പുരുഷന് അഞ്ചിന്ദ്രിയങ്ങളുണ്ട്; സ്ത്രീയ്ക്ക് ഒന്നേയുള്ളു.
*
സ്ത്രീകളുടെ ഉപരിപ്ളവതയെക്കാൾ അഗാധമായി മറ്റൊന്നുമുണ്ടാവില്ല.
*
പുരുഷനു കണ്ണാടി തന്റെ പൊങ്ങച്ചത്തിലേർപ്പെടാനുള്ള ഒരനുസാരി മാത്രമാണ്; സ്ത്രീയ്ക്കു പക്ഷേ സ്വന്തം വ്യക്തിത്വം ഉറപ്പു വരുത്താനുള്ള ഉപകരണം തന്നെയാണത്.
*
ധൂർത്തടിച്ചു ധനികയായ ഒരു സ്ത്രീയുടെ സാന്നിദ്ധ്യത്തിൽ ഒരു നൂറു പുരുഷന്മാർ തങ്ങളുടെ ദാരിദ്ര്യത്തെക്കുറിച്ചു ബോധവാന്മാരാകും.
*
താനറിഞ്ഞ ഐന്ദ്രിയാനന്ദങ്ങൾക്കു പ്രായശ്ചിത്തമായി ആത്മീയശിശുക്കളെ ഗർഭം ധരിക്കുന്ന സ്ത്രീയെ എനിക്കു വിശ്വാസമേയല്ല.
*
ജീവിതസമരത്തിൽ പിടിച്ചുനിൽക്കാനാവതൊക്കെക്കൊണ്ടു സജ്ജയാണ് സാമാന്യക്കാരിയൊരു സ്ത്രീ. യാതൊന്നും മനസ്സിൽ തട്ടാതിരിക്കാനുള്ള ഒരു കഴിവ് പ്രകൃതി അവൾക്കു കൊടുത്തിരിക്കുന്നു; ചിന്താശൂന്യതയ്ക്ക് വേണ്ടതിലധികം പരിഹാരവുമാണത്.
*
ഒരു സുന്ദരിക്കുള്ള ബുദ്ധിയുടെ അളവെങ്ങനെയെന്നാൽ, നിങ്ങൾക്കവളോട് എന്തിനെക്കുറിച്ചും സംസാരിക്കാം; അവളുമായിട്ട് ഒന്നിനെക്കുറിച്ചും സംസാരിക്കാനുമാവില്ല.
*
വേശ്യകളെക്കാൾ ദേശീയപ്രാമുഖ്യം കിട്ടുക അമ്മമാർക്കു തന്നെയാണ്; വേശ്യകൾ എന്തുല്പാദിപ്പിക്കാൻ? കൂടിവന്നാൽ ഒന്നോ രണ്ടോ പ്രതിഭകളെ.
*
വിളവെടുപ്പിനെ നാം മതിയ്ക്കണം, ഒപ്പം വിളനിലത്തെ നാം സ്നേഹിക്കുകയും വേണം; അതാണ് കൂടുതൽ ആസ്വാദ്യം.
*
സ്ത്രീകളുടെ ലോകവീക്ഷണത്തിന്റെ ഇടുക്കുതൊഴുത്തിൽ മൂരിക്കുട്ടനായിക്കഴിയുക എത്ര കേമമെന്നോ!
*
ചില സ്ത്രീകൾ സുന്ദരികളല്ല, അങ്ങനെ തോന്നിക്കുന്നുവെന്നേയുള്ളു.
*
ഏറ്റവും നിർണ്ണായകമായ മുഹൂർത്തത്തിലാവും കറയറ്റ സൗന്ദര്യം പരാജയപ്പെടുക.
*
അകലത്തുള്ള സ്ത്രീയെയല്ല നാം പ്രണയിക്കുന്നത്, ആ അകലത്തെയാണ്.
*
ഒരു സ്ത്രീയുടെ ചെരുപ്പിനെ മാത്രം കൊതിയ്ക്കുകയും ഒരു മൊത്തം സ്ത്രീയെത്തന്നെ ഏറ്റെടുക്കേണ്ടിവരികയും ചെയ്യുന്നവനെപ്പോലൊരു ഭാഗ്യദോഷി വേറെയുണ്ടോ!
*
വിശ്വസ്തയായ ഭാര്യയെ എങ്ങനെ വിശ്വസിക്കാൻ! ഇന്നവൾ നിങ്ങളോടാണു വിശ്വസ്തയെങ്കിൽ നാളെ മറ്റൊരാളോടാണു വിശ്വസ്ത.
*
സ്ത്രീയെന്നാൽ പുറമേ കാണുന്നതു മാത്രമല്ല. അടിവസ്ത്രങ്ങൾ കാണാതെപോകരുത്.
*
കുത്തിയൊഴുകിവന്ന സ്ത്രീയുടെ ലൈംഗികതയെ പുരുഷൻ ചാലുവെട്ടി ഒഴുക്കിയിരിക്കുന്നു. ഇന്നതു കരയെ മുക്കിക്കളയുന്നില്ല, അതിനു വളക്കൂറും നൽകുന്നില്ല.
*
നാരങ്ങാവെള്ളം പോലെയാണ് അവർക്കു സ്ത്രീ. സ്ത്രീകൾക്കും ദാഹിക്കാറുണ്ടെന്ന് അവർ കാണുന്നില്ല.
*
അവൾക്കു പൂർണ്ണത നേടാൻ ഒരു പിശകിന്റെ കുറവേ ഉണ്ടായുള്ളു.
*
ആ പ്രണയബന്ധം കൊണ്ടു ഫലമൊന്നും ഉണ്ടായില്ലെന്നല്ല. അയാൾ ഒരു കൃതിയെഴുതി ലോകത്തിനു നൽകി.
*
സ്ത്രീകൾക്കു മോടിയുള്ള വസ്ത്രങ്ങളെങ്കിലുമുണ്ട്. പുരുഷന്മാർ ഏതൊന്നുകൊണ്ട് സ്വന്തം ശൂന്യത മറയ്ക്കും?
*
സ്വഭാവം ചീത്തയായ സ്ത്രീകളെ സമൂഹത്തിനാവശ്യമുണ്ട്. ഒരു സ്വഭാവവുമില്ലാത്ത സ്ത്രീകളെ സംശയിക്കണം.
*
അൽപ്പത്തരത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും ബാന്ധവമാണ് കിടപ്പറയിൽ നടക്കുന്നത്.
*