Showing posts with label ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ്. Show all posts
Showing posts with label ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ്. Show all posts

Thursday, May 2, 2013

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - അധ്യാപകൻ

Langston-Hughes-with-hat-on-508x350

 


നക്ഷത്രങ്ങൾ പോലെയാണാദർശങ്ങൾ,
നമ്മുടെ കൈയെത്തുന്ന ദൂരത്തല്ലവ.
പഠിക്കാൻ എളിമയോടെ ഞാൻ ശ്രമിച്ചു,
ഞാൻ പഠിപ്പിച്ചതതിലുമെളിമയോടെ.

നേരുള്ളതായ നന്മകളൊക്കെ
മുറുകെപ്പിടിക്കാൻ ഞാൻ ശ്രമിച്ചിരുന്നു.
നല്ലവനാവണമെന്നെനിക്കുണ്ടായിരുന്നു,
അതുകൊണ്ടാത്മാവൊന്നു ഞെരുങ്ങിയെങ്കിലും.

ഇന്നു തണുത്ത മണ്ണിനടിയിൽ ഞാൻ കിടക്കുന്നു,
കണ്ട സ്വപ്നങ്ങളൊക്കെ ഞാൻ മറന്നും കഴിഞ്ഞു.
ഈ മണ്ണു പാകിയ ഇടുങ്ങിയ കിടക്കയിൽ
ഒരു വിളക്കിന്റെ നാളവുമില്ല വെളിച്ചം പകരാൻ.

ഈ മണ്ണു പാകിയ ഇടുങ്ങിയ കിടക്കയിൽ
നക്ഷത്രത്തരികളൊരിക്കലും ചിതറിവീഴില്ല.
ഓർക്കുമ്പോൾ ഞാനൊന്നു വിറക്കൊള്ളുന്നു:
ഒന്നിലും കാര്യമില്ലെന്നിരുട്ടെന്നെപ്പഠിപ്പിച്ചാലോ?


ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് -ചുമർചിത്രങ്ങൾ

bb-jazzline

എന്റെ പഴയ, പഴയ സ്വപ്നങ്ങളെക്കുറിച്ചു ഞാൻ നിന്നോടു പറയട്ടെയോ,
ഈ ലോകഗോളത്തിന്റെ വിചിത്രമായ ഭ്രമണങ്ങളിൽ നഷ്ടമായവ?
തിരകൾ പതഞ്ഞുയരുമ്പോൾ കടലിൽ മുങ്ങിത്താണവ ചിലവ,
ഒരു മച്ചുമ്പുറത്തെ മുറിയിൽ മെഴുകുതിരിവെട്ടത്തിലുരുകിത്തീർന്നവ ചിലവ.

ഞാൻ മറന്ന, കയ്ക്കുന്ന സ്വപ്നങ്ങളെക്കുറിച്ചു ഞാൻ പറയട്ടെയോ,
ഇപ്പോഴുമെത്രയും  ചെറുപ്പമായ, എത്രയും ചെറുപ്പമായവളേ?
വിടർന്ന, പാടുന്ന, പാടലമായ കണ്ണുകളുള്ളവളേ,
നാവിൻ തുമ്പിൽ ചിരി മുട്ടിനില്ക്കുന്നവളേ.

എന്റെ തളർന്ന, തളർന്ന സ്വപ്നങ്ങളെക്കുറിച്ചു ഞാൻ പറയട്ടെയോ,
ഇനിയുമൊരു സ്വപ്നവും നഷ്ടമാവാത്തവളേ?
അതോ ഞാൻ നാവുമടക്കി മിണ്ടാതിരിക്കട്ടെയോ,
ചുമരിൽ പതിയട്ടെ, എന്റെ വികൃതചിത്രങ്ങളെന്നും കരുതി?


Wednesday, May 1, 2013

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - നക്ഷത്രം തേടിപ്പോയവൻ

images1

നക്ഷത്രം തേടിപ്പോയവൻ


ജ്വലിക്കുന്നൊരു നക്ഷത്രത്തെ
തേടിപ്പോയവനായിരുന്നു ഞാൻ.
ആ നക്ഷത്രമകലെ നിന്നേ
എന്റെ കൈകൾ പൊള്ളിച്ചു,
തിളയ്ക്കുന്ന വെള്ളിനാളത്താൽ.

ഇരുമ്പഴികൾ വലയം ചെയ്യുന്ന
സ്വപ്നങ്ങളുടെ മൃതഭൂവിൽ
പാടുന്നൊരു നക്ഷത്രത്തിന്റെ
വന്യസൌന്ദര്യം ഞാൻ തേടി.
ഈ വടുക്കളൊന്നുനോക്കൂ.


ചിതാലേഖനം


ഈ കുഴിമാടത്തിൽ കിടക്കുന്നത്
അതെ, ഞാൻ തന്നെ.
നിങ്ങളെന്തിനു ചിരിക്കുന്നു, നല്ലവരേ,
അല്ലെങ്കിലെന്തിനു കരയുന്നു?
ഈ കുഴിമാടത്തിൽ കിടക്കുന്നത്
എന്നിലധികമൊന്നുമല്ലെന്നേ.



യേശുവിന്റെ പാദങ്ങൾ

യേശുവിന്റെ കാൽച്ചുവട്ടിൽ
ശോകമൊരു കടലു പോലെ.
കർത്താവേ, നിന്റെ കാരുണ്യം
എന്നിലേക്കൊഴുകിയെത്തേണമേ.

യേശുവിന്റെ കാൽച്ചുവട്ടിൽ,
നിന്റെ കാൽച്ചുവട്ടിൽ ഞാൻ നില്ക്കുന്നു.
എന്റെ ഉണ്ണിയേശുവേ,
ആ കൈയൊന്നു നീട്ടൂ.


വിട


ജിപ്സികൾക്കും നാവികർക്കുമൊപ്പം,
കുന്നുകളും കടലുകളുമലയുന്നവർക്കൊപ്പം,
ഭാഗ്യാന്വേഷിയായി ഞാൻ പോകുന്നു.
എനിക്കൊന്നു പിരിഞ്ഞിരിക്കണം,
ദൈവഭക്തരിലും മര്യാദക്കാരിലും നിന്ന്.
ഞാനില്ലാത്തതു നിങ്ങളറിയുകയുമില്ല,
കുന്നുകൾക്കിടയിൽ ജീവിക്കുന്നവരേ,
കടലൊരുകാലവും കാണാത്തവരേ.



തൃഷ്ണ

തൃഷ്ണ നമുക്ക്
ഒരിരട്ടമരണമായിരുന്നു,
നമ്മുടെ കലർന്ന നിശ്വാസങ്ങളുടെ ത്വരിതമരണം;
അജ്ഞാതമായൊരു വിചിത്രപരിമളത്തിന്റെ
ബാഷ്പീകരണം,
നാമിരുവർക്കിടയിൽ,
നഗ്നമായൊരു മുറിയിൽ.

jazz004



ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - പ്രണയഗാനങ്ങൾ.

photo3

 


പ്രണയഗാനം, അന്റോണിയയ്ക്ക്


എന്റെ ഗാനങ്ങളൊക്കെ നിനക്കായി ഞാൻ പാടിയിട്ടും
നീയതിനു കാതു കൊടുക്കില്ലെന്നിരിക്കട്ടെ,
എന്റെ സ്വപ്നഗൃഹങ്ങളൊക്കെ നിനക്കായി ഞാൻ പണിതിട്ടും
നീയതിൽ താമസിക്കാനൊരിക്കലും വരില്ലെന്നിരിക്കട്ടെ,
എന്റെ മോഹങ്ങളൊക്കെയും നിനക്കു ഞാൻ തന്നാലും
ആർക്കു വേണമിതൊക്കെയെന്നു പറഞ്ഞു നീ
ചിരിച്ചുതള്ളിയെന്നിരിക്കട്ടെ,
അപ്പോഴും നിനക്കുള്ളതായിരിക്കും എന്റെ പ്രണയം,
എന്റെ ഗാനങ്ങളെക്കാളുമധികമായത്,
എന്റെ സ്വപ്നഗൃഹങ്ങളെക്കാളുമധികമായത്,
എന്റെ ഗൃഹസ്വപ്നങ്ങളെക്കാളുമധികമായത്-
നിനക്കുള്ളതായിരിക്കും അപ്പോഴുമെന്റെ പ്രണയം,
എന്നെ കണ്ണെടുത്തു നോക്കില്ല നീയെങ്കിൽക്കൂടി.



പ്രണയഗാനം, ലൂസിന്ദായ്ക്ക്

പ്രണയം
ചോരച്ചുവപ്പായൊരു മരത്തിൽ
മൂത്തുപഴുത്തൊരു പ്ളം പഴം.
ഒരിക്കലതൊന്നു രുചിച്ചാൽ
അതിന്റെ വശ്യത്തിൽ നിന്നു
മോചിതനാവില്ല നിങ്ങൾ.

പ്രണയം
തെക്കൻ മാനത്തു മിന്നുന്ന
ദീപ്തനക്ഷത്രം.
ഏറെ നേരം നോക്കിനിന്നാൽ
നിങ്ങളുടെ കണ്ണുകൾ പൊള്ളിക്കും
അതിന്റെ എരിനാളങ്ങൾ.

പ്രണയം
കാറ്റു പിടിച്ച മാനത്ത്
കൊത്തിവച്ച പോലൊരു പർവതം.
കിതയ്ക്കരുതധികമെന്നുണ്ടെങ്കിൽ
അധികമുയരത്തിൽ
കയറുകയുമരുത്.



പാതിരാനർത്തകി

ജാസ്സിന്റെ ശ്രുതി ചേർന്ന രാത്രിയിലെ
മദിരപ്പെണ്ണേ,
ചെമന്ന മഞ്ഞുതുള്ളി പോ-
ലധരം മധുരിക്കുവോളേ,
ഇരുമുലകൾ
മധുരസ്വപ്നങ്ങളുടെ മൃദൂപധാനങ്ങളായവളേ,
ആഹ്ളാദത്തിന്റെ മുന്തിരിപ്പഴങ്ങൾ പിഴി-
ഞ്ഞാരതു നിന്മേലിറ്റിച്ചു?jazz1 (1)


ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - പല വസന്തങ്ങൾക്കു ശേഷം

Langston Hughes

 


ചോദ്യങ്ങൾ


മരണമെന്ന ആക്രിക്കാരൻ കിഴവൻ
നമ്മുടെ ഉടലുകൾ പെറുക്കിയെടുത്ത്
വിസ്മൃതിയുടെ കീറച്ചാക്കിലേക്കിടുമ്പോൾ
ഞാൻ ആലോചിച്ചുപോവുകയാണ്‌,
ഒരു വെള്ളക്കാരൻ കോടീശ്വരന്റെ ശവത്തിന്‌
ഒരു നീഗ്രോ തോട്ടപ്പണിക്കാരന്റെ ജഡത്തേക്കാൾ
വില കൂടുതൽ കാണുമോ അയാൾ
നിത്യതയുടെ നാണയക്കണക്കിലെന്ന്.


പല വസന്തങ്ങൾക്കു ശേഷം


ഇപ്പോൾ,
ഈ ജൂണിൽ,
നീലനക്ഷത്രങ്ങൾ നിറഞ്ഞ
മൃദുവൈപുല്യമാണു രാത്രിയെന്നിരിക്കെ,
നിലാമിനുക്കത്തിന്റെ ഒടിഞ്ഞ കണകൾ
മണ്ണിൽ പൊഴിഞ്ഞുവീണുകൊണ്ടിരിക്കെ,
മാലാഖമാർ നൃത്തം വയ്ക്കുന്നതു
പണ്ടെപ്പോലെന്തു കൊണ്ടു ഞാൻ കാണുന്നില്ല?
അത്രയ്ക്കു പ്രായമേറിപ്പോയെന്നോ, എനിക്ക്?



നീതി

നീതി എന്നതന്ധയായൊരു ദേവത:
അതു ഞങ്ങൾ കറുത്തവർ
പണ്ടേ അറിയുന്ന വസ്തുത.
ആ വച്ചുകെട്ടൊളിപ്പിക്കുന്നതു
ചലമൊലിക്കുന്ന രണ്ടു വ്രണങ്ങൾ,
ഒരുവേള  കണ്ണുകളായിരുന്നവ.



കവിത

എന്റെ ചോരയിലറഞ്ഞുകൊട്ടുന്നതു കാട്ടുചെണ്ടകൾ.
എന്റെ ഹൃദയത്തിൽ തിളങ്ങിനിൽക്കുന്നതു
കാടുകളിൽ പൊള്ളുന്ന ചന്ദ്രന്മാർ.
എനിക്കു പേടിയാണീ നാഗരികതയെ-
അത്ര കടുത്തതിനെ,
അത്ര ബലത്തതിനെ,
അത്ര തണുത്തതിനെ.



യുവതിയായ വേശ്യ

ഒടിഞ്ഞ തണ്ടിലെ
ചതഞ്ഞ പൂവുപോലെ
അവളുടെ ഇരുണ്ട മുഖം.
ഈ തരം സുലഭമാണത്രെ,
ഹാർലെമിൽ.



ഹേമന്തചന്ദ്രൻ

എത്ര നേർത്തതും കൂർത്തതുമാണു ചന്ദ്രനിന്നു രാത്രിയിൽ!
എത്ര നേർത്തതും കൂർത്തതും പ്രേതം പോലെ വിളറിയുമാണ്‌
മെലിഞ്ഞുവളഞ്ഞ കൊക്കി പോലത്തെ ചന്ദ്രനിന്നു രാത്രിയിൽ!



വശ്യം

ആപ്പിൾപ്പഴത്തിന്റെ കഴമ്പു പോലെ വെളുത്തതാണവളുടെ പല്ലുകൾ.
മൂത്തുപഴുത്ത പ്ളം പഴം പോലിരുണ്ടുചുവന്നതാണവളുടെ ചുണ്ടുകൾ.
അവളെ ഞാൻ പ്രേമിക്കുന്നു.
അവളുടെ മുടിക്കെട്ടൊരു പാതിരാക്കൂന, ഇരുളിന്റെ നിറമായൊരു ദീപ്തി.
അവളെ ഞാൻ പ്രേമിക്കുന്നു.
അവളെച്ചുംബിക്കാനെനിക്കു മോഹം,
ശരല്ക്കാലത്തെ ഓക്കില പോലെ തവിട്ടുനിറമാണവളുടെ ചർമ്മത്തിനെന്നതിനാൽ,
അതിലൊന്നുകൂടി മിനുസമാണവളുടെ നിറമെന്നതിനാൽ.


കടലിന്റെ വശ്യം


കടലിന്റെ വശ്യം,
കടലിന്റെ മക്കൾക്കതറിയില്ല.
അവർക്കറിയാം പക്ഷേ,
ബലത്തതാണു കടൽ
ദൈവത്തിന്റെ കൈ പോലെയെന്ന്.
അവർക്കറിയാം പക്ഷേ,
കടല്ക്കാറ്റു സുഖമുള്ളതാണ്‌
ദൈവത്തിന്റെ നിശ്വാസം പോലെയെന്ന്,
കടലുൾക്കൊള്ളുന്നു
പരന്നതുമാഴ്ന്നതുമായൊരു മരണമെന്ന്.



പ്രാർത്ഥന

ഞാനിതു ചോദിക്കുന്നു:
ഏതു വഴിക്കു ഞാൻ പോകണം?
ഞാനിതു ചോദിക്കുന്നു:
ഏതു പാപം ഞാൻ പേറണം?
ഏതു കിരീടമെടുത്തു
തലയിൽ ഞാൻ വയ്ക്കണം?
എനിക്കറിയുന്നില്ല,
ദൈവം തമ്പുരാനേ,
എനിക്കറിയുന്നില്ല.


Tuesday, April 30, 2013

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - സൂ അമ്മായിയുടെ കഥകൾ

215823link to image

 


തല നിറയെ കഥകളാണു സൂ അമ്മായിക്ക്.
ഒരു ഹൃദയം നിറയെ കഥകളാണു സൂ അമ്മായിക്ക്.
വേനല്ക്കാലരാത്രികളിൽ പൂമുഖത്തിരിക്കുമ്പോൾ
ഇരുനിറമായ ഒരു കുട്ടിയെ മാറോടടുക്കിപ്പിടിച്ച്
സൂ അമ്മായി കഥകൾ പറഞ്ഞുകൊടുക്കുന്നു.

പൊള്ളുന്ന വെയിലത്തു പണിയെടുക്കുന്ന
കറുത്ത അടിമകൾ,
മഞ്ഞിറ്റുന്ന രാത്രിയിൽ നടന്നുപോകുന്ന
കറുത്ത അടിമകൾ,
ഒരു പെരുമ്പുഴയുടെ തീരത്തു ശോകഗാനങ്ങൾ പാടിയിരിക്കുന്ന
കറുത്ത അടിമകൾ,
അവരലിഞ്ഞുചേരുന്നു
സൂ അമ്മായിയുടെ കഥയൊഴുക്കിൽ,
അവരലിഞ്ഞുചേരുന്നു
സൂ അമ്മായിയുടെ കഥകളിൽ
വന്നുപോകുന്ന ഇരുണ്ട നിഴലുകളിൽ.

കേട്ടിരിക്കുന്ന ഇരുനിറക്കാരനായ കുട്ടിക്കറിയാം,
സൂ അമ്മായിയുടെ കഥകൾ സംഭവകഥകളാണെന്ന്,
ഒരു പുസ്തകത്തിൽ നിന്നുമല്ല
സൂ അമ്മായിക്കു തന്റെ കഥകൾ കിട്ടിയതെന്ന്,
അവരുടെ സ്വന്തം ജീവിതത്തിൽ നിന്നു
നേരേ ഇറങ്ങിവരികയാണവയെന്ന്.

ഇരുനിറക്കാരനായ കുട്ടി നിശ്ശബ്ദനുമാണ്‌,
ഒരു വേനല്ക്കാലരാത്രിയിൽ
സൂ അമ്മായിയുടെ കഥകൾ കേട്ടിരിക്കുമ്പോൾ.


ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - നീഗ്രോ പുഴകളെക്കുറിച്ചു പറയുന്നു

the_negro_speaks_of_rivers_llink to image


പുഴകളെ ഞാനറിഞ്ഞിരിക്കുന്നു.
ലോകത്തെപ്പോലെ പുരാതനമായ പുഴകളെ,
മനുഷ്യസിരകളിലൊഴുകുന്ന മനുഷ്യരക്തത്തെക്കാൾ പ്രായമേറിയ
പുഴകളെ  ഞാനറിഞ്ഞിരിക്കുന്നു.

പുഴകളെപ്പോലാഴമായിരിക്കുന്നു എന്റെ ആത്മാവിനും.

ഉദയങ്ങൾക്കു ചെറുപ്പമായിരുന്നപ്പോൾ യൂഫ്രട്ടീസിൽ ഞാൻ കുളിച്ചു.
കോംഗോയുടെ കരയിൽ ഞാനെന്റെ കൂര പണിതു,
അതെന്നെ പാടിയുറക്കുകയും ചെയ്തു.
നൈൽ നദിയെ ഞാൻ നോക്കിനിന്നിരുന്നു,
അതിന്റെ കരയിലാണു ഞാൻ  പിരമിഡുകൾ  പണിതുയർത്തിയതും.
ലിങ്കൺ ന്യൂ ഓർലിയൻസിലേക്കു പോയപ്പോൾ
മിസിസിപ്പി പാടിയ പാട്ടു ഞാൻ കേട്ടിരുന്നു,
അതിന്റെ ചേറു പറ്റിയ മാറിടം
അസ്തമയവേളയിൽ പൊന്മയമാകുന്നതും ഞാൻ കണ്ടു.
പുഴകളെ ഞാനറിഞ്ഞിരിക്കുന്നു:
പ്രാചീനമായ, നിറമിരുണ്ട പുഴകളെ.

പുഴകളെപ്പോലാഴമായിരിക്കുന്നു എന്റെ ആത്മാവിനും.



ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - പാർക്ക് ബഞ്ച്

images (5)

 


പാർക്ക് ബഞ്ച്


ഞാൻ ജീവിക്കുന്നത് ഒരു പാർക്ക് ബഞ്ചിൽ.
നീ, പാർക്ക് അവന്യൂവിൽ.
എന്തു മാതിരി ദൂരമാണെന്നോ
നാമിരുവർക്കുമിടയിൽ!

ഞാൻ അത്താഴത്തിനിരക്കും-
നിനക്ക് പാചകക്കാരനുണ്ട്, വേലക്കാരിയുമുണ്ട്.
ഞാൻ പക്ഷേ, ഉണരുകയാണെന്നേ!
പറയൂ, നിനക്കു പേടിയില്ലേ,

ഞാൻ ഒരുവേള, ഒരുവേളയാണേ,
ഒന്നോ രണ്ടോ കൊല്ലത്തിനുള്ളിൽ
പാർക്ക് അവന്യൂവിലേക്കു
താമസം മാറ്റുമെന്ന്?



മുറി

ഓരോ കൊച്ചുമുറിയും
സുരക്ഷിതവും ഏകാന്തവുമായിരിക്കണം
ഉള്ളിൽ രണ്ടു പേരുള്ളപ്പോൾ-
മലർക്കെത്തുറന്നതായിരിക്കണം പക്ഷേ,
ഉള്ളിലൊരാൾ മാത്രമുള്ളപ്പോൾ.


സ്വാതന്ത്ര്യം


സ്വാതന്ത്ര്യം
മറ്റൊരാളുടെ കേയ്ക്കിലെ
ഐസിംഗ് ആണ്‌-
അതങ്ങനെ വേണം താനും
കേയ്ക്കു ബേയ്ക്കു ചെയ്യാൻ
നാം പഠിക്കും വരെ.



മെട്രോപ്പൊളിറ്റൻ മ്യൂസിയം

പട്ടണത്തെരുവുകളുടെ ഇരമ്പത്തിൽ നിന്ന്
ഒരു യവനചിതാഭസ്മകുംഭം കാണാൻ
ഞാൻ കയറിച്ചെന്നു.

കീറ്റ്സിനെ ഞാനോർത്തു-
മനസ്സിലേക്കോടിവന്നു
കമിതാക്കളുടെ പുന്നാരങ്ങൾ നിറഞ്ഞ വരികൾ.

പൊയ്പ്പോയ കാലങ്ങളിൽ നിന്ന്
എന്റെ കൈകളിലേക്കുതിർന്നുവീണു
ഒരു ലില്ലിപ്പൂവിന്നിതളുകൾ.



ശരല്ക്കാലത്തു തോന്നിയത്

പൂക്കളാഹ്ളാദഭരിതരാണ്‌
വേനല്ക്കാലത്ത്
അവ വാടിക്കരിഞ്ഞുപറന്നുപോകും
ശരല്ക്കാലത്ത്;
അവയുടെ ഇതളുകൾ നൃത്തം വയ്ക്കുന്നു
കാറ്റത്ത്
തവിട്ടുനിറത്തിൽ കുഞ്ഞുപൂമ്പാറ്റകളെപ്പോലെ.


jazz1 (1)

Monday, April 29, 2013

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - കാരണമെന്തെന്നാൽ

images (6)

 


പ്രാർത്ഥന


വാരിയെടുക്കൂ
നിങ്ങളുടെ കാരുണ്യത്തിന്റെ കൈകളിൽ
രോഗികളെ, പതിതരെ,
ആശ കെട്ടവരെ, ക്ഷീണിതരെ,
ഈ തളർന്ന നഗരത്തിലെ
അടിമട്ടായവരെ
വാരിയെടുക്കൂ
നിങ്ങളുടെ കാരുണ്യത്തിന്റെ കൈകളിൽ.
വാരിയെടുക്കൂ
നിങ്ങളുടെ സ്നേഹത്തിന്റെ കൈകളിൽ
മുകളിൽ നിന്നൊരു സ്നേഹവും
പ്രതീക്ഷിക്കാനില്ലാത്തവരെ.



ഉദ്യാനം

വിചിത്രവും
വിരൂപവുമായ പുൽക്കൊടികൾ,
വിചിത്രവും
വിരൂപവുമായ മരങ്ങൾ,
വിചിത്രവും
വിരൂപവുമായ ട്യൂലിപ്പുകൾ
മുട്ടുകാലിൽ.


കാരണമെന്തെന്നാൽ


ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ-
അതു തന്നെയാണു കാരണം
എന്റെയുള്ളാകെ നിറങ്ങളാവാൻ
ഒരു പൂമ്പാറ്റയുടെ ചിറകുകൾ പോലെ.

ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ-
അതു തന്നെയാണു കാരണം
ആലില പോലെന്റെ ഹൃദയം വിറക്കൊള്ളാൻ
നീയരികിലൂടെപ്പോകുമ്പോൾ.


schoolboys

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - കവിതകൾ

images (1)

 


പേടി


അംബരചുംബികൾക്കിടയിൽ നിന്നു
നാം കരയുന്നു
ആഫ്രിക്കയിൽ
പനമരങ്ങൾക്കിടയിലിരുന്നു കരഞ്ഞ
നമ്മുടെ പൂർവ്വികരെപ്പോലെ.
നാമേകരാണെന്നതിനാൽ
രാത്രിയാണെന്നതിനാൽ
നമുക്കു പേടിയാവുന്നുവെന്നതിനാൽ.


jazz034
കവിത

ഞാനവനെ പ്രേമിച്ചു.
അവനകന്നും പോയി.
ഇനിയൊന്നും പറയാനില്ല.
കവിത തീരുന്നു,
തുടങ്ങിയ പോലെ തന്നെ
സൌമ്യമായി-
ഞാനവനെ പ്രേമിച്ചു.



പുതുവർഷം

നിത്യത എന്ന
തലപ്പറ്റ മരത്തിൽ നിന്ന്
വർഷങ്ങൾ കൊഴിയുന്നു
പഴുക്കിലകൾ പോലെ.
ഒരില കൂടിക്കൊഴിഞ്ഞെങ്കിൽ
അതു വലിയ കാര്യമാണോ?

jazz1


ചുമരുകൾ


നാലു ചുമരുകൾക്കാവും
അത്രയും വേദനയുൾക്കൊള്ളാൻ,
കാറ്റും മഴയും തടുക്കുന്ന
നാലു ചുമരുകൾ.

നാലു ചുമരുകൾക്കാവും
അത്രയും ശോകമുൾക്കൊള്ളാൻ,
ഇന്നലെയിൽ നിന്നു ശേഖരിച്ചത്
നാളത്തേക്കായി മാറ്റിവച്ചത്.images (3)


ശലോമിക്ക്


ഒരു മധുരവുമില്ല
ചൂടറ്റതും
മരിച്ചതുമായൊരധരത്തിന്റെ
ചുംബനത്തിന്‌.
തൃഷ്ണയുടെ
ജ്വലിക്കുന്ന നിർവൃതി പോലും
മരണക്കിടക്കയിൽ
ചാരമാവുന്നു.
ശലോമീ
മദിര പോലധരം ചുവന്നവളേ,
നിനക്കെന്തിനീ മരിച്ച ശീർഷം?



പാരീസിലെ യാചകി

ഒരിക്കൽ നീ ചെറുപ്പമായിരുന്നു
ഇന്നു തണുപ്പത്തു കൂനിപ്പിടിച്ചിരിക്കുമ്പോൾ
ആർക്കുമതു കാര്യമല്ല,
നിനക്കു പ്രായമായിരിക്കുന്നുവെന്ന്.

ഒരിക്കൽ നീ സുന്ദരിയായിരുന്നു.
ഇന്ന്, ഈ തെരുവിൽ
ആരുമോർമ്മിക്കുന്നില്ല
നിന്റെയധരം മധുരിച്ചിരുന്നുവെന്ന്.

ഹാ, ഫൊണ്ടെയ്ൻ തെരുവിലെ
ക്ഷയിച്ച കിഴവീ,
മരണമല്ലാതാരുമില്ല
ഇനി നിന്നെ ചുംബിക്കാൻ.

images (2)



ആനി സ്പെൻസറുടെ മേശ


ആനീ സ്പെൻസറുടെ മേശപ്പുറത്ത്
മുന കൂർപ്പിക്കാതെ ഒരു പെൻസിൽ-
അവളെഴുതാതെ വിട്ടുകളഞ്ഞു
എഴുതാനറിയുന്ന പലതുമെന്നപോലെ.


Sunday, July 8, 2012

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - ഒടുക്കം


ഒരു ക്രൈസ്തവദേശം


ഇടവഴിയിൽ
കൈയിലൊരറാക്കുകുപ്പിയുമായി
ദൈവം മയങ്ങിക്കിടക്കുന്നു.
എഴുന്നേറ്റാട്ടെ, ദൈവമേ,
നിവർന്നുനിന്നു
മനുഷ്യനെപ്പോലെ പൊരുതിയാട്ടെ.



പാമ്പ്

പുല്ലിനിടയിലേക്കു മിന്നൽവേഗത്തിൽ
അവൻ തെന്നിമടങ്ങുന്നു-
എനിക്കു കടന്നുപോവാൻ
വഴി മാറിത്തരാൻ
അവൻ മര്യാദ കാണിയ്ക്കുന്നു:
അവനെ കൊല്ലാൻ
ഒരു കല്ലു കുനിഞ്ഞെടുക്കാൻ
എനിക്കു ലജ്ജ തോന്നിപ്പോവുന്നു.



മരിക്കാൻ കിടക്കുന്ന ജന്തു

മരണം മണത്ത കഴുകന്മാർ
പറന്നെത്തുന്നു-
കാറ്റിനും വെയിലിനുമടിയിൽ
ഉടലിന്റെ അന്ത്യയുദ്ധം അവർ കാണുന്നുണ്ട്-
കടന്നുപോവുന്ന തെന്നലിനെ,
പരിധിയറ്റ മാനത്തെ
യാതനയുടെ കണ്ണു കൊണ്ടു നോക്കുന്ന
അവസാനത്തെ നോട്ടം അവർ കാണുന്നുണ്ട്-
മരണം മണത്ത കഴുകന്മാർ
തലയ്ക്കു മേൽ കാത്തിരിക്കുന്നു,
ആ നിശ്ചലനിമിഷം-
ജീവൻ
മരിക്കുന്ന

നിമിഷം.



സംഗീതത്തിൽ ഒരു സ്വരം

ജീവിതം ജീവനുള്ളവർക്കുള്ളതാണ്‌,
മരണം മരിച്ചവർക്കും.
ജീവിതം സംഗീതം പോലെയാവട്ടെ,
മരണം, പാടാതെ പോയൊരു സ്വരവും.



മണൽക്കാറ്റ്

മണ്ണു
മടങ്ങിച്ചെല്ലാനെന്നെ വിളിക്കുന്നു,
ശരൽക്കാലത്തൊരു പിടി പൂഴിയായി,
വസന്തത്തിലെന്റെ കൈപ്പടത്തിൽ
ഒരു മഴത്തുള്ളിയായി.

മണ്ണു
മടങ്ങിച്ചെല്ലാനെന്നെ വിളിക്കുന്നു,
ഒക്റ്റോബറിലൊരു ഭഗ്നഗാനമായി,
ചിറകേറിയൊരു ഹിമപ്പക്ഷിയായി.

മണ്ണു
മടങ്ങിച്ചെല്ലാനെന്നെ വിളിക്കുന്നു.



ഒറ്റ

ഒറ്റയ്ക്ക്
പുല്ലുമൈതാനത്തെ
കാറ്റു പോലെ.

ഒറ്റയ്ക്ക്
മേശ മേൽ
ഒരു കുപ്പി കള്ളു പോലെ.



ഒടുക്കം

ചുമരിൽ
ഘടികാരമില്ല,
കാലമില്ല,
പുലരി മുതലന്തി വരെ
കടന്നുപോവുന്ന
നിഴലുകളില്ല.

പുറത്തു
വെളിച്ചമില്ല
ഇരുട്ടില്ല.

വാതിലുമില്ല.



ഒടുവിലത്തെ വളവ്

വളവു തിരിഞ്ഞു ചെല്ലുമ്പോൾ
എതിരേ വരുന്നതു നിങ്ങൾ തന്നെയാണെങ്കിൽ
തിരിയാനിനിയൊരു വളവുമില്ലെന്ന്
നിങ്ങൾക്കു മനസ്സിലാവുന്നു.



Saturday, July 7, 2012

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - കടലടക്കം


കടലടക്കം


എന്തടക്കം,
എന്തടക്കമാണു
കടലിനിന്ന്.
നല്ലതല്ല,
ഇമ്മാതിരിയടക്കം
കടലിന്‌.


വധു


അവർ പറയുന്നു അവൾ മരിച്ചുവെന്ന്,-
എനിക്കതറിയില്ല,
അവർ പറയുന്നു അവൾ ദുഃഖിച്ചുമരിച്ചുവെന്ന്,
മരണത്തിന്റെ കളിമൺകറുപ്പായ കൈകളിൽ
അവളാശ്വാസം തേടിയെന്ന്,
പ്രണയരഹിതമായ നിദ്രയിൽ
പ്രണയവേദനയിൽ നിന്നവൾ സാന്ത്വനം തേടിയെന്ന്.


കടുംചെമപ്പിൽ ഒരു ഭാവന


ദുരന്തത്തിന്റെ ചെണ്ടകളെനിക്കായി മുഴക്കൂ.
ദുരന്തത്തിന്റെയും മരണത്തിന്റെയും ചെണ്ടകൾ മുഴക്കൂ.
ഗായകസംഘമൊരു പ്രചണ്ഡഗാനമാലപിക്കട്ടെ,
എന്റെ പ്രാണൻ കുറുകുന്ന ശബ്ദമതിൽ മുങ്ങിത്താഴട്ടെ.

ദുരന്തത്തിന്റെ ചെണ്ടകളെനിക്കായി മുഴക്കൂ,
വെളുത്ത വയലിനുകൾ വിളംബത്തിൽ നേർത്തുമുരളട്ടെ,
ഗർജ്ജിക്കുന്ന കാഹളമൊടുവിലൊരു സൌരസ്വരവുമൂതട്ടെ,

ഞാൻ പോകുന്ന
         തമസ്സിലേ-
                ക്കെനിയ്ക്കൊരു കൂട്ടായി.



നഗ്നയായ യുവനർത്തകി

നീ കിടന്നുറങ്ങിയതേതു കാട്ടുമരത്തിനടിയിൽ,
ജാസിന്റെ താളം ചവിട്ടുന്ന പാതിരാനർത്തകീ?
നിന്റെ വള്ളിക്കുടിലിനു മേലൊരു നേർത്ത മൂടുപടം പോലെ
ഏതു പെരുംകാടതിന്റെ പരിമളം പുതച്ചു?

നീ കിടന്നുറങ്ങിയതേതു കാട്ടുമരത്തിനടിയിൽ,
അരക്കെട്ടുലയ്ക്കുന്ന രാക്കറുമ്പിപ്പെണ്ണേ?
നിനക്കു പെറ്റമ്മയായതേതു വെള്ളിച്ചന്ദ്രൻ?
നീ നിന്റെ ചുണ്ടുകൾ സമ്മാനിച്ച ചെറുക്കനേത്?



മൃഗപരിശീലകൻ

ജീവിതമെന്ന സർക്കസ് കൂടാരത്തിൽ
മൃഗപരിശീലകനാണു പ്രണയം.
എന്തു പൊട്ടപ്പാട്ടാണു താനിപ്പാടുന്നത്?
മൃഗപരിശീലകനാണു പ്രണയം.

പേടിയാണെനിക്ക്!
പേടിയാണു പ്രണയത്തെ
പ്രണയത്തിന്റെ നീറുന്ന ചാട്ടയെ!
പേടി,
പേടിയാണു പ്രണയത്തെ
പ്രണയത്തിന്റെ കൂർത്ത, കുത്തുന്ന ചാട്ടയെ!

എന്തു പൊട്ടപ്പാട്ടാണു താനിപ്പാടുന്നത്?File:Jazzstubartwork.svg
മൃഗപരിശീലകനാണു പ്രണയം.



Friday, July 6, 2012

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - പാട്ടുകൾ

LangstonHughes

മടുത്തു


കാത്തുകാത്തു ഞാൻ മടുത്തു
-നീയുമങ്ങനെയല്ലേ-
ഈ ലോകം നന്നാവുമെന്ന്,
സുന്ദരമാവുമെന്ന്, കരുണയുള്ളതാവുമെന്ന്.
നമുക്കൊരു കത്തിയെടുത്ത്
ഈ ലോകത്തെ രണ്ടായി കീറാം-
ഏതു പുഴുക്കളാണതിന്റെ തൊണ്ടു കരളുന്നതെന്ന്
നമുക്കൊന്നു നോക്കാം.



നാവികൻ

ഉലയുന്ന കപ്പൽത്തട്ടിലയാളിരുന്നു,
നാട്ടിൽ നിന്നു പാതിലോകമകലെയായി.
ഒരു കാപ്സ്റ്റൺ സിഗററ്റയാൾ വലിച്ചിരുന്നു,
പതയുടെ തൊപ്പിയണിഞ്ഞ നീലത്തിരകളയാൾ നോക്കിയിരുന്നു.

അയാൾക്കു കൈത്തണ്ടയിലൊരു മത്സ്യകന്യകയുണ്ടായിരുന്നു,
നെഞ്ചത്തൊരു നങ്കൂരം,
മുതുകത്തയാൾ പച്ച കുത്തിയിരുന്നു,
കൂട്ടിലടച്ചൊരു നീലപ്പക്ഷിയും.



വ്യക്തിപരം

വ്യക്തിപരം
എന്നു കുറിച്ച കവറിൽ
ദൈവമെനിക്കൊരു കത്തയച്ചു.
കത്തു ഞാൻ മടക്കിയിട്ടുണ്ട്,
വ്യക്തിപരം
എന്നു കുറിച്ച കവറിൽത്തന്നെ.


സ്വതന്ത്രൻ


കാറ്റിനെ പിടിയ്ക്കാം,
കടലിനെ പിടിയ്ക്കാം,
നിനക്കാവില്ലമ്മച്ചീ,
ഒരുനാളുമെന്നെപ്പിടിയ്ക്കാൻ.

മുയലിനെയിണക്കാം,
കരടിയെയുമിണക്കാം,
നിനക്കാവില്ലമ്മച്ചീ,
എന്നെയെവിടെപ്പിടിച്ചിടാൻ.


പാട്ടുകൾ


ഇരുട്ടത്തു പാടിക്കൊടുത്തുകൊ-
ണ്ടവൾക്കരികിൽ ഞാനിരുന്നു.

അവൾ പറഞ്ഞു:
വാക്കുകളെനിക്കു
മനസ്സിലാവുന്നില്ല.

ഞാൻ പറഞ്ഞു:
അതിനു വാക്കുകളില്ലല്ലോ.



ആർഡെല്ലാ

താരകളില്ലാത്ത രാത്രിയാണു നീയെന്നു
ഞാൻ പറഞ്ഞേനേ,
നിന്റെ കണ്ണുകളില്ലായിരുന്നുവെങ്കിൽ.
സ്വപ്നങ്ങളിലാത്ത നിദ്രയാണു നീയെന്നു
ഞാൻ പറഞ്ഞേനേ,
നിന്റെ ഗാനങ്ങളില്ലായിരുന്നുവെങ്കിൽ.



കരീബിയൻ അസ്തമയം

ദൈവത്തിന്റെ രക്തസ്രാവം പോലെ,
മാനത്തു ചോര ചുമച്ചുതുപ്പിയപോലെ,
ഇരുണ്ട കടലിൽ ചുമപ്പു പറ്റിയപോലെ,
കരീബിയയിൽ അസ്തമയമിങ്ങനെ.



രോഗി കിടക്കുന്ന മുറി

എന്തു നിശബ്ദതയാണിവിടെ,
രോഗി കിടക്കുന്ന ഈ മുറിയിൽ.
മരണവും ജീവിതവുമെന്ന കാമുകർക്കിടയിൽ
ഉരിയാട്ടമില്ലാതെ ഒരു സ്ത്രീ, കട്ടിലിൽ-
വേദനയെന്ന ഒറ്റവിരിപ്പു കൊണ്ട്
മൂന്നുപേരെയും മൂടിയിരിക്കുന്നു.



ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരൻ

langston-hughes-1

വഴികൾ


കൈത്തണ്ടയിലൊറ്റക്കീറൽ,
ഒരു കവിളമ്ളത്തിന്റെ പൊള്ളൽ,
തലയ്ക്കുള്ളിലൊരുണ്ടയുടെ വെടിയ്ക്കൽ-
മരണമമ്മയെപ്പോലെ വരുന്നു,
നമ്മെ വാരിയെടുക്കാൻ.


പേടി


അംബരചുംബികൾക്കിടയിൽ നിന്നു
നാം കരയുന്നു,
ആഫ്രിക്കയിൽ പനമരങ്ങൾക്കിടയിൽ നിന്നു
നമ്മുടെ പൂർവ്വികർ കരഞ്ഞപോലെ,
നാമൊറ്റയ്ക്കാണെന്നതിനാൽ,
രാത്രിയാണെന്നതിനാൽ,
പേടിയാവുന്നു നമുക്കെന്നതിനാൽ.



സ്വപ്നങ്ങൾ

സ്വപ്നങ്ങളെ മുറുകെപ്പിടിയ്ക്കൂ,
സ്വപ്നങ്ങൾ കൂടിയില്ലെങ്കിൽ
ചിറകൊടിഞ്ഞ കിളിയാണു ജീവിതം,
അതു പറന്നുനടക്കുകയുമില്ല.

സ്വപ്നങ്ങളെ മുറുകെപ്പിടിയ്ക്കൂ,
സ്വപ്നങ്ങൾ ബാക്കിയില്ലെങ്കിൽ
തരിശുപാടമാണു ജീവിതം,
മഞ്ഞു വീണുറഞ്ഞതും.



സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരൻ

നിങ്ങളുടെ സ്വപ്നങ്ങളൊക്കെയും കൊണ്ടുവരൂ,
സ്വപ്നം കണ്ടു കിടന്നവരേ,
നിങ്ങളുടെ ഹൃദയരാഗങ്ങളൊക്കെയും കൊണ്ടുവരൂ,
ഒരു നീലമേഘത്തുവാലയിൽ
ഞാനതൊക്കെപ്പൊതിഞ്ഞെടുക്കട്ടെ,
ലോകത്തിന്റെ പരുക്കൻ വിരലുകൾക്കു കൈയെത്താതെ.


പ്രണയാഭ്യർത്ഥന


വലിയ കാര്യങ്ങൾ നിനക്കു ഞാൻ കൊണ്ടുതരാം:
പുലരിയുടെ ചായങ്ങൾ,
പനിനീർപ്പൂക്കളുടെ സൌന്ദര്യം,
ആളിക്കത്തുന്നൊരു പ്രണയവും.

നീ പറഞ്ഞു,
ഇതൊന്നും വലിയ കാര്യങ്ങളല്ലെന്ന്,
പണമാണു കാര്യമെന്ന്.

ആവട്ടെ,
എന്നാൽ പണവുമായി ഞാൻ വരാം.
പിന്നെ നീ ചോദിക്കരുത്,
എവിടെ പനിനീർപ്പൂക്കളുടെ സൌന്ദര്യമെന്ന്,
പുലരിയുടെ ചായങ്ങളെന്ന്,
ആളിക്കത്തുന്ന പ്രണയമെന്ന്.



ചുമരുകൾ

അത്രയുമേറെ വേദന കൊള്ളും
നാലു ചുമരുകൾക്കുള്ളിൽ,
കാറ്റിലും മഴയിലും നിന്നു
കാക്കുന്ന ചുമരുകൾക്കുള്ളിൽ.

അത്രയുമേറെ ശോകം കൊള്ളും
നാലു ചുമരുകൾക്കുള്ളിൽ,
ഇന്നലെ നിന്നു ശേഖരിച്ചത്,
നാളെയ്ക്കായി മാറ്റിവച്ചത്.


ആനിയ്ക്കൊരു കത്ത്


നീ പോയതിൽപ്പിന്നെ, ആനീ,
നിന്നെയല്ലാതൊന്നും ഞാൻ കണ്ടിട്ടില്ല.
ഓരോ നാളും
നിന്റെ മുഖമായിരുന്നു,
ഓരോ രാവും
നീ നീട്ടിയ കൈയായിരുന്നു,
ഓരോ വഴിയും
എന്നെ വിളിയ്ക്കുന്ന നിന്റെ ശബ്ദമായിരുന്നു.
ഓരോ കല്ലും ഓരോ പൂവും മരവും
നിന്റെ സ്പർശമായിരുന്നു.
എവിടെയും
നിന്നെയല്ലാതൊന്നും ഞാൻ കണ്ടിട്ടില്ല,
ആനീ.



തങ്ങിനിൽക്കാത്ത പ്രണയം

നീയൊരു ഗാനമാണെനിക്കെന്നതിനാൽ
പാടിദീർഘിപ്പിക്കരുതു നിന്നെ ഞാൻ.

നീയൊരു പ്രാർത്ഥനയാണെനിക്കെന്നതിനാൽ
എവിടെയും വച്ചു പറയരുതു നിന്നെ ഞാൻ.

നീയൊരു പനിനിർപ്പൂവാണെനിയ്ക്കെന്നതിനാൽ-
വേനൽ പോയാൽ ശേഷിക്കുകയുമില്ല നീ.


മേട


മരണമെന്ന മേടയിലേ-
ക്കാത്മാവു കയറിപ്പോകുന്നു,
ഒരു നിമിഷം ധ്യാനിച്ചിരിക്കാൻ-
ആ നിമിഷം തീരുന്നുമില്ല.


 

Monday, September 5, 2011

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - മാറ്റിവച്ച സ്വപ്നം


നാടോടിപ്പാട്ടുകാരൻ


ചിരി കൊണ്ടു വലിഞ്ഞതാ-
ണെന്റെ വായെന്നതിനാൽ,
പാട്ടു കൊണ്ടാഴ്ന്നതാ-
ണെന്റെ തൊണ്ടയെന്നതിനാൽ,
ഇത്ര നാളമർത്തിവച്ച വേദനകളാൽ
നീറുകയല്ല ഞാനെന്നു
നിങ്ങൾ കരുതി?

ചിരി കൊണ്ടു വലിഞ്ഞതാ-
ണെന്റെ വായെന്നതിനാൽ
എന്റെ ഉൾക്കരച്ചിൽ
കേൾക്കുന്നില്ല നിങ്ങൾ?
നൃത്തം വച്ചു മോദിക്കുകയാ-
ണെന്റെ ചുവടുകളെന്നതിനാൽ
മരിക്കുകയാണു ഞാനെ-
ന്നറിയുന്നില്ല നിങ്ങൾ?



കീർത്തനം

വാരിയെടുക്കൂ
നിങ്ങളുടെ കരുണയുടെ കരങ്ങളിൽ
ദീനക്കാരെ, ദുഷിച്ചവരെ,
ആശ കെട്ടവരെ, തളർന്നുപോയവരെ,
ഈ തേഞ്ഞ നഗരത്തിലെ
അടിമട്ടൊക്കെയും.
വാരിയെടുക്കൂ
നിങ്ങളുടെ സ്നേഹത്തിന്റെ കരങ്ങളിൽ-
മുകളിൽ നിന്നു സ്നേഹം
പ്രതീക്ഷിക്കാനില്ലാത്തവരെ.


ശാന്ത


താരകളില്ലാത്ത രാത്രിയാണു നീയെന്നു
ഞാൻ പറഞ്ഞേനേ,
നിന്റെ കണ്ണുകളിതല്ലായിരുന്നുവെങ്കിൽ.
സ്വപ്നങ്ങളില്ലാത്ത നിദ്രയാണു നീയെന്നു
ഞാൻ പറഞ്ഞേനേ,
നിന്റെ ഗാനങ്ങളിതല്ലായിരുന്നുവെങ്കിൽ.



ഹാർലെം - മാറ്റിവച്ച സ്വപ്നം

മാറ്റിവച്ച സ്വപ്നത്തിനെന്തു സംഭവിക്കാൻ?

വെയിലത്തുണക്കമുന്തിരി പോല-
തുണങ്ങിച്ചുരുങ്ങുമോ?

വ്രണം പോലതു പഴുക്കുമോ-
പിന്നെ പൊട്ടിയൊലിക്കുമോ?

ചീഞ്ഞ മാംസം പോലതു നാറുമോ?
പഞ്ചാരപ്പാനി മുക്കിയ പലഹാരം പോ-
ലതു പൊറ്റ പിടിയ്ക്കുമോ?

കനത്ത ഭാരം പോലതു
താഴ്ന്നുതൂങ്ങിയെന്നുമാവാം.

ഇനിയതു പൊട്ടിത്തെറിച്ചുവെന്നും വരുമോ?