Showing posts with label ജിമെനെസ്. Show all posts
Showing posts with label ജിമെനെസ്. Show all posts

Monday, October 20, 2014

ഹുവാൻ റമൊൺ ജിമേനെഥ് - പോപ്ളാർ മരം

images

 


അങ്ങു മുകളിൽ കിളി പാടുന്നു,
ഇങ്ങു താഴെ പുഴയും.
അങ്ങു മുകളിലും ഇങ്ങു താഴെയും
തുറക്കുന്നതെന്റെ ആത്മാവു തന്നെ.
കിളി നക്ഷത്രത്തെ താരാട്ടുന്നു,
പുഴ ഇലയെ താരാട്ടുന്നു.
അങ്ങു മുകളിലും ഇങ്ങു താഴെയും
വിറ കൊള്ളുന്നതെന്റെ ആത്മാവു തന്നെ.


Monday, October 13, 2014

ഹുവാൻ റമോൺ ഹിമെനെഥ് - സുന്ദരിയാണു നീ


സുന്ദരിയാണു നീ,jimenez
വെയിലും പുഴയും മയങ്ങുമ്പോൾ
മഴവില്ലിനടിയിൽ ഇളംപുല്പരപ്പു പോലെ;
പുലരിവെയിൽക്കതിരുകൾക്കെതിരിൽ
വസന്തത്തിന്റെ കുറുനിരകൾ പോലെ;
വേനലിലെ പോക്കുവെയിലിൽ
വേലിയ്ക്കതിരിൽ ഗോതമ്പുകറ്റകൾ പോലെ;
എന്റെ പുഞ്ചിരിയുടെ കുങ്കുമം പുരണ്ട
നിന്റെ കണ്ണുകളുടെ പച്ച പോലെ;
നിന്റെ പ്രണയം ജീവസ്സു നല്കിയ
എന്റെ ഹൃദയത്തിന്റെ കയങ്ങൾ പോലെ.


 

Sunday, October 12, 2014

ഹുവാൻ റമോൺ ജിമെനെഥ് - അന്തിമയാത്ര


 


…പിന്നെ ഞാൻ പോകും.
കിളികൾ അപ്പോഴും പാടുന്നുണ്ടാവും.
എന്റെ പൂന്തോട്ടം അപ്പോഴുമുണ്ടാവും,
അത്രമേൽ പച്ചയായ മരങ്ങളുമായി,
വെള്ളയടിച്ച കിണറുമായി.

ഓരോ സായാഹ്നത്തിലും
ആകാശം നീലവും പ്രസന്നവുമായിരിക്കും,
ഇന്നത്തെപ്പോലന്നും
പള്ളിമേടകളിൽ മണികൾ മുഴങ്ങുന്നുമുണ്ടാവും.

എന്നെ സ്നേഹിക്കുന്നവരും ഒരുനാൾ മരിക്കും,
ഓരോ കൊല്ലവും ഗ്രാമം പുതുമയോടിരിക്കും;
എനിക്കു സ്വന്തമായിരുന്ന പൂന്തോട്ടത്തിൽ
നഷ്ടബോധത്തോടെന്റെയാത്മാവലഞ്ഞുനടക്കും,
പൂത്ത മരങ്ങൾക്കടിയിൽ,
വെള്ള തേച്ച ചുമരുകൾക്കുള്ളിൽ...

ഞാൻ വിട്ടുപോകും, ഞാനൊറ്റയാവും,
വീടില്ലാതെ, ഒരു പച്ചമരമില്ലാതെ,
വെള്ളയടിച്ച കിണറില്ലാതെ,
നീലവും പ്രസന്നവുമായൊരാകാശമില്ലാതെ...
കിളികൾ അപ്പോഴും പാടുന്നുണ്ടാവും.


El Viaje Definitivo
by Juan Ramon Jimenez, published 1911

...Y yo me ire. Y se quedaran los pajaros cantando,
y se quedara mi huerto, con su verde arbol,
y con su pozo blanco.

Todas las tardes, el cielo sera azul y placido,
y tocaran, como esta tarde estan tocando
las campanas del campanario.

Se moriran aquellos que me amaron,
y el pueblo se hara nuevo cada año,
y en el rincon aquel de mi huerto florido y encalado,
mi espíritu errara nostaljico...

Y yo me ire, y estare solo, sin hogar,
sin arbol verde, sin pozo blanco,
sin cielo azul y placido...
y se quedaran los pajaros cantando.


The Definitive Journey
Translation by Lila Robertson, 2002

..and I will be gone. And the birds will still be singing,
and here will stay my field, with it’s tree so green
and it’s white well.

Every evening, the sky will blue and peaceful,
and the bells will play, like they play this evening,
together in the church tower.

Those, the ones who loved me, will die,
and the village will become new with each year,
and in that corner of my flowered and whitewashed field
my spirit will wander longingly...

And I will be gone, and I’ll be alone, with no home,
without any tree so green, without any a white well…
without a blue and peaceful sky…
And the birds will still be singing.

Saturday, May 4, 2013

ഹുവാൻ റമോൺ ജിമെനെഥ് - നിന്റെ ദലങ്ങൾ

486px-Ignacio_Pinazo_Camarlench_Una_rosalink to image

 


ഒരു പനിനീർപ്പൂവു പോലെ
നിന്റെ ദലങ്ങൾ ഞാൻ നുള്ളിയെടുത്തു,
നിന്റെ ആത്മാവിനെക്കാണാൻ,
ഞാനതിനെ കണ്ടതുമില്ല.

എന്നാൽ സർവദിക്കും സർവതും
-കടലിന്റെയും കരയുടെയും ചക്രവാളങ്ങൾ-
സർവതും, അനന്തത പോലും നിറഞ്ഞു,
വിപുലവും സജീവവുമായൊരു പരിമളത്താൽ.



Tuesday, May 3, 2011

ഹുവാൻ റമോൺ ജിമെനെഥ് -എന്തു നടക്കുന്നുവെന്നാരു കണ്ടു?



ഓരോ നിമിഷത്തിനുമപ്പുറത്തെന്തു നടക്കുന്നുവെന്നാരു കണ്ടു?

എത്രവട്ടം സൂര്യോദയം നടന്നു,
ഒരു മലയ്ക്കപ്പുറം!

വിദൂരതയിലുരുണ്ടുകൂടിയൊരു ദീപ്തമേഘം
ഇടിമിന്നലെരിയുമൊരു പിണ്ഡമായതുമെത്രവട്ടം!

ഈ പനിനീർപ്പൂ വിഷമായിരുന്നു.
ആ ഖഡ്ഗം ജീവനും നല്കി.

പാതയെത്തുന്നതിനൊടുവിൽ പൂ വിടർന്ന പുല്മേടുണ്ടെന്നോർത്തു നടക്കെ
ഞാൻ ചെന്നു ചാടിയതൊരു ചേറ്റുകുളത്തിൽ!

മനുഷ്യന്റെ മഹത്വത്തെക്കുറിച്ചോർത്തിരിക്കെ
ഞാനെന്നെക്കണ്ടെത്തിയതു ദൈവത്തിൽ.




Monday, April 26, 2010

ജുവാൻ റമൊൻ ജിമെനെസ്‌ - ഞാനല്ല ഞാൻ

File:Juan Ramón Jiménez.jpg
എന്റെ കണ്ണിൽപ്പെടാതെ എന്നോടൊത്തു നടക്കുന്ന
ഈയാളാണു ഞാൻ;
ചിലനേരം ഞാനയാളെ ചെന്നുകാണും ,
ചിലനേരം ഞാനയാളെ മറന്നും പോകും;
ഞാൻ വായ തുറക്കുമ്പോൾ മിണ്ടാതിരിക്കുന്നൊരാൾ,
ഞാൻ വെറുക്കുമ്പോൾ പൊറുക്കുന്നൊരാൾ,
ഞാൻ വീട്ടിലിരിക്കുമ്പോൾ നടക്കാനിറങ്ങുന്നൊരാൾ,
ഞാൻ മരിക്കുന്ന കാലം നേരേനിൽക്കുമയാൾ.

ജിമെനെസ്‌ (1881-1958) - 1956ൽ നൊബേൽ സമ്മാനം നേടിയ സ്പാനിഷ്‌ കവി.
link to jimenez