Showing posts with label എൽമെർ ദിൿതോണിയസ്. Show all posts
Showing posts with label എൽമെർ ദിൿതോണിയസ്. Show all posts

Tuesday, December 18, 2012

എൽമെർ ദിക്തോണിയസ് - ദസ്തയേവ്സ്കി

Dostoevsky_by_LeMsj

ഒരു നഗരം.
ഒരു തെരുവ്.
ഒരു പിച്ചക്കാരൻ.
ഒരു തേവിടിശ്ശി.
ഇരുട്ട്.
ഈർപ്പം.

ഈ ചൊറി പിടിച്ച ചുണ്ടുകൾ!
ഈ ചെട പിടിച്ച മുടി!
ഈ വോഡ്കയിൽ കുഴഞ്ഞ ശബ്ദം!
ദുരിതം!
ഹൊ!

അപ്പോഴാണു നീ വരുന്നത്; മൌനിയായി.
ആ ചുണ്ടുകളിൽ നീ ചുംബിക്കുന്നു.
ആ മുടിയിൽ നീ കൈ ചേർക്കുന്നു.
പിന്നെ നീ പോകുന്നു; മൌനിയായി.

ആ ശബ്ദം നിശബ്ദമാകുന്നു.
ആ കടാക്ഷം നിർജ്ജീവമാകുന്നു.
ഞാൻ അലറുന്നു:
എന്തിനു വേണ്ടിയാണിതൊക്കെ?
നാളെ എല്ലാം വീണ്ടും പഴയ പോലാകും.

ഇല്ല, ഒന്നും പഴയ പോലായില്ല.
നിന്റെ ഓർമ്മ ജീവിക്കുന്നു,
യേശുവിന്റേതു പോലുള്ള നിന്റെ നോട്ടം,
യേശുവിന്റേതു പോലുള്ള നിന്റെ മൌനം,
നീ തഴുകിയ ഞങ്ങളേവരിലും,
നീ ചുംബിച്ച ഞങ്ങളേവരിലും,
സഹോദരാ.


എൽമെർ ദിക്തോണിയസ് (1896-1961) - ഫിന്നിഷിലും സ്വീഡിഷിലും എഴുതിയിരുന്ന ഫിൻലന്റുകാരൻ കവിയും സംഗീതജ്ഞനും.


Sunday, December 25, 2011

എൽമെർ ദിൿതോണിയസ് - നക്ഷത്രവെളിച്ചത്തിൽ ഒരു ശിശു

File:Correggio 039.jpg


ഒരു ശിശു,
ഒരു നവജാതശിശു,
ചുവന്നുതുടുത്തൊരു ശിശു.

കുഞ്ഞു ചിണുങ്ങിക്കരയുന്നു-
എല്ലാ കുഞ്ഞുങ്ങളുമങ്ങനെയാണ്‌.
അമ്മ കുഞ്ഞിനെ മാറോടടുക്കുന്നു.
കുഞ്ഞിനു സമാധാനമാവുന്നു.
കുഞ്ഞുങ്ങളങ്ങനെയാണ്‌.

പഴുതടഞ്ഞതല്ല മേൽക്കൂര-
ചില മേൽക്കൂരകളങ്ങനെയാണ്‌.
ഒരു നക്ഷത്രം വിടവിലൂടെ
വെള്ളിമുഖമമർത്തിനോക്കുന്നു,
കുഞ്ഞിനടുത്തേക്കതിഴഞ്ഞെത്തുന്നു.
നക്ഷത്രങ്ങൾക്കു കുഞ്ഞുങ്ങളെ ഇഷ്ടമാണ്‌.

അമ്മ നക്ഷത്രത്തെ നോക്കുന്നു,
അവർക്കു മനസ്സിലാവുന്നു-
എല്ലാ അമ്മമാർക്കും മനസ്സിലാവും.
പേടിച്ച കുഞ്ഞിനെ അവർ മാറോടടുക്കുന്നു-
കുഞ്ഞു ശാന്തനായി നക്ഷത്രവെളിച്ചമൂറ്റിക്കുടിക്കുന്നു:
എല്ലാ കുഞ്ഞുങ്ങളും നക്ഷത്രവെളിച്ചമൂറ്റിക്കുടിക്കും.

കുരിശിനെക്കുറിച്ചതറിയാറായിട്ടില്ല.
ഒരു കുഞ്ഞിനുമതറിയില്ല.



(എൽമെർ ദിൿതോണിയസ് (1896-1961) - ഫിൻലന്റിലെ ഹെൽസിങ്കിയിൽ ജനിച്ചു.)

link to image