Showing posts with label അൽഫോൺസ് ദോദെ. Show all posts
Showing posts with label അൽഫോൺസ് ദോദെ. Show all posts

Friday, September 4, 2015

അൽഫോൺസ് ദോദെ - ആർലെക്കാരി

images1


ഗ്രാമത്തിലേക്കു പോകുന്ന വഴിയ്ക്ക് റോഡിനോടു ചേർത്തു പണിത ഒരു കളപ്പുര നിങ്ങൾക്കു കാണാം; അതിനു ചുറ്റും കരുക്കമരങ്ങൾ നട്ട വലിയൊരു മുറ്റവുമുണ്ട്. ചുവന്ന മേച്ചിലോടും ഒന്നു മറ്റൊന്നു കണക്കല്ലാത്ത ജനാലകളോടു കൂടിയ വലിയ പൂമുഖവും വൈക്കോൽക്കൂനയുടെ മുകളിലെ കാറ്റുകാട്ടിയും കറ്റക്കെട്ടുകൾ പൊക്കുന്നതിനുള്ള കപ്പിയും എറിച്ചുനില്ക്കുന്ന കറ്റകളുമായി ശരിക്കുമൊരു പ്രോവെൻസ് കർഷകന്റെ ഭവനം.
ഈ വീട് എന്റെ മനസ്സിൽ നിന്നു മായാതിരിക്കാൻ എന്താണു കാരണം? അതിന്റെ അടഞ്ഞുകിടക്കുന്ന ഗെയ്റ്റു കാണുമ്പോൾ എന്റെ നെഞ്ചു
പിടയ്ക്കുന്നതെന്തുകൊണ്ടാവും? അതിനൊരു കാരണം പറയാൻ എനിക്കു കഴിഞ്ഞെന്നു വരില്ല; പക്ഷേ ആ വീടു കാണുമ്പോഴൊക്കെ എന്റെ മനസ്സിനെ ഒരു കൊടുംശൈത്യം ബാധിക്കും. അതിനെ ചൂഴ്ന്നു നിന്ന നിശബ്ദത അസാധാരണമായിരുന്നു. നിങ്ങൾ അതുവഴി പോകുമ്പോൾ നായ്ക്കൾ കുരച്ചുകൊണ്ടെത്തുന്നില്ല, ഗിനിക്കോഴികൾ ഒച്ച വയ്ക്കാതെ ഓടിപ്പോവുകയുമാണ്‌. ഉള്ളിൽ ഒരു ശബ്ദവും കേൾക്കാനില്ല-ഇല്ല, ഒരു
മൂരിയുടെ കുടമണി പോലുമില്ല. ആ വെളുത്ത ജനൽമറകളും ചിമ്മിനിയിൽ നിന്നു പൊങ്ങുന്ന പുകയും കൂടിയില്ലായിരുന്നെങ്കിൽ അവിടെ മനുഷ്യവാസമില്ലെന്നു തന്നെ തോന്നിപ്പോകും.
ഇന്നലെ കൃത്യം ഉച്ചനേരത്ത് ഞാൻ ഗ്രാമത്തിൽ പോയിട്ടു മടങ്ങിവരികയായിരുന്നു; വെയിലു കൊള്ളാതിരിക്കാൻ ആ കൃഷിയിടത്തിന്റെ മതിലോരം ചേർന്ന് കരുക്കമരങ്ങളുടെ തണലു പറ്റിയാണ്‌ ഞാൻ നടക്കുന്നത്. കളപ്പുരയ്ക്കു മുന്നിലെ റോഡിൽ പണിക്കാർ നിശബ്ദരായി വണ്ടിയിൽ വയ്ക്കോൽ കയറ്റുന്നുണ്ട്. ഗെയ്റ്റ് തുറന്നുകിടക്കുകയാണ്‌. പോകുന്ന വഴിയ്ക്ക് ഞാൻ വെറുതേ ഉള്ളിലേക്കൊന്നു കണ്ണയച്ചു; മുറ്റത്തിന്റെ അങ്ങേയറ്റത്ത്, നല്ല പൊക്കമുള്ള, തല നരച്ച ഒരു വൃദ്ധൻ ഒരു കല്ലുമേശ മേൽ കൈമുട്ടുകൾ കുത്തി,കൈകളിൽ തലയും താങ്ങി ഇരിക്കുന്നുണ്ട്. അയാളുടെ വെയ്സ്റ്റ് കോട്ട് തീരെ ഇറക്കം കുറഞ്ഞതാണ്‌, ട്രൗസർ കീറിപ്പറിഞ്ഞതാണ്‌. ഞാൻ അവിടെ നിന്നു. ഒരു പണിക്കാരൻ പതുക്കെ എന്നോടു പറഞ്ഞു,-
“ശ്ശ്! അതാണ്‌ സ്റ്റീഫൻ. മകന്‌ ആ ഭാഗ്യദോഷം വന്നതില്പിന്നെയാണ്‌ അങ്ങേരിങ്ങനെയായത്.”
ഈ സമയത്ത് കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീയും ഒരു കൊച്ചു കുട്ടിയും വലിയ പ്രാർത്ഥനാപുസ്തകങ്ങളും കൈയിൽ പിടിച്ച് ഉള്ളിലേക്കു കയറിപ്പോയി.
പണിക്കാരൻ പറഞ്ഞു:-
“ഭാര്യയും ഇളയ മകനും കുർബാന കഴിഞ്ഞു വരികയാണ്‌. ആ കുട്ടി ജീവനൊടുക്കിയതില്പിന്നെ നിത്യവും അവർ അവിടെ പോകുന്നുണ്ട്. എന്താ സാർ,എന്തൊരു ദുരവസ്ഥയാണിത്! മരിച്ച മകന്റെ ട്രൗസറും ഷർട്ടുമാണ്‌ ആ അച്ഛൻ ഇട്ടിരിക്കുന്നത്; ആരെന്തു പറഞ്ഞാലും അതൂരാൻ അദ്ദേഹം കൂട്ടാക്കില്ല.”
അയാൾ കാളകളെ ഇളക്കിവിട്ടു. വണ്ടി ഒന്നുലഞ്ഞുഷാറായി. ഈ വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ താല്പര്യം തോന്നിയിട്ട് ഞാനും അയാൾക്കൊപ്പം ഇരുന്നുകൊള്ളട്ടേയെന്ന് വണ്ടിക്കാരനോടു ചോദിച്ചു. അങ്ങനെ ആ വൈക്കോൽവണ്ടിയിൽ വച്ചാണ്‌ ഹൃദയഭേദകമായ ആ കഥ ഞാൻ കേൾക്കുന്നത്.
ജാൻ എന്നായിരുന്നു അവന്റെ പേര്‌. ആർക്കും മതിപ്പു തോന്നുന്ന ഒരു കൃഷിക്കാരൻ; ഇരുപതു വയസ്സ് പ്രായം, ഒരു പെൺകുട്ടിയെപ്പോലെ സൽസ്വഭാവി,ഉറച്ച ശരീരം, ഒന്നുമൊളിക്കാത്ത മുഖം.
കാണാൻ സുന്ദരനായിരുന്നതിനാൽ പെണ്ണുങ്ങളുടെ കണ്ണുകൾ അവനിലേക്കു നീണ്ടിരുന്നു; അവന്റെ മനസ്സിൽ പക്ഷേ,ഒരാളേ ഉണ്ടായിരുന്നുള്ളു,- ഒരു ആർലേക്കാരി; പട്ടും റേന്തയും വേഷമിട്ടവൾ.ആർലെയിലെ ലൈസിൽ വച്ച് ഒരിക്കൽ അവൻ അവളെ കണ്ടിരുന്നു. ഈ അടുപ്പം വീട്ടിൽ ആരും അത്ര സന്തോഷത്തോടെയല്ല കണ്ടത്. ആളൊരു അഴിഞ്ഞാട്ടക്കാരിയാണെന്നാണ്‌ പറഞ്ഞുകേട്ടിരുന്നത്; അവളുടെ അച്ഛനമ്മമാർ ആ ഭാഗത്തുള്ളവരുമല്ല.എന്തു വില കൊടുത്തിട്ടായാലും ജാനിനു പക്ഷേ, അവളെത്തന്നെ മതി. അവൻ പറഞ്ഞു,-
“അവളെ കെട്ടാൻ അവർ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ മരിക്കാൻ പോവുകയാണ്‌.”
അവർക്കു വഴങ്ങേണ്ടി വന്നു. കൊയ്ത്തു കഴിഞ്ഞാൽ കല്യാണം എന്നുറപ്പിക്കുകയും ചെയ്തു.      
അങ്ങനെ ഒരു ഞായറാഴ്ച ദിവസം കാലത്ത് എല്ലാവരും കൂടി കളപ്പുരയുടെ മുറ്റത്ത് ഭക്ഷണം കഴിക്കുകയാണ്‌. ഒരു കല്യാണവിരുന്ന് എന്നു തന്നെ അതിനെ പറയാം. വധു അവിടെ ഇല്ലെങ്കിൽക്കൂടി എല്ലാവരും അവൾക്ക് ആയുസ്സും ആരോഗ്യവും നേർന്നുകൊണ്ട് ഗ്ളാസ്സുകളുയർത്തുകയാണ്‌. ഈ സമയത്ത് ഒരാൾ പടിക്കൽ വന്ന് തനിക്ക് മാസ്റ്റർ സ്റ്റീഫനോട് ഒറ്റയ്ക്കൊന്നു സംസാരിക്കണമെന്ന് വിറയാർന്ന
സ്വരത്തിൽ അറിയിച്ചു. സ്റ്റീഫൻ എഴുന്നേറ്റ് റോഡിലേക്കു ചെന്നു.
അയാൾ പറഞ്ഞു, “രണ്ടു കൊല്ലം ഞാൻ വച്ചുകൊണ്ടിരുന്ന ഒരു കുലടയെയാണ്‌ നിങ്ങൾ സ്വന്തം മകനെ കൊണ്ടു കെട്ടിക്കാൻ പോകുന്നത്. അതിനെനിക്കു തെളിവുകളുണ്ട്:ഇതാ, അവളെഴുതിയ കത്തുകൾ. അവളുടെ വീട്ടുകാർക്ക് ഞങ്ങളുടെ ബന്ധത്തെക്കുറിച്ചറിയാമായിരുന്നു; അവളെ എനിക്കു തരാമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നതുമാണ്‌; പക്ഷേ ഇപ്പോൾ നിങ്ങളുടെ മകന്‌ അവളെ ആശയായതു കാരണം അവൾക്കോ അവളുടെ വീട്ടുകാർക്കോ എന്നെ കാണണമെന്നു തന്നെയില്ല. എന്നാലും ഇത്രയൊക്കെ കഴിഞ്ഞ സ്ഥിതിയ്ക്ക് അവൾ മറ്റൊരാളുടെ ഭാര്യ ആയിക്കൂടാ എന്നു ഞാൻ മനസ്സിൽ നിശ്ചയിച്ചു.”
“വളരെ നന്നായി!” കത്തുകൾ വായിച്ചുനോക്കിയിട്ട് സ്റ്റീഫൻ പറഞ്ഞു; “കയറി വരൂ, ഒരു ഗ്ളാസ് വൈൻ കഴിച്ചിട്ടു പോകാം.”
അയാൾ പറഞ്ഞു: “അയ്യോ വേണ്ട, എന്റെ നെഞ്ചിന്റെ ദാഹം അതു കൊണ്ടു തീരില്ല.”എന്നിട്ടയാൾ പോവുകയും ചെയ്തു.
ഒരു ഭാവപ്പകർച്ചയുമില്ലാതെ അച്ഛൻ തിരിച്ചു വന്നു; മേശയ്ക്കരികിൽ പഴയ സ്ഥാനത്തിരുന്ന് എല്ലാവരുമായി സന്തോഷത്തോടെ പിരിയുകയും ചെയ്തു.
അന്നു വൈകിട്ട് അച്ഛനും മകനും കൂടി പാടം നോക്കാൻ പോയി. അവർ തിരിച്ചു വരാൻ വളരെ വൈകി; അമ്മ അവരെ കാത്തിരിക്കുകയായിരുന്നു.
“അവനൊരുമ്മ കൊടുക്കൂ,” മകനെ അമ്മയുടെ നേർക്കു തിരിച്ചുനിർത്തിക്കൊണ്ട് അച്ഛൻ പറഞ്ഞു, “അവന്റെ മനസ്സ് സങ്കടപ്പെട്ടിരിക്കുകയാണ്‌.”
ജാൻ പിന്നെ ആ ആർലെക്കാരിയെക്കുറിച്ചു മിണ്ടിയിട്ടേയില്ല. പക്ഷേ അവനപ്പോഴും അവളോടു പ്രേമമായിരുന്നു; മറ്റൊരാളുടെ കൈകൾക്കുള്ളിൽ അവളെ കണ്ടതില്പിന്നെ മുമ്പത്തേക്കാളതു കൂടുതലുമായിരുന്നു. അഭിമാനിയായതു കാരണം അവൻ അതു പുറത്തു പറഞ്ഞില്ല എന്നു മാത്രം; അവനെ അകമേ കൊന്നുകൊണ്ടിരുന്നത് അതായിരുന്നു, പാവം പയ്യൻ! ചിലപ്പോളവൻ ഒന്നനങ്ങുക കൂടിച്ചെയ്യാതെ ഒരു
മൂലയ്ക്കു പോയി ചുരുണ്ടു കിടക്കും, ദിവസങ്ങളോളം; മറ്റു ചില ദിവസങ്ങളിൽ ഉഗ്രരോഷത്തോടെ അവൻ മണ്ണിനോടേറ്റുമുട്ടുന്നതു കാണാം; പത്തു പണിക്കാരുടെ ജോലി അവൻ ഒറ്റ ദിവസം കൊണ്ടു മുഴുമിപ്പിക്കും. വൈകിട്ടവൻ ആർലേയിലേക്കുള്ള വഴിയിലൂടെ നടക്കുന്നതു കാണാം; നഗരത്തിലെ കൂർത്ത മണിമേടകൾ അന്തിവെളിച്ചത്തിൽ ഉയർന്നുവരുന്നതു കാണുമ്പോൾ അവൻ തിരിഞ്ഞുനടക്കുകയും ചെയ്യും. അതിനപ്പുറത്തേക്കവൻ പോകാറില്ല.
അവനിങ്ങനെ ഒറ്റയ്ക്കു ദുഃഖിച്ചു നടക്കുന്നതു കണ്ടപ്പോൾ എന്തു ചെയ്യണമെന്ന് വീട്ടുകാർക്കു പിടിയില്ലാതായി. അവൻ എന്തെങ്കിലും കടുംകൈ
ചെയ്തുകളയുമോയെന്ന് അവർ ഭയന്നു. ഒരിക്കൽ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ നിറകണ്ണുകളോടെ അവനോടു പറഞ്ഞു,-
“നോക്കൂ ജാൻ, എന്തൊക്കെയായാലും നിനക്ക് അവളെത്തന്നെ മതിയെന്നാണെങ്കിൽ ഞങ്ങൾക്കൊരു വിസമ്മതവുമില്ല.”
അച്ഛൻ നാണക്കേടു കൊണ്ടു മുഖം ചുവന്ന് തല കുനിച്ചിരുന്നു.
വേണ്ടെന്ന അർത്ഥത്തിൽ കൈ കൊണ്ടൊരാംഗ്യം കാണിച്ചിട്ട് ജാൻ പുറത്തേക്കിറങ്ങിപ്പോയി.
അന്നു മുതൽ അവന്റെ രീതികൾ മാറി; തനിക്കൊരു വിഷമവുമില്ലെന്ന മട്ടിൽ സന്തോഷം നടിച്ച് അവൻ നടന്നു. അവനെ പിന്നെയും ബാറിലും ഡാൻസിനും കാലിച്ചന്തയിലും കണ്ടു തുടങ്ങി. പെരുന്നാളിനു മുന്നിൽ നിന്നതും അവനായിരുന്നു.
“അവന്റെ രോഗം മാറി,” അച്ഛൻ പറഞ്ഞു. പക്ഷേ അമ്മയുടെ പേടി മാറിയില്ല; അവർ തന്റെ മകനെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങി. പട്ടുനൂൽപുഴുക്കളെ വളർത്തുന്ന ചായ്പിൽ അനുജനോടൊപ്പമാണ്‌ ജാൻ ഉറങ്ങാറുള്ളത്. ആ പാവം സ്ത്രീ അതിനടുത്തുള്ള മുറിയിൽ ഒരു കട്ടിലിട്ട് അവിടെയായി ഉറക്കം.പട്ടുനൂല്പുഴുക്കൾക്ക് രാത്രിയിൽ അവരെ ആവശ്യം വന്നാലോ!
ആയിടയ്ക്കാണ്‌ കൃഷിക്കാരുടെ വിശുദ്ധനായ എലിജിയസിന്റെ പെരുന്നാൾ വരുന്നത്.കളത്തിലന്ന് ആർപ്പും ചിരിയുമായിരുന്നു. മഴ പെയ്യുമ്പോലെയാണ്‌ പലതരം വൈനുകളൊഴുകിയത്. പടക്കവും വെടിക്കെട്ടുമുണ്ടായി; കരുക്കമരങ്ങൾ നിറയെ വർണ്ണക്കടലാസൊട്ടിച്ച റാന്തലുകൾ തൂക്കിയിട്ടിരുന്നു. എലിജിയസ് വിശുദ്ധൻ നീണാൾ വാഴട്ടെ! കുഴഞ്ഞുവീഴും വരെ അവർ നൃത്തം ചെയ്തു. അനുജൻ കുട്ടി അവന്റെ
പുതിയ ഷർട്ട് കത്തിച്ചു. ജാനിന്റെ മുഖത്തും സന്തോഷം ദൃശ്യമായിരുന്നു;അമ്മയോടൊപ്പം ഡാൻസ് ചെയ്യണമെന്ന് അവൻ നിർബന്ധം പിടിച്ചു; ആ പാവം സ്ത്രീ സന്തോഷം കൊണ്ടു കരഞ്ഞുപോയി.
എല്ലാവരും ഉറങ്ങാൻ കിടക്കുമ്പോൾ പാതിരാത്രി ആയിരുന്നു. എല്ലാവർക്കും ഉറക്കം അത്യാവശ്യമയിരുന്നു. പക്ഷേ ജാൻ ഉറങ്ങിയില്ല. രാത്രി മുഴുവൻ അവൻ തേങ്ങിക്കരയുകയായിരുന്നുവെന്ന് അനുജൻ പിന്നീടു പറഞ്ഞു. അതെ, അത്ര ആഴത്തിലാണ്‌ പ്രണയം അവനെ ദംശിച്ചത്!
അടുത്ത ദിവസം പുലർച്ചയ്ക്ക് ആരോ തന്റെ മുറിയിലൂടെ ഓടിപ്പോകുന്നതായി അമ്മയ്ക്കു തോന്നി. അവർക്കെന്തോ വിപൽശങ്ക തോന്നി.
“ജാൻ, ജാനാണോ അത്?”
ജാൻ മിണ്ടിയില്ല; അവൻ കോണിപ്പടിയിൽ എത്തിക്കഴിഞ്ഞിരുന്നു.                       
അമ്മ പെട്ടെന്ന്, വളരെപ്പെട്ടെന്നെഴുന്നേറ്റു-
“ജാൻ, നീ എങ്ങോട്ടു പോകുന്നു?”                                                       

അവൻ കോണി കയറി മച്ചുമ്പുറത്തെത്തി; അവർ പിന്നാലെ ചെന്നു:-
“എന്റെ മോനേ, ദൈവത്തെയോർത്ത്...!”
അവൻ ഉള്ളിൽ കയറി കതകിന്റെ കൊളുത്തിട്ടു.
“ജാൻ, എന്റെ ജാൻ മോനേ, നീയെന്താ ചെയ്യാൻ പോകുന്നത്?”
അവർ തന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് കതകിന്റെ കൊളുത്തു തിരയുകയായിരുന്നു.ഒരു ജനാല തുറക്കുന്ന ശബ്ദം, മുറ്റത്തെ തറക്കല്ലുകളിൽ ഒരുടൽ ചെന്നു വീഴുന്ന ശബ്ദം, അത്ര മാത്രം.
ആ പാവം കുട്ടി തന്നോടു തന്നെ പറഞ്ഞതിതായിരുന്നു: “അവളെ ഞാൻ അത്രയ്ക്കു സ്നേഹിക്കുന്നു. ഞാൻ പോകും.” ഹാ, എത്ര ദയനീയമാണ്‌ നമുക്കു കിട്ടിയ ഹൃദയങ്ങൾ! അതേ സമയം വെറുപ്പിന്‌ പ്രണയത്തെ കൊല്ലാൻ കഴിയുന്നില്ലെന്നത് എത്ര അവിശ്വസനീയവുമാണ്‌!
അന്നു കാലത്ത് സ്റ്റീഫന്റെ കളപ്പുരയുടെ ഭാഗത്തു നിന്ന് ആരോ അലറിക്കരയുന്നതു കേട്ടപ്പോൾ അതാരായിരിക്കുമെന്ന് നാട്ടുകാർ തമ്മിൽ തമ്മിൽ
ചോദിക്കുകയായിരുന്നു.
അത് ആ അമ്മയായിരുന്നു; മുറ്റത്ത്, ചോരത്തുള്ളികളും മഞ്ഞുതുള്ളികളും തെറിച്ചുവീണ ആ കല്ലുമേശയ്ക്കു മുന്നിൽ നിന്ന് ആ അമ്മ മരിച്ച മകനെ കൈകളിലെടുത്ത് വിലപിക്കുകയായിരുന്നു.


അൽഫോൺസ് ദോദെ (1840-97) Alphonse Daudet [French : dodɛ]
ഫ്രഞ്ച് കഥാകൃത്തും നോവലിസ്റ്റും. ഫ്രാൻസിന്റെ തെക്കൻ ഭാഗമായ പ്രോവെൻസിന്റെ കഥാകാരനായി അറിയപ്പെടുന്നു.
തീക്ഷ്ണവികാരങ്ങൾ ഭരിക്കുന്ന പ്രോവെൻസ് ജീവിതത്തെക്കുറിച്ചെഴുതിയ L'Arlesienne എന്ന ഈ കഥ പിന്നീട് നാടകമാക്കിയെങ്കിലും അതു പരാജയപ്പെട്ടു. നാടകത്തിനു വേണ്ടി ജോർജ്ജ് ബിസെ തയാറാക്കിയ സംഗീതം പക്ഷേ, ഇന്നും അതിജീവിക്കുന്നു.

Wednesday, May 15, 2013

അൽഫോൺസ് ദോദെ - അവസാനത്തെ ക്ളാസ്




അന്നു കാലത്ത് ഞാൻ സ്കൂളിലേക്കിറങ്ങാൻ ഏറെ വൈകി; ഹാമെൽ മാഷിന്റെ കൈയിൽ നിന്നു ശരിക്കു വഴക്കു കിട്ടുമെന്നു ഞാൻ പേടിച്ചു; ക്രിയാവിശേഷണങ്ങളെക്കുറിച്ചാണു താനന്നു ഞങ്ങളോടു ചോദിക്കുക എന്നദ്ദേഹം പറഞ്ഞിരുന്നതിനാൽ പ്രത്യേകിച്ചും; എനിക്കാണെങ്കിൽ അതിനെക്കുറിച്ച് ഒരു വസ്തു അറിയുകയുമില്ല. അന്നു സ്കൂളിൽ പോകാതെ പാടത്തു കറങ്ങിനടന്നാലോ എന്നു ഞാൻ ഒരു നിമിഷം ആലോചിച്ചു. എത്ര ഊഷ്മളവും തെളിഞ്ഞതുമായ ദിവസം! പാടത്തിനതിരിലുള്ള കാട്ടിൽ കരിങ്കിളികൾ ചൂളം വിളിക്കുന്നത് എനിക്കു കേൾക്കാമായിരുന്നു. തടിമില്ലിനു പിന്നിലുള്ള മൈതാനത്ത് പ്രഷ്യൻ പട്ടാളക്കാർ പരേഡു നടത്തുന്നുണ്ട്. ക്രിയാവിശേഷണങ്ങളെക്കുറിച്ചുള്ള നിയമങ്ങളെക്കാൾ എന്റെ മനസ്സിനെ വശീകരിച്ചത് ഇവയൊക്കെയായിരുന്നു; പക്ഷേ അതിനെ ചെറുത്തു നില്ക്കാനുള്ള കരുത്തെനിക്കുണ്ടായിരുന്നു; കഴിയുന്നത്ര വേഗം ഞാൻ സ്കൂളിലേക്കോടി. 
 
മേയറുടെ ഓഫീസിനു മുന്നിലൂടെ പോകുമ്പോൾ നോട്ടീസുബോർഡിനു മുന്നിൽ ചെറിയൊരാൾക്കൂട്ടം കണ്ടു. കഴിഞ്ഞ രണ്ടു കൊല്ലമായി ഞങ്ങളുടെ സകല ചീത്ത വാർത്തകളും വന്നത് അതിൽ നിന്നായിരുന്നു- തോറ്റ യുദ്ധങ്ങൾ, നിർബന്ധിതസൈനികപരിശീലനം, കമാൻഡറുടെ കല്പനകൾ; ഓട്ടം നിർത്താതെ തന്നെ ഞാൻ മനസ്സിലോർത്തു:
 
“ഇതിനി എന്താണാവോ?”
 
പിന്നെ ഞാൻ ഓടി കവലയിലെത്തിയപ്പോൾ കൊല്ലപ്പണിക്കാരൻ വാഹ്റ്റെർ തന്റെ സഹായിയുമൊത്ത് അവിടെ നില്ക്കുന്നതു കണ്ടു; അയാൾ എന്റെ പിന്നാലെ വിളിച്ചുപറഞ്ഞു:
 
“ഇത്ര തിടുക്കം വേണ്ടെട കുട്ടാ; നിനക്കു സ്കൂളിലെത്താൻ ഇഷ്ടം പോലെ സമയമുണ്ട്!”
 
അയാൾ എന്നെ കളിയാക്കുകയാണെന്നു ഞാൻ കരുതി; ഓടിക്കിതച്ചുകൊണ്ട് ഞാൻ ഹാമെൽ മാഷിന്റെ സ്കൂൾ മുറ്റത്തെത്തി.
 
സാധാരണഗതിയിലാണെങ്കിൽ ക്ളാസ്സു തുടങ്ങുമ്പോഴത്തെ കോലാഹലം അങ്ങു തെരുവിൽ വച്ചേ കേൾക്കാം: ഡസ്ക്കുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്, ചെവിയും പൊത്തി ഞങ്ങൾ ഒരുമിച്ചു പാഠം വായിക്കുന്നത്, മാഷിന്റെ തടിയൻ ഇരുമ്പു റൂളർ മേശപ്പുറത്തടിക്കുന്നത്. ആ ബഹളത്തിനിടയിൽ ആരുടെയും കണ്ണില്പെടാതെ ബഞ്ചിൽ പോയി ഇരിക്കാമെന്നാണ്‌ ഞാൻ കണക്കു കൂട്ടിയത്. അന്നു പക്ഷേ ഒരനക്കവും കേൾക്കാനുണ്ടായിരുന്നില്ല; ഞായറാഴ്ചയുടെ പ്രതീതിയായിരുന്നു. തുറന്ന ജനാലയിലൂടെ എനിക്കു കാണാമായിരുന്നു, എന്റെ സഹപാഠികൾ അവരവരുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നതും, ഹാമെൽ മാഷ് ആ ഭീകരമായ റൂൾത്തടി കക്ഷത്തു വച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും. ആ പരിപൂർണ്ണ നിശബ്ദതയ്ക്കിടയിൽ സകലരുടെയും കണ്മുന്നിലൂടെ വാതിൽ തുറന്നു കയറിച്ചെല്ലേണ്ടിവന്നു എനിക്ക്. എനിക്കെത്ര നാണക്കേടും പേടിയുമാണു തോന്നിയതെന്ന് നിങ്ങൾക്കൂഹിക്കാവുന്നതേയുള്ളു.
 
പക്ഷേ ഒന്നും സംഭവിച്ചില്ല. ഹാമെൽ മാഷ് കോപത്തിന്റെ ഒരു ലക്ഷണവും കാണിക്കാതെ എന്നെ നോക്കിയിട്ട് വളരെ സൌമ്യമായി ഇങ്ങനെ പറഞ്ഞു:
 
“വേഗം പോയി സീറ്റിലിരിക്കൂ, ഫ്രാൻസ്; നീയില്ലാതെ ഞങ്ങൾ തുടങ്ങാൻ പോവുകയായിരുന്നു.“
 
ഞാൻ ബഞ്ചിനു മുകളിലൂടെ ചാടിച്ചെന്ന് എന്റെ ഡസ്കിനു പിന്നിലിരുന്നു. അപ്പോഴേ, പേടിയിൽ നിന്ന് അല്പമൊന്നു മുക്തനായപ്പോഴേ, ഞാൻ ശ്രദ്ധിച്ചുള്ളു, മാഷ് അന്നു  തന്റെ ഏറ്റവും നല്ല വേഷത്തിലാണെന്ന്: സുന്ദരമായ നീലക്കോട്ട്, ഞൊറിയുള്ള ഷർട്ട്, കറുത്ത ലേസു തുന്നിപ്പിടിപ്പിച്ച തൊപ്പി; ഇൻസ്പെക്ഷൻ സമയത്തോ, വാർഷികത്തിനോ മാത്രമേ സാധാരണഗതിയിൽ അദ്ദേഹത്തെ ഈ വേഷത്തിൽ കാണാറുള്ളു. അതു മാത്രമല്ല, ക്ളാസ്സിലാകെ ഭവ്യവും വിചിത്രവുമായ ഒരന്തരീക്ഷമാണുള്ളതെന്നും തോന്നി. ഇതിനെക്കാളൊക്കെ എന്നെ അത്ഭുതപ്പെടുത്തിയത് എന്നും ഒഴിഞ്ഞു കിടക്കാറുള്ള പിന്നറ്റത്തെ ബഞ്ചുകളിൽ ഗ്രാമത്തിലെ പ്രായമായവർ വന്നിരിക്കുന്നതാണ്‌: കിഴവൻ ഹൌസെർ, പഴയ മേയർ, പഴയ പോസ്റ്റുമാസ്റ്റർ, പിന്നെ വേറേ പലരും. ഞങ്ങളെപ്പോലെ തന്നെ നിശബ്ദരണെല്ലാവരും. എല്ലാവരുടെ മുഖത്തും ദുഃഖഭാവം കാണാം; ഹൌസെർ മൂല മടങ്ങിയ പഴയൊരു പാഠപുസ്തകം തന്റെ കാൽമുട്ടുകളിൽ തുറന്നുവച്ചിട്ട് അതിനു മേൽ തന്റെ കണ്ണട ഊരിവച്ചിരിക്കുന്നു. 
 
ഇതൊക്കെ എന്താണെന്നു ഞാൻ മനസ്സിൽ ചോദിക്കുമ്പോൾ ഹാമെൽ മാഷ് പ്ളാറ്റ്ഫോമിൽ കയറിനിന്നിട്ട് എന്നോടുപയോഗിച്ച അതേ ശാന്തഗംഭീരമായ സ്വരത്തിൽ ഞങ്ങളോടായി ഇങ്ങനെ പറഞ്ഞു:
 
”എന്റെ കുഞ്ഞുങ്ങളേ, ഇതെന്റെ അവസാനത്തെ ക്ളാസ്സാണ്‌. അൽസേയ്സിലെയും ലൊറേയ്നിലെയും സ്കൂളുകളിൽ ഇനി ജർമ്മൻ മാത്രം പഠിപ്പിച്ചാൽ മതിയെന്ന് ബർലിനിൽ നിന്ന് ഉത്തരവു വന്നിരിക്കുന്നു. പുതിയ മാഷ് നാളെ വരും. അവസാനത്തെ ഫ്രഞ്ചുക്ളാസ്സാണിത്; അതിനാൽ നിങ്ങൾ നല്ല ശ്രദ്ധയോടിരിക്കണം.“
 
ഒരിടിമുഴക്കം പോലെയാണ്‌ ആ വാക്കുകൾ ഞാൻ കേട്ടത്. ഹാ! നാറികൾ! അപ്പോൾ ഇതായിരുന്നു മേയറുടെ ഓഫീസിൽ അവർ ഒട്ടിച്ചത്.
 
എന്റെ അവസാനത്തെ ഫ്രഞ്ചുക്ളാസ്സ്!
 
എനിക്കാണെങ്കിൽ എഴുതാൻ തന്നെ ശരിക്കറിയില്ല! അപ്പോൾ എന്റെ പഠിത്തം തീരുകയാണ്‌! ഇത്രയും വച്ചു ഞാൻ നിർത്തണമെന്ന്! എനിക്കെന്നോടു തന്നെ എന്തുമാത്രം കോപം തോന്നിയില്ല: ഞാൻ പാഴാക്കിയ സമയത്തെ ചൊല്ലി, ക്ളാസ്സിൽ കയറാതെ നടന്നതിനെ ചൊല്ലി, കിളിക്കൂടും നോക്കി നടന്ന്തിനെച്ചൊല്ലി, പുഴയിൽ പോയി കിടന്നതിനെച്ചൊല്ലി. ഒരു നിമിഷം മുമ്പ് എനിക്കത്ര ഭാരമായി തോന്നിയ എന്റെ പുസ്തകങ്ങൾ, വ്യാകരണം, വിശുദ്ധന്മാരുടെ ചരിത്രം ഒക്കെയെനിക്ക് ചിരകാലസുഹൃത്തുക്കളെപ്പോലെ തോന്നി; അത്ര സങ്കടത്തോടെ പിരിയേണ്ടവർ. ഹാമെൽ മാഷിന്റെ കാര്യവും അതു തന്നെ; അദ്ദേഹം പോവുകയാണെന്നും, ഇനി മേൽ ഞാൻ അദ്ദേഹത്തെ കാണില്ലെന്നും ഓർത്തപ്പോൾ അദ്ദേഹത്തിന്റെ ശകാരങ്ങൾ ഞാൻ മറന്നു, റൂൾത്തടി കൊണ്ടുള്ള പ്രഹരങ്ങൾ ഞാൻ മറന്നു.
 
പാവം! തന്റെ അവസാനത്തെ ക്ളാസ്സിനോടുള്ള ആദരസൂചകമായിട്ടാണ്‌ അദ്ദേഹം തന്റെ ഏറ്റവും നല്ല വേഷവും ധരിച്ചെത്തിയിരിക്കുന്നത്; ഗ്രാമത്തിലെ കിഴവന്മാർ ക്ളാസ്സിന്റെ പിൻ ബഞ്ചുകളിൽ വന്നിരിക്കുന്നതെന്തിനെന്നും എനിക്കപ്പോൾ മനസ്സിലായി. പഠിക്കാനുള്ള അവസരങ്ങൾ തങ്ങൾ പാഴാക്കിക്കളഞ്ഞു എന്ന ഖേദം പ്രകടിപ്പിക്കുകയാണവർ. ഒപ്പം നാല്പതു കൊല്ലത്തെ വിശ്വസ്തസേവനത്തിന്‌ ഞങ്ങളുടെ അദ്ധ്യാപകനോടു നന്ദി കാണിക്കാനുള്ള മാർഗ്ഗവുമാണതവർക്ക്; തങ്ങളുടേതല്ലാതായിക്കഴിഞ്ഞ ജന്മദേശത്തോട് ആദർവു കാണിക്കുകയുമാണവർ.
 
എന്റെ ആലോചനകൾ ഇത്രത്തോളമെത്തിയപ്പോഴാണ്‌ എന്റെ പേരു വിളിക്കുന്നതു ഞാൻ കേട്ടത്. പാഠം വായിക്കാനുള്ള എന്റെ ഊഴമെത്തിയിരിക്കുന്നു. ക്രിയാവിശേഷണത്തെക്കുറിച്ചുള്ള ഭയാനകമായ ആ നിയമം ഒരു തെറ്റും വരുത്താതെ, ഉച്ചത്തിലും വ്യക്തമായും വായിക്കാനുള്ള കഴിവിന്‌ ഞാൻ എന്തു തന്നെ നല്കുമായിരുന്നില്ല! പക്ഷേ ആദ്യത്തെ വരിയിൽ തന്നെ എനിക്കെല്ലാം കൂടിക്കുഴഞ്ഞു; നെഞ്ചു വിങ്ങി, മുഖമുയർത്തി നോക്കാൻ ധൈര്യമില്ലാതെ ഡസ്കിൽ പിടിച്ചുകൊണ്ട് ഞാൻ നിന്നു. ഹാമെൽ മാഷ് എന്നോടിങ്ങനെ പറയുന്നതു ഞാൻ കേട്ടു:
 
“ഞാൻ നിന്നെ ചീത്ത പറയില്ല, ഫ്രാൻസ്; ഇതു തന്നെ നിനക്കുള്ള ശിക്ഷയായിട്ടുണ്ട്. എന്താ നടക്കുന്നതെന്നു നോക്കൂ! ഓരോ ദിവസവും നാം നമ്മോടു തന്നെ പറയുകയായിരുന്നു: ‘ഓ, എനിക്കു സമയം ഇഷ്ടം പോലെയുണ്ട്; നാളെ ഞാൻ പഠിച്ചോളാം.’ എന്നിട്ടു നാം എവിടെയെത്തിയെന്നും നോക്കൂ. ഹാ, അതാണ്‌ അൽസേയ്സിനു പറ്റിയ ദൌർഭാഗ്യം; പഠിക്കാനുള്ളത് അവൾ നാളത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. ഇനിയിപ്പോൾ അവർക്കു പറയാനവകാശമുണ്ടല്ലോ: ‘കൊള്ളാം! ഫ്രഞ്ചുകാരാണെന്നു പറഞ്ഞു നടക്കുന്നു; എന്നിട്ട് സ്വന്തം ഭാഷ എഴുതാനും പറയാനും അറിയുകയുമില്ല!’ പക്ഷേ ഇവിടെ ഏറ്റവും വലിയ കുറ്റക്കാരൻ നീയല്ല, പാവം ഫ്രാൻസ്; നല്ല തോതിൽത്തന്നെ അധിക്ഷേപമർഹിക്കുന്നവരാണ്‌ ഞങ്ങളും.
 
“നിങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ നിങ്ങളുടെ രക്ഷിതാക്കൾ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. ഒരല്പം കൂടുതൽ പണം കിട്ടുമെന്നതിനാൽ നിങ്ങളെ പാടത്തോ മില്ലിലോ പറഞ്ഞു വിടാനായിരുന്നു അവർക്കിഷ്ടം. ഈ ഞാനും നിരപരാധിയാണോ? നിങ്ങളെ പലപ്പോഴും ഞാൻ എന്റെ തോട്ടം നനയ്ക്കാൻ ഏർപ്പെടുത്തിയിട്ടില്ലേ? ഇന്നു ക്ളാസ്സില്ലെന്നു പറഞ്ഞ് ഞാൻ പുഴയിൽ ചൂണ്ടയിടാൻ പോയിട്ടില്ലേ?”
 
ഇങ്ങനെ ഓരോന്നോരോന്നു പറഞ്ഞ് ഒടുവിൽ ഹാമെൽ മാഷ് ഫ്രഞ്ചുഭാഷയെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി; ലോകത്തെ ഏറ്റവും സുന്ദരമായ ഭാഷയാണതെന്ന്- ഏറ്റവും വ്യക്തതയുള്ളതും യുക്തിഭദ്രവും; ഒരിക്കലും നാമതിനെ കൈവിടരുതെന്ന്; ഒരിക്കലും അതിനെ മറക്കരുതെന്ന്; എന്തെന്നാൽ ഒരു ജനത അടിമത്തത്തിലാവുമ്പോൾ ‘സ്വന്തം ഭാഷയെ അവർ മുറുകെപ്പിടിക്കുന്നിടത്തോളം കാലം തങ്ങളുടെ തടവറയുടെ താക്കോൽ കൈയിലുള്ളതുപോലെയാണത്.’ പിന്നെ അദ്ദേഹം വ്യാകരണപുസ്തകം തുറന്ന് ഞങ്ങളെ പാഠം വായിച്ചു കേൾപ്പിച്ചു. എത്ര പെട്ടെന്നാണ്‌ എനിക്കതു മനസ്സിലായതെന്നു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞതൊക്കെ വളരെ വളരെ എളുപ്പമായി എനിക്കു തോന്നി! ഇത്ര ശ്രദ്ധയോടെ ഇതിനു മുമ്പു  ഞാൻ കേട്ടിരുന്നിട്ടില്ലെന്ന്, അദ്ദേഹവും ഇത്ര ക്ഷമയോടെ വിശദീകരിച്ചു തന്നിട്ടില്ലെന്നും എനിക്കു തോന്നി. പോകുന്നതിനു മുമ്പ് തനിക്കറിയാവുന്നതൊക്കെ ഞങ്ങൾക്കു തന്നിട്ടു പോകാൻ നോക്കുകയാണ്‌, ഒറ്റയടിക്ക് സർവതും ഞങ്ങളുടെ തലയ്ക്കുള്ളിൽ ചെലുത്താൻ നോക്കുകയാണ്‌ ആ പാവം മനുഷ്യനെന്ന് എനിക്കു തോന്നിപ്പോയി. 
 
വ്യാകരണം തീർന്നപ്പോൾ ഞങ്ങൾ എഴുത്തിലേക്കു കടന്നു. അന്നത്തേക്കായി ഹാമെൽ മാഷ് പ്രത്യേകം തയാറാക്കിയ കോപ്പിബുക്കിൽ ഭംഗിയുള്ള ഉരുണ്ട അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നു: ഫ്രാൻസ്, അൽസേയ്സ്, ഫ്രാൻസ് , അൽസേയ്സ്. ക്ളാസ്സിലെങ്ങും ഒഴുകിനടക്കുന്ന കുഞ്ഞുപതാകകൾ പോലെ തോന്നിച്ചു അവ; ഞങ്ങളുടെ ഓരോ ഡസ്കിലും കുത്തി നിർത്തിയിരിക്കുകയാണവ. എത്ര ശ്രദ്ധയോടെയാണ്‌ ഞങ്ങൾ അന്നെഴുതിയതെന്ന് നിങ്ങളൊന്നു കാണണമായിരുന്നു, എന്തു നിശബ്ദതയായിരുന്നു അവിടെയെന്നും! കടലാസിൽ പേന ഉരയുന്നതല്ലാതെ മറ്റൊന്നും കേൾക്കാനുണ്ടായിരുന്നില്ല. ഒരു സമയത്ത് ചില വണ്ടുകൾ ഉള്ളിലേക്കു പറന്നുകയറിയിരുന്നു; പക്ഷേ ഒരാൾക്കും അതിലേക്കു ശ്രദ്ധ പോയില്ല; വെറും വരകൾ മാത്രം വരയ്ക്കാനുണ്ടായിരുന്ന കുഞ്ഞുങ്ങൾക്കു പോലും. സ്കൂളിന്റെ മേൽക്കൂടിൽ പ്രാവുകളുടെ താഴ്ന്ന കുറുകൽ കേട്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു:
 
“ഇനി ആ പ്രാവുകളെക്കൊണ്ടും അവർ ജർമ്മനിൽ പാടിക്കുമോ?” 
 
ഇടയ്ക്കിടെ ഞാൻ കടലാസ്സിൽ നിന്നു മുഖമുയർത്തി നോക്കുമ്പോഴൊക്കെ ഹാമെൽ മാഷ് കസേരയിൽ ചലനമറ്റിരിക്കുന്നതും, തന്റെ ആ കൊച്ചു സ്കൂളപ്പാടെ ഒറ്റ നോട്ടത്തിൽ ഒതുക്കാനെന്നപോലെ ചുറ്റുമുള്ള വസ്തുക്കളെ ഉറ്റുനോക്കി ഇരിക്കുന്നതുമാണ്‌ ഞാൻ കണ്ടത്. ഒന്നോർത്തു നോക്കൂ!  നാല്പതു കൊല്ലമായി അദ്ദേഹം ഇതേ സ്ഥലത്തിരുപ്പുണ്ടായിരുന്നു, ജനാലയ്ക്കു പുറത്ത് തന്റെ കൊച്ചു തോട്ടവും മുന്നിൽ അതേ ക്ളാസ്സുമുറിയുമായി! ഡസ്ക്കുകളും ബഞ്ചുകളും ഉപയോഗം കൊണ്ടു തേയ്മാനം വന്നിരിക്കുന്നുവെന്നേയുള്ളു; മുറ്റത്തെ വാൾനട്ട് മരങ്ങൾ വളർന്നിരിക്കുന്നു; താൻ തന്നെ നട്ടുപിടിപ്പിച്ച വള്ളിച്ചെടികൾ ജനാലയിലൂടെ പടർന്നുകേറി മേല്ക്കൂരയിലേക്കെത്തിയിരിക്കുന്നു. എത്ര ഹൃദയഭേദകമായിരിക്കും ആ പാവം മനുഷ്യനിത്: ഇതൊക്കെ വിട്ടുപോവുക, മുകളിലത്തെ മുറിയിൽ തന്റെ പെങ്ങൾ പെട്ടികൾ അടുക്കുന്നതിന്റെ ശബ്ദം കേൾക്കുക. അടുത്ത ദിവസം അവർ ഈ സ്ഥലം വിട്ടുപോവുകയാണ്‌, എന്നെന്നേക്കുമായി.
 
പക്ഷേ ഓരോ പാഠവും അവസാനം വരെ പഠിപ്പിക്കൂന്നതിനുള്ള മനക്കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. കോപ്പിയെഴുത്തിനു ശേഷം ഞങ്ങൾ ചരിത്രം പഠിച്ചു; പിന്നെ ക്ളാസ്സിലെ ചിടുങ്ങന്മാർ ഒരുമിച്ച് അവരുടെ ബാ, ബേ, ബീ, ബൂ പാടി. അവിടെ ക്ളാസ്സിന്റെ പിന്നറ്റത്ത് കിഴവൻ ഹൌസെർ ബാലപാഠവും തുറന്നുപിടിച്ച് കുഞ്ഞുങ്ങളോടൊപ്പം അതുരുവിടുകയാണ്‌. അയാളും കരയുകയാണെന്നു ഞാൻ കണ്ടു. വികാരം കൊണ്ട് അയാളുടെ ശബ്ദം പതറി; അയാളുടെ തമാശ തോന്നിക്കുന്ന വായന കേട്ടപ്പോൾ ഞങ്ങൾക്കു ചിരിക്കാനും കരയാനും തോന്നിപ്പോയി. ഹാ. എനിക്കെത്ര ഓർമ്മയുണ്ടെന്നോ, അവസാനത്തെ ആ ക്ളാസ്സ്! 
 
പെട്ടെന്ന് പള്ളിയിൽ നിന്ന് പന്ത്രണ്ടടിക്കുന്നതു കേട്ടു; തുടർന്ന് ഉച്ചനേരത്തെ പ്രാർത്ഥനയും. ഇതേ സമയത്തു തന്നെ പരേഡു കഴിഞ്ഞു മടങ്ങുന്ന പ്രഷ്യൻ പട്ടാളക്കാരുടെ ബ്യൂഗിൾ വിളികളും സ്ക്കൂൾ ജനാലകളുടെ താഴെ നിന്നു കേട്ടു. ഹാമെൽ മാഷ് ജീവനറ്റ പോലെ വിളറിവെളുത്ത് കസേരയിൽ നിന്നെഴുനേറ്റു. അദ്ദേഹത്തിന്‌ മുമ്പില്ലാത്ത ഉയരമുണ്ടെന്നു തോന്നി. 
 
“എന്റെ സ്നേഹിതരേ,” അദ്ദേഹം പറഞ്ഞു, “ഞാൻ- ഞാൻ-” പക്ഷേ അദ്ദേഹത്തിനതു മുഴുമിക്കാൻ കഴിഞ്ഞില്ല. എന്തോ തൊണ്ടയ്ക്കു പിടിച്ചമർത്തുന്ന പോലെയായിരുന്നു.
 
പിന്നെ അദ്ദേഹം ബ്ളാക്ക്ബോർഡിനു മുന്നിലേക്കു തിരിഞ്ഞ് ഒരു ചോക്കു കഷണമെടുത്ത് തനിക്കാവുന്നത്ര വലിപ്പത്തിൽ അമർത്തി ഇങ്ങനെ എഴുതി:
 
“വീവി ല ഫ്രാൻസ്!”*
 
പിന്നെ അദ്ദേഹം തല ചുമരിനോടു ചേർത്ത് ഒന്നും മിണ്ടാതെ നിന്നു; എന്നിട്ട് ഞങ്ങളോടെല്ലാമായി കൈ കൊണ്ട് ഒരു ചേഷ്ട കാണിച്ചു:
 
“ക്ളാസ്സു കഴിഞ്ഞു, എല്ലാവർക്കും പോകാം.”
 
______________________________________________________________________________
 
*ഫ്രാൻസ് ജയിക്കട്ടെ.
 
 
(അൽഫോൺസ് ദോദെ(1840-1897)- നാച്ചുറലിസ്റ്റ് സ്കൂളിൽ പെട്ട ഫ്രഞ്ച് കവിയും കഥാകാരനും. ഫ്രാങ്കോ-പ്രഷ്യൻ യുദ്ധകാലത്ത് പ്രഷ്യയുടെ അധീനതയിലായ അൽസേയ്സ്, ലൊറേയ്ൻ പ്രവിശ്യകളാണ്‌ കഥയുടെ പശ്ചാത്തലം.)