വിരിയാത്ത രണ്ടു നായ്ക്കുട്ടികളെപ്പോലെയായിരുന്നു നാം; അന്യോന്യം മൂക്കുരുമ്മി, സുഖം പറ്റി നാം കഴിഞ്ഞു. നിന്റെ പാവം തലയ്ക്കുള്ളിൽ അന്നെന്തു ചൂടായിരുന്നു, നമ്മുടെ ജീവിതത്തിന്റെ നാളുകൾ ഉന്മാദികളെപ്പോലെയാണു നാം തുലച്ചുകളഞ്ഞതും. അതെന്തൊരാനന്ദമായിരുന്നു, അതെന്തൊരാനന്ദമായിരുന്നുവെന്ന് നാമൊരിക്കലും മറന്നതുമില്ല.

ജീവിതം എത്ര കാലവും ദീർഘിക്കട്ടെ. ഒറ്റയ്ക്കു മരിക്കേണ്ടി വന്നാൽ അതു നാമോരുത്തർക്കും എത്ര കഠിനവും ദീർഘവുമായിരിക്കും. ഒരിക്കലും വേർപെടാത്ത നമുക്ക് ഈ വിധി വരാമോ? കുട്ടികളും നായ്ക്കുട്ടികളുമായിരുന്ന നാം ഇതർഹിക്കുന്നുണ്ടോ? നീ ഇതർഹിക്കുന്നുണ്ടോ, എന്റെ മാലാഖേ? എല്ലാം മുമ്പെന്ന പോലെ മുന്നോട്ടു പോകുന്നു. എനിക്കു യാതൊന്നുമറിയില്ല. എന്നാൽ എനിക്കെല്ലാം അറിയുകയും ചെയ്യാം- നിന്റെ ജീവിതത്തിലെ ഓരോ ദിവസവും ഓരോ മണിക്കൂറും ജ്വരവിഭ്രാന്തിയിലെന്നപോലെ എനിക്കു തെളിഞ്ഞുകാണാം.

എന്നും രാത്രിയിൽ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ നീ എനിക്കടുത്തു വരുന്നു; എന്തു സംഭവിച്ചുവെന്നു ഞാൻ എടുത്തെടുത്തു ചോദിച്ചിട്ടും നീ ഒരു മറുപടിയും പറയുന്നില്ല.

ഒടുവിൽ കണ്ട സ്വപ്നത്തിൽ ഞാൻ നിനക്കു വേണ്ടി ഏതോ വൃത്തികെട്ട ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങുകയായിരുന്നു. ചുറ്റും എനിക്കു തീരെ പരിചയമില്ലാത്തവരായിരുന്നു. വാങ്ങിക്കഴിയുമ്പോഴാണ്‌ എനിക്കു ബോദ്ധ്യമായത്, നീ എവിടെയാണെന്നറിയാത്തതിനാൽ എങ്ങനെയാണു നിനക്കതെത്തിക്കുക എന്നെനിക്കറിയില്ല എന്ന്.

ഉണർന്നപ്പോൾ ഞാൻ ഷൂരായോടു പറഞ്ഞു: ‘ഓസിയ മരിച്ചു.’ നീ ഇപ്പോഴും ജീവനോടുണ്ടോയെന്ന് എനിക്കറിയില്ല. എന്നാൽ ആ സ്വപ്നം കണ്ടതിൽ പിന്നെ നിന്റെ കാല്പാടുകൾ എനിക്കു കാണാതെയായി. നീ എവിടെയാണെന്ന് എനിക്കറിയില്ല. ഞാൻ പറയുന്നതു നിനക്കു കേൾക്കാമോ? എനിക്കു നിന്നെ എന്തു സ്നേഹമാണെന്നു നിനക്കറിയാമോ? എനിക്കു നിന്നോടെന്തു സ്നേഹമാണെന്നു പറഞ്ഞറിയിക്കാൻ എനിക്കു കഴിയില്ല. ഇപ്പോഴും എനിക്കതു കഴിയില്ല. ഞാൻ ഈ പറയുന്നതു നിന്നോടാണ്‌, നിന്നോടു മാത്രമാണ്‌. നീ എന്നും എന്നോടൊപ്പമുണ്ട്; ഒട്ടും അടക്കമില്ലാത്ത, എന്നും കോപക്കാരിയായ, നിഷ്കളങ്കമായ കണ്ണീരൊഴുക്കി പരിചയമില്ലാത്ത ഞാൻ - ഞാനിന്നു കരഞ്ഞു കരഞ്ഞു കരഞ്ഞിരിക്കുന്നു.

ഇതു ഞാനാണ്‌: നാദിയ. നീയെവിടെയാണ്‌?

വിട.

നാദിയ


Osip_Mandelstam_Russian_writer

ഓസിപ് എമിലിയേവിച്ച് മാൻഡെൽസ്റ്റാം (1891-1938) സ്റ്റാലിൻ ഭരണകാലത്തെ അടിച്ചമർത്തലിനു വിധേയനായ റഷ്യൻ കവിയും ലേഖകനുമായിരുന്നു. 1934ൽ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ഭാര്യ നദേഷ്ദയോടൊപ്പം വടക്കൻ യുറാലിലേക്കു നാടു കടത്തി. പിന്നീട് ബുഖാറിൻ ഇടപെട്ടതിനെത്തുടർന്ന് വലിയ നഗരങ്ങളൊഴികെ മറ്റെവിടെയെങ്കിലും താമസമാക്കാൻ അനുമതി കിട്ടി. അവർ തിരഞ്ഞെടുത്തത് വെറോണേഷ് ആയിരുന്നു. 1937ൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്ത് വ്ളാദിവൊസ്റ്റോക്കിലേക്കയച്ചു. അവിടെ വച്ച് ഹൃദ്രോഗം ബാധിച്ച് അദ്ദേഹം മരിച്ചു എന്നാണ്‌ ഔദ്യോഗികമായ വിശദീകരണം. നദേഷ്ദയാണ്‌ പിന്നീട് അദ്ദേഹത്തിന്റെ അപ്രകാശിതരചനകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചത്.


 

Monday, March 16, 2015

പ്രണയലേഖനങ്ങൾ (38)-ഷിഗേനാരി പ്രഭ്വി

7420129822_8738e098c6_o


രണ്ടു വഴിയാത്രക്കാർ ‘ഒരേ മരത്തിനടിയിൽ അഭയം തേടുമ്പോൾ, ഒരേ പുഴയിൽ നിന്നു ദാഹം തീർക്കുമ്പോൾ’ ഏതോ പൂർവ്വജന്മത്തിന്റെ കർമ്മഫലമാണതെന്ന് എനിക്കറിയാം. ഒരുമിച്ചു ജീവിക്കാനും ഒരുമിച്ചു വയസ്സാകാനും നിശ്ചയിക്കപ്പെട്ട ഭാര്യയും ഭർത്താവുമായി ഒരേ തലയിണ നാം പങ്കു വയ്ക്കാൻ തുടങ്ങിയിട്ടു കുറേ വർഷങ്ങളായിരിക്കുന്നു; സ്വന്തം നിഴലെന്ന പോലെ ഞാൻ അങ്ങയിൽ പറ്റിച്ചേർന്നിരുന്നു. എന്റെ വിശ്വാസം ഇതായിരുന്നു; നമ്മെക്കുറിച്ച് അങ്ങയുടെ വിചാരവും ഇതു തന്നെയാണെന്നു കരുതട്ടെ.

അങ്ങു നിശ്ചയിച്ചിറങ്ങിയ അവസാനത്തെ ദൗത്യത്തെക്കുറിച്ചു ഞാനിന്നു കേട്ടു; ആ ഉജ്ജ്വലമുഹൂർത്തത്തിൽ പങ്കാളിയാവാൻ എനിക്കു കഴിയില്ലെങ്കിലും അതിനെക്കുറിച്ചറിഞ്ഞു എന്നതുകൊണ്ടു തന്നെ ഞാൻ ആനന്ദിക്കട്ടെ. ചൈനയിലെ സേനാനായകനായ ഹ്സിയാങ്ങ് യൂ (ധീരനായ പോരാളിയാണദ്ദേഹമെങ്കിലും) തന്റെ അവസാനത്തെ യുദ്ധത്തിന്റെ തലേന്ന് ഭാര്യയെ പിരിയുന്നതിൽ വല്ലാതെ ദുഃഖിച്ചുവത്രെ; നമ്മുടെ നാട്ടിൽ യൊഷിനാക്കയും ഭാര്യയെ വിട്ടുപോകുമ്പോൾ വിലപിച്ചിരുന്നു. ഈ ലോകത്ത് ഒരുമിച്ചൊരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ ഞാനിപ്പോൾ കൈവിട്ടു കഴിഞ്ഞു. (അവരുടെ മാതൃക മനസ്സിൽ വച്ചുകൊണ്ട്) അങ്ങയ്ക്കു പ്രാണനുള്ളപ്പോൾ അവസാനത്തെ ചുവടു വയ്ക്കാൻ ഞാൻ നിശ്ചയിച്ചുറപ്പിച്ചും കഴിഞ്ഞു. മരണത്തിലേക്കുള്ള പാതയുടെ ഒടുവിൽ അങ്ങയെ പ്രതീക്ഷിച്ചു ഞാൻ നില്പുണ്ടാവും.

നമ്മുടെ പ്രഭുവായ ഹിദേയോരി ഇത്രയും വർഷങ്ങളായി നമുക്കു മേൽ ചൊരിഞ്ഞ ദാക്ഷിണ്യത്തെ ഒരിക്കലും, ഒരിക്കലും അങ്ങു മറക്കരുതേ; കടലിനെക്കാൾ ആഴമുള്ളതും മലകളെക്കാൾ ഉയരമുള്ളതുമാണത്...


പതിനാറാം നൂറ്റാണ്ടിൽ ജപ്പാനിൽ ജീവിച്ചിരുന്ന കിമുര ഷിഗേനാരി എന്ന സമുരായിക്ക് അദ്ദേഹത്തിന്റെ ഭാര്യ അയച്ച കത്ത്. മരണം നിശ്ചയമാണെന്നറിഞ്ഞുകൊണ്ടു തന്നെ അവസാനത്തെ യുദ്ധത്തിനു പോയ ഭർത്താവിനെ ഹരകിരി എന്ന ആത്മഹത്യയിലൂടെ അവരും അനുഗമിക്കുന്നു.


പ്രണയലേഖനങ്ങൾ (37)- പസോലീനി

Pasolini


കാസര്സ,1948 സെപ്തംബർ

പ്രിയപ്പെട്ട ഫ്രാങ്കോ,

എന്തൊരാശ്വാസവും എന്തു തരം സന്തോഷവുമാണു നീ നിന്റെ കത്തിലൂടെ എനിക്കു നല്കിയതെന്നു പറഞ്ഞാൽ നിനക്കതു മനസ്സിലാവില്ല. സ്വന്തം രോഗത്തെക്കുറിച്ചു നീയെനിക്കു മുന്നറിയിപ്പു തന്ന ആ കത്തിനൊരു മറുപടി എഴുതാൻ ഒരായിരം വട്ടം ഒരുങ്ങിയെങ്കിലും എനിക്കതു കഴിഞ്ഞില്ല; ഭീരുത്വം കൊണ്ടല്ല, സ്വാർത്ഥത കൊണ്ട്. ഇനി എനിക്കതിൽ സന്തോഷമുണ്ടായതു കൊണ്ടുമാവാം, ആരറിഞ്ഞു? ഇപ്പോൾ, ഒരു സാദ്ധ്യതയെന്ന നിലയിലെങ്കിലും, സ്വസ്ഥതയും ജീവിതവും നിന്റേതാണെന്നിരിക്കെ, എനിക്കു നിന്നെ തുല്യനായി പരിഗണിക്കാമെന്നായിരിക്കുന്നു, എത്ര ഭ്രാന്തമായിട്ടാണെങ്കിലും നിനക്കു മറുപടിയുമെഴുതാം. ഒന്നാമതായി എനിക്കു പറയാനുള്ളതിതാണ്‌: മുമ്പൊരിക്കലുമില്ലാത്ത മാതിരി എനിക്കു നിന്നോടു സൗഹൃദം തോന്നുന്നു, നിന്നെ കാണാൻ ഞാൻ വല്ലാതെ കൊതിക്കുന്നു...

കൗമാരത്തിലെയും ചെറുപ്പത്തിന്റെ തുടക്കത്തിലെയും ഭയാനകമായ ചില (ലൈംഗിക)തൃഷ്ണകൾക്കു നിവൃത്തി കണ്ടതിന്റെയും പ്രതിസന്ധികൾ തരണം ചെയ്തതിന്റെയും പേരിൽ താൻ വിവേകിയായി എന്നു നമുക്കു തോന്നുന്ന ആ ജീവിതകാലഘട്ടത്തിന്റെ അന്ത്യത്തിലാണ്‌ ഞാനിപ്പോൾ. വ്യാമോഹങ്ങൾക്കും തൃഷ്ണകൾക്കും ഒരിക്കല്ക്കൂടി സ്വയം വിട്ടുകൊടുക്കാൻ ശ്രമിച്ചാലോ എന്നെനിക്കിപ്പോൾ തോന്നുന്നു. സത്യമായും ഒരു കൊച്ചു വിയോണോ കൊച്ചു റിംബോയോ ആണു ഞാൻ. ഈ മാനസികാവസ്ഥയിൽ, ഒരു കൂട്ടുകാരനെ കിട്ടിയാൽ വേണമെങ്കിൽ ഞാൻ ഗ്വാട്ടിമാലയിലോ പാരീസിലോ വരെ പോകാം.

എന്നിലെ സ്വവർഗ്ഗാനുരാഗി എന്റെ ബോധത്തിനുള്ളിലേക്കും എന്റെ ശീലങ്ങളിലേക്കും കടന്നുവന്നുകഴിഞ്ഞിട്ട് കുറേ കൊല്ലങ്ങങ്ങളായിരിക്കുന്നു; ഇന്നത് എനിക്കുള്ളിലെ ഒരപരനല്ല. കുറ്റബോധത്തിന്റെയും നീരസത്തിന്റെയും സത്യസന്ധതയുടെയും മുഹൂർത്തങ്ങൾ എനിക്കു കടന്നുപോരേണ്ടിവന്നു...ഒടുവിൽ , ആകെ ചോരയിൽ മുങ്ങിയും മുറിപ്പാടുകൾ നിറഞ്ഞുമാകാം, അതിജീവിക്കാൻ എനിക്കായി, രണ്ടിനെയും, അതായത് ലൈംഗികതയെയും സത്യസന്ധതയെയും ഒരേപോലെ തൃപ്തമാക്കിക്കൊണ്ട്.

എന്നെ മനസ്സിലാക്കാൻ ശ്രമിക്കൂ, ഇപ്പോൾത്തന്നെ, കഴിയുന്നത്ര തുറന്ന മനസ്സോടെയും. തിരിച്ചുപോകാമെന്ന ശുഭപ്രതീക്ഷയില്ലാതെ ഞാൻ ചുറ്റിവരേണ്ട ഒരു മുനമ്പാണത്. നീയെന്നെ അംഗീകരിക്കുമോ? നന്നായി. സ്കൂളിലും കോളേജിലും നിന്റെ കൂട്ടുകാരനായിരുന്ന ആളിൽ നിന്നു ഞാൻ വളരെ മാറിപ്പോയി, അല്ലേ? നീ കരുതുന്നത്രയില്ലെന്നും വരാം...

പ്രിയപ്പെട്ട ഫ്രാങ്കോ, നിന്റെ പുനഃപ്രവേശത്തിന്‌ വിധിക്കു നന്ദി പറയുക( അതിരിക്കട്ടെ, നിനക്കു കഷണ്ടിയായോ? സ്വർണ്ണമുടിക്കാരനായിട്ടാണു നീ എനിക്കു വീണ്ടും പ്രത്യക്ഷനായതെന്നു പറയട്ടെ.), പുതുമയും പ്രതീക്ഷയും കൊണ്ടു നിറഞ്ഞിരിക്കുകയാണു ഞാൻ.

സ്നേഹത്തോടെ ഒരാലിംഗനം,

പിയെർ ‍ പാവ്‌ലോ


പിയെർ പാവ്‌ലോ പസോലീനി (1922-1975)- ഇറ്റാലിയൻ കവിയും ചിന്തകനും സംവിധായകനും. ചിരകാലസുഹൃത്തും സിനിമകളിൽ സ്ഥിരം അഭിനേതാവുമായിരുന്ന ഫ്രാങ്കോ ഫറോൾഫിക്കെഴുതിയതാണ്‌ ഈ കത്ത്.

വിയോണ്‍, റിംബോ - കലാപക്കാരായ ഫ്രഞ്ച് കവികള്‍

Saturday, March 14, 2015

പ്രണയലേഖനങ്ങൾ (36)- കീറ്റ്സ്

keats-portrait


ഫാന്നി ബ്രൗണിന്‌

കെന്റിഷ് ടൗൺ, 1820 ആഗസ്റ്റ്

...നീയില്ലാതെ സന്തുഷ്ടനായിരിക്കാൻ എന്തെങ്കിലുമൊരു വഴി നീയെനിക്കു കണ്ടുപിടിച്ചു തരുമെന്നു ഞാനാശിക്കുന്നു. ഓരോ മണിക്കൂറു കഴിയുന്തോറും കൂടുതൽ കൂടുതലായി ഞാൻ നിന്നിൽത്തന്നെ കേന്ദ്രീകരിക്കുകയാണ്‌. മറ്റെന്തുമെനിക്ക് വായിൽ ഉമി വീണ പോലെ ചുവയ്ക്കുന്നു. ഇറ്റലിയിലേക്കു പോകുന്ന കാര്യം നടക്കില്ലെന്നുതന്നെ എനിക്കു തോന്നിപ്പോകുന്നു- എനിക്കു നിന്നെ വിട്ടുപോകാനാവില്ലെന്നതാണു വസ്തുത; ഞാൻ നിന്നോടൊത്തു ജീവിക്കട്ടെ എന്നനുവദിക്കാൻ വിധിക്കു തോന്നിയാലല്ലാതെ ഒരു നിമിഷത്തെ സംതൃപ്തി ഞാനറിയാൻ പോകുന്നുമില്ല. പക്ഷേ ഈ പോക്കു പോകാൻ എനിക്കു പറ്റില്ല. എന്റെ പോലത്തെ ഞരമ്പും പ്രകൃതവുമുള്ള ഒരാൾ എന്തൊക്കെ ഉൾക്കിടിലങ്ങളിലൂടെയാണു കടന്നുപോകുന്നതെന്ന് നിന്നെപ്പോലെ ആരോഗ്യമുള്ള ഒരാൾക്ക് ഒരിക്കലും പറഞ്ഞാൽ മനസ്സിലാവില്ല. നിന്റെ കൂട്ടുകാർ ഉല്ലാസയാത്രയ്ക്കു പോകുന്നത് ഏതു ദ്വീപിലേക്കാണ്‌? നീ മാത്രം കൂട്ടായി അവിടെയ്ക്കു പോകാൻ എനിക്കിഷ്ടമായിരിക്കും; പക്ഷേ സംഘം ചേർന്നു പോകുന്നത് ഞാൻ വിലക്കും. വിനോദത്തിനു മറ്റൊന്നുമില്ലാത്ത ഈ പുത്തൻ കോളണിക്കാരുടെ അസൂയയും ഏഷണികളും സഹിക്കാവുന്നതിലധികമാണ്‌...നിന്റെയൊപ്പം ജീവിക്കാനായില്ലെങ്കിൽ പിന്നെ ഞാൻ ഒറ്റയ്ക്കു ജീവിച്ചോളാം. നിന്നെ പിരിഞ്ഞിരിക്കുമ്പോൾ എന്റെ ആരോഗ്യം മെച്ചപ്പെടുമെന്നെനിക്കു തോന്നുന്നില്ല. ഇങ്ങനെയാണെങ്കില്ക്കൂടി നിന്നെ കാണുന്നതിൽ ഞാൻ വിമുഖനുമാണ്‌- ജ്വലിക്കുന്ന പ്രകാശം എനിക്കു താങ്ങാനാവില്ല, നിഴലുകളുടെ താവളത്തിലേക്കു ഞാൻ പിൻവാങ്ങുകയാണ്‌. നിന്നോടൊപ്പം സന്തോഷമായി ജീവിക്കുക എന്നത് എത്ര വലിയൊരസാദ്ധ്യതയായിട്ടാണു തോന്നുന്നത്! അതിന്‌ എന്റേതിലും ഭാഗ്യമുള്ളൊരു നക്ഷത്രത്തിൽ ജനിക്കേണ്ടിയിരുന്നു! അതു നടക്കാൻ പോകുന്നില്ല...ആരോഗ്യം അനുവദിക്കുമെങ്കിൽ തലയ്ക്കുള്ളിൽ ഞാൻ കൊണ്ടുനടക്കുന്ന  ഒരു കവിത എനിക്കെഴുതണം; എന്റേതു പോലത്തെ അവസ്ഥയിലുള്ള ചിലർക്ക് അതൊരു സാന്ത്വനമാവും. നിന്നെപ്പോലെ സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരാളെ പ്രേമിക്കുന്ന എന്നെപ്പോലൊരാളെ ആ കവിതയിൽ ഞാൻ കാണിച്ചുകൊടുക്കും. എത്ര ഉത്കൃഷ്ടമായ പ്രകാരത്തിലാണ്‌ ഷേക്സ്പിയർ എപ്പോഴും കാര്യങ്ങൾ സംക്ഷേപിക്കുക. ‘പോകൂ, പോയി മഠത്തിൽ ചേരൂ, പോകൂ, പോകൂ,’ എന്ന് ഒഫീലിയയോടു പറയുമ്പോൾ ഹാംലെറ്റിന്റെ ഹൃദയം ഞാനനുഭവിക്കുന്ന വേദന കൊണ്ടു നിറഞ്ഞതായിരുന്നു. സകലതും ഒറ്റയടിക്കു വിട്ടുകളയാൻ ഞാൻ ഒരുക്കമാണു തന്നെ-മരിക്കാൻ ഞാൻ ഒരുക്കമാണ്‌. നീയുമൊരുമിച്ചു ചിരിക്കുന്ന ഈ മൃഗീയലോകം എനിക്കു മനം പുരട്ടുന്നതാണ്‌. ഞാൻ പുരുഷന്മാരെ വെറുക്കുന്നു, സ്ത്രീകളെ അതിലേറെ. എനിക്കു ഭാവിയിലേക്കായി കരുതിവച്ചിരിക്കുന്നത് മുള്ളുകൾ മാത്രമാണെന്നു ഞാൻ കാണുന്നു- ഇറ്റലിയിലോ പരലോകത്തോ, വരുന്ന മഞ്ഞുകാലത്ത് ഞാൻ എവിടെയാണെങ്കിലും, ബ്രൗൺ അവന്റെ മര്യാദകേടുകളുമായി നിന്റെയരികിൽ ജീവിക്കുന്നുണ്ടാവും. വിശ്രമം എന്നൊന്ന് ഭാവിയിൽ എവിടെയും ഞാൻ കാണുന്നില്ല...മനുഷ്യനു സ്വാഭാവികമായുള്ള ഒരല്പം ആത്മവിശ്വാസം എന്റെ ഹൃദയത്തിൽ കടത്തിവിടാൻ നിനക്കു കഴിഞ്ഞെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. ഞാനായി എനിക്കതു കഴിയുന്നില്ല. എനിക്കു താങ്ങാൻ പറ്റുന്നതിലുമധികം ക്രൂരമാണു ലോകം. ശവക്കുഴി എന്നൊരു സംഗതിയുള്ളത് എത്ര നന്നായി. അവിടെയെത്തിയിട്ടല്ലാതെ എനിക്കൊരിക്കലും വിശ്രമം കിട്ടാൻ പോകുന്നില്ല എന്നെനിക്കു വ്യക്തമായിട്ടറിയാം. വിശ്വാസം നിറഞ്ഞ നിന്റെ കൈകൾക്കുള്ളിലായിരുന്നു ഞാനെങ്കിൽ എന്നാണെന്റെ ആഗ്രഹം; അതു നടക്കില്ലെങ്കില്‍   ഒരിടിമിന്നൽ എനിക്കു മേൽ വീഴട്ടെ.

ദൈവാനുഗ്രഹം നിനക്കുണ്ടാകും.

ജെ.കെ


Friday, March 13, 2015

പ്രണയലേഖനങ്ങൾ(35)- ചെക്കോവ്

 

9780413776372


ഓൾഗാ നിപ്പെറിന്‌



1900 സെപ്തംബർ 27

എനിക്കെത്രയും  പ്രിയപ്പെട്ട ഓല്യാ, എന്റെ പ്രിയപ്പെട്ട അഭിനയക്കാരിക്കുട്ടീ, ഊഷ്മളവും സ്നേഹനിർഭരവുമായ ഒരു ഹൃദയം എനിക്കുണ്ടെന്നും പക്ഷേ ഞാനതു മനഃപൂർവം തണുപ്പനാക്കി വയ്ക്കുകയാണെന്നും നീ എഴുതുന്നു. ഞാനതെങ്ങനെ നിനക്കു കാണിച്ചുതരാൻ? എന്റെ പ്രിയപ്പെട്ടവളേ, എനിക്കു നിന്നെ എന്നും സ്നേഹമായിരുന്നു, ഞാനതു നിന്നിൽ നിന്നു മറച്ചുവയ്ക്കാൻ  ശ്രമിച്ചിട്ടുമില്ല. നീ പ്രതീക്ഷിക്കുന്നത് ഗൗരവം നിറഞ്ഞ മുഖങ്ങളും ഗൗരവമുള്ള കാര്യങ്ങൾ സംഭവിക്കുന്നതുമായ ഒരു ദീർഘസംഭാഷണമാണ്‌; പക്ഷേ പതിനായിരം തവണ ഞാൻ പറഞ്ഞുകഴിഞ്ഞതും ഇനിയുമൊരുപാടുകാലം ഞാൻ പറയാൻ പോകുന്നതുമായ ഒരു കാര്യമല്ലാതെ മറ്റെന്താണു നിന്നോടു പറയാനുള്ളതെന്ന് എനിക്കറിയില്ല- ഞാൻ നിന്നെ സ്നേഹിക്കുന്നു, അത്ര തന്നെ. ഇപ്പോൾ നാം ഒരുമിച്ചല്ലെങ്കിൽ അതിനു നാം പഴിക്കേണ്ടത് എന്റെയുള്ളിൽ ഒരു വൈറസിനെയും നിന്റെയുള്ളിൽ കലാസ്നേഹത്തെയും കടത്തിവിട്ട ആ പിശാചുക്കളെയാണ്‌.
വിട, എന്റെ പ്രിയപ്പെട്ട കിഴവീ; മാലാഖമാർ നിന്നെ കാക്കട്ടെ. എനിക്കെഴുതുക; നിന്റെ അന്റോയിൻ.


യാൾട്ട, 1902 ആഗസ്റ്റ് 27

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നിന്റെ ഒരു കത്ത് എനിക്കു കിട്ടിയിരിക്കുന്നു. ഇവിടെ എന്റെ ജീവിതം സ്വസ്ഥമാണ്‌; ഞാൻ ടൗണിലേക്കു പോകാറില്ല; കാണാൻ വരുന്നവരുമായി അതുമിതും പറഞ്ഞിരിക്കും; ഇടയ്ക്കെന്തെങ്കിലും എഴുതിയാലായി. ഈ വർഷം ഞാൻ നാടകമൊന്നും എഴുതാൻ പോകുന്നില്ല; അതിനുള്ള മനഃസ്ഥിതിയിലല്ല ഞാൻ. ഇനിയഥവാ, നാടകസ്വഭാവമുള്ള എന്തെങ്കിലും എഴുതിയാൽത്തന്നെ അത് ഒറ്റ അങ്കമുള്ള ഒരു പ്രഹസനമായിരിക്കും.

നിന്റെ കത്ത് മാഷ (ചെക്കോവിന്റെ സഹോദരി)യല്ല തന്നത്; ഞാനത് അമ്മയുടെ മുറിയിലെ മേശപ്പുറത്തു നിന്നെടുക്കുകയായിരുന്നു. യാന്ത്രികമായി അതെടുത്തു വായിച്ചപ്പോൾ മാഷ അത്രയ്ക്കും അസ്വസ്ഥയായതിന്റെ കാരണം എനിക്കു പിടി കിട്ടി. നിന്റെ കത്ത് വല്ലാതെ പരുഷമായിപ്പോയി, അതിലും പ്രധാനമായി അന്യായമായ കുറ്റപ്പെടുത്തലുമാണത്. തീർച്ചയായും അതെഴുതുമ്പോൾ നിന്റെ മാനസികനില എന്തായിരുന്നുവെന്ന് എനിക്കറിയാം, അതെനിക്കു മനസ്സിലാവുകയും ചെയ്യും. എന്നാലും നീ ഒടുവിലെഴുതിയ കത്ത് വളരെ വിചിത്രമായി; നിന്റെ തലയ്ക്കെന്തു പറ്റിയെന്നോ എന്താണതിനുള്ളിൽ നടക്കുന്നതെന്നോ എനിക്കു മനസ്സിലാകുന്നില്ല; നീ എഴുതുന്നു: ‘ഞാനിവിടെ സുഖമില്ലാതെ കിടക്കുമ്പോൾ നിങ്ങളെ അവർ യാൾട്ടയിൽ പ്രതീക്ഷിച്ചത് എനിക്കു വിചിത്രമായി തോന്നുന്നു. എനിക്കു സുഖമില്ലാതിരിക്കുമ്പോൾ നിങ്ങൾ എന്റെ കൂടെ നില്ക്കുന്നത് ആർക്കൊക്കെയോ രസിക്കുന്നില്ല.’ ആർക്കാണതു രസിക്കാത്തത്? നീയില്ലാതെ ഒറ്റയ്ക്കു ചെല്ലാൻ ആരുമെന്നോടു പറഞ്ഞിട്ടില്ലെന്നു കത്തിൽ ഞാൻ ആണയിട്ടെഴുതിയിരുന്നതല്ലേ? ഇത്ര ന്യായക്കേടായി പെരുമാറരുത് പ്രിയേ, ഒരിക്കലും അങ്ങനെ ചെയ്യരുത്...

...നിന്റെ കത്തുകൾ തണുപ്പൻ മട്ടിലാണെങ്കിലും എന്റെ സ്നേഹപ്രകടനങ്ങൾ കൊണ്ടു ഞാൻ നിന്നെ പൊറുതി മുട്ടിച്ചുകൊണ്ടേയിരിക്കുന്നു; നിന്നെക്കുറിച്ചു തന്നെ ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഒരു കോടിത്തവണ ഞാൻ നിന്നെ ചുംബിക്കുന്നു, നിന്നെ പുണരുന്നു. അഞ്ചു ദിവസത്തിൽ ഒന്നെന്ന കണക്കു വിട്ടു കൂടുതലായെഴുതൂ, പ്രിയപ്പെട്ടവളേ. എന്തായാലും ഞാൻ നിന്റെ ഭർത്താവല്ലേ. നമ്മുടെ ഹിതപ്രകാരം ഒരുമിച്ചു ജീവിക്കാൻ ഒരവസരം കിട്ടുന്നതിനു മുമ്പ്, എനിക്കൊരു കുഞ്ഞുമകനെയോ മകളെയോ തരുന്നതിനു മുമ്പ് നീ എന്നെ വിട്ടു പോകരുതേ. എനിക്കൊരു കുഞ്ഞിനെ തന്നു കഴിഞ്ഞാൽ പിന്നെ നീ നിന്റെ ഇഷ്ടം പോലെ നടന്നോളൂ. ഞാൻ ഒന്നുകൂടി ചുംബിക്കുന്നു.

നിന്റെ,
എ.



യാൾട്ട, 1902 സെപ്തംബർ 1

എന്റെ പ്രിയേ, എന്റെ സ്വന്തമേ,

പിന്നെയും വിചിത്രമായ ഒരു കത്ത് നിന്നിൽ നിന്നു വന്നിരിക്കുന്നു. പിന്നെയും എന്തിനും ഏതിനും എന്റെ പാവം തലയെ  നീ പഴി ചാരുന്നു. എനിക്കു മോസ്കോയിലേക്കു മടങ്ങാൻ താല്പര്യമില്ലെന്നും ഞാൻ അവിടെ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നും ഈ ശരല്ക്കാലത്ത് ഞാൻ അങ്ങോട്ടു വരുന്നില്ലെന്നും ആരാണു നിന്നോടു പറഞ്ഞത്? ലളിതമായ ഭാഷയിൽ, വളച്ചുകെട്ടില്ലാതെ ഞാൻ നിനക്കെഴുതിയിരുന്നതല്ലേ, സെപ്തംബറിൽ ഞാൻ തീർച്ചയായും വരുന്നുണ്ടെന്നും ഡിസംബർ വരെ നിന്റെയൊപ്പം താമസിക്കുമെന്നും? ശരിയല്ലേ? ഞാൻ ഒന്നും തുറന്നു പറയുന്നില്ലെന്നു നീ കുറ്റപ്പെടുത്തുന്നു, എന്നിട്ടു നീയോ, ഞാൻ പറയുന്നതും എഴുതുന്നതുമൊക്കെ മറക്കുകയും ചെയ്യുന്നു. എന്റെ ഭാര്യയെ എന്തു ചെയ്യണമെന്നോ എങ്ങനെയാണവൾക്കു കത്തെഴുതേണ്ടതെന്നോ എനിക്കു പിടി കിട്ടുന്നില്ല. എന്റെ കത്തു വായിക്കുമ്പോൾ നിനക്കു ശരീരം വിറയ്ക്കുന്നുവെന്ന്, നമുക്കു പിരിയാൻ കാലമായിരിക്കുന്നുവെന്ന്, ഇതിലൊക്കെ തനിക്കു പിടി കിട്ടാത്തതായി എന്തോ ഉണ്ടെന്ന്...എന്നൊക്കെയല്ലേ നീ എഴുതിയിരിക്കുന്നത്? ഇതിങ്ങനെ താറുമാറാവാൻ കാരണം നീയോ ഞാനോ അല്ല എന്നെനിക്കു തോന്നുന്നു; മറ്റാരോ ആണത്, നിന്നോടു സംസാരിച്ച ഒരാൾ. അയാൾ കുത്തിവച്ച വിഷം കാരണമാണ്‌ നീ എന്റെ വാക്കുകളെയും വിചാരങ്ങളെയും അവിശ്വസിക്കുന്നത്. സകലതും നീ സംശയത്തോടെയാണു കാണുന്നത്- എനിക്കിതിൽ ഒന്നും ചെയ്യാനില്ല, ഒന്നുമില്ല. നിന്നെ അതിൽ നിന്നു പിന്തിരിപ്പിക്കാനോ എന്റെ ഭാഗമാണു ശരിയെന്നു സമർത്ഥിക്കാനോ ഞാൻ ശ്രമിക്കുകയുമില്ല, കാരണം അതുകൊണ്ട് ഒരു ഫലവുമില്ല. പൂർണ്ണനിശബ്ദതയിൽ നിന്റെ കൂടെ ജീവിക്കാൻ കഴിവുള്ളയാളാണു ഞാനെന്നും നിന്നിലെ സൌമ്യസ്വഭാവിയായ സ്ത്രീയെ മാത്രമേ എനിക്കാവശ്യമുള്ളൂയെന്നും ഒരു മനുഷ്യജീവിയെന്ന നിലയ്ക്ക് ഞാൻ നിന്നെ കാണുന്നില്ലെന്നും നീ എഴുതുന്നു. എനിക്കെത്രയും പ്രിയപ്പെട്ടവളേ, നീ എന്റെ ഭാര്യയാണ്‌; ഇനിയെന്നാണു നീയതു മനസ്സിലാക്കാൻ പോകുന്നത്? എന്നോടേറ്റവുമടുത്ത, എനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിയാണു നീ; കലവറയില്ലാതെ നിന്നെ ഞാൻ സ്നേഹിച്ചു, ഇന്നും സ്നേഹിക്കുന്നു, എന്നിട്ടും നീ സ്വയം ചിത്രീകരിക്കുന്നത് ഞാൻ ഒറ്റപ്പെടുത്തിയ ‘സൌമ്യസ്വഭാവിയായ സ്ത്രീ’യാണു താനെന്നും! ...എങ്കില്പിന്നെ, നിനക്കു തോന്നുന്ന വിധം ആയിക്കോളൂ, നിനക്കതാണു വേണ്ടതെങ്കിൽ.

...പ്രിയപ്പെട്ടവളേ, എന്റെ ഭാര്യയാവുക, എന്റെ സ്നേഹിതയാവുക, നല്ല കത്തുകളെഴുതുക, വിഷാദരോഗം പരത്തുന്നതു നിർത്തുക, എന്നെ പീഡിപ്പിക്കാതിരിക്കുക. ദയാമയിയായ, ശാന്തസ്വഭാവിയായ ഭാര്യയാവുക; നീ അതു തന്നെയാണല്ലൊ. മുമ്പെന്നത്തേക്കാളും തീവ്രമായി നിന്നെ ഞാൻ സ്നേഹിക്കുന്നു, ഭർത്താവെന്ന നിലയിൽ ഒരു കളങ്കവും എന്റെ ഭാഗത്തു നിന്നിനുണ്ടായിട്ടുമില്ല. ഇനിയെങ്കിലും നിനക്കതു മനസ്സിലാക്കിക്കൂടേ, എന്റെ ആനന്ദമേ, എന്റെ കത്തെഴുത്തുകാരീ?

നിന്റെ,
എ.


യാൾട്ട, 1903 ജനുവരി 20

നീ എന്തു തീരുമാനിച്ചു? സ്വിറ്റ്സർലന്റിനെക്കുറിച്ചു നീ എന്തു പറയുന്നു? അതു നല്ലൊരു യാത്രയാവുമെന്ന് എനിക്കു തോന്നുന്നു. പോകുന്ന വഴിക്ക് നമുക്ക് വിയന്ന, ബർലിൻ തുടങ്ങിയിടത്തൊക്കെ തങ്ങാം, തിയേറ്ററിൽ പോകാം. എന്താ? എന്തു പറയുന്നു?...ഇന്ന് നല്ല വെയിലുള്ള, തെളിഞ്ഞ ദിവസമാണ്‌; പക്ഷേ ഞാൻ വീട്ടിനുള്ളിലാണ്‌; പുറത്തേക്കു പോകരുതെന്ന് അൾട്ഷുള്ളെർ വിലക്കിയിരിക്കുന്നു. എന്റെ ടെമ്പറേച്ചർ ഇപ്പോൾ വളരെ നോർമ്മൽ ആണ്‌.

ഞാൻ ഇങ്ങ് യാൾട്ടയിലായിരിക്കെ നീ അവിടെ മോസ്ക്കോവിലാണെന്നത് നിനക്കു വല്ലാതെ മനഃസാക്ഷിക്കുത്തുണ്ടാക്കുന്നുവെന്നാണല്ലോ നീ എഴുതുന്നത്. അല്ല, അതിൽ നമുക്കെന്തു ചെയ്യാൻ പറ്റും, പ്രിയേ? ശരിക്കൊന്നാലോചിച്ചു നോക്കൂ: മഞ്ഞുകാലം മൊത്തം നീ യാൾട്ടയിൽ എന്റെ കൂടെ താമസിച്ചാൽ നിന്റെ ജീവിതം ആകെ താറുമാറാകും; അതിന്റെ കുറ്റബോധം പിന്നെ എനിക്കാകും. അതുകൊണ്ട് നമ്മുടെ കാര്യങ്ങൾ ശരിയാവാനും പോകുന്നില്ല. ഞാൻ ഭാര്യയാക്കാൻ പോകുന്നത് ഒരു നാടകനടിയെയാണെന്ന് എനിക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നു- എന്നു പറഞ്ഞാൽ, മഞ്ഞുകാലത്തു നീ മോസ്ക്കോവിലായിരിക്കും എന്ന് എനിക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നുവെന്ന്. എന്നെ തഴയുന്നതായോ എത്ര ചെറുതായെങ്കിലും എന്നോടന്യായം ചെയ്തതായോ എനിക്കു തോന്നിയിട്ടില്ല. നേരേ മറിച്ച് ഒക്കെ ഭംഗിയായി നടക്കുന്നതായിട്ടേ ഇതേ വരെ എനിക്കു തോന്നിയിട്ടുള്ളു; അതിനാൽ പ്രിയപ്പെട്ടവളേ, നിന്റെ കുറ്റബോധം കൊണ്ട് എന്റെ മനസ്സു കെടുത്തരുത്. മാർച്ചിൽ പിന്നെയും നാം നമ്മുടെ സന്തുഷ്ടജീവിതം തുടങ്ങും, നാമിപ്പോൾ അനുഭവിക്കുന്ന ഏകാന്തത പിന്നെ നാമറിയുകയുമില്ല. അടങ്ങ്, ഇങ്ങനെ മനസ്സു കലക്കാതെ; ജീവിക്കുക, ആശിക്കുക. ആശിക്കുക, അത്ര മാത്രം...

chekhov sign

 

 

 

 


റഷ്യൻ നാടകകൃത്തും കഥാകാരനുമായ ആന്റൺ ചെക്കോവ്(1860-1904) നാടകനടിയായ ഓൾഗ നിപ്പെറിനെ ആദ്യമായി കാണുന്നത് തന്റെ ‘കടല്ക്കാക്ക’ എന്ന നാടകത്തിന്റെ റിഹേഴ്സൽ സമയത്താണ്‌. അന്ന് അദ്ദേഹത്തിന്‌ 38 വയസ്സായിരുന്നു, അവർ അദ്ദേഹത്തെക്കാൾ പത്തു കൊല്ലം ചെറുപ്പവും. 1901ൽ അവർ വിവാഹിതരായെങ്കിലും ക്ഷയരോഗിയായ ചെക്കോവ് ചികിത്സാർത്ഥം യാൾട്ടയിലെ തന്റെ വില്ലയിലും ഓൾഗ നാടകാഭിനയവുമായി മോസ്ക്കോയിലുമായിരുന്നു താമസം. അവർക്ക് കുട്ടികളുണ്ടായില്ല. 1904ൽ മരിക്കുമ്പോൾ ഓൾഗ അടുത്തുണ്ടായിരുന്നു.


പ്രണയലേഖനങ്ങൾ(34)- നഥാനിയൽ ഹാവ്ത്തോൺ

Nathaniel_Hawthorne


 

1839 ഡിസംബർ 5

എത്രയും പ്രിയപ്പെട്ടവളേ,

പദ്യമെഴുതാനുള്ള സിദ്ധി ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു; കാരണം, നിന്നെ പ്രേമിച്ചു തുടങ്ങിയതിൽ പിന്നെ തലയിലും നെഞ്ചിലും കവിത വന്നു നിറയുകയാണെന്ന തോന്നലാണെനിക്ക്. നീ ഒരു കവിതയാണ്‌. എങ്കിൽ, അതേതു തരം? ഇതിഹാസം? അയ്യയ്യോ, അതല്ല! ഗീതകം? അതുമല്ല, വല്ലാതെ ക്ളിഷ്ടവും കൃത്രിമവുമാണത്. മധുരവും സരളവും ഉല്ലാസഭരിതവും കരുണരസം നിറഞ്ഞതുമായ ഒരു ഗാഥയാണു നീ; പ്രകൃതി അതു പാടുകയാണ്‌, ചിലനേരം കണ്ണീരോടെ, ചിലനേരം പുഞ്ചിരിയോടെ, ചിലനേരം ചിരിയും കണ്ണീരുമിടകലർന്നും.


 

അവാച്യമായവിധം പ്രിയപ്പെട്ടവളേ,

നിന്റെ കത്ത് ഇപ്പോഴെനിക്കു കിട്ടിയതേയുള്ളു. കുട്ടികളുമൊത്തുള്ള നിന്റെ ജീവിതത്തിന്റെ അത്രയ്ക്കൊരു ചിത്രം അതു നല്കുന്നുവെന്നതിനാൽ എനിക്കതെത്രയും ആശ്വാസപ്രദവുമായി. ഞാൻ സ്നേഹിക്കുന്ന എന്റെ കുടുംബത്തെ മുഴുവൻ ഞാൻ കണ്മുന്നിൽ കണ്ടു, അവർ ഒരുമിച്ചിരുന്നു സംസാരിക്കുന്നതു ഞാൻ കേട്ടു...

പോയ രാത്രിയിൽ ഞാനൊരു സ്വപ്നം കണ്ടു; ന്യൂട്ടണിൽ നീയും മറ്റു പലരും കൂടിയിരിക്കുന്ന ഒരു മുറിയിലാണു ഞാൻ; അവിടെ വച്ചു നീ പ്രഖ്യാപിക്കുകയാണ്‌, നീ ഇനിമേലെന്റെ ഭാര്യയല്ലെന്നും മറ്റൊരാളെ താൻ ഭർത്താവായി സ്വീകരിച്ചുവെന്നും. മുഖത്തൊരു ഭാവവുമില്ലാതെ, എത്ര മനഃസാന്നിദ്ധ്യത്തോടെയാണ്‌ ആ വിവരം നീ അറിയിക്കുന്നതെന്നു കണ്ടപ്പോൾ- പ്രത്യേകിച്ചെന്നെ മാത്രം നോക്കിയിട്ടല്ല, കൂടിയിരിക്കുന്ന എല്ലാവരോടുമായിട്ടാണ്‌ നീ പറയുന്നത്- എന്റെ മനസ്സും ഹൃദയവും മരവിച്ചുപോയി, ഒനും എനിക്കു പറയാനില്ലാതായി. പക്ഷേ ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഏതോ ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് മറ്റുള്ളവരോടു പറയുകയാണ്‌, കാര്യങ്ങൾ ഈ വിധമാവുകയും നീ എന്റെ ഭാര്യയല്ലാതാവുകയും ചെയ്ത സ്ഥിതിയ്ക്ക് ഞാൻ ഇപ്പോൾ അവളുടേതാണെന്ന്! എന്നിട്ട് എന്റെ നേർക്കു തിരിഞ്ഞു ഒരു കൂസലുമില്ലാതെ ചോദിക്കുകയാണ്‌, ഈ പുതിയ ഏർപ്പാട് എന്റെ അമ്മയെ എഴുതി അറിയിക്കാൻ പോകുന്നത് ഞാനാണോ അതോ അവളാണോയെന്നും! കുട്ടികളെ എങ്ങനെയാണു വീതിക്കാൻ പോകുന്നതെന്ന് എനിക്കു മനസ്സിലായില്ല. എന്റെ ഹൃദയം സകല നിയന്ത്രണങ്ങളും പൊട്ടിച്ചു പുറത്തു ചാടുന്നതും പറഞ്ഞാൽ തീരാത്ത വേദനയോടെ ഞാൻ നീയുമായി തർക്കിക്കാൻ തുടങ്ങുന്നതുമേ പിന്നെയെനിക്കോർമ്മയുള്ളു; അതിനിടയിൽ ഞാൻ ഉണരുകയും ചെയ്തു. പക്ഷേ എന്തൊരന്യായമാണ്‌ എന്നോടു കാണിച്ചതെന്ന തോന്നലും അതുണ്ടാക്കിയ മാനസികാഘാതവും ഏറെ നേരത്തേക്ക് എന്നെ വിട്ടൊഴിഞ്ഞതേയില്ല; ഇതെഴുതുമ്പോൾപ്പോലും അതെന്നെ പൂർണ്ണമായി വിട്ടുമാറിയിട്ടില്ല. എന്റെ സ്വപ്നങ്ങളിൽ വരുമ്പോൾ നീ ഇതുമാതിരി പെരുമാറാൻ പാടുള്ളതല്ല.

ഫീബീ, എനിക്കു നിന്നെ അത്രയ്ക്കു വേണം. ഈ ലോകത്ത് എനിക്കു വേണ്ടതായി നീയൊരാളേയുള്ളു. മറ്റുള്ളവരുമായി ഇടയ്ക്കെപ്പോഴെങ്കിലും ഒത്തുപോയെങ്കിലായി. പക്ഷേ നിന്നെ കാണുന്നതു വരെ മറ്റൊരാളുടെ സഹവാസത്തേക്കാൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് ഒറ്റയ്ക്കിരിക്കാനാണ്‌. ഇപ്പോഴാണെങ്കിൽ നീ കൈയകലത്തുണ്ടെങ്കിലേ ഞാൻ ഞാനാവൂ എന്ന സ്ഥിതിയുമായിരിക്കുന്നു. അവാച്യമാം വിധം പ്രിയപ്പെട്ട സ്ത്രീയാണു നീ. ഇത്രയും തണുത്തുറഞ്ഞൊരു വേദന എനിക്കു മേൽ അടിച്ചേല്പിക്കാൻ ആ സ്വപ്നത്തിൽ നിനക്കെങ്ങനെ കഴിഞ്ഞു?

ഈ എഴുത്ത് ഇനിയും തുടർന്നുപോയാൽ അതെന്റെ കൂടുതൽ ആഗ്രഹങ്ങളെയും സ്നേഹത്തെയും പറ്റി പറയാനായിരിക്കും; പറഞ്ഞെത്തിക്കാനാവാത്തതാണതെന്നതിനാൽ കത്തു ചുരുക്കുകയാവും ഭേദം.

നിന്റെ ഭർത്താവ്


നഥാനിയൽ ഹാവ്ത്തോൺ (1804-1864) -അമേരിക്കൻ നോവലിസ്റ്റ്; ചിത്രകാരിയായ ഭാര്യ സോഫിയ പീബൊഡിക്കെഴുതിയവയാണ്‌ ഈ കത്തുകൾ.

Thursday, March 12, 2015

പ്രണയലേഖനങ്ങൾ(33)- അലക്സാണ്ടർ പോപ്പ്

Alexander Pope


മാർത്ത ബ്ളൗണ്ടിന്‌


എനിക്കു നിന്നോടുള്ള ആത്മാർത്ഥതയുടെ ഒരു തെളിവാണ്‌, അല്പം മദ്യം ഉള്ളിലാക്കി സത്യം പറയാനൊരുങ്ങിയിട്ടാണ്‌ ഞാൻ ഇതെഴുതാനിരിക്കുന്നതെന്നത്; രാത്രി പന്ത്രണ്ടു മണിക്കു ശേഷമെഴുതപ്പെടുന്ന ഒരു കത്ത് ആ അഭിജാതാംശം നിറഞ്ഞുതുളുമ്പുന്നതാവാതെയും പറ്റില്ലല്ലോ. മദ്യവും നീയും ഒരേ സമയം ചൂടു പിടിപ്പിക്കുന്ന ഒരു ഹൃദയം ആളിക്കത്തുകതന്നെ വേണം. വാർണ്ണീഷ് ഒരു ചിത്രത്തിൽ മറഞ്ഞുകിടക്കുന്ന വർണ്ണങ്ങളെ അവയുടെ സ്വാഭാവികദീപ്തിയിൽ പുറത്തേക്കു കൊണ്ടുവരുന്നപോലെ മദ്യം മനസ്സിൽ തവിഞ്ഞുകിടക്കുന്ന വികാരങ്ങളെ വിളിച്ചുണർത്തി പുറത്തേക്കാനയിക്കുകയാണ്‌. തല നേരേ നില്ക്കുന്ന നേരത്തൊക്കെ ഒരു ചതഞ്ഞ ശരീരപ്രകൃതിക്കുള്ളിൽ തണുത്തുറഞ്ഞും തടവില്പെട്ടും കിടക്കുകയാണെന്റെ നല്ല ഗുണങ്ങളെന്നതിനാൽ ലഹരി പിടിച്ച ഈ സമയത്ത് ഇത്രയും നന്മകൾ പുറത്തേക്കു വരുമ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോകുന്നു...
(1714)


തെരേസ ബ്ളൗണ്ടിന്‌


മദാം, എനിക്കു നിങ്ങളോടുള്ള മതിപ്പിന്റെയും മറ്റേ സംഗതിയുടെയും അളവു വച്ചു നോക്കുമ്പോൾ സുന്ദരനായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കെത്രയോ ഉപകാരപ്പെട്ടേനെ: പക്ഷേ, അങ്ങനെയല്ല കാര്യമെന്നതിനാൽ മര്യാദ നിറഞ്ഞ ഒരു കത്തു വായിക്കാം അല്ലെങ്കിൽ നല്ലൊരു പ്രഭാഷണം കേൾക്കാം എന്നൊരു ഗുണമേ എന്നെക്കൊണ്ടു നിങ്ങൾക്കുണ്ടാകുന്നുള്ളു. എത്ര തവണയാണ്‌, എത്ര പരസ്യമായിട്ടുമാണ്‌ എനിക്കു നിങ്ങളോടുള്ള പ്രണയം ഞാൻ തുറന്നു പറഞ്ഞിട്ടുള്ളതെന്നതു പരിഗണിക്കുമ്പോൾ നിങ്ങൾ ഇതേവരെ എന്റെ കത്തെഴുത്തു വിലക്കിയിട്ടില്ലെന്നതും ഇനി നിങ്ങളുടെ മുഖം കാണരുതെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടില്ലെന്നതും എന്നെ അത്ഭുതപ്പെടുത്തുന്നു (ലേശമൊന്ന് അപമാനിക്കുകയും ചെയ്യുന്നു.)

പുരുഷനായ ഒരു കത്തെഴുത്തുകാരനു ചാരിതാർത്ഥ്യം തോന്നേണ്ടതിലേക്കായി സ്വന്തം വിരലുകളിൽ മഷിക്കറ പറ്റിച്ചിട്ടില്ലെന്നത് നിങ്ങളുടെ സല്പേരു കൂട്ടുന്നില്ല, മദാം. കഷ്ടം തന്നെ! കത്തെഴുതുക എന്ന ആഭാസകരമായ സ്വാതന്ത്ര്യമെടുക്കാൻ നിങ്ങളുടെ ഹൃദയം അയാളെ പ്രോത്സാഹിപ്പിക്കുമ്പോൾത്തന്നെ നിങ്ങൾ ഒരു സന്മാർഗ്ഗഭീരുവുമല്ല, ഒരിക്കലുമല്ല, ഞാൻ അങ്ങനെ കാണുന്നതാണു നിങ്ങൾ ഇഷ്ട്പ്പെടുകയെന്നു വന്നാല്പോലും. (മിക്ക ചെറുപ്പക്കാരെയും പോലെ) ഒരു നല്ല സ്ത്രീയുടെ മൗനം സമ്മതം തന്നെയാണെന്ന നിഗമനത്തിലെത്താനും മാത്രം മിഥ്യാഭിമാനിയാണെന്നതിനാൽ ഞാൻ കത്തെഴുത്തു മുന്നോട്ടു കൊണ്ടുപോവുകയാണ്‌-

പക്ഷേ ഈ കത്തിൽ കഴിയുന്നത്ര നിഷ്കളങ്കനായിരിക്കേണ്ടതിലേക്കായി ഞാൻ നിങ്ങളോട് ലോകവാർത്തകളെക്കുറിച്ചു സംസാരിക്കട്ടെ. ഒരായിരം തവണ, എന്നോടാദ്യം മിണ്ടിയപ്പോൾത്തന്നെ, നിങ്ങളെന്നോടു ചോദിച്ചത് എന്തൊക്കെയാണു വാർത്തകൾ എന്നായിരുന്നു. എന്റെ ചുണ്ടുകളിൽ നിന്ന് നിങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ചിലരതിനെ വ്യാഖ്യാനിക്കുകയും ചെയ്യും: സ്നേഹിക്കുന്ന രണ്ടു പേർ തമ്മിൽ കാണുമ്പോൾ ലോകമെന്തു ചെയ്യുന്നു എന്നന്വേഷിക്കുന്നതിൽ ഒരനൌചിത്യവും അവർ കാണുന്നില്ലെങ്കിൽ തീർച്ചയായും അതവരുടെ അടുപ്പത്തിന്റെ ലക്ഷണമല്ല തന്നെ. ഒന്നുകിൽ എനിക്ക്, അല്ലെങ്കിൽ നിങ്ങൾക്ക് മറ്റേയാളോട് സ്നേഹമില്ല എന്നാണ്‌ ഞാൻ സൂചിപ്പിക്കുന്നത്. ഇരുവരിൽ ആരാണ്‌ മറ്റേയാളുടെ വൈശിഷ്ട്യവും ചാരുതകളും കാണാതിരിക്കാൻ മാത്രം വിഡ്ഢിയും ജഡബുദ്ധിയുമായതെന്നൂഹിക്കേണ്ട ചുമതല ഞാൻ നിങ്ങൾക്കു വിടുന്നു.
(1716)


മേരി വോർട്‌ലി മൊണ്ടേഗിന്‌


അന്യരുടെ ഓർമ്മയിൽ ജീവിക്കുക എന്നതിൽ അഭിലഷണീയമായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ ആ വാക്കിന്റെ ഏറ്റവും നല്ല അർത്ഥത്തിൽ അതു നിങ്ങൾക്കങ്ങനെയാണെന്ന് എന്നെ ചൂണ്ടിക്കാട്ടി ഞാൻ പറയും.

നിങ്ങളുടെ രൂപം എനിക്കു മുന്നിൽ പ്രത്യക്ഷമാകാതെ ഒരു ദിവസം പോലുമില്ല; നിങ്ങളുടെ സംഭാഷണങ്ങൾ ഓർമ്മയിൽ നിന്നു മായാറില്ല; ഞാൻ അവയാസ്വദിച്ച ഓരോ രംഗവും സ്ഥലവും സന്ദർഭവും ഊഷ്മളവും ആർദ്രവുമായ ഒരു ഭാവന തനിക്കായ വിധം രചിച്ച ഒരു ചിത്രം പോലെ ജീവസ്സുറ്റതായി ഞാൻ കണ്മുന്നിൽ കാണുന്നു.

സൂര്യനോടടുത്തു താമസിക്കുന്നതിന്റെ ആനന്ദം തന്റെ ആരോഗ്യത്തിലും മനോഭാവത്തിലും കാര്യമായ മാറ്റം വരുത്തി എന്നു നിങ്ങൾ പറയുന്നു. സൂര്യാരാധകൻ എന്നു വിളിക്കപ്പെടത്തക്ക വിധം എന്റെ മനോവികാരങ്ങളെ അത്രയ്ക്കങ്ങു പൂർവോന്മുഖമാക്കിക്കളഞ്ഞു നിങ്ങൾ. ഭൂമിയിലെ സകല സസ്യങ്ങളെയും വളർത്തുന്നതും സകല ധാതുക്കളും വിളയിക്കുന്നതും സൂര്യനാണെങ്കിലും  അതിനെക്കാളൊക്കെ അഭിമാനിക്കാൻ അവനു വക നല്കുന്നത് നിങ്ങളുടെ മാനസികോല്ലാസത്തെ വളർത്തി എന്നതിന്റെ പേരിലത്രെ.

നിങ്ങളുടെ സ്വഭാവവും ബുദ്ധിശക്തിയും പൂർണ്ണവികാസത്തിൽ പരിലസിക്കുന്നതു കാണാൻ സാമാന്യബുദ്ധിയുള്ള ഒരാൾ മൂന്നോ നാലോ ആയിരം കാതം യാത്ര ചെയ്യുന്നതിൽ തരക്കേടൊന്നുമില്ല എന്നാണ്‌ എന്റെ അഭിപ്രായം. ഭൂമിയുടെ ഈ പകുതിയിലെ ഏറ്റവും തികവുറ്റ ഭാഗം വിട്ടുപോവുകയും മറ്റേ പകുതിയിലെ സൂര്യനു ചുവട്ടിൽ നാൾക്കുനാൾ മെച്ചപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യജീവിയിൽ നിന്ന് നമുക്കെന്തൊക്കെ പ്രതീക്ഷിച്ചുകൂടാ. ചിന്തനീയമായതിൽ വച്ചേറ്റവും വിശിഷ്ടമായ കാര്യങ്ങളെക്കുറിച്ചു നിങ്ങളിപ്പോൾ പറയുകയും എഴുതുകയും ചെയ്യാറില്ലെങ്കിൽ പൂർവദേശത്തെ ശേഷം പേർക്കിപ്പോഴേയുള്ള ദുഷ്പേരിനു താനും അർഹയായതായും സ്ത്രൈണപ്രകൃതത്തിനും ആലസ്യത്തിനും ആഭാസകരമായ ജീവിതത്തിനും താൻ സ്വയം വിട്ടുകൊടുത്തതായും അനുമാനിച്ച് സമാധാനപ്പെടുക.

ദൈവത്തെയോർത്ത് മദാം, പറ്റുമ്പോഴൊക്കെ എനിക്കെഴുതുക; നിങ്ങളുടെ കാര്യത്തിൽ ഇത്രയും നിരന്തരമായ ശ്രദ്ധയും ഉത്കണ്ഠയുമുള്ള മറ്റൊരു മനുഷ്യൻ ഈ ലോകത്തു ശ്വാസമെടുക്കുന്നില്ലെന്നു വിശ്വസിക്കുക. തനിക്കു സുഖമാണെന്നെനിക്കെഴുതുക, നിങ്ങളുടെ കുഞ്ഞുമകനു സുഖമാണെന്നെനിക്കെഴുതുക, നിങ്ങളുടെ നായയ്ക്ക് (അങ്ങനെയൊന്നുണ്ടെങ്കിൽ) സുഖമാണെന്നെഴുതുക. നിങ്ങളെ സന്തോഷിപ്പിക്കുന്നതൊന്നിനെക്കുറിച്ചും എന്നോടു പറയാതിരിക്കരുതേ: അതിനി എന്തായാലും മറ്റെന്തിനുമാവുന്നതിലുമുപരി അതെന്നെ സന്തോഷിപ്പിക്കും. ഞാൻ എന്നും നിങ്ങൾക്കുള്ളതാണ്‌.
(1717 ജൂൺ)


ഇംഗ്ലീഷ് കവിയും വിമർശകനും കലാസ്വാദകനും ഉപന്യാസകാരനുമൊക്കെയായ അലക്സാണ്ടർ പോപ്പ്(1688-1744) ജീവിതകാലം മൊത്തം അനാരോഗ്യവാനായിരുന്നു. ബാല്യത്തിലേ ക്ഷയരോഗം പിടിച്ചതിനാൽ ശരീരവളർച്ചയുണ്ടായില്ല. ആൾ വഴക്കാളിയാണെങ്കിലും വിശ്വസ്തരായ സ്നേഹിതരുടെ വലിയൊരു സംഘവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം സ്ത്രീസൗഹൃദങ്ങൾ ഇഷ്ടപ്പെട്ടിരുന്നു; അവർ അദ്ദേഹത്തിന്റെ രസികത്തമൊക്കെ ആസ്വദിച്ചുവെന്നതല്ലാതെ ഗാഢമായൊരു സ്നേഹം അവരിൽ നിന്ന് അദ്ദേഹത്തിനു കിട്ടിയില്ല. മാർത്തയും തെരേസയും ഇക്കൂട്ടത്തിൽ പെട്ടവരായിരുന്നു.  ഒരേ കാലത്തു തന്നെ അദ്ദേഹം അവരിരുവരുമായും കത്തിടപാടു നടത്തിയിരുന്നു. മൂന്നാമത്തെ കത്ത് കോൺസ്റ്റാന്റിനോപ്പിളിലെ ഒരു നയതന്ത്രപ്രതിനിധിയുടെ ഭാര്യയായ ലേഡി മേരി മൊണ്ടേഗിനെഴുതിയതാണ്‌.


 

പ്രണയലേഖനങ്ങൾ(32)- ടോൾസ്റ്റോയ്

Tolstoy-Ilya Repin


1856 നവംബർ 2

നിന്റെ സൌന്ദര്യത്തോടു ഞാൻ സ്നേഹത്തിലായിക്കഴിഞ്ഞു; പക്ഷേ ശാശ്വതവും അനർഘവുമായി നിന്നിലുള്ളതൊന്നിനെ, നിന്റെ ഹൃദയത്തെ, നിന്റെ ആത്മാവിനെ സ്നേഹിക്കാൻ തുടങ്ങിയിട്ടേയുള്ളു ഞാൻ. സൌന്ദര്യത്തെ അറിയാനും അതിനോടു സ്നേഹത്തിലാവാനും ആർക്കും ഒരു മണിക്കൂറു മതി; അത്രതന്നെ നേരം മതി ആ സ്നേഹം നിലയ്ക്കാനും. ആത്മാവിനെ അറിയാൻ പക്ഷേ, നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. ഞാൻ പറയുന്നതു വിശ്വസിക്കൂ, ഈ ഭൂമിയിൽ യാതൊന്നും അദ്ധ്വാനിക്കാതെ കിട്ടാൻ പോകുന്നില്ല, അനുഭൂതികളിൽ വച്ചേറ്റവും മനോഹരവും നൈസർഗികവുമായ പ്രണയം പോലും.

 

1856 നവംബർ 9

ദൈവത്തെയോർത്ത് ഒരു ദിവസവും മുടങ്ങാതെ എനിക്കെഴുതൂ. ഇനി, അതിന്റെ ആവശ്യമില്ലെന്നു തോന്നിയാൽ എഴുതുകയും വേണ്ട; അല്ല, അങ്ങനെയല്ല, എഴുതാൻ ഒട്ടും മനസ്സു വരാത്ത ദിവസമാണെങ്കിൽ ഇപ്പറയുന്നതു മാത്രം എഴുതുക: ഇന്ന്, ഇന്ന ദിവസം, എഴുതാൻ എനിക്കു മനസ്സു വരുന്നില്ല; എന്നിട്ടതയക്കുക. അതു വായിച്ചു ഞാൻ സന്തോഷിച്ചോളാം. ദൈവത്തെയോർത്ത് നിന്റെ കത്തുകൾ കെട്ടിച്ചമച്ചവയാവരുത്, നീയവ പലയാവൃത്തി വായിച്ചുനോക്കുകയുമരുത്; നോക്കൂ - ഞാൻ, നിന്റെ മുന്നിൽ ആളാകാൻ ഏതു വേഷവും കെട്ടാൻ മടിക്കാത്ത ഞാൻ പക്ഷേ, ആഗ്രഹിക്കുന്നത് എന്റെ ആത്മാർത്ഥതയും സത്യസന്ധതയും മാത്രം നിന്നെ കാണിക്കാനാണ്‌; എങ്കിൽ നീയും അതുപോലെ തന്നെയാവണം. നിന്നെക്കാൾ സമർത്ഥകളായ സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ നിന്നെക്കാൾ സത്യസന്ധയായ ഒരുത്തിയെ ഞാൻ കണ്ടിട്ടില്ല. തന്നെയുമല്ല, മനസ്സിനു മഹത്വം കൂടിപ്പോയാൽ അതരോചകമാണ്‌. അതേ സമയം, അതെത്ര നിഷ്കപടമാണോ, അത്രയ്ക്കതു പൂർണ്ണമാകുന്നു, അത്രയ്ക്കതിനെ നാം സ്നേഹിക്കുകയും ചെയ്യുന്നു. നോക്കൂ, നിന്നെ സ്നേഹിക്കാനുള്ള അഭിലാഷത്തിന്റെ കൂടുതൽ കാരണം എന്നെ എങ്ങനെ സ്നേഹിക്കണമെന്നു ഞാൻ നിന്നെ പഠിപ്പിക്കുകയാണ്‌! സത്യം പറയട്ടെ, എനിക്കിപ്പോൾ പ്രധാനമായും നിന്നോടു തോന്നുന്നത് സ്നേഹമല്ല, ആത്മാർത്ഥമായി നിന്നെ സ്നേഹിക്കാനുള്ള തീവ്രാഭിലാഷമാണ്‌. ദൈവത്തെയോർത്ത് എത്രയും പെട്ടെന്ന് എനിക്കെഴുതുക, കഴിയുന്നത്ര നീളത്തിൽ, നിനക്കാവുന്നത്ര വിലക്ഷണമായും പരസ്പരബന്ധമില്ലാതെയും, അതിനാൽ അത്രയ്ക്കാത്മാർത്ഥമായും.


[സോഫിയ അന്ദ്രെയേവ്നയെ വിവാഹം ചെയ്യുന്നതിനു മുമ്പ് ടോൾസ്റ്റോയിയുടെ കാമുകിയായിരുന്ന വലേറിയ അഴ്സെനേവിനെഴുതിയ കത്തുകളിൽ നിന്ന്)

Wednesday, March 11, 2015

പ്രണയലേഖനങ്ങൾ(31) - ഓസ്കാർ വൈൽഡ്

Constance Wilde



കോൺസ്റ്റൻസ് വൈൽഡിന്‌


എഡിൻബറോ, 1884 ഡിസംബർ 14

ഞാൻ ഇവിടെ, നീ അങ്ങവിടെയും: ഹാ, ആത്മാവുകൾ ഒന്നാണെങ്കിലും നമ്മുടെ ചുണ്ടുകളെ ചുംബനത്തിൽ നിന്നു തടുക്കുന്ന അഭിശപ്തയാഥാർത്ഥ്യങ്ങൾ.

കത്തിലൂടെ ഞാൻ നിന്നോടെന്തു പറയാൻ? കഷ്ടമേ! പറയാനുള്ളതൊന്നും ഞാൻ പറയില്ല. ദേവകൾ അന്യോന്യമയക്കുന്ന സന്ദേശങ്ങൾ പേനയും മഷിയും വഴിയല്ല യാത്ര ചെയ്യുക. നിന്റെ ഭൌതികസാന്നിദ്ധ്യം നിന്നെ കൂടുതൽ യഥാർത്ഥമാക്കുന്നുമില്ല. എന്തെന്നാൽ, എന്റെ മുടിയിൽ നിന്റെ വിരലോടുന്നതും എന്റെ കവിളിൽ നിന്റെ കവിളുരുമ്മുന്നതും ഇപ്പോൾത്തന്നെ ഞാൻ അറിയുന്നുണ്ടല്ലൊ. വായുവിൽ നിന്റെ സ്വരത്തിന്റെ സംഗീതം നിറയുന്നു, എന്റെ ശരീരവും ആത്മാവും എന്റേതാണെന്നുതന്നെ എനിക്കു തോന്നുന്നുമില്ല; ഏതോ അമിതാനന്ദമൂർച്ഛയിൽ അവ നിന്റേതിൽ ലയിക്കുന്നതായി ഞാനറിയുന്നു. നീയില്ലയെങ്കിൽ അപൂർണ്ണനാണു ഞാനെന്നു തോന്നിപ്പോകുന്നു.

എന്നുമെന്നും നിന്റെയായ

ഓസ്കാർ

ഞായറാഴ്ച വരെ ഞാൻ ഇവിടെത്തന്നെയുണ്ടാവും.


ആല്ഫ്രഡ് ഡഗ്ളസിന്


Alfred Douglas
1891

എനിക്കു മാത്രം സ്വന്തമായ പ്രിയപ്പെട്ട കുട്ടീ,

നീ അയച്ച ഗീതകം വളരെ മനോഹരമായിരിക്കുന്നു. നിന്റെയാ പനിനീർപ്പൂവിതൾച്ചുണ്ടുകൾ ചുംബനത്തിന്റെ ഉന്മാദത്തിനെന്നപോലെ കവിതയുടെ സംഗീതത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നത് വിസ്മയകരം തന്നെ. ലോലവും സുവർണ്ണവുമായ നിന്റെയാത്മാവ് വികാരത്തിനും കവിതയ്ക്കുമിടയിൽ ചുവടു വയ്ക്കുന്നു. അപ്പോളോ ഭ്രാന്തമായി പ്രേമിച്ച ഹയാസിന്തസ് യവനകാലത്തു നീയായിരുന്നുവെന്നു ഞാനറിയുന്നു. എന്തിനാണു നീ ലണ്ടനിൽ ഒറ്റയ്ക്കു കഴിയുന്നത്? എന്നാണു നീ സാലിസ്ബറിയിലേക്കു പോവുക? അവിടെയ്ക്കു പോവുക, ഗോഥിക് വസ്തുക്കളുടെ വിളറിയ സാന്ധ്യവെളിച്ചത്തിൽ നിന്റെ കൈകൾക്കു കുളിരു നല്കുക, ഇഷ്ടമുള്ളപ്പോൾ നിനക്കിങ്ങോട്ടു വരികയുമാവാം. വളരെ നല്ല സ്ഥലമാണിവിടെ; നിന്റെയൊരു കുറവേയുള്ളു. ആദ്യം പക്ഷേ, സാലിസ്ബറിയിലേക്കു പോവുക.
ഒരിക്കലും മരിക്കാത്ത പ്രേമത്തോടെ,

ഓസ്കാർ

 



1895 മേയ് 20

എന്റെ കുട്ടീ,

എന്റെ ഓമനപ്പനിനീർപ്പൂവേ, എന്റെ വിലോലപുഷ്പമേ, ലില്ലിപ്പൂക്കളിൽ വച്ചു ലില്ലിപ്പൂവേ, പ്രണയത്തിന്റെ ബലം ഞാൻ പരീക്ഷിക്കാൻ പോകുന്നത് തടവറയിൽ വച്ചാണെന്നു വരാം. കൈയ്പുള്ള വാർഡർമാരെ എനിക്കു നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൊണ്ട് മധുരിപ്പിക്കാൻ പറ്റുമോയെന്നു നോക്കാൻ പോവുകയാണു ഞാൻ. നാം തമ്മിൽ പിരിയുന്നതാവും ബുദ്ധിയെന്ന് ചില നിമിഷങ്ങളിൽ ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്. ഹാ! ദൗർബല്യത്തിന്റെയും ഉന്മാദത്തിന്റെയും നിമിഷങ്ങൾ! അതെന്റെ ജീവിതത്തെ അംഗഭംഗപ്പെടുത്തുമായിരുന്നുവെന്ന്, എന്റെ കലയെ നശിപ്പിക്കുമായിരുന്നുവെന്ന്, ആത്മാവിനെ എല്ലാം തികഞ്ഞതാക്കുന്ന സംഗീതത്തിന്റെ തന്ത്രികൾ പൊട്ടിച്ചുകളയുമായിരുന്നുവെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു. ചെളിയിൽ മുങ്ങിനിന്നായാല്പോലും നിന്നെ ഞാൻ സ്തുതിക്കും, കൊടുംഗർത്തത്തിനുള്ളിൽക്കിടന്നും നിന്നെ ഞാൻ കരഞ്ഞുവിളിക്കും. എന്റെ ഏകാന്തതയിൽ എന്നോടൊപ്പം നീയുണ്ടാകും. ആരോടും കലഹിക്കാനില്ലെന്നു ഞാൻ തീരുമാനമെടുത്തുകഴിഞ്ഞു; എന്നോടു കാട്ടുന്ന എല്ലാ അതിക്രമങ്ങളെയും പ്രണയത്തോടുള്ള സമർപ്പണത്തോടെ ഞാൻ ഏറ്റുവാങ്ങും. എന്റെ ആത്മാവിൽ നിന്റെ പ്രതിരൂപം കുടികൊള്ളുന്നിടത്തോളം കാലം ശരീരത്തിനേല്ക്കുന്ന അവമാനങ്ങൾ ഞാൻ സഹിച്ചുകൊള്ളാം. ആ പട്ടു പോലത്തെ മുടി മുതൽ മൃദുലമായ കാലടികൾ വരെ നീയെനിക്കു പൂർണ്ണതയാണ്‌.  ആനന്ദം പ്രണയത്തെ നമ്മിൽ നിന്നു മറയ്ക്കുന്നു; അതിന്റെ സ്വരൂപം നമുക്കു കാട്ടിത്തരുന്നത് വേദനയാണ്‌. സൃഷ്ടികളിൽ വച്ചേറ്റവും പ്രിയപ്പെട്ടതേ, മൗനവും ഏകാന്തതയും കൊണ്ടു മുറിപ്പെട്ട ഒരാൾ അവമാനിതനായി, പരിഹാസപാത്രമായി നിന്റെയടുത്തെത്തുമ്പോൾ സ്പർശനത്താൽ അയാളുടെ മുറിവുണക്കാൻ നിനക്കു കഴിയും. നിനക്കു ദുഷ്കരമായി അപ്പോൾ യാതൊന്നുമുണ്ടാവില്ല; ആ പ്രത്യാശയാണ്‌, ആ പ്രത്യാശയൊന്നു മാത്രമാണ്‌ എന്റെ ജീവൻ നിലനിർത്തുന്നതെന്നും ഓർക്കുക. ദാർശനികനു ജ്ഞാനമെന്താണോ, പുണ്യവാളനു ദൈവമെന്താണോ അതു തന്നെയാണ്‌ എനിക്കു നീയും. നിന്നെ എന്റെയുള്ളിൽ കാത്തുവയ്ക്കുക- മനുഷ്യർ ജീവിതമെന്നു വിളിയ്ക്കുന്ന ആ യാതനയുടെ ലക്ഷ്യം എനിക്കതാണ്‌. എന്റെ പ്രണയമേ, മറ്റെന്തിലുമപരിയായി ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നവനേ, കൊഴുവിറങ്ങാത്ത പാടത്തെ വെളുത്ത നാഴ്സിസസ് പൂവേ, നിന്റെ മേൽ വന്നുവീഴാൻ പോകുന്ന ഭാരത്തെക്കുറിച്ചോർക്കുക, പ്രണയത്തിനു മാത്രം ലഘൂകരിക്കാനാവുന്ന ഭാരത്തെ. അതോർത്തു ദുഃഖിക്കുകയും വേണ്ട; ഇപ്പോൾ നരകത്തിൽ കിടന്നു കരഞ്ഞുവിളിയ്ക്കുകയാണെങ്കിലും ഹൃദയത്തിൽ സ്വർഗ്ഗം സൂക്ഷിക്കുന്ന ഒരു മനുഷ്യജീവിയുടെ ആത്മാവിൽ അനശ്വരപ്രണയം നിറയ്ക്കാൻ തനിക്കായി എന്നതിൽ സന്തോഷിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു; നിന്റെ പ്രണയം വിടർത്തിയ പനിനീർപ്പൂവാണെന്റെ ഹൃദയം, നിന്റെ നിശ്വാസത്തിന്റെ ഹൃദ്യമായ ഇളംതെന്നൽ വീശുന്ന മരുഭൂമിയാണെന്റെ ജീവിതം, അതിലെ കുളിർനീരുറവകളാണു നിന്റെ കണ്ണുകൾ. നിന്റെ കുഞ്ഞുകാലടിപ്പാടുകൾ എനിക്കു തണലിന്റെ തടങ്ങൾ തീർക്കുന്നു, നിന്റെ മുടിയിഴകൾ കുന്തിരിക്കം പോലെ മണക്കുന്നു, നീ പോകുന്നിടത്തെല്ലാം ഇലവർങ്ങത്തിന്റെ പരിമളം പരക്കുന്നു.

എന്നുമെന്നെ പ്രേമിക്കൂ, എന്നുമെന്നെ പ്രേമിക്കൂ. പ്രണയത്തിന്റെ പാരമ്യവും പൂർണ്ണതയുമാണു നീ; രണ്ടാമതൊന്നുണ്ടാവുക വയ്യ.

ഓടിപ്പോകാതിരിക്കുന്നതാണു കൂടുതൽ കുലീനവും സുന്ദരവുമെന്നു ഞാൻ തീരുമാനിച്ചു. ഭീരുവായോ ഒളിച്ചോടിയവനായോ അറിയപ്പെടാതിരിക്കാൻ ഞാൻ ആഗ്രഹിച്ചു. ഒരു കള്ളപ്പേര്‌, പ്രച്ഛന്നവേഷം, വേട്ടമൃഗത്തിന്റെ ജീവിതം, അതൊന്നും വേണ്ടെനിക്ക്, സുന്ദരവസ്തുക്കൾ രൂപം മാറുന്ന ആ മലമുടി മേൽ വച്ച് നീ ദർശനം തന്ന എനിക്ക്.

യൗവനത്തിന്റെ മാധുര്യമേ, പ്രണയത്തിന്റെ പൂർണ്ണതേ, എന്റെയാത്മാവ് നിന്റെയാത്മാവിൽ ഒട്ടിച്ചേരുന്നു, എന്റെ പ്രാണൻ നിന്റെ പ്രാണൻ തന്നെയാകുന്നു, വേദനയുടെയും ആനന്ദത്തിന്റെയും ഈ ലോകത്ത് എനിക്കാരാധിക്കാനും ആഹ്ളാദിക്കാനുമുള്ള ആദർശവും നീ തന്നെയാകുന്നു.

ഓസ്കാർ

Oscar_Wilde,_1882


ഇംഗ്ളീഷ് കവിയും നാടകകൃത്തും വിമർശകനുമായ ഓസ്കാർ വൈൽഡ്(1854-1900) 1884ൽ കോൺസ്റ്റൻസ് മേരി ലോയ്ഡിനെ വിവാഹം കഴിച്ചു; അവർക്കു രണ്ടു കുട്ടികളുമുണ്ടായി. പക്ഷേ 1891ൽ ക്വീൻസ്ബറി പ്രഭുവിന്റെ മകനായ ആല്ഫ്രഡ് ഡഗ്ളസിനെ പരിചയപ്പെട്ടത് തീവ്രമായ ഒരു പ്രണയബന്ധത്തിലേക്കും തുടർന്ന് സദാചാരലംഘനത്തിന്റെ പേരിലുള്ള കോടതിവ്യവഹാരത്തിലേക്കും നയിച്ചു.


 

Monday, March 9, 2015

പ്രണയലേഖനങ്ങൾ (30) - ജയിംസ് ജോയ്സ്

James_Joyce_by_Alex_Ehrenzweig_1915_restored


നോറ ബാർണക്കിളിന്‌

ഡബ്ളിൻ, 1909 ഡിസംബർ 13

ഒടുവിൽ നിനക്കെന്റെ പ്രേമത്തിൽ വിശ്വാസം വന്നുവോ, പ്രിയപ്പെട്ടവളേ? ഹാ, വിശ്വസിക്കെന്നേ, നോറാ! നിന്നെക്കുറിച്ചു പറയുമ്പോൾ എന്റെ കണ്ണുകളിൽ അതാർക്കും വായിച്ചെടുക്കാവുന്നതല്ലേയുള്ളു! നിന്റെ അമ്മ പറയാറുള്ളപോലെ ‘എന്റെ തലയിൽ രണ്ടു മെഴുകുതിരികൾ കൊളുത്തിവച്ചപോലെ’യാണത്!

സ്നേഹം നിറഞ്ഞ, മാർദ്ദവം നിറഞ്ഞ നിന്റെ കൈകൾ എന്നെ വലയം ചെയ്യുന്ന മുഹൂർത്തത്തിലേക്ക് ഇനി കാലം പറക്കുകയായി. ഇനിയൊരിക്കലും ഞാൻ നിന്നെ വിട്ടുപിരിയില്ല. എനിക്കു വേണ്ടത് നിന്റെ ശരീരം മാത്രമല്ല (അതു നിനക്കറിയാമല്ലൊ), നിന്റെ സഹവാസം കൂടിയാണ്‌. ഉജ്ജ്വലവും ഉദാരവുമായ നിന്റെ പ്രേമത്തോടു താരതമ്യം ചെയ്യുമ്പോൾ എന്റേത് വളരെ ദരിദ്രവും ജീർണ്ണപ്രായവുമായി എനിക്കു തോന്നുന്നു. പക്ഷേ എനിക്കു നല്കാവുന്നതിൽ വച്ചേറ്റവും നല്ലതുമാണത്. അതു സ്വീകരിക്കൂ, പ്രിയേ, എന്നെ രക്ഷിക്കൂ, എനിക്കഭയം നല്കൂ. മുമ്പു പറഞ്ഞിട്ടുള്ള പോലെ, നിന്റെ സന്തതിയാണു ഞാൻ; അവനോട് ഒരു ദാക്ഷിണ്യവും കാണിക്കരുതമ്മേ. ഇഷ്ടമുള്ളത്ര നീയവനെ ശിക്ഷിച്ചോളൂ. നിന്റെ കൈപ്പടത്തിനടിയിൽ എന്റെ മാംസം കിക്കിളി കൊള്ളുന്നതറിഞ്ഞു ഞാൻ ആനന്ദിക്കും. ഞാൻ പറയുന്നതെന്തെന്നു നിനക്കു മനസ്സിലാകുന്നുണ്ടോ, പ്രിയപ്പെട്ട നോറാ? നീയെന്നെ അടിക്കണം, അടിച്ചു പുറം പൊളിക്കണം. അതും കളിയായിട്ടല്ല, പ്രിയേ, കാര്യമായിത്തന്നെ, എന്റെ വെറും തൊലിയിലും. നീ കരുത്തയായിരുന്നെങ്കിൽ, കരുത്തയായിരുന്നെങ്കിൽ പ്രിയേ, പ്രൌഢമായ, നിറഞ്ഞ മാറും കനത്തുകൊഴുത്ത തുടകളും നിനക്കുണ്ടായിരുന്നെങ്കിൽ. നീയെന്നെ ചാട്ട കൊണ്ടടിക്കണം, പ്രിയപ്പെട്ട നോറാ! നിനക്കനിഷ്ടം തോന്നുന്നതെന്തെങ്കിലും- അതിനി എത്ര നിസ്സാരമായിക്കോട്ടെ, നിനക്കു ചിരി തോന്നുന്ന എന്റെയാ വൃത്തി കെട്ട ദുശ്ശീലങ്ങളിൽ ഒന്നു തന്നെയായിക്കോട്ടെ- ഞാൻ ചെയ്യുന്നതു ഞാൻ മനസ്സിൽ കാണുന്നു: എന്നിട്ടു നീയെന്നെ നിന്റെ മുറിയിലേക്കു വിളിക്കുന്നതു ഞാൻ കേൾക്കുകയാണ്‌;  കൊഴുത്ത തുടകളകറ്റി, കോപം കൊണ്ടു മുഖം ചുവന്ന്, ഒരു ചൂരലും പിടിച്ച് നീ ചാരുകസേരയിൽ ഇരിക്കുന്നതു ഞാൻ കാണുന്നു. ഞാൻ ചെയ്തതെന്താണെന്നു നീ ചൂണ്ടിക്കാണിക്കുന്നതും, പിന്നെ തടുക്കാനാവാത്ത രോഷത്തോടെ നീയെന്നെ വലിച്ചടുപ്പിക്കുന്നതും നിന്റെ മടിയിലേക്കെന്റെ മുഖം പിടിച്ചു കമിഴ്ത്തുന്നതും ഞാൻ കാണുന്നു. പിന്നെ നീയെന്റെ ട്രൌസറും അടിവസ്ത്രവും വലിച്ചൂരുന്നതും എന്റെ ഷർട്ടു വലിച്ചുപൊക്കുന്നതും, നിന്റെ കനത്ത കൈകളിലും മടിയിലും കിടന്നു ഞാൻ പുളയുന്നതും പിന്നെ നിന്റെ അമ്മിഞ്ഞകൾ എന്നെ തൊടുമാറു  കുനിഞ്ഞ് നീ  (കുട്ടിയുടെ ചന്തിയിൽ ആഞ്ഞടിക്കുന്ന ആയയെപ്പോലെ) എന്റെ തുടിയ്ക്കുന്ന ദേഹത്ത് ആഞ്ഞാഞ്ഞടിക്കുന്നതും ഞാൻ കാണുന്നു!! ക്ഷമിക്കണേ പ്രിയേ, ഇതൊക്കെ വിഡ്ഢിത്തമായി തോന്നുന്നുവെങ്കിൽ! ഞാൻ ഈ കത്തു തുടങ്ങിയത് വളരെ ശാന്തസ്വഭാവത്തിലാണ്‌, ഞാൻ ഇതവസാനിപ്പിക്കുന്നത് എനിക്കു തനതായ ഭ്രാന്തൻ ശൈലിയിലാകാതെയും വയ്യ.

ഈ ബീഭത്സവും ലജ്ജാവഹവുമായ എഴുത്തു കണ്ടു നിനക്കു വിരോധം തോന്നുന്നുണ്ടോ, പ്രിയേ? ഞാനെഴുതിവച്ച ഈ വൃത്തികേടുകളിൽ ചിലതു വായിച്ച് നിന്റെ മുഖം ചുവക്കുമെന്നെനിക്കറിയാം. നിന്റെ അടിവസ്ത്രത്തിലെ തവിട്ടുപാടിൽ നോക്കിയിരിക്കാൻ എനിക്കിഷ്ടമാണെന്നു ഞാൻ പറഞ്ഞതിൽ നിനക്കു വിരോധമായോ? ഞാനൊരു നാറിപ്പുഴുത്തവനാണെന്നു നിനക്കു തോന്നിയിട്ടുണ്ടാവും. ആ കത്തുകൾക്കു നീ മറുപടി അയക്കുമോ? എന്റേതിനെക്കാൾ വൃത്തി കെട്ടതും ഭ്രാന്തു പിടിച്ചതുമായ കത്തുകൾ നീയും എനിക്കെഴുതുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.


 

 

Thursday, March 5, 2015

പ്രണയലേഖനങ്ങൾ (29) - മൈക്കൽ ഫാരഡേ

M_Faraday_Th_Phillips_oil_1842.


സാറാ ബർണാഡിന്‌

1820 ഡിസംബർ വ്യാഴാഴ്ച രാത്രി

എന്റെ പ്രിയപ്പെട്ട സാറ,

ഒരാളുടെ ശാരീരികാവസ്ഥ അയാളുടെ മനസികാവസ്ഥയെ എത്രത്തോളമാണു ബാധിക്കുന്നതെന്നോർക്കുമ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോകുന്നു. ഇന്നു കാലത്തു മുഴുവൻ എന്റെ ചിന്ത വൈകിട്ടു നിനക്കു ഞാൻ അയക്കാൻ പോകുന്ന സന്തോഷപ്രദവും രസകരവുമായ കത്തിനെക്കുറിച്ചായിരുന്നു; ഇപ്പോൾ പക്ഷേ, ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു, എന്റെ ചിന്തകൾ പമ്പരം കറങ്ങുന്നു, അവ നിന്റെ മാനസികചിത്രത്തിനു ചുറ്റും വട്ടം കറങ്ങുന്നു; ആ ഓട്ടം നിർത്തി ഒരു നിമിഷം അതൊന്നാസ്വദിക്കാൻ പോലും അവയ്ക്കു കഴിയുന്നില്ല. സ്നേഹനിർഭരമായ, എന്നെ വിശ്വസിക്കൂ, ആത്മാർത്ഥമായ ഒരായിരം സംഗതികൾ നിന്നോടു പറയണമെന്നെനിക്കുണ്ട്; പക്ഷേ അതിനുചിതമായ വാക്കുകൾ കണ്ടെടുക്കുന്നതിൽ ഞാനൊരു മിടുക്കനല്ല; എന്നിട്ടും നിന്നെക്കുറിച്ചോർക്കുമ്പോൾ ക്ളോറൈഡുകളും പരീക്ഷണങ്ങളും എണ്ണയും ഉരുക്കും ഡേവിയും അതുമിതും മെർക്കുറിയും വേറെ ഒരു നൂറു തൊഴിൽ സംബന്ധിയായ ചിന്തകളും എന്നെ നിന്നിൽ നിന്നകലേക്കലേക്കടിച്ചോടിച്ച് മൂഢതയിലേക്കും ആശയക്കുഴപ്പത്തിലേക്കും കൊണ്ടുപോവുകയാണ്‌.

സ്നേഹം നിറഞ്ഞ
മൈക്കൽ


മൈക്കൽ ഫാരഡേ(1791-1867)- ഇലക്ട്രോമാഗ്നറ്റിസം, ഇലക്ട്രോകെമിസ്ട്രി എന്നിവയിൽ കാര്യമായ സംഭാവനകൾ നല്കിയ ഇംഗ്ളീഷ് ശാസ്ത്രജ്ഞൻ. സർ ഹംഫ്രി ഡേവിയാണ്‌ ആദ്ദേഹത്തെ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. ഫാരഡേ 1821ൽ സാറ ബർണാഡിനെ വിവാഹം കഴിച്ചു.

Wednesday, March 4, 2015

പ്രണയലേഖനങ്ങൾ(28)- ജി. കെ. ചെസ്റ്റർട്ടൺ

G K Chesterton with Frances


ഫ്രാൻസെസ് ബ്ലൊഗ്ഗിന്‌

മരണത്തെക്കുറിച്ചെന്നോടു സംസാരിക്കണമെന്നു നീ പറയുന്നു: മരണത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് വളരെ ദീപ്തവും ചടുലവും രസകരവുമാണെന്നു പറയട്ടെ. അസ്രായേൽ ഒരാത്മാവിനെ കൊണ്ടുപോകുന്നത് ദീപ്തിമത്തായ അന്യലോകങ്ങളിലേക്കാണെന്നു വരാം: നീയും ഞാനും പോകുന്നിടമെന്നപോലെ. മരണമെന്ന പരിണാമം പ്രണയമെന്ന പരിണാമം പോലെ സുന്ദരവും ഉജ്ജ്വലവുമായതൊന്നാവാം. പരേതനെ അതു ‘സന്തുഷ്ട’നാക്കിയെന്നു വരാം, നീ ഇപ്പോൾ സന്തുഷ്ടയാണെന്നു നിന്റെ അമ്മയ്ക്കറിയാവുന്നപോലെ. എന്നാല്ക്കൂടി അതൊരു പരിണാമമാണ്‌, നാം പിന്നിൽ വിട്ടുപോകുന്നവർക്കു ചിലപ്പോൾ സങ്കടകരമായ ഒന്ന്. മരണത്തോടടുക്കുന്ന ഒരു കുഞ്ഞിന്റെ അമ്മയ്ക്കെങ്ങനെ വിശ്വസിക്കാനാവും, ഇന്നതെന്നറിയാത്ത ആ അജ്ഞാതത്തിൽ തന്നെപ്പോലതിനെ നോക്കിവളർത്താൻ ആരെങ്കിലുമുണ്ടായിരിക്കുമെന്ന്? തന്റെ കുഞ്ഞിനെ സർവശക്തനായ ദൈവത്തിനു വിശ്വസിച്ചേല്പിക്കാൻ അമ്മയ്ക്കു കഴിയുന്നില്ലെങ്കിൽ പിന്നെ എന്നെ വിശ്വാസമില്ലാത്തതിന്റെ പേരിൽ അവരോടു കോപിക്കാനും മാത്രം തരം താഴണോ ഞാൻ? ഒരു കള്ളഭാവത്തോടെയാണ്‌ നിന്റെ അമ്മയുടെ മുന്നിൽ ഞാൻ നിന്നിട്ടുള്ളതെന്നു പറയട്ടെ. എനിക്കറിയാം , ഭൗതികമായിട്ടോ മാനസികമായിട്ടോ ധാർമ്മികമായിട്ടോ ആത്മീയമായിട്ടോ നീ അവരിൽ നിന്നു പിരിയുകയില്ലെന്ന്. പക്ഷേ പുറമേ നിന്നു നോക്കുമ്പോൾ നിന്റെ ജീവിതത്തിൽ പുതിയൊരു ഘടകം കടന്നുവരുന്നത് അവർ കാണുകയാണ്‌ - അവരുടെ പ്രകൃതം വച്ചു നോക്കുമ്പോൾ സ്വാഭാവികമായും അവരുടെ ആകുലത പ്രതീക്ഷിക്കാവുന്നതല്ലേ? ഹാ, എത്രയും പ്രിയപ്പെട്ട, പ്രിയപ്പെട്ട ഫ്രാൻസെസ്, പ്രായമായവരോടു നാം എപ്പോഴും സൌമ്യരാവുക. സ്വേച്ഛാധിപതികൾ അവരല്ല ഡാർലിംഗ്, നമ്മൾ തന്നെ. അടിവാരമിടുന്ന ഘട്ടത്തിൽ അവർ നമ്മുടെ വീടുപണിയ്ക്കു വിഘാതങ്ങൾ സൃഷ്ടിച്ചേക്കാം; പക്ഷേ നമ്മൾ കീഴ്മേലെടുത്തു മറിയ്ക്കുന്നത് അവരുടെ അവസാനത്തെ വീടാണ്‌, വിശ്രമമാണ്‌. നിന്റെ വിവാഹം നിശ്ചയിച്ചത് മിഖായേൽ മാലാഖയോടാണെങ്കില്പോലും (അദ്ദേഹം തന്റെ ഇച്ഛാഭംഗം ഒട്ടും പുറത്തു കാണിയ്ക്കാതിരിക്കുന്നതിൽ വിജയിച്ചിരിക്കുന്നു.)നിന്റെ അമ്മയുടെ മനസ്സിൽ ആധിയായിരിക്കും: അത് അതിലുമെത്രയോ അധികമായിരിക്കണം, നീ വിവാഹം കഴിക്കാൻ പോകുന്നത് ഒഴിവു കണ്ടപ്പോൾ ഇടിച്ചു കയറി വന്ന ലക്ഷ്യമില്ലാത്ത, നയമില്ലാത്ത, കൂസലില്ലാത്ത, പൊടിയണിഞ്ഞ, മർക്കടമുഷ്ടിക്കാരനായ ഒരുത്തനെയാണെന്നു വരുമ്പോൾ. അവരുടെ സ്വസ്ഥതകേട് എനിക്കു പ്രവചിക്കാവുന്നതേയുള്ളു: ഒന്നു ക്ഷമിച്ചാൽ അവരുടെ ക്ഷോഭമൊക്കെ തണുക്കും, പൊന്നേ. ദൈവം അവരെ ആശ്വസിപ്പിക്കട്ടെ: ഞാൻ അതിനാളല്ല...


[ഗിൽബർട്ട് കീത്ത് ചെസ്റ്റെർട്ടൺ (1874-1936) - ഇംഗ്ളീഷ് കവി, ചിന്തകൻ, വിമർശകൻ, നാടകകൃത്ത്, നിരൂപകൻ. ഫാദർ ബ്രൗൺ എന്ന കുറ്റാന്വേഷകനായ പുരോഹിതൻ അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ കഥാപാത്രമാണ്‌. കവിതയും നാടകവുമെഴുതിയിരുന്ന ഫ്രാൻസെസ് ആലിസ് ബ്ലൊഗ്ഗ് പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായി.]

അസ്രായേൽ - ഇസ്ലാം, ഹീബ്രു, സിക്ക് മതങ്ങളിൽ മരണത്തിന്റെ മാലാഖ


പ്രണയലേഖനങ്ങൾ(27)- കീറ്റ്സ്

keats1


ഫാന്നി ബ്രൗണിന്‌

1819 ജൂലൈ 1

...ഇത്രക്കെന്നെ കെട്ടിവരിയാനും എന്റെ സ്വാതന്ത്ര്യത്തെ നശിപ്പിക്കാനും മാത്രം അതിക്രൂരയായില്ലേ താനെന്നു നീ സ്വയമൊന്നു ചോദിച്ചുനോക്കൂ. ഒട്ടും വൈകാതെ എനിക്കെഴുതേണ്ട കത്തിൽ നീയതു സമ്മതിക്കുമോ? എന്നെ ആശ്വസിപ്പിക്കാൻ വേണ്ടതൊക്കെ നീ ചെയ്യുമോ? -എന്നെ ലഹരി പിടിപ്പിക്കാൻ അവീൻപൂക്കൾ പിഴിഞ്ഞെടുത്തപോലതിനെ വീര്യമുള്ളതാക്കൂ; എത്രയും മാർദ്ദവമുള്ള പദങ്ങൾ മാത്രമുപയോഗിക്കൂ; എന്റെ ചുണ്ടുകൾക്കു നിന്റെ ചുണ്ടുകളിരുന്നിടത്തൊന്നു തൊടാൻ വേണ്ടിയെങ്കിലും അതിലൊന്നു ചുംബിക്കുകയും ചെയ്യൂ. എന്റെ കാര്യമാവട്ടെ, ഇത്രയും സുന്ദരമായ ഒരു രൂപത്തോട് എനിക്കുള്ള ഭക്തി എങ്ങനെ പ്രകടിപ്പിക്കണമെന്നെനിക്കറിയുന്നില്ല: അതിനു ദീപ്തം എന്ന പദത്തെക്കാൾ ദീപ്തമായ ഒരു പദം എനിക്കു വേണം, സുന്ദരം എന്ന പദത്തെക്കാൾ സുന്ദരമായ ഒരു പദവും വേണം. മൂന്നു ഗ്രീഷ്മദിനങ്ങൾ മാത്രം ആയുസ്സുള്ള പൂമ്പാറ്റകളായിരുന്നുവെങ്കിൽ നാമെന്നുപോലും  ഞാൻ ആശിച്ചുപോകുന്നു- അമ്പതു സാധാരണ വർഷങ്ങൾക്കൊരിക്കലും തരാനാവാത്ത ആനന്ദം നിന്നോടൊരുമിച്ചുള്ള ആ മൂന്നു നാളുകൾ എനിക്കു നല്കിയേനെ. പക്ഷേ, മനസ്സിൽ എത്ര സ്വാർത്ഥിയാണെങ്കിലും പ്രവൃത്തിയിൽ സ്വാർത്ഥിയാവാൻ എനിക്കൊരിക്കലും കഴിയില്ല: ഹാംസ്റ്റെഡ് വിടുന്നതിന്‌ ഒന്നോ രണ്ടോ ദിവസം മുമ്പു ഞാൻ നിന്നോടു പറഞ്ഞപോലെ, വിധി എന്റെ ശീട്ടുകുത്തിൽ ഒരു ജാക്കോ, ഒരു രാജാവോ റാണിയോ എങ്കിലും തിരുകിത്തന്നില്ലെങ്കിൽ ലണ്ടനിലേക്കിനി ഞാനില്ല. എന്റെ സന്തോഷത്തിന്റെ കേന്ദ്രബിന്ദു നീ തന്നെയായിരിക്കുമെങ്കിലും നിന്റെ ഹൃദയത്തിന്റെ പൂർണ്ണാവകാശം എനിക്കായിരിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല- ഈ നിമിഷം എനിക്കു നിന്നോടുള്ള വികാരങ്ങൾ നിനക്കെന്നോടുമുണ്ടെന്നെനിക്കു തോന്നിയിരുന്നെങ്കിൽ ഒരാശ്ളേഷത്തിന്റെ ആനന്ദത്തിനായി നാളെ വീണ്ടും നിന്നെ കാണുന്നതിൽ നിന്നു സ്വയം തടുക്കാൻ എനിക്കു കഴിയുമെന്നു ഞാൻ കരുതുന്നില്ല. പക്ഷേ ഇല്ല- ഭാഗ്യത്തിലും പ്രതീക്ഷയിലും വിശ്വാസമർപ്പിച്ചു ഞാൻ കഴിയണം. അല്ല, സംഭവിക്കരുതാത്തതാണു സംഭവിക്കുന്നതെങ്കിൽ, അപ്പോഴും ഞാൻ നിന്നെ സ്നേഹിക്കും- പക്ഷേ, മറ്റേയാളോടുള്ള എന്റെ വെറുപ്പ് എത്ര കഠിനമായിരിക്കും!

keats_signature_150


Monday, March 2, 2015

പ്രണയലേഖനങ്ങൾ(26)- കീറ്റ്സ്

John_Keats_by_William_Hilton


1819 ഒക്റ്റോബർ 13

എത്രയും പ്രിയപ്പെട്ട പെൺകുട്ടീ,
ചില കവിതകൾ തെറ്റു തിരുത്തി പകർപ്പെടുക്കാനുള്ള ഒരുക്കത്തിലാണു ഞാൻ. പക്ഷേ എന്തെങ്കിലും തരത്തിലുള്ള തൃപ്തിയോടെ മുന്നോട്ടു പോകാൻ എനിക്കു കഴിയുന്നില്ല. ഒന്നോ രണ്ടോ വരി നിനക്കെഴുതി അല്പനേരത്തേക്കെങ്കിലും നിന്നെ മനസ്സിൽ നിന്നു കളയാൻ പറ്റുമോയെന്നു നോക്കട്ടെ.

സ്വന്തം ഹൃദയത്തെപ്പിടിച്ചു ഞാൻ പറയട്ടെ, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ എനിക്കു കഴിയുന്നില്ല. ഒരു വാഗ്ദാനവും തരാനില്ലാത്ത എന്റെ ജീവിതത്തിന്റെ പ്രഭാതത്തെക്കുറിച്ചു നിനക്കു മുന്നറിയിപ്പു തരാനും നിന്നെ ഉപദേശിക്കാനും എനിക്കു ശക്തിയുണ്ടായിരുന്ന കാലം കഴിഞ്ഞു. എന്റെ പ്രണയം എന്നെ സ്വാർത്ഥിയാക്കിയിരിക്കുന്നു. നീയില്ലാതെ എനിക്കു ജീവിക്കാൻ കഴിയില്ലെന്നായിരിക്കുന്നു. ഒന്നും എനിക്കോർമ്മയിൽ നില്ക്കുന്നില്ല; പക്ഷേ നിന്നെ വീണ്ടും കാണുമ്പോഴാകട്ടെ-എന്റെ ജീവിതം അവിടെ നിലച്ചുപോവുകയാണ്‌- മറ്റൊന്നും പിന്നെ ഞാൻ കാണുന്നുമില്ല. നീയെന്നെ നിന്നിലേക്കു വലിച്ചെടുത്തുകഴിഞ്ഞു. ഞാൻ അലിഞ്ഞുതീരുകയാണെന്നു തോന്നുകയാണ്‌ ഇപ്പോഴെനിക്ക് - നിന്നെ ഉടനെ കാണാമെന്ന പ്രതീക്ഷയില്ലെങ്കിൽ ഞാൻ ദുരിതത്തിലാവും. എന്റെ ഫാന്നീ, നിന്റെ മനസ്സു മാറില്ലേ? എന്റെ പ്രിയേ, അതു മാറുമോ? എന്റെ പ്രണയമിപ്പോൾ പരിധിയറ്റതാണ്‌- നിന്റെ കത്ത് ഇതാ, ഇപ്പോൾ കിട്ടിയതേയുള്ളു; നിന്നിൽ നിന്നകന്ന് സന്തോഷത്തോടെയിരിക്കാൻ എനിക്കു കഴിയില്ല. മുത്തുകൾ കയറ്റിപ്പോകുന്ന ഒരു കപ്പലിനെക്കാൾ വിലയേറിയതാണത്. കളിയായിപ്പോലും എന്നെ ഭീഷണിപ്പെടുത്തരുതേ. മതത്തിനു വേണ്ടി രക്തസാക്ഷികളാവാൻ മനുഷ്യർക്കെങ്ങനെ കഴിയുന്നു എന്നു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്- അതോർത്തു ഞാൻ നടുങ്ങിപ്പോയിട്ടുണ്ട്. ആ നടുക്കം ഇപ്പോൾ എനിക്കില്ല- എന്റെ മതത്തിനു വേണ്ടി രക്തസാക്ഷിയാവാൻ ഞാനൊരുക്കമാണ്‌- പ്രണയമാണ്‌ എന്റെ മതം - അതിനു വേണ്ടി ഞാൻ ജീവൻ കളയാം. നിനക്കു വേണ്ടി ഞാൻ മരിക്കാം. പ്രണയമാണെന്റെ വിശ്വാസസംഹിത, അതിന്റെ ഒരേയൊരു പ്രമാണം നീയും. എനിക്കു തടുക്കാനാവതില്ലാത്ത ഒരു ബലത്താൽ നീയെന്നെ തകർത്തുകളഞ്ഞിരിക്കുന്നു; പക്ഷേ നിന്നെ നേരിൽ കാണുന്നതു വരെ എനിക്കു ചെറുത്തു നില്ക്കാൻ കഴിഞ്ഞിരുന്നു; പിന്നീടും, നിന്നെ കണ്ടതിനു ശേഷവും, പ്രണയത്തിന്റെ യുക്തികളെ യുക്തി കൊണ്ടു പ്രതിരോധിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അതിനി എനിക്കു പറ്റാതായിരിക്കുന്നു- അതിന്റെ വേദന അത്ര കഠിനമായിരിക്കും. എന്റെ പ്രണയം സ്വാർത്ഥിയാണ്‌. നീയില്ലാതെ എനിക്കു ശ്വാസമെടുക്കാനാവുന്നില്ല.

എന്നുമെന്നും നിന്റെയായ

ജോൺ കീറ്റ്സ്

keats_signature_150


Sunday, March 1, 2015

പ്രണയലേഖനങ്ങൾ(25) - ഡേവിഡ് ഹ്യൂം

 

david-hume


മദാം ദെ ബുഫ്ളേറിന്‌

1766 ഏപ്രിൽ 3

നിങ്ങളുടെ അസാന്നിദ്ധ്യം സഹിക്കാനാവാത്തതിന്റെ വിഷമവും എപ്പോഴും നിങ്ങൾ ഒപ്പം വേണമെന്ന എന്റെ ആവശ്യവും നിങ്ങളെ പറഞ്ഞുമനസ്സിലാക്കുക എനിക്കസാദ്ധ്യമാണ്‌, പ്രിയപ്പെട്ട മദാം. എന്നിൽ നിന്നൊരിക്കലും പിരിഞ്ഞിരിക്കാത്ത ഒരു സ്നേഹിതയായി ഞാൻ നിങ്ങളെ കണ്ടു തുടങ്ങിയിട്ട് കാലം കുറേയായിരിക്കുന്നു; പരസ്പരബഹുമാനത്തോടെയും സൌഹൃദത്തോടെയും നമ്മുടെ കാലം കഴിക്കാൻ യുക്തരാണു നാമെന്ന് ഞാൻ സ്വയം പ്രശംസിക്കുകയും ചെയ്തിരുന്നു. പ്രായവും മിതോഷ്ണമായ  പ്രകൃതവും കാരണം ഒന്നിനോടും ഒരു താല്പര്യവുമില്ലാത്ത ഒരവസ്ഥയിലേക്ക്  ഹൃദയം സങ്കോചിക്കുമോയെന്നു ഭയം തോന്നിയ ഒരു ഘട്ടത്തിലാണ്‌ നിങ്ങളുടെ സംഭാഷണചാതുര്യവും ഊർജ്ജസ്വലമായ സ്വഭാവവും അതിനു നവോന്മേഷം നല്കാനെത്തിയത്. സ്വന്തം അവസ്ഥയിലെ സന്തുഷ്ടമല്ലാത്ത സാഹചര്യങ്ങളും സ്വന്തം പ്രകൃതവും കാരണം കലുഷമായ നിങ്ങളുടെ മനസ്സ് തനിക്കുള്ളതിനെക്കാൾ കൂടുതലായി നിങ്ങൾ എന്നിൽ കണ്ടെത്തിയ പ്രശാന്തമായ അനുതാപത്തിൽ ആശ്രയം കണ്ടെത്തുകയായിരുന്നു.

പക്ഷേ നോക്കൂ! ഞാൻ നിങ്ങളെ വിട്ടുപോന്നിട്ട് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു; നിങ്ങളെ എന്നു കണ്ടുമുട്ടാനാവുമെന്നതിന്‌ ഒരു സമയപരിധി വയ്ക്കാൻ എനിക്കു കഴിയുന്നുമില്ല. ഇപ്പോഴും എന്റെ ആഗ്രഹം ഞാൻ പാരീസ് വിട്ടുപോയിരുന്നില്ലെങ്കിൽ എന്നാണ്‌; മറ്റൊരു ചുമതലയ്ക്കും പിടി കൊടുക്കാതെ, നിങ്ങളുമായുള്ള സൌഹൃദം നില നിർത്തുക എന്ന, നിങ്ങളുമായുള്ള സഹവാസം ആസ്വദിക്കുക എന്ന മധുരതരവും ഹിതകരവുമായ കർത്തവ്യം മാത്രം ഞാൻ നോക്കിനടത്തേണ്ടിയിരുന്നു എന്നാണ്‌. അതിനെ ശരി വയ്ക്കുന്ന രീതിയിലുള്ള നിങ്ങളുടെ ഭാഷാപ്രയോഗം എന്റെ കുറ്റബോധം അത്രകണ്ടു വളർത്തുകയാണ്‌; തൊലി വളർന്നു മൂടിയാലും ഉള്ളിൽ പച്ചയായിട്ടിരിക്കുന്ന മുറിവുകളെക്കുറിച്ചുള്ള നിങ്ങളുടെ പരാമർശങ്ങൾ വിശേഷിച്ചും.

ഹാ! എന്റെ പ്രിയസ്നേഹിതേ, ഒരു പ്രതിവിധിയും ഫലിക്കാനിടയില്ലാത്ത, നിങ്ങളുടെ സ്വഭാവത്തിനു പ്രകൃത്യായുള്ള അതിവൈകാരികത കാരണം നിങ്ങൾക്കൊരിക്കലും കീഴമർത്താനാവാത്ത ആ വേദനയിൽ നിന്ന് സ്വസ്ഥമായ ഒരവസ്ഥയിലേക്കെത്താൻ കാലമേറെപ്പിടിക്കും എന്നോർത്തു ഞാൻ വിറച്ചുപോകുന്നു. ഒരു സുഹൃത്തിന്റെ സാന്നിദ്ധ്യത്തിനെന്നും നല്കാൻ കഴിയുന്ന താല്ക്കാലികാശ്വാസം പകരാനെനിക്കാകട്ടെ എന്നേ എനിക്കാഗ്രഹിക്കാനുള്ളു...സാദ്ധ്യമായ എല്ലാ വിശ്വസ്ഥതയോടെയും ഞാൻ നിങ്ങളുടെ കൈകളിൽ ചുംബിക്കുന്നു.



[ഡേവിഡ് ഹ്യൂം(1711-1766) ഇംഗ്ളീഷ് തത്വചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനും ചരിത്രകാരനും. അതേവരെ താൻ നയിച്ചുപോന്ന പാണ്ഡിത്യജീവിതത്തിൽ നിന്നൊരു വിച്ഛേദമായിരുന്നു 1763ലെ പാരീസിലേക്കുള്ള യാത്രയും തുടർന്ന് അവിടെ കഴിച്ചുകൂട്ടിയ രണ്ടു കൊല്ലവും. പാരീസിലെ സാലണുകളിൽ വച്ചു പരിചയപ്പെട്ട ഒരു മദാം ദെ ബുഫ്ളേറിനോട് അദ്ദേഹത്തിനു വൈകാരികമായ ഒരാകർഷണം തോന്നി. പക്ഷേ ഇത്തരം കാര്യങ്ങളിൽ കൂടുതൽ അനുഭവസന്നയായ മദാമിന്‌ പ്രിൻസ് ദെ കോൻതി എന്ന ഒരു കാമുകനുണ്ടായിരുന്നു. ഭർത്താവു മരിച്ചപ്പോൾ ഹ്യൂമിനെ തഴഞ്ഞ് പ്രിൻസിനെ വിവാഹം കഴിക്കാനാണ്‌ അവർ താല്പര്യപ്പെട്ടത്.]

Saturday, February 28, 2015

പ്രണയലേഖനങ്ങൾ(24)- ബൽസാക്ക്

balzac2


ഹാ! സുന്ദരസ്വപ്നങ്ങൾ സ്വപ്നം കണ്ടും ആലസ്യത്തോടെ, ഹർഷോന്മാദത്തോടെ എന്റെ ചിന്തകൾ നിന്നോടു പറഞ്ഞും ചിലപ്പോൾ ഒന്നും തന്നെ മിണ്ടാതെ നിന്റെ ഗൌണിൽ ചുണ്ടു ചേർത്തും ഒരു ദിവസത്തിൽ പാതിയും നിന്റെ മടിയിൽ തല വയ്ചു നിന്റെ കാല്ക്കലിരിക്കാൻ എത്രയിഷ്ടമാണെനിക്കെന്നോ!...എനിക്കെത്രയും പ്രിയപ്പെട്ട ഈവാ, എന്റെ പകലുകളുടെ പകലേ, രാവുകളുടെ രാവേ, എന്റെ പ്രത്യാശയുടെ രൂപമേ, ഞാനാരാധിക്കുന്നവളേ, എന്റെ പ്രണയസർവസ്വമേ, എനിക്കേകപ്രീതിഭാജനമേ, എന്നാണെനിക്കു നിന്നെ കാണാനാവുക? അതൊരു വ്യാമോഹമാവുമോ? നിന്നെ ഞാൻ കണ്ടിട്ടുണ്ടോ? ദൈവങ്ങളേ! എനിക്കെത്ര ഇഷ്ടമാണെന്നോ നിന്റെ ഉച്ചാരണം; കാരുണ്യത്തിന്റെ ആസക്തിയുടെയും ഇരിപ്പിടമായ നിന്റെ ചുണ്ടുകൾ- അതൊന്നു പറയാൻ എന്നെ അനുവദിക്കൂ, എന്റെ പ്രണയദേവതേ! ഡിസംബറിൽ രണ്ടാഴ്ച നിന്നെ വന്നു കാണാനായി രാത്രിയും പകലും പണിയെടുക്കുകയാണു ഞാൻ. മഞ്ഞു മൂടിയ ജൂറ ഞാൻ കടന്നുപോകും; എന്റെ മനസ്സിൽ പക്ഷേ, എനിക്കിഷ്ടപ്പെട്ടവളുടെ മഞ്ഞു പോലെ വെളുത്ത ചുമലുകളായിരിക്കും. ഹാ! നിന്റെ മുടിയുടെ ഗന്ധം ശ്വസിക്കുക, നിന്റെ കൈ കവരുക, കൈക്കൂട്ടിൽ നിന്നെയൊതുക്കുക- ഇതിൽ നിന്നൊക്കെയാണ്‌ ഞാൻ ധൈര്യം സംഭരിക്കുന്നത്! ഈ സമയത്തു ഞാൻ കാണിക്കുന്ന കിരാതമെന്നു പറയാവുന്ന ഇച്ഛാശക്തി കണ്ട് എന്റെ ചില കൂട്ടുകാർ നാവിറങ്ങിയപോലെ നില്ക്കാറുണ്ട്. ഹാ! അവർക്കെന്റെ പ്രിയപ്പെട്ടവളെ അറിയില്ല, മനസ്സിൽ കാണുമ്പോൾത്തന്നെ ശോകത്തിന്റെ വിഷമുള്ളെടുത്തു കളയുന്നവളെ. ഒരു ചുംബനം, ഭൂമിയിലെ മാലാഖേ, നുണഞ്ഞിറക്കാൻ ഒരു ചുംബനം, പിന്നെ ശുഭരാത്രിയും!


ബൽസാക്ക്(1799-1850)- ഇരുപതു കൊല്ലം കൊണ്ടെഴുതിയ ‘ഹ്യൂമൻ കോമഡി’ എന്ന റിയലിസ്റ്റ് മാസ്റ്റർപീസിലൂടെ ലോകത്തെ ഏറ്റവും മഹാന്മാരായ നോവലിസ്റ്റുകളിൽ ഒരാളായി മാറിയ ഫ്രഞ്ചു സാഹിത്യകാരൻ . 1833ൽ അദ്ദേഹം കൌണ്ടസ് എവെലിന ഹൻസ്കയുമായി കത്തുകളിലൂടെ പരിചയപ്പെട്ടു; തന്നെക്കാൾ ഇരുപതു വയസ്സ് പ്രായം കൂടിയ ഒരു പോളിഷ് ജന്മിയുടെ ഭാര്യയായിരുന്നു അവർ. അവർ തമ്മിലുള്ള കത്തിടപാട് പതിനേഴു കൊല്ലം നീണ്ടുനിന്നു. 1841ൽ എവെലിനയുടെ ഭർത്താവ് മരിച്ചതില്പിന്നെ അവർ യൂറോപ്പു മുഴുവൻ യാത്രയിലായിരുന്നു. ഒടുവിൽ 1850 മാർച്ച് 15ന്‌ അവർ വിവാഹിതരായി; അതേ വർഷം ആഗസ്റ്റ് 19ന്‌ ബൽസാക്ക് മരിക്കുകയും ചെയ്തു.