Showing posts with label വാസ്കോ പോപ്പ. Show all posts
Showing posts with label വാസ്കോ പോപ്പ. Show all posts

Sunday, October 19, 2014

വാസ്കോ പോപ്പ - ആഷ്ട്രേയിൽ


മുടിയിഴകൾ മഞ്ഞപ്പുകയിലയായAshtray
ഒരു കുഞ്ഞുസൂര്യൻ
ആഷ്ട്രേയിൽ എരിഞ്ഞുതീരുന്നു

വില കുറഞ്ഞ ലിപ്സ്റ്റിക്കിന്റെ ചോര
ജീവനറ്റ സിഗററ്റുതുണ്ടുകൾക്കു മുലയൂട്ടുന്നു

ശിരച്ഛേദം ചെയ്യപ്പെട്ട കൊള്ളികൾ
ഗന്ധകകിരീടങ്ങൾക്കു കൊതിക്കുന്നു

നീലിച്ച ചാരക്കുതിരകൾ
തുള്ളിക്കുതിച്ചോടുന്നതിനിടയിൽ
തറഞ്ഞുനിന്നു ചിനയ്ക്കുന്നു

ഒരു കൂറ്റൻ കൈ
കൈപ്പടത്തിൽ എരിയുന്നൊരു കണ്ണുമായി
ചക്രവാളത്തിൽ തങ്ങിനില്ക്കുന്നു


"In the Ashtray"


A tiny sun
With yellow tobacco hair
Is burning out in the ashtray
The blood of cheap lipstick suckles
The dead stumps of stubs
Beheaded sticks yearn
For sulphur crowns
Blue roans of ash whinny
Arrested in their prancing
A huge hand
With a burning eye in its palm
Lurks on the horizon
(Translated by Anne Pennington)

link to image

Sunday, December 1, 2013

വാസ്കോ പോപ്പ - കുടിയേറ്റത്തൊഴിലാളികൾക്കായി ഒരു കാവ്യനിശ

vasko popa


“സ്വാഗതം, പ്രിയകവേ,
അങ്ങെപ്പോഴാണു ഞങ്ങൾക്കു കവിത വായിച്ചുകേൾപ്പിക്കാൻ പോകുന്നത്?
ഷിഫ്റ്റു കഴിഞ്ഞായാലോ?”

“ഷിഫ്റ്റു കഴിഞ്ഞാൽ പണിക്കാർ തളർന്നിരിക്കയാവില്ലേ,
ക്വാർട്ടേഴ്സിലേക്കു മടങ്ങാൻ അക്ഷമരായിരിക്കുമവർ.”

“എന്നാൽ ശനിയാഴ്ചയായാലോ?”

“ശനിയാഴ്ചയല്ലേ ജോലിക്കാർ കുളിക്കുകയും തുണി തിരുമ്പുകയും
വീട്ടിലേക്കു കത്തെഴുതുകയും ചെയ്യുന്നത്.”

“എന്നാൽ ഞായറാഴ്ചയായാലോ?”

“ഞായറാഴ്ച പണിക്കാർ ക്വാർട്ടേഴ്സിലുണ്ടാവില്ല,
ചെറുപ്പക്കാർ കാമുകിമാരെ കാണാൻ പോയിട്ടുണ്ടാവും,
മുതിർന്നവർ ട്രെയിൻ പിടിക്കാൻ സ്റ്റേഷനിലേക്കു പോവുകയായിരിക്കും.”

“അപ്പോൾ ഞങ്ങൾക്കു കവിത വായിച്ചുതരാൻ അങ്ങയ്ക്കു സമയമില്ലെന്നാണോ?”

“ഞാൻ പറഞ്ഞല്ലോ, നമുക്കു സമയമില്ല,
എന്നാൽ നമുക്കൊരുമിച്ച് അതുണ്ടാക്കാവുന്നതേയുള്ളു.“


Saturday, November 30, 2013

വാസ്കോ പോപ്പ - ആസന്നമായ മടക്കം

Vasko Popa Complete Poems

 


ബക്കെറെക്കിലെ ഒരു ജയിൽമുറിയിൽ
ചെമ്പടയിലെ ഒരു പട്ടാളക്കാരൻ
ഒരു പകൽ എന്നോടൊപ്പമുണ്ടായിരുന്നു
ഏതോ ജയിൽ ചാടി എത്തിയതാണയാൾ

ഏതു നിമിഷവും വാതിൽ തുറക്കാം
അയാളെ പുറത്തേക്കു പിടിച്ചുകൊണ്ടുപോകാം
മുറ്റത്തു വെടി വച്ചിടാം

മോസ്ക്കോവിലേക്ക്
ഏറ്റവുമെളുപ്പത്തിലുള്ള വഴി കാണിച്ചുകൊടുക്കാൻ
എന്നോടു പറയുകയാണയാൾ

തറയിൽ റൊട്ടിത്തുണ്ടുകൾ നിരത്തി
അയാൾക്കു കടന്നുപോകേണ്ട പട്ടണങ്ങൾ
ഞാൻ പണിതുകാണിച്ചു

അയാൾ വിരലു കൊണ്ട് ദൂരമളക്കുന്നു
കൂറ്റൻ കൈ കൊണ്ട് എന്റെ തോളത്തള്ളിപ്പിടിക്കുന്നു
അട്ടഹാസം കൊണ്ടു ജയിലാകെക്കുലുക്കുന്നു

നീ അകലെയല്ല എന്റെ സുന്ദരീ


Friday, November 29, 2013

വാസ്കോ പോപ്പ - കവിയുടെ ഏണി

vasko_popa


വൃസാക്കിൽ യുദ്ധത്തിന്റെ തലേന്ന്
ഡെജാൻ ബ്രാങ്കോവ് എന്ന കവി വാടകവീടെടുത്തു
ഞങ്ങളുടെ വീടിനു തൊട്ടരികെ

ഞങ്ങളുടെ ഭാഗത്തെ ചുമരിൽ
ഒരേണി ചാരിവയ്ക്കണമെന്ന്
അച്ഛനോടു പറയാൻ
അദ്ദേഹം എന്നോടാവശ്യപ്പെട്ടു

ഏതു രാത്രിയും അദ്ദേഹം പ്രതീക്ഷിക്കുകയായിരുന്നു
കോൺസെന്ട്രേഷൻ ക്യാമ്പിലേക്കു തന്നെക്കൊണ്ടുപോകാൻ
അവരെത്തുമെന്ന്

തന്റെ പാർട്ടിക്കാരുടെ ഒരു സംഘത്തെ നയിച്ചുപോകുമ്പോൾ
അദ്ദേഹം കൊല്ലപ്പെട്ടിട്ടേറെക്കാലം കഴിഞ്ഞിട്ടും
ഏണി അതിന്റെ നിർദ്ദിഷ്ടസ്ഥാനത്തു തന്നെ നില്പുണ്ടായിരുന്നു

അതിന്റെ ചവിട്ടുപടികളിലൂടെ പിടിച്ചുകയറിയിരുന്നു
ഒരു കയ്പൻ മുന്തിരിവള്ളി


Tuesday, March 27, 2012

വാസ്കോ പോപ്പ - പന്നി


കിരാതമായ കത്തി
തൊണ്ടയ്ക്കു തൊട്ടപ്പോഴേ
ചുവന്ന തിരശ്ശീല
അതിന്റെ കളി വ്യക്തമാക്കിയുള്ളു
അപ്പോഴവൾ ഖേദിച്ചു
ചെളിയുടെ ആലിംഗനത്തിൽ നിന്ന്
താൻ കുതറിപ്പോന്നുവല്ലോ
ആ സായാഹ്നത്തിൽ
മഞ്ഞയടിച്ച കവാടത്തിനു നേർക്ക്
അത്രയുമാഹ്ളാദത്തോടെ
താനോടിച്ചെന്നുവല്ലോ.


 

Tuesday, December 7, 2010

വാസ്കോ പോപ്പ - കവിതകള്‍


അഭിമാനിയായ ഒരു പിശക്


ഒരിക്കൽ ഒരിടത്ത് ഒരു പിശകുണ്ടായിരുന്നു
അത്ര നിസ്സാരം അത്ര ചെറുതും
ആരുടെയും ശ്രദ്ധയിൽപ്പെടുക പോലുമില്ലത്

താൻ കാഴ്ചയിൽ വരുന്നതും കാതില്പ്പെടുന്നതും
അതിനു സഹിച്ചില്ല

പലേ ഉപായങ്ങളും അതു കണ്ടുപിടിച്ചു
താനെന്നൊന്നില്ലെന്നു
തെളിയിക്കാൻ മാത്രമായി

അതു സ്ഥലം കണ്ടുപിടിച്ചു
തന്റെ തെളിവുകൾ എടുത്തുവയ്ക്കാനായി
അതു കാലം കണ്ടുപിടിച്ചു
തന്റെ തെളിവുകൾ ഇട്ടുവയ്ക്കാനായി
തന്റെ തെളിവുകൾ കാണാനായി ലോകവും

അതു കണ്ടുപിടിച്ചതൊന്നും
അത്ര നിസ്സാരമായിരുന്നില്ല
ചെറുതുമായിരുന്നില്ല
ഒക്കെപ്പക്ഷേ പിശകുമായിരുന്നു

മറ്റൊരു വിധമായിരുന്നെങ്കിൽ


കളി കഴിഞ്ഞിട്ട്


ഒടുവിൽ കൈകൾ വയറ്റിലള്ളിപ്പിടിയ്ക്കുന്നു
ചിരിച്ചു വശംകെട്ടു വയറു പൊട്ടിപ്പോയാലോ
പക്ഷേ വയറു കാണാനില്ല

ഒരു കൈ എങ്ങനെയോ തനിയേ പൊങ്ങുന്നു
നെറ്റിയിലെ വിയർപ്പു തുടയ്ക്കാനായി
നെറ്റിയും കാണാനില്ല

മറ്റേ കൈ നെഞ്ചത്തടുക്കിപ്പിടിയ്ക്കുന്നു
ഹൃദയം നെഞ്ചിനുള്ളിൽ നിന്നു പുറത്തു ചാടിയാലോ
ഹൃദയവും കാണാനില്ല

രണ്ടു കൈകളും താഴുന്നു
മടിയിലേക്കു കുഴഞ്ഞുവീഴുന്നു
മടിയും കാണാനില്ല

ഒരു കൈയിൽ നിന്നിതാ മഴ പെയ്യുന്നു
മറ്റേതിൽ നിന്നു പുല്ലു പൊടിയ്ക്കുന്നു
ഇതിലധികം ഞാനെന്തു പറയാൻ


Sunday, December 5, 2010

വാസ്കോ പോപ്പാ -കത്തുന്ന കൈകള്‍

 


ഉള്ളിന്റെയുള്ളിൽ


ഇതാ നിന്റെ ചുണ്ടുകൾ
നിന്റെ മുഖത്തു ഞാനതു
തിരിയെ കൊണ്ടുവയ്ക്കുന്നു

ഇതാ എന്റെ നിലാവെളിച്ചം
നിന്റെ ചുമലിൽ നിന്നു
ഞാനതിറക്കിവയ്ക്കുന്നു

നമ്മുടെ സമാഗമത്തിന്റെ
ദുർഗ്ഗമമായ കാട്ടിൽ
നാമന്യോന്യം കാണാതെപോകുന്നു

എന്റെ കൈകളിൽ
നിന്റെ തൊണ്ടമുഴ
ഉദിച്ചസ്തമിക്കുന്നു

നിന്റെ കണ്ഠത്തിൽ
എന്റെ പ്രചണ്ഠനക്ഷത്രങ്ങൾ
ആളിയണയുന്നു

നാമന്യോന്യം കണ്ടെത്തുന്നു
നമ്മൂടെയുള്ളിന്റെയുള്ളിലെ
സുവർണ്ണമായ പീഠഭൂമിയിൽ


റോസാപ്പൂമോഷ്ടാക്കൾ


ഒരാൾ ഒരു റോസാച്ചെടിയാവട്ടെ
ചിലർ കാറ്റിന്റെ പുത്രിമാരാവട്ടെ
ചിലർ റോസാപ്പൂമോഷ്ടാക്കളുമാവട്ടെ

റോസാപ്പൂമോഷ്ടാക്കൾ  പതുങ്ങിയെത്തുന്നു
ഒരാൾ ഒരു റോസാപ്പൂ മോഷ്ടിക്കുന്നു
തന്റെ നെഞ്ചിലതൊളിപ്പിക്കുന്നു

കാറ്റിന്റെ പുത്രിമാർ പ്രവേശിക്കുന്നു
ചെടിയുടെ സൗന്ദര്യം കവർന്നതു കണ്ണിൽപ്പെടുന്നു
റോസാപ്പൂമോഷ്ടാക്കളുടെ പിന്നാലെയോടുന്നു

അവരുടെ നെഞ്ചുകൾ ഒന്നൊന്നായി കീറിനോക്കുന്നു
ചിലതിൽ അവർ ഹൃദയങ്ങൾ കാണുന്നുണ്ട്
ചിലതിൽ, ദൈവമേ, യാതൊന്നുമില്ല

അവർ നെഞ്ചുകൾ തുറന്നുതുറന്നു നോക്കുന്നു
ഒടുവിൽ ഒരു ഹൃദയം തുറന്നുനോക്കുമ്പോൾ
അതിലുണ്ട് മോഷണം പോയ റോസാപ്പൂവും


കത്തുന്ന കൈകൾ


കത്തുന്ന രണ്ടു കൈകൾ
ആകാശത്തിന്റെ കയത്തിൽ മുങ്ങിത്താഴുന്നു

തങ്ങളെ ചുറ്റി കണ്ണു ചിമ്മിയും
കുരിശും വരച്ചുനില്ക്കുന്ന നക്ഷത്രത്തെ
കയറിപ്പിടിക്കുന്നുപോലുമില്ലവ

വിരലുകൾ കൊണ്ടെന്തോ പറയുന്നുണ്ടവ
എരിയുന്ന വിരലുകളുടെ ഭാഷ
ആർക്കറിയാൻ

അവ ഭക്തിയോടെ കൈപ്പടങ്ങൾ തമ്മിൽ ചേർത്തുപിടിയ്ക്കുന്നു
അതു സൂചിപ്പിക്കുന്നതൊരു മേല്ക്കൂരയെ

എരിഞ്ഞുവീണപ്പോൾ തങ്ങളിറങ്ങിപ്പോന്ന
പഴയ വീടിനെക്കുറിച്ചാണോ അവ പറയുന്നത്
ഇനിയഥവാ പണിയാമെന്നാലോചനയിൽ മാത്രമുള്ള
പുതിയ വീടിനെക്കുറിച്ചോ


Thursday, December 2, 2010

വാസ്കോ പോപ്പ-വീടില്ലാത്ത തല

അറ്റുപോയൊരു തല
പല്ലുകൾക്കിടയിൽ കടിച്ചുപിടിച്ച പൂവുമായൊരു തല
അതു ഭൂമിയെ വലംവയ്ച്ചലയുന്നു

എതിരെ സൂര്യൻ വരുന്നു
അതു തല കുനിച്ചു വണങ്ങുന്നു
എന്നിട്ടു തന്റെ വഴിയ്ക്കു പോകുന്നു

എതിരെ ചന്ദ്രൻ വരുന്നു
അതൊന്നു പുഞ്ചിരിയിടുന്നു
എന്നിട്ടതു നില്ക്കുന്നില്ല

എന്തിനാണതു ഭൂമിയെ നോക്കി അമറുന്നത്
മടങ്ങാനതിനാവില്ലേ
അല്ലെങ്കിൽ വിട്ടുപോകാൻ

പൂത്ത ചുണ്ടുകൾക്കേ കാര്യമറിയൂ എന്നുവരാം


Wednesday, December 1, 2010

വാസ്കോ പോപ്പ-ഉള്ളിന്റെയുള്ളിൽ-1


നാം കൈകളുയർത്തുന്നു
തെരുവാകാശത്തേക്കു പിടിച്ചുകയറുന്നു
നാം കണ്ണു താഴ്ത്തുന്നു
പുരപ്പുറങ്ങൾ നിലം പൊത്തുന്നു

നാം പുറത്തു പറയാത്ത
ഓരോ വേദനയിൽ നിന്നും
ഒരു മരം മുളയെടുക്കുന്നു
നമുക്കു പിന്നിലതു
ദുരൂഹമായി നിലകൊള്ളുന്നു

നാം താലോലിയ്ക്കുന്ന
ഓരോ പ്രത്യാശയിൽ നിന്നും
ഒരു നക്ഷത്രം പിറവിയെടുക്കുന്നു
നമുക്കു പിടിതരാതെ
അതു മുന്നിൽ നീങ്ങുന്നു

നമ്മുടെ തലയ്ക്കു മുകളിലൂടെ
ഒരു വെടിയുണ്ട മൂളിപ്പറക്കുന്നതു നീ കേട്ടുവോ
നമ്മുടെ ചുംബനത്തിനു മേൽ ചാടിവീഴാൻ
ഒരു വെടിയുണ്ട പതിയിരിക്കുന്നതു നീ കേൾക്കുന്നുവോ


Monday, November 29, 2010

വാസ്കോ പോപ്പ-എനിക്കെന്റെ കൂറകൾ തിരിയെത്തരിക


എന്റെ മനസ്സിലേക്കൊന്നു വന്നുനോക്ക്
എന്റെ ചിന്തകൾ നിന്റെ മുഖം മാന്തിപ്പറിക്കും

എന്റെ കാഴ്ചയിലേക്കൊന്നു വന്നുനോക്ക്
എന്റെ കണ്ണുകൾ നിന്റെ നേർക്കു ചീറിക്കൊണ്ടടുക്കും

നീ നിന്റെ വായൊന്നു തുറന്നുനോക്ക്
എന്റെ മൂകത നിന്റെ താടിയെല്ലിടിച്ചിളക്കും

നിന്നെക്കുറിച്ചു നീയെന്നെയൊന്നോർമ്മിപ്പിച്ചുനോക്ക്
എന്റെയോർമ്മ നിന്റെ ചുവട്ടടിയിലെ മണ്ണു മാന്തിക്കുഴിയ്ക്കും

ഈ പടുതിയിലെത്തിയിരിക്കുന്നു
നമുക്കിടയിൽ കാര്യങ്ങൾ


Sunday, November 28, 2010

വാസ്കോ പോപ്പ-ഉള്ളിന്റെയുള്ളിൽ

Vasko Popa


ഉള്ളിന്റെയുള്ളിൽ - 4


നടക്കാവിന്റെ മരച്ചില്ലകളിൽ
പച്ചക്കൈയുറകൾ മർമ്മരം വയ്ക്കുന്നു

ഒരടയാളവും ബാക്കിവയ്ക്കാത്തൊരു പാതയിലൂടെ
സായാഹ്നം നമ്മെ നടത്തുന്നു

പിന്നിലേക്കു പായുന്ന ജനാലകൾക്കു മുന്നിൽ
മഴ മുട്ടുകാലിൽ വീഴുന്നു

മുറ്റങ്ങൾ പടി കടന്നുവന്ന്
നാം പോയ വഴിയേ തുറിച്ചുനോക്കിനിൽക്കുന്നു


ഉള്ളിന്റെയുള്ളിൽ - 22


നെടുകേ പകുത്തൊരു പച്ചയാപ്പിളാണു
നമുക്കു പകൽ

ഞാൻ നിന്നെ നോക്കുന്നു
നീയെന്നെ കാണുന്നതേയില്ല
നമുക്കിടയിലൊരന്ധസൂര്യൻ

കോണിപ്പടികളിൽ
നമ്മുടെയാലിംഗനം തകർന്നുവീഴുന്നു

നീയെന്നെ പേരെടുത്തു വിളിയ്ക്കുന്നു
ഞാനതു കേൾക്കുന്നതേയില്ല
നമുക്കിടയിലൊരു ബധിരവായു

തെരുവോരത്തെ ജനാലച്ചില്ലുകളിൽ
എന്റെ ചുണ്ടുകൾ
നിന്റെ പുഞ്ചിരി തേടുന്നു

നാല്ക്കവലയിൽ നമ്മുടെ ചുംബനങ്ങൾ
ചക്രങ്ങൾക്കടിയില്പ്പെട്ടരയുന്നു

ഞാൻ നിന്റെ കൈ പിടിച്ചു
നീയതറിഞ്ഞില്ല
ശൂന്യത നിന്നെ പുണർന്നിരുന്നു

കവലയിൽ നിന്റെ കണ്ണീർ
എന്റെ കണ്ണുകളെ തിരയുന്നു

രാത്രിയിൽ നിന്റെ ചതഞ്ഞ നാൾ
എന്റെ ചതഞ്ഞ നാളിനെ കണ്ടുമുട്ടുന്നു

സ്വപ്നത്തിലേ നമ്മൾ ഒരു നാട്ടുകാരാവുന്നുള്ളു


Monday, December 28, 2009

വാസ്കോ പോപ്പാ-എന്റെ പൂർവ്വികരുടെ ഗ്രാമത്തിൽ

image
ആരോയെന്നെ പുണരുന്നു
ആരോയെന്നെ ചെന്നായക്കണ്ണുകൾ കൊണ്ടുഴിയുന്നു
എനിക്കയാളെ നേരാംവണ്ണം കാണേണ്ടതിലേക്കായി
ആരോ തന്റെ തൊപ്പിയൂരിമാറ്റുന്നു

ഞാനും നീയും തമ്മിലുള്ള ബന്ധം നിനക്കറിയുമോ
സകലരും എന്നോടു ചോദിക്കുകയാണ്‌

ഞാനറിയാത്ത കിഴവന്മാരും കിഴവികളും
എന്റെയോർമ്മയിലെ കുട്ടികളുടെ
പേരുകൾ തട്ടിയെടുത്തിരിക്കുന്നു

ഞാനൊരാളോടു ചോദിച്ചു
ദൈവത്തെയോർത്ത്‌ ഒന്നു പറയൂ,
ജോർജ്ജ്‌ വുൾഫ്‌- ആളിപ്പോഴും ജീവനോടുണ്ടോ

ആൾ ഞാൻ തന്നെ
പരലോകത്തിന്റെ സ്വരത്തിൽ ഒരാൾ പറഞ്ഞു

ഞാനയാളുടെ കവിളത്തു വിരലോടിച്ചു
കണ്ണുകൾ കൊണ്ട്‌ ഞാനയാളോടു കെഞ്ചി
എനിക്കു ജീവനുണ്ടോയെന്ന് ഒന്നു പറയാമോ