Showing posts with label അര്‍ജന്‍റീന. Show all posts
Showing posts with label അര്‍ജന്‍റീന. Show all posts

Saturday, March 17, 2012

ബോർഹസ് - കഠാര

File:Dagger symbol.svg



മേശവലിപ്പിനുള്ളിൽ ഒരു കഠാര കിടക്കുന്നു.

പോയ നൂറ്റാണ്ടിനൊടുവിൽ ടോളിഡോവിലൊരാലയിൽ ഒരു കൊല്ലൻ പണിതെടുത്തതാണത്.
ലൂയി മെലിയൻ ലൂഫിനെർ അതെന്റെ അച്ഛനു കൊടുത്തു,
അച്ഛനാണ്‌ ഉറുഗ്വേയിൽ നിന്നതു കൊണ്ടുവന്നത്.
എവാരിസ്റ്റോ കാരിഗോ ഒരിക്കലതെടുത്തു പെരുമാറിയിരിക്കുന്നു.

അതു കാഴ്ചയിൽപ്പെടുന്ന ഒരാൾക്കും അതൊന്നു കൈയിലെടുത്തു നോക്കാതിരിക്കാൻ കഴിയാറില്ല.
എത്രയോ കാലമായി തങ്ങളതിനെയും നോക്കിനടക്കുകയായിരുന്നു എന്നൊരു തോന്നൽ അവർക്കുണ്ടായിപ്പോകുന്നു.
കാത്തിരിക്കുന്ന കൈപ്പിടിയെ വ്യഗ്രതയോടെ കൈ കയറിപ്പിടിയ്ക്കുന്നു.
ശക്തവും, നിർവികാരവുമായ വായ്ത്തല ഉറയിലേക്കു കൃത്യമായി ആണ്ടിറങ്ങുന്നു.

ഈ കഠാര മറ്റു ചിലതു തന്നെ.

ലോഹം കൊണ്ടൊരുരുപ്പടി മാത്രമല്ലത്.
കൃത്യമായൊരു ലക്ഷ്യത്തിനായി മനുഷ്യർ ചിന്തിച്ചെടുത്തതും രൂപപ്പെടുത്തിയതുമാണത്.
പോയ രാത്രിയിൽ ടക്വാറെംബോയിൽ വച്ച് ഒരു മനുഷ്യനെ കൊന്നത് ഈ കഠാര തന്നെ,
ഇതു തന്നെ സീസറെ മരണത്തിലേക്കയച്ച കഠാരകളും.
അതിന്റെ ഇച്ഛ കൊല്ലുക, ചോര ചിന്തുക.

ഒരു മേശവലിപ്പിൽ, കുറിപ്പടികൾക്കും കത്തുകൾക്കുമിടയിൽക്കിടന്ന്
കഠാര സ്വപ്നം കാണുന്നു, ഒരു വ്യാഘ്രത്തിന്റെ സരളസ്വപ്നം.
അതിനെ കടന്നെടുക്കുന്ന കൈയ്ക്കു ജീവൻ വയ്ക്കുന്നു,
എന്തെന്നാൽ തനിയ്ക്കു പറഞ്ഞ കൊലയാളിയുടെ കൈയാണ്‌
തന്നെ തൊടുന്നതെന്നറിയുമ്പോൾ ആ ലോഹത്തിനും ജീവൻ വയ്ക്കുകയാണ്‌.

ചിലനേരം എനിക്കു സങ്കടം തോന്നിപ്പോവാറുണ്ട്,
അത്രയുമൂറ്റം, അത്രയും ലക്ഷ്യബോധം,
അത്ര നിർവികാരവും, അത്രയ്ക്കഭിമാനപൂർണ്ണവും-
വർഷങ്ങൾ കടന്നുപോവുകയുമാണ്‌,
വ്യർത്ഥമായി.


Monday, January 23, 2012

ബോര്‍ഹസ് - സ്വപ്നം

File:Grandville Dream of Crime and Punishment 1847.jpg

പാതിരാവിന്റെ ഘടികാരങ്ങൾ
കാലത്തിന്റെ സമൃദ്ധി ധൂർത്തടിക്കുമ്പോൾ,
ഞാൻ പോകും,
യുളീസസിന്റെ നാവികർ പോയതിനുമപ്പുറത്തേക്ക്,
മനുഷ്യസ്മൃതിക്കപ്രാപ്യമായതിനുമപ്പുറം,
സ്വപ്നത്തിന്റെ മേഖലയിലേക്ക്.
ആ ജലഗർഭത്തിൽ നിന്നു ഞാൻ വീണ്ടെടുത്തുവരും,
എന്റെ ഗ്രാഹ്യത്തിനു പൊരുളു തിരിയാത്ത ചിലതൊക്കെ:
ഏതോ ആദിമസസ്യശാസ്ത്രത്തിലെ പുൽക്കൊടികൾ,
നാനാവിധമായ മൃഗങ്ങൾ,
മരിച്ചവരുമായുള്ള വർത്തമാനങ്ങൾ,
എന്നും മുഖംമൂടികളായ മുഖങ്ങൾ,
അതിപ്രാചീനഭാഷകളിലെ വാക്കുകൾ,
ചിലനേരം, കൊടുംഭീതി,
പകൽനേരത്തൊരു വിധേനയും നാമനുഭവിക്കാത്തതും.
ഞാൻ സർവതുമാവും, അഥവാ ശൂന്യതയാവും.
ഞാനറിയാതെ ഞാനായ മറ്റേ ഞാനാവും ഞാൻ,
എന്റെ ജാഗ്രദവസ്ഥയെ സ്വപ്നം കാണുന്നവൻ.
അയാളതിനെ തട്ടിക്കിഴിച്ചുനോക്കുന്നു,
നിർമ്മമതയോടെ, മന്ദഹാസത്തോടെ.


link to image


ബോര്‍ഹസ് - രണ്ടു കവിതകള്‍


ചന്ദ്രൻ


ആ സ്വർണ്ണത്തിലുണ്ടത്രയുമേകാന്തത.
ആദിയിലാദാം കണ്ട ചന്ദ്രനല്ല,
ഈ രാത്രികളിലെ ചന്ദ്രൻ.
മനുഷ്യനുറങ്ങാതിരുന്ന നീണ്ട നൂറ്റാണ്ടുകൾ
ഒരു പ്രാക്തനവിലാപമായതിൽ നിറയുന്നു.
നോക്കൂ. നിങ്ങൾക്കൊരു ദർപ്പണമത്.

image

നിമിഷം


എവിടെ യുഗങ്ങൾ, എവിടെ താർത്താറുകൾ
സ്വപ്നം കണ്ടുനടന്ന വാൾപ്പയറ്റുകൾ?
എവിടെ അവർ നിലം പരിശ്ശാക്കിയ വൻകോട്ടകൾ?
കുരിശു പണിത മരമെവിടെ, ആദാമിന്റെ വൃക്ഷമെവിടെ?

മുമ്പും പിമ്പുമില്ലാത്തതാണു വർത്തമാനം.
കാലത്തെ സ്ഥാപിച്ചെടുക്കുന്നതോർമ്മ.
ഘടികാരത്തിന്റെ ചര്യക്കൊപ്പമെത്തുന്നു,
പരമ്പരയുമൊപ്പം സ്ഖലിതങ്ങളും.
ചരിത്രം പോലെതന്നെ വൃഥാവാദമത്രെ, ഒരു വർഷവും.

ഉദയാസ്തമയങ്ങൾക്കിടയിലൊരു ഗർത്തം,
യാതനകളുടെ, ശ്രേയസ്സുകളുടെ, വേവലാതികളുടെ.
ക്ഷയിച്ച രാത്രികളുടെ ദർപ്പണങ്ങളിൽ കാണുക
അവയിലേക്കു നോക്കുന്ന അതേ മുഖങ്ങളുമല്ല.
നശ്വരവുമനശ്വരവുമാണു പാഞ്ഞുപോകുന്ന ദിനരാത്രങ്ങൾ.
മറ്റൊരു സ്വർഗം പ്രതീക്ഷിക്കേണ്ട, മറ്റൊരു നരകവും.



Thursday, January 19, 2012

ബോര്‍ഹസ് - 1922-നടുത്തെന്നോ ഞാനെഴുതിയതും പിന്നെ നഷ്ടപ്പെട്ടതുമായേക്കാവുന്ന വരികൾ

File:Cretan-labyrinth-square.svg

നഗരത്തിന്റെ പുറമ്പോക്കുകളിൽ
അസ്തമയത്തിന്റെ നിശബ്ദയുദ്ധങ്ങൾ,
ആകാശത്തൊരു പോരാട്ടത്തിന്റെ പ്രാക്തനപരാജയങ്ങൾ,
കാലത്തിന്റെ കയത്തിൽ നിന്നെന്നപോലെ
സ്ഥലരാശിയുടെ നിശ്ശുന്യാതലത്തിൽ നിന്നു
നമ്മിലേക്കെത്തുന്ന തുച്ഛമായ പുലരികൾ,
മഴയുടെ കരിന്തോപ്പുകൾ,
തുറന്നുനോക്കാനെനിക്കു പേടിയായ,
സ്വപ്നങ്ങളിലെന്നെത്തേടിയെത്തിയ
ഒരു പുസ്തകത്താളിലെ സ്ഫിങ്ക്സ്,
വെണ്ണക്കൽപ്പടവിലെ ചന്ദ്രബിംബം,
പ്രശാന്തദേവകളെപ്പോലെ
നിലകൊള്ളുന്ന വൃക്ഷങ്ങൾ,
അന്യോന്യരാത്രിയും കാത്തിരുന്ന സന്ധ്യയും,
പ്രപഞ്ചമെന്നു പേരായ വാൾട്ട് വിറ്റ്മാൻ,
മൗനം കൊണ്ടൊരു പുഴത്തടത്തിൽ
ഒരു രാജാവിന്റെ വീരഖഡ്ഗം,
സാക്സണുകൾ, അറബികൾ, ഗോത്തുകൾ,
തങ്ങളറിയാതെ എനിക്കു ജന്മം നല്കിയവർ,
ഇവയൊക്കെയും, ബാക്കിയും ചേർന്നതാണോ ഞാൻ,
അതോ, രഹസ്യത്താക്കോലുകളും ദുർഘടഗണിതവുമുണ്ടോ,
നമുക്കു പൊരുളു തിരിയാത്തതായി?



link to image


Friday, January 13, 2012

ബോർഹസ് - കവിതകൾ


തെരുവുകൾ


ബ്യൂണേഴ്സ് അയേഴ്സിലെ തെരുവുകളിലാണ്‌
എന്റെയാത്മാവ്.
വണ്ടികളുമാളുകളും തിരക്കുന്ന
ആർത്തിപിടിച്ച തെരുവുകളിലല്ല,
പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത ഇടത്തെരുവുകളിൽ,
ശീലത്തിന്റെ ബലം കൊണ്ടുതന്നെ
കണ്ണിൽപ്പെടാനില്ലാത്തവയിൽ,
അസ്തമയത്തിന്റെ പാതിവെളിച്ചത്താൽ
നിത്യത ചാർത്തിക്കിട്ടിയവയിൽ,
അവയ്ക്കുമപ്പുറത്ത്,
ആശ്വസിപ്പിക്കുന്ന മരങ്ങളൊഴിഞ്ഞവയിൽ,
എളിയ കൂരകൾ മുന്നിലേക്കു വരാത്തവയിൽ,
മരണമില്ലാത്ത ദൂരങ്ങൾ വിഴുങ്ങിയവയിൽ,
ആകാശത്തിന്റെയും സമതലത്തിന്റെയും അഗാധവൈപുല്യത്തിൽ
സ്വയം നഷ്ടമായവയിൽ.
ഒറ്റയാനൊരാൾക്കൊരു വാഗ്ദാനമത്രേയവ;
അവിടെയധിവസിക്കുന്നുണ്ടല്ലോ,
ഒറ്റയൊറ്റയാത്മാക്കളനവധി;
ദൈവത്തിനു മുന്നിൽ, കാലത്തിലും,
അനന്യമായവ, അനർഘവുമായവ;
കിഴക്കോട്ട്, വടക്കോട്ട്, തെക്കോട്ട്
തെരുവുകൾ ചുരുൾ നിവരുന്നു-
എന്റെ നാടു തന്നെ അവയും.
ഞാനെഴുതിവയ്ക്കുന്ന ഈ വരികളിൽ
അവയുടെ കൊടി പാറട്ടെ.



വിയോഗം

മുന്നൂറു രാത്രികൾ മുന്നൂറു ചുമരുകളെപ്പോലെ,
എനിയ്ക്കുമെന്റെ കാമുകിയ്ക്കുമിടയിലുയർന്നുനിൽക്കണമവ,
ഞങ്ങൾക്കിടയിലൊരാഭിചാരമാവും, സമുദ്രവും.

ഓർമ്മകളല്ലാതൊന്നും ശേഷിക്കില്ല.
യാതനപ്പെട്ടു നേടിയ സായാഹ്നങ്ങളേ,
നിന്റെ ദർശനത്തിനായുഴന്ന രാത്രികളേ,
എന്റെ പാതയ്ക്കിരുപുറത്തെയും പാടങ്ങളേ,
കണ്ടിരിയ്ക്കെ മറഞ്ഞുപോകുന്ന നഭോമണ്ഡലമേ...
വെണ്ണക്കല്ലു പോലന്തിമമായി
നിന്റെയസാന്നിദ്ധ്യം വിഷാദമയമാക്കും,
അന്യസായാഹ്നങ്ങളെ.


 

Thursday, November 3, 2011

ബോര്‍ഹസ് - 1928, മേയ് 20: ഫ്രാൻസിസ്കോ ലോപ്പസ് മെരീനോയുടെ മരണത്തെക്കുറിച്ച്


File:Edouard Manet 059.jpg


ഇന്നജയ്യനാണയാൾ, ദേവകളെപ്പോലെ.
ഭൂമിയിലെ യാതൊന്നും അയാളെ മുറിപ്പെടുത്തില്ല- ഒരു സ്ത്രീയുടെ നിരാസമോ, തന്റെ ശ്വാസകോശത്തിന്റെ രോഗമോ, കവിതയെച്ചൊല്ലിയുള്ള ആകാംക്ഷകളോ, ഇനിമേൽ വാക്കുകളിൽ തറയ്ക്കേണ്ടതില്ലാത്ത ആ വെളുത്ത വസ്തു, ചന്ദ്രനോ ഒന്നും.
നാരകമരങ്ങൾക്കടിയിലൂടെ സാവധാനം അയാൾ നടന്നുപോകുന്നു. കൈവരികളിലും വാതിലുകളിലും അയാൾ നോട്ടമയയ്ക്കുന്നുണ്ട്, എന്നാലവയെ ഓർമ്മ വയ്ക്കാനുമല്ല.
ഇനിയെത്ര രാത്രികളും പകലുകളും തനിയ്ക്കു ശേഷിയ്ക്കുന്നുവെന്നയാൾക്കറിയാം.
ഇച്ഛാശക്തി അയാൾക്കു മേൽ ഒരു ചിട്ട അടിച്ചേല്പിച്ചിരിക്കുന്നു. ഭാവികാലത്തെ ഭൂതകാലത്തെപ്പോലെതന്നെ അലംഘ്യമാക്കേണ്ടതിലേക്കായി അയാൾ ചില പ്രവൃത്തികൾ ചെയ്തുതീർക്കും, മുൻകൂട്ടി തീരുമാനിച്ച ചില തെരുവുമൂലകൾ കടന്നുപോകും, ഒരു മരമോ കമ്പിയഴിയോ തൊട്ടുനോക്കും.
അയാൾ ഇതൊക്കെ ചെയ്യുന്നുവെങ്കിൽ അത് താൻ കൊതിയ്ക്കുന്നതും താൻ ഭയക്കുന്നതുമായ ആ കർമ്മം ഒരു പരമ്പരയിലെ അവസാനത്തെ കണ്ണി മാത്രമായിരിക്കാൻ വേണ്ടി മാത്രമാണ്‌.
നാല്പത്തൊമ്പതാം നമ്പർ തെരുവിലൂടെ അയാൾ നടക്കുന്നു. ചില കവാടങ്ങളിലൂടെ താനിനി കടന്നുപോകില്ലെന്ന് അയാളോർക്കുന്നു.
ഒരു സംശയവുമുണർത്താതെതന്നെ പല സ്നേഹിതന്മാരോടും അയാൾ വിട പറഞ്ഞുകഴിഞ്ഞു.
താനൊരിക്കലുമറിയാൻ പോകാത്തതൊന്നിനെക്കുറിച്ച് അയാൾ ചിന്തിക്കുന്നു- നാളെ പകൽ മഴ പെയ്യുമോയെന്ന്.
ഒരു പരിചയക്കാരനെ കണ്ടുമുട്ടുമ്പോൾ അയാൾ ഒരു തമാശ പറയുന്നു. ഈ സംഭവം കുറേക്കാലത്തേക്ക് ഒരു സംസാരവിഷയമാവുമെന്ന് അയാൾക്കറിയാം.
ഇന്നജയ്യനാണയാൾ, മരിച്ചവരെപ്പോലെ.
നിശ്ചിതമുഹൂർത്തത്തിൽ അയാൾ ചില മാർബിൾപ്പടവുകൾ നടന്നുകേറും. (മറ്റുള്ളവർ ഇതോർത്തുവയ്ക്കും.)
കുളിമുറിയിലേക്കയാൾ കയറും. അവിടെ ചതുരംഗപ്പലകയിലെ കള്ളികൾ പോലത്തെ തറയോടുകളിൽ വീഴുന്ന ചോര വെള്ളത്തിൽ വേഗമൊലിച്ചുപൊയ്ക്കൊള്ളും.
അയാൾ മുടി മാടിയൊതുക്കും, ടൈ നേരേ പിടിച്ചിടും (ചെറുപ്പക്കാരനായ ഒരു കവിയ്ക്കു ചേരുംപടി വേഷത്തിൽ അയാൾക്കു വലിയ ശ്രദ്ധയായിരുന്നു), അപരനാണ്‌ - കണ്ണാടിയിൽ കാണുന്ന മറ്റൊരാളാണ്‌- ഒക്കെച്ചെയ്യുന്നതെന്നും, താൻ, അയാളുടെ ഇരട്ട, അതാവർത്തിക്കുന്നതേയുള്ളുവെന്നും ഭാവന ചെയ്യാൻ അയാൾ ശ്രമിയ്ക്കും.ഒടുക്കം വരെയും അയാളുടെ കൈ പതറില്ല. വിധേയതയോടെ, മാന്ത്രികതയോടെ ചെന്നിയ്ക്കു മേൽ അയാൾ തോക്കു വച്ചമർത്തും.
ഈയൊരു പ്രകാരത്തിലാണ്‌ കാര്യങ്ങൾ നടന്നതെന്ന് ഞാനൂഹിക്കുന്നു.


ചിത്രം - ആത്മഹത്യ - എഡ്വാര്‍ഡ് മാനേ



Thursday, September 29, 2011

ബോര്‍ഹസ് - കുറ്റബോധം, ഏതു മരണത്തിന്റെ പേരിലും


 

 

ഓർമ്മയിൽ നിന്നും പ്രതീക്ഷയിൽ നിന്നും മുക്തനായി,
അതിരറ്റവനായി, അമൂർത്തനായി, ഭാവികാലം തന്നെയുമായി,
മരിച്ചയാൾ മരിച്ചയാളല്ല: മരണം തന്നെയത്രെ.
ഇന്നതല്ലെന്നേ അയാളെപ്പറയാവൂ,
മിസ്റ്റിക്കുകളുടെ ദൈവത്തെപ്പോലെ.
പ്രപഞ്ചത്തിന്റെ നാശവും അഭാവവുമാണയാൾ.
അയാളുടേതായതൊക്കെ നാം കവർന്നിരിക്കുന്നു,
ഒരു നിറമോ, ഒരക്ഷരമോ പോലും നാമയാൾക്കു ബാക്കിവയ്ക്കുന്നില്ല:
ഇവിടെ, അയാളുടെ കണ്ണുകൾ ഇനി കാണാത്ത നടുമുറ്റം,
അവിടെ, അയാളുടെ മോഹം കാത്തിരുന്ന ഇടവഴി.
നാം ചിന്തിക്കുന്നതു പോലും
അയാൾ ചിന്തിക്കേണ്ടതായിരുന്നു.
കള്ളന്മാരെപ്പോലെ നാം വീതം വച്ചെടുത്തുകഴിഞ്ഞു
കൊള്ളമുതൽ പോലെ രാത്രികളും പകലുകളും.


 

Sunday, January 2, 2011

ബോര്‍ഹസ് - പൂച്ചയ്ക്ക്

011



കണ്ണാടികൾക്കില്ലിത്ര മൗനം,
ഇത്ര ഗോപ്യമല്ലിഴഞ്ഞെത്തുന്ന പ്രഭാതവും.
നിലാവത്തു നിന്നെക്കാണുമ്പോൾ
ഞങ്ങൾക്കു നീയൊരു വിദൂരവ്യാഘ്രം.
ഏതോ നിഗൂഢമായ ദൈവകല്പന പ്രവർത്തിക്കുമ്പോൾ
ഞങ്ങൾ നിന്റെ പൊരുൾ തേടിയിറങ്ങുന്നു, വ്യർത്ഥമായി.
വിദൂരം നീ, ഗംഗയെക്കാൾ, അസ്തമയത്തെക്കാൾ.
നിന്റേതാണു മൗനം, നിന്റേതാണു നിഗൂഢത.
എന്റെ കൈ നിന്നെത്തലോടുമ്പോൾ
നീയതിനു വഴങ്ങിത്തരുന്നു.
ആ വിദൂരഭൂതകാലത്തിൽപ്പിന്നെ
വിശ്വാസമില്ലാത്തൊരു കൈയുടെ സ്നേഹം
നീ കൈപ്പറ്റിയിരിക്കുന്നു.
വേറൊരു കാലത്തുള്ളതാണു നീ.
സ്വപ്നം പോലെ വളച്ചുകെട്ടിയൊരു ദേശത്തിനു
പ്രഭുവാണു നീ.




നെരൂദയുടെ പൂച്ച ഇവിടെയുണ്ട്.


Monday, December 6, 2010

ബോര്‍ഹസ് - ഡേലിയ എലിനാ സാൻ മാർക്കോ






പ്ളാസാ ഡെൽ ഓൺസേയിലെ തിരിവുകളിലൊന്നിൽ വച്ച് ഞങ്ങൾ പരസ്പരം വിട പറഞ്ഞു.
തെരുവിന്റെ മറ്റേവശത്തെ നടപ്പാതയിൽ വച്ച് ഞാൻ തിരിഞ്ഞു നോക്കി; നീയും തിരിഞ്ഞുനിന്നിരുന്നു, നീ കൈ വീശി യാത്ര പറയുകയും ചെയ്തു.
വാഹനങ്ങളുടെയും ജനങ്ങളുടെയും ഒരു നദി നമുക്കിടയിലൂടൊഴുകിപ്പോയി; ഇന്നതെന്നില്ലാത്ത ഒരു വൈകുന്നേരം അഞ്ചു മണിയായിരുന്നു സമയം. ആ നദി ദാരുണമായ ആക്കെറോൺ ആയിരുന്നുവെന്നും, ഒരാളും രണ്ടുതവണ കടക്കരുതാത്തതാണതെന്നും ഞാനെങ്ങനെ അറിയാൻ?
പിന്നെ നമ്മൾ പരസ്പരം കാഴ്ചയിൽ നിന്നു മറഞ്ഞു; ഒരു വർഷത്തിനു ശേഷം നീ മരിക്കുകയും ചെയ്തു.
ഇന്ന് ആ ഓർമ്മയെ കണ്ടെടുത്ത് അതിൽ കണ്ണു പായിക്കുമ്പോൾ ഞാൻ ചിന്തിച്ചുപോകുന്നു, അത് അയാഥാർത്ഥമായിരുന്നുവെന്ന്; നിസ്സാരമായ ഒരു വിട പറയലിനടിയിൽ അനന്തമായ ഒരു വേർപെടൽ കിടപ്പുണ്ടായിരുന്നുവെന്ന്.
ഇന്നലെ രാത്രിയിൽ ഞാൻ അത്താഴത്തിനു പുറത്തു പോയില്ല. ഈവക സംഗതികൾ ഒന്നു തെളിഞ്ഞുകിട്ടുന്നതിനായി പ്ളേറ്റോ തന്റെ ഗുരുവിനെക്കൊണ്ടു നല്കിയ ആ അന്ത്യോപദേശം ഞാൻ ഒരാവൃത്തി കൂടി വായിച്ചുനോക്കി. ഉടലു വീഴുമ്പോൾ ആത്മാവു പലായനം ചെയ്യുന്നു എന്നു ഞാൻ കണ്ടു.
ഇന്നെനിക്കു നിശ്ചയമില്ലാതായിരിക്കുന്നു, ഏതാണു സത്യമെന്ന്, ഇപ്പറഞ്ഞ അശുഭവ്യാഖ്യാനമോ അതോ സരളമായ ആ യാത്രപറയലോ?
എന്തെന്നാൽ, ആത്മാവിനു മരണമില്ലെന്നാണെങ്കിൽ യാത്രപറയലുകൾക്കു നാം പ്രാധാന്യം കല്പ്പിക്കാത്തതിൽ ശരികേടൊന്നുമില്ല.
വിട പറയുക എന്നാൽ വേർപാടിനെ നിരാകരിക്കുക എന്നുതന്നെ; സ്വന്തം വഴിക്കു പിരിഞ്ഞുപോകുന്നതായി ഇന്നു നമുക്കൊരു കളി കളിയ്ക്കാം, നാളെ പക്ഷേ നമ്മൾ പരസ്പരം കാണുകയും ചെയ്യും എന്നു പറയുന്നപോലെയേയുള്ളു അത്. മനുഷ്യർ യാത്ര പറച്ചിൽ കണ്ടുപിടിച്ചത്, തങ്ങൾ ആപേക്ഷികവും ക്ഷണികവുമായ ഒരസ്തിത്വമാണെന്നറിയുമ്പോൾത്തന്നെ ചിരഞ്ജീവികളുമാണു തങ്ങളെന്ന് ഏതോ വിധത്തിൽ അവർക്കു ബോധ്യം വന്നതു കൊണ്ടാവണം.
ഇനിയൊരു ദിവസം അനിശ്ചിത്വം നിറഞ്ഞ ഈ സംഭാഷണം വീണ്ടും നാം തുടരും, ഡേലിയാ - ഏതു നദിക്കരയിൽ വച്ചാണാവോ? - നാം നമ്മോടു തന്നെ ചോദിക്കുകയും ചെയ്യും, സമതലത്തിൽ കാണാതായിപ്പോയ ഒരു നഗരത്തിലുണ്ടായിരുന്ന ബോർഹസും  ഡേലിയായുമാണോ നമ്മളെന്നും.


പ്ളാസാ ഡെൽ ഓൺസേ- ബ്യൂണേഴ്സ് അയഴ്സിലെ ഒരു ചത്വരം
ആക്കെറോൺ-ഗ്രീക്ക് പുരാണപ്രകാരം പാതാളത്തിലൊഴുകുന്ന വേദനയുടെ നദി

link to image

Sunday, December 5, 2010

ബോര്‍ഹസ്–പറുദീസാ XXXI, 108

File:Turiner Grabtuch Gesicht negativ klein.jpg


കൊത്തിനുറുക്കി ഭൂമിയിലെമ്പാടും വിതറിയിട്ടിരിക്കുന്ന ഒരു ദൈവത്തിന്‍റെ കഥ ദിയോദോറാസ്‌ പറയുന്നുണ്ട്. സന്ധ്യവെളിച്ചത്തില്‍ നടക്കുമ്പോഴോ, നമ്മുടെതന്നെ ഭൂതകാലത്തില്‍ നിന്നൊരു ദിവസം ഓര്‍മ്മിച്ചെടുക്കുംപോഴോ അനന്തമായതെന്തോ നമുക്കു നഷ്ടപ്പെട്ടുപോയതായ തോന്നലുണ്ടാകാത്തതായി നമ്മില്‍ ആരു കാണും?

മനുഷ്യരാശിക്ക് ഒരു മുഖം നഷ്ടമായിരിക്കുന്നു, വീണ്ടെടുക്കാനാവാത്തൊരു മുഖം; എല്ലാ മനുഷ്യര്‍ക്കുമാഗ്രഹമുണ്ട്, റോമിലേക്കു യാത്ര പോയി വിശുദ്ധവെറോണിക്കയുടെ മൂടുപടം ദര്‍ശിക്കുകയും ‘എന്റെ കര്‍ത്താവായ ക്രിസ്തുയേശുവേ, സത്യമായ ദൈവമേ, ഈ വരഞ്ഞിട്ടിരിക്കുന്നത് തന്നെയോ നിന്റെ പ്രതിരൂപം?‘ എന്നു വിശ്വാസപൂര്‍വം മന്ത്രിക്കുകയും ചെയ്യുന്ന ആ തീര്‍ഥാടകനാവാന്‍.

ഒരു പാതയരികില്‍ കല്ലില്‍ കൊത്തിയൊരു മുഖം കാണാം; ഇങ്ങനെയൊരു ലിഖിതവും : ഹൈനിലെ ക്രിസ്തുവിന്റെ തിരുമുഖം . ആ മുഖം ഏതുവിധമിരുന്നു എന്നത് യഥാര്‍ത്ഥമായി നമുക്കറിയാനായാല്‍ സദൃശവാക്യങ്ങളുടെ പൊരുള്‍ നമുക്കു തെളിഞ്ഞുകിട്ടും; തച്ചന്റെ മകന്‍ തന്നെയോ ദൈവത്തിന്‍റെ മകനായതെന്നു നാമറിയുകയും ചെയ്യും.

പൌലോസ് ആ മുഖം കണ്ടത്‌ തന്നെ നിലത്തേക്കു ചുഴറ്റിയെറിഞ്ഞ മിന്നല്‍പ്പിണറായിട്ടായിരുന്നു; യോഹന്നാനാവട്ടെ, പ്രതാപിയായെരിയുന്ന സൂര്യനായും. സ്വച്ഛപ്രകാശത്തില്‍ കുളിച്ച ആ മുഖം തെരേസാപുണ്യവതി എത്രതവണ ദര്‍ശിച്ചിരിക്കുന്നു, അതിന്റെ കണ്ണുകളുടെ നിറമെന്തായിരുന്നുവെന്ന്‍ തീര്‍ച്ചവന്നിട്ടില്ലെങ്കിലും .

ആ മുഖലക്ഷണങ്ങള്‍ നമുക്കു നഷ്ടമായിപ്പോയി, സാമ്പ്രദായികമായ അക്കങ്ങള്‍ കൊണ്ടു സൃഷ്ടിച്ച ഒരു മാന്ത്രികസംഖ്യ നഷ്ടപ്പെട്ടുപോകുന്നതുപോലെ, കാലിഡോസ്കൊപ്പിലെ ഒരു ചിത്രരൂപം കൈവിട്ടുപോകുന്നപോലെ.  കണ്ണിലേക്കെത്തുന്നുവെങ്കിലും ഗ്രഹിക്കാനാവുന്നില്ല നമുക്കവ. തെരുവില്‍ എതിരേ വന്ന ഒരു ജൂതന്റെ മുഖരേഖയാവാം ക്രിസ്തുവിന്റെതും ; ടിക്കറ്റ് കൌണ്ടറിലൂടെ ബാക്കി തരുന്ന കൈകള്‍ പണ്ടൊരു നാള്‍ ഭടന്മാര്‍ കുരിശിനോടു ചേര്‍ത്താണിയടിച്ച കൈകളുടെ പ്രതിഫലനവുമാകാം.

ഓരോ കണ്ണാടിയിലും തങ്ങിനില്‍ക്കുന്നുണ്ടാവും ക്രൂശിതമുഖത്തിന്റെ ഏതോ ലക്ഷണങ്ങള്‍; ആ മുഖം മരിച്ചതും മാഞ്ഞുപോയതും എല്ലാ മുഖങ്ങളും ദൈവത്തിന്‍റെതാവട്ടെ എന്നുള്ളതിനാലുമാവണം.

ഇന്നു രാത്രിയില്‍ നമ്മുടെ സ്വപ്നത്തിന്റെ വിഷമദുര്‍ഗ്ഗങ്ങളില്‍ നാമതിനെ കാണുകയില്ലെന്നാരു കണ്ടു, നാമതിനെ കണ്ടുവെന്ന് നാളെ നമുക്കറിവുണ്ടാവില്ലെന്നും?



ബോര്‍ഹസ് - ബോർഹസും ഞാനും


ബോർഹസ് എന്ന മറ്റേയാളുടെ പേരിലാണു കാര്യങ്ങൾ നടക്കുന്നത്. ബ്യൂണേഴ്സ് അയേഴ്സിലെ തെരുവുകളിലൂടെ -ശീലം കൊണ്ടാവാം-  പഴയ ചില വളച്ചുവാതിലുകളും അഴിയിട്ട ചില കവാടങ്ങളും സൂക്ഷിച്ചൊന്നു നോക്കാൻ വേണ്ടി ഇടയ്ക്കൊക്കെയൊന്നു നിന്നുകൊണ്ട് നടന്നു പോവുകയാണു ഞാൻ. ബോർഹസിന്റെ വിശേഷങ്ങൾ കത്തുകൾ വഴി ഞാനറിയുന്നുണ്ട്; പ്രൊഫസർമാരുടെ ഏതോ കമ്മിറ്റിയിലോ, ഒരു ജീവചരിത്രനിഘണ്ടുവിലോ അയാളുടെ പേരു പരാമർശിച്ചിരിക്കുന്നതായി കണ്ണിൽപ്പെടുന്നുമുണ്ട്. പഴയമട്ടിലുള്ള നാഴികവട്ടകൾ, ഭൂപടങ്ങൾ, പതിനെട്ടാം നൂറ്റാണ്ടിലെ അച്ചുകൾ, വാക്കുകളുടെ വ്യുത്പത്തി, കാപ്പിയുടെ സുഗന്ധം, സ്റ്റീവൻസന്റെ ഗദ്യരചന ഇതൊക്കെയാണ്‌ എന്റെ താത്പര്യങ്ങൾ. ഇതേ താത്പര്യങ്ങൾ ബോർഹസും പങ്കുവയ്ക്കുന്നുണ്ട്; പക്ഷേ അതിന്റെ പ്രകടനപരത ഒരു നാടകനടന്റെ ചേഷ്ടകളായി അവയെ മാറ്റുന്നുവെന്നേയുള്ളു. ഞങ്ങൾ തമ്മിൽ വിരോധത്തിലാണെന്നു പറഞ്ഞാൽ അതൊരതിശയോക്തിയായിപ്പോവും; ബോർഹസിനു സാഹിത്യമെഴുതിവിടാൻ വേണ്ടി ഞാൻ ജീവിക്കുന്നു, ജീവൻ വെടിയാതെ നില്ക്കുന്നു എന്നു പറയാം; ആ സാഹിത്യം തന്നെയാണ്‌ എനിക്കുള്ള ന്യായീകരണവും. കൊള്ളാവുന്ന ചില താളുകൾ അയാൾ എഴുതിയിട്ടുണ്ടെന്നു സമ്മതിക്കുന്നതിൽ എനിക്കൊരു മടിയുമില്ല; പക്ഷേ ആ താളുകൾ എന്നെ രക്ഷപെടുത്താൻ പോകുന്നില്ല; അതിനു കാരണം നല്ലതൊന്നും ആരുടേതുമല്ലെന്നതാവാം; മറ്റേയാൾക്കു പോലുമല്ല, ഭാഷയ്ക്കോ, പാരമ്പര്യത്തിനോ അവകാശപ്പെട്ടതാണവ. എന്നെന്നേക്കുമായി വിസ്മൃതിയില്പ്പെട്ടുപോകാനാണ്‌ എന്റെ വിധി; എന്റേതായ ഏതോ ചില ക്ഷണികനിമിഷങ്ങൾ മറ്റേയാളിൽ ബാക്കി നിന്നാലായി. പടിപടിയായി ഞാൻ സകലതും അയാൾക്കടിയറ വച്ചു വരികയാണ്‌, സകലതിനെയും വക്രീകരിക്കാനും, പെരുപ്പിച്ചുകാട്ടാനുമുള്ള അയാളുടെ സ്വഭാവവൈകൃതത്തെക്കുറിച്ച് എനിക്കു നന്നായിട്ടറിയാമെങ്കില്ക്കൂടി. സർവതും സ്വപ്രകൃതി സൂക്ഷിക്കുന്നുവെന്നായിരുന്നു സ്പിനോസായുടെ മതം- കല്ലിനെന്നും കല്ലായിട്ടിരുന്നാൽ മതി, വ്യാഘ്രത്തിനു വ്യാഘ്രമായും. ഞാൻ ബോർഹസിൽ ശേഷിക്കും, എന്നിലല്ല ( ഞാനാരെങ്കിലുമാണെന്നുണ്ടെങ്കിൽ); പക്ഷേ ഈയിടെയായി ഞാനെന്നെ കണ്ടെടുക്കുന്നത് അയാളെഴുതിയവയിലല്ല, അന്യരെഴുതിയവയിലാണ്‌, അല്ലെങ്കിൽ വിലക്ഷണമായ ഒരു ഗിത്താർവായനയിലാണ്‌. അയാളുടെ പിടിയിൽ നിന്നു കുതറിമാറാൻ വർഷങ്ങൾക്കു മുമ്പ് ഞാനൊന്നു ശ്രമിച്ചുനോക്കിയിരുന്നു; നഗരപ്രാന്തങ്ങളെയും ചേരികളെയും കുറിച്ചുള്ള പുരാണങ്ങളുപേക്ഷിച്ച് കാലവും അനന്തതയും വച്ചുള്ള ചതുരംഗം കളികളിലേക്കു ഞാൻ നീങ്ങി. ആ കളികളും പക്ഷേ, ബോർഹസിന്റെ കണക്കിലാണിപ്പോൾ; എനിക്കു വേറെന്തെങ്കിലും കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെ എന്റെ ജീവിതം ഒരു പലായനമായിരിക്കുന്നു; എല്ലാം എനിക്കു നഷ്ടപ്പെടുകയാണ്‌; എല്ലാം വിസ്മൃതിയിലേക്കു പോകുന്നു, അല്ലെങ്കിൽ മറ്റേയാൾക്കു പോകുന്നു.

ഞങ്ങളിൽ ആരാണ്‌ ഈയൊരു പുറമെഴുതിയതെന്നതും എനിക്കു നല്ല നിശ്ചയമല്ല.

(1956)


Friday, June 11, 2010

ബോർഹസ്-അതിരുകൾ

image

എനിക്കോർമ്മ കിട്ടാത്തൊരു വരിയുണ്ട്, വെർലൈന്റെ,
എന്റെ കാലടികൾ മൊഴി ചൊല്ലിയൊരു തെരുവുണ്ട്, അരികെത്തന്നെ,
എന്നെയൊടുവിൽക്കണ്ടൊരു കണ്ണാടിയുണ്ട്,
ലോകാവസാനം വരെയ്ക്കുമായി ഞാൻ കൊട്ടിയടച്ചൊരു വാതിലുണ്ട്,
എന്റെ പുസ്തകശേഖരത്തിനിടയിൽ (ഞാനതു വില്ക്കാനും പോവുകയാണ്‌)
ഞാനിതേവരെ തുറന്നുനോക്കാത്തൊരു പുസ്തകമുണ്ട്,
ഈ വേനല്ക്കെനിക്കു പ്രായം അമ്പതാകും,
കരളലിവില്ലാത്ത മരണം എന്നെ കാർന്നെടുക്കുകയുമാണ്‌.


link to image

Saturday, March 27, 2010

ബോർഹസ്‌- - നരകം,I,32


File:Cerberus-Blake.jpeg

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ, ഉദയത്തിന്റെ പാതിവെളിച്ചം മുതൽ അസ്തമയത്തിന്റെ പാതിവെളിച്ചം വരെ ഒരു പുള്ളിപ്പുലിയുടെ കണ്ണുകൾ നോക്കിക്കിടക്കുകയായിരുന്നു, ചില തടിപ്പലകകൾ, ചില ഇരുമ്പഴികൾ, മാറിമാറിവരുന്ന ചില സ്ത്രീകളും പുരുഷന്മാരും, ശൂന്യമായൊരു ഭിത്തി, പിന്നെ കരിയിലകൾ വീണുകിടക്കുന്ന ഒരു കൽത്തൊട്ടിയും. അതിനറിയുമായിരുന്നില്ല, അറിയാനുള്ള ശേഷിയും അതിനുണ്ടായിരുന്നില്ല, താൻ ദാഹിച്ചത്‌ പ്രണയത്തിനും ക്രൂരതയ്ക്കും വേണ്ടിയാണെന്ന്, ഇറച്ചിത്തുണ്ടം കടിച്ചുകീറുന്നതിന്റെ പൊള്ളുന്ന സന്തോഷത്തിനാണെന്ന്, ഒരു പുള്ളിമാനിന്റെ ഗന്ധം പേറിവരുന്ന ഇളംകാറ്റിനാണെന്ന്; അതിനുള്ളിൽ എന്തോ കിടന്നു വീർപ്പുമുട്ടി, അതിനുള്ളിൽ എന്തോ ഒന്നു കുതറി; പിന്നെ സ്വപ്നത്തിൽ ദൈവം അതിനോടരുളി: നിന്റെ ജീവിതവും മരണവും ഈ തടവറയ്ക്കുള്ളിൽത്തന്നെ; ഞാനറിയുന്ന ഒരുവൻ ചില തവണ നിന്നെക്കാണുന്നതിനും, നിന്നെ ഓർമ്മവയ്ക്കുന്നതിനും, പ്രപഞ്ചത്തിന്റെ ഇഴയോട്ടത്തിൽ കൃത്യമായ സ്ഥാനമുള്ള ഒരു കവിതയിൽ നിന്റെ രൂപവും പ്രതീകവും നിവേശിപ്പിക്കുന്നതിനുമായിട്ടത്രേ അതിങ്ങനെയായി. നീ ബന്ധനം അനുഭവിക്കും, പക്ഷേ അതുവഴി ഒരു കവിതയ്ക്ക്‌ നീയൊരു പദം നൽകുകയും ചെയ്തിരിക്കും. സ്വപ്നത്തിൽ ദൈവം ആ ജന്തുവിന്റെ പ്രാകൃതബോധത്തെ ദീപ്തമാക്കി; ഹേതുക്കൾ ഉള്ളറിഞ്ഞ ആ മൃഗമാവട്ടെ, തന്റെ വിധിയ്ക്കു തന്നെ വിട്ടുകൊടുക്കുകയും ചെയ്തു. സ്വപ്നം തെളിഞ്ഞപ്പോൾപ്പക്ഷേ, ഒരുതരം ശാന്തി മാത്രമേ അതിനു തോന്നിയുള്ളു, തീവ്രമായൊരൊജ്ഞത; എന്തെന്നാൽ ഒരു കാട്ടുജന്തുവിന്റെ സാരള്യത്തിനെതിർനിൽക്കാവുന്നതല്ലല്ലോ പ്രപഞ്ചയന്ത്രത്തിന്റെ സങ്കീർണ്ണത.

File:Dante Luca.jpg

വർഷങ്ങൾക്കു ശേഷം റാവെന്നായിൽ മരണം കാത്തുകിടക്കുകയാണ്‌ ദാന്തേ, മറ്റേതു മനുഷ്യനെയും പോലെ ന്യായീകരണമേതുമില്ലാതെയും ഏകാകിയായും. ഒരു സ്വപ്നത്തിൽ ദൈവം അദ്ദേഹത്തിന്‌ തന്റെ ജീവിതത്തിന്റെയും കർമ്മത്തിന്റെയും നിഗൂഢമായ ഉദ്ദേശ്യം വെളിവാക്കിക്കൊടുത്തു; അങ്ങനെ ഒടുവിൽ ദാന്തേ വിസ്മയത്തോടെ അറിയുന്നു, താനാരാണെന്ന്, താനെന്താണെന്ന്; അനുഗ്രഹങ്ങളായിരുന്നു തന്റെ ജീവിതദുഃഖങ്ങളെന്ന്. ഉറക്കമുണർന്നപ്പോൾ അനന്തമായ എന്തോ ഒന്ന് തനിക്കു കൈവന്നതായും, പിന്നെയതു കൈവിട്ടുപോയതായും അദ്ദേഹത്തിനു തോന്നലുണ്ടായി എന്നാണു ശ്രുതി; ഇനിയൊരിക്കലും തനിക്കു തിരിച്ചുകിട്ടാത്തതും, ഒരു ദൂരവീക്ഷണം പോലും സാദ്ധ്യമല്ലാത്തതുമായ ഒന്ന്; എന്തെന്നാൽ, മനുഷ്യന്റെ സാരള്യത്തിനെതിർനിൽക്കാ വുന്നതല്ലല്ലോ പ്രപഞ്ചയന്ത്രത്തിന്റെ സങ്കീർണ്ണത.

_________________________________________________________________________________
image 1 by William Blake
image 2 by Luca Signorelli

Sunday, March 21, 2010

മാർക്കോ ഡെനെവി-ഈച്ചകളുടെ ദൈവം


File:Fliegenglas-1.jpg

ഈച്ചകൾ തങ്ങൾക്കൊരു ദൈവത്തെ ഭാവന ചെയ്തു. അതും ഒരീച്ചയായിരുന്നു. ഈച്ചകളുടെ ദൈവം ഈച്ച തന്നെയായിരുന്നു, ചിലനേരം പച്ച, ചിലനേരം കറുത്തു പൊൻനിറത്തിൽ, ചിലനേരം നല്ല ചെമപ്പ്‌, ചിലനേരം വെളുത്തത്‌, ഇനിയും ചിലപ്പോൾ മാന്തളിർനിറം, ദുർജ്ഞേയനായ ഒരീച്ച, സുന്ദരനായ ഒരീച്ച, വിലക്ഷണനായ ഒരീച്ച, ഭീഷണനായ ഒരീച്ച, കരുണാമയനായ ഒരീച്ച, പ്രതികാരബുദ്ധിയായ ഒരീച്ച, നീതിമാനായ ഒരീച്ച, നിത്യയൗവനം കാക്കുന്ന ഒരീച്ച, എന്നാലും എന്നെന്നും ഒരീച്ച. ചിലർ അതിന്റെ വലുപ്പം ഒരു കാളക്കൂറ്റന്റേതെന്നു പറഞ്ഞുപൊലിപ്പിച്ചു. ചിലർ പറഞ്ഞു, കണ്ണിനു കാണാൻ കൂടിയില്ലാത്തത്ര ചെറുതാണവനെന്ന്. ചില മതങ്ങളിൽ അവനു ചിറകുകളില്ല (അവനു പറക്കാൻ ചിറകുകൾ വേണ്ടെന്നും അവർ വാദിച്ചു), മറ്റു ചില മതങ്ങളിൽ അവന്റെ ചിറകുകൾ അനന്തവിസ്തൃതവുമായിരുന്നു. കൊമ്പുകൾ പോലത്തെ തുമ്പികൾ ഉണ്ടവനെന്ന് ഇവിടെയൊരിടത്തു പറയുന്നുണ്ട്‌; ശിരസ്സു മൂടുന്ന കണ്ണുകളുണ്ടെന്ന് ഇനിയൊരിടത്തും പറയുന്നു. നിരന്തരം മർമ്മരം പൊഴിക്കുന്നവനാണു ചിലർക്കവൻ; ചിലർക്കവൻ നിത്യമൂകനും; എന്നാൽക്കൂടി തന്റെ സൃഷ്ടികളുമായി നിത്യസമ്പർക്കത്തിലുമാണവൻ. ഈച്ചകൾ മരിക്കുംകാലത്ത്‌ അവൻ അവരെ സ്വർഗ്ഗത്തിലേക്കെടുക്കുന്നുവെന്ന കാര്യത്തിൽ ആർക്കും സംശയമേതുമില്ല. സ്വർഗ്ഗമെന്നാൽ ഒരു തുണ്ടം ചീഞ്ഞ മാംസമത്രെ; നാറുന്നതും പുഴുത്തതും ഈച്ചകളുടെ പരേതാത്മാക്കൾ അനന്തകാലം തിന്നാലും തീരാത്തതുമാണത്‌. വന്നുപൊതിയുന്ന ഈച്ചപ്പറ്റത്തിനടിയിൽ സ്വർഗ്ഗീയമായ ആ എച്ചിൽക്കഷണം നിരന്തരം സ്വയം പ്രവൃദ്ധമായിക്കൊണ്ടേയിരിക്കും. നല്ലവരായ ഈച്ചകളുടെ കാര്യമാണു പറഞ്ഞത്‌. ഈച്ചകളിൽ കെട്ടവരുമുണ്ടല്ലോ; അവർക്കായി ഒരു നരകവുമുണ്ട്‌. പതിതരായ ഈച്ചകൾക്കു പറഞ്ഞിട്ടുള്ള ആ നരകത്തിൽ മലമില്ല, മാലിന്യമില്ല, കുപ്പയില്ല, നാറ്റമില്ല, ഒന്നിന്റെയും ഒന്നുമില്ല; വൃത്തി കൊണ്ടു വെട്ടിത്തിളങ്ങുന്നതും, തെളിഞ്ഞ പ്രകാശം കൊണ്ടു ദീപ്തവുമായ ഒരിടം; മറ്റു വാക്കുകളിൽ പറഞ്ഞാൽ ദൈവസാന്നിദ്ധ്യമില്ലാത്ത ഒരിടം.
_______________________________________________________________________________________________________________
മാർക്കോ ഡെനെവി(1922-1997)- അർജന്റീനക്കാരനായ സ്പാനിഷ്‌ എഴുത്തുകാരൻ
image from wikimedia commons

Sunday, February 21, 2010

ബോർഹസ്‌-മാർക്കോസിന്റെ സുവിശേഷം

File:SVouet.jpg

1928 മാർച്ച്‌ ഒടുവിൽ ജൂനിൻ ടൗൺഷിപ്പിന്റെ തെക്കേയറ്റത്തുള്ള ലാ കോളൊറാഡാ എന്ന കൃഷിക്കളത്തിൽ വച്ചാണ്‌ സംഭവം നടന്നത്‌. ബാൽത്തസാർ എസ്പിനോസാ എന്നു പേരായ ഒരു മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു കഥാനായകൻ. തൽക്കാലം നമുക്കയാളെ ബ്യുണേഴ്സ്‌ അയഴ്സിലെ സാധാരണ ചെറുപ്പക്കാരുടെ പറ്റത്തിൽ പെടുത്താം; സ്വഭാവത്തിൽ എടുത്തുപറയാനുള്ളത്‌ അതിരറ്റതെന്നു പറയാവുന്ന ഒരു ദയാവായ്പും റാമോ മേഹ്യായിലെ ഇംഗ്ലീഷ്‌ സ്കൂളിൽ വച്ച്‌ പാരിതോഷികങ്ങൾ പലതും നേടിക്കൊടുത്ത പ്രസംഗപാടവവും മാത്രം. തർക്കിക്കുന്നത്‌ അയാൾക്കിഷ്ടമായിരുന്നില്ല; തനിക്കെതിരു നിൽക്കുന്നവരുടെ ഭാഗം ശരിയായാൽ അതാകുമായിരുന്നു അയാൾക്കിഷ്ടപ്പെടുക. ചൂതുകളിയിൽ യാദൃച്ഛികതയുടെ സാധ്യതകൾ അയാളെ ആകർഷിച്ചിരുന്നുവെങ്കിൽക്കൂടി അയാൾ നല്ലൊരു ചൂതുകളിക്കാരനായിരുന്നില്ല; കളി ജയിക്കുന്നത്‌ അയാൾക്കിഷ്ടമായിരുന്നില്ലല്ലോ.

ആൾ ബുദ്ധിമാനായിരുന്നു, എന്തു പഠിക്കാനും വിരോധവുമില്ല; പക്ഷേ അലസനായിരുന്നു. മുപ്പത്തിമൂന്നു വയസ്സായിട്ടും അയാൾ ഡിഗ്രിയെടുത്തിട്ടില്ല; അതാകട്ടെ അയാളുടെ ഇഷ്ടവിഷയത്തിലും. അക്കാലത്തെ എല്ലാ മാന്യന്മാരെയും പോലെ യുക്തിവാദിയായിരുന്ന അയാളുടെ അച്ഛൻ അയാൾക്ക്‌ ഹെർബർട്ട്‌ സ്പെൻസറുടെ ചിന്തകൾ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. എന്നാൽ ഒരിക്കലയാൾ മോണ്ടെവിഡിയോവിലേക്കു പുറപ്പെടുന്നതിനു മുമ്പ്‌ അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു, എന്നും രാത്രിയിൽ കർത്താവിന്റെ പ്രാർത്ഥന ചൊല്ലണമെന്നും കുരിശ്ശു വരയ്ക്കണമെന്നും; ഇപ്പോന്ന കാലമത്രയും അയാൾ ആ വാഗ്ദാനം ലംഘിക്കാതെ കാത്തുപോന്നിരിക്കുന്നു. അയാൾക്കു ചുണക്കുറവൊന്നുമുണ്ടായിരുന്നില്ല; ഒരു ദിവസം കാലത്ത്‌ തന്നെ ഏതോ പ്രകടനത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ച ചില വിദ്യാർത്ഥികളുമായി അയാൾ ചെറിയൊരടികലശലിൽ ഏർപ്പെട്ടിട്ടുള്ളതുമാണ്‌; അതുപക്ഷേ കോപത്തേക്കാളേറെ ഉദാസീനത കൊണ്ടാണെന്നും പറയേണ്ടിവരും. എതിരു പറയാത്ത പ്രകൃതം കാരണം അയാളുടെ ഉള്ളു നിറയെ സംശയാസ്പദമായ ശീലങ്ങളും അഭിപ്രായങ്ങളുമായിരുന്നു: അർജന്റീനയെക്കാൾ മുഖ്യമായി അയാൾക്കു തോന്നിയത്‌ മറ്റു രാജ്യങ്ങളിലുള്ളവർ തങ്ങളെ തൂവലുകളും വച്ചുനടക്കുന്ന റെഡ്‌ ഇന്ത്യക്കാരായി കരുതിയേക്കുമോ എന്ന ഭീതിയായിരുന്നു. അയാൾ ഫ്രാൻസിനെ ആരാധിച്ചിരുന്നുവെങ്കിലും ഫ്രഞ്ചുകാരെ വെറുപ്പായിരുന്നു; അമേരിക്കക്കാരെ അയാൾക്കത്ര കാര്യമായിരുന്നില്ല, അതേസമയം ബ്യുണെഴ്സ്‌ അയഴ്സിൽ അംബരചുംബികളുള്ളത്‌ അയാളെ അഭിമാനം കൊള്ളിക്കുകയും ചെയ്തു. സമതലത്തിലെ ഗോച്ചോകൾ മലമ്പ്രദേശത്തെ ഗോച്ചോകളെക്കാൾ വലിയ കുതിരസവാരിക്കാരാണെന്നുള്ളതും അയാളുടെ ഒരു വിശ്വാസമായിരുന്നു. വേനൽക്കാലം ലാ കോളൊറാഡായിൽ കഴിക്കാമെന്നു പറഞ്ഞ്‌ അമാവന്റെ മകൻ ഡാനിയൽ വന്നു ക്ഷണിച്ചപ്പോൾ അയാൾ പെട്ടെന്നുതന്നെ സമ്മതം മൂളി- അതു പക്ഷേ അയാൾക്കു നാട്ടുമ്പുറത്തോട്‌ യഥാർത്ഥത്തിൽ ആഭിമുഖ്യമുണ്ടായിരുന്നതു കൊണ്ടായിരുന്നില്ല, മറിച്ച്‌ അയാളുടെ എതിരു പറയാത്ത ശീലം കൊണ്ടു മാത്രമായിരുന്നു; തന്നെയുമല്ല, വരുന്നില്ലെന്നു പറയാൻ നല്ലൊരു കാരണം ഓർത്തെടുക്കാൻ അയാൾക്കു കഴിഞ്ഞതുമില്ല.

കളത്തിലെ പ്രധാനകെട്ടിടം വലിപ്പമുള്ളതും ജീർണ്ണിച്ചുതുടങ്ങിയതുമായിരുന്നു; മേസ്ത്രിയായ ഗുത്രെയുടെ താമസം തൊട്ടടുത്തു തന്നെയായിരുന്നു. ഗുത്രെ കുടുംബത്തിൽ മൂന്നംഗങ്ങളുണ്ടായിരുന്നു: അച്ഛൻ, വല്ലാതെ അവലക്ഷണം പിടിച്ച ഒരു മകൻ, പിന്നെ പിതൃത്വം നിശ്ചയമില്ലാത്ത  ഒരു പെൺകുട്ടിയും. എല്ലാവരും ഉയരം വച്ച്‌, ബലത്ത ശരീരമുള്ളവരും എല്ലുമുഴുപ്പുള്ളവരുമായിരുന്നു; ചെമ്പിച്ച മുടി, മുഖത്ത്‌ റഡ്‌ ഇന്ത്യൻ രക്തത്തിന്റെ പാടുകൾ. അവർ മിണ്ടാറുതന്നെയില്ല എന്നു പറയാം; മേസ്ത്രിയുടെ ഭാര്യ വർഷങ്ങൾക്കു മുമ്പേ മരിച്ചുപോയിരിക്കുന്നു.

നാട്ടുമ്പുറത്തു വച്ച്‌ എസ്പിനോസാ തനിക്കറിയാത്തതും, അങ്ങനെയൊന്നുണ്ടെന്നു സംശയിച്ചിട്ടുപോലുമില്ലാത്തതുമായ കാര്യങ്ങൾ പഠിക്കാൻ തുടങ്ങി. ഉദാഹരണത്തിന്‌, വീടടുക്കുമ്പോൾ കുതിരകളെ കുതിച്ചോടിക്കരുതെന്ന്, വിശേഷിച്ചെന്തെകിലുമുണ്ടെങ്കിലല്ലാതെ കുതിരപ്പുറത്തു പോകരുതെന്ന്. വേനൽ കഴിയാറാകുമ്പോഴേക്കും കിളികളെ പാട്ടു കേട്ടു തിരിച്ചറിയാൻ അയാൾക്കു കഴിഞ്ഞിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്തോ കാലിക്കച്ചവടം ഉറപ്പിക്കാനായി ഡാനിയലിന്‌ ബ്യൂണഴ്സ്‌ അയഴ്സിലേക്കു പോകേണ്ടിവന്നു. കൂടിവന്നാൽ ഒരാഴ്ചത്തെ കാര്യമേയുള്ളു. തന്റെ ബന്ധുവിന്‌ സ്ത്രീവിഷയത്തിലുള്ള നിരന്തരഭാഗ്യത്തെക്കുറിച്ചും ഫാഷന്റെ സൂക്ഷ്മാംശങ്ങളിലുള്ള അക്ഷീണതാൽപര്യത്തെക്കുറിച്ചും കേട്ടുകേട്ട്‌ ഒരുതരം മുഷിച്ചിൽ വന്നുതുടങ്ങിയിരുന്ന എസ്പിനോസ തന്റെ പുസ്തകങ്ങളുമായി കളത്തിൽത്തന്നെ കൂടാമെന്നു വച്ചു. പക്ഷേ അസഹ്യമായിരുന്നു ഉഷ്ണം; രാത്രി പോലും ആശ്വാസമേകിയില്ല. ഒരു പുലർച്ചെ ഇടിമുഴക്കം അയാളെ ഉണർത്തി; ചൂളമരങ്ങളിൽ കാറ്റാഞ്ഞുവീശി. പുതുമഴയ്ക്കു ചെവി കൊടുത്തുകൊണ്ട്‌ എസ്പിനോസ ദൈവത്തിനു നന്ദി പറഞ്ഞു. പെട്ടെന്ന് തണുത്ത കാറ്റ്‌ അകത്തേക്കടിച്ചു കയറി. അന്നു വൈകിട്ട്‌ സലാഡോ കരകവിഞ്ഞു.

പിറ്റേന്നു കാലത്ത്‌ മട്ടുപ്പാവിൽ നിന്നുകൊണ്ട്‌ വെള്ളം കയറിയ സമതലം നിരീക്ഷിക്കുമ്പോൾ ബാൽതസാർ എസ്പിനോസയ്ക്കു ബോധ്യമായി, പാമ്പയുടെ പരപ്പിനെ കടലിനോടുപമിക്കുന്ന ആ സ്ഥിരം രൂപകം അത്രയ്ക്കങ്ങു പിശകിപ്പോയിട്ടില്ലെന്ന്; കുറഞ്ഞപക്ഷം ആ പ്രഭാതത്തിലെങ്കിലും. രണ്ടിലും വച്ച്‌ കടലിനു കൂടുതൽ വിസ്തൃതി തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം നാമതിനെ വീക്ഷിക്കുന്നത്‌ കുതിരപ്പുറത്തോ, കൺനിരപ്പിലോ അല്ലാതെ കപ്പൽത്തട്ടിൽ നിന്നു കൊണ്ടായതു കൊണ്ടാണെന്ന് ഹഡ്സൺ പറഞ്ഞിട്ടുമുണ്ടല്ലോ. മഴയ്ക്കു ശമനമുണ്ടായില്ല. എസ്പിനോസായുടെ സഹായത്തോടെ-ആ നഗരവാസിയുടെ സഹായം അവർക്കൊരു തടസ്സമായിട്ടാണു വന്നതെന്നും വരാം-ഗുത്രെകുടുംബം കന്നുകാലികളിൽ കുറേയെണ്ണത്തിനെ രക്ഷപ്പെടുത്തി; എന്നിട്ടും കുറേ ചത്തു. കളത്തിലേക്കു വരുന്ന നാലു വഴികളുണ്ടായിരുന്നു; നാലും വെള്ളത്തിനടിയിലായിരുന്നു. മൂന്നാമത്തെ ദിവസം ഒരു ചോർച്ച മേസ്തിരിയുടെ പുരയെ അപകടപ്പെടുത്തുമെന്നായപ്പോൾ വീടിനു പിന്നിൽ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ചായ്പിനോടു ചേർന്നുള്ള ഒരു മുറി എസ്പിനോസാ അവർക്കു വിട്ടുകൊടുത്തു. ഇതവരെ തമ്മിൽ കൂടുതലടുപ്പിച്ചു. വീട്ടിലെ വലിയ തീൻമുറിയിൽ ഒരുമിച്ചായി അവരുടെ ഭക്ഷണം. സംഭാഷണം ദുഷ്കരമായി അനുഭവപ്പെട്ടു. നാട്ടുകാര്യങ്ങളെക്കുറിച്ച്‌ അത്രയധികം വിവരമുണ്ടായിരുന്ന ഗുത്രെകുടുംബത്തിന്‌ അതൊന്നു പറഞ്ഞുമനസ്സിലാക്കുക കഠിനയത്നമായിരുന്നു. അതിർത്തിപ്പട്ടാളം ജൂനിനിൽ താവളമടിച്ചിരുന്ന കാലത്ത്‌ റഡ്‌ ഇന്ത്യാക്കാർ മിന്നലാക്രമണം നടത്തിയത്‌  ഓർമ്മയുണ്ടോയെന്ന് ഒരിക്കലയാൾ അവരോടു ചോദിച്ചു. ഉണ്ടെന്നായിരുന്നു അവരുടെ ഉത്തരം. പക്ഷേ ചാൾസ്‌ ഒന്നാമന്റെ ശിരഃഛേദത്തെക്കുറിച്ചു ചോദിച്ചാലും അവർ ഇതേ ഉത്തരം നൽകുമായിരുന്നു. നാട്ടുമ്പുറത്തു കണ്ടുവരുന്ന ദീർഘായുസ്സുകളൊക്കെ ഒന്നുകിൽ ഓർമ്മക്കുറവിന്റെയോ, അതുമല്ലെങ്കിൽ തീയതികളെക്കുറിച്ചുള്ള അവ്യക്തധാരണയുടെയോ ഫലമായിരിക്കുമെന്ന് അച്ഛൻ പറയാറുള്ളത്‌ അയാൾ അപ്പോഴോർത്തു-ഗോച്ചോകൾക്ക്‌ തങ്ങൾ ജനിച്ച വർഷമോ, തങ്ങളെ ജനിപ്പിച്ച മനുഷ്യന്റെ പേരോ അറിയാതിരിക്കാൻ ഒരു വാസന തന്നെയുണ്ട്‌.

വീട്ടിലാകെക്കൂടി വായിക്കാനുള്ളതായി കണ്ടത്‌ ഏതോ കാർഷികമാസികയുടെ പല ലക്കങ്ങൾ, മൃഗവൈദ്യത്തെക്കുറിച്ച്‌ ഒരു മാനുവൽ, ഉറുഗ്വേയൻ ഇതിഹാസമായ തബരേയുടെ ഒരു ഡീലക്സ്‌ പതിപ്പ്‌, ശൃംഗാരമോ കുറ്റാന്വേഷണമോ വിഷയമാക്കിയിട്ടുള്ള ഒരടുക്കു കഥകൾ, അർജന്റീനയിലെ കുറുംകൊമ്പൻ കാലികളുടെ ചരിത്രം എന്ന പുസ്തകത്തിന്റെ ഒരു കോപ്പി എന്നിവയും, പിന്നെ ഡോൺ സെഗുണ്ടോ സോംബ്ര എന്ന പേരിൽ അടുത്ത കാലത്തിറങ്ങിയ, എസ്പിനോസാ വായിക്കാത്ത ഒരു നോവലും മാത്രമായിരുന്നു. അത്താഴശേഷമുള്ള അനിവാര്യമായ സംഭാഷണശ്രമങ്ങൾക്കു ജീവൻ കൊടുക്കാനുള്ള ഒരുപാധിയെന്ന നിലയിൽ ഈ നോവലിന്റെ രണ്ടദ്ധ്യ്യായങ്ങൾ എഴുത്തും വായനയും അറിയാത്ത ഗുത്രെകുടുംബത്തെ വായിച്ചുകേൾപ്പിച്ചാലോ എന്ന് അയാൾ ചിന്തിച്ചു. നിർഭാഗ്യത്തിന്‌ മേസ്ത്രിയും ഒരുകാലത്ത്‌ കാലിതെളിപ്പുകാരനായിരുന്നു; കാലിതെളിപ്പുകാരനായ മറ്റൊരാളുടെ ചെയ്തികൾ അയാളുടെ താൽപര്യത്തെ ഉണർത്താൻ മതിയായില്ല.  ഇതാർക്കുമെഴുതാവുന്നതാണെന്നായി അയാൾ; തെളിപ്പുകാർ തങ്ങൾക്കാവശ്യം വരുന്നതൊക്കെ ഒരു കഴുതപ്പുറത്തു കയറ്റി കൂടെ കൊണ്ടുപോകാറുള്ളതാണ്‌. കാലിതെളിപ്പുകാരനായിരുന്നില്ലെങ്കിൽ താനൊരിക്കലും ഗോമസ്‌ തടാകമോ, ബ്രഗാഡോ പുഴയോ, ചകാബുകോവിലെ നൂനസ്‌ കൃഷിക്കളമോ കാണാൻ പോകുന്നിലെന്നും അയാൾ പറഞ്ഞു...

വീട്ടിൽ ഒരു ഗിത്താറുണ്ടായിരുന്നു; ഞാൻ ഈ വിവരിക്കുന്ന സംഭവം നടക്കുന്ന കാലത്തിനു  മുമ്പ്‌ പണിക്കാർ വട്ടമിട്ടിരിക്കും; ഒരാൾ ഗിത്താറെടുത്ത്‌ വെറുതെ മീട്ടിക്കൊണ്ടിരിക്കും; പക്ഷേ അതു വായിക്കുക എന്നത്‌ അയാളുടെ കഴിവിനപ്പുറമായിരിക്കും. 'ഗിത്താർ തട്ടൽ' എന്നാണ്‌ ഇതറിയപ്പെട്ടിരുന്നത്‌.

താടി വളർത്തിത്തുടങ്ങിയിരുന്ന എസ്പിനോസ തന്റെ പുതിയ മുഖം നിരീക്ഷിച്ചുകൊണ്ട്‌ കണ്ണാടിയ്ക്കു മുന്നിൽ നിൽക്കുക പതിവായി; ബ്യൂണേഴ്സ്‌ അയഴ്സിൽ മടങ്ങിച്ചെല്ലുമ്പോൾ സലാഡോയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചു പറഞ്ഞ്‌ താൻ കൂട്ടുകാരെ ബോറടിപ്പിക്കുന്നത്‌ മനസ്സിൽ കണ്ടപ്പോൾ അയാൾക്കു ചിരിവന്നു. വിചിത്രമെന്നു പറയട്ടെ, താനൊരിക്കലും പോയിട്ടില്ലാത്ത, ഇനിയൊരിക്കലും പോകാനിടയില്ലാത്ത ചില സ്ഥലങ്ങളെക്കുറിച്ചോർത്ത്‌ അയാൾക്കെന്തോ നഷ്ടബോധം തോന്നി-കാബ്രെരാ തെരുവിൽ തപാൽപ്പെട്ടി വച്ചിരുന്ന ഒരു മൂല, പ്ലാസാ ഡെൽ ഒൻസിനൽപ്പമകലെയായി ജുജൂയ്‌ തെരുവിലെ ഒരു ഗേറ്റിലുണ്ടായിരുന്ന രണ്ടു സിമന്റ്‌ സിംഹങ്ങൾ, എവിടെയെന്ന് അത്ര നിശ്ചയം പോരാത്ത തറയോടു പാകിയ പഴയൊരു കട. അച്ഛന്റെയും സഹോദരന്മാരുടെയും കാര്യം പറയാനാണെങ്കിൽ, അയാൾ പ്രളയജലത്താൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അവർ ഇതിനകം ഡാനിയലിൽ നിന്നറിഞ്ഞിരിക്കണം.

വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടുനിന്ന വീടിന്റെ അകം തിരയുകയായിരുന്ന എസ്പിനോസ ഒരു ഇംഗ്ലീഷ്‌ ബൈബിൾ കണ്ടെടുത്തു. അതിന്റെ അവസാനത്തെ പേജുകളിൽ ഗുത്രിക്കാർ(അതായിരുന്നു അവരുടെ ശരിക്കുള്ള പേര്‌) തങ്ങളുടെ വംശാവലി എഴുതിയിട്ടിരുന്നു. ഇൻവേർണസ്കാരാണവർ; പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കൂലിപ്പണിക്കാരായിട്ടുതന്നെയാവണം, അമേരിക്കയിലെത്തിയ ഇവർ റഡ്‌ ഇന്ത്യാക്കാരുമായി വിവാഹബന്ധത്തിലേർപ്പെട്ടു. 1870 ആകുമ്പോഴേക്കും ചരിത്രം മുറിയുന്നു; അപ്പോഴേക്കും അവർക്ക്‌ എഴുത്തു വശമില്ലാതായിക്കഴിഞ്ഞിരിക്കുന്നു. ചില തലമുറകൾക്കു ശേഷം ഇംഗ്ലീഷും അവർക്കു മറവിയിൽപ്പെടുന്നു. എസ്പിനോസ പരിചയപ്പെടുന്ന കാലത്ത്‌ അവരുടെ സ്പാനിഷും അത്ര മോശമായികഴിഞ്ഞിരിക്കുന്നു. മതവിശ്വാസമെന്നത്‌ അവർക്കില്ല; അതേസമയം പമ്പാഇന്ത്യക്കാരുടെ  അന്ധവിശ്വാസങ്ങൾക്കൊപ്പം കാൽവിനിസ്റ്റുകളുടെ മതകാർശ്യവും അവരുടെ രക്തത്തിൽ അവ്യക്തമായ വഴിത്താരകൾ പോലെ മറഞ്ഞുകിടപ്പുണ്ടായിരുന്നു. എസ്പിനോസ തന്റെ കണ്ടുപിടുത്തത്തെക്കുറിച്ച്‌ അവരോടു സൂചിപ്പിച്ചപ്പോൾ അവർ അതു ശ്രദ്ധിച്ചതു തന്നെയില്ല.

താളുകൾ  മറിച്ചുപോകെ മാർക്കോസിന്റെ സുവിശേഷം തുടങ്ങുന്നിടത്തു വച്ച്‌ അയാളുടെ വിരലുകൾ നിന്നു. ഒരു വിവർത്തനശ്രമ്മെന്ന നിലയിലും, ഇനിയഥവാ അവർക്കെന്തെങ്കിലും മനസ്സിലാകുന്നുണ്ടോയെന്നറിയാനുമാകാം, അത്താഴം കഴിഞ്ഞിരിക്കുന്ന സമയത്ത്‌ അവർക്ക്‌ അതിൽ നിന്നു വായിച്ചുകൊടുക്കാമെന്ന് അയാൾ തീരുമാനിച്ചു. അവർ ആദ്യം താൽപര്യത്തോടെയും പിന്നെ അതിൽ ലയിച്ചുചേർന്നും കേട്ടിരുന്നു എന്നത്‌ അയാളെ അത്ഭുതപ്പെടുത്തി. പുസ്തകത്തിന്റെ പുറംചട്ടയിലെ സ്വർണ്ണലിപികൾ അവരുടെ കണ്ണിൽ അതിനൊരു പ്രാമാണികത നൽകിയതാവാം. 'അതവരുടെ രക്തത്തിലുണ്ട്‌,' എസ്പിനോസ മനസ്സിൽ പറഞ്ഞു. മറ്റൊന്നു കൂടി അയാൾക്കു മനസ്സിൽ  വന്നു: രേഖപ്പെടുത്തപ്പെട്ട കാലമിന്നോളം മനുഷ്യൻ പേർത്തും പേർത്തും പറഞ്ഞുപോന്ന രണ്ടു കഥകളുണ്ട്‌- പ്രിയപ്പെട്ടൊരു ദ്വീപു തേടി മധ്യധരണ്യാഴിയിൽ വഴി തെറ്റിയലയുന്ന ഒരു നൗകയുടെ കഥ, പിന്നെ ഗാഗുൽത്തായിൽ കുരിശുമരണം വരിയ്ക്കുന്ന ഒരു ദൈവത്തിന്റെ കഥ. റാമോ മേഹ്യായിൽ പഠിക്കുന്ന കാലത്തെ വാഗ്പാടവത്തിന്റെ പാഠങ്ങൾ ഓർത്തുകൊണ്ട്‌ ദൃഷ്ടാന്തകഥകൾ എത്തിയപ്പോൾ അയാൾ എഴുന്നേറ്റുനിന്നായി വായന.

പിന്നീടാകട്ടെ, നേരത്തേ സുവിശേഷവായന കേൾക്കാനായി ഗുത്രെകുടുംബം മത്തിയും ചുട്ട മാംസവും വാരിവിഴുങ്ങി വന്നിരിക്കുക പതിവായി.

പെൺകുട്ടിയ്ക്ക്‌ ഒരു കുഞ്ഞാടുണ്ടായിരുന്നു; ഒരു നീലറിബ്ബണും കെട്ടി ഓമനിച്ചു വളർത്തുന്നതാണതിനെ. ഒരു ദിവസം കമ്പിവേലിയിൽ തട്ടി അതിനു മുറിവു പറ്റി; ചോരവാർച്ച നിർത്താനായി അവർ മുറിവിൽ മാറാല വെച്ചുകെട്ടാൻ തുടങ്ങുമ്പോൾ എസ്പിനോസ ചില ഗുളികകൾ കൊടുത്ത്‌ അതിനെ സുഖപ്പെടുത്തി. ഈ ശുശ്രൂഷ അവരിലുളവാക്കിയ കൃതജ്ഞത അയാളെ അമ്പരപ്പിച്ചുകളഞ്ഞു. ആദ്യമൊക്കെ അവരെ അയാൾക്ക്‌ അത്ര വിശ്വാസമില്ലായിരുന്നു; അതു കാരണം താൻ കൊണ്ടുവന്നിരുന്ന ഇരുനൂറ്റിനാൽപതു പെസോ അയാൾ തന്റെ ഒരു പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തിരുന്നു; ഇപ്പോൾ ഡാനിയൽ വീട്ടിലില്ലാത്ത സ്ഥിതിയ്ക്ക്‌ അയാൾ തന്നെ ചുമതല ഏറ്റെടുത്ത്‌ അറച്ചറച്ച്‌ ഉത്തരവുകൾ നൽകാൻ തുടങ്ങി; അവയെല്ലാം തത്ക്ഷണം തന്നെ അനുസരിക്കപ്പെടുകയും ചെയ്തു. അയാളില്ലെങ്കിൽ തങ്ങൾക്കു വഴിതെറ്റിപ്പോകുമെന്ന പോലെ ഗുത്രെകുടുംബം അയാൾക്കു പിന്നിൽ നിന്നൊഴിയാതെ നിന്നു. താൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ അറിയാതെ മേശപ്പുറത്തു വീഴുന്ന ആഹാരാവശിഷ്ടങ്ങൾ അവർ എടുത്തുമാറ്റുന്നത്‌ ഒരിക്കൽ അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു സന്ധ്യനേരത്ത്‌ അപ്രതീക്ഷിതമായി അയാൾ ചെന്നുകയറുമ്പോൾ അവർ തന്നെക്കുറിച്ച്‌ വളരെ ബഹുമാനത്തോടെ, ചുരുക്കം വാക്കുകളിൽ സംസാരിക്കുന്നതും അയാൾ കേട്ടു.  മാർക്കോസിന്റെ സുവിശേഷം തീർന്നപ്പോൾ അയാൾ മറ്റൊരു സുവിശേഷം വായിക്കാൻ തുടങ്ങി; എന്നാൽ അച്ഛൻഗുത്രെ പറഞ്ഞത്‌ വായിച്ചുകഴിഞ്ഞ സുവിശേഷം ഒന്നുകൂടി വായിക്കാനാണ്‌; എങ്കിൽ തങ്ങൾക്കത്‌ കുറച്ചുകൂടി നന്നായി മനസ്സിലാകുമല്ലോ. ഇവർ കുട്ടികളേപ്പൊലെയാണല്ലോയെന്ന് എസ്പിനോസ മനസ്സിലോർത്തു; കുട്ടികൾക്കിഷ്ടം വ്യതിയാനങ്ങളോ പുതുമയോ അല്ല, ആവർത്തനമാണല്ലോ. ഒരു ദിവസം രാത്രിയിൽ അയാൾ പ്രളയം സ്വപ്നം കണ്ടു(അതിൽ അത്ഭുതപ്പെടാനില്ല); പെട്ടകം പണിയുന്നതിന്റെ ചുറ്റികയടികൾ കെട്ട്‌ അയാൾ  ഉറക്കമുണർന്നു. ഇടിമുഴക്കമാണെന്നാണ്‌ അയാൾക്കു തോന്നിയത്‌. കുറേ നേരത്തേക്ക്‌ ശമനമുണ്ടായിരുന്ന മഴ വീണ്ടും കോരിച്ചൊരിഞ്ഞു തുടങ്ങിയിരുന്നു. തണുപ്പും കഠിനമായി. മഴ കാരണം ചായ്പ്പിന്റെ മേൽക്കൂര പൊളിഞ്ഞുപോയെന്നും, നന്നാക്കിക്കഴിഞ്ഞാൽ കൊണ്ടുപോയി കാണിക്കാമെന്നും ഗുത്രെകുടുംബം അയാളെ അറിയിച്ചു. അയാൾ ഒരന്യനോ പരദേശിയോ അല്ലാതായിക്കഴിഞ്ഞിരുന്നു; എല്ലാവർക്കും അയാളോടു ബഹുമാനമായിരുന്നു; ലാളനയോളമെത്തുന്ന ശ്രദ്ധയാണ്‌ അവർ അയാളോടു കാണിച്ചത്‌. അവർക്കാർക്കും കാപ്പി ഇഷ്ടമായിരുന്നില്ല; എന്നിട്ടും അയാൾക്കായി മധുരം കൂട്ടിയ ഒരു കൊച്ചുകപ്പു കാപ്പി അവർ കരുതിയിട്ടുണ്ടാവും.

രണ്ടാമതും കൊടുങ്കാറ്റു വീശുന്നത്‌ ഒരു ചൊവ്വാഴ്ചയാണ്‌. വ്യാഴാഴ്ച രാത്രിയിൽ അയാളുടെ വാതിലിൽ ആരോ പതുക്കെ തട്ടി; ഒരു കരുതലെന്ന നിലയിൽ അയാൾ എപ്പോഴും കതകു കുറ്റിയിടാറുണ്ടായിരുന്നല്ലോ. അയാൾ എഴുന്ന്നേറ്റു ചെന്ന് വാതിൽ തുറന്നു; അത്‌ ആ പെൺകുട്ടിയായിരുന്നു. ഇരുട്ടത്ത്‌ അയാൾക്ക്‌ അവളുടെ രൂപം വ്യക്തമായില്ല; പക്ഷേ അവളുടെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ അയാൾക്കു മനസ്സിലായി, അവൾ ചെരുപ്പിട്ടിട്ടില്ലെന്ന്; അവൾ വീടിന്റെ അങ്ങേയറ്റത്തു നിന്ന് ഇവിടത്തോളം നഗ്നയായിട്ടാണു വന്നതെന്നു പിന്നീട്‌ കിടക്കയിൽ വച്ചും അയാളറിഞ്ഞു. അവൾ അയാളെ ആലിംഗനം ചെയ്യുകയോ, എന്തെങ്കിലും പറയുകയോ ചെയ്തില്ല. അവൾ അയാളുടെ അരികത്തു കിടന്നു; അവൾ കിടുങ്ങിവിറയ്ക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ്‌ അവൾ ഒരു പുരുഷനോടൊപ്പം കിടക്കുന്നത്‌. തിരിച്ചുപോകുമ്പോൾ അവൾ അയാളെ ചുംബിച്ചതുമില്ല; തനിക്കവളുടെ പേരു കൂടി അറിയില്ലല്ലോയെന്ന് എസ്പിനോസ മനസ്സിലോർത്തു. ചുഴിഞ്ഞന്വേഷിക്കാൻ താൽപര്യം തോന്നാതിരുന്ന എന്തോ കാരണം കൊണ്ട്‌ അയാൾ മനസ്സിൽ പ്രതിജ്ഞയെടുത്തു, ബ്യൂണേഴ്സ്‌ അയഴ്സിൽ മടങ്ങിയെത്തുമ്പോൾ ഈ നടന്നതിനെക്കുറിച്ച്‌ താൻ ആരോടും ഒരക്ഷരം മിണ്ടുകയില്ല എന്ന്.

അടുത്ത ദിവസം പൂർവ്വദിനങ്ങൾ പോലെ തന്നെ ആരംഭിച്ചു. അന്നുപക്ഷേ അച്ചൻഗുത്രെ എസ്പിനോസയോടു സംസാരിക്കാൻ നിന്നു. മനുഷ്യജാതിയെ രക്ഷിക്കാനായി ക്രിസ്തു ബലിയാവുകയായിരുന്നോയെന്ന് അയാൾ ആരാഞ്ഞു. തന്റെ അച്ഛനെപ്പോലെ യുക്തിവാദിയായിരുന്നുവെങ്കിലും, താൻ വായിച്ചുകൊടുത്തതിന്‌ എതിരു വരരുതല്ലോ എന്ന ചിന്തയോടെ എസ്പിനോസ ഇങ്ങനെ മറുപടി പറഞ്ഞു:

'അതെ, മനുഷ്യജാതിയിൽപ്പെട്ട സകലരെയും നരകത്തിൽ നിന്നു രക്ഷിക്കാൻ.'

'എന്താണു നരകം?' ഗുത്രെ പിന്നെ ചോദിച്ചു.

'അത്‌ ഭൂമിക്കടിയിൽ ആത്മാക്കൾ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരിടമാണ്‌.'

'ആണിയടിച്ചുകയറ്റിയ ആ പട്ടാളക്കാർ, അവർക്കും രക്ഷ കിട്ടിയോ?'

'ഉവ്വ്‌,' എസ്പിനോസ പറഞ്ഞു; ദൈവശാസ്ത്രത്തിൽ അയാളുടെ പരിജ്ഞാനം അത്ര സൂക്ഷ്മമല്ലായിരുന്നു.  (തലേ രാത്രി തന്റെ മകളുമായി നടന്നതിനെക്കുറിച്ചെങ്ങാനും മേസ്ത്രി ചോദിച്ചേക്കുമോയെന്നായിരുന്നു അയാളുടെ ഭയം.)

ഉച്ചയ്ക്ക്‌ ആഹാരം കഴിഞ്ഞിരുന്നപ്പോൾ അവസാനത്തെ അദ്ധ്യായങ്ങൾ ഒന്നുകൂടി വായിക്കാൻ അവർ ആവശ്യപ്പെട്ടു.

അന്നുച്ചതിരിഞ്ഞ്‌ എസ്പിനോസ ദീർഘമായ ഒരു മയക്കത്തിലാണ്ടു. നിരന്തരമായ ചുറ്റികയടികളും അസ്പഷ്ടമായ ദുസ്സൂചനകളും കൊണ്ടു തടസ്സപ്പെട്ട പാതിമയക്കം. സന്ധ്യയായപ്പോൾ അയാൾ എഴുന്നേറ്റ്‌ ഹാളിലേക്കു ചെന്നു. 'വെള്ളമിറങ്ങിക്കഴിഞ്ഞു,' ഉറക്കെ ചിന്തിക്കുന്നതു പോലെ അയാൾ പറഞ്ഞു. 'ഇനി അധികനേരം വേണ്ട.’

'ഇനി അധികനേരം വേണ്ട,' മാറ്റൊലി പോലെ ഗുത്രെയും പറഞ്ഞു.

അവർ മൂവരും അയാളെ പിന്തുടരുകയായിരുന്നു. കല്ലു പാകിയ തറയിൽ മുട്ടുകുത്തി അവർ അയാളോട്‌ അനുഗ്രഹം ചോദിച്ചു. പിന്നെ അവർ അയാളെ നിന്ദിക്കുകയും ദേഹത്തു കാറിത്തുപ്പുകയും ചെയ്തിട്ട്‌ വീടിന്റെ പിൻഭാഗത്തേക്ക്‌ അയാളെ ഉന്തിത്തള്ളിക്കൊണ്ടുപോയി. പെൺകുട്ടി തേങ്ങി. വാതിലിനപ്പുറം തന്നെ കാത്തിരിക്കുന്നതെന്താണെന്ന് എസ്പിനോസായ്ക്കു ബോധ്യമായി. അവർ അതു തുറന്നപ്പോൾ അയാൾ ആകാശം കണ്ടു. ഒരു കിളി കരഞ്ഞു; ഗോൾഡ്ഫിഞ്ചാണത്‌, അയാൾ മനസ്സിൽ പറഞ്ഞു. ചായ്പ്പിനു കൂരയുണ്ടായിരുന്നില്ല; കുരിശു  തീർക്കാനായി അവർ കഴുക്കോലുകൾ പൊളിച്ചിറക്കിയിരുന്നു.

__________________________________________________________________________________________________________________

പാമ്പാ-തെക്കേ അമേരിക്കയിലെ മരങ്ങൾ വളരാത്ത പുല്ലുമൈതാനങ്ങൾ

ഗോച്ചോ-പാമ്പായിലെ കാലിതെളിപ്പുകാർ

ഗോൾഡ്ഫിഞ്ച്‌-ക്രിസ്തുവിന്റെ പീഡാനുഭവവും മുൾക്കിരീടവുമായി ബന്ധപ്പെട്ട പ്രതീകം.

 

Painting-The Crucifixion, by Vouet, 1622,Genoa from Wikimedia Commons

പ്രിന്റെടുത്തു വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക

Friday, February 19, 2010

ബോർഹസ്‌-ജെ.എഫ്‌.കെയുടെ ഓർമ്മയ്ക്ക്‌

File:Cain kills Abel.png

ഈ വെടിയുണ്ട പഴക്കമുള്ളതാണ്‌.

1897-ൽ ഉറുഗ്വേയുടെ പ്രസിഡന്റിനു മേൽ മൊണ്ടെവിഡിയോക്കാരനായ അവെലിനോ അരെഡെൻഡോ എന്ന ചെറുപ്പക്കാരൻ കൊള്ളിച്ചതിതാണ്‌; പരപ്രേരണ കൂടാതെയാണു തന്റെ പ്രവൃത്തി എന്നു ലോകത്തെ ബോധ്യപ്പെടുത്താനായി കുറേ ആഴ്ചകൾ അയാൾ അന്യരുമായി ബന്ധപ്പെടാതെയുമിരുന്നു. മുപ്പതു കൊല്ലം മുമ്പ്‌ ഇതേ വെടിയുണ്ട തന്നെയാണ്‌ ലിങ്കണെ വധിച്ചതും; ഷേക്സ്പിയറുടെ വാക്കുകൾ സീസറുടെ കൊലയാളിയായ മാർക്കസ്‌ ബ്രൂട്ടസായി രൂപം മാറ്റിയ ഒരു നടന്റെ ദുഷ്ടമോ മാന്ത്രികമോ ആയ കൈകളിൽ നിന്നാണതു പുറപ്പെട്ടത്‌. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ യുദ്ധം എന്നു പേരായ സമൂഹബലിയ്ക്കിടയിൽ വച്ച്‌ സ്വീഡനിലെ ഗുസ്താവസ്‌ അഡോൾഫസിനെ വധിക്കാനായി പ്രതികാരം ഉപയോഗപ്പെടുത്തിയതും ഇതിനെത്തന്നെ.

അതിനും മുമ്പ്‌ മറ്റു പലതുമായിരുന്നു ഈ വെടിയുണ്ട; എന്തെന്നാൽ പൈതഗോറിയൻ സമ്പ്രദായത്തിലെ പുനർജന്മം മനുഷ്യർക്കു മാത്രം പറഞ്ഞിട്ടുള്ള ഒന്നല്ലല്ലോ. പൗരസ്ത്യദേശത്ത്‌ ദിവാന്മാർക്കു നൽകിയിരുന്ന പട്ടുചരടാണിത്‌; അലാമോയുടെ ചാവേറുകളെ അരിഞ്ഞുവീഴ്ത്തിയ തോക്കുകളും ബയണറ്റുകളുമാണിത്‌; ഒരു രാജ്ഞിയുടെ കഴുത്തറുത്ത ത്രികോണാകൃതിയിലുള്ള കത്തിയാണിത്‌; കുരിശ്ശു തീർത്ത തടിയും രക്ഷകന്റെ മാംസത്തിൽ തുളച്ചുകേറിയ ഇരുണ്ട ആണികളുമാണ്‌; കാർത്തേജിലെ പടത്തലവൻ തന്റെ വിരലിലെ ഇരുമ്പുമോതിരത്തിൽ കൂടെക്കൊണ്ടുനടന്നിരുന്ന വിഷമിതാണ്‌; സോക്രട്ടീസ്‌ ഒരു സായാഹ്നത്തിൽ മോന്തിയ സ്വച്ഛമായ ചഷകവും ഇതു തന്നെ.

കാലത്തിന്റെ ഉദയത്തിൽ കായേൻ ആബേലിനു നേർക്കു വലിച്ചെറിഞ്ഞ കല്ലായിരുന്നു ഇത്‌; ഭാവിയിൽ നമുക്കിന്നു ഭാവന ചെയ്യാനാവാത്ത പലതുമാകുമിത്‌;അന്നും പക്ഷേ,മനുഷ്യരെ, അവരുടെ അത്ഭുതകരവും നശ്വരവുമായ ജീവിതത്തെ ഉന്മൂലനം ചെയ്യാൻ സമർത്ഥവുമായിരിക്കുമിത്‌.

 

 

painting-

Cain kills Abel-Paul Gustave Doré

Reprinted from http://enteammamalayalam.blogspot.com/

Monday, February 8, 2010

ബോർഹസ്‌-തളിക

File:Georg von Rosen - Oden som vandringsman, 1886 (Odin, the Wanderer).jpg

ഞാൻ ഒരു മരംവെട്ടിയാണ്‌. പേരെന്തുമായിക്കോട്ടെ. ഞാൻ ജനിച്ച കൂര, അധികം വൈകാതെ ഞാൻ കിടന്നു മരിക്കാൻ പോകുന്ന കൂര, കാടിന്റെ അതിർവരമ്പിൽ നിൽക്കുന്നു. ഈ കാടു പോയിപ്പോയി ലോകം മുഴുവൻ വലയം ചെയ്യുന്ന കടലു വരെ നീണ്ടുകിടക്കുന്നുവെന്നാണ്‌ ആളുകൾ പറയുന്നത്‌; ആ കടലിൽ യാത്ര ചെയ്യുന്നുണ്ടത്രെ എന്റെ പോലത്തെ തടിവീടുകൾ. എനിക്കെങ്ങനെയറിയാൻ? ഞാനതു കണ്ടിട്ടില്ല. കാടിന്റെ മറുവശവും ഞാൻ കണ്ടിട്ടില്ല. കുട്ടികളായിരിക്കുമ്പോൾ ജ്യേഷ്ഠൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നു, ഒറ്റ മരം നിർത്താതെ ഈ കാടു മുഴുവൻ നമുക്കു മുറിച്ചുതള്ളണമെന്ന്. ഇന്നിപ്പോൾ ജ്യേഷ്ഠൻ മരിച്ചുകഴിഞ്ഞു; ഇന്നു ഞാൻ തേടുന്നതു മറ്റു ചിലതാണ്‌, അതവസാനിക്കാനും പോകുന്നില്ല. സൂര്യൻ മറയുന്ന ആ ദിക്കിലായി ഒരരുവിയുണ്ട്‌; ഞാൻ അതിൽ നിന്ന് കൈ കൊണ്ട്‌ മീൻ പിടിക്കും. കാട്ടിൽ ചെന്നായ്ക്കളുണ്ട്‌, പക്ഷേ എനിക്കവയെ പേടിയില്ല; എന്റെ മഴു എന്നെ ചതിച്ചിട്ടുമില്ല. എനിക്കെന്തു പ്രായമുണ്ടെന്നു ഞാൻ നോക്കിയിട്ടില്ല; എന്നാൽ കിഴവനായെന്ന് എനിക്കറിയാം-കണ്ണു കാണാതായിരിക്കുന്നു. അവിടെ ഗ്രാമത്തിലുള്ളവർ(വഴി തെറ്റുമെന്നു ഭയന്ന് ഞാനിപ്പോൾ അങ്ങോട്ടിറങ്ങാറില്ല) പറയും ഞാനൊരു പിശുക്കനാണെന്ന്; ഒരു മരംവെട്ടി എന്തു കൂട്ടിവയ്ക്കാനാണ്‌?

മഞ്ഞു വീഴാതിരിക്കാനായി കുടിലിന്റെ വാതിൽ ഒരു പാറക്കല്ലു വച്ചു മൂടിവയ്ക്കാറാണ്‌ എന്റെ പതിവ്‌. ഒരു ദിവസം സന്ധ്യക്ക്‌ വലിച്ചിഴയ്ക്കുന്ന കനത്ത കാൽവയ്പ്പുകൾ ഞാൻ കേട്ടു; ഒപ്പം ആരോ മുട്ടുന്നതും. ഞാൻ ചെന്നു വാതിൽ തുറന്നു, പരിചയമില്ലാത്ത ഒരാൾ കയറിവന്നു. കിളരം കൂടി, പ്രായം ചെന്ന ഒരാൾ; പിഞ്ഞിക്കീറിയ പഴയൊരു കമ്പിളി കൊണ്ട്‌ ആകെ മൂടിപ്പുതച്ചിരിക്കുന്നു. ഒരു വടു മുഖം ചെത്തിപ്പോയിരിക്കുന്നു. പ്രായം അയാൾക്കു നൽകിയത്‌ തളർച്ചയല്ല, പ്രതാപമാണെന്നു തോന്നി. എന്നാൽക്കൂടി ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാൻ അയാൾക്കു വിഷമമാണെന്നും ഞാൻ കണ്ടു. ഞങ്ങൾ എന്തോ ചിലതു സംസാരിച്ചു. അതൊന്നും എനിക്കിപ്പോൾ ഓർമ്മയില്ല. ഒടുവിൽ അയാൾ പറഞ്ഞു:

'എനിക്കു വീടില്ല, എത്തുന്നിടത്തു കിടന്നുറങ്ങും. ഞാൻ ഈ സാക്സണി മുഴുവൻ അലഞ്ഞു കഴിഞ്ഞു.'

അയാളുടെ പ്രായത്തിനു ചേർന്നതായിരുന്നു ആ വാക്കുകൾ. അച്ഛൻ എപ്പോഴും "സാക്സണി"യെക്കുറിച്ചു പറയാറുണ്ടായിരുന്നു; ഇന്ന് ആളുകൾ അതിനെ വിളിക്കുന്നത്‌ ഇംഗ്ലണ്ട്‌ എന്നാണ്‌.

കൂരയിൽ അപ്പവും കുറച്ചു മീനുമുണ്ടായിരുന്നു. കഴിക്കുമ്പോൾ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഞാൻ കുറേ തുകലെടുത്ത്‌ ജ്യേഷ്ടൻ കിടന്നുമരിച്ച മൺനിലത്ത്‌ കിടക്കാൻ സൗകര്യം ചെയ്തു. രാത്രിയായപ്പോൾ ഞങ്ങൾ ഉറക്കവുമായി.

File:Odin disguised as a Traveller.jpg

ഞങ്ങൾ കുടിലു വിട്ടിറങ്ങുമ്പോൾ പുലർച്ചയായിരുന്നു. മഴ നിന്നിരുന്നു; നിലം പുതുമഞ്ഞു മൂടിക്കിടക്കുകയായിരുന്നു. അയാളുടെ ഊന്നുവടി താഴെ വീണു; അതെടുത്തു കൈയിൽക്കൊടുക്കാൻ ആജ്ഞാപിക്കുന്നപോലെ അയാൾ എന്നോടു പറഞ്ഞു.

'നിങ്ങൾ പറയുന്നതു ഞാനെന്തിനനുസരിക്കണം?' ഞാൻ ചോദിച്ചു.

'ഞാൻ രാജാവായതു കൊണ്ടുതന്നെ,' അയാൾ പറഞ്ഞു.

അയാൾക്കു ഭ്രാന്താണെന്നു ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ വടിയെടുത്തു കൊടുത്തു.

അയാൾ പിന്നെ പറഞ്ഞതിന്‌ സ്വരം മറ്റൊന്നായിരുന്നു.

'സെക്ജന്മാരുടെ രാജാവാണു ഞാൻ. ഘോരയുദ്ധങ്ങളിൽ എത്രയോ തവണ ഞാനവരെ വിജയത്തിലേക്കു നയിച്ചിരിക്കുന്നു. പക്ഷേ വിധി കുറിച്ച ഒരു മുഹൂർത്തത്തിൽ എനിക്കു രാജ്യം നഷ്ടമായി. ഇസ്സേൺ എന്നാണ്‌ എനിക്കു പേര്‌, ഓഡിന്റേതാണ്‌ എന്റെ വംശം.'

'ഞാൻ ഓഡിനെ പൂജിക്കാറില്ല,' ഞാൻ പറഞ്ഞു. 'ഞാൻ പൂജിക്കുന്നതു ക്രിസ്തുവിനെയാണ്‌.'

അതു കേൾക്കാത്ത മാതിരി അയാൾ പറഞ്ഞു:

'പ്രവാസത്തിന്റെ പാതകൾ താണ്ടുകയാണു ഞാനിന്ന്; എന്നാൽക്കൂടി രാജാവാണു ഞാനിന്നും, എന്റെ കൈയിലുണ്ടല്ലോ ഓഡിന്റെ തളിക.തനിക്കതു കാണണമോ?'

അയാൾ കൈതുറന്ന് എല്ലിച്ച കൈത്തലം എന്നെ കാണിച്ചു. അതിൽ ഒന്നുമുണ്ടായിരുന്നില്ല. അയാൾ സദാസമയവും കൈ ചുരുട്ടിപ്പിടിച്ചിരുന്ന കാര്യം അപ്പോഴാണെനിക്കോർമ്മ വന്നത്‌.

അയാൾ എന്റെ കണ്ണിൽ നോക്കി.

'തനിക്കിതു തൊട്ടുനോക്കാം.'

ചെറിയൊരാശങ്ക തോന്നിയെങ്കിലും ഞാൻ കൈയെത്തിച്ച്‌ വിരൽത്തുമ്പു കൊണ്ട്‌ അയാളുടെ കൈത്തലം തൊട്ടു. ഒരു തണുപ്പു തോന്നി, ഒരു തിളക്കം പിടയുന്നതും കണ്ടു. അയാൾ കൈ മുറുക്കിയടച്ചു. ഞാൻ ഒന്നും മിണ്ടിയില്ല.

'ഓഡിന്റെ തളികയാണിത്‌,' കുട്ടികളോടു സംസാരിക്കുന്ന മാതിരി ക്ഷമയോടെ കിഴവൻ പറഞ്ഞു. 'ഒരു വശമേയുള്ളു ഇതിന്‌. ഒരുവശം മാത്രമുള്ള ഒരു വസ്തു ഈ ഭൂമിയിൽ വേറെയില്ല. ഇതു കൈയിൽ പിടിക്കുന്നിടത്തോളം കാലം ഞാൻ തന്നെയാണു രാജാവ്‌.'

'സ്വർണ്ണമാണോ ഇത്‌?' ഞാൻ ചോദിച്ചു.

'അതെനിക്കറിയില്ല. ഓഡിന്റെ തളികയാണിത്‌, ഒരു വശമേ ഇതിനുള്ളു.'

തളിക സ്വന്തമാക്കണമെന്ന ആഗ്രഹം ആ നിമിഷം മുതൽ എന്റെ മനസ്സിനെ കരണ്ടുതിന്നാൻ തുടങ്ങി. അതെന്റേതായിരുന്നെങ്കിൽ അതു വിറ്റ്‌ ഒരു സ്വർണ്ണക്കട്ടി എനിക്കു വാങ്ങാം; അപ്പോൾ ഞാൻ രാജാവുമായി.

'വീട്ടിൽ ഒരു പെട്ടി സ്വർണ്ണമിരുപ്പുണ്ട്‌. സ്വർണ്ണനാണയങ്ങ്‌അൾ, എന്റെ മഴുത്തല പോലെ തിളങ്ങുന്നവ,' ഈ നിമിഷം വരെ ഞാൻ വെറുക്കുന്ന ആ ഊരുതെണ്ടിയോട്‌ ഞാൻ പറഞ്ഞു. 'തളിക എനിക്കു തന്നാൽ പകരം ഞാൻ ആ പെട്ടി തരാം.'

'പറ്റില്ല,' അയാൾ മുരത്ത സ്വരത്തിൽ പറഞ്ഞു.

'എന്നാൽ നിങ്ങളുടെ വഴിയ്ക്കു പൊയ്ക്കോ,' ഞാൻ പറഞ്ഞു.

അയാൾ പോകാനായി തിരിഞ്ഞു. തലയ്ക്കു പിന്നിൽ മഴു കൊണ്ട്‌ ഒറ്റയടിയേ വേണ്ടിവന്നുള്ളു; അയാൾ ഒന്നു വേയ്ച്ച്‌ താഴെ വീണു; പക്ഷേ വീഴുന്ന വഴി അയാളുടെ കൈ തുറന്നു; തളികയുടെ തിളക്കം വായുവിൽ ഞാൻ കണ്ടു. ആ സ്ഥലം മഴു കൊണ്ടടയാളപ്പെടുത്തിയിട്ട്‌ ഞാൻ ജഡം വലിച്ചിഴച്ച്‌ അരുവിയുടെ ആഴം കൂടിയ ഭാഗത്തേക്കു കൊണ്ടുപോയിത്തള്ളി.

വീട്ടിൽ മടങ്ങിയെത്തി ഞാൻ തളിക തിരഞ്ഞു. എങ്ങും കാണാനില്ല. വർഷങ്ങളായി അതു തിരഞ്ഞു നടക്കുകയാണു ഞാൻ.

ഓഡിന്‍- സ്കാൻഡിനേവിയൻ പുരാണത്തിലെ പ്രധാനദേവൻ

Images- Odin as traveller

Tuesday, February 2, 2010

ജോർജ്‌ ലൂയി ബോർഹസ്‌ - കണ്ണാടിയും മുഖംമൂടിയും


File:MaskeAgamemnon.JPG
നോർവ്വേക്കാർ പരാജയമടഞ്ഞ ക്ലോന്റാർഫിലെ യുദ്ധം കഴിഞ്ഞയുടനെ അയർലന്റിലെ മഹാരാജാവ്‌ കൊട്ടാരംകവിയെ വിളിപ്പിച്ചു.

'എത്ര മഹത്തായ പ്രവൃത്തിയും വാക്കുകളിൽ ആലേഖനം ചെയ്യുന്നില്ലെങ്കിൽ ഒളിമങ്ങിപ്പോകുന്നു,' രാജാവ്‌ കവിയോടു പറഞ്ഞു,'നിങ്ങൾ എന്റെ വിജയത്തെ കീർത്തിക്കണം,എന്നെ പുകഴ്ത്തിപ്പാടണം. ഞാൻ എയ്നിയാസ്‌ ആകാം, നിങ്ങൾ എന്റെ വർജിലും. നമ്മെ രണ്ടുപേരെയും അനശ്വരാക്കാൻ പോന്ന ഈ ഉദ്യമം ഏറ്റെടുക്കാൻ വേണ്ട പ്രാപ്തി നിങ്ങൾക്കുണ്ടെന്നു തോന്നുന്നുണ്ടോ?'

'ഉവ്വെന്റെ പ്രഭോ,' കവി പറഞ്ഞു.'ഒലാൻ ആണു ഞാൻ.പന്ത്രണ്ടു ഹേമന്തങ്ങൾ ഞാൻ ഛന്ദസ്സിന്റെ ചിട്ടകളിൽ ശിക്ഷണം നേടി. യഥാർത്ഥകവിതയ്ക്കാധാരമായ മുന്നൂറ്ററുപതു പുരാവൃത്തങ്ങൾ എനിക്കു ഹൃദിസ്ഥമാണ്‌. ഉൾസ്റ്ററിലേയും മുൺസ്റ്ററിലേയും ഗാനചക്രങ്ങൾ എന്റെ സാരംഗിയുടെ തന്ത്രികളിലുണ്ട്‌. നമ്മുടെ മൊഴിയിലെ ഏറ്റവും പ്രാചീനമായ പദങ്ങളും സങ്കീർണ്ണമായ രൂപകങ്ങളും ലോഭമെന്യേ പ്രയോഗിക്കാൻ നിയമം എനിക്കു വരുതി നൽകിയിരിക്കുന്നു. സാമാന്യജനതയുടെ വിവേചനശൂന്യമായ കണ്ണുകളിൽ നിന്ന് നമ്മുടെ കലയെ കാത്തുസൂക്ഷിക്കുന്ന ഗൂഢലിപിയും ഞാൻ വശമാക്കിയിട്ടുണ്ട്‌. പ്രണയങ്ങൾ,കാലിമോഷണങ്ങൾ,സമുദ്രയാത്രകൾ,യുദ്ധങ്ങൾ ഇവയൊക്കെ കൊണ്ടാടാൻ എനിക്കറിയാം. അയർലണ്ടിലെ സകല രാജവംശങ്ങളുടെയും വംശപ്പെരുമകൾ ഞാൻ പഠിച്ചുവച്ചിട്ടുണ്ട്‌. ജ്യോതിഷം,ഗണിതം,സഭാപ്രമാണസംഹിത,സസ്യങ്ങളുടെ ഔഷധശക്തി ഇവയും എനിക്കജ്ഞാതമല്ല. വാദപ്രതിവാദങ്ങളിൽ ഞാൻ പ്രതിയോഗികളെ അടിയറവു പറയിച്ചിട്ടുള്ളതാണ്‌. കുഷ്ടമുൾപ്പെടെയുള്ള ചർമ്മവ്യാധികൾ പരത്തുന്ന പരിഹാസകവനത്തിലും ഞാൻ നിപുണനാണ്‌. അങ്ങയുടെ യുദ്ധങ്ങളിൽ തെളിയിച്ചിട്ടുള്ളതുപോലെ വാളെടുത്തു പെരുമാറാനുംഎനിക്കറിയാം. എനിക്കറിയാത്തതായി ഒന്നേയുള്ളു-അങ്ങെനിക്കു കൽപ്പിച്ചുതരുന്ന പാരിതോഷികത്തിന്‌ എങ്ങനെ നന്ദി പറയണമെന്നു മാത്രം.'

നീണ്ട പ്രഭാഷണങ്ങൾ,അന്യരുടെ പ്രത്യേകിച്ചും, കേട്ടാൽ പെട്ടെന്നു തളർന്നുപോകുന്ന രാജാവ്‌ ആശ്വാസത്തോടെ കവിയോടു പറഞ്ഞു:'ഇക്കാര്യങ്ങളൊക്കെ എനിക്കു നന്നായിട്ടറിയാവുന്നതാണ്‌. അടുത്തിടെ ഇംഗ്ലണ്ടിൽ വാനമ്പാടി പാടിയതായി പറഞ്ഞുകേട്ടു. മഴയും മഞ്ഞും മാറി, ദക്ഷിണദേശത്തു നിന്ന് വാനമ്പാടി തിരിയെ എത്തുമ്പോൾ രാജസദസ്സിനും കവിസംഘത്തിനും മുമ്പാകെ നിങ്ങൾ നമ്മുടെ പ്രശസ്തി പാടും. നാം നിങ്ങൾക്ക്‌ ഒരു മുഴുവൻ വർഷം തന്നിരിക്കുന്നു. നിങ്ങൾ ഓരോ വാക്കും ഓരോ അക്ഷരവും തേച്ചുമിനുക്കും. പ്രതിഫലം, നിങ്ങൾക്കറിയാമല്ലോ,നമ്മുടെ മര്യാദയ്ക്കോ, പ്രചോദനം കൊണ്ടു നിർന്നിദ്രമായ നിങ്ങളുടെ രാവുകൾക്കോ അപകർഷമണയ്ക്കുന്നതാവുകയുമില്ല.'

'അല്ലയോ രാജാവേ, അങ്ങയുടെ തിരുമുഖം ദർശിക്കുക എന്നതുതന്നെ വലിയ പ്രതിഫലം,'സ്തുതിപാഠകൻ കൂടിയായിരുന്ന കവി പറഞ്ഞു.
അപ്പോൾത്തന്നെ ഒന്നുരണ്ടു വരികൾ മനസ്സിൽ കണ്ടുകൊണ്ട്‌ കവി കുമ്പിട്ടു പിൻവാങ്ങി.

ഒരാണ്ടു കഴിഞ്ഞപ്പോൾ-മഹാമാരികളുടെയും കലാപങ്ങളുടെയും കാലമായിരുന്നു അത്‌- കവി തന്റെ പ്രശസ്തികാവ്യം സമർപ്പിച്ചു.

എഴുതിയതിൽ കണ്ണോടിക്കുക കൂടിച്ചെയ്യാതെ,ആത്മവിശ്വാസത്തോടെ സാവധാനം അയാൾ കവിത ഉരുക്കഴിച്ചു. ഒരു തലയനക്കം കൊണ്ട്‌ രാജാവ്‌ തന്റെ അഭിനന്ദനം പ്രകാശിപ്പിച്ചു. ഒരക്ഷരം കേൾക്കാനാവാതെ വാതിൽക്കൽ തിങ്ങിക്കൂടിയവരുൾപ്പെടെ സകലരും അദ്ദേഹത്തിന്റെ ചേഷ്ടയെ അനുകരിച്ചു.

ഒടുവിൽ രാജാവു പറഞ്ഞു:
'നാം നിങ്ങളുടെ പ്രയത്നത്തെ വിലമതിക്കുന്നു. ഇതു മറ്റൊരു വിജയമത്രെ. നിങ്ങൾ ഓരോ വാക്കിനും അതിന്റേതായ അർത്ഥം നൽകിയിരിക്കുന്നു, ഓരോ നാമപദത്തിനും ആദികവികൾ കൽപ്പിച്ച വിശേഷണങ്ങളും ചാർത്തിയിരിക്കുന്നു. നിങ്ങളുടെ ഈ കാവ്യത്തിൽ പ്രാചീനസാഹിത്യത്തിനജ്ഞാതമായ ഒരു ബിംബം പോലുമില്ല. യുദ്ധം 'മനുഷ്യർ കെട്ടുപിണയുന്ന മനോഹരജാല'മത്രെ; ചോര ‘വാളിനു പാനീയവും’. സമുദ്രത്തിൽ ഒരു ദേവനുണ്ട്‌, മേഘങ്ങൾ ഭാവി പറയുകയും ചെയ്യുന്നു. പ്രാസം,അനുപ്രാസം,ശബ്ദസാമ്യം,പണ്ഡിതവാഗ്മിതയുടെ കൗശലങ്ങൾ,സമർത്ഥമായ വൃത്തവ്യതിയാനങ്ങൾ ഒക്കെയും നിങ്ങൾ നിപുണമായി കൈകാര്യം ചെയ്തിരിക്കുന്നു. അയർലണ്ടിലെ സമസ്തസാഹിത്യവും നശിച്ചുപോകാനിടവന്നാൽക്കൂടിയും-അറം പറ്റാതിരിക്കട്ടെ-അതൊന്നാകെ നിങ്ങളുടെ ഈ കൃതിയിൽ നിന്ന് ഒരു നഷ്ടവും കൂടാതെ വീണ്ടെടുക്കാനാകും. മുപ്പതെഴുത്തുകാർ പന്ത്രണ്ടു പകർപ്പുകളെടുക്കട്ടെ.'

ഒരു നിശ്ശബ്ദത പരന്നു. പിന്നെ രാജാവു തുടർന്നു:

'എല്ലാം കൊള്ളാം, പക്ഷേ ഒന്നും സംഭവിച്ചിട്ടില്ല. നമ്മുടെ സിരകളിൽ രക്തത്തിനു ഗതിവേഗം കൂടിയിട്ടില്ല,നമ്മുടെ കൈകൾ വില്ലെടുക്കാനാഞ്ഞിട്ടുമില്ല. ഒരാളുടെ കവിളും നിറം പകർന്നിട്ടില്ല. ഒരാളെങ്കിലും പോർവിളി മുഴക്കുകയോ, വൈക്കിംഗുകൾക്കെതിരു നിൽക്കാൻ സന്നദ്ധനാവുകയോ ചെയ്തിട്ടില്ല. ഒരാണ്ട്‌ തികയുന്നതിനു മുമ്പ്‌ കവേ, നാം മറ്റൊരു ഗീതത്തെ പ്രശംസിക്കും. നമ്മുടെ നന്ദിയുടെ സൂചകമായി ഈ കണ്ണാടി എടുത്തുകൊൾക, വെള്ളി കൊണ്ടുള്ളതാണിത്‌.'

'അങ്ങെയ്ക്കു നന്ദി,' കവി പറഞ്ഞു 'എനിക്കു മനസ്സിലായി, ഞാൻ അനുസരിക്കുകയും ചെയ്യുന്നു.'

ആകാശത്തിലെ നക്ഷത്രങ്ങൾ ഒരിക്കൽക്കൂടി അവയുടെ ദീപ്തപഥങ്ങൾ താണ്ടി. സാക്സൺകാടുകളിൽ വീണ്ടും വാനമ്പാടിയുടെ ഗാനമുയർന്നു. കവി തന്റെ കൃതിയുമായി മടങ്ങിയെത്തി-അതു മുമ്പത്തേതിനെക്കാൾ ഹ്രസ്വമായിരുന്നു. ഇത്തവണ അയാളത്‌ ഓർമ്മയിൽ നിന്നുരുവിടുകയല്ല ചെയ്തത്‌, നോക്കി വായിക്കുകയാണ്‌; തനിക്കുതന്നെ തീർച്ചയില്ലാത്തപോലെ. ചില ഭാഗങ്ങൾ തനിക്കുതന്നെ പൂർണ്ണമായി ഗ്രഹിക്കാനായിട്ടില്ലെന്നപോലെയോ, അതോ അശുദ്ധമാക്കാൻ മടിച്ചിട്ടെന്നപോലെയോ അയാൾ വിട്ടുകളയുകയും ചെയ്തു. വരികൾ വിചിത്രമായിരുന്നു. അതു യുദ്ധത്തിന്റെ വർണ്ണനയായിരുന്നില്ല, യുദ്ധം തന്നെയായിരുന്നു. ആ കലാപത്തിൽ ത്രിത്വവും ഏകവുമായ ദൈവവും, അയർലണ്ടിലെ പാഗൻദേവതകളും, നൂറ്റാണ്ടുകൾക്കിപ്പുറം എൽഡർ എഡ്ഡായുടെ പ്രാരംഭത്തിൽ യുദ്ധം ചെയ്യാനിരിക്കുന്നവരുമൊക്കെ ഒന്നിനോടൊന്നു കെട്ടുപിണഞ്ഞു. കവിതയുടെ രൂപവും അത്രയ്ക്കസാധാരണമായിരുന്നു. ഏകവചനമായ നാമം ബഹുവചനക്രിയയെ ഭരിച്ചു. ഉപസർഗ്ഗങ്ങൾ സാമാന്യപ്രയോഗത്തിൽ നിന്നു വ്യത്യസ്തമായിരുന്നു. പാരുഷ്യവും മാധുര്യവും മാറിമാറിവന്നു. രൂപകങ്ങൾ അനിയതമായിരുന്നു,അല്ലെങ്കിൽ അങ്ങനെ തോന്നിച്ചു.

രാജാവ്‌ ചുറ്റും നിന്ന പണ്ഡിതന്മാരുമായി എന്തോ ചിലതു സംസാരിച്ചു. പിന്നെ അദ്ദേഹം കവിയെ ഇങ്ങനെ അഭിസംബോധന ചെയ്തു:

'നിങ്ങളുടെ ആദ്യത്തെ ഗീതം അയർലണ്ടിൽ ഇന്നേവരെ പാടിയിട്ടുള്ളതിന്റെയൊക്കെ സമഞ്ജസമായ സംക്ഷേപമാണെന്നു നാം വിധിച്ചു. എന്നാൽ ഈയൊന്നാകട്ടെ, മുമ്പു വന്നതിനെയൊക്കെ അതിശയിക്കുന്നു, എന്തിന്‌ അവയെ തുടച്ചുമാറ്റുക കൂടിച്ചെയ്യുന്നു. ഇതു ത്രസിപ്പിക്കുന്നു, സ്തബ്ധരാക്കുന്നു,വിസ്മയമുളവാക്കുന്നു. അജ്ഞരുടെ തലയ്ക്കുള്ളിലേക്ക്‌ ഇതു കടക്കില്ല, അവരുടെ പ്രശംസകളും നിങ്ങൾക്കുള്ളതല്ല. വിദ്വാന്മാരായ ചിലരുടെ സ്തുതികൾ പക്ഷേ-ഹാ! ഒരു ദന്തപേടകത്തിൽ ഈ ഒറ്റപ്രതി നിക്ഷിപ്തമാകും. ഇത്രയും ഉത്കൃഷ്ടമായ ഒരു കൃതി രചിച്ച ഒരു തൂലികയിൽ നിന്ന് ഇതിനേക്കാൾ ഉദാത്തമായ മറ്റൊന്ന് നമുക്കു പ്രതീക്ഷിക്കാം...'
പിന്നെ ഒരു മന്ദഹാസത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു:

'ഒരു യക്ഷിക്കഥയിലെ കഥാപാത്രങ്ങളാണു നാം. യക്ഷിക്കഥകളിൽ മൂന്നിനാണു പ്രാബല്യം എന്നറിയാമല്ലോ.'

'മാന്ത്രികന്റെ മൂന്നു വരങ്ങൾ,ത്രയങ്ങൾ,നിർവ്വിവാദമായ ത്രിത്വം,' അത്രയ്ക്കേ കവിയ്ക്കു മന്ത്രിക്കാനായുള്ളു.

രാജാവു തുടർന്നു:

'നമ്മുടെ നന്ദിയുടെ സൂചകമായി ഈ മുഖംമൂടി എടുത്തുകൊള്ളുക. സ്വർണ്ണം കൊണ്ടുള്ളതാണിത്‌.'
'അങ്ങെയ്ക്കു നന്ദി. എനിക്കു മനസ്സിലായി, ഞാൻ അനുസരിക്കുകയും ചെയ്യുന്നു,' കവി പറഞ്ഞു.

ഒരാണ്ടു കഴിഞ്ഞു. കവി വെറുംകൈയോടെയാണെത്തിയിരിക്കുന്നതെന്ന് കൊട്ടാരംകാവൽക്കാർ ശ്രദ്ധിച്ചു. രാജാവ്‌ വിസ്മയത്തോടെ കവിയെ നോക്കി: അയാൾ വല്ലാതെ മാറിപ്പോയിരിക്കുന്നു.വെറും കാലമല്ല, മറ്റെന്തോ അയാളുടെ മുഖത്തെ ഉഴുതിളക്കുകയും മാറ്റിമറിക്കുകയും ചെയ്തിരിക്കുന്നു. അയാളുടെ കണ്ണുകൾ വിദൂരതയിലെങ്ങോ തങ്ങിനിൽക്കുന്നു; അവ അന്ധമാണെന്നും തോന്നിപ്പോയി. രാജാവിനോട്‌ ഒന്നു സംസാരിക്കാൻ കവി അനുമതി യാചിച്ചു. അടിമകൾ സഭ വിട്ടുപോയി.

'നിങ്ങൾ ഗീതമെഴുതിയില്ലേ?' രാജാവു ചോദിച്ചു.

'ഉവ്വ്‌' കവി വിഷാദത്തോടെ പ്രതിവചിച്ചു. 'കർത്താവതു വിലക്കിയിരുന്നെങ്കിൽ.'

'നിങ്ങൾക്കതു ചൊല്ലാമോ?'

'എനിക്കതിനു ധൈര്യമില്ല.'

'ആ ധൈര്യം ഞാൻ നിങ്ങൾക്കു നൽകുന്നു,' രാജാവു പ്രഖ്യാപിച്ചു.

കവി കവിത ചൊല്ലി. അതൊറ്റവരിയായിരുന്നു.
 
അതു വീണ്ടുമൊന്നുറക്കെച്ചൊല്ലാൻ ധൈര്യം വരാതെ, അതേതോ നിഗൂഢമന്ത്രമോ ദൈവനിന്ദയോ ആണെന്നപോലെ കവിയും അയാളുടെ രാജാവും കവിതയുച്ചരിച്ചു. കവിയെപ്പോലെതന്നെ രാജാവും വികാരാധീനനും ചകിതനുമായിപ്പോയി. ഇരുവരും വിളറിവെളുത്ത്‌ പരസ്പരം നോക്കി.

'എന്റെ ചെറുപ്പത്തിൽ,'രാജാവു പറഞ്ഞു,'അസ്തമയത്തിനു നേർക്കു ഞാൻ യാത്ര ചെയ്തു. സ്വർണ്ണപ്പന്നികളിൽ മരണം വിതയ്ക്കുന്ന വെള്ളിനായ്ക്കളെ ഒരു ദ്വീപിൽ ഞാൻ കണ്ടു. മറ്റൊരു ദ്വീപിൽ ഞങ്ങൾ മാന്ത്രികഫലങ്ങളുടെ സൗരഭ്യം നുകർന്നു. മറ്റൊന്നിൽ ഞാൻ അഗ്നിച്ചുമരുകൾ കണ്ടു. ഏറ്റവും വിദൂരമായ ദ്വീപിൽ കമാനാകൃതിയിൽ ഒരു നദി ആകാശത്തെ പിളർന്നൊഴുകിയിരുന്നു; മത്സ്യങ്ങളും നൗകകളും അതിൽ നീന്തിനടക്കുന്നു. അവയൊക്കെ അത്ഭുതങ്ങളായിരുന്നു. പക്ഷേ അവയൊന്നും നിങ്ങളുടെ ഈ കവിതയോടുപമിക്കാവുന്നതല്ല. അവയൊക്കെ ഏതോതരത്തിൽ ഇതിലടങ്ങുകയും ചെയ്യുന്നു. എന്താഭിചാരമാണു നിങ്ങൾക്കിതു നൽകിയത്‌?'

'പുലർച്ചയ്ക്കു ഞാൻ ഉണരുന്നത്‌ ആദ്യം എനിക്കു മനസ്സിലാകാത്ത വാക്കുകൾ ഉരുവിട്ടുകൊണ്ടാണ്‌,' കവി പറഞ്ഞു.'ആ വാക്കുകളാണ്‌ ഈ കവിത. ഞാനെന്തോ പാപം ചെയ്തപോലെ എനിക്കു തോന്നി. പരിശുദ്ധാത്മാവു പൊറുക്കാത്ത ആ പാപം.'

'ഇപ്പോൾ നാമിരുവർ പങ്കുവയ്ക്കുന്ന പാപം,'രാജാവ്‌ ചിന്തയിലാണ്ടപോലെ മന്ത്രിച്ചു.'സൗന്ദര്യത്തെ,മനുഷ്യനു നിഷിദ്ധമായ ആ സിദ്ധിയെ അറിഞ്ഞുവെന്ന പാപം. ആ പാപത്തിനു നാം ഉപശാന്തി ചെയ്യണം. ഒരു കണ്ണാടിയും സ്വർണ്ണമുഖംമൂടിയും ഞാൻ നിങ്ങൾക്കു തന്നു. ഇതാ എന്റെ മൂന്നാമത്തെ ഉപഹാരം, അവസാനത്തേതുമാണിത്‌.'
 
കവിയുടെ വലതുകൈയിൽ അദ്ദേഹം ഒരു കഠാര വച്ചുകൊടുത്തു.

കവിയെക്കുറിച്ചു നമുക്കറിയാവുന്നത്‌, കൊട്ടാരം വിട്ടയുടനെ അയാൾ പോയി ആത്മഹത്യ ചെയ്തുവെന്നാണ്‌; രാജാവിന്റെ കാര്യമാകട്ടെ, ഒരു കാലത്തു താൻ ഭരിച്ചിരുന്ന അയർലണ്ടിലെ പാതകൾ തെണ്ടുകയാണദ്ദേഹമെന്നും പിന്നീടൊരിക്കൽപ്പോലും അദ്ദേഹം ആ കവിത ചൊല്ലിയിട്ടില്ലെന്നും നമുക്കറിയാം.
File:Celtic rond chien.png

Image-Mask of Agamemnon from Wikimedia Commons

Tuesday, February 24, 2009

ബോർഹസ്‌ - പുരാവൃത്തം

ആബേലിന്റെ മരണത്തിനു ശേഷം കായേനും ആബേലും കണ്ടുമുട്ടി. അവർ മരുഭൂമിയിലൂടെ നടക്കുകയായിരുന്നു;ഇരുവരും കിളരം കൂടുതലുള്ളവരായതുകൊണ്ട്‌ ദൂരെനിന്നേ അവർ പരസ്പരം തിരിച്ചറിഞ്ഞു. ജ്യേഷ്ടനും അനുജനും നിലത്തിരുന്ന്, തീപൂട്ടി ആഹാരമുണ്ടാക്കിക്കഴിച്ചു. ഇരുട്ടുവീഴുമ്പോൾ തളർന്നുപോയവർ ചെയ്യുന്നപോലെ അവർ ഒന്നും മിണ്ടാതെയിരുന്നു. ആകാശത്ത്‌ ഒരു നക്ഷത്രം നിന്നുതിളങ്ങി; അതിനിനിയും പേരു വീണിട്ടില്ല. ആബേലിന്റെ നെറ്റിയിൽ കല്ലിന്റെ പാടു കിടക്കുന്നത്‌ തീയുടെ വെളിച്ചത്തിൽ കായേൻ കണ്ടു; അയാൾ വായിലേക്കു കൊണ്ടുപോയ ഉരുള താഴെയിട്ടിട്ട്‌ തന്റെ സഹോദരനോട്‌ മാപ്പിരന്നു.

"എന്നെ കൊന്നത്‌ നിങ്ങളായിരുന്നോ, അതോ ഞാൻ നിങ്ങളെ കൊല്ലുകയായിരുന്നോ?" ആബേൽ പറഞ്ഞു. "എനിക്കൊന്നും ഓർമ്മയില്ല; നമ്മൾ മുൻപത്തെപ്പോലെ ഇതാ ഇവിടെയുണ്ടല്ലോ."

"നീയെനിക്ക്‌ യഥാർത്ഥമായും മാപ്പുനൽകിയെന്ന് എനിക്കിപ്പോൾ മനസ്സിലായി," കായേൻ പറഞ്ഞു. "മറക്കുകയെന്നാൽ മാപ്പുനൽകുക എന്നുതന്നെയാണ്‌. ഞാനും മറക്കാൻ ശ്രമിക്കാം."

"അതെ," ആബേൽ സാവധാനം പറഞ്ഞു. "പശ്ചാത്താപമുള്ളിടത്തോളം കാലം ചെയ്തപാപവും തീരില്ല."
*