Wednesday, November 4, 2015
നെരൂദ - പേരുകൾ
Wednesday, September 23, 2015
നെരൂദ - കടല്‍
പ്രശാന്തസമുദ്രം ഭൂപടത്തിന്റെ അതിരുകളും കവിഞ്ഞു കിടന്നു. അതിനെ വയ്ക്കാനൊരിടം എവിടെയുമുണ്ടായില്ല. അതെവിടെയുമൊതുങ്ങാത്ത വണ്ണം അത്ര വലുതായിരുന്നു, വന്യമായിരുന്നു, നീലിച്ചതുമായിരുന്നു. അതുകൊണ്ടത്രേ എന്റെ ജനാലയ്ക്കു മുന്നിൽ അതുപേക്ഷിക്കപ്പെട്ടതും.
ഇത്രകാലമായി അതു വിഴുങ്ങിയ കൊച്ചുമനുഷ്യരെയോർത്ത് മാനവികവാദികൾ വേവലാതിപ്പെട്ടു.
അവർ കണക്കിൽ വരുന്നില്ല.
കറുവപ്പട്ടയും കുരുമുളകും കേറ്റി, അവയുടെ സുഗന്ധവും പാറ്റി വന്ന വൻകപ്പലുകളുമതേ.
അവയും കണക്കിൽ വരുന്നില്ല.
വിശന്നുപൊരിഞ്ഞ മനുഷ്യരുമായി തകിടം മറിഞ്ഞ പര്യവേക്ഷകരുടെ കപ്പലുമതേ. ഒരു കുഞ്ഞിത്തൊട്ടിൽ പോലതഗാധതയിലടിച്ചു തകർന്നു.
അതും കണക്കിൽ വരുന്നില്ല.
പെരുങ്കടലിൽ മനുഷ്യൻ ഒരുപ്പുകട്ട പോലെ അലിഞ്ഞുപോകുന്നു. ജലം അതറിയുന്നതുമില്ല.
Thursday, April 9, 2015
നെരൂദ - കടൽ
എനിക്കു കടലിനെ വേണം, അതെന്നെ പഠിപ്പിക്കുന്നുവെന്നതിനാൽ,
എനിക്കറിയില്ല,
ഞാൻ പഠിക്കുന്നതു സംഗീതമോ അവബോധമോയെന്ന്,
ഒരേയൊരു തിരയോ, അതിന്റെ വിപുലാസ്തിത്വമോയെന്ന്,
അതിന്റെ പരുഷസ്വരം മാത്രമോയെന്ന്,
മീനുകളും യാനങ്ങളുമായ ദീപ്തസൂചനകളോയെന്ന്.
വാസ്തവമെന്തെന്നാൽ,
ഉറക്കത്തിൽ വീഴും വരെ,
കാന്തം വലിച്ചാലെന്നപോലെ,
തിരകളുടെ സർവകലാശാലയിൽ
ഞാൻ കയറിയുമിറങ്ങിയും നടക്കുന്നു.
തണുത്തു വിറയ്ക്കുന്ന ഏതോ ഗ്രഹം
അനുക്രമമരണം വരിയ്ക്കുന്നതിന്റെ ലക്ഷണം പോലെ
കക്കകൾ കാല്ക്കീഴിൽ ഞെരിഞ്ഞുപൊടിയുന്നതു മാത്രമല്ല;
അല്ല, ഒരു ശകലത്തിൽ നിന്നു ഞാനൊരു പകലിനെ പുനർനിർമ്മിക്കുന്നു,
ഒരുപ്പുപരലിൽ നിന്ന് ഒരു സ്റ്റലാക്റ്റൈറ്റിനെ,
ഒരു കരണ്ടി വെള്ളത്തിൽ നിന്ന് ആ മഹാദേവനെ.
മുമ്പതെന്നെ പഠിപ്പിച്ചതു ഞാൻ കാത്തുവയ്ചിരിക്കുന്നു.
അതു വായുവാണ്,
നിലയ്ക്കാത്ത കാറ്റും ജലവും മണലുമാണ്.
ഉള്ളിലെരിയുന്ന സ്വന്തം തീയുമായി ഇവിടെ പാർക്കാൻ വന്നൊരു ചെറുപ്പക്കാരന്
ഇതൊരു ചെറിയ കാര്യമായി തോന്നാം;
എന്നിരുന്നാല്ക്കൂടി,
ഒരു ഗർത്തത്തിനുള്ളിൽ ഉയർന്നുതാഴുന്ന ആ സ്പന്ദനം,
വെടിയ്ക്കുന്ന നീലശൈത്യം,
നക്ഷത്രത്തിന്റെ അനുക്രമമായ തേയ്മാനം,
മഞ്ഞും പതയും ധൂർത്തടിക്കുന്ന തിരയുടെ
സൗമ്യമായ ചുരുൾ വിടരൽ,
ആഴങ്ങളിൽ ഒരു ശിലാക്ഷേത്രം പോലെ നിസ്സന്ദേഹമായ
ആ അക്ഷോഭ്യബലം-
വിഷാദം പിടി മുറുക്കിയ എന്റെ ജീവിതത്തെ,
വിസ്മൃതി സഞ്ചയിച്ചിരുന്ന എന്റെ ജീവിതത്തെ
അതു മറ്റൊന്നാക്കി;
എന്റെ ജീവിതം പൊടുന്നനേ മാറി,
അതിന്റെ ശുദ്ധചലനത്തിൽ ഞാനൊരു ഘടകമായി.
Monday, April 6, 2015
നെരൂദ - വാക്കുകൾ
പാടുന്ന വാക്കുകൾ, അവ കുതിച്ചുയരുന്നു, അവ താഴ്ന്നിറങ്ങുന്നു...
ഞാനവയെ വണങ്ങുന്നു...ഞാനവയെ സ്നേഹിക്കുന്നു, ഞാനവയെ പറ്റിപ്പിടിക്കുന്നു,
ഞാനവയിൽ ഓടിയിറങ്ങുന്നു, ഞാനവയിൽ പല്ലുകളാഴ്ത്തുന്നു, ഞാനവ ഉരുക്കിയെടുക്കുന്നു...
വാക്കുകളെ ഞാനത്രമേൽ സ്നേഹിക്കുന്നു...ഓർത്തിരിക്കാതെ വരുന്ന വാക്കുകൾ...
ആർത്തിയോടെ ഞാൻ കാത്തിരിക്കുന്ന, ഞാൻ വേട്ടയാടുന്ന,
ഒടുവിൽ പെട്ടെന്നു പൊട്ടിവീഴുന്ന വാക്കുകൾ...
സ്വരാക്ഷരങ്ങളെ ഞാൻ സ്നേഹിക്കുന്നു...
വർണ്ണക്കല്ലുകൾ പോലവ വെട്ടിത്തിളങ്ങുന്നു,
വെള്ളിമീനുകൾ പോലവ തുള്ളിച്ചാടുന്നു...
പതയാണവ, നൂലിഴയും ലോഹത്തുള്ളിയുമാണവ...
ചില വാക്കുകൾക്കു പിന്നാലെ ഞാൻ പായുന്നു...
അത്ര സുന്ദരമാണവയെന്നതിനാൽ
ഓരോ കവിതയിലും അവ തിരുകിക്കേറ്റാൻ ഞാൻ കൊതിക്കുന്നു...
മൂളിപ്പറന്നു പോകുന്നതിനിടെ ഞാനവയെ കെണിയിൽ പിടിക്കുന്നു...
ഞാനവയുടെ തൊലി പൊളിയ്ക്കുന്നു, വൃത്തിയാക്കുന്നു,
ആ വിശിഷ്ടവിഭവത്തിനു മുന്നിൽ ഞാനിരിക്കുന്നു...
എനിക്കവ ദന്തനിർമ്മിതം, സ്ഫടികത്തിന്റെ ആരടുപ്പം, സജീവം...
ഓഷധി, സ്നിഗ്ധം, വൈഡൂര്യം പോലെ, ശൈവാലം പോലെ, ഒലീവു പോലെ...
ഞാനതിളക്കി യോജിപ്പിച്ചൊറ്റയിറക്കിനു കുടിക്കുന്നു,
പിന്നെ ഞാനവയെ പോകാനനുവദിക്കുന്നു...
എന്റെ കവിതയിൽ ഞാനവ നിക്ഷേപിക്കുന്നു,
ഗുഹാന്തർഭാഗത്തെ ലവണപ്പുറ്റുകൾ പോലെ,
മരമീർന്ന ചീവലുകൾ പോലെ, കല്ക്കരി പോലെ,
കപ്പൽച്ചേതത്തിൽ ശേഷിച്ച പാഴുകൾ പോലെ,
തിരകൾ കൊണ്ടുതന്ന പാരിതോഷികങ്ങൾ പോലെ...
ഉള്ളതെല്ലാം വാക്കിലുണ്ട്...
Sunday, April 5, 2015
നെരൂദ - മരിച്ചവൾ
പൊടുന്നനേ നീയില്ലാതായാൽ,
പൊടുന്നനേ നിനക്കു ജീവനില്ലാതായാൽ,
ഞാൻ പിന്നെയും ജീവിച്ചുപോകും.
എനിക്കു ധൈര്യമില്ല,
നീ മരിച്ചാൽ
എന്നെഴുതാനെനിക്കു ധൈര്യമില്ല.
ഞാൻ പിന്നെയും ജീവിച്ചുപോകും.
എന്തെന്നാൽ,
എവിടെ ഒരു മനുഷ്യനു ശബ്ദമില്ലാതാകുന്നു,
അവിടെ എന്റെ ശബ്ദമുയരണം.
എവിടെ കറുത്തവർക്കു തല്ലു കൊള്ളുന്നു,
അവിടെ ഞാൻ മരിച്ചവനാകരുത്.
എന്റെ സഹോദരന്മാർ തടവറയിലേക്കു കയറുമ്പോൾ
അവർക്കൊപ്പം എനിക്കും കയറണം.
വിജയം,
എന്റെ വിജയമല്ല,
അന്തിമവിജയമെത്തുമ്പോൾ,
മൂകനാണെങ്കിലും എനിക്കു സംസാരിക്കണം,
അന്ധനാണെങ്കിലും അതിന്റെ വരവെനിക്കു കാണണം.
എനിക്കു മാപ്പു തരൂ.
നീ ജീവനോടില്ലെങ്കിൽ,
എന്റെ ഓമനേ,
നീ മരിച്ചുപോയാൽ,
ഇലകളായ ഇലകളെല്ലാമെന്റെ നെഞ്ചിലേക്കു കൊഴിയും,
രാവും പകലുമെന്റെയാത്മാവിൽ മഴ പോലെ പൊഴിയും,
മഞ്ഞെന്റെ ഹൃദയം പൊള്ളിയ്ക്കും,
തീയിലും തണുപ്പിലും മരണത്തിലും മഞ്ഞിലും ഞാൻ നടക്കും,
നീ കിടക്കുന്നിടത്തേക്കു നടക്കാനെന്റെ കാലടികൾ കൊതിയ്ക്കും.
എന്നാലും ഞാൻ ജീവിക്കും,
ഒരിക്കലും ഞാൻ അടിയറവു പറയരുതെന്നു നീ ആഗ്രഹിച്ചിരുന്നുവെന്നതിനാൽ,
എന്റെ പ്രിയേ,
ഞാനെന്നാൽ ഒരാളല്ല, എല്ലാവരുമാണെന്നു നിനക്കറിയാമെന്നതിനാൽ.
Friday, July 4, 2014
നെരൂദ - എയ്ഞ്ചെല അഡോണിക്ക
നിർമ്മലയായൊരു യുവതിക്കരികിൽ നീണ്ടുനിവർന്നു ഞാൻ കിടന്നു,
ഒരു പാൽക്കടലിന്റെ തീരത്തെന്നപോലെ,
ആലസ്യത്തിന്റെ വിന്യാസമായൊരു നക്ഷത്രത്തിന്റെ
ജ്വലിക്കുന്ന മദ്ധ്യത്തിലെന്നപോലെ.
അവളുടെ നിർന്നിമേഷമായ പച്ചച്ച കണ്ണുകളിൽ നിന്നും
വെളിച്ചമുതിർന്നിരുന്നു, നനവില്ലാത്ത ജലം പോലെ,
സുതാര്യമായ നവോന്മേഷത്തിന്റെ
ഗഹനമായ വലയങ്ങളായി.
അവളുടെ മാറിടം ഇരട്ടജ്വാലകളുള്ളൊരഗ്നി പോലെ-
രണ്ടു മണ്ഡലങ്ങളിലതുയർന്നെരിഞ്ഞിരുന്നു,
പിന്നെയൊരിരട്ടപ്പുഴ പോലൊഴുകിയൊഴുകി
അവളുടെ കാലടികളുടെ തെളിമയിലെത്തിയിരുന്നു.
അവളുടെയുടലിന്റെ വാസരദൈർഘ്യങ്ങളെ
സുവർണ്ണമായൊരന്തരീക്ഷം തുടുപ്പിച്ചിരുന്നു,
ഉദാരഫലങ്ങൾ കൊണ്ടതിനെ വിളയിച്ചിരുന്നു,
നിഗൂഢാഗ്നി കൊണ്ടതിനെ നിറച്ചിരുന്നു.
Friday, November 8, 2013
നെരൂദ - ചത്ത മുയലുമായി ഒരു കുട്ടി
ഹൈവേയ്ക്കരികിൽ
ശരല്ക്കാലവെളിച്ചത്തിൽ
കൈകളുയർത്തിപ്പിടിച്ചും കൊണ്ട്
ഒരു കുട്ടി;
അവന്റെ കൈകളിൽ
പൂക്കളല്ല,
റാന്തലല്ല,
ഒരു ചത്ത മുയൽ.
തണുത്ത പാതയിലൂടെ
കാറുകൾ ചീറിപ്പാഞ്ഞു,
വിൻഡ് ഷീൽഡുകൾക്കടിയിലൂടെ
തുറിച്ചുനോക്കിയിരുന്നു
കണ്ടാലും കാണാത്ത മുഖങ്ങൾ,
ഇരുമ്പുകണ്ണുകൾ,
വൈരം നിറഞ്ഞ കണ്ണുകൾ,
മിന്നൽ പായിച്ചും കൊണ്ട്
പാഞ്ഞുപോകുന്ന പല്ലുകൾ,
കടലോരങ്ങളിലേക്ക്,
നഗരങ്ങളിലേക്ക്.
ശരല്ക്കാലവെളിച്ചത്തിൽ
ഒരു മുയലുമായി ഒരു കുട്ടി നിന്നു,
ഒരു മുൾച്ചെടി പോലൊതുങ്ങിയവൻ,
ഒരു വെള്ളാരങ്കല്ലു പോലെ കടുത്തവൻ;
യാത്രക്കാർ വമിക്കുന്ന
പുകയിലേക്കു കൈയുയർത്തി
അവൻ നിന്നു.
ഒരാളും
വേഗത കുറച്ചില്ല.
മലനിരകൾ
ഇരുണ്ടുകിടന്നു,
കുന്നുകൾക്ക്
വെടിവച്ചിട്ട പ്യൂമയുടെ
നിറമായിരുന്നു,
നിശബ്ദതയ്ക്കു
വയലറ്റുനിറമായിരുന്നു.
മുയലുമായി നില്ക്കുന്ന കുട്ടിയുടെ
കണ്ണുകൾ തിളങ്ങി,
രണ്ടു കനൽക്കട്ടകൾ പോലെ,
കറുത്ത വജ്രങ്ങൾ പോലെ;
രണ്ടു കഠാരത്തലപ്പുകളായിരുന്നു,
രണ്ടു കത്തിമുനകളായിരുന്നു
ശരല്ക്കാലം കീഴടക്കിയ പാതയിൽ
ഒരു മുയലിനെ നീട്ടിപ്പിടിച്ചുനില്ക്കുന്ന
ഒരനാഥബാല്യത്തിന്റെ കണ്ണുകൾ.
Tuesday, November 5, 2013
നെരൂദ - കറുത്ത പെൺപുലിക്കൊരു വാഴ്ത്ത്
മുപ്പത്തൊന്നു കൊല്ലം-
ഇനിയും ഞാൻ മറന്നിട്ടില്ല:
സിംഗപ്പൂരിൽ,
ചോര പോലെ ചുടുന്ന
മഴ വീഴുകയായിരുന്നു
ഈർപ്പത്തിന്റെ പുണ്ണുകൾ ചുംബിച്ച
മൊരി വീണ വെൺചുമരുകളിൽ.
പൊടുന്നനേ
ആൾക്കൂട്ടത്തെ വെളിച്ചപ്പെടുത്തുന്നു
ഒരു മിന്നായം,
പല്ലുകളുടെ,
അല്ലെങ്കിൽ കണ്ണുകളുടെ;
തലയ്ക്കു മേലൊരു
കല്ലിച്ച സൂര്യൻ,
ഒരു വെടിപ്പൻ കുന്തമുന പോലെ.
നുരയുന്ന ഇടത്തെരുവുകളിലൂടെ
ഞാനലഞ്ഞു:
വെറ്റിലക്കെട്ടുകൾ,
വാസനിയ്ക്കുന്ന ഇലക്കിടക്കകൾക്കുമേൽ
ശയിക്കുന്ന അടയ്ക്കകൾ,
ഉച്ചമയക്കത്തിന്റെ വിയർപ്പിൽ
അഴുകുന്ന ദൂരിയാൻ പഴങ്ങൾ.
പൊടുന്നനേ ഞാൻ കണ്ടു,
രണ്ടു കണ്ണുകൾ,
ഒരു നോട്ടം,
ഒരുറ്റുനോട്ടം,
തെരുവിനു നടുവിൽ
ഒരു കൂട്ടിൽ:
രണ്ടു തണുത്ത വൃത്തങ്ങൾ,
രണ്ടു കാന്തങ്ങൾ,
ഒന്നിനൊന്നിടയുന്ന
രണ്ടാലക്തികമുനകൾ,
തറച്ചുകേറുന്ന
രണ്ടു കൃഷ്ണമണികൾ:
അവയെന്നിൽ തുളച്ചുകേറി,
ആ പുണ്ണു പിടിച്ച ചുമരിനു മുന്നിൽ
തറയിലെന്നെ കുത്തിക്കോർത്തു.
പിന്നെ ഞാൻ കണ്ടു,
ഓളം വെട്ടുന്ന പേശികൾ,
സൂര്യപടം തിളങ്ങുന്ന ചർമ്മം,
വലിഞ്ഞുനീളുന്ന പൂർണ്ണത,
രാത്രിയുടെ അവതാരം.
ആ സാന്നിദ്ധ്യമൊന്നിളകുമ്പോൾ
ആ ചർമ്മത്തിന്റെ രാത്രിയിൽ
പൂമ്പൊടി പോലെ മിനുങ്ങിയിരുന്നു,
പുഷ്യരാഗത്തിന്റെ ചതുരങ്ങൾ,
പൊന്നിന്റെ ഷഡ്ഭുജങ്ങൾ.
ചിന്താധീനയായ,
ഊറ്റം തുടിക്കുന്ന
ഒരു പെൺപുലി:
ആ വൃത്തികെട്ട തെരുവിനു നടുവിൽ
കൂട്ടിലടച്ചൊരു
വനറാണിയായിരുന്നു
അവൾ.
ചതിയിലൂടെ
വെട്ടിപ്പിടുത്തത്തിലൂടെ
മനുഷ്യനാറ്റത്തിലൂടെ
അവരുടെ പൊടി പിടിച്ച
പാർപ്പിടങ്ങളിലൂടെ
തനിക്കു നഷ്ടപ്പെട്ട
കാട്ടിൽ നിന്നകലെയായിരുന്നു
അവൾ.
തിളയ്ക്കുന്ന രോഷത്തിന്റെ
ആക്രോശങ്ങളായിരുന്നു
ആ രണ്ടു ലാവാക്കണ്ണുകൾ.
എന്നെന്നേക്കുമായി കൊട്ടിയടച്ച
കാടിന്റെ കതകിൽ പതിച്ച
രണ്ടു മുദ്രകളായിരുന്നു
അവ.
അവൾ നടന്നു,
തീയും പുകയും പോലെ;
കണ്ണുകളടയ്ക്കുമ്പോൾ
അവളദൃശ്യയുമായി,
പിടി തരാത്ത
വിദൂരരാത്രി പോലെ.
Wednesday, October 16, 2013
നെരൂദ - ഈ ഉടഞ്ഞ മണി
ഈ ഉടഞ്ഞ മണിക്കിനിയും പാടണമത്രെ:
ഇന്നതിനു നിറം പച്ച,
കാടുകളുടെ നിറം,
കാട്ടിൽ കൽക്കുഴികളിൽ
തളം കെട്ടിയ ജലത്തിന്റെ നിറം,
ഇലകളിൽ പകലിന്റെ നിറം.
ഓടുടഞ്ഞുപോയിരിക്കുന്നു,
പച്ചച്ചുപോയിരിക്കുന്നു,
വള്ളിപ്പടർപ്പിൽ പിണഞ്ഞു
വായും തുറന്നു
മണ്ണിൽ വീണതുറങ്ങുമ്പോൾ
വെള്ളോടിന്റെ കട്ടിപ്പൊൻനിറം
തവളപ്പച്ചയായിരിക്കുന്നു:
ജലത്തിന്റെ വിരലുകളായിരുന്നു,
കടലോരത്തിന്റെ നനവായിരുന്നു,
ലോഹത്തെ പച്ചയാക്കിയതും
മണിക്കു മാർദ്ദവം പകർന്നതുമവയായിരുന്നു.
എന്റെ കാടു കേറിയ തോട്ടത്തിലെ
പരുഷമായ പടർപ്പുകൾക്കിടയിൽ
യാതനപ്പെട്ടും മുറിപ്പെട്ടും
പുല്ലുകളിൽ മുറിപ്പാടുകൾ മറഞ്ഞും
ഈ പച്ചമണി:
ഇന്നതാരെയും വിളിക്കുന്നില്ല,
ആ പച്ചക്കോപ്പയ്ക്കു ചുറ്റും ആരും വന്നുകൂടുന്നില്ല,
ഒരു പൂമ്പാറ്റയല്ലാതെ:
വീണ മണിയ്ക്കു മേലതു തത്തിപ്പറക്കുന്നു,
പിന്നെ,
മഞ്ഞച്ചിറകുകളേറി പറന്നു രക്ഷപ്പെടുന്നു.
(1973)
Tuesday, September 24, 2013
നെരൂദ - തേയിലപ്പെട്ടിക്കൊരു സ്തുതിഗീതം
ആനകളുടെ നാട്ടിൽ നിന്നു വന്ന തേയിലപ്പെട്ടീ,
ഇന്നു നീ വെറുമൊരു തുന്നൽപ്പെട്ടി,
ബട്ടണുകളുടെ കുഞ്ഞുപ്ളാനറ്റേറിയം,
നീയെന്റെ വീട്ടിലേക്കു കൊണ്ടുവന്നതൊരു പാവനഗന്ധം,
ഇന്നിടത്തേതെന്നറിയാത്ത ഗന്ധം,
ഒരന്യഗ്രഹത്തിൽ നിന്നാണു നിന്റെ വരവെന്നപോലെ.
എന്റെ യൌവനത്തിന്റെ ക്ഷീണിതഹൃദയം
അകലങ്ങളിൽ നിന്നു മടങ്ങിയതു നിന്നോടൊപ്പമായിരുന്നു,
ഞാനെത്തിയതു ദ്വീപുകളിൽ നിന്നായിരുന്നു.
കടല്ക്കരയിൽ പനിക്കോളു പിടിച്ചു ഞാൻ കിടന്നിരുന്നു,
എനിക്കു മേലന്നൊരു തെങ്ങോല വീശിത്തന്നിരുന്നു,
പച്ചക്കാറ്റും പാട്ടുമായി എന്റെ നെഞ്ചു കുളുർപ്പിച്ചിരുന്നു.
ഹാ വിശിഷ്ടമായ തകരപ്പെട്ടീ,
എത്ര നീയെന്നെ ഓർമ്മിപ്പിക്കുന്നില്ല,
മറുകടലുകളിലെ തിരപ്പെരുക്കങ്ങളെ,
ഏഷ്യക്കു മേൽ കാലവർഷത്തിന്റെ ഗർജ്ജനങ്ങളെ!
അന്നു കാറ്റിന്റെ കൈകളിൽ യാനങ്ങളെപ്പോലെ
നാടുകൾ കിടന്നുരുണ്ടിരുന്നു,
കൊടുങ്കാറ്റു ചിതറിച്ച മുടിക്കുത്തിൽ നിന്നെന്നപോലെ
സിലോണതിന്റെ പരിമളങ്ങൾ വിതറിയിരുന്നു.
തേയിലപ്പെട്ടീ,
എന്റെ ഹൃദയം പോലെ നീയും വന്നു,
കഥകളും രോമാഞ്ചങ്ങളുമായി,
അത്ഭുതപ്പെടുത്തുന്ന ദളപുടങ്ങൾ കണ്ടുനിന്ന കണ്ണുകളുമായി,
പിന്നെയതേ,
ആ നഷ്ടഗന്ധവുമായി,
തേയിലയുടെ,
മുല്ലയുടെ, സ്വപ്നത്തിന്റെ,
നാടോടിവസന്തത്തിന്റെ ആ ഗന്ധവുമായി.
Thursday, May 30, 2013
നെരൂദ - എന്റേതാണു നീയിനി...
എന്റേതാണു നീയിനി! നിന്റെ സ്വപ്നവുമായെന്റെ സ്വപ്നത്തിൽ വന്നു ശയിക്ക നീ.
പ്രണയം, ശോകം, അദ്ധ്വാനം...സർവതും നിദ്ര കൊള്ളണമിനി.
അദൃശ്യചക്രങ്ങളിലുരുണ്ടുനീങ്ങുന്നു രാത്രി;
നിദ്രാണമായൊരാംബർക്കല്ലു പോലരികിൽ നീ.
എന്റെ സ്വപ്നത്തിൽ വന്നുറങ്ങാൻ മറ്റാരുമില്ല പ്രിയേ.
കാലക്കടലിലൊരുമിച്ചു തുഴഞ്ഞുപോവുക നാം.
നിഴലുകളുടെ ദേശത്തു തുണ വരാനെനിക്കു നീ മാത്രം,
വാടാത്ത പച്ച, കെടാത്ത സൂര്യൻ, നിത്യചന്ദ്രികയെനിക്കു നീ.
നിന്റെ കൈകൾ മൃദുലമുഷ്ടികൾ തുറക്കുന്നിതാ,
അവയിൽ നിന്നൂർന്നുവീഴുന്നു പേലവചേഷ്ടകൾ;
ചിറകൊതുങ്ങുമ്പോലെ കൂമ്പുന്നു നിന്റെ കണ്ണിമകൾ;
നിന്റെ പുഴയിൽ ഞാൻ പൊന്തിയൊഴുകിപ്പോകുന്നു,
രാത്രിയും കാറ്റും ലോകവും അവയുടെ നിയോഗം നെയ്തുകൂട്ടുന്നു...
ഞാനോ, ഞാൻ നിന്റെ സ്വപ്നം; അല്ലാതൊന്നുമല്ല ഞാൻ.
(പ്രണയഗീതകം - 81)
Tuesday, May 7, 2013
നെരൂദ -ഓർമ്മയില്ലേ നിനക്കാ ചപലമായ ജലപാതം...
ഓർമ്മയില്ലേ നിനക്കാ ചപലമായ ജലപാതം,
അവിടെത്തുടിച്ചുയർന്ന മധുരപരിമളങ്ങൾ?
ചിലനേരമൊരു പക്ഷിയുമവിടെപ്പാറിനടന്നിരുന്നു,
ജലത്തിന്റെയുമാലസ്യത്തിന്റെയും ഹേമന്തവേഷത്തിൽ.
ഓർമ്മയില്ലേ നിനക്കാ മണ്ണിന്റെ വരദാനങ്ങൾ:
മായാത്ത സൗരഭങ്ങൾ, പൊന്നയിരിന്റെ കളിമണ്ണും,
പടർപ്പിലെപ്പച്ചകൾ, ഉന്മാദിവേരുകൾ,
വാളുകൾ പോലെ പാളുന്ന മാന്ത്രികമുള്ളുകൾ.
ഓർമ്മയില്ലേ നിനക്കന്നു നീ കൊണ്ടുവന്ന പൂച്ചെണ്ട്,
നിഴലും മൗനവും ജലവും കൊരുത്ത പൂച്ചെണ്ട്,
നുരയുടെ കിരീടമണിഞ്ഞ കടല്പാറ പോലുള്ളത്?
ഒരിക്കലുമില്ലാത്തതാണാ നിമിഷം, എന്നുമുള്ളതും.
അവിടെപ്പോവുക നാം; കാത്തിരിക്കുന്നില്ലൊന്നും നമ്മെ;
എന്നാലെല്ലാം കാത്തിരിക്കുകയുമാണു നമ്മെ.
(നെരൂദ/പ്രണയഗീതകം-4)
Wednesday, March 6, 2013
നെരൂദ - കുഞ്ഞിനെ കുളിപ്പിക്കൽ
“The Child’s Bath,” Mary Cassatt. 1893
ഭൂമിയിലെ ഏറ്റവും പ്രാചീനമായ സ്നേഹം തന്നെ വേണം
കുഞ്ഞുങ്ങളുടെ കോലത്തെ കഴുകിയെടുക്കാൻ, കോതിയൊരുക്കാൻ,
കാലടികളുടെയും മുട്ടുകളുടെയും വളവു തീർക്കാൻ.
ജലമുയരുന്നു സോപ്പു വഴുതുന്നു
പൂക്കളുടെയും മാതൃത്വത്തിന്റെയും സുഗന്ധം നുകരാൻ
ആദിമശുദ്ധി പൂണ്ട ശരീരം വെളിവാകുന്നു.
ഹാ, നിശിതമായ ജാഗ്രത,
മാധുര്യമൂറുന്ന കൌശലം,
ഇളംചൂടുള്ള മല്പിടുത്തം!
ഇപ്പോഴതിന്റെ തലമുടി
ഊറയ്ക്കിടാത്ത തോലു പോലെ,
അതിൽ കെട്ടുപിണഞ്ഞുകിടക്കുന്നു
കരിക്കട്ടയും അറുക്കപ്പൊടിയും എണ്ണയും
മാറാലയും കമ്പികളും ഞണ്ടുകളും;
ഒടുവിൽ സ്നേഹം ക്ഷമയോടെ,
ക്ഷമയോടെ
തൊട്ടിയും ചകിരിയുമെടുക്കുന്നു,
ചീർപ്പും തോർത്തുമൊരുക്കുന്നു,
ഒടുവിൽ ഉരയ്ക്കലും കോതലും
സുഗന്ധതൈലവും പ്രാചീനസന്ദേഹങ്ങളും കഴിഞ്ഞ്
കുഞ്ഞു പുറത്തുവരുന്നു.
ഇനിയതിന് ഇതിനെക്കാൾ വെടിപ്പാകാനില്ല.
പിന്നെയുമത് അമ്മയുടെ കൈകളിൽ നിന്നോടിയിറങ്ങുന്നു,
തന്റെ കൊടുങ്കാറ്റിൽ പിടിച്ചുകയറാനോടുന്നു,
ചെളിയും എണ്ണയും മൂത്രവും മഷിയും തേടിപ്പോകുന്നു,
കല്ലുകളിൽ തട്ടിവീണു മുറിപ്പെടാൻ പോകുന്നു.
അങ്ങനെ കുളിപ്പിച്ചെടുത്ത കുഞ്ഞ് ജീവിതത്തിലേക്കു കുതിക്കുന്നു.
പിന്നെയതിനു വൃത്തിയായിട്ടിരിക്കാനല്ലാതെ നേരമുണ്ടാവില്ലല്ലോ,
അപ്പോൾ പക്ഷേ അതിനു ജീവനുമുണ്ടാവില്ലല്ലോ.
TO WASH A CHILD
by Pablo Neruda
Only the most ancient love on earth
will wash and comb the statue of the children,
straighten the feet and knees.
The water rises, the soap slithers,
and the pure body comes up to breathe
the air of flowers and motherhood.
Oh, the sharp watchfulness,
the sweet deception,
the lukewarm struggle!
Now the hair is a tangled
pelt criscrossed by charcoal,
by sawdust and oil,
soot, wiring, crabs,
until love, in its patience,
sets up buckets and sponges,
combs and towels,
and, out of scrubbing and combing, amber,
primal scrupulousness, jasmines,
has emerged the child, newer still,
running from the mother’s arms
to clamber again on its cyclone,
go looking for mud, oil, urine and ink,
hurt itself, roll about on the stones.
Thurs, newly washed, the child springs into life,
for later, it will have time for nothing more
than keeping clean, but with the life lacking.
Wednesday, February 27, 2013
നെരൂദ - കടലോരപ്പൂക്കൾക്ക് ഒരു സ്തുതിഗീതം
ഈവ നെയ്ഗ്രായിൽ
കാട്ടുപൂക്കൾ വിരിയുന്നു.
പേരില്ലാത്തവയാണവ.
മണൽ പൊട്ടിവിടർന്നപോലെ ചിലവ;
ഒരു മഞ്ഞമിന്നൽപ്പിണറായി
പൂഴിക്കു തീ കൊളുത്തുന്നു ചിലവ.
പ്രകൃതിഗായകനാണു ഞാൻ,
ഒരു നായാടിജന്മമാണു ഞാൻ;
രാത്രിയിൽ കടലരികിൽ
തീ പൂട്ടി ഞാനിരിക്കുന്നു.
ആ പൂവു മാത്രം,
ഈ ഏകാന്തതീരം മാത്രം,
പിന്നെ നീയും,
കളങ്കമേശാത്ത ധന്യതേ,
മണ്ണിന്റെ സ്വന്തം പനിനീർപ്പൂവേ.
പൊരുതാനൊരുക്കമോ നീയെന്നു
ജീവിതമെന്നോടു ചോദിച്ചു;
അതിനാലെന്റെ ജീവിതമിണക്കി ഞാൻ,
വെല്ലുവിളികൾക്കും
വാനോളമുയർന്ന പ്രതീക്ഷകൾക്കു ചുറ്റുമായി.
സഹോദരനാണു ഞാൻ,
മനുഷ്യരുടെ, ഏവരുടെയും.
കടമയും പ്രണയവുമായിരുന്നു
എന്റെ രണ്ടു കൈകൾ.
കടല്പാറകൾക്കിടയിൽ
പൂക്കൾ നോറ്റിരിക്കുന്നതു ഞാൻ കാണുന്നു;
മഞ്ഞിന്റെയും മറവിയുടെയും ഋതുക്കൾ കഴിയാൻ
ക്ഷമയോടെ കാത്തിരിക്കുകയാണവ,
വെളിച്ചത്തിന്റെ നേർത്ത കതിരൊന്നു നീട്ടാൻ,
നിശിതപരിമളത്തിന്റെ കൂർത്ത മുള്ളെറിയാൻ.
അതു കണ്ടും കൊണ്ടു
ഞാനിതാ പിന്നെയും വിട പറയുന്നു,
അഗ്നിയോട്,
വിറകിനോട്,
കാടിനോട്,
മണലിനോട്.
ഒരടി വയ്ക്കുമ്പോൾ
നോവുകയാണെനിക്ക്.
കുടിലമായ നഗരപാതകൾ വേണ്ട,
എനിക്കിവിടം മതി.
പ്രകൃതിഗായകനല്ലേ ഞാൻ.
എന്റെ രണ്ടു കൈകൾ പക്ഷേ,
കടമയും പ്രണയവുമായിരുന്നു.
ഈവ നെയ്ഗ്ര - നെരൂദയുടെ കടലോരഭവനം
“Ode to Flowers Along the Coast”
The wildflowers on Isla Negra
are blooming.
They are nameless. Some
look like sand crocuses;
others
light up
the soil with yellow lighting.
I am a pastoral poet.
I nourish myself
like a hunter.
At night, I make fire
by the sea.
Only this flower, only this
loneliness of the sea,
and you, happy
and plain like an earthy rose.
Life asked me to fight,
so I organized my life around challenges
and towering hopes.
I am a brother
of humanity, of everybody.
My two hands are called
Duty and Love.
Between the stones
of the coast,
The patient flowers
linger,
transcending forgetfulness
and winter
to boost a small ray
of light and sharp sweet fragrance.
They are saying good-bye,
one more-time,
to the fire,
to the firewood,
to the forest,
to the sand,
It hurts to walk.
I want to stay here
and not return to the streets of the city.
I am a pastoral poet.
But Duty and Love are my two hands.
Wednesday, October 31, 2012
നെരൂദ - ഒരുനാളെയ്ക്കുപോലുമെന്നെ വിട്ടകലെയ്ക്കു പോകരുതേ നീ…
ഒരു നാൾ പോലുമെന്നെ വിട്ടകലേക്കു പോകരുതേ,
പോയാൽ, പോയാൽ...എങ്ങനെയതു പറയണമെന്നെനിക്കറിയില്ല;
ദീർഘിച്ച പകൽനേരമത്രയും നിന്നെയും കാത്തു ഞാനിരിക്കും,
തീവണ്ടികളുറക്കമായ വിജനമായ വണ്ടിപ്പേട്ടയിലെന്നപോലെ.
എന്നെ വിട്ടെവിടെയ്ക്കും പോകരുതേ, ഒരു മണിക്കൂറു പോലും,
പോയാൽ, നോവിന്റെ കൊച്ചുതുള്ളികളൊരുമിച്ചുകൂടും,
ഒരു സങ്കേതം തേടിയലയുന്ന പുകയെന്നിൽ കുടിയേറും,
എന്റെ സാധുഹൃദയത്തിൽ കടന്നതിനെ ശ്വാസം മുട്ടിക്കും.
നിന്റെ നിഴലൊരുനേരവും കടല്പൂഴിയിലിഞ്ഞുപോകാതിരിക്കട്ടെ!
നിന്റെ കണ്ണിമകൾ വിദൂരശൂന്യതയിലേക്കു ചിറകടിച്ചു പോകാതിരിക്കട്ടെ!
ഒരു നിമിഷത്തേക്കു പോലുമെന്റെ പ്രിയേ, എന്നെ വിട്ടുപോകരുതേ.
അത്രദൂരമെന്നെ വിട്ടു നീ പോയെന്നിരിക്കട്ടെ, ആ നിമിഷമെന്റെ പ്രിയേ,
ഈ മണ്ണിലെവിടെയും നിന്നെത്തേടി എന്റെ ചോദ്യങ്ങളലയും:
നീ വരില്ലേ? ഇവിടെയെന്നെ മരിക്കാൻ വിട്ടു നീ പോകുമോ?
(പ്രണയഗീതകം- 45)
നെരൂദ - പ്രിയേ, പ്രിയേ, ആകാശമേടയിൽ നിറയെ മേഘങ്ങൾ…
പ്രിയേ, പ്രിയേ, ആകാശമേടയിൽ നിറയെ മേഘങ്ങൾ,
തോരയിട്ട തുണികൾ പോലെ ശുഭ്രമായ വൈജയന്തികൾ;
ദീപ്തനീലിമയാണൊക്കെയും, നക്ഷത്രമാണൊക്കെയും,
കടൽ, കപ്പൽ, പകൽ: സ്വയം കണ്ടെടുക്കുകയാണൊക്കെയും.
ഒന്നു വന്നുകാണൂ, മഞ്ഞുതുള്ളിയിറ്റുന്ന ചെറിമരങ്ങളെ,
സത്വരപ്രപഞ്ചത്തിന്റെ സ്വരസംവിധാനത്തെ,
വന്നൊന്നു തൊട്ടുനോക്കൂ, നീലിമയുടെ ക്ഷണികജ്വാലയെ,
ഇതളുകൾ കെട്ടണയും മുമ്പേ വന്നൊന്നു നോക്കൂ.
വെളിച്ചം, എണ്ണം, കൂട്ടം: ഒന്നിനും കുറവില്ലിവിടെ,
കാറ്റിന്റെ നന്മകൾ തുറന്നിടുകയാണു സ്ഥലരാശിയെ,
നമുക്കതു കാട്ടിത്തരുന്നു കടല്പതയുടെ ശിഷ്ടരഹസ്യത്തെ.
ഉന്നതവുമഗാധവുമായി നീലിമകളത്രയധികമായിരിക്കെ
നമ്മുടെ കണ്ണുകളാകെക്കുഴങ്ങിപ്പോകുന്നു,
വായുവിന്റെ ബലമറിയാതെ, ആഴങ്ങളുടെ വഴിയറിയാതെ.
(പ്രണയഗീതകം - 24)
Saturday, October 20, 2012
നെരൂദ - എന്നാൽ ഞാൻ മറന്നു...
എന്നാൽ ഞാൻ മറന്നു, വേരുകൾക്കു നീരു പകർന്നതു നീയെന്ന്,
പിണഞ്ഞുകേറിയ പനിനീർച്ചെടികൾക്കു വെള്ളം തേവിയതു നീയെന്ന്;
ഞാനതറിയുന്നതു പ്രകൃതിയുടെ നിറഞ്ഞ ശാന്തിയിൽ
നിന്റെ വിരലടയാളങ്ങൾ പൂക്കളായി വിരിഞ്ഞതു കണ്ടപ്പോൾ.
വീട്ടുമൃഗങ്ങളെപ്പോലെയായിരുന്നു നിന്റെ മൺവെട്ടിയും വെള്ളത്തൊട്ടിയും;
മണ്ണിനെ നക്കിയും കടിച്ചും കൊണ്ടവർ നിന്റെയൊപ്പം വന്നു.
നിന്റെ പ്രവൃത്തി കൊണ്ടത്രേ, ഈ സമൃദ്ധിയെ,
ലവംഗപുഷ്പങ്ങളുടെ ആഗ്നേയജ്വാലകളെ നീ കെട്ടഴിച്ചുവിട്ടതും.
നിന്റെ കൈകൾക്കു ഞാൻ നേരുന്നു തേനീച്ചകളുടെ കുലീനതയും സ്നേഹവും,
മണ്ണിൽ തെളിഞ്ഞ തുടക്കങ്ങൾ വിതറുന്നതവയാണല്ലോ,
എന്റെ ഹൃദയമുഴുതു വിതയിറക്കുന്നതവയാണല്ലോ.
പൊള്ളിക്കരിഞ്ഞ ശിലയായിരുന്നു ഞാൻ,
ചോലനീർ പോലെ നിന്റെ സ്വരമരികിൽ വരുമ്പോൾ
ഞാനൊരു ഗാനമായി പൊട്ടിത്തരിക്കുന്നു.
പ്രണയഗീതകം- 39
Friday, October 12, 2012
നെരൂദ - ഭൂമി നിന്നിൽ
കുഞ്ഞുപനിനീർപ്പൂവേ,
പനിനീർപ്പൂക്കുഞ്ഞേ,
ചില നേരം
കൃശവും നഗ്നവുമായി
നിന്നെക്കാണുമ്പോളെനിക്കു തോന്നുന്നു,
എന്റെ ഒരു കൈയിലൊതുങ്ങും
നീയെന്ന്,
നിന്നെയിതുപോലെടുത്തെന്റെ
ചുണ്ടിലേക്കടുപ്പിക്കാമെന്ന്.
പെട്ടെന്നു പക്ഷേ,
ഞാനറിയുന്നു,
എന്റെ കാലടികൾ
നിന്റെ കാലടികളെ തൊടുന്നതും,
നിന്റെ ചുണ്ടുകളെന്റെ ചുണ്ടുകളെ തൊടുന്നതും.
നീ വളര്‍ന്നുപോയിരിക്കുന്നു,
നിന്റെ ചുമലുകൾ
രണ്ടു കുന്നുകൾ പോലുയര്‍ന്നു നില്‍ക്കുന്നു,
നിന്റെ മുലകളെന്‍റെ നെഞ്ചത്തലയുന്നു,
അമ്പിളിക്കല പോലെ നേർത്ത
നിന്റെ ഇടുപ്പിനെ വരിഞ്ഞുപിടിയ്ക്കാൻ
എന്റെ കൈകള്‍ കൊണ്ടെത്തുന്നുമില്ല.
പ്രണയം കൊണ്ടു
കടൽവെള്ളം പോലെ നീ പരന്നുവല്ലോ:
ആകാശത്തിന്റെ വിശാലനേത്രങ്ങളളക്കാൻ
എന്റെ കണ്ണുകൾക്കാവുന്നില്ല,
നിന്റെ ചുണ്ടിലേക്കു ഞാൻ ചായുന്നു,
ഭൂമിയെ ചുംബിക്കാൻ.
Thursday, October 11, 2012
നെരൂദ - വസന്തം
കിളി വന്നുകഴിഞ്ഞു,
വെളിച്ചത്തിനു പിറവി കൊടുക്കാനായി.
അവന്റെ ഓരോ ഗമകങ്ങളിൽ നിന്നും
ജലം പിറവിയെടുക്കുകയായി.
ജലത്തിനും കാറ്റിന്റെ ചുറ്റയയ്ക്കുന്ന വെളിച്ചത്തിനുമിടയിൽ
വസന്തത്തിനു പ്രാരംഭമാവുകയായി.
വിത്തിനു വളർച്ചയുടെ ബോധമുണ്ടാവുകയായി,
ദളപുടത്തിൽ വേരു രൂപമെടുക്കുകയായി,
അതിനൊക്കെയുമൊടുവിൽ പരാഗം കണ്ണിമ തുറക്കുകയുമായി.
പച്ചമരച്ചില്ല മേൽ ചേക്കയേറിയ വെറുമൊരു കിളിയാ-
ണിത്രയൊക്കെ സാധിച്ചതെന്നോർക്കുമ്പോൾ.
നെരൂദ - കാവ്യാദർശം
അത്രയും പ്രണയങ്ങൾ, അത്രയും പ്രയാണങ്ങൾ-
ഗ്രന്ഥങ്ങൾ പിറവിയെടുക്കുന്നതവയിൽ നിന്ന്.
അവയിലില്ല ചുംബനങ്ങൾ, ദേശങ്ങളെങ്കിൽ,
കൈ നിറയെ ദൌത്യങ്ങളുമായിട്ടൊരാണെങ്കിൽ,
ഓരോരോ തുള്ളിയിലുമൊരു പെണ്ണെങ്കിൽ,
മണിയാവാൻ, പരിചയാവാനവ പോരാ:
അവയ്ക്കു കണ്ണുകളില്ല, കണ്ണുകളവ തുറക്കില്ല,
ശാസനങ്ങളുടെ കല്ലിച്ച നാവുകളാണവ.
എനിയ്ക്കു ഹിതം ജനനേന്ദ്രിയങ്ങളുടെ കെട്ടുപിണച്ചിൽ,
ചോരയും പ്രണയവും ചെത്തിയെടുത്തതാണെന്റെ കവിത.
കല്ലിച്ച മണ്ണിൽ ഞാനൊരു പനിനീർച്ചെടി നട്ടു,
മഞ്ഞിനോടും തീയിനോടും പട വെട്ടി
ഞാനതിലൊരു പനിനീർപ്പൂ വിരിയിച്ചു.
പാടിപ്പാടിനടക്കാനെനിക്കായതുമങ്ങനെ.
(ഐലാ നെഗ്രാ)


