Showing posts with label സ്പാനിഷ്. Show all posts
Showing posts with label സ്പാനിഷ്. Show all posts

Monday, December 7, 2015

ഒക്റ്റേവിയോ പാസ് - തിരയുടെ കൂടെ എന്റെ ജീവിതം




ഞാൻ ആ കടലു വിട്ടു പോരുമ്പോൾ ഒരു തിര മറ്റുള്ളവയെ പിന്നിലാക്കി മുന്നിലേക്കു കയറിവന്നു. മെലിഞ്ഞു കിളരം വച്ച  ഒരു തിര. പാറുന്ന പാവാടത്തുമ്പുകളിൽ പിടിച്ചുവലിച്ചു വിലക്കാൻ നോക്കിയ മറ്റു തിരകളുടെ ഒച്ചവയ്പുകൾ കാര്യമാക്കാതെ അവൾ എന്റെ കൈത്തണ്ടയിൽ കടന്നുപിടിച്ച് തുള്ളിച്ചാടിക്കൊണ്ട് എന്റെയൊപ്പം വന്നു. എനിക്കവളോട് അപ്പോൾ ഒന്നും പറയാൻ തോന്നിയില്ല; കാരണം, കൂട്ടുകാരുടെ മുന്നിൽ വച്ച് അവളെ നാണം കെടുത്തുന്നതിൽ എനിക്കു വിഷമമുണ്ടായിരുന്നു. തന്നെയുമല്ല, മുതിർന്ന തിരകളുടെ രൂക്ഷമായ നോട്ടങ്ങൾ എന്നെ തളർത്തുകയും ചെയ്തു. 

പട്ടണത്തിലെത്തിയപ്പോൾ ഇതു നടക്കാത്ത കാര്യമാണെന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു;ഇന്നു വരെ കടലു വിട്ടു പോയിട്ടില്ലാത്ത ഒരു തിരയുടെ നിഷ്കളങ്കതയ്ക്കു സങ്കല്പിക്കാൻ പറ്റുന്നതല്ല നഗരജീവിതം. അവൾ എന്നെ ഗൗരവത്തോടെ നോക്കി: ഇല്ല, അവൾ തീരുമാനമെടുത്തു കഴിഞ്ഞു. അവൾക്കിനി മടങ്ങിപ്പോകാനാവില്ല. ഞാൻ മയത്തിൽ പറഞ്ഞുനോക്കി, കടുപ്പിച്ചു പറഞ്ഞുനോക്കി, കുത്തുവാക്കു പറഞ്ഞുനോക്കി. അവൾ കരഞ്ഞു, അലറിക്കരഞ്ഞു, എന്നെ കെട്ടിപ്പിടിച്ചു, എന്നെ ഭീഷണിപ്പെടുത്തി. എനിക്കു ക്ഷമ പറയേണ്ടി വന്നു.

അടുത്ത ദിവസം എന്റെ കഷ്ടപ്പാടുകൾ തുടങ്ങി. കണ്ടക്ടറുടെ, യാത്രക്കാരുടെ, പോലീസിന്റെ കണ്ണിൽ പെടാതെ എങ്ങനെയാണു ഞങ്ങൾ ട്രെയിനിൽ കയറുക? ട്രെയിനിൽ തിരകളെ കൊണ്ടുപോകുന്നതിനെക്കുറിച്ച് റയിൽവേ നിയമങ്ങൾ ഒന്നും പറയുന്നില്ലെന്നതു ശരി തന്നെ; എന്നാൽ പിടിക്കപ്പെട്ടാൽ ആ പ്രവൃത്തിയെ എങ്ങനെയാണവർ കൈകാര്യം ചെയ്യുക എന്നതിന്റെ സൂചനയുമായിരുന്നു ആ മൗനം. ഏറെ നേരത്തെ ആലോചനയ്ക്കു ശേഷം വണ്ടി പുറപ്പെടുന്നതിന്‌ ഒരു മണിക്കൂർ മുമ്പേ ഞാൻ സ്റ്റേഷനിലെത്തി സീറ്റു പിടിച്ചു; എന്നിട്ട്, ആരും നോക്കുന്നില്ലെന്നുറപ്പാക്കിക്കൊണ്ട്, കുടിക്കാനുള്ള വെള്ളത്തിന്റെ ടാങ്ക് ഞാൻ കാലിയാക്കി; പിന്നെ കരുതലോടെ എന്റെ കൂട്ടുകാരിയെ അതിലേക്കൊഴിച്ചു. 

ആദ്യത്തെ സംഭവമുണ്ടാകുന്നത് അടുത്തിരുന്ന അച്ഛനമ്മമാരുടെ കുട്ടികൾ ഉച്ചത്തിൽ തങ്ങളുടെ ദാഹം പ്രഖ്യാപിക്കുമ്പോഴാണ്‌. ഞാൻ അവരെ പിടിച്ചിരുത്തിയിട്ട് പലഹാരവും ലെമണേഡുമൊക്കെ വാഗ്ദാനം ചെയ്തു. അവർ അതു സ്വീകരിക്കുമെന്ന മട്ടായപ്പോഴാണ്‌ ദാഹാർത്തയായ മറ്റൊരു യാത്രക്കാരി വരുന്നത്.  ഞാൻ അവരേയും ക്ഷണിക്കാൻ തുടങ്ങിയെങ്കിലും ഒപ്പമുള്ളയാളിന്റെ നിശിതമായ നോട്ടം കണ്ടു ഞാൻ പിന്മാറി. ആ സ്ത്രീ ഒരു പേപ്പർ കപ്പുമെടുത്ത് ടാങ്കിനടുത്തു ചെന്ന് ടാപ്പ് തിരിച്ചു. കപ്പ് പാതി നിറയുന്നതിനു മുമ്പേ ഞാൻ ഓടി അവർക്കും എന്റെ സ്നേഹിതയ്ക്കുമിടയിൽ ചെന്നു നിന്നു. സ്ത്രീ അമ്പരപ്പോടെ എന്നെ നോക്കി. ഞാൻ അവരോടു ക്ഷമാപണം പറയുന്നതിനിടയ്ക്ക് ഒരു കുട്ടി ചെന്ന് വീണ്ടും ടാപ്പു തുറന്നു. ബലം പ്രയോഗിച്ച് ഞാൻ അതടച്ചു. സ്ത്രീ കപ്പ് ചുണ്ടോടപ്പിച്ചു:

“അയ്യേ, ഈ വെള്ളത്തിനു വല്ലാത്ത ഉപ്പുരസം!“

കുട്ടിയും അതാവർത്തിച്ചു. അവിടവിടെയായി  യാത്രക്കാർ എഴുന്നേറ്റു തുടങ്ങി. സ്ത്രീയുടെ ഭർത്താവ് കണ്ടക്ടറെ വിളിച്ചു:

”ഈയാൾ വെള്ളത്തിൽ ഉപ്പു കലക്കി.“

കണ്ടക്ടർ ഇൻസ്പെക്ടറെ വിളിച്ചു:

”അപ്പോ, താൻ വെള്ളത്തിൽ എന്തോ  ചേർത്തുവല്ലേ?“

ഇൻസ്പെക്ടർ പോലീസിനെ വിളിച്ചു:

”താനപ്പോൾ വെള്ളത്തിൽ വിഷം കലക്കി, അല്ലേ?“

പോലീസുകാരൻ പിന്നെ ക്യാപ്റ്റനെ വിളിച്ചു:

”അപ്പോൾ, താനാണോ വിഷം കലക്കിയത്?“

ക്യാപ്റ്റൻ മൂന്ന് അന്വേഷണോദ്യോസ്ഥന്മാരെ വരുത്തി. യാത്രക്കാരുടെ തുറിച്ചുനോട്ടങ്ങൾക്കും കുശുകുശുക്കലുകൾക്കുമിടയിൽ അവരെന്നെ ഒരൊഴിഞ്ഞ കമ്പാർട്ടുമെന്റിലേക്കു കൊണ്ടുപോയി. 

അടുത്ത സ്റ്റേഷനിൽ ഇറക്കിയിട്ട് അവരെന്നെ വലിച്ചിഴച്ചു ജയിലിലിട്ടു. നീണ്ടു നീണ്ട ചോദ്യം ചെയ്യലുകളല്ലാതെ ദിവസങ്ങളോളം ആരുമെന്നോടു മിണ്ടിയില്ല. നടന്ന കാര്യം പറഞ്ഞിട്ടും ആരുമെന്നെ വിശ്വസിച്ചില്ല, ജയിലർ പോലും: അയാൾ തല കുലുക്കിക്കൊണ്ടു പറയുകയാണ്‌: ”കേസ് സീരിയസ്സാണ്‌, വളരെ സീരിയസ്സാണ്‌. താൻ കുട്ടികളെ വിഷം കൊടുത്തു കൊല്ലാൻ നോക്കുകയായിരുന്നില്ലേ?“

ഒരു ദിവസം അവരെന്നെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. ”തന്റെ കേസ് കുറച്ചു വിഷമം പിടിച്ചതാണ്‌,“ അദ്ദേഹവും ആവർത്തിച്ചു, ”ഞാൻ തന്നെ ക്രിമിനൽ ജഡ്ജിയുടെ മുന്നിലേക്കു വിടുന്നു.“

ഒരു കൊല്ലം കഴിഞ്ഞു. ഒടുവിൽ അവരെന്റെ കേസ് വിചാരണയ്ക്കെടുത്തു. ആർക്കും അപായമൊന്നും പറ്റാത്തതിനാൽ എനിക്കു കിട്ടിയ ശിക്ഷ ലഘുവായിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ എന്റെ മോചനത്തിന്റെ ദിവസമെത്തി. 

വാർഡൻ എന്നെ അകത്തേക്കു വിളിച്ചു:

“ശരി, തനിക്കു പോകാം. തനിക്കു ഭാഗ്യമുണ്ട്. ഭാഗ്യം കൊണ്ടാണ്‌ ആർക്കും ജീവഹാനി പറ്റാതിരുന്നത്. പക്ഷേ ഇനി ഇതാവർത്തിച്ചാൽ താൻ വലിയ വില കൊടുക്കേണ്ടി വരും...”

മറ്റുള്ളവരെപ്പോലെ അയാളും എന്നെ ഗൗരവത്തോടെ തറപ്പിച്ചുനോക്കി.

അന്നു തന്നെ ഉച്ചയ്ക്കുള്ള ട്രെയിനിൽ മണിക്കൂറുകൾ നീണ്ട അസ്വസ്ഥമായ യാത്രയ്ക്കു ശേഷം ഞാൻ മെക്സിക്കോ നഗരത്തിലെത്തി. ഒരു ടാക്സി പിടിച്ച് ഞാൻ വീട്ടിലെത്തി. ഫ്ളാറ്റിന്റെ വാതില്ക്കലെത്തുമ്പോൾ ഉള്ളിൽ നിന്ന് ചിരിയും പാട്ടും ഞാൻ കേട്ടു. എനിക്ക് നെഞ്ചിലൊരു വേദന തോന്നി, ആശ്ചര്യം ഒരു തിര പോലെ നമ്മുടെ നെഞ്ചിൽ വന്നിടിക്കുന്നപോലെ: പണ്ടേപ്പോലെ ചിരിച്ചും പാടിയും കൊണ്ട് എന്റെ കൂട്ടുകാരിയുണ്ട് അവിടെ നില്ക്കുന്നു!

“നീയെങ്ങനെ തിരിച്ചെത്തി?”

“ലളിതം: ട്രെയിനിൽ. ഞാൻ വെറും ഉപ്പുവെള്ളമാണെന്നു തീർച്ച വരുത്തിയിട്ട് ഒരാൾ എന്നെയെടുത്ത് എഞ്ചിനിൽ ഒഴിച്ചു. അതൊരു ദുർഘടയാത്രയായിരുന്നു: പെട്ടെന്നു ഞാൻ ആവി കൊണ്ടുള്ള ഒരു വെള്ളപ്പീലിയായി; പിന്നെ ഞാൻ ഒരു നേർത്ത മഴയായി എഞ്ചിനു മേൽ വീണു, ഞാൻ ഒരുപാടു മെലിഞ്ഞുപോയി. എനിക്കൊരുപാടു തുള്ളികൾ നഷ്ടമായി.”

അവളുടെ സാന്നിദ്ധ്യം എന്റെ ജീവിതമാകെ മാറ്റിമറിച്ചു. ഇരുളടഞ്ഞ ഇടനാഴികളും പൊടി പിടിച്ച ഫർണീച്ചറും മാത്രമുണ്ടായിരുന്ന ഒരു വീട് കാറ്റും വെളിച്ചവും, നീലയും പച്ചയുമായ പ്രത്ഫലനങ്ങളും കൊണ്ടു നിറഞ്ഞു; മുഴക്കങ്ങളുടെയും മാറ്റൊലികളുടെയും അസംഖ്യവും സന്തുഷ്ടവുമായ ഒരു ജനത. ഒരു തിരയാണെങ്കിലും എത്ര തിരകളാണത്! ഒരു ചുമരിനെ, ഒരു നെഞ്ചിനെ, നുരയുടെ കിരീടമണിയിച്ച ഒരു നെറ്റിത്തടത്തെ അതൊരു കടലോരമോ കടല്പാറയോ കടൽത്തുറയോ ആക്കി മാറ്റുകയുമാണത്! പരിത്യജിക്കപ്പെട്ട മൂലകൾ പോലും, പൊടിയും ചവറും നിറഞ്ഞ ഹീനമായ മൂലകൾ പോലും അവളുടെ നേർത്ത വിരലുകളുടെ സ്പർശമറിഞ്ഞു. എന്തിനുമേതിനും ചിരി പൊട്ടി, എവിടെയും പല്ലുകളുടെ വെണ്മ തിളങ്ങി. പഴകിയ മുറികളിലേക്കു സൂര്യൻ സന്തോഷത്തോടെ കടന്നുവന്നു; മറ്റു വീടുകളും ആ പ്രദേശവും നഗരവും രാജ്യവും വിട്ടുപോയിട്ടും എത്രയോ മണിക്കൂറുകൾ അതെന്റെ വീട്ടിൽ തങ്ങിനിന്നു! ചില രാത്രികളിൽ, വളരെ വൈകി, സൂര്യൻ എന്റെ വീട്ടിൽ നിന്ന് ഒളിച്ചിറങ്ങിപ്പോകുന്നത് നക്ഷത്രങ്ങൾ ഞെട്ടലോടെ കണ്ടുനിന്നിട്ടുണ്ട്.

പ്രണയം ഒരു കളിയായിരുന്നു, ഒരു നിരന്തരസൃഷ്ടി. സർവതും ഒരു കടലോരവും പൂഴിമണ്ണും ഒരിക്കലും പുതുമ മാറാത്ത വിരിപ്പുകളുള്ള കിടക്കയുമായിരുന്നു. ഞാൻ പുണർന്നാൽ അഭിമാനം കൊണ്ടവൾ ഉരുണ്ടുകൂടും, ഒരു പോപ്ളാർ മരത്തിന്റെ ദ്രവകാണ്ഡം പോലെ അവിശ്വസനീയമായ ഉയരത്തിലേക്കു വളരും, പിന്നെ ആ കൃശത വെൺതൂവലുകളുടെ ഒരു ജലധാരയായി, ചിരികളുടെ ഒരു പീലിക്കെട്ടായി എന്റെ തലയിലും പുറത്തും പൊഴിയും, വെണ്മ കൊണ്ടെന്നെ പൊതിയും. ചിലപ്പോഴവൾ എനിക്കു മുന്നിൽ നിവർന്നു കിടക്കും, ചക്രവാളം പോലെ നിസ്സീമമായി; ഒടുവിൽ ഞാൻ തന്നെയും ചക്രവാളവും മൗനവുമാവും. നിറഞ്ഞും പുളഞ്ഞും സംഗീതം പോലെ, ഏതോ വിപുലാധരങ്ങൾ പോലെ അവളെന്നെ പൊതിയും.

ലാളനകളുടെ, മന്ത്രണങ്ങളുടെ, ചുംബനങ്ങളുടെ വരവും പോക്കുമായിരുന്നു അവളുടെ സാന്നിദ്ധ്യം. അവളിലേക്കെടുത്തുചാടുമ്പോൾ ആകെ മുങ്ങിനനയുന്ന ഞാൻ ഒന്നു കണ്ണു ചിമ്മുന്ന നേരത്തിനിടയ്ക്കു കാണാം, തല ചുറ്റിക്കുന്നൊരുയരത്തിൽ നിഗൂഢമായൊരു വിധം ആകാശത്തു തങ്ങിനില്ക്കുന്നതും പിന്നെ ഒരു തൂവലെന്ന പോലെ ഉണങ്ങിയ നിലത്തു പതിയെ വന്നുപതിക്കുന്നതും. ആ ജലത്തിന്റെ തൊട്ടിലാട്ടത്തിൽ കിടന്നുറങ്ങുന്നതിനോടു സാമ്യപ്പെടുത്താവുന്നതായി ഒന്നുമില്ല; ഉണ്ടെങ്കിലത്, ചിരിച്ചുല്ലസിക്കുന്ന വെളിച്ചത്തിന്റെ ഒരായിരം ചാട്ടയടികളേറ്റ്, അടക്കിച്ചിരിയുടെ ഒരായിരം പ്രഹരങ്ങളേറ്റ് ഉറക്കത്തിൽ നിന്നുണരുക എന്നതു മാത്രം.

എന്നിട്ടുകൂടി അവളുടെ സത്തയുടെ ഉള്ളിലേക്കിറങ്ങാൻ എനിക്കു കഴിഞ്ഞതേയില്ല. വേദനയുടെയും മരണത്തിന്റെയും നഗ്നതയിൽ സ്പർശിക്കാൻ എനിക്കു കഴിഞ്ഞില്ല. തിരകൾക്കതുണ്ടാവില്ലെന്നാവാം, സ്ത്രീയെ വിധേയയും നശ്വരയുമാക്കുന്ന ആ നിഗൂഢമർമ്മം, സർവ്വതും പിണഞ്ഞുചേരുകയും കെട്ടുപിണയുകയും പിന്നെ നിവരുകയും ഒടുവിൽ മൂർച്ഛിക്കുകയും ചെയ്യുന്ന ആ വൈദ്യുതമുകുളം. അവളുടെ വൈകാരികത, സ്ത്രീകളുടേതു പോലെ, അലകളായി പടർന്നു; പക്ഷേ ഒരേ കേന്ദ്രത്തിൽ നിന്നു പുറപ്പെടുന്ന വൃത്തങ്ങളായിട്ടല്ല, ഓരോ തവണയും പുറത്തേക്കു പുറത്തേക്കു വ്യാപിക്കുന്ന, മറ്റു നക്ഷത്രമണ്ഡലങ്ങളിലേക്കെത്തുന്ന വിഷമകേന്ദ്രവൃത്തങ്ങളായി. അവളെ പ്രേമിക്കുക എന്നാൽ വിദൂരസമ്പർക്കങ്ങളിലേക്കു നീളുക എന്നായിരുന്നു, ഉണ്ടെന്നു നാം സംശയിക്കുക പോലും ചെയ്യാത്ത നക്ഷത്രങ്ങളൊത്തു സ്പന്ദിക്കുക എന്നായിരുന്നു. പക്ഷേ അവളുടെ മദ്ധ്യബിന്ദു...ഇല്ല, അവൾക്കങ്ങനെയൊരു കേന്ദ്രബിന്ദു ഉണ്ടായിരുന്നില്ല, എന്നെ ഉള്ളിലേക്കു വലിച്ചെടുത്തു ശ്വാസം മുട്ടിക്കുന്ന ചുഴലി പോലെ ഒരു ശൂന്യത മാത്രം.

അടുത്തടുത്തു നിവർന്നുകിടന്ന് ഞങ്ങൾ സ്വകാര്യങ്ങളും മന്ത്രണങ്ങളും മന്ദഹാസങ്ങളും കൈമാറി. ഒരു ചുരുളു പോലെ എന്റെ നെഞ്ചിൽ വന്നുവീഴുന്ന അവൾ പിന്നെ അവിടെ മർമ്മരങ്ങളുടെ സസ്യജാലം പോലെ വിടരുകയായി. ഒരു കുഞ്ഞു ശംഖു പോലെ എന്റെ കാതിൽ അവൾ പാടി. അവൾ വിനീതയായി, സുതാര്യയായി; ഒരു കൊച്ചുജീവിയെപ്പോലെ എന്റെ കാലടികളിൽ പറ്റിപ്പിടിച്ചവൾ കിടന്നു, അലയടങ്ങിയ ജലം പോലെ. ഉള്ളിലെ ചിന്തകളെല്ലാം വായിച്ചെടുക്കാവുന്നത്ര അവൾ തെളിഞ്ഞതായിരുന്നു.

ചില രാത്രികളിൽ അവളുടെ ചർമ്മം മിന്നാമിനുങ്ങിന്റേതു പോലെ ഭാസുരമാകും; അപ്പോൾ അവളെ ആശ്ളേഷിക്കുക അഗ്നി കൊണ്ടു പച്ച കുത്തിയ രാത്രിയുടെ ഒരു ഖണ്ഡത്തെ ആശ്ളേഷിക്കുന്നതു പോലെയായിരുന്നു. മറ്റു ചിലപ്പോൾ അവൾ കറുമ്പിയും കടുപ്പക്കാരിയുമാകും. ഓർത്തിരിക്കാത്ത നേരത്താണവൾ അലറുക, ഞരങ്ങുക, പിടയുക. അവളുടെ രോദനങ്ങൾ അയല്ക്കാരെ ഉണർത്തുന്നതായിരുന്നു. അവളുടെ കരച്ചിൽ കേട്ട് കടല്ക്കാറ്റു വന്ന് വീടിന്റെ വാതില്പാളിയിൽ മാന്തും, അല്ലെങ്കിൽ മേല്ക്കൂരയിൽ കയറി ഉച്ചത്തിൽ പിച്ചും പേയും പറയും. മൂടിക്കെട്ടിയ ദിവസങ്ങളിൽ അവൾക്കാകെ ഈറ പിടിയ്ക്കും; അപ്പോഴവൾ മേശയും കസേരയും തല്ലിപ്പൊട്ടിക്കും, അസഭ്യങ്ങൾ വിളിച്ചുപറയും, അധിക്ഷേപങ്ങളും നരച്ചതും പച്ചച്ചതുമായ പതയും കൊണ്ട് എന്നെ പൊതിയും. അവൾ കാറിത്തുപ്പി, അലറിക്കരഞ്ഞു, ശാപങ്ങളും പ്രവചനങ്ങളും എടുത്തെറിഞ്ഞു. ചന്ദ്രന്റെ, നക്ഷത്രങ്ങളുടെ, അന്യഗോളങ്ങളുടെ സ്വാധീനത്തിനനുസരിച്ച് അവളുടെ മനോഭാവങ്ങളും അവളുടെ ആകാരവും മാറിമാറിക്കൊണ്ടിരുന്നു. എനിക്കത് അതിവിചിത്രമായിത്തോന്നി; അതു പക്ഷേ, കടലിന്റെ ഏറ്റിറക്കങ്ങൾ പോലെ മാരകവുമായിരുന്നു.

അവൾ പിന്നെ ഏകാന്തതയെക്കുറിച്ചു പരാതി പറയാൻ തുടങ്ങി. ചിപ്പികളും ശംഖുകളും രോഷത്തിന്റെ നാളുകളിൽ അവൾ തകർത്ത കൊച്ചു തോണികളും പെറുക്കി ഞാൻ വീടു നിറച്ചു. (ബിംബങ്ങളുടെ കേവുഭാരവുമായി ഓരോ രാത്രിയിലും എന്റെ നെറ്റിത്തടത്തിൽ നിന്നു കടവു വിട്ട എത്രയെത്ര നൗകകളാണ്‌ അവളുയർത്തിയ ഘോരമോ സൗമ്യമോ ആയ ചുഴലിക്കാറ്റുകളിൽ പെട്ടു മുങ്ങിത്താണത്!) എത്രയെത്ര കുഞ്ഞുനിധികളാണ്‌ അക്കാലത്തെനിക്കു നഷ്ടമായത്! പക്ഷേ എന്റെ തോണികളും ചിപ്പികളുടെ മൗനഗാനവും കൊണ്ട് അവൾ തൃപ്തയായില്ല. മത്സ്യങ്ങളുടെ ഒരു കോളണി തന്നെ എനിക്കെന്റെ വീട്ടിൽ സ്ഥാപിക്കേണ്ടിവന്നു. അവ എന്റെ കൂട്ടുകാരിയിൽ നീന്തിനടക്കുന്നതും അവളുടെ മുലകളിൽ തഴുകുന്നതും അവളുടെ തുടകൾക്കിടയിൽ കിടന്നു മയങ്ങുന്നതും മിന്നുന്ന നിറപ്പൊട്ടുകൾ കൊണ്ടവളുടെ മുടിയലങ്കരിക്കുന്നതും അസൂയയില്ലാതെയല്ല ഞാൻ നോക്കിനിന്നതും. 

ആ മത്സ്യങ്ങളിൽ ചിലത് എത്രയും ഘോരവും ബീഭത്സവുമായിരുന്നു; തറഞ്ഞ കൂറ്റൻ കണ്ണുകളും അറുക്കവാൾ പോലത്തെ വായകളുമുള്ള രക്തദാഹികൾ, അക്വേറിയം വ്യാഘ്രങ്ങൾ. അവയോടൊപ്പം കൂത്താടുന്നതിൽ ആനന്ദം കണ്ടെത്താൻ എന്റെ കൂട്ടുകാരിയെ പ്രേരിപ്പിച്ച മാനസികവൈകല്യമേതാണെന്ന് എനിക്കൊരു പിടിയുമില്ല; ഒരു ലജ്ജയുമില്ലാതെ അവൾ അവയോടു കാണിച്ച അടുപ്പത്തിന്റെ പൊരുൾ തിരഞ്ഞുപോകാൻ എനിക്കു താല്പര്യവുമില്ല. ആ ബീഭത്സജീവികളുമായി മണിക്കൂറുകൾ കണക്കിനാണ്‌ അവൾ മുറിയിൽ അടച്ചിട്ടു കഴിഞ്ഞത്. ഒരു ദിവസം എനിക്കെന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഞാൻ കതകു തള്ളിത്തുറന്ന് അവയ്ക്കു മേൽ ചാടിവീണു. അവ പ്രേതങ്ങളെപ്പോലെ മെയ്‌വഴക്കത്തോടെ എന്റെ കൈകൾക്കിടയിൽ നിന്നു വഴുതിപ്പോകുമ്പോൾ അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് എന്നെ ഇടിച്ചുവീഴ്ത്തി. ഞാനിതാ മുങ്ങിച്ചാവുന്നു, ഞാൻ മരണത്തിന്റെ വക്കിലെത്തിയിരിക്കുന്നു എന്നെനിക്കു തോന്നിത്തുടങ്ങുമ്പോഴാണ്‌ അവളെന്നെ സാവധാനം കരയിലേക്കു നിക്ഷേപിക്കുന്നത്; എനിക്കു കാര്യങ്ങളറിയില്ല എന്നു പറഞ്ഞുകൊണ്ട് അവളെന്നെ ചുംബിക്കാൻ തുടങ്ങി. ഞാൻ ദുർബലനായെന്ന്, ക്ഷീണിതനായെന്ന്, അപമാനിതനായെന്ന് എനിക്കു തോന്നി. അതേ സമയം അവളുടെ മാംസളതയുടെ സുഖത്തിൽ എന്റെ കണ്ണുകളടയുകയും ചെയ്തു; അവളുടെ സ്വരമാധുര്യം അത്രയ്ക്കായിരുന്നു, അവളെന്നോടു പറഞ്ഞത് മുങ്ങിമരിച്ചവരുടെ ഹൃദ്യമായ മരണത്തെക്കുറിച്ചുമായിരുന്നു. സ്വബോധം വീണ്ടെടുത്തപ്പോൾ ഞാനവളെ ഭയക്കാനും വെറുക്കാനും തുടങ്ങി.

ഞാൻ സ്വന്തം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ നടക്കുകയായിരുന്നു. ഞാൻ വീണ്ടും കൂട്ടുകാരെ പോയിക്കാണാനും എനിക്കു പ്രിയപ്പെട്ട പഴയ ബന്ധങ്ങൾ പുതുക്കാനും തുടങ്ങി. ഞാൻ എന്റെ മുമ്പത്തെ ഒരു കാമുകിയെ കണ്ടു. മറ്റാരോടും പറയില്ലെന്ന് അവളെക്കൊണ്ട് ആണയിടീച്ച ശേഷം ഞാൻ അവളോട് തിരയുമൊത്തുള്ള എന്റെ ജീവിതത്തെക്കുറിച്ചു പറഞ്ഞു. ഒരു പുരുഷനെ രക്ഷപ്പെടുത്താൻ അവസരം കിട്ടുക എന്നതിനേക്കാൾ സ്ത്രീകളുടെ മനസ്സിളക്കുന്ന മറ്റൊന്നില്ല. എന്റെ രക്ഷക തനിക്കറിയാവുന്ന വിദ്യകളൊക്കെ പ്രയോഗിച്ചു; ഒരു സ്ത്രീയ്ക്ക്, പരിമിതമായ ഉടലുകളും ആത്മാക്കളും മാത്രം കൈയിലുവൾക്ക് എന്നും മാറിക്കൊണ്ടിരിക്കുന്ന എന്റെ കൂട്ടുകാരിയെ അഭിമുഖീകരിക്കുമ്പോൾ എന്തു ചെയ്യാൻ കഴിയും? നിരന്തരമായ രൂപാന്തരങ്ങൾക്കിടയിലും അവൾ അവളായിത്തന്നെ ഇരിക്കുകയുമാണ്‌.

മഞ്ഞുകാലം വന്നു. ആകാശത്തിനു നരച്ച നിറമായി. നഗരത്തിനു മേൽ പുകമഞ്ഞിറങ്ങി. ചാറ്റമഴ തുള്ളികളുറഞ്ഞ് പെയ്തുകൊണ്ടിരുന്നു. എന്റെ കൂട്ടുകാരി എന്നും രാത്രിയിൽ അലറിവിളിക്കാൻ തുടങ്ങി.

പകൽ മുഴുവൻ അവൾ ഒന്നും മിണ്ടാതെ, ദുർമുഖം കാണിച്ചുകൊണ്ട്  ഒഴിഞ്ഞുമാറിയിരിക്കും, ഒരു മൂലയ്ക്കിരുന്നു പിറുപിറുക്കുന്ന കിഴവിയെപ്പോലെ. അവൾ തണുത്തു; അവളുടെ കൂടെ കിടക്കുക എന്നാൽ രാത്രി മുഴുവൻ തണുത്തു വിറയ്ക്കുക എന്നായിരുന്നു, സ്വന്തം രക്തവും മജ്ജയും ചിന്തകളും പതുക്കെപ്പതുക്കെ തണുത്തുമരവിക്കുന്നതറിയുക എന്നായിരുന്നു. അവൾ അഗാധമായി, അപ്രാപ്യയായി, അസ്വസ്ഥയായി. പലപ്പോഴും ഞാൻ വീട്ടിൽ നിന്നു മാറിനിന്നു; ഓരോ തവണയും എന്റെ അസാന്നിദ്ധ്യത്തിന്റെ ദൈർഘ്യം കൂടിവന്നു. അവൾ തന്റെ മൂലയ്ക്കിരുന്നു നിർത്തില്ലാതെ അലമുറയിട്ടുകൊണ്ടിരുന്നു. ഉരുക്കു പോലത്തെ പല്ലുകളും ദ്രവിപ്പിക്കുന്ന നാവും കൊണ്ട് അവൾ ചുമരുകൾ കാർന്നുകാർന്നു വീഴ്ത്തി. എന്നെ ശകാരിച്ചും വിലപിച്ചും അവൾ രാത്രികൾ കഴിച്ചു. അവൾ പേടിസ്വപ്നങ്ങൾ കണ്ടു, ജ്വരസ്വപ്നങ്ങളിൽ പൊള്ളുന്ന കടലോരങ്ങളും സൂര്യനും കണ്ടു. അവൾ സ്വപ്നങ്ങളിൽ ധ്രുവദേശങ്ങൾ കണ്ടു; താൻ കൂറ്റനൊരു മഞ്ഞുകട്ടയായി രൂപം മാറിയതായും മാസങ്ങൾ ദീർഘിച്ച രാത്രികളിൽ കറുത്ത ആകാശത്തിനു ചുവട്ടിൽ ഒഴുകിനടക്കുന്നതായും സ്വപ്നം കണ്ടു. അവളെന്നെ അധിക്ഷേപിച്ചു. അവൾ ശപിക്കുകയും ചിരിക്കുകയും അട്ടഹാസച്ചിരികളും ഭൂതരൂപങ്ങളും കൊണ്ട് വീടു നിറയ്ക്കുകയും ചെയ്തു. വൈദ്യുതി പോലെ തൊടുന്നതെന്തിനേയും അവൾ കരിക്കട്ടയാക്കി. താനുരുമ്മിയതെന്തിനേയും അമ്ളം കൊണ്ടവൾ അലിയിച്ചു. അവളുടെ അഴകാർന്ന കൈകൾ എന്നെ കഴുത്തു ഞെരിച്ചുകൊല്ലുന്ന പരുക്കൻ കയറുകളായി. പച്ചനിറം പൂണ്ട, വഴങ്ങുന്ന ഉടൽ തല്ലിയിട്ടും തല്ലിയിട്ടും ദാഹം തീരാത്ത ചാട്ടവാറായി. ഞാൻ അവിടെ നിന്നു പലായനം ചെയ്തു. ബീഭത്സരൂപികളായ ആ മത്സ്യങ്ങൾ കൊലച്ചിരി ചിരിക്കുകയായിരുന്നു.

അവിടെ, ആ മലകളിൽ, നെടിയ പൈൻ മരങ്ങൾക്കും കൊല്ലികൾക്കുമിടയിൽ സ്വാതന്ത്ര്യത്തിന്റെ ചിന്ത പോലെ നേർത്ത, തണുത്ത വായു ഞാൻ ഉള്ളിലാക്കി. ഒരു മാസത്തിനൊടുവിൽ ഞാൻ മടങ്ങിപ്പോയി. ഞാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ആ മഞ്ഞുകാലത്തിനു നല്ല തണുപ്പായിരുന്നു. ചിമ്മിനിയുടെ മാർബിൾ പലകയ്ക്കു മുകളിലായി, തീയണഞ്ഞ അടുപ്പിനു തൊട്ടായി മഞ്ഞു കൊണ്ടൊരു പ്രതിമ ഞാൻ കണ്ടു. അവളുടെ മടുപ്പിക്കുന്ന സൗന്ദര്യം എന്റെ മനസ്സിളക്കിയില്ല. ഞാനവളെ വലിയൊരു കാൻവാസ് ചാക്കിനുള്ളിലാക്കി; പിന്നെ ഉറങ്ങുന്നവളെയും തോളിലിട്ട് ഞാൻ തെരുവിലേക്കിറങ്ങി.

നഗരത്തിനു പുറത്തുള്ള ഒരു ഹോട്ടലിലെ എന്റെയൊരു പരിചയക്കാരൻ വെയിറ്റർക്ക് ഞാനവളെ വിറ്റു; അയാൾ അപ്പോൾത്തന്നെ അവളെ ചെറുകഷണങ്ങളായി കൊത്തിനുറുക്കിയിട്ട് കുപ്പികൾ തണുപ്പിക്കുന്ന ബക്കറ്റുകളിൽ ശ്രദ്ധയോടെ നിക്ഷേപിക്കുകയും ചെയ്തു.





Wednesday, November 4, 2015

നെരൂദ - പേരുകൾ



എന്റെ വീടിന്റെ ഉത്തരത്തിൽ അവരുടെ പേരുകൾ ഞാൻ എഴുതിവച്ചുവെങ്കിൽ അതവർ പ്രശസ്തരായതുകൊണ്ടല്ല, അവരെന്റെ സഹചാരികളായിരുന്നതു കൊണ്ടാണ്‌.
റൊഹാസ് ജിമേനെസ്, നാടോടി, രാത്രിഞ്ചരൻ, വിടവാങ്ങലുകളുടെ ദുഃഖങ്ങൾ മുറിവേല്പിച്ചവൻ, ആനന്ദം കൊണ്ടു മരിക്കുന്നവൻ, പ്രാവു വളർത്തലുകാരൻ, നിഴലുകളിൽ ഭ്രാന്തെടുത്തവൻ.1
ജൊവാക്വിൻ സിഫ്വെന്റെസ്, പുഴവെള്ളത്തിൽ വെള്ളാരങ്കല്ലുകൾ പോലെയാണ്‌ അവന്റെ വരികൾ ഉരുണ്ടുനടന്നിരുന്നത്.2
ഫെദെറിക്കോ, ഇത്ര മേൽ എന്നെ ചിരിപ്പിച്ച ഒരാളില്ല, അവന്റെ മരണത്തിൽ ഞങ്ങൾ സങ്കടപ്പെട്ടത് ഒരു നൂറ്റാണ്ടായിരുന്നു.3
പോൾ എല്വാദ്, അവന്റെ കണ്ണുകൾക്ക് ആകാശനീലത്തിന്റെ നിറമായിരുന്നു, മണ്ണിനടിയിലും അവന്റെ കണ്ണുകൾക്ക് അതേ നീലബലം.4
മിഗ്വെൽ ഹെർണാണ്ടെഥ്, പ്രിൻസെസാ തെരുവിലെ മരങ്ങളിലിരുന്നുകൊണ്ട് രാപ്പാ ടിയെപ്പോലെന്നെ നോക്കി ചൂളമടിച്ചവൻ, എന്റെ രാപ്പാടിയെ അവർ പിന്നെ കൂട്ടിലടച്ചുകളഞ്ഞു.5
നാസിം, ഒച്ചപ്പാടുകാരനായ ഗായകകവി, ധീരനായ തറവാടി, ചങ്ങാതി.6
എന്തേ, ഇത്ര വേഗമവർ വിട്ടുപോയി? എന്റെ വീടിന്റെ കഴുക്കോലുകളിൽ നിന്നവർ കൊഴിഞ്ഞുവീഴില്ല. അവരിലോരോ ആളും ഓരോ വിജയമായിരുന്നു. അവരൊരുമിച്ചായിരുന്നു എന്റെ വെളിച്ചത്തിന്റെ ആകെത്തുക. ഇന്ന്, എന്റെ ശോകങ്ങളുടെ ഒരു കൊച്ചു സമാഹാരവും.
--------------------------------------------------------------------------------------------------------------
1. Alberto Rojas Jimenez(1900-1934)- നെരൂദയുടെ സതീർത്ഥ്യനും കവിയും; പുഴയിൽ മുങ്ങിമരിച്ചു. ആല്ബെർട്ടോ റൊഹാസ് ജിമേനെസ് പറന്നുവരുന്നു എന്ന കവിതയിലൂടെ നെരൂദ തന്റെ സ്നേഹിതനെ അനശ്വരനാക്കി.
2. Joaquin Cifuentes Sepulveda (1899-1929)- നെരൂദയുടെ അടുത്ത സ്നേഹിതനായ ചിലിയൻ കവി; ‘ജൊവാക്വിമിന്റെ അസാന്നിദ്ധ്യം’ എന്നൊരു കവിതയും അദ്ദേഹത്തെക്കുറിച്ച് നെരൂദ എഴുതിയിട്ടുണ്ട്.
3. Federico Garcia Lorca (1898-1936) - സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കൊല്ലപ്പെട്ട സ്പാനിഷ് കവി; Ode to Federico Garcia Lorca എന്ന കവിതയിൽ നെരൂദ അദ്ദേഹത്തെ ഓർക്കുന്നു.
4. Paul Eluard (1895-1952)- ഫ്രഞ്ച് സറിയലിസ്റ്റ് കവി.
5. Miguel Hernandez(1910-1942)- ഗ്രാമീണനായ സ്പാനിഷ കവി; സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ജയിലിൽ കിടന്നു മരിച്ചു.
6. Nazim Hikmet (1902-1963)ടർക്കിഷ് കവിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും; ജീവിതത്തിൽ കൂടുതൽ നാളും തടവും പ്രവാസവുമായി കഴിഞ്ഞു.

Friday, October 30, 2015

ബോർഹസ് - വേറെയും കാര്യങ്ങളുണ്ട്*


(എഛ്. പി. ലവ്ക്രാഫ്റ്റിന്റെ ഓർമ്മയ്ക്ക്)*

ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ എന്റെ അവസാനത്തെ പരീക്ഷയെഴുതാൻ തയാറെടുക്കുന്ന അവസരത്തിലാണ്‌ അമ്മാവനായ എഡ്വിൻ ആർണെറ്റ് തെക്കേ അമേരിക്കയുടെ വിദൂരമായ ഒരു കോണിൽ വച്ച് ധമനിവീക്കം വന്നു മരണമടഞ്ഞ വിവരം ഞാൻ അറിയുന്നത്. ആരെങ്കിലും മരിച്ചുവെന്നറിയുമ്പോൾ നമുക്കെല്ലാം തോന്നുന്ന ആ പശ്ചാത്താപം എനിക്കപ്പോൾ തോന്നി- അല്പം കൂടി ദയവു കാണിക്കാതിരുന്നതിന്റെ പേരിൽ, ഇനി പറഞ്ഞിട്ടു കാര്യമില്ലാത്ത ഒരു പശ്ചാത്താപം. നാമൊക്കെത്തന്നെ മരിച്ചവരുമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്ന മരിച്ചവർ തന്നെയാണെന്ന വാസ്തവം നാം മറക്കുന്നു. എന്റെ പഠനവിഷയം തത്ത്വശാസ്ത്രമായിരുന്നു. ബ്യൂണേഴ്സ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തുള്ള ലോമാസിനു സമീപം കാസ കോളൊറാഡ എന്ന വീട്ടിൽ വച്ച് എന്റെ അമ്മാവനാണ്‌ എനിക്കാദ്യമായി തത്ത്വശാസ്ത്രത്തിലെ മനോഹരമായ പ്രഹേളികകൾ വെളിവാക്കിത്തരുന്നതെന്ന കാര്യം ഞാൻ ഓർത്തു. ഇതിനാകട്ടെ, ഒരൊറ്റ സംജ്ഞാനാമത്തിന്റെ സഹായം പോലും അദ്ദേഹത്തിനു വേണ്ടിവന്നതുമില്ല. ബർക്ക്‌ലിയുടെ* ആശയവാദം എനിക്കു പരിചയപ്പെടുത്തിത്തരാൻ അത്താഴമേശയിലെ ഒരോറഞ്ചായിരുന്നു അദ്ദേഹത്തിന്റെ ഉപാധി; എലിയാറ്റിക്കുകളുടെ* വിരോധാഭാസങ്ങൾ വിശദീകരിക്കാൻ ഒരു ചെസ്സ് ബോർഡ് ധാരാളമായിരുന്നു. വർഷങ്ങൾക്കു ശേഷം അദ്ദേഹമെനിക്ക് സ്ഥലരാശിയ്ക്ക് നാലാമതൊരു മാനമുണ്ടെന്നു തെളിയിക്കാൻ ശ്രമിക്കുന്ന ഹിന്റന്റെ* പ്രബന്ധങ്ങൾ വായിക്കാൻ തന്നു; പല നിറങ്ങളിലുള്ള ചതുരക്കട്ടകൾ ഉപയോഗിച്ചു നടത്തുന്ന സങ്കീർണ്ണമായ അഭ്യാസങ്ങളിലൂടെ വായനക്കാരൻ  ആ നാലാം മാനത്തെ മനസ്സിൽ കാണണമെന്നാണ്‌ ഗ്രന്ഥകാരൻ ഉദ്ദേശിച്ചിരുന്നത്. അമ്മാവന്റെ വായനമുറിയുടെ തറയിൽ ഞങ്ങൾ കെട്ടിപ്പൊക്കിയ പിരമിഡുകളും പ്രിസങ്ങളും ഒരിക്കലും ഞാൻ മറക്കാൻ പോകുന്നില്ല.

അമ്മാവൻ എഞ്ചിനീയറായിരുന്നു. റയിൽവേയിലെ ജോലിയിൽ നിന്നു പിരിയുന്നതിനു മുമ്പ് ട്യൂർഡെറായിൽ ഒരു വീടു വച്ച് താമസം മാറ്റാൻ അദ്ദേഹം തീരുമാനിച്ചു; അവിടെയാവുമ്പോൾ ഒരൊഴിഞ്ഞ നാട്ടുമ്പുറത്തിന്റെ ഏകാന്തതയും കിട്ടും, ബ്യൂണേഴ്സ് അയേഴ്സ് അത്ര അകലെയുമല്ല. സ്വാഭാവികമായും വീടിന്റെ ആർക്കിടെക്റ്റ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അലക്സാണ്ടർ മ്യൂർ ആയിരുന്നു. ജോൺ നോക്സിന്റെ* അയവില്ലാത്ത സിദ്ധാന്തങ്ങളുടെ അനുയായി ആയിരുന്നു അയവില്ലാത്ത ഈ മനുഷ്യൻ. എന്റെ അമ്മാവൻ അക്കാലത്തെ മിക്ക മാന്യന്മാരെയും പോലെ സ്വതന്ത്രചിന്തകനായിരുന്നു; ഒന്നുകൂടി കൃത്യമാക്കി പറഞ്ഞാൽ ഒരു അജ്ഞേയതാവാദി. എങ്കില്ക്കൂടി അദ്ദേഹത്തിന്‌ ദൈവശാസ്ത്രത്തിലും താല്പര്യമുണ്ടായിരുന്നു; ഹിന്റന്റെ അയഥാർത്ഥമായ ചതുരക്കട്ടകളിലും യുവാവായ എഛ്. ജി. വെൽസിന്റെ രചനാസൗഷ്ഠവമാർന്ന ദുഃസ്വപ്നങ്ങളിലും കാണിച്ച അതേ താല്പര്യം. അദ്ദേഹത്തിനു നായ്ക്കളെ ഇഷ്ടമായിരുന്നു; താൻ ജനിച്ച ലിച്ഫീൽഡ് എന്ന വിദൂരനഗരത്തിന്റെ ഓർമ്മയ്ക്കായി സാമുവെൽ ജോൺസൺ എന്നു പേരിട്ട ഒരു നായയും അദ്ദേഹത്തിനുണ്ടായിരുന്നു.

പടിഞ്ഞാറു വശം ചതുപ്പുപാടങ്ങൾ അതിരിട്ട ഒരു കുന്നുമ്പുറത്താണ്‌ കാസ കോളൊറാഡ* നില്ക്കുന്നത്. വേലിക്കെട്ടിനു പുറത്തെ അറൗക്കേറിയ മരങ്ങൾ ഉള്ളിലെ മ്ളാനമായ അന്തരീക്ഷത്തെ മയപ്പെടുത്താൻ മതിയായില്ല. ഉഷ്ണിക്കുന്ന രാത്രികളിൽ കാറ്റു കൊണ്ടു കിടക്കാവുന്ന പരന്ന മേല്ക്കൂരയ്ക്കു പകരം സ്ലേറ്റുകല്ലു മേഞ്ഞ ചരിഞ്ഞ മേല്ക്കൂരയും ചതുരത്തിൽ ഒരു മണിമേടയുമാണ്‌ വീടിനുണ്ടായിരുന്നത്. ഇവയെല്ലാം കൂടി ചുമരുകൾക്കും ശോഷിച്ച ജനാലകൾക്കും മേൽ കനം തൂങ്ങുന്നതു പോലെ തോന്നിയിരുന്നു. ഈ വൈരൂപ്യമൊക്കെ കുട്ടിയായിരിക്കുന്ന കാലത്ത് ഞാൻ സഹിച്ചുപോന്നു, ഒരുമിച്ചു കഴിയുന്നു എന്നൊരു കാരണം കൊണ്ടു മാത്രം “ലോകം” എന്നു നാം പേരിട്ടു വിളിക്കുന്ന അന്യോന്യപ്പൊരുത്തമില്ലാത്ത ആ വസ്തുക്കളെ നാം സഹിക്കുന്ന പോലെ.

1921ൽ ഞാൻ നാട്ടിലേക്കു പോന്നു. നിയമത്തിന്റെ നൂലാമാലകൾ ഒഴിവാക്കുന്നതിനായി വീട് ലേലം ചെയ്തു വിറ്റിരുന്നു. മാക്സ് പ്രിറ്റോറിയസ് എന്നു പേരായ ഒരു അന്യനാട്ടുകാരനാണ്‌ അതു വാങ്ങിയത്; അതും തനിയ്ക്കു മുമ്പു ലേലം വിളിച്ചയാൾ പറഞ്ഞ തുകയുടെ ഇരട്ടി കൊടുത്ത്. കരാർ എഴുതേണ്ട താമസം, ഒരു വൈകുന്നേരത്ത് അയാൾ രണ്ടു ജോലിക്കാരുമായി എത്തി വീട്ടിലെ സകല പുസ്തകങ്ങളും ഫർണ്ണീച്ചറുകളും മറ്റു സാധനങ്ങളുമെടുത്ത് ഡ്രോവർ റോഡിനടുത്തുള്ള കുപ്പക്കുണ്ടിൽ കൊണ്ടുചെന്നു തള്ളി. (ഹിന്റൺ പുസ്തകങ്ങളിലെ രേഖാചിത്രങ്ങളും വലിയൊരു ഗ്ളോബും ഞാൻ വിഷാദത്തോടെ ഓർക്കുന്നു.) അടുത്ത ദിവസം അയാൾ മ്യൂറിനെ ചെന്നു കണ്ട് വീടിന്റെ പ്ളാനിൽ ചില ഭേദഗതികൾ നിർദ്ദേശിച്ചു; തനിക്കതു പറ്റില്ലെന്നു പറഞ്ഞ് അദ്ദേഹം അവജ്ഞയോടെ അതു തള്ളിക്കളയുകയാണുണ്ടായത്. ഒടുവിൽ ബ്യൂണേഴ്സ് അയേഴ്സിലെ ഒരു സ്ഥാപനം പണി നടത്താമെന്നേറ്റു. സ്ഥലത്തെ ആശാരിമാർ പണിയ്ക്കു കൂടിയില്ല; പിന്നെ ഗ്ളൂ സ്വദേശിയായ ഒരു മരിയാനി ആണ്‌ പ്രിറ്റോറിയസ് പറഞ്ഞ വ്യവസ്ഥകൾക്കനുസരിച്ച് തടിപ്പണികൾ ചെയ്തുകൊടുത്തത്. ഒരു രണ്ടാഴ്ചക്കാലം അയാൾക്ക് രാത്രിയിൽ അടച്ചിട്ട വാതിലിനു പിന്നിലിരുന്ന് പണിയെടുക്കേണ്ടി വന്നു. കാസ കോളൊറാഡയുടെ പുതിയ ഉടമസ്ഥൻ താമസത്തിനു കയറിയതും ഒരു രാത്രിയിലായിരുന്നു. അതിൽ പിന്നെ ജനാലകൾ തുറന്നിട്ടില്ല; എന്നാൽ ഇരുട്ടത്തവിടവിടെയായി വെളിച്ചത്തിന്റെ ചീളുകൾ കാണാമായിരുന്നു. ഒരു ദിവസം കാലത്ത് പാല്ക്കാരൻ ചെല്ലുമ്പോൾ വളർത്തുനായയുടെ തലയില്ലാത്ത ജഡം നടവഴിയിൽ കിടക്കുന്നതു കണ്ടു; അതിന്റെ ദേഹം കൊത്തിമുറിച്ചു നാനാവിധമാക്കിയിരുന്നു. ആ മഞ്ഞുകാലത്ത് അറൗക്കേറിയ മരങ്ങളും വെട്ടിവീഴ്ത്തി. പ്രിറ്റോറിയസിനെ പിന്നെയാരും കണ്ടിട്ടേയില്ല; അയാൾ സ്ഥലം വിട്ടു പോയതായിരിക്കുമെന്ന് എല്ലാവരും കരുതി.

ഈ വാർത്തകൾ, നിങ്ങൾക്കൂഹിക്കാവുന്നതു പോലെ, എന്നെ അസ്വസ്ഥനാക്കി. എന്റെ സ്വഭാവത്തിലെ ഏറ്റവും പ്രകടമായ ലക്ഷണം ജിജ്ഞാസയാണെന്ന് എനിക്കറിയാം; എന്റെ സ്വഭാവവുമായി ഒട്ടും ചേരാത്ത ഒരു സ്ത്രീയെ (അവൾ ആരാണെന്നും എന്താണെന്നും കണ്ടുപിടിക്കാൻ മാത്രമായി)വിവാഹം ചെയ്യുന്നതിലേക്കെന്നെ നയിച്ച, കറുപ്പുസത്തുപയോഗിച്ചു നോക്കാൻ (അതിൽ വിശേഷിച്ചൊന്നും ഞാൻ കണ്ടതുമില്ല) എന്നെ പ്രേരിപ്പിച്ച, അനന്തസംഖ്യകളുടെ ലോകത്തേക്കെന്നെ തിരിച്ചു വിട്ട, ഞാൻ ഇനി വിവരിക്കാൻ പോകുന്ന ഭയാനകമായ സാഹസമേറ്റെടുക്കാൻ എന്നെ തള്ളിവിട്ട അതേ ജിജ്ഞാസ. സ്വാഭാവികമായും ഇക്കാര്യത്തിൽ ഒരന്വേഷണം നടത്താൻ ഞാൻ തീരുമാനമെടുത്തു.

അലക്സാൻഡർ മ്യൂറിനെ പോയിക്കാണുക എന്നതായിരുന്നു എന്റെ ആദ്യത്തെ നടപടി. ഇരുണ്ട നിറവും മെലിഞ്ഞതെങ്കിലും ബലം തോന്നിക്കുന്ന നെടിയ രൂപവും: അതായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ. ഇപ്പോൾ വർഷങ്ങളുടെ ഭാരത്താൽ അദ്ദേഹം കൂനിപ്പോയിരിക്കുന്നു; താടിയാകെ വെളുത്തുനരച്ചു. അദ്ദേഹം എന്നെ തന്റെ ടെമ്പെർലീ എന്ന വീട്ടിനുള്ളിലേക്കു ക്ഷണിച്ചു. വീട് സ്വാഭാവികമായും എന്റെ അമ്മാവന്റെ വീടു പോലെ തന്നെയിരുന്നു; കാരണം രണ്ടും നല്ല കവിയും അത്ര മോശം ശില്പിയുമായ വില്ല്യം മോറിസ്സിന്റെ* കർക്കശപ്രമാണങ്ങൾക്കനുസരിച്ചു പണിതവയായിരുന്നല്ലോ.

ഞങ്ങൾ കാര്യമായൊന്നും സംസാരിച്ചില്ല; സ്കോട്ട്ലന്റിന്റെ ദേശീയചിഹ്നം മുൾച്ചെടിയായതു വെറുതെയല്ല. എന്നാലും കടുപ്പം കൂടിയ സിലോൺ ചായയും ഒരു തളിക നിറയെ ബിസ്ക്കറ്റും ( ഞാൻ ഇപ്പോഴും കുട്ടിയാണെന്ന പോലെ അദ്ദേഹം അതു പൊട്ടിച്ച് വെണ്ണ പുരട്ടിത്തന്നു) മിതവ്യയശീലനായ ഒരു കാൽവിനിസ്റ്റ് തന്റെ സ്നേഹിതന്റെ മകനു നല്കുന്ന ഒരു വിരുന്നു തന്നെയാണെന്ന് എനിക്കു തോന്നി. എന്റെ അമ്മാവനുമായി അദ്ദേഹം നടത്തിയിരുന്ന ദൈവശാസ്ത്രചർച്ചകൾ ഓരോ കളിക്കാരനും പ്രതിയോഗിയുടെ സഹകരണം ആവശ്യമായി വരുന്ന സുദീർഘമായ ചെസ്സുകളികൾ ആയിരുന്നു.

സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു; ഞാൻ ചെന്ന കാര്യത്തിനടുത്തെങ്ങും എത്തിയിട്ടുമില്ല. അസുഖകരമായ ഒരു നിശ്ശബ്ദത മ്യൂർ തന്നെ ഭഞ്ജിച്ചു.

“മോനേ,” അദ്ദേഹം പറഞ്ഞു, “നീ ഇത്രയും ദൂരം യാത്ര ചെയ്തിവിടെയെത്തിയത് എഡ്വിനെക്കുറിച്ചോ എനിക്കൊട്ടും താല്പര്യമില്ലാത്ത അമേരിക്കയെക്കുറിച്ചോ സംസാരിക്കാനല്ലെന്ന് എനിക്കറിയാം. കാസ കോളൊറാഡയുടെ വില്പനയും അതു വാങ്ങിയ ആ വിചിത്രവ്യക്തിയുമാണ്‌ നിന്റെ ഉറക്കം കെടുത്തുന്നത്. അതെന്റെയും ഉറക്കം കെടുത്തുന്നുണ്ടെന്നു കൂട്ടിക്കോ. തുറന്നു പറഞ്ഞാൽ എന്റെ മനസ്സിനു പിടിക്കാത്ത ഒരു സംഗതിയാണത്; എന്തായാലും എനിക്കറിയാവുന്നതു ഞാൻ പറയാം. അതധികമൊന്നുമില്ല.”

ഒരു നിമിഷത്തിനു ശേഷം, തിടുക്കമൊന്നുമില്ലാതെ, അദ്ദേഹം തുടർന്നു.

“എഡ്വിൻ മരിക്കുന്നതിനു മുമ്പ് മേയർ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചിരുന്നു. ഇടവകവികാരിയും അവിടെയുണ്ടായിരുന്നു. ഒരു കത്തോലിക്കാപ്പള്ളിയുടെ പ്ളാൻ വരച്ചു കൊടുക്കാനാണ്‌ അവർ എന്നെ വിളിപ്പിച്ചത്. പ്രതിഫലം എത്ര വേണമെങ്കിലും തരാമെന്നും പറഞ്ഞു. എന്റെ മറുപടി അപ്പോൾത്തന്നെ ഞാൻ കൊടുത്തു. എനിക്കു പറ്റില്ല, ഞാൻ പറഞ്ഞു, വിഗ്രഹങ്ങൾക്കു ബലിപീഠം പണിയുന്ന ദൈവവിരോധം ചെയ്യാൻ എന്നെ കിട്ടില്ല.“ അദ്ദേഹം പറഞ്ഞുനിർത്തി.

”ഇത്രേയുള്ളു?“ ഞാൻ ഒരു ധൈര്യത്തിനു ചോദിച്ചു.

”അല്ല. ആ ജൂതപ്പന്നി പ്രിട്ടോറിയസ്സിന്‌ ഞാൻ പണിത വീട് പൊളിച്ചിട്ട് അതേ സ്ഥാനത്ത് ഒരു ബീഭത്സവസ്തു ഉണ്ടാക്കണമത്രെ. ദൈവനിന്ദയ്ക്ക് എന്തൊക്കെ രൂപങ്ങളാവാം!“ വല്ലാത്ത ഗൗരവത്തോടെ ഇത്രയും പറഞ്ഞിട്ട് അദ്ദേഹം എഴുന്നേറ്റു.

ഞാൻ അവിടെ നിന്നിറങ്ങി വളവു തിരിയുമ്പോൾ ഡാനിയൽ ഇബേറ അടുത്തു കൂടി. നാട്ടുമ്പുറങ്ങളിൽ ആൾക്കാർ പരസ്പരമറിയുന്ന പോലെ ഞങ്ങൾക്കു തമ്മിലറിയാമെന്നേയുള്ളു. ട്യൂർഡെറായിലേക്കു താനുമുണ്ടെന്ന് അയാൾ പറഞ്ഞു. ഈ തരം തെമ്മാടികൾക്ക് ഞാനങ്ങനെ കാതു കൊടുക്കാറില്ല: തല്ലുപിടുത്തങ്ങളെക്കുറിച്ചുള്ള നേരാവണമെന്നില്ലാത്ത കഥകളുടെ ദുഷിച്ച കുത്തൊഴുക്കേ ഇവരിൽ നിന്നൊക്കെ പ്രതീക്ഷിക്കാനുള്ളു. ഒടുവിൽ വരുന്നതു വരട്ടേയെന്നു ഞാൻ വഴങ്ങിക്കൊടുത്തു. മിക്കവാറും ഇരുട്ടായിക്കഴിഞ്ഞിരുന്നു. അല്പമകലെയായി കുന്നുമ്പുറത്ത് കാസ കോളൊറാഡോ കാഴ്ചയിൽ വന്നപ്പോൾ ഇബേറ പെട്ടെന്ന് മറ്റൊരു തെരുവിലേക്കു മാറിനടന്നു. ഞാൻ കാര്യമന്വേഷിച്ചു. അയാളുടെ മറുപടി ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല.

“ഞാൻ ഡോൺ ഫിലിപ്പേയുടെ വലംകൈയാണ്‌,” അയാൾ പറഞ്ഞു. “പേടിത്തൊണ്ടനെന്ന വിളി കേൾക്കാൻ ഇതേവരെ ഞാൻ ഇട വരുത്തിയിട്ടില്ല. എന്നെ കാണാൻ മെർലോയിൽ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്തു വന്ന ആ ഉർഗോയിറ്റിയ്ക്ക് എന്തു സംഭവിച്ചുവെന്ന് നിങ്ങൾക്കൊരുപക്ഷേ ഓർമ്മയുണ്ടാവണം. അതിരിക്കട്ടെ, ഇതു കേൾക്കൂ- കുറച്ചു ദിവസം മുമ്പൊരു രാത്രിയിൽ ഞാൻ ഒരു പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു. ആ വീടിന്‌ ഒരു നൂറു വാര അടുത്തെത്തിയപ്പോൾ ഞാൻ എന്തോ ഒന്നിനെ കണ്ടു. എന്റെ കുതിര പിന്നാക്കം ചാടി; അതിന്റെ പുറത്തു പിടിച്ചിരുന്ന് പതുക്കെ അതിനെ മറ്റൊരിടവഴിയിലേക്കു മാറ്റിയോടിച്ചില്ലെങ്കിൽ ഇന്നീ കഥ പറയാൻ ഞാനുണ്ടാവുമായിരുന്നില്ല. ഞാൻ കണ്ടത്...” അയാൾ തല കുലുക്കിയിട്ട് കോപത്തോടെന്തോ പ്രാകി.


അന്നു രാത്രിയിൽ എനിക്കുറക്കം വന്നില്ല. പുലർച്ചയോടടുപ്പിച്ച് ഞാനൊരു മുദ്രണം സ്വപ്നം കണ്ടു- പിരനേസിയുടെ* ശൈലിയിൽ ചെയ്ത അതുപോലൊന്ന് ഞാൻ മുമ്പു കണ്ടിട്ടുമില്ല, കണ്ടു മറന്നിട്ടുമില്ല. ഒരുതരം ലാബിരിന്തിന്റെ* ചിത്രം. സൈപ്രസ് മരങ്ങൾ അതിരിടുന്ന, കല്ലു കൊണ്ടു പടുത്ത ഒരാംഫി തിയേറ്ററായിരുന്നു അത്; അതിന്റെ ചുമരുകൾക്ക് മരത്തലപ്പുകളേക്കാൾ ഉയരവുമുണ്ടായിരുന്നു. വാതിലുകളോ ജനാലകളോ ഇല്ല; പകരം വീതി കുറഞ്ഞ്, കുത്തനേയുള്ള വിടവുകളുടെ അനന്തമായ ഒരു നിര അതിൽ തുള വീഴ്ത്തിയിരുന്നു. ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് ഞാൻ അതിനുള്ളിലെ മിനോട്ടാറിനെ തിരയുകയായിരുന്നു. ഒടുവിൽ ഞാനതിനെ കണ്ടു. അതൊരു ബീഭത്സസത്വമായിരുന്നു; കാളയെക്കാളേറെ പോത്തിനെയാണ്‌ അതോർമ്മിപ്പിച്ചത്; അതിന്റെ മനുഷ്യശരീരം നിലത്തു കിടക്കുകയായിരുന്നു. അതു സ്വപ്നം കണ്ടുറക്കമാണെന്നു തോന്നി- എന്തിനെയാണ്‌, ആരെയാണതു സ്വപ്നം കാണുന്നത്?

അന്നു വൈകിട്ട് ഞാൻ കാസ കോളൊറാഡയ്ക്കടുത്തു കൂടി കടന്നുപോയി. ഗെയ്റ്റ് അടച്ചിരിക്കുകയായിരുന്നു; അതിന്റെ ഇരുമ്പഴികൾ ചിലത് വളച്ചൊടിച്ച നിലയിൽ കണ്ടു. ഒരു കാലത്തെ പൂന്തോട്ടത്തിൽ കള കേറി വളർന്നിരിക്കുന്നു. വലതു ഭാഗത്തായി ആഴം കുറഞ്ഞ ഒരു കുളമുണ്ടായിരുന്നതിന്റെ വക്കുകൾ ചവിട്ടിക്കുഴച്ചിട്ടിരിക്കുന്നു.

ഒരു ചീട്ടേ ബാക്കിയുണ്ടായിരുന്നുള്ളു; പക്ഷേ അതു പുറത്തെടുക്കാതെ ഞാൻ ദിവസങ്ങൾ തള്ളിത്തള്ളി നീക്കി- അതുകൊണ്ട് ഒരു ഫലവും ഉണ്ടാകാൻ പോകുന്നില്ല എന്നറിയാമായിരുന്നു എന്നതുകൊണ്ടു മാത്രമല്ല, അനിവാര്യമായതിലേക്ക്, ആത്യന്തികമായതിലേക്ക് അതെന്നെ വലിച്ചിഴയ്ക്കും എന്നറിയുന്നതുകൊണ്ടു കൂടിയായിരുന്നു.

ഒടുവിൽ, വലിയ പ്രതീക്ഷയൊന്നും കൂടാതെ, ഞാൻ ഗ്ളൂവിലേക്കു പോയി. മരപ്പണിക്കാരൻ മരിയാനി തടിച്ചു തുടുത്ത ഒരിറ്റലിക്കാരനായിരുന്നു- തുറന്നു പെരുമാറുന്ന, നാട്യങ്ങളൊന്നുമില്ലാത്ത സാധാരണ മനുഷ്യൻ. ഇപ്പോൾ പ്രായമായിരിക്കുന്നു. അയാളെ കണ്ട നിമിഷം തന്നെ തലേ രാത്രിയിൽ മെനഞ്ഞെടുത്ത തന്ത്രങ്ങൾ ഞാൻ ഉപേക്ഷിച്ചുകളഞ്ഞു. ഞാൻ അയാൾക്ക് എന്റെ വിസിറ്റിംഗ് കാർഡ് കൊടുത്തു. ഒരുതരം ഭവ്യതയോടെയാണ്‌ അയാളതു വായിച്ചത്; പി. എഛ്ഡി എന്ന ഭാഗമെത്തിയപ്പോൾ ശബ്ദത്തിൽ ബഹുമാനസൂചകമായ ഒരു പതറലും വന്നുകണ്ടു. ട്യൂർഡെറായിലെ എന്റെ അമ്മാവന്റെ വീട്ടിലേക്കു പണിതു കൊടുത്ത ഉരുപ്പടികളെക്കുറിച്ചറിയാൻ ആഗ്രഹമുണ്ടെന്നു ഞാൻ പറഞ്ഞു. അയാൾ ഒരുപാടൊക്കെ പറഞ്ഞു. അയാളുടെ വാക്കുകളുടെയും ചേഷ്ടകളുടെയും കുത്തൊഴുക്ക് അതേപോലെ ഇവിടെ പകർത്തിവയ്ക്കാൻ ഞാൻ തുനിയുന്നില്ല. അയാൾ പറഞ്ഞതിതാണ്‌: ഇടപാടുകാരന്റെ ആവശ്യം, അതിനി എത്ര വിചിത്രമായിക്കോട്ടെ, നടത്തിക്കൊടുക്കുക എന്നതാണ്‌ തന്റെ പ്രമാണം; താനതിൽ കുറവു വരുത്തിയിട്ടുമില്ല. അയാൾ മേശവലിപ്പുകൾ പരതിയിട്ട് ചില കടലാസ്സുകളെടുത്ത് എന്നെ കാണിച്ചു; എനിക്കവ കണ്ടിട്ട് തലയും വാലും പിടി കിട്ടിയില്ല; അതിലൊക്കെ പിടി തരാത്ത ആ പ്രിട്ടോറിയസ്സിന്റെ ഒപ്പുമുണ്ടായിരുന്നു. (ഞാനേതോ വക്കീലാണെന്ന് മരിയാനി വിചാരിച്ചിട്ടുണ്ടാവണം.) യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാൾ എന്റെ ചെവിയിൽ പറഞ്ഞു, നിധി കൊടുക്കാമെന്നു പറഞ്ഞാല്ക്കൂടി താനിനി ആ വീടു പോകട്ടെ, ട്യൂർഡെറായിൽത്തന്നെ കാലെടുത്തു കുത്തില്ലെന്ന്. ഒരിടപാടുകാരനേയും ഇകഴ്ത്തിക്കാണരുതെങ്കിലും തന്റെ എളിയ അഭിപ്രായത്തിൽ ഈ പ്രിറ്റോറിയസ്സ് ഒരല്പം വട്ടനാണെന്നും അയാൾ കൂട്ടിച്ചേർത്തു. എന്നിട്ട് അത്രയും പറഞ്ഞതു തന്നെ കൂടിപ്പോയെന്ന മട്ടിൽ അയാളുടെ വായടഞ്ഞു. പിന്നൊരു വാക്ക് അയാളിൽ നിന്നെനിക്കു വീണുകിട്ടിയില്ല.

ഈ പരാജയം ഞാൻ മുൻകൂട്ടിക്കണ്ടതു തന്നെയായിരുന്നു; എന്നാൽ ഒരു കാര്യം മുൻകൂട്ടിക്കാണുക എന്നതും അതു കണ്മുന്നിൽ നടന്നുകാണുക എന്നതും രണ്ടും രണ്ടാണല്ലോ.

എത്ര തവണ ഞാൻ സ്വയം ശാസിച്ചതാണ്‌, ഈ പ്രഹേളികയുടെ പൊരുളു കണ്ടുപിടിക്കാൻ ഞാൻ തുനിഞ്ഞിറങ്ങേണ്ട കാര്യമില്ലെന്ന്. യഥാർത്ഥത്തിലുള്ള പ്രഹേളിക ഒന്നേയുള്ളു- അതു കാലമാണ്‌: അന്നും ഇന്നും എന്നും ഇന്നലെയും നാളെയുമെല്ലാം കൂടി നെയ്തെടുക്കുന്ന അനന്തജാലം. ഈ ഗഹനചിന്തനങ്ങൾ കൊണ്ടൊന്നും പക്ഷേ  ഫലമില്ലാതെയാണു വന്നത്. വൈകുന്നേരം മുഴുവൻ ഷോപ്പൻഹോവറിന്റെയോ* റോയ്സിന്റെയോ* പുസ്തകങ്ങളിൽ ആണ്ടുമുഴുകുന്ന ഞാൻ രാത്രിയാകുന്നതോടെ കാസ കോളൊറാഡയെ ചുറ്റിക്കിടക്കുന്ന ചെളിപ്പാതകളിലൂടെ നടക്കാനിറങ്ങുകയായി. ചിലപ്പോൾ കുന്നുമ്പുറത്ത് നല്ല വെളുത്ത വെളിച്ചം പോലെന്തോ കണ്ടെന്നു തോന്നും; മറ്റു ചിലപ്പോൾ ഞരക്കം പോലെന്തോ കേട്ട പോലെയും. ജനുവരി പത്തൊമ്പതു വരെ ഇതിങ്ങനെ പോയി.

വേനൽ തന്നെ പീഡിപ്പിക്കുകയും അവഹേളിക്കുകയും മാത്രമല്ല, അപകൃഷ്ടനാക്കുകയും ചെയ്യുന്നു എന്നൊരാൾക്കു തോന്നുന്ന ചില ദിവസങ്ങളുണ്ട് ബ്യൂണേഴ്സ് അയേഴ്സിൽ. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു. രാത്രി പതിനൊന്നു മണിയോടടുപ്പിച്ച് കൊടുങ്കാറ്റു വീശിത്തുടങ്ങി. തെക്കൻ കാറ്റിനു പിന്നാലെ മഴ കോരിച്ചൊരിഞ്ഞു. കയറി നില്ക്കാൻ ഒരു മരച്ചുവടു തേടി ഇരുട്ടത്തു ഞാൻ പരക്കം പാഞ്ഞു. പെട്ടെന്നു വീശിയ മിന്നലിന്റെ രൂക്ഷമായ വെളിച്ചത്തിൽ വേലിയിൽ നിന്നു ചുവടുകൾ മാത്രം അകലെയാണു ഞാനെന്ന് എനിക്കു മനസ്സിലായി. പേടി കൊണ്ടോ പ്രതീക്ഷ കൊണ്ടോ എന്നറിയില്ല, ഗെയ്റ്റ് തള്ളിത്തുറക്കാനാണ്‌ എനിക്കപ്പോൾ തോന്നിയത്. ഞാൻ കരുതിയതിനു വിപരീതമായി ഗെയ്റ്റ് തുറക്കുകയും ചെയ്തു. കാറ്റിന്റെ തള്ളിച്ചയിൽ ഞാൻ ഉള്ളിലേക്കു കയറി; ഭൂമിയും ആകാശവും എന്നെ തള്ളിവിടുകയായിരുന്നു. വീടിന്റെ മുൻവാതിലും തുറന്നുകിടക്കുകയായിരുന്നു. പെട്ടെന്നൊരു മഴ സീല്ക്കാരത്തോടെ എന്റെ മുഖത്തടിച്ചു; ഞാൻ അകത്തേക്കു കടന്നു.

ഉള്ളിൽ തറയോടുകളെല്ലാം ഇളക്കിമാറ്റിയിരുന്നു; കാലു വച്ചത് മെടഞ്ഞു വളർന്ന പുല്ലിലായിരുന്നു. മനം പുരട്ടലുണ്ടാക്കുന്ന, ഒരു തരം മധുരിക്കുന്ന ഗന്ധം വീടു നിറഞ്ഞുനിന്നു. ഇടത്തോ വലത്തോ എന്നു നല്ല തീർച്ചയില്ല, ഒരു ചരിവുപടിയിൽ എന്റെ കാലു തടഞ്ഞു. ഞാൻ അതിലുടെ തപ്പിപ്പിടിച്ചു മുകളിലേക്കു കയറി. ഞാനറിയാതെ തന്നെ എന്നു പറയാം, എന്റെ കൈ ലൈറ്റിന്റെ സ്വിച്ചിലേക്കു നീണ്ടു.

എന്റെ ഓർമ്മയിലെ ഭക്ഷണമുറിയും വായനമുറിയും ഇടച്ചുമരിടിച്ചുകളഞ്ഞിട്ട് വലിയ ഒറ്റ മുറിയാക്കിയിരിക്കുന്നു; അവിടവിടെയായി മേശയോ കസേരയോ പോലെ ചിലത് ചിതറിക്കിടന്നിരുന്നു. അവ എങ്ങനെയുള്ളതായിരുന്നുവെന്നു വിവരിക്കാൻ ഞാൻ മുതിരുന്നില്ല; കാരണം, നിർദ്ദയമായ വെളുത്ത വെളിച്ചമുണ്ടായിരുന്നിട്ടു കൂടി അവയെ ശരിക്കും കണ്ടതായി എനിക്കു നല്ല തീർച്ചയില്ല. ഞാൻ വിശദീകരിക്കാം: ഒരു വസ്തുവിനെ യഥാർത്ഥമായി നാം കാണണമെങ്കിൽ നമുക്കതു മനസ്സിലായിരിക്കണം. ഉദാഹരണത്തിന്‌, മനുഷ്യശരീരവും അതിന്റെ സന്ധികളും കൈകാലുകളും മനസ്സിലുണ്ടെങ്കിലേ ചാരുകസേര നമുക്കു മനസ്സിലാവുന്നുള്ളു; മുറിയ്ക്കുക എന്ന പ്രക്രിയ മനസ്സിൽ ഉള്ളതു കൊണ്ടാണ്‌ കത്രിക നമുക്ക് അർത്ഥവത്താകുന്നത്. ഒരു വിളക്കിനെയോ കാറിനെയോ എങ്ങനെയാണു നാം കാണുന്നത്? ഒരു കാട്ടുവർഗ്ഗക്കാരന്‌ സുവിശേഷവേലക്കാരന്റെ കൈയിലെ ബൈബിൾ പിടി കിട്ടുകയില്ല; കപ്പലിന്റെ കപ്പിയും പായയും കയറും കപ്പൽ ജോലിക്കാരൻ കാണുന്നതു പോലെയാവില്ല, യാത്രക്കാരൻ കാണുന്നത്. പ്രപഞ്ചത്തെ നാം ശരിക്കും കണ്ടാൽ നമുക്കതു മനസ്സിലായെന്നും വരാം.

അന്നു രാത്രിയിൽ ഞാൻ കണ്ട ഗ്രഹണാതീതമായ രൂപങ്ങളിൽ ഒന്നു പോലും മനുഷ്യാകൃതിയോടോ എന്തെങ്കിലും ഒരുപയോഗത്തോടോ ഘടിപ്പിക്കാവുന്നതായിരുന്നില്ല. എന്തെന്നില്ലാത്ത അറപ്പും ഭീതിയുമാണ്‌ എനിക്കു തോന്നിയത്. ഒരു മൂലയ്ക്ക് മുകളിലത്തെ നിലയിലേക്കു ചാരി വച്ചിരിക്കുന്ന ഒരു കോണി കണ്ടു. വീതിയിലുള്ള ഇരുമ്പുപടികൾ പത്തിനടുത്തേയുള്ളു; അവ പിടിപ്പിച്ചിരിക്കുന്നത് പ്രത്യേകിച്ചൊരു ക്രമത്തിലുമല്ല. ആ കോണി, അതു കൈയും കാലും സൂചിപ്പിക്കുന്നതിനാൽ, എന്റെ അസ്വസ്ഥത തെല്ലൊന്നു കുറച്ചു. ഞാൻ ലൈറ്റ് കെടുത്തിയിട്ട് അല്പനേരം ഇരുട്ടത്തു കാത്തുനിന്നു. നേരിയ ശബ്ദം പോലും കേൾക്കാനുണ്ടായിരുന്നില്ല. പക്ഷേ അത്രയധികം അഗ്രാഹ്യവസ്തുക്കളുടെ സാന്നിദ്ധ്യം എന്റെ മനസ്സമാധാനം കെടുത്തുകയായിരുന്നു. ഒടുവിൽ ഞാൻ ഒരു തീരുമാനമെടുത്തു.

മുകളിലത്തെ നിലയിലെത്തിയപ്പോൾ പേടി പൂണ്ട എന്റെ കൈ വീണ്ടും സ്വിച്ചിനു പരതി. താഴത്തെ നിലയിൽ നിഴൽ വീശിയ ദുഃസ്വപ്നം മുകളിൽ ജീവൻ വച്ചു തെഴുത്തു നില്ക്കുകയായിരുന്നു. കുറേയേറെ വസ്തുക്കൾ, അല്ലെങ്കിൽ പരസ്പരം ഇണക്കിവച്ച വസ്തുക്കൾ ഞാൻ കണ്ടു. നല്ല പൊക്കത്തിൽ U ആകൃതിയിൽ ശസ്ത്രക്രിയക്കുള്ള മേശ പോലൊന്നു കണ്ടത് ഞാൻ ഓർക്കുന്നു; അതിന്റെ രണ്ടറ്റത്തും വൃത്താകൃതിയിൽ ദ്വാരങ്ങളും ഉണ്ടായിരുന്നു. അത് ആ വീട്ടിലെ താമസക്കാരന്റെ കട്ടിലായേക്കാമെന്നു ഞാനോർത്തു; ഒരു മൃഗത്തിന്റെയോ ദൈവത്തിന്റെയോ രൂപം അതു വീശുന്ന നിഴലിലൂടെ വെളിവാകുന്നതുപോലെ ഇവിടത്തെ ആ സത്വത്തിന്റെ വിലക്ഷണമായ ശരീരഘടന ഈ വസ്തുവിലൂടെ പരോക്ഷമായി തെളിയുകയാവാം. പണ്ടെന്നോ ലൂക്കന്റെ* പുസ്തകത്തിൽ വായിച്ചു മറന്ന ഒരു പദം എന്റെ ചുണ്ടിൽ വന്നു: ആംഫിസ്ബീന*. എന്റെ കണ്ണുകൾ പിന്നീടു കാണാനിരുന്നതിനെ സൂചിപ്പിക്കാനുതകുന്ന, എന്നാൽ പൂർണ്ണമായി സ്പഷ്ടമാക്കാൻ അപര്യാപ്തമായ ഒരു വാക്ക്. മുകളിലത്തെ ഇരുട്ടിൽ വിലയിക്കുന്ന V ആകൃതിയിലുള്ള ഒരു കണ്ണാടിയും ഞാൻ ഓർക്കുന്നു.

ഈ വീട്ടിൽ താമസമാക്കിയ ജീവി എങ്ങനെയുള്ളതായിരിക്കും? നമുക്കെത്ര ജുഗുപ്ത്സാവഹമാണോ, അത്രയ്ക്കു തന്നെ അതിനും ജുഗുപ്ത്സാവഹമായ ഈ ഗ്രഹത്തിൽ അതു തേടുന്നതെന്താവാം? ജ്യോതിശാസ്ത്രത്തിന്റെയോ കാലത്തിന്റെയോ ഏതജ്ഞാതമണ്ഡലത്തിൽ നിന്നാവാം, ഇന്നു ഗണനാതീതമായ ഏതു പ്രാചീനസന്ധ്യയിൽ നിന്നാവാം ഈ തെക്കേ അമേരിക്കൻ നഗരപ്രാന്തത്തിൽ, ഈ രാത്രിയിൽ അതെത്തിയത്?

സൃഷ്ടിയ്ക്കു മുമ്പുള്ള അവ്യാകൃതത്തിൽ ക്ഷണിക്കാതെ ചെന്നുകയറിയവനാണു ഞാനെന്ന് എനിക്കു തോന്നി. പുറത്ത് മഴ നിലച്ചിരുന്നു. വാച്ചു നോക്കുമ്പോൾ രണ്ടു മണി ആവാറായിരിക്കുന്നു എന്ന് അത്ഭുതത്തോടെ ഞാൻ കണ്ടു. ലൈറ്റ് കെടുത്താതെ ജാഗ്രതയോടെ ഞാൻ കോണി വഴി താഴേക്കിറങ്ങാൻ തുടങ്ങി. കയറിപ്പോയത് തിരിച്ചിറങ്ങുക അസാദ്ധ്യമായിരുന്നില്ല- ഇവിടെ വസിക്കുന്നതെന്തോ, അതു തിരിച്ചെത്തുന്നതിനു മുമ്പ്. വാതിലും ഗെയ്റ്റും താഴിട്ടു പൂട്ടാത്തത് അതിന്‌ ആ വിദ്യ അറിവില്ലാത്തതു കൊണ്ടാണെന്ന് ഞാൻ ഊഹിച്ചു.

ഏണിയുടെ അവസാനത്തേതിനു തൊട്ടു മുമ്പത്തെ പടിയിൽ കാലടി തൊടുമ്പോഴാണ്‌ എന്തോ ചരിവുപടി കയറിവരുന്നത് ഞാൻ കേട്ടത്- കനത്തതും മന്ദഗതിയും അനേകവുമായ ഒന്ന്. ജിജ്ഞാസ ഭീതിയെ കവച്ചുവച്ചു; ഞാൻ കണ്ണു പൂട്ടിയില്ല.
----------------------------------------------------------------------------------------------------------------------


*There are more things in heaven and earth, Horatio,
Than are dreamt of in your philosophy...
(Hamlet to Horatio)

*H.P.Lovecraft(1890-1937) - ഹൊറർ നോവലുകളുടെ പേരിൽ പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരൻ

*Casa Colorado- സ്പാനിഷിൽ ചുവന്ന വീട് എന്നർത്ഥം

*George Berkeley(1685-1753)- ഇംഗ്ളീഷ് തത്ത്വചിന്തകൻ; യാഥാർത്ഥ്യമെന്നാൽ മനസ്സുകളും അവയുടെ ആശയങ്ങളുമാണെന്നു വാദിച്ചു.

*Eleatics - ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Parmenides എന്ന ഗ്രീക്ക് ദാർശനികന്റെ അനുയായികൾ; സത്ത ഏകമാണെന്നും ചലനവും പരിവർത്തനവും ഭ്രമമാണെന്നും വാദിച്ചു.

*Charles Howard Hinton(1853-1907)- ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞൻ

*Turdera - ബ്യൂണേഴ്സ് അയഴ്സിനു തെക്കു ഭാഗത്തുള്ള, അക്കാലത്ത് ജനവാസം കുറവായ ഒരു പ്രാന്തപ്രദേശം

* John Knox(1513-1572)- സ്കോട്ടിഷ് ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും. 

*William Morris(1834-1896)- ഇംഗ്ളീഷ് കവിയും നോവലിസ്റ്റും വിവർത്തകനും സാമൂഹ്യപ്രവർത്തകനും ഡിസൈനറും.

*Giovanni Battista Piranesi(1720-1778) റോമൻ ചിത്രകാരൻ.

*Labyrinth - ഗ്രീക്ക് പുരാണങ്ങൾ പ്രകാരം ക്രീറ്റിലെ മിനോസ് രാജാവിനു വേണ്ടി ഡീഡലസ് എന്ന ശില്പി പണിതു കൊടുത്ത ദുർഗ്ഗമനിർമ്മിതി. മിനോട്ടാർ എന്ന, കാളത്തലയും മനുഷ്യന്റെ ഉടലുമുള്ള സത്വത്തെ ഈ രാവണൻ കോട്ടയ്ക്കുള്ളിലാണ്‌ പാർപ്പിച്ചിരുന്നത്.

*Josia Royce(1855-1916)- അമേരിക്കൻ ആശയവാദചിന്തകൻ

*Arthur Schopenhaur(1788-1860)- ഭാരതീയദർശനങ്ങൾ കാര്യമായി സ്വാധീനിച്ച  ജർമ്മൻ തത്ത്വചിന്തകൻ.

*Lucan(39-65)- റോമൻ കവി

*Amphisbaena- കല്പിതകഥകളിലെ രണ്ടറ്റത്തും തലയുള്ള സർപ്പം; ഉറുമ്പു തിന്നു ജീവിക്കുന്നു.


Sunday, October 18, 2015

ഒക്റ്റേവിയോ പാസ് - പ്രാർത്ഥന


ഞാനൊരിക്കലും ഡോൺ ക്വിക്സോട്ടായിരുന്നിട്ടില്ല,
ഒരന്യായത്തിനും ഞാൻ പരിഹാരം കണ്ടിട്ടുമില്ല
(ചിലപ്പോഴൊക്കെ ആട്ടിടയന്മാരുടെ കല്ലേറു കൊണ്ടിട്ടുണ്ടെങ്കിലും)
എന്നാലെനിക്കാഗ്രഹമുണ്ട്,
അദ്ദേഹത്തെപ്പോലെ, കണ്ണുകൾ തുറന്നുവച്ചു മരിക്കാൻ.
മരിക്കുകയെന്നാൽ
നമുക്കറിവില്ലാത്തൊരിടത്തേക്ക്,
ആശയറ്റും നാം കാത്തിരിക്കുന്നൊരിടത്തേക്ക്
മടങ്ങുകയാണെന്നറിഞ്ഞുകൊണ്ടു മരിക്കാൻ.
കാലത്തിന്റെ മൂന്നവസ്ഥകളോടും
അഞ്ചു ദിശകളോടും ചേർന്നൊന്നായിക്കൊണ്ട്,
ആത്മാവ്- അല്ലെങ്കിൽ എന്തു പേരിട്ടാണോ അതിനെ വിളിക്കുന്നത്, അത്-
സുതാര്യതയായി മാറിക്കൊണ്ട് മരിക്കാൻ.
ജ്ഞാനോദയം വേണമെന്നു ഞാൻ പറയുന്നേയില്ല:
എനിക്കെന്റെ കണ്ണുകൾ തുറന്നാൽ മതി,
പിൻവാങ്ങുന്ന സൂര്യന്റെ നോട്ടത്തോടെ
ലോകത്തെ ഒന്നു കണ്ടാൽ മതി,
അതിനെ ഒന്നു സ്പർശിച്ചാൽ മതി.
തല ചുറ്റുമ്പോഴത്തെ നിശ്ചേഷ്ടതയായാൽ മതി,
കാലത്തെക്കുറിച്ചൊരു ബോധം കിട്ടിയാൽ മതി,
ഉപരോധിക്കപ്പെട്ട ആത്മാവൊന്നിമ വെട്ടുന്ന നേരത്തേക്കെങ്കിൽ
അത്രയെങ്കിലും.
ചുമയ്ക്കുകയും ഛർദ്ദിക്കുകയും കോടുകയും ചെയ്യുന്ന മുഖത്തിനു മുന്നിൽ
സ്വച്ഛമായൊരു പകലുണ്ടാവട്ടെ,
മഴ കഴുകിയ മണ്ണിനു മേൽ ഈറൻ വെളിച്ചമുണ്ടാവട്ടെ,
എന്റെ നെറ്റി മേൽ നിന്റെ സ്വരം, സ്ത്രീയേ,
ഏതോ പുഴയുടെ സൗമ്യസ്വഗതമാവട്ടെ.
ആ നിമിഷത്തിന്റെ തിരത്തലപ്പിൽ
ഞാനൊരാകസ്മികസ്ഫുരണമാവട്ടെ,
ക്ഷണികമായൊരു മിന്നായമാവട്ടെ:
ഓർമ്മയും മറവിയും, ഒടുവിൽ,
ഒരേ നിമിഷത്തെ ഒരേ തെളിമയാവട്ടെ.

Wednesday, September 23, 2015

നെരൂദ - കടല്‍




പ്രശാന്തസമുദ്രം ഭൂപടത്തിന്റെ അതിരുകളും കവിഞ്ഞു കിടന്നു. അതിനെ വയ്ക്കാനൊരിടം എവിടെയുമുണ്ടായില്ല. അതെവിടെയുമൊതുങ്ങാത്ത വണ്ണം അത്ര വലുതായിരുന്നു, വന്യമായിരുന്നു, നീലിച്ചതുമായിരുന്നു. അതുകൊണ്ടത്രേ എന്റെ ജനാലയ്ക്കു മുന്നിൽ അതുപേക്ഷിക്കപ്പെട്ടതും.

ഇത്രകാലമായി അതു വിഴുങ്ങിയ കൊച്ചുമനുഷ്യരെയോർത്ത് മാനവികവാദികൾ വേവലാതിപ്പെട്ടു.

അവർ കണക്കിൽ വരുന്നില്ല.

കറുവപ്പട്ടയും കുരുമുളകും കേറ്റി, അവയുടെ സുഗന്ധവും പാറ്റി വന്ന വൻകപ്പലുകളുമതേ.

അവയും കണക്കിൽ വരുന്നില്ല.

വിശന്നുപൊരിഞ്ഞ മനുഷ്യരുമായി തകിടം മറിഞ്ഞ പര്യവേക്ഷകരുടെ കപ്പലുമതേ. ഒരു കുഞ്ഞിത്തൊട്ടിൽ പോലതഗാധതയിലടിച്ചു തകർന്നു.


അതും കണക്കിൽ വരുന്നില്ല.


പെരുങ്കടലിൽ മനുഷ്യൻ ഒരുപ്പുകട്ട പോലെ അലിഞ്ഞുപോകുന്നു. ജലം അതറിയുന്നതുമില്ല.

Friday, September 18, 2015

ഒക്റ്റേവിയോ പാസ് - നീലച്ചെണ്ട്



വിയർപ്പിൽ കുളിച്ചു ഞാനുണർന്നു. അല്പം മുമ്പു വെള്ളം തളിച്ച ചുവന്ന ഇഷ്ടിക പാകിയ തറയിൽ നിന്ന് ആവി പൊങ്ങിയിരുന്നു. വെളിച്ചം കണ്ടന്ധാളിച്ച നരച്ച ചിറകുള്ള ഒരു ചിത്രശലഭം മഞ്ഞ ബൾബിനെ വട്ടം ചുറ്റി പറക്കുന്നുണ്ടായിരുന്നു. ഞാൻ കട്ടിലിൽ നിന്നു ചാടിയിറങ്ങി ചെരുപ്പില്ലാതെ മുറിയുടെ മറ്റേയറ്റത്തേക്കു നടന്നു. അല്പം ശുദ്ധവായു കിട്ടാൻ വേണ്ടി തന്റെ ഒളിസ്ഥലം വിട്ടിറങ്ങിയ വല്ല തേളും കാലിനടിയിൽ പെടാതെ നടന്ന് ജനാലയ്ക്കടുത്തു ചെന്ന് പുറത്തെ വായു ഞാൻ ഉള്ളിലേക്കെടുത്തു. വിപുലവും സ്ത്രൈണവുമായ രാത്രിയുടെ നിശ്വാസം കേൾക്കാം. പിന്നെ ഞാൻ തിരിച്ചു മുറിയുടെ നടുക്കു ചെന്ന് ജാറിലുണ്ടായിരുന്ന വെള്ളമെടുത്ത് ഒരു വെള്ളോട്ടുപാത്രത്തിലേക്കു പകർന്നിട്ട് അതിൽ ടൗവൽ നനച്ചെടുത്തു. ആ നനഞ്ഞ തുണി കൊണ്ട് ഞാൻ നെഞ്ചും കാലും തിരുമ്മി. പിന്നെ ദേഹമൊന്നുണങ്ങിയപ്പോൾ മടക്കുകളിലൊന്നും മൂട്ട ഒളിച്ചിരുപ്പില്ലെന്നുറപ്പു വരുത്തിക്കൊണ്ട് വസ്ത്രം ധരിച്ചു. പച്ചച്ചായമടിച്ച കോണിപ്പടി ഞാൻ ഓടിയിറങ്ങി. വാതില്ക്കൽ ഹോട്ടലുടമസ്ഥൻ ഇരിപ്പുണ്ടായിരുന്നു; ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള, അധികം മിണ്ടാട്ടമില്ലാത്ത ഒരു മനുഷ്യൻ. തൊണ്ടയടച്ച ശബ്ദത്തിൽ അയാൾ ചോദിച്ചു :

“സാറെങ്ങോട്ടു പോകുന്നു?”

“ഒന്നു നടന്നിട്ടു വരാം. വല്ലാത്ത ചൂട്.”

“ഊം, എല്ലായിടത്തും അടച്ചുകഴിഞ്ഞു. റോഡിലെങ്ങും വെളിച്ചമില്ല. പുറത്തേക്കിറങ്ങാതിരിക്കുന്നതാണ്‌ നല്ലത്.“

ഞാൻ ചുമലൊന്നു വെട്ടിച്ചിട്ട് ”ഇപ്പോൾ വരാം“ എന്നൊന്നു മന്ത്രിച്ചുകൊണ്ട് ഇരുട്ടിലേക്കൂളിയിട്ടു. ആദ്യമൊന്നും എനിക്കു കണ്ണു പിടിച്ചില്ല. കല്ലു പടുത്ത തെരുവിലൂടെ ഞാൻ തപ്പിത്തപ്പി നടന്നു. ഞാനൊരു സിഗററ്റെടുത്തു കത്തിച്ചു. പെട്ടെന്ന്, അവിടവിടെ അടർന്നിളകിയ ഒരു വെള്ളച്ചുമരിനെ വെളിച്ചപ്പെടുത്തിക്കൊണ്ട് ഒരു കാർമ്മേഘത്തിനു പിന്നിൽ നിന്ന് ചന്ദ്രൻ പുറത്തു വന്നു. അത്രയും വെണ്മയിൽ കണ്ണുകൾ ഇരുട്ടടച്ചപ്പോൾ ഞാൻ നടത്തം നിർത്തി. കാറ്റിന്റെ നേർത്ത ചൂളം കേട്ടിരുന്നു. പുളിയില മണക്കുന്ന വായു ഞാൻ ഉള്ളിലേക്കെടുത്തു. ഇലകളും ശലഭങ്ങളും  രാത്രിക്കു ശ്രുതിയിടുകയായിരുന്നു. ചീവീടുകൾ നീളൻ പുല്ലുകൾ താവളമാക്കിയിരുന്നു. ഞാൻ തല പൊക്കി നോക്കി: അങ്ങു മുകളിൽ നക്ഷത്രങ്ങളും തമ്പടിച്ചു കഴിഞ്ഞിരുന്നു. ചിഹ്നങ്ങളുടെ വിപുലവിധാനമാണു പ്രപഞ്ചമെന്നു ഞാൻ മനസ്സിൽ പറഞ്ഞു, അതികായരായ ജീവികൾ തമ്മിൽ നടക്കുന്ന ഒരു സംഭാഷണം. എന്റെ പ്രവൃത്തികൾ, ചീവീടിന്റെ അരം വച്ച ഒച്ച, നക്ഷത്രങ്ങളുടെ കണ്ണിമയ്ക്കൽ ഇതൊക്കെ ആ സംഭാഷണത്തിൽ നിന്നു തെറിച്ചുവീഴുന്ന വാക്കുകൾ മാത്രം, അർദ്ധവിരാമങ്ങളും അക്ഷരങ്ങളും മാത്രം. ഞാൻ വെറുമൊരക്ഷരമായ ആ പദം എന്തായിരിക്കും? ആരാണതു പറയുന്നത്? ആരോടാണതു പറയുന്നത്? ഞാൻ നടപ്പാതയിലേക്കു സിഗററ്റ് വലിച്ചെറിഞ്ഞു. ഒരു കുഞ്ഞു വാൽനക്ഷത്രം പോലെ ക്ഷണികസ്ഫുലിംഗങ്ങൾ വീശി, ദീപ്തമായ ഒരു വക്രരേഖ ചമച്ചുകൊണ്ട് അതു ചെന്നു വീണു.

ഞാനങ്ങനെ വളരെ സാവധാനം കുറേയേറെ ദൂരം നടന്നു. സ്വതന്ത്രനാണു ഞാനെന്നെനിക്കു തോന്നി, അത്രയുമാനന്ദത്തോടെ ആ നിമിഷം എന്നെയുച്ചരിക്കുന്ന ചുണ്ടുകൾക്കിടയിൽ സുരക്ഷിതനാണു ഞാനെന്നെനിക്കു തോന്നി. കണ്ണുകളുടെ ഒരുദ്യാനമായിരുന്നു രാത്രി. തെരുവു മുറിച്ചു കടക്കുമ്പോൾ ആരോ ഒരു വാതിൽ തുറന്നിറങ്ങുന്നതു ഞാൻ കേട്ടു. ഞാൻ തിരിഞ്ഞുനോക്കി; എന്നാൽ ആ ഇരുട്ടത്ത് യാതൊന്നും വ്യക്തമായില്ല. ഞാൻ ധൃതിയിൽ നടന്നു. ചില നിമിഷങ്ങൾ കഴിഞ്ഞപ്പോൾ പൊള്ളുന്ന കല്ലുകളിൽ വള്ളിച്ചെരുപ്പുകളുരയുന്നതു കേട്ടു. ഓരോ ചുവടു വയ്പിനുമൊപ്പം ഒരു നിഴൽ അടുത്തടുത്തു വരുന്നതായി തോന്നിയെങ്കിലും തിരിഞ്ഞുനോക്കാൻ എനിക്കു തോന്നിയില്ല. ഞാൻ ഓടാൻ നോക്കി. പറ്റിയില്ല. പെട്ടെന്നു ഞാൻ നിന്നുപോയി. ചെറുക്കാൻ കഴിയുന്നതിനു മുമ്പ് എന്റെ മുതുകത്ത് ഒരു കത്തിമുന തൊടുന്നതു ഞാനറിഞ്ഞു, ഇമ്പമുള്ള ഒരു ശബ്ദം ഞാൻ കേട്ടു:

“അനങ്ങരുത് മിസ്റ്റർ, അനങ്ങിയാൽ ഞാനിതു കുത്തിയിറക്കും.”

തിരിയാതെ തന്നെ ഞാൻ ചോദിച്ചു:

“നിങ്ങൾക്കെന്തു വേണം?”

“നിങ്ങളുടെ കണ്ണുകൾ, മിസ്റ്റർ,” നേർത്ത, ദീനമെന്നു പറയാവുന്ന ആ ശബ്ദം പറഞ്ഞു.

“എന്റെ കണ്ണുകളോ? എന്റെ കണ്ണുകൾ കൊണ്ടു നിങ്ങളെന്തു ചെയ്യാൻ? ഇതാ, എന്റെ കൈയിൽ കുറച്ചു പണമുണ്ട്. അധികമൊന്നുമില്ല, എന്നാലും കുറച്ചുണ്ട്. എന്നെ വിട്ടയച്ചാൽ എന്റെ കൈയിലുള്ളതൊക്കെ ഞാൻ തരാം. എന്നെ കൊല്ലരുത്.“

”പേടിക്കാതെ മിസ്റ്റർ, ഞാൻ നിങ്ങളെ കൊല്ലില്ല. എനിക്കു നിങ്ങളുടെ കണ്ണുകൾ മാത്രം മതി.“

”അല്ല, എന്റെ കണ്ണുകൾ കൊണ്ട് നിങ്ങളെന്തു ചെയ്യാൻ പോകുന്നു?“ ഞാൻ പിന്നെയും ചോദിച്ചു.

”ഞാൻ സ്നേഹിക്കുന്ന പെണ്ണിന്‌ അങ്ങനെയൊരു പൂതി തോന്നി. അവൾക്ക് നീലക്കണ്ണുകൾ കൊണ്ടൊരു പൂച്ചെണ്ടു വേനം. നീലക്കണ്ണുകൾ ഇവിടങ്ങനെ കിട്ടാനുമില്ല.“

”എങ്കിൽ എന്റെ കണ്ണു കൊണ്ടു കാര്യമില്ല. അതിനു തവിട്ടുനിറമാണ്‌, നീലയല്ല.“

”എന്നെ വിഡ്ഡിയാക്കാതെ, മിസ്റ്റർ. നിങ്ങളുടെ കണ്ണുകൾക്കു നീലനിറമാണെന്ന് എനിക്കു നന്നായിട്ടറിയാം.“

”ഒരു സഹജീവിയുടെ കണ്ണെടുക്കരുത്. ഞാൻ മറ്റെന്തു വേണമെങ്കിലും തരാം.“

”എന്റടുത്തു പുണ്യാളൻ കളിക്കണ്ട,“ അയാൾ പരുഷസ്വരത്തിൽ പറഞ്ഞു. ”തിരിഞ്ഞു നില്ക്ക്.“

ഞാൻ തിരിഞ്ഞുനിന്നു. ചടച്ചു ദുർബലനായ ഒരു മനുഷ്യൻ. അയാളുടെ പനയോലത്തൊപ്പിയിൽ പാതി മുഖം മറഞ്ഞിരുന്നു. അയാൾ വലതു കൈയിൽ പിടിച്ചിരുന്ന നാടൻ വടിവാൾ നിലാവിൽ തിളങ്ങി.

”ഞാൻ നിങ്ങളുടെ മുഖമൊന്നു കാണട്ടെ.“

ഞാൻ ഒരു തീപ്പെട്ടിക്കോലുരച്ച് എന്റെ മുഖത്തോടടുപ്പിച്ചു പിടിച്ചു. വെളിച്ചം മുഖത്തടിച്ചപ്പോൾ ഞാൻ കണ്ണു ചിമ്മി. അയാൾ ബലമായി എന്റെ കൺപോളകൾ പിടിച്ചു തുറന്നു. അയാൾക്കു ശരിക്കു കാണാൻ പറ്റിയില്ല. പെരുവിരലൂന്നി നിന്നുകൊണ്ട് അയാൾ എന്റെ കണ്ണുകളിലേക്കുറ്റു നോക്കി. കൈ പൊള്ളിയപ്പോൾ ഞാൻ കൊള്ളി താഴെയിട്ടു. ഒരു നിമിഷം നിശ്ശബ്ദമായി കടന്നുപോയി.

“ഇപ്പോൾ ബോദ്ധ്യമായില്ലേ? എന്റെ കണ്ണുകൾ നീലയല്ല.”

“നിങ്ങൾ ആളൊരു മിടുക്കനാണല്ലേ?” അയാൾ പറഞ്ഞു. “നോക്കട്ടെ. ഒരു കൊള്ളി കൂടി കത്തിക്കൂ.”

ഞാൻ ഒരു കോലു കൂടി ഉരച്ച് എന്റെ കണ്ണുകളോടടുപ്പിച്ചു. എന്റെ ഷർട്ടിന്റെ കൈയിൽ കടന്നുപിടിച്ചുകൊണ്ട് അയാൾ ആജ്ഞാപിച്ചു:

“മുട്ടു കുത്ത്.”

ഞാൻ മുട്ടു കുത്തി. ഒരു കൈ കൊണ്ട് മുടിയിൽ ബലമായി പിടിച്ചിട്ട് അയാൾ എന്റെ തല പിന്നിലേക്കു ചരിച്ചു. ജിജ്ഞാസയോടെ, വലിഞ്ഞു മുറുകിയ ഭാവത്തോടെ അയാൾ എനിക്കു മേൽ കുനിഞ്ഞു നിന്നു; അയാളുടെ കൈയിലെ വടിവാൾ പതുക്കെ താണുതാണു വന്ന് ഒടുവിൽ കണ്ണിമകളിൽ വന്നുരുമ്മി. ഞാൻ കണ്ണടച്ചുകളഞ്ഞു.

“തുറന്നു പിടിയ്ക്ക്.” അയാൾ ആജ്ഞാപിച്ചു.

ഞാൻ കണ്ണു തുറന്നു. തീനാളത്തിൽ എന്റെ കൺപീലികൾ ചുട്ടു. പെട്ടെന്നാണ്‌ അയാൾ എന്റെ പിടി വിട്ടത്.

“ശരിശരി, അതു നീലയല്ല. സ്ഥലം വിട്.”

അയാൾ അപ്രത്യക്ഷനായി. ഞാൻ കൈകളിൽ തല താങ്ങിക്കൊണ്ട് മതിലിൽ ചാരിയിരുന്നു. ഒടുവിൽ സമനില വീണ്ടെടുത്തുകൊണ്ട് ഞാൻ എഴുന്നേറ്റു. കാലിടറിയും വീണും വീണ്ടുമെഴുന്നേറ്റും ഒരു മണിക്കൂർ ആളൊഴിഞ്ഞ ആ ഗ്രാമത്തിലൂടെ ഞാൻ ഓടി. കവലയിലെത്തുമ്പോൾ ഹോട്ടലുകാരൻ പഴയ പടി വാതില്ക്കൽ ഇരിപ്പുണ്ടായിരുന്നു. ഒരക്ഷരം പറയാതെ ഞാൻ കയറിപ്പോയി. അടുത്ത ദിവസം ഞാൻ ആ നാടു വിട്ടു.
(1949)


2015 സെപ്തംബര്‍ ലക്കം മലയാളനാട് വെബ് മാഗസീനില്‍ പ്രസിദ്ധീകരിച്ചത്


കഥയുടെ ഇംഗ്ലീഷ് വിവര്‍ത്തനം








Monday, September 7, 2015

ഫെദെറിക്കോ ഗാർസിയ ലോർക്ക - ഒരു കാളപ്പോരുകാരന്റെ മരണം




1. കുത്തിക്കോർക്കലും മരണവും

ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.*
കൃത്യം അതുച്ചതിരിഞ്ഞഞ്ചു മണിയായിരുന്നു.
ഒരു ബാലൻ വെള്ളവിരി കൊണ്ടുവന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
തൊട്ടിയിൽ കുമ്മായം തയാറായിരുന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ശേഷം മരണമായിരുന്നു, മരണമൊന്നേ,
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.

പഞ്ഞിത്തുണ്ടുകൾ കാറ്റിൽ പറന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
തുരുമ്പിൽ ചില്ലും നിക്കലും ചിതറി
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മാടപ്രാവിതാ പുള്ളിപ്പുലിയോടു പൊരുതുന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
തുടയിൽ കൊമ്പു കുത്തിക്കയറുന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
വിലാപത്തിന്റെ ചെണ്ടകൾ മുഴങ്ങുകയായി
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
പാഷാണമണികളും പുകയും
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മൗനങ്ങളുടെ കൂട്ടങ്ങൾ മൂലകളിൽ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
വിജൃംഭിതനായി കാളക്കൂറ്റനൊന്നേ!
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മഞ്ഞു പോലെ വിയർപ്പു പൊടിഞ്ഞതപ്പോൾ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
കളത്തിൽ അയഡിൻ വിതറിയതപ്പോൾ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മുറിവിൽ മരണം മുട്ടയിട്ടു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
കൃത്യം അതുച്ചതിരിഞ്ഞഞ്ചുമണിയായിരുന്നു.

ചക്രം പിടിപ്പിച്ച ശവപേടകം അവനു കിടക്കയാവുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
എല്ലുകളും പുല്ലാങ്കുഴലുകളുമവന്റെ കാതിൽ മൂളുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
അവന്റെ നെറ്റിയിൽ കാളക്കൂറ്റൻ മുക്കുറയിട്ടു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മുറിയിൽ വേദനയുടെ മഴവിൽ വിരിയുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
അകലെ ജീർണ്ണത പ്രത്യക്ഷപ്പെടുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
അടിവയറിന്റെ പച്ചയിൽ ലില്ലിപ്പൂവിന്റെ വെണ്മ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മുറിവുകൾ സൂര്യന്മാരെപ്പോലെരിഞ്ഞു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ജനക്കൂട്ടം ജനാലകൾ തകർക്കുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ഹാ, ഉച്ചതിരിഞ്ഞപ്പോഴത്തെ കരാളമായ ആ അഞ്ചുമണിനേരം!
എല്ലാ ഘടികാരങ്ങളിലും അതഞ്ചുമണിയായിരുന്നു!
ഉച്ച തിരിഞ്ഞ നിഴലത്ത് അതഞ്ചുമണിയായിരുന്നു!



2. ചിന്തിയ ചോര

എനിക്കതു കാണേണ്ട!*

ചന്ദ്രനോടു വരാൻ പറയൂ,
പൂഴിയിൽ ഇഗ്നാത്തിയോയുടെ ചോര
എനിക്കു കാണേണ്ട.

എനിക്കതു കാണേണ്ട!

മലർക്കെത്തുറന്ന ചന്ദ്രൻ,
നിശ്ചേഷ്ടമേഘങ്ങൾക്കു കുതിര,*
വിവർണ്ണസ്വപ്നങ്ങളുടെ കാളപ്പോർക്കളം
അഴിവേലിയിൽ വില്ലോമരങ്ങളുമായി.

എനിക്കതു കാണേണ്ട!
എന്റെ ഓർമ്മയെരിയുന്നു.
കുഞ്ഞുവെണ്മകളുമായി വരാൻ
മുല്ലപ്പൂക്കൾക്കാളയക്കൂ!

എനിക്കതു കാണേണ്ട!

പഴയ ലോകത്തു നിന്നൊരു പശു*
ശോകത്തിന്റെ നാവു കൊണ്ട്
പൂഴിയിൽ ചോര ചിന്തിയ
ഒരു മോന്തയിൽ നക്കുന്നു,
പാതി കല്ലും പാതി മരണവുമായ
ഗിസന്തോയിലെ കാളകൾ മുക്കുറയിടുന്നു,*
ഭൂമിയിലലഞ്ഞു മടുത്ത
രണ്ടു നൂറ്റാണ്ടുകൾ പോലെ.
വേണ്ട.
എനിക്കതു കാണേണ്ട!

തന്റെ മരണമെല്ലാം ചുമലിലേറ്റി
ഇഗ്നാത്തിയോ പടവുകൾ കയറുകയായിരുന്നു.
അവൻ തേടിയതുദയമായിരുന്നു,
എന്നാൽ ഉദയം കഴിഞ്ഞിരുന്നു.
അവൻ തേടിയതു തന്റെ ഉറച്ച മുഖമായിരുന്നു,
എന്നാലതു സ്വപ്നത്താൽ വിഹ്വലമായിരുന്നു.
അവൻ തേടിയതു തന്റെ സുന്ദരമായ ഉടലായിരുന്നു,
അവൻ കണ്ടതെന്നാൽ ചോര ഇരച്ചുപൊന്തുന്ന മുറിവായിരുന്നു.
എനിക്കതു കാണേണ്ട!
ഓരോ നിമിഷവുമൂക്കു കുറയുന്ന
ചോരയുടെ കുതിപ്പെനിക്കു കേൾക്കേണ്ട:
ഇരിപ്പിടങ്ങളുടെ നിരകളെ വെളിച്ചപ്പെടുത്തി,
ദാഹം തീരാത്ത ആൾക്കൂട്ടങ്ങളുടെ*
പരുത്തിയിലും തുകലിലും തൂവുന്ന ചോര.
മുന്നോട്ടു വരാനാരാണെന്നോടു വിളിച്ചു പറയുന്നത്?
എനിക്കതു കാണേണ്ട!

കൊമ്പുകളടുത്തുവന്നപ്പോൾ
അവൻ കണ്ണുകളടച്ചില്ല.
എന്നാൽ പേടിച്ചരണ്ട അമ്മമാർ*
തല ഉയർത്തിനോക്കി.
മേച്ചില്പുറങ്ങളിലൂടെ
തെന്നൽ പോലെ മന്ത്രണങ്ങളുയർന്നു,
ആകാശത്തെ കാളക്കൂറ്റന്മാരെ തെളിക്കുമ്പോ:ൾ
വിളറിയ മൂടല്മഞ്ഞൊച്ചയിടുകയായിരുന്നു.

സെവിയേയിലൊരു മാടമ്പിയും
അവനു തുല്യനല്ലായിരുന്നു,
അവന്റെ വാളു പോലെ മറ്റൊരു വാളും
ഇത്ര നേരുള്ളൊരു ഹൃദയവുമില്ലായിരുന്നു.
അവന്റെ അത്ഭുതബലം
സിംഹങ്ങളുടെ നദി പോലെയായിരുന്നു,
എടുപ്പിലും നടപ്പിലുമുള്ള മിതത്വം
വെണ്ണക്കൽപ്രതിമ പോലെയായിരുന്നു.
ആന്ദലൂഷ്യൻ റോമിന്റെ പരിവേഷം
അവന്റെ ശിരസ്സിനെ പൊന്നണിയിച്ചിരുന്നു.
അവന്റെ പുഞ്ചിരി
അറിവിന്റെ പൊള്ളുന്ന പനിനീർപ്പൂവായിരുന്നു.
കാളയെ നേർക്കുമ്പോൾ അവനെന്തു മാതിരിയായിരുന്നു!
മലഞ്ചുരങ്ങളിൽ എത്ര നല്ല കയറ്റക്കാരൻ!
കതിരുകളോടെത്രയുദാരൻ!
കുതിമുള്ളുകളോടെത്ര കടുപ്പക്കാരൻ!*
മഞ്ഞുതുള്ളിയോടെത്ര സൗമ്യൻ!
ഉത്സവപ്പറമ്പിലെത്ര സുന്ദരൻ!
ഇരുട്ടിന്റെ ഒടുക്കത്തെ ചാട്ടുളി അയക്കുമ്പോൾ
എത്രയതികായൻ!*

ഇന്നവൻ പക്ഷേ, ഇനിയുണരാത്ത ഉറക്കമുണരുന്നു.
പുല്ലും പായലുമിതാ,
നിപുണമായ വിരലുകൾ കൊണ്ട്
പൂവിതൾ പോലവന്റെ കപാലം തുറക്കുന്നു.
ഇതാ, പാടിക്കൊണ്ടവന്റെ ചോര പുറത്തേക്കു വരുന്നു:
പുല്പരപ്പുകളിലും ചതുപ്പുകളിലും കൂടി പാടിയുമാടിയും,
നിശിതമായ കൊമ്പുകളിലൂടുരസ്സിയിറങ്ങിയും,
മൂടല്മഞ്ഞിൽ നിരാത്മാവായി കാലിടറിയും,
ഇരുണ്ടതും ദുഃഖിതവുമായൊരു നീണ്ട നാവു പോലെ
ഒരായിരം കുളമ്പുകളാൽ ചവിട്ടിമെതിക്കപ്പെട്ടും,
താരാവൃതമായ ഗ്വാഡല്ക്വിവീറിനരികെ*
തളം കെട്ടിയ വേദനയായി.

ഹാ, സ്പെയിനിന്റെ വെള്ളച്ചുമർ!
ഹാ, ദുഃഖത്തിന്റെ കറുത്ത കാളക്കൂറ്റൻ!
ഹാ, ഇഗ്നാത്തിയോയുടെ കട്ടച്ചോര!
ഹാ, അവന്റെ സിരകളിൽ പാടുന്ന രാപ്പാടി!

വേണ്ട,
എനിക്കതു കാണേണ്ട!
ഒരു ചഷകവുമതുൾക്കൊള്ളില്ല,*
ഒരു മീവൽപ്പക്ഷിയും അതു കുടിച്ചുതീർക്കില്ല,
ഒരു ശീതവെളിച്ചവും അതു തണുപ്പിക്കില്ല,
ഒരു ഗാനവും വെള്ളലില്ലികളുടെ പ്രളയവും
ഒരു ചില്ലുമതിനെ വെള്ളി പൂശില്ല.
വേണ്ട,
എനിക്കതു കാണേണ്ട!





3. ഉടലിന്റെ സാന്നിദ്ധ്യം


സ്വപ്നങ്ങൾ തേങ്ങുന്ന നെറ്റിത്തടമാണു കല്പലക,
അതിൽ വളഞ്ഞൊഴുകുന്ന ജലമില്ല, ഉറഞ്ഞുപോയ സൈപ്രസ്സില്ല,
കണ്ണീരിന്റെ മരങ്ങളും നാടകളും ഗ്രഹങ്ങളുമായി
കാലത്തെ പേറുന്ന ചുമലാണു കല്പലക.

വെടിത്തുള വീണരിപ്പക്കണ്ണികളായ മെലിഞ്ഞ കൈകളുയർത്തി
കടലിലേക്കു പായുന്ന നരച്ച മഴകൾ ഞാൻ കണ്ടിട്ടുണ്ട്,
ചോരയൊപ്പാതെ കൈകാലുകളയച്ചു കല്ലു കിടക്കുമ്പോൾ
അതിനു പിടി കൊടുക്കാതെ പായുകയായിരുന്നവ.

കല്ലു പിടിച്ചുവയ്ക്കും, വിത്തുകളെ, മേഘങ്ങളെ,
വാനമ്പാടികളുടെ അസ്ഥികൂടങ്ങളെ, മങ്ങൂഴത്തിലെ ചെന്നായ്ക്കളെ;
എന്നാലതു വിട്ടു തരില്ല, ഒരൊച്ചയും ഒരു ചില്ലും ഒരഗ്നിയും,
കാളപ്പോരിന്റെ കളങ്ങളല്ലാതെ, ചുമരില്ലാത്ത കളങ്ങളല്ലാതെ.

ഇന്നിതാ, അഭിജാതനായ ഇഗ്നാത്തിയോ കല്ലിന്മേൽ കിടക്കുന്നു.
എല്ലാം കഴിഞ്ഞു. എന്താണു നടക്കുന്നത്? അവനെ നോക്കൂ.
മരണമവനെ വിളർത്ത ഗന്ധകനിറം പുതപ്പിക്കുന്നു,
ഇരുണ്ട മിനോട്ടാറിന്റെ തല അവനു വച്ചുകൊടുക്കുന്നു.*

എല്ലാം കഴിഞ്ഞു. മഴയവന്റെ വായ കഴുകുന്നു.
പകച്ചുപോയ പ്രാണൻ ഇടിഞ്ഞുവീണ നെഞ്ചു വിട്ടു പായുന്നു,
മഞ്ഞിന്റെ കണ്ണീരിൽ കുളിച്ച പ്രണയം
മല മേൽ മേയുന്ന കാലികൾക്കിടയിൽ വെയിലു കായുന്നു.

അവരെന്താണു പറയുന്നത്? ഒരു നാറുന്ന മൗനം ഇവിടെ കിടക്കുന്നു.
മാഞ്ഞുപോകുന്നൊരുടലിനു മുന്നിൽ നാം നില്ക്കുന്നു,
ആ കുലീനരൂപം നിറയെ ഒരു കാലത്തു രാപ്പാടികളായിരുന്നു,
ഇന്നതിൽ അടിയറ്റ തുളകൾ നിറയുന്നതു നാം കാണുന്നു.

ശവക്കോടിയുലയ്ക്കുന്നതാരാണ്‌? അയാൾ പറയുന്നതു നേരല്ല!
ആരുമിവിടെ പാടരുത്, മൂലയ്ക്കു നിന്നാരും തേങ്ങരുത്,
ആരും കുതിമുള്ളുകൾ കിലുക്കരുത്, പാമ്പിനെ  വിരട്ടരുത്.
മലർക്കെത്തുറന്ന കണ്ണുകളേ ഇവിടെയെനിക്കു കാണേണ്ടൂ,
ഇനി വിശ്രമമില്ലാത്ത ഈ ഉടൽ അവ കാണട്ടെ.

ഒച്ച മുരത്ത മനുഷ്യരെയേ എനിക്കിവിടെ കാണേണ്ടൂ,
കുതിരകളെ മെരുക്കുന്ന, പുഴകളെ ജയിക്കുന്ന മനുഷ്യരെ,
വായിൽ വെയിലും തീക്കല്ലുമായി പാടുന്ന
അസ്ഥികൂടങ്ങളൊച്ചപ്പെടുത്തുന്ന മനുഷ്യരെ.

എനിക്കവരെ കാണേണ്ടതിവിടെ. ഈ കല്ലിനു മുന്നിൽ.
കടിഞ്ഞാൺ മുറിഞ്ഞ ഈ ഉടലിനു മുന്നിൽ.
മരണം വരിഞ്ഞുകെട്ടിയ ഈ കപ്പിത്താനിൽ നിന്ന്
പുറത്തേക്കു പോകാനൊരു വഴി അവരെന്നെ പഠിപ്പിക്കട്ടെ.

ഒരു പുഴയെപ്പോലെ വിലപിക്കാൻ അവരെന്നെ പഠിപ്പിക്കട്ടെ,
നേർത്ത മഞ്ഞും കൂർത്ത തടങ്ങളുമുള്ള ആ പുഴയിൽ
ഇഗ്നാത്തിയോയുടെ ജഡം ഒലിച്ചുപോകട്ടെ,
കാളകളുടെ ഇരട്ടമുക്കുറ അവന്റെ കാതുകളിലിനി വീഴാതിരിക്കട്ടെ.

പനിയ്ക്കുന്ന കുട്ടി അനക്കമറ്റ കാളയെ കാണുന്ന ചന്ദ്രനിൽ,
കാളപ്പോരിന്റെ വൃത്തവലയത്തിൽ അവൻ പോയിമറയട്ടെ,
മീനുകൾ ഗാനം മറന്ന രാത്രിയിൽ,
പുകയുറഞ്ഞ വെളുത്ത പൊന്തക്കാട്ടിൽ അവനെ കാണാതെയാകട്ടെ.

തൂവാലകൾ കൊണ്ടാരുമവന്റെ മുഖം മൂടേണ്ട;
താൻ പേറുന്ന മരണത്തെ അല്ലാതെ തന്നെയവൻ സഹിച്ചോളും.
ഇനി പോകൂ, ഇഗ്നാത്തിയോ. പൊള്ളുന്ന മുക്കുറയിടൽ മറന്നേക്കൂ.
ഉറങ്ങൂ, പറക്കൂ, വിശ്രമിക്കൂ: കടലിനുമില്ലേ മരണം!



4.ആത്മാവിന്റെ അഭാവം


നീയാരെന്നു കാളകൾക്കറിയില്ല, അത്തിമരത്തിനറിയില്ല,
കുതിരകൾക്കറിയില്ല, നിന്റെ വീട്ടിലെ ഉറുമ്പുകൾക്കുമറിയില്ല.
കുട്ടിക്കു നിന്നെ അറിയില്ല, അപരാഹ്നത്തിനുമറിയില്ല,
-എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ.

നീ കിടക്കുന്ന കല്പലകയ്ക്കു നിന്നെയറിയില്ല,
നീ ദ്രവിക്കുന്ന കരിമ്പട്ടിനു നിന്നെയറിയില്ല.
നിന്റെ മൂകസ്മൃതിയ്ക്കു നിന്നെയറിയില്ല,
-എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ.

ശരല്ക്കാലം പിന്നെയും വരും, വെളുത്ത ഒച്ചുകളുമായി,
മഞ്ഞു വീണ മുന്തിരിപ്പഴങ്ങളും തൂന്നുകൂടിയ കുന്നുകളുമായി.
എന്നാലൊരാളും നിന്റെ കണ്ണുകളിലേക്കു നോക്കില്ല,
-എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ.

എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ,
ഈ ഭൂമിയിൽ മരിച്ചവരെല്ലാവരെയും പോലെ,
കൊന്നുകൂട്ടിയ നായ്ക്കളുടെ ശവങ്ങൾ പോലെ
മറവിയിൽ തള്ളപ്പെട്ടവരെല്ലാവരെയും പോലെ.

ആർക്കും നിന്നെ അറിയില്ല. എന്നാൽ ഞാൻ നിന്നെക്കുറിച്ചു പാടുന്നു,
നിന്റെ മുഖത്തെ, നിന്റെ സൗന്ദര്യത്തെക്കുറിച്ചു വരുംകാലത്തിനായി ഞാൻ പാടുന്നു.
നിന്റെ അറിവിന്റെ കുലീനമായ പക്വതയെക്കുറിച്ച്.
നിന്റെ മരണദാഹത്തെക്കുറിച്ച്, ചുണ്ടിലതിന്റെ ചുവയെക്കുറിച്ച്.
നിന്റെ സാഹസികാനന്ദങ്ങൾക്കുള്ളിൽ നിഹിതമായ വിഷാദത്തെക്കുറിച്ച്.

ഇങ്ങനെയൊരാന്ദലൂഷ്യക്കാരൻ ഇനിയെന്നു പിറക്കാൻ,
ഇത്രയും നേരുള്ളവൻ, ഇത്രയും സാഹസികൻ.
തേങ്ങുന്ന വാക്കുകളിൽ അവനെ ഞാൻ പ്രകീർത്തിക്കുന്നു,
ഒലീവുമരങ്ങളിൽ ഒരു തെന്നലിന്റെ വിഷാദം ഞാനോർക്കുന്നു.




ലോർക്കയുടെ മാസ്റ്റർപീസായി കരുതപ്പെടുന്ന ഈ വിലാപഗീതം അദ്ദേഹത്തിന്റെ അടുത്ത സ്നേഹിതനും പ്രശസ്തനായ കാളപ്പോരുകാരനുമായ ഇഗ്നാത്തിയോ സാഞ്ചെസ് മെഹിയാസിന്റെ ദാരുണമായ മരണമാണ്‌ പ്രതിപാദിക്കുന്നത്. സംഗീതത്തിലും സാഹിത്യത്തിലും തല്പരനായ ഇഗ്നാത്തിയോ കവിത എഴുതുകയും ചെയ്തിരുന്നു. 1927ൽ കാളപ്പോരിൽ നിന്നു വിരമിച്ചുവെങ്കിലും പരിക്കേറ്റ ഒരു സ്നേഹിതന്റെ പകരക്കാരനായി 1934ൽ അദ്ദേഹം കളത്തിലേക്കു തിരിച്ചുവന്നു. ആഗസ്റ്റ് 11ന്‌ മാഡ്രിഡിനു തെക്കുള്ള മാൻസനാറെസ് എന്ന കൊച്ചു പട്ടണത്തിൽ നടന്ന ആ കാളപ്പോരിൽ വച്ച് തുടയിൽ കാളയുടെ കുത്തേറ്റു വീണ അദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ് മരിച്ചു. കാളപ്പോരു കാണാൻ ലോർക്ക ഉണ്ടായിരുന്നില്ല; അദ്ദേഹം എത്തിയപ്പോഴേക്കും ഇഗ്നാത്തിയോ മരണത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു. ആ മരണം ലോർക്കയെ എത്രയാഴത്തിൽ സ്പർശിച്ചുവെന്നു പറയേണ്ടതില്ലല്ലോ. അദ്ദേഹം ഒരു സ്നേഹിതനോടു പറഞ്ഞു: “എന്റെ മരണം പോലെ തന്നെയാണത്, എന്റെ മരണത്തിനുള്ള ഒരു പരിശീലനം. എന്റെ മനസ്സിലിപ്പോൾ വല്ലത്തൊരു പ്രശാന്തത അനുഭവപ്പെടുന്നു...ചില നിമിഷങ്ങളിൽ മരിച്ച ഇഗ്നാത്തിയോയെ കണ്ണിനു മുന്നിലെന്നപോലെ ഞാൻ കാണാറുണ്ട്; ദ്രവിച്ച, പുഴുക്കൾ കാർന്നുതിന്ന അവന്റെ ഉടൽ എന്റെ ഭാവനയിൽ തെളിഞ്ഞുവരുന്നു; ഒരു നിശ്ശബ്ദത മാത്രമേ പിന്നെ ഞാൻ കാണുന്നുള്ളു; ആ നിശ്ശബ്ദത ശൂന്യതയുമല്ല, ഒരു നിഗൂഢതയാണ്‌.“ 


1. കുത്തിക്കോർക്കലും മരണവും

കവിതയുടെ ഈ ഒന്നാം ഭാഗം ഒരു ദിവ്യബലി പോലെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ”ഉച്ച തിരിഞ്ഞഞ്ചു മണിയ്ക്ക്“ എന്ന അനന്തമായി ആവർത്തിക്കുന്ന പല്ലവി കുർബാന നടക്കുന്ന നേരത്തെ പള്ളിമണികൾ പോലെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. കവിതയിൽ ‘ഉച്ച തിരിഞ്ഞഞ്ചു മണി’ ഇഗ്നാത്തിയോയുടെ മരണസമയമാണെങ്കിലും ചില ദിവസങ്ങൾക്കു ശേഷം നടന്ന വിലാപയാത്ര തുടങ്ങിയ സമയമാണത്; ഒരു പത്രത്തിൽ വന്ന റിപ്പോർട്ടിന്റെ തലക്കെട്ട് ലോർക്ക അതേപോലെ ഉപയോഗിക്കുകയായിരുന്നു. 
* കാളപ്പോരു നടക്കുന്ന കളം രോഗാണുവിമുക്തമാക്കാൻ കുമ്മായം ഉപയോഗിച്ചിരുന്നു
* കുതിരകളുടെയോ കാളയുടെയോ ചെവികളിൽ തിരുകുന്ന പഞ്ഞിത്തുണ്ടുകൾ
* പ്രാവും പുലിയും ഇഗ്നാത്തിയോയിൽത്തന്നെയുള്ള വിരുദ്ധഭാവങ്ങളാവാം, അല്ലെങ്കിൽ കാളയും കാളപ്പോരുകാരനുമാവാം
* ലില്ലിപ്പൂവിന്റെ ആകൃതിയിൽ മുറിവുണ്ടാക്കിക്കൊണ്ട് കാളയുടെ കൊമ്പ് ഇഗ്നാത്തിയോയുടെ വലതുതുടയിൽ തറച്ചുകേറി. പന്നിയുടെ തേറ്റ അരയിൽ തറച്ചുകേറി മരിച്ച അഡോണിസിന്റെ സൂചനയും ഇവിടെയുണ്ട്.

2. ചിന്തിയ ചോര

*തന്റെ സ്നേഹിതൻ കിടന്നു മരിക്കുന്ന ആശുപത്രിയിലേക്കു ചെല്ലാൻ ലോർക്ക കൂട്ടാക്കിയില്ല. ”എനിക്കതു കാണേണ്ട!“ എന്നാൽ അദ്ദേഹം ഫോൺ വഴി ഓരോ മണിക്കൂറും വിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. 
* നീങ്ങുന്ന മേഘങ്ങൾക്കിടയിലെ ചന്ദ്രന്‌ കുതിച്ചോടുന്ന കുതിരയുടെ പ്രതീതി
*വിധിയുടെ ദേവതകൾ
* പഴയ ലോകം -അമേരിക്ക കണ്ടുപിടിക്കുന്നതിനു മുമ്പ് യൂറോപ്യന്മാർക്കറിവുണ്ടായിരുന്ന ഭൂഭാഗം (ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്)
* ഗ്വിസാന്തോയിലെ കാളകൾ സ്പെയിനിലെ ആവിലയിലുള്ള ക്രി.മു. രണ്ടാം നൂറ്റാണ്ടിലെ കരിങ്കൽ പ്രതിമകളാണ്‌. 
* ആർത്തു വിളിക്കുന്ന കാണികൾ ക്രിസ്തുവിന്റെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടിയവരെ ഓർമ്മിപ്പിക്കുന്നു
* കുതിരസവാരിക്കാർ ധരിക്കുന്ന മുള്ളുള്ള ഷൂസ്
* കാളയുടെ കഴുത്തിൽ കുത്തിയിറക്കുന്ന നിറമുള്ള നാടകൾ കെട്ടിയ ചാട്ടുളി
* ഗ്വാഡല്ക്വിവിർ നദീമുഖത്തുള്ള ചതുപ്പുകളിലാണ്‌ ഏറ്റവും നല്ല പോരുകാളകൾ വളരുന്നത്
* കുരിശിലേറ്റിയ ക്രിസ്തുവിന്റെ മുൾക്കിരീടം എടുത്തു മാറ്റിയതും അദ്ദേഹത്തിന്റെ ചോര കുടിച്ചുതീർത്തതും മീവൽപ്പക്ഷികളായിരുന്നു

4.ഉടലിന്റെ സാന്നിദ്ധ്യം

കാളപ്പോരിനൊടുവിൽ കാളയുടെ ശവം കളത്തിൽ നിന്നു കെട്ടിവലിച്ചുകൊണ്ടു പോവുകയാണ്‌; കാളപ്പോരുകാരൻ കാണികളുടെ ജയാരവങ്ങളും പാരിതോഷികങ്ങളും സ്വീകരിച്ചുകൊണ്ട് കളത്തിനു വലം വയ്ക്കുന്നു. എന്നാൽ ഇവിടെ ശവമുറിയിലെ കല്പലക മേൽ അയാൾ നിശ്ചേഷ്ടനായി കിടക്കുകയാണ്‌. 
*മിനോട്ടാർ ഗ്രീക്കു പുരാണത്തിലെ പാതി കാളയും പാതി മനുഷ്യനുമായ ജീവി

5.ആത്മാവിന്റെ അഭാവം

കവിതയുടെ അവസാനഖണ്ഡത്തിൽ കാളപ്പോരുകാരൻ (കവി, മനുഷ്യൻ) തന്റെ ഭാഗധേയമായ പൂർണ്ണവിസ്മൃതിയെ അഭിമുഖീകരിക്കുന്നു. 

Saturday, July 18, 2015

അന്തോണിയോ മച്ചാദോ - വിണ്ടുകീറിയ മേഘങ്ങൾ...



വിണ്ടുകീറിയ മേഘങ്ങൾ,
മഴവില്ലു തിളങ്ങുന്ന മാനം,
വെയിലും മഴയും നെയ്ത പുതപ്പിൽ
ചുരുണ്ടുകൂടിയ പാടങ്ങൾ.

ഞാനുണർന്നു.
എന്റെ സ്വപ്നത്തിന്റെ ഇന്ദ്രജാലജാലകങ്ങൾ
പടുതയിട്ടു മറയ്ക്കുന്നതാരോ?
എന്റെ ഹൃദയം ചകിതമായി മിടിച്ചു.

പൂവിടുന്ന നാരകത്തോപ്പുകൾ,
വരിയിട്ടുനിന്ന സൈപ്രസ് മരങ്ങൾ,
പച്ചപ്പാടം, ഈർപ്പം, വെയിൽ, മഴവിൽ...
നിന്റെ മുടിയിലിറ്റുന്ന മഴത്തുള്ളികൾ!...

ഓർമ്മയിൽ നിന്നെല്ലാം കൈവിട്ടു പോകുന്നു,
കാറ്റത്തു പാറുന്ന സോപ്പുകുമിള പോലെ.


Friday, July 10, 2015

ലൂയിസ് ബുനുവേൽ - പ്രണയങ്ങളും പ്രണയബന്ധങ്ങളും



1920കളിൽ, ഞാൻ റസിഡെൻഷ്യയിൽ താമസിക്കുന്ന കാലത്ത്, മാഡ്രിഡിൽ നടന്ന അസാധാരണമായ ഒരാത്മഹത്യ വർഷങ്ങളോളം എന്റെ ഓർമ്മയിൽ നിന്നു മാറാതെ നിന്നിരുന്നു. അമേനിയെൽ എന്ന ഭാഗത്ത് ഒരു ഹോട്ടലിന്റെ പൂന്തോട്ടത്തിൽ വച്ച് ഒരു കോളേജ് വിദ്യാർത്ഥിയും കാമുകിയും ആത്മഹത്യ ചെയ്യുന്നു. അവർ തമ്മിൽ അത്ര തീവ്രമായ പ്രണയമാണെന്ന് എല്ലാവർക്കും അറിയാം; ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വളരെ അടുപ്പമാണ്‌; പോസ്റ്റ്മോർട്ടെം റിപ്പോർട്ടനുസരിച്ച് പെൺകുട്ടി കന്യകയുമായിരുന്നു.

അപ്പോൾ, പുറമേ ഒരു തടസ്സവും കാണാനില്ല; ശരിക്കു പറഞ്ഞാൽ, ഈ “അമേനിയെൽ കമിതാക്കൾ” മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ വിവാഹത്തെക്കുറിച്ച് പരസ്പരം സംസാരിക്കുകയും ചെയ്തിരിക്കുന്നു. എങ്കിൽ ഈ ഇരട്ട ആത്മഹത്യക്കു കാരണമെന്ത്? അതിനൊരുത്തരം എനിക്കിനിയും കിട്ടിയിട്ടില്ല; തികച്ചും അത്യുല്ക്കടമായ ഒരു പ്രണയം, തീവ്രതയുടെ മൂർദ്ധന്യമെത്തിയ ഒരുദാത്തപ്രണയം, ജിവിതവുമായി പൊരുത്തപ്പെട്ടുപോകില്ല എന്നതാവാം അതിനുള്ള ലളിതമായ ഉത്തരം. അതത്ര മഹത്തായതാവാം, അതത്ര പ്രബലമാവാം. മരണത്തിലേ അതിനു ജീവിതമുള്ളു എന്നുമാവാം.

കുട്ടിയായിരിക്കുമ്പോൾ ഞാൻ പലരെയും തീവ്രമായി പ്രേമിച്ചിരുന്നു; അവരിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ടായിരുന്നു; ലൈംഗികാകർഷണത്തിൽ നിന്നതു തീർത്തും മുക്തവുമായിരുന്നു. “എന്റെ ആത്മാവൊരു ബാലനാണ്‌, ഒരു ബാലികയും” എന്ന് ലോർക്ക പറഞ്ഞ പോലെ എന്റെ ആത്മാവ് ഒരു ഉഭയലിംഗജീവിയായിരുന്നു. ശാരീരികാകർഷണം തൊട്ടുതീണ്ടാത്ത, പ്ളേറ്റോണിക് എന്നു പറയാവുന്ന ഒരു വികാരമായിരുന്നു അത്. പരമഭക്തനായ ഒരു ക്രിസ്തീയസന്ന്യാസിക്ക് കന്യാമറിയത്തോടു തോന്നുന്ന പ്രേമമായിരുന്നു എന്റെ പ്രേമം. ഒരു സ്ത്രീയുടെ മാറിലോ വയറിലോ സ്പർശിക്കുക, അല്ലെങ്കിൽ അവളുടെ നാവ് എന്റെ നാവിൽ തൊടുക എന്നതൊക്കെ ആലോചിക്കുമ്പോൾത്തന്നെ അറപ്പുളവാക്കുന്ന കാര്യങ്ങളായിരുന്നു എനിക്ക്.

എന്റെ ആ പ്ളറ്റോണിക് പ്രണയബന്ധങ്ങൾ സരാഗോസ്സയിലെ വേശ്യാലയങ്ങളിൽ മാമ്മോദീസ മുങ്ങിയതോടെ അവസാനിച്ചു; പക്ഷേ എന്നിലെ പ്ളറ്റോണിക് വികാരങ്ങൾ ലൈംഗികതൃഷ്ണയ്ക്ക് പൂർണ്ണമായും വഴി മാറിക്കൊടുത്തിരുന്നില്ല. പലപ്പോഴായി പല സ്ത്രീകളോടും ഞാൻ സ്നേഹത്തിലായിട്ടുണ്ട്; എന്നാൽ അവരുമായി ശാരീരികാകർഷണത്തിൽ നിന്നു തീർത്തും മുക്തമായ ഒരു ബന്ധം സൂക്ഷിക്കുന്നതിൽ ഞാൻ വിജയിച്ചിട്ടുമുണ്ട്. നേരേ മറിച്ച്, എന്റെ പതിനാലാം വയസ്സു മുതൽ ചില വർഷങ്ങൾ മുമ്പു വരെ, എന്റെ ലൈംഗികതൃഷ്ണ പ്രബലമായിത്തന്നെ നില നിന്നിരുന്നു; അതു വിശപ്പിനെക്കാൾ ശക്തമായിരുന്നു, അതിന്റെ ദാഹം തീർക്കുക വിശപ്പു ശമിപ്പിക്കുമ്പോലെ എളിപ്പവുമായിരുന്നില്ല. ഒരുദാഹരണം പറഞ്ഞാൽ, ട്രെയിനിൽ കയറി ഇരിക്കേണ്ട താമസം, രതിയുമായി ബന്ധപ്പെട്ട ബിംബങ്ങൾ എന്റെ മനസ്സിൽ തിക്കിത്തിരക്കുകയായി. അവയ്ക്കു വഴങ്ങുകയല്ലാതെ എനിക്കു ഗതിയില്ല; പക്ഷേ അതുകൊണ്ടവ ഒഴിഞ്ഞുപോകുന്നുമില്ല; പണ്ടത്തേക്കാൾ ശക്തമായി അവ തിരിച്ചുവരികയും ചെയ്യും.

കൗമാരത്തിൽ സ്വഭാവേന തന്നെ ഞങ്ങൾക്ക് സ്വവർഗ്ഗപ്രേമത്തോടു വെറുപ്പായിരുന്നു; ലോർക്കയെ ഉന്നം വച്ച ഒളിയമ്പുകൾക്ക് ഞാൻ കൊടുത്ത പ്രതികരണങ്ങളിൽ   നിന്ന് അതൂഹിക്കുകയും ചെയ്യാമല്ലോ. ഒരിക്കൽ മാഡ്രിഡിലെ ഒരു പൊതുമൂത്രപ്പുരയിൽ വച്ച് ഞാനൊരു സദാചാരപ്പോലീസിന്റെ ഭാഗം അഭിനയിക്കുകയും ചെയ്തിരുന്നു. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ എനിക്കതിൽ വല്ലായ്മ തോന്നുന്നു, അതസംബന്ധമായിരുന്നുവെന്നു തോന്നുന്നു. എന്റെ സിൽബന്തികൾ പുറത്തു കാത്തുനില്ക്കുമ്പോൾ ഞാൻ ഉള്ളിൽ കയറി ഉള്ളിൽ ആരെങ്കിലും ഉണ്ടെങ്കിൽ അയാളെ ചൂണ്ടയിടാൻ നോക്കും. ഒരു ദിവസം വൈകിട്ട് ഒരാൾ അതിൽ വീണു; ഞാൻ നേരേ പുറത്തേക്കോടി; അയാൾ വെളിയിൽ വരേണ്ട താമസം, ഞങ്ങൾ അയാളെ കണക്കിനു പ്രഹരിച്ചു വിടുകയും ചെയ്തു.

സ്വവർഗ്ഗപ്രേമമെന്നാൽ അക്കാലത്തെ സ്പെയിനിൽ ഇരുണ്ടതും ഗൂഢവുമായ ഒരു സംഗതിയായിരുന്നു. മാഡ്രിഡിൽ പോലും സ്വർഗ്ഗപ്രേമികൾ എന്നു പുറമേ അറിയപ്പെടുന്നവർ മൂന്നോ നാലോ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരിൽ ഒരാളെ ട്രാം കാത്തുനില്ക്കുമ്പോൾ ഞാൻ പരിചയപ്പെട്ടു. അഞ്ചു മിനുട്ടു കൊണ്ട് ഇരുപത്തഞ്ചു പെസെറ്റ ഉണ്ടാക്കാമെന്ന് ഞാൻ ഒരു കൂട്ടുകാരനുമായി പന്തയം വച്ചിരുന്നു; അങ്ങനെ ഞാൻ അയാളുടെ അടുത്തു ചെന്നിട്ട് കൺപോളകൾ പിടപ്പിച്ചുകൊണ്ട് വർത്തമാനം തുടങ്ങി. പിറ്റേന്ന് തമ്മിൽ കാണാമെന്ന് ഞങ്ങൾ തീരുമാനമായി. ഞാൻ ചെറുപ്പമാണെന്നും പാഠപുസ്തകങ്ങൾക്കു വലിയ വിലയാണെന്നും ഞാനൊരു സൂചന കൊടുത്തപ്പോൾ അയാൾ എനിക്ക് ഇരുപത്തഞ്ചു പെസെറ്റ നല്കുകയും ചെയ്തു. ആ കൂടിക്കാഴ്ചയ്ക്കു ഞാൻ പോയില്ലെന്നു പറയേണ്ടതില്ലല്ലോ. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം അതേ ട്രാമിൽ വച്ച്  അയാളെ ഞാൻ പിന്നെയും കണ്ടു; ഞാൻ വായിൽ വിരലിട്ടു കാണിച്ചിട്ട് ഓടിക്കളഞ്ഞു.

പല കാരണങ്ങളാലും- ഒന്നാമതായി ധൈര്യക്കുറവ്- എനിക്കിഷ്ടം തോന്നിയ സ്ത്രീകൾ എന്നിൽ നിന്നകന്നു നിന്നതേയുള്ളു. തീർച്ചയായും പലരും എന്നിൽ അത്ര കേമത്തമൊന്നും കാണാത്തവരായിരുന്നു; നേരേ മറിച്ച്, ജീവിതത്തിലെ ഏറ്റവും അരോചകമായ സന്ദർഭങ്ങളിൽ ഒന്നാണ്‌, നിങ്ങൾക്കു യാതൊരു താല്പര്യവുമില്ലാത്ത ഒരാൾ നിങ്ങളെ വിടാതെ പിന്നാലെ വരിക എന്നത്. എന്റെ കാര്യത്തിൽ ഒന്നിലധികം തവണ അങ്ങനെ ഉണ്ടായിട്ടുണ്ട്; എനിക്കത് തീരെ അരോചകമായിരുന്നു. എനിക്കിഷ്ടം പ്രേമിക്കാനായിരുന്നു, പ്രേമിക്കപ്പെടാനായിരുന്നില്ല.

മാഡ്രിഡിൽ വച്ചുണ്ടായ ഒരു ബന്ധം എനിക്കോർമ്മ വരുന്നു; അന്നു ഞാൻ നിർമ്മാതാവാണ്‌. നായികാപദവി സ്വപ്നം കണ്ടു വരുന്ന പുതുമുഖങ്ങളെ വീഴ്ത്താൻ തങ്ങളുടെ പദവി പ്രയോജനപ്പെടുത്തുന്ന വമ്പൻ നിർമ്മാതാക്കളെ ഞാനെന്നും വെറുത്തിട്ടേയുള്ളു. പക്ഷേ അത്തരമൊരവസ്ഥയിൽ ഒരിക്കൽ ഞാനും ചെന്നുപെട്ടു. 1935ൽ കാണാൻ വളരെ ചന്തമുള്ള ഒരു യുവനടിയെ ഞാൻ പരിചയപ്പെട്ടു; നമുക്കവളെ പെപിത എന്നു വിളിക്കാം. കൂടി വന്നാൽ അവൾക്കന്ന് പതിനെട്ടു വയസ്സായിക്കാണും; എനിക്കവളോടു പ്രേമമായി. അമ്മയോടൊപ്പം ചെറിയൊരു വാടകവീട്ടിലാണ്‌ അവളുടെ താമസം. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് തമ്മിൽ കാണാൻ തുടങ്ങി: മലകളിൽ ഒരു പിക്നിക്, മൻസനാരെസ്സിനടുത്തുള്ള ബോംബിയായിൽ ഒരു ഡാൻസ്; പക്ഷേ ഞങ്ങളുടെ ബന്ധം തീർത്തും കാമവിമുക്തമായിരുന്നു. എനിക്ക് അവളുടെ ഇരട്ടി പ്രായമുണ്ടായിരുന്നെങ്കിലും വെറി പിടിച്ച പ്രേമമാണ്‌ എനിക്കവളോടുണ്ടായിരുന്നതെങ്കിലും ഒരിക്കലും മര്യാദ വിട്ട് ഞാൻ അവളോടു പെരുമാറിയിട്ടില്ല. ഞാനവളുടെ കരം ഗ്രഹിക്കും, അവളെ കെട്ടിപ്പിടിക്കും, പലപ്പോഴും കവിളിൽ ചുംബിക്കുകയും ചെയ്യും; പക്ഷേ, എന്റെ തൃഷ്ണകളിരിക്കെത്തന്നെ, ഒരു വേനല്ക്കാലം മുഴുവൻ ഞങ്ങളുടെ ബന്ധം പ്ളറ്റോണിക് ആയിരുന്നു.

ഞങ്ങളൊരുമിച്ച് ഒരു യാത്രയ്ക്കു പോകുന്നതിന്റെ തലേ ദിവസം കാലത്ത് എന്റെയൊരു സിനിമാസ്നേഹിതൻ എന്നെ കാണാൻ വന്നു. ഉയരം കുറഞ്ഞ്, എടുത്തു പറയാൻ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ; ആളെന്നാൽ ഒരു പെണ്ണുപിടിയൻ എന്ന പേരു നേടുകയും ചെയ്തിട്ടുണ്ട്.

“നാളെ നിങ്ങൾ പെപിതയുടെ കൂടെ എവിടെയോ പോകുന്നെന്നു കേട്ടല്ലോ?” സിനിമാക്കാര്യം സംസാരിക്കുന്നതിനിടയിൽ അയാൾ പെട്ടെന്നു ചോദിച്ചു.

“അതു താനെങ്ങനെ അറിഞ്ഞു?” എനിക്കത്ഭുതമായി.

“ഇന്നു രാവിലെ ഞങ്ങൾ ഒരുമിച്ചു കിടക്കുമ്പോൾ അവൾ പറഞ്ഞതാണ്‌.“

”ഇന്നു രാവിലെ?“

”അതെ. അവളുടെ വീട്ടിൽ വച്ച്. ഒരൊമ്പതരയോടെ ഞാൻ പോന്നു; നിങ്ങളുമൊത്ത് എവിടെയോ പോകുന്നതിനാൽ നാളെ എന്നെ കാണാൻ പറ്റില്ലെന്നും അവൾ പറഞ്ഞു.“

എന്റെ നാവിറങ്ങിപ്പോയി. ഈ വിശേഷം പറയാൻ വേണ്ടിത്തന്നെയാവാം അയാൾ വന്നത്; പക്ഷേ എനിക്കതു വിശ്വാസമായില്ല.

”അതെങ്ങനെ നടക്കാൻ,“ ഞാൻ ഉറപ്പിച്ചു പറഞ്ഞു. ”അവൾ അമ്മയുടെ കൂടെയല്ലേ താമസിക്കുന്നത്!“

”അവരുറങ്ങുന്നത് വേറേ മുറിയിലും,“ അയാൾ അക്ഷോഭ്യനായി പറഞ്ഞു.

”അവൾ കന്യകയാണെന്നു ഞാൻ കരുതി!“ ഞാൻ ഞരങ്ങി.

”അതെ,“ സ്വരത്തിൽ ഒരു വ്യത്യാസവുമില്ലാതെ അയാൾ പറഞ്ഞു. ”എനിക്കറിയാം.“

അന്നു വൈകിട്ട് പോകുന്ന വഴി പെപിത എന്നെ കാണാൻ വന്നു. അന്നു കാലത്ത് അവളുടെ കാമുകനുമായി ഞാൻ കണ്ടതിനെക്കുറിച്ച് യാതൊന്നും മിണ്ടാതെ ഞാൻ ഇങ്ങനെ ഒരോഫർ മുന്നോട്ടു വച്ചു.

”നോക്കൂ, പെപിത,“ ഞാൻ പറഞ്ഞു, ”ഞാനൊരു നിർദ്ദേശം വയ്ക്കട്ടെ. എനിക്കു നിന്നെ വളരെ ഇഷ്ടമാണ്‌; നീ എന്റെ കാമുകിയാവണം. ഞാൻ നിനക്ക് മാസം രണ്ടായിരം പെസെറ്റ തരാം, നിനക്ക് നിന്റെ അമ്മയുടെ കൂടെത്തന്നെ താമസിക്കാം; പക്ഷേ നീ എന്റെ കൂടെ മാത്രമേ കിടക്കാവൂ. എന്താ, സമ്മതമാണോ?“

അവളൊന്ന് ആശ്ചര്യപ്പെട്ടപോലെ തോന്നി; എന്നാലും അവളത് ചാടിക്കയറി സമ്മതിക്കുകയും ചെയ്തു. ഞാൻ അവളുടെ വസ്ത്രങ്ങളുരിയാൻ സഹായിച്ചു; പൂർണ്ണനഗ്നയായി നില്ക്കുന്ന അവളെ ഞാൻ കെട്ടിപ്പിടിച്ചു; പക്ഷേ അധൈര്യം കൊണ്ടു ഞാൻ മരവിച്ചപോലെയാവുകയായിരുന്നു. നമുക്ക് ഡാൻസിനു പോകാമെന്നു ഞാൻ പറഞ്ഞു; അവൾ വീണ്ടും വേഷം ധരിച്ചു; ഞങ്ങൾ കാറിൽ കയറി പുറപ്പെട്ടു; പക്ഷേ ബോംബിയായിലേക്കു പോകുന്നതിനു പകരം മാഡ്രിഡിനു പുറത്തേക്കാണ്‌ ഞാൻ കാറോടിച്ചത്. പ്യൂർത്താ ദെ ഹീറോയിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരത്തെത്തിയപ്പോൾ ഞാൻ കാറു നിർത്തി അവളോടിറങ്ങാൻ പറഞ്ഞു.

“പെപിതാ,” ഞാൻ പറഞ്ഞു, “നീ മറ്റാണുങ്ങൾക്കൊപ്പം കിടക്കാറുണ്ടെന്ന് എനിക്കറിയാം. അങ്ങനെയല്ലെന്നു തർക്കിച്ചിട്ടിനി കാര്യമില്ല; അതിനാൽ ഇവിടെ വച്ച് നമുക്ക് പിരിയാം.”

പെപിതയെ അവളുടെ വിധിക്കു വിട്ടു കൊടുത്തിട്ട് ഞാൻ കാറു തിരിച്ച് നഗരത്തിലേക്കു പോന്നു. അതിനു ശേഷം പലപ്പോഴും ഞാനവളെ സ്റ്റുഡിയോയിൽ വച്ചു കാണാറുണ്ട്; പക്ഷേ ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. അങ്ങനെയാണ്‌ എന്റെ പ്രണയബന്ധം ഭ്രൂണാവസ്ഥയിൽ തന്നെ മരണമടഞ്ഞത്. അന്നത്തെ എന്റെ പെരുമാറ്റത്തെക്കുറിച്ചോർക്കുമ്പോൾ എനിക്കിപ്പോഴും നാണക്കേടു തോന്നാറുണ്ടെന്നുകൂടി പറയട്ടെ.

നമ്മുടെ ജീവിതങ്ങളെ മാറ്റിത്തീർക്കാനും മാത്രം പ്രബലമാണു പ്രണയമെന്ന് ചെറുപ്പത്തിൽ നാം വിശ്വസിച്ചിരുന്നു. ഉടലിന്റെ തൃഷ്ണകൾ ഹൃദയങ്ങളുടെ അടുപ്പത്തിനും കീഴടക്കലിനും പങ്കു ചേരലിനുമൊപ്പം ചേർന്നുപോയിരുന്നു; ദൈനന്ദിനജീവിതത്തിലെ ക്ഷുദ്രതകൾക്കു മേലെ നമ്മെയതു കൊണ്ടുപോയിരുന്നു; മഹത്തായ ദൗത്യങ്ങൾ നിർവഹിക്കാൻ പ്രാപ്തരാണു നാമെന്ന് നമ്മെയതു വിശ്വസിപ്പിച്ചിരുന്നു. ഇന്ന്, ആളുകൾ പറയുന്നതു വിശ്വസിക്കാമെങ്കിൽ, പ്രണയം മതവിശ്വാസം പോലെയായിരിക്കുന്നു. അതു മറഞ്ഞുപോകാനുള്ള പ്രവണതയാണു കാണിക്കുന്നത്. പലരും അതിനെ കാണുന്നത് ചരിത്രപരമായ ഒരു പ്രതിഭാസം പോലെയാണ്‌, ഒരുതരം സാംസ്കാരികമിഥ്യ. പഠിക്കാനും വിശകലനം ചെയ്യാനും കഴിയുമെങ്കിൽ ചികിത്സിച്ചു ഭേദപ്പെടുത്താനുമുള്ള  ഒന്ന്.

ഞാൻ വിയോജിക്കുന്നു. ഒരു മിഥ്യയുടെ ഇരകളായിരുന്നില്ല ഞങ്ങൾ. ഇക്കാലത്തുള്ളവർക്ക് വിചിത്രമായിട്ടാണതു തോന്നുക എങ്കിലും പറയട്ടെ, സത്യമായും ഞങ്ങൾ അന്നു പ്രേമിച്ചിരുന്നു.

പ്രശസ്തനായ സ്പാനിഷ് സംവിധായകൻ ലൂയിസ് ബുനുവേലിന്റെ “എന്റെ അന്ത്യശ്വാസം” എന്ന ആത്മകഥയുടെ പതിമൂന്നാം അദ്ധ്യായത്തിന്റെ പരിഭാഷ. ഇംഗ്ളീഷ് വിവർത്തനം Abigail Israel






Saturday, April 18, 2015

അന്തോണിയോ മച്ചാദോ - റുബേൻ ദാരിയോയുടെ മരണത്തെക്കുറിച്ച്

idarior001p1


ലോകത്തിന്റെ ലയമെല്ലാം നിന്റെ കവിതകളിലുണ്ടെങ്കിൽ,
ദാരിയോ, ലയം തേടി നീ എവിടെയ്ക്കു പോയി?
ഹെസ്പേരിയായിലെ തോട്ടക്കാരാ, കടലുകളിലെ രാപ്പാടീ,
ആകാശഗോളങ്ങളുടെ സംഗീതത്താൽ വിസ്മിതഹൃദയനായവനേ,
ഡയോണീസസ് നിന്നെ കൈ പിടിച്ചു കൊണ്ടുപോയതു നരകത്തിലേക്കോ?
ഇന്നു നറുംപനിനീർപ്പൂക്കളുമായി വിജയിയായി നീ മടങ്ങുകയോ?
ഫ്ളോറിഡായിലെ നിത്യയൗവനത്തിന്റെ ഉറവ സ്വപ്നം കണ്ടവനേ,
അതു തേടിപ്പോയി നിനക്കു മുറിപ്പെട്ടുവോ, കപ്പിത്താനേ?
ആ ദീപ്താഖ്യാനം അതിന്റെ മാതൃഭാഷയിൽത്തന്നെ പറയപ്പെടട്ടെ;
സ്പാനിഷ് ദേശങ്ങളിലെ ഹൃദയങ്ങളേ, കരയൂ.
കടലുകൾക്കപ്പുറത്തു നിന്നു വാർത്ത വന്നിരിക്കുന്നു:
റുബേൻ ദാരിയോ തന്റെ സുവർണ്ണദേശത്തു വച്ചു ജീവൻ വെടിഞ്ഞിരിക്കുന്നു.
സ്പാനിഷുകാരേ, മാർബിളിന്റെ നിശിതലാളിത്യത്തിൽ നാം കാത്തുവയ്ക്കുക,
അവന്റെ പേരും കിന്നരവും പുല്ലാങ്കുഴലും ഇങ്ങനെയൊരേയൊരാലേഖനവും:
ഈ കിന്നരമാരുമിനി മീട്ടാതിരിക്കട്ടെ, അപ്പോളോയല്ലാതെ,
ഈ പുല്ലാങ്കുഴലാരുമിനി വായിക്കാതിരിക്കട്ടെ, പാനെന്ന ദേവനല്ലാതെ.


*റുബേൻ ദാരിയോ(1867-1916)- സ്പാനിഷ് കവിതയിൽ ആധുനികതയ്ക്കു തുടക്കമിട്ട നിക്കരാഗ്വൻ കവി.
*ഹെസ്പേരിയ- യവനപുരാണത്തിൽ ഒരേയൊരാപ്പിൾ മരം വളരുന്ന ഉദ്യാനം
*ഡയോണീസസ്- മദ്യത്തിന്റെയും ഉന്മാദത്തിന്റെയും യവനദേവൻ
*ഫ്ളോറിഡായിലെ ഉറവ- പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് പര്യവേക്ഷകനായ ഹുവാൻ പോൺസ് ദെ ലിയോൺ തേടിപ്പോയതായി പറയപ്പെടുന്ന നിത്യയൗവനത്തിന്റെ ഉറവ
*അപ്പോളോ- കവിതയുടെയും സംഗീതത്തിന്റെയും യവനദേവൻ
*പാൻ- ഗ്രാമ്യസംഗീതത്തിന്റെ ഇടയദേവൻ


Thursday, April 16, 2015

അന്തോണിയോ മച്ചാദോ - മഴവില്ലുദിച്ച രാത്രി

machado


ഗ്വാഡറാമയിലൂടെ മാഡ്രിഡിലേക്കുള്ള
രാത്രിവണ്ടി.
ചന്ദ്രനും മൂടൽമഞ്ഞും കൂടി
മാനത്തൊരു മഴവില്ലു സൃഷ്ടിക്കുന്നു.
വെണ്മേഘങ്ങളെ ആട്ടിപ്പായിക്കുന്ന
ഹേ, ഏപ്രിലിലെ പ്രശാന്തചന്ദ്ര!

മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ
അമ്മ അടുക്കിപ്പിടിച്ചിരിക്കുന്നു.
ഉറങ്ങുകയാണെങ്കിലും കുഞ്ഞു കാണുന്നുണ്ട്,
പിന്നിലേക്കു പായുന്ന പച്ചപ്പാടങ്ങൾ,
വെയിലു വീണ കുഞ്ഞുമരങ്ങളുമായി,
പൊന്നു പൂശിയ പൂമ്പാറ്റകളുമായി.

ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ
നെറ്റിത്തടമിരുണ്ട അമ്മ കാണുന്നുണ്ട്,
കെട്ടണയുന്ന കനലുകളും
ഊറാമ്പുലികളോടുന്ന അടുപ്പുകല്ലുകളും.

ശോകം കൊണ്ടുന്മാദിയായ ഒരു യാത്രികൻ
വിചിത്രദർശനങ്ങൾ കാണുന്നുണ്ട്,
തന്നോടു തന്നെ സംസാരിക്കുന്നുണ്ട്,
ഒരു നോട്ടം കൊണ്ടു ഞങ്ങളെ മായ്ചുകളയുന്നുണ്ട്.

മഞ്ഞു മൂടിയ പാടങ്ങൾ എനിക്കോർമ്മ വരുന്നു,
മറ്റു മലകളിലെ പൈന്മരങ്ങളും.

ഞങ്ങൾക്കു കണ്ണുകളായ തമ്പുരാനേ,
എല്ലാ ആത്മാക്കളെയും കാണുന്നവനേ,
ഞങ്ങൾക്കു നിന്റെ മുഖം കാണാനാകുന്ന ഒരു നാൾ
വന്നു ചേരുമോയെന്നൊന്നു പറയൂ.


*ഗ്വാഡറാമ- ഐബീരിയൻ ഉപഭൂഖണ്ഡത്തിലെ  മലനിര


Monday, April 13, 2015

ഒക്ടേവിയോ പാസ് - തെരുവ്

1395689192paz_pifal_666


തെരുവ് ദീർഘവും നിശബ്ദവുമായിരുന്നു.
ഇരുട്ടത്തു തപ്പിത്തടഞ്ഞു ഞാൻ നടക്കുന്നു,
കാലിടറി ഞാൻ വീഴുന്നു, എഴുന്നേല്ക്കുന്നു,
മൂകശിലകൾക്കും കരിയിലകൾക്കും മേൽ
അന്ധമായി ചുവടു വയ്ക്കുന്നു,
എനിക്കു പിന്നിലും ആരോ നടക്കുന്നുണ്ട്:
ഞാൻ നില്ക്കുമ്പോൾ അയാൾ നില്ക്കുന്നു,
ഞാൻ ഓടുമ്പോൾ അയാളും ഓടുന്നു;
ഞാൻ തിരിഞ്ഞുനോക്കുന്നു: ആരുമില്ല.
എവിടെയും ഇരുട്ടു മാത്രം,
പുറത്തേക്കു വഴിയുമില്ല;
എത്ര വളവുകൾ തിരിഞ്ഞിട്ടും
ഞാനെത്തുന്നതതേ തെരുവിൽ തന്നെ;
അവിടെ ആരുമെന്നെ കാത്തുനില്ക്കുന്നില്ല,
ആരുമെന്റെ പിന്നാലെ വരുന്നില്ല;
അവിടെ ഞാൻ പിന്നാലെ ചെല്ലുന്ന ഒരാൾ
കാലു തടഞ്ഞു വീഴുന്നു, എഴുന്നേല്ക്കുന്നു,
എന്നെ കണ്ടിട്ടു പറയുന്നു: ആരുമില്ല.


 

 

ബോര്‍ഹസ് - തെക്ക്

Surlink to image



1871-ല്‍ ബ്യൂണേഴ്‌സ് അയഴ്‌സില്‍ ബോട്ടില്‍ വന്നിറങ്ങിയ ആ മനുഷ്യന്റെ പേര് യൊഹാനസ്  ഡാല്‍മന്‍ എന്നായിരുന്നു.  ഇവാഞ്‌ജെലിക്കല്‍ സഭയില്‍ പാതിരിയായിരുന്ന ഇദ്ദേഹത്തിന്റെ ഒരു ചെറുമകന്‍ ഹുവാന്‍ ‍ ഡാല്‍മന്‍ 1939-ല്‍   കൊര്‍ദോബാ തെരുവിലെ മുനിസിപ്പല്‍ ലൈബ്രറിയില്‍ സെക്രട്ടറിയായി ജോലി നോക്കിയിരുന്നു. താന്‍ കലര്‍പ്പില്ലാത്ത അര്‍ജന്റീനക്കാരനാണെന്നതില്‍ അയാള്‍ക്കു വലിയ അഭിമാനമായിരുന്നു. അമ്മവഴിക്ക് അയാളുടെ മുത്തച്ഛന്‍ കാലാള്‍പ്പടയുടെ രണ്ടാംനിരയില്‍പ്പെട്ട ഫ്രാന്‍സിസ്‌കോ ഫ്‌ളോറെസ് ആയിരുന്നു; ബ്യൂണേഴ്‌സ് അയഴ്‌സിലെ യുദ്ധമുന്നണിയില്‍വച്ച് റെഡ് ഇന്ത്യക്കാരുടെ കുന്തമുനയേറ്റാണ് അദ്ദേഹം മരിച്ചത്. ഈ വിരുദ്ധപൈതൃകങ്ങളില്‍ ഡാല്‍മന്‍ തിരഞ്ഞെടുത്തത്, അയാളിലെ  ജര്‍മ്മാനിക് രക്തം  കാരണമാവാം, ആ കാല്പനികപൂര്‍വ്വികന്റെ അല്ലെങ്കില്‍ ആ കാല്‍പനികമരണത്തിന്റെ പാരമ്പര്യമായിരുന്നു.  ഒരു പഴയ വാള്, താടി വച്ച, നിർവികാരമായ ഒരു മുഖത്തിന്റെ ലിത്തോഗ്രഫ് അടക്കം ചെയ്ത ഒരു ലോക്കറ്റ് , ചില ഈണങ്ങളുടെ അഴകും ചുണയും, മാര്‍ട്ടിന്‍ ഫിയെറോയിലെ* ശീലമായിത്തീര്‍ന്ന ചില  പദ്യശകലങ്ങള്‍, കടന്നുപോയ വര്‍ഷങ്ങള്‍, മടുപ്പും ഏകാന്തതയും-ഇവയൊക്കെ ഇച്ഛാപൂര്‍വ്വവും എന്നാല്‍ നാട്യപരത തീര്‍ത്തുമില്ലാത്തതുമായ ഈ ദേശീയവാദത്തിനു കളമൊരുക്കി. അസംഖ്യം ചെറുസുഖങ്ങള്‍ ബലികഴിച്ചുകൊണ്ടാണെങ്കിലും തെക്ക് ഫ്‌ളോറെസ് കുടുംബത്തിനവകാശപ്പെട്ട ഒരൊഴിഞ്ഞ കളപ്പുര അയാള്‍ സ്വന്തമാക്കിയിരുന്നു. ഔഷധഗന്ധം വമിക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങളും മങ്ങിയ ചെങ്കല്‍നിറമുള്ള ഒരു വലിയ വീടും കൂടിച്ചേര്‍ന്ന ബിംബം അയാളുടെ ഓര്‍മ്മകളില്‍ നിത്യസാന്നിദ്ധ്യമായി. ജോലിപ്പാടുകള്‍, മടിയുമാവാം, അയാളെ നഗരത്തില്‍ത്തന്നെ കുടുക്കിയിട്ടു വേനല്ക്കാലങ്ങള്‍ കടന്നുപോയി. സമ്പാദ്യമെന്ന അമൂര്‍ത്താശയവും സമതലത്തിന്റെ മദ്ധ്യത്ത് ഒരു പ്രത്യേകസ്ഥാനത്ത് തന്റെ കളപ്പുര തന്നെ കാത്തുകിടക്കുകയാണെന്ന തീര്‍ച്ചയും കൊണ്ടുമാത്രം അയാള്‍ക്കു തൃപ്തനാകേണ്ടിവന്നു. എന്നാല്‍ 1939 ഫെബ്രുവരി അവസാനത്തോടെ ചിലതു സംഭവിച്ചു.


ഒരു മനുഷ്യന്റെ സകല വീഴ്ചകള്‍ക്കും നേരെ കണ്ണടയ്ക്കുന്ന വിധി ചെറിയൊരു ശ്രദ്ധക്കുറവിന്റെ പേരില്‍ അയാളുടെ മേല്‍ തന്റെ സര്‍വ്വക്രൂരതയും കാട്ടിയെന്നു വരാം. അന്നുച്ചതിരിഞ്ഞ്, വെയ്ല്‍സ് എഡിറ്റു ചെയ്ത 'ആയിരത്തൊന്നുരാവുകളു'ടെ ചില പേജുകള്‍ കീറിപ്പോയ ഒരു കോപ്പി അയാള്‍ എങ്ങനെയോ സമ്പാദിച്ചിരുന്നു. വായിക്കാനുള്ള വ്യഗ്രത കാരണം ലിഫ്റ്റിനുവേണ്ടി കാത്തുനില്ക്കാതെ അയാള്‍ കോണിപ്പടി ഓടിക്കയറുകയായിരുന്നു. ഇരുട്ടത്ത് അയാളുടെ നെറ്റിയില്‍ എന്തോ വന്നുരുമ്മി; വവ്വാലാണോ, കിളിയാണോ? വാതില്‍ തുറന്നുകൊടുത്ത സ്ത്രീയുടെ മുഖത്ത് ഭീതി കൊത്തിവെച്ചിരിക്കുന്നത് അയാള്‍ കണ്ടു. അയാള്‍ മുഖം തുടച്ച കൈ രക്തംപുരണ്ടു ചുവന്നു. ആരോ അടയ്ക്കാന്‍ വിട്ടുപോയ കതകിന്റെ വിളുമ്പാണ് അയാള്‍ക്ക് ഈ മുറിവുണ്ടാക്കിവച്ചത്. ഡാല്‍മന്‍ എങ്ങനെയോ ഉറങ്ങി. പക്ഷേ രാവിലെ ഉറക്കം വിട്ട നിമിഷം മുതല്‍ അയാള്‍ക്കെല്ലാ വസ്തുക്കളും ചവര്‍ത്തു. ജ്വരം അയാളെ അവശനാക്കി, 'ആയിരത്തൊന്നു രാവുകളി'ലെ ചിത്രങ്ങള്‍ അയാളുടെ പേക്കിനാവുകള്‍ക്ക് രൂപം കൊടുത്തു. സുഹൃത്തുക്കളും ബന്ധുക്കളും അയാളെ സന്ദര്‍ശിക്കാനെത്തി. വലിച്ചുനീട്ടിയ പുഞ്ചിരിയോടെ അവര്‍ അയാള്‍ക്കു കുശലം പറഞ്ഞു. ഒരുതരം ജാഡ്യത്തോടെ അയാള്‍ അതെല്ലാം കേട്ടു. താന്‍ നരകത്തില്‍ കിടക്കുകയാണെന്ന കാര്യം ഇവരെന്തേ മനസ്സിലാക്കുന്നില്ല! ഒരാഴ്ച, എട്ടുദിവസം, കടന്നുപോയി. അത് എട്ടു നൂറ്റാണ്ടുകള്‍പോലെയായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് പതിവുഡോക്ടര്‍ പുതിയൊരു ഡോക്ടറേയും കൂട്ടിയെത്തി. അവര്‍ അയാളെ  ഇക്വഡോര്‍ തെരുവിലെ ഒരു സാനിറ്റോറിയത്തിലേക്കു കൊണ്ടുപോയി. അയാളുടെ എക്‌സ്‌റേ എടുക്കേണ്ടതുണ്ടായിരുന്നു. ഒറ്റക്കുതിരവണ്ടിയില്‍ ഇരിക്കുമ്പോള്‍ ഡാല്‍മന്‍ ആശ്വസിച്ചു: അവസാനം തന്റേതല്ലാത്ത ഒരു മുറിയില്‍ തനിക്കുറങ്ങാമല്ലോ. അയാള്‍ക്കു സന്തോഷവും ഉത്സാഹവും തോന്നി. ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അവര്‍ അയാളെ വിവസ്ത്രനാക്കി; തല മുണ്ഡനം ചെയ്തു; പിന്നെ ലോഹക്കൊളുത്തുകള്‍കൊണ്ട് ഒരു സ്‌ട്രെച്ചറില്‍ അയാളെ ബന്ധിച്ചു. തുടര്‍ന്ന് അവര്‍ അയാളുടെ മേല്‍ വിളക്കുകളുടെ രൂക്ഷപ്രകാശം വീഴ്ത്തി. അയാളുടെ കണ്ണുകള്‍ ഇരുട്ടടച്ചു; അയാള്‍ക്കു തല ചുറ്റി. മുഖാവരണം ധരിച്ച ഒരാള്‍ അയാളുടെ കൈയ്യില്‍ ഒരു സൂചി കുത്തിക്കയറ്റി. കിണറുപോലെ തോന്നിച്ച ഒരു മുറിയില്‍, മനംപുരട്ടലോടെ അയാളുണര്‍ന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുവന്ന പകലുകളും രാത്രികളും സഹിക്കുമ്പോള്‍ അയാള്‍ക്കു മനസ്സിലായി താനിതുവരെ നരകത്തിന്റെ പ്രാന്തപ്രദേശത്തു മാത്രമായിരുന്നുവെന്ന്. ഈ നാളത്രയും ഡാല്‍മന്‍ തന്റെ ഓരോ അണുവും കണക്കറ്റു വെറുത്തു. തന്റെ സ്വത്വം. തന്റെ ശാരീരികാവശ്യങ്ങള്‍, താനനുഭവിക്കുന്ന അപമാനം, മുഖത്തുരുമ്മുന്ന അടി - എല്ലാമെല്ലാം അയാള്‍ വെറുത്തു. വേദനാജനകമായിരുന്ന ചികിത്സാവിധികളൊക്കെ അയാള്‍ സഹനത്തോടെ കൈക്കൊണ്ടു. എന്നാല്‍ രക്തദൂഷ്യം അധികരിച്ച് താന്‍ മരിക്കാറായതായിരുന്നുവെന്ന് സര്‍ജന്‍ പറഞ്ഞപ്പോള്‍ ആത്മാനുപാതംകൊണ്ട് ഡാല്‍മനു കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ശാരീരികമായ അവശതയും ഭീതിദമായ രാത്രികളെക്കുറിച്ചുള്ള നിരന്തരചിന്തയും കാരണം മരണംപോലെ അത്ര അമൂര്‍ത്തമായ ഒന്നിനെക്കുറിച്ചു ചിന്തിക്കാന്‍ അയാള്‍ക്കു നേരം കിട്ടിയിരുന്നില്ലല്ലോ. മറ്റൊരു ദിവസം സര്‍ജന്‍ വന്നു പറഞ്ഞു, അയാള്‍ സുഖപ്പെടുകയാണെന്ന്, വിശ്രമമെടുക്കാനായി അയാള്‍ക്കിനി തന്റെ കളപ്പുരയിലേക്കു പോകാമെന്ന്. അവിശ്വസനീയമായ വേഗതയോടെ ആ വാഗ്ദത്തദിനം വന്നുചേര്‍ന്നു.


സമമിതികളേയും ചില്ലറ അകാലികതകളേയും പിന്തുണയ്ക്കുന്ന സ്വഭാവമുണ്ട് യാഥാര്‍ത്ഥ്യത്തിന്. ഡാല്‍മന്‍ സാനിറ്റോറിയത്തിലെത്തിയത് ഒറ്റക്കുതിരവണ്ടിയിലായിരുന്നു. ഇപ്പോള്‍ അയാളെ കോണ്‍സ്റ്റിറ്റ്യൂസിയോന്‍ റയില്‍വേസ്റ്റേഷനിലേക്കു വഹിച്ചുകൊണ്ടോടുന്നതും ഒരൊറ്റക്കുതിരവണ്ടി തന്നെയാണ്. വേനലിന്റെ ക്രൂരതകള്‍ക്കുശേഷം ശരത്കാലത്തിന്റെ കുളിരുന്ന നവഗന്ധം തന്റെ ഇപ്പോഴത്തെ സ്ഥിതിയുടെ പ്രതീകമാണെന്ന് ഡാല്‍മനു തോന്നി. ജ്വരത്തില്‍നിന്നും മരണത്തില്‍നിന്നും താന്‍ വിടുതി നേടിയതിന്റെ പ്രകൃതിയിലെ പ്രതീകം. രാത്രിയില്‍ നഗരങ്ങള്‍ ജീര്‍ണ്ണഭവനങ്ങള്‍ പോലെയാണ്; കാലത്തേഴു മണിയായിട്ടും ആ പഴക്കച്ചുവ തങ്ങിനിന്നിരുന്നു: തെരുവുകള്‍ നീണ്ട ഇടനാഴികള്‍പോലെ തോന്നിച്ചു. നാല്ക്കവലകള്‍ നടുമുറ്റങ്ങളായിരുന്നു. തലചുറ്റിക്കുന്ന ആഹ്ലാദത്തോടെ ഡാല്‍മന്‍ തന്റെ നഗരം തിരിച്ചറിഞ്ഞു. കണ്ണുകള്‍ കാണുന്നതിനൊരു നിമിഷം മുമ്പേ ഓര്‍മ്മയില്‍ അയാള്‍ തെരുവുമൂലകള്‍ കണ്ടെടുത്തു, പരസ്യപ്പലകകള്‍ കണ്ടെടുത്തു, ബ്യൂണേഴ്‌സ് അയഴ്‌സിന്റെ എളിയ വൈവിദ്ധ്യം കണ്ടെടുത്തു. പുതിയൊരു പകലിന്റെ മഞ്ഞവെളിച്ചത്തില്‍ എല്ലാ വസ്തുക്കളും അയാളിലേക്കു തിരിച്ചുചെന്നു.


തെക്ക് തുടങ്ങുന്നത് അവെനീഡാ റിവാഡാവിയായുടെ അങ്ങേപ്പുറത്തു നിന്നാണെന്ന് ഏതര്‍ജന്റീനാക്കാരനുമറിയാം. ആ തെരുവു മുറിച്ചു കടക്കുന്നയാള്‍ കൂടുതല്‍ പുരാതനവും കര്‍ക്കശവുമായ ഒരു ലോകത്തിലേക്കാണു പ്രവേശിക്കുന്നതെന്ന് ഡാല്‍മന്‍ പറയാറുണ്ടായിരുന്നു. വണ്ടിക്കുള്ളിലിരുന്നുകൊണ്ട് വെളിയിലെ പുതിയ കെട്ടിടങ്ങള്‍ക്കിടയില്‍ ഡാല്‍മന്‍ പലതും തേടി: ഇരുമ്പഴിയിട്ട ഒരു ജനാല, ഒരു പിത്തള വാതില്‍പ്പിടി, ഒരു വളച്ചുവാതില്‍, സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ഒരു നടുമുറ്റം.


ട്രയിന്‍ വിടാന്‍ അരമണിക്കൂര്‍ കഴിയേണ്ടിയിരുന്നു. പെട്ടെന്നയാള്‍ക്ക്  ബ്രസീല്‍ തെരുവിന്റെ (യിറിഗോഷന്റെ വീട്ടിനല്പമകലെയായുള്ള) ഒരു കാപ്പിക്കടയെക്കുറിച്ചോര്‍മ്മ വന്നു. ഉദ്ധതനായ ഒരു ദേവനെപ്പോലെ ആളുകള്‍ക്കു തലോടാന്‍ കിടന്നുകൊടുക്കുന്ന  ഒരു പൂച്ച അവിടെയുണ്ടായിരുന്നു. അയാള്‍ കാപ്പിക്കടയിലേക്കു കയറി. പൂച്ച അവിടെക്കിടന്നു മയങ്ങുന്നുണ്ടായിരുന്നു. അയാള്‍ ഒരു കാപ്പി വരുത്തി സാവധാനം മൊത്തിക്കുടിച്ചു (ഈ ആനന്ദം സാനിറ്റോറിയത്തില്‍ അയാള്‍ക്കു നിഷേധിക്കപ്പെട്ടതായിരുന്നല്ലോ.) പൂച്ചയുടെ കറുത്ത രോമക്കുപ്പായം തലോടുമ്പോള്‍ അയാളോര്‍ത്തു: ഈ രണ്ടു സത്തകളും, പൂച്ചയും മനുഷ്യനും, ഒരു സ്ഫടികഭിത്തിയാല്‍ വേര്‍തിരിക്കപ്പെട്ടപോലെയാണ്. കാരണം മനുഷ്യന്‍ ജീവിക്കുന്നത് കാലത്തിലാണ്, തുടര്‍ച്ചയിലാണ്; എന്നാല്‍ ഈ മാന്ത്രികജീവിയുടെ ജീവിതം വര്‍ത്തമാനത്തിലാണ്, ഇക്ഷണത്തിന്റെ നിത്യതയിലാണ്.


ഒടുവിലത്തേതിനിപ്പുറത്തുള്ള പ്ലാറ്റ്‌ഫോമില്‍ ട്രയിന്‍ കാത്തുകിടന്നു. മിക്കവാറും ഒഴിഞ്ഞ ഒരു കോച്ച് കണ്ടെത്തി അയാള്‍ തന്റെ പെട്ടികളൊക്കെ അടുക്കിവച്ചു. ട്രയിന്‍ പുറപ്പെട്ടപ്പോള്‍ അയാള്‍ സഞ്ചി തുറന്ന്, ഒന്നു മടിച്ച ശേഷം, 'ആയിരത്തൊന്നു രാവുകളു'ടെ ഒന്നാം വാല്യം പുറത്തെടുത്തു. തന്റെ നിര്‍ഭാഗ്യങ്ങളുടെ ചരിത്രവുമായി അത്ര അടുത്ത ബന്ധമുള്ള  ഈ പുസ്തകവുമായി യാത്ര ചെയ്യുക എന്നത് തന്റെ പീഡനപര്‍വ്വം അവസാനിച്ചിരിക്കുന്നു എന്നതിനൊരു സ്ഥിരീകരണമാണെന്ന് ഡാല്‍മനു തോന്നി. തിന്മയുടെ തോറ്റ ശക്തികള്‍ക്കെതിരെ ഗൂഢവും ആഹ്ളാദം നിറഞ്ഞതുമായ ഒരു വെല്ലുവിളിയാണത്.


ട്രയിനിനിരുപുറവും നഗരം നഗരപ്രാന്തങ്ങളായി ചിതറി. ആ കാഴ്ചയും പിന്നെ,  പൂന്തോട്ടങ്ങളും ബംഗ്ലാവുകളും അയാളുടെ വായന തുടങ്ങാന്‍ താമസം വരുത്തി. യഥാര്‍ത്ഥത്തില്‍ അയാള്‍ അത്രയധികം വായിച്ചതുമില്ല. കാന്തശക്തിയുള്ള പര്‍വ്വതവും തന്റെ ഉപകര്‍ത്താവിനെ കൊല്ലാനടുത്ത ജിന്നുമൊക്കെ വിസ്മയാവഹങ്ങള്‍ തന്നെയാണെന്നു സമ്മതിക്കുന്നു. പക്ഷേ, ഈ പ്രഭാതവും ജീവിക്കുക എന്ന വെറും വസ്തുതയും നല്കുന്ന വിസ്മയത്തിനു മുന്നില്‍ അവയെവിടെ? ഡാല്‍മന്‍ പുസ്തകം അടച്ചുവച്ചു.


ഉച്ചഭക്ഷണം - ബാല്യകാലത്തെ വിദൂരമായ വേനലുകളിലെന്നപോലെ തിളങ്ങുന്ന ലോഹക്കോപ്പകളില്‍ വിളമ്പിയ സൂപ്പ് - പ്രശാന്തവും സഫലവുമായ മറ്റൊരാനന്ദമായിരുന്നു.


നാളെ ഞാനെന്റെ കളപ്പുരയില്‍ ഉറക്കമുണരും, അയാളോര്‍ത്തു. അയാള്‍ ഒരേസമയം രണ്ടുപേരായിരുന്നപോലെയായിരുന്നു: ഒരാള്‍ ശരത്കാലത്തെ ഒരു പകല്‍നേരം ജന്മഭൂമിയുടെ ഭൂമിശാസ്ത്രത്തിലൂടെ സഞ്ചരിക്കുകയായിരുന്നു; മറ്റേയാള്‍ ഒരു സാനിറ്റോറിയത്തിന്റെ തടവില്‍ കിടന്ന് കടുത്ത പഥ്യാചരണത്തിനു വിധേയനാവുകയും.


കുമ്മായം തേക്കാത്ത നീണ്ടേങ്കോണിച്ച വീടുകള്‍ തീവണ്ടികള്‍ വരുന്നതും പോകുന്നതും കണ്ട് കാലമറ്റ നില്പു തുടരുന്നതയാള്‍ കണ്ടു; ചളി കുഴഞ്ഞ പാതകളിലൂടെ കുതിരസവാരിക്കാര്‍ ഓടിച്ചുപോകുന്നത് അയാള്‍ കണ്ടു;  തോടുകളും ചിറകളും മേച്ചില്‍പ്പുറങ്ങളുമയാള്‍ കണ്ടു; വെണ്ണക്കല്ലുപോലെ  തിളങ്ങുന്ന മഹാമേഘങ്ങള്‍ അയാള്‍ കണ്ടു; ഈ വസ്തുക്കളൊക്കെയും യാദൃച്ഛികമായിരുന്നു; അകാരണമായിരുന്നു - സമതലത്തിന്റെ സ്വപ്നങ്ങള്‍പോലെ. മരങ്ങളും വിളകളും താന്‍ തിരിച്ചറിഞ്ഞതായി അയാള്‍ കരുതി. എന്നാല്‍ അവയുടെ പേരു പറയാന്‍ അയാള്‍ക്കു കഴിയുമായിരുന്നില്ല. കാരണം നാട്ടിന്‍പുറത്തെക്കുറിച്ചുള്ള അയാളുടെ യഥാര്‍ത്ഥജ്ഞാനം അതിനെക്കുറിച്ച് അയാള്‍ക്കുണ്ടായിരുന്ന ഗൃഹാതുരവും സാഹിത്യപരവുമായ ജ്ഞാനത്തേക്കാള്‍ എത്രയോ താഴ്ന്നതായിരുന്നു.


ഇടയ്ക്കിടെ അയാള്‍ മയങ്ങി. ട്രയിനിന്റെ ഇളക്കങ്ങള്‍ അയാളുടെ സ്വപ്നങ്ങളെ ചലനാത്മകമാക്കി. നട്ടുച്ചയ്ക്കത്തെ അസഹ്യമായ വെണ്‍സൂര്യന്‍ ഇരുട്ടു വീഴും മുമ്പത്തെ മഞ്ഞസൂര്യനായി മാറിക്കഴിഞ്ഞിരുന്നു. വൈകാതെ  അത് ചുവന്ന സൂര്യനായി മാറും. തീവണ്ടിയും ഇപ്പോള്‍ ഭാവം പകര്‍ന്നുകഴിഞ്ഞിരുന്നു. കോണ്‍സ്റ്റിറ്റ്യൂസിയോന് സ്റ്റേഷന്‍ വിട്ട അതേ വണ്ടിയായിരുന്നില്ല ഇപ്പോഴത്. സമതലവും കഴിഞ്ഞ നേരവും കൂടി അതിന്റെ രൂപം മാറ്റിത്തീര്‍ത്തിരുന്നു. വെളിയില്‍, തീവണ്ടിയുടെ ചലിക്കുന്ന നിഴല്‍ ചക്രവാളത്തിലേക്കു നീണ്ടുകിടന്നു. അവ്യാകൃതമായ ഭൂമിയെ പാര്‍പ്പിടമോ മറ്റു മനുഷ്യസാന്നിദ്ധ്യങ്ങളോ അലോസരപ്പെടുത്തിയില്ല. നാട്ടിന്‍പുറം വിപുലവും അതേസമയം അടുപ്പം കാട്ടുന്നതും കുറേയൊക്കെ നിഗൂഢവുമായിരുന്നു. സീമയറ്റ നാട്ടിന്‍പുറം ചിലപ്പോഴൊക്കെ ഏകാകിയായ ഒരു കുതിര മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നു. ഏകാന്തത പരിപൂര്‍ണ്ണവും പീഡിപ്പിക്കുന്നതുമായിരുന്നു. വെറും  തെക്കോട്ടല്ല,  ഭൂതകാലത്തിലേക്കു തന്നെയാണ് താന്‍ യാത്ര ചെയ്യുന്നതെന്ന് ഡാല്‍മനു തോന്നിയിരിക്കണം. ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ അയാളെ ചിന്തകളില്‍നിന്നുണര്‍ത്തി. ടിക്കറ്റ് വാങ്ങി നോക്കിയിട്ട്, ഡാല്‍മന് തന്റെ സ്റ്റേഷനില്‍ ഇറങ്ങാന്‍ പറ്റില്ലെന്നും അതിനു തൊട്ടുമുമ്പുള്ള സ്റ്റേഷനില്‍ ഇറങ്ങേണ്ടിവരുമെന്നും അയാള്‍ പറഞ്ഞു. ഡാല്‍മന് ആ സ്റ്റേഷനെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല. (ഈ അസൗകര്യത്തിന് ഇന്‍സ്‌പെക്ടര്‍ എന്തോ വിശദകരണവും നല്‍കിയിരുന്നു. ഡാല്‍മന്‍, പക്ഷേ, അതു മനസ്സിലാക്കാന്‍ മിനക്കെട്ടുമില്ല. സംഭവങ്ങളുടെ പ്രവര്‍ത്തനക്രമം‍ അയാളെ അലട്ടിയതേയില്ല.)


ട്രയിന്‍ ഞരങ്ങിക്കൊണ്ടു നിന്നു; സമതലത്തിന്റെ മദ്ധ്യത്തു തന്നെ എന്നുപറയാം. സ്റ്റേഷന്‍ പാളത്തിനങ്ങേപ്പുറമായിരുന്നു. ഒരു സൈഡിംഗും ഒരു ഷെഡ്ഡും എന്നതില്‍ക്കവിഞ്ഞൊന്നുമില്ല. വാഹനങ്ങള്‍ ഒന്നും കാണപ്പെട്ടില്ല. അല്പം നടന്നാല്‍ ഒരു ജനറല്‍ സ്റ്റോര്‍ കാണാമെന്നും അവിടെ ഏതെങ്കിലും വണ്ടി കണ്ടേക്കാമെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.


ഒരു ചെറിയ സാഹസം എന്ന നിലയില്‍ ഡാല്‍മന്‍ നടക്കാന്‍ തീരുമാനിച്ചു. സൂര്യന്‍ കാഴ്ചപ്പാടില്‍നിന്നു മറഞ്ഞിരുന്നു. എങ്കിലും ഒരന്ത്യപ്രതാപം മൂകവും ഉജ്ജ്വലവുമായ സമതലത്തിനുമേല്‍ പ്രഭാവം പരത്തിനിന്നു.
ജനറല്‍ സ്റ്റോര്‍, ഒരു കാലത്ത് കടുത്ത ചുവപ്പുനിറം അടിച്ചതായിരുന്നിരിക്കണം. എന്നാല്‍ കഴിഞ്ഞുപോയ കാലം അതിന്റെ ഹിംസ്രസ്വഭാവത്തിനു മയം വരുത്തിയിരുന്നു. കെട്ടിടത്തിന്റെ താണതരം വാസ്തുവിദ്യ ഒരു പഴയ ചിത്രത്തിന്റെ ഓര്‍മ്മയുണര്‍ത്തി. ഒരുപക്ഷേ 'പൗലോസും കന്യാമേരിയും' എന്ന ചിത്രത്തിന്റെ ഒരു പഴയ പതിപ്പിനെയാകാം. ഒരു കൂട്ടം കുതിരകളെ തൂണുകളില്‍ കെട്ടിയിരുന്നു. ഉള്ളിലേക്കു കടന്നപ്പോള്‍ കടക്കാരനെ താന്‍ എവിടെയോ കണ്ടിട്ടുണ്ടെന്ന് ഡാല്‍മനു തോന്നി. പെട്ടെന്നു തന്നെ അയാള്‍ക്കു തന്റെ അബദ്ധം മനസ്സിലായി. ആശുപത്രിയിലെ ഒരു അറ്റന്‍ഡറുമായി ഇയാള്‍ക്കു മുഖസാമ്യം ഉണ്ടായിരുന്നുവെന്നേയുള്ളൂ. ഡാല്‍മന്റെ അപേക്ഷ കേട്ടപ്പോള്‍ ഒരു വണ്ടി ശരിപ്പെടുത്തിക്കൊടുക്കാമെന്ന് കടക്കാരന്‍ പറഞ്ഞു. അന്നാളത്തെ കണക്കിലേക്ക് ഒരു സംഭവം കൂടി ചേര്‍ക്കാം, പിന്നെ സമയവും പോകുമല്ലോ എന്നു കരുതി ജനറല്‍ സ്റ്റോറില്‍ നിന്നു ഭക്ഷണം കഴിക്കാമെന്ന് ഡാല്‍മന്‍ തീരുമാനിച്ചു.
ചില നാട്ടുറൗഡികള്‍ തീറ്റയും കുടിയുമായി ഒരു മേശയ്ക്ക് ചുറ്റുമിരുപ്പുണ്ടായിരുന്നു. ഡാല്‍മന്‍ ആദ്യം അവരെ അത്ര ശ്രദ്ധിക്കാന്‍ പോയില്ല. ബാറിനോടു ചേര്‍ന്ന് തറയില്‍ ഒരു വസ്തുവെന്നോണം അനക്കമറ്റ് ഒരു കിഴവന്‍ ഇരുപ്പുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ട ശിലാഖണ്ഡംപോലെയോ, തലമുറകള്‍ കൈമറിഞ്ഞ ഒരു വാക്യംപോലെയോ തേഞ്ഞു മിനുസമായ ഒരു മനുഷ്യന്‍; ഇരുണ്ടുണങ്ങി, ഉള്ളിലേക്കു വലിഞ്ഞ ഒരു ജീവി. അയാള്‍ കാലത്തിനു വെളിയില്‍, നിത്യതയിലാണ് സ്ഥിതിചെയ്യുന്നതെന്നു തോന്നി. ഡാല്‍മന്‍ തൃപ്തിയോടെ അയാളുടെ തൂവാല കണ്ടു, കനത്ത മേലങ്കി കണ്ടു, അടിപൊങ്ങിയ ബൂട്ടുകണ്ടു. ഇത്തരം ഗൌച്ചോകളെ തെക്കുല്ലാതെ ‍ കാണാന്‍ കിട്ടുകയില്ലെന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു.


ജനാലയ്ക്കടുത്തായി ഡാല്‍മന്‍ ഇരുന്നു, ഇരുട്ട് സമതലത്തെ കീഴടക്കാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും ഭൂമിയുടെ ഗന്ധവും ശബ്ദവും ജനാലയുടെ ഇരുമ്പഴികള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. കടക്കാരന്‍ അയാള്‍ക്ക് മീനും ഇറച്ചി പൊരിച്ചതും കൊണ്ടുവച്ചു. വൈന്‍ഗ്ലാസ്സുകള്‍ കാലിയാക്കിക്കൊണ്ട് അയാള്‍ ഭക്ഷണം കഴിച്ചു. മയങ്ങിത്തുടങ്ങിയ കണ്ണുകള്‍ കടയ്ക്കുള്ളില്‍ അലഞ്ഞു. തുലാത്തില്‍നിന്ന് ഒരു റാന്തല്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. മറ്റേ മേശയ്ക്കരികില്‍ മൂന്നുപേരിരുപ്പുണ്ടായിരുന്നു. രണ്ടുപേര്‍ പാടത്തു പണിക്കാരാണെന്നു തോന്നി. കാഴ്ചയ്ക്കു ചീനക്കാരനെപ്പോലിരുന്ന മൂന്നാമന്‍ തൊപ്പിയൂരാതെ തന്നെ കുടിക്കുയായിരുന്നു. പെട്ടെന്ന്‍ ഡാല്‍മന് തന്റെ കവിളിലെന്തോ വന്നുരുമ്മിയപോലെ തോന്നി. കൊഴുത്ത വീഞ്ഞിന്റെ ഗ്ലാസിനരികെ, മേശവിരിപ്പിന്റെ മേല്‍ തുപ്പലില്‍ കുതിര്‍ന്ന ഒരു റൊട്ടിക്കഷണം കിടന്നിരുന്നു. അത്രേയുള്ളു. പക്ഷേ അതാരോ എറിഞ്ഞതാണ്.


മറ്റേ മേശയ്ക്കരികിലിരുന്നവര്‍ അയാളുമായി യാതൊരു ബന്ധവുമില്ലാത്തതുപോലെ കാണപ്പെട്ടു. അസ്വസ്ഥനായ ഡാല്‍മന്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നു സമാധാനിക്കാന്‍ ശ്രമിച്ചു. യാഥാര്‍ത്ഥ്യത്തെ അടക്കിവയ്ക്കാന്‍ ഒരുപാധിയായി അയാള്‍ 'ആയിരത്തൊന്നു രാവുകള്‍' എടുത്തു തുറന്നു. അല്പനിമിഷങ്ങള്‍ക്കുശേഷം മറ്റൊരു റൊട്ടിക്കഷണം മേശപ്പുറത്തു വന്നുവീണു. ഇപ്പോള്‍ അവര്‍ വെളിവായി ചിരിക്കുക തന്നെയായിരുന്നു. താന്‍ പേടിച്ചിട്ടല്ല എന്ന് അയാള്‍ സ്വയം പറഞ്ഞു. പക്ഷേ, രോഗം മാറി വിശ്രമമെടുക്കേണ്ട താന്‍ അപരിചിതരായ ചിലരുമായി കാര്യമില്ലാത്തൊരു വഴക്കിനു നിന്നു കൊടുത്താല്‍ അതു വലിയൊരബദ്ധമായിപ്പോകും. ഡാല്‍മന്‍ അവിടെനിന്നുമിറങ്ങിപ്പോകാന്‍ തീരുമാനിച്ചു. അയാള്‍ എഴുന്നേറ്റപ്പോഴേക്കും കടക്കാരന്‍ ഓടിയെത്തി ക്ഷമാപണം പറഞ്ഞു:
’സെനോര്‍ ഡാല്‍മന്‍, ആ പയ്യന്മാരെ കാര്യമാക്കണ്ട, അവന്മാര്‍ അല്പം കൂടുതല്‍ അകത്താക്കിയിരിക്കുന്നു.’

 
കടക്കാരന് തന്റെ പേരറിയാമായിരുന്നു എന്നത് ഡാല്‍മനെ ആശ്ചര്യപ്പെടുത്തിയില്ല. പക്ഷേ ഈ അനുരഞ്ജനവാക്കുകള്‍ സ്ഥിതി വഷളാക്കിയതേയുള്ളു എന്ന് അയാള്‍ക്ക് തോന്നി. ഈ നിമിഷത്തിനു മുമ്പ് അവരുടെ പ്രകോപനം ഒരജ്ഞാതമുഖത്തിനു നേരെയായിരുന്നു, ആരോടുമല്ലായിരുന്നു; പക്ഷേ ഇപ്പോള്‍ അത് അയാള്‍ക്കു നേരെയുള്ള ഒരാക്രമണമാണ്; തന്റെ പേരിനു നേരെയുള്ളതാണത്. തന്റെ ചുറ്റുമുള്ളവര്‍ അതറിഞ്ഞുമിരിക്കുന്നു. കടക്കാരനെ തള്ളിമാറ്റിക്കൊണ്ട് ഡാല്‍മന്‍ റൗഡികളെ നേരിട്ടു. തന്നെക്കൊണ്ട് അവര്‍ക്കെന്താണു വേണ്ടതെന്ന് അയാള്‍ ആവശ്യപ്പെട്ടു.


ചീനന്റെ ലക്ഷണങ്ങളുള്ള മുരടന്‍ ഉറയ്ക്കാത്ത കാലുകളില്‍ എഴുന്നേറ്റുനിന്നു. ഹുവാന്‍ഡാല്‍മന്റെ മുഖത്തുനോക്കി അവന്‍ അസഭ്യങ്ങള്‍ വിളിച്ചു പറഞ്ഞു. അവന്‍ തന്റെ ലഹരിയെ പെരുപ്പിച്ചു കാട്ടുകയായിരുന്നു. പക്ഷേ ഈ പ്രകടനം ക്രൂരമായൊരു നാട്യമായിരുന്നു. ശാപവചനങ്ങള്‍ക്കും തെറികള്‍ക്കുമിടയില്‍ അവന്‍ നീണ്ടൊരു കത്തി വായുവില്‍ എറിഞ്ഞുപിടിച്ചു. അതുകൊണ്ട് കൈയടക്കം കളിച്ചുകൊണ്ട് അവന്‍ ഡാല്‍മനെ ഒരു കത്തിപ്പയറ്റിനു വെല്ലുവിളിച്ചു. കടക്കാരന്‍ വിറച്ചുകൊണ്ടു തടസ്സം പറഞ്ഞു - ഡാല്‍മന്‍ നിരായുധനാണ്. ആ നേരത്ത് മുന്‍കൂട്ടിക്കാണാനാവാത്ത ഒന്നു സംഭവിച്ചു.
മുറിയുടെ മൂലയില്‍നിന്ന് ആ കിഴവന്‍ ഗൌച്ചോ, തെക്കിന്റെ (തന്റെ തെക്കിന്റെ) പ്രതീകമായിഡാല്‍മന്‍ കണ്ട ആ മനുഷ്യന്‍, അയാള്‍ക്ക് ഉറയൂരിയ ഒരു കത്തി എറിഞ്ഞുകൊടുത്തു. അത് അയാളുടെ കാല്‍ക്കല്‍ വന്നുവീണു. ഡാല്‍മന്‍ വെല്ലുവിളി സ്വീകരിക്കണമെന്ന് തെക്ക് തീരുമാനിച്ചുറച്ചപോലെയായിരുന്നു. കുനിഞ്ഞു കത്തിയെടുക്കുമ്പോള്‍ ഡാല്‍മനു രണ്ടു കാര്യങ്ങള്‍ ബോദ്ധ്യമായി: ഒന്നാമത്, മിക്കവാറും അബോധപൂര്‍വ്വമായ തന്റെയീ പ്രവൃത്തി തന്നെ പോരിനു കടപ്പെടുത്തുന്നുവെന്നും, രണ്ടാമത് തന്റെ ബലംകെട്ട കൈകളില്‍ ആയുധം ഒരു പ്രതിരോധമല്ലെന്നും കൊലയാളിക്കൊരു നീതീകരണം മാത്രമാണതെന്നും. എല്ലാവരേയുംപോലെ അയാളും ഒരിക്കല്‍ കത്തികൊണ്ടു കളിച്ചിട്ടുള്ളതാണ്. പക്ഷേ മല്‍പ്പിടുത്തത്തെയും കഠാരക്കളിയെയും കുറിച്ചുള്ള അയാളുടെ അറിവ് ചില ഉപരിപ്ലവധാരണകള്‍ക്കപ്പുറം പോയില്ല. ആശുപത്രിയിലായിരുന്നുവെങ്കില്‍ ഇതൊന്നും തനിക്കു വന്നുപെടുമായിരുന്നില്ല, അയാളോര്‍ത്തു.
'നമുക്കിറങ്ങാം' മറ്റേയാള്‍ പറഞ്ഞു.


അവര്‍ വെളിയിലേക്കിറങ്ങി. ഡാല്‍മന് ആശയില്ലായിരുന്നുവെന്നതുപോലെ ഭയവുമില്ലായിരുന്നു. വാതില്‍ കടക്കുമ്പോള്‍ അയാളോര്‍ത്തു: സാനിറ്റോറിയത്തിലെ ആദ്യരാത്രിയില്‍ അവര്‍ അയാള്‍ക്കുമേല്‍ സൂചി കുത്തിയിറക്കുമ്പോഴായിരുന്നുവെങ്കില്‍, തുറന്ന ആകാശത്തിനുകീഴെയുള്ള ഈ മരണം, പ്രതിയോഗിയുമായുള്ള മല്‍പിടുത്തം, ഒരു മോചനമായേനെ; ഒരാഹ്ലാദവും ഉത്സവാവേളയുമായേനെ.  ആ രാത്രിയില്‍ തന്റെ മരണം തിരഞ്ഞെടുക്കാനോ സ്വപ്നം കാണാനോ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ സ്വപ്നം കാണുക, ഈ മരണമായേനേയെന്ന്‍ അയാളോര്‍ത്തു.
കത്തി മുറുകെപ്പിടിച്ചുകൊണ്ട്, ഒരുപക്ഷേ അതെങ്ങനെ പ്രയോഗിക്കണമെന്ന് അയാള്‍ക്കറിവില്ലെന്നും വരാം, ഡാല്‍മന്‍ സമതലത്തിലേക്കിറങ്ങിപ്പോയി.


മാർട്ടിൻ ഫിയെറോ - ഹൊസേ ഹെർണാണ്ടെഥ് എന്ന അർജന്റൈൻ കവിയുടെ ‘മാർട്ടിൻ ഫിയെറോ’ എന്ന ഇതിഹാസം.
ഗൌച്ചോ- തെക്കേ അമേരിക്കയിലെ യൂറോപ്യന്‍ - റഡ് ഇന്ത്യന്‍ സങ്കരവര്‍ഗ്ഗക്കാരായ കാലിമേയ്പുകാര്‍.


English Version