Showing posts with label ഗദ്യകവിത. Show all posts
Showing posts with label ഗദ്യകവിത. Show all posts

Friday, July 20, 2012

യൂജെനിയോ ദെ അന്ദ്രാദെ - അമ്മമാർ

File:Портрет старухи.jpg


ഞാൻ അലെന്റെഹോയിലേക്കു മടങ്ങുമ്പോഴേക്കും ചീവീടുകളൊക്കെ മണ്ണടിഞ്ഞിട്ടുണ്ടാവും; വേനൽക്കാലം മുഴുവൻ വെളിച്ചത്തെ പാട്ടുകളാക്കുകയായിരുന്നു അവ: അതിലുമുജ്ജ്വലമായ ഒരു ജാതകം എന്റെ അറിവിലില്ല. അവിടെ ഉറപ്പായും നാം കാണുക, വിലാപത്തിന്റെ കരിനിഴലുകൾ വാരിപ്പുതച്ച ആ സ്ത്രീകളെയാണ്‌: മരിച്ച മണ്ണിന്റെ അനാഥസന്തതികളെപ്പോലെ. ബറാന്റൊയിലും കാസ്ട്രോ ലബോറൈയിലും മാത്രമല്ല, സൂര്യനുദിക്കുന്ന ഏതു ദേശത്തും അവരെ കാണാം: കോറിയായിലും കാറ്റേനിയായിലും, മിസ്ട്രാസിലും സാന്താ ക്ളാരാ ഡെൽ കോബ്രെയിലും, വാർച്ചറ്റ്സിലും ബേനി മഹാലിലും: എന്തെന്നാൽ, അവരാണ്‌ അമ്മമാർ. നിശിതമോ നിദ്രാണമോ ആയ ഒരു നോട്ടം; ഒരഴി പോലെയോ, അത്രയും പോലും മാസം താങ്ങാനാവാത്ത പോലെയോ ഒരുടൽ: അവരാണ്‌ അമ്മമാർ. നിങ്ങളുടെ; മുഖത്തു ചാലു കീറാൻ കാറ്റിനു നേരം കിട്ടും മുമ്പേ അമ്മ മരിച്ചു പോയിരുന്നില്ലെങ്കിൽ എന്റെയും. ആദ്യതാരം പിറക്കുമ്പോഴേ അവർ ഇവിടെ ഉണ്ടായിരുന്നിരിക്കണം. അവരുടെ സഹനശീലത്തെക്കുറിച്ചെന്തു പറയാൻ! വെയിലു വാട്ടിയ മുൾച്ചെടി കൊണ്ടാണ്‌ അവരെ നിർമ്മിച്ചതെന്നു തോന്നും; മരണമില്ലാത്തവരാണവരെന്നു തോന്നും; തല്ലിക്കെടുത്തിയാൽ കെടാത്ത തീയുടെ പ്രകൃതമാണവർക്കെന്നെങ്കിലും. ദുർബലമായ വിരലുകൾ കൊണ്ട് നമുക്കവർ സ്വപ്നങ്ങളുടെ വല നെയ്തു തരുന്നു; തലയിലെ തട്ടങ്ങളുടെ ഇരുട്ടിൽ അരിച്ചെടുത്ത വെളിച്ചം കൊണ്ട് നമ്മെ ഊട്ടുന്നു. ചിലപ്പോഴാവട്ടെ, വെള്ളയടിച്ച ചുമരുകളിൽ ചാരി, പകലുകൾ കടന്നുപോകുന്നതും നോക്കി അവരിരിക്കുന്നതു കാണാം; അപ്പോഴവർ ഒരു റൊട്ടിക്കഷണം വായിലിട്ടു ചവയ്ക്കുന്നുണ്ടാവും; അല്ലെങ്കിൽ ഒടുവിൽ പിറന്ന പേരക്കുട്ടിക്കായി ഒരു കമ്പിളിക്കാലുറ തുന്നുകയാവും. മറ്റു ചിലപ്പോൾ ഒരിടത്തെരുവിൽ നിന്നു മറ്റൊന്നിലേക്ക് അവർ നടന്നുപോകുന്നതു കാണാം, ഒരു തീപ്പെട്ടിയോ അല്പം ഉപ്പോ കടം വാങ്ങാൻ; പരേതാത്മാക്കളെ കൂട്ടിനു പിടിച്ച് അതിനു നന്ദി പറയാൻ; പിന്നെ സ്വന്തം വീടുകളുടെ ഊഷ്മളതയിലേക്കു മടങ്ങാൻ; ഒരു തുള്ളി കാപ്പി അനത്തിക്കുടിയ്ക്കാൻ; മുറ്റം അടിച്ചുവാരി ജറേനിയത്തിനു വെള്ളമൊഴിക്കാൻ. അവരാണ്‌ അമ്മമാർ; സ്ഥലകാലങ്ങൾക്കപ്പു റത്തുള്ളവരെന്ന് ഗെയ്ഥേ പറഞ്ഞവർ; സ്വർഗ്ഗത്തെക്കാൾ, നരകത്തെക്കാൾ പ്രായം ചെന്നവർ; കണ്ണുകളിൽ ശൂന്യതയോ നഷ്ടബോധമോ മാത്രമുള്ളവർ; അല്ലെങ്കിൽ കണ്ണുകളിൽ കനലെരിയുന്നവർ. ഒറ്റയ്ക്കോ എണ്ണമറ്റോ, നിങ്ങൾക്കു മുന്നിൽ അവർ: ശാന്തഗംഭീരകളായി, നിശബ്ദരായി, ഭവ്യമായ നിശ്ചലതയുമായി. അവർ മറന്നുപോയിരിക്കുന്നു,തങ്ങളായിരുന്നു, പുരുഷനറിഞ്ഞ പ്രഥമഹിമബിന്ദുവെന്ന്, അവൻ കണ്ട ആദ്യവെളിച്ചമെന്ന്. പിന്നെയും അവരെ കാണാം, നിഴലു വീണ വഴികളിലൂടെ, അകിടു ചുക്കിച്ചുളിഞ്ഞുവെങ്കിലും ഉയർത്തിപ്പിടിച്ച ശിരസ്സിന്റെ ചാരുത ശേഷിച്ച ഒന്നോ രണ്ടോ ആടുകൾക്കു പിന്നാലെ സ്വന്തം ഇച്ഛാശക്തിയുടെ ബലം പോലുമില്ലാത്ത കാലുകളിൽ വേച്ചുവേച്ചു നടക്കുന്നതായി. ഈ ലോകത്തെ വഴികളിൽ എങ്ങനെ അവർ വിശ്രമം കണ്ടെത്താൻ? നിങ്ങൾ അവരെ കണ്ടിരിക്കും, ജരയോടിയ കൈകളിൽ ജപമാലയുമായി മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ; തന്റെ പന്നിക്കൂടിനു മൂന്നടി അടുത്തേക്കു കാബേജു നട്ടതിന്‌ അയൽക്കാരിക്കു നേരെ ശാപവാക്കുകൾ എടുത്തെറിയുമ്പോൾ; ഒരു കുടം വെള്ളം താങ്ങാൻ പറ്റാതെയായ സ്വന്തം പ്രായത്തെ പ്രാകിക്കൊണ്ട് കിണറ്റിൻകരയിൽ നിന്നു വരുമ്പോൾ, അതുമല്ലെങ്കിൽ ഒലീവുമരത്തിൽ നിന്ന് ഒന്നുരണ്ടു കായകൾ കക്കുമ്പോൾ. അവരെ വെളുത്തുള്ളിസൂപ്പു മണക്കുന്നു, കനച്ച നാറ്റം നാറുന്നു, വില കുറഞ്ഞ ചാരായം മണക്കുന്നു; പെരുന്നാളുകളിലാവട്ടെ, തോട്ടുങ്കരെ നിന്നരിഞ്ഞെടുത്ത തുളസിയും പുതിനയുമാണവരെ മണക്കുക. ഞായറാഴ്ചകളിൽ അവർ മുഖം കഴുകുന്നു, വസ്ത്രം മാറുന്നു, പഴയ ട്രങ്കിൽ പരതി കറുത്ത പട്ടുതുണി കൊണ്ടുള്ള പഴയൊരു തൂവാല കണ്ടെടുക്കുന്നു; മരണശുശ്രൂഷയ്ക്കും അതേ തൂവാല തന്നെയാണ്‌ അവരുപയോഗിക്കുക. പെട്ടി തുറക്കുമ്പോൾ പുറത്തേക്കു വരുന്ന ആ കർപ്പൂരമണം! ചിലർ ഡെയ്സിപ്പൂക്കളും വളർത്തുന്നു; അതവർ സെമിത്തേരികളിലോ കുളിപ്പുരകളിലോ കൊണ്ടുപോയി വിൽക്കുന്നുണ്ട്, വൈക്കോൽ മണക്കുന്ന ആപ്പിൾപ്പഴങ്ങൾക്കൊപ്പം. ഒരു കൊച്ചുകുട്ടിയുടെ വികൃതിത്തരങ്ങളും കണ്ട് മണിക്കൂറുകൾ കഴിക്കുന്ന ഒരു സ്ത്രീയെ എനിക്കറിയാം; മലയാടിന്റെ നെറ്റിയിലെ ചൂട്ടു പോലെ അവന്റെ നെറ്റിയിലുമുണ്ടായിരുന്നു ഒന്ന്- അവനെ അവരേ കണ്ടിരുന്നുള്ളു, അവർ മാത്രം.

അവരാണ്‌ അമ്മമാർ, തങ്ങൾ എന്നു മരിക്കുമെന്നറിയാത്തവർ, എന്നാൽ തങ്ങൾ ഉയിർത്തെഴുന്നേൽക്കുമെന്നു തീർച്ചയുള്ളവർ.


link to image


Sunday, September 25, 2011

ഓസ്ക്കാർ വൈൽഡ് - ഗുരുവും ശിഷ്യനും

File:Oscar Wilde, 1882.jpg


ഗുരു


ഭൂമിയ്ക്കു മേൽ അന്ധകാരമായപ്പോൾ അരിമേത്യായിലെ യോസെഫ് ഒരു പൈൻമുട്ടി കൊളുത്തിയെടുത്തതിന്റെ വെട്ടത്തിൽ കുന്നിറങ്ങി താഴ്വാരത്തിലേക്കു പോയി. സ്വന്തം വീട്ടിൽ അടിയന്തിരങ്ങൾ പലതും ബാക്കിയായിരുന്നുവല്ലോ അയാൾക്ക്.

ദുരിതത്തിന്റെ താഴ്വാരത്തിലെ തീക്കല്ലുകളിൽ മുട്ടുകുത്തി നഗ്നനായൊരു യുവാവു വിലപിക്കുന്നതയാൾ കണ്ടു. അയാൾക്കു മുടി തേനിന്റെ നിറമായിരുന്നു, ഉടൽ പൂവു പോലെ വെളുത്തിട്ടായിരുന്നു, എന്നാലയാളുടെ ദേഹമാകെ മുള്ളുകൾ കൊണ്ടു മുറിപ്പെട്ടിരുന്നു, മുടിയിലൊരു കിരീടം പോലെ ചാമ്പലുമണിഞ്ഞിരുന്നു അയാൾ.

വലിയ സമ്പത്തുകൾക്കുടമയായവൻ നഗ്നനായി വിലപിക്കുന്ന യുവാവിനെ നോക്കിപ്പറഞ്ഞു, ‘നിങ്ങളത്രയും ദുഃഖിക്കുന്നുവെന്നതിൽ അശേഷം അത്ഭുതപ്പെടുന്നില്ല ഞാൻ, അത്രയും നീതിമാനായിരുന്നുവല്ലോ അവൻ.’

ഇതുകേട്ടവാറെ യുവാവു പറഞ്ഞു, ‘അവനായിട്ടല്ല ഞാൻ വിലപിക്കുന്നത്, അതെന്നെച്ചൊല്ലിത്തന്നെ. ഞാനും വെള്ളത്തെ വീഞ്ഞാക്കിയിരിക്കുന്നു, കുഷ്ഠരോഗിയെ സുഖപ്പെടുത്തിയിരിക്കുന്നു, കുരുടനു കാഴ്ചയും നല്കിയിരിക്കുന്നു. കടലിനു മേൽ ഞാൻ നടന്നു, കുഴിമാടങ്ങളുടെ നിവാസികളിൽ നിന്ന് പിശാചുക്കളെ ആട്ടിയിറക്കുകയും ചെയ്തു ഞാൻ. മരുഭൂമിയിൽ വിശന്നുകിടന്നവർക്കു ഞാനപ്പം നല്കി, മരിച്ചവരെ അവരുടെ ഇടുങ്ങിയ വീടുകളിൽ നിന്നു ഞാനെഴുന്നേല്പിച്ചു, എന്റെ വാക്കിൻപടി, വലിയൊരു പുരുഷാരത്തിനു മുന്നിൽ വച്ചും, കായ്ക്കാത്ത അത്തിമരം പട്ടുപോവുകയും ചെയ്തു. ഈ മനുഷ്യൻ ചെയ്തതൊക്കെ ഞാനും ചെയ്തിരിക്കുന്നു. എന്നിട്ടും അവരെന്നെ ക്രൂശിച്ചില്ല.‘



ശിഷ്യൻ

File:Oscar Wilde, 1882.jpg

നാഴ്സിസസ് മരണപ്പെട്ടപ്പോൾ അയാൾ ആനന്ദം കണ്ട തടാകം മധുരജലത്തിന്റെ ചഷകത്തിൽ നിന്ന് ഉപ്പു കയ്ക്കുന്ന കണ്ണിരിന്റെ ചഷകമായിപ്പോയി; ആ നേരത്തു മലകളിൽ നിന്നപ്സരസ്സുകൾ വിലാപിച്ചും കൊണ്ടിറങ്ങിവന്നു, പാട്ടുകൾ പാടി തടാകത്തെ ആശ്വസിപ്പിക്കാൻ.

മധുരജലത്തിന്റെ ചഷകത്തിൽ നിന്ന് ഉപ്പു കയ്ക്കുന്ന കണ്ണിരിന്റെ ചഷകമായി മാറി തടാകമെന്നു കണ്ടപ്പോൾ പച്ചനിറത്തിലെ മുടി കെട്ടഴിച്ചിട്ടു കരഞ്ഞും കൊണ്ടവർ തടാകത്തോടായിപ്പറഞ്ഞു, ‘ നാഴ്സിസസിനെച്ചൊല്ലി നീയിപ്രകാരം വിലപിക്കുന്നതിൽ അശേഷം അത്ഭുതപ്പെടുന്നില്ല ഞങ്ങൾ, അത്രയും സുന്ദരനായിരുന്നവല്ലോ അവൻ.’

’അത്രയും സുന്ദരനായിരുന്നുവോ, നാഴ്സിസസ്?‘ തടാകം ചോദിച്ചു.

’അതു നിന്നെക്കാൾ നന്നായി മറ്റാരറിയാൻ?‘ അപ്സരസ്സുകൾ പറഞ്ഞു, ’ ഞങ്ങളെയവൻ കടന്നുപോവുകയായിരുന്നു, അവൻ തേടിപ്പിടിച്ചതു നിന്നെ, നിന്റെ കരയിൽ നിന്നെയും നോക്കിക്കിടന്നിരുന്നു അവൻ, നിന്റെ കണ്ണാടിയിൽ തന്റെ സൗന്ദര്യം പ്രതിഫലിക്കുന്നതവൻ കണ്ടു.‘

തടാകം ഇങ്ങനെ പറഞ്ഞു, ‘നാഴ്സിസസിനെ ഞാൻ സ്നേഹിച്ചുവെങ്കിൽ അതവൻ എന്റെ കരയിൽക്കിടന്നെന്നെ നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ എന്റെ സൗന്ദര്യം പ്രതിഫലിച്ചിരുന്നതു കൊണ്ടായിരുന്നു.’


Friday, December 31, 2010

നെരൂദ - സാഹിത്യത്തിന്റെ വാളലകുകൾക്കിടയിലൂടെ...


സാഹിത്യത്തിന്റെ ഉരുക്കുവാളുകൾക്കിടയിലൂടെ ഞാൻ കടന്നുപോയി
പരദേശിയായൊരു നാവികനെപ്പോലെ;
ഈ തെരുവുകളയാൾക്കറിയില്ല,
അയാൾ പാടുന്നതോ മറ്റൊന്നുമറിയാത്തതിനാലും.

ദുരിതത്തിന്റെ തുരുത്തിൽ നിന്നു ഞാൻ കൊണ്ടുവന്നിരുന്നു,
കൊടുങ്കാറ്റുകൾ തട്ടിയെറിഞ്ഞ ഹാർമോണിയങ്ങൾ,
പരുക്കൻ മഴയും പ്രകൃതിയുടെ വിളംബതാളവും:
എന്റെ കിരാതഹൃദയത്തെ മെനഞ്ഞെടുത്തവ.

നടന്നു തഴമ്പിച്ച കാൽമടമ്പുകളിൽ
സാഹിത്യത്തിന്റെ തേറ്റകൾ വന്നു കടിക്കുമ്പോൾ
അതറിയാതെ കാറ്റിനൊത്തീണം മൂളി ഞാൻ കടന്നുപോകുന്നു,

എന്റെ യൗവനത്തിലെ മഴ കഴുകിയ പണ്ടകശാലകളിലേക്ക്,
അവർണ്ണനീയമായ തെക്കൻ നാടുകളിലെ തണുത്ത കാടുകളിലേക്ക്;
എന്റെ ജീവിതം നിന്റെ പരിമളം കൊണ്ടു നിറഞ്ഞതുമവിടെ.


Monday, September 6, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് –ഗദ്യകവിതകള്‍ - 3

File:Fox and Sick Lion.jpg
ചാരുകസേരകൾ
ഊഷ്മളമായ ഒരു കഴുത്ത് ഒരു കസേരക്കൈയാകുമെന്ന് ആരോർത്തു? ആനന്ദത്തിനും പലായനത്തിനും വ്യഗ്രത പൂണ്ട കാലുകൾ വെറും നാലു പൊയ്ക്കാലുകളായി വെറുങ്ങലിക്കുമെന്നും? ചാരുകസേരകൾ പണ്ടൊരു കാലത്ത് പൂവു തിന്നു ജീവിക്കുന്ന കുലീനജന്തുക്കളായിരുന്നു. എന്നിട്ടുമവർ വളരെപ്പെട്ടെന്നു മെരുങ്ങിക്കൊടുത്തു; ഇന്ന് നാൽക്കാലികളിൽ വച്ചേറ്റവും നികൃഷ്ടരാണവർ. അവരുടെ മനസ്സുറപ്പും ധൈര്യവുമൊക്കെ നഷ്ടമായിരിക്കുന്നു. ഇന്നവർ തീരെ സാധുക്കൾ. അവർ ആരെയും ചവിട്ടിമെതിച്ചിട്ടില്ല, ആരുടെയെങ്കിലുമൊപ്പം കുതിച്ചുപാഞ്ഞിട്ടുമില്ല. പാഴായിപ്പോയ ഒരു ജീവിതത്തെക്കുറിച്ച് തികച്ചും ബോധവാന്മാരാണവരെന്നതും തീർച്ച.
ചാരുകസേരകളുടെ നൈരാശ്യം അവയുടെ ഞരക്കത്തിൽ വെളിപ്പെടുന്നു.

വയലിൻ
നഗ്നയാണു   വയലിൻ. ആകെച്ചടച്ചതാണതിന്റെ  കൊച്ചുകൈകൾ. ആ കൈകൾ കൊണ്ടു സ്വയം മറയ്ക്കാൻ പണിപ്പെടുകയാണത്. നാണക്കേടും തണുപ്പും കൊണ്ടു തേങ്ങുകയാണത്, അതാണു കാര്യം. അല്ലാതെ, സംഗീതനിരൂപകർ പറയുമ്പോലെ ചന്തം കൂട്ടാൻ നോക്കുകയല്ലത്. അതു സത്യമേയല്ല.

വസ്തുക്കൾ
അചേതനവസ്തുക്കൾക്ക് ഒരിക്കലും പിഴയ്ക്കാറില്ല; നിർഭാഗ്യമെന്നു പറയണം, ഒന്നിന്റെ പേരിലും നമുക്കവയെ പഴിക്കാനും പറ്റില്ല. കസേര ഒരു കാലിൽ നിന്നു മറ്റൊരു കാലിലേക്കു മാറുന്നതോ, കട്ടിൽ പിൻകാലുകളിൽ എഴുന്നേറ്റു നില്ക്കുന്നതോ ഇന്നേവരെ എനിക്കു കാണാനിടവന്നിട്ടില്ല. മേശകളാണെങ്കിൽ, തളർന്നാൽപ്പോലും മുട്ടു മടക്കാൻ തുനിയാറില്ല. വസ്തുക്കൾ ഇങ്ങനെ ചെയ്യുന്നത് പ്രബോധനപരമായ കാരണങ്ങൾ കൊണ്ടാണോയെന്നാണ്‌ എന്റെ സംശയം: നമ്മുടെ സ്ഥിരതയില്ലായ്മയ്ക്ക് നമ്മെ നിരന്തരം കുറ്റപ്പെടുത്താൻ.

ചെന്നായയും ആട്ടിൻകുട്ടിയും
കിട്ടിപ്പോയി- എന്നു പറഞ്ഞുകൊണ്ട് ചെന്നായ കോട്ടുവായിട്ടു. ആട്ടിൻകുട്ടി കണ്ണീരു തുളുമ്പുന്ന കണ്ണുകൾ ചെന്നായയുടെ നേർക്കു തിരിച്ചു- അങ്ങയ്ക്ക് എന്നെ തിന്നാതെ പറ്റില്ലേ? വേറെ വഴിയൊന്നുമില്ലേ?
-കഷ്ടമേ, ഞാനതു ചെയ്യാതെ പറ്റില്ല. എല്ലാ യക്ഷിക്കഥകളുടെയും പോക്കിങ്ങനെയല്ലേ: ഒരിക്കൽ ഒരാട്ടിൻകുട്ടി അമ്മയിൽ നിന്നു കൂട്ടം പിരിഞ്ഞുപോയി. കാട്ടിൽ വച്ച് അതൊരു ക്രൂരനായ ചെന്നായയെ കണ്ടുമുട്ടി...
-ക്ഷമിക്കണേ, ഇതു കാടൊന്നുമല്ല, എന്റെ ഉടമസ്ഥന്റെ വീട്ടുവളപ്പാണ്‌. ഞാൻ അമ്മയിൽ നിന്നു പിരിഞ്ഞുവന്നതുമല്ല. ഞാൻ അനാഥയാണ്‌. എന്റെ അമ്മയെയും ചെന്നായ തിന്നുകയായിരുന്നു.
-അതൊന്നും കാര്യമാക്കാനില്ല. നിന്റെ മരണശേഷം ഉദ്ബുദ്ധസാഹിത്യമെഴുതുന്നവർ നിന്റെ കാര്യം നോക്കിക്കോളും. കഥയുടെ ചട്ടക്കൂടും ഉദ്ദേശ്യവും ഗുണപാഠവുമൊക്കെ അവർ രൂപപ്പെടുത്തും. എന്നെ അധികം ഞെരുക്കരുതേ. ക്രൂരനായ ചെന്നായയാവുക എന്നത് എന്തുമാത്രം ബാലിശമാണെന്നു നിനക്കറിയാത്തതുകൊണ്ടാണ്‌.. ആ ഈസോപ്പില്ലായിരുന്നെങ്കിൽ ഞങ്ങളിവിടെ സൂര്യാസ്തമയവും കണ്ട് പിൻകാലിൽ കുത്തിയിരിക്കുമായിരുന്നു. എനിക്കതൊരു ലഹരിയായിരുന്നു.
അതെ, കുഞ്ഞുങ്ങളെ. ചെന്നായ ആ കുഞ്ഞാടിനെ കൊന്നുതിന്ന് കിറിയും നക്കി. എന്റെ കുഞ്ഞുങ്ങളേ, ചെന്നായയുടെ പിന്നാലെ പോകരുതേ. ഒരു ഗുണപാഠത്തിനു വേണ്ടി സ്വയം ബലിയാടാവരുതേ.

പിടക്കോഴി
മനുഷ്യരുമായി നിരന്തരസഹവാസം ചെയ്താൽ എന്തായിത്തീരുമെന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമത്രെ, പിടക്കോഴി. പക്ഷിയുടേതായ ആ ലാഘവവും അഴകും അവളിൽ ലവലേശമില്ല. ഉന്തിയ മുരട്ടിൽ നിന്നെറിച്ചുനില്ക്കുകയാണ്‌ ചേലുകെട്ട വലിയൊരു തൊപ്പി പോലത്തെ വാല്‌. ഒരു കാലിൽ നിന്നുകൊണ്ട് നേർത്ത പാട പോലത്തെ കൺപോളകളാൽ വട്ടക്കണ്ണുകളൊട്ടിച്ചും കൊണ്ടുള്ള അവളുടെ അപൂർവമായ ചില പരമാനന്ദമുഹൂർത്തങ്ങളുണ്ടല്ലോ, അത്രയ്ക്കറയ്ക്കുന്നതാണത്. അതിനൊക്കെപ്പുറമെയാണ്‌ സംഗീതത്തിന്റെ ആ ഹാസ്യാനുകരണം, തൊണ്ട പൊളിച്ചുള്ള പ്രാർത്ഥനകൾ; അതോ, പറയാൻ കൊള്ളാത്തവിധം തമാശ തോന്നിക്കുന്ന ഒരു സാധനത്തെച്ചൊല്ലി: വെളുത്തുരുണ്ട്, പുള്ളി കുത്തിയ ഒരു മുട്ട.

പിടക്കോഴി ചില കവികളെ ഓർമ്മപ്പെടുത്തുന്നു.

Saturday, September 4, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് – ഗദ്യകവിതകള്‍ - 2

 


ചക്രവർത്തി

ഒരിക്കൽ ഒരിടത്തൊരു ചക്രവർത്തിയുണ്ടായിരുന്നു. അദ്ദേഹത്തിനു മഞ്ഞിച്ച കണ്ണുകളും ഇരപിടിയൻ വായയുമുണ്ടായിരുന്നു. പ്രതിമകളും പോലീസുകാരും നിറഞ്ഞ കൊട്ടാരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാസം. ഒറ്റയ്ക്കും. രാത്രിയിൽ അദ്ദേഹം ഞെട്ടിയുണർന്നു നിലവിളിയ്ക്കും. ആർക്കും അദ്ദേഹത്തിനെ ഇഷ്ടമായിരുന്നില്ല. അദ്ദേഹത്തിനേറെയിഷ്ടം നായാട്ടും ഭീകരതയുമായിരുന്നു. എന്നാലും അദ്ദേഹം പൂക്കളും കുഞ്ഞുങ്ങളുമൊപ്പം ഫോട്ടോയെടുക്കാൻ നിന്നുകൊടുക്കുമായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങൾ എടുത്തുമാറ്റാൻ ആർക്കും ധൈര്യം വന്നില്ല. ഒന്നു നോക്കൂ, നിങ്ങളുടെ വീട്ടിൽ അദ്ദേഹത്തിന്റെ പൊയ്മുഖം കണ്ടുവെന്നു വരാം.


ആന

ആനകൾ വാസ്തവത്തിൽ വളരെ ലോലമനസ്ക്കരും പരിഭ്രമക്കാരുമത്രെ. കാടു കയറുന്നൊരു ഭാവനാശേഷിയുള്ളതു കാരണം ചിലനേരത്തേക്കെങ്കിലും സ്വന്തം രൂപം മറന്നുകളയാൻ അവർക്കു കഴിയുന്നു. വെള്ളത്തിലിറങ്ങുമ്പോൾ അവർ കണ്ണുകൾ പൂട്ടിക്കളയുന്നു. സ്വന്തം കാലുകൾ കണ്ണിൽപ്പെടുമ്പോൾ അവർ മനം നൊന്തു കരയുകയും ചെയ്യുന്നു.

എന്റെ പരിചയത്തിലുള്ള ഒരാന ഒരു കുരുവിയുമായി പ്രണയത്തിലായി. അവനു ഭാരം കുറഞ്ഞു, ഉറക്കം പോയി, ഒടുവിൽ അവൻ ഹൃദയം പൊട്ടി ചാവുകയും ചെയ്തു. ആനകളുടെ പ്രകൃതമറിയാത്തവർ പറഞ്ഞു, അവനു പൊണ്ണത്തടിയായിരുന്നുവെന്ന്.


അലമാരയ്ക്കുള്ളിൽ

ഞാനെന്നും സംശയിച്ചിരുന്നു നഗരമെന്നത് ഒരു തട്ടിപ്പാണെന്ന്. പക്ഷേ ആ വഞ്ചനയുടെ തനിസ്വഭാവം ഞാൻ അറിയുന്നത് വസന്തകാലത്തിന്റെ തുടക്കത്തിൽ കഞ്ഞിപ്പശ മണക്കുന്നതും മൂടൽമഞ്ഞിറങ്ങിയതുമായ ഒരു സന്ധ്യനേരത്തു മാത്രമായിരുന്നു. ഒരലമാരക്കുള്ളിലാണു നമ്മുടെ വാസം, വിസ്മൃതിയുടെ പാതാളത്തിൽ, പൊട്ടിയ കഴകൾക്കും അടച്ച പെട്ടികൾക്കുമിടയിൽ. തവിട്ടുനിറത്തിൽ ആറു ചുമരുകൾ, തലയ്ക്കു മേൽ മേഘങ്ങളായി കാലുറകൾ, ഭദ്രാസനപ്പള്ളിയെന്ന് അടുത്തകാലം വരെ നാം ധരിച്ചിരുന്നത് വാസ്തവത്തിൽ ഉള്ളിലുള്ളതാവിയായിപ്പോയ കറുത്തൊരു വാസനത്തൈലക്കുപ്പിയും.

ഹാ, കഷ്ടരാത്രികളിൽ നമ്മുടെ പ്രാർത്ഥനകൾക്കു പാത്രമാകുന്ന വാൽനക്ഷത്രം, ഒരു നിശാശലഭം.


ചന്ദ്രൻ

ചന്ദ്രനെക്കുറിച്ചു നിങ്ങൾക്കു കവിതയെഴുതാൻ കഴിയുന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലാകുന്നില്ല. വീർത്തുന്തിയതും മടിപിടിച്ചതുമാണത്. അതു ചിമ്മിനികളുടെ മൂക്കിനു പിടിയ്ക്കുന്നു. അതിഷടപ്പെട്ടു ചെയ്യുന്ന പ്രവൃത്തിയാവട്ടെ, കട്ടിലിനടിയിൽ നുഴഞ്ഞുകയറി നിങ്ങളുടെ ചെരിപ്പു മണക്കുക എന്നതും.


മതിൽ

മതിലിൽ ചാരി ഞങ്ങൾ നില്ക്കുന്നു. ഞങ്ങളുടെ യൗവനം ഞങ്ങളിൽ നിന്നെടുത്തിരിക്കുന്നു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ കുപ്പായം പോലെ. തടിയൻ വെടിയുണ്ട ഞങ്ങളുടെ കഴുത്തുകളിൽ സ്ഥാനം പിടിയ്ക്കുന്നതിനു മുമ്പ് ഇരുപതോ മുപ്പതോ കൊല്ലം കടന്നുപോകും. മതിൽ ഉയർന്നതും ബലത്തതുമാണ്‌. മതിലിനു പിന്നിൽ ഒരു മരവും ഒരു നക്ഷത്രവുമുണ്ട്. വേരുകൾ കൊണ്ടു മതിൽ പൊന്തിയ്ക്കുകയാണു മരം. എലിയെപ്പോലെ മതിൽ കരളുകയാണു നക്ഷത്രം. ഒരു നൂറുകൊല്ലം, ഇരുന്നൂറുകൊല്ലം കഴിഞ്ഞാൽ ഒരു കിളിവാതിൽ ഉണ്ടായെന്നുവരാം.


കാറ്റും പനിനീർപ്പൂവും

ഒരുദ്യാനത്തിൽ ഒരു പനിനീപ്പൂവു വളർന്നിരുന്നു. ഒരു കാറ്റിന്‌ അവളോടു പ്രേമമായി. തീര്‍ത്തും വ്യത്യസ്തരായിരുന്നു അവർ; അവൻ-ലോലവും തെളിഞ്ഞതും; അവൾ- ഇളകാത്തതും ചോര പോലെ കനത്തതും.

അതാ വരുന്നു, മരത്തിന്റെ മെതിയടിയുമിട്ടൊരു മനുഷ്യൻ; അയാൾ പൊണ്ണൻ കൈ കൊണ്ട് പനീർപ്പൂവു പറിച്ചെടുക്കുന്നു. കാറ്റയാളുടെ പിന്നാലെ കുതിച്ചുചെന്നു; പക്ഷേ അയാൾ അവന്റെ മുഖത്തേക്ക് വാതിൽ കൊട്ടിയടച്ചുകളഞ്ഞു.

-ഹാ, ഞാനൊരു കല്ലായെങ്കിൽ- ആ ഭാഗ്യഹീനൻ തേങ്ങിക്കരഞ്ഞു- ലോകമാകെച്ചുറ്റാനെനിക്കായിരുന്നു, ആണ്ടുകൾ പിരിഞ്ഞുനില്ക്കാനെനിക്കായിരുന്നു, എന്നിട്ടും എനിക്കറിയാമായിരുന്നു എന്നുമെന്നും അവളെന്നെ കാത്തുനില്ക്കുമെന്നും.

കാറ്റിനു ബോധ്യമായി, യാതന അനുഭവിക്കാൻ വിശ്വസ്തനാവേണ്ടിവരുമെന്ന്.


ചിത്രം- ഹെര്‍ബെര്‍ട്ട് സഹോദരങ്ങള്‍ക്കൊപ്പം (വിക്കിമീഡിയ)


Tuesday, August 31, 2010

സ്ബിഗ്നിയെഫ് ഹെർബെർട്ട്- ഗദ്യകവിതകൾ- 1


വായനശാലയിൽ നടന്നത്

ചുവന്ന മുടിക്കാരി ഒരു പെൺകുട്ടി ഒരു കവിതയ്ക്കു മേൽ കുനിഞ്ഞിരിക്കുകയാണ്‌. കുന്തം പോലെ കൂർത്ത പെൻസിൽ കൊണ്ട് അവൾ വാക്കുകളെ വെളുത്ത കടലാസ്സിലേക്കു പകർത്തുന്നു; അവയെ വരികളും സ്വരചിഹ്നങ്ങളും യതികളുമായി പരാവർത്തനം ചെയ്യുന്നു. മരിച്ചുവീണ കവിയുടെ വിലാപമിതാ, ഉറുമ്പുകൾ കാർന്നുതിന്നൊരുടുമ്പിനെപ്പോലെ.

വെടിയൊച്ചക്കൾക്കിടയിൽ ഞങ്ങളവനെ ചുമന്നുകൊണ്ടുപോകുമ്പോൾ ചൂടു വിടാത്ത അവന്റെയുടൽ വചനത്തിൽ ഉയിത്തെഴുന്നേല്ക്കുമെന്നായിരുന്നു എന്റെ വിശ്വാസം. ഇന്നിതാ, വാക്കുകളുടെ മരണം കണ്ടുനില്ക്കെ ജീർണ്ണതയ്ക്കതിരില്ലെന്നു ഞാനറിയുന്നു. നമ്മൾ അവശേഷിപ്പിച്ചുപോകുന്നത് കരിമണ്ണിൽ ചിതറിയ വാക്കുകളൂടെ തുണ്ടുകൾ മാത്രമായിരിക്കും. ഇല്ലായ്മയ്ക്കും ചാരത്തിനും മേൽ ചില ഉച്ചാരണചിഹ്നങ്ങൾ.


മരിച്ചവർ

കാറ്റും വെളിച്ചവും കടക്കാത്തൊരിടത്തൊതുങ്ങിക്കഴിയേണ്ടിവന്നതിനാൽ അവരുടെ മുഖങ്ങളപ്പാടെ മാറിപ്പോയിരിക്കുന്നു. സംസാരിക്കാൻ അവർക്കത്രമേൽ കൊതിയുണ്ടെങ്കിലും പൂഴിമണ്ണ്‌ അവരുടെ ചുണ്ടുകളെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. ചില വേളകളിൽ മാത്രമേ അവർ വായുവിൽ അള്ളിപ്പിടിച്ച് ശിശുക്കളെപ്പോലെ ചേലില്ലാതെ തലയുയർത്തിപ്പിടിക്കാൻ നോക്കുന്നുള്ളു. യാതൊന്നും അവർക്കുന്മേഷം നല്കുന്നില്ല, ക്രിസാന്തമങ്ങളും മെഴുകുതിരികളുമൊന്നും. തങ്ങളുടെ അവസ്ഥയുമായി രഞ്ജിപ്പിലെത്താൻ അവർക്കാകുന്നില്ല, തങ്ങൾ വസ്തുക്കളാണെന്ന അവസ്ഥയുമായി.


കൊച്ചുപട്ടണം

പകൽ പഴങ്ങളും കടലുമുണ്ട്, രാത്രിയിൽ നക്ഷത്രങ്ങളും കടലും. ഒരു കുമ്പിൾ നിറയെ പ്രസരിപ്പാർന്ന നിറങ്ങളാണ്‌ ഡി ഫിയോറി തെരുവ്. ഉച്ച. പച്ചത്തണലത്ത് സൂര്യൻ വെള്ളവടി കൊണ്ടു തല്ലുന്നു. ഒരു വാകത്തോപ്പിൽ മൂരിക്കാളകൾ നിഴലുകൾക്കു സ്തുതി ചൊല്ലുന്നു. എന്റെ പ്രണയാഭ്യർത്ഥനയ്ക്കു ഞാൻ തെരഞ്ഞെടുത്തത് ആ മുഹൂർത്തം. കടൽ നിഷ്പന്ദമാവുന്നു, കൊച്ചുപട്ടണമോ, അത്തിപ്പഴം വില്ക്കുന്ന പെൺകുട്ടിയുടെ മാറിടം പോലെ വിങ്ങുകയും ചെയ്യുന്നു.


ഏഴു മാലാഖമാർ

എല്ലാ പ്രഭാതത്തിലും ഏഴു മാലാഖമാർ പ്രത്യക്ഷരാവുന്നു. കതകിനു മുട്ടാൻ നില്ക്കാതെ അവർ കടന്നുവരുന്നു. ഒരു മാലാഖ എന്റെ നെഞ്ചിൽ നിന്ന് എന്റെ ഹൃദയം പറിച്ചെടുക്കുന്നു. മറ്റുള്ളവരും അതുതന്നെ ചെയ്യുന്നു. പിന്നെ അവരുടെ ചിറകുകൾ കൊഴിയുകയും, അവരുടെ മുഖങ്ങൾ വെള്ളിനിറം മാഞ്ഞ് കരിഞ്ചുവപ്പാവുകയും ചെയ്യുന്നു. മെതിയടികൾ അമർത്തിച്ചവിട്ടി അവർ പുറത്തു പോവുന്നു. ഒരൊഴിഞ്ഞ കൊച്ചു മൺകുടം പോലെ അവർ എന്റെ ഹൃദയത്തെ ഒരു കസേരയിൽ ഉപേക്ഷിച്ചിരിക്കുന്നു. ഒരു ദിവസമാകെ വേണ്ടിവരുന്നു എനിക്കതിനെ വീണ്ടും നിറച്ചെടുക്കാൻ; അല്ലെങ്കിൽ അടുത്ത പ്രഭാതത്തിൽ മാലാഖമാർ വന്നുപോകുമ്പോൾ വെള്ളിനിറമായിരിക്കുമെനിക്ക്, ചിറകുകളുമുണ്ടാവും.


തുന്നൽക്കാരി

തോരാത്ത മഴയായിരുന്നു കാലത്തു മുഴുവൻ. തെരുവിനപ്പുറത്തുള്ള ഒരു സ്ത്രീയുടെ അടക്കമാണന്ന്. ഒരു തുന്നൽക്കാരി. അവൾ സ്വപ്നം കണ്ടത് ഒരു വിവാഹമോതിരം; അവൾ മരിച്ചതോ ഒരു വിരലുറയുമായി. എല്ലാവർക്കും അതൊരു തമാശയായി. ബഹുമാന്യനായ മഴ ആകാശത്തെ ഭൂമിയോടിഴചേർക്കുന്നു. അതുകൊണ്ടും ഫലമുണ്ടാകാൻ പോകുന്നില്ല.


കഫേ

ഗ്ളാസ്സിൽ ഒന്നുമില്ലെന്ന് പെട്ടെന്നു നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നു; നിങ്ങൾ ചുണ്ടിലേക്കു വയ്ക്കുന്നത് ഒരു ഗർത്തമാണ്‌. മാർബിൾ മേശകൾ മഞ്ഞിന്റെ അലകുകൾ പോലെ ഒഴുകിമായുന്നു. കണ്ണാടികൾ മാത്രം കണ്ണാടികളെ കണ്ണിറുക്കിക്കാണിക്കുന്നു; അവർക്കു മാത്രമേ അനന്തതയിൽ വിശ്വാസമുള്ളു.

എട്ടുകാലിയുടെ കൊല്ലുന്ന കുതിപ്പിനു കാത്തുനില്ക്കാതെ രക്ഷപ്പെടാനുള്ള സമയമാണിത്. വേണമെങ്കിൽ രാത്രിയിൽ മടങ്ങിവന്ന് താഴ്ത്തിയ പാളികൾക്കിടയിലൂടെ അകത്ത് ഫർണീച്ചറിന്റെ കശാപ്പുശാല നിങ്ങൾക്കു കണ്ടുനില്ക്കുകയുമാവാം. മൃഗീയമായി കൊല ചെയ്യപ്പെട്ട കസേരകളും മേശകളും പുറമടിച്ചു കിടക്കുന്നു; അവയുടെ കാലുകൾ ചുണ്ണാമ്പുവായുവിൽ എറിച്ചു നില്ക്കുന്നു.


ലവൽ ക്രോസ് കാവല്ക്കാരൻ

176 എന്നാണ്‌ അയാളുടെ പേര്‌; ഒരു ജനാലയുള്ള വലിയൊരു മൺകട്ടയിലാണ്‌ അയാളുടെ താമസം. അയാൾ-ചലനത്തിൽപ്പെട്ട ഒരു കീഴുദ്യോഗസ്ഥൻ- പുറത്തു വന്ന് പാഞ്ഞുപോകുന്ന തീവണ്ടികളെ കുഴമാവു പോലെ ഭാരം തൂങ്ങുന്ന കൈകൾ കൊണ്ട് സല്യൂട്ടു ചെയ്യുന്നു.

മൈലുകളോളം ഒന്നും കാണാനില്ല. ഒരു കയറ്റവും നടുവിൽ ഒറ്റപ്പെട്ട മരങ്ങളുടെ ഒരു കാവുമായി ഒരു സമതലം. മരങ്ങൾ ഏഴുണ്ടെന്നറിയാൻ മുപ്പതു കൊല്ലം നിങ്ങൾ അവിടെ കഴിയണമെന്നുമില്ല.


ഹെര്‍ബെര്‍ട്ട്-വിക്കിപീഡിയ ലിങ്ക്


Monday, March 22, 2010

ബോദ്‌ലെയർ-ഗദ്യകവിതകൾക്ക്‌ ഒരാമുഖം


പ്രിയസ്നേഹിതാ, ഞാനൊരു ചെറിയ പുസ്തകം അങ്ങോട്ടയക്കുന്നു; അതിനു തലയും വാലുമില്ലെന്ന് ആരും പറയാൻ പോകുന്നില്ല, കാരണം അതിലുള്ളതൊക്കെ ഒരേസമയം തലയും വാലുമാണ്‌- ഒന്നിനൊന്നും മാറിമാറിയും. ഇങ്ങനെയൊരേർപ്പാടു കൊണ്ട്‌ നമുക്കെല്ലാമുണ്ടാവുന്ന ഗുണത്തെക്കുറിച്ചൊന്നാലോചിച്ചുനോക്കൂ:എനിക്ക്, നിങ്ങൾക്ക്, വായനക്കാരനും. എവിടെവച്ചുവേണമെങ്കിലും നമുക്കു മുറിയ്ക്കാം-എനിക്കെന്റെ ദിവാസ്വപ്നം, നിങ്ങൾക്കീ കൈയെഴുത്തുപ്രതി, വായനക്കാരന്‌ അയാളുടെ വായനയും! ക്ഷുദ്രമായ ഒരു ഇതിവൃത്തത്തിന്റെ അന്തമറ്റ ചരടിൽ അക്ഷമനായ വായനക്കാരനെ ഞാൻ കെട്ടിയിടുന്നതേയില്ല. ഒരു കശേരു ഇളക്കിമാറ്റൂ, കുടിലമായ ഈ ഭ്രമകൽപനയുടെ ഇരുപാതികളും സുഖമായി ഒന്നുചേരും. എണ്ണമറ്റ കഷണങ്ങളായി അതിനെ വെട്ടിനുറുക്കിക്കോളൂ, ഒരോന്നിനും ജീവൻ വയ്ക്കുന്നതും നിങ്ങൾക്കു കാണാം. നിങ്ങളെ പ്രീതിപ്പെടുത്താനും വിനോദിപ്പിക്കാനും വേണ്ട ഓജസ്സ്‌ ഇതിലെ ചില തുണ്ടങ്ങൾക്കുണ്ടെന്ന വിശ്വാസത്തോടെ ഈ മുഴുവൻസർപ്പത്തെ ഞാൻ നിങ്ങൾക്കു സമർപ്പിക്കുന്നു.

എനിക്കു ചെറിയൊരു കുമ്പസാരം നടത്താനുമുണ്ട്‌. ഒരിരുപതാമത്തെ തവണയാവണം, അലോഷ്യസ്‌ ബർട്രാന്റിന്റെ പ്രസിദ്ധമായ രാത്രിയിലെ ഗസ്പാർഡ്‌ (എനിക്കും നിങ്ങൾക്കും നമ്മുടെ ചില സുഹൃത്തുക്കൾക്കും മാത്രം പരിചയമുള്ള ഒരു പുസ്തകത്തെ പ്രസിദ്ധം എന്നു വിളിക്കുന്നതിൽ എന്താണു തരക്കേട്‌?) മറിച്ചുനോക്കുന്നതിനിടയിൽ എനിക്കൊരു ചിന്ത പോയി: എന്തുകൊണ്ട്‌ അങ്ങനെയൊന്ന് എനിക്കും പരീക്ഷിച്ചുകൂടാ? അത്രയും ചിത്രോപമമായ പൗരാണികജീവിതത്തെ ആവിഷ്കരിക്കാൻ അദ്ദേഹം സ്വീകരിച്ച രീതിയിൽ എനിക്കും എന്തുകൊണ്ട്‌ ആധുനികജീവിതത്തെ, കൃത്യമായി പറഞ്ഞാൽ കൂടുതൽ  ആധുനികവും അമൂർത്തവുമായ ഒരു ജീവിതത്തെ വരച്ചിട്ടുകൂടാ? 

മോഹങ്ങൾ കുതികൊണ്ടിരുന്ന നാളുകളിൽ കാവ്യാത്മകമായ ഗദ്യം എന്ന അത്ഭുതത്തെ സ്വപ്നം കാണാത്തവരായി നമ്മളിൽ  ഒരാളെങ്കിലുമുണ്ടോ?വൃത്തമോ താളമോ ഇല്ലാതെതന്നെ സംഗീതാത്മകമായത്‌, പേലവവും പരുഷവുമാകുന്നത്‌- ആത്മാവിന്റെ കരണങ്ങൾക്കൊത്തുപോകുന്ന രീതിയിൽ, ദിവാസ്വപ്നത്തിന്റെ ദോലനങ്ങൾക്കനുരൂപമായി, ബോധത്തിന്റെ ഗതിഭേദങ്ങൾക്കൊപ്പിച്ച്‌? 

ഇങ്ങനെയൊരാദർശം എന്നെ വിടാതെ പിടികൂടാൻ കാരണം പ്രധാനമായും വൻനഗരങ്ങളുമായി എനിക്കുള്ള നിരന്തരസമ്പർക്കമാണ്‌, അവയിലെ അനന്തമായ സന്ധിബന്ധങ്ങളാണ്‌. അല്ല സ്നേഹിതാ, നിങ്ങളും ഒരിക്കൽ ഇങ്ങനെയൊരു പ്രലോഭനത്തിനടിപ്പെട്ടുപോയതല്ല്ലേ, ഒരു ചില്ലുകച്ചവടക്കാരന്റെ പരുഷമായ കൂക്കിവിളികളെ ഒരു ഗാനമായി പരാവർത്തനം ചെയ്യാൻ? ആ കൂക്കിവിളി തെരുവിലെ കനത്ത മൂടൽമഞ്ഞിലൂടെ മട്ടുപ്പാവുകളിലേക്കു പറത്തിവിടുന്ന വിഷാദധ്വനികളെ കാവ്യാത്മകമായ ഒരു ഗദ്യത്തിൽ ആവിഷ്കരിക്കാൻ?

പക്ഷേ, സത്യം പറയട്ടെ, എന്റെ അസൂയ എനിക്കു ഭാഗ്യം ചെയ്തില്ല. എഴുതിത്തുടങ്ങിയതിൽപ്പിന്നെ എനിക്കു ബോധ്യമായി, നിഗൂഢവും ഉജ്ജ്വലവുമായ എന്റെ മാതൃകയിൽ നിന്ന് എത്രയോ അകലെയാണു ഞാൻ എന്നു മാത്രമല്ല, തീർത്തും വ്യത്യസ്തമായ ഒന്നാണ്‌ (അതിനെ അങ്ങനെ വിളിയ്ക്കാമെങ്കിൽ) ഞാൻ സൃഷ്ടിക്കുന്നതെന്നും; മറ്റാർക്കായാലും അഭിമാനം കൊള്ളാവുന്ന ഒരാകസ്മികത; പക്ഷേ, താൻ ലക്ഷ്യം വച്ചതു കൃത്യമായി നേടിയെടുക്കുന്നതിലാണ്‌ കവിയുടെ അന്തസ്സു കിടക്കുന്നതെന്നു വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്രയ്ക്കൊരവമാനവും.

സ്നേഹത്തോടെ,

സി.ബി.

File:Baudelaire signatur.jpg

 

______________________________________________________________________________________________________________

ബോദ്‌ലേറുടെ  20 ഗദ്യകവിതകൾ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്‌ സ്നേഹിതനായ അഴ്സേൻ ഹൗസ്സായെ Arsene Houssaye(1815-1895)പത്രാധിപരായിരുന്ന ലാ പ്രസ്സെയിലാണ്‌. അദ്ദേഹത്തിനയച്ച ഈ കത്ത്‌ പിൽക്കാലത്ത്‌ ഗദ്യകവിതകൾക്കുള്ള ഒരാമുഖമെന്ന രീതിയിൽ ഉൾപ്പെടുത്തിപ്പോരുന്നു.

Aloysius Bertrand (1807-1841)- അദ്ദേഹത്തിൻ്റെ മരണം കഴിഞ്ഞ് ഒരു കൊല്ലത്തിനു ശേഷമാണ് Gaspard de la nuit എന്ന ഗദ്യകവിതാസമാഹാരം പുറത്തുവരുന്നത്. ആ പുസ്തകം ബോദ്‌ലേറെ പ്രചോദിപ്പിച്ചിരിക്കാമെങ്കിലും രണ്ടും വളരെ വ്യത്യസ്തമാണ്. ബെർട്രാൻഡിൻ്റെ ഭാവുകത്വം മദ്ധ്യകാലകാല്പനികതയുടേതായിരുന്നു, ബോദ്‌ലേറുടേതാകട്ടെ, ആധുനികതയുടേതും.

ഹൗസ്സായേയുടെ 'ചില്ലുപണിക്കാരൻ്റെ ഗാനം' തൻ്റെ ഭാര്യയേയും കുട്ടികളേയും പോറ്റാൻ പാടുപെടുന്ന തൊഴിലാളിയോടുള്ള ഐക്യദാർഢ്യത്തിൻ്റെ പ്രകാശനമായിരുന്നു; എന്നാൽ ബോദ്‌ലേറുടെ 'ചില്ലുപണിക്കാരൻ' അങ്ങനെയുള്ള അതിഭാവുകത്വത്തിൻ്റെ തിരസ്കാരമായിരുന്നു.

Wednesday, January 6, 2010

ബോദ്‌ലെയർ-യാത്ര പോകാനൊരു ക്ഷണം

 

Baudelaire
കൊക്കെയ്ൻ (1)എന്നൊരു നാടുണ്ടത്രെ; ഒരാത്മമിത്രവുമൊരുമിച്ച്‌ ആ വിശിഷ്ടദേശം കാണാൻ പോകുന്നതും സ്വപ്നം കണ്ടിരിക്കുകയാണു ഞാൻ. നമുക്കു വടക്കുള്ള മൂടൽമഞ്ഞിൽ മുങ്ങിക്കിടക്കുകയാണ്‌ അത്ഭുതങ്ങളുടെ ആ നാട്‌; പടിഞ്ഞാറത്തെ കിഴക്കെന്നോ,യൂറോപ്പിലെ ചൈനയെന്നോ അതിനെ വിശേഷിപ്പിക്കാം. അത്രയ്ക്കാണ്‌ ഉഷ്ണിക്കുന്ന ചപലഭാവനയുടെ തഴപ്പവിടെ; അത്ര ക്ഷമയോടെ,അത്ര ദാർഢ്യത്തോടെയാണ്‌ ഭാവന അതിൽ നിഗൂഢവും വിലോലവുമായ സസ്യസമൃദ്ധി ആലേഖനം ചെയ്തിരിക്കുന്നതും.

കൊക്കെയിന്റെ തനിനാട്‌; സുന്ദരവും സമൃദ്ധവും പ്രശാന്തവും യുക്തവുമാണവിടെ സർവ്വതും;ആഡംബരം ചിട്ടയുമായി സന്തുഷ്ടമായ വേഴ്ചയിലാണവിടെ; ജീവിതം സാന്ദ്രവും സുഗന്ധിയുമാണ്‌; ആ നാട്ടിലില്ല അവ്യവസ്ഥ,പ്രക്ഷുബ്ധത,ആകസ്മികതകളും; ആഹ്ലാദമവിടെ നിശ്ശബ്ദതയെ പരിണയിച്ചിരിക്കുന്നു; പാചകം പോലും കവിതാത്മകമാണവിടെ,ഹൃദ്യമെന്നപോൽ സമൃദ്ധവും; എന്തെല്ലാമുണ്ടവിടെ,അതെല്ലാം നിന്നെയോർമ്മിപ്പിക്കുന്നു പ്രിയേ.

കെടുതികളുടെ കൊടുംശൈത്യകാലത്ത്‌ നമ്മെക്കടന്നുപിടിക്കുന്ന ജ്വരബാധയെ നിനക്കറിയുമല്ലോ; അറിയാത്തൊരു ദേശത്തെച്ചൊല്ലിയുള്ള നഷ്ടബോധം,ജിജ്ഞാസയിൽ നിന്നുടലെടുക്കുന്ന ആകാംക്ഷ? നിന്നെയോർമ്മിപ്പിക്കുന്ന ഒരു നാടുണ്ടു പ്രിയേ,സർവ്വതും സുന്ദരവും സമൃദ്ധവും പ്രശാന്തവും യുക്തവുമായ ഒരിടം; ഭാവന താൻതന്നെ പടുക്കുകയും വിതാനിക്കുകയും ചെയ്ത ഒരു പടിഞ്ഞാറൻചീന; ജിവിതം സുഗന്ധിയാണവിടെ,ആഹ്ലാദം നിശബ്ദതയുമായി വേഴ്ചയിലാണവിടെ. നാം പോയി ജീവിക്കേണ്ടതവിടെയത്രെ, നാം പോയി മരിക്കേണ്ടതും അവിടെയാണ്‌!

അതെ,ശ്വസിക്കാൻ,സ്വപ്നം കാണാൻ,അനന്തമായ ഐന്ദ്രികാനുഭൂതികളാൽ നാഴികകളെ ദീർഘിപ്പിക്കാൻ നാം പോകേണ്ടതവിടെയാണ്‌. നൃത്തം ചെയ്യാനൊരു ക്ഷണം (2)രചിക്കാൻ ഒരു സംഗീതജ്ഞനുണ്ടായി; യാത്ര പോകാനൊരു ക്ഷണം രചിക്കാൻ എവിടെ ഒരു സംഗീതജ്ഞൻ? അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ എനിക്കതു സമർപ്പിക്കാമായിരുന്നു എന്റെ പ്രിയപ്പെട്ടവൾക്ക്‌,എന്റെ ഇഷ്ടസോദരിക്ക്‌.

അതെ, ആ അന്തരീക്ഷത്തിലാണു ജീവിതം ഹിതകരമാവുക-അവിടെ മന്ദഗാമികളായ മണിക്കൂറുകൾ അധികം ചിന്തകൾ വഹിക്കുന്നവയാണ്‌, അവിടെ ഘടികാരങ്ങൾ യാമങ്ങൾ ഘോഷിക്കുന്നത്‌ ഘനഗംഭീരമായ മണിനാദത്തോടെയാണ്‌.

തിളങ്ങുന്ന ഫലകങ്ങളിൽ,പൊന്നുപൂശിയതും ഇരുണ്ടുമിനുങ്ങുന്നതുമായ തുകൽപ്പായകളിൽ ഗഹനവും പ്രശാന്തവും ധന്യവുമായ ചിത്രങ്ങൾ അവയ്ക്കു ജീവൻ കൊടുത്ത കലാകാരന്മാരുടെ ആത്മാക്കൾ പോലെ രഹസ്യജീവിതം നയിക്കുന്നു. തീൻമുറികളുടെയും ഇരുപ്പുമുറികളുടെയും ചുമരുകൾക്ക്‌ അത്രമേൽ നിറക്കൊഴുപ്പേകുന്ന സൂര്യാസ്തമയങ്ങൾ മനോജ്ഞമായ യവനികകളിലൂടെ,കളം തിരിച്ച ജനാലച്ചില്ലുകളിലൂടെ അരിച്ചിറങ്ങുന്നു. അകസാമാനങ്ങൾ ബൃഹത്തും അപൂർവ്വവും വിചിത്രവും സംസ്കൃതചിത്തരെപ്പോലെ താഴുകളും രഹസ്യങ്ങളും കൊണ്ടു സജ്ജവുമാണ്‌. ദർപ്പണങ്ങൾ,ലോഹവാർപ്പുകൾ,വെള്ളിയുരുപ്പടികൾ,കവിടിപ്പാത്രങ്ങൾ കണ്ണുകൾക്കു മുന്നിൽ മൂകവും നിഗൂഢവുമായ ഒരു സിംഫണി വായിക്കുന്നു. സർവ്വതിലും നിന്ന്,കോണുകളിൽ നിന്ന്,വലിപ്പുകളുടെ വിടവുകളിൽ നിന്ന്,വിരിപ്പുകളുടെ,തിരശ്ശീലകളുടെ മടക്കുകളിൽ നിന്ന് അനുപമമായ ഒരു പരിമളം പുറത്തേക്കൊഴുകുന്നു; സുമാത്രായുടെ ഒരോർമ്മ, ആ വസതിയുടെ ആത്മാവു പോലെ ഒരു പരിമളം.

കൊക്കെയിന്റെ തനിനാട്‌,എന്നെ വിശ്വസിക്കൂ,സകലതും സമൃദ്ധവും സ്വച്ഛവും ദീപ്തവുമാണവിടെ,കറയറ്റ മനഃസാക്ഷി പോലെ,പ്രൗഢിയുറ്റ പാത്രങ്ങൾ പോലെ,ഉജ്ജ്വലമായ സ്വർണ്ണവേല പോലെ,പലനിറങ്ങളുള്ള ആഭരണങ്ങൾ പോലെ! ലോകത്തെ നിധികളെല്ലാം അവിടെയ്ക്കൊഴുകുകയാണ്‌, സർവ്വലോകത്തിന്റെയും പ്രീതി സമ്പാദിച്ച ഒരധ്വാനിയുടെ ഭവനത്തിലേക്കെന്നപോലെ. താരതമ്യങ്ങളില്ലാത്ത ദേശം; പ്രകൃതിയെ കല എന്നതുപോലെ സകലതിനെയും അതിശയിക്കുന്നു അത്‌; അവിടെ സ്വപ്നങ്ങൾ പ്രകൃതിയെ ഉടച്ചുവാർക്കുന്നു,അതിനെ മെച്ചപ്പെടുത്തുന്നു,മിനുക്കുന്നു,പുനർനിർമ്മിക്കുകയും ചെയ്യുന്നു.

ഉദ്യാനകലയിലെ ആ രാസവിദ്യക്കാർ അന്വേഷിച്ചു നടക്കട്ടെ,നിരന്തരമായ അന്വേഷണത്തിൽ മുഴുകട്ടെ,തങ്ങളുടെ സംതൃപ്തിയുടെ ചക്രവാളം അധികമധികം വിപുലമാക്കിക്കോട്ടെ! ആകാശം മുട്ടുന്ന തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നവർക്ക്‌ അറുപതോ നൂറോ ആയിരം ഫ്ലോറിനുകൾ വാഗ്ദാനം ചെയ്തോട്ടെ! ഞാനെന്റെ കറുത്ത ട്യൂലിപ്പും നീലഡാലിയായും (3)കണ്ടെത്തിക്കഴിഞ്ഞു!

തുല്യതയില്ലാത്ത പുഷ്പം,മറയത്തു നിന്നു കണ്ടെടുത്ത ട്യൂലിപ്പ്‌,രൂപകമായ ഡാലിയ അതവിടെയുണ്ട്‌; അവിടെ,അത്രമേൽ പ്രശാന്തവും സ്വപ്നാത്മകവുമായ ആ മനോജ്ഞദേശത്ത്‌; നാം പോയി ജീവിക്കേണ്ടതും പുഷ്പിക്കേണ്ടതുമായ ആ ദേശത്ത്‌-അങ്ങനെയല്ലേ? അവിടെ നിന്റെതന്നെ സാദൃശ്യത്തിൽ നീ നിബന്ധിക്കപ്പെടില്ലേ?മിസ്റ്റിക്കുകളുടെ ഭാഷയിൽ നിന്റെതന്നെ പാരസ്പര്യത്തിൽ (4)അവിടെ പ്രതിഫലിപ്പിക്കപ്പെടില്ലേ നീ?

സ്വപ്നങ്ങൾ, അവധിയില്ലാത്ത സ്വപ്നങ്ങൾ! ആത്മാവെത്രയ്ക്കു പേലവവും ഉത്കർഷേച്ഛുവുമാകുന്നു,അത്രയ്ക്കു സ്വപ്നങ്ങൾ സാധ്യതയിൽ നിന്നകലുകയും ചെയ്യുന്നു. ഓരോ മനുഷ്യനും ജന്മം കൊണ്ടു തനിക്കു കിട്ടിയ ഒരു മാത്ര കറുപ്പ്‌ തന്റെയുള്ളിൽ കൊണ്ടുനടക്കുന്നുണ്ട്‌; ഓരോ നിമിഷവും നാമതിനെ ഒളിപ്പിച്ചുവയ്ക്കുന്നു,ഓരോ നിമിഷവും അതു പുറത്തേക്കു വരികയും ചെയ്യുന്നു; ജനനത്തിനും മരണത്തിനുമിടയിൽ യഥാർത്ഥസന്തോഷം നിറഞ്ഞ,മനസ്സിരുത്തിച്ചെയ്തു സഫലമാക്കിയ പ്രവൃത്തികൾ നിറഞ്ഞ മണിക്കൂറുകൾ എത്രയുണ്ടെന്നു കണക്കെടുത്താൽ എത്ര വരുമത്‌? എന്റെ ആത്മാവ്‌ ആലേഖനം ചെയ്ത ഈ ചിത്രത്തിൽ, നിന്നെ ഓർമ്മിപ്പിക്കുന്ന ഈ ചിത്രത്തിൽ എന്നെങ്കിലും ജീവിതം കഴിക്കുമോ നാം,എന്നെങ്കിലും അതിലേക്കു പ്രയാണം ചെയ്യുമോ നാം?

ഈ നിധികൾ,ഈ അകസ്സാമാനങ്ങൾ,ഈ ആഡംബരം,ഈ ക്രമം,ഈ പരിമളങ്ങൾ,ഈ ദിവ്യപുഷ്പങ്ങൾ ഒക്കെയും നീ തന്നെ. മഹാനദികൾ,തെളിഞ്ഞ ചാലുകൾ അവയും നീ തന്നെ. അവയിൽ ഒഴുകിനടക്കുന്നു നിധികൾ പേറുന്ന, നാവികരുടെ ഗാനങ്ങളുയരുന്ന വിപുലനൗകകൾ: നിന്റെ മാറിൽക്കിടന്നു മയങ്ങുകയോ ഉരുണ്ടുമറിയുകയോ ചെയ്യുന്ന എന്റെ ചിന്തകളാണവ. നിന്റെ മനോജ്ഞമായ ആത്മാവിന്റെ സ്വച്ഛതയിൽ ആകാശഗർഭങ്ങളെ പ്രതിഫലിപ്പിക്കെത്തന്നെ നീ എന്റെ ചിന്തകളെ അനന്തത എന്നു പേരുള്ള ആ മഹാസമുദ്രത്തിലേക്ക്‌ സാവധാനം നയിക്കുന്നു-പിന്നെ,കടൽപ്പെരുക്കത്തിൽ ക്ഷീണിച്ച്‌,കിഴക്കിന്റെ നിധികളാൽ പള്ള വീർത്ത്‌ അവ മടങ്ങുമ്പോൾ അപ്പോഴും അവ എന്റെ ചിന്തകൾ തന്നെ: അനന്തതയിൽ നിന്നു നിന്നിലേക്കു മടങ്ങുന്ന സമ്പന്നമായ ചിന്തകൾ.

 

 

Baudelaire_signatur

 

 

 

________________________________________________________________________________________________________________________

1. കൊക്കൈൻ ഒരു സാങ്കൽപ്പികസ്വർഗ്ഗം
2. കാൾ മരിയ വൊൺ വെബർ Invitation to th waltz എന്ന പേരിൽ 1819-ൽ ഒരു സംഗീതരചന നടത്തിയിരുന്നു.
3. ദൂമായുടെ നോവൽ Black Tulip 1850ലും ദൂപോണ്ടിന്റെ Blue Dahlia എന്ന ഗാനം 1851ലും പുറത്തുവന്നു.
4. മാന്ത്രികമായ പാരസ്പര്യങ്ങൾ നെയ്തെടുത്തതാണു പ്രപഞ്ചം എന്ന സങ്കൽപ്പം സ്വീഡൻബർഗി(1688-1772)ന്റേതാണ്‌; അതിന്റെ ഏറ്റവും ആധുനികവും മനോഹരവുമായ കാവ്യാവിഷ്കരണമാണ്‌  ബോദ്‌ലെയറുടെ പാപത്തിന്റെ പൂക്കൾ എന്ന സമാഹാരത്തിലെ Correspondences എന്ന കവിത.

Sunday, January 3, 2010

ബോദ്‌ലെയർ-കാമുകിമാരുടെ ചിത്രങ്ങൾ

Baudelaire-Gustave_Courbet_033

ആണുങ്ങൾക്കുള്ള ഒരു ബൂദ്വാറിൽ-എന്നു പറഞ്ഞാൽ ഒരു ചൂതാട്ടക്ലബ്ബിനോടു ചേർന്ന് പുകവലിക്കാർക്കായി മാറ്റി വച്ച മുറിയിൽ- വർത്തമാനവും പുകവലിയുമായി സമയം കഴിക്കുകയാണ്‌ നാലു പേർ. കൃത്യമായി ചെറുപ്പക്കാ രെന്നോ വൃദ്ധന്മാരെന്നോ, സുന്ദരന്മാരെന്നോ വിരൂപന്മാരെന്നോ പറയാനാവാത്തവർ. പക്ഷേ പ്രായമേതുമാകട്ടെ, സുഖങ്ങൾ പയറ്റിത്തെളിഞ്ഞവരുടെ ആ മുദ്ര അവരിൽ വീണുകിടപ്പുണ്ടായിരുന്നു; ഇന്നതെന്നു പറയാനാവാത്ത എന്തോ ഒന്ന്, വിരക്തിയും പുച്ഛവും കലർന്ന ആ വിഷാദഭാവം തുറന്നുപ്രഖ്യാപിക്കുകയാണ്‌:'ഞങ്ങൾ ജീവിതം ജീവിച്ചുകഴിഞ്ഞു; ഞങ്ങൾക്കിനി വേണ്ടത്‌ സ്നേഹിക്കാനും ആരാധിക്കാനും പറ്റിയതെന്തെങ്കിലുമാണ്‌.'

കൂട്ടത്തിലൊരാൾ സംഭാഷണത്തിന്റെ ഗതി സ്ത്രീവിഷയത്തിലേക്കു തിരിച്ചുവിട്ടു. അവരെക്കുറിച്ച്‌ ഒന്നും മിണ്ടാതിരി ക്കുകയാവും ചിന്തിക്കുന്നവർ ചെയ്യുക; എന്നാൽ ഒന്നുരണ്ടു ഗ്ലാസ്സ്‌ അകത്തുചെന്നുകഴിഞ്ഞാൽപ്പിന്നെ കൊച്ചുവർത്ത മാനത്തിലേർപ്പെടാൻ വിരോധമില്ലാത്ത ചില മിടുക്കന്മാരുണ്ടല്ലോ. അങ്ങനെയുള്ള അവസരങ്ങളിൽ നൃത്തസംഗീ തത്തിനു കാതുകൊടുക്കുമ്പോലെയാണു നാം അതു കേട്ടിരിക്കുക.

'ഓരോ മനുഷ്യനും,' ഒരാൾ പറയുകയായിരുന്നു,'ഒരു മാലാഖക്കാലമുണ്ട്‌; ഒരു വനദേവതയെ കിട്ടിയില്ലെങ്കിൽ ഒരോക്കുമരത്തെച്ചെന്നു പുണരുന്ന കാലമാണത്‌. പ്രണയത്തിന്റെ ആദ്യഘട്ടം. രണ്ടാമത്തെ ഘട്ടത്തിൽ നമ്മൾ തെരഞ്ഞെടുപ്പു തുടങ്ങുന്നു. ആലോചിച്ചു തീരുമാനിക്കാൻ കഴിയുക എന്നാൽത്തന്നെ തളർച്ചയുടെ ഒരു ലക്ഷണ മാണ്‌. സൗന്ദര്യത്തെത്തേടി മിനക്കെട്ടിറങ്ങുകയാണു നാം. എന്റെ കാര്യത്തിലാകട്ടെ, ചങ്ങാതിമാരെ, നിർണ്ണായ കമായ മൂന്നാം ഘട്ടത്തിലെത്തിനിൽക്കുകയാണു ഞാനെന്ന് അഭിമാനത്തോടെ പറയട്ടെ; ഇനിയെന്നെ തൃപ്തനാ ക്കാൻ പട്ടും പരിമളവും മറ്റും സ്വാദിഷ്ടമാക്കാത്ത വെറും സൗന്ദര്യം പോരാ. അജ്ഞാതമായ ഒരാനന്ദത്തിനു വേണ്ടി ചിലനേരം ഞാൻ കൊതിച്ചുപോകാറുണ്ടെന്നും ഞാൻ സമ്മതിക്കട്ടെ: പരമശാന്തിയുടേതായ നാലാമതൊരു ഘട്ടം. പക്ഷേ ആ മാലാഖക്കാലമൊഴിവാക്കിയാൽ എന്റെ ജീവിതകാലം മൊത്തം നമ്മെ ദേഷ്യം പിടിപ്പിക്കുന്ന ആ മൂഢത, സ്ത്രീകൾക്കു പൊതുവായിട്ടുള്ള ആ ശരാശരിമട്ടിനെക്കുറിച്ച്‌ മറ്റാരെക്കാളും ബോധവാനായിരുന്നു ഞാൻ. അവയുടെ ആർജ്ജവം ഒന്നുകൊണ്ടുമാത്രം മൃഗങ്ങളെ എനിക്കിഷ്ടമാണ്‌. എന്റെ ഒടുവിലത്തെ സംബന്ധക്കാരി എന്നെ എന്തൊക്കെ അനുഭവിപ്പിച്ചുവെന്ന് ഒന്നു കേട്ടുനോക്കൂ.

'ഒരു രാജകുടുംബാംഗത്തിന്റെ ജാരസന്തതിയായിരുന്നു അവൾ. സുന്ദരിയായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ: അല്ലെങ്കിൽപ്പിന്നെ ഞാൻ അവളുടെ പിന്നാലെ പോകുമോ? പക്ഷേ മര്യാദയില്ലാത്തതും ലക്ഷണം കെട്ടതുമായ ഒരാഗ്രഹം കൊണ്ട്‌ അവൾ ആ മഹത്തായ ഗുണത്തെ കെടുത്തിക്കളഞ്ഞു. എപ്പോഴും പുരുഷന്റെ ഭാഗം താനെടു ക്കുമെന്നു വാശി പിടിക്കുന്ന ഒരു പെണ്ണായിരുന്നു അവൾ. 'നിങ്ങളൊരാണാണോ! ഹാ, ഞാനൊരാണായിരുന്നെ ങ്കിൽ! നമ്മളിൽ ആണെന്നു പറയേണ്ടതെന്നെയാണ്‌!' ഗാനങ്ങൾ മാത്രം ചിറകു മുളച്ചുയരണമെന്നു ഞാനാശിച്ച ആ വായിൽ നിന്നുയർന്നത്‌ അസഹ്യമായ ഈ പല്ലവികളായിരുന്നു. ഞാനിഷ്ടപ്പെടുന്ന ഒരു പുസ്തകത്തെയോ കവിത യെയോ ഒപ്പേറയോ കുറിച്ച്‌ എന്തെങ്കിലുമൊന്ന് എന്റെ വായിൽ നിന്നു പുറത്തു ചാടിയാലാകട്ടെ, എടുത്തടിച്ച പോലെ വരും ഉടനേ അവളുടെ മറുപടി:'അതത്രയ്ക്കങ്ങു കേമമാണോ? അല്ലെങ്കിലും നല്ലതു കണ്ടാൽ നിങ്ങൾ ക്കുണ്ടോ മനസ്സിലാകുന്നു!' എന്നിട്ടവൾ അതിൽപ്പിടിച്ചു തർക്കിക്കാൻ തുടങ്ങും.

‘പിന്നീട്‌ പെട്ടെന്നൊരു ദിവസം അവൾ രസതന്ത്രം പഠിക്കാൻ തീരുമാനിച്ചു; അതോടെ എന്റെയും അവളുടെയും ചുണ്ടുകൾക്കിടയിൽ ചില്ലു കൊണ്ടൊരു മുഖാവരണം വന്നുവീണു. ഒപ്പം പെട്ടെന്നു മുഷിയുന്ന ഒരു പ്രകൃതവും. വല്ല പ്പോഴും ഞാൻ അവളെയൊന്നു പ്രേമപൂർവ്വം അമർത്തിത്തൊട്ടാൽ ഉടനേയവൾ ചീറിപ്പുളയും, അനാഘ്രാതപുഷ്പ മായ തന്നെ ആരോ കശക്കിയെറിയാൻ ചെല്ലുന്നപോലെ...'

'സംഗതി എങ്ങനെ അവസാനിച്ചു?' കേട്ടിരുന്നവരിൽ ഒരാൾ ചോദിച്ചു.'തനിക്കിത്ര ക്ഷമയുണ്ടെന്ന് എനിക്കറിയില്ലാ യിരുന്നു.'

'രോഗത്തോടൊപ്പം അതിനുള്ള മരുന്നും ദൈവം കൊടുത്തയക്കുമല്ലോ,' അയാൾ പറഞ്ഞു.' ഒരു ദിവസം ഞാൻ കാണുമ്പോൾ നമ്മുടെ ആ മിനർവ്വ, ആദർശബലത്തിനു ദാഹിക്കുന്നവൾ, എന്റെ വേലക്കാരനുമായി അത്ര പന്തി യല്ലാത്തൊരു കിടപ്പിലാണ്‌. രണ്ട്പേരെയും മോശക്കാരാക്കേണ്ടെന്നു കരുതി ഞാൻ മാറിപ്പോയി. അന്നു വൈകു ന്നേരം ശമ്പളബാക്കിയും കൊടുത്ത്‌ രണ്ടിനെയും ഞാൻ പറഞ്ഞയക്കുകയും ചെയ്തു.'

'എന്റെ കാര്യം പറയാനാണെങ്കിൽ' നേരത്തെ ചോദിച്ചയാൾ പറഞ്ഞു,'എനിക്കെന്നെത്തന്നെയേ പഴിക്കാനുള്ളു. ആനന്ദം എന്നോടൊപ്പം പാർക്കാൻ വന്നു, പക്ഷേ ഞാനതു കാണാതെപോയി. വളരെക്കാലം മുമ്പല്ല, വിധി എന്റെ പേർക്കൊരു സ്ത്രീയെ അയച്ചുതന്നു; അത്രയ്ക്കോമനയായ, വിധേയയായ, സമർപ്പിതയായ ഒരു ജീവി; അമിതോ ത്സാഹം കാട്ടാതെതന്നെ സദാ സന്നദ്ധയായവൾ. 'നിങ്ങൾക്കിഷ്ടമല്ലേ, എനിക്കും സമ്മതമാണ്‌' അതായിരുന്നു അവളുടെ സ്ഥിരം പല്ലവ്‌ഇ. ആ മതിലിലോ ഈ സോഫയിലോ ഒന്നിടിച്ചുനോക്കൂ, ഏറ്റവും തീവ്രമായ സന്ദർഭ ത്തിലും അവളുടെ ചുണ്ടിൽ നിന്നുയർന്നതിനേക്കാൾ നിശ്വാസങ്ങൾ അവയിൽ നിന്നു പുറത്തുവരും. ഒരുകൊല്ലത്തെ ഒരുമിച്ചുതാമസത്തിനു ശേഷം അവൾ കുമ്പസാരിച്ചു താനിതേവരെ സുഖമറിഞ്ഞിട്ടില്ലെന്ന്. ഒരാൾ മാത്രം പോരാ ടുന്ന ആ ദ്വന്ദ്വയുദ്ധത്തിൽ എനിക്കു മടുപ്പായി; അവൾ ആരെയോ വിവാഹം കഴിക്കുകയും ചെയ്തു. പിന്നൊരിക്കൽ അവളെയൊന്നു കാണാൻ തോന്നി ഞാൻ ചെല്ലുമ്പോൾ ഭംഗിയുള്ള ആറു മക്കളെ കാട്ടി അവൾ പറയുകയാണ്‌:'എ ന്താ സുഹൃത്തേ, നിങ്ങളുടെ കാമുകിയെപ്പോലെ കന്യകയാണ്‌ ഈ ഭാര്യയും!' അവൾക്കൊരു മാറ്റവും വന്നിട്ടില്ല. ചിലപ്പോൾ എനിക്കൊരു നഷടബോധം തോന്നാറുണ്ട്‌; ഞാനവളെ വിവാഹം കഴിക്കേണ്ടതായിരുന്നു.'

മറ്റുള്ളവർ ചിരിച്ചു; മൂന്നാമത്തെയാളുടെ ഊഴമായി:

'സുഹൃത്തുക്കളേ, നിങ്ങൾ ഒരുപക്ഷേ അവഗണിച്ചിരിക്കാവുന്ന ചില സന്തോഷങ്ങൾ ഞാനറിഞ്ഞിട്ടുണ്ട്‌. പ്രണയ ത്തിലെ ഹാസ്യഭാവത്തെക്കുറിച്ചാണു ഞാൻ പറയുന്നത്‌; ആദരവു പിടിച്ചുപറ്റുന്നതുമാണത്‌. നിങ്ങളിരുവരും നിങ്ങ ളുടെ കാമുകിമാരെ എന്തുമാത്രം വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്തുവോ, അതിലുമെത്രയോ അധികമായി രുന്നു എനിക്ക്‌ എന്റെ ഒടുവിലത്തെ കാമുകിയോടുള്ള ആരാധന എന്നാണെന്റെ വിശ്വാസം. ആ കണക്കിനായിരുന്നു മറ്റുള്ളവർക്കും അവളോടുള്ള ആരാധന. ഞങ്ങൾ ഒരു ഹോട്ടലിൽ ചെന്നുകയറിയാൽ ആളുകൾ തീറ്റ നിർത്തി അവ ളെയും തുറിച്ചുനോക്കി ഇരുപ്പാകും. വെയിറ്റർമാരും കൗണ്ടറിലെ സ്ത്രീകളും വരെ തങ്ങളുടെ ജോലി മറന്നിട്ട്‌ ആ പകരുന്ന നിർവൃതിക്കടിമകളാകും. എന്തിനു പറയുന്നു, ഒരു ജീവൽപ്രതിഭാസവുമായി അടുത്ത ബന്ധത്തിലായിരുന്നു കുറേക്കാലത്തേക്ക്‌ എന്റെ ജീവിതം. അവൾ തിന്നുകയും ചവയ്ക്കുകയും കടിക്കുകയും വിഴുങ്ങുകയും ഇറക്കുകയും ചെയ്യുന്നത്‌ ലോകത്തൊരിക്കലും കാണാത്ത മാതിരി അത്ര ലാഘവത്തോടെയും അലക്ഷ്യമായിട്ടുമായിരുന്നു. ഏറെ ക്കാലം അവളെന്നെ ഒരു ഹർഷമൂർച്ചയിൽ തളച്ചിട്ടു. 'എനിക്കു വിശക്കുന്നു!' എന്നു പറയാൻ മാധുര്യമൂറുന്നതും സ്വപ്ന ത്തിലെന്നപോലെയും ഇംഗ്ലീഷുമട്ടിലുള്ളതും കാൽപനികവുമായ ഒരു രീതി അവൾക്കുണ്ടായിരുന്നു. ഈ ലോകത്തെ ഏറ്റവും മനോഹരമായ പല്ലുകൾ പുറത്തു കാണിച്ചുകൊണ്ട്‌ രാത്രിയും പകലും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും അവൾ. ഒരേസമയം നിങ്ങളുടെ മനസ്സിളക്കുന്നതും നിങ്ങളെ ആഹ്ലാദിപ്പിക്കുന്നതുമായിരുന്നു അത്‌. എനിക്കു വേണ മെങ്കിൽ വിശപ്പടങ്ങാത്ത സത്വം എന്ന പേരുമിട്ട്‌ ഉത്സവപ്പറമ്പുകളിൽ അവളെക്കൊണ്ടുപോയി പ്രദർശിപ്പിച്ച്‌ പണം വാരാമായിരുന്നു. ഞാനവൾക്ക്‌ വേണ്ടതെല്ലാം കൊടുത്തുപോന്നു; എന്നിട്ടും അവൾ എന്നെ വിട്ടുപോയി...'

'വല്ല പലചരക്കുകാരന്റെയും കൂടെ പോയിക്കാണും, അങ്ങനെയല്ലേ?'

'എന്നുവേണമെങ്കിൽ പറയാം,മിലിട്ടറിയിലെ ഒരു ഡിപ്പോക്ലർക്ക്‌ തനിക്കു മാത്രമറിയാവുന്ന ഏതോ മന്ത്രവിദ്യയുടെ സഹായത്താൽ കുറേ പട്ടാളക്കാരുടെ റേഷൻ കൊണ്ട്‌ ആ പാവം പെണ്ണിന്റെ വിശപ്പടക്കിക്കാണണം. എന്നാ ണെന്റെ തോന്നൽ.'

'എന്റെ കാര്യം പറയാനാണെങ്കിൽ,'നാലാമത്തെയാൾ പറഞ്ഞു,'സ്ത്രീകളുടെ താൻപ്രമാണിത്തം എന്നു പൊതുവേ പറയാറുള്ളതിനു വിരുദ്ധമായ തരത്തിൽപ്പെട്ട കൊടിയ ദുരിതങ്ങളാണ്‌ എനിക്കനുഭവിക്കേണ്ടിവന്നത്‌. സുഖങ്ങൾ ഏറെയനുഭവിച്ച പുരുഷന്മാരേ, സ്വന്തം പെണ്ണുങ്ങളുടെ ദൗർബല്യങ്ങളെക്കുറിച്ചു പരാതിപ്പെടുന്നത്‌ നീതിയല്ലെന്നേ ഞാൻ പറയൂ!'

പ്രസന്നവും അക്ഷോഭ്യവുമായ മുഖഭാവമുള്ള ഒരാളാണ്‌ ഗൗരവം മുറ്റിയ സ്വരത്തിൽ ഇങ്ങനെ പറഞ്ഞത്‌. ഒരു വികാരിയച്ചന്റേതെന്നു പറയാവുന്ന ആ മുഖത്തെ തെളിഞ്ഞ രണ്ടു നരയൻകണ്ണുകൾ നിരുന്മേഷമായി തിളക്കു ന്നുണ്ട്‌; ആ കണ്ണുകളുടെ നോട്ടങ്ങൾ പറയുകയാണ്‌:'അതു നടക്കട്ടെ!' അല്ലെങ്കിൽ 'നിങ്ങളതു ചെയ്യണം!' അതുമ ല്ലെങ്കിൽ 'ഞാൻ മാപ്പു കൊടുക്കില്ല!' എന്നുവരെ.

'മനസ്സടക്കമില്ലാത്ത ജീ, ചങ്കുറപ്പില്ലാത്തവരായ നിങ്ങൾ രണ്ടുപേർ കേ,ജേ- എനിക്കറിയാവുന്ന ഒരു സ്ത്രീയുമായി ബന്ധപ്പെടാൻ നിങ്ങൾക്കിടവന്നിരുന്നെങ്കിൽ നിങ്ങൾ ഒന്നുകിൽ ഇതിനകം ഒളിച്ചോടിയിരിക്കും അല്ലെങ്കിൽ ജീവൻ വെടിഞ്ഞിരിക്കും. ഞാൻ പക്ഷേ അതിജീവിച്ചു, അതല്ലേ ഞാനിപ്പോൾ നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്‌. അറി ഞ്ഞോ അറിയാതെയോ ഒരു തെറ്റും വരുത്താത്ത ഒരു സ്ത്രീയെ ഒന്നു സങ്കൽപ്പിച്ചു നോക്കൂ; നിങ്ങളുടെ മനസ്സിടി ക്കുന്ന ഒരു സ്വഭാവനൈർമ്മല്യം, പകിട്ടും നാടകവുമൊന്നുമില്ലാത്ത ഒരു വിധേയത്വം, ദുർബലമല്ലാത്ത ഒരു സൗമ്യത, ഹിംസാത്മകമല്ലാത്ത ഒരൂർജ്ജം ഇതൊക്കെയുള്ള ഒരു സ്ത്രീയെ ഒന്നു മനസ്സിൽ കണ്ടുനോക്കൂ. എന്റെ പ്രണയത്തിന്റെ കഥ നിർമ്മലവും തേച്ചുവിളക്കിയതുമായ ഒരു കണ്ണാടിയുടെ പ്രതലത്തിലൂടെയുള്ള അന്തമറ്റ യാത്ര യായിരുന്നു; തലതിരിക്കുന്ന രീതിയിൽ ഏകതാനമായിരുന്നു അത്‌. സ്വന്തം മനഃസാക്ഷിയുടെ കൃത്യതയോടെ എന്റെ വികാരങ്ങളും ചേഷ്ടകളും അതിൽ പ്രതിഫലിച്ചു; അതുകൊണ്ടെന്താ, എന്നെ വിട്ടുപിരിയാത്ത ആ ബാധയുടെ സത്വരശകാരത്തിനു കാരണമാകുമെന്നു പേടിച്ച്‌ യുക്തിക്കു നിരക്കാത്ത ഒരു ചിന്തയിലോ ചെയ്തിയിലോ മുഴുകാനും എനിക്കു സാധ്യമായിരുന്നില്ല. പ്രേമം എനിക്കൊരു ശിക്ഷണമായിത്തോന്നി. എന്തൊക്കെ അസംബന്ധങ്ങൾ ചെയ്യുന്നതിൽ നിന്ന് അവളെന്നെ തടഞ്ഞിരിക്കുന്നു-ചെയ്യേണ്ടതായിരുന്നുവെന്ന് ഞാനിപ്പോൾ ഖേദിക്കുന്നവ! എന്റെ ഹിതത്തിനെതിരായി എത്രയോ കടങ്ങൾ അവൾ എന്നെക്കൊണ്ടു വീട്ടിച്ചിരിക്കുന്നു! സ്വന്തം മണ്ടത്തരം കാരണം എനിക്കു ലഭിച്ചേക്കുമായിരുന്ന സകല പ്രയോജനങ്ങളും അവളെനിക്കു നിഷേധിച്ചുകളഞ്ഞു. വികാര ശൂന്യവും അലംഘ്യവുമായ നിയമങ്ങൾ കൊണ്ട്‌ അവളെന്റെ ചാപല്യങ്ങൾക്കു തടയിട്ടു. അതുമല്ല ഭീകരം, അപകടം തരണം ചെയ്തുകഴിഞ്ഞാൽ ഒരു നന്ദിവാക്കു പോലും അവൾ എന്നിൽ നിന്നു പ്രതീക്ഷിക്കുകയുമില്ല! അവളുടെ തൊണ്ടയ്ക്കു കയറിപ്പിടിച്ചിട്ട്‌ അലറാൻ എത്രതവണ ഓങ്ങിയിട്ടുള്ളതാണെന്നോ ഞാൻ:' അൽപമൊന്നപൂർണ്ണ യാകെടീ,നികൃഷ്ടേ! മനസ്വാസ്ഥ്യത്തോടെ, ദേഷ്യം പിടിക്കാതെ ഞാൻ നിന്നെയൊന്നു പ്രേമിച്ചോട്ടെ!'ഏറെ വർഷങ്ങൾ ഹൃദയം നിറയെ വെറുപ്പുമായി ഞാനവളെ ആരാധനയോടെ കൊണ്ടുനടന്നു. പക്ഷെ ഒടുവിൽ മരിച്ചതു ഞാനല്ല!'

'ഹൊ,' മറ്റുള്ളവർ ചോദിച്ചു,'അപ്പോൾ അവൾ മരിച്ചോ?'

'ഉവ്വ്‌! അതങ്ങനെ അധികകാലം മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല. പ്രണയം എന്നെ സംബന്ധിച്ചിട ത്തോളം ഞെരിക്കുന്നൊരു പേക്കിനാവായി മാറിയിരുന്നു. രാഷ്ട്രീയക്കാർ പറയാറുള്ളപോലെ വിജയം അല്ലെങ്കിൽ മരണം,അതായിരുന്നു തെരഞ്ഞെടുക്കാനായി വിധി എനിക്കു വച്ചുനീട്ടിയത്‌. ഒരുദിവസം രാത്രിയിൽ കാട്ടിലൂടെ നട ക്കുമ്പോൾ,,,കുളത്തിനരികിൽ വച്ച്‌...ആകാശത്തിന്റെ സൗമ്യതയെ കണ്ണുകളിലാവാഹിച്ച്‌ അവൾ,നരകം തിള യ്ക്കുന്ന നെഞ്ചുമായി ഞാൻ...വിഷാദം നിറഞ്ഞ ഒരു നടത്തയും കഴിഞ്ഞ്‌ ഞങ്ങൾ മടങ്ങുമ്പോൾ...'

'എന്ത്‌!'

'അതെന്താ!'

'താനെന്താ പറയുന്നത്‌!'

'അതൊഴിവാക്കാൻ പറ്റില്ലായിരുന്നു. പിഴ വരുത്താത്ത ഒരു വേലക്കാരിയെ തല്ലാനോ,അധിക്ഷേപിക്കാനോ, പിരി ച്ചുവിടാനോ എന്റെ നീതിബോധം അനുവദിക്കില്ല. അതേസമയം ആ നീതിബോധവും ഈ ജീവി എന്നിലുളവാക്കിയ ഉൾക്കിടിലവും തമ്മിൽ പൊരുത്തപ്പെടുത്തേണ്ടതായുമിരുന്നു. അവളോട്‌ ഒരപമര്യാദയും കാണിക്കാതെ ആ സത്വ ത്തിന്റെ ശല്യം തീർക്കുക. അത്രയ്ക്കു പരിപൂർണ്ണയായ സ്ഥിതിയ്ക്ക്‌ ഞാനവളെ പിന്നെന്തു ചെയ്യണം?'

മറ്റു മൂന്നുപേരും നിശ്ചയം പോരാത്തതും അൽപം മന്ദിച്ചതുമായ ഒരു ഭാവത്തോടെ അയാളെ നോക്കി; തങ്ങൾക്കതു ശരിക്കു മനസ്സിലായില്ലെന്ന പോലെ; എത്ര ബോധ്യം വരുന്ന രിതിയിലാണു സംഗതി വിശദീകരിച്ചതെങ്കിൽക്കൂടി അത്രയും പരുഷമായ ഒരു ചെയ്തിക്കു ത്രാണിയുള്ളവരാണു തങ്ങളെന്ന് തങ്ങൾ സ്വയം കരുതുന്നില്ലെന്നു പര സ്പരം ഉള്ളിൽ ഏറ്റുപറയുന്നപോലെ.

പിന്നെയവർ വീണ്ടും കുപ്പികൾ വരുത്തി-ജീവിതത്തെ നിർദ്ദയം വരിഞ്ഞുമുറുക്കുന്ന കാലത്തെ കൊല്ലാൻ,അത്രമേൽ മന്ദഗതിയായ ജീവിതത്തെ വേഗപ്പെടുത്താൻ.

Wednesday, December 30, 2009

ബോദ്‌ലെയർ-നല്ല നായ്ക്കൾ

(ജോസഫ്‌ സ്റ്റീവൻസിന്‌)

എന്റെ നൂറ്റാണ്ടിലെ ചെറുപ്പക്കാരായ എഴുത്തുകാർക്കു മുന്നിൽ വച്ചുപോലും ബൂഫോണിനോടുള്ള എന്റെ മതിപ്പിനെ പുറത്തു കാണിക്കുന്നതിൽ എനിക്കൊരിക്കലും നാണക്കേടു തോന്നിയിട്ടില്ല. പക്ഷേ ഇന്നു ഞാൻ എന്നെ സഹായിക്കാനായി ആവാഹിച്ചുവരുത്തുന്നത്‌ പ്രകൃതിയെ മഹത്വപ്പെടുത്തിയ ആ ചിത്രകാരന്റെ ആത്മാവിനെയല്ല. അല്ല.  image
സ്റ്റേണിനെ വിളിച്ചുവരുത്താനാണു ഞാനിഷ്ടപ്പെടുക; ഞാൻ അദ്ദേഹത്തോടു പറയും:'അല്ലേ, വികാരജീവിയായ വിദൂഷകാ, താരതമ്യമില്ലാത്ത വിദൂഷകാ, നല്ല നായ്ക്കളെ, സാധുനായ്ക്കളെ കീർത്തിക്കാൻ, അങ്ങയുടെ നിലയ്ക്കു ചേർന്ന ഒരു ഗാനം ചെയ്യാൻ എനിക്കു പ്രചോദനമാകേണ്ടതിലേക്കായി ആ സ്വർഗ്ഗം വിട്ട്‌ അങ്ങിറങ്ങി വന്നാലും എലീഷിയത്തിൽ നിന്നുയർന്നു വന്നാലും! വരുംതലമുറയുടെ ഓർമ്മയിൽ അങ്ങയെ വിട്ടുപിരിയാത്ത പേരുകേട്ട ആ കഴുതയുടെ പുറത്തു കയറി അങ്ങു മടങ്ങിവരൂ! അവന്റെ ചുണ്ടുകൾക്കിടയിൽ അനശ്വരമായ ആ മാക്കറൂൺ ഉണ്ടാകണമെന്നതു മറക്കുകയും ചെയ്യരുതേ!'
image
പണ്ഡിതന്മാരുടെ കാവ്യദേവത മാറിയിരിക്കട്ടെ! നാണം നടിക്കുന്ന ആ കിഴവിയുമായി ഒരിടപാടും എനിക്കു വേണ്ട. ഞാൻ വിളിക്കുന്നത്‌ അടുത്തിടപഴകുന്ന കാവ്യദേവതയെയാണ്‌, ഉശിരുള്ള പട്ടണക്കാരിപ്പെണ്ണിനെയാണ്‌; നല്ല നായ്ക്കളെക്കുറിച്ചു പാടാൻ, സാധുനായ്ക്കളെക്കുറിച്ചു പാടാൻ, നാറുന്ന നായ്ക്കളെക്കുറിച്ചു പാടാൻ അവളെന്നെ തുണയ്ക്കട്ടെ; ചെള്ളരിക്കുന്നതെന്നും വ്യാധി പിടിച്ചതെന്നും പറഞ്ഞ്‌ ആട്ടിയോടിയ്ക്കുകയാണവയെ അവ മാത്രം തുണയായ സാധുക്കളും, അവയെ ഉടപ്പിറന്നവരെപ്പോലെ കാണുന്ന കവിയുമൊഴികെ സകലരും.
ആ നാൽക്കാലിജളൻ, സുന്ദരവിഡ്ഡി, ഗ്രേറ്റ്‌ ഡെയ്ൻ, കിംഗ്‌ ചാൾസ്‌,പഗ്‌,സ്പാനിയൽ അവനെ എനിക്കു കണ്ണിനു കണ്ടുകൂടാ; അവർക്കു തന്നെ ഇഷ്ടപ്പെടാതെ എവിടെപ്പോകാൻ എന്നൊരു ഭാവത്തോടെയാണ്‌ വരുന്നവരുടെ മടിയിലേക്കോ കാലുകളിലേക്കോ അവൻ ചാടിക്കയറുന്നത്‌. ഒരു കുട്ടിയെപ്പോലെ ശല്യക്കാരൻ, തെരുവുവേശ്യയെപ്പോലെ ബുദ്ധി മന്ദിച്ചവൻ,വേലക്കാരനെപ്പോലെ മര്യാദകെട്ടവനും ശാഠ്യക്കാരനും! ഗ്രേഹൗണ്ടെന്നു പേരുള്ള ആ വിറയന്മാർ,അലസന്മാർ അവരും എന്റെ കണ്മറയത്തു പോകട്ടെ; ആ മുനയൻമൂക്കിലുണ്ടോ ഒരു ചങ്ങാതി പോയ വഴിയറിയാനുള്ള ഘ്രാണശക്തി! ആ പരന്നൊട്ടിയ തലയിൽ എവിടെയിരിക്കുന്നു ഒരു ഡൊമിനോ കളിയ്ക്കാനെങ്കിലുമുള്ള ബുദ്ധിശക്തി!

 
മനസ്സു മടുപ്പിക്കുന്ന ആ പരാന്നഭുക്കുകൾ പോയി കൂട്ടിൽ കേറട്ടെ! മെത്തയിട്ടതും പട്ടു വിരിച്ചതുമായ കൂടുകൾ കിടപ്പുണ്ടല്ലോ അവറ്റയ്ക്കു ശയിക്കാൻ!

ഞാൻ കീർത്തിക്കുന്നത്‌ അഴുക്കുപിടിച്ച നായയെയാണ്‌, പാവം നായയെയാണ്‌, വീടില്ലാതെ അലയുന്ന നായയെയാണ്‌, കസർത്തു കാണിക്കുന്ന നായയെയാണ്‌; ദരിദ്രനെപ്പോലെ,ജിപ്സിയെപ്പോലെ,നാടകക്കാര നെപ്പോലെ ആവശ്യം (ധിഷണകളുടെ യഥാർത്ഥരക്ഷകയായ ആ നല്ലമ്മ) ജന്മവാസനയെ മൂർച്ചപ്പെടുത്തിയ ആ നായയെയാണ്‌!
ഞാൻ കീർത്തിക്കുന്നത്‌ ഭാഗ്യദോഷികളായ നായ്ക്കളെയാണ്‌; വിപുലമായ നഗരങ്ങളിലെ ചുറ്റിച്ചുഴലുന്ന ഓടകളിൽ ഏകാകികളായി അലഞ്ഞുനടക്കുന്ന നായ്ക്കൾ; ധിഷണ സ്ഫുരിക്കുന്ന ചിമ്മുന്ന കണ്ണുകൾ കൊണ്ട്‌ ഭ്രഷ്ടരായ മനുഷ്യരോട്‌ ഇങ്ങനെ പറയുന്ന നായ്ക്കൾ:'എന്നെ ഒപ്പം കൂട്ടൂ; രണ്ടുതരം ദുരിതങ്ങളിൽ നിന്ന് ഒരുതരം സന്തോഷം കരുപ്പിടിപ്പിക്കാൻ നമുക്കായാലോ!'

image
'നായ്ക്കൾ പോകുന്നതെങ്ങോട്ട്‌?' അനശ്വരമായ ഒരു ലേഖനത്തിൽ നെസ്റ്റർ റോക്യൂപ്ലാൻ ഒരിക്കൽ ചോദിച്ചു; അദ്ദേഹം തന്നെ മറന്നിരിക്കാവുന്ന ആ ലേഖനം ഞാൻ മാത്രമേ,ഒരുപക്ഷേ സാങ്ങ്‌-ബ്യൂവും, ഇന്നും ഓർമ്മയിൽ വയ്ക്കുന്നുള്ളു.
 
നായ്ക്കൾ പോകുന്നതെങ്ങോട്ടെന്നാണോ, ശ്രദ്ധയില്ലാത്ത ഹേ മനുഷ്യാ, തനിക്കറിയേണ്ടത്‌? അവർ തങ്ങളുടെ പാടു നോക്കി പോകുന്നു.

അവർക്കുണ്ട്‌ തൊഴിൽസംബന്ധമായ ഇടപാടുകൾ, പ്രണയസംബന്ധമായ ഇടപാടുകൾ. മൂടൽമഞ്ഞി ലൂടെ,മഞ്ഞുവീഴ്ചയിലൂടെ,ചെളിയിലൂടെ,തിളയ്ക്കുന്ന വേനൽച്ചൂടിലൂടെ, ചൊരിയുന്ന മഴയിലൂടെ ചെള്ളോ തൃഷ്ണയോ, ആവശ്യമോ കടമയോ കുത്തിയിളക്കിവിട്ട്‌ അവർ വരികയും പോവുകയുമാണ്‌, വണ്ടികൾക്കടിയിലൂടെ നൂണ്ടുകടക്കുകയാണ്‌,ധൃതിയിൽ പാഞ്ഞുപോവുകയാണ്‌. നമ്മെപ്പോലെ അവരും അതിരാവിലെ എഴുന്നേറ്റ്‌ ജീവിതം കഴിക്കാനുള്ള വഴികൾ തേടുകയാണ്‌, തങ്ങളുടേതായ ആനന്ദങ്ങൾക്കു പിന്നാലെ പായുകയാണ്‌.

ചിലർ  പട്ടണത്തിനു പുറത്തുള്ള വല്ല പൊളിഞ്ഞ കെട്ടിടത്തിലും കിടന്നുറങ്ങിയിട്ട്‌ എന്നും കൃത്യസമയത്ത്‌ പലൈ-റോയലിലെ ഏതെങ്കിലും അടുക്കളവാതിൽക്കൽ ചെന്നു കാത്തുകിടക്കും; മറ്റുചിലർ സംഘം ചേർന്ന് പതിനഞ്ചു മൈൽ ഓടിപ്പോയി വിവാഹം കഴിക്കാത്ത ചില അറുപതുകാരികൾ ഉണ്ടാക്കിവിളമ്പുന്ന ധർമ്മക്കഞ്ഞി കഴിക്കാൻ ചെല്ലും; ശേഷി കെട്ട പുരുഷന്മാർക്കു വേണ്ടെന്നതിനാൽ അവർ തങ്ങളുടെ ഹൃദയങ്ങൾ മൃഗങ്ങൾക്കു പങ്കു വയ്ക്കുകയാണ്‌.
മറ്റുചിലരോ, പ്രണയഭ്രാന്തു മൂത്ത്‌ ഒളിച്ചോടുന്ന അടിമകളെപ്പോലെ ചില നാളുകളിൽ സ്വന്തം തട്ടകം വിട്ട്‌ നഗരത്തിലെത്തുകയും ഒരു മണിക്കൂറും അതിലേറെയും ഏതെങ്കിലുമൊരു പെൺപട്ടിയെ ചുറ്റിപ്പറ്റിനടക്കുകയും ചെയ്യുന്നു;അൽപം ചേലു കെട്ടതാണെങ്കിൽക്കൂടി അവൾക്കതിൽ നന്ദിയും അഭിമാനവുമുണ്ട്‌.
image
അവരൊക്കെ കണിശവും കൃത്യനിഷ്ഠയുള്ളവരുമാണ്‌; ഡയറിയും നോട്ടുബുക്കും പോക്കറ്റുബുക്കുമൊന്നും അവർക്കാ വശ്യം വരുന്നില്ല.

ആലസ്യമാർന്ന ബൽജിയത്തിൽ നിങ്ങൾ പോയിട്ടുണ്ടോ? അവിടെ കശാപ്പുകാരന്റെയോ,പാൽക്കാരിയു ടെയോ,അതുമല്ലെങ്കിൽ ബേക്കറിക്കാരന്റെയോ വണ്ടി വലിയ്ക്കുന്ന ഉശിരന്മാരായ നായ്ക്കളെ എന്നെപ്പോലെ ആരാധനയോടെ നിങ്ങൾ നോക്കിനിന്നിട്ടുണ്ടോ? കുതിരകൾക്കു കിടനിൽക്കുന്നതിലുള്ള ആഹ്ലാദവും അഭിമാനവും സാക്ഷ്യപ്പെടുത്തുന്ന ജയഭേരികളാണ്‌ അവരുടെ കുരകൾ.
image
സംസ്ക്കാരത്തിന്റെ അൽപം കൂടി ഉയർന്ന പടവിലുള്ള രണ്ടു നായ്ക്കളെ മനസ്സിൽക്കണ്ടുനോക്കുക! ഒരു തെരുവുസർക്കസുകാരന്റെ മുറിയിലേക്ക്‌ അയാളില്ലാത്ത നേരത്ത്‌ ഞാൻ നിങ്ങളെ ഒന്നു കൊണ്ടുപോവുകയാണ്‌. ചായം തേച്ച ഒരു തടിക്കട്ടിൽ, തിരശ്ശീലകളില്ലാത്ത ജനാലകൾ,മൂട്ടകളുടെ പാടു പറ്റിയ ചുളിഞ്ഞ വിരിപ്പുകൾ,രണ്ടു ചൂരൽക്കസേരകൾ,ഒരിരുമ്പുസ്റ്റൗ,ഒന്നുരണ്ടു വാദ്യോപകരണങ്ങൾ. ഹാ, കണ്ടാലേ വിഷാദം തോന്നുന്ന ഉരുപ്പടികൾ! പക്ഷേ ധിഷണാശാലികളായ ആ രണ്ടു ജീവികളെ ഒന്നു നോക്കൂ: പിന്നിക്കീറിയതെങ്കിലും മോടിയുള്ള ചില ഉടുപ്പുകളുമിട്ട്‌, ഗായകരെയോ പടയാളികളെയോ പോലെ വെടിപ്പായി, സ്റ്റൗവിൽ തിളച്ചുകൊണ്ടിരിക്കുന്ന ഏതോ അജ്ഞാതദ്രാവകത്തിന്‌ മന്ത്രവാദികളെപ്പോലെ കാവലിരിക്കുകയണവർ; കൽപ്പണി കഴിഞ്ഞുവെന്നറിയി ക്കാൻ കെട്ടിടങ്ങളുടെ മുകളറ്റത്തു കുത്തിനിർത്തുന്ന കഴ പോലെ ഒരു നീണ്ട കയിൽ അതിൽ നിന്നു പൊന്തിനിൽപ്പുണ്ട്‌.
ഉത്സാഹികളായ ആ അഭിനേതാക്കൾ കട്ടിയും കടുപ്പവുമുള്ള ഒരു സൂപ്പു കഴിച്ചിട്ട്‌ വഴിയിലേക്കിറങ്ങുന്നതല്ലേ ഭംഗി? എന്താ അങ്ങനെയല്ലേ? ആ സാധുക്കൾക്ക്‌ അങ്ങനെയൊരാനന്ദം നിഷേധിക്കാൻ നിങ്ങൾക്കു മനസ്സു വരുമോ? പൊതുജനത്തിന്റെ നിസ്സംഗതയും നാലുപേരുടെ സൂപ്പ്‌ ഒറ്റയ്ക്കകത്താക്കുന്ന ഒരു മാനേജരുടെ മര്യാദകേടും ഓരോദിവസവും നേരിടാനുള്ളതല്ലേ അവർ?

image
നാലുകാലുള്ള ആ ചിന്തകരെ, എളിമയും അർപ്പണബോധവുമുറ്റ ആ അടിമകളെ, സഹതാപം കലർന്ന ഒരു പുഞ്ചിരിയോടെ എത്ര തവണ നോക്കിനിന്നിരിക്കുന്നുവെന്നോ ഞാൻ. മനുഷ്യരുടെ ക്ഷേമത്തിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന റിപ്പബ്ലിക്കിന്‌ നായ്ക്കളെക്കുറിച്ചും ഒരു ചിന്തയുണ്ടായിരുന്നുവെങ്കിൽ തങ്ങളുടെ നിഘണ്ടുവിൽ കണക്കിൽപ്പെടാത്ത അടിമകളുടെ വിഭാഗത്തിൽപ്പെടുത്താം അവർക്കാ ജീവികളെ.

image
ഇത്രയും ധൈര്യത്തിനും ഇത്രയും ക്ഷമയ്ക്കും ഇത്രയും അധ്വാനത്തിനും പ്രതിഫലമായി ഒരിടം(അങ്ങനെ യൊന്നില്ലെന്ന് ആർക്കു പറയാൻ പറ്റും?)നല്ല നായ്ക്കൾക്ക്‌, സാധുനായ്ക്കൾക്ക്‌, നാറുന്ന,സങ്കടപ്പെടുന്ന നായ്ക്കൾക്ക്‌ ഒരു പ്രത്യേകസ്വർഗ്ഗം കാണേണ്ടതല്ലേയെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്‌. പ്രത്യേകിച്ചൊരിടം തുർക്കികൾക്കുണ്ടെന്നും മറ്റൊന്ന് ഡച്ചുകാർക്കുമുണ്ടെന്നും സ്വീഡൻബർഗ്‌ ഉറപ്പിച്ചു പറയുന്നുമുണ്ടല്ലോ!
വിർജിലിന്റെയും തിയോക്രിറ്റസിന്റെയും ആട്ടിടയന്മാർ സംഗീതമത്സരങ്ങളിൽ സമ്മാനങ്ങളായി പ്രതീക്ഷിച്ചിരുന്നത്‌ നല്ലൊരു പാൽക്കട്ടി,പ്രഗത്ഭനായ ഒരു കൈവേലക്കാരൻ തീർത്ത പുല്ലാങ്കുഴൽ, അതുമല്ലെങ്കിൽ അകിടു വീർത്ത ഒരാട്‌ ഇതൊക്കെയാണല്ലോ. പാവം നായ്ക്കളെ കീർത്തിച്ച കവിയ്ക്കു സമ്മാനം കിട്ടിയത്‌ മനോഹരമായ ഒരു മേലുടുപ്പായിരുന്നു; അതിന്റെ മങ്ങിയതെങ്കിലും ഉജ്ജ്വലമായ നിറം ഓർമ്മപ്പെടുത്തിയതോ, ശരൽക്കാല സൂര്യന്മാരെ,പാകം വന്ന സ്ത്രീകളുടെ സൗന്ദര്യത്തെ,കടുത്ത വേനൽനാളുകളെ.

എന്തു വ്യഗ്രതയോടെയാണ്‌ ചിത്രകാരൻ തന്റെ മേൽക്കുപ്പായമൂരി കവിയെ അണിയിച്ചതെന്ന് വില്ലാ-ഹെർമോ സായിലെ മദ്യക്കടയിൽ അന്നുണ്ടായിരുന്ന ഒരാളും മറക്കാൻ പോകുന്നില്ല; സാധുനായ്ക്കളെ കീർത്തിക്കുക അത്ര നന്മയും നേരുമുള്ള സംഗതിയാണെന്ന് അത്രയ്ക്കദ്ദേഹം മനസ്സു കൊണ്ടറിഞ്ഞിരിക്കുന്നു.

പണ്ടുകാലത്ത്‌ പ്രതാപിയായ ഒരു ഇറ്റാലിയൻ രാജാവ്‌ അമൂല്യമായ ഒരു ഗീതകത്തിനോ വിചിത്രമായ ഒരു ആക്ഷേപഹാസ്യകാവ്യത്തിനോ പകരമായി ദിവ്യനായ അരെറ്റിനോവിന്‌ രത്നങ്ങൾ പതിച്ച ഒരു കഠാരയോ രാജകീയവസ്ത്രമോ ഉപഹാരമായി നൽകിയതും ഈവിധം തന്നെ.

കവി ആ ചിത്രകാരന്റെ മേലുടുപ്പെടുത്തണിയുമ്പോഴൊക്കെയും അയാൾക്കോർക്കാതിരിക്കാനാവുന്നില്ല നല്ല നായ്ക്കളെ,ചിന്തകരായ നായ്ക്കളെ,കടുത്ത വേനൽനാളുകളെ,യൗവനം കടന്ന സ്ത്രീകളുടെ സൗന്ദര്യത്തെ.
_________________________________________________________________________________________________________________________
ജോസഫ്‌ സ്റ്റീവൻസ്‌(1816-18920) ബോദ്‌ലെയറുടെ സ്നേഹിതനായ ബൽജിയം ചിത്രകാരൻ. മൃഗങ്ങളുടെ,പ്രത്യേകിച്ചും നായകളുടെ ചിത്രകാരനെന്ന നിലയിൽ പ്രസിദ്ധി. അദ്ദേഹത്തിന്റെ ഒരു ചിത്രമാണ്‌ ഈ കവിതയ്ക്കു പ്രേരകമായതും.
ബുഫോൺ(1707-1788) ജന്തുജീവിതത്തെക്കുറിച്ച്‌ ധാരാളമെഴുതി.
സ്റ്റേൺ-ട്രിസ്റ്റ്‌റാം ഷാൻഡിയിലാണ്‌ കഴുതയുടെയും മാക്കറൂണിന്റെയും കഥ.
നെസ്റ്റർ റോക്യൂപ്ലാൻ(1804-1870) നാടകസംവിധായകനും വിമർശകനും
സാങ്ങ്‌-ബ്യൂ(1804-1869) ബോദ്‌ലെയറിന്റെ കാലത്തെ പ്രമുഖ സാഹിത്യനായകൻ.
അരെറ്റിനോ(1492-1556) ബോദ്‌ലെയർ ബഹുമാനിച്ചിരുന്ന ഒരു ലാറ്റിൻ കവി.
ബ്രസ്സൽസിലെ ഒരു മദ്യക്കടയിൽ വച്ച്‌ ജോസഫ്‌ സ്റ്റീവൻസ്‌ തനിക്കൊരു മേലുടുപ്പു സമ്മാനിച്ചതിനെയാണ്‌ പരാമർശിക്കുന്നത്‌.
IMAGES FROM WIKIMEDIA COMMONS

Wednesday, November 18, 2009

ബോദ്‌ലെയർ-തിർസസ്‌

 Liszt_at_the_Piano

                                                             LISZT AT THE PIANO
തിർസസ്‌ എന്നാൽ എന്താണ്‌? ധർമ്മശാസ്ത്രത്തിന്റെയും കാവ്യശാസ്ത്രത്തിന്റെയും നിർവ്വചനമനുസരിച്ച്‌ പൂജാരിമാരോ പൂജാരിണിമാരോ കൈകളിലേന്തുന്നതും അവർ വ്യാഖ്യാതാക്കളും സേവകരുമായിരിക്കുന്ന ദേവത്വത്തിന്റെ വൈദികബിംബവുമാണത്‌. ഭൗതികമായി പക്ഷേ അതൊരു ദണ്ഡു മാത്രമാണ്‌;മുന്തിരിവള്ളികൾക്കു താങ്ങു കൊടുക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഉണങ്ങിയതും മുരണ്ടതും വളവില്ലാത്തതുമായ വെറുമൊരു വടി. ആ ദണ്ഡിനെ ചുറ്റി മുന്തിരിവള്ളികളും പൂക്കളും വളഞ്ഞുപിണഞ്ഞു കിടക്കുന്നു; പുളഞ്ഞുമറയുന്നതാണു ചിലത്‌; ചിലതോ, മണികളോ കമിഴ്‌ന്ന കോപ്പകളോ പോലെ തൂങ്ങിക്കിടക്കുന്നതും. ചിലനേരം ലോലവും ചിലനേരം പകിട്ടാർന്നതുമായ രേഖകളുടെയും വർണ്ണങ്ങളുടെയും ആ കലാപത്തിൽ നിന്നുറപൊട്ടുന്നത്‌ ഒരാശ്ചര്യശോഭയത്രെ.വക്രരേഖകളും സർപ്പിളങ്ങളും നേർരേഖയ്ക്കു സേവ ചെയ്യുകയും മൂകഭക്തിയോടെ അതിനു ചുറ്റും ചുവടുവയ്ക്കുകയാണെന്നും തോന്നുന്നില്ല്ലേ? ആ ലോലപുടങ്ങൾ, വിദളങ്ങൾ , വർണ്ണങ്ങളുടെയും പരിമളങ്ങളുടെയും സ്ഫോടനങ്ങൾ, ആ പൂജാദണ്ഡിനു ചുറ്റുമായി ഒരു നിഗൂഢനൃത്തം വയ്ക്കുകയല്ലേ? പൂക്കളും വല്ലികളുമുണ്ടായത്‌ ദണ്ഡിനു വേണ്ടിയാണോ അല്ല, പൂക്കളുടെയും വല്ലികളുടെയും ശോഭ വെളിവാക്കാനുള്ള ഒരുപായം മാത്രമാണോ ദണ്ഡ്‌ എന്നു നിർണ്ണയിക്കാനുള്ള സാഹസത്തിന്‌ ആരൊരാളൊരുങ്ങും? ശക്തനും ആരാധ്യനുമായ ഗുരോ, നിഗൂഢവും തീക്ഷ്ണവുമായ സൗന്ദര്യത്തിന്റെ പൂജാരിയായോനേ, അവിടത്തെ അതിശയിപ്പിക്കുന്ന ദ്വന്ദ്വഭാവത്തിന്റെ പ്രതീകമത്രെ ഈ തിർസസ്‌. അവിടത്തെ പ്രതിഭ സ്വസഹോദരങ്ങളുടെ ഹൃദയങ്ങൾക്കു മേൽ പ്രവർത്തിക്കുമ്പോഴത്തെ ഊറ്റത്തോടെയും സാരസ്യത്തോടെയും ഗൂഢചാരിയായ ബാക്കസ്സ്‌ ആളിക്കത്തിച്ച ഒരു വനദേവതയും ഉന്മാദികളായ സഹചാരികളുടെ ശിരസ്സുകൾക്കു മേൽ തന്റെ ദണ്ഡു ചലിപ്പിച്ചിട്ടില്ല.-ഋജുവും ബലിഷ്ഠവും അധൃഷ്യവുമായ അവിടത്തെ ഇച്ഛാശക്തിയാണ്‌ ദണ്ഡ്‌; ആ ദണ്ഡിനു ചുറ്റുമായി അങ്ങയുടെ ഭാവനയുടെ സ്വൈരവിഹാരമാണു പൂക്കൾ; പുരുഷനെ ചുറ്റി സ്ത്രൈണതയുടെ അതിശയനൃത്തങ്ങളാണവ. നേർരേഖയും വക്രരേഖകളും, വിവക്ഷയും അതിന്റെ പ്രകാശനവും, ഇച്ഛയുടെ കാർശ്യം, വാക്കിന്റെ വശഗത, ഏകലക്ഷ്യം, മാർഗ്ഗവൈവിധ്യം, ഏകവും സർവ്വശക്തവുമായ പ്രതിഭയുടെ ചേരുവ: അങ്ങയെ വിഭജിക്കാനും വേർപിരിക്കാനുമുള്ള നിന്ദ്യമായ ചങ്കുറപ്പ്‌ ഏതൊരു വിശകലനവിദഗ്ധനുണ്ടാവും?
thyrsus2

പ്രിയപ്പെട്ട ലിസ്റ്റ്‌, മൂടൽമഞ്ഞിനുള്ളിൽ, പുഴകൾക്കുമപ്പുറം, പിയാനോകൾ നിന്റെ മഹിമ ഗാനം ചെയ്യുകയും അച്ചടിയന്ത്രങ്ങൾ നിന്റെ ജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്യുന്ന വിദൂരനഗരങ്ങൾക്കു മേൽ; നിത്യനഗരത്തിന്റെ പകിട്ടുകളിലോ, കാംബ്രിനസ്‌ സാന്ത്വനമരുളുന്ന സ്വപ്നദേശങ്ങളിലെ മൂടൽമഞ്ഞിലോ എവിടെയുമാകട്ടെ നീ; ആനന്ദങ്ങളുടെയോ അടങ്ങാത്ത ദുഃഖത്തിന്റെയോ ഗാനങ്ങൾ വിരചിക്കുകയും കടലാസ്സുതാളിൽ തന്റെ ധ്യാനരഹസ്യങ്ങൾ പകർത്തുകയും ചെയ്യുന്ന നീ; നിത്യമായ ആനന്ദത്തിന്റെയും സന്ത്രാസത്തിന്റെയും ഗായകാ, ചിന്തകനും കവിയും കലാകാരനുമായ നിന്റെ അമരത്വത്തിന്‌ എന്റെ നമോവാകം!

_________________________________________________________________________________________________________

ലിസ്റ്റ്‌(1811-86)-ഹംഗേറിയൻ പിയാനിസ്റ്റും കമ്പോസറും കണ്ടകറ്ററും. ലിസ്റ്റും ബോദ്‌ലയറും പരസ്പരം ബഹുമാനിച്ചിരുന്നു.
ബാക്കസ്‌-ഗ്രീക്ക്‌ മദ്യദേവൻ
കാംബ്രിനസ്‌-ബീർ ആദ്യം ഉണ്ടാക്കിയതിദ്ദേഹമാണെന്നു പറയപ്പെടുന്നു.

LINK TO LISZT IN WIKIPEDIA

Sunday, November 15, 2009

ബോദ്‌ലെയെർ-യക്ഷികളുടെ പാരിതോഷികങ്ങൾ

baude14
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഭൂമുഖം കണ്ട സകല നവജാതശിശുക്കൾക്കും പാരിതോഷികങ്ങൾ വിതരണം ചെയ്യാൻ വിളിച്ചുകൂട്ടിയ യക്ഷികളുടെ മഹായോഗം നടക്കുകയാണ്‌.

പ്രാചീനരും ചപലകളുമായ വിധിയുടെ ആ സഹോദരിമാർ, ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും വിചിത്രമാതാക്കൾ, അവർ ഒന്നിനൊന്നു പൊരുത്തമില്ലാത്തവരായിരുന്നു:ചിലർ ഗൗരവക്കാരും മുഷിഞ്ഞ മുഖവുമായി നടക്കുന്നവരുമായിരുന്നു; മറ്റു ചിലർ കൗശലക്കാരും കളിതമാശക്കാരുമായിരുന്നു; ചിലർ ചെറുപ്പമായിരുന്നു, അവർ എന്നും അങ്ങനെയായിരുന്നു; ചിലർ വൃദ്ധകളായിരുന്നു, അവർ എന്നും അങ്ങനെയായിരുന്നു.

യക്ഷികളിൽ വിശ്വാസമുള്ള എല്ലാ അച്ഛന്മാരും തങ്ങളുടെ ശിശുക്കളെയും കൈയിലെടുത്ത്‌ അവിടെയെത്തിയിരുന്നു.

പാരിതോഷികങ്ങൾ,അതായത്‌ സിദ്ധികൾ,ഭാഗ്യങ്ങൾ,അവസരങ്ങൾ എന്നിവ ഏതോ വിദ്യാലയത്തിലെ സമ്മാനദാനച്ചടങ്ങിനെന്നപോലെ ന്യായാസനത്തിനരികിൽ കൂട്ടിയിട്ടിരുന്നു. പക്ഷേ ഇവിടെ ഒരു വ്യത്യാസമുള്ളത്‌ ഒരു യത്നത്തിനുള്ള പ്രതിഫലമായിട്ടല്ല പാരിതോഷികം നൽകപ്പെടുന്നത്‌ എന്നതായിരുന്നു. നേരേമറിച്ച്‌, ഇനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത ഒരാൾക്കു മേൽ വന്നുവീഴുന്ന അനുഗ്രഹമാണത്‌; അയാളുടെ ഭാഗധേയത്തെ നിർണ്ണയിക്കുന്നതും, അയാളുടെ ദൗർഭാഗ്യത്തിനെന്നപോലെ സന്തോഷത്തിനും സ്രോതസ്സാകുന്നതുമായ ഒരനുഗ്രഹം.

പാവം യക്ഷികൾക്കു തിരക്കോടു തിരക്കായിരുന്നു; നിവേദകരുടെ കൂട്ടം അത്രയ്ക്കായിരുന്നല്ലോ; അതുമല്ല, മനുഷ്യനും ദൈവത്തിനും ഇടയിലുള്ള ആ അന്തരാളലോകത്തിനും നമ്മെപ്പോലെതന്നെ കാലത്തിന്റെയും അവന്റെ സന്താനങ്ങളായ ദിവസങ്ങൾ,മണിക്കൂറുകൾ, മിനുട്ടുകൾ,സെക്കന്റുകൾ എന്നിവയുടെയും ഭയാനകമായ ശാസനത്തിനു വിധേയമാകാതെ വയ്യ.

സത്യം പറഞ്ഞാൽ പരാതി കേൾക്കുന്ന ദിവസം മന്ത്രിമാരുടെ മട്ടു പോലെ ചൂടു പിടിച്ചു നടക്കുകയായിരുന്നു അവർ; അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു വിശേഷദിവസം സർക്കാർ മുതലും പലിശയും എഴുതിത്തള്ളുമ്പോൾ പണയക്കടകളിൽ പാടുപെടുന്ന പണിക്കാരെപ്പോലെ. ഇടയ്ക്കിടെ അവർ ഘടികാരസൂചികളിലേക്കു നോക്കിയിരുന്നോയെന്നും എനിക്കു സംശയമുണ്ട്‌; കാലത്തു മുതൽ കേസുകൾ കേൾക്കുകയും അതിനിടയിൽ തങ്ങളുടെ അത്താഴവും കുടുംബവും പ്രിയപ്പെട്ട വള്ളിച്ചെരുപ്പുകളും ദിവാസ്വപ്നം കാണുകയും ചെയ്യുന്ന മനുഷ്യരായ ന്യായാധിപരുടെ അക്ഷമ അവരിൽ കണ്ടെത്താമായിരുന്നു. അപ്പോൾ, ചില തിടുക്കങ്ങളും യാദൃച്ഛികതകളും പ്രകൃത്യതീതനീതിയിൽ വന്നുപെടാമെങ്കിൽ അങ്ങനെയൊന്ന് മനുഷ്യനീതിയുടെ കാര്യത്തിലും ശരിയായേക്കാമെന്നു വരുന്നത്‌ നമ്മെ ആശ്ചര്യപ്പെടുത്താൻ പാടുള്ളതല്ല. അങ്ങനെ ആശ്ചര്യം തോന്നിയാൽ നീതിയില്ലാത്ത ന്യായാധിപരായിപ്പോകും നമ്മൾ.

അങ്ങനെ, ചില അബദ്ധങ്ങളും അന്നുണ്ടായി; ചാപല്യമല്ല, വിവേകമാണ്‌ യക്ഷികളുടെ നിത്യവും വ്യതിരിക്തവുമായ സ്വഭാവവിശേഷമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കത്‌ വിചിത്രമായും തോന്നാം.

ഉദാഹരണത്തിന്‌, ധനാകർഷണത്തിനുള്ള സിദ്ധി നൽകപ്പെട്ടത്‌ ഒരു ധനികകുടുംബത്തിലെ ഏകാവകാശിക്കാണ്‌; സഹായമനഃസ്ഥിതിയില്ലാത്ത, ജീവിതത്തിലെ മറ്റു സുഖങ്ങളിൽ തൃഷ്ണയില്ലാത്ത അയാൾക്ക്‌ തന്റെ മേൽ വന്നുകുമിയുന്ന കോടികൾ പിൽക്കാലത്ത്‌ ഒരു ഭാരമായി മാറും.

അതുപോലെ സൗന്ദര്യാരാധനയും കവിത്വവും നൽകിയത്‌ അരസികനായ ഒരു ദരിദ്രവാസിയുടെ, ഒരു പാറമടത്തൊഴിലാളിയുടെ മകനാണ്‌; തന്റെ മകന്റെ സിദ്ധികളെ പോഷിപ്പിക്കാൻ, അവന്റെ നിസ്സാരമായ ആവശ്യങ്ങളെ നിവർത്തിക്കാൻ അയാൾക്കുണ്ടോ കഴിയുന്നു?

ഇത്തരം ഭവ്യമായ സന്ദർഭങ്ങളിൽ പാരിതോഷികങ്ങൾ നിരസിക്കാനോ, മറ്റൊന്നു മതിയെന്നു പറയാനോ ഉള്ള അവകാശം നിങ്ങൾക്കില്ല, അതു ഞാൻ പറയാൻ വിട്ടു.

മുഷിപ്പൻപണി കഴിഞ്ഞല്ലോ എന്ന വിശ്വാസത്തോടെ യക്ഷികൾ പോകാനായി എഴുന്നേറ്റു; കാരണം പാരിതോഷികങ്ങളൊന്നും ബാക്കിയായിട്ടില്ല,ആ മനുഷ്യപറ്റത്തിനിടയിലേക്കെറിഞ്ഞുകൊടുക്കാൻ ഔദാര്യങ്ങളൊന്നും ശേഷിച്ചിട്ടുമില്ല. ആ സമയത്താണ്‌ ഒരു ധൈര്യശാലി -ഒരു പാവം കച്ചവടക്കാരനാണെന്നു തോന്നുന്നു- എഴുന്നേറ്റു നിന്നിട്ട്‌ തന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരു യക്ഷിയുടെ വർണ്ണവാതകങ്ങൾ കൊണ്ടു നെയ്ത പുടവത്തുമ്പിൽ പിടിച്ച്‌ ഇങ്ങനെ ഒച്ചവയ്ക്കുന്നത്‌:"അയ്യോ, ദേവി! ഞങ്ങളെയങ്ങു മറന്നോ! എന്റെ കുഞ്ഞുമകന്റെ കാര്യം വിട്ടുപോയി! ഇവിടെ വന്നിട്ട്‌ വെറുംകൈയോടെ പോകാനോ!"

യക്ഷിക്ക്‌ എന്തു പറയണമെന്നറിയാതായിട്ടുണ്ടാവും, കാരണം കൊടുക്കാൻ ഒന്നും ബാക്കിയില്ലല്ലോ. അവർക്കു പക്ഷേ, ആ സമയത്ത്‌ ഒരു നിയമത്തിന്റെ കാര്യം ഓർമ്മവന്നു; എല്ലാവർക്കും അറിവുള്ളതാണെങ്കിലും അവരുടെ അതീതലോകത്ത്‌ ,മനുഷ്യന്റെ സുഹൃത്തുക്കളും പലപ്പോഴും അവന്റെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നവരുമായ ആ അദൃശ്യദേവതകൾ,യക്ഷികൾ,ചാത്തന്മാർ,തീപ്പിശാചുക്കൾ, ജലദേവതകൾ എന്നിവർ അധിവസിക്കുന്ന ആ ലോകത്ത്‌ അപൂർവ്വമായി മാത്രം പ്രയോഗിക്കപ്പെടുന്ന ഒരു നിയമം. ഞാനുദ്ദേശിക്കുന്നത്‌ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ, അതായത്‌ ഉപഹാരങ്ങൾ ബാക്കി വരാത്ത അവസരങ്ങളിൽ ഒരു പാരിതോഷികം അധികം നൽകാൻ യക്ഷികൾക്ക്‌ അനുമതി നൽകുന്ന ആ നിയമത്തിന്റെ കാര്യമാണ്‌; പക്ഷേ ഒന്നുണ്ട്‌: നിന്ന നിൽപ്പിൽ അതു സൃഷ്ടിക്കാനുള്ള ഭാവനാശേഷി അതുപയോഗിക്കുന്നവർക്കുണ്ടായിരിക്കണം.

അങ്ങനെ ആ യക്ഷി തന്റെ ഗണത്തിനു ചേർന്ന കുലീനതയോടെ ഇങ്ങനെയരുളി:"നിന്റെ മകനു ഞാൻ ഇതാ നൽകുന്നു...ആനന്ദിപ്പിക്കാനുള്ള സിദ്ധി!"

"എന്താനന്ദം? ആനന്ദമോ? ആരെയാനന്ദിപ്പിക്കാൻ?"ആ കൊച്ചു കടക്കാരൻ വഴങ്ങാൻ കൂട്ടാക്കാതെ ചോദ്യങ്ങളായി; നമ്മൾ സാധാരണ കണ്ടുമുട്ടുന്ന യുക്തിവാദക്കാരിൽപ്പെട്ട ഒരാളാണു കക്ഷിയെന്നതിൽ സംശയമില്ല; അയുക്തികതയുടെ യുക്തി മനസ്സിലാക്കാനുള്ള ത്രാണി അവർക്കില്ല.

"അത്‌...അത്‌...!" അയാൾക്കു പുറംതിരിഞ്ഞുകൊണ്ട്‌ കോപിഷ്ടയായ ആ യക്ഷി പറഞ്ഞു. പിന്നെ, തന്റെ ഒപ്പമുള്ളവരോടു ചേർന്നുകൊണ്ട്‌ അവൾ അവരോടു പരാതിപ്പെട്ടു:"ആ ഫ്രഞ്ചുകാരന്റെ നാട്യം കണ്ടില്ലേ? അവനു സകലതും അറിയണം. ഏറ്റവും നല്ല പാരിതോഷികം തന്റെ മകനു കിട്ടിയിട്ടും ചോദ്യം ചെയ്യാനാവാത്തതിനെ ചോദ്യം ചെയ്യാനും തർക്കമില്ലാത്തതിനെച്ചൊല്ലി തർക്കിക്കാനും വരികയാണവൻ!"

Saturday, November 7, 2009

ബോദ്‌ലെയെർ-കൊലക്കയർ

manet-cherries-1859
                                               BOY WITH CHERRIES-MANET-1859
(എഡ്വേർഡ്‌ മാനെയ്ക്ക്‌ )


"മിഥ്യകൾ" എന്റെ സ്നേഹിതൻ എന്നോടു പറയുകയായിരുന്നു,"മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ പോലെ,അല്ലെങ്കിൽ മനുഷ്യരും വസ്തുക്കളും തമ്മിലുള്ള ബന്ധങ്ങൾ പോലെ അത്ര അസംഖ്യമാണ്‌. ആ മിഥ്യ മായുമ്പോഴാകട്ടെ-അതായത്‌, ഒരു വ്യക്തിയോ വസ്തുവോ നമുക്കു പുറത്ത്‌ യഥാർത്ഥത്തിൽ എങ്ങനെയാണെന്നു നാം കാണുമ്പോൾ-മറഞ്ഞുപോയ മായാരൂപത്തെ പ്രതി ഒരു നഷ്ടബോധവും മുന്നിൽ വന്ന പുതുമയെ,യഥാർത്ഥവസ്തുവെ പ്രതി ആശ്ചര്യവും കലർന്ന സങ്കീർണ്ണമായ ഒരു വിചിത്രവികാരത്തിനു നാം വിധേയരായിപ്പോവുകയും ചെയ്യുന്നു. ഇനി സ്പഷ്ടവും സധാരണവും മാറ്റമില്ലാത്തതും ദുർവ്യാഖ്യാനങ്ങൾക്കിടനൽകാത്തതുമായ ഒരു പ്രതിഭാസമുണ്ടെങ്കിൽ അത്‌ മാതൃസ്നേഹമൊന്നു മാത്രം. മാതൃസ്നേഹമില്ലാത്ത ഒരമ്മയെ സങ്കൽപ്പിക്കുക എന്നാൽ അത്‌ ചൂടില്ലാത്ത തീയിനെ മനസ്സിൽ കാണുന്നതുപോലെ അത്ര ദുഷ്കരമത്രെ. അങ്ങനെ വരുമ്പോൾ തന്റെ കുഞ്ഞിനോടു ബന്ധപ്പെട്ടുള്ള ഒരമ്മയുടെ സകല ചെയ്തികളെയും വാക്കുകളെയും മാതൃസ്നേഹത്തിൽ ആരോപിക്കുന്നതും തികച്ചും സാധുവല്ലേ? എന്നാൽ ഈ കഥയൊന്നു കേട്ടുനോക്കൂ; എല്ലാ മിഥ്യകളിലും വച്ച്‌ ഏറ്റവും സ്വാഭാവികമായ മിഥ്യ എന്റെ മനസ്സിനെ കുഴക്കിയ കഥയാണിത്‌.
"ചിത്രരചന തൊഴിലായ സ്ഥിതിയ്ക്ക്‌ വഴിയിൽ കാണുന്ന മുഖങ്ങളെയും അവയിലെ ഭാവങ്ങളെയും ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്‌. അന്യരെ അപേക്ഷിച്ച്‌ ഞങ്ങളുടെ കണ്ണുകളിൽ ജീവിതത്തെ കൂടുതൽ സചേതനവും സാർത്ഥകവുമാക്കുന്ന ഈയൊരു സിദ്ധിയിൽ നിന്ന് ഞങ്ങൾ ചിത്രകാരന്മാർ ആർജ്ജിക്കുന്ന ആനന്ദം എന്തുമാത്രമാണെന്നു നിങ്ങൾക്കറിയുമോ? നഗരത്തിൽ തിരക്കൊഴിഞ്ഞ ഭാഗത്ത്‌ ഞാൻ താമസിക്കുന്ന സ്ഥലത്ത്‌(അവിടെ ഇപ്പോഴും വീടുകൾക്കിടയിൽ പുല്ലു വളർന്ന വിശാലമായ മുറ്റങ്ങളുണ്ട്‌) ഞാൻ പലപ്പോഴും ഒരു ബാലനെ കണ്ടുമുട്ടാറുണ്ട്‌; മറ്റെന്തിനെക്കാളുമുപരി അവന്റെ മുഖത്തെ തീക്ഷ്ണവും കുസൃതി നിറഞ്ഞതുമായ ഭാവമാണ്‌ എന്നെ ആകർഷിച്ചത്‌. പലതവണ ഞാൻ അവനെ ഒരു മോഡലായി ഉപയോഗിച്ചു; ചിലപ്പോൾ ഒരു കൊച്ചുജിപ്സിയായി,ചിലപ്പോൾ ഒരു മാലാഖയായി, മറ്റു ചിലപ്പോൾ ഒരു ക്യൂപ്പിഡായി ഞാനവനെ രൂപാന്തരപ്പെടുത്തി. ഒരു നാടോടിയുടെ വയലിനും മുൾക്കിരീടവും കുരിശ്ശിൽ തറച്ച ആണികളും ഇറോസിന്റെ ശലാകയും ഞാനവനെക്കൊണ്ടു ചുമപ്പിച്ചു. എന്തിനു പറയുന്നു, ആ കുറുമ്പന്റെ വികൃതികളിൽ അത്രയ്ക്കാകഷ്ടനായിപ്പോയ ഞാൻ സാധുക്കളായ അവന്റെ അച്ഛനമ്മമാരോട്‌ അവനെ എനിക്കു വിട്ടുതരാൻ ഇരന്നു; അവനുടുക്കാനുള്ളതു കൊടുക്കാമെന്നും എല്ലാമാസവും ചെറിയൊരു തുക നൽകാമെന്നും എന്റെ ബ്രഷുകൾ വൃത്തിയാക്കുക,എന്റെ കൈയാളായി നിൽക്കുക എന്നതല്ലാതെ മറ്റു ഭാരിച്ച ജോലികളൊന്നും അവനെക്കൊണ്ടു ചെയ്യിക്കില്ലയെന്നും ഞാനവർക്ക്‌ ഉറപ്പും കൊടുത്തു. ഒന്നു വൃത്തിയാക്കിയെടുത്തപ്പോൾ അവൻ സുന്ദരനായി; തന്റെ മാതാപിതാക്കളോടൊപ്പമുള്ള ചെറ്റക്കുടിലിലെ ജീവിതം വച്ചു നോക്കുമ്പോൾ എന്റെ കൂടെയുള്ള വാസം അവനു സ്വർഗ്ഗസമാനമായി തോന്നിയിട്ടുണ്ടാവണം. പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, അവൻ ചിലനേരം തന്റെ പ്രായത്തിനു നിരക്കാത്ത ഒരുതരം വിഷാദഭാവം പ്രകടമാക്കിയിരുന്നു; ഒപ്പം പഞ്ചസാരയോടും മദ്യത്തോടും അതിരുകടന്ന ഒരു ഭ്രമവും അവൻ കാണിച്ചിരുന്നു. പലതവണ വിലക്കിയിട്ടും വീണ്ടും അവൻ അങ്ങനെയൊരു കളവു നടത്തിയപ്പോൾ തിരിയെ വീട്ടിലേക്കയയ്ക്കുമെന്നു പറഞ്ഞ്‌ അവനെയൊന്നു ഭീഷണിപ്പെടുത്താതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. അതു കഴിഞ്ഞ്‌ ഞാൻ പുറത്തേക്കു പോയി; ചില ജോലികളുണ്ടായതു കാരണം ദിവസങ്ങൾ കഴിഞ്ഞാണു ഞാൻ പിന്നെ വീട്ടിലെത്തുന്നത്‌.
“മടങ്ങിയെത്തുമ്പോൾ ഞാൻ ആദ്യം കാണുന്ന കാഴ്ച കുസൃതിക്കാരനായ എന്റെ ജീവിതപങ്കാളി സ്റ്റോർമുറിയുടെ വാതിലിൽ തൂങ്ങിനിൽക്കുന്നതാണെന്നു വരുമ്പോൾ എനിക്കുണ്ടാകുന്ന ഭീതിയും ഞെട്ടലും ഒന്നു സങ്കൽപ്പിച്ചുനോക്കൂ! അവന്റെ കാലുകൾ നിലത്തു മിക്കവാറും തൊട്ടനിലയിലായിരുന്നു; അവൻ കാലുകൊണ്ടു തട്ടിയെറിഞ്ഞിരിക്കാവുന്ന ഒരു കസേര തൊട്ടടുത്ത്‌ വീണുകിടപ്പുണ്ട്‌; തല പിരിഞ്ഞ്‌ ഒരു ചുമലിലേക്കു വീണുകിടക്കുന്നു; വീർത്ത മുഖവും തുറിച്ച കണ്ണുകളിലെ നോട്ടവും കണ്ടാൽ അവനു ജീവനുണ്ടെന്ന് ആദ്യമൊന്നു തോന്നിപ്പോകും. അവനെ താഴത്തിറക്കുക നിങ്ങൾ വിചാരിക്കുന്നത്ര എളുപ്പമായിരുന്നില്ല. അവന്റെ ശരീരം മരവിച്ചുകഴിഞ്ഞിരുന്നു; അവനെ മുറിച്ചു താഴത്തേക്കിടുന്നതിൽ എനിക്കെന്തോ ഒരറപ്പു തോന്നുകയും ചെയ്തു. ഒരു കൈ കൊണ്ട്‌ കയറു മുറിക്കുമ്പോൾ മറ്റേ കൈ കൊണ്ട്‌ ഞാൻ അവനെ താങ്ങിപ്പിടിച്ചു. പക്ഷേ അതു കഴിഞ്ഞപ്പോൾ എല്ലാം കഴിഞ്ഞില്ല. ആ പിശാച്‌ കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച നേർത്ത ചരട്‌ അവന്റെ കഴുത്തിൽ ആഴ്‌ന്നിറങ്ങിയിരിക്കുകയാണ്‌; കഴുത്തു സ്വതന്ത്രമാക്കണമെങ്കിൽ വീർത്തുപൊങ്ങിയ മാംസപാളികൾക്കിടയിലൂടെ ഒരു കത്രിക കടത്തിയാലേ പറ്റൂ.
“ഞാൻ സഹായത്തിനു വേണ്ടി ഉറക്കെ നിലവിളിച്ചിരുന്നുവെന്ന കാര്യം പറയാൻ വിട്ടുപോയി; പക്ഷേ ഒരയൽക്കാരനും എന്റെ സഹായത്തിനെത്തിയില്ല; അക്കാര്യത്തിൽ അവർ തൂങ്ങിച്ചത്ത ഒരുത്തന്റെ കാര്യത്തിൽ ഇടപെടാതിരിക്കുക എന്ന സംസ്കാരസമ്പന്നരായ മനുഷ്യരുടെ സമ്പ്രദായത്തോട്‌-അതിന്റെ കാരണമൊന്നും എനിക്കറിയില്ല-ശരിക്കും നീതി പുലർത്തുക തന്നെ ചെയ്തു. ഒടുവിൽ ഒരു ഡോക്ടർ എത്തിച്ചേർന്നു; കുട്ടി മരിച്ചിട്ട്‌ കുറേ മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെതു. പിന്നീട്‌ ശവസംസ്കാരത്തിനു വേണ്ടി അവന്റെ വസ്ത്രങ്ങൾ മാറ്റാൻ നോക്കുമ്പോൾ ജഡം അത്ര മരവിച്ചതു കാരണം അവന്റെ കൈകാലുകൾ നിവർക്കാനുള്ള ശ്രമം ഞങ്ങൾ ഉപേക്ഷിച്ചു; ഒടുവിൽ കീറിമുറിച്ചാണ്‌ തുണികൾ മാറ്റിയത്‌.
“പൊലീസിൽ വിവരം അറിയിക്കണമല്ലോ; ഇൻസ്പെക്റ്റർ ഏറുകണ്ണിട്ട്‌ എന്നെയൊന്നു നോക്കിയിട്ടു പറഞ്ഞതിതാണ്‌:'ഇതിലെന്തോ ദുരൂഹതയുണ്ടല്ലോ!' കുറ്റവാളികളെന്നോ നിരപരാധികളെന്നോ നോക്കാതെ സർവ്വരിലും ഭയം ജനിപ്പിക്കാനുള്ള കട്ടപിടിച്ച ആഗ്രഹവും ആ തൊഴിലിന്റെ ശീലവുമായിരുന്നു അതിനു പിന്നിലെന്നതിൽ സംശയമില്ല.
“പരമപ്രധാനമായ ഒരു ദൗത്യം അവശേഷിച്ചു: അവന്റെ അച്ഛനെയും അമ്മയെയും വിവരം അറിയിക്കുക. അതോർത്തപ്പോൾത്തന്നെ ഞാൻ കിടിലം കൊണ്ടുപോയി. എന്റെ കാലുകൾ എന്നെ അങ്ങോട്ടു കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ എങ്ങനെയോ ഞാൻ ധൈര്യം കണ്ടെത്തി. പക്ഷേ ഞാൻ അത്ഭുതപ്പെട്ടുപോയി, അമ്മ നിർവ്വികാരയായിരുന്നു; അവരുടെ കൺകോണുകളിൽ ഒരു നീർത്തുള്ളി പോലും പൊടിഞ്ഞില്ല. ആ വിചിത്രമായ പെരുമാറ്റത്തിനു കാരണം അവരനുഭവിക്കുന്ന കൊടുംശോകത്തിൽ ഞാൻ ആരോപിച്ചു; ഏറ്റവും കടുത്ത ദുഃഖങ്ങൾ നിശ്ശബ്ദദുഃഖങ്ങളായിരിക്കുമെന്ന ചൊല്ലും ഞാനപ്പോൾ ഓർത്തു. അച്ഛന്റെ കാര്യമാവട്ടെ, ബുദ്ധി മരവിച്ച പോലെയോ സ്വപ്നം കാണുന്നപോലെയോ അയാൾ പറഞ്ഞതിതാണ്‌:'ഇങ്ങനെയായത്‌ ഒരു വിധത്തിൽ നന്നായി; എന്തായാലും അവൻ ഗുണം പിടിക്കുമായിരുന്നില്ല.'

“ഈ നേരമായപ്പോൾ ജഡം എന്റെ കട്ടിലിൽ ഇറക്കിക്കിടത്തിയിരുന്നു. വേലക്കാരിയുടെ സഹായത്തോടെ ഞാൻ അവസാനത്തെ ഒരുക്കങ്ങൾ നടത്തുമ്പോൾ അവന്റെ അമ്മ എന്റെ സ്റ്റുഡിയോവിലേക്കു കയറിവന്നു. തന്റെ മകന്റെ ശരീരം ഒന്നു കാണണമെന്ന് അവർ പറഞ്ഞു. തന്റെ ദൗർഭാഗ്യത്തിൽ വ്യാപരിക്കുന്നതിൽ നിന്ന് അവരെ വിലക്കാനും അന്തിമവും വിഷാദപൂർണ്ണവുമായ ഈയൊരു സമാശ്വാസം അവർക്കു നിഷേധിക്കാനും സത്യം പറഞ്ഞാൽ എനിക്കു മനസ്സു വന്നില്ല. അതു കഴിഞ്ഞപ്പോൾ തന്റെ കുഞ്ഞു തൂങ്ങിച്ചത്ത സ്ഥലം കാട്ടിക്കൊടുക്കണമെന്നായി അവർ. 'അയ്യോ, അമ്മേ!' ഞാൻ പറഞ്ഞു; 'നിങ്ങൾക്കതു താങ്ങാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല.' പക്ഷേ എന്റെ കണ്ണുകൾ ഞാനറിയാതെ തന്നെ സ്റ്റോർമുറിയുടെ ആ കെട്ട വാതിലിലേക്കു പോയി; ആണി അതിൽത്തന്നെയുണ്ടെന്നതും ചരടിന്റെ നീണ്ടൊരു കഷണം അതിൽ തൂങ്ങിക്കിടക്കുന്നതും അറപ്പും ഭീതിയും കോപവും സമ്മിശ്രമായ ഒരു വികാരത്തോടെ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ കുതിച്ചുചെന്ന് ആ പാതകത്തിന്റെ അവസാനത്തെ ശേഷിപ്പുകളെ പറിച്ചെടുത്ത്‌ ജനാലയിലൂടെ പുറത്തു കളയാനോങ്ങിയപ്പോൾ ആ സാധുസ്ത്രീ എന്റെ കൈയ്ക്കു കടന്നുപിടിച്ച്‌ എതിർക്കാനാവാത്തൊരു സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:'അയ്യോ സാറേ,അതെനിക്കു തരണേ!' ശോകം കൊണ്ടു ഭ്രാന്തു പിടിച്ച ആ സ്ത്രീ തന്റെ മകൻ ചാവാനുപയോഗിച്ച വസ്തുവിനോടു കാണിക്കുന്ന മമതയായി ഞാനതിനെ വ്യാഖാനിച്ചു; ഭീതിദവും അനർഘവുമായ ഒരു തിരുശേഷിപ്പായി അതിനെ സൂക്ഷിക്കാൻ അവർക്കാഗ്രഹമുണ്ടാവാം. അവർ ആ ആണിയും കയറും എന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചു.
“അവസാനം എല്ലാമൊന്നു കഴിഞ്ഞുകിട്ടി. സ്വന്തം ജോലിയിലേക്കു തിരിച്ചുപോവുക എന്നതേ എനിക്കു ചെയ്യാനുണ്ടായിരുന്നുള്ളു-എന്റെ മനസ്സിന്റെ മൂലകളിൽ നിന്നു മാറാതെ നിൽക്കുകയും തുറിച്ച നോട്ടം കൊണ്ട്‌ എന്നെ തളർത്തുകയും ചെയ്യുന്ന ആ കൊച്ചുജഡത്തെ ഉച്ചാടനം ചെയ്യണമെങ്കിൽ പണ്ടത്തെക്കാൾ ഊർജ്ജസ്വലമായി പണിയെടുക്കുക തന്നെ വേണം. അടുത്ത ദിവസം പക്ഷേ, ഒരുകൂട്ടം കത്തുകൾ എന്റെ പേരിൽ വന്നു. ചിലത്‌ ഞാൻ താമസിക്കുന്ന കെട്ടിടത്തിൽത്തന്നെയുള്ളവരിൽ നിന്നായിരുന്നു; ചിലത്‌ തൊട്ടടുത്ത വീടുകളിൽ നിന്നും; താഴത്തെ നിലയിൽ നിന്ന് ഒരെണ്ണം; രണ്ടാമത്തെ നിലയിൽ നിന്ന് ഒരെണ്ണം; മൂന്നാമത്തെ നിലയിൽ നിന്ന് മറ്റൊരെണ്ണം അങ്ങനെയങ്ങനെ; അപേക്ഷയുടെ വ്യഗ്രതയെ പരിഹാസത്തിൽ ഒളിപ്പിച്ചുകൊണ്ടുള്ള തമാശരൂപത്തിലായിരുന്നു ചില കത്തുകൾ; ചിലതാകട്ടെ, നേരിട്ടങ്ങു കാര്യം പറയുന്നതും അക്ഷരത്തെറ്റു നിറഞ്ഞവയുമായിരുന്നു; എല്ലാ കത്തുകളുടെയും ഉള്ളടക്കം ഇതാണ്‌:മാരകമായ ആ ഭാഗ്യച്ചരടിന്റെ ഒരു കഷണം അവർക്കു വേണം. കത്തയച്ചവരിൽ പുരുഷന്മാരെക്കാൾ സ്ത്രീകളായിരുന്നു കൂടുതലെന്ന കാര്യം പറയേണ്ടിയിരിക്കുന്നു; അതേ സമയം എല്ലാവരും സമൂഹത്തിന്റെ താഴ്‌ന്ന പടിയിൽപ്പെട്ടവരായിരുന്നില്ല എന്നു ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കണം. കത്തുകൾ ഞാൻ സൂക്ഷിച്ചുവച്ചു.
“അപ്പോഴാണ്‌ എനിക്കു തലയ്ക്കുള്ളിൽ ഒരു വെളിച്ചം വീശിയത്‌; ആ അമ്മ എന്നിൽ നിന്ന് ആ ചരടു തട്ടിയെടുക്കാൻ വ്യഗ്രത കാട്ടിയതെന്തിനെന്നും ഏതുതരം കച്ചവടം നടത്തിയിട്ടാണ്‌ അവർ സമാശ്വാസം കണ്ടെത്താൻ പോകുന്നതെന്നും എനിക്കപ്പോൾ മനസ്സിലായി.”
----------------------------------------------------------------------------------------------------------------------------------------
ഒരു യഥാർത്ഥസംഭവത്തെ ആധാരമാക്കിയിട്ടുള്ളതാണ്‌ ഈ കഥ. ചിത്രകാരനായ മാനെ അലക്സാണ്ഡർ എന്നൊരു കുട്ടിയെ കൂടെ താമസിപ്പിച്ചിരുന്നു; ചെറിപ്പൂക്കളുമായി നിൽക്കുന്ന കുട്ടി എന്ന ചിത്രത്തിനു മോഡലായതും അവനാണ്‌; അവൻ മാനേയുടെ സ്റ്റുഡിയോവിൽ വച്ച്‌ തൂങ്ങിച്ചാവുകയും ചെയ്തു.
മാനെ

Tuesday, October 20, 2009

ബോദ്‌ലെയെർ-ചില്ലുവിൽപ്പനക്കാരൻ

Charles_Baudelaire_1855_Nadar
തികച്ചും ചിന്താശീലരും തീർത്തും കർമ്മവിമുഖരുമായ ചില മനുഷ്യർ ചില നേരത്ത്‌ നിഗൂഢവും അജ്ഞാതവുമായ ഏതോ പ്രേരണയ്ക്കടിപ്പെട്ട്‌ തങ്ങൾക്കുണ്ടെന്ന് അവർ പോലും സംശയിക്കാത്ത ഒരു ത്വരയോടെ ചില പ്രവൃത്തികൾ ചെയ്തുപോകാറുണ്ട്‌.

എന്തു മന:ക്ലേശമാണോ ഉള്ളിൽ തന്നെ കാത്തിരിക്കുന്നതെന്ന ഭയപ്പാടോടെ സ്വന്തം വീട്ടുവാതിലിനു മുന്നിൽ ഒരു മണിക്കൂർ നേരം നിന്നു പരുങ്ങുന്ന ഒരാൾ; കൈയിൽ കിട്ടിയ കത്ത്‌ പൊളിക്കാതെ രണ്ടാഴ്ചയായി കൊണ്ടുനടക്കുന്ന ഒരാൾ; ഒരു കൊല്ലം മുമ്പേ ചെയ്യേണ്ട ഒരു സംഗതി ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ആറുമാസമെടുക്കുന്ന ഒരാൾ-ഇവർ ചിലപ്പോൾ കവണയിൽ നിന്നു പായുന്ന കല്ലു പോലെ തടുക്കാനാവാത്തൊരാവേഗത്താൽ നീതരായി പ്രവൃത്തിയിൽ ചെന്നു പതിക്കും. അതിനുള്ള ഭ്രാന്തമായ ഊർജ്ജം ആ ജഡപ്രകൃതികൾക്ക്‌ എവിടെനിന്നു കിട്ടുന്നു? ഏറ്റവും ലളിതവും അടിയന്തിരവുമായ ചില കാര്യങ്ങൾ ചെയ്യാൻ പോലും പ്രാപ്തി കാണിക്കാത്ത അവർ പെട്ടെന്നൊരു മുഹൂർത്തത്തിൽ ബുദ്ധിശൂന്യവും അപകടകരം പോലുമായ സംഗതികൾ ചെയ്യാൻ ത്രാണിയുള്ളവരായിത്തീരുന്നതെങ്ങനെ? എല്ലാമറിയുന്നവരായി ഭാവിക്കുന്ന നോവലിസ്റ്റിനോടോ ഡോക്ടറോടോ ഇതിനൊരു വിശദീകരണം ചോദിച്ചാൽ അവർക്കതിനു മറുപടിയുണ്ടാവില്ല.

എന്റെയൊരു സ്നേഹിതൻ-ഇങ്ങനെ പരമസാധുവും സ്വപ്നജീവിയുമായ ഒരാൾ ഈ ലോകത്തു വേറെ കാണില്ല-തീ പടരുന്നതു വളരെ വേഗമാണെന്ന് ആളുകൾ പറയുന്നതു ശരിയാണോയെന്നറിയാൻ വേണ്ടിയാണത്രെ,ഒരിക്കൽ കാടിനു തീ കൊളുത്തി; പത്തുതവണ അയാളുടെ ശ്രമം പരാജയപ്പെട്ടു; പതിനൊന്നാമത്തെ തവണ അതു പൂർണ്ണവിജയവുമായിരുന്നു.

മറ്റൊരാൾ വെടിമരുന്നു വച്ചിരിക്കുന്ന പെട്ടിയ്ക്കടുത്തു ചെന്നു നിന്ന് ചുരുട്ടു കത്തിക്കും; വിധിയെ കാണാൻ, അറിയാൻ, പ്രലോഭിപ്പിച്ചു വരുത്താൻ വേണ്ടിയാണത്രെ. ഒരു ചൂതാട്ടം നടത്താനുള്ള ഊറ്റം തനിക്കുണ്ടെന്നു സ്വയം വിശ്വസിപ്പിക്കാൻ, ഉത്കണ്ഠയുടെ ആന്നന്ദങ്ങൾ അനുഭവിക്കാൻ വേണ്ടിയാണത്രെ. ഇനിയഥവാ ഒരു കാരണവുമില്ലാതെ, വെറുമൊരു ഭ്രമത്തിന്റെ പുറത്ത്‌, മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ടുമാവാം.

മടുപ്പിൽ നിന്നും ദിവാസ്വപ്നത്തിൽ നിന്നും ഉറവെടുക്കുന്ന ഒരുതരം ഊർജ്ജമാണത്‌; ഓർത്തിരിക്കാതെ അതു വന്നു വെളിപ്പെടുന്നതാകട്ടെ, ഞാൻ മുമ്പു പറഞ്ഞപോലെ, അലസന്മാരിലും സ്വപ്നജീവികളിലുമാണ്‌.

മറ്റൊരാൾ-അന്യരുടെ നോട്ടത്തിനു മുന്നിൽ ദൃഷ്ടി താഴ്ത്തുന്ന ഒരു കാതരജീവി; ഒരു ഹോട്ടലിനുള്ളിലേക്കു കടന്നു ചെല്ലാൻ, ഒരു തിയേറ്ററിന്റെ കൗണ്ടറിനു മുന്നിലൂടെ നടന്നുപോകാൻ ആകെയുള്ള ഇച്ഛാശക്തിയെല്ലാം സംഭരിക്കേണ്ടി വരുന്ന ഒരാൾ( മിനോസിനെയും ഐക്കസിനെയും റഡമന്തസിനെയും പോലെ പ്രതാപികളാണ്‌ ആ കൗണ്ടറിലിരിക്കുന്നവർ അയാളുടെ കണ്ണിൽ *)-തെരുവിലൂടെ നടന്നുപോകുന്ന ഒരു കിഴവനെ സ്തബ്ധരായി നിൽക്കുന്ന ആ ജനത്തിനെല്ലാം മുന്നിൽ വച്ച്‌ ഓടിച്ചെന്നു കെട്ടിപ്പിടിച്ചുവെന്നു വരാം.

എന്തുകൊണ്ട്‌? ആ മനുഷ്യന്റെ ശാരീരികലക്ഷണങ്ങളോട്‌ തടുക്കാനാവാത്തൊരാകർഷണം അയാൾക്കു തോന്നി എന്നതാണോ കാരണം? ആയിരിക്കാം; അതേസമയം അയാൾക്കു തന്നെ അതെന്തു കൊണ്ടാണെന്നറിയില്ല എന്നതാവാം കുറച്ചുകൂടി സ്വീകാര്യമായ വിശദീകരണം.

ഞാൻ ഒന്നിൽക്കൂടുതൽ തവണ ഇത്തരം പ്രതിസന്ധികൾക്കും പ്രേരണകൾക്കും ഇരയായിപ്പോയിട്ടുണ്ട്‌. ചില ദുർഭൂതങ്ങൾ നമ്മുടെയുള്ളിൽ കയറിക്കൂടി നാമറിയാതെ നമ്മെക്കൊണ്ട്‌ അവരുടെ നീചമോഹങ്ങൾ നിവർത്തിക്കുകയാണെന്നു നാം വിശ്വസിച്ചുപോയാൽ അതിൽ തെറ്റു പറയാനില്ല.

ഒരുദിവസം കാലത്ത്‌ ഉന്മേഷം കെട്ട്‌, സ്വന്തം ആലസ്യം കൊണ്ടുതന്നെ മനസ്സുകെട്ട്‌ മഹത്കാര്യമെന്തോ ചെയ്തുവയ്ക്കാനുള്ള ത്വരയോടെ ഞാൻ ഉറക്കമുണർന്നു; ഞാൻ ചെന്നു ജനാല തുറന്നു, കഷ്ടം!

(കുസൃതികളൊപ്പിക്കാൻ ചില മനുഷ്യരിൽ കാണുന്ന വ്യഗ്രത ബോധപൂർവ്വമോ കണക്കുകൂട്ടിയോ ഉള്ള ഒന്നല്ലെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ അപേക്ഷിക്കട്ടെ; ഒരു നിമിഷത്തെ പ്രചോദനം കൊണ്ടു ചെയ്തുപോകുന്നതാണത്‌. ഔചിത്യമില്ലാത്ത എത്രയെങ്കിലും പ്രവൃത്തികൾ ചെയ്തുകൂട്ടാൻ നമ്മുടെ ചെറുത്തുനിൽപ്പൊന്നും കണക്കിലെടുക്കാതെ നമ്മെ ഉന്തിത്തള്ളിവിടുന്ന ആ പ്രകൃതിയോട്‌-ഡോകടർമാർ അതിനെ ഉന്മാദമെന്നു വിളിക്കുമ്പോൾ അവരെക്കാൾ അൽപം കൂടി ചിന്തിക്കാൻ കഴിവുള്ളവർ പൈശാചികമെന്ന് അതിനെ വിശേഷിപ്പിക്കും-അതിന്റെ തീക്ഷ്ണത കൊണ്ടെങ്കിലും ഗാഢബന്ധമുള്ളതാണത്‌.)

താഴെയുള്ള തെരുവിൽ ഞാൻ ആദ്യം കണ്ടത്‌ ഒരു ചില്ലുവിൽപ്പനക്കാരനെയാണ്‌; പാരീസിന്റെ കനം തൂങ്ങുന്ന കെട്ട വായുവിലൂടെ അയാളുടെ ചെവിതുളയ്ക്കുന്ന അപസ്വരം എന്റെ കാതുകളിലേക്കെത്തി. ആ പാവത്താനെ കണ്ടതും എന്റെ മനസ്സിൽ അത്ര പെട്ടെന്ന് ക്രൂരമായ ഒരു വിദ്വേഷം പതഞ്ഞുപൊങ്ങിയതെങ്ങിനെയെന്നു വിശദീകരിക്കാൻ എനിക്കു പറ്റില്ല.

"ഹേയ്‌!ഹേയ്‌!" കയറിവരാൻ ഞാൻ അയാളോടു പറഞ്ഞു. ഏഴാമത്തെ നിലയിലുള്ള എന്റെ മുറിയിലേക്ക്‌ ഇടുങ്ങിയ കോണി കയറി വരാൻ അയാൾ ബുദ്ധിമുട്ടുമെന്നും അതിനിടയ്‌ഇൽ അയാളുടെ സാധനങ്ങൾ അവിടെയുമിവിടെയുമൊക്കെ മുട്ടി കേടുവരുമെന്നും മനസ്സിൽക്കണ്ടാനന്ദിക്കുകയായിരുന്നു ഞാൻ.

ഒടുവിൽ അയാൾ മുകളിലെത്തി; ഞാൻ അയാളുടെ ചില്ലുകൾ സൂക്ഷ്മമായി പരിശോധിച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു:"ഇതെന്താ? തന്റെ കൈയിൽ വർണ്ണച്ചില്ലുകളൊന്നുമില്ലേ? പച്ച, നീല, ചുവപ്പ്‌? മായച്ചില്ലുകൾ, പറുദീസയിലെ ചില്ലുകൾ? നാണം കെട്ട കഴുതേ! ജീവിതം സുന്ദരമാക്കുന്ന ഒരു ചില്ലു പോലും കൈയില്ലാതെ ഈ ദരിദ്രം പിടിച്ച തെരുവിലൂടെ നടക്കാൻ തനിക്കെങ്ങനെ ധൈര്യം വന്നു!" എന്നിട്ട്‌ ഞാനയാളെ കോണിപ്പടിയിലേക്കു തന്നെ പിടിച്ചുതള്ളി; വീഴാൻ പോയപ്പോൾ അയാൾ എന്തോ പിറുപിറുത്തു.

ഞാൻ എന്റെ ബാൽക്കണിയിലേക്കു പോയി ചെറിയൊരു ചെടിച്ചട്ടി കൈയിലെടുത്തു; എന്നിട്ട്‌ അയാൾ താഴെ വന്നപ്പോൾ ആ ചില്ലുകെട്ടിനു പിന്നിൽ ചെന്നു കൊള്ളുന്ന രീതിയിൽ ഞാനെന്റെ യുദ്ധയന്ത്രം പ്രയോഗിച്ചു. അതിന്റെ ആഘാതത്തിൽ അയാൾ പിന്നോട്ടു മറിയുകയും അയാളുടെ ആ സഞ്ചരിക്കുന്ന നിധി അപ്പാടെ പൊട്ടിത്തരിപ്പണമാവുകയും ചെയ്തു. അതു കേട്ടപ്പോൾ ഇടിമിന്നലേറ്റ്‌ ഒരു ചില്ലുകൊട്ടാരം തകരുന്നപോലെയുണ്ടായിരുന്നു.

ഉന്മാദത്തിന്റെ ലഹരി തലയ്ക്കു പിടിച്ച ഞാൻ അയാളെ നോക്കി വിളിച്ചുപറഞ്ഞു:"ജീവിതം സുന്ദരമാക്കെടോ! ജീവിതം സുന്ദരമാക്കെടോ!"

ഇത്തരം ഭ്രാന്തൻതമാശകൾ അപായകരമാകാം; ചിലനേരം അതിനു കൊടുക്കേണ്ടിവരുന്ന വില കനത്തതുമായിരിക്കും. പക്ഷേ ഒരു നിമിഷത്തിൽ അനന്തമായ ആനന്ദം കണ്ടെത്തുന്ന ഒരാൾ എന്തിനു നിത്യനരകത്തെ പേടിക്കണം?

--------------------------------------------------------------------------------------------------------------------------------

* ഗ്രീക്ക്‌ പുരാണത്തിൽ പാതാളത്തിലെ ഉഗ്രപ്രതാപികളായ ന്യായാധിപന്മാർ

Saturday, October 17, 2009

ബോദ്‌ലെയെർ-വൃദ്ധനായ കോമാളി

Hogarth's_Southwark_Fair

ഒരൊഴിവുദിവസം വീണുകിട്ടിയ ജനം എങ്ങും നിറഞ്ഞുപരന്നൊഴുകി വിനോദിക്കുകയാണ്‌. കോമാളികളും കൺകെട്ടുവിദ്യക്കാരും മൃഗശിക്ഷകരും നടന്നുവിൽപ്പനക്കാരുമൊക്കെ ഒരാണ്ടത്തെ കോട്ടം തീർക്കുന്നത്‌ ഇങ്ങനെയുള്ള അവസരങ്ങളിലാണ്‌.

ഈ ദിവസങ്ങളിൽ ജനം തങ്ങളുടെ ജോലിപ്പാടുകളും ജീവിതദുരിതങ്ങളുമൊക്കെ മറവിയിൽത്തള്ളുന്നതായിട്ടാണ്‌ ഞാൻ കണ്ടിരിക്കുന്നത്‌; ഒരു ദിവസത്തേക്ക്‌ അവർ കുട്ടികളുടെ മട്ടെടുക്കുകയാണ്‌. കുട്ടികൾക്കാകട്ടെ, ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക്‌ പള്ളിക്കൂടഭീകരതയിൽ നിന്നൊരു വിടുതലും കിട്ടുന്നു. മുതിർന്നവരോ, ജീവിതത്തിലെ ദുഷ്ടശക്തികളുമായി ഒരു താൽക്കാലികവെടിനിർത്തൽ ഒപ്പുവയ്ക്കുകയാണ്‌; അവസാനമില്ലാത്ത തർക്കങ്ങളിലും സംഘർഷങ്ങളിലും നിന്ന് ഒരു സാവകാശം.

വരേണ്യരും ബുദ്ധിജീവികളും വരെ ഈ പൊതുതമാശയുടെ പിടിയിൽ പെട്ടുപോകുന്നു. ആ ഉത്സവാന്തരീക്ഷത്തിന്റെ ഒരംശം തങ്ങളറിയാതെതന്നെ അവരുടെയുള്ളിലേക്കും കടക്കുന്നുണ്ട്‌. എന്റെ കാര്യം പറയാനാണെങ്കിൽ ഇത്തരം ഭവ്യസന്ദർഭങ്ങളിൽ തെരുവിനിരുവശവും നിരക്കുന്ന എണ്ണമറ്റ സ്റ്റാളുകൾ ഒന്നുപോലും വിടാതെ ഞാൻ ചെന്നു നിരങ്ങാറുണ്ട്‌.

അവരുടെ ആ തമ്മിൽപ്പോരിന്റെ ഊറ്റം കാണേണ്ടതുതന്നെ! കുരയ്ക്കുകയും അമറുകയും ഓരിയിടുകയും ചെയ്യുകയാണവർ. ആക്ക്രോശങ്ങളും പ്രചണ്ഡമായ മേളങ്ങളും മാനത്തേക്കുയരുന്ന വാണങ്ങളും ചേർന്നൊരു കലമ്പൽ. കസർത്തുകാരും കോമാളികളും വെയിലും കാറ്റും മഴയും കൊണ്ടു കരുവാളിച്ച മുഖങ്ങൾ കൊണ്ട്‌ ഗോഷ്ടികൾ കാണിക്കുന്നുണ്ട്‌. കാണികൾക്കു മേൽ തങ്ങൾ എന്തു പ്രഭാവമാണു സൃഷ്ടിക്കാൻ പോകുന്നതെന്ന് അത്ര ഉറപ്പുള്ള നടന്മാരെപ്പോലെ ലോകോക്തികളും തമാശകളും തട്ടിവിടുകയാണവർ. ഒരു മോളിയേകോമഡി പോലെ പരന്നുറച്ച ഒരു നാടകം. വരുന്നവർക്കു മുന്നിൽ തങ്ങളുടെ കൂറ്റൻ കൈകാലുകൾ പ്രദർശിപ്പിച്ചുകൊണ്ട്‌ ആടിയാടി നടക്കുകയാണ്‌ ഒറാങ്ങ്‌ ഉട്ടാങ്ങിനെപ്പോലെ ഇടുങ്ങിയ നെറ്റിയും തലയോട്ടിയുമുള്ള ഗുസ്തിക്കാർ; ഇന്നൊരു ദിവസത്തിനു വേണ്ടി തലേദിവസം പ്രത്യേകമായി അലക്കിവെളുപ്പിച്ച ലങ്കോട്ടിയാണ്‌ അവരുടെ വേഷം. യക്ഷികളെയും രാജകുമാരിമാരെയും പോലെ സുന്ദരികളായ നർത്തകിമാർ എരിപന്തങ്ങളുടെ തീപ്പൊരികൾ തട്ടിത്തിളങ്ങുന്ന പാവാടകളുമായി വായുവിലേക്കു കുതിക്കുകയും പെരുവിരലൂന്നിനിന്നു കറങ്ങുകയും ചെയ്യുന്നു.

വെളിച്ചവും പൊടിയും ഒച്ചയും ആഹ്ലാദവും കലപിലയുമാണെങ്ങും. ചിലർ ചിലവാക്കുന്നു, ചിലർ നേടുന്നു; രണ്ടുകൂട്ടർക്കും സന്തോഷവുമാണ്‌. ചില കുട്ടികൾ കരിമ്പിൻതുണ്ടത്തിനു വേണ്ടി അമ്മമാരുടെ പാവാടത്തുമ്പിൽ തൂങ്ങി ചിണുങ്ങുന്നു; മറ്റു ചില കുട്ടികൾ ഏതോ ദേവനെപ്പോലെ കണ്ണഞ്ചിക്കുന്ന ഒരു മാന്ത്രികനെ ശരിക്കൊന്നു കാണാൻ വേണ്ടി അച്ഛന്മരുടെ തോളിൽ കയറിപ്പറ്റിയിരിക്കുന്നു. പിന്നെ, സകലഗന്ധങ്ങൾക്കും മേലെ പരന്നൊഴുകുകയാണ്‌ ആ മേളയുടെ ഔദ്യോഗികപരിമളം പോലെ വറുക്കുകയും പൊരിക്കുകയും ചെയ്യുന്ന മണം.

സ്റ്റാളുകളുടെ നിരയുടെ ഏറ്റവും ഒടുവിലായി, ആ പകിട്ടുകളുടെ മുന്നിലേക്കു വരാൻ നാണിച്ചിട്ടെന്നപോലെ സ്വയം ഭ്രഷ്ടനായ വൃദ്ധനായ ഒരു കോമാളി എന്റെ കണ്ണിൽപ്പെട്ടു. തന്റെ ചായ്പ്പിന്റെ ഒരു തൂണിൽ ചാരിനിൽക്കുകയാണ്‌ മുതുകൂന്നി, ഒടിഞ്ഞുവീഴാറായ ആ മനുഷ്യാവശിഷ്ടം. ഏറ്റവും പ്രാകൃതനായ ഒരു കാട്ടുജാതിക്കാരന്റെ കുടിലിനെക്കാളും നികൃഷ്ടമാണാ കൂര. പൊട്ടിയും പുകഞ്ഞും കത്തുന്ന രണ്ടു മെഴുകുതിരിക്കഷണങ്ങളാവട്ടെ, ആ ദാരിദ്ര്യത്തെ ശരിക്കും വെളിച്ചത്താക്കുകയുമായിരുന്നു. എവിടെയും ആഹ്ലാദവും നേട്ടവും തിമിർക്കലും; എവിടെയും നാളത്തെ അപ്പം ഉറപ്പായതിന്റെ ആശ്വാസം; എവിടെയും ജീവന്റെ പുളപ്പുകൾ. ഇവിടെയോ പരമദാരിദ്ര്യം; അതിന്റെ ഭീകരതയെ എടുത്തുകാണിക്കുന്ന കോമാളിവേഷവുമണിഞ്ഞു നിൽക്കുകയാണത്‌; ആ വൈരുദ്ധ്യം കൊണ്ടുവരുന്നതു കലയല്ല, ആവശ്യകതയാണു പക്ഷേ. ആ പാവം ചിരിക്കുകയല്ല! കരയുകയല്ല, നൃത്തം വയ്ക്കുകയല്ല; ഗോഷ്ടി കാണിക്കുകയല്ല; ഒച്ച വയ്ക്കുകയല്ല; സന്തോഷമോ ദുഃഖമോ പ്രകടിപ്പിക്കുന്ന പാട്ടുകളൊന്നും പാടുകയുമല്ല. അയാൾ ആർക്കും നേരെ കൈ നീട്ടുന്നുമില്ല. നിശ്ശബ്ദനും നിശ്ചലനുമാണയാൾ. അയാൾ സർവ്വതും ത്യജിച്ചുകഴിഞ്ഞു; തന്റെ സ്ഥാനമൊഴിഞ്ഞുകഴിഞ്ഞു; അയാളുടെ ഭാഗധേയം നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞു.

പക്ഷേ തന്റെയാ അറയ്ക്കുന്ന ദാരിദ്ര്യത്തിനു ചുവടുകൾക്കകലെ വന്നൊഴുക്കുനിലയ്ക്കുന്ന ആളിനും വെളിച്ചത്തിനും മേൽ അയാൾ പായിച്ച ആ നോട്ടത്തിന്റെ ആഴത്തെ ഞാനെങ്ങനെ മറക്കാൻ! വികാരക്ഷോഭത്തിന്റെ ഭീകരഹസ്തം തൊണ്ടയ്ക്കു പിടിച്ചമർത്തുന്ന പോലെ എനിക്കു തോന്നി. വീഴാൻ കൂട്ടാക്കാത്ത കണ്ണീർത്തുള്ളികൾ കൊണ്ട്‌ കാഴ്ച മങ്ങുന്ന പോലെ.

എന്തു ചെയ്യണം? പിഞ്ഞിക്കീറിയ ആ തുണിക്കു പിന്നിലെ കരിനിഴലുകൾക്കുള്ളിൽ എന്തൊക്കെ കൗതുകങ്ങളും അതിശയങ്ങളുമാണ്‌ എന്നെ കാണിക്കാൻ വേണ്ടി അയാൾ കരുതിവച്ചിരിക്കുന്നതെന്നു ചോദിച്ചിട്ടെന്തു ഗുണം? ചോദിക്കാൻ എനിക്കു ധൈര്യമുണ്ടായില്ല എന്നതാണു വാസ്തവം; ആ ധൈര്യക്കുറവിനു കാരണം കേട്ടാൽ നിങ്ങൾ ചിരിക്കുംഎങ്കിൽക്കൂടി ഞാൻ പറയട്ടെ, എന്റെ ചോദ്യം അയാൾക്കപമാനമായിത്തോന്നുമോ എന്നായിരുന്നു എന്റെ ശങ്ക. ഒടുവിൽ ഞാൻ നിശ്ചയിച്ചു, കടന്നുപോകുമ്പോൾ ആ പലകയുടെ മുകളിൽ കുറച്ചു പണം വച്ചിട്ടുപോകാമെന്ന്; എന്റെ ഉദ്ദേശ്യം അയാൾക്കു മനസ്സിലാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ അപ്പോഴേക്കും എന്തു കാരണം കൊണ്ടോ ഇരമ്പിക്കയറിവന്ന ജനക്കൂട്ടം എന്നെ തള്ളിമാറ്റി അയാളിൽ നിന്ന് വളരെ അകലെ കൊണ്ടുപോയി.

ആ കാഴ്ച മനസ്സിൽ നിന്നൊഴിവാക്കാനാവാതെ വീട്ടിലേക്കു മടങ്ങുമ്പോൾ എന്നെ പെട്ടെന്നു ബാധിച്ച വിഷാദത്തെ വിശകലം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഞാൻ: താൻ രസിപ്പിച്ച ഒരു തലമുറയെ അതിജീവിച്ച വൃദ്ധനായ എഴുത്തുകാരനെയാണ്‌ ഞാനിപ്പോൾ ദർശിച്ചത്‌. സുഹൃത്തുക്കളില്ലാത്ത, കുടുംബമില്ലാത്ത, കുട്ടികളില്ലാത്ത , സ്വന്തം ദാരിദ്ര്യവും സമൂഹത്തിന്റെ നന്ദികേടും കൊണ്ടധിക്ഷിപ്തനായ ഒരു വൃദ്ധകവി തന്റെ കുടിലിനുള്ളിൽ നിൽക്കുകയാണ്‌; മറവി ബാധിച്ച ലോകത്തിന്‌ അങ്ങോട്ടു കടക്കാൻ മനസ്സുമില്ല.

Wednesday, October 14, 2009

ബോദ്‌ലെയെർ-ഉദാരമതിയായ ചൂതാട്ടക്കാരൻ

Martin,_John_-_Satan_presiding_at_the_Infernal_Council_-_1824

ഇന്നലെ തെരുവിലെ തിരക്കിലൂടെ നടക്കുമ്പോൾ ഒരു നിഗൂഢസത്വം എന്നെ തൊട്ടുരുമ്മിക്കടന്നുപോയി; ഞാനേറെക്കാലമായി പരിചയപ്പെടണമെന്നു വിചാരിച്ചിരുന്ന ഒരു വ്യക്തി; മുമ്പൊരിക്കലും കണ്ടിട്ടില്ലെങ്കിൽക്കൂടി കണ്ടയുടനെ എനിക്കയാളെ ഓർമ്മവരികയും ചെയ്തു. എന്നെ പരിചയപ്പെടണമെന്ന് അയാൾക്കും ആഗ്രഹമുണ്ടായിരുന്നിരിക്കണം; കാരണം, എന്നെ കടന്നുപോകുമ്പോൾ അയാൾ എന്നെ നോക്കി അർത്ഥഗർഭമായി ഒന്നു കണ്ണിറുക്കിക്കാണിച്ചിരുന്നു; അയാളുടെ ഇംഗിതം മനസ്സിലാക്കിയ ഞാൻ പിന്നാലെ ചെന്നു. ഞങ്ങൾ ഇറങ്ങിച്ചെന്നത്‌ ഉജ്ജ്വലമായ ഒരു പാതാളവസതിയിലാണ്‌; പാരീസിലെ ഒരു പ്രഭുഗൃഹത്തിനും സ്വപ്നം കാണാനാവാത്ത ആഡംബരത്തിൽ മുങ്ങിക്കുളിച്ചുനിൽക്കുകയാണത്‌. ഇത്ര വിശിഷ്ടമായ ഒരു മന്ദിരത്തിനു മുന്നിലൂടെ പലതവണ കടന്നുപോയിട്ടും അതിന്റെ കവാടം ഇതേവരെ എന്റെ കണ്ണിൽപ്പെടാതിരുന്നത്‌ വിചിത്രമാണല്ലോ എന്നു ഞാൻ മനസ്സിൽ പറയുകയും ചെയ്തു. അതിവിശിഷ്ടവും ഒപ്പം തലയ്ക്കു പിടിക്കുന്നതുമായ ആ അന്തരീക്ഷത്തിൽ കാലു കുത്തേണ്ട താമസം, ഈ മുഷിപ്പൻ ജീവിതത്തിലെ സകല ആകുലതകളും നിങ്ങളുടെ വിസ്മൃതിയിൽ പെട്ടുകഴിഞ്ഞു.ഇരുണ്ടൊരു പരമാനന്ദം നിങ്ങൾക്കനുഭൂതമാകുന്നു; അതിനു തുല്യമായ ഒന്നാവണം പണ്ട്‌ അന്തിവെളിച്ചം കെടാത്ത മായാദ്വീപിൽ ചെന്നിറങ്ങിയ ആ താമരതീനികളും *അനുഭവിച്ചത്‌; ജലപാതങ്ങളുടെ സുഖരാഗങ്ങൾക്കൊപ്പം അവരുടെ ഹൃദയങ്ങളിൽ വളർന്നത്‌ ഇനിയൊരിക്കലും സ്വന്തം നാടുകളിലേക്കു തിരിച്ചുപോകാതിരിക്കാനുള്ള അഭിലാഷമായിരുന്നല്ലോ; തങ്ങൾക്കിനി സ്വന്തം കുടുംബദേവതകൾ വേണ്ട, ഭാര്യമാർ വേണ്ട, കുഞ്ഞുങ്ങളും വേണ്ട; ഇനി ആഴിയുടെ കൊടുംതിരകൾക്കു മേൽ കയറാനും തങ്ങളില്ല.

അവിടെ ഞാൻ അസാധാരണരായ മനുഷ്യരെ കണ്ടു; ആ മുഖങ്ങളിൽ ഒരു മാരകസൌന്ദര്യം മുദ്ര ചാർത്തിയിരിക്കുന്നു; മുമ്പെന്നോ ഏതൊക്കെയോ ദേശങ്ങളിൽ വച്ച്‌ ഇവരെ കണ്ടിട്ടുള്ളതാണല്ലോ എന്നൊരു തോന്നൽ എനിക്കുണ്ടായെങ്കിലും അതു കൃത്യമായി ഓർമ്മിച്ചെടുക്കാൻ എനിക്കായില്ല. അതേസമയം അറിയാത്തതിനെ കണ്മുന്നിൽ കാണുമ്പോൾ സാധാരണയുണ്ടാകുന്ന ഭീതിയല്ല, മറിച്ച്‌ സ്വസഹോദരങ്ങളോടു തോന്നുന്ന സഹാനുഭൂതിയാണ്‌ എനിക്കവരെ കണ്ടപ്പോൾ തോന്നിയത്‌. ആ നോട്ടങ്ങളിലെ സവിശേഷമായ ഭാവത്തെ ഏതെങ്കിലും രീതിയിൽ വാക്കുകളിൽ പകർത്താൻ എനിക്കു കഴിഞ്ഞാൽ അതിങ്ങനെയായിരിക്കും: മടുപ്പിനെക്കുറിച്ചുള്ള ഭീതിയും നിത്യജീവിതത്തിനായുള്ള ആസക്തിയും കൊണ്ട്‌ ഈവിധമെരിയുന്ന കണ്ണുകൾ ഞാനിതിനു മുമ്പു കണ്ടിട്ടില്ല.

കസേരകൾ വലിച്ചിട്ടിരുന്നപ്പോഴേക്കും ഞാനും എന്റെ ആതിഥേയനും ചിരകാലസുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. ഞങ്ങൾ പലതും കഴിച്ചു; അപൂർവ്വമായ പലതരം മദ്യങ്ങൾ അളവില്ല്ലാതെ അകത്താക്കി; അതിലും അപൂർവ്വമായി എനിക്കു തോന്നിയത്‌ മണിക്കൂറുകൾ അത്ര കഴിഞ്ഞിട്ടും എന്റെ വെളിവു കെട്ടിരുന്നില്ല എന്നതായിരുന്നു. ഇതിനിടയിൽ പലപ്പോഴായി ചൂതുകളി, ആ അമാനുഷികസുഖം, ഞങ്ങളുടെ മധുപാനത്തെ തടസ്സപ്പെടുത്തിയിരുന്നു; വീരോചിതമായ ഒരു കൂസലില്ലായ്മയോടെയും മനോലാഘവത്തോടെയും ഞാനെന്റെ ആത്മാവിനെ പണയപ്പെടുത്തുകയും നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും പറഞ്ഞുകൊള്ളട്ടെ. തൊട്ടറിയാനില്ലാത്ത ഒരു സാധനമാണ്‌ ഈ ആത്മാവെന്നു പറയുന്നത്‌; മിക്കപ്പോഴും ഒരുപയോഗമില്ലാത്തതും പലപ്പോഴും ഒരു ശല്യവുമാണത്‌. നടക്കാനിറങ്ങിയ വഴി വിസിറ്റിംഗ്‌ കാർഡ്‌ നഷ്ടപ്പെട്ടാലുണ്ടാകാവുന്ന നഷ്ടബോധമേ എനിക്കപ്പോഴുണ്ടായുള്ളു.

കുറേയേറെ നേരത്തേക്ക്‌ ഞങ്ങൾ ചുരുട്ടും പുകച്ചിരുന്നു; അതിന്റെ അനുപമമായ സ്വാദും മണവും അറിയാത്ത ദേശങ്ങളെക്കുറിച്ചും ആനന്ദങ്ങളെക്കുറിച്ചുമുള്ള ഗൃഹാതുരത്വം എന്റെ ആത്മാവിനുള്ളിൽ നിറച്ചു; ഈ സന്തോഷങ്ങളൊക്കെക്കൊണ്ടു മതികെട്ട ഞാനാകട്ടെ, ഒരതിപരിചയത്തിന്റെ തള്ളലിൽ,അതിൽ അദ്ദേഹത്തിനും അപ്രിയമുള്ളതായി കണ്ടില്ല, നിറഞ്ഞുതുളുമ്പിയ ഒരു ഗ്ലാസ്സ്‌ പൊക്കിപ്പിടിച്ച്‌ ഇങ്ങനെ ഉറക്കെപ്പറഞ്ഞു:"താങ്കളുടെ അനശ്വരമായ ആരോഗ്യത്തിന്‌,ചങ്ങാതീ!"

പിന്നെ ഞങ്ങളുടെ സംസാരം പ്രപഞ്ചത്തിലേക്കു തിരിഞ്ഞു; അതിന്റെ സൃഷ്ടി, ഭാവിയിലെ നാശം; പിന്നെ ഈ നൂറ്റാണ്ടിനു പ്രിയങ്കരമായ ഒരാശയമുണ്ടല്ലോ, പുരോഗതിയും പൂർണ്ണതയും-മൊത്തത്തിൽപ്പറഞ്ഞാൽ മനുഷ്യന്റെ അതിമോഹങ്ങളുടെ വിവിധരൂപങ്ങൾ ഞങ്ങളുടെ സംഭാഷണത്തിനു വിഷയമായി. അതിനെക്കുറിച്ചു സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ തമാശ കലർന്ന തർക്കവാദങ്ങൾ ഉറവ വറ്റാത്തതായിരുന്നു; സൗമ്യമായ ആ വചോവിന്യാസവും നേർത്ത നർമ്മവുമാകട്ടെ, മനുഷ്യരാശി കണ്ട ഏറ്റവും പുകൾ പെറ്റ സംഭാഷണവിദഗ്ധരിൽ ഞാനിതേവരെ ദർശിച്ചിട്ടില്ലാത്തതുമായിരുന്നു. ഇക്കാലം വരെ മനുഷ്യമനസ്സിനെ കൈയേറിയ പലതരം തത്വശാസ്ത്രങ്ങളുടെ അയുക്തികതയെക്കുറിച്ച്‌ അദ്ദേഹം എന്നോടു വിവരിച്ചു; പല അടിസ്ഥാനതത്വങ്ങളെക്കുറിച്ചും എന്നോടു രഹസ്യമായി പറയാനുള്ള ദാക്ഷിണ്യവും അദ്ദേഹം കാണിച്ചു; അവയുടെ ഉടമസ്ഥതയും പ്രയോജനങ്ങളും എല്ലാവരുമായി പങ്കുവയ്ക്കുന്നത്‌ ഉചിതമായിരിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ലോകമെമ്പാടും തന്റെ പേരിലുള്ള കുപ്രസിദ്ധിയിൽ അദ്ദേഹത്തിനു പരാതിയൊന്നും കണ്ടില്ല; അന്ധവിശ്വാസങ്ങൾ നശിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി താനായിരിക്കുമെന്ന് അദ്ദേഹം എനിക്കുറപ്പു നൽകി; സ്വന്തം ശക്തിയെക്കുറിച്ച്‌ ഒരിക്കലേ തനിക്കു സംശയമുണ്ടായിട്ടുള്ളു എന്നും അദ്ദേഹം ഏറ്റുപറഞ്ഞു; തന്റെ സഹപ്രവർത്തകരെക്കാൾ സൂക്ഷ്മവേദിയായ ഒരുപദേശി പ്രസംഗപീഠത്തിൽ നിന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞപ്പോഴാണത്‌:

"എന്റെ പ്രിയസഹോദരങ്ങളെ, പ്രബുദ്ധതയുടെ പുരോഗതിയെക്കുറിച്ചഭിമാനം കൊള്ളുമ്പോൾ ഇതു മറക്കരുതേ- പിശാചില്ലെന്നു വിശ്വസിക്കാൻ നിങ്ങൾക്കു തോന്നിയാൽ അതാണവന്റെ ഏറ്റവും വിദഗ്ദ്ധമായ കൗശലം!"

പുകൾപെറ്റ ആ പ്രഭാഷകനെക്കുറിച്ചുള്ള ഓർമ്മ സ്വാഭാവികമായും ഞങ്ങളുടെ സംഭാഷണത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കു തിരിച്ചുവിട്ടു; തൂലികയെയോ,വാക്കിനെയോ,വിദ്യാവിചക്ഷണരുടെ മനഃസാക്ഷിയെയോ പ്രചോദിപ്പിക്കുന്നതിൽ തനിക്ക്‌ വെറുപ്പൊന്നുമില്ലെന്നും എല്ലാ അക്കാദമിക്‌ വൃന്ദങ്ങളിലും താൻ,അദൃശ്യനായിട്ടാണെങ്കിലും, പങ്കെടുക്കാറുണ്ടെന്നും എന്റെ അസാധാരണനായ ആ കൂട്ടാളി പ്രസ്താവിച്ചു.

ഇത്രയും ദാക്ഷിണ്യങ്ങളായപ്പോൾ ഞാൻ പിന്നെ ദൈവത്തിന്റെ വിശേഷങ്ങൾ ആരായാനുള്ള ധൈര്യം കൂടി കാണിച്ചു; അടുത്തെങ്ങാനും ആളെ കണ്ടോയെന്നു ഞാൻ ചോദിച്ചു. ഒരുതരം വിഷാദം കലർന്ന അശ്രദ്ധയോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി:"തമ്മിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്യാറുണ്ട്‌; പക്ഷേ,സഹജമായ മര്യാദയുള്ളവരാണെങ്കിൽക്കൂടി പഴയ കുടിപ്പക പൂർണ്ണമായി മറയ്ക്കാൻ പറ്റാത്ത രണ്ടു വൃദ്ധന്മാരെപ്പോലെയാണെന്നേയുള്ളു."

മറ്റേതെങ്കിലുമൊരു മനുഷ്യജീവിക്ക്‌ അദ്ദേഹം ഇത്രയും നീണ്ടൊരു കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ടോയെന്നു സംശയമാണ്‌; ഞാനതിനെ ദുരുപയോഗം ചെയ്യുകയാണോയെന്ന് എനിക്കു സംശയമായി. ഒടുവിൽ വിറയ്ക്കുന്ന പ്രഭാതം ജനലച്ചില്ലുകളെ വെളുപ്പിക്കാൻ തുടങ്ങിയപ്പോൾ എത്രയോ കവികൾ പാടിപ്പുകഴ്ത്തുകയും എത്രയോ തത്വചിന്തകർ തങ്ങളറിയാതെ മഹത്വപ്പെടുത്തുകയും ചെയ്ത വിശ്രുതനായ ഈ കഥാപാത്രം എന്നോട്‌ ഇങ്ങനെ പറഞ്ഞു:"നിങ്ങൾ പോകുന്നത്‌ എന്നെക്കുറിച്ച്‌ ഔദാര്യപൂർണ്ണമായ ഓർമ്മയുമായിട്ടുവേണം എന്നാണെന്റെ ആഗ്രഹം; ഇത്രയും അപവാദപ്രചരണത്തിനിരയായ ഞാൻ ചിലപ്പോഴൊക്കെ, നിങ്ങളുടെയൊരു ഭാഷാശൈലി കടമെടുത്തു പറഞ്ഞാൽ, നല്ലൊരു പിശാചാണെന്നു നിങ്ങളെ മനസ്സിലാക്കിക്കണമെന്നും എനിക്കുണ്ട്‌. ആത്മാവിന്റെ കാര്യത്തിൽ നിങ്ങൾക്കു പറ്റിയ അപരിഹാര്യമായ നഷ്ടം നികത്തുന്നതിലേക്കായി ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരുന്നുവെങ്കിൽ പന്തയത്തിൽ നിങ്ങൾക്കു കിട്ടുമായിരുന്ന സകലതും ഞാൻ നിങ്ങൾക്കു തരുന്നു; എന്നു പറഞ്ഞാൽ നിങ്ങളുടെ സകല ദുരിതങ്ങൾക്കും നികൃഷ്ടമായ സകല പുരോഗതിയ്ക്കും സ്രോതസ്സായ മടുപ്പ്‌ എന്ന വിചിത്രരോഗത്തെ ഒരായുഷ്കാലം ശമിപ്പിക്കാനും നിവാരണം ചെയ്യാനുമുള്ള സാധ്യത. നിങ്ങളുടെ മനസ്സിൽ ഒരാഗ്രഹമുണ്ടായെങ്കിൽ എന്റെ സഹായം കൊണ്ട്‌ അതു നടന്നിരിക്കും; മ്ലേച്ഛരായ സഹജീവികൾക്കു മേൽ നിങ്ങൾ കോയ്മ നേടും; നിങ്ങൾക്കു മേൽ സ്തുതികളും ആരാധനകളും വന്നുമൂടും; നിങ്ങളുടെ ഭാഗത്തു നിന്നുള്ള ഒരു യത്നവും കൂടാതെ തന്നെ സ്വർണ്ണവും വെള്ളിയും വജ്രവും യക്ഷിക്കഥകളിലെ കൊട്ടാരങ്ങളും നിങ്ങളെ തേടിവരികയും തങ്ങളെ കൈക്കൊള്ളാൻ നിങ്ങളോടപേക്ഷിക്കുകയും ചെയ്യും; സ്വന്തം ഇഷ്ടം പോലെ നിങ്ങൾക്കു രാജ്യങ്ങൾ മാറിമാറിയെടുക്കാം; എന്നും ഉഷ്ണം പുലരുന്ന, സ്ത്രീകൾ പൂക്കളെപ്പോലെ മണക്കുന്ന സുന്ദരദേശങ്ങളിൽ ഒരുനാളും ക്ഷീണമറിയാതെ നിങ്ങൾക്ക്‌ വിഷയസുഖങ്ങളിൽ രമിക്കാം..." എഴുന്നേറ്റുകൊണ്ട്‌ സൗഹാർദ്ദപൂർണ്ണമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു.

അത്രയും വിശിഷ്ടമായ ഒരു സദസ്സിനു മുന്നിൽ സ്വയം നാണം കെടുമെന്നു പേടിച്ചിട്ടാണ്‌, അല്ലെങ്കിൽ കേട്ടുകേൾവിയില്ലാത്ത ആ മഹാമനസ്കതയ്ക്കു നന്ദി പറയാനായി ഞാനാ ഉദാരമതിയായ ചൂതാട്ടക്കാരനു മുന്നിൽ ദണ്ഡനമസ്കാരം ചെയ്തേനെ. പക്ഷേ അദ്ദേഹത്തെ വിട്ടുപിരിഞ്ഞതിൽപ്പിന്നെ അവിശ്വാസമെന്ന മാറാവ്യാധി അൽപാൽപമായി എന്റെ മനസ്സിലേക്കു തിരിച്ചുവന്നു. ഭാഗ്യത്തിന്റെ കാര്യത്തിൽ അത്രയുമൊരു ധാരാളിത്തമുണ്ടാകുമെന്നു വിശ്വസിക്കാനുള്ള സാഹസം ഞാൻ പിന്നെ കാണിച്ചില്ല; അന്നു രാത്രിയിൽ പ്രാർത്ഥനയും ചൊല്ലിക്കൊണ്ട്‌(ബുദ്ധിശൂന്യമായ ഒരു ശീലം)ഉറങ്ങാൻ കിടക്കുമ്പോൾ പാതിമയക്കത്തിൽ ഞാൻ ഇങ്ങനെ പിറുപിറുത്തു:"കർത്താവായ ദൈവമേ!സാത്താൻ വാക്കു മാറാതെ നോക്കേണമേ!"

 

*lotus-eaters ഒഡീസ്സിയിലെ പരാമർശം

Tuesday, October 13, 2009

ബോദ്‌ലെയെർ-സിമിത്തേരിയും ഷൂട്ടിംഗ്‌ റേഞ്ചും



"സിമിത്തേരിവിലാസം മദ്യശാല! വിചിത്രമായ പേരു തന്നെ!" നമ്മുടെ സഞ്ചാരി സ്വയം പറഞ്ഞു."എന്നാലെന്താ, ദാഹം തോന്നാൻ അതു ധാരാളം! ഹൊറേസിന്റെയും എപ്പിക്യൂറസിന്റെ കവിശിഷ്യന്മാരുടെയും ആരാധകനാണ്‌ ഉടമസ്ഥനെന്നതിൽ സംശയിക്കാനില്ല. എന്നല്ല, പുരാതന ഈജിപ്ഷ്യന്മാരുടെ ദാർശനികബുദ്ധി പരിചയമായ ആളായിരുന്നു ചങ്ങാതി എന്നും വരാം; ഒരസ്ഥികൂടമോ, മനുഷ്യായുസ്സിന്റെ ഹ്രസ്വത സൂചിപ്പിക്കുന്ന ഏതെങ്കിലുമൊരു പ്രതീകമോ കാണുമല്ലോ അവരുടെ ഏതുത്സവത്തിനും പൂർണ്ണത നൽകാൻ!"

അയാൾ കയറിച്ചെന്ന് ഒരു ഗ്ലാസ്‌ ബിയർ വാങ്ങി ശവകുടീരങ്ങളെ നോക്കിയിരുന്ന് അതു മൊത്തിക്കുടിച്ചു; എന്നിട്ട്‌ ഒരു ചുരുട്ടെടുത്തു പുകച്ചു. പിന്നെ പെട്ടെന്നൊരു കൗതുകത്തിന്റെ പുറത്ത്‌ അയാൾ സിമിത്തേരിക്കുള്ളിലേക്കു കയ്യറിച്ചെന്നു; തഴച്ചുവളർന്ന പുല്ലുകൾക്കു മേൽ സൂര്യന്റെ രാജ്യഭാരമാണവിടെ.

ആ തിമിർത്ത വെയിലും ചൂടും കണ്ടാൽ മണ്ണിനടിയിലെ ജീർണ്ണത കുടിച്ചുതെഴുത്ത പൂക്കളുടെ മനോഹരമായ പരവതാനിക്കു മേൽ കുടിച്ചുമത്തനായ സൂര്യൻ കിടന്നുരുളുകയാണെന്നു പറയാൻ നിങ്ങൾക്കു തോന്നിപ്പോവും. ജീവന്റെ സ്ഫുടമർമ്മരം അവിടെയെങ്ങും നിറഞ്ഞുനിന്നിരുന്നു; അടുത്തുള്ള ഷൂട്ടിംഗ്‌ റേഞ്ചിൽ നിന്ന് വെടിപൊട്ടുന്ന ശബ്ദങ്ങൾ സ്വരം താഴ്ത്തിയ ഒരു സിംഫണിക്കിടയിൽ ഷാമ്പൈൻ കുപ്പികളുടെ കോർക്കുകൾ തെറിക്കുന്നതുപോലെ ഇടയ്ക്കിടെ കേട്ടുകൊണ്ടിരുന്നു.


ആ സമയത്ത്‌, തന്റെ തല ചൂടുപിടിപ്പിക്കുന്ന സൂര്യന്റെ ചോടെ, മരണത്തിന്റെ തീവ്രഗന്ധം കുമിയുന്ന ആ അന്തരീക്ഷത്തിൽ, താനിരുന്ന ശവകുടീരത്തിനടിയിൽ നിന്ന് ഒരു ശബ്ദം മന്ത്രിക്കുന്നത്‌ അയാൾ കേട്ടു. ആ ശബ്ദം പറഞ്ഞതിതാണ്‌:"ശപ്തം, നിങ്ങളുടെയീ തോക്കുകളും ലക്ഷ്യങ്ങളും; ജീവനോടിരിക്കുന്നവരേ, മനസ്സമാധാനം കെട്ട നിങ്ങൾക്ക്‌ മരണപ്പെട്ടവരുടെ പാവനവിശ്രാന്തി തകർക്കുന്നതിൽ യാതൊരു ചഞ്ചലിപ്പുമുണ്ടായില്ലല്ലോ! ശപ്തം, നിങ്ങളുടെ വാഞ്ഛകളും കണക്കുകൂട്ടലുകളും! പൊറുതികെട്ട മർത്ത്യരേ, മൃതിയുടെ ശ്രീകോവിലിനരികിൽത്തന്നെ വേണ്ടിയിരുന്നല്ലോ നിങ്ങൾക്കു കൊല ചെയ്തു പഠിക്കാൻ! ഈ സമ്മാനം നേടാൻ എത്രയെളുപ്പമാണെന്നു നിങ്ങളറിഞ്ഞിരുന്നെങ്കിൽ, ഈ ലക്ഷ്യത്തിൽ കൊള്ളിക്കാൻ എത്രയെളുപ്പമാണെന്നു നിങ്ങളറിഞ്ഞിരുന്നെങ്കിൽ, മരണമൊഴികെ മറ്റെന്തും ശൂന്യതയാണെന്നു നിങ്ങളറിഞ്ഞിരുന്നെങ്കിൽ, ക്ലേശിക്കുന്ന ജീവികളേ, നിങ്ങളിങ്ങനെ സ്വയം ക്ഷയിപ്പിക്കുമായിരുന്നില്ല; വളരെപ്പണ്ടേ ലക്ഷ്യത്തിൽ കൊള്ളിച്ചവർ, ഈ ജുഗുപ്‌സാവഹമായ ജീവിതത്തിൽ ആകെയുള്ള ഒരൊറ്റ യഥാർത്ഥലക്ഷ്യത്തിൽ കൊള്ളിച്ചവർ,അവരുടെ നിദ്രയെ നിങ്ങളിത്രതന്നെ ശല്യപ്പെടുത്തുമായിരുന്നില്ല!"

Sunday, October 11, 2009

ബോദ്‌ലെയെർ-ഏതു യഥാർത്ഥം?



ഭൂമിയിലും ആകാശത്തും പൂർണ്ണത പ്രസരിപ്പിച്ചിരുന്ന ഒരു ബനഡിക്റ്റയെ എനിക്കറിയാമായിരുന്നു; മഹത്വം,സൗന്ദര്യം,പ്രശസ്തി-അമരത്വത്തിൽ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സർവ്വതിന്റെയും ബീജങ്ങൾ അവളുടെ ആ കണ്ണുകളിലുണ്ടായിരുന്നു.

പക്ഷേ ആ അത്ഭുതബാലികയുടെ സൗന്ദര്യത്തിനു കിടനിൽക്കുന്നതായില്ല അവളുടെ ആയുസ്സ്‌; ഞാൻ അവളെ കണ്ടുമുട്ടി അൽപനാൾ കഴിഞ്ഞപ്പോൾ അവൾ മരണപ്പെട്ടു.ശവപ്പറമ്പുകളിൽപ്പോലും വസന്തം തന്റെ ധൂപപാത്രവുമായി എത്തുന്ന ഒരു നാളിൽ ഞാൻ എന്റെയീ കൈകൾ കൊണ്ട്‌ അവളെ മറവു ചെയ്തു; ഇന്ത്യൻ പെട്ടകങ്ങൾ പോലെ പരിമളമുള്ളതും ജീർണ്ണത തീണ്ടാത്തതുമായ ഒരു പെട്ടിയിലടക്കി ഞാനാണവളെ മറവു ചെയ്തത്‌.

എന്നിട്ടു ഞാൻ എന്റെ നിധിയെ മറവു ചെയ്ത ആ സ്ഥാനത്തേക്കു കണ്ണു നട്ടുനിൽക്കുമ്പോൾ മരിച്ചവളുമായി അത്ഭുതകരമായ സാദൃശ്യം വഹിക്കുന്ന ഒരു കൊച്ചുപെണ്ണ്‌ പെട്ടെന്നെന്റെ ദൃഷ്ടിയിൽപ്പെട്ടു; ആ പുതുമണ്ണു ചവിട്ടിക്കുഴച്ചുകൊണ്ട്‌ ഉന്മാദം പിടിച്ചവളെപ്പോലെ അലറിച്ചിരിക്കുകയാണവൾ:"എന്നെ നോക്കാൻ! ഞാനാണു യഥാർത്ഥബനഡിക്റ്റ! പേരുകേട്ടൊരു തേവിടിശ്ശി! സ്വന്തം വിഢ്ഢിത്തത്തിനും അന്ധതയ്ക്കുമുള്ള ശിക്ഷയായി നിങ്ങൾ ഇനി എന്നെ പ്രേമിക്കും!"

ഞാൻ കോപിഷ്ടനായി ഇങ്ങനെ പറഞ്ഞു:"ഇല്ല!ഇല്ല!ഇല്ല!" എന്നിട്ട്‌ ആ തിരസ്കാരത്തിനു കൂടുതൽ ശക്തി പകരാനായി ഞാൻ നിലത്ത്‌ ആഞ്ഞുചവിട്ടിയതും ശവക്കുഴിയിലെ ഇളകിയ മണ്ണിൽ എന്റെ കാൽ മുട്ടോളം ആണ്ടിറങ്ങി. ഇന്നിതാ, കെണിയിൽപ്പെട്ടൊരു ചെന്നായയെപ്പോലെ പൂർണ്ണതയുടെ ശവക്കുഴിയിൽ ബന്ധിതനായിക്കിടക്കുകയാണു ഞാൻ; അതിൽ നിന്നെനിക്കിനി മോചനമുണ്ടാകണമെന്നുമില്ല.