നീ ചെയ്തുതന്നതിനൊക്കെയും നന്ദി, ദൈവമേ!
വികാരത്തിന്റെ തീരാത്ത യാതനകൾക്കും,
വിഷം പുരണ്ട ചുംബനത്തിനും, പൊള്ളുന്ന കണ്ണീരിനും,
ശത്രുവിന്റെ പകയ്ക്കും, സ്നേഹിതന്റെ നിന്ദയ്ക്കും,
തടവറയിൽ വച്ചു തവിഞ്ഞുപോയ ആത്മാവിന്റെ ജ്വാലയ്ക്കും,
ജീവിതത്തിന്റെ ചാട്ടയടികൾക്കോരോന്നിനും,
ഞാനലഞ്ഞ തരിശുകളുടെ പേരിലും നന്ദി.
ഇനിയൊന്നു മാത്രം ചെയ്തുതന്നാലും ദൈവമേ,
അധികനാളെന്നെക്കൊണ്ടു നന്ദി പറയിക്കരുതേ!
(1840)
പ്രഭാതത്തിന്റെ ധൂമിലനീലിമയ്ക്കടിയിൽ
ഒരേയൊരു വഞ്ചിപ്പായ, ഒരു വെള്ളപ്പൊട്ടു പോലെ.
വിദൂരതീരങ്ങളിലതു തേടുന്നതെന്താവാം?
സ്വന്തം കടവു വിട്ടതിറങ്ങിയതെന്തിനാവാം?
കാറ്റു ചൂളം കുത്തുന്നു, തിരകളതിനെ അമ്മാനമാടുന്നു,
പാമരവും കമ്പക്കയറുകളും വലിഞ്ഞു ഞരങ്ങുന്നു;
അതു പായുന്നതാനന്ദം തേടിയല്ല,
ആനന്ദം വെടിഞ്ഞതു പായുകയുമല്ല.
അടിയിലിന്ദ്രനീലമൊഴുകുമ്പോൾ,
മുകളിൽ സുവർണ്ണസൂര്യനെരിയുമ്പോൾ
ആ ധിക്കാരി തേടുന്നതു കൊടുങ്കാറ്റിനെ,
സ്വന്തമാത്മാവിനു സ്വസ്ഥമാവാന്‍
കൊടുങ്കാറ്റു വേണമെന്ന പോലെ.
മിഖായേൽ ലെർമൊണ്ടോവ് (1814-1841) - റഷ്യൻ കവിയും ചിത്രകാരനും.
wiki link to Lermontov
link to image