Showing posts with label യിദ്ദിഷ്. Show all posts
Showing posts with label യിദ്ദിഷ്. Show all posts

Wednesday, July 29, 2015

ഇസാക് ബഷേവിച് സിംഗര്‍ - സാത്താനു വച്ച കെണി




റബ്ബി നഫ്ത്തലി സെന്‍സൈമിനര്‍ നാല്പതു കൊല്ലം ദുര്‍ദ്ദേവതകള്‍ക്കെതിരെ യുദ്ധത്തിലായിരുന്നു. ഇക്കാലം കൊണ്ടദ്ദേഹം ചാത്തന്മാര്‍, പിശാചുക്കള്‍, ഡൈബ്ബക്കുകള്‍, ഹാര്‍പികള്‍ തുടങ്ങിയവരുമായി മല്ലടിക്കുകയും, മന്ത്രങ്ങള്‍, രക്ഷകള്‍, ഓര്‍മ്മശക്തി, ചൂരല്‍ വടി, കാല്‍ നിലത്തിട്ടു ചവിട്ടല്‍, ശാപങ്ങള്‍ എന്നിവയുടെ തുണയോടെ അവറ്റെയൊക്കെ കീഴ്‌പെടുത്തുകയും ചെയ്തു. എന്നാല്‍ ഉത്കടമായ ഒരാഗ്രഹം അദ്ദേഹത്തെ വിട്ടുമാറിയില്ല. ഈ ദുഷ്ടശക്തികളില്‍ ഒന്നിനെ ജീവനോടെ പിടികൂടുക, അതിനെ ബന്ധനസ്ഥനാക്കി ഒരു വന്യജന്തുവിനെപ്പോലെ കൂട്ടിലിട്ടടയ്ക്കുക. ഈ ആവശ്യത്തിനു പറ്റിയ ഒരു കൂട് റബ്ബി തട്ടിന്‍പുറത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹസീദുകളില്‍ ഒരാളായ ഒരു ഇരുമ്പുകടക്കാരന്‍ രഹസ്യമായി പണിയിച്ചു കൊടുത്തതാണ്. ബലത്ത കമ്പികള്‍ കൊണ്ടു പണിതത്. ചുറ്റിനും കനത്ത കമ്പിവലയിട്ടിരുന്ന കൂടിന് രണ്ടു താഴുള്ള ഒരു വാതിലും ഉണ്ടായിരുന്നു. കമ്പിവലയില്‍ റബ്ബി മന്ത്രങ്ങളെഴുതിയ ആട്ടിന്‍തോലും, ഒരു മുട്ടാടിന്‍കൊമ്പും, കോമ്പിയെനൈസ് ഉപദേശിയുടേതായിരുന്ന ഒരു പ്രാര്‍ത്ഥനാവസ്ത്രവും തൂക്കിയിട്ടിരുന്നു. അതിന്റെ തറയില്‍ വിഖ്യാതനായ യോസഫ് ഡെല്ലാ റെയ്‌നാ പുണ്യവാന്‍ സാത്താനെ കൊളുത്തിയിടാന്‍ ഉപയോഗിച്ച ചങ്ങലയും കിടപ്പുണ്ടായിരുന്നു. റബ്ബി യോസഫിന് സാത്താനെ തടവുകാരനാക്കി വയ്ക്കാന്‍ പറ്റിയിരുന്നില്ല; കാരണം അവനില്‍ ദയതോന്നി അദ്ദേഹം അവന് ഒരു നുള്ളു മൂക്കുപൊടി വലിക്കാന്‍ കൊടുത്തു. പൊടി വലിച്ചതും സാത്താന്റെ നാസാരന്ധ്രങ്ങളില്‍നിന്ന് രണ്ടു ജ്വാലകള്‍ വമിച്ച് ചങ്ങലകള്‍ പൊട്ടിവീണു. റബ്ബി നഫ്ത്തലി, പക്ഷേ, പിശാചിനോടു കരുണ കാണിക്കുകയില്ലെന്ന് നിശ്ചയിച്ചുറപ്പിച്ചു വച്ചിരിക്കുകയാണ്. താന്‍ അവനെ ആഹാരവും വെള്ളവും കൊടുക്കാതെ, ദൈവത്തിന്റെയും മാലാഖമാരുടെയും പുണ്യനാമങ്ങളാല്‍ വലയം ചെയ്ത് ഇരുട്ടത്തിടും. റബ്ബി നഫ്ത്തലിയുടെ വിജയത്തിനു സാക്ഷികളാവാന്‍ ലോകമെമ്പാടും നിന്ന് മറ്റു റബ്ബികളും ധര്‍മ്മചിന്തയുള്ള ക്രിസ്ത്യാനികള്‍ പോലും സെന്‍സൈമിനിലെത്തും.

പക്ഷേ റബ്ബി നഫ്ത്തലി സാത്താനെയും കൂട്ടരേയും വീഴ്ത്താന്‍ കെണികള്‍ എത്ര വച്ചിട്ടും എന്തു ഫലം, അവര്‍ അദ്ദേഹത്തെ കബളിപ്പിച്ചു രക്ഷപ്പെട്ടു പോന്നു. ഒരിക്കല്‍ അദ്ദേഹം ഒരു ഭൂതത്തെ താടിക്കും ഒരു ലിലിത്തിനെ മുടിയ്ക്കും പിടിച്ചു വച്ചതാണ്; എന്നാല്‍  തടവിലാക്കാന്‍ കഴിയുന്നതിനുമുമ്പ് അവര്‍ കുതറിയോടിക്കളഞ്ഞു. ഈ പിശാചുക്കള്‍ രാത്രിയില്‍ മടങ്ങിയെത്തി റബ്ബിയെ കളിയാക്കും; അവര്‍ അദ്ദേഹത്തിന്റെ ചെവിയില്‍ ചൂളമടിക്കുകയും, ദേഹത്തു തുപ്പുകയും ചെയ്യും. മുട്ടനാടിന്റെ മുഖമുള്ള ഒരു ചാത്തന്‍ ഒരിക്കല്‍ റബ്ബിയുടെ വിശുദ്ധ ഗ്രന്ഥത്തിനുമേല്‍ ചാണകമിട്ടിട്ടു പൊയ്ക്കളഞ്ഞു. മരപ്പശയുടെ നാറ്റം മാറിയില്ല.

പ്രായം എഴുപതു കഴിഞ്ഞപ്പോള്‍ റബ്ബിയ്ക്കു നിരാശയായി. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയിരുന്നു. തട്ടിമ്പുറത്തിരുന്ന കൂട്ടില്‍ മാറാല നിറഞ്ഞു; ചങ്ങല തുരുമ്പെടുത്തു.
എന്നാല്‍ ഒരു വേനല്‍ക്കാലത്ത്, അബിബ് മാസം തീരാന്‍ പോകുന്ന ഒരു രാത്രി, ദിവ്യാത്ഭുതമെന്ന് റബ്ബിക്കു തോന്നിയ ഒരു സംഭവം നടന്നു. അതിപ്രകാരമാണ്. റബ്ബിയെ കര്‍മ്മങ്ങളില്‍ സഹായിച്ചിരുന്ന റെബ്ബ് ഗ്രോതം ഗെറ്റ്‌സ്, റബ്ബി നഫ്ത്തലിയുടെ പിതാവിനെ സേവിച്ചിരുന്ന ഒരു കാരണവര്‍, എമ്പത്തേഴു കൊല്ലത്തിനുള്ളില്‍ ഇതാദ്യമായി അസുഖം ബാധിച്ച് ആശുപത്രിയിലായി. റബ്ബിയുടെ ഭാര്യ മരിച്ച ദിവസം തൊട്ട് ഗ്രോതം ഗെറ്റ്‌സ് അദ്ദേഹത്തിനു കൂട്ടു കിടക്കുമായിരുന്നു, പിശാചുക്കളുടെ പകയില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍. ഇപ്പോള്‍ റബ്ബി ഒറ്റയ്ക്കാണ് കിടപ്പ്; ചെറുപ്പക്കാരായ സേവകരില്‍ അദ്ദേഹത്തിനു തീരെ വിശ്വാസമുണ്ടായിരുന്നില്ല. അന്നു രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് റബ്ബി പതിവുപോലെ വിശുദ്ധ ഇസാക് ലൂറിയായുടെ പ്രാര്‍ത്ഥനകള്‍ മാത്രമല്ല, രാത്രിഞ്ചരന്മാരായ അതിക്രമികളെ ആട്ടിയോടിക്കാന്‍ പ്രത്യേകമായിട്ടുള്ള സങ്കീര്‍ത്തനങ്ങള്‍ കൂടി ചൊല്ലിയിട്ടാണ് കിടന്നത്. അദ്ദേഹം തലയിണയുടെ കീഴില്‍ ഉല്പത്തിപുസ്തകവും, നവജാതശിശുക്കളുടെ മുഖ്യശത്രുവായ ഷിബ്തയുടെ ബാധയകറ്റാന്‍ ഗര്‍ഭിണികള്‍ തലയണക്കീഴില്‍ വയ്ക്കുന്ന തരം നീണ്ട അലകുള്ള കത്തിയും എടുത്തുവെച്ചു. പോരാത്തതിന് ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുകയും ചെയ്തു.

റബ്ബി ഉറങ്ങാന്‍ കിടന്നത് അരക്കച്ച കൊണ്ടു കെട്ടിയ വെളുത്ത മേലങ്കി ധരിച്ചു കൊണ്ടാണ്. അതിനു പുറമെ വെളുത്ത സ്റ്റോക്കിംഗ്‌സ്, രണ്ട് ഉച്ചിത്തൊപ്പികള്‍ - ഒന്ന് നെറ്റിയിലും ഒന്ന് ഉച്ചിയിലും -എട്ടു ഞൊറിയുള്ള അനുഷ്ഠാനവസ്ത്രം എന്നിവയും. തലയിണയില്‍ തലവച്ച് പ്രാര്‍ത്ഥന ചൊല്ലുന്ന താമസം, അദ്ദേഹം ഗാഢനിദ്രയിലാണ്ടു.

പാതിരാത്രിയായപ്പോള്‍ ഒരു നടുക്കത്തോടെ അദ്ദേഹം ഉണര്‍ന്നു. മെഴുകുതിരി അണഞ്ഞുപോയിരുന്നു. സമീപത്തായി ഒരു കാല്‌പെരുമാറ്റം കേട്ടു. 'ഷഡ്ഡായി! സാത്താനേ, തുലഞ്ഞുപോ!' എന്നു വിളിച്ചു പറയാന്‍ ഓങ്ങിയപ്പോഴാണ് അദ്ദേഹത്തിന് ഒരു വെളിപാട് തോന്നിയത്. ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടതാവുമോ? - ദുഷ്ടനായ അതിക്രമിയെ പിടികൂടാന്‍ തനിക്കുള്ള അവസരമെത്തിയതാകാം. തന്നെത്തന്നെ അദ്ഭുതപ്പെടുത്തിയ ഒരു ശക്തി റബ്ബി നഫ്ത്തലിയുടെ ഉള്ളില്‍ പതഞ്ഞു കേറി. കിടക്കയില്‍ നിന്ന് അദ്ദേഹം ചാടിയിറങ്ങി; ആ ഊക്കില്‍ വൈക്കോല്‍ പടുക്കയ്ക്കടിയിലെ അഴികള്‍ പൊട്ടി. അടഞ്ഞ ജനാലയ്ക്കു മുന്നില്‍ ഒരു ഇരുണ്ട സാന്നിദ്ധ്യത്തിന്റെ രൂപരേഖ തെളിഞ്ഞു. ഒരു സിംഹത്തിന്റെ രൗദ്രതയോടെ അദ്ദേഹം അതിനു നേര്‍ക്കു കുതിച്ചു. മിന്നല്‍ വേഗത്തില്‍ അതിനെ കടന്നു പിടിച്ച് അദ്ദേഹം അതിനെ വാരിയെല്ലുകള്‍ ഒടിയുമാറ് തന്നോട് ചേര്‍ത്തമര്‍ത്തി. അപ്പോഴേ ഭൂതം ചെറുത്തു നില്ക്കാന്‍ നോക്കിയുള്ളു. അതു മനസ്സിലാകാത്തതെന്തോ വിളിച്ചു കൂവി. റബ്ബി അതിനെ തറയിലേയ്ക്കു തള്ളിയിട്ടിട്ട്, കാല്‍മുട്ടുകള്‍ കൊണ്ട് കുടുക്കിവച്ച് ഒരു കൈകൊണ്ട് അതിന്റെ വാ പൊത്തിപ്പിടിയ്ക്കുകയും മറ്റേ കൈകൊണ്ട് തൊണ്ട പിടിച്ചു ഞെക്കുകയും ചെയ്തു. ഒരു പിടച്ചിലും വെളിയില്‍ വരാത്ത വാക്കുകളും, ഒരു കുറുകലും അദ്ദേഹം കേട്ടു. പിന്നെ അനക്കമറ്റ് അതു നിശ്ശബ്ദമായി. റബ്ബി ഭൂതത്തെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു. അതിന്റെ പാദങ്ങള്‍ തന്റെ അരക്കച്ച കൊണ്ടു ബന്ധിക്കവേ, റബ്ബി നഫ്ത്തലി വിറച്ചും വിക്കിയും കൊണ്ട് മന്ത്രങ്ങള്‍ ചൊല്ലി: 'കുസു ബെമുക്കസ് കുസു...സാത്താന്റെ കണ്ണിലമ്പ്... യഹോവ അമലേക്കിനോട് പോര്... നിയ്യതിനെ കഠിനമായി വെറുക്കും... നിയ്യതിനെ കഠിനമായി പകയ്ക്കും...'

ആ അധോലോകസത്വം അനക്കമറ്റു കിടക്കുകയായിരുന്നുവെങ്കിലും, ആ കീഴടക്കം വ്യാജമാണെന്ന് റബ്ബി നഫ്ത്തലിക്കറിയാമായിരുന്നു. ചങ്ങല കൊളുത്തിക്കെട്ടി കൂട്ടിലടച്ചില്ലെങ്കിലാകട്ടെ, അതു ശക്തി വീണ്ടെടുത്ത്, പൊക്കിളോളം നാവുനീട്ടി, ഭ്രാന്തമായി ചിരിച്ചും കൊണ്ട്, കടവാതിലിനെപ്പോലെ പറന്നുപോകും.

റബ്ബി എഴുന്നേറ്റുനില്ക്കാന്‍ നോക്കി; എന്നാല്‍ കാലുകള്‍ മുറിച്ചു മാറ്റിയ പോലെയാണ് അദ്ദേഹത്തിനു തോന്നിയത്. കണ്ണുകളില്‍ തീപ്പൊരി പാറി. കാതുമൂളി. ''വിട്ടുകൊടുക്കരുത്!'' അദ്ദേഹം സ്വയം ശാസിച്ചു. ''അസ്‌മോദവും കൂട്ടരും ഞാന്‍ ഒരല്പം തളര്‍ച്ച കാട്ടുന്ന തക്കം നോക്കിയിരിക്കുകയാണ്.''

റബ്ബിക്ക് ആ നാശത്തിന്റെ ദൂതനെ തട്ടുമ്പുറത്തേക്ക് പാത്തും പതുങ്ങിയും വലിച്ചുകേറ്റി. ക്കൊണ്ടുപോകേണ്ടിയിരുന്നു; എന്താണ് നടക്കുന്നതെന്ന് വീട്ടിലാരും അറിയരുതല്ലോ. ഗ്രോനം ഗെറ്റ്‌സ് കൂടെയുണ്ടായിരുന്നെങ്കില്‍ അയാള്‍ സഹായിച്ചേനെ. ഗ്രോനം ഗെറ്റ്‌സ് കബാളാ വായിച്ചിട്ടുള്ളയാളായിരുന്നു; പിന്നെ എല്ലാ മന്ത്രങ്ങളും രക്ഷകളും അറിയുകയും ചെയ്യാം. എന്നാല്‍ ചെറുപ്പക്കാരായ സേവകര്‍ തങ്ങളുടെ വീടുകളിലാണ് കിടപ്പ്; ഇനിയഥവാ അവര്‍ വീട്ടുമുറ്റത്തുതന്നെ ഉണ്ടായിരുന്നാല്‍ കൂടി ഇത്ര ഗൗരവമുള്ള ഒരു ദൗത്യത്തില്‍ അവരുടെ സഹായം തേടാന്‍ റബ്ബിക്കു മടി തോന്നുമായിരുന്നു. 

അല്പനേരം കഴിഞ്ഞപ്പോള്‍ റബ്ബിക്കു ഒട്ടൊക്കെ ക്ഷീണം മാറി. എഴുന്നേറ്റു നില്ക്കാമെന്നായി. അദ്ദേഹം കുനിഞ്ഞ് ആ ഇരുട്ടിന്റെ ആത്മാവിനെ പൊക്കിയെടുത്ത് തോളത്തിട്ടുംകൊണ്ട് തട്ടുമ്പുറത്തേക്കുള്ള കോണിയുടെ ചുവട്ടിലേക്കു നടന്നു. തന്റെ ബലത്തിനാവതല്ലാത്ത പണിയാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിനു നന്നായറിയാമായിരുന്നു; എന്നാല്‍ ശരീരത്തിനു വഴങ്ങിക്കൊടുക്കാന്‍ പറ്റാത്ത ചില സന്ദര്‍ഭങ്ങളുണ്ടല്ലോ. കുഴഞ്ഞു വീണുപോകരുതേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് (വീണുപോയാല്‍ അവന്റെ കൂട്ടാളികള്‍ മണത്തറിഞ്ഞെത്തി തന്നെ വന്നു പൊതിയും) അദ്ദേഹം ഇടനാഴിയിലൂടെ നിരങ്ങിനീങ്ങി. പലതവണ അദ്ദേഹം വാതിലുകളിലും ഭിത്തിയിലും ചെന്നിടിച്ചു. മേലങ്കി ഒരു കൊളുത്തിലുടക്കി. തട്ടുമ്പുറത്തേക്കുള്ള ഇടുങ്ങിയ കോണിയുടെയടുത്തെത്തുമ്പോഴേക്കും അദ്ദേഹം വിയര്‍ത്തു കുളിച്ചിരുന്നു;’സ്വന്തം മൂക്ക് മുക്കറയിടുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം വിശ്രമിക്കാന്‍ നിന്നില്ല. ഏതു നിമിഷവും ശത്രുവിനു ബോധം വീഴും;  എങ്കിലവന്‍ തന്നെയും വലിച്ചിഴച്ചുകൊണ്ട് ഇരുട്ടിന്റെ ലോകത്തിലേക്ക്, നരകത്തിന്റെ കവാടത്തിലേക്ക്, സോദോമിന്റെ നാശാവശിഷ്ടങ്ങളിലേക്ക്, നമയും മഹ്‌ലാത്തും ലിലിത്തും വാഴുന്ന സെയിര്‍ കൊടുമുടിയിലേക്കു പോയി മറയും. റബ്ബിക്കപ്പോള്‍ ഒരു മന്ത്രവും സങ്കീര്‍ത്തനവും ഓര്‍മ്മ വന്നില്ല. തലച്ചോറ് മന്ദിച്ചു കിടക്കുകയായിരുന്നു. നാവ് മരവിച്ചു കിടക്കുകയായിരുന്നു.

അദ്ദേഹം തട്ടുമ്പുറത്തു കേറിയെത്തിയപ്പോഴേക്കും നേരം പുലരുകയായിരുന്നു. ഓടുമേഞ്ഞ മേല്‍ക്കൂരയുടെ കിഴക്കുഭാഗത്തുകൂടി ഉദയസൂര്യന്റെ പ്രഭ അരിച്ചിറങ്ങി. തൂണുകള്‍ പോലെ തിളങ്ങുന്ന പൊടിക്കിടയിലൂടെ കൂടു കാണാമായിരുന്നു. റബ്ബി അതിനടുത്തേക്കു കാലെടുത്തുവെച്ചതും പഴയപുസ്തകങ്ങള്‍ വച്ചിരുന്ന ഒരു മരപ്പെട്ടിയില്‍ ചെന്നിടിച്ച് അദ്ദേഹം പിന്നാക്കം മലച്ചു. ബോധം മായുന്നതിനു മുമ്പ് താന്‍ ചുമന്നുകൊണ്ടു വന്ന ഭാരമെന്താണെന്ന് റബ്ബി കണ്ടു. ഇറക്കം കുറഞ്ഞ കുപ്പായമിട്ട ഒരു പയ്യന്‍; അവന്റെ വായിലും മൂക്കിലും ചോരയായിരുന്നു. ദൈവമേ, ഇതൊരു മനുഷ്യനാണല്ലോ. ഞാനവനെ കൊന്നു! - ചുറ്റും ഇരുട്ടടയ്ക്കവേ റബ്ബി ഓര്‍ത്തു.

2
റബ്ബി നഫ്ത്തലി വീണ്ടും കണ്ണു തുറക്കുമ്പോള്‍ മേല്‍ക്കൂരയിലെ വിടവുകളിലൂടെ സൂര്യന്‍ അപ്പോഴും പ്രകാശിക്കുന്നുണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ വെളിച്ചം വരുന്നത് കിഴക്കു നിന്നല്ല പടിഞ്ഞാറു നിന്നാണ്. ഇതെങ്ങനെയാണെന്നു മനസ്സിലാക്കാന്‍ അദ്ദേഹം വളരെ നേരമെടുത്തു. അദ്ദേഹത്തിന്‍റെ എല്ലുകള്‍ വേദനിച്ചു; സൂചികൊണ്ടു കുത്തുന്നതുപോലെ തല നൊന്തു.  അദ്ദേഹത്തിനടുത്തായി കണ്ണുതുറിച്ച്, ചോരപുരണ്ട  വായതുറന്ന്, കളിമണ്ണുപോലെ മഞ്ഞച്ച മുഖവുമായി ഒരു ജഡം കിടപ്പുണ്ടായിരുന്നു. നടന്നതെന്താണെന്ന് ഇപ്പോഴേ റബ്ബിക്കു മനസ്സിലായുള്ളു. ഒരു പയ്യന്‍ തന്നെ കവര്‍ച്ച ചെയ്യാന്‍ വന്നതായിരുന്നു. റബ്ബി നഫ്ത്തലി കര്‍മ്മങ്ങള്‍ക്കു പ്രതിഫലമായി നോട്ടുകള്‍ വാങ്ങാറുണ്ടായിരുന്നില്ല. വെള്ളി നാണയങ്ങളോ സ്വര്‍ണ്ണ ഡ്യൂക്കാറ്റുകളോ മാത്രം. അവ അദ്ദേഹം മണ്‍കലങ്ങളിലും തോല്‍ പൊതിഞ്ഞ് ഇരുമ്പു പട്ടയടിച്ച ഓക്കു പെട്ടികളിലുമാണ് സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങളായി അദ്ദേഹം പ്ലാനിട്ടു വരികയായിരുന്നു, പുണ്യഭൂമിയായ യരുശലേമിലേക്കു പോകണമെന്ന്; അവിടെ ഒരു പഠനകേന്ദ്രം തുടങ്ങണം, വ്രതസ്‌നാനത്തിനുള്ള സൗകര്യം ചെയ്യണം. ഒരു യഷിവ പണിയണം. നാല്പതു കൊല്ലം മുമ്പ് മരിച്ച മുത്തശ്ശന്‍, മെനാഹെം കിന്റ് സ്‌കെറുടെ ശവമാടത്തിനുമേല്‍ ഒരു മേല്‍ക്കെട്ടി പണിയണം.'' സര്‍വ്വശക്തനായ  ദൈവമേ, എനിക്കിതു വന്നതെന്തുകൊണ്ടാണ്?” റബ്ബി പിറുപിറുത്തു. ''എനിക്കു താങ്ങാവുന്നതിലധികമാണല്ലോ എനിക്കു കിട്ടിയ ശിക്ഷ''

അദ്ദേഹം കൈനീട്ടി പയ്യന്റെ നെറ്റി തൊട്ടു നോക്കി. ഓടുകള്‍ക്കിടയിലൂടെ ദൃശ്യമായിരുന്ന അസ്തമയത്തിന്റെ തെളിച്ചം മങ്ങി തട്ടിന്നകം നിഴലടച്ചു. റബ്ബിയെ ഒരു വലിയ ഭീതി ബാധിച്ചു. അവനോടൊപ്പം താനും മരിച്ചിരുന്നുവെങ്കില്‍. പക്ഷെ താന്‍ കായേന്റെ ബലി അനുഭവിക്കണമെന്നത് ദൈവത്തിന്റെ ഇംഗിതമായിരുന്നു. കോണിപ്പടിയുടെ തലയ്ക്കലെത്തിയപ്പോള്‍ അദ്ദേഹം അവിടെയിരുന്നുപോയി. തന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചാലോചിക്കണം. തന്റെ ശിഷ്യന്മാര്‍ പകല്‍ മൊത്തം തന്നെ തിരഞ്ഞിട്ടുണ്ടാവണം. എന്നാല്‍ താനീ തട്ടുമ്പുറത്തുണ്ടാവുമെന്ന് അവര്‍ക്കൊരിക്കലും തോന്നാന്‍ വഴിയില്ലല്ലോ. വീട്ടില്‍ ഒരനക്കവും കേള്‍ക്കാനുണ്ടായിരുന്നില്ല. അവര്‍ നിരാശരായി തിരിച്ചുപോയതാവണം, അല്ലെങ്കില്‍ താന്‍ ഇസഹാക്കിനെപ്പോലെ ഉടലോടെ സ്വര്‍ഗ്ഗാരോഹണം ചെയ്തിട്ടുണ്ടാവുമെന്ന് അവര്‍ കരുതിയിരിക്കുമോ? റബ്ബി നഫ്ത്തലി വളരെ ദൗര്‍ഭാഗ്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഈ വാര്‍ദ്ധക്യകാലത്ത് അദ്ദേഹത്തിനു തുണയായി ഭാര്യയോ കുട്ടികളോയില്ല - എന്നാല്‍ ആ അത്യാഹിതങ്ങളൊക്കെ അനുഭവിക്കുമ്പോഴും പ്രാര്‍ത്ഥിക്കാനും, തനിക്കു നല്കപ്പെട്ട നിര്‍ദ്ദയമായ വിധിക്കു ന്യായം കണ്ടെത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന്, എമ്പത്തിമൂന്നു തികഞ്ഞതിനു ശേഷം ഇതാദ്യമായി, ഗ്രന്ഥച്ചെപ്പെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുള്ള സമയമായിരുന്നു അത്: എന്നാല്‍ ഒരു കൊലപാതകിയുടെ ചുണ്ടുകള്‍ കൊണ്ട് പുണ്യപദങ്ങള്‍ ചൊല്ലാന്‍ അദ്ദേഹത്തിനു മനസ്സു വന്നില്ല. എല്ലാ ദുരിതങ്ങളിലും വച്ച് ഹീനമായ ഒന്നാണല്ലോ തനിക്കു വന്നുപെട്ടത്. അതും താന്‍ ശവക്കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന ഈ നേരത്ത്!

സാധാരണ ഗതിയില്‍ റബ്ബി നഫ്ത്തലിയുടെ ഉള്ളില്‍ നന്മയുടേയും തിന്മയുടേയും മാലാഖമാര്‍ തമ്മില്‍ നിരന്തര സമരത്തിലായിരുന്നു, എന്നാല്‍ ഈ സമയം രണ്ടുപക്ഷവും നിശ്ശബ്ദമായിരുന്നു. രാത്രിയായി. ഇരുട്ടുമൂടിയ പാതാളത്തിലെന്നപോലെ റബ്ബി അവിടെയിരുന്നു. 

''നിന്റെയാത്മാവിനെ വിട്ടു ഞാനെങ്ങു പോവും? നിന്റെ സാന്നിദ്ധ്യം വിട്ടു ഞാനെങ്ങു പാഞ്ഞൊളിക്കും?'' അദ്ദേഹം ചൊല്ലി. സ്വന്തം ജീവനൊടുക്കിയാലോ? അദ്ദേഹം ആലോചിച്ചു. താന്‍ ഇപ്പോള്‍ തന്നെ പരലോകം നഷ്ടപ്പെടുത്തിയ സ്ഥിതിക്ക് അതുകൊണ്ടെന്തു മാറ്റം വരാനാണ്? അതോ എങ്ങോട്ടെങ്കിലും പോയിമറഞ്ഞാലോ? അതു ചെയ്യാം. പക്ഷേ കള്ളന്‍ ജൂതനാണെങ്കില്‍, ജൂതനുചേര്‍ന്ന രീതിയില്‍ അവനെ സംസ്‌കരിക്കേണ്ടതാണല്ലോ.ശുദ്ധി ചെയ്യാതെ, ശവക്കച്ചയില്ലാതെ, കാദീശ് ചൊല്ലാതെ ഒരു ശവം ഈ തട്ടുമ്പുറത്തു കിടന്നു ചീയാന്‍ പാടില്ല.

റബ്ബിയുടെ തല താഴ്ന്നു താഴ്ന്നു വന്നു. അദ്ദേഹത്തിനു നേരിടേണ്ടി വന്ന ഈ പരീക്ഷയോര്‍ക്കുമ്പോള്‍ ഇയ്യോബിനനുഭവിക്കേണ്ടി വന്നത് എത്ര നിസ്സാരമായിരുന്നു. റബ്ബി നഫ്ത്തലിക്ക് സര്‍വ്വശക്തനോട് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളു: തന്റെ ജീവനെടുക്കണം. ജ്ഞാനികള്‍ പറഞ്ഞിട്ടുള്ളതിന്റെ പൊരുള്‍ അദ്ദേഹത്തിനിപ്പോഴാണ് മനസ്സിലായത്: ''മരിക്കുക എത്ര നല്ല കാര്യമാണ്''

റബ്ബി അങ്ങനെയിരുന്ന് ഉറങ്ങിപ്പോയി; ശബ്ദവും ബഹളവും കാലൊച്ചയും കേട്ട് അദ്ദേഹമുണര്‍ന്നു. അനുചരന്മാര്‍ അദ്ദേഹത്തിന്നടുത്തേക്ക് പടികള്‍ ഓടിക്കയറി വരികയായിരുന്നു. ഒരു റാന്തലിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകളഞ്ചി. അവര്‍ അദ്ദേഹത്തെ കോരിയെടുത്ത് താഴേക്കു കൊണ്ടുപോയി. സ്ത്രീകള്‍ കരയുന്നതും പുരുഷന്മാര്‍ ഒച്ച വയ്ക്കുന്നതും അദ്ദേഹം കേട്ടു. ഞാന്‍ മരിച്ചുപോയോ? ഇതെന്റെ ശവമടക്കമാണോ? അവര്‍ അദ്ദേഹത്തെ മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി. മുഖത്തു തണുത്ത വെള്ളം വീണപ്പോള്‍ അദ്ദേഹത്തിനു ബോധം വന്നു. എല്ലാവരും ഒരേസമയം സംസാരിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. പെട്ടെന്ന് മറ്റൊരു നിലവിളിയുയര്‍ന്നു. എന്തു സംഭവിച്ചതാണെന്ന് റബ്ബിക്കു തല്‍ക്ഷണം മനസ്സിലായി. അവര്‍ തട്ടുമ്പുറത്തെ ശവം കണ്ടെടുത്തതായിരുന്നു. ആരോ ഒരു പേരു വിളിച്ചു പറഞ്ഞു: ഹെയ്മ്ന്‍ കേയ്ക്ക്.

അതെങ്ങനെ, റബ്ബി സ്വയം ചോദിച്ചു. ഹെയ്മ്ന്‍ കേയ്ക്ക്‌ന് ചെറുപ്പമല്ലല്ലോ. തൊട്ടു പിന്നാലെ മറ്റൊരു പേരു പറഞ്ഞു കേട്ടു: ബെന്റ്റ്‌സ് ലിപ്. തന്റെ ദുരിതത്തിനിടയിലും റബ്ബിക്ക് ആ പേരുകള്‍ തമ്മിലുള്ള ബന്ധം മനസ്സിലായി. ഹെയ്മ്ന്‍ കേയ്ക്ക് ഒരു കുതിര മോഷ്ടാവായിരുന്നു, പോലീസുകാര്‍ അടിച്ച് അവശനാക്കി ഇനി കുതിരയെ മോഷ്ടിക്കാനാവാത്ത പരുവത്തിലായ അവന്‍ കൊച്ചുമോഷ്ടാക്കളുടെ ഗുരുവായി മാറിയിരുന്നു. തന്റെ സംഘത്തില്‍പ്പെട്ട ബെന്റ്‌സ് ലിപിനെ അവന്‍ അദ്ദേഹത്തെ കവര്‍ച്ച ചെയ്യാന്‍ പറഞ്ഞയച്ചതായിരിക്കണം. സാത്താനെ പിടിക്കുന്നതിനു പകരം താന്‍, നഫ്ത്തലി സെന്‍സൈമിനര്‍ ചെയ്തത് ഒരു കവര്‍ച്ചക്കാരന്‍ പയ്യനെ കൊല്ലുകയാണ് - അവന്‍ ഒരു പക്ഷെ അനാഥനാണെന്നുകൂടി വന്നേക്കാം. ബഹളത്തിനിടയില്‍ റബ്ബി പിറുപിറുത്തു. ''സാത്താന്‍ എന്നെ പിടിച്ചു.''

അതായിരുന്നു റബ്ബിയുടെ അവസാന വാക്കുകള്‍. ജീവന്‍ തങ്ങിനിന്ന മൂന്നാഴ്ച തന്നെ കാണാന്‍ വന്നവരോട് അദ്ദേഹം ഒരക്ഷരവുമുരിയാടിയില്ല. അനുചരര്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനാവസ്ത്രമണിയിച്ച്, ഗ്രന്ഥച്ചെപ്പും കൈയ്യില്‍ കൊടുത്തു. അവര്‍ ഒരു പുസ്തകം കൈയില്‍ വച്ചു കൊടുത്തപ്പോള്‍ അദ്ദേഹം അതില്‍ നോക്കിയിരുന്നു. എന്നാല്‍ അദ്ദേഹം ആ താള് മറിക്കുന്നത് ആരും കണ്ടില്ല. റബ്ബി മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ഗ്രോതം ഗെറ്റ്‌സ് ആശുപത്രിയില്‍ നിന്നുവന്നു; മരണംവരെ അയാളാണ് അടുത്തുണ്ടായിരുന്നത്. താന്‍ എഴുതി വച്ചിരിക്കുന്നതൊക്കെ, ഒരൊറ്റ താളുകൂടി മാറ്റിവയ്ക്കാതെ കത്തിച്ചു കളയാന്‍ അദ്ദേഹം അയാളോടാവശ്യപ്പെട്ടു. ഗ്രോതം ഗെറ്റ്‌സ് പറഞ്ഞതുപോലെ ചെയ്തു. റബ്ബി തന്റെ വില്‍പത്രം അയാള്‍ക്കു പറഞ്ഞുകൊടുത്തെഴുതിച്ചു. അതിന്‍പ്രകാരം തന്റെ എല്ലാ സ്വത്തും അദ്ദേഹം സമുദായത്തിനെഴുതിവെച്ചു; ബാന്റ്‌സ് ലിപിന്റെ ശവക്കുഴിയില്‍ ഒരു സ്മാരകശില സ്ഥാപിക്കാനും, അവനുവേണ്ടി കാദീശ് ചൊല്ലാനും, മിഷ്‌നാ പഠിക്കുന്നവര്‍ക്ക് അവന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താനും ഒരു തുക മാറ്റി വെച്ചിരുന്നു. മതിലിനു വെളിയില്‍, നാസ്തികരേയും ആത്മഹത്യ ചെയ്തവരേയും അടക്കുന്ന സ്ഥലത്തു തന്നെ വേണം തന്നെ സംസ്‌കരിക്കാന്‍ എന്ന് റബ്ബി എടുത്തു പറഞ്ഞിരുന്നു. തന്റെ അന്ത്യാഭിലാഷത്തെ മാനിച്ചില്ലെങ്കില്‍ കഠിനശിക്ഷയുണ്ടാവുമെന്ന് അദ്ദേഹം താക്കീതു ചെയ്തു. റബ്ബി നഫ്ത്തലി സെന്‍സൈമിനര്‍ ഒരു മനുഷ്യജീവിയെ കൊന്നവനും അങ്ങനെ മാന്യരായ ജൂതന്മാരോടൊപ്പം കിടക്കാനുള്ള അവകാശം സ്വയം നഷ്ടപ്പെടുത്തിയവനുമാണ്. എന്നാല്‍ ഹസീദുകളും മറ്റുള്ളവരും അദ്ദേഹത്തിന്റെ ഈ ആവശ്യത്തെ മാനിക്കാതിരിക്കാനുള്ള ധൈര്യം കാണിച്ചു. ശവസംസ്‌കാരത്തിന് ധാരാളം റബ്ബികള്‍ എത്തിയിരുന്നു; റബ്ബി നഫ്ത്തലി അപരാധം ചെയ്തത് നിരുദ്ദിഷ്ടമായിട്ടാണ്; അതിനദ്ദേഹം മരണത്തിലെത്തിയ ആത്മപീഡനം കൊണ്ട് പരിഹാരം ചെയ്തിട്ടുള്ളതുമാണ്; അതിനാല്‍ ഒരു വിശുദ്ധനും രക്തസാക്ഷിക്കും ചേര്‍ന്ന എല്ലാ ബഹുമതികളോടും കൂടി അദ്ദേഹത്തെ സംസ്‌കരിക്കണമെന്നായിരുന്നു റബ്ബികളുടെ വിധി. റബ്ബികളില്‍ ഏറ്റവും പ്രായമുള്ള, പല പുണ്യഗ്രന്ഥങ്ങളുടെ കര്‍ത്താവും എമ്പതു കഴിഞ്ഞ ഒരു കാരണവരുമായ ഒരു റബ്ബി ഇങ്ങനെ പറഞ്ഞു: ''സ്വന്തം ആത്മാവിനേയും ഹൃദയത്തേയുംകാളേറെ ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ലോകത്തെ നശിപ്പിക്കുവാനവകാശമുണ്ട്. ലോകമെന്നൊന്നുള്ളിടത്തോളം കാലം സാത്താന്‍ എന്നൊരുവനും ഉണ്ടാകും.''

(യിദ്ദിഷ് കഥ)

റബ്ബി – ജുതമതപണ്ഡിതന്‍
ഡൈബ്ബക്കുകള്‍, ഹാര്‍പികള്‍ - ജുതരുടെ ദുര്‍ദേവതകള്‍
ഹസീദ്- ഹസീദിസം എന്ന ജുതമിസ്റ്റിക് പ്രസ്ഥാനത്തിന്‍റെ അനുയായി
അബിബ് – ജുതകലണ്ടറില്‍ ആദ്യത്തെ മാസം
ഷഡ്ഡായി – ഒരു ദൈവനാമം

യഷിവ – ജുതമതപഠനകേന്ദ്രം

Sunday, April 5, 2015

ഇസാക് ബഷേവിച് സിംഗര്‍ - ഗിമ്പല്‍ എന്ന മണ്ടന്‍


index


ഞാനാണ് ഗിമ്പല്‍ എന്ന മണ്ടന്‍. മണ്ടനാണെന്ന് എനിക്ക് വിചാരമില്ല. പക്ഷേ ആളുകള്‍ എന്നെ വിളിക്കുന്നത് അങ്ങനെയാണ്. പഠിക്കുന്ന കാലത്തു തന്നെ എനിക്ക് ആ പേരു വീണിരുന്നു. അല്പപ്രാണി, കഴുത, മരത്തലയന്‍, മന്ദന്‍, കരിമോന്ത, പച്ചപ്പാവം, മണ്ടന്‍ -എനിക്കാകെക്കൂടി ഏഴു പേരുകളുണ്ടായിരുന്നു. ഒടുവിലത്തെ പേരാണ് ഉറച്ചത്. എന്റെ മണ്ടത്തരത്തിന്റെ സ്വഭാവമെന്തായിരുന്നുവെന്ന് വച്ചാല്‍, എന്നെ പറ്റിക്കാന്‍ എളുപ്പമായിരുന്നു. ഒരുത്തന്‍ പറയും, ഗിമ്പലേ, റബ്ബിയുടെ ഭാര്യ പെറാന്‍ കിടക്കുന്നതറിഞ്ഞില്ലേ? ഞാനെന്തു ചെയ്യും, അന്നു സ്‌കൂളില്‍ പോവില്ല. സംഗതി ശരിതന്നെയായിരുന്നുവെന്ന് പിന്നെയാണറിയുക. ഞാനങ്ങനെ അറിയുമെന്നാണ് നിങ്ങള്‍ പറയുന്നത്? അവരുടെ വയറു വീര്‍ത്തിരുന്നില്ല എന്നതു ശരിതന്നെ. പക്ഷേ ഞാന്‍ ഇന്നുവരെ അവരുടെ വയറ്റില്‍ നോക്കിയിട്ടില്ല. അതത്ര വലിയ മണ്ടത്തരമാണോ? ആളുകള്‍ ആര്‍ത്തു ചിരിക്കുകയും, കൂവി വിളിക്കുകയും നൃത്തം ചവിട്ടുകയുമൊക്കെ ചെയ്തു ആരെങ്കിലും പ്രസവിക്കാന്‍ കിടക്കുമ്പോള്‍ സാധാരണ വിതരണം ചെയ്യാറുള്ള ഉണക്കമുന്തിരിക്കു പകരം അവര്‍ എന്റെ കൈ നിറയെ ആട്ടിന്‍ കാട്ടം പിടിപ്പിച്ചുതന്നു. ഞാനത്ര ബലം കെട്ടവനൊന്നുമല്ല. കൈവീശി ചെപ്പയ്‌ക്കൊന്നു കൊടുത്താല്‍ കൊണ്ടവന്‍ ക്രാക്കോവു വരെയുള്ള വഴി കാണും, പക്ഷേ അങ്ങനെ ചൂടാവുന്ന പ്രകൃതമല്ല എന്റേത്. ഞാന്‍ ഒന്നും കാര്യമാക്കില്ല. അതുകാരണം ആളുകള്‍ എന്നെ മുതലെടുത്തുപോന്നു.


ഒരു ദിവസം ഞാന്‍ സ്‌കൂള്‍ വിട്ടുവരുന്ന വഴി നായ കുരയ്ക്കുന്നതു കേട്ടു. എനിയ്ക്കു നായ്ക്കളെ പേടിയൊന്നുമില്ല. എന്നുവച്ച് അവയോടു മിടുക്കു കാണിക്കാനും ഞാന്‍ പോകാറില്ല. അവറ്റയില്‍ ഒന്നിനു പേയുണ്ടെന്നു പരാം; അവന്‍ കടിച്ചുപോയാല്‍ പിന്നെ ലോകത്താരു വിചാരിച്ചാലും നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ഞാന്‍ ഒരോട്ടം വച്ചുകൊടുത്തു. ഒന്നു തിരിഞ്ഞു നോക്കുമ്പോഴെന്താ, ചന്തയില്‍ കൂടിയവരാകെ ചിരിച്ചു കുന്തം മറിയുകയാണ്. അതു നായയൊന്നമായിരുന്നില്ല, ആ കള്ളന്‍ ലെയ്ബ് ആയിരുന്നു. പക്ഷേ അതു ഞാനെങ്ങനെ അറിയാന്‍? കേട്ടപ്പോള്‍ കൊടിച്ചിപ്പട്ടി മോങ്ങുന്നതുപോലെ തന്നെയിരുന്നു.


എന്നെ പറ്റിക്കാന്‍ എളുപ്പമാണെന്നറിയേണ്ട താമസം, ആ തെമ്മാടികള്‍ ഓരോരുത്തരായി എന്റെ മേല്‍ ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങി. ഗിമ്പലേ, സാര്‍ ചക്രവര്‍ത്തി ഫ്രാംപോലിലേക്കു വരുന്നതറിഞ്ഞില്ലേ? ഗിമ്പലേ, തര്‍ബീനില്‍ ചന്ദ്രന്‍ മാനത്തു നിന്നു വീണു. ഗിമ്പലേ, ഹോഡല്‍ കൊച്ചന് കുളിമുറിയുടെ പിന്നില്‍ നിന്നൊരു നിധി കിട്ടി. ഞാനോ ഒരു ഗൊലേമിനെപ്പോലെ കേട്ടതൊക്കെ വിഴുങ്ങുകയും ചെയ്തു. ഒന്നാമതായി, വേദപുസ്തകത്തില്‍ എവിടെയോ പറഞ്ഞിട്ടള്ള മാതിരി, എന്തും സംഭവിക്കാം;

രണ്ടാമത്, പട്ടണമൊന്നാകെ വന്ന് കാതിലോതുമ്പോള്‍ നിങ്ങള്‍ വിശ്വസിച്ചുപോകില്ലേ? ഓ, നിങ്ങള്‍ വെറുതേ കളിപ്പിക്കാന്‍ പറയുകയാണ് എന്നെങ്ങാനും ഞാനൊന്നു പറഞ്ഞുപോയെന്നിരിക്കട്ടെ, ആകെ കുഴപ്പമായി. ആളുകള്‍ക്കു കോപമാകും. നീയെന്തായീ പറയുന്നത്! ഞങ്ങള്‍ സര്‍വ്വരും നുണയന്മാരാണെന്നോ? ഞാനെന്തു ചെയ്യാന്‍? അവര്‍ പറയുന്നതങ്ങു വിശ്വസിക്കും. ആ രീതിയിലെങ്കിലും അവര്‍ക്കൊരു സുഖം കിട്ടട്ടെ എന്നു ഞാന്‍ കരുതി.


എന്റെ അച്ഛനും അമ്മയും നേരത്തേ മരിച്ചുപോയിരുന്നു. എന്നെ എടുത്തുവളര്‍ത്തിയ മുത്തച്ഛനാവട്ടെ, കുഴിയിലേക്കു കാലും നീട്ടിയിരുപ്പാണ്. അതുകൊണ്ട് ആളുകള്‍ എന്നെ ഒരു ബേക്കറിക്കാരന്റെ അടുത്തു കൊണ്ടാക്കി. അവിടെ കഴിഞ്ഞകാലം!  കടയില്‍ സാധനം വാങ്ങാന്‍ വരുന്ന ഏതു പെണ്ണിനും എന്നെ ഒരിക്കലെങ്കിലും ഒന്നു പറ്റിക്കണം. ഗിമ്പലേ, സ്വര്‍ഗ്ഗത്തൊരു മേളയുണ്ട്, നമുക്ക് പോകണ്ടേ? ഗിമ്പലേ, റബ്ബി ഏഴാം മാസം ഒരു പശുക്കുട്ടിയെ പെറ്റു; ഗിമ്പലേ, ഒരു പശു പുരയ്ക്കു മോളിലൂടെ പറന്നുപോയി; അതു വെങ്കലമുട്ടയിടുകയും ചെയ്തു. ഒരു ദിവസം ഒരു യഷിവാ വിദ്യാര്‍ത്ഥി റൊട്ടി വാങ്ങാന്‍ വന്നു. അവന്‍ പറയുകയാണ്, അല്ലാ, ഗിമ്പലേ, മിശിഹാ വന്ന നേരത്ത് താനിവിടെ ചട്ടുകവും ചുരണ്ടിക്കൊണ്ടിരിക്കുയാണോ? മരിച്ചുപോയവരൊക്കെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. നിങ്ങളെന്താ പറയുന്നത്? ഞാന്‍ ചോദിച്ചു. മുട്ടാടിന്റെ കൊമ്പൂതുന്നതു ഞാന്‍ കേട്ടില്ലല്ലോ. നിന്റെ കാതു പൊട്ടിപ്പോയോ എന്നായി അവര്‍. ഞങ്ങളും കേട്ടേ, ഞങ്ങളും കേട്ടേ!  സകലരും കൂടി വിളിച്ചുകൂവാന്‍ തുടങ്ങി. ആ സമയത്താണ് മെഴുകുതിരിയുണ്ടാക്കുന്ന റെയ്റ്റ്‌സ് അങ്ങോട്ടു കയറിവരുന്നത്; അവരും ആ കാറിയ ഒച്ചയില്‍ പറയുകയാണ്. ഗിമ്പലേ, നിന്റെ അച്ഛനും അമ്മയും കുഴിയില്‍ നിന്നെഴുന്നേറ്റു നില്‍ക്കുന്നു; അവര്‍ നിന്നെ തിരക്കുകയാണ്.


സത്യം പറഞ്ഞാല്‍ അങ്ങനെയൊരു വകയൊന്നും സംഭവിച്ചിട്ടില്ലെന്ന് എനിക്കു നന്നായിട്ടറിയാമായിരുന്നു എങ്കിലും  എല്ലാവരും പറഞ്ഞ സ്ഥിതിയ്ക്ക് ഞാനെന്തു ചെയ്തു,. കമ്പിളി ബനിയനും എടുത്തിട്ടുകൊണ്ടു പുറത്തേയ്ക്കു പോയി. ഒരു പക്ഷേ എന്തെങ്കിലുമൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലോ? ഒന്നു പോയി നോക്കുന്നതുകൊണ്ട് എന്തു ചേതം വരാനാണ്? എന്തൊരു പൂച്ചകരച്ചിലും ചിരിയുമാണ് അന്നുണ്ടായത്. ഇനി കേള്‍ക്കുന്നതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് അന്നു ഞാന്‍ പ്രതിജ്ഞയെടുത്തതാണ്.  പക്ഷേ എന്തു ഫലം? പറഞ്ഞുപറഞ്ഞ് അവരെന്റെ മനസ്സിളക്കിക്കളയും.
ഒരു ദിവസം ഞാന്‍ റബ്ബിയുടെ അടുത്ത് ഉപദേശം തേടാന്‍ പോയി. അദ്ദേഹം പറഞ്ഞതിതാണ്. ഒരു നാഴിക പാപിയായിരിക്കുന്നതിനേക്കാള്‍ ഭേദമാണ് ആയുസ്സു മൊത്തം വിഢ്ഡിയായിരിക്കുന്നത്. നി മണ്ടനൊന്നുമല്ല; അവരാണു മണ്ടന്മാര്‍. തന്റെ അയല്ക്കാരനു നാണക്കേടു വരുത്തുന്നവന്‍ സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുത്തുകയാണ്. എന്നിട്ടെന്താ, റബ്ബിയുടെ മകള്‍ തന്നെ എന്നെ പറ്റിച്ചു. ഞാന്‍ റബ്ബിയുടെ വീട്ടില്‍

നിന്നിറങ്ങുമ്പോള്‍ അവള്‍ ചോദിക്കുകയാണ്. നീ ഭിത്തിയില്‍ ചുംബിച്ചില്ലേ? ഇല്ലാ, അതെന്തിനാ? ഞാന്‍ ചോദിച്ചു. അങ്ങനെയൊരു കാര്യമുണ്ട്. ഓരോ തവണ ഇവിടെ വരുമ്പോഴും ഭിത്തിയില്‍ ചുംബിച്ചിട്ടുവേണം പോകാന്‍. ആയിക്കോട്ടെ, അതുകൊണ്ടെന്തെങ്കിലും കുഴപ്പമുള്ളതായി എനിക്കു തോന്നിയില്ല. അവള്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അത് അവളുടെ ഒരു വേലത്തരമായിരുന്നു. അത് എന്റെ മേല്‍ പ്രയോഗിച്ചു. നടക്കട്ടെ.
മറ്റൊരു പട്ടണത്തിലേയ്ക്കു താമസം മാറിയാലോ എന്നു ഞാന്‍ ആലോചിച്ചു. അപ്പോഴാണ് സകലരും കൂടി തിരക്കിട്ട് എനിക്ക് പെണ്ണന്വേഷണം തുടങ്ങിയത്. അവരുടെ ചെവിയിലോതല്‍ കേട്ടുകേട്ട് എന്റെ തല പെരുത്തു. അവള്‍ ദുര്‍നടപ്പുകാരിയാണെന്ന് എനിക്കറിയാം; പക്ഷേ അവര്‍ പറഞ്ഞത് അവള്‍ കന്യാരത്‌നമാണെന്നാണ്. അവള്‍ക്കൊരു മുടന്തുണ്ട്; അതു പക്ഷേ നാണം കൊണ്ട് അവള്‍ അങ്ങനെ നടക്കുകയാണെന്നാണ് അവരുടെ വാദം. അവള്‍ക്കൊരു ജാരസന്തതിയുണ്ട്; അതവളുടെ അനിയനാണെന്നവര്‍. നിങ്ങള്‍ വെറുതേ സമയം കളയേണ്ട. ഞാന്‍ ആ തേവിടിശ്ശിയെ കെട്ടാന്‍ പോകുന്നില്ല. ഞാന്‍ വിളിച്ചുകൂവി. അവര്‍ക്ക് ധാര്‍മ്മികരോഷമായി. ഇതെന്തൊരു വര്‍ത്തമാനമാണ്! നിനക്കു നാണമാകുന്നില്ലേ ഇങ്ങനെയൊക്കെ പറയാന്‍! അവള്‍ക്ക് ചീത്തപ്പേരു വരുത്തിയതിനു നിന്നെ റബ്ബിയുടെ അടുത്തുകൊണ്ടുപോയി പിഴയിടീക്കും, പറഞ്ഞേക്കാം. അവരുടെ പിടിയില്‍നിന്ന് ഊരിപ്പോരുക അത്ര എളുപ്പമല്ലെന്ന് എനിക്കപ്പോള്‍ ബോധ്യമായി. ഞാന്‍ ചിന്തിച്ചു. ഇവരെന്നെ പറ്റിക്കാന്‍ തന്നെ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്. പക്ഷേ എന്തൊക്കെയായാലും വിവാഹം കഴിഞ്ഞാല്‍ യജമാനന്‍ ഭര്‍ത്താവ് തന്നെയാണ്; അത് അവള്‍ക്ക് സമ്മതമാണെങ്കില്‍ എനിക്കും വിരോധമില്ല. അതുമല്ല, ഒരു പോറലും പറ്റാതെ ജിവിതം കഴിച്ചുകൂട്ടാന്‍ ആരാലും സാധ്യമല്ല അങ്ങനെയാരും പ്രതീക്ഷിക്കുകയും വേണ്ട.


 ഞാന്‍ അവളുടെ മണ്‍കുടിലിലേക്കു ചെന്നു; അട്ടഹാസവും പാട്ടുമായി ജനം എന്റെ പിന്നാലെ വന്നു. കരടിവേട്ടക്കാരെപ്പോലെയായിരുന്നു അവരുടെ മട്ട്. കിണറിനടുത്തെത്തിയപ്പോള്‍ സകലരും നിന്നു. എല്‍ക്കായോടിടയാന്‍ അവര്‍ക്ക് ഭയമായിരുന്നു. വിജാഗിരിയെന്ന പോലെ ആ വായ തുറന്നാല്‍ പിന്നെ അവളുടെ നാവിന്റെ ചൂടറിയേണ്ടിവരും. ഞാന്‍ വീട്ടിനുള്ളിലേയ്ക്കു കടന്നു. മതിലോടു മതില്‍ അയ കെട്ടിയിരുന്നതില്‍ തുണികള്‍ ഉണങ്ങാനിട്ടിരുന്നു. അവള്‍ വെള്ളത്തൊട്ടിക്കടുത്ത് ചെരുപ്പിടാതെ നിന്നുകൊണ്ട് തുണി കഴുകുകയായിരുന്നു. പഴകിയ ഒരു ഗൗണാണ് വേഷം. മുടി പിന്നി ഉച്ചിയില്‍ കെട്ടിവച്ചിരുന്നു. എല്ലാറ്റിന്റെയും കൂടി നാറ്റം എന്റെ ശ്വാസം മുട്ടിച്ചുകളഞ്ഞു.
എന്നെ അവള്‍ക്കറിയാമായിരുന്നിരിക്കണം. അവള്‍ എന്നെ ഒന്നു നോക്കിയിട്ടു പറഞ്ഞു ആരായീ വന്നിരിക്കുന്നേ! മണ്ടച്ചാരെന്താ വന്നത്? ഇരുന്നാട്ടെ.

ഞാന്‍ ഒന്നും ഒളിക്കാന്‍ പോയില്ല. സത്യം പറയണം, നീ ശരിക്കും കന്യകയാണോ?  ആ യെക്കില്‍ നിന്റെ അനിയന്‍ തന്നെയാണോ? എന്നെ പറ്റിക്കരുത്, ഞാന്‍ ആരോരുമില്ലാത്തവനാണ്.


ഞാനും ആരുമില്ലാത്തവളാണ്, അവള്‍ പറഞ്ഞു, പക്ഷേ എന്നെ മുതലെടുക്കാമെന്ന് ഒരുത്തനും കരുതേണ്ട. എനിക്ക് അമ്പതു ഗില്‍ഡന്‍ സ്ത്രീധനം കിട്ടണം, അതുകൂടാതെ ഒരു പിരിവെടുത്തു തരികയും വേണം. ഇല്ലെങ്കില്‍ അവര്‍ക്കെന്റെ… ബാക്കി ഞാന്‍ പറയേണ്ടല്ലോ. അവള്‍ ഉള്ളതു വെട്ടിത്തുറന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു, ആണല്ല, പെണ്ണാണ് സ്ത്രീധനം കൊടുക്കേണ്ടത്. അതിന് അവളുടെ മറുപടി ഇതായിരുന്നു. എന്നോട് പിശകാന്‍ നില്‌ക്കേണ്ട സമ്മതമാണോ അല്ലയോ എന്നു തീര്‍ത്തു പറയണം. എന്നിട്ട് വന്നിടത്തേക്കു തന്നെ തിരിച്ചു നടന്നോ.
ഈ മാവു കൊണ്ട് അപ്പം ചുടാമെന്ന് കരുതേണ്ട, ഞാന്‍ മനസ്സില്‍ പറഞ്ഞു. പക്ഷേ ഞങ്ങളുടെ പട്ടണം അത്ര ദരിദ്രമായിരുന്നില്ല. അവള്‍ പറഞ്ഞതൊക്കെ സമ്മതിച്ചുകൊണ്ട് അവര്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒരു വയറിളക്കരോഗം പടര്‍ന്നുപിടിച്ചിരുന്ന കാലമായിരുന്നു. അതുകൊണ്ട് സിമിത്തേരിയുടെ ഗേറ്റിനടുത്ത് ശവങ്ങളെ കുളിപ്പിക്കുന്ന കൊച്ചു ചായ്പ്പിനടുത്തുവച്ചാണ് കര്‍മ്മങ്ങള്‍ നടത്തിയത്. ആളുകള്‍ കുടിച്ചു കുന്തം മറിഞ്ഞു. കല്യാണ ഉടമ്പടി എഴുതുമ്പോള്‍ വലിയ റബ്ബി ചോദിക്കുന്നതു ഞാന്‍ കേട്ടു. വധു വിധവയോ വിവാഹമൊഴിഞ്ഞവളോ ആണോ? കപ്യാരുടെ ഭാര്യ അവള്‍ക്കു വേണ്ടി പറയുന്നതും ഞാന്‍ കേട്ടു. വിധവയും ബന്ധമൊഴിഞ്ഞവളുമാണ്. എന്റെ ജീവിതത്തിലെ ഇരുണ്ട നിമിഷമായിരുന്നു അത്. പക്ഷേ ഞാനെന്തു ചെയ്യാന്‍? കല്യാണമണ്ഡപത്തില്‍ നിന്നിറങ്ങിയോടാനോ?
പാട്ടും കൂത്തുമൊക്കെയുണ്ടായി. ഒരു വയസ്സിത്തള്ള എന്നെയും കെട്ടിപ്പിടിച്ചു നൃത്തം വച്ചു. പ്രസംഗത്തിനു ശേഷം ഏറെ സംഭാവനകള്‍ വന്നുകൂടി. ചരുവം, തൊട്ടി, ചൂല്, കയില്.... അപ്പോഴാണ് രണ്ടു ചെറുപ്പക്കാര്‍ ഒരു തൊട്ടിലും ചുമന്നുകൊണ്ടു വരുന്നതു കണ്ടത്. ഇതു ഞങ്ങള്‍ക്കെന്തിനാ? ഞാന്‍ ചോദിച്ചു. നീ തല പുണ്ണാക്കണ്ട. ഇതിനൊക്കെ ആവശ്യം വരും ഞാന്‍ കബളിക്കപ്പെടാന്‍ പോവുകയാണെന്ന് എനിക്ക് ബോധ്യമായി. പക്ഷേ മറ്റൊരു രീതിയില്‍ നോക്കിയാല്‍, എനിക്കെന്തു നഷ്ടപ്പെടാനിരിക്കുന്നു? വരാനുള്ളതു കാത്തിരുന്നു കാണുക തന്നെ. ഒരു നാടിനപ്പാടെ ഭ്രാന്തുപിടിക്കാന്‍ വഴിയില്ല.

2-
രാത്രിയില്‍ ഞാന്‍ എന്റെ ഭാര്യ കിടക്കുന്നിടത്തേയ്ക്കു ചെന്നു; പക്ഷേ അവള്‍ എന്നെ അടുപ്പിക്കുകയില്ല. ഇതുനോക്ക്, ഇതിനാണോ അവര്‍ നമ്മളെ വിവാഹം ചെയ്യിച്ചത്. അപ്പോള്‍ അവള്‍ പറയുകയാണ് :ഞാന്‍ പുറത്താണ്. പക്ഷേ ഇന്നലയാ

ണല്ലോ അവര്‍ നിന്നെ ആചാരക്കുളിക്കു കൊണ്ടുപോയത്. അതു പിന്നീടല്ലേ പതിവുള്ളത്? ഇന്ന് ഇന്നലെയല്ല, അവള്‍ പറയുകയാണ്, ഇന്നലെ ഇന്നുമല്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ കളഞ്ഞിട്ടുപോകാം. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ കാത്തിരുന്നു.
നാലുമാസം  കഴിഞ്ഞില്ല, അവള്‍ക്കു പ്രസവവേദന തുടങ്ങി. ആളുകള്‍ വാപൊത്തിച്ചിരിച്ചു. പക്ഷെ ഞാനെന്തു ചെയ്യാന്‍? വേദന സഹിക്കാതെ അവള്‍ മതിലു മാന്തിപ്പൊളിച്ചു. ഗിമ്പലേ, അവള്‍ അലമുറയിട്ടു. ഞാന്‍ പോവുകയാണേ? എനിക്കു മാപ്പു തരണേ ! വീടു നിറയെ സ്ത്രീകളായിരുന്നു. അവര്‍ വെള്ളം തിളപ്പിക്കുകയാണ്. നിലവിളി ഉയര്‍ന്നുകൊണ്ടിരുന്നു.


പ്രാര്‍ത്ഥനാലയത്തില്‍ പോയി സങ്കീര്‍ത്തങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുയേ എനിക്കു ചെയ്യാനുള്ളൂ. അതുകൊണ്ട് ഞാന്‍ അങ്ങോട്ടു പോയി.
ആളുകള്‍ക്ക് അതങ്ങിഷ്ടപ്പെട്ടു. സങ്കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ഉരുവിട്ടുകൊണ്ട് ഞാന്‍ ഒരു കോണില്‍ നില്‍ക്കുമ്പോള്‍ അവര്‍ എന്നെ നോക്കി തലകുലുക്കി. പ്രാര്‍ത്ഥിച്ചോ. പ്രാര്‍ത്ഥിച്ചോ! പ്രാര്‍ത്ഥനകൊണ്ട് ഒരു പെണ്ണും ഇതുവരെ ഗര്‍ഭിണിയായിട്ടില്ല. ഒരാള്‍ എന്റെ വായില്‍ ഒരു വൈക്കോല്‍ക്കഷണം തിരുകിത്തന്നിട്ടു പറയുകയാണ്, പാവം പശുവിനിത്തിരി പുല്ല്!


അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. വെള്ളിയാഴ്ച സിനഗോഗില്‍ വച്ച് ഗ്രന്ഥപേടകത്തിനു മുന്നില്‍ നിന്ന് മേശപ്പുറത്തടിച്ചുകൊണ്ട് കപ്യാര്‍ പ്രഖ്യാപിച്ചു. പണക്കാരനായ റബ്ബ് ഗിമ്പല്‍ എല്ലാവരെയും മകന്റെ പേരില്‍ സദ്യയ്ക്ക് ക്ഷണിക്കുന്നു. സിനഗോഗിനകം ചിരികൊണ്ടു മുഴങ്ങി. എന്റെ മുഖം ചുവന്നു. പക്ഷേ ഞാന്‍ നിസ്സഹായനായിരുന്നു. എന്തൊക്കെയായാലും ചേലാകര്‍മ്മവും മറ്റടിയന്തിരങ്ങളും നടത്തേണ്ടയാള്‍ ഞാന്‍ തന്നെയാണ്.
ആ ദിവസം പട്ടണത്തില്‍ പാതിയാണ് സദ്യക്കെത്തിയത്. എല്ലാവരെയും പോലെ ഞാനും തിന്നുകയും കുടിക്കുകയും ചെയ്തു. എല്ലാവരും എന്നെ അനുമോദിച്ചു. പിന്നെ കുട്ടിയുടെ സുന്നത്തുകര്‍മ്മം നടത്തി. ഞാന്‍ അവന് എന്റെ അച്ഛന്റെ പേരിട്ടു. എല്ലാവരും പോയിക്കഴിഞ്ഞ് ഞാനും ഭാര്യയും തനിച്ചായപ്പോള്‍ അവള്‍ കട്ടിലിന്റെ മറയ്ക്കിടയിലൂടെ തലനീട്ടി എന്നെ അടുത്തേയ്ക്ക് വിളിച്ചു.
എന്താ ഗിമ്പലേ, മിണ്ടാതിരിക്കുന്നത്! കപ്പലു മുങ്ങിപ്പോയോ?
ഞാനെന്തു പറയണം? ഞാന്‍ ചോദിച്ചു. നീ എന്നോടീ കാണിച്ചതു നല്ല കാര്യമായിപ്പോയി. എന്റെ അമ്മ ഇതറഞ്ഞിരുന്നെങ്കില്‍ അവര്‍ രണ്ടാമതും മരിച്ചേനെ.
നിങ്ങള്‍ക്കെന്താ ഭ്രാന്തോ മറ്റോ പിടിച്ചോ? അവളുടെ ചോദ്യം.
നിന്റെ ഭര്‍ത്താവായ ഒരാളെ ഇങ്ങനെ വിഡ്ഡിയാക്കാന്‍ നിനക്കു തോന്നിയല്ലോ; ഞാന്‍ പരിഭവിച്ചു.

നിങ്ങള്‍ക്കെന്തു പറ്റി! നിങ്ങള്‍ എന്തോ മനസ്സില്‍ വച്ചും കൊണ്ടു പറയുകയാണ്.
ഒളിവും മറവുമില്ലാതെ നേരേയങ്ങു കാര്യം പറയണമെന്നു ഞാന്‍ നിശ്ചയിച്ചു. ആരോരുമില്ലാത്ത ഒരാളോട് ഇങ്ങനെയാണോ നീ പെരുമാറേണ്ടത്? ഞാന്‍ ചോദിച്ചു നീ പെറ്റതു ജാരസന്തതിയെയാണ്.
അപ്പോള്‍ അവള്‍ പറയുകയാണ്, നിങ്ങള്‍ വേണ്ടാത്തതൊന്നും മനസ്സില്‍ വച്ചു നടക്കേണ്ട. കുട്ടി നിങ്ങളുടെ തന്നെയാണ്.
അവനെങ്ങനെ എന്റെയാകാന്‍? ഞാന്‍ തര്‍ക്കിച്ചു. കല്യാണം കഴിഞ്ഞു പതിനേഴാഴ്ച ആയപ്പോഴല്ലേ അവന്‍ ജനിക്കുന്നത്?  അപ്പോള്‍ അവള്‍ പറയുകയാണ്, തന്റെ ഒരു മുത്തശ്ശി ഇതേപോലെ മാസം തികയാതെ പെറ്റിട്ടുണ്ടെന്നും, താന്‍ ആ മുത്തശ്ശിയുടെ മുറിച്ചമുറി ആണെന്നും. അവള്‍ സര്‍വ്വ സാക്ഷികളെയും വിളിച്ച് ആണയിട്ടു. നേരു പറഞ്ഞാല്‍ എനിക്ക് അവള്‍ പറഞ്ഞതൊന്നും വിശ്വാസമായില്ല. എന്നാല്‍ പിറ്റേന്ന് സ്‌കൂള്‍ മാഷുമായി ഞാന്‍ ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതേ സംഗതിതന്നെയാണ് ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിലുമുണ്ടായതെന്നാണ്. അവര്‍ കട്ടിലിലേക്കു കയറുമ്പോള്‍ രണ്ടുപേരായിരുന്നു; തിരിച്ചിറങ്ങുമ്പോള്‍ നാലും.
ഹവ്വായുടെ ചെറുമകളല്ലാത്ത ഒരു പെണ്ണ് ഈ ഭൂമിയിലുണ്ടോ? അദ്ദേഹം ചോദിച്ചു.
അങ്ങനെയാണ് കാര്യം. വാദം കൊണ്ട് അവരെന്റെ വായ മൂടി. പിന്നെ, ഞാനൊന്നു ചോദിക്കട്ടെ, ഇത്തരം കാര്യങ്ങളുടെ യഥാര്‍ത്ഥ സംഗതി ആരു കണ്ടു?


ഞാന്‍ എന്റെ ദു:ഖം മറന്നുതുടങ്ങി. ഞാന്‍ കുട്ടിയെ മതിമറന്നു സ്‌നേഹിച്ചു. അവനും എന്നെ അത്രയ്ക്കു കാര്യമായിരുന്നു. എന്നെ കാണേണ്ട താമസം അവന്‍ ആ കുഞ്ഞിക്കൈ വീശി തന്നെ എടുക്കാന്‍ നിര്‍ബന്ധം പിടിയ്ക്കും. അവന്‍ വയറുവേദന വന്നു കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ഞാന്‍ തന്നെ വേണം. ഞാന്‍ അവന് ഒരു കൊച്ചുതൊപ്പി വാങ്ങിക്കൊടുത്തു. അവനെപ്പോഴും ആരുടെയെങ്കിലും കണ്ണു തട്ടിക്കൊണ്ടിരുന്നു. പിന്നെ തകിടെഴുതിക്കാനും ചരടു കെട്ടിക്കാനുമുള്ള ഓട്ടമായി. ഞാന്‍ ഒരു കാളയെപ്പോലെ പണിയെടുത്തു. വീട്ടില്‍ ഒരു കുഞ്ഞുകൂടിയുണ്ടെങ്കില്‍ ചിലവു പോകുന്നപോക്ക് നിങ്ങള്‍ക്കറിയമല്ലോ. എന്തിനു പറയണം. എനിയ്ക്ക് എല്‍ക്കായോട് ഇഷ്ടക്കേടൊന്നും ഉണ്ടായിരുന്നില്ല. അവള്‍ എന്നെ പഴി പറയുകയും ശപിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്തൊരു ബലമായിരുന്നു അവള്‍ക്ക് ! അവളുടെ ഒരു നോട്ടം മതി നിങ്ങളുടെ നാവിറങ്ങിപ്പോകാന്‍. അവളുടെ നീണ്ട പ്രസംഗങ്ങളോ?  നിറയെ കരിയും ഗന്ധകവും, എന്തിട്ടെന്താ, കേട്ടാല്‍ മയങ്ങിപ്പോവുകയും ചെയ്യും. ഞാന്‍ അവളുടെ ഓരോ വാക്കിനെയും ആരാധിച്ചു. അവള്‍ പക്ഷേ പകരം തന്നത് ചോരയിറ്റുന്ന മുറിവുകളാണ്.

സന്ധ്യയ്ക്കു വരുമ്പോള്‍ ഞാന്‍ അവള്‍ക്കു പ്രത്യേകം ഉണ്ടാക്കിയ റൊട്ടിയും മറ്റും കൊണ്ടുകൊടുക്കും. അവള്‍ കാരണം തന്നെ ഞാന്‍ മോഷ്ടിക്കാനും തുടങ്ങി. കൈവയ്ക്കാവുന്നതൊക്കെ ഞാന്‍ അടിച്ചുമാറ്റി. ബിസ്‌ക്കറ്റ്, കേക്ക്, മുന്തിരി, ബദാം, പെണ്ണുങ്ങള്‍ ശനിയാഴ്ച ചുടാറാതിരിക്കാന്‍ ബേക്കറിയില്‍ കൊണ്ടുവയ്ക്കുന്ന കലങ്ങളില്‍ നിന്നുപോലും.


അന്നൊരു ദിവസം രാത്രിയില്‍ ബേക്കറിയില്‍ ഒരത്യാഹിതമുണ്ടായി. ബോര്‍മ്മ പൊട്ടിത്തെറിച്ച് തീപിടിച്ചു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാനന്നു വീട്ടിലേയ്ക്കു പോയി. ആഴ്ചയറുതിയില്ലാത്തൊരു ദിവസം വീട്ടില്‍ക്കിടന്നുറങ്ങുന്നതിന്റെ സുഖം ഞാനനുഭവിച്ചു നോക്കട്ടെ. കുഞ്ഞിനെ ഉണര്‍ത്തേണ്ടെന്നു കരുതി ഒച്ചയുണ്ടാക്കാതെ ഞാന്‍ അകത്തേയ്ക്കു കടന്നു. കയറിച്ചെല്ലുമ്പോള്‍ ഒരു കൂര്‍ക്കംവലിയല്ല, ഒരുതരം ഇരട്ടക്കൂര്‍ക്കംവലി കേള്‍ക്കുന്നതുപോലെ എനിക്കു തോന്നി, ഒന്നു വളരെ നേര്‍ത്തും, മറ്റേത് കുരലു മുറിച്ച കാളയുടെ മുക്രപോലെയും. ഹൊ, എനിക്കതൊട്ടും പിടിച്ചില്ല. ഞാന്‍ കട്ടിലിനടുത്തേയ്ക്കു ചെന്നു. എല്‍ക്കയുടെ അരികത്ത് ഒരു പുരുഷന്റെ രൂപം കിടക്കുന്നതാണു ഞാന്‍ കണ്ടത്. എന്റെ സ്ഥാനത്ത് മറ്റൊരാളായിരന്നെങ്കില്‍ ഒച്ചവച്ചു പട്ടണം മൊത്തം ഇളക്കിയേനെ. പക്ഷേ കഞ്ഞുണരുമല്ലോ എന്നാണ് എനിക്ക് ചിന്തപോയത്. എന്തിനാണ് കിളിച്ചുണ്ടന്‍ പോലത്തെ ആ കുഞ്ഞിനെ പേടിപ്പിക്കുന്നത്? ഞാന്‍ തിരിച്ചു ബേക്കറിയിലേക്കു പോയി ഒരു ഗോതമ്പു ചാക്കിന്റെ മുകളില്‍ മലര്‍ന്നുകിടന്നു. പുലരും വരെ ഞാന്‍ ഒരുപോള കണ്ണടച്ചില്ല. മലമ്പനി പിടിച്ചതുപോലെ ഞാന്‍ കിടന്നു വിറച്ചു. ഇങ്ങനെ പൊട്ടന്‍ കളിച്ചു മതിയായി. ഞാന്‍ സ്വയം പറഞ്ഞു. ഗിമ്പല്‍ ജീവിതകാലം മുഴുവന്‍ ഇങ്ങനെ ഒരു പാവത്താനായി കഴിയാന്‍ പോകുന്നില്ല. ഗിമ്പലിനെപ്പോലൊരു മണ്ടന്റെ മണ്ടത്തരത്തിനു പോലും ഒരതിരൊക്കെയുണ്ട്.


രാവിലെ ഞാന്‍ റബ്ബിയുടെ അടുക്കല്‍ ഉപദേശം തേടാന്‍ ചെന്നു. അതറിഞ്ഞപ്പോള്‍ പട്ടണത്തില്‍ എന്തൊരു പ്രക്ഷോഭമായിരുന്നു. അവര്‍ എല്‍ക്കായെ വരുത്താന്‍ ആളയച്ചു. കുട്ടിയേയും എടുത്തുകൊണ്ട് അവള്‍ വന്നു. എന്നിട്ട് അവള്‍ ചെയ്തതെന്താണെന്നാണ് നിങ്ങളുടെ വിചാരം? അവള്‍ സകലതുമങ്ങു നിഷേധിച്ചു! അയാള്‍ക്കു തലയ്ക്കു വെളിവുകെട്ടിരിക്കുകയാണ്. അവള്‍ പറയുകയാണ്. അയാള്‍ വല്ല സ്വപ്നമോ മറ്റോ കണ്ടതായിരിക്കും. അവര്‍ അവളുടെ മുഖത്തുനോക്കി ആക്രോശിച്ചു. താക്കീതുചെയ്തു. മേശപ്പുറത്തു ചുറ്റിക കൊണ്ടടിച്ചു. അവള്‍ക്കു പക്ഷേ യാതൊരു കുലുക്കവുമില്ല. തന്നെ കാര്യമില്ലാതെ കുറ്റപ്പെടുത്തുകയാണ്.


കശാപ്പുകാരനും കുതിരത്തരകുകാരും അവളുടെ ഭാഗം ചേര്‍ന്നു. കശാപ്പുകടയില്‍ നില്‍ക്കുന്ന ഒരു പയ്യന്‍ എന്റെ സമീപത്തേയ്ക്ക് വന്ന് എന്നെ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ തന്നെ നോട്ടമിട്ടിരിക്കുകയാണ്. ഈ സമയത്ത് കുഞ്ഞ് മൂത്രമൊഴിച്ചു.

റബ്ബിയുടെ മുറിയില്‍ ഗ്രന്ഥപേടകമുണ്ടായിരുന്നതിനാല്‍, അവിടെ അശുദ്ധമാകേണ്ടെന്നു കരുതി അവര്‍ എല്‍ക്കായെ പുറത്തേക്കയച്ചു.
ഞാനെന്തുവേണം? ഞാന്‍ റബ്ബിയോടു ചോദിച്ചു.
നീ ഉടനേതന്നെ ബന്ധമൊഴിയണം. അദ്ദേഹം പറഞ്ഞു
അവള്‍ സമ്മതിച്ചില്ലെങ്കിലോ?
നീ ബന്ധമൊഴിയാനുള്ള കത്തയക്കുക, അത്രയും ചെയ്താല്‍ മതി.
ശരി, അങ്ങനെയാവാം റബ്ബി, എന്തായാലും ഞാനൊന്നാലോചിച്ചു നോക്കട്ടെ.
ഇതില്‍ ആലോചിക്കാന്‍ ഒന്നുമില്ല. റബ്ബി പറഞ്ഞു. ഇനി നീ അവളുമൊത്ത് ഒരേ കൂരക്കീഴില്‍ താമസിക്കാന്‍ പാടില്ല.
എനിക്കു കുഞ്ഞിനെ കാണണമെന്നു തോന്നിയാലോ? ഞാന്‍ ചോദിച്ചു.
ആ കുലടയും അവളുടെ ജാരസന്തതികളും പോയ വഴിക്കു പോകട്ടെ, അദ്ദേഹം പറഞ്ഞു.
ഇനി ഒരിക്കലും ജീവനുള്ള കാലത്തോളം അവളുടെ പടി ചവിട്ടാന്‍ പാടില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വിധി.
പകല്‍ എനിക്ക് അത്ര വലിയ വിഷമമൊന്നും തോന്നിയില്ല. ഇതു സംഭവിക്കാനുള്ളതായിരുന്നു, ഞാനോര്‍ക്കും, വ്രണം പൊട്ടിത്തന്നെയാവണം. പക്ഷേ രാത്രിയില്‍ ചാക്കിന്റെ പുറത്തു മലര്‍ന്നു കിടക്കുമ്പോള്‍ എന്റെ മനസ്സു ചുടും. അവളെയും കുഞ്ഞിനെയും കാണാന്‍ ഉള്ളു പിടയ്ക്കും. എനിക്കു ദേഷ്യപ്പെടാന്‍ തോന്നും. പക്ഷേ എന്റെ നിര്‍ഭാഗ്യം, ദേഷ്യപ്പെടുന്നതെങ്ങനെയെന്ന് എനിക്കറിയില്ല. ഒന്നാമത് എന്റെ ചിന്ത പോയതിങ്ങനെയാണ്. എവിടെയെങ്കിലും ഒന്നു പിഴയ്ക്കുക ആരുടെ കാര്യത്തിലും സ്വാഭാവികമാണ്. ഒരു പിശകും വരുത്താതെ ജീവിക്കാന്‍ ആര്‍ക്കും കഴിയില്ല. അവളോടൊപ്പം കണ്ട ആ പയ്യന്‍, ഒരു പക്ഷേ സമ്മാനങ്ങളും പഞ്ചാരവാക്കുകളും കൊണ്ട് അവളെ മയക്കിയെടുത്തതാണെന്നു വരാം. മുടിക്കുള്ള നീളം ബുദ്ധിക്കില്ലാത്ത വകയാണല്ലോ സ്ത്രീകള്‍. പിന്നെ, അവള്‍ ഇത്ര ശക്തിയായി നിഷേധിക്കുന്നതു കാണുമ്പോള്‍, ഒരു പക്ഷേ അന്നു കണ്ടത് എന്റെ വെറുമൊരു തോന്നലാണെന്നും വരുമോ? മതിഭ്രമം വന്നുകൂടായ്കില്ലല്ലോ. നിങ്ങള്‍ ഒരു രൂപമോ കോലമോ പോലെയെന്തോ കാണുന്നു;  അടുത്തു ചെന്നു നോക്കുമ്പോഴല്ലേ അവിടെ ഒന്നുമില്ലെന്ന് അറിയുന്നത്. ഇതും അങ്ങനെയാണെങ്കില്‍ ഞാന്‍ അവളോടു വലിയൊരനീതിയാണ് കാണിക്കുന്നത്. ചിന്ത ഇത്രത്തോളമെത്തിയപ്പോഴേയ്ക്കും ഞാന്‍ വിങ്ങിക്കരയാന്‍ തുടങ്ങി. കണ്ണീരു വീണ് ഞാന്‍ കിടന്ന ചാക്കും നനഞ്ഞു. രാവിലെ എഴുന്നേറ്റ് ഞാന്‍ റബ്ബിയുടെ അടുക്കല്‍ പോയി. എനിക്കൊരു തെറ്റു പറ്റിയെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. റബ്ബി അതു രേഖപ്പെടുത്തിയിട്ട് അങ്ങനെയാണെങ്കില്‍ ഇക്കാര്യം

തനിക്ക് വീണ്ടും പരിശോധിക്കേണ്ടിവരുമെന്ന് പറഞ്ഞു. അതില്‍ തീര്‍പ്പാകുന്നതുവരെ ഞാന്‍ ഭാര്യയെ കാണാന്‍ പാടില്ല; എന്നാല്‍ ആള്‍ വശം പണമോ ആഹാരമോ കൊടുത്തയക്കുന്നതില്‍ വിരോധവുമില്ല.


3


റബ്ബികള്‍ക്ക് കൂട്ടായ ഒരു തീരുമാനത്തിലെത്താന്‍ ഒമ്പതുമാസം വേണ്ടിവന്നു. അങ്ങോട്ടുമിങ്ങോട്ടും കത്തുകള്‍ പോയി. ഇങ്ങിനെയൊരു കാര്യത്തില്‍ ഇത്രയൊക്കെ പാണ്ഡിത്യവും പര്യാലോചനയുമൊക്കെ വേണ്ടിവരുമെന്ന് ഞാനോര്‍ത്തിരുന്നില്ല.


ഈ സമയത്ത് എല്‍ക്കാ വീണ്ടും പ്രസവിച്ചു. അതു പെണ്‍കുട്ടിയായിരുന്നു. ശാബത്തിന്റന്ന് ഞാന്‍ സിനഗോഗില്‍ പോയി അവള്‍ക്ക വേണ്ടി പ്രാര്‍ത്ഥിച്ചു. അവര്‍ എന്നെ തോറായുടെ സമീപത്തേയ്ക്കു കൊണ്ടുപോയി. ഞാന്‍ കുഞ്ഞിന് എന്റെ അമ്മായിയമ്മയുടെ പേരിട്ടു. പട്ടണത്തിലെ വിടുവായന്മാരും പൊണ്ണന്മാരും ബേക്കറിയില്‍ വന്ന് എന്നെ ഗുണദോഷിച്ചു. എന്റെ കഷ്ടപ്പാടുകളും വേദനയും ഫ്രാംപോലുകാര്‍ക്ക് ഉന്മേഷം നല്‍കി. അതെന്തുമാകട്ടെ, എന്നോടെന്തു പറയുന്നുവോ, അതു വിശ്വസിക്കുക. എന്നു ഞാന്‍ നിശ്ചയിച്ചു. വിശ്വസിക്കാതിരിക്കുന്നതുകൊണ്ട് എന്തു ഗുണം? ഇന്നു നിങ്ങള്‍ക്കു ഭാര്യയെ വിശ്വാസമായില്ല. നാളെ നിങ്ങള്‍ ദൈവത്തെയാകും തള്ളിപ്പറയുക.


അവളുടെ ഒരയല്‍ക്കാരന്‍ പയ്യന്‍ പണി പഠിക്കാന്‍ ബേക്കറിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍ വശം ഞാന്‍ അവള്‍ക്കു ദിവസവും എന്തെങ്കിലും പലഹാരം കൊടുത്തയക്കും. അവനും സ്‌നേഹമുള്ളവനായിരുന്നു. പല തവണ ഞാന്‍ കൊടുക്കുന്നതിന്റെ കൂടെ സ്വന്ത നിലയ്ക്കും അവന്‍ പലതും അവള്‍ക്കു കൊണ്ടുകൊടുത്തിട്ടുണ്ട്. മുമ്പൊക്കെ അവന്‍ എനിക്കൊരു ശല്യമായിരുന്നു. അവന്‍ എന്റെ മൂക്കിനു പിടിക്കുകയും വാരിക്കിട്ട് കുത്തുകയുമൊക്കെ ചെയ്യും. എന്നാല്‍ എന്റെ വീട്ടില്‍ പോകാന്‍ തുടങ്ങിയതോടെ അവന്‍ എന്നോട് സ്‌നേഹത്തോടും ദയവോടും കൂടി പെരുമാറാന്‍ തുടങ്ങി. ഗിമ്പലേ, അവന്‍ ഒരു ദിവസം പറയുകയാണ്. എന്തു യോഗ്യയായ ഭാര്യയും തങ്കക്കുടം പോലത്തെ കുഞ്ഞുങ്ങളുമാണ്. തനിക്കു കിട്ടിയിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ഇതൊന്നും തനിക്കു വിധിച്ചിട്ടള്ളതല്ല.
എന്നിട്ട് ആളുകള്‍ അവളെക്കുറിച്ച് എന്തെല്ലാമാണു പറയുന്നത്, ഞാന്‍ പറഞ്ഞു.
അതവര്‍ നാക്കിനു നീളം കൂടുതലായതുകൊണ്ടു പറയുകയാണ്. അവര്‍ നാക്കിട്ടടിക്കട്ടെ, അതൊന്നും ഗൗനിക്കേണ്ട.
ഒരു ദിവസം റബ്ബി എന്നെ ആളച്ചു വരുത്തിയിട്ടു ചോദിച്ചു, ഗിമ്പലേ, ഭാര്യയെ സംശയിച്ചതു തെറ്റായിരുന്നുവെന്നു തന്നെയാണോ ഇപ്പോഴും നിന്റെ നിലപാട്?
അതെ, ഞാന്‍ പറഞ്ഞു.

ഇങ്ങോട്ടു നോക്ക്, നീ സ്വന്തം കണ്ണുകൊണ്ടു കണ്ടതല്ലേ?
അതു നിഴലായിരുന്നിരിക്കണം, ഞാന്‍ പറഞ്ഞു.
എന്തിന്റെ നിഴല്‍,
ഒരു കഴുക്കോലിന്റെയായിരിക്കും.
എന്നാലിനി വീട്ടില്‍ പൊയ്‌ക്കോ. യാനാവറിലെ റബ്ബിക്കാണു നീ നന്ദി പറയേണ്ടത്. നിന്റെ ഭാഗം ന്യായീകരിക്കുന്ന അസ്പഷ്ടമായ ഒരു പരാമര്‍ശം അദ്ദേഹം മെയ്‌മൊനൈഡ്‌സില്‍ കണ്ടുപിടിച്ചിരുന്നു.
ഞാന്‍ റബ്ബിയുടെ കൈ കടന്നുപിടിച്ച് ചുംബിച്ചു.
അപ്പോള്‍ത്തന്നെ വീട്ടിലേക്കോടണമെന്ന് എനിക്കു തോന്നി. ഭാര്യയേയും കുഞ്ഞിനേയും വിട്ട് ഇത്ര നാള്‍ പിരിഞ്ഞിരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. ഒന്നുകൂടി ആലോചിക്കുമ്പോള്‍ എനിക്കു തോന്നി, ഇപ്പോള്‍ പണിക്കു പോവാം, വീട്ടിലേയ്ക്കു സന്ധ്യയ്ക്കു ചെല്ലാം. ഞാന്‍ ആരോടും ഒരക്ഷരം മിണ്ടിയില്ല. പക്ഷേ എന്റെ ഹൃദയം നൊയ്മ്പുനാളിലെന്നപോലെ വിങ്ങിനില്‍ക്കുയായിരുന്നു. പെണ്ണുങ്ങള്‍ പതിവുപോലെ എന്നെ കളിയാക്കുകയും മുനവച്ചു സംസാരിക്കുകയും ചെയ്തു. പക്ഷേ എന്റെ മനസ്സില്‍ ഇതായിരുന്നു. ആയിക്കോ, നിങ്ങള്‍ എത്ര വേണമെങ്കിലും നാവിട്ടടിച്ചോളൂ. ഒടുവില്‍ സത്യം പുറത്തു വന്നിരിക്കുന്നു. മെയ്‌മൊനൈസ്ഡ് പറയുന്നു അതു ശരിയാണെന്ന്. അതുകൊണ്ട് അതു ശരിയുമാണ്.
രാത്രിയില്‍ മാവു കുഴച്ചു പുളിക്കാന്‍ മൂടിവച്ചശേഷം എന്റെ പങ്ക് റൊട്ടിയും ഒരു കൊച്ചുസഞ്ചിയില്‍ ഗോതമ്പുമാവും എടുത്തുകൊണ്ട് ഞാന്‍ വീട്ടിലേയ്ക്കു തിരിച്ചു. പൂര്‍ണ്ണചന്ദ്രന്‍ തെളിഞ്ഞുനില്‍ക്കുന്നു. നക്ഷത്രങ്ങള്‍ വെട്ടിത്തിളങ്ങുന്നു. ആത്മാവിനെ കിടുകിടുപ്പിക്കുന്ന കാഴ്ച! ഞാന്‍ വേഗം നടന്നു. എനിക്കു മുന്നില്‍ ഒരു നിഴല്‍ പാഞ്ഞുപോയി. മഞ്ഞുകാലമാണ്. പുതുമഞ്ഞ് വീണുകിടന്നിരുന്നു. എനിക്കൊന്നു പാടാന്‍ തോന്നി. പക്ഷേ രാത്രിയായതുകൊണ്ടു ഉറങ്ങുന്നവര്‍ക്ക് ശല്യമാകുമെന്നു കരുതി ഞാന്‍ അത് ഉള്ളിലടക്കി. എന്നാല്പ്പിന്നെ ചുളമടിച്ചാലെന്തെന്നായി. അപ്പോഴാണോര്‍ത്തത് രാത്രിയാണ്, ചൂളമടിച്ചാല്‍ പിശാചുക്കള്‍ പുറത്തുവരും. ഞാന്‍ ഒന്നും മിണ്ടാതെ കഴിയുന്നത്ര വേഗം നടന്നു.
ഞാന്‍ കടന്നുപോകുമ്പോള്‍ ക്രിസ്ത്യാനിവീടുകളിലെ നായ്ക്കള്‍ എന്നെ നോക്കി കുരച്ചു. ഞാന്‍ മനസ്സില്‍ പറഞ്ഞു. കുരച്ചോ, തൊണ്ട കാറും വരെ കുരച്ചോ! നിങ്ങളാര്, വെറും പട്ടികള്‍! ഞാനോ, ഒരു പുരുഷന്‍. യോഗ്യയായ ഒരു ഭാര്യയുടെ ഭര്‍ത്താവ്; ഭാവിവാഗ്ദാനങ്ങളായ കുട്ടികളുടെ പിതാവ്.
വീടടുക്കുന്തോറും എന്റെ നെഞ്ച് പടപടാ അടിക്കാന്‍ തുടങ്ങി. എനിക്കു പേടിയൊന്നും തോന്നിയില്ല. പക്ഷേ എന്റെ ഹൃദയം ശക്തിയായി മിടിക്കുകയായിരുന്നു. എന്തായാലും ഇനി മടങ്ങിപ്പോകുന്നില്ല. ഞാന്‍ പതുക്കെ സാക്ഷ നീക്കി അകത്തു

കടന്നു. എല്‍ക്ക ഉറങ്ങിക്കിടക്കുകയായിരുന്നു. ഞാന്‍ കുഞ്ഞു കിടക്കുന്ന തൊട്ടിലിലേയ്ക്കു നോക്കി. അഴികള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചത്തില്‍ ജനിച്ചിട്ടധികനാളായിട്ടില്ലാത്ത കുഞ്ഞിന്റെ മുഖം ഞാന്‍ കണ്ടു; കണ്ടതും ഞാനതിനെ സ്‌നേഹിച്ചുപോയി. അതിന്റെ മൃദുവായ അസ്ഥികള്‍ ഓരോന്നിനേയും.
പിന്നെ ഞാന്‍ കട്ടിലിനടുത്തേയ്ക്കു ചെന്നു. എന്താണ് ഞാന്‍ അവിടെ കണ്ടത്! കടയില്‍ നില്‍ക്കുന്ന ആ പയ്യന്‍ എല്‍ക്കായോടൊപ്പം കിടക്കുന്നു! പെട്ടെന്ന് നിലാവ് മാഞ്ഞു. ആ കൂരിരുട്ടത്ത് ഞാന്‍ നിന്നു വിറച്ചു. എന്റെ പല്ലു കൂട്ടിയിടിച്ചു. കൈയ്യിലിരുന്ന റൊട്ടി താഴേയ്ക്കു വീണു. ശബ്ദം കേട്ട് എന്റെ ഭാര്യ ഉണര്‍ന്നു ചോദിച്ചു. ആരാണത്?
ഞാന്‍ തന്നെ, ഞാന്‍ പിറുപിറുത്തു.
ഗിമ്പലോ? അവള്‍ ചോദിച്ചു. നിങ്ങള്‍ എങ്ങനെ ഇവിടെ വന്നു? നിങ്ങള്‍ ഇവിടെ വന്നുകൂടെന്നാണല്ലോ ഞാന്‍ കരുതിയത്.
റബ്ബി പറഞ്ഞിട്ടാണ്. ഞാന്‍ ജ്വരം പിടിച്ച പോലെ വിറച്ചു.
ഇതുകേള്‍ക്ക് ഗിമ്പലേ. അവള്‍ പറഞ്ഞു. ചായ്പില്‍ ചെന്ന് ആടിനെന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഒന്നു നോക്കിയാട്ടെ. അതിനു നല്ല സുഖമില്ലെന്നു തോന്നുന്നു. ഞങ്ങള്‍ ഒരാടിനെ വളര്‍ത്തിയിരുന്ന കാര്യം പറയാന്‍ വിട്ടുപോയി. അവള്‍ക്കു സുഖമില്ലെന്നു കേട്ടപ്പോള്‍ ഞാന്‍ നേരെ ചായ്പ്പിലേക്കു ചെന്നു. ആ തള്ളയാട് നല്ലൊരു സാധുമൃഗമായിരുന്നു. ഒരു മനുഷ്യജീവിയോടുള്ള മമതയാണ് എനിക്ക് അതിനോടുണ്ടായിരുന്നത്.
ഇടറുന്ന കാലുകളോടെ ചായ്പിലേയ്ക്ക് ചെന്ന് ഞാന്‍ വാതില്‍ തുറന്നു. ആട് നാലുകാലില്‍ നില്‍ക്കുകയാണ്. ഞാനതിനെ സര്‍വ്വാംഗം തൊട്ടുനോക്കി. കൊമ്പു പിടിച്ചുനോക്കി; അകിടു തടവിനോക്കി. വിശേഷിച്ചു യാതൊന്നും കണ്ടില്ല. തീറ്റ കൂടുതലെടുത്തതായിരിക്കണം. ഉറങ്ങിക്കോ കുഞ്ഞാടേ, ഞാന്‍ അതിനോടു പറഞ്ഞു. സുഖക്കേടൊന്നും വരുത്തേണ്ട. അതിനു മറുപടിയായി അവള്‍ മേയെന്നു കരഞ്ഞു. എന്റെ സന്മനസ്സിനു നന്ദി പറയുകയാണ് അവളെന്നു തോന്നി.
ഞാന്‍ തിരിച്ചുചെന്നു ആ പയ്യന്‍ അപ്രത്യക്ഷനായിരുന്നു.
എവിടെ ആ പയ്യന്‍? ഞാന്‍ ചോദിച്ചു.
ഏതു പയ്യന്‍?
എന്താ നിന്റെ മനസ്സിലിരുപ്പ്? ഞാന്‍ ചോദിച്ചു. ബേക്കറിയില്‍ നില്‍ക്കുന്ന ആ പയ്യന്‍. നീ അവന്റെ കൂടെ കിടക്കുകയായിരുന്നു.
ഞാന്‍ ഇന്നലെ രാത്രിയും അതിന്റെ തലേന്നും കണ്ട പേക്കിനാവുകള്‍ നിങ്ങളെ കടിച്ചുകീറട്ടെ! അവള്‍ അലറിവിളിച്ചു. നിങ്ങളുടെയുള്ളില്‍ ഏതോ പിശാചു കുടിയി

രുന്ന് നിങ്ങളുടെ കണ്ണുകെട്ടുകയാണ്. വൃത്തികെട്ട ജന്തു!  വിഡ്ഢി! പിശാച്! ഇറങ്ങിപ്പോ! അല്ലെങ്കില്‍ ഒച്ചവച്ച് ഞാന്‍ ഫ്രാംപോല്‍ മൊത്തം ഉണര്‍ത്തും.
എനിക്കനങ്ങാന്‍ പറ്റുന്നതിനുമുമ്പ് അവളുടെ അനിയന്‍ അടുപ്പിനു പിന്നില്‍ നിന്നു ചാടിവീണ് എന്റെ തലയ്ക്കു പിന്നില്‍ ഒറ്റയടി. കഴുത്തൊടിഞ്ഞപോലെ തോന്നിപ്പോയി. എനിക്കെന്തോ കാര്യമായ പിശകുണ്ടെന്ന് എനിക്ക് ബോധ്യമായി. ഞാന്‍ അവളോടു പറഞ്ഞു. ദയവുചെയ്ത് അപവാദമൊന്നും ഉണ്ടാക്കരുത്. ഞാന്‍ പിശാചുക്കളെ വച്ചുപോറ്റുന്നുവെന്ന് കൂടി ആളുകള്‍ പഴിക്കേണ്ട കുറവേ ഇനിയുള്ളൂ. ആരും പിന്നെ ഞാന്‍ ഉണ്ടാക്കുന്ന പലഹാരം വാങ്ങില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ എങ്ങനെയൊക്കെയോ അവളെ പറഞ്ഞു സമാധാനിപ്പിച്ചു.
ശരി, അവള്‍  പറഞ്ഞു.
താഴെയെങ്ങാനും കിടന്നോ.
പിറ്റേന്നു രാവിലെ ഞാന്‍ പയ്യനെ വിളിച്ചു. കേള്‍ക്കനിയാ! എന്നിട്ട് ഞാന്‍ സകലതും പറഞ്ഞു. നിങ്ങള്‍ എന്താണീ പറയുന്നത്? ഞാനെന്തോ ആകാശത്തുനിന്നു പൊട്ടിവീണതുപോലെ അവന്‍ എന്നെ തുറിച്ചുനോക്കി.
നിങ്ങള്‍ ഏതെങ്കിലും മന്ത്രവാദിയെയോ, ഒറ്റമൂലിക്കാരനെയോ പോയി കാണണം. അവന്‍ പറയുകയാണ്. നിങ്ങളുടെ  ഒരു പിരി അയഞ്ഞിരിക്കുകയാണെന്നു തോന്നുന്നു. എന്തായാലും നിങ്ങളായതുകൊണ്ട് ഞാന്‍ ആരോടും മിണ്ടുന്നില്ല. അങ്ങനെയായി കാര്യം..
എന്തിനധികം നീട്ടുന്നു, ഇരുപതു കൊല്ലം ഞാന്‍ അവളോടൊപ്പം ജീവിച്ചു. അവള്‍ ആറു കുട്ടികളെ പെറ്റു, നാലു പെണ്ണും, രണ്ടാണും, ഇതിനിടയില്‍ പലതും നടന്നു. ഞാന്‍ ഒന്നും കണ്ടതുമില്ല, കേട്ടതുമില്ല. ഞാന്‍ എല്ലാം വിശ്വസിച്ചു, അത്ര തന്നെ. ഈയടുത്തിടെ റബ്ബി എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു. മറ്റൊന്നും വേണ്ട, വിശ്വാസമുണ്ടെങ്കില്‍ അതുമതി നന്മ വരാന്‍. ഗുണവാന്‍ വിശ്വാസം കൊണ്ടു ജീവിക്കുന്നു എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.


ഒരു ദിവസം പെട്ടെന്ന് എന്റെ ഭാര്യ കിടപ്പിലായി. ഒരു നിസ്സാരകാര്യത്തില്‍ നിന്നാണ് തുടങ്ങിയത്. മാറത്ത് ഒരു മുഴ. പക്ഷേ അവള്‍ക്ക് അധികനാള്‍ ഇല്ലെന്ന് വ്യക്തമായി. അവളുടെ ആയുസ്സ് കഴിയാറായിരിക്കുന്നു. അവളുടെ ചികിത്സക്കായി ഞാന്‍ കുറേ പണം ചിലവാക്കി. കൂട്ടത്തില്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഞാന്‍ ഇതിനകം സ്വന്തമായി ഒരു ബേക്കറി നടത്താന്‍ തുടങ്ങിയിരുന്നു. ഒരുവിധം പണക്കാരന്‍ എന്ന നിലയും ഫ്രാംപോലില്‍ എനിക്ക് കൈവന്നിരുന്നു. എല്ലാ ദിവസവും വൈദ്യന്‍ വരും, ചുറ്റുവട്ടത്തുള്ള സകല മന്ത്രവാദികളെയും വരുത്തി. ലബ്ലിനില്‍ നിന്ന് ഒരു ഡോക്ടറെ

വരെ വരുത്തിയതാണ്. പക്ഷേ ഫലമുണ്ടായില്ല. മരിക്കുന്നതിനുമുമ്പ് അവള്‍ എന്നെ കട്ടിലിനരികിലേയ്ക്ക് വിളിച്ചു. എനിക്കു മാപ്പു തരണേ, ഗിമ്പല്‍.
ഞാന്‍ പറഞ്ഞു മാപ്പു തരാനെന്തിരിക്കുന്നു. നീ വിശ്വസ്തയായ നല്ലൊരു ഭാര്യയായിരുന്നു.
കഷ്ടം ഗിമ്പലേ! അവള്‍ കരഞ്ഞു. ഇത്രയും കാലം ഈ വൃത്തികെട്ട ഞാന്‍ നിങ്ങളെ കബളിപ്പിച്ചു. എനിക്ക് എന്റെ സ്രഷ്ടാവിനടുത്തേയ്ക്ക് ശുദ്ധയായി പോകണം. അതുകൊണ്ട് ഞാന്‍ പറയുകയാണ്, കുട്ടികള്‍ നിങ്ങളുടേതല്ല.
തലയ്‌ക്കൊരടിയേറ്റതുപോലെ ഞാന്‍ സ്ത്ബധനായിപ്പോയി.
പിന്നെയാരുടെ കുട്ടികളാണവര്‍?
ഞാന്‍ ചോദിച്ചു.
എനിക്കറിഞ്ഞുകൂടാ. എത്രയോ പേരുണ്ടായിരുന്നു. എന്തായാലും അവര്‍ നിങ്ങളുടെ മക്കളല്ല. സംസാരിച്ചുകൊണ്ടിരിക്കെ അവള്‍ തലയിട്ടുരുട്ടി. കണ്ണുകള്‍ ശൂന്യതയിലേക്കു നോക്കി എല്‍ക്കയുടെ ജീവിതം കഴിഞ്ഞു. അവളുടെ വിളര്‍ത്ത ചുണ്ടുകളില്‍ ഒരു മന്ദഹാസം തങ്ങിനിന്നിരുന്നു.
ജീവന്‍ വെടിഞ്ഞിട്ടും അവള്‍ ഇങ്ങനെ പറയുകയാണെന്നു ഞാന്‍ സങ്കല്‍പ്പിച്ചു. ഞാന്‍ ഗിമ്പലിനെ കബളിപ്പിച്ചു. എന്റെ ഹ്രസ്വമായ ജീവിതത്തിന്റെ പൊരുള്‍ അതായിരുന്നു.


4
ദു:ഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു ദിവസം രാത്രി ആട്ടച്ചാക്കുകള്‍ക്കു മേല്‍ കിടന്ന് ഞാനുറങ്ങുകയായിരുന്നു. സ്വപ്നത്തില്‍ പിശാച് എന്റെയടുക്കല്‍ വന്ന് ഇങ്ങനെ ചോദിച്ചു. ഗിമ്പലേ, താന്‍ എന്തിനാണുറങ്ങുന്നത്?
ഞാന്‍ പിന്നെ എന്തു ചെയ്യണം? പിരിയപ്പം തിന്നുകൊണ്ടിരിക്കണോ? ഞാന്‍ ചോദിച്ചു.
ലോകര്‍ മൊത്തം നിന്നെ കബളിപ്പിക്കുമ്പോള്‍ തിരിച്ചു നീയും അവരെ കബളിപ്പിക്കേണ്ടതല്ലേ?
ലോകത്തെ മൊത്തം കബളിപ്പിക്കാന്‍ എന്നെക്കൊണ്ടു കഴിയുമോ? ഞാന്‍ അവനോടു ചോദിച്ചു.
അപ്പോള്‍ അവന്‍ പറയുകയാണ്. ദിവസവും നീ ഓരോ തൊട്ടി മൂത്രം കരുതണം. എന്നിട്ടു രാത്രിയില്‍ അതു മാവിലൊഴിച്ചു കുഴയ്ക്കുക. ഫ്രാംപോലിലെ ജ്ഞാനികള്‍ അഴുക്കു തിന്നട്ടെ.

അപ്പോള്‍ പരലോകത്തെ ന്യായവിധിയെ ഭയക്കണ്ടേ?
പരലോകമൊന്നും വരാനില്ല.
അവന്‍ പറഞ്ഞു. അവര്‍ നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. അസംബന്ധം!
അങ്ങനെയാണെങ്കില്‍ ദൈവം എന്നൊരാളുണ്ടോ?
അതുമില്ല.
പിന്നെയെന്താണുള്ളത്?
കൊഴുത്ത ചെളി.
ആട്ടിന്‍താടിയും കൊമ്പും തേറ്റകളും വാലുമായി അവന്‍ എന്റെ മുന്നില്‍ അങ്ങനെ നിന്നു. അവന്റെ വായില്‍ നിന്നും വന്നതു കേട്ടിട്ട് എനിക്കവന്റെ വാലിന് പിടിച്ച് ആഞ്ഞടിക്കാന്‍ തോന്നി; പക്ഷേ ഞാന്‍ ചാക്കിനു മേല്‍ നിന്നു താഴെ വീണു;  ഒരു വാരിയെല്ല് ഒടിയേണ്ടതായിരുന്നു. ആ സമയത്ത് തന്നെയാണ് എനിക്കു മൂത്രമൊഴിക്കാന്‍ തോന്നിയതും.


പുറത്തെക്കു പോകുമ്പോള്‍ കുഴച്ച മാവ് പുളിച്ചുനില്‍ക്കുന്നത് എന്റെ കണ്ണില്‍പ്പെട്ടു. അതെന്നോട് ഇങ്ങനെ പറയുന്നതുപോലെ എനിക്കു തോന്നി. ഒഴിക്ക്! ചുരുക്കിപ്പറഞ്ഞാല്‍ ആ പ്രേരണയ്ക്കു ഞാന്‍ വശംവദനായി.
കാലത്ത് വേലക്കാരന്‍ പയ്യന്‍ വന്നു. ഞങ്ങള്‍ മാവു കുഴച്ചു, അതില്‍ പെരുഞ്ചീരകം വിതറി ബോര്‍മ്മയില്‍ വച്ചു പയ്യന്‍ പോയപ്പോള്‍ ബോര്‍മ്മയ്ക്കടുത്ത് പഴന്തുണിക്കൂട്ടത്തിനു മേല്‍ ഞാന്‍ ഒറ്റയ്ക്കായിപ്പോയി. അപ്പോള്‍ ഗിമ്പലേ, ഞാന്‍ മനസ്സില്‍ പറഞ്ഞു, അവര്‍ നിന്റെ മേല്‍ ചൊരിഞ്ഞ ആക്ഷേപത്തിനെല്ലാം കൂടി നീ കണക്കു തീര്‍ത്തിരിക്കുന്നു. പുറത്തു മഞ്ഞു കട്ടപിടിച്ചു തിളങ്ങുന്നുണ്ടായിരുന്നു. പക്ഷേ അകത്ത് അടുപ്പിന്റെ ചൂടുണ്ടായിരുന്നു. തീനാളങ്ങള്‍ എന്റെ മുഖം ചൂടുപിടിപ്പിച്ചു. തലചായ്ച്ച് ഞാന്‍ ഒരു മയക്കത്തിലാണ്ടു.
പെട്ടെന്ന് ഒരു സ്വപ്നത്തില്‍ ശവക്കച്ച കൊണ്ടുമൂടിയ എല്‍ക്കയെ ഞാന്‍ കണ്ടു. അവള്‍ ചോദിച്ചു. എന്താണീ ചെയ്തത്, ഗിമ്പലേ?
ഞാന്‍ അവളോടു പറഞ്ഞു. ഒക്കെ നിന്റെ കുഴപ്പംകൊണ്ടാണ് എന്നിട്ട് ഞാന്‍ തേങ്ങിക്കരയാന്‍ തുടങ്ങി.
മണ്ടന്‍! അവള്‍ പറഞ്ഞു മണ്ടന്‍! ഞാനൊരാള്‍ തെറ്റിയെന്ന് വച്ചിട്ട് മറ്റു സകലതും തെറ്റിപ്പോയോ! ഞാന്‍ എന്നെയല്ലാതെ മറ്റാരെയുമല്ല കബളിപ്പിച്ചത്. അതിന് ഞാനിന്നനുഭവിക്കുകയാണ് ഗിംപലേ. ഇവിടെ ഒരാളെയും വെറുതെ വിടാറില്ല.
ഞാന്‍ അവളുടെ മുഖത്തേയ്ക്കു നോക്കി. അതിനു കറുപ്പുനിറമായിരുന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നുപോയി. കുറച്ചുനേരത്തേയ്ക്ക് എന്റെ നാവു പൊന്തിയില്ല. സര്‍വ്വതും ഒരു തുലാസ്സില്‍ ആടുകയാണെന്നു എനിക്കു ബോദ്ധ്യമായി. ഇപ്പോള്‍ ഒരടി പിഴച്ചാല്‍ മതി, നിത്യജീവന്‍ എനിക്ക് നഷ്ടപ്പെടുകയായി. പക്ഷേ ദൈവം എനിക്കു തുണയായി. ഞാന്‍ നീണ്ടൊരു കോരിക കടന്നെടുത്ത് ബോര്‍മ്മയില്‍നിന്ന് റൊട്ടികള്‍ പുറ

ത്തെടുത്ത് മുറ്റത്തുകൊണ്ടുപോയി എന്നിട്ടു ഞാന്‍ മഞ്ഞുറഞ്ഞ മണ്ണില്‍ ഒരു കുഴിയെടുക്കാന്‍ തുടങ്ങി.
അതിനിടെ പയ്യന്‍ മടങ്ങിവന്നു. ഇതെന്തായി ചെയ്യുന്നതങ്ങുന്നേ? അവന്‍ ശവംപോലെ വിളറിപ്പോയി.
ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്കറിയാം. കണ്മുന്നില്‍വച്ച് ഞാന്‍ അതെല്ലാം കുഴിയിലിട്ട് മൂടി.
പിന്നെ ഞാന്‍ വീട്ടില്‍ പോയി, ഒളിപ്പിച്ചുവച്ചിരുന്ന എന്റെ സമ്പാദ്യം കുട്ടികള്‍ക്കു വീതിച്ചുകൊടുത്തു. ഞാന്‍ ഇന്നു രാത്രി നിങ്ങളുടെ അമ്മയെ കണ്ടു. ഞാന്‍ പറഞ്ഞു, പാവം, അവള്‍ കറുത്തു കറുത്തു വരുന്നു.
അവര്‍ ഒരക്ഷരം ശബ്ദിക്കാനാവാതെ സ്തബ്ധരായിപ്പോയി.
നന്നായിരിക്കൂ. ഞാന്‍ പറഞ്ഞു. ഗിമ്പല്‍ എന്നൊരാള്‍ ജീവിച്ചിരുന്ന കാര്യം തന്നെ മറന്നേക്കുക. ഞാന്‍ എന്റെ കൊച്ചു കോട്ടും ഒരുജോഡി ബൂട്ടും എടുത്തിട്ടു; ~ഒരു കൈയില്‍ പ്രാര്‍ത്ഥനാവസ്ത്രം വച്ച സഞ്ചിയും മറ്റേക്കൈയില്‍ ഒരു വടിയുമെടുത്ത് ഞാന്‍ മെസൂസയില്‍ ചുംബിച്ചു. തെരുവില്‍ എന്നെ കണ്ടപ്പോള്‍ ആളുകള്‍ക്കു വളരെ അത്ഭുതമായി.
താനെങ്ങോട്ടു പോകുന്നു? അവര്‍ ചോദിച്ചു.
ലോകത്തേയ്ക്ക്! ഞാന്‍ മറുപടി പറഞ്ഞു അങ്ങനെ ഞാന്‍ ഫ്രാംപോലില്‍ നിന്നു വിടവാങ്ങി.
നാടുമുഴുവന്‍ ഞാന്‍ തെണ്ടിനടന്നു. നല്ലവരായ ആളുകള്‍ എന്നെ അവഗണിച്ചില്ല. കൊല്ലങ്ങള്‍ ഏറെ കഴിഞ്ഞപ്പോള്‍ എനിക്കു പ്രായമായി. തലനരച്ചു. ഞാന്‍ പലതും കേട്ടു, എന്തൊക്കെ നുണകളും, കൃത്രിമങ്ങളും, പക്ഷേ ആയുസ്സിനു നീളം കൂടുന്തോറും അയഥാര്‍ത്ഥം എന്നൊന്നില്ലെന്ന് എനിക്ക് ബോധ്യമാവുകയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാത്തത് രാത്രിയില്‍ സ്വപ്നത്തില്‍ നടക്കുന്നു. ഒരാളുടെ കാര്യത്തില്‍ നടന്നില്ലെങ്കില്‍ മറ്റൊരാളുടെ കാര്യത്തില്‍, ഇന്നല്ലെങ്കില്‍ നാളെ, അടുത്തകൊല്ലം അല്ലെങ്കില്‍ വരുന്ന നൂറ്റാണ്ടില്‍.  അതുകൊണ്ടെന്തു വ്യത്യാസം വരാന്‍? ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞുപോകും, ഇതൊരിക്കലും നടക്കാന്‍ പോകുന്നില്ല. പക്ഷേ ഒരു കൊല്ലം കഴിയേണ്ട, അങ്ങനെയൊരു സംഭവം എവിടെയോ നടന്നതായി എന്റെ ചെവിയിലെത്തും.


ഇങ്ങനെ ഊരു തെണ്ടി നടക്കുന്നതിനിടയില്‍ അന്യഗൃഹങ്ങളിലെ തീന്‍മേശകള്‍ക്കു മുന്നിലിരുന്ന് ഞാന്‍ പലപ്പോഴും കഥകളുണ്ടാക്കിപ്പറയും. ഒരിക്കലും നടക്കാനിടയില്ലാത്ത അസ്വഭാവികമായ കാര്യങ്ങള്‍. പിശാചുകളും മന്ത്രവാദികളും കാറ്റാടിയന്ത്രങ്ങളും മറ്റും കഥാപാത്രങ്ങളാവുന്ന കഥകള്‍. കുട്ടികള്‍ എന്റെ പിന്നാലെ ഓടിവരും. മുത്തശ്ശാ,     ഒരു കഥ പറയൂ. ചിലപ്പോള്‍ അവര്‍ ഇന്ന കഥ വേണമെന്നു പറയും. ഞാന്‍ അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഒരു കഥ പറയും. ഒരിക്കല്‍ കൊഴു

ത്തുരുണ്ട ഒരു കുട്ടി പറഞ്ഞു. അപ്പൂപ്പാ, ഇതേ കഥ പണ്ടും പറഞ്ഞതാണ്. കൊച്ചു തെമ്മാടി, അവന്‍ പറഞ്ഞതു ശരിയായിരുന്നു.
സ്വപ്നങ്ങളുടെ കാര്യവും അതുതന്നെ. ഞാന്‍ ഫ്രാംപോല്‍ വിട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായിരിക്കുന്നു. പക്ഷേ കണ്ണടയ്‌ക്കേണ്ട താമസം, ഞാന്‍ അവിടെ എത്തുകയായി. അവിടെ ഞാന്‍ ആരെയാണു കാണുന്നതെന്നാണു നിങ്ങളുടെ വിചാരം? എല്‍ക്കായെ. ഞങ്ങള്‍ ആദ്യം കണ്ടപ്പോഴത്തെപ്പോലെ വെള്ളത്തൊട്ടിക്കടുത്തു നില്‍ക്കുകയാണവള്‍; പക്ഷേ അവളുടെ മുഖം തിളങ്ങുകയാണ്. അവളുടെ കണ്ണുകള്‍ ഒരു പുണ്യവാളന്റെ കണ്ണുകള്‍ പോലെ പ്രകാശം പരത്തുകയാണ്. എനിക്കറിയാത്ത കാര്യങ്ങള്‍ ഈ ലോകത്തിന്റേതല്ലാത്ത ഒരു ഭാഷയില്‍ എന്നോടു പറയുകയാണവള്‍. ഉറക്കമുണരുമ്പോള്‍ സര്‍വ്വതും ഞാന്‍ മറന്നുപോകുന്നു. പക്ഷേ സ്വപ്നത്തിലായിരിക്കുന്നിടത്തോളം നേരം എനിക്കു മന:ശാന്തി കിട്ടുന്നു. എന്റെ എല്ലാ സംശയങ്ങളും അവള്‍ തീര്‍ത്തു തരുന്നു;  അതില്‍നിന്നും എനിക്കു മനസ്സിലാവുന്നത് എല്ലാം ശരി എന്നത്രേ.. തേങ്ങിക്കരഞ്ഞുകൊണ്ടു ഞാന്‍ യാചിക്കും. എന്നെക്കൂടി കൊണ്ടുപോകൂ. അവള്‍ എന്നെ ആശ്വസിപ്പിക്കുകയും കാത്തിരിക്കാന്‍ ഉപദേശിക്കുകയും ചെയ്യും. സമയം അത്ര ദൂരെയല്ല. ചിലനേരം അവള്‍ എന്നെ തലോടുകയും ഉമ്മ വയ്ക്കുകയും എന്റെ മുഖത്തു കവിള്‍ ചേര്‍ത്തു തേങ്ങിക്കരയുകയും ചെയ്യും. ഉറക്കമുണരുമ്പോള്‍ അവളുടെ ചുണ്ടുകളുടെ സ്പര്‍ശവും കണ്ണീരിന്റെ ഉപ്പുരസവും ഞാന്‍ അറിയും.


ഈ ലോകം തീര്‍ത്തും സാങ്കല്‍പ്പികമായ ഒരു ലോകമാണെന്നതില്‍ ഒരു സംശയവുമില്ല; പക്ഷേ യഥാര്‍ത്ഥലോകത്തു നിന്നു ഒരു ചുവടു പിന്നിലാണ് അതെന്നേയുള്ളൂ. ഞാന്‍ കിടക്കുന്ന ചെറ്റക്കുടിലിന്റെ വാതില്‍ക്കല്‍ മരിച്ചവരെ എടുത്തുകൊണ്ടുപോകുന്ന മഞ്ചം ചാരിവച്ചിരിക്കുന്നു. ശവക്കുഴി വെട്ടുകാരന്‍ മണ്‍വെട്ടിയുമായി തയ്യാറായി നില്പാണ്. ശവക്കുഴി കാത്തുകിടക്കുന്നു. വിരകള്‍ ആര്‍ത്തിയോടിരിപ്പുണ്ട്; ശവക്കച്ചയും തയ്യാറാണ്.  ഞാന്‍ അത് എന്റെ സഞ്ചിയില്‍ കൂടെക്കൊണ്ടു നടക്കുകയാണ്. മറ്റൊരു ഷ്‌നോറര്‍ എന്റെ വൈക്കോല്‍ക്കിടക്ക സ്വന്തമാക്കാന്‍ കാത്തിരിക്കുന്നു. കാലമെത്തുമ്പോള്‍ ആഹ്ലാദത്തോടെ ഞാന്‍ പോകും. അവിടെയുള്ളതെന്തുമാകട്ടെ, അതു യഥാര്‍ത്ഥമായിരിക്കും, സങ്കീര്‍ണ്ണത കലരാത്തതായിരിക്കും. അവഹേളനയും കാപട്യവുമില്ലാത്തതായിരിക്കും. ദൈവത്തിനു സ്തുതി; അവിടെ ഗിമ്പല്‍ പോലും കബളിപ്പിക്കപ്പെടുകയില്ല.


റബ്ബി  - യഹൂദമത പണ്ഡിതന്‍
ഗൊലേം   - യഹൂദ കഥകളിലെ ജീവന്‍ കിട്ടിയ കളിമണ്‍ പ്രതിമ.
ഷ്‌നോദര്‍ - ഭിക്ഷക്കാരന്‍
മെയ്‌മൊനൈസ്ഡ്   - മദ്ധ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന യഹൂദ ദാര്‍ശിനികന്‍

മെസൂസ - തോറായിലെ വരികൾ എഴുതിയ തകിട് ഉറുക്കിലാക്കി വാതിൽ കട്ടളയിൽ തൂക്കിയിട്ടത്

ഷ്ണോറെർ - യാചകൻsinger


Sunday, May 4, 2014

അവ്രോം സുറ്റ്സ്ക്കെവെർ - ആരു ശേഷിക്കും?

sutzekever

 

ആരു ശേഷിക്കും? എന്തു ശേഷിക്കും? ഒരു കാറ്റു ശേഷിക്കും.
അന്ധരായി മരിച്ച ബന്ധുക്കളുടെ അന്ധത ശേഷിക്കും.
ഒരു കടലിന്റെ തെളിവായി നുരയുടെ നേർത്തൊരിഴ ശേഷിക്കും.
ഒരു മരക്കൊമ്പിലുടക്കിക്കിടന്ന മേഘത്തുണ്ടു ശേഷിക്കും.

ആരു ശേഷിക്കും? എന്തു ശേഷിക്കും? ഒരു വാക്കിന്റെ ബാക്കി ശേഷിക്കും,
ഇനിയൊരാദിയിൽ ഉല്പത്തിയുടെ പുൽക്കൊടികളതിൽ നിന്നു മുള പൊട്ടും.
ആരും കാണണമെന്നില്ലാതെ ഒരു പനിനീർപ്പൂ ശേഷിക്കും,
ഏഴു പുൽക്കൊടികൾ അതിനെയറിഞ്ഞുവെന്നും വരും.

വടക്കു നിന്നിവിടത്തോളമുള്ള വിശാലതയിലെ നക്ഷത്രങ്ങളിൽ
ഒരു കണ്ണീർത്തുള്ളിയിൽ വീണ നക്ഷത്രം മാത്രം ശേഷിക്കും.
ചഷകത്തിലൊരു തുള്ളി വീഞ്ഞു ശേഷിക്കും, ഒരു മഞ്ഞുതുള്ളി.
ആരു ശേഷിക്കും? ദൈവം ശേഷിക്കും. നിനക്കതു പോരേ?

----------------------------------------------------------------------------------------

 

അവ്രോം സുറ്റ്സ്ക്കെവെർ (1913-2010)- ഹോളോക്കോസ്റ്റിനെ അതിജീവിച്ച യിദ്ദിഷ്കവി.

Monday, January 27, 2014

റെയ്സൽ ഷ്ച്ലിൻസ്ക - ഞാനോർക്കുന്നു

Rajzel-Zychlinski


ഞാനോർക്കുന്നു
അന്നൊരു സന്ധ്യയായിരുന്നു
ഇന്നെന്ന പോലെ-
പാർക്കിൽ ഞാനൊറ്റയ്ക്കായിരുന്നു.
ബഞ്ചുകൾ ശൂന്യവും ത്യക്തവുമായിരുന്നു,
ഇനിയാരും ഒരിക്കലും
അവയിലിരിക്കില്ലെന്ന്
അവയ്ക്കറിയാമെന്നപോലെ.
ഭൂമിയിൽ ശരല്ക്കാലങ്ങളുടെ എണ്ണമെടുത്തുകൊണ്ട്
ഇലകൾ സാവധാനം കൊഴിയുന്നുണ്ടായിരുന്നു.
എങ്ങും മൂകതയായിരുന്നു,
കൊടുങ്കാറ്റിനു മുമ്പെന്നപോലെ.
അതേതു നാട്ടിലായിരുന്നു?
ഏതു നഗരത്തിൽ?
അതൊരു ദേവാലയമായിരുന്നു,
ദേവനില്ലാതെ,
ഭക്തരില്ലാതെ.
എങ്ങനെയാണവിടെ നിന്നു ഞാൻ
രക്ഷപ്പെട്ടതും?


Sunday, January 26, 2014

റെയ്സൽ ഷ്ച്ലിൻസ്ക - കവിത

ZYCHLINS

 


നിങ്ങൾ ഒരു കവിതയെഴുതിയെന്നോ, അതിനെന്താ?
അതു സുന്ദരമെന്നൊരാൾ പറയുന്നു.
അതിവഷളെന്നു മറ്റൊരാളും.
ചിലർ ചുമയ്ക്കുന്നു,
ചിലർ ഞരങ്ങുന്നു.
ആ സുന്ദരമായ കവിതയെക്കുറിച്ച്
സൂര്യനൊരൂഹവുമില്ല.
പൂച്ചയ്ക്കുമില്ല,
എലിക്കുമില്ല.
വീടിപ്പോഴും കല്ലില്പണിതതു തന്നെ,
മേശ- മരത്തിലും.
പക്ഷേ ഒരു ഗ്ളാസ്സിൽ നിന്നു
ഞാൻ കുടിക്കുന്ന വെള്ളം
പെട്ടെന്നു മധുരിക്കുന്നു,
പുല്ലു പോലെ പച്ചയുമാവുന്നു.
ഞാനതിനെ മേലേക്കുയർത്തുന്നു,
എന്റെ തലയ്ക്കുമുയരത്തിൽ.
പിന്നെ ഞാനവിടെ
മൂന്നു വട്ടം മുട്ടുകാലിൽ വീഴുന്നു,
മേശയെ ചുംബിക്കുന്നു,
വീടിനെ ചുംബിക്കുന്നു!
പിന്നെ ഞാനോരോ പഴുതിലും തിരയുന്നു,
ആ കുഞ്ഞുചുണ്ടെലിയെ.


റെയ്സൽ ഷ്ച്ലിൻസ്ക(1910-2001)- പോളണ്ടുകാരിയായ യിദ്ദിഷ് കവി.

Monday, October 1, 2012

അബ്രാഹം റെയ്സെൻ - എട്ടു പേരുടെ കുടുംബം

abraham reisen

എട്ടുപേരുടെ കുടുംബം.
കിടക്കകൾ ആകെ രണ്ട്.
രാത്രിയാവുമ്പോൾ,
എന്തു ചെയ്യുമവർ?

അച്ഛനോടൊപ്പം മൂന്നുപേർ,
അമ്മയോടൊപ്പം മൂന്നു പേർ:
ഒരാളുടെ കൈകാലുകൾ
അന്യന്റെ മേലായി.

രാത്രിയാവുമ്പോൾ,
കിടക്കാനൊരുങ്ങുമ്പോൾ,
അമ്മയ്ക്കാശ തോന്നുന്നു,
താൻ മരിച്ചിരുന്നുവെങ്കിലെന്ന്.

വിശ്രമിക്കാനായി
തനിയ്ക്കായൊരിടം.
ഇടുങ്ങിയതാണത്-
എന്നാൽ താനൊറ്റയ്ക്കാണവിടെ.



അബ്രാഹം റെയ്സെൻ (1876-1953) - യിദ്ദിഷ് കവിയും പത്രപ്രവർത്തകനും. ബെലോറഷ്യയിലെ മിൻസ്കിൽ ജനിച്ചു.


Thursday, January 7, 2010

ഇസാക്‌ ബഷേവിച്ച്‌ സിംഗർ-കാഫ്കയുടെ ഒരു സ്നേഹിതൻ

image

ഫ്രാൻസ്‌ കാഫ്കയുടെ ഒരു പുസ്തകമെങ്കിലും വായിക്കുന്നതിനു വർഷങ്ങൾക്കു മുമ്പു തന്നെ ഞാൻ അദ്ദേഹത്തെക്കുറിച്ച്‌ ജാക്വെസ്‌ കോൺ പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു; അദ്ദേഹത്തിന്റെ ഒരു സ്നേഹിതനും ഒരു കാലത്ത്‌ യിദ്ദിഷ്‌ നാടകങ്ങളിൽ അഭിനയിച്ചിരുന്നയാളുമായിരുന്നു കോൺ. ഞാൻ പരിചയപ്പെടുമ്പോൾ അദ്ദേഹം നാടകാഭിനയമൊക്കെ നിർത്തിയിരിക്കുന്നു. 1930-ന്റെ തുടക്കം; യിദ്ദിഷ്‌ നാടകത്തിന്‌ കാഴ്ചക്കാർ നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ജാക്വെസ്‌ കോൺ ദരിദ്രനും രോഗിയുമായിക്കഴിഞ്ഞിരുന്നു. പരിഷ്കാരിയുടെ മട്ടിൽ ഉടുത്തൊരുങ്ങുന്ന ശീലം ഉപേക്ഷിച്ചിരുന്നില്ലെങ്കിലും വസ്ത്രങ്ങളൊക്കെ മുഷിഞ്ഞതായിരുന്നു. ഇടതുകണ്ണിൽ ഒരൊറ്റക്കണ്ണട, പഴയമട്ടിലുള്ള പൊങ്ങിയ കോളർ, മേൽത്തരം തുകലു കൊണ്ടുള്ള ഷൂസ്‌, രോമത്തൊപ്പി ഇവയൊക്കെയുണ്ടാവും. ദിവസം ചെല്ലുംതോറും കൂനിക്കൂനിവരികയായിരുന്നെങ്കിലും ചുമലു വിരിച്ചുവയ്ക്കാൻ ആവേശത്തോടെയുള്ള യത്നവും നടന്നിരുന്നു. ഒരുകാലത്ത്‌ സ്വർണ്ണനിറമായിരുന്ന മുടിയിൽ അവശേഷിച്ചത്‌ ശൂന്യമായ തലയോട്ടിയിൽ ഒരു പാലം പോലെ കോതിവച്ചിട്ടുണ്ടാവും. ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ സംഭാഷണം പഴയ നാടകക്കാരുടെ മട്ടിൽ ജർമ്മൻ കലർന്ന യിദ്ദിഷിലേക്കു തെന്നിപ്പോകും-വിശേഷിച്ചും തനിക്കു കാഫ്കയുമായുള്ള ബന്ധത്തെക്കുറിച്ചു പറയുമ്പോൾ. അടുത്തകാലത്തായി പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി അയയ്ക്കാൻ തുടങ്ങിയിരുന്നെങ്കിലും അവ തിരസ്കരിക്കുന്ന കാര്യത്തിൽ സകല പത്രാധിപന്മാരും ഏകാഭിപ്രായക്കാരായിരുന്നു. ലെസ്നോതെരുവിലെവിടെയോ ഉള്ള ഒരു കെട്ടിടത്തിന്റെ തട്ടുമ്പുറത്തുള്ള ഒരു മുറിയിലാണ്‌ ആളുടെ വാസം.പകലു മുഴുവൻ ഓക്സിജൻ ടെന്റിൽ കിടന്നിട്ട്‌ രാത്രിയിൽ ഡോൺ ജൂവാനായി പുറത്തിറങ്ങുകയായി എന്നൊരു തമാശ അദ്ദേഹത്തെക്കുറിച്ച്‌ ക്ലബ്ബംഗങ്ങൾക്കിടയിൽ പരന്നിരുന്നു.
ഞങ്ങൾ എന്നും വൈകിട്ട്‌ ക്ലബ്ബിൽ ഒത്തുചേരാറുണ്ടായിരുന്നു. ജാക്വെസ്‌ കോണിനു കടന്നുവരാനായി വാതിൽ സാവധാനം തുറക്കപ്പെടും. ജൂതച്ചേരി സന്ദർശിക്കാൻ ദാക്ഷിണ്യം കാട്ടിയ ഏതോ യൂറോപ്യൻമഹാനുഭാവന്റെ ഭാവമായിരിക്കും മുഖത്ത്‌. വരുന്നവഴി ചുറ്റുപാടുമൊന്നു കണ്ണോടിച്ചിട്ട്‌ അദ്ദേഹം മുഖം ചുളിക്കും; ഈ മത്തിയുടെയും വെളുത്തുള്ളിയുടെയും വിലകുറഞ്ഞ പുകയിലയുടെയുമൊക്കെ മണം തന്റെ അഭിരുചിക്കു ചേർന്നതാവുന്നില്ല എന്നാണതിനർത്ഥം. ചുളിഞ്ഞ പത്രക്കടലാസ്സുകളും നിര തെറ്റിയ ചെസ്കരുക്കളും സിഗരറ്റുകുറ്റികൾ കുത്തിനിറച്ച ആഷ്ട്രേകളും കൊണ്ടു നിറഞ്ഞ മേശകൾക്കു ചുറ്റുമായി ക്ലബ്ബംഗങ്ങൾ സാഹിത്യത്തെക്കുറിച്ച്‌ അന്തമറ്റ ചർച്ചയും നടത്തി ഇരുപ്പുണ്ടാവും. അവരെ അവ്ജ്ഞയോടെ ഒന്നു നോക്കിയിട്ട്‌ ഈ വിഡ്ഡികൾ ഗുണം പിടിക്കാൻ പോകുന്നില്ല എന്ന അർത്ഥത്തിൽ അദ്ദേഹം ഒന്നു തോളു വെട്ടിക്കും. അദ്ദേഹം കടന്നുവരുന്നതു കണ്ണിൽപ്പെടുന്ന നിമിഷം ഞാൻ പോക്കറ്റിൽ കൈയിട്ട്‌ ഒരു സ്ലോട്ടിയുടെ നാണയമെടുത്തുവയ്ക്കും; അതദ്ദേഹം മുറതെറ്റാതെ എന്നോടു കടം വാങ്ങാറുള്ളതാണ്‌.

അന്നു വൈകിട്ട്‌ ജാക്വെസ്‌ കോൺ പതിവിലും ഉല്ലാസവാനായിട്ടാണു കാണപ്പെട്ടത്‌. പോഴ്സലൈൻപല്ലുകൾ വെളിയിൽ കാണുമാറു ചിരിച്ചുകൊണ്ട്‌ അരങ്ങിലെന്നപോലെ ആടിയുലഞ്ഞ്‌ അദ്ദേഹം എന്റെയടുത്തേക്കു വന്നു. വിരൽ നീണ്ട, എല്ലിച്ച കൈ നീട്ടിക്കൊണ്ട്‌ അദ്ദേഹം ചോദിച്ചു:"ഉദിച്ചുയരുന്ന യുവതാരത്തിനു സുഖം തന്നെയോ?"

"തമാശ തുടങ്ങിക്കഴിഞ്ഞോ?"

"തമാശയല്ല, ഞാൻ കാര്യമായിട്ടുതന്നെ പറഞ്ഞതാണ്‌. എനിക്കില്ലാത്തൊരു സാധനമാണെങ്കിലും പ്രതിഭയുള്ളവരെ കണ്ടാൽ എനിക്കുടനെ മനസ്സിലാകും. 1911-ൽ ഞങ്ങൾ പ്രാഗിൽ നാടകം കളിക്കാൻ ചെല്ലുമ്പോൾ അവിടെയാരും കാഫ്കയെക്കുറിച്ചു കേട്ടിട്ടുകൂടിയില്ല. അന്നദ്ദേഹം അണിയറയിലേക്കു വന്നിരുന്നു. അദ്ദേഹത്തെ കണ്ട നിമിഷം ഞാനിതാ ഒരു മഹാപ്രതിഭയ്ക്കു മുന്നിലാണു നിൽക്കുന്നതെന്ന് എനിക്കു മനസ്സിലായി. പൂച്ച എലിയെ മണത്തറിയുന്നപോലെ എനിക്കതറിയാൻ പറ്റും. ഞങ്ങളുടെ ചങ്ങാത്തം തുടങ്ങുന്നതങ്ങനെയാണ്‌."
ഞാൻ ഈ കഥ പല തവണ പല രൂപത്തിൽ കേട്ടുകഴിഞ്ഞിരിക്കുന്നു; എങ്കിലും അതു വീണ്ടും കേൾക്കേണ്ടിവരുമെന്നും എനിക്കറിയാമായിരുന്നു. അദ്ദേഹം എന്റെ മേശയ്ക്കടുത്തു വന്നിരുന്നു. മന്യ,പരിചാരിക,ചായയും ബിസ്കറ്റും കൊണ്ടുവച്ചു. ജാക്വെസ്‌ കോൺ പുരികമുയർത്തി; ആ മഞ്ഞിച്ച കണ്ണുകളുടെ വെള്ളകളിൽ നേർത്ത സിരകളുടെ ചെന്നൂലോടിയിരുന്നു. 'ഇതിനാണോ ഈ പ്രാകൃതന്മാർ ചായ എന്നു പറയുന്നത്‌?' എന്നായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്‌. ഗ്ലാസ്സിലേക്ക്‌ അഞ്ചു നുള്ളു പഞ്ചാരയിട്ടിട്ട്‌ അദ്ദേഹം ചായ ഇളക്കാൻ തുടങ്ങി. തള്ളവിരലും നഖം നീട്ടിവളർത്തിയ ചൂണ്ടുവിരലും കൊണ്ട്‌ ഒരു കഷണം ബിസ്കറ്റു പൊട്ടിച്ചു വായിലിട്ടുകൊണ്ട്‌ അദ്ദേഹം പറഞ്ഞു:"നു ജാ." എന്നുപറഞ്ഞാൽ പോയകാലത്തിന്റെ ഓർമ്മ കൊണ്ട്‌ വയറു നിറയില്ല എന്നും.

ഇതെല്ലാം പക്ഷേ ഒരഭിനയമായിരുന്നു. അദ്ദേഹം ജനിച്ചത്‌ പോളണ്ടിലെ ഒരു കൊച്ചുപട്ടണത്തിൽ ഹസീദുകളുടെ ഒരു കുടുംബത്തിലാണ്‌. ശരിക്കുള്ള പേർ ജാക്വെസ്‌ എന്നല്ല, ജാൻകെൽ എന്നായിരുന്നു. ഏറെക്കാലം പ്രാഗ്‌, വിയന്ന, ബർലിൻ,പാരീസ്‌ എന്ന്വിടങ്ങളിലായിരുന്നു. യിദ്ദിഷ്‌ നാടകവേദിയിലേക്കു വരുന്നതിനു മുമ്പ്‌ അദ്ദേഹം ഫ്രാൻസിലും ജർമ്മനിയിലുമൊക്കെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ളയാളാണ്‌. പേരുകേട്ട പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. ഷഗാലിന്‌ ബലെവിലിൽ ഒരു സ്റ്റുഡിയോ തേടിപ്പിടിച്ചുകൊടുത്തത്‌ ഇദ്ദേഹമാണ്‌:ഇസ്രായെൽ സാംഗ്‌വില്ലിന്റെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു അദ്ദേഹം. റെയിൻഹാർട്ടിന്റെ ഒരു നാടകത്തിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്‌. കാഫ്കയുടെ മാത്രമല്ല, ജേക്കബ്‌ വാസർമാൻ,സ്റ്റെഫാൻ സ്വെയ്ഗ്‌,റൊമെയ്ൻ റൊളാങ്ങ്‌,ഇലിയാ എഹ്‌റെൻബർഗ്‌,മാർട്ടിൻ ബൂബർ എന്നിവർ തനിക്കയച്ച കത്തുകളും അദ്ദേഹം എനിക്കു കാട്ടിത്തന്നിരുന്നു. അവരൊക്കെ അദ്ദേഹത്തെ സ്നേഹപൂർവ്വം ജാക്വെസ്‌ എന്നാണു വിളിച്ചിരുന്നത്‌. ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തുകഴിഞ്ഞപ്പോൾ താനുമായി ബന്ധം പുലർത്തിയിരുന്ന പ്രശസ്തനടിമാരുടെ ഫോട്ടോകളും കത്തുകളും വരെ അദ്ദേഹം എനിക്കു കാണിച്ചുതന്നിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ജാക്വെസ്‌ കോണിന്‌ ഒരു സ്ലോട്ടി വായ്പ കൊടുക്കുക എന്നതിനർത്ഥം പടിഞ്ഞാറൻ യൂറോപ്പുമായി ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു. അദ്ദേഹം ആ വെള്ളി കെട്ടിയ ചൂരൽ പിടിക്കുന്ന രീതി പോലും വലിയൊരു പുതുമയായിട്ടാണ്‌ എനിക്കു തോന്നിയത്‌. അദ്ദേഹം സിഗരറ്റു വലിച്ചിരുന്നതും ഞങ്ങൾ വാഴ്സാക്കാർ ചെയ്യുന്നതിൽ നിന്നു വ്യത്യസ്തമായിട്ടായിരുന്നു. വളരെ ഭവ്യതയോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. എനിക്കെതിരു പറയേണ്ടിവരുന്ന അപൂർവ്വസന്ദർഭങ്ങളിൽപ്പോലും എനിക്കു വേദന തോന്നാത്തവിധം അദ്ദേഹം അതു സാധിച്ചിരുന്നു. മറ്റെന്തിനെക്കാളുമുപരി എന്നെ ആകർഷിച്ചത്‌ അദ്ദേഹം സ്ത്രീകളോടിടപടുന്ന രീതിയാണ്‌. എനിക്കാണെങ്കിൽ സ്ത്രീകളെ അഭിമുഖീകരിക്കാൻ വളരെ സങ്കോചമായിരുന്നു. അവരുടെ മുന്നിൽ പെട്ടാൽ ലജ്ജ കൊണ്ട്‌ എന്റെ മുഖം ചുവന്നുപോകും; എന്തു ചെയ്യണമെന്ന് ഒരു പിടിയുമുണ്ടാവില്ല. പക്ഷേ അത്തരം സന്ദർഭങ്ങളിലൊക്കെ ജാക്വസ്‌ കോണിന്‌ നല്ല മനസ്സാന്നിദ്ധ്യമായിരുന്നു. എത്ര അവലക്ഷണം പിടിച്ച സ്ത്രീയാകട്ടെ, അവരോട്‌ ഒരു ഭംഗിവാക്കു പറയാനുണ്ടാവും അദ്ദേഹത്തിന്‌. സകലസ്ത്രീകളെയും അദ്ദേഹം മുഖസ്തുതി പറഞ്ഞു വീഴ്ത്തി. അതു പക്ഷേ നിർദ്ദോഷവുമായിരുന്നു. സകലതിന്റെയും രുചിയറിഞ്ഞുകഴിഞ്ഞ ഒരു സുഖാന്വേഷിയുടെ ചെടിച്ച മനോഭാവമായിരുന്നു ഇതിനൊക്കെയടിയിൽ.

എന്നോടു സംസാരിക്കുമ്പോൾ അദ്ദേഹം ഒന്നും ഒളിച്ചിരുന്നില്ല. 'ഞാനിന്ന് ഫലത്തിൽ ഒരു ഷണ്ഡന്റെ അവസ്ഥയിലാണെന്റെ കുട്ടാ. അത്രയ്ക്കുയർന്ന ഒരഭിരുചി ഉണ്ടായിപ്പോയതിന്റെ ഗുണമാണ്‌. വിശന്നിരിക്കുന്നവന്‌ എന്തു കിട്ടിയാലും മതിയല്ലോ. ഒരു സ്ത്രീയും ആകർഷകയായിത്തോന്നാത്ത ഒരവസ്ഥയിൽ ഞാനെത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു ന്യൂനതയും എന്റെ കണ്ണിൽപ്പെടാതെ പോകില്ല. ഇതിനാണു ഷണ്ഡത്വം എന്നു പറയുന്നത്‌. മേലുടുപ്പും അടിയുടുപ്പുമൊക്കെ എനിക്കു സുതാര്യമാണ്‌. ചായവും ലേപനവും കൊണ്ട്‌ എന്നെ കബളിപ്പിക്കാനാവില്ല. എന്റെ പല്ലു പോയെന്നതു ശരി തന്നെ; പക്ഷേ ഒരുത്തി വായ തുറന്നാൽ അവളുടെ വയ്പ്പുപല്ല് ഞാൻ കാണിച്ചുതരാം. പറയുമ്പോൾ എഴുത്തിന്റെ കാര്യത്തിൽ കാഫ്കയുടെ പ്രശ്നവും ഇതുതന്നെയായിരുന്നു. എല്ലാ ന്യൂനതകളും,തന്റേതും മറ്റുള്ളവരുടേതും, അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. സാഹിത്യത്തിൽ ഏറിയ ഭാഗവും സൃഷ്ടിക്കുന്നത്‌ സോളായും ഡി അനൺസിയോവും പോലുള്ള ഇടത്തരക്കാരും അബദ്ധക്കാരുമാണല്ലോ. സാഹിത്യത്തിൽ കാഫ്ക കണ്ട അതേ ന്യൂനതകൾ തന്നെ നാടകവേദിയിൽ ഞാനും കണ്ടു. അങ്ങനെയാണ്‌ ഞങ്ങൾ തമ്മിൽ അടുക്കുന്നത്‌. പക്ഷേ വിചിത്രമെന്നു പറയണം, നാടകവേദിയെ വിലയിരുത്തുന്ന കാര്യത്തിൽ കാഫ്ക്‌ യാതൊരു വിവേചനശക്തിയും കാണിച്ചില്ല. ഞങ്ങളുടെ മോശപ്പെട്ട യിദിഷ്‌ നാടകങ്ങളെ അദ്ദേഹം വാനോളം പുകഴ്ത്തി. അമിതാഭിനയക്കാരി ഒരു നടി, മദാം ഷിസ്സിക്കുമായി അദ്ദേഹം പ്രണയത്തിലുമായി. കാഫ്ക ആ ജന്തുവിനെ സ്നേഹിച്ചുവെന്നും അവളെക്കുറിച്ചു സ്വപ്നം കണ്ടുവെന്നുമൊക്കെ ആലോചിക്കുമ്പോൾ മനുഷ്യനെയും അവന്റെ വ്യാമോഹങ്ങളെയും കുറിച്ചോർത്തു ലജ്ജിക്കാനാണ്‌ എനിക്കു തോന്നുന്നത്‌. അതെന്തുമാകട്ടെ, അമരത്വത്തിന്‌ അങ്ങനെ വേർതിരിവൊന്നുമില്ല; ഒരു മഹാനുമായി അടുക്കാനിടയാവുന്നനും അമരത്വത്തിലേക്കു മാർച്ചു ചെയ്യാൻ തരമാകുന്നു, പലപ്പോഴും ഇണങ്ങാത്ത ബൂട്ടുകളിലാണെങ്കിൽപ്പോലും.

ഞാനിങ്ങനെ പിടിച്ചുനിൽക്കുന്നത്‌ എന്തിന്റെ ബലത്തിലാണെന്ന് നിങ്ങൾ ഒരിക്കൽ ചോദിച്ചില്ലേ? അതോ എനിക്കു തോന്നിയതാണോ? ഈ ദാരിദ്ര്യവും രോഗവുമൊക്കെ ഞാൻ എങ്ങനെ സഹിക്കുന്നുവെന്ന്? അതും ആശ വയ്ക്കൻ ഒന്നുമില്ലാത്ത ഞാൻ! നല്ല ചോദ്യം. പഴയനിയമത്തിലെ ഇയ്യോബിന്റെ കഥ ആദ്യമായി വായിക്കുമ്പോൾ ഞാനും ഇതേ ചോദ്യം സ്വയം ചോദിച്ചിരുന്നു. ഇയ്യോബ്‌ ആ ദുരിതങ്ങളൊക്കെ സഹിച്ചുകൊണ്ട്‌ ജീവിച്ചതെന്തിനുവേണ്ടിയായിരുന്നു? എല്ലാം കഴിയുമ്പോൾ തനിക്ക്‌ അന്നുള്ളതിൽക്കൂടുതൽ പെണ്മക്കളും കഴുതകളും ഒട്ടകങ്ങളും ലഭിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നോ? അല്ല, അത്‌ ആ കളിക്കു വേണ്ടിത്തന്നെയായിരുന്നു. വിധി എന്ന പ്രറ്റ്‌ഹിയോഗിയുമായി ചതുരംഗം കളിക്കുകയാണു നമ്മൾ. അവൻ ഒരു നീക്കം നടത്തുമ്പോൾ നമ്മൾ എതിർനീക്കം നടത്തുന്നു. അവൻ നമ്മളെ മൂന്നു നീക്കങ്ങൾ കൊണ്ട്‌ അടിയറവു പറയിക്കാൻ നോക്കുന്നു; നമ്മൾ അതു ചെറുക്കാനും നോക്കുന്നു. നാം ജയിക്കാൻ പോകുന്നില്ലെന്ന് നമുക്കറിയാം; പക്ഷേ അത്രവേഗം അവനു വഴങ്ങിക്കൊടുക്കാൻ നാം തയ്യാറല്ല. എന്റെ പ്രതിയോഗി ഒരു കടുപ്പക്കാരൻ മാലാഖയാണ്‌. തന്റെ ചെപ്പിലെ സകല വിദ്യകളുമെടുത്ത്‌ അവൻ ജാക്വെസ്‌ കോണിനോടു പൊരുതുകയാണ്‌. ഇതാ മഞ്ഞുകാലമയിരിക്കുന്നു; സ്റ്റൗ കത്തിച്ചാൽപ്പോലും ചൂടു കിട്ടാത്ത സമയം. പക്ഷേ എന്റെ സ്റ്റൗവിൽ തീ കത്തിയിട്ടു മാസങ്ങളായിരിക്കുന്നു. അതൊന്നു നന്നാക്കിത്തരാൻ വീട്ടുടമയ്ക്കു മനസ്സുമില്ല. കൽക്കരി വാങ്ങാൻ എന്റെ കൈയിൽ കാശില്ല. പുറത്തെ അതേ തണുപ്പാണ്‌ എന്റെ മുറിക്കുള്ളിലും. വേനൽക്കു പോലും എന്റെ ജനാലച്ചില്ലുകൾ കിടുകിടുക്കും. ചിലസമയം ഒരു കണ്ടൻപൂച്ച എന്റെ ജനാലയ്ക്കടുത്തുള്ള മേൽക്കൂരയിൽ കയറിനിന്നുകൊണ്ട്‌ പ്രസവിക്കാൻ കിടക്കുന്ന പെണ്ണുങ്ങളെപ്പോലെ മോങ്ങാൻ തുടങ്ങും. പുതച്ചുമൂടിയിട്ടും തണുത്തുമരവിച്ചു കിടക്കുകയായിരിക്കും ഞാൻ. അവൻ മോങ്ങുന്നത്‌ ചക്കിപ്പൂച്ചയ്ക്കു വേണ്ടിയായിരിക്കും; അല്ലെങ്കിൽ വിശന്നിട്ടാവാം. എനിക്കു വേണമെങ്കിൽ ഒരു റൊട്ടിക്കഷണമെടുത്തെറിഞ്ഞുകൊടുത്ത്‌ അവന്റെ വായടയ്ക്കാം; അതുമല്ലെങ്കിൽ അവനെ ആട്ടിയോടിക്കാം. പക്ഷേ ആ ശ്രമത്തിനിടെ ഞാൻ തണുത്തുവിറച്ചു മരിച്ചുപോകും. കയ്യിൽക്കിട്ടാവുന്ന സകല പഴന്തുണിയും, എന്തിന്‌ പഴയ പത്രക്കടലാസ്സു വരെയെടുത്ത്‌ പുതച്ചുമൂടിക്കൊണ്ടാണ്‌ എന്റെ കിടപ്പ്‌-ഒന്നനങ്ങിയാൽ മതി ചെയ്തതൊക്കെ നിഷ്ഫലമാകാൻ.

എന്നാലെന്താ, ചതുരംഗം കളിക്കാനിരിക്കുകയാണെങ്കിൽ അതു കളിക്കാനറിയുന്നവന്റെ കൂടെത്തന്നെ വേണം ചങ്ങാതീ. എനിക്കെന്റെ പ്രതിയോഗിയെ വലിയ ബഹുമാനമാണ്‌. ചിലനേരം ഞാനവന്റെ സാമർത്ഥ്യം കണ്ടു മയങ്ങിപ്പോകാറുണ്ട്‌. അങ്ങു ദൈവരാജ്യത്ത്‌, നമ്മുടെ കൊച്ചുഗ്രഹത്തിന്റെ കാര്യങ്ങൾ നോക്കുന്ന വകുപ്പിൽ, മൂന്നമത്തെയോ ഏഴാമത്തെയോ വകുപ്പിൽ ഇരിക്കുകയാണവൻ. അവനു കൊടുത്തിട്ടുള്ള പണി ഇതാണ്‌- ജാക്വെസ്‌ കോണിനെ കെണിയിൽ വീഴ്ത്തുക. പക്ഷേ അവന്‌ ഒരു നിർദ്ദേശം കൊടുത്തിട്ടുള്ളതിതാണ്‌: ഭരണി തകർക്കുക, പക്ഷേ വീഞ്ഞു മുഴുവൻ ചോർന്നുപോകാതെ നോക്കണം. അതുതന്നെയാണ്‌ അവൻ ചെയ്തുവച്ചിരിക്കുന്നതും. അവൻ എന്റെ ജീവൻ പോകാതെ നിർത്തിയിരിക്കുന്നത്‌ ഏതുവിധമാണെന്നത്‌ വലിയൊരുത്ഭുതം തന്നെയാണ്‌. പറയാൻ സങ്കോചമുണ്ടെങ്കിലും പറയട്ടെ, എന്തുമാത്രം മരുന്നാണു ഞാൻ കഴിക്കുന്നതെന്നോ! ഒരു മരുന്നുകടക്കാരൻ സ്നേഹിതൻ ഉള്ളതുകൊണ്ട്‌ അതൊക്കെയങ്ങു നടന്നുപോകുന്നു. കിടക്കുന്നതിനു മുമ്പ്‌ ഒന്നൊന്നായി ഗുളികകൾ എടുത്തു വിഴുങ്ങും, വെള്ളം കുടിക്കാതെ; വെള്ളം കുടിച്ചാൽ മൂത്രമൊഴിക്കേണ്ടിവരുമല്ലോ. എനിക്കു മൂത്രാശയരോഗമുതുകൊണ്ട്‌ രാത്രിയിൽ പലതവണ എഴുന്നേൽക്കണം. ഇരുട്ടത്ത്‌ കാന്റിന്റെ സംവർഗ്ഗങ്ങൾക്കു പ്രസക്തിയില്ല; കാലം കാലമല്ല, സ്ഥലം സ്ഥലവുമല്ല. നിങ്ങൾ കൈയിൽ പിടിച്ചിരിക്കുന്ന ഒരു വസ്തു പൊടുന്നനെ കാണാതാവുന്നു. എന്റെ ഗ്യാസ്‌വിളക്കു കത്തിക്കുക എന്നത്‌ കുറഞ്ഞ പണിയൊന്നുമല്ല. തീപ്പെട്ടികൾ സദാ കാണാതെപോകുന്നു. എന്റെ മച്ചുംപുറം നിറയെ ഭൂതങ്ങളാണ്‌. ഇടയ്ക്കൊക്കെ ഞാൻ അവരിൽ ഒരുത്തനെ വിളിച്ചു പറയാറുണ്ട്‌: എടാ വിനാഗിരീ, വീഞ്ഞിന്റെ മോനേ, നിന്റെയീ വിളയാട്ടമൊക്കെ നിർത്താറായില്ലേ?

കുറച്ചുനാൾ മുമ്പ്‌ പാതിരാത്രിക്ക്‌ ആരോ എന്റെ വാതിലിനു ശക്തിയായി ഇടിക്കുന്നതു കേട്ടു. ഒപ്പം ഒരു പെണ്ണിന്റെ ശബ്ദവും. അവൾ ചിരിക്കുകയാണോ അതോ കരയുകയാണോ എന്ന് എനിക്കു മനസ്സിലായില്ല. 'ആരാവുമത്‌?' ഞാൻ സ്വയം ചോദിച്ചു. 'ലിലിത്‌? നമാ? കെറ്റെയ്‌വ്‌ മിശ്‌രിയുടെ മകൾ മൿനാത്‌?' ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു,'മദാം, നിങ്ങൾക്കു വീടു തെറ്റി.' എന്നിട്ടും അവൾ വാതിലിനിടി നിർത്തിയില്ല. പിന്നെ ഒരു ഞരക്കവും ആരോ താഴെ വീഴുന്ന ശബ്ദവും കേട്ടു. വാതിൽ തുറക്കാൻ എനിക്കു ധൈര്യം വന്നില്ല. ഞാൻ തീപ്പെട്ടി പരതാൻ തുടങ്ങി. ഒടുവിൽ നോക്കുമ്പോൾ അതെന്റെ കൈയിൽത്തന്നെയുണ്ടായിരുന്നു. ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റ്‌ ഗ്യാസ്‌വിളക്കു കത്തിച്ചു. പിന്നെ മേൽക്കുപ്പായവും ചെറുപ്പുമെടുത്തിട്ടു. കണ്ണാടിയിൽ മുഖം കണ്ടപ്പോൾ ഞാൻ വിരണ്ടുപോയി-രോഗിയെപ്പോലെ വിളറി,താടിയും മീശയും വളർന്ന്... ഏതായാലും ഞാൻ ചെന്നു വാതിൽ തുറന്നു. പുറത്തു നിൽക്കുന്നത്‌ ഒരു ചെറുപ്പക്കാരിയാണ്‌; നൈറ്റ്‌ ഗൗണിനു മീതെ വിലകൂടിയ രോമക്കുപ്പായം ധരിച്ച ഒരുവൾ.കാലിൽ ചെരുപ്പില്ല. പേടിച്ചുവിളറി നിൽക്കുകയാണവൾ. നീണ്ടുചുവന്ന മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു. 'മദാം, എന്തു പറ്റി?' ഞാൻ ആരാഞ്ഞു.

"ഒരാൾ എന്നെ കൊല്ലാൻ വന്നു. ദവവു ചെയ്ത്‌ എന്നെയൊന്ന് അകത്തുകയറ്റൂ. പുലർച്ചയ്ക്കുതന്നെ ഞാൻ പൊയ്ക്കോളാം."

കൊല്ലാൻ വന്നതാരാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നെവെങ്കിലും അവളുടെ നിൽപ്പു കണ്ടപ്പോൾ വേണ്ടെന്നു വച്ചു. അവൾ കുടിച്ചിട്ടുണ്ടായിരുന്നു. ഞാൻ അവളെ മുറിക്കകത്തു കയറ്റി. അവളുടെ കൈയിൽ വജ്രം പതിച്ച ഒരു വള കിടക്കുന്നതു ഞാൻ ശ്രദ്ധിച്ചു. "മുറി ചൂടു പിടിപ്പിച്ചിട്ടില്ല," ഞാൻ പറഞ്ഞു.

"തെരുവിൽ കിടന്നു മരിക്കുന്നതിനെക്കാൾ ഭേദമാണിത്‌."

അങ്ങനെ മുറിയിൽ ഞങ്ങൾ രണ്ടുപേരുണ്ട്‌. എനിക്കാണെങ്കിൽ ഒരു കട്ടിലേയുള്ളു. ഞാൻ കുടിക്കില്ല-എനിക്കതു തൊട്ടുകൂട-എന്നാൽ എന്റെ ഒരു സ്നേഹിതൻ സമ്മാനിച്ച ഒരു കുപ്പി കൊഞ്ഞ്യാക്‌ ഇരുപ്പുണ്ടായിരുന്നു; കുറച്ചു തണുത്ത ബിസ്ക്കറ്റും. ഒരു ഗ്ലാസ്‌ മദ്യം അകത്തു ചെന്നപ്പോൾ അവൾക്ക്‌ ഒന്നു ജീവൻ വച്ചപോലെ തോന്നി. "മദാം, നിങ്ങൾ ഈ കെട്ടിടത്തിൽ തന്നെയാണോ താമസം?" ഞാൻ ചോദിച്ചു.

"അല്ല, എന്റെ വീട്‌ ഉജസ്ദോവ്സ്കി തെരുവിലാണ്‌."

അവൾ നല്ല കുടുംബത്തിൽ ജനിച്ചതാണെന്ന് കണ്ടാലറിയാം. സംസാരത്തിനിടെ അവൾ ഒരു പ്രഭുകുമാരിയാണെന്നും വിധവയാണെന്നും ഞാൻ മനസ്സിലാക്കി. ഇതേ കെട്ടിടത്തിൽത്തന്നെയുള്ള ഒരാളുമായി അവൾക്കു വേഴ്ചയുണ്ട്‌-ഒരു സിംഹക്കുട്ടിയെ ഓമനിച്ചുവളർത്തുന്ന മുരടനൊരുത്തൻ. അയാളും പ്രഭുകുടുംബത്തിൽ പെട്ടയാളായിരുന്നുവെങ്കിലും ഇപ്പോൾ ബഹിഷ്കൃതനായി നടക്കുകയാണ്‌. ഏതോ വധശ്രമക്കേസിൽ ഒരു വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയിട്ടേയുള്ളു. അവളുടെ താമസം അമ്മായിയമ്മയ്യോടൊപ്പമായതിനാൽ അയാൾക്ക്‌ അങ്ങോട്ടു ചെല്ലാൻ പറ്റില്ല. അതിനാൽ അവൾ ഇങ്ങോട്ടു വന്നു കാണും. അന്നു രാത്രി അവർ തമ്മിൽ വഴക്കായി. അയാൾ അവളെ ഉപദ്രവിക്കുകയും തോക്കെടുത്തു ചൂണ്ടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ അവൾ എങ്ങനെയോ അയാളുടെ മുറിയിൽ നിന്നു രക്ഷപെട്ടോടുകയായിരുന്നു. അടുത്ത മുറികളില്ലുള്ളവരാരും അവൾക്കഭയം കൊടുത്തില്ല. അങ്ങനെയാണ്‌ തട്ടുമ്പുറത്തെ എന്റെയീ മുറിയിൽ അവൾ എത്തിപ്പെട്ടത്‌.

"മദാം,"ഞാൻ പറഞ്ഞു,"അയാൾ നിങ്ങളെ തിരഞ്ഞുനടക്കുന്നുണ്ടാവും. അയാൾ ഇങ്ങോട്ടെങ്ങാനുമെത്തിയാലോ? ഞാൻ പണ്ടത്തെപ്പോലെയൊന്നുമല്ല."

"അതിനയാൾ ധൈര്യപ്പെടില്ല," അവൾ പറഞ്ഞു. "അയാൾ പരോളിലല്ലേ? എനിക്കയാളെ മടുത്തു. ദയവു ചെയ്ത്‌ ഈ ഇരുട്ടത്ത്‌ എന്നെ ഇറക്കിവിടരുതേ."

"നാളെ എങ്ങനെ വീട്ടിലെത്തും?" ഞാൻ ചോദിച്ചു.

"എനിക്കൊരു പിടിയുമില്ല," അവൾ പറഞ്ഞു. "പക്ഷേ എനിക്കയാളുടെ കൈ കൊണ്ട്‌ മരിക്കാൻ വയ്യ."

"എന്തായാലും എനിക്കിനി ഉറക്കം വരില്ല. നിങ്ങൾ എന്റെ കിടക്കയിൽ കിടന്നോളൂ. ഞാൻ ഈ കസേരയിൽ കൂടിക്കോളാം," ഞാൻ പറഞ്ഞു.

"അയ്യോ, അതു വേണ്ട! നിങ്ങൾക്കു ചെറുപ്പമല്ലല്ലോ. നിങ്ങൾക്കു നല്ല സുഖമില്ലെന്നും തോന്നുന്നു. ദയവു ചെയ്ത്‌ അവിടെ കിടന്നാട്ടെ. ഞാൻ ഇവിടെ ഇരുന്നോളാം."

കുറേനേരം ഞങ്ങൾ അങ്ങനെ വാശി പിടിച്ചു. ഒടുവിൽ രണ്ടുപേർക്കും കട്ടിലിൽ കൂടാമെന്ന് ഞങ്ങൾ ഒരു ധാരണയിലെത്തി. "ഞാനൊരു സാധുവാണേ," ഞാൻ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു. "വയസ്സായില്ലേ!"
അവൾക്കത്‌ പൂർണ്ണവിശ്വാസമായെന്നും തോന്നി.

ഞാൻ എന്താണു പറഞ്ഞുകൊണ്ടുവന്നത്‌? അതെ, ഒരു പ്രഭുകുമാരിയുമായി ഒരേ കട്ടിലിൽ കിടക്കുകയാണു ഞാൻ. അവളുടെ കാമുകൻ ഏതു നിമിഷവും വാതിൽ തകർത്തു കയറിവരാം. ഞാൻ രണ്ടു വിരിപ്പുകളെടുത്ത്‌ ഞങ്ങൾക്കു മേലിട്ടു. മനസ്സാകെ കലുഷമായിരുന്നതിനാൽ തണുപ്പിന്റെ കാര്യം തന്നെ എന്റെ മനസ്സിൽ നിന്നു പോയി. അതുമല്ല, ഞാൻ അവളുടെ സാമീപ്യം അറിയുന്നുമുണ്ടായിരുന്നു. അവളുടെ ശരീരത്തിൽ നിന്ന് അസാധാരാണമായ ഒരു ഊഷ്മളത പ്രസരിക്കുന്നു. ഞാൻ അതേവരെ അറിഞ്ഞതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു അത്‌. എന്റെ പ്രതിയോഗി സൂത്രത്തിൽ പുതിയൊരു നീക്കം നടത്തുകയാണോ? കഴിഞ്ഞ കുറേ കൊല്ലങ്ങളായി അവൻ എന്നോട്‌ കാര്യമായ കളിക്കൊന്നും വരാതിരിക്കുകയാണ്‌. "നല്ല നീക്കം തന്നെ," ഞാൻ അവനെ അഭിനന്ദിച്ചു."ഒന്നാന്തരം!" അവളുടെ വേഴ്ചക്കാരൻ ആരാണെന്ന് എനിക്കപ്പോൾ മനസ്സിലായി. കോണിയിറങ്ങി പോകുമ്പോൾ ഞാൻ അയാളെ കണ്ടിട്ടുണ്ട്‌-ഒരു കൂറ്റൻ; കൊലപാതകിയുടെ മുഖം. ജാക്വെസ്‌ കോണിനു യോജിച്ച അന്ത്യം തന്നെ-ഒരു പോളിഷ്‌ ഒഥെല്ലോയുടെ കൈ കൊണ്ട്‌ കഥകഴിയുക!

എനിക്കു ചിരി വന്നു. ഞങ്ങൾ ഒരുമിച്ചു ചിരിച്ചു. ഞാൻ അവളെ അടുക്കിപ്പിടിച്ചപ്പോൾ അവൾ എതിർത്തില്ല. പെട്ടെന്ന് ഒരത്ഭുതം സംഭവിച്ചു. ഞാൻ വീണ്ടുമൊരു പുരുഷനായി! പണ്ടൊരുകാലത്ത്‌, ഒരു വ്യാഴാഴ്ചദിവസം ഒരു കൊച്ചുഗ്രാമത്തിലെ കശാപ്പുകടയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ശാബത്തിന്‌ അറുക്കാൻ നിർത്തിയിരിക്കുന്ന ഒരു കാളയും പശുവും ഇണചേരുന്നതു ഞാൻ കണ്ടു. അവൾ സമ്മതിച്ചതിന്റെ രഹസ്യം എനിക്കിന്നും മനസ്സിലായിട്ടില്ല. അതൊരുപക്ഷേ തന്റെ കാമുകനോടു പകവീട്ടാൻ അവൾ കണ്ട വഴിയാകാം. അവൾ എന്നെ ചുംബിച്ചുകൊണ്ട്‌ കാതിൽ പുന്നാരങ്ങൾ ചൊല്ലി. ആ സമയത്ത്‌ പുറത്ത്‌ കനത്ത കാൽവയ്പ്പുകൾ കേട്ടു. ആരോ വാതിലിൽ മുഷ്ടി ചുരുട്ടിയിടിച്ചു. അവൾ കട്ടിലിൽ നിന്നുരുണ്ടിറങ്ങി തറയിൽ ചെന്നുകിടന്നു. മരിക്കാൻ കിടക്കുന്നവർക്കുള്ള പ്രാർത്ഥന ചൊല്ലാൻ എനിക്കു തോന്നിപ്പോയി എന്നതാണു സത്യം. പക്ഷേ ദൈവത്തിന്റെ മുന്നിൽ ചെല്ലാൻ എനിക്കു ലജ്ജ തോന്നി; അതിലുമുപരി എന്നെ കളിയാക്കി ചിരിക്കുന്ന എന്റെ പ്രതിയോഗിയുടെ മുന്നിൽ നിൽക്കാണാണ്‌ എനിക്കു സങ്കോചം തോന്നിയത്‌. അവനു സന്തോഷിക്കാൻ ഇങ്ങനെയൊരവസരം കൂടി എന്തിനു നൽകണം? മെലോഡ്രാമയ്ക്കു പോൽഉം ഒരതിരൊക്കെയുണ്ട്‌.

വാതിലിനു പിന്നിൽ ആ മൃഗത്തിന്റെ തൊഴി തുടർന്നുകൊണ്ടിരുന്നു. വാതിൽ പൊളിഞ്ഞുവീണില്ല എന്നത്‌ ഒരത്ഭുതമായിത്തന്നെ എനിക്കു തോന്നി. അവൻ അതിന്മേൽ കാലു കൊണ്ടാഞ്ഞിടിച്ചു. കതകു ഞരങ്ങിയെങ്കിലും പിടിച്ചുനിന്നു. പേടിച്ചുവിറയ്ക്കുകയായിരുന്നെങ്കിലും എന്റെയുള്ളിൽ ആരോയിരുന്നു ചിരിച്ചു. അൽപം കഴിഞ്ഞപ്പോൾ ഒച്ചപ്പാടു നിലച്ചു; ഒഥല്ലോ സ്ഥലം വിട്ടിരിക്കുന്നു.

അടുത്തദിവസം രാവിലെ ഞാൻ പ്രഭുകുമാരിയുടെ ഒരു വള കൊണ്ടുപോയി പണയം വച്ച്‌ എന്റെ കഥാനായികയ്ക്ക്‌ ഡ്രസ്സും ഷൂസ്സും വാങ്ങിവന്നു. രണ്ടും പാകമായിരുന്നില്ല; അവൾക്കു പക്ഷേ ഒരു ടാക്സി പിടിക്കാനുള്ള ദൂരമെത്തിയാൽ മതിയായിരുന്നു. ഇടയ്ക്കവളുടെ കാമുകൻ ചാടിവീഴരുതെന്നേയുണ്ടായിരുന്നുള്ളു. എന്തുകാരണത്താലോ അയാൾ അന്നുരാത്രി തന്നെ അപ്രത്യക്ഷനായിരുന്നു. അയാളെ പിന്നെ കണ്ടിട്ടുമില്ല.

പിരിയുന്നതിനു മുമ്പ്‌ അവൾ എന്നെ ഉമ്മവച്ചു; അവളെ ചെന്നുകാണണമെന്ന് നിർബന്ധമായി പറഞ്ഞു. പക്ഷേ ഞാനത്ര വിഡ്ഡിയല്ല; താൽമൂദിൽ പറഞ്ഞിരിക്കുന്നതുപോലെ, അത്ഭുതങ്ങൾ നിത്യസംഭവങ്ങളല്ലല്ലോ.
അറിയാമോ, ഈ വാർദ്ധക്യകാലത്ത്‌ എന്നെ വേട്ടയാടുന്ന അതേ ആശങ്കകൾ തന്നെയാണ്‌ ചെറുപ്പക്കാരനായ കാഫ്കയെ പിന്തുടർന്നിരുന്നതും. താൻ ചെയ്യാനുന്നിയതിലൊക്കെ,രചനയിലാവട്ടെ സ്ത്രീവിഷയത്തിലാവട്ടെ, അവ തടസ്സങ്ങളായി. താൻ തേടിയുഴന്ന പ്രേമം കണ്മുന്നിലെത്തിയപ്പോൾ അദ്ദേഹം അതിനെ വിട്ടു പലായനം ചെയ്തു. ഒരു വരി എഴുതിയെങ്കിൽ അതു വെട്ടിക്കളയുകയും ചെയ്തു. ഓട്ടോ വെയ്നിംഗറും ഇതേ പ്രകൃതക്കാരനായിരുന്നു-ഒരു വിഭ്രാന്തപ്രതിഭ. വിയന്നായിൽ വച്ചാണ്‌ ഞാൻ അദ്ദേഹത്തെ കാണുന്നത്‌. അദ്ദേഹത്തിന്റെ വായിൽ നിന്ന് വിരുദ്ധോക്തികളും ചൊല്ലുകളും ഇങ്ങനെ പ്രവഹിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒരു വചനം ഞാനിന്നും മറന്നിട്ടില്ല-'മൂട്ടയെ ദൈവം സൃഷ്ടിച്ചതല്ല!' അതിന്റെ വിവക്ഷ പിടികിട്ടണമെങ്കിൽ നിങ്ങൾ വിയന്നയെ മനസ്സിലാക്കിയിരിക്കണം. എങ്കിൽപ്പിന്നെ മൂട്ടയെ സൃഷ്ടിച്ചതാര്‌?
അല്ലാ, അത്‌ ബാംബർഗല്ലേ! വാത്തിനെപ്പോലെയുള്ള ആ നടപ്പു കണ്ടില്ലേ? കുഴിയിൽ അടങ്ങിക്കിടക്കാത്ത ശവം. ഉറക്കം വരാത്ത ശവങ്ങൽക്കായി ഒരു ക്ലബ്ബു തുറക്കുന്നതിനെക്കുറിച്ച്‌ തന്റെ അഭിപ്രായമെന്താ? ഈയാൾ രാത്രി മൊത്തം എന്തു പരതിനടക്കുകയാണാവോ? കാബറേ കണ്ടിട്ട്‌ ഇയാൾക്കെന്തു വിശേഷം! ഞങ്ങൾ ബർലിനിൽ ആയിരിക്കുമ്പോൾത്തന്നെ ഡോക്ടർമാർ ഇയാളെ കൈയൊഴിഞ്ഞതാണ്‌. എന്നുവച്ച്‌ വേശ്യകളുമായി വെടിപറഞ്ഞുകൊണ്ട്‌ പുലർച്ചെ നാലുമണി വരെ റൊമാണിഷെകഫേയിൽ ഇരിക്കുന്ന പതിവു മുടക്കിയെന്നല്ല. ഒരുദിവസം ഗ്രനാറ്റ്‌ എന്ന നടൻ താനൊരു വിരുന്നു നടത്താൻ പോവുകയാണെന്നു പ്രഖ്യാപിച്ചു: ശരിക്കുമൊരു മദ്യക്കൂത്തു തന്നെ. ബാംബർഗിനും ക്ഷണമുണ്ടായിരുന്നു. വരുന്നവർ ഒരു സ്ത്രീയെയും കൂട്ടണമെന്ന് ഗ്രനാറ്റ്‌ നിഷ്കർഷിച്ചിരുന്നു: ഭാര്യ അല്ലെങ്കിൽ സ്നേഹിത. പക്ഷേ ബാംബർഗിനു രണ്ടുമില്ലായിരുന്നു. അതുകൊണ്ട്‌ അയാൾ എന്തുചെയ്തു? ഒരു വേശ്യയെ വാടകയ്ക്കെടുത്തു. അന്നവിടെ കൂടിയത്‌ എഴുത്തുകാരും പ്രോഫസർമാരും ചിന്തകന്മാരും പിന്നെ പതിവു ബുദ്ധിജീവിസർവ്വാണികളും മാത്രമാണ്‌. എല്ലാവരുടെയും ചിന്ത പോയത്‌ ബാബർഗിന്റെ വഴിക്കുതന്നെ. അവരും വേശ്യകളെ കൂട്ടിയാണു വന്നത്‌. ഞാനും അന്നവിടെ ഉണ്ടായിരുന്നു. എനിക്കു വളരെക്കാലമായി പരിചയമുണ്ടായിരുന്ന പ്രാഗുകാരി ഒരു നടിയോടൊപ്പമാണു ഞാൻ പോയത്‌. നിങ്ങൾക്കു ഗ്രനാറ്റിനെ അറിയാമോ? ഒരു തനി കാടൻ. സോഡാ കുടിക്കുന്നതു പോലെയാണ്‌ അയാൾ കോണ്യാക്‌ കഴിക്കുക. പത്തുമുട്ടയുടെ ഓംലറ്റ്‌ ഒറ്റയിരുപ്പിനു തിന്നും. അതിഥികൾ എല്ലാം എത്തിക്കഴിഞ്ഞപ്പോൾ അയാൾ വസ്ത്രമെല്ലാം ഉരിഞ്ഞുകളഞ്ഞിട്ട്‌ വന്ന വേശ്യകളുമായി കാടന്മാരെപ്പോലെ നൃത്തം വയ്ക്കാൻ തുടങ്ങി. ഇത്‌ തന്റെ സന്ദർശകരെ കാണിക്കാൻ വേണ്ടിമാത്രമായിരുന്നു. ബുദ്ധിജീവികൾ ആദ്യമൊക്കെ കസേരകളിൽ ഉറച്ചിരുന്ന് തുറിച്ചുനോക്കിയതേയുള്ളു. അൽപനേരം കഴിഞ്ഞ്‌ അവർ സെക്സിനെക്കുറിച്ച്‌ ചർച്ച ചെയ്യാൻ തുടങ്ങി: നീത്ഷെ അതു പറഞ്ഞു,ഷോപ്പൻഹോവർ അതു പറഞ്ഞു. അന്നവിടെ നടന്നതിനൊക്കെ സാക്ഷിയാകാത്ത ഒരാൾക്ക്‌ ഈ ജീനിയസ്സുകൾ ഇത്ര അപഹാസ്യരാകുമോ എന്നു വിശ്വസിക്കാൻ പ്രയാസം തോന്നും. ഇതിനിടയിൽ ബാംബർഗിനു സുഖമില്ലാതായി. ആൾ വിളറിവെളുത്തു; കുടുകുടെ വിയർത്തു. 'ജാക്വെസ്‌,' അയാൾ പറയുകയാണ്‌ 'എന്റെ കാര്യം കഴിഞ്ഞു; ചാകാൻ കണ്ടയിടം!' അയാൾക്കു പിത്താശയത്തിന്റെയും വൃക്കകളുടെയും അസുഖമുണ്ടായിരുന്നു. ഞാൻ അയാളെ താങ്ങിയെടുത്ത്‌ ഒരാശുപത്രിയിലെത്തിച്ചു. അതിരിക്കട്ടെ, ഒരു സ്ലോട്ടി വായ്പ തരാമോ?"

"രണ്ടിരിക്കട്ടെ."

"അല്ല, പോംസ്കിബാങ്കു കവർന്ന മട്ടുണ്ടല്ലോ!"

"ഞാനൊരു കഥ വിറ്റു."

"നല്ല കാര്യം. അത്താഴം നമുക്കൊരുമിച്ചാകാം. ഇന്ന് നിങ്ങൾ എന്റെ അതിഥിയാണ്‌."

2

ഞങ്ങൾ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രാംബർഗ്‌ മേശയ്ക്കടുത്തേക്കു വന്നു. കാസരോഗിയെപ്പോലെ ശോഷിച്ച്‌,ആകെ കൂനിക്കൂടിയ ഒരു കൊച്ചു മനുഷ്യൻ. മേത്തരം തുകലു കൊണ്ടുള്ള ഷൂസും മുട്ടോളമെത്തുൻന സ്റ്റോക്കിംഗ്സും ധരിച്ചിട്ടുണ്ട്‌. കൂർത്ത തലയോട്ടിയിൽ നരച്ച മുടിയിഴകൾ ചിലതുണ്ടായിരുന്നു. ഒരു കണ്ണ്‌ മറ്റേതിനെക്കാൾ വലുതായിരുന്നു-ചുവന്നു തുറിച്ച്‌, സ്വന്തം കാഴ്ച കൊണ്ടുതന്നെ വിരണ്ട മട്ടിൽ. എല്ലിച്ച കൈകൾ മേശ മേൽ ഊന്നിനിന്നുകൊണ്ട്‌ കോഴി പനട്ടുന്ന ഒച്ചയിൽ അയാൾ ജാക്വെസിനെ വിളിച്ചു,'ഇന്നലെ ഞാൻ തന്റെ കാഫ്കയുടെ ദുർഗ്ഗം വായിച്ചു; രസമുണ്ട്‌, നല്ല രസമുണ്ട്‌. പക്ഷേ അയാൾ എങ്ങോട്ടാണീ കൊണ്ടുപോകുന്നത്‌? ഇത്ര ദീർഘമായ സ്ഥിതിക്ക്‌ സ്വപ്നമാകാൻ വയ്യ. ദൃഷ്ടാന്തകഥകൾ ഹ്രസ്വമായിരിക്കണം.'

ജാക്വെസ്‌ കോൺ ചവച്ചുകൊണ്ടിരുന്നത്‌ പെട്ടെന്നു വിഴുങ്ങി. 'ഇരിക്ക്‌,' അദ്ദേഹം പറഞ്ഞു.'ഒരു മാസ്റ്റർ നിയമങ്ങളെ അനുസരിക്കണമെന്നില്ല.'

'ഏതു മാസ്റ്ററായാലും അനുസരിക്കേണ്ട ചില നിയമങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ ഒരു നോവലും യുദ്ധവും സമാധാനവും കവിഞ്ഞ്‌ ദീർഘമാകാൻ പാടില്ല. അതു തന്നെ ദീർഘമാണ്‌. വേദപുസ്തകത്തിന്‌ പതിനെട്ടു വാല്യങ്ങളുണ്ടായിരുന്നെങ്കിൽ അതെന്നേ മറവിൽപ്പെട്ടു പോയേനേ.'

'താൽമൂദിന്‌ മുപ്പത്താറു വാല്യങ്ങളുണ്ട്‌; എന്നിട്ടും ജൂതന്മാർ അതു മറന്നിട്ടില്ലല്ലോ.'

'ജൂതന്മാർ ഒരുപാട്‌ ഓർമ്മവയ്ക്കുന്നു. അതാണു നമ്മുടെ ഭാഗ്യദോഷം. നമ്മെ ജറുസലേമിൽ നിന്നടിച്ചിറക്കിയിട്ട്‌ രണ്ടായിരം കൊല്ലമായിരിക്കുന്നു. എന്നിട്ട്‌ നാമിപ്പോൾ അവിടെ കയറിക്കൂടാൻ ശ്രമിക്കുകയാണ്‌. ഭ്രാന്തല്ലാതെന്താ? ആ ഭ്രാന്തിനെ ഒന്നു പ്രതിഫലിപ്പിച്ചാൽ മതിയായിരുന്നു നമ്മുടെ സാഹിത്യം മഹത്തരമാകാൻ. പക്ഷേ നമ്മുടെ സാഹിത്യത്തിന്‌ വല്ലാത്ത സമചിത്തതയാണ്‌. പോകട്ടെ, എന്തിനതൊക്കെ പറയണം.'

നിവർന്നു നിൽക്കാനുള്ള ശ്രമത്തിൽ ബ്രാംബർഗിന്റെ പുരികം ചുളിഞ്ഞു. ആ കൊച്ചുകാലുകൾ പെറുക്കിവച്ചുകൊണ്ട്‌ അയാൾ ഞങ്ങളുടെയടുത്തു നിന്നു പോയി. അയാൾ നേരെ ഗ്രാമഫോണിനടുത്തു ചെന്ന് ഡാൻസിന്റെ ഒരു ഡിസ്ക്കെടുത്തിട്ടു. അയാൾ ഒരു വരി എഴുതിയിട്ട്‌ വർഷങ്ങളായിരിക്കുന്നു എന്ന് ക്ലബ്ബിൽ എല്ലാവർക്കും അറിയാമായിരുന്നു.

ഈ വയസ്സുകാലത്ത്‌ അയാൾ ഡാൻസു പഠിക്കുകയാണ്‌. 'യുക്തിയുടെ എൻട്രോപ്പി' എന്ന പുസ്തകമെഴുതിയ ഡോ.മിഷ്കിന്റെ തത്വശാസ്ത്രമാണത്രെ അതിനു പിന്നിൽ. മനുഷ്യബുദ്ധി പാപ്പരായിപ്പോയിരിക്കുന്നുവെന്നും വികാരതീവ്രതയിലൂടെയേ യഥാർത്ഥജ്ഞാനം ആർജ്ജിക്കാനാവൂ എന്നുമാണ്‌ അയാൾ അയാൾ ആ പുസ്തകത്തിൽ സമർത്ഥിക്കാൻ ശ്രമിക്കുന്നത്‌.

ജാക്വെസ്‌ കോൺ തലകുലുക്കി:'ചെറുകിടഹാംലറ്റ്‌. കാഫ്കയ്ക്ക്‌ ഒരു ബ്രാംബർഗാവാൻ ഭയമായിരുന്നു. അതുകൊണ്ടാണദ്ദേഹം സ്വയം നശിപ്പിച്ചതും.'

'ആ പ്രഭുകുമാരി പിന്നെ നിങ്ങളെക്കാണാൻ വന്നിരുന്നോ?' ഞാൻ ചോദിച്ചു.

ജാക്വെസ്‌ പോക്കറ്റിൽ നിന്ന് ഒറ്റക്കണ്ണടയെടുത്തു വച്ചു. 'അവൾ വന്നാൽത്തന്നെ എന്താകാൻ? എന്റെ ജീവിതത്തിൽ സകലതും വാക്കുകളായി മാറുകയാണ്‌: വാചകം, വാചകം തന്നെ. ഡോ.മിഷ്കിന്റെ സിദ്ധാന്തവും യഥാർത്ഥത്തിൽ അതുതന്നെ. മനുഷ്യൻ ഒടുവിൽ ഒരു വാചകയന്ത്രമായി മാറും. അവൻ തിന്നുന്നതു വാക്കുകൾ; കുടിക്കുന്നതു വാക്കുകൾ; വിവാഹം കഴിക്കുന്നതു വാക്കുകളെ; ഒടുവിൽ വാക്കുകൾ തിന്ന് അവൻ ആത്മഹത്യയും ചെയ്യും. ഒന്നാലോചിച്ചുനോക്ക്‌,ഗ്രനാറ്റിന്റെ കുടിപ്പാർട്ടിക്ക്‌ ഈ ഡോ.മിഷ്ക്കിനും എത്തിയിരുന്നു. താൻ പ്രസംഗിച്ചുനടക്കുന്നത്‌ പ്രയോഗിച്ചുകാണിക്കാനാണ്‌ ആൾ വന്നത്‌. പക്ഷേ അയാൾ തന്നെ 'വികാരത്തിന്റെ എൻട്രോപ്പി' എഴുതിയാലും അത്ഭുതപ്പെടാനില്ല. ഉവ്വ്‌, അവൾ ഇടയ്ക്കിടെ എന്നെക്കാണാൻ വരാറുണ്ട്‌. അവളും ബുദ്ധിജീവിയായിരുന്നു,പക്ഷേ ബുദ്ധിയില്ലെന്നേയുള്ളു. വാസ്തവം പറഞ്ഞാൽ സ്ത്രീകൾ തങ്ങളുടെ ശരീരത്തിന്റെ ചാരുതകൾ പ്രദർശിപ്പിക്കാൻ എന്തുമാത്രം നിഷ്കർഷ ചെലുത്തുന്നുവോ, അത്ര കുറച്ചേ അവർക്ക്‌ സെക്സ്‌ എന്നാലെന്തെന്നും അറിയൂ. ബുദ്ധിയുടെ കാര്യത്തിലും അവർ അങ്ങനെതന്നെ.'

'മദാം ഷിസിക്കിന്റെ കാര്യം തന്നെയെടുക്കുക. ഒരു ശരീരമല്ലാതെ മറ്റെന്താണവർക്കുണ്ടായിരുന്നത്‌? ഇനി, ഈ ശരീരമെന്താണെന്ന് അവരോടൊന്നു ചോദിച്ചറിയാമെന്നു വച്ചാലോ! ഇന്നവർ വിരൂപയായിരിക്കുന്നു. പ്രാഗിൽ ഞങ്ങളോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്ന കാലത്ത്‌ അവരിൽ പിന്നെയും എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നു. ഞാനാണ്‌ അവരോടൊപ്പം പ്രധാനഭാഗം എടുത്തിരുന്നത്‌. ഞങ്ങൾ കുറച്ചു പണമുണ്ടാക്കാൻ വേണ്ടിയാണ്‌ പ്രാഗിലേക്കു ചെന്നത്‌. ഞങ്ങൾ കണ്ടതോ, ഒരു ജീനിയസ്‌ ഞങ്ങളെ കാത്തിരിക്കുന്നതും. ആത്മപീഡനത്തിന്റെ പരകോടിയിലെത്തിയ ഹോമോസാപ്യൻ. കാഫ്ക്ക ജൂതനാകാൻ കൊതിച്ചു; പക്ഷേ അതെങ്ങനെയാണെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു.അദ്ദേഹത്തിനു ജീവിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അതും അദ്ദേഹത്തിനറിയില്ലായിരുന്നു. "ഫ്രാൻസ്‌," ഞാൻ ഒരിക്കൽ അദ്ദേഹത്തോടു പറഞ്ഞു,"നിങ്ങൾ ചെറുപ്പമാണല്ലോ, ഞങ്ങളൊക്കെ ചെയ്യുന്നതു കണ്ടുപഠിക്കൂ." പ്രാഗിൽ എനിക്കറിയാവുന്ന ഒരു വേശ്യാലയമുണ്ടായിരുന്നു. എന്റെ കൂടെ അങ്ങോട്ടു പോരാൻ ഞാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹം അന്നുവരെ സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം വിവാഹം കഴിക്കാൻ നിശ്ചയിച്ച പെൺകുട്ടിയെക്കുറിച്ച്‌ ഞാനൊന്നും പറയുന്നില്ല. ബൂർഷ്വാചളിക്കുണ്ടിൽ കഴുത്തറ്റം മുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പരിചയസീമയിൽപ്പെട്ട ജൂതന്മാർക്ക്‌ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു:ജന്റൈൽ ആവുക്‌; അതും ചെക്ക്‌ ജന്റൈൽ അല്ല, ജർമ്മൻ ജന്റൈൽ. ചുരുക്കത്തിൽ ഞാൻ പറഞ്ഞുപറഞ്ഞു അദ്ദേഹത്തെ ഇളക്കി. മുമ്പ്‌ ജൂതന്മാർ പാർത്തിരുന്ന ഒരു ചേരിയുടെ ഇരുണ്ട വഴിയിലൂടെ ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോയി. വേശ്യാലയത്തിന്റെ കുടിലമായ പടവുകൾ കയറി ഞങ്ങൾ മുകളിലെത്തി. ഞാൻ വാതിൽ തുറന്നു. അവിടം ഒരു നാടകരംഗം പോലെയിരുന്നു:വേശ്യകൾ,കൂട്ടിക്കൊടുപ്പുകാർ,കക്ഷികൾ,മദാം. ആ നിമിഷം എന്റെ ഓർമ്മയിൽ നിന്നു മായില്ല. കാഫ്ക്കയ്ക്കു ശരീരം വിറച്ചു. എന്റെ കൈയ്ക്കു പിടിച്ചു വലിച്ചുകൊണ്ട്‌ അദ്ദേഹം പടിയിറങ്ങിയോടി. വീണു കാലൊടിച്ചേക്കുമെന്നു ഞാൻ പേടിച്ചുപോയി. തെരുവിലെത്തിയപ്പോൾ അദ്ദേഹം നിന്നു; എന്നിട്ട്‌ കുട്ടികളെപ്പോലെ ഛർദ്ദിച്ചു. ഞങ്ങൾ മടങ്ങിയത്‌ പഴയൊരു സിനഗോഗിനടുത്തു കൂടിയാണ്‌. അദ്ദേഹം ഗോലേമിനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. കാഫ്ക്ക ഗോലേമിന്റെ കഥ വിശ്വസിച്ചിരുന്നു. ഭാവിയിൽ മറ്റൊരു ഗോലേം ഉണ്ടായേക്കാം എന്നുപോലും. ഒരു കളിമൺപിണ്ഡത്തെ ജീവനുള്ള വസ്തുവാക്കി മാറ്റാൻ സമർത്ഥമായ മാന്ത്രികപദങ്ങളുണ്ടായിരിക്കണം. കബാലായിൽ പറയുന്നത്‌ ദൈവം ലോകസൃഷ്ടി നടത്തിയത്‌ പുണ്യപദങ്ങൾ ഉച്ചരിച്ചുകൊണ്ടാണ്‌ എന്നാണല്ലോ. ആദിയിൽ വചനമുണ്ടായിരുന്നു.'

'അതെ, ഇതെല്ലാം വലിയൊരു ചതുരംഗംകളിയാണ്‌. ഇത്രയും കാലം എനിക്കു മരണത്തെ പേടിയായിരുന്നു. ഇന്നിപ്പോൾ കുഴിയുടെ വക്കത്തെത്തിയ സ്ഥിതിയ്ക്ക്‌ എന്റെ പേടിയൊക്കെ മാറിയിരിക്കുന്നു. ഒരു കാര്യം വ്യക്തമാണ്‌: കളി നീട്ടിക്കൊണ്ടുപോവാനാണ്‌ എന്റെ പ്രതിയോഗി നോക്കുന്നത്‌. അവൻ എന്റെ കരുക്കൾ ഒന്നൊന്നായി അടിച്ചുമാറ്റുകയാണ്‌. ആദ്യം അവൻ എന്നെ നടൻ എന്ന പദവിയിൽ നിന്നു തള്ളിയിട്ടു. പിന്നെ അവൻ എന്നെ പേരിനൊരെഴുത്തുകാരനാക്കി; തൊട്ടുപുറകെ എന്റെ കൈ വഴങ്ങാതെയുമാക്കി. അടുത്ത നീക്കത്തിൽ അവൻ എന്നെ ഷണ്ഡനുമാക്കി. പക്ഷേ എന്നെ അടിയറവു പറയിക്കാൻ ഇനിയും അവനായിട്ടില്ല; അതെനിക്കു നല്ല ബോധ്യമുണ്ട്‌. എനിക്കു ശക്തി പകരുന്നതും ആ വിചാരം തന്നെയാണ്‌. എന്റെ മുറി തണുത്തു കിടക്കുകയാണ്‌-ആയിക്കോട്ടെ; എനിക്കത്താഴമില്ല-അതില്ലെങ്കിൽ ഞാൻ മരിക്കാനൊന്നും പോകുന്നില്ല. അവൻ എന്നെ അട്ടിമറിക്കുമ്പോൾ ഞാൻ അവനെയും അട്ടിമറിക്കുന്നു. കുറച്ചുനാൾ മുമ്പ്‌ ഞാൻ കുറേവൈകി മുറിയിലേക്കു മടങ്ങുകയായിരുന്നു.മഞ്ഞു കനത്തുപെയ്യുന്നു. പെട്ടെന്ന് താക്കോൽ കാണാനില്ലെന്ന് എനിക്കു മനസ്സിലായി. ഞാൻ വീടുനോട്ടക്കാരനെ വിളിച്ചുണർത്തി. അയാളുടെ കൈയിൽ വേറെ താക്കോലുണ്ടായിരുന്നില്ല. അയാളെ വോഡ്ക്ക നാറുന്നുമുണ്ടായിരുന്നു. അയാളുടെ നായ എന്റെ കാലു കടിച്ചുമുറിക്കുകയും ചെയ്തു. മുമ്പൊക്കെയായിരുന്നെങ്കിൽ ഞാൻ മനസ്സുകെട്ടു വീണേനെ. പക്ഷേ ഇത്തവണ ഞാൻ എന്റെ പ്രതിയോഗിയോടു പറഞ്ഞു:'എനിക്കു ന്യൂമോണിയ പിടിക്കണമെന്നാണു തന്റെ ആഗ്രഹമെങ്കിൽ എനിക്കും അതു സമ്മതം തന്നെ.' ഞാൻ ഇറങ്ങിനടന്നു. വിയന്നാസ്റ്റേഷനിൽ ചെന്നിരിക്കാമെന്നാണ്‌ ഞാൻ ആദ്യം കരുതിയത്‌. കാറ്റെന്നെ തൂക്കിയെടുത്തുകൊണ്ടുപോവുക തന്നെയായിരുന്നു. രാത്രിയിൽ ഈ നേരത്തു വണ്ടി കിട്ടാൻ മുക്കാൽ മണിക്കൂറെങ്കിലും ഞാൻ അവിടെ ഇരിക്കേണ്ടിവരും. പോകുന്ന വഴിക്ക്‌ നാടകക്കാരുടെ ക്ലബ്ബിന്റെ ഒരു ജനാലയ്ക്കൽ വെളിച്ചം കണ്ട്‌ ഞാൻ അവിടെച്ചെന്നു കയറിയാലോ എന്നാലോചിച്ചു. അന്നു രാത്രി അവിടെ കഴിക്കാൻ പറ്റിയാലോ? നടക്കല്ലിൽ വച്ച്‌ ചെരുപ്പെന്തിലോ തട്ടി; ഒരു കിലുക്കവും കേട്ടു. ഞാൻ കുനിഞ്ഞ്‌ ഒരു താക്കോൽ പൊക്കിയെടുത്തു; അതെന്റേതായിരുന്നു! ആ കെട്ടിടത്തിന്റെ ഇരുളടഞ്ഞ പടവുകളിൽ നിന്ന് ഒരു താക്കോൽ കണ്ടെടുക്കാനുള്ള സാധ്യത ഒരു കോടിയിൽ ഒന്നുമാത്രമാണ്‌. താൻ തയാറാകുന്നതിനു മുമ്പ്‌ ഞാൻ ജീവൻ വെടിഞ്ഞാലോ എന്ന് എന്റെ പ്രതിയോഗിക്കു ഭയമുള്ളപോലെ തോന്നുന്നു. വിധിവിശ്വാസമെന്നോ? വേണമെങ്കിൽ അങ്ങനെ വിളിച്ചോളൂ.

ഒന്നു ഫോൺ ചെയ്തുവരാമെന്നു പറഞ്ഞുകൊണ്ട്‌ ജാക്വെസ്‌ കോൺ എഴുന്നേറ്റുപോയി. ഞാൻ ബ്രാംബർഗ്‌ നൃത്തം ചെയ്യുന്നതും കണ്ടുകൊണ്ട്‌ അവിടെയിരുന്നു. അയാൾ ഒരു സാഹിത്യക്കാരിസ്ത്രീയുമായി നൃത്തം വയ്ക്കുകയാണ്‌. അയാളുടെ കണ്ണുകൾ അടഞ്ഞുകിടക്കുന്നു. അവരുടെ മാറു തലയിണയാക്കി തല ചായ്ച്ചു വച്ചിരിക്കുകയുമാണയാൾ. കക്ഷി ഉറക്കവും നൃത്തവും ഒരുമിച്ചു നടത്തുകയാണെന്നു തോന്നിപ്പോയി. ജാക്വെസ്‌ കോൺ വരാൻ കുറേ നേരമെടുത്തു, ഒന്നു ഫോൺ വിളിക്കാൻ വേണ്ടതിലേറെ നേരം. ഒടുവിൽ അദ്ദേഹം വന്നപ്പോൾ മുഖത്തെ ഒറ്റക്കണ്ണട തിളങ്ങുന്നുണ്ടായിരുന്നു.
'

അടുത്ത മുറിയിൽ ഇരിക്കുന്നത്‌ ആരാണെന്നു വല്ല ഊഹവുമുണ്ടോ?' അദ്ദേഹം ചോദിച്ചു. 'മദാം ഷിസിക്ക്‌! കാഫ്ക്കയുടെ പ്രേമഭാജനം!'

'വാസ്തവം?'

'ഞാൻ അവരോട്‌ നിങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. വരൂ, ഞാൻ പരിചയപ്പെടുത്താം.'

'അതു വേണ്ട.'

'അതെന്തേ? കാഫ്ക്ക സ്നേഹിച്ച ഒരു സ്ത്രീ പരിചയപ്പെടാനർഹ തന്നെയാണ്‌.'

‘എനിക്കത്ര താൽപര്യം തോന്നുന്നില്ല.'

‘നിങ്ങൾക്ക്‌ ലജ്ജയാണ്‌; അതാണു വാസ്തവം. കാഫ്ക്കയും ലജ്ജാശീലനായിരുന്നു-ഒരു സ്കൂൾകുട്ടിയെപ്പോലെ നാണക്കാരൻ. എനിക്കിതുവരെ ഒന്നിലും ലജ്ജ തോന്നിയിട്ടില്ല. ഞാൻ എങ്ങുമെത്താതെ പോയറ്റ്‌ഹും അതുകൊണ്ടുതന്നെയാവാം. ഒരിരുപതു ഗ്രോഷൻ കൂടി വേണമല്ലോ ചങ്ങാതീ, വീട്ടുവാടക കൊടുക്കാനാണ്‌. അതില്ലെങ്കിൽ അങ്ങോട്ടു ചെല്ലാൻ പറ്റില്ല.'

ഞാൻ പോക്കറ്റിൽ നിന്നു കുറേ ചില്ലറയെടുത്തു കൊടുത്തു.

‘ഇത്രയധികമോ! നിങ്ങളിന്ന് ഒരു ബാങ്കു കൊള്ളയടിച്ചിട്ടു വന്നിരിക്കുകയാണെന്നു തോന്നുന്നല്ലോ! നാൽപ്പത്താറു ഗ്രോഷൻ! കോളുതന്നെ! അതിരിക്കട്ടെ, ദൈവം എന്നൊരാളുണ്ടെങ്കിൽ നിങ്ങൾക്കുള്ള പ്രതിഫലം അവൻ തന്നുകൊള്ളും. ഇനിയഥവാ അങ്ങനെയൊരാളില്ലെങ്കിൽപ്പിന്നെ, ജാക്വെസ്‌ കോണിനോട്‌ ഈ കളിയൊക്കെ കളിക്കുന്ന കക്ഷി ആരാവാം?'

*

Link to Isaac Bashevic Singer

പ്രിന്റെടുത്തു വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക