Showing posts with label പോര്‍ത്തുഗീസ്. Show all posts
Showing posts with label പോര്‍ത്തുഗീസ്. Show all posts

Friday, November 6, 2015

കാർലോസ് ദ്രുമോൻജി അന്ദ്രാജി - കാലത്തിന്റെ കവി



ഒരു ജീർണ്ണലോകത്തിന്റെ കവിയാകാൻ ഞാനില്ല.
വരുംകാലലോകത്തെക്കുറിച്ചും ഞാൻ പാടില്ല.
ജീവിതത്തോടു ബന്ധിതനാണു ഞാൻ,
എന്റെ കണ്ണുകൾ എന്റെയൊപ്പമുള്ളവരിലുമാണ്‌.
വാശിക്കാരെങ്കിലും വലിയ മോഹങ്ങളുള്ളവരാണവർ.
യാഥാർത്ഥ്യത്തിന്റെ വൈപുല്യം
അവർക്കിടയിലിരുന്നു ഞാൻ നോക്കിക്കാണുന്നു.
വർത്തമാനകാലം തന്നെ എത്ര വലുതാണ്‌,
അതിൽ നിന്നത്രയകലേക്കു നാമലയാതിരിക്കുക.
നാമൊരുമിച്ചു നില്ക്കുക, കൈ കോർത്തു നാം പോവുക.

ഏതോ സ്ത്രീയുടെയോ ഏതോ പഴങ്കഥയുടെയോ
പാട്ടുകാരനാവാൻ ഞാനില്ല.
അസ്തമയത്തിലുയർന്ന നെടുവീർപ്പുകളോ
ജനാലയ്ക്കു പുറത്തെ കാഴ്ചകളോ
കവിതയിലാവാഹിക്കാൻ ഞാനില്ല.
മയക്കുമരുന്നുകളും ആത്മഹത്യക്കുറിപ്പുകളും
വിതരണം ചെയ്യാൻ ഞാനില്ല.
ദ്വീപുകളിലേക്കു പലായനം ചെയ്യാനോ
മാലാഖമാരാൽ വഹിക്കപ്പെടാനോ ഞാനില്ല.
എന്റെ വിഷയം കാലമാണ്‌,
വർത്തമാനകാലം, വർത്തമാനകാലജനത,
വർത്തമാനകാലജീവിതം.



Thursday, November 5, 2015

ഫെർണാണ്ടോ പെസൊവ – ഒളിച്ചോടിയവൻ



ഒളിച്ചോടിയവനാണു ഞാൻ.
ജനിച്ചപ്പോഴേ അവരെന്നെ
എന്നിൽത്തന്നെ പൂട്ടിയിട്ടു.
ഞാൻ പക്ഷേ, ഇറങ്ങിയോടിക്കളഞ്ഞു.
എന്നും ഒരേയിടത്തു തന്നെ കഴിഞ്ഞാൽ
ആളുകൾക്കു മടുക്കുമെങ്കിൽ,
എന്നും ഒരേയാളായിരിക്കുന്നതും
അവർക്കു മടുക്കില്ലേ?
എന്റെ ആത്മാവെന്നെത്തേടി നടക്കുന്നുണ്ട്;
ഞാൻ ഒഴിഞ്ഞുമാറി നടക്കുകയാണ്‌.
അതെന്നെ കണ്ടുപിടിക്കുമോ?
ഇല്ലെന്നാണെന്റെ വിശ്വാസം.
എന്നും ഒരേ ഞാനായിരിക്കുക എന്നാൽ
അതൊരു തടവറ തന്നെ.
ഒരു പലായനമായിരിക്കട്ടെ എന്റെ ജീവിതം,
അങ്ങനെ ഞാൻ യഥാർത്ഥത്തിൽ ജീവിക്കുകയും ചെയ്യട്ടെ!!
(1931 ഏപ്രിൽ 5)

ഫെർണാണ്ടോ പെസ്സൊവ – ഹെൻറി, ബർഗണ്ടിയിലെ പ്രഭു



നാം തുടങ്ങിവയ്ക്കുന്നതല്ല ഒരു തുടക്കവും,
ആദിചാലകൻ ദൈവമത്രെ.
വീരനായകൻ തനിക്കു തന്നെ ദൃൿസാക്ഷി,
തീർച്ച പോരാത്തവൻ, തന്നെത്താനറിയാത്തവൻ.
സ്വന്തം കൈകളിലെത്തിപ്പെട്ട വാളിനെ
നിങ്ങളുറ്റുനോക്കുന്നു.
“ഇതു വച്ചു ഞാനെന്തു ചെയ്യാൻ?”
നിങ്ങൾ അതെടുത്തുയർത്തിയതേയുള്ളു,
ചെയ്യേണ്ടതതു ചെയ്തു.

Sunday, November 1, 2015

ഫെർണാണ്ടോ പെസ്സൊവ - അന്യദേശങ്ങളിലുദിക്കുന്ന സൂര്യൻ



അന്യദേശങ്ങളിലുദിക്കുന്ന സൂര്യൻ അനുഗൃഹീതനാവട്ടെ,
എല്ലാ മനുഷ്യരെയും എന്റെ സഹോദരങ്ങളാക്കുന്നതവനാണല്ലോ.
എന്തെന്നാൽ,  ഏതു മനുഷ്യനും പകൽ ഒരു നിമിഷത്തിൽ
എന്നെപ്പോലെതന്നെ അവനെ നോക്കുന്നുണ്ടല്ലോ.
ആ വിശുദ്ധനിമിഷത്തിൽ,
നിർമ്മലരും ആർദ്രഹൃദയരുമായി,
കണ്ണുകളിൽ നനവും എത്രയും നേർത്തൊരു നെടുവീർപ്പുമായി
അവർ മടങ്ങിപ്പോവുകയാണ്‌-
യഥാർത്ഥവും ആദിമവുമായ മനുഷ്യനിലേക്ക്,
സൂര്യനുദിക്കുന്നതു കണ്ടുനിന്ന,
എന്നാൽ അവനെ ആരാധിക്കാൻ തുടങ്ങിയിട്ടില്ലാത്ത
ആദ്യനിലേക്ക്.
അതു തന്നെയാണ്‌ സ്വാഭാവികവും-
സ്വർണ്ണത്തെയും ദൈവത്തെയും
കലയേയും സദാചാരത്തെയും
ആരാധിക്കുന്നതിനെക്കാൾ സ്വാഭാവികം.

(ആല്ബെർട്ടോ കെയ്‌റോ എന്ന അപരനാമത്തിൽ എഴുതിയത്)

Monday, October 12, 2015

കാർലോസ് ദ്രുമോൺ ജി അന്ദ്രാജി - വാക്ക്




ഫലമില്ലാതെ നിഘണ്ടുക്കളിൽ തിരയാൻ
ഇനിയുമെനിക്കു വയ്യ.

എനിക്കാ ഒരു വാക്കു മതി,
അവയിലൊരിക്കലുമില്ലാത്തത്,
ഉണ്ടാക്കിയെടുക്കാനാവാത്തതും.

ഈ ലോകത്തെ സംക്ഷേപിക്കുന്നത്,
അതിനെ പകരം വയ്ക്കുന്നതും.

സൂര്യനിലും സൂര്യനായ അതിനു ചുവട്ടിൽ
നാമൊരുമിച്ചു ജീവിക്കും,
ഒരുമിച്ചു നാമതു നുകരും,
ഒരു വാക്കുമുരിയാടാതെ.

Friday, October 9, 2015

കാർലോസ് ദ്രുമോൺ ജി അന്ദ്രാജി - കവിതയെ തേടി



സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കവിതയെഴുതരുത്.
ജനനവും മരണവും കവിതയ്ക്കു വിഷയങ്ങളേയല്ല.
ജീവിതം അതിനു സമീപം
ചൂടോ വെളിച്ചമോ ഇല്ലാത്ത
നിശ്ചലസൂര്യൻ മാത്രം.
അടുപ്പങ്ങൾ, പിറന്നാളുകൾ, സ്വകാര്യവസ്തുതകൾ
ഇതൊന്നും കണക്കിലേ വരുന്നില്ല.
ഉടലു കൊണ്ട് കവിതയെഴുതരുത്,
കുലീനവും പൂർണ്ണവും സ്വസ്ഥവുമായ ഉടലിന്‌
കാവ്യാത്മകമായ കൊട്ടിത്തൂവലുകൾ വിരോധമത്രേ.
നിങ്ങളുടെ പൊള്ളുന്ന രോഷത്തുള്ളി,
നിങ്ങളുടെ സന്തോഷത്തിന്റെ വെളുക്കച്ചിരി,
ഇരുട്ടത്തു നിങ്ങളുടെ വേദനയുടെ മുഖം വക്രിയ്ക്കൽ
ഇതെല്ലാം അപ്രസക്തം.
നിങ്ങളുടെ വികാരങ്ങളെക്കുറിച്ചെന്നോടു പറയേണ്ട:
വളഞ്ഞ വഴിയേ നേരമെടുത്തു വരുന്നവയാണവ,
ഇന്നതാണോയെന്ന സംശയം ബാക്കി വയ്ക്കുന്നവയാണവ.
നിങ്ങളുടെ ചിന്തയും വികാരവും കവിതയെന്നു പറയാനായിട്ടില്ല.

നിങ്ങളുടെ നഗരത്തെക്കുറിച്ചു പാടരുത്,
അതിനെ സമാധാനത്തോടെ കഴിയാൻ വിടൂ;
കവിതയുടെ സംഗീതം യന്ത്രങ്ങളുടെ കടകടയല്ല,
വീടുകളുടെ രഹസ്യങ്ങളുമല്ല.
കടന്നുപോകുമ്പോൾ കേട്ട പാട്ടല്ലത്,
പതയ്ക്കുന്ന തിരകളതിരു വയ്ക്കുന്ന തെരുവുകളിൽ കടലിന്റെ ആരവവുമല്ല.
കവിതയുടെ സംഗീതം പ്രകൃതിയല്ല,
സമൂഹത്തിലെ മനുഷ്യരുമല്ല.
മഴയും രാത്രിയും ക്ഷീണവും പ്രതീക്ഷയും അതിനൊന്നുമല്ല.
കവിത (വസ്തുക്കളിൽ നിന്നു നിങ്ങൾക്കതു പിഴിഞ്ഞെടുക്കാനാവില്ല)
കർത്താവിനും കർമ്മത്തിനും പിടി കൊടുക്കുന്നില്ല.

നാടകീയമാക്കരുത്, ആവാഹിക്കരുത്,
ചോദ്യം ചെയ്യാൻ നില്ക്കരുത്,
നുണ പറഞ്ഞു നേരം കളയരുത്.
മനസ്സസ്വസ്ഥമാകരുത്.
നിങ്ങളുടെ ദന്തയാനം, നിങ്ങളുടെ വജ്രപാദുകം,
നിങ്ങളുടെ നൃത്തഗാനങ്ങൾ, നിങ്ങളുടെ അന്ധവിശ്വാസങ്ങൾ,
നിങ്ങളുടെ കുടുംബരഹസ്യങ്ങൾ
ഇതൊന്നിനും ഒരു വിലയുമില്ല,
കാലത്തിരിച്ചിലിൽ എല്ലാം മറഞ്ഞുപോകുന്നു.

പണ്ടേ കുഴിച്ചുമൂടിയ നിങ്ങളുടെ വിഷണ്ണബാല്യത്തെ
പിന്നെയും മാന്തിയെടുക്കരുത്.
കണ്ണാടിയ്ക്കും മാഞ്ഞുപോകുന്ന ഓർമ്മയ്ക്കുമിടയിൽ
അങ്ങോട്ടുമിങ്ങോട്ടും ഓടരുത്.
മാഞ്ഞുപോയതു കവിതയായിരുന്നില്ല.
ഉടഞ്ഞുപോയതു സ്ഫടികമായിരുന്നില്ല.

ചെകിടനാണെന്ന പോലെ വാക്കുകളുടെ ദേശത്തേക്കു കാലെടുത്തുവയ്ക്കുക.
എഴുതപ്പെടാനായി കവിതകൾ അവിടെ കാത്തുകിടക്കുന്നു.
അവയിപ്പോൾ ഉറക്കത്തിലാണ്‌, എന്നാൽ മനസ്സിടിയരുത്,
അവയുടെ നിർമ്മലോപരിതലങ്ങൾ സ്വച്ഛവും ശീതളവുമത്രേ.
അവയെ നോക്കൂ: ഏകാകികളും മൂകരുമാണവ,
നിഘണ്ടുപ്പരുവത്തിലാണവ.
എഴുതി വയ്ക്കും മുമ്പേ നിങ്ങളുടെ കവിതകളോടൊത്തു ജീവിക്കൂ,
അവ സന്ദിഗ്ധമാണെങ്കിൽ ക്ഷമ കാണിയ്ക്കൂ,
പ്രകോപിപ്പിക്കുന്നെങ്കിൽ ക്ഷോഭിക്കാതിരിക്കൂ.
ഓരോന്നും അതാതിന്റെ രൂപമെടുക്കും വരെ,
വാക്കുകളുടെ ബലം കൊണ്ടും
മൗനത്തിന്റെ ബലം കൊണ്ടും പൂർണ്ണതയെത്തും വരെ,
കാത്തിരിക്കുക.
ചാപിള്ളകളായ കവിതകളെ കുടഞ്ഞുണർത്താൻ നോക്കരുത്,
നിലത്തു വീണ കവിതകൾ പെറുക്കിയെടുക്കരുത്.
കവിതകളെ കൊഞ്ചിക്കാൻ നില്ക്കരുത്,
അതതിന്റെ അന്തിമവും നിയതവുമായ രൂപം കൈക്കൊള്ളുന്ന പോലെ
നിങ്ങളതിനെയും കൈക്കൊള്ളുക.

വാക്കുകൾക്കടുത്തേക്കു ചെല്ലുക, അവയെ നിരൂപിക്കുക,
നിർവികാരമായ മുഖത്തിനു പിന്നിൽ
ഒരായിരം അന്യമുഖങ്ങൾ ഒളിപ്പിച്ചുകൊണ്ട്,
നിങ്ങളുടെ പ്രതികരണം പ്രബലമോ ദുർബലമോയെന്നു കാര്യമാക്കാതെ,
ഓരോ വാക്കും നിങ്ങളോടു ചോദിക്കുന്നു:
താക്കോൽ കൊണ്ടുവന്നിട്ടുണ്ടോ?

ശ്രദ്ധിക്കുക:
ആശയവും സംഗീതവും കൈവരാത്ത വാക്കുകൾ
രാത്രിയിൽ അഭയം തേടിയിരിക്കുന്നു,
നനവു മാറാതെ, ഉറക്കം വിട്ടുമാറാതെ
ഒരു കലക്കപ്പുഴയിൽ അവ കിടന്നുമറിയുന്നു,
നിങ്ങളോടുള്ള അവജ്ഞയായി രൂപം മാറുന്നു.


Monday, September 14, 2015

കാർലോസ് ദ്രുമോൺ ജീ അന്ദ്രാജീ - ഭയത്തെക്കുറിച്ച് ഒരു അന്താരാഷ്ട്രചർച്ചായോഗം



തല്ക്കാലം നാം പ്രണയത്തെക്കുറിച്ചു പാടുന്നില്ല,
അതേതോ പാതാളത്തിലേക്കു പലായനം ചെയ്തിരിക്കുന്നു.
ആശ്ളേഷങ്ങളെയെല്ലാം വന്ധ്യമാക്കുന്ന ഭയത്തെക്കുറിച്ചു നമുക്കു പാടാം.
വിദ്വേഷവുമിന്നില്ലെന്നതിനാലതിനെക്കുറിച്ചും നാം പാടുന്നില്ല,
ഇന്നുള്ളതു ഭയമത്രേ, അതത്രേ നമുക്കു പിതാവും സഖാവും,
ഉൾനാടുകളോടും കടലുകളോടും മണല്ക്കാടുകളോടുമുള്ള ഭയം,
പട്ടാളക്കാരോടുള്ള ഭയം, അമ്മമാരോടുള്ള ഭയം, പള്ളികളോടുള്ള ഭയം,
ഏകാധിപതികളോടും ജനാധിപത്യവാദികളോടുമുള്ള ഭയത്തെക്കുറിച്ചു നം പാടും,
മരണത്തെയും അതിനു ശേഷമുള്ളതിനെയും കുറിച്ചുള്ള ഭയത്തെപ്പറ്റി നാം പാടും,
പിന്നെ നാം ഭയന്നു മരിക്കും,
ഭയാനകമായ മഞ്ഞപ്പൂക്കൾ നമ്മുടെ ശവമാടങ്ങളിൽ കിളിർക്കും.







Saturday, September 12, 2015

കാർലോസ് ദ്രുമോൺ ജീ അന്ദ്രാജീ - കവിടിപ്പാത്രം



ജീവിതത്തിന്റെ ഉടഞ്ഞ തുണ്ടുകൾ
പശ വച്ചൊട്ടിക്കുമ്പോൾ
വിചിത്രമായൊരു ചായക്കപ്പാകുന്നു.

ഉപയോഗമില്ലാതെ 
അലമാരയിലിരുന്നുകൊണ്ട്
അതു നമ്മെ സാകൂതം നിരീക്ഷിക്കുന്നു.


Wednesday, July 15, 2015

പെസ്സൊവയുടെ പ്രണയം



ഫെർണാണ്ടോ പെസ്സൊവ ഒരു സ്ത്രീയ്ക്കു മാത്രമേ പ്രണയലേഖനങ്ങൾ അയച്ചിട്ടുള്ളു. ഒഫീലിയ കെയ്റോസ് എന്നാണ്‌ അവരുടെ പേര്‌. പെസ്സൊവ പരിഭാഷകനായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സെക്രട്ടറിയായിരുന്നു ഒഫീലിയ. അവർക്കന്ന് പത്തൊമ്പതു വയസ്സായിരുന്നു; പെസ്സൊവയ്ക്ക് മുപ്പത്തൊന്നും. 1920 ജനുവരി 22നാണ്‌ തങ്ങൾ ആദ്യമായി ചുംബിച്ചതെന്ന് എഴുപതുകാരിയായ ഒഫീലിയ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. അന്ന് പവർ കട്ട് കാരണം അവർ രണ്ടു പേരൊഴികെ ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. ഒഫീലിയ കോട്ടിടുമ്പോഴാണ്‌ പെസ്സൊവ ഒരു മെഴുകുതിരിയുമായി അടുത്തു ചെന്ന് ഹാംലെറ്റിലെ ചില വരികൾ ചൊല്ലിക്കൊണ്ട് വളരെ നാടകീയമായി തന്റെ പ്രണയം പ്രഖ്യാപിക്കുന്നത്; ‘ഒരു ഭ്രാന്തനെപ്പോലെ’ അദ്ദേഹം തന്നെ ചുംബിച്ചുവെന്നും അവർ പറയുന്നു. പക്ഷേ തുടർന്നുവന്ന ദിവസങ്ങളിൽ അദ്ദേഹത്തിന്റെ പെരുമാറ്റം അടുപ്പത്തിനും അകലത്തിനുമിടയിൽ ചാഞ്ചാടിക്കൊണ്ടിരുന്നു. പരിഭ്രാന്തയായ ഒഫീലിയ ഫെബ്രുവരി 28നെഴുതിയ കത്തിൽ എന്താണദ്ദേഹത്തിന്റെ മനസ്സിലിരുപ്പെന്നതിന്‌ എഴുതിത്തയാറാക്കിയ ഒരു രേഖ വേണമെന്ന് ആവശ്യപ്പെട്ടു. കാരണം താൻ ചെയ്യാൻ പോകുന്ന ‘ത്യാഗ’ത്തിനു മതിയായത്ര ആത്മാർത്ഥവും ശക്തവുമാണോ അദ്ദേഹത്തിന്റെ പ്രണയം എന്ന് അവർക്കു സംശയം തോന്നിപ്പോയി; അവരാകട്ടെ, അദ്ദേഹത്തെക്കാൾ ചെറുപ്പമായ, തനിക്കു ശോഭനമായ ഒരു ഭാവി വാഗ്ദാനം ചെയ്യുന്ന ഒരു ചെറുപ്പക്കാരനുമായുള്ള ബന്ധം ഉപേക്ഷിച്ചു വേണം പെസ്സൊവയുമായുള്ള ബന്ധം തുടരാൻ. പെസ്സൊവയുടെ മറുപടി 1920 മാർച്ച് ഒന്നിനാണ്‌:

ഒഫീലിയ:
നിനക്കെന്നോടുള്ള അവജ്ഞ, അല്ലെങ്കിൽ പരമമായ ഉദാസീനത പ്രകടിപ്പിക്കാൻ  ഇത്ര നീണ്ടൊരു പ്രബന്ധത്തിന്റെ ആവശ്യമില്ലായിരുന്നു; ഉള്ളിലാരെന്നറിയുന്ന വെറുമൊരു പ്രച്ഛന്നവേഷമായിപ്പോയി അത്. നീ എഴുതിത്തയാറാക്കിയ ‘കാരണങ്ങ’ളാവട്ടെ, വിശ്വസിപ്പിക്കാൻ മതിയാവില്ലെന്ന പോലെ ആത്മാർത്ഥതയില്ലാത്തതുമായിരുന്നു. നിനക്കതെന്നോടു പറഞ്ഞാൽ മതിയായിരുന്നു. നീ പറയുന്നതെനിക്കു മനസ്സിലാകുമായിരുന്നു; പക്ഷേ ഇപ്പോൾ നീ തിരഞ്ഞെടുത്ത വഴി എന്നെ കൂടുതൽ വേദനിപ്പിക്കുന്നതായി.

നിന്റെ പിന്നാലെ കൂടിയ ആ ചെറുപ്പക്കാരനോട് നിനക്കു സ്നേഹം തോന്നുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല; അതിനാൽ നീ എന്നെക്കാൾ അവനെ ഇഷ്ടപ്പെടുന്നതിൽ എനിക്കെന്തിനു നിന്നോടു വിരോധം തോന്നണം? തനിക്കു വേണ്ടയാളെ ഇഷ്ടപ്പെടുക എന്നത് നിന്റെ അവകാശമാണ്‌; നീ എന്നെ പ്രേമിക്കണമെന്നത് നിന്റെ ബാദ്ധ്യതയാണെന്നു ഞാൻ പറയുകയുമില്ല. അങ്ങനെ അഭിനയിക്കേണ്ട ആവശ്യവുമില്ല (നിനക്കതു രസമായി തോന്നുകയാണെങ്കിലല്ലാതെ.)

യഥാർത്ഥമായി പ്രേമിക്കുന്നവർ വക്കീലന്മാരുടെ ഹർജികൾ പോലുള്ള കത്തുകൾ എഴുതില്ല. പ്രണയം കാര്യങ്ങളെ അത്ര സൂക്ഷ്മമായി പരിശോധിക്കുന്നില്ല, വിചാരണ ചെയ്യേണ്ട എതിർകക്ഷികളോടെന്ന പോലെ മറ്റുള്ളവരോടു പെരുമാറുകയുമില്ല.

നിനക്കെന്തുകൊണ്ടെന്നോടു തുറന്നു പറഞ്ഞുകൂടാ? നിനക്ക് (എന്നല്ല ആർക്കും) ഒരുപദ്രവവും ചെയ്യാത്ത ഒരു മനുഷ്യനെ എന്തിനിങ്ങനെ നീ പീഡിപ്പിക്കണം? വിഷാദപൂർണ്ണവും ഏകാന്തവുമായ ഒരു ജീവിതത്തിന്റെ ഭാരം തന്നെ താങ്ങാനാവാതെ നില്ക്കുന്ന ഒരാൾക്കു മേൽ നടക്കാത്ത മോഹങ്ങളുടെയും ഇല്ലാത്ത സ്നേഹത്തിന്റെയും അധികഭാരം എന്തിനു കയറ്റിവയ്ക്കണം? എന്നെ വിഡ്ഢിയാക്കുന്നതിൽ നിന്നു കിട്ടുന്ന നിർദ്ദോഷമല്ലാത്ത ആനന്ദമല്ലാതെ മറ്റെന്താണു നിനക്കതിൽ നിന്നു കിട്ടുക?

എല്ലാം കൂടി ഇതൊരു ഹാസ്യനാടകമാകുന്നുണ്ടെന്ന് എനിക്കു ബോദ്ധ്യമായിരിക്കുന്നു, അതിലെ ഏറ്റവും വലിയ ഹാസ്യനടൻ ഞാനാണെന്നും.

ഞാൻ ഇതെല്ലാം ഒരു തമാശയായിട്ടെടുക്കുമായിരുന്നു, ഞാൻ നിന്നെ ഇത്രയധികം സ്നേഹിച്ചിരുന്നില്ലെങ്കിൽ, നീ എന്നിലേല്പിക്കുന്ന വേദനയെക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കാൻ എനിക്കു സമയമുണ്ടായിരുന്നെങ്കിൽ. ഈ ദണ്ഡനത്തിനർഹനാവാൻ നിന്നെ സ്നേഹിച്ചു എന്നതല്ലാതെ മറ്റെന്താണു ഞാൻ ചെയ്തത്? അതു മതിയായ കാരണമായി ഞാൻ കാണുന്നതുമില്ല. അതെന്തുമാകട്ടെ...

ഇതാ, നീ ആവശ്യപ്പെട്ട ആ ‘രേഖ.’ നോട്ടറി യൂജെനിയോ സിൽവ എന്റെ ഒപ്പ് സാക്ഷ്യപ്പെടുത്തും.

ഫെർണാണ്ടോ പെസ്സൊവ


ഇങ്ങനെ തുടങ്ങിയ ആ കത്തിടപാടിന്റെ ആദ്യഘട്ടം ഒമ്പതു മാസം നീണ്ടുനിന്നു. ഒഫീലിയയോട് തനിക്കുള്ള തീവ്രാനുരാഗവും ലൈംഗികാഭിലാഷവും സംശയത്തിനിടയില്ലാത്ത വിധം ശക്തമായ വാക്കുകളിൽ അദ്ദേഹം തുറന്നുപറയുന്നുണ്ട്. “ഒരു ചുംബനം, ഒരേയൊരെണ്ണം, ഈ ലോകമുള്ള കാലത്തോളം നീണ്ടുനില്ക്കുന്നതൊന്ന്, എന്നും നിന്റെയായ ഒരാളിൽ നിന്ന്.” പക്ഷേ ഇവിടെ സംസാരിക്കുന്നത് പെസ്സൊവയാണോ അദ്ദേഹത്തിന്റെ അപരവ്യക്തിത്വങ്ങളിൽ ഒന്നാണോ എന്നതാണ്‌ നമുക്കു സംശയിക്കാനുള്ളത്! 1920 ഒക്ടോബർ 15നെഴുതിയ ഒരു കത്തിൽ താൻ അൽവാരോ ദെ കാമ്പോയായി മാറിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നുമുണ്ട്.

1920 നവംബർ 29

പ്രിയപ്പെട്ട ഒഫീലിയ:

കത്തിനു നന്ദി. അതെന്നെ ആശ്വസിപ്പിച്ചതിനൊപ്പം തന്നെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. ദുഃഖിപ്പിച്ചത് ഈ തരം കാര്യങ്ങൾ ദുഃഖങ്ങളേ കൊണ്ടുവരാറുള്ളു എന്നതിനാൽ. ആശ്വസിപ്പിച്ചത് യഥാർത്ഥത്തിൽ ഇങ്ങനെയൊരു പരിഹാരമേയുള്ളു എന്നതിനാൽ- എന്റെയോ നിന്റെയോ ഭാഗത്തു നിന്നുള്ള പ്രേമം കൊണ്ടു ന്യായീകരിക്കാനാവാതായിക്കഴിഞ്ഞ ഒരവസ്ഥയെ ഇനി നീട്ടിക്കൊണ്ടു പോകാതിരിക്കുക. എനിക്കു നിന്നോടുള്ള ശാശ്വതമായ മതിപ്പും ദൃഢതരമായ സൗഹൃദവും എന്റെ ഭാഗത്തു ശേഷിക്കുന്നുണ്ടാവും. അത്രയെങ്കിലും സമ്മതിക്കുന്നതിൽ നിനക്കു വിരോധമുണ്ടാവില്ലല്ലോ, അല്ലേ?

ഇങ്ങനെയൊക്കെ ആയതിന്റെ പേരിൽ നിന്നെയോ എന്നെയോ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. അതിനു വിധിയെ മാത്രമേ കുറ്റപ്പെടുത്താനുള്ളു, കുറ്റമാരോപിക്കാവുന്ന ഒരു വ്യക്തിയാണ്‌ വിധി എന്നുണ്ടെങ്കിൽ.

മുടി വെളുപ്പിക്കുകയും മുഖത്തു ചുളി വീഴ്ത്തുകയും ചെയ്യുന്ന കാലം അതിനെക്കാൾ വേഗത്തിൽ തീക്ഷ്ണവികാരങ്ങളെ ശോഷിപ്പിക്കുകയും ചെയ്യുന്നു. മിക്കവരും, ബുദ്ധിശൂന്യരാണവരെന്നതിനാൽ, ഇതു ശ്രദ്ധിക്കാറു പോലുമില്ല; പ്രേമം ഒരു ശീലമായിപ്പോയതിനാൽ തങ്ങൾ ഇപ്പോഴും പ്രേമിക്കുന്നുണ്ടെന്ന് അവർ സങ്കല്പിക്കുകയാണ്‌. അതങ്ങനെയായില്ലെങ്കിൽ ഈ ലോകത്ത് സന്തുഷ്ടരായി ആരും ഉണ്ടാവാനും പോകുന്നില്ല. വരിഷ്ടജീവികൾക്കു പക്ഷേ,  ആ വ്യാമോഹത്തിൽ ആനന്ദം കണ്ടെത്താനാവില്ല, കാരണം പ്രണയം ശാശ്വതമാണെന്ന് അവർക്കു വിശ്വാസമില്ല; അതു പോയിക്കഴിഞ്ഞാൽ പിന്നെ ശേഷിക്കുന്നത്- പരസ്പരമുള്ള മതിപ്പ്, അല്ലെങ്കിൽ ഉപകാരസ്മരണ- പ്രണയത്തിനു പകരമായെടുത്ത് അവർ സ്വയം കബളിപ്പിക്കാറുമില്ല.

ഇതു നമുക്കു വ്യഥയുണ്ടാക്കുന്നുണ്ട്; ആ വ്യഥയ്ക്കും പക്ഷേ, ഒരവസാനമുണ്ടാവുന്നു. ജീവിതം- അതാണല്ലോ എല്ലാം- തന്നെയുമവസാനിക്കാമെങ്കിൽ ജീവിതത്തിന്റെ അംശങ്ങൾ മാത്രമായ മറ്റു പലതിനോടുമൊപ്പം പ്രേമവും ശോകവും അവസാനിക്കേണ്ടതല്ലേ?

നിന്റെ കത്തിൽ നീ എന്നോടു നീതി കാണിച്ചിട്ടില്ല; അതു പക്ഷേ എനിക്കു മനസ്സിലാകും, അതിനാൽ ഞാൻ അതു മാപ്പാക്കുകയും ചെയ്യുന്നു. കോപത്തോടെയും ഒരുപക്ഷേ വിദ്വേഷത്തോടെയുമാണ്‌ നീ അതെഴുതിയതെന്നതിൽ സംശയമില്ല. എന്നാൽ നിന്റെ അവസ്ഥയിലെത്തിയ മിക്കവരും- സ്ത്രീകളും പുരുഷന്മാരും- ഇതിലും കടുപ്പത്തിലും ന്യായരഹിതമായിട്ടുമായിരിക്കും കാര്യങ്ങൾ എഴുതുക. പക്ഷേ ഒഫീലിയ, ഉത്കൃഷ്ടമായ ഒരു പ്രകൃതമാണ്‌ നിന്റേത്. നിന്റെ കോപത്തിൽ പോലും പകയുടെ അംശമില്ല. ഇനി, നീ വിവാഹം കഴിക്കുകയും അർഹമായ ആനന്ദം നിനക്കു കിട്ടാതിരിക്കുകയും ചെയ്താൽ അതു നിന്റെ കുറ്റം കൊണ്ടായിരിക്കുകയില്ല.

എന്റെ കാര്യമാണെങ്കിൽ...

എന്റെ പ്രണയത്തിന്‌ ഒരവസാനമായിരിക്കുന്നു. പക്ഷേ നിന്നോടുള്ള മമത എനിക്കെന്നുമുണ്ടാവും. നിന്റെയാ മനോഹരരൂപം, മുഗ്ധമായ രീതികൾ, നിന്റെ ഹൃദയാലുത്വം, നിന്റെ നന്മ, ഇതൊന്നും ഒരിക്കലും, ഒരിക്കലും ഞാൻ മറക്കില്ല എന്ന് നിനക്കുറപ്പിക്കാം. ഞാൻ സ്വയം കബളിപ്പിക്കുകയായിരുന്നുവെന്നും ഞാൻ നിന്നിൽ ആരോപിക്കുന്ന ഈ ഗുണങ്ങളെല്ലാം എന്റെ സങ്കല്പസൃഷ്ടികൾ മാത്രമാണെന്നും വരാം; എന്നാൽ എനിക്കങ്ങനെ തോന്നുന്നില്ല; ഇനി അങ്ങനെയാണെങ്കിൽ തന്നെ അവ നിന്നിൽ കണ്ടതു കൊണ്ട് ദോഷമൊന്നും വരാനുമില്ല.

നീ എന്തൊക്കെയാണു മടക്കിച്ചോദിക്കുക എന്നെനിക്കറിയില്ല- നിന്റെ കത്തുകൾ, അല്ലെങ്കിൽ മറ്റുള്ളവ. ഒന്നും മടക്കിത്തരാതിരിക്കാനാണ്‌ എനിക്കിഷ്ടം; മരിച്ചുപോയ ഒരു ഭൂതകാലത്തിന്റെ  ജീവിക്കുന്ന ഓർമ്മയായി, പ്രായം കൂടുന്തോറും മോഹഭംഗവും അസന്തുഷ്ടിയും കൂടുന്ന എന്റേതു പോലൊരു ജീവിതത്തിൽ ഓർത്തൂ നീറാനൊന്നായി നിന്റെ കത്തുകൾ സൂക്ഷിക്കണമെന്നെനിക്കുണ്ട്.

സാധാരണമനുഷ്യരെപ്പോലെ താണ രീതിയിൽ പെരുമാറരുതേ. ഞാൻ കടന്നു പോകുമ്പോൾ മുഖം തിരിക്കരുത്, എന്നെക്കുറിച്ചോർക്കുമ്പോൾ വൈരാഗ്യം തോന്നുകയുമരുത്. കുട്ടികളായിരുന്നപ്പോൾ അന്യോന്യം അല്പാല്പം സ്നേഹിച്ചിരുന്ന ചിരകാലസുഹൃത്തുക്കളെപ്പോലെ നമുക്കാവാം; മുതിർന്നപ്പോൾ അവർ മറ്റു സ്നേഹങ്ങളും വഴികളും തേടിപ്പോകുന്നു; എന്നാൽക്കൂടി ആ പഴയ, വ്യർത്ഥമായ സ്നേഹത്തിന്റെ വിശദസ്മൃതികൾ ഹൃദയത്തിന്റെ ഏതോ കോണിൽ അവർ സൂക്ഷിച്ചുവച്ചിരിക്കും.

ഈ “മറ്റു സ്നേഹങ്ങളും”  “മറ്റു വഴികളും” നിനക്കാണു ബാധകം, ഒഫീലിയ, എനിക്കല്ല. എന്റെ വിധി മറ്റൊരു നിയമത്തിനധീനമാണ്‌; അങ്ങനെയൊരു നിയമമുണ്ടെന്നു കൂടി നിനക്കറിയില്ല; കഠിനഹൃദയരും ഒരു തെറ്റും ക്ഷമിക്കാത്തവരുമായ പ്രഭുക്കൾക്കു വിധേയമാണ്‌ എന്റെ ഭാഗധേയം.

ഇതൊക്കെ നീ മനസ്സിലാക്കണമെന്നു ഞാൻ പറയുന്നില്ല. ഒരല്പം സ്നേഹത്തോടെ എന്നെ ഓർമ്മിച്ചാൽ മാത്രം മതി, എന്റെ ഓർമ്മയിൽ ഞാൻ നിന്നെ വിടാതെ വച്ചിരിക്കുന്നതു പോലെ.

ഫെർണാണ്ടോ


ഈ കത്തിനും അതിന്‌ ഒഫീലിയ എഴുതിയ പരിഹാസപൂർണ്ണമായ മറുപടിക്കും ശേഷം ഒമ്പതു മാസം നീണ്ട മൗനമായിരുന്നു. 1929 സെപ്തംബറിൽ പെസ്സൊവ തന്റെ ഒരു ഫോട്ടോ സുഹൃത്തും കവിയുമായ കാർലോസ് കെയ്റോസിനു കൊടുക്കാനിടയായി; ഈ കെയ്റോസ് ഒഫീലിയയുടെ അനന്തരവനുമായിരുന്നു. പെസ്സൊവ തന്റെ ഇഷ്ടബാർ ആയ ആബേലിൽ വൈൻ കുടിച്ചുകൊണ്ടിരിക്കുന്ന ഈ ഫോട്ടോ കണ്ട ഒഫീലിയ അതിന്റെ ഒരു കോപ്പി കൂടി ചോദിക്കാൻ കാർലോസിനോടു പറഞ്ഞു. പെസ്സൊവ ഒരു കോപ്പി കൂടി കൊടുത്തു; അതിനു നന്ദി പറഞ്ഞുകൊണ്ടെഴുതിയ കത്തിൽ എഴുതാൻ താല്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്ന് അവർ സൂചിപ്പിച്ചു. അങ്ങനെ അവരുടെ ബന്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. പക്ഷേ പെസ്സൊവയ്ക്ക് സ്വസ്ഥത കിട്ടിയില്ല.

1929 സെപ്തംബർ 11

പ്രിയപ്പെട്ട ഒഫീലിയ,

നിന്റെ കത്തിൽ കണ്ട ഹൃദയം എന്നെ സ്പർശിച്ചു; പക്ഷേ ഒരു തെമ്മാടിയുടെ  ഫോട്ടോയ്ക്ക്, എനിക്കില്ലാത്ത ഒരിരട്ടസഹോദരനാണ്‌ ആ തെമ്മാടിയെങ്കിൽക്കൂടി, നീ എന്തിനാണു നന്ദി പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. കുടിച്ചു ബോധമില്ലാതായ ഒരു നിഴലിന്‌ നിന്റെ ഓർമ്മകളിൽ ഒരിടമുണ്ടാവുമെന്നോ?

എന്റെ പ്രവാസത്തിൽ- അതു ഞാൻ തന്നെയാണ്‌- ജന്മദേശത്തു നിന്നൊരാനന്ദം പോലെയാണ്‌ നിന്റെ കത്തു വന്നത്; അതിനാൽ പ്രിയപ്പെട്ട പെൺകുട്ടീ, ഞാൻ നിനക്കാണു നന്ദി പറയേണ്ടത്.

മൂന്നു സംഗതികൾക്കു മാപ്പു ചോദിക്കാൻ ഞാൻ ഈ അവസരം ഉപയോഗിച്ചോട്ടെ; മൂന്നും ഒന്നു തന്നെയാണ്‌, മൂന്നിനും കാരണക്കാരൻ ഞാനല്ല താനും. മൂന്നു തവണ നീ മുന്നിൽ വന്നപ്പോൾ ഞാൻ ഒന്നും മിണ്ടാതെ നടന്നു പോയി; കാരണം അതു നീയാണെന്ന് എനിക്കത്ര ഉറപ്പുണ്ടായിരുന്നില്ല; എനിക്കുറപ്പു വരുമ്പോഴേക്കും നീ കടന്നുപോയിരുന്നു എന്നു പറയുകയാവും കൂടുതൽ ശരി. ഒരുപാടു കാലം മുമ്പ് റുവാ ദൊ ഔറോയിൽ വച്ച് ഒരു രാത്രിസമയത്താണ്‌ ഒന്നാമത്. നിന്റെ ഭാവിവരനോ കൂട്ടുകാരനോ ആവാം എന്നു ഞാനൂഹിക്കുന്ന ഒരു ചെറുപ്പക്കാരൻ നിന്റെ കൂടെ ഉണ്ടായിരുന്നു; അതിനയാൾ അർഹനാണെങ്കിൽക്കൂടി അതങ്ങനെയാണോ എന്നെനിക്കറിയുകയുമില്ല. മറ്റു രണ്ടു തവണ വളരെ അടുത്ത കാലത്താണ്‌; നാമപ്പോൾ എസ്ട്രേലയിലേക്കുള്ള ട്രാമിൽ സഞ്ചരിക്കുകയാണ്‌. അതിൽ ഒരു തവണ എന്റെ കൺകോണിലൂടെയേ ഞാൻ നിന്നെ കണ്ടുള്ളു; കണ്ണട ധരിക്കാൻ വിധിക്കപ്പെട്ട ഒരാൾക്ക് അതു ശരിക്കും കാണാതിരിക്കൽ തന്നെയാണ്‌.

ഒരു കാര്യം കൂടിയുണ്ട്...ഇല്ല, ഒന്നുമില്ല, ഓമനച്ചുണ്ടുകളേ...

ഫെർണാണ്ടോ


തുടർന്നുള്ള കത്തുകളിൽ പലതിലും പെസ്സൊവയുടെ അപരവ്യക്തിത്വങ്ങളിൽ ഒന്നായ അൽവാരോ ദെ കാമ്പോ എന്ന നേവൽ എഞ്ചിനീയർ കടന്നുവരുന്നു. 1929 സെപ്തംബർ 29നെഴുതിയ ഒരു കത്ത് അൽവാരോ തന്നെ എഴുതുന്ന മട്ടിലാണ്‌. തന്നെയോർത്ത് ആഹാരം കഴിക്കാതിരിക്കുകയോ തൂക്കം കുറയുകയോ പനി പിടിക്കുകയോ ചെയ്യരുതെന്ന് അതിൽ അദ്ദേഹം ഒഫീലിയയെ വിലക്കുകയും ചെയ്യുന്നു. മറ്റൊരു കത്തിൽ അൽവാരോ കൂടെയുള്ളതു കാരണം തനിക്ക് അവരെ കാണാൻ പറ്റില്ലെന്ന് അദ്ദേഹം എഴുതുന്നു. തന്റെ മാനസികനില തകരാറിലാണെന്ന പ്രതീതി ജനിപ്പിക്കാൻ പല കത്തുകളിലും അദ്ദേഹം ശ്രമിക്കുന്നുണ്ട്. “ഞാൻ ദുഃഖിതനാണ്‌, ഞാൻ ഭ്രാന്തനാണ്‌, ആർക്കുമെന്നെ ഇഷ്ടമില്ല, അതിൽ ശരികേടുമില്ല...എനിക്കു കൃത്യമായും ആർത്തിയോടെയും നിന്റെ ചുണ്ടുകളിൽത്തന്നെ ചുംബിക്കണം, നിന്റെ ചുണ്ടുകളും അവയിൽ നീ ഒളിപ്പിച്ച കുഞ്ഞുചുംബനങ്ങളും കടിച്ചു തിന്നണം, നിന്റെ ചുമലിൽ തല ചായ്ക്കണം, നിന്റെ കുഞ്ഞുമാടപ്രാവുകളിലേക്കുരസിയിറങ്ങണം, നിന്നോടു മാപ്പു ചോദിക്കണം...ഞാൻ നിർത്തുകയായി, എനിക്കു ഭ്രാന്താണ്‌, ഞാൻ എന്നുമങ്ങനെയായിരുന്നു, ജനിച്ചതേ അങ്ങനെയാണ്‌...“ അവസാനമായി 1929 ഒക്ടോബർ 9നെഴുതിയ രണ്ടു കത്തുകളിൽ ഒന്നിൽ അദ്ദേഹം പറയുന്നു. പെസ്സൊവ പിന്നീടും ഒഫീലിയയെ വിളിക്കാറുണ്ടായിരുന്നു; അവർ തമ്മിൽ ട്രാമിലോ തെരുവുകളിലോ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടാറുമുണ്ടായിരുന്നു. അദ്ദേഹം പിന്നീടു കത്തെഴുകയുണ്ടായില്ല. ഒഫീലിയ പിന്നെയും ഒരു കൊല്ലം കൂടി കത്തുകൾ അയച്ചുകൊണ്ടിരുന്നു. 1931ൽ അതും നിലച്ചു. എന്നാൽ എല്ലാ ജൂൺ 13നും അവർ പെസ്സൊവയ്ക്ക് ജന്മദിനാശംസ അയച്ചുകൊണ്ടിരുന്നു; തിരിച്ച് അദ്ദേഹവും അവരുടെ ജന്മദിനമായ ജൂൺ 14ന്‌ തന്റെ ആശംസ അറിയിക്കുകയും ചെയ്തിരുന്നു. 1935 ഒക്ടോബറിൽ പെസ്സൊവ തന്റെ അവസാനത്തെ അൽവാരോ ദെ കാമ്പോ കവിതയെഴുതി.

എല്ലാ പ്രണയലേഖനങ്ങളും
പരിഹാസ്യമാണ്‌.
പരിഹാസ്യമല്ലെങ്കിൽ
അവ പ്രണയലേഖനങ്ങളാവുകയുമില്ല.

ഒരു കാലത്തു ഞാനും
പ്രണയലേഖനങ്ങളെഴുതിയിരുന്നു,
മറ്റുള്ളവയെപ്പോലെ 
അവയും പരിഹാസ്യമായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും
ഒരിക്കലും പ്രണയലേഖനമെഴുതാത്തവരേ
ശരിക്കും പരിഹാസ്യരായിട്ടുള്ളു.

ഞാനാഗ്രഹിച്ചുപോകുന്നു:
പരിഹാസ്യമെന്നോർക്കാതെ
പ്രണയലേഖനമെഴുതാൻ കഴിഞ്ഞിരുന്ന കാലത്തേക്കു
തിരിച്ചുപോകാനെനിക്കു കഴിഞ്ഞിരുന്നെങ്കിൽ

പക്ഷേ ഇന്നെനിക്കറിയാം,
ആ പ്രണയലേഖനങ്ങളുടെ ഓർമ്മയാണ്‌
പരിഹാസ്യമെന്ന സത്യം.

(ആ വിചിത്രമായ വാക്കുകൾ
പരിഹാസ്യമാണ്‌
ആ വിചിത്രമായ അനുഭൂതി പോലെ.)




ഒരു മാസം കഴിഞ്ഞ് പെസ്സൊവ മരിച്ചു; അമിതമദ്യപാനം മൂലമുള്ള കരൾ രോഗമോ പാൻക്രിയാസിലുണ്ടായ പഴുപ്പോ ആയിരുന്നു മരണകാരണം. പിന്നീട് വിവാഹിതയായ ഒഫീലിയ കെയ്റോസ് 1991ൽ മരിച്ചു.




Sunday, July 12, 2015

പെസ്സൊവ - എല്ലാ പ്രണയലേഖനങ്ങളും പരിഹാസ്യമാണ്‌



എല്ലാ പ്രണയലേഖനങ്ങളും
പരിഹാസ്യമാണ്‌.
പരിഹാസ്യമല്ലെങ്കിൽ
അവ പ്രണയലേഖനങ്ങളാവുകയുമില്ല.

ഒരു കാലത്തു ഞാനും
പ്രണയലേഖനങ്ങളെഴുതിയിരുന്നു,
മറ്റുള്ളവയെപ്പോലെ 
അവയും പരിഹാസ്യമായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും
ഒരിക്കലും പ്രണയലേഖനമെഴുതാത്തവരേ
ശരിക്കും പരിഹാസ്യരായിട്ടുള്ളു.

ഞാനാഗ്രഹിച്ചുപോകുന്നു:
പരിഹാസ്യമെന്നോർക്കാതെ
പ്രണയലേഖനമെഴുതാൻ കഴിഞ്ഞിരുന്ന
കാലത്തായിരുന്നു ഞാനെങ്കിൽ.

പക്ഷേ ഇന്നെനിക്കറിയാം,
ആ പ്രണയലേഖനങ്ങളുടെ ഓർമ്മയാണ്‌
പരിഹാസ്യമെന്ന സത്യം.

(ആ വിചിത്രമായ വാക്കുകൾ
പരിഹാസ്യമാണ്‌
ആ വിചിത്രമായ അനുഭൂതി പോലെ.)


1935 ഒക്ടോബർ 21

അൽവാരോ ദെ കാമ്പോ എന്ന അപരനാമത്തിൽ എഴുതിയത്




Wednesday, August 13, 2014

ലൂയിസ് ഡി കാമോയിസ് - സത്ത

luis-camoes1

 


നിന്റെ വെളുത്ത നിറം ആമ്പൽപ്പൂക്കൾക്കു മടക്കിയേക്കൂ,
നിന്റെ തുടുപ്പുകൾ ചുവന്ന പനിനീർപ്പൂവിനും;
നിന്റെ ഹാരിയായ കണ്ണുകളിൽ നിന്നു പുറപ്പെട്ടു
ഞങ്ങളുടെ ഹൃദയങ്ങളെ അപഹരിക്കുന്ന സുതാര്യവെളിച്ചം-
അതു സൂര്യനു തന്നെ മടക്കിനല്കൂ.
തടുക്കരുതാത്തൊരീണത്താൽ നിന്റെ ചുണ്ടുകൾ നിറച്ചവർ,
ആ ഗന്ധർവന്മാർക്കു നിന്റെ ഗാനങ്ങൾ മടക്കിയാലും.
നിന്റെ ചാരുതകൾ സൌന്ദര്യദേവതകൾക്കു മടക്കൂ,
നിന്നോളം വരില്ല തങ്ങളെന്നവർക്കറിയാമല്ലോ.
സുഭഗയായ വീനസിനു നിന്റെ ശ്രീത്വം മടക്കുക,
മിനർവയ്ക്കു നിന്റെയറിവും കഴിവും കലാപാടവവും,
നിർമ്മലയായ ഡയാനയ്ക്കു നിന്റെ ശാലീനതയും.
നിനക്കിപ്പോഴുള്ളതെല്ലാം സ്വയം നീ കൈയൊഴിക്കുക,
എങ്കിലൊരു സിദ്ധി മാത്രം പിന്നെ നിനക്കു ശേഷിക്കും:
ക്രൂരത...അതായത്, നിന്റെ യഥാർത്ഥസത്ത!


 

Sunday, June 29, 2014

മാനുവൽ ബന്ദയ്‌ര - ഗിനിപ്പന്നി

manuel bandeira

 


ആറു വയസ്സായപ്പോൾ
എനിക്കൊരു ഗിനിപ്പന്നി സമ്മാനം കിട്ടി.
എന്തൊരു നെഞ്ചുരുക്കമാണെന്നോ
എനിക്കതു കൊണ്ടുവന്നത്-
അടുപ്പിന്മൂട്ടിലൊളിക്കണമെന്നല്ലാതെ
ആ കുഞ്ഞുജീവിക്കൊന്നും വേണ്ട!
ഞാനതിനെ സ്വീകരണമുറിയിലേക്കു കൊണ്ടുവന്നു,
വീടിന്റെ ഏറ്റവും വൃത്തിയുള്ള,
ഏറ്റവും ഭംഗിയുള്ള ഭാഗത്തു കൊണ്ടുവച്ചു,
അതിനു പക്ഷേ, അടുപ്പിന്മൂട്ടിലിരുന്നാൽ മതി.
എന്റെ ലാളനകളൊന്നും അതിലേശിയില്ല.

ആ ഗിനിപ്പന്നിയായിരുന്നു എന്റെ ആദ്യപ്രണയം.


 

When I was six years old,
they gave me a guinea pig.
What heartache it brought me –
all the little beast wanted to do was hide under the stove!
I brought it into the living room,
into the nicest, neatest parts of the house,
yet all it wanted was to hide under the stove.
It didn’t pay the slightest attention to any of my caresses.
.
That guinea pig was my first romance.

Saturday, June 14, 2014

ആല്ബെർട്ടോ ദെ ലാസെർദ - തടാകം

a.baa-beautiful-calm-lake


തടാകത്തെ തൊടരുത്;
അതിൽ കല്ലെറിയരുത്;
കടലാസ്സുവഞ്ചികളും കരിയിലകളുമരുത്.


ജലത്തിനലകളാവുകയരുത്.


Thursday, September 5, 2013

ഫെർണാണ്ടോ പെസ്സൊവ - ഇന്നലെ വൈകുന്നേരം...


 


ഇന്നലെ വൈകുന്നേരം ഒരു നഗരവാസി
സത്രത്തിനു മുന്നിൽ നിന്നു പ്രസംഗിച്ചു.
അയാൾ പ്രസംഗിച്ചതെന്നോടും കൂടിയായിരുന്നു.

അയാൾ നീതിയെക്കുറിച്ചു പറഞ്ഞു,
നീതിക്കായുള്ള സമരത്തെക്കുറിച്ചും
അദ്ധ്വാനിക്കുന്ന ജനങ്ങളെക്കുറിച്ചും
അവരുടെ തീരാത്ത കഷ്ടപ്പാടുകളെക്കുറിച്ചും
പട്ടിണി കിടക്കുന്നവരെക്കുറിച്ചും
അവർക്കു പുറം തിരിഞ്ഞുനില്ക്കുക മാത്രം ചെയ്യുന്ന
പണക്കാരെക്കുറിച്ചും പറഞ്ഞു.

എന്നിട്ടെന്നെ നോക്കുമ്പോൾ
അയാളെന്റെ കണ്ണുകളിൽ നനവു കണ്ടു,
സഹാനുഭൂതിയോടെ 
അയാൾ എന്നെ നോക്കി മന്ദഹസിച്ചു;

അയാൾ വിശ്വസിച്ചിരിക്കുന്നു,
തനിക്കു തോന്നിയ വെറുപ്പും
തനിക്കു തോന്നിയതെന്നയാൾ പറഞ്ഞ സഹതാപവും
എനിക്കും തോന്നിയിരിക്കുന്നുവെന്ന്.

(ഞാൻ പക്ഷേ, അയാൾ പറഞ്ഞതു ശരിക്കു കേട്ടിട്ടും കൂടി ഉണ്ടായിരുന്നില്ല.
മനുഷ്യരെ, അവരുടെ കഷ്ടപ്പാടുകളെ,
അല്ലെങ്കിൽ തങ്ങളുടെ കഷ്ടപ്പാടുകളെന്നവർ കരുതുന്നതിനെ

ഞാനെന്തിനു ശ്രദ്ധിക്കണം?
അവരെന്നെപ്പോലെയാകട്ടെ- എങ്കിലവർ കഷ്ടപ്പെടേണ്ടിവരില്ല.
ലോകത്തു തിന്മയായിട്ടെന്തെങ്കിലുമുണ്ടെങ്കിലത്
നല്ലതു ചെയ്യാൻ ശ്രമിച്ചും ദ്രോഹിക്കാൻ നോക്കിയും
അന്യോന്യം നാം തൊന്തരപ്പെടുത്തുന്നതു മാത്രമാണ്‌.
നമ്മുടെ ആത്മാവും ആകാശവും ഭൂമിയും മാത്രം മതി നമുക്ക്.
അതിലധികം വേണമെന്നാഗ്രഹിക്കുക എന്നാൽ
ഉള്ളതു നഷ്ടപ്പെടുത്തുക എന്നാണ്‌, ഉള്ള സന്തോഷം കളയുക എന്നാണ്‌.)

ആ ജനോപകാരി പ്രസംഗിക്കുമ്പോൾ
എന്റെ ചിന്തയിലുണ്ടായിരുന്നത്
(എന്റെ കണ്ണുകൾ നനയിച്ചതും)
കുടമണികളുടെ വിദൂരമർമ്മരമായിരുന്നു.
പൂക്കളും ചോലകളും എന്നെക്കണക്കുള്ള സരളാത്മാക്കൾക്കൊപ്പം
കുർബാന കൂടുന്നൊരു കുഞ്ഞുപള്ളിയിലെ മണിനാദങ്ങളാണവയെന്ന്
അന്നു വൈകുന്നേരം തോന്നാത്തതെന്താണെന്നോർക്കുകയായിരുന്നു ഞാൻ.

(ദൈവത്തിനു സ്തുതി, ഞാൻ നല്ലവനല്ലെന്നതിന്‌,
പൂക്കളെപ്പോലെ, തടം പറ്റിയൊഴുകുന്ന പുഴകളെപ്പോലെ
തന്നിൽത്തന്നെ അടങ്ങിയവനായി ഞാനെന്നതിന്‌.
വിടരുക, ഒഴുകുക എന്നതിൽ

തന്നെത്താനറിയാതെ മുഴുകാനേ അവയ്ക്കറിയൂ.
ഈ ലോകത്തൊരേയൊരു ദൌത്യമേയുള്ളു-
തെളിമയോടെ കഴിയുക,
അതിനെക്കുറിച്ചു ചിന്തിക്കാതതെങ്ങനെ ചെയ്യണമെന്നറിയുകയും.)

ആ മനുഷ്യൻ പ്രസംഗം നിർത്തിയിട്ട് അസ്തമയം നോക്കിനില്ക്കുകയാണ്‌.
വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നൊരാൾക്കു പക്ഷേ,
അസ്തമയം കൊണ്ടെന്തു കാര്യം?


Wednesday, July 10, 2013

കാർലോസ് ദ്രുമോൺ ദെ അന്ദ്രാദെ - അത്ര വലുതാണു ലോകമെങ്കിലും...

Klimt_-_Der_Kuss.jpeg


അത്ര വലുതാണു ലോകമെങ്കിലുമതൊതുങ്ങുന്നു,
കടലിലേക്കു തുറക്കുന്ന ഈ ജനാലയിൽ.
അത്ര വലുതാണു കടലെങ്കിലുമതൊതുങ്ങുന്നു,
പ്രണയത്തിന്റെ കിടക്കയിൽ, മെത്തയിൽ.
അത്ര വലുതാണു പ്രണയമെങ്കിലുമതൊതുങ്ങുന്നു,
ഒരു ചുംബനത്തിനിടം കിട്ടിയ വിടവിൽ.


Wednesday, April 24, 2013

മാനുവൽ ബന്ദയിര - പ്രണയവിദ്യ

302061_613909065305052_1414499436_n

 


പ്രണയവിദ്യ


പ്രണയമാനന്ദമാകണമെങ്കിൽ
ആത്മാവിനെ മറന്നേക്കു.
പ്രണയത്തിന്റെ രസം കളയുന്നതാത്മാവു തന്നെ.
ദൈവത്തിലേ ആത്മാക്കൾ തൃപ്തരാവൂ,
മറ്റാത്മാക്കളിലല്ല,
ദൈവത്തിൽ, അല്ലെങ്കിൽ
പരലോകത്തിൽ.
അന്യോന്യം തൊട്ടറിയാനാത്മാക്കൾക്കാവില്ല.
നിങ്ങളുടെ ഉടൽ മറ്റൊരുടലുമായിടപഴകട്ടെ,
ഉടലുകളാണന്യോന്യമറിയുകയെന്നതിനാൽ,
ആത്മാക്കൾക്കതാവുകയില്ലെന്നതിനാൽ.


നിന്റെ കൈ എന്റെ നെറ്റിയിൽ വയ്ക്കൂ...



എന്റെ മൌനം കൊണ്ടു നോവരുതേ നീ:
വാക്കുകളെനിക്കു മടുത്തുന്നുവെന്നേയുള്ളു.
നിനക്കറിയില്ലേ നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന്?
നിന്റെ കൈ എന്റെ നെറ്റിയിൽ വയ്ക്കൂ:
തടുക്കരുതാത്തൊരു തുടിപ്പിൽ നീ അറിയും,
സാരവത്തായ ഒരേയൊരു പദത്തിനർത്ഥം:
പ്രണയം.

Monday, April 22, 2013

മാനുവൽ ബന്ദയ്‌ര - ആപ്പിൾ

images

 


ഒരു കോണിലൂടെ നോക്കുമ്പോൾ
ചുക്കിച്ചുളിഞ്ഞ മുല പോലെയാണു നീ,
മറ്റൊരു വിധം നോക്കുമ്പോൾ
പൊക്കിൾക്കൊടി മുറിച്ചുമാറ്റാത്ത ഉദരം പോലെ.

ദിവ്യപ്രണയം പോലെ ചുവന്നിട്ടാണു നീ.

നിനക്കുള്ളിൽ കുഞ്ഞുകുഞ്ഞുവിത്തുകളിൽ
ജീവന്റെ സമൃദ്ധി തുടിക്കുന്നു,
അനന്തമായി.

എന്നിട്ടും എന്തു ലാളിത്യമാണു നിനക്ക്,
ദരിദ്രമായൊരു ഹോട്ടൽ മുറിയിൽ
ഒരു കത്തിക്കരികിലിരിക്കുമ്പോൾ.

.


Thursday, April 18, 2013

ഫെർണാണ്ടോ പെസ്സൊവ - വസ്തുക്കളുടെ നിഗൂഢത, അതെവിടെ?

Pessoa5.b

 


വസ്തുക്കളുടെ നിഗൂഢത, അതെവിടെ?
അതൊരു നിഗൂഢതയാണെന്നു നമ്മെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയെങ്കിലും
പുറമേക്കു വെളിച്ചപ്പെടാത്ത ആ വസ്തു എവിടെ?

ഒരു പുഴയ്ക്കതിനെക്കുറിച്ചെന്തറിയാം, ഒരു മരത്തിനെന്തറിയാം?
എനിക്ക്, അവയിലധികമൊന്നുമല്ലാത്ത എനിക്കെന്തറിയാം?
ഓരോ തവണ വസ്തുക്കളെ നോക്കുമ്പോഴും,
അവയെക്കുറിച്ചു മനുഷ്യരുടെ മനസ്സിലെന്താണെന്നോർക്കുമ്പോഴും,
കല്ലിൽ തടഞ്ഞു ചിതറുന്ന ചോലയുടെ കുളിർമ്മയോടെ ഞാൻ ചിരിച്ചുപോകുന്നു.

വസ്തുക്കളിൽ ഒരു ഗുപ്താർത്ഥമുണ്ടെങ്കിൽ
അവയിലൊരു ഗുപ്താർത്ഥവുമില്ല എന്നാണതെന്നതിനാൽ,
ഏതു വൈചിത്ര്യത്തെക്കാളും,
ഏതു കവിയുടെ സ്വപ്നത്തെക്കാളും,
ഏതു ദാർശനികന്റെ ചിന്തയെക്കാളും വിചിത്രമാണതെന്നതിനാൽ,
വസ്തുക്കൾ, പ്രത്യക്ഷത്തിലേതു പോലെയോ
അതു പോലെയാണു യഥാർത്ഥത്തിലുമെന്നതിനാൽ,
മനസ്സിലാക്കാനായി യാതൊന്നുമില്ലെന്നതിനാൽ.

അതെ, എന്റെ ഇന്ദ്രിയങ്ങൾ പഠിച്ചതിതു മാത്രം:
വസ്തുക്കൾക്കർത്ഥമില്ല, അവയ്ക്കസ്തിത്വമേയുള്ളു.
വസ്തുക്കൾ മാത്രമാണ്‌ വസ്തുക്കളിലെ നിഗൂഢാർത്ഥം.



(ആൽബർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്)

link to image

Saturday, April 6, 2013

കാർലോസ് ദ്രുമൊൺ ദെ അന്ദ്രാദെ - വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു

Inner-vision---the-statue-011


വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു
ഒരു കല്ല് വഴിയുടെ നടുക്കുണ്ടായിരുന്നു
ഒരു കല്ലുണ്ടായിരുന്നു
വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു.

ഒരായുസ്സു മുഴുവൻ കാഴ്ചകൾ കണ്ടു കണ്ണു തളർന്ന ഞാൻ
ഈ സംഭവം ഒരിക്കലും മറക്കില്ല.
ഞാനൊരിക്കലും മറക്കില്ല വഴിയുടെ നടുക്ക്
ഒരു കല്ലുണ്ടായിരുന്നു
ഒരു കല്ല് വഴിയുടെ നടുക്കുണ്ടായിരുന്നു
വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു.


കാർലോസ് ദ്രുമൊൺ ദെ അന്ദ്രാദെ - ഒരു പുരാതനലോകത്തിന്റെ സ്മരണിക

Carlos-Drummond-de-Andrade-Escrevendo

 


ക്ളാര പൂന്തോപ്പിൽ കുട്ടികളുമൊത്തുലാത്തുകയായിരുന്നു.
പുല്പരപ്പിനു മേൽ ആകാശത്തിനു പച്ചനിറമായിരുന്നു,
പാലങ്ങൾക്കടിയിൽ വെള്ളത്തിനു പൊന്നിന്റെ നിറമായിരുന്നു,
പഞ്ചഭൂതങ്ങളിൽ ശേഷിച്ചവയ്ക്കു നിറം നീലയും ഇളംചുവപ്പും ഓറഞ്ചുമായിരുന്നു.
ഒരു പോലീസുകാരൻ മന്ദഹസിച്ചു, സൈക്കിളുകൾ കടന്നുപോയി,
ഒരു കിളിക്കു നേരേ കൈയെത്തിച്ചുകൊണ്ട്
ഒരു പെൺകുട്ടി പുൽത്തട്ടിലേക്കു കാലെടുത്തുവച്ചു,
ലോകമാകെ- ജർമ്മനി, ചൈന- ക്ളാരയ്ക്കു ചുറ്റും പ്രശാന്തമായിരുന്നു.

കുട്ടികൾ ആകാശത്തേക്കു നോക്കി: അതു വിലക്കപ്പെട്ടിരുന്നില്ല.
വായും മൂക്കും കണ്ണുകളും തുറന്നിരുന്നു. അതിൽ അപകടമുണ്ടായിരുന്നില്ല.
ക്ളാരയ്ക്കു പേടി ഫ്ളൂവിനെ ആയിരുന്നു, ചൂടിനെയും പ്രാണികളെയുമായിരുന്നു.
ക്ളാരയ്ക്കു പേടി പതിനൊന്നു മണിയുടെ ട്രാം പിടിക്കാൻ പറ്റുമോയെന്നായിരുന്നു:
അലസമായെത്തുന്ന കത്തുകൾക്കായി അവൾ കാത്തിരുന്നു,
എന്നും പുതുവസ്ത്രങ്ങൾ ധരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല.
പക്ഷേ പ്രഭാതത്തിൽ അവൾ പൂന്തോട്ടത്തിൽ ഉലാത്തിയിരുന്നു!
അന്നാളുകളിൽ പൂന്തോട്ടങ്ങളുണ്ടായിരുന്നു, പ്രഭാതങ്ങളുമുണ്ടായിരുന്നു!